Monday, June 11, 2012

ഗൃഹാതുരത്വത്തിന്റെ ചുവന്ന മഞ്ചാടികള്‍


മലയാള സിനിമയില്‍ ഭയങ്കരമായ വിപഌവമുണ്ടാക്കുന്ന എതെങ്കിലും മഞ്ചാടിക്കുരുവില്‍  ഉണ്ടെന്നു പറയാനൊക്കില്ല. ഇന്നോളം ആരും പറയാത്തതോ കാണിക്കാത്തതോ ആണെന്നും പറയാനാകില്ല. എന്നിട്ടും മഞ്ചാടിക്കുരു പ്രദര്‍ശിക്കുന്ന രണ്ടു മണിക്കൂറിനിടയ്ക്ക് നാലഞ്ചിടത്തെങ്കിലും പ്രേക്ഷകന്റെ കണ്ണൊന്നു നിറയുന്നെങ്കില്‍, നെഞ്ചൊന്നു വിങ്ങുന്നെങ്കില്‍...അതു തന്നെയാണ് ഈ കുഞ്ഞു പാവം സിനിമയുടെ കരുത്തും സവിശേഷതയും.
ലോകം മുഴുവന്‍ കൊണ്ടാടിയ അരുന്ധതി റോയിയുടെ കൊച്ചു കാര്യങ്ങളുടെ ഒടേതമ്പുരാനിലും (ഗോഡ് ഓഫ് സ്‌മോള്‍ തിങ്‌സ്) മീര നയ്യാരുടെ മണ്‍സൂണ്‍ വെഡ്ഡിംഗിലും, എന്തിന്, പച്ചമലയാളത്തില്‍ തന്നെ പി.പത്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസത്തിലും
എംടി-ഐവിശശി കൂട്ടായ്മയൊരുക്കിയ ആള്‍ക്കൂട്ടത്തില്‍ തനിയേയിലുമൊക്കെയായി പലകുറി നാം കണ്ടിട്ടുള്ള കഥാപശ്ചാത്തലം.ഇടയ്‌ക്കെങ്കിലും അനുഭവപ്പെടുന്ന നേര്‍ത്ത ഇഴച്ചില്‍. പക്ഷേ, ഇതെല്ലാം ക്ഷമിച്ചും മഞ്ചാടിക്കുരു വിലയിരുത്തലില്‍ എ ഗ്രെയ്ഡും പത്തില്‍ ഒന്‍പതു പോയിന്റും നേടുന്നു. അതിനു കാരണം, ധ്യാനസമാനമായ ദൃശ്യപരിചരണവും, ധ്വന്യാത്മകമായ അതിന്റെ ആവിഷ്‌കാരവും മാത്രമാണ്. 
പുതുമുഖം എന്ന വിശേഷണം സംവിധായികയായ അഞ്ജലി മേനോന് അപഹാസ്യമായിരിക്കും. കാരണം അത്രയേറെ കൈയടക്കവും കൈയൊതുക്കവുമാണ് മാധ്യമത്തിന്മേല്‍ അഞ്ജലിക്കുള്ളത്. അതിനു മഞ്ചാടിക്കുരു എന്ന സിനിമ തന്നെയാണ് തെളിവ്.
ഋജുവായ കഥനമാണ് മഞ്ചാടിക്കുരുവിനെ ഇതര സിനിമകളില്‍ നിന്നു വേറിട്ടതാക്കുന്നത്. ഓട്ടോഗ്രാഫും തവമായ് തവമിരുന്താനും സംവിധാനം ചെയ്ത ചേരന്‍ ഈ സിനിമയെ തമിഴിലേക്കാക്കിയില്ലെങ്കിലാണത്ഭുതം. കാരണം നറേറ്റീവ് സിനിമയില്‍ ചേരന്റെ മുന്‍കാല സിനിമകളുടെ താവഴി തന്നെയാണ് അഞ്ജലിയും പിന്തുടര്‍ന്നിട്ടുള്ളത്. ഒരേസമയം ശ്ത്രുവിനെപ്പോലെയും, അടുത്തനിമിഷം എല്ലാമറിയുന്ന ബന്ധുവിനെപ്പോലെയും നിറം മാറുന്ന മനുഷ്യമനസ്ുകളുടെ അന്ത:സംഘര്‍ഷങ്ങളും, പുറമേയ്ക്ക് സന്തുഷ്ടി പ്രദര്‍ശിപ്പിക്കുമ്പോഴും ഉള്ളില്‍ കാണാനോവുകളുടെ നെരിപ്പോടില്‍ നീറിപ്പുകയും ചെയ്യുന്നവരുടെ ആത്മഘര്‍ഷങ്ങളും ക്യാന്‍വാസില്‍ രേഖാചിത്രമെന്നപോലെ സ്പഷ്ടമായി വരഞ്ഞിട്ടിരിക്കുകയാണ് സംവിധായക.
ആദമിന്റെ മകന്‍ അബു കഴിഞ്ഞാല്‍ ഇത്രയേറെ ഋജുവായ ആഖ്യാനം മലയാളത്തില്‍ കണ്ടിട്ടില്ല, ഈയിടെയെങ്ങും. ലൈവ്് സൗണ്ടിന്റെ മാറ്റും പ്രമേയത്തെ സൂപ്പര്‍താരമാക്കിക്കൊണ്ടുളള ക്യാമറാക്കോണുകളും ചലനങ്ങളും ചിത്രത്തിന്റെ സവിശേഷതകളാവുന്നു. കാസ്റ്റിംഗിലെ സൂക്ഷ്മതയും പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്, വിശേഷിച്ചും ബാലതാരങ്ങളുടെ കാര്യം.
ഗാനചിത്രീകരണത്തിലെ സ്ഥൂലതയും, സൂചനകളിലൂടെ ധ്വന്യാത്മകമാക്കാമായിരുന്ന ചില കഥാസന്ദര്‍ഭങ്ങളില്‍ മാത്രം മിതത്വം നഷ്ടപ്പെട്ട തിരക്കഥയിലെ ദുര്‍മ്മേദസും ക്ഷമിച്ചാല്‍, നിസ്സംശയം പറയാം-മഞ്ചാടിക്കുരു കണ്ടിട്ടില്ലെങ്കില്‍, നിങ്ങള്‍ മലയാളത്തിലെ മികച്ച സിനിമകളിലൊന്ന് കണ്ടിട്ടില്ല.

Saturday, June 09, 2012

ദൃശ്യവിസ്മയങ്ങളുടെ പ്രപഞ്ചത്തിന് നൂറുമേനി!

എ.ച്രന്ദേശഖര്‍
ഫ്‌ളാഷബാക്ക്
അമേരിക്കയുടെ സുവര്‍ണഭൂമിയില്‍ ജീവിതസൗഭാഗ്യം തേടി കുടിയേറിയ ലക്ഷോപലക്ഷങ്ങളി ലൊരാളായിരുന്നു ജര്‍മ്മനിയിലെ ലൗഫീമില്‍ നിന്നുള്ള ജൂതനായ കാള്‍ ലെംലീ. വിസ്‌കോണ്‍സിനിലെ ഓഷ്‌കോഷില്‍ ചെറിയൊരു തുണിക്കടയില്‍ എടുത്തുകൊടുപ്പുകാരനായി തുടങ്ങിയ അദ്ദേഹത്തിന്റെയും പിന്നീട് അനേകായിരങ്ങളുടെയും ജീവിതം തന്നെ മാറ്റിമറിച്ചത് 1905ല്‍ ചിക്കാഗോയിലേക്ക് നടത്തിയഒരു യാത്രയായിരുന്നു. ആ യാത്രയിലാണ് ലെംലീ സിനിമയുടെ ആദ്യകാലപതിപ്പായിരുന്ന നിക്കലോഡിയന്‍ ചിത്രങ്ങളുടെപ്രദര്‍ശനം കാണുന്നത്. ഒരു നിക്കല്‍ (നാണയം)കൊടുത്തു കാണുന്ന ഒറ്ററീല്‍ സിനിമ എന്ന നിലയ്ക്കാണ് നിക്കലോഡിയന്‍ എന്ന പ്രയോഗം നിലവിലുണ്ടായിരുന്നത്.
