Showing posts with label Post Truth Cinema book. Show all posts
Showing posts with label Post Truth Cinema book. Show all posts

Saturday, July 04, 2026

സത്യാനന്തര പ്രവണതയുടെ പഠനം: 'പോസ്റ്റ് ട്രൂത്ത് സിനിമ'

പുതിയ സമകാലിക മലയാളം വാരികയില്‍, എന്റെ പോസ്റ്റ് ട്രൂത്ത് സിനിമ എന്ന പുസ്തകത്തെ വിലയിരുത്തി, മലയാള മനോരമയിലെ ഗുരുതുല്യനായ മുതിര്‍ന്ന മുന്‍ സഹപ്രവര്‍ത്തകനും, ഗള്‍ഫ് ടുഡേയിലെ മുന്‍ പൊളിറ്റിക്കല്‍ എഡിറ്ററുമായിരുന്ന ശ്രീ പി പി മാത്യു സര്‍ എഴുതിയ നിരൂപണം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വലിയ സന്തോഷം. 



പി പി മാത്യു 
അഗാധമായ ഗവേഷണവും അതിസൂക്ഷ്മമായ വിശകലനവും കൊണ്ടു ശ്രദ്ധേയമാവുന്ന 'പോസ്റ്റ് ട്രൂത്ത് സിനിമ' എന്ന പുസ്തകം പേരു കൊണ്ടു ചലച്ചിത്ര അവലോകനമാണെന്ന തോന്നൽ ഉളവാക്കാമെങ്കിലും അതിനപ്പുറം ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമാവുന്ന അപകടകരമായ സാമൂഹ്യ-രാഷ്ട്രീയ പ്രവണതകളുടെ നിരീക്ഷണം  കൂടിയാണ്. മൂന്നു പതിറ്റാണ്ട് മാധ്യമപ്രവർത്തകനായി അനുഭവ സമ്പത്തു നേടിയ എ. ചന്ദ്രശേഖർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങിയിട്ടുള്ളവ ഉൾപ്പെടെ 21 കൃതികൾക്കു ശേഷം എഴുതിയ ഈ പുസ്തകത്തിലെ അന്വേഷണം സാധാരണ മനുഷ്യരുടെ ജീവിതങ്ങളെയും ലോകഗതിയെയും പോലും നിശബ്ദമായി ബാധിക്കുന്ന സമകാലീന പ്രവണതയെ കുറിച്ചാണ്: പോസ്റ്റ് ട്രൂത്ത് അഥവാ സത്യാനന്തരം/വാസ്തവാനന്തരം.

"മനഃപൂർവം സൃഷ്ടിച്ചു പ്രചരിപ്പിക്കുന്ന അസത്യപരമായ സ്രോതസുകളില്ലാത്ത പ്രചാരണാത്മക വിനിമയങ്ങളാണ് സത്യാനന്തര കാലത്തെ പ്രത്യേകത. സത്യം കച്ചവടം ചെയ്യപ്പെടുന്ന അവസ്ഥയാണ് പോസ്റ്റ് ട്രൂത്ത്," ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ അസിസ്റ്റന്റ് പ്രഫസർ കൂടി ആയിരുന്ന ചന്ദ്രശേഖർ അത് വിശദീകരിക്കുന്നു. 1992ലെ ഗൾഫ് യുദ്ധകാലത്തു പ്രചാരം നേടിയ ഈ വിശേഷണം, സ്വാർത്ഥലക്‌ഷ്യം നേടാൻ ഏതു വലിയ കള്ളവും സത്യമാണ് എന്ന മട്ടിൽ യാതൊരു മടിയും കൂടാതെ ജനത്തിനു വിൽക്കുകയാണ് എന്നദ്ദേഹം എടുത്തു കാട്ടുന്നു.   

സാഹിത്യത്തിലും സമൂഹത്തിലും സിനിമയിലും ഈ പ്രവണതയ്ക്ക് ഉണ്ടായിട്ടുള്ള സ്വാധീനമാണ് ചന്ദ്രശേഖർ വിലയിരുത്തുന്നത്. സത്യം മരിച്ചു അഥവാ അപ്രസക്തമായി എന്ന നിഗമനത്തെക്കാൾ കടന്ന്, ഈ കേൾക്കുന്ന നുണകളൊക്കെ സത്യമാണെന്നു സമ്മതിക്കാൻ നമ്മളെന്താ മടിക്കുന്നത് എന്ന ചോദ്യം ഉയരുന്ന കാലമായി എന്നാണ് നിരീക്ഷണം. "വസ്തുതാ പ്രചാരണത്തിന്റെ നിയമവ്യവസ്ഥകൾ തന്നെ തകിടം മറിക്കപ്പെടുന്നു. പകരം സത്യം കച്ചവടം ചെയ്യപ്പെടുന്നു. അതാണ് പോസ്റ്റ് ട്രൂത്ത് ദുരവസ്ഥ." 

