വിശ്വാസം അതല്ലേ എല്ലാം എന്ന പേരില്‍ വിഖ്യാതമായ ഒരു ടിവി പരസ്യമുണ്ട്. കൈ വളര്‍ന്നോ കാലു വളര്‍ ന്നോ എന്നു നോക്കി വളര്‍ത്തി വലുതാക്കിയ ഏക മകള്‍ ഒരു രാത്രി കാമുകനോടൊപ്പം ഒളിച്ചോടി എന്നറിയുമ്പോഴത്തെ അച്ഛന്റെ മനോവ്യഥയിലൂടെ ഇതള്‍ വിരിയുന്ന കഥാഗതിയുള്ള പരസ്യം കുടും ബമൂല്യങ്ങളെ ഉയര്‍ ത്തിപ്പിടിക്കുന്നു എന്ന നിലയില്‍ ചുരുക്കം സമയത്തിനകം തന്നെ ശ്രദ്ധിക്കപ്പെട്ടു. ഒളിച്ചോടിയ മകള്‍ ദൂരെ ടാക്സിയുമായി കാത്തുനില്‍ക്കുന്ന കാമുകനരികിലേക്ക് ബസില്‍ യാത്രയാകുമ്പോള്‍ അവളുടെ മനസ്സിലും അച്ഛനെക്കുറിച്ചുള്ള ഓര്‍ മകള്‍ കുറ്റബോധം വിതയ്ക്കുന്നു. ഒടുവിലവള്‍ മാനസാന്തരം വന്ന് അച്ഛനരികിലേക്കു മടങ്ങുന്നതാണു പരസ്യത്തിന്റെ ഇതിവ്രുത്തമ്. മാധ്യമപരമായ സമീപനത്താലും നിര്‍വഹണത്തിലും ഭേദപ്പെട്ട പരസ്യം . വിശ്വാസം അതല്ലേ എല്ലാം എന്ന പരസ്യവാചകം അച്ഛന്‍ -മകള്‍ ബന്ധത്തിലെ വിശ്വാസത്തെ കറയറ്റ സ്വര്‍നവും ഉപഭോക്താവും തമ്മിലുള്ള വിശ്വാസത്തോട് സാമ്യപ്പെടുത്തിയിരിക്കുന്നു. സംഗതി ഉഗ്രന്‍ . പക്ഷേ ഇവിടെ എന്റെ സന്ദേഹം മറ്റൊന്നാണ്. അച്ഛനോടുള്ള വിശ്വാസം കാത്തുസൂക്ഷിക്കാന്, മറ്റൊരു അച്ചനേയും അമ്മയേയും കുടുംബത്തെത്തന്നെയും ഉപേക്ഷിച്ച് അവളെ മാത്രം വിശ്വസിച്ച് ഇറങ്ങി പുറപ്പെട്ട് അവള്‍ വരുന്നതും കാത്ത് ടാക്സിയുമായി കാത്തു നില്‍ക്കുന്ന കാമുകനോട് അവള്‍ കാട്ടുന്ന വിശ്വാസാഘാതമോ? ഇതിനേ വിശ്വാസവന്ചന എന്നല്ലേ പറയുക ? ഇതു തന്നെയല്ലേ പഴയ രമണനോട് നളിനി കാട്ടിയതും . ഇതു തന്നെയല്ലേ ഷേയ്ക്സ്പിയറെക്കൊണ്ട്- ഫ്രെയിലിറ്റി ദൈ നെയിം ഇസ് വിമന്‍ എന്നു പാടിപ്പിച്ചത്? ചപലതേ നിന്റെ പേരോ വനിത എന്നു എഴുതിപ്പിച്ചത്? സ്ത്രീവിമോചനവാദികള്‍ ക്ഷമിക്കുക. എന്നാലും ഈ പരസ്യചിത്രത്തിലെ കാമുകി കാമുകനോട് കാണിച്ചത് വന്ചനയെന്നേ പറയാനാകൂ. കല്യാണ്‍ ജുവലേഴ്സും ക്ഷമിക്കുക.നിങ്ങളുടെ പരസ്യത്തില്‍ നിങ്ങള്‍ അറിയാതെ വിശ്വാസവഞ്ചനയുടെ ഒരു പ്രമേയം ഉള്ളടങ്ങിയിരിക്കുന്നു.