      നിക്കലോഡിയന്‍ ചിത്രങ്ങള്‍ക്കുള്ള ജനപ്രീതി ലെംലീയുടെ ഹൃദയത്തിലുടക്കി. തിരികെ മടങ്ങിയെത്തിയ അദ്ദേഹം, ഏറെ വൈകാതെ, അതുവരെയുള്ള സമ്പാദ്യമെല്ലാം കൂട്ടിച്ചേര്‍ത്ത് കുറേ നിക്കലോഡിയന്‍ ചിത്രങ്ങള്‍ സ്വന്തമാക്കി. പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ചലച്ചിത്രനിര്‍മാണത്തില്‍ പേറ്റന്റ് കുത്തകയുണ്ടായിരുന്ന എഡിസണ്‍ ഫിലിമറ്റോഗ്രാഫ് ട്രസ്റ്റിന് വന്‍ കപ്പം നല്‍കിയാല്‍ മാത്രമേ നിക്കലോഡിയന്‍ പ്രദര്‍ശനങ്ങള്‍ സാധ്യമാകുമായിരുന്നുള്ളൂ. പ്രദര്‍ശകര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന വിതരണസംവിധാനം. പോരാത്തതിന് പ്രദര്‍ശകര്‍ക്കുമേല്‍ എഡിസണ്‍ കമ്പനി അടിച്ചേല്‍പ്പിക്കുന്ന താന്‍പോരിമയും. ഇതൊക്കെ യായിരുന്നു വഴിയൊന്നു മാറ്റിച്ചവി
ട്ടാന്‍ ലെംലീയെ പ്രേരിപ്പിച്ചത്. സമാനമനസ്‌കരായ ചിലവിതരണക്കാരുമായി ഒത്തുചേര്‍ന്ന്, എഡിസണ്‍ കുത്തക തകര്‍ക്കാനുറപ്പിച്ച് ലെംലീ സ്വന്തം വിതരണ കമ്പനി തുടങ്ങി.1909ല്‍ അബി സ്‌റ്റേണും ജൂലിയസ് സ്‌റ്റേണുമായി ചേര്‍ന്നാരംഭിച്ച ചലച്ചിത്രവിതരണസ്ഥാപനം-യാങ്കീ ഫിലിം കമ്പനി വൈകാതെ ഇന്‍ഡിപ്പെന്‍ഡന്റ് മൂവിംഗ് പിക്‌ച്ചേഴ്‌സ് കമ്പനി എന്ന നിര്‍മാണസ്ഥാപനമായി വളരുകയായിരുന്നു. സിനിമയുടെ അരങ്ങിലെയും അണിയറയിലെയും ക
ലാകാരന്മാര്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും യാതൊരംഗീകാരവും നല്‍കാതിരുന്ന എഡിസണ്‍ കമ്പനിയുടെ ശൈലിയ്ക്കു വിരുദ്ധമായി അവരുടെയെല്ലാം പേരുകള്‍ പരസ്യപ്പെടുത്തിക്കൊണ്ട് ഇന്‍ഡിപ്പെന്‍ഡന്‍ഡ് ചരിത്രമെഴുതി. സിനിമയിലെ താരവാഴ്ചയുടെ ആരംഭം ലെംലീയുടെ ഈ തീരുമാനത്തിലായിരുന്നു. അങ്ങനെയാണ് ഫ്‌ളോറന്‍സ് ലോറന്‍സ് എന്ന ബാലതാരത്തെ
ബയോഗ്രാഫ് ഗേള്‍ എന്ന പേരില്‍ ചലച്ചിത്രതാരമായി ആദ്യം വെള്ളിത്തിരയിലവതരിപ്പിക്കപ്പെടുന്നത്.
       1912ല്‍ ബൈസണ്‍, ഹോളിവുഡിലെ നെസ്റ്റര്‍,സാന്‍ ഫെര്‍നാഡോ താഴ്‌വരയിലെ ഓക്ക ക്രെസ്റ്റ് റഞ്ച് എന്നീ മൂന്നു ചെറുകിട സ്റ്റുഡിയോകളുമായാണ് ലെംലീ ചലച്ചിത്ര നിര്‍മാണമാരംഭിച്ചത്. 1912 ഏപ്രില്‍-ജൂണ്‍ മാസങ്ങളിലായാണ് ലെംലീയുടെ ഇന്‍ഡിപെന്‍ഡന്റ് കമ്പനിയും നാലോളം ചെറുകിട കമ്പനികളും സംയോജിച്ച് യൂണിവേഴ്‌സല്‍ മോഷന്‍ പിക്ചര്‍ കമ്പനി തുടങ്ങുന്നത്.ചാള്‍സ് ബൗമാന്‍,ആഡം കെസല്‍, പാറ്റ് പവേഴ്‌സ്, മാര്‍ക്ക് ഡിന്റന്‍ഫാസ് തുടങ്ങിയവരായിരുന്നു പങ്കാളികള്‍. എന്നാല്‍ പിന്നീട് ബൗമാനും
കെ്‌സലും മാക് സെന്നറ്റുമായി ചേര്‍ന്ന് കീസ്‌റ്റോണ്‍ ഫിലിം കമ്പനി തുടങ്ങി പിരിഞ്ഞു പോയതോടെ അക്ഷരാര്‍ഥത്തില്‍ യൂണിവേഴ്‌സല്‍ ലെംലീയുടെ സ്വന്തമായി.
തൊട്ടടുത്തവര്‍ഷം തന്നെ നെസ്റ്ററുംഓക്ക ക്രെസ്റ്റ് റഞ്ചും സംയോജിപ്പിച്ച് അദ്ദേഹം യൂണിവേഴ്‌സല്‍ സിറ്റി സ്ഥാപിച്ചു. തുടക്കത്തില്‍ ചെറിയൊരു സമുച്ചയം. പക്ഷേ, പിന്നീട് റാഞ്ച്‌ലാന്‍ഡില്‍ 230 ഏക്കറോളം ഭൂമി സ്വന്തമാക്കി അദ്ദേഹം തന്റെ സ്റ്റുഡിയോ സമുച്ചയം വ്യാപിപ്പിക്കുകയായിരുന്നു.
     1013ല്‍ ആദ്യത്തെ സ്വതന്ത്ര സിനിമാനിര്‍മാണം-ട്രാഫിക് ഇന്‍ സോള്‍സ്. അതായിരുന്നു തുടക്കം. പിന്നീട് യൂണിവേഴ്‌സലിന്റെ ചരിത്രം ഹോളിവുഡ് സിനിമയുടെകൂടി ചരിത്രമായിമാറി. തിരിയുന്ന ഭൂഗോളത്തിനു നെടുകെ യൂണിവേഴ്‌സല്‍ എന്ന അക്ഷരച്ചാര്‍ത്തുള്ള ഭാഗ്യമുദ്രയ്‌ക്കൊപ്പം എഴുതിച്ചേര്‍ത്ത ലിഖിതം-ദ് എന്റര്‍റ്റെയ്ന്‍മെന്റ് ക്യാപിറ്റല്‍-വിനോദത്തിന്റെ തലസ്ഥാനം,
അക്ഷരാര്‍ഥത്തില്‍ യൂണിവേഴ്‌സല്‍ സാമ്രാജ്യത്തിനുമാത്രം അവകാശപ്പെടാവുന്നതായിത്തീര്‍ന്നു. ഇന്നിപ്പോള്‍,നൂറാം വാര്‍ഷികം ആഘോഷിക്കുകയാണ് യൂണിവേഴസല്‍ സ്റ്റുഡിയോ. ലോകം ഉറ്റുനോക്കുന്ന ചലച്ചിത്രനിര്‍മ്മാണ കമ്പനി, ലോകസഞ്ചാരികളുടെ പറുദീസകളിലൊന്നായ വിനോദശാല എന്നീ നിലകളിലെല്ലാം പ്രശസ്തമായിക്കഴിഞ്ഞ യൂണിവേഴ്‌സലിനെ മാറ്റിനിര്‍ത്തി ഇന്ന് ലോസാഞ്ചലസിലെ ഹോളിവുഡ് നഗരത്തെപ്പറ്റി ചിന്തിക്കാനാവില്ലതന്നെ. തീര്‍ന്നില്ല, കലിഫോര്‍ണിയയ്ക്കു പുറമേ ഓര്‍ലാന്‍ഡോ,ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും യൂണിവേഴ്‌സല്‍ സ്റ്റുഡിയോ-തീം പാര്‍ക്ക് സമുച്ചയങ്ങള്‍ സ്ഥാപിച്ചു. ഇന്ന് ഹോളിവുഡ്ഡ് നഗരത്തിന്റെ 70 ശതമാനമെങ്കിലും ജീവിക്കുന്നത് യൂണിവേഴ്‌സല്‍ കൊണ്ടാണ്.