സത്യത്തെ മുറുകെപ്പിടിച്ചിരുന്ന സ്ഥാപനങ്ങൾ തകർക്കപ്പെട്ട് അപ്രസക്തമായി തീർന്ന കാലഘട്ടത്തിലാണ് പോസ്റ്റ് ട്രൂത്ത് പിടിമുറുക്കിയത്. എന്നാൽ സത്യത്തിനു ശേഷം എന്ന അർത്ഥം അതിനില്ല. ശാസ്ത്രത്തെ മുൻനിർത്തി അശാസ്ത്രീയ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ആയുധവുമാണത്. ലോകത്തിനു മേൽ ഏറെ സമമർദം ചെലുത്തുകയും അടക്കി വാഴാൻ ശ്രമിക്കയും ചെയ്യുന്ന ഡോണൾഡ്‌ ട്രംപ് തന്നെ ഏറ്റവും വലിയ സമകാലീന ഉദാഹരണം. 

നിഷ്കളങ്കമായി സംഭവിക്കുന്ന തെറ്റുകളോ ബോധപൂർവം പ്രശ്നം സൃഷ്ടിക്കാൻ പടച്ചു വിടുന്ന വാർത്തകളോ അല്ല സത്യാനന്തരം. അതിനൊക്കെ അപ്പുറമാണ്. എ ഐ സാങ്കേതിക വിപ്ലവത്തോടെ അത് അപകടകരമായ മാനങ്ങൾ കൈവരിച്ചു.  

സത്യം അനുഭവത്തിലാണ് ചിന്തയിലല്ല തിരിച്ചറിയുന്നത് എന്ന സ്റ്റാൻലി കുബ്രിക്കിന്റെ ഉദ്ധരണിയോടെ ആരംഭിക്കുന്ന മൂന്നാം അധ്യായത്തിലാണ് ഗ്രന്ഥകാരൻ തനിക്കു ഏറെ പരിചിതമായ ചലച്ചിത്ര മേഖലയെ സത്യാനന്തര കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തുന്നത്. കേവലം പ്രചാരണത്തിനു വേണ്ടി നിർമിച്ച വിവാദ ചിത്രം 'ദ കേരള സ്റ്റോറി'യാണ് ആദ്യ വിശകലനം നേരിടുന്നത്. എത്ര അയഥാർഥവും അസത്യം നിറഞ്ഞതുമാണ് ആ ചിത്രത്തിന്റെ ഉള്ളടക്കമെന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞതാണല്ലോ. "എന്നാൽ മാധ്യമപരമായി ആ സിനിമയുടെ യഥാർഥ പ്രശ്നം അതല്ല," ചന്ദ്രശേഖർ പറയുന്നു. "ഹിന്ദിയിൽ ആവിഷ്കരിക്കുന്ന സിനിമ കേരളത്തെയും മലയാളി നിത്യജീവിതത്തെയും തന്നെ അബദ്ധജടിലമായി ദൃശ്യവത്കരിക്കുക വഴിയാണ് അർദ്ധസത്യം പോലും അല്ലാതായത്." 

എന്നും തൂശനിലയിട്ടു പായസം അടക്കമുള്ള വിഭവങ്ങൾ കഴിക്കുന്ന നിത്യജീവിതമാണ് കേരള ഭവനങ്ങളിൽ കാണുന്നത് എന്നാണ് ചിത്രീകരിച്ചിട്ടുള്ളത് എന്നു ചൂണ്ടിക്കാട്ടി, അതിനൊന്നും സത്യത്തോട് പുലബന്ധം പോലുമില്ലെന്ന് ഗ്രന്ഥകാരൻ സ്ഥാപിക്കുന്നു. എന്നാൽ പ്രദർശന വിജയം നൽകുന്ന സൂചന എന്താണ്? ഇതേ നിർമാതാക്കൾ നക്‌സൽ പ്രസ്ഥാനം വിഷയമാക്കി എടുത്ത 'ബസ്തർ ദ നക്‌സൽ' എന്ന ചിത്രവും അവിശ്വസനീയം ആയിരുന്നെങ്കിലും ജനം അത് സ്വീകരിച്ചു എന്നു ചൂണ്ടിക്കാട്ടുന്ന ചന്ദ്രശേഖർ സ്ഥാപിക്കാൻ ശ്രമിക്കുന്നത് 'ഇതൊക്കെ സത്യമല്ലേ' എന്നു ചിന്തിച്ചു പോകുന്ന പോസ്റ്റ് ട്രൂത്ത് സവിശേഷതയാണ്. 