click here to watch video
http://www.youtube.com/watch?v=HaJBJjrSg3k
Saturday, January 30, 2010
Saturday, January 23, 2010
മലയാളസിനിമയ്ക്ക് ദേശീയ അവാര്‍ഡ് നല്‍കുന്ന തിരിച്ചടിയുടെ പാഠഭേദങ്ങള്‍
എ.ചന്ദ്രശേഖര്‍
മലയാളസിനിമയ്ക്ക് എന്തായാലും വീണ്ടുവിചാരത്തിനുള്ള ചൂണ്ടുപലകയാവുകയാണ് 2008ലെ ദേശീയ ചലച്ചിത്രപുരസ്കാര നിര്‍ണയം. കഴിഞ്ഞ 56 വര്‍ഷത്തിനിടെ, ഇത്ര കുറച്ചു മലയാളികള്‍ക്കും മലയാള സിനിമകള്‍ക്കും ബഹുമതി ലഭിച്ച മറ്റൊരവസരമുണ്ടായിട്ടില്ല. മറിച്ചൊരു ഭാഷയില്‍പ്പറഞ്ഞാല്‍ 96 ലോ മറ്റോ ഒന്നു പിന്തള്ളപ്പെട്ടുപോയി എന്നതൊഴിച്ചാല്‍ മലയാളസിനിമ ദേശീയ ചലച്ചിത്ര അവാര്‍ഡുനിര്‍ണയത്തില്‍ മുച്ചൂടും അവഗണിക്കപ്പെട്ടുപോകുന്നത്, തൃണവല്‍ക്കരിക്കപ്പെടുന്നത് ചരിത്രത്തില്‍ ഇതാദ്യമാണ്. അതുകൊണ്ടുതന്നെ, ഇൌ തിരിച്ചടി, നമുക്ക് ചില പാഠങ്ങളും പാഠഭേദങ്ങളും നല്‍കുന്നുണ്ട്. നിര്‍മാണച്ചെലവുനിയന്ത്രണവും സംഘടനാശക്തിപ്പെടുത്തലും മുഖ്യ അജന്‍ഡയാക്കി മലയാള സിനിമാവ്യവസായത്തെ സംരക്ഷിക്കാന്‍ ഉദ്യമിക്കുന്നവര്‍ക്ക് ഇതൊരു പാഠമാണ്. തലമുറകളായി തുടര്‍ന്നുവരുന്ന അവാര്‍ഡ് സിനിമ എന്ന ജനുസ്സിന് മേല്‍ വീണ ഒരു വെള്ളിടിയുമാണ്. വീണ്ടുവിചാരങ്ങള്‍ക്കും തിരിഞ്ഞുനോട്ടങ്ങള്‍ക്കും, ആത്മവിമര്‍ശനത്തിനും വഴിയാവുമെങ്കില്‍ തീര്‍ച്ചയായും ഇൌ അവസ്ഥ മലയാളസിനിമയ്ക്ക് ഒരു ഷോക്ക് ചികിത്സയായി കണക്കാക്കുന്നതില്‍ തെറ്റില്ല. മറിച്ച് ഇതിനുള്ളിലെ അജന്‍ഡകള്‍ ഇരുളടഞ്ഞതാണെങ്കില്‍? എന്തുകൊണ്ടായിരിക്കാം മലയാള സിനിമ ദേശീയതലത്തില്‍ ഇത്രമാത്രം പിന്തള്ളപ്പെട്ടുപോയത്? തീര്‍ചയയും ഗുണനിലവാരത്തിലെ പിന്‍ നടത്തം മലയാള സിനിമയെ ദേശീയ ശരാശരിയിലും വളരെ പിന്നാക്കം കൊണ്ടുപോയിട്ടുണ്ടെന്നത് പകല്‍പോലെ വാസ്തവം. ബംഗാളും കേരളവും ഇന്ത്യന്‍ സിനിമയുടെ പതാകവാഹകരായിരുന്ന സുവര്‍ണകാലമൊക്കെ വെറും സ്വപ്നമോ ചരിത്രമോ മാത്രമായി മാറിയിരിക്കുന്നു. ബംഗാളി ഇന്നും അന്തഹീനിലൂടെ ആ നിലവാരത്തില്‍ കാലുറപ്പിച്ചുനിര്‍ത്താന്‍ തക്ക പ്രതിഭകളെയും രചനകളെയും സമ്മാനിക്കുമ്പോള്‍, മലയാളത്തില്‍ എത്ര സിനിമയ്ക്ക്/ചലച്ചിത്രകാരന്മാര്‍ക്ക് നെഞ്ചില്‍ കൈവച്ച് തങ്ങളുടെ രചനയുടെ ഗുണത്തെപ്പറ്റി ആത്മവിശ്വാസത്തോടെ വാദിക്കാനാവും? തമിഴ്നാട്ടിലും ബോളിവുഡ്ഡിലും നിന്നുള്ള വേറിട്ട, സ്വത്വമുള്ള സംരംഭങ്ങള്‍ക്കുമുന്നില്‍ അന്തംവിട്ടു സ്വയം മറക്കുന്ന മലയാളി പ്രേക്ഷകര്‍ ഒന്നൊന്നായി മലയാളസിനിമ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ ബഹിഷ്കരിക്കുകയും തീയറ്ററുകളോരോന്നായി അടച്ചുപൂട്ടുകയും ചെയ്യുനന്ന അവസ്ഥയിലും പന്തീരാണ്ടുകാലം മുമ്പേ തമിഴകവും ഹിന്ദിയും ചവച്ചുതുപ്പിയ തട്ടുപൊളിപ്പന്‍ പാണ്ടി കമ്പോള സിനിമയുടെ കടും വര്‍ണഫോര്‍മുലയില്‍ അഭിരമിക്കുകയാണ് മലയാള ചലച്ചിത്രവേദിയുടെ മുഖ്യധാര. മാറിയ കാലത്തിന്റെ സ്പന്ദനം ഏറ്റുവാങ്ങാനും പ്രതിഫലിപ്പിക്കാനും മുഖ്യധാരയിലെ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് എത്രകണ്ടു