തീം പാര്‍ക്കും ഹോട്ടല്‍ സമുച്ചയവുമൊക്കെച്ചേര്‍ന്ന യൂണിവേഴ്‌സല്‍ സാമ്രാജ്യം ഇന്ന് യൂണിവേഴ്‌സല്‍ സിറ്റി എന്നറിയപ്പെടുന്നു. ഏക്കറുകണക്കായ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന ഒരു ചെറു പട്ടണം തന്നെയാണ് യൂണിവേഴ്‌സല്‍ സിറ്റി.


പൊതുജനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്ന സ്റ്റുഡിയോ സങ്കല്‍പം മാത്രം പരിചയിച്ചിട്ടുള്ള നമുക്ക് അത്ഭുതമാണ് യൂണിവേഴ്‌സലിന്റേതടക്കമുള്ള ഹോളിവുഡ് സ്റ്റുഡിയോകളുടെ ചരിത്രം. കാരണം തുടക്കം മുതല്‍ക്കേ യൂണിവേഴസലില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനമുണ്ടായിരുന്നു. അതുപക്ഷേ, പൂര്‍ണമായും സിനിമയുമായിബന്ധപ്പെട്ടായിരുന്നില്ലെന്നുമാത്രം. ഏക്കറുകണക്കായ ഭൂമി പതിച്ചെടുത്ത ലെംലീയും തുടര്‍ന്നുവന്ന ഉടമകളും യൂണിവേഴസല്‍
സിറ്റിയുടെ നല്ലൊരുഭാഗത്തും വ്യാപകമായി കൃഷിയിറക്കി.വിചിത്രമായിത്തോന്നാം,കാര്‍ഷികോല്‍പ്പന്നങ്ങള്‍ കാണാനും വാങ്ങാനുമായിട്ടാണ് യൂണിവേഴ്‌സലിലേക്കുള്ള പൊതുജനങ്ങളുടെ ആദ്യകാല കണ്ടക്ടഡ് ടൂര്‍ ആരംഭിച്ചത്. എന്നാല്‍ ഇന്ന്,ചലച്ചിത്രസാങ്കേതികതയുടെ വിസ്മയക്കാഴ്ചകള്‍ നേരില്‍ കണ്ട് ആസ്വദിക്കാനും അനുഭവിക്കാനുമായിട്ടാണ് ഈ ടൂറുകളെന്നുമാത്രം.ശബ്ദസിനിമയുടെ ആവിര്‍ഭാവം വരെ ദിവസേന 500 പേരെങ്കിലും ഇങ്ങനെ യൂണിവേഴ്‌സല്‍ സന്ദര്‍ശിക്കുമായിരുന്നുവെന്നാണ് ചരിത്രം.


ഫ്‌ളാഷ ് ഫോര്‍േവഡ്
താരതമ്യേന കാടായിരുന്ന, റാഞ്ച് എന്ന ഓണം കേറാമുലയില്‍ ഒരു ഫിലിം സ്റ്റുഡിയോ തുടങ്ങുക എന്ന ആശയത്തെ പമ്പരവിഡ്ഢിത്തമായി എഴുതിത്തള്ളിയവരുടെയും ആക്ഷേപിച്ചവരുടെയും വായടയ്ക്കുന്ന പ്രകടനമായിരുന്നു തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യൂണിവേഴ്‌സല്‍ കാഴ്ചവച്ചത്.ഒന്നിനുപിറകെ ഒന്നായി നിരവധി ഹിറ്റുകള്‍. ശതവര്‍ഷാഘോഷത്തിന്റെ ഭാഗമായി യൂണിവേഴസല്‍ സിറ്റിയുടെ നടപ്പാതകളില്‍ ഇരുവശങ്ങളിലൂമായി നൂറുവര്‍ഷത്തിനിടെ തങ്ങള്‍ നിര്‍മിച്ച, വിതരണം ചെയ്ത തെരഞ്ഞെടുത്ത 100 പ്രമുഖ സിനിമകളുടെ പോസ്റ്ററുകള്‍ സ്ഥാപിക്കാന്‍ നിലവിലെ മാനേജ്‌മെന്റ് നിശ്ചയിച്ചപ്പോള്‍, ആ സിനിമകളൊക്കയും ഹോളിവുഡ് ചരിത്രത്തിലെ
നാഴികക്കല്ലുകളായിരുന്നു എന്ന തിരിച്ചറിവു മതി, യൂണിവേഴ്‌സലിന്റെ സ്വാധീനത്തിന് തെളിവായി.വ്യാഴത്തിനുചുറ്റുമുള്ളപോലെ വലയമുള്ള ഭൂഗോളത്തിനു കുറുക്കെ കെന്റുക്കി ഫോണ്ടില്‍ യൂണിവേഴ്‌സല്‍ എന്ന അച്ചുനിരത്തിയ യൂണിവേഴ്‌സലിന്റെ ആദ്യകാല ലോഗോ മുതല്‍ കാലാകാലങ്ങളില്‍ നിരവധി ഭേദഗതികളിലൂടെ കടന്നുവന്ന് ഇന്ന് അത്യാധുനിക കംപ്യൂട്ടര്‍ ജനിതക ദൃശ്യമായി മാറിയിട്ടുള്ള സ്റ്റുഡിയോ ലോഗോകളുടെ പരിണാമം
കൂടി വ്യക്തമാക്കുന്നതാണ് ഈ പോസ്റ്റര്‍ സ്റ്റാന്‍ഡുകള്‍.
    1915ല്‍ ഒറ്ററീല്‍ സിനിമയടക്കം 250ചിത്രങ്ങള്‍ യൂണിവേഴ്‌സല്‍ നിര്‍മ്ിച്ചു.എറിക്വോണ്‍ സ്‌ട്രോഹീം, കാര്‍മല്‍ മയ്യേഴ്‌സ്,ആല്‍ഫ്രഡ് ഹിച്ച്‌കോക്ക് തുടങ്ങിയ അതികായര്‍ മുതല്‍ സ്റ്റീവന്‍സ്പീല്‍ബര്‍ഗ്, ജയിംസ് കാമറണ്‍ വരെയുള്ള ആധുനികക് ളാസിക് ചലച്ചിത്രകാരന്മാര്‍ വരെ ഒരു വന്‍ നിര ചലച്ചിത്ര പ്രവര്‍ത്തകരെയും കലാകാരന്മാരെയും സാങ്കേതികവിദഗ്ധരെയും യൂണിവേഴ്‌സല്‍ ലോകസിനിമയ്ക്കുനല്‍കി.ആജീവനാന്ത സംഭാവനകള്‍ക്കുളള
ഓസ്‌കര്‍ നേടിയ ഇര്‍വിങ് ജെ.താല്‍ബര്‍ട്ടിന്റെ ഉപദേശങ്ങളായിരുന്നു ലെംലീയുടെ വിജയങ്ങള്‍ക്കുപിന്നിലെ സാധീനഘടകം പില്‍ക്കാലത്ത്, ഒത്ത എതിരാളികളായി വളര്‍ന്ന വാള്‍ട്ട് ഡിസ്‌നിയുടെ തുടക്കവും ഈ സ്റ്റുഡിയോയുടെ അകത്തളങ്ങളില്‍ നിന്നുതന്നെയായിരുന്നുവെന്നറിയുക. ഡിസ്‌നിയും യുബ് ഇവര്‍ക്‌സും ചേര്‍ന്നു ജന്മം നല്‍കിയ ഓസ് വാള്‍ഡ് എന്ന കാര്‍ട്ടൂണ്‍മുയല്‍ എത്രയോ വര്‍ഷം യൂണിവേഴ്‌സലിന്റെ ഭാഗ്യമുദ്രയില്‍ പോലും ഇടംപിടിച്ചു.എന്നാല്‍, ഉടമസ്ഥാവകാശത്തെച്ചൊല്ലിയുണ്ടായ അഭിപ്രായവ്യത്യാസ ങ്ങളെത്തുടര്‍ന്ന് യൂണിവേഴ്‌സലുമായി പിരിഞ്ഞ ഡിസ്‌നി പിന്നീടാണ് തന്റെ ഓമനയായ മിക്കിമൗസിനെ സൃഷ്ടിച്ചത്.