വിവേക് അഗ്നിഹോത്രിയുടെ 'കശ്മീർ ഫയൽസ്,' രഥീനയുടെ 'പുഴു,' സോഹൻ സീനുലാലിന്റെ 'ഭാരത് സർക്കസ്' തുടങ്ങിയ ചിത്രങ്ങളിലും സമാന പ്രവണതകൾ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.  

ദുരഭിമാനക്കൊല കേരളത്തിലും നടക്കുന്നു എന്നു പ്രഖ്യാപിക്കാൻ ശ്രമിക്കുന്ന ചിത്രങ്ങളും അവാസ്തവമായി ചന്ദ്രശേഖർ പ്രഖ്യാപിക്കുന്നു. അവയും ഉൾക്കൊള്ളുന്നത് അസത്യം വിൽക്കാൻ ഉളുപ്പൊന്നും വേണ്ട എന്ന സമീപനം തന്നെ. അതേ സമയം, ജാതി രാഷ്ട്രീയം പോലുള്ള വിഷയങ്ങളാണ് കൂടുതൽ അപകടകരമെന്നു അദ്ദേഹം വ്യക്തമാക്കുന്നു. ദളിത് രാഷ്ട്രീയം ഉൾക്കൊള്ളുന്ന  ചിത്രങ്ങളാണ് ഈ പഠനത്തിൽ മറ്റൊരു വിഷയം. കാടു പൂക്കുന്ന നേരം, നായാട്ട് എന്നിങ്ങനെയുള്ള ചിത്രങ്ങളാണ് പഠന വിഷയമായത്.
 
മലയാളത്തിലെ നവീന സിനിമകളിൽ പ്രാദേശിക ഭാഷയുടെ റിയലിസ്റ്റിക് ഉപയോഗം സ്വീകാര്യമായൊരു ഘടകമാണ് എന്ന വിലയിരുത്തലും ഇതിന്റെ ഭാഗമായുണ്ട്. കാസർഗോഡ് ഭാഷ ഉപയോഗിക്കുന്ന 'ന്നാ താൻ കൊട് കേസ്' ഉദാഹരണം. 'ഗോഡ്‌ഫാദറി'ൽ അഞ്ഞൂറാന്റെ നാലു മക്കൾ നാലു ഭാഷാഭേദങ്ങളിൽ സംസാരിക്കുന്ന അസംബന്ധം വിഷയമാക്കാതെ വിട്ട പ്രേക്ഷകർ ഈ മാറ്റത്തെ ഉൾക്കൊള്ളുന്നുവെന്നു ഈ ചിത്രങ്ങൾക്കു ലഭിച്ച സ്വീകാര്യത തെളിയിക്കുന്നുണ്ട്. എന്നാൽ അതിന്റെ ഭാഗമായി കടന്നു വന്ന അശ്‌ളീല പ്രയോഗങ്ങൾ 'പോസ്റ്റ് ട്രൂത്ത്' പ്രവണതയുടെ ഭാഗമാണെന്നും ഗ്രന്ഥകാരൻ കാണുന്നു. പ്രഗത്ഭനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി' ആണ് ഇക്കാര്യത്തിൽ അനിവാര്യമായി ചൂണ്ടിക്കാട്ടുന്ന ഒരു ചിത്രം. 

സിനിമയിൽ ഫ്രെയ്മിൽ കാണുന്നതു പോലെ കാണാൻ പാടില്ലാത്തതും പ്രസക്തമാണ് എന്ന മാർട്ടിൻ സോർസയെയുടെ ഉദ്ധരണിയാണ് 'കറുത്ത സത്യത്തിന്റെ ഉൾപ്പൊരുളുകൾ' എന്ന അഞ്ചാം അധ്യായത്തിൽ ചേർത്തിട്ടുള്ളത്. സിനിമയുടെ ഡാർക്ക് മോഡാണ് ചന്ദ്രശേഖർ ചർച്ച ചെയ്യുന്നത്. ലോകേഷ്  കനകരാജ് ചിത്രങ്ങൾ പോലെ അതിഭീകരമായ വയലൻസ് ഈ ചർച്ചയിലേക്കു കടന്നു വരുന്നത് സ്വാഭാവികം. അക്രമം കണ്ടു അറപ്പുളവാകുന്ന തലത്തിലേക്കു എത്തിയിട്ടും ഈ പ്രവണത തുടരുകയും പ്രേക്ഷകർ അത് സ്വീകരിക്കുകയും ചെയ്യുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. 