സാധിക്കാതെ പോകുന്നുവോ, അത്രതന്നെ തീവ്രതയോടെ മാറ്റത്തിനു നേരെ മുഖം തിരിഞ്ഞാണ് സമാന്തരപ്രസ്ഥാനവും എന്നു പറയാതെ വയ്യ. വിരസ ദൃശ്യാഖ്യാനങ്ങളുടെ മടുപ്പന്‍ ബുദ്ധിജീവി സമവാക്യം പുതിയ തലമുറയെ സിനിമയില്‍ നിന്ന് എന്തുമാത്രം അകറ്റുമെന്ന് സമാന്തരചലച്ചിത്രകാരന്മാരും തിരിച്ചറിയാതെ പോയി. ഇതിന്റെയെല്ലാം പ്രതിഫലനമാണ് വിവാദമാകുന്ന ദേശിയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ കാണുന്നത്. നിലവാരത്തകര്‍ച്ച കൂടാതെ എന്തെങ്കിലും ഘടകം അവാര്‍ഡുനിര്‍ണയത്തില്‍ മലയാളത്തിനു തിരിച്ചടിയായിരിക്കാമോ? ആ തരത്തില്‍ ഒരു ചിന്ത ചെന്നുനില്‍ക്കുക സ്വാഭാവികമായി, ഏതൊരു ദേശീയ അവാര്‍ഡു നിര്‍ണയത്തിന്റെയും രീതി സമ്പ്രദായത്തിന്റെ അംഗീകരിക്കപ്പെട്ട ചില അണിയറരഹസ്യങ്ങളിലേക്കാവും. ഫെഡറല്‍ ബഹുസ്വരതയക്കും ബഹുഭാഷാ സംവിധാത്തിനും വഴങ്ങി നടത്തപ്പെടുന്ന ഇത്തരത്തിലൊരു അവാര്‍ഡ് നിര്‍ണയം എത്ര നിഷ്പക്ഷമെന്നു വരുത്തിത്തീര്‍ത്താലും ഭാഷാ പ്രാതിനിധ്യത്തിനായി അതതു ഭാഷാ പ്രതിനിധികള്‍ വഴി നിര്‍മിക്കപ്പെടുന്ന സമ്മര്‍ദ്ദവും ലോബീയിങ്ങും തീര്‍ച്ചയായും സ്വാധീനങ്ങളായിത്തീരുമെന്നത് മനസ്സിലാക്കാന്‍ കേവലയുക്തിയുടെ പിന്‍ബലമേ ആവശ്യമുളളൂ. അതിനുവേണ്ടിത്തന്നെയാണല്ലോ ദേശീയതലത്തില്‍ അവാര്‍ഡുനിര്‍ണയസമിതി രൂപീകരിക്കുമ്പോള്‍ മിക്ക ഭാഷകളിലും നിന്നുള്ള പ്രതിനിധികളെ ഉറപ്പാക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കുന്നതും. ഒരേ നിലവാരത്തില്‍ ഒരു ടൈ അഥവാ കട്ടയ്ക്കു കട്ട ഒരു മത്സരം ഉണ്ടാവുമ്പോള്‍ തങ്ങളുടെ ഭാഷാരചനയ്ക്കുവേണ്ടി, സ്രഷ്ടാവിനുവേണ്ടി നടത്തുന്ന വാദഗതികളില്‍ അതതു പ്രതിനിധികള്‍ക്കൊപ്പം ജൂറിയുടെ മഹാഭൂരിപക്ഷം നീങ്ങുമ്പോഴാണ് അവാര്‍ഡ് ആ സിനിമയ്ക്കാവുന്നത്. ഒരുതരത്തിലുളള വോട്ടെടുപ്പുതന്നെയാണ് ഇത്. ശബ്ദവോട്ടെടുപ്പ്. എന്നാല്‍ ഇതിന് ശക്തമായി വാദിക്കാന്‍ ചങ്കുറപ്പുള്ള അംഗങ്ങള്‍ വേണം. അതിനു മനഃസ്ഥിതിയുളള ഭാഷാംഗം സമിതിയിലുണ്ടാവണം. ഇക്കുറി അവാര്‍ഡ് സമിതി പരിശോധിച്ചാല്‍ വിഖ്യാത സംവിധായകന്‍ ഷാജി എന്‍.കരുണ്‍ കഴിഞ്ഞാല്‍ മലയാളിയായ ഒരൊറ്റ ചലച്ചിതകാരനെപ്പോലും മഷിയിട്ടു തപ്പിയാല്‍ കാണില്ല. ഷാജിയെയാവട്ടെ ഒരു തരത്തിലും കുറ്റപ്പെടുത്താനുമാവില്ല. കാരണം ചെയര്‍മാന്റെ കസേരയിലിരുന്നു പക്ഷം പിടിക്കാന്‍ അദ്ദേഹത്തിനാവില്ല.അതുകൊണ്ടുതന്നെ മലയാളസിനിമയ്ക്കു വേണ്ടിയുള്ള ഒരേയൊരു കാസ്റ്റിംഗ് വോട്ട് നിഷ്പക്ഷതയുടെ പേരില്‍ പാഴായിപ്പോയി. ഷാജി പറയുന്നത് ശരിയാണ്- അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമ വന്നാലും ഗുണനിലവാരത്തില്‍ മികച്ചു നിന്നലല്ലേ ദേശീയതലത്തില്‍ പുരസ്കാരത്തിനു പരിഗണിക്കാനാവൂ? വര്‍ഷങ്ങള്‍ക്കുമുമ്പ് ശ്യാമപ്രസാദ് അംഗമായിരുന്ന ജൂറി അടൂര്‍ ചിത്രത്തെതഴഞ്ഞപ്പോള്‍ ശ്യാം പറഞ്ഞതും ഇതേ ന്യായമായിരുന്നു. ന്യായമായും യുക്തിപൂര്‍വമായ ചോദ്യം. എന്നാല്‍ ഇൌ ചോദ്യം ഷാജി അറിയാതെ അദ്ദേഹത്തെക്കൊണ്ട് മറ്റൊരു പ്രസ്താവന പറയാതെ പറയിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. മികച്ച സിനിമയ്ക്കോ, സംവിധായകനോ ഉള്ള മത്സരത്തില്‍ അടൂര്‍/ടിവി.