രണ്ടാം ലോകമഹായുദ്ധാനന്തരം ഹാസ്യത്തിനും യുദ്ധത്തിനും സാഹസികതയ്ക്കും മുന്‍തൂക്കം നല്‍കിയ സിനിമകളുമായി യൂണിവേഴ്‌സല്‍ കൂടൂതല്‍ ചുവടുറപ്പിച്ചു. ചെലവുകുറഞ്ഞ മരുഭൂമിക്കഥകളും, ഭീകരചിത്രങ്ങളും അവരുടേതായി പുറത്തുവന്നു.വൈല്‍ഡ് വെസ്റ്റ് ചിത്രങ്ങളും ഗഌമര്‍ ചിത്രങ്ങളുമടങ്ങുന്ന സാന്‍ഡ് ആന്‍ഡ് സെക്‌സ് സിനിമകളും യൂണിവേഴ്‌സല്‍ കാഴ്ചവച്ചു.
     പുഷ്പങ്ങള്‍ മാത്രമുള്ള വളര്‍ച്ചയുടെ വഴിയായിരുന്നു യൂണിവേഴ്‌സലിന്റേതെന്നു കരുതിയാല്‍ തെറ്റി. പ്രകൃതിതാണ്ഡവമടക്കം ഒട്ടേറെ പ്രതിസന്ധികളിലൂടെ മല്ലിട്ടുതന്നെയാണ് യൂണിവേഴ്‌സല്‍ വിനോദപ്രപഞ്ചത്തിന്റെ സിംഹാസനം കീഴിടക്കിയത്.എട്ടു തവണയെങ്കിലും അഗ്നിനാളങ്ങള്‍ക്ക് വഴങ്ങിയ ചരിത്രമുണ്ട് യൂണിവേഴ്‌സലിന് ആദ്യം 1932ല്‍. സമീപത്തെ ഒരു കുറ്റിക്കാടിനു
പിടിച്ച തീ സ്റ്റുഡിയോയ്ക്കുള്ളിലെസെറ്റുകളിലേക്കു വ്യാപിക്കുകയായിരുന്നു.
      പിന്നീട് 1949, 67,87, 97, 2008 തുടങ്ങിയ വര്‍ഷങ്ങളിലും അഗ്നിനാളങ്ങള്‍ സെറ്റുകളെ നക്കിത്തുടച്ചു. പക്ഷേ 1932ലെ നഷ്ടം നൂറുകോടി ഡോളറായിരു്‌ന്നെങ്കില്‍ 2008ലേത് അതിന്റെ അമ്പതുമടങ്ങിലുമേറെയായിരു ന്നുവെന്നുമാത്രം.1928ല്‍ ലെംലീ മകന്‍ കാള്‍ ജൂനിയറിനെ സ്റ്റുഡിയോ മേധാവിയാക്കി.
ജൂനിയര്‍ കാളിന്റെ നേതൃത്വത്തില്‍ യൂണിവേഴ്‌സല്‍ ഒട്ടേറെ പടവുകള്‍ ചാടിക്കടന്നു. ശബ്ദസിനിമകള്‍ക്കായി സ്റ്റുഡിയോ ഫ്‌ളോറുകള്‍ (സ്‌റ്റേജ്) തുറക്കപ്പെട്ടു.സാങ്കേതികയില്‍ വന്‍ മുന്നേറ്റമുണ്ടായി. കിങ് ഓഫ് ജാസ് (1930) ഓള്‍ ക്വയറ്റ് ഓണ്‍ ദ വെസ്‌റ്റേണ്‍ ഫ്രണ്ട് തുടങ്ങിയവ കൂടാതെ യൂണിവേഴ്‌സലിന് ഭീകരചിത്രങ്ങളുടെ ഈറ്റില്ലം എന്ന പേരു സമ്മാനിച്ച ഡ്രാക്കുള, ഫ്രാങ്കെന്‍സ്റ്റീന്‍, ദ മമ്ി,ഇന്‍വിസിബിള്‍ മാന്‍ തുടങ്ങിയ സിനിമകളുടെ നിര്‍മിതിയും 21കാരനായ ജൂനിയറിന്റെ കാലഘടത്തിലാണുണ്ടായത്. അന്നോളമുള്ള ചലച്ചിത്രപ്രചാരണ തന്ത്രങ്ങളെയും മാറ്റിമറിച്ചു ജൂനിയര്‍. ്ഫ്രാങ്കന്‍സ്റ്റീനു വേണ്ടി 1931ല്‍ രൂപകല്‍പനചെയ്ത 81 ഇഞ്ചു വീതിയും അത്രതന്നെ നീളവുമുള്ള പോസ്റ്ററാണ് ഈ ഗണത്തിലെ ആദ്യത്തെ സിനിമാ പോസ്റ്റര്‍. യൂണിവേഴ്‌സലില്‍നിന്നുള്ള ഒരു സിനിമ ആദ്യമായിഓസ്‌കറില്‍ അംഗീകരിക്കപ്പെട്ടുന്നതു അക്കാലത്തു തന്നെ. എന്നാല്‍ സ്റ്റുഡിയോയുടെ ആദ്യ സാമ്പത്തിക ദുരന്തത്തിനും ജൂനിയറിന്റെ ഭരണം തന്നെ കാരണമായത് വിധിയുടെ
വൈപരീത്യം.