"കാല്പനികതയെയും അതീന്ദ്രിയതയെയുമൊക്കെ മറികടന്നു മനുഷ്യന്റെ ജന്തുസഹജമായ ചോദനകളോടു പരമാവധി നീതി പുലർത്തിക്കൊണ്ടുള്ള അതീതയഥാതഥ നിർവഹണങ്ങൾക്കാണ് ലോക സാഹിത്യത്തിലും സിനിമയടക്കമുള്ള കലാരൂപങ്ങളിലും ഇപ്പോൾ വേരോട്ടം," ചന്ദ്രശേഖർ പറയുന്നു. വിജയ് ദേവരകൊണ്ട നായകനായ 'അർജുൻ റെഡ്‌ഡി,' രൺബീർ കപൂറിന്റെ 'ആനിമൽ,' നാഗേഷ് ഭട്ടിന്റെ 'കിൽ' എന്നിവയാണ് ഇന്ത്യൻ സിനിമയിൽ വലിയ സ്വീകാര്യത ലഭിച്ച ചില ഉദാഹരണങ്ങൾ.   

മദ്യവും ലഹരിയും നിറഞ്ഞാഘോഷമാവുന്ന സമൂഹത്തിന്റെ പ്രതിഫലനമാവുന്ന പല ചിത്രങ്ങൾക്കും പോസ്റ്റ് ട്രൂത്ത് വിഭാഗത്തിൽ പ്രസക്തി കണ്ടെത്തുന്ന അന്വേഷണം പുസ്തകത്തിൽ കാണാം. സാധാരണമായി കഴിഞ്ഞ യഥാതഥ പ്രവണതയും ചന്ദ്രശേഖർ ചർച്ച ചെയ്യുന്നുണ്ട് ഈ പശ്ചാത്തലത്തിൽ.  


Tuesday, February 24, 2026

ചന്തു ചതിയനല്ല: തെറ്റിദ്ധരിക്കപ്പെട്ട നന്മമരം!

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച്‌ എ ചന്ദ്രശേഖര്‍ എഴുതിയ പോസ്റ്റ് ട്രൂത്ത് സിനിമഎന്ന ഗ്രന്ഥത്തെപ്പറ്റി കലാകൗമുദി പ്രസിദ്ധീകരിച്ച വായനാനുഭവം

ഡോ പോള്‍ മണലില്‍

പോസ്റ്റ് ട്രൂത്ത് എന്നാല്‍ സത്യാനന്തരം വാസ്താവാനന്തരം എന്നൊക്കെ മലയാളത്തില്‍ വിവര്‍ത്തനം ചെയ്യാന്‍ കഴിയുമെങ്കിലും അത്തരം സംജ്ഞകളില്‍ മാത്രം ഒതുക്കിനിര്‍ത്താന്‍ കഴിയാത്തൊരു സംഹിതയാണ് പോസ്റ്റ് ട്രൂത്ത്. ആധുനിക ജീവിതത്തിന്റെ വൈവിദ്ധ്യമാര്‍ന്ന അവസ്ഥകളില്‍ നീരാളിപ്പിടുത്തമായി പരിണമിച്ചിരിക്കുന്നു പോസ്റ്റ് ട്രൂ്ത്ത് ഇന്ന്. അതിനാല്‍ സിനിമയിലെ മനുഷ്യജീവിതാഖ്യാനത്തിലെ വ്യാജബിംബവല്‍ക്കരണവും യുക്തിരാഹിത്യവും ആഴത്തില്‍ പഠനവിഷയമാകേണ്ടതുണ്ട് സമകാല സാംസ്‌കാരികപരിസരങ്ങളില്‍. 

സത്യാനന്തര കാലത്തെ സിനിമയെ, പ്രത്യേകിച്ച് മലയാള സിനിമയെ ' പോസ്റ്റ് ട്രൂത്ത്‌ന സംഹിതയെ മുന്‍നിര്‍ത്തി സമഗ്രമായി അന്വേഷിക്കുന്ന ഗ്രന്ഥമാണ് ചലച്ചിത്രനിരൂപകന്‍ എ ചന്ദ്രശേഖര്‍ രചിച്ച പോസ്റ്റ് ട്രൂത്ത് സിനിമ. സിനിമയിലെ സത്യത്തെപ്പറ്റി, പാതിവെന്ത സത്യത്തെപ്പറ്റി, കറുത്ത സത്യത്തെപ്പറ്റി വേറിട്ട നിരീക്ഷണത്തിലൂടെ കാഴ്ചയുടെ ആഹ്‌ളാദത്തിന്റെ സത്യവും മിഥ്യയും വേര്‍തിരിച്ചവതരിപ്പിക്കുന്ന ഒരു കൃതിയാണിത്. ചലച്ചിത്ര നിരൂപണത്തിന്റെ പതിവുവഴികളില്‍ നിന്നു മാറിനിന്നുകൊണ്, പുതിയൊരു ഭാവുകത്വ വീക്ഷണമാണ് എ ചന്ദ്രശേഖര്‍ ഈ കൃതിയിലൂടെ പങ്കുവയ്ക്കുന്നത്.

പോസ്റ്റ് ട്രൂത്തിനെ വിശാലമായ കാഴ്ചപ്പാടില്‍ വിന്യസിച്ചുകൊണ്ടാണ് പത്ത് അധ്യായങ്ങളിലായി ഈ പുസ്തകത്തിലെ വിഷയാവതരണം. പോസ്റ്റ് ട്രൂത്ത് എന്ന സംഹിത പോസ്റ്റ് കോവിഡ് ഏര്‍പ്പാടായിട്ടാണ് വളര്‍ന്നു വന്നതെന്ന് ഒരു കാഴ്ചപ്പാടുണ്ടെങ്കിലും 1992ലെ ഗള്‍ഫ് യുദ്ധത്തിന്റെ കാലം മുതല്‍ ഈ പ്രതിഭാസം ചരിത്രത്തിലുണ്ടെന്നാണ് ഗ്രന്ഥം ചൂണ്ടിക്കാട്ടുന്നത്. ലോകത്തിനു മുന്നില്‍ യുദ്ധത്തെപ്പറ്റി വലിയ കള്ളങ്ങള്‍ യാതൊരു നാണക്കേടും കൂടാതെ അക്കാലത്തു പ്രചരിപ്പിച്ചു. ഗള്‍ഫ് യുദ്ധത്തിലെ സത്യങ്ങള്‍ മാധ്യമങ്ങള്‍ ലോകമെമ്പാടും എത്തിച്ചതില്‍ വാസ്തവം തീരെ ഉണ്ടായിരുന്നില്ല. മാധ്യമങ്ങള്‍ അവതരിപ്പിച്ചതു ബദല്‍ സത്യങ്ങളായിരുന്നു. അതായത് യഥാര്‍ത്ഥ സത്യം മറച്ചുവയ്ക്കപ്പെട്ടു. സ്വാര്‍ത്ഥലാഭത്തിനു വേണ്ടി വലിയ കള്ളം അവതരിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെ തന്ത്രത്തിനു തുല്യമായ തരത്തില്‍ വ്യാജസത്യം ചമയ്ക്കപ്പെട്ട കാഴ്ച ഗള്‍ഫ് യുദ്ധക്കാലത്തു നാം കണ്ടു. എന്നാല്‍ ചരിത്രത്തില്‍ പോസ്റ്റ് ട്രൂത്ത് കാലം ആരംഭിക്കുന്നത് 2016ല്‍ ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതോടെയാണെന്ന് ജയിംസ് ബാള്‍ 2017ല്‍ എഴുതിയ പോസ്റ്റ് ട്രൂത്ത്-പൗ ബുള്‍ഷിറ്റ് കോണ്‍ക്വേഡ് ദ് വേള്‍ഡ് എന്ന പുസ്തകത്തെ മുന്‍നിര്‍ത്തി ചന്ദ്രശേഖര്‍ വായിക്കുന്നു.

സത്യത്തിനു മൂല്യനിരാസം വന്നതുടുങ്ങിയത് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതോടെയാണെന്ന് ബുള്‍ ഈ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടിയത് പോസ്റ്റ് ട്രൂത്തിന്റെ തുടക്കമായെങ്കില്‍ രാഷ്ട്രീയത്തിലെ ഈ സത്യാനന്തരം സിനിമയുള്‍പ്പെടെ എല്ലാ മാധ്യമങ്ങളിലേക്കും സംക്രമിച്ചു എന്നാണു വിലയിരുത്തപ്പെടുന്നത്. അതായതു സത്യത്തെ നിഷേധിക്കുന്ന സാഹചര്യം സിനിമയിലും പത്രത്തിലും ടെലിവിഷനിലും സോഷ്യല്‍ മീഡിയയിലും മറ്റും വളര്‍ന്നുവന്നു. പോസ്റ്റ് ട്രൂത്തിലൂടെ സമൂഹത്തില്‍ പരസ്പരവിശ്വാസമില്ലായ്മയും രാഷ്ട്രീയ-മത-സാംസ്‌കാരികരംഗങ്ങളില്‍ വിശ്വാസരാഹിത്യവും രൂഢമൂലമായി. വസ്തുതാപരമായ വിവരണങ്ങളിലൂടെ സ്വതന്ത്രവിനിമയത്തിനു തടസമുണ്ടായി. വ്യാജബിംബവല്‍ക്കരണത്തില്‍ സിനിമയും എത്തിച്ചേര്‍ന്നു. എന്താണ് സത്യമെന്നു പോസ്റ്റ് ട്രൂത്ത് സംഹിത ചോദിക്കുന്നില്ല. എന്തുകൊണ്ട് ഇതു സത്യമാണെന്നു സമ്മതിക്കുന്നില്ല എന്ന മട്ടിലായി കാര്യങ്ങളിപ്പോള്‍. സത്യം മരിച്ചെന്നോ സത്യത്തെ കൊന്നതാരെന്നോ ആരും ചോദിക്കാത്ത അവസ്ഥയിലായി. സിനിമയില്‍ വ്യാജസത്യവും ഗൂഡാലോചനയും വെറുപ്പും വിദ്വേഷവും വികാരവിക്ഷോഭവും ആഖ്യാനശൈലിയായി. സിനിമയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ സത്യത്തിന്റെ കാവല്‍ക്കാരായിരുന്നെങ്കില്‍ സിനിമയില്‍ ആ സത്യത്തിന്റെ പ്രസക്തി നഷ്ടമായിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ചന്ദ്രശേഖറിന്റെ പുസ്തകം അവതരിപ്പിക്കുന്നത്.

പോസ്റ്റ് ട്രൂത്തിന്റെ എല്ലാ ലക്ഷണസവിശേഷതകളും സിനിമയ്ക്കും ബാധകമാണെന്നു ചൂണ്ടിക്കാണിക്കുന്ന ഗ്രന്ഥകാരന്‍, സിനിമയ്ക്ക് ഒരു വ്യാജസ്വത്വം മൗലികമായി തന്നെയുണ്ടെന്നും സത്യം എന്ന തോന്നലുളവാക്കുംവിധം വാസ്തവത്തില്‍ നിര്‍മ്മിച്ചുണ്ടാക്കുന്ന കാഴ്ചകളാണ് സിനിമയാകുന്നതെന്നും ആമുഖമായി പ്രസ്താവിക്കുന്നു. ചരിത്രബോധം തീരെയില്ലാത്ത സൈബര്‍ തലമുറക്കാരന്‍ വടക്കന്‍പാട്ടിലെ ചന്തുചേകവര്‍ അഥവാ ചന്തുപ്പണിക്കരെ ഗൂഗിളില്‍ തിരയുമ്പോള്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവിനെയാവും കണ്ടെത്തുക. ജെന്‍ സി ക്ക് ചന്തു ചതിയനല്ല, തെറ്റിദ്ധരിക്കപ്പെട്ട നന്മമരമാണ്. സത്യാനന്തരകാലത്തു സിനിമയില്‍ അവതരിപ്പിക്കുന്ന വ്യാജസത്യത്തിന് ഇതൊരു ദൃഷ്ടാന്തമാണെന്നു ഗ്രന്ഥം സ്ഥാപിക്കുന്നു. യാഥാര്‍ത്ഥ്യമെന്നു തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ കാല്പനിക കഥാപാത്രങ്ങളെ സിനിമ വിളക്കിച്ചേര്‍ത്ത് അവതരിപ്പിക്കുന്നതിന് ആഷിഖ് അബുവിന്റെ വൈറസ്, ജൂഡ് ആന്റണി ജോസഫിന്റെ 2018 തുടങ്ങിയ സിനിമകള്‍ ഉദാഹരണങ്ങളാണെന്നു ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു.

വിവാദം സൃഷ്ടിച്ച ദ് കേരള സ്‌റ്റോറി എന്ന ഹിന്ദി സിനിമയില്‍ പോസ്റ്റ് ട്രൂത്തിന്റെ സവിശേഷതകള്‍ ഗ്രന്ഥകാരന്‍ കണ്ടെത്തുന്നു. സത്യം മുഴുവന്‍ പറയാതിരിക്കുന്നതു പാതി സത്യം പ്രചരിപ്പിക്കുന്നതുപോലെയാണെന്നും കേരള സ്‌റ്റോറി അബദ്ധജഡിലമായ ഒരു വസ്തുതാഖ്യാനമാണെന്നും ഗ്രന്ഥം സ്ഥാപിക്കുന്നു. ഭീകരരുടെ വലയില്‍പ്പെട്ട മലയാളി വനിതകളുടെ എണ്ണം ഈ സിനിമ പെരുപ്പിച്ചു കാട്ടി. ഗ്രന്ഥം പറയുന്നു- ഇന്ത്യയില്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ യഥാര്‍ത്ഥ കണക്ക് അഞ്ചിലപ്പുറമില്ലാതിരിക്കെ ഇത്തരത്തില്‍ മുപ്പതിനായിരത്തോളം മലയാളിയുവതികള്‍ ഭീകരരുടെ ഇരകളായിട്ടുണ്ടെന്നു ചിത്രീകരിക്കുന്ന സിനിമ സ്വാഭാവികമായി കേരള സമൂഹത്തിന്റെ നിശിതവിമര്‍ശനത്തിനു വിധേയമായി. ഇത്തരം സിനിമകളെ പാന്തി വെന്ത സത്യം എന്നാണ് ഗ്രന്ഥകാരന്‍ വിശേഷിപ്പിക്കുന്നത്. രഥീന സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പുഴുവില്‍ കേരളസ്റ്റോറിയെ നിരാകരിക്കാന്‍ മുന്നോട്ടുവയ്ക്കുന്ന സൈദ്ധാന്തിക-ദാര്‍ശനിക പ്രശ്‌നങ്ങളെയും പ്രശ്‌നവല്‍ക്കരിക്കുന്നു. സൈദ്ധാന്തിക മാനദണ്ഡങ്ങള്‍ കാഴ്ചപ്പാടിനനുസരിച്ചു വക്രീകരിക്കാന്‍ പാടില്ലെന്നും ഗ്രന്ഥം വാദിക്കുന്നു. സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ഭാരത സര്‍ക്കസ് എന്ന സിനിമയേയും ഗ്രന്ഥകാരന്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുത്തുന്നു. ജാതിരാഷ്ട്രീയം പോലെ സാമൂഹിക പ്രത്യാഘാതമുണ്ടാക്കിയേക്കാവുന്ന വിഷയങ്ങള്‍ പ്രമേയങ്ങളാക്കുമ്പോള്‍ കലാകാരന്മാര്‍ പുലര്‍ത്തേണ്ട ജാഗ്രതയെ ഗ്രന്ഥം ഉയര്‍ത്തിക്കാട്ടുന്നു. സര്‍ഗാത്മകസ്വാതന്ത്ര്യത്തിന്റെ പേരില്‍ അഭിപ്രായസ്വാതന്ത്ര്യത്തില്‍ വെള്ളം ചേര്‍ക്കതരുതെന്നും ഗ്രന്ഥകാരന്‍ വ്യക്തമാക്കുന്നു.

ചരിത്രത്തെ ചലച്ചിത്രവല്‍ക്കരിക്കുന്നതിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും പോസ്റ്റ് ട്രൂത്ത് സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രന്ഥം വിലയിരുത്തുന്നു. പോസ്റ്റ് ട്രൂത്തിലെ ഇരട്ടത്താപ്പ് ജീത്തു മാധവന്റെ ആവേശം സിനിമയെ മുന്‍നിര്‍ത്തി ഗ്രന്ഥകാരന്‍ വെളിപ്പെടുത്തുന്നു.ഗാന്ധിജിയെ അനുകരിക്കാനും അനുഗമിക്കാനും ഇന്ന് പുതുതലമുറ മറക്കുമ്പോള്‍ ആവേശത്തിലെ രങ്കണ്ണയ്ക്കു പ്രേക്ഷകര്‍ ആവേശോജ്ജ്വലമായ വരവേല്‍പുനല്‍കുകയാണെന്നും സാമൂഹികവിരുദ്ധനായ അയാളെ ആദര്‍ശവല്‍ക്കരിക്കുകയാണെന്നും ഗ്രന്ഥം സ്ഥാപിക്കുന്നു. ഇതിനെ പോസ്റ്റ് ട്രൂത്ത് പ്രതിസന്ധിയായാണ് ചന്ദ്രശേഖര്‍ വിലയിരുത്തുന്നത്.

പോസ്റ്റ് ട്രൂത്ത് സിനിമകളിലെ ശബ്ദപഥത്തിലുണ്ടായ സത്യാനന്തര പ്രതിഭാസവും പുസ്തകം ആഴത്തില്‍ അന്വേഷിക്കുന്നുണ്ട്. സിനിമകള്‍ ഉച്ചത്തിലുയര്‍ത്തുന്ന ശബ്ദത്തില്‍ സത്യത്തിന്റെ അംശം ദുര്‍ബലപ്പെടുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി ഉയര്‍ത്തിവിട്ട വിവാദം അതിലെ ഭാഷയെ മുന്‍നിര്‍ത്തിയുള്ളതായിരുന്നു.സംഭാഷണങ്ങളില്‍ വന്ന ഭാഷാഭേദത്തിന്റെ രാഷ്ട്രീയം ഗ്രന്ഥം സൈദ്ധാന്തികമായി അവലോകനം ചെയ്യുന്നു.

കറുത്തസത്യത്തിന്റെ ഉള്‍പ്പൊരുളുകള്‍ അന്വേഷിക്കുമ്പോള്‍ സത്യാനന്തരകാലത്തെ പ്രേക്ഷകരുടെ ആസ്വാദനത്തിലെ പങ്കാളിത്ത നിഷേധത്തെപ്പറ്റിയും ഗ്രന്ഥകാരന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ആഖ്യാനത്തിന്റെ ആധികാരിക സൂക്ഷ്മാംശങ്ങളില്‍ താല്‍പര്യമില്ലായ്മയും വിവരത്തിന്റെ കാമ്പുമാത്രം അറിയാനുള്ള അഭിവാഞ്ഛയും സൃഷ്ടിച്ചിരിക്കുന്ന ഭാവനാലോപത്തെക്കുറിച്ചു വിവരിക്കുമ്പോള്‍ ആഖ്യാനത്തകര്‍ച്ചയിലൂടെ നഷ്ടമാവുന്ന മനുഷ്യസിദ്ധിയെപ്പറ്റിയാണ് ഗ്രന്ഥകാരന്‍ ഓര്‍മ്മപ്പെടുത്തുന്നത്.

വിവിധ ഭാഷകളിലെ ചിത്രങ്ങളുടെ നീണ്ട പട്ടിക നിരത്തിക്കൊണ്ട് പോസ്റ്റ് ട്രൂത്ത് പ്രതിഭാസങ്ങളില്‍ ഒന്നായ ഡാര്‍ക്ക് മോഡില്‍ അവതരിപ്പിച്ചിട്ടുള്ള സതദ്യാനന്തര സിനിമകളെയും ചന്ദ്രശേഖര്‍ വിലയിരുത്തുന്നുണ്ട്. അമിതഹിംസയുടെയും തുറന്ന ലൈംഗികതയുടെയും മദ്യ-മയക്കുമരുന്നു ലഹരിയുടെയും ഏതുവിധവും പണമുണ്ടാക്കേണ്ടുന്നതായ ജീവിതാദര്‍ശങ്ങളെയും മുന്‍നിര്‍ത്തിയാണ് ഡാര്‍ക്ക് മോഡില്‍ അവതരിപ്പിച്ചിട്ടുള്ള സിനിമകളെ ഗ്രന്ഥകാരന്‍ അവലോകനം ചെയ്യുന്നത്. ഇന്ത്യന്‍ സിനിമയില്‍ ഡാര്‍ക്ക് മോഡിന്റെ ഏറ്റവും വലിയ ഉദാഹരണമായി ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടുന്നത് ലോകേഷ് കനകരാജിന്റെ സമീപകാല തമിഴ്ചിത്രങ്ങളാണ്. മനുഷ്യന്റെ ജന്തുസഹജമായ ചോദനകളോട് പരമാവധി നീതിപുലര്‍ത്തുന്ന സിനിമയിലെ അതീതയഥാതഥ നിര്‍വഹണങ്ങള്‍ മൃഗീയ വാസനകളെ അവതരിപ്പിക്കുന്ന വാസ്തവാനന്തര ഇരുള്‍പ്പരപ്പാണെന്നു സോദാഹരണം ഗ്രന്ഥകാരന്‍ ചര്‍ച്ചചെയ്യുന്നു. പോസ്റ്റ് ട്രൂത്ത് സിനിമയില്‍ മദ്യവും മയക്കുമരുന്നും ആഘോഷിക്കപ്പെടുന്നതായി ഗ്രന്ഥം വെളിപ്പെടുത്തുന്നു. മയക്കുമരുന്നിനെ മലയാള സിനിമ പരഹസ്യമായി ആഘോഷിച്ചു തുടങ്ങിയത് ഇടുക്കി ഗോള്‍ഡ് എന്ന സിനിമയ്ക്കുശേഷമാണ്. സ്ഥാനത്തും അസ്ഥാനത്തും മദ്യ-മയക്കുമരുന്നു രംഗങ്ങള്‍ യഥേഷ്ടം കുത്തിനിറയ്ക്കുന്നതിലെ രാഷ്ട്രീയശരി വാസ്തവാനന്തരതലമുറ വിലയിരുത്തണ്ടതുണ്ട്.എന്തു കാണിക്കാമെന്നല്ല എന്തും കാണിക്കാമെന്നായി സിനിമയെന്ന് ഗ്രന്ഥകാരന്‍ ആരോപിക്കുന്നു. അപ്രിയവും ഇരുണ്ടതുമായ സത്യത്തെ തിരയുന്ന പോസ്റ്റ് ട്രൂത്ത് സിനിമ മൂല്യം എന്ന സത്യത്തെ കുഴിച്ചുമൂടുകയാണെന്ന് നിര്‍വചിക്കുന്ന ഒരു സാഹചര്യമാണുള്ളത്. അത്തരം ചിന്തകളിലേക്കും ആലോചനകളിലേക്കും പരിശോധനകളിലേക്കും എ ചന്ദ്രശേഖറിന്റെ പോസ്റ്റ് ട്രൂത്ത് സിനിമ നമ്മെ വഴിനയിക്കുന്നുണ്ടെന്നാണ് പറയാനുള്ളത്


വില 210 രൂപ

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ അധ്യക്ഷനും സാഹിത്യ നിരൂപകനുമാണ് ലേഖകന്‍.+91 94470 56626)