ചന്ദ്രന്‍ സിനിമകള്‍ ബംഗാളി, മറാത്തി സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ 2008ല്‍ പിന്നിലായിരുന്നിരിക്കാം, സംശയം വേണ്ട. അങ്ങനെയാണെങ്കില്‍ അവരുടെ സിനിമകള്‍ ആ വര്‍ഷം മികച്ച പ്രാദേശികസിനിമയ്ക്കുളള പുരസ്കാരം നേടിയ രഞ്ജിത്തിന്റെ തിരക്കഥയേക്കാളും താഴെയായിരുന്നു എന്നല്ലേ ഷാജി സമര്‍ഥിക്കുന്നത്? തിരക്കഥ എന്ന സിനിമ അങ്ങനെയൊരു നിലവാരത്തിലുള്ള സിനിമയാണോ എന്നത് പ്രേക്ഷകര്‍ തീരുമാനിക്കുക. അഭിനേതാക്കളുടെയോ സ്രഷ്ടാക്കളുടെയോ പ്രതിഭയില്‍ മലയാളി, മറ്റു ഭാഷകളെ അപേക്ഷിച്ച് പിന്നിലായേക്കാം, സാധ്യതയില്ലാതില്ല. മറാത്തി സിനിമ, മുംബൈസിനിമയുടെ കരാളഹസ്തത്തില്‍ നിന്ന് പതിയേ മോചിതമായി സ്വന്തം അസ്തിത്വം, സ്വത്വം ഉറപ്പിച്ചിട്ടുമുണ്ടാവാം. മറാത്തി സിനിമകളുടെ സമകാലിക പരിച്േഛദങ്ങളില്‍ ചിലതു നല്‍കുന്ന സന്ദേശം അത്തരത്തിലുള്ളതാണ്.അതുകൊണ്ടു തന്നെ മറാത്തി സിനിമ നേടിയ മേല്‍ക്കൈ സംശയമര്‍ഹിക്കുന്നതല്ല. വെഡ്നസ് ഡേ പോലൊരു സിനിമയുടെ അര്‍ഹതയെപ്പറ്റിയും മറിച്ചൊരഭിപ്രായമുണ്ടാവില്ല. ഫാഷന്‍ എന്ന സിനിമയും അതില്‍ പ്രിയങ്ക ചോപ്രയുടെ പ്രകടനവും അതേപോലെ ജനപ്രീതിയും നിരൂപകപ്രശംസയും ഒരുപോലെ നേടിയതാണ്. തര്‍ക്കം അവിടെയല്ല. പാതി മലയാളിയായ പ്രിയങ്കയ്ക്കു ലഭിച്ച മികച്ച നടിക്കുളള ബഹുമതിയില്‍ മലയാളി പൈതൃകം ആരോപിച്ചു സമാധാനിക്കുന്നതിനോടൊപ്പം, ഒരു സന്ദേഹം ഉന്നയിക്കാതിരിക്കാനുമാവില്ല. മോഡലായി അരങ്ങത്തുവന്നു വിശ്വസുന്ദരിപ്പട്ടം വരെ കീഴടക്കിയ പ്രിയങ്ക, സ്വന്തം ജീവിതം തന്നെ മറ്റൊരര്‍ഥത്തില്‍ പകര്‍ത്തിവച്ചതാണ് ഫാഷനില്‍. അപ്പോഴാണ് പ്രസക്തമായ ഒരു സംശയം തികട്ടുന്നത്. സ്വന്തം ജീവിതം തന്നെ പകര്‍ന്നാടുന്നതിലാണോ, ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത, മറ്റൊരു കാലത്തെ, അല്ലെങ്കില്‍ മറ്റൊരു പ്രാദേശികതയുടെ ഉൌടും പാവും അഭിനയത്തിലാവഹിക്കുന്നതിലാണോ നടനമികവ്? അതെന്തോ, അഭിനയത്തിന്റെ രസതന്ത്രങ്ങള്‍ ആഴത്തില്‍ പഠിച്ചവര്‍ കണ്ടെത്തട്ടെ! എങ്കിലും ഒരു സഹനടി പട്ടത്തിനുപോലും വട്ടമില്ലാത്തവണ്ണം ദയനീയമായോ നമ്മുടെ അഭിനേതാക്കളെന്നൊരാശങ്ക വന്നുപോയാല്‍ തെറ്റുണ്ടോ. രണ്ടുതവണ ദേശീയ അവാര്‍ഡു നേടിയ അര്‍ച്ചനയുടെ കഴിവിലും പ്രതിഭയിലും സന്ദേഹത്തിന്റെ കണികയ്ക്കുപോലും വശമില്ലെങ്കിലും നഗ്മയുടെ ജൂറിത്വം സമര്‍ഥിക്കാന്‍ ചെയര്‍മാനുപോലും സാധിക്കുമോ എന്നാരെങ്കിലും ചോദിച്ചാല്‍....? സാങ്കേതികവിദഗ്ധരുടെ കാര്യത്തില്‍ വന്ന തിരിച്ചടിയും പ്രത്യാഘാതവുമാണ് വാസ്തവത്തില്‍ ഇൌ ചലച്ചിത്ര പുരസ്കാരം മലയാളിയെ ഏറെ കുണ്ഠിതപ്പെടുത്തുന്നത്. മുമ്പ്, പലകുറി നമ്മുടെ കലാകാരന്മാര്‍ക്കു തിരിച്ചടികളും അവഗണനകളുമുണ്ടായിട്ടുള്ളപ്പോഴും മലയാളത്തിന്റെ സാങ്കേതികകലാകാരന്മാര്‍ അവരുടെ മേല്‍ക്കോയ്മ അടിയറവച്ചിട്ടുണ്ടായിരുന്നില്ല. ബോളിവുഡ്ഡ് പോലും സ്നേഹത്തോടെ ആശ്രയിക്കുന്ന പ്രതിഭാധനരായ സാങ്കേതികവിദഗ്ധരാണ് മലയാളികള്‍. റസൂല്‍പൂക്കുട്ടിയിലൂടെ ഒാസ്കര്‍ നിശയില്‍ വരെ നിറസാന്നിദ്ധ്യമായി, മലയാളിയുടെ പ്രതിഭാനം. പക്ഷേ ഇക്കുറി അവാര്‍ഡിന്റെ നാലയല്‍പക്ക പ്രദേശത്തുപോലും പേരിനൊരാളെ അടുപ്പിച്ചിട്ടില്ല. ഷാജിയുടെ സിനിമകളില്‍ സഹകരിച്ചിട്ടുള്ള എണ്ണം പറഞ്ഞ സാങ്കേതികകലാകാരന്മാരില്‍ പലരും ഇക്കുറി മല്‍സരരംഗത്തുണ്ടായിരുന്നു. അടൂരിന്റെ കാര്യത്തിലെന്നോണം, അവരുടെ കാര്യത്തിലും സമാനനിലപാടാണ് അദ്ദേഹത്തിന്റേതെങ്കില്‍, തീര്‍ച്ചയായും ചെയര്‍മാന്റെ ധൈര്യത്തെ വാഴ്ത്തുകതന്നെവേണം. ഹ്രസ്വചിത്രവിഭാഗമാണ് മലയാളിയുടെ മേല്‍ക്കോയ്മ നിലനിര്‍ത്തിയ ഒരേയൊരു വിഭാഗം. ഏതായാലും ഇക്കഴിഞ്ഞ ഗോവന്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമാ തെരഞ്ഞെടുപ്പില്‍ നിഴലിച്ചു കണ്ടപോലൊരു വിപ്ളവം അമ്പത്താറാമത് ദേശീയ അവാര്‍ഡുകളിലും പ്രതിഫലിച്ചു എന്നുള്ളതാണ് സത്യം. പഴമയുടെ ആവര്‍ത്തനവൈരസ്യത്തെ വൈരാഗ്യബുദ്ധിയോടെ നിരസിക്കാനും പുതുമയേയും പുതുമുഖങ്ങളെയും രണ്ടുകൈയും നീട്ടി സ്വീകരിക്കാനുമുള്ള അടവുനയമാണ് ഇൌ തീരുമാനങ്ങളിലെങ്ങും പ്രകടമായിരുന്നത്.അണിയറനാടകങ്ങളൊന്നും അരങ്ങേറിയില്ലെങ്കില്‍, നിഷ്പക്ഷതയുടെ വിശ്വാസ്യതയില്‍ 916 സംശുദ്ധി അവകാശപ്പെടാനാകുമെങ്കില്‍ ഇൌ അവാര്‍ഡ് നിര്‍ണയം മലയാളിക്കും മലയാള സിനിമയ്ക്കും ആത്മവിമര്‍ശനത്തനുള്ള വഴിയാണ്. രണ്ടു സൂപ്പര്‍ താരങ്ങളുടെ അച്ചുതണ്ടുകള്‍ക്കു ചുറ്റും അര്‍ഥമില്ലാതെ വട്ടം ചുറ്റന്നതിനിടെ, ലോകസിനിമയില്‍പ്പോയിട്ട്, മറ്റു ഭാഷകളിലെ ഇന്ത്യന്‍ സിനിമയില്‍പ്പോലും എന്താണു സംഭവിക്കുന്നതെന്നു നമുക്കു മനസ്സിലാവുന്നില്ലെയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. തീര്‍ച്ചയായും ഇൌ അധോഗതിയില്‍ നിന്ന്, നാണക്കേടില്‍ നിന്ന് സ്വയം കരകയറേണ്ട ബാധ്യത, ഉയരത്തിലേക്കു കുതിക്കേണ്ട ആവശ്യം നമ്മുടെ ചലച്ചിത്രകാരന്മാര്‍ക്കുണ്ട്. അതിന് ചിലപ്പോള്‍, ആവശ്യത്തിലുമിരട്ടി അധ്വാനം വേണ്ടിവന്നെന്നുമിരിക്കും, നഷ്ടപ്രതാപം വീണ്ടെടുക്കാന്‍. അതവര്‍ തിരിച്ചറിയുകതന്നെവേണം. അങ്ങനെയൊരു തിരിച്ചറിവിന് ഇൌ അവാര്‍ഡ് അവഗണന വഴിവച്ചാല്‍ ഇൌ തിരിച്ചടി നാളെ മലയാള സിനിമയുടെ ചരിത്രത്തിലെ വഴിത്തിരിവായി ഗണിക്കപ്പെടാം. അതല്ല, അനാവരണം ചെയ്തിട്ടില്ലാത്ത ലോബീയിങ് അടക്കമുളള ഏതെങ്കിലും സ്വാധീനങ്ങള്‍ ഇൌ തീരുമാനങ്ങള്‍ക്കു പിന്നിലുണ്ടെങ്കില്‍ തീര്‍ച്ചയായും അത് അടൂരിന്റേതു മാത്രമല്ല, മലയാള സിനിമയുടേയും സിനിമാപ്രവര്‍ത്തകരുടേയും ആത്മവീര്യം കെടുത്തുന്നതായിപ്പോയി എന്നു നിരീക്ഷിക്കേണ്ടിവരും.അങ്ങനെയെങ്കില്‍ ശ്രദ്ധിക്കേണ്ടത് നിഷ്പക്ഷതയുടെ നിസ്സഹായതയുടെ ബന്ധിതരാവുന്ന ചെയര്‍മാന്മാരല്ല. ജൂറിയെ നിയോഗിക്കുന്ന സംഘാടകരാണ്. പനോരമ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലും ജൂറിയെക്കുറിച്ചാണ് ജൂറിയുടെ ഘടനയെക്കുറിച്ചായിരുന്നു മുഖ്യ ആരോപണമെന്നോര്‍ക്കുക.
critique published in Mangalam daily dt 23rd January 2010 on Page 7
Saturday, January 09, 2010
ഇനിയും സ്വര്‍ഗമുണ്ടാകും
മലയാള സിനിമയ്ക്കുമുന്നില്‍ വിജയത്തിന്റെ സ്വര്‍ഗവാതിലുകള്‍ ഇനിയും തുറന്നേക്കും എന്ന സൂചന നല്‍കുന്നതാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ ഇവിടം സ്വര്‍ഗ്ഗമാണ്. റോഷന്‍ ആന്‍ഡ്രൂസിന്റേതെന്നോ, മോഹന്‍ലാലിന്റേതെന്നോ പറയുന്നതിനുമുമ്പ് ഈ സോദ്ദേശ്യസിനിമയുടെ പിതൃത്വത്തിനുമേല്‍ ഒരവകാശിയുണ്ടെങ്കില്‍, ആത്മാര്‍ഥതയോടെ പറഞ്ഞാല്‍ അത് ജയിംസ് ആല്‍ബേര്‍ട്ടാണ്. നൂറുക്കുനൂറും ഇതൊരു തിരക്കഥാകൃത്തിന്റെ സിനിമയാണ്. ഒരു സിനിമ സംവിധായകനെ അപേക്ഷിച്ച് തിരക്കഥാകൃത്തിന്റേതാണെന്നു പറയേണ്ടി വരുന്നതിലെ മാധ്യമപരമായ പാമതരത്വം ഓര്‍ക്കാതെയല്ല ഈ വിലയിരുത്തല്‍. എന്നാല്‍ കഥയില്ലായ്മയുടെ നരകവാതിലില്‍ ഉര്‍ധ്വന്‍ വലിക്കുന്ന മലയാള സിനിമയില്‍ ഒരല്‍പം കഥ ബാക്കിയാക്കി പോകുന്ന ജയിംസ് ആല്‍ബര്‍ട്ടുമാരെ കണ്ടില്ലെന്നു വയ്ക്കരുതല്ലോ എന്നു കരുതുകയാണ്. കാരണം ഇവിടം സ്വര്‍ഗ്ഗമാക്കേണ്ടത് ജയിംസുമാരെപ്പോലുള്ള കാമ്പുള്ള എഴുത്തുകാരാണ്. അവരുടെ കരുത്തുള്ള പ്രമേയങ്ങളുടെ വിളനിലങ്ങളിലേ റോഷന്‍ ആന്‍ഡ്രൂസുമാരെ പോലുള്ളവര്‍ക്ക സിനിമയെന്ന ജൈവകൃഷി വിതച്ച് വിജയകരമായി കൊയ്യാനാവൂ. പ്രമേയപരമായി, യെസ് യുവര്‍ ഓണര്‍ പോലെ, റോഷന്റെ തന്നെ ആദ്യചിത്രമായ ഉദയനാണു താരത്തിന്റെ രണ്ടാം ഭാഗം പോലെ ഒരുപാടു സിനിമകളുമായി സാമ്യമുണ്ടെങ്കിലും, എല്ലാ സോദ്ദേശ്യസിനിമകളിലുമെന്നാേേണം, നീണ്ട ബോധവല്‍കരണങ്ങളുടെ ജഡിലത ഉണ്ടെങ്കിലും, നിര്‍വഹണത്തിലെ, ആവിഷ്കരണത്തിലെ വ്യതിരിക്തത ഇവിടം സ്വര്‍ഗമാണ് എന്ന സിനിമയെ ഭേദപ്പെട്ട ഒരു രചനയാക്കിമാറ്റുന്നു. പ്രമേയം ആവശ്യപ്പെടുന്ന ദൃശ്യപരിചരണം മാത്രം നല്‍കാന്‍ കാട്ടിയ കൈയൊതുക്കവും മിതത്വവുമാണ് റോഷന്‍ ആന്‍ഡ്രൂസ് എന്ന സംവിധായകന് ഈ സിനിയുടെ പേരില്‍ നല്‍കേണ്ട വലിയ കയ്യടിക്കു കാരണമാവുക. പാട്ടും, അനാവശ്യ സംഘട്ടനരംഗങ്ങളും തുടങ്ങി എല്ലാ ചേരുവകള്‍ക്കും യഥേഷ്ടം അവസരങ്ങളുണ്ടായിരുന്നിട്ടും, അവ വേണ്ട എന്നു വയ്ക്കാന്‍ കാട്ടിയ ചങ്കൂറ്റമാണ് റോഷനെ സമകാലിക യുവ സംവിധായകരില്‍ വകതിരിവുള്ളവനാക്കുന്നത്. അനേകം അതിമാനുഷ ജാക്കിമാരുടെയും മാലാഖമാരുടെയും അതിദാരുണമായ വീഴ്ചകള്‍ക്കും അവ നല്‍കിയ തിരിച്ചടികള്‍ക്കും ശേഷം, കപടസ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലിറങ്ങി, നിലം തൊട്ടുനിന്ന് അഭിനയിച്ചിട്ട്, ഇവിടം സ്വര്‍ഗമാണ് അന്യഭാഷാ അവതാരങ്ങളുടെ വര്‍ണ്ണപ്പകിട്ടുകള്‍ക്കുമുന്നില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നതില്‍ സൂപ്പര്‍താരം മോഹന്‍ലാല്‍ അസ്വസ്ഥനായത് സ്വാഭാവികം. എന്നാല്‍ ആ ആശങ്കകള്‍ക്ക് യാതൊരു കാര്യവുമില്ല. കാരണം, കൂണുപോലെ വര്‍ധിക്കുന്ന പച്ചക്കറി വിലമറന്ന്, ഏതോ രാഷ്ട്രീയക്കാരന്‍റെ ലൈംഗികജീവിതത്തിലേക്കു ഒളിച്ചു നോക്കാനും, ആ ഒളിച്ചുനോട്ടത്തിനെതിരേ പ്രതികരിച്ച സഖറിയയെപ്പോലുള്ള തിരിച്ചറിവുളള പൌരനുനേരെ കയ്യൂക്കുകാട്ടാനുമുള്ള ഉളുപ്പില്ലായ്മയും ഇരട്ടത്താപ്പും പ്രദര്‍ശിപ്പിക്കുന്നിടത്തോളം മാത്രം മാനസിക പക്വത നേടിയ മലയാളി, ഇന്നല്ലെങ്കില്‍ നാളെ ഈ സ്വര്‍ഗത്തെ തിരിച്ചറിയുക തന്നെ ചെയ്യും. ഏതായാലും എണ്ണമറ്റ എയ്ഞ്ചല്‍ ജോണ്‍മാര്‍ക്കിടെ ഇത്തരം ചില സ്വര്‍ഗങ്ങള്‍ മാത്രമേ, താരപരിവേഷത്തിനപ്പുറം നടനും ഗുണമായിരിക്കൂവെന്നത് പരമാര്‍ഥം.
Monday, January 04, 2010
പാലേരിമാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ
ഒരു നോവലിന്റെ/സാഹിത്യസൃഷ്ടിയുടെ അനുവര്‍ത്തനം ചലച്ചിത്രത്തിന് ബാധ്യതയായിത്തീരുക സ്വാഭാവികമാണ്. രചനയെ അപേക്ഷിച്ച്, അതിന്റെ ദൃശ്യാവിഷ്കാരം നന്നായില്ല എന്ന പഴികേള്‍ക്കേണ്ടി വന്നിട്ടുള്ളവരാണ് ഭൂരിപക്ഷം ചലച്ചിത്രകാരന്മാരും. അതിലെ ശരിതെറ്റുകളെന്തായാലും, സിനിമ നന്നായാല്‍,അതിനു കാരണഹേതുവായ രചനയുമായി മാറ്റുരയ്ക്കേണ്ട കാര്യമില്ല. മറിച്ച് സിനിമയെ സിനിമയുടേതായ മാനദണ്ഡങ്ങളിലൂടെ മാത്രമെ വിലയിരുത്തേണ്ടതും വ്യാഖ്യാനിക്കേണ്ടതുമുള്ളൂ. ബോധാബോധങ്ങള്‍ക്കിടയിലൂള്ള സ്വത്വാനേഷണമാകണം അത്. രഞ്ജിത്ത് എന്ന സംവിധായകനെ സംബന്ധിച്ച്, അദ്ദേഹം ദൃശ്യമാധ്യമത്തില്‍ പ്രായപൂര്‍ത്തി തെളിയിക്കുകയാണ് പാലേരിമാണിക്യം-ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയിലൂടെ.
പാലേരി എന്ന മലബാര്‍ ഗ്രാമത്തിന്റെ അമ്പതുകളുടെ ഉത്തരാര്‍ധത്തിലുള്ള ജീവിതവും സാമൂഹിക ഘടനയും ആവിഷ്കരിച്ച ടി.പി.രാജീവന്റെ ഇതേ പേരിലുളള നോവലിന്റെ ചരിത്രപ്രസക്തി, സ്വതന്ത്രകേരളത്തിലെ ആദ്യത്തെ രേഖപ്പെടുത്തപ്പെട്ട സ്ത്രീപീഡനത്തിന്റെ, കൊലപാതകത്തിന്റെ കഥയാണത് എന്നുളളതാണ്. എന്നാല്‍, നോവലെന്ന സാഹിത്യരൂപത്തില്‍ രാജീവന്‍ പ്രകടിപ്പിച്ച മാധ്യമപരമായ കൈതൊതുക്കവും കൌതുകവും, ഒരു ഗ്രാമത്തിന്റെ ആത്മാവിനൊപ്പം പരമാത്മാവിനെയും ആവിഷ്കരിച്ചതിലൂടെയാണ് പ്രകടമായത്. ഗ്രാമത്തിന്റെ ബോധമായി പഴകായ പാര്‍ട്ടി പ്രവര്‍ത്തകന്‍ ബാര്‍ബര്‍ കുഞ്ഞിക്കണ്ണനെയും, അബോധമായി ഭ്രാന്തനെയും അവതരിപ്പിച്ചുകൊണ്ട് ഈ കൈയൊതുക്കം രഞ്ജിത്ത് തന്റെ ചലച്ചിത്രത്തിലേക്കും വിദഗ്ധമായി അനുവര്‍ത്തനം ചെയ്തിരിക്കുന്നു.
പാലേരിമാണിക്യം മലയാള സിനിമയില്‍, ഒന്നിലേറെ കാരണങ്ങള്‍കൊണ്ട് പരാമര്‍ശവും ശ്രദ്ധയും അര്‍ഹിക്കുന്നു. സിനിമയോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള ഒരു ചലച്ചിത്രകാരന്റെ കൃത്രിമത്വമില്ലാത്ത ആവിഷ്കാരമെന്ന നിലയിലാണ് ആദ്യം അത് അംഗീകാരം നേടുന്നത്. അരനൂറ്റാണ്ടു മുമ്പത്തെ കേരളത്തിന്റെ രാഷ്ട്രീയ വൈചിത്യ്രത്തെ സമകാലിക കേരള രാഷ്ട്രീയ കാലാവസ്ഥയുമായി കോര്‍ത്തിണങ്ങുന്നിടത്താണ് രഞ്ജിത്ത് മറ്റൊരു കയ്യടി അര്‍ഹിക്കുന്നത്. പാര്‍ട്ടിക്കുവേണ്ടിയാണെങ്കില്‍ ആരുടെ പിന്തുണയും, എതളവുവരെയും കൈക്കൊള്ളാനുള്ള കേരളത്തിന്റെ ഇടതുപക്ഷത്തിന്റെ ഉളുപ്പില്ലായ്മ പാലേരി മാണിക്യത്തില്‍ തുറന്നുകാട്ടുന്നതില്‍ നിന്ന് ഏറെ ഭിന്നമല്ല ഇന്നുമെന്നോര്‍ക്കുക. കഥാപാത്രങഅങള്‍ക്കാവശ്യമുളള മുഖങ്ങളെയും ശരീരങ്ങളെയും വഴക്കിയെടുക്കുന്നതില്‍ കാണിച്ച അസാമാന്യ ധൈര്യവും ധിഷണയുമാണ് ഇനിയൊന്ന്. മമ്മൂട്ടി എന്ന നടന്റെ, വിധേയന്‍ കഴിഞ്ഞാലുള്ള ഏറ്റവും വേറിട്ട, കാമ്പുളള കഥാപാത്രമാണ് പാലേരിയിലെ മുരിക്കംകൊമ്പത്ത് അഹ്മദ് ഹാജി. നാടകരംഗത്തുനിന്ന് രഞ്ജിത്ത് കണ്ടെത്തിയ മറ്റുമുഖങ്ങളും പുതുമുഖങ്ങളും ചേര്‍ന്ന് അമ്പതുകളിലെ കേരളത്തെ പുനരുല്‍പാദിപ്പിക്കുകയായിരുന്നു. കഥപറച്ചിലിന്റെ ആഖ്യാനസങ്കേതത്തില്‍ ആണ്‍ പെണ്ണിനോട്/ യുവസംഘത്തോട് കഥപറയുന്ന രീതിയിലുള്ള സംവിധായകന്റെ കൈയൊപ്പു പതിഞ്ഞ ആവര്‍ത്തനം, മറ്റെല്ലാ തലത്തിലും ഉയര്‍ന്നു നില്‍ക്കുന്ന ചിത്രത്തിന്റെ കേവല സ്ഖലിതമായിക്കണ്ടു പൊറുക്കാവുന്നതേയുളളൂ. മനോജ് പിള്ളയുടെ ഛായാഗ്രഹണവും, ശരത്-ബിജിപാല്‍ ദ്വയത്തിന്റെ സംഗീതവും കൂടി പരാമര്‍ശിക്കാതെ വയ്യ.
വാല്‍ക്കഷണം-കേരള ടാക്കീസ് പോലുള്ള സംരംഭങ്ങളാവില്ല രഞ്ജിത്തിനെ നാളെ മലയാള സിനിമാചരിത്രത്തില്‍ അടയാളപ്പെടുത്തുക. മറിച്ച് കൈയൊപ്പും പാലേരിമാണിക്യവും പോലുള്ള ജീവനുള്ള സിനിമകളിലൂടെയാവും അദ്ദേഹം അനശ്വരനാവുക.
Subscribe to:
Posts (Atom)