      ജൂനിയറിന്റെ ചില നടപടികള്‍ കമ്പനിയെ കടക്കെണിയിലേക്കെത്തിച്ചു. കുറച്ചു കാലത്തേക്കെങ്കിലും സ്റ്റുഡിയോഭരണം റിസീവര്‍ നിയന്ത്രണത്തിലായി.പിന്നീട് സ്റ്റാന്‍ഡേഡ് ക്യാപിറ്റലിന്റെ ഷീവര്‍ കൗഡിന്‍ ചെയര്‍മാനായി. 1945 ല്‍ ആര്‍തര്‍ റാങ്ക് എന്ന ബ്രിട്ടീഷ് നിക്ഷേപകന്‍ യൂണിവേഴ്‌സലിനെ ഏറ്റെടുത്ത് കെന്നത്ത് യങ്ുമായി ചേര്‍ന്ന് യുണൈറ്റഡ് വേള്‍ഡ് പിക്‌ചേഴ്‌സ് സ്ഥാപിച്ചു. പക്ഷേ ഒരുവര്‍ഷമേ അതു നീണ്ടുള്ളൂ.യൂണിവേഴ്‌സല്‍ വീണ്ടും അനാഥത്വത്തിന്റെ പ്രതിസന്ധിയിലായി.ചെറു ബജറ്റ് ചിത്രങ്ങളിലൂടെ വളരെ പതിയെയാണ് അവര്‍ ആ പ്രതിസന്ധി തരണം ചെയ്തത്. എന്നാല്‍ അമ്പതുകളില്‍ ചലച്ചിത്രവ്യവസായം മൊത്തത്തില്‍ വീണ്ടും പ്രതിസന്ധിയിലായി. യൂണിവേഴ്‌സല്‍ ഏതാണ്ട് നിര്‍ജ്ജീവമായി.ടിവി നിര്‍മാതാക്കളായ മ്യൂസിക് കോര്‍പറേഷന്‍ ഓഫ് അമേരിക്ക യൂണിവേഴ്‌സലിന്റെ സ്റ്റുഡിയോ വാങ്ങാന്‍ തയാറായി.അവര്‍ പക്ഷേ, യൂണിവേഴ്‌സല്‍ കമ്പനിയെ വാങ്ങിയില്ല. എന്നാലും യൂണിവേഴ്‌സലിന്റെ നിര്‍മിതികളില്‍ കാര്യമായ സ്വാധീനം തന്നെയുണ്ടായി മ്യൂസിക് കോര്‍പിന്.ഹിച്ച്‌കോക്കിന്റെയും കാരി ഗ്രാന്റിന്റെയും മറ്റും നിര്‍മിതികളുണ്ടാവുന്നത് ഇക്കാലത്താണ്. ഒടുവില്‍ 1962ലാണ് എം.സി.എ യൂണിവേഴസലിനെ മുഴുവനായി ഏറ്റെടുത്ത് യൂണിവേഴ്‌സല്‍ സിറ്റി സ്റ്റുഡിയോസ് ആയി മാറി.
     എഴുപതുകളുടെ തുടക്കത്തില്‍ യൂണിവേഴ്‌സല്‍ പാരമൗണ്ട് പിക്‌ചേവ്‌സുമായും എം.ജി.എമ്മുമായും കൈകോര്‍ത്ത് യുണൈറ്റഡ് ഇന്റര്‍നാഷനല്‍ പിക്‌ച്ചേഴ്‌സ് എന്ന പേരില്‍ ലോകം മുഴുവന്‍ സിനിമകള്‍ വിതരണം ചെയ്തുതുടങ്ങി. ഈ കൂട്ടായ്മ 2001 വരെ നിലനിന്നു.പിന്നീട് 1990ല്‍ പാനസോണിക് കമ്പനി യൂണിവേഴ്‌സലില്‍ കാര്യമായ നിക്ഷേപം നടത്തി. കാനഡയിലെ മദ്യനിര്‍മാതാക്കളായ സീഗ്രാമും മുതല്‍മുടക്കി. പിന്നീടിവര്‍ തങ്ങളുടെ ഓഹരി വിവന്‍ഡി കമ്പനിക്കു വിറ്റു. അങ്ങനെ ആ കൂട്ടായ്മ വിവന്‍ഡി യൂണിവേഴ്‌സലായി.2004ല്‍ നഷ്ടത്തിലായതിനെത്തുര്‍ന്ന് വിവന്‍ഡി 80% ഓഹരി നാഷനല്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കും ജനറല്‍ ഇലക്ര്ടിക്കിനും വിറ്റു. അങ്ങനെ നീളുന്നു യൂണിവേഴ്‌സല്‍ ചരിതം.


സന്ദര്‍ശ ക ര ുെ ട പറ ുദീസ
സിനിമാനിര്‍മാണത്തിനു സഹായകമായ എല്ലാം ഒരു കൂരയ്ക്കുകീഴില്‍ അണിനിരത്തിയിരിക്കുകയാണ് യുണിവേഴ്‌സലില്‍.സെറ്റുകള്‍, സ്റ്റുഡിയോ ഫ്‌ളോറുകള്‍, ശബ്ദ ദൃശ്യവിന്യാസ സംവിധാനങ്ങള്‍, അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികസൗകര്യങ്ങള്‍, സിനിമയ്ക്കും ടിവിക്കും വേണ്ടുന്ന എല്ലാമെല്ലാം യൂണിവേഴ്‌സലില്‍ സുസ്സജ്ജം. ഒപ്പം, തങ്ങളുടെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കായി സൃഷ്ടിച്ച കഥാപാത്രങ്ങളെയും കഥാപശ്ചാത്തലത്തെയും സെറ്റുകളെയും ഉള്‍പ്പെടുത്തി ദൃശ്യവിസ്മയക്കാഴ്ചകളൊരുക്കി ഒരു തീം പാര്‍ക്കും സജ്ജമാണ് യൂണിവേഴ്‌സല്‍ സിറ്റിയില്‍. ഈ തീം പാര്‍ക്കാണ് ലോകമെമ്പാടുനിന്നുമുള്ള സിനിമാപ്രേമികളായ സഞ്ചാരികളെ നിത്യേന ഇവിടേക്കാകര്‍ഷിക്കുന്നത്.
     ട്രെയിലര്‍ വാഹനങ്ങളില്‍ പരിചയസമ്പന്നരായ ഗൈഡുകളെ വച്ചു സംഘടിപ്പിക്കുന്ന സ്റ്റുഡിയോ ടൂറാണ് യൂണിവേഴ്‌സല്‍ കാഴ്ചകളിലേക്കുള്ള ഏറ്റവും സാര്‍ഥകവും വ്യാപകവുമായ ജാലകം. പ്രവേശനടിക്കറ്റെടുത്തു കയറുന്നവര്‍ക്ക് സൗജന്യമാണ് ഇവിടത്തെ ടൂറ്ടക്കമുള്ള എല്ലാ റൈഡുകളും. ലോസ് ആഞ്ജലസ് നഗരത്തില്‍ നിന്ന് ഏതാണ് 80 കിലോമീറ്ററകലെയാണ് യൂണിവേഴ്‌സല്‍ കുന്നുകള്‍. കുറഞ്ഞത് രണ്ടു ദിവസം കൊണ്ടേ ഇവിടത്തെ കാഴ്ചകള്‍ കണ്‍നിറയെ കണ്ടുതീര്‍ക്കാനാവൂ.കേവലമൊരു ഫിലിം സ്റ്റുഡിയോ മാത്രമല്ല, യൂണിവേഴ്‌സല്‍ ഇന്ന്. നിരവധി ഭക്ഷണശാലകളും വ്യാപാരസമുച്ചയവും
ഷോപിംഗ് കേന്ദ്രവും താസമസ്ഥലങ്ങളുമെല്ലാമടങ്ങുന്ന വിശാലമായൊരു തീം പാര്‍ക്കുതന്നെയാണത്.ഒപ്പം, ഇന്നും ഷൂട്ടിംഗ് സജീവമായ ഹോളിവുഡ് സ്റ്റുഡിയോകളില്‍ മുന്‍ പന്തിയിലുമുണ്ട് യൂണിവേഴ്‌സല്‍. ഇപ്പോള്‍ അമേരിക്കന്‍ ടിവിയിലെ സൂപ്പര്‍ ഹിറ്റായ ഡെസ്പറേറ്റ് ഹൗസ് വൈവ്‌സ് പരമ്പരയുടെ ചിത്രീകരണവും അനന്തരനിര്‍മാണജോലികളും ഇവിടെ പൂര്‍ത്തിയായിവരികയാണ്.


നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തങ്ങളുടെ ചില മെഗാഹിറ്റ് കഌസിക്കുകള്‍ പുനര്‍നവീകരിച്ച് പുറത്തിറക്കാനാണ് യൂണിവേഴ്‌സല്‍ പദ്ധതിയിടുന്നത്. ആദ്യഘട്ടമായി സ്പില്‍ബര്‍ഗിന്റെ ജാസ്, ഇ.ടി,ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്,ഔട്ട് ഓഫ് ആഫ്രിക്ക, ദ് സ്റ്റിംഗ്, ഫ്രാങ്കെന്‍സറ്റൈന്‍,ടു കില്‍ എ മോക്കിംഗ് ബേര്‍ഡ് തുടങ്ങിയ 13 ചിത്രങ്ങളാണ് ഇങ്ങനെ പരിഷ്‌കരിച്ചിറക്കുക.സറ്റുഡിയോ തീം പാര്‍ക്കിലും ശതവര്‍ഷസൗഭാഗ്യങ്ങള്‍ പലതും ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. എക്കാലത്തെയും മികച്ച വിസ്മയചിത്രമായ കിംഗ് കോങിന്റെ 360 ഡിഗ്രി ത്രിമാനറൈഡ് തന്നെയാണ് അതില്‍ ഏറെ സവിശേഷം. സ്റ്റുഡിയോ ടൂറിന്റെ ഭാഗമായിത്തന്നെയാണ് ഈ റൈഡ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റുഡിയോ ട്രെയിലര്‍ മൊത്തത്തില്‍ ഈ റൈഡ് സജ്ജമാക്കിയിരിക്കുന്ന ഐമാക്‌സ് ഡിജിറ്റല്‍ ഫ്‌ളോറിലേക്ക് കയറ്റുകയാണ്. പിന്നീട് ഇരുവശവും തുറന്ന ട്രെയിലര്‍ വാഹനങ്ങളുടെ രണ്ടുവശത്തുമായി ത്രീ ഡി പ്രദര്‍ശനമാരംഭിക്കുകയാണ്. ഒരുവശത്ത് ഗോഡ്‌സില്ല. മറുവശത്ത് കിംഗ് കോങ്. കാട്ടില്‍ പലയിടത്തായി ഡിനസോറുകള്‍. കിംഗ് കോങുമായുള്ള അവയുടെ രൂക്ഷപ്പോരാട്ടം. ഇതിനിടെ ട്രെയിലറിനരികിലേക്ക് ആര്‍ത്തട്ടഹസിച്ചെത്തുന്നവര്‍, കാണികളിലേക്ക് വിഷദ്രാവകം ചീറ്റുന്നു.(ശരീരത്തില്‍ ജലം പതിപ്പിക്കാനുംദൃശ്യങ്ങള്‍ക്കനുസരിച്ച് ട്രെയിലറുകളെ ചലിപ്പിക്കാനും സ്റ്റുഡിയോയില്‍ സംവിധാനമുണ്ട്) ഇതിനിടെ, ഇടത്തുവശത്ത് ഒരു ഭീകരന്‍ ട്രെയിലറിന്റെ തന്നെ പിന്‍ഭാഗം കടിച്ചടര്‍ത്തിക്കൊണ്ടുപോകുന്നു. അതുകണ്ട് രക്ഷയ്ക്കായി വലതു വശത്തുനിന്നു ട്രെയിലറിനു മുകളിലൂടെ മറുവശത്തേക്കു
ചാടിക്കടക്കുന്ന കിംഗ് കോങ്. കോങ് ട്രെയിലറില്‍ ചാടുമ്പോള്‍ കാണികളിരിക്കുന്ന ട്രെയിലറിന്റെ മേല്‍ക്കൂര ഘോരശബ്ദത്തോടെ ഇടിഞ്ഞുതാഴും. ഒരു നിമിഷത്തെ അന്ധകാരം. പിന്നീട് ഇടതുവശത്ത് കോങും ഡിനസോറുമായുള്ള മഹായുദ്ധം.
    ത്രീ ഡി സാങ്കേതികതയുടെയും ഐമാക്‌സ് പ്രോജക്ഷന്റെയും ഡോള്‍ബി സ്റ്റീരിയോയുടെയും അവിസ്മരണീയ സംയോഗം തന്നെയാണ് പ്രേക്ഷകര്‍ക്കുമുന്നില്‍ അരങ്ങേറുന്നത്. സത്യാസത്യങ്ങളുടെ നൂല്‍പ്പാലത്തില്‍ അസ്തിത്വം നഷ്ടപ്പെട്ടുപോകും കാഴ്ചക്കാരന്. അത്രയേറെ യാഥാര്‍ഥ്യപ്രതീതിയുളവാക്കുന്നതാണ് ഈ ഷോ.
സിനിമകളില്‍ സ്ഥിരം കാണുന്ന കാര്‍ സ്‌ഫോടനങ്ങളുടെ പിന്നാമ്പുറക്കാഴ്ചകളാണ് സ്റ്റുഡിയോ ടൂറിലെ മറ്റൊരു ഇനം.കാര്‍ സര്‍വീസ് സ്‌റ്റേഷനുകളിലെ ഹൈഡ്രോളിക് ലിഫറ്റിലേതു പോലുള്ള വൈദ്യുതകരങ്ങള്‍ കൊണ്ടാണ് കാറുകളെ നിയന്ത്രിക്കുക. യഥാര്‍ഥ പ്രതീതി ജനിപ്പിക്കുന്ന ഫൈബര്‍ ഗഌസ് കാര്‍ പുറന്തോടുകളാണിവ. ഗ്യാസുകത്തിച്ചാണ് അഗ്നിവര്‍ഷം.സ്‌റ്റേജ് ഷോകളിലൂടെ നമുക്കും സുപരിചിതമായിക്കഴിഞ്ഞ ഡ്രൈ ഐസ് ഉപയോഗിച്ച് പുകയും.കംപ്യൂട്ടര്‍ നിയന്ത്രിതസങ്കേതത്തിലൂടെ കാറുകളെ കണ്‍സോളിലിരുന്നുചലിപ്പിക്കാം. ശബ്ദത്തിനായി 50000 വാട്‌സ് സ്പീക്കറുകളും. സ്‌ഫോടനത്തില്‍ കാറുകള്‍ ചിതറിത്തെറിക്കാന്‍ ഇനി എന്തുവേണം?പക്ഷേ, ഷോ കഴിഞ്ഞാല്‍ പ്രേക്ഷകര്‍ക്കായി മറ്റൊരു വിസ്മയം അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുണ്ട്. അതാണ് യഥാര്‍ഥ വിസ്മയം. പൊട്ടിത്തെറിയില്‍ ചിതറിത്തെറിക്കുന്ന കാറുകള്‍, ഉച്ചഭാഷിണിയിലെ തട്ടുപൊളിപ്പന്‍ ഗാനത്തിനനുസരിച്ച്നൃത്തം ചെയ്തു കാണിക്കും. കൊറിയോഗ്രാഫി, കുറച്ചകലെ കണ്‍സോളിലിരുന്നു നിയന്ത്രിക്കുന്ന സാങ്കേതികവിദഗ്ധന്റെ ഭാവനയ്ക്കനുസരിച്ചായിരിക്കുമെന്നു മാത്രം!
     ദ് റൈഡ് മമ്മി, സിംപ്‌സണ്‍സ് തുടങ്ങി ഒട്ടേറെ റൈഡുകള്‍ ഉണ്ട് ഇവിടെ. കൂടാതെ ഹിറ്റ് സിനിമകള്‍ തന്നെ പ്രമേയമാക്കിയുള്ള അത്യാധുനിക ഷോകള്‍ വേറെയും.അര്‍നോള്‍ഡ് ഷ്വാസ്‌നെഗ്ഗറുടെ എക്കാലത്തെയും വലിയ ഹിറ്റായ ടെര്‍മിനേറ്ററിനെ അടിസ്ഥാനപ്പെടുത്തിയുള്ള ദ ടെര്‍മിനേറ്റര്‍ ഷോ, കാര്‍ട്ടൂണ്‍ കഥാപാത്രമായ ദ് ഷ്രെക്ക് ത്രീ ഡി ഷോ, ദ് സ്‌പെഷല്‍ ഇഫക്ട്‌സ് സ്‌റ്റേജ് ഷോ,ഹൗസ് ഓഫ് ഹൊറേഴ്‌സ്, കെവിന്‍ കോസ്‌നര്‍ ചിത്രത്തെ ആസ്പദമാക്കിയ വാട്ടര്‍വേള്‍ഡ് തുടങ്ങിയവയാണ് പ്രധാന പ്രദര്‍ശനങ്ങള്‍.മമ്മിക്കും ജുറാസിക്കിനു മാത്രം ടൂറും റൈഡും ഉണ്ട്. മാര്‍വെല്‍ കോമിക് സാഹസികതാരങ്ങളെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച ട്രാന്‍സ്‌ഫോര്‍മേഴ്‌സ് എന്ന സിനിമയെ അടിസ്ഥാനപ്പെടുത്തിയുള്ള ട്രാന്‍സ്‌ഫോര്‍മേഴ്‌സ് ദ റൈഡ് ത്രിഡിയാണ് ഏറ്റവും പുതിയത്. ഇതിന്റെ റിഹേഴ്‌സല്‍നടക്കുന്നതേയുള്ളൂ.
     ജുറാസിക് പാര്‍ക്കിലൂടെയും സ്പില്‍ബര്‍ഗിന്റെ തന്നെ ജാസിലെ കൂറ്റന്‍ സ്രാവു വിലസുന്ന കടല്‍പ്പുറത്തിലൂടെയും, ഹിച്ച്‌കോക്കിന്റൈ മാനസപുത്രന്‍ നോരമന്‍ ബേയ്റ്റ്‌സ് അറുംകൊല നടത്തുന്ന സൈക്കോയിലെ മോട്ടലിനുമുന്നിലൂടെയുമെല്ലാമാണ് സ്റ്റുഡിയോ ടൂറിന്റെ യാത്ര.സ്പില്‍ബര്‍ഗിന്റെ ചിത്രത്രയത്തിലൂടെ പരിചിതമായ ജുറാസിക് ലോകത്തിലേക്ക് ട്രെയിലര്‍ കടക്കുമ്പോള്‍ത്തന്നെ സന്ദര്‍ശകരെ കാത്തിരിക്കുന്നത് ദൃ്ശ്യാദ്ഭുദങ്ങളുടെ രഹസ്യഖനിയാണ്. പൂര്‍ണമായും മെക്കാനിക്കല്‍ ആയ റോബോട്ടിക്‌സും ഇഫെക്ടസുമാണ് ഇവിടെയുള്ളത്. ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ നിന്നു പെട്ടെന്നു പ്ര്ത്യക്ഷപ്പെട്ട് ശൗര്യത്തോടെ ചീറിപ്പാഞ്ഞടുക്കുന്ന ഡിസനോര്‍വര്‍ഗങ്ങള്‍. അവറ്റകളില്‍ ചിലര്‍ മുഖത്തേക്ക് ചീറ്റുന്ന ദ്രാവകങ്ങളില്‍ നിന്ന് ഗൈഡ് അടക്കം ആര്‍ക്കുമില്ല രക്ഷ. ഇതിനിടെ, ഒരു നാടകീയനിമിഷത്തില്‍ പാര്‍ക്കിനുള്ളിലെ സര്‍വസുരക്ഷാനിയന്ത്രണങ്ങളും നഷ്ടമാവുകയാണ്, സിനിമയിലേതുപോലെ. വൈദ്യുതിവേലികള്‍ തകരുന്നു. കമ്പികള്‍ തൊട്ടുരുമ്മി തീപ്പൊരിചിതറുന്നു കാര്‍ മുകളിലെ പാറയില്‍ നിന്ന് നമുക്കുനേരെ ചാഞ്ചാടി വീഴുന്നു (അതു തലയില്‍ വീഴുമോ എന്ന ഭയത്തില്‍ തലപൊത്തി നിലവിളിക്കാത്തവരുണ്ടോ?) നിലം വിറപ്പിക്കു ന്ന ഡിനസോറുകളുടെ പാദപതനങ്ങള്‍. മുമ്പേ പോയ ട്രെയിലറിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍...
      ജോസിലെ സ്രാവ് മരണവേട്ടനടത്തിയ കടപ്പുറം സ്റ്റുഡിയോ മുറ്റത്തെ ചെറിയൊരുകുളമാണെന്ന് സിനിമാപരമ്പര കണ്ട ആരും വിശ്വസിക്കില്ല, നേരില്‍ കാണുംവരെ. തീരത്തിനോടടുത്ത് വെള്ളത്തില്‍ മുങ്ങിത്തപ്പുന്ന ഷെറീഫിനെ പാഞ്ഞടുക്കുന്ന സ്രാവ് കടിച്ചുതാഴ്ത്തുന്നത് സന്ദര്‍ശകരുെട കണ്മുന്നിലാണ്. രക്തം പടര്‍ന്നു പിടിക്കുന്ന കുളത്തിനരികില്‍ നിന്ന് എത്രയും പെട്ടെന്നു രക്ഷപ്പെടുത്താന്‍ ട്രെയിലറിന്റെ വേഗം കൂട്ടുമ്പോഴതാ, വലതുവശത്തായി സന്ദര്‍ശകരുടെ തൊട്ടരികില്‍ ഭീമാകാരനായ സ്രാവുഭീകരന്‍ വായും പിളര്‍ന്ന് കുതിച്ച ുപൊങ്ങുകയായി...
     കുറച്ചപ്പുറത്ത് ആളൊഴിഞ്ഞ ആ മോട്ടല്‍ കെട്ടിടം എവിടെയോ കണ്ടുമറന്നതുപോലെ...അതു ബേറ്റ്‌സ് മോട്ടലാണ്. എക്കാലത്തെയും സൈക്കോളജിക്കല്‍ സസ്‌പെന്‍സ് ഹൊറര്‍ കഌസിക്കായ ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ സൈക്കോയിലെ കഥാസ്ഥലം.നോര്‍മന്‍ ബേറ്റ്‌സ് എന്ന മനോരോഗിയായ വില്ലന്‍ അരുംകൊലകളൊന്നൊന്നായി ചെയ്തുകൂട്ടുന്ന ഇടം. ബേറ്റ്‌സ് അതാ തന്റെ കാറിലേക്ക് ഒരു ജഡവുമായി എത്തുന്നു. ചുറ്റുമൊന്നു കണ്ണോടിച്ച് ആരുമില്ലെ്ന്നുറപ്പാക്കി ജഡം കാറിന്റെ ഡിക്കിയില്‍ വച്ചു പിന്തിരിയുമ്പോഴാണ് ശ്രദ്ധ ട്രെയിലറിലേക്ക്...അവതാരകനായ ഗൈഡിന്റെ അഭിവാദനം ബേറ്റ്‌സിനെ വിറളിപിടിപ്പിക്കുന്നു. പോക്കറ്റിലൊളിപ്പച്ച കത്തിയുമായി അയാള്‍ ട്രെയിലറിനു നേരെ....നാടകം ആവര്‍ത്തിക്കുകയാണ്.
      ബേറ്റ്‌സ് മോട്ടല്‍ കടന്നു കുന്നുകയറിത്തിരിഞ്ഞാലെത്തുക ഒരു ശവപ്പറമ്പിലാണ്.സ്പില്‍ബര്‍ഗിന്റെ വാര്‍ ഓഫ് ദ വേള്‍ഡ്‌സിനു വേണ്ടി ചിത്രീകരിച്ച വിമാനദുരന്തമാണ് പശ്ചാത്തലം. ശരിക്കുമൊരു ബോയിംഗ് 747 തകര്‍ന്നു തരിപ്പണമായി നേരെ മുന്നില്‍. അതില്‍പ്പെട്ടു കത്തിയമര്‍ന്ന വാഹനങ്ങള്‍ വീടുകള്‍...ട്രെയിലര്‍പാതയുടെ ഇരുവശവുമായി കത്തിയമരുന്ന അവശിഷ്ടങ്ങള്‍. എന്‍ജിന്‍ ഒരിടത്ത്. ചിറകുകള്‍ ഇനിയൊരിടത്ത്. പുകയും ശബ്ദവും ലൈവ്. ഈ സെറ്റിനായി ശരിക്കുമൊരു വിമാനം തന്നെയാണ് ഉപയോഗിച്ചതെന്ന് അ
വതാരകന്‍ വിവരിക്കുമ്പോള്‍ അവിശ്വാസം വിശ്വാസത്തിനു വഴിമാറും.
      ലോകത്തെ ഏറ്റവും വലിയ ക്രോമ പശ്ചാത്തലമാണ് അടുത്തത്. വിശാലമായ പുല്‍ത്തകിടിയില്‍ കെട്ടിയുയര്‍ത്തിയ ഭീമാകാരമായൊരു പച്ച സ്‌ക്രീന്‍. ആധുനിക കംപ്യൂട്ടര്‍ ജനിത ദൃശ്യങ്ങള്‍ക്കിപ്പുറം സിനിമ ചിത്രീകരിക്കുക ഇവിടെവച്ചാണ്. ദൃശ്യങ്ങളില്‍ പച്ച വരാതിരിക്കണം എന്നുമാത്രം.നമ്മുടെ ടിവി പരിപാടികളില്‍ സര്‍വസാധാരണമായി കാണുന്ന സങ്കേതം. അവതാരകനുപിന്നില്‍ ചലിക്കുന്ന ദൃശ്യങ്ങ്ള്‍ ക്രോമ സങ്കേതം ഉപയോഗിച്ചുണ്ടാക്കുന്നതാണ്.
      ഇതിനിടെ നാം രണ്ടുമൂന്ന് അദ്ഭുതങ്ങള്‍ക്കുകൂടി സാക്ഷ്യം വഹിക്കും. കണ്‍മുന്നില്‍ ഒരു പ്രളയം. ഏതൊ മലയോരഗ്രാമത്തിന്റെ യഥാര്‍ഥ പ്രതീതി ജനിപ്പിക്കുന്ന സെറ്റിനുമുന്നില്‍ ട്രെയിലര്‍ നില്‍ക്കും. അവതാരകന്‍ പറഞ്ഞുമുഴുമിപ്പിക്കുന്നതനുസരിച്ച് രംഗങ്ങളോരോന്നായി സംഭവിക്കും.ആദ്യം മഴ. ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പുകളില്‍ നിന്ന് സ്പ്രിംഗഌ വഴി ചീറ്റിക്കുന്നതാണിത്. പിന്നെ മലയുടെ അങ്ങേയറ്റത്തു നിന്ന് പ്രവഹിച്ചു തുടങ്ങുന്ന വെള്ളം പെട്ടെന്ന് അത് മഹാപ്രവാഹമായി,പ്രളയം തന്നെയായി ട്രെയിലറിനു തൊട്ടുതൊ
ട്ടില്ല എന്നമട്ടില്‍ വന്നുതട്ടിത്തെറിച്ചലച്ചൊഴുകിമാറയുന്നു. വെള്ളത്തിന് പതകൂട്ടാന്‍ പാലും ചേര്‍ക്കാറുണ്ടെന്ന് അവതാരകന്‍.
       ഇനിയൊന്ന് ഒടിഞ്ഞമരുന്ന പാലത്തിലൂടെയുള്ള യാത്രയാണ്. സന്ദര്‍ശകരുടെ ട്രെയിലര്‍ കയറുന്ന പാലമാണ് നടക്കുവച്ച് രണ്ടായിപിളരുന്നത്. നിലംപൊത്തുന്ന ട്രെയിലറില്‍ പക്ഷേ യാത്രക്കാര്‍ സുരക്ഷിതരായിരിക്കും.അതാണ് വിഷ്വല്‍ മാജിക്. പാലത്തിനിപ്പുറം മമ്മിയുടെ ഗുഹയാണ്. മരുഭൂമിയിലെ ഗുഹ. സ്റ്റുഡിയോയുടെ ഈ സ്‌റ്റേജിലേക്കു വാഹനം കയറുന്നതേ നിലത്തുറപ്പിച്ച റെയിലുകളിലേക്കാണ്. അതോടെ മരുപ്രതീതിയില്‍ നിര്‍മിച്ചിട്ടുള്ള ഗുഹയൊട്ടാകെ കറങ്ങുകയായി അതിനിടയില്‍ വട്ടം ചുറ്റുന്ന ട്രെയിലര്‍ ഒരു ചുഴിയില്‍പ്പെട്ടപോലെ അഗാധതയിലേക്ക്..ചുഴിയില്‍ നിന്നുണര്‍ന്നാല്‍ പിന്നെ അവതാ രകന്‍ നയിക്കുക മെട്രോ റയില്‍വേസ്‌റ്റേഷനിലേക്കാണ്. ട്രെയിലര്‍ പ്രവേശിച്ചയുടന്‍ കിടുകിടാ ചലിച്ചു തുടങ്ങും. ആടിയുലയും നെടുകെ ഇരിക്കും. ഭൂകമ്പമാണ്.സ്‌റ്റേഷന്റെ മേല്‍ക്കുരയപ്പാടെ ഇടിഞ്ഞുതാഴും. മുകൡലെ തെരുവില്‍ നിന്ന് ഭീമാകാരനായ ഒരു ഓയില്‍ ടാങ്കര്‍ തൊട്ടുമുകളിലെ തൂണില്‍ വന്ന് ഇടിച്ചു നില്‍ക്കുന്നു.വെറൊരു കാര്‍ ആ വാഹനത്തിലും. അപ്പോഴതാ തീവണ്ടിയുടെ വരവായി...വരുന്ന വേഗത്തില്‍ ടാങ്കറിലിടിച്ചുതെറിച്ച് ട്രെയിന്‍ ട്രെയിലറിലേക്ക്...
      സന്ദര്‍ശകരുടെ നിലവിളികളുടെ അവസാനം വാതില്‍പ്പുരങ്ങളിലെ ചില സ്ഥിരം സെറ്റുകളിലാണ് അവസാനിക്കുക. ഇതാണ് യൂണിവേഴ്‌സ്. ന്യൂയോര്‍ക്കുണ്ട് ഇവിടെ. ജിം ക്യാരിയുടെ മാസ്‌കില്‍ സ്റ്റാന്‍ലി ഇപ്കിസ് തന്റെ പട്ടിയുടെ സഹായത്തോടെ രക്ഷപ്പെടുന്ന ജയിലും, ശിക്ഷിക്കപ്പെടുന്ന കോടതിയുമെല്ലാം ഇവിടെയുണ്ട്,ഇപ്പോഴും.എത്രയോ സിനിമകളില്‍ എത്രയെ ത്ര രംഗങ്ങളില്‍ നാം കണ്ട അതേ ഇടങ്ങള്‍.
       യൂറോപ്യന്‍ തെരുവുണ്ട്. ഈജിപ്ഷ്യന്‍ തെരുവും. ചൈനീസ് സ്ട്രീറ്റുമുണ്ട്.വൈല്‍ഡ് വെസ്റ്റില്‍ കണ്ട മെക്‌സിക്കന്‍ ഗ്രാമങ്ങളുമുണ്ട്. ചിലതെല്ലാം കലാ സംവിധായകന്റെ കരസ്പര്‍ശമേറ്റാല്‍ തിരിച്ചറിയാത്തവിധം മാറുന്നവ. ഒന്നുമാത്രമേയുള്ളൂ.എല്ലാം തൊലിപ്പറക്കനമേയുള്ളൂ.വീഞ്ഞപ്പലകയുടെയും പെയിന്റിന്റെയും കനം.


വിസ്മയലോക േ ത്ത ക്ക് ജോയ് റൈഡ്
റൈഡുകളില്‍ പ്രധാനം സിംപ്‌സണും ജുറാസിക്കും തന്നെ. സിംപ്‌സണ്‍ യഥാര്‍ഥത്തില്‍ പ്രതീതിയാഥാര്‍ഥ്യം മാത്രമാണ്. ചലിക്കുന്ന കസേരകളുള്ള ഒരു തീയറ്ററില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്ന ത്രിമാനസിനിമ. അതില്‍ റെയിലുതകര്‍ന്ന് റോളര്‍കോസ്റ്ററില്‍ അന്തരീക്ഷത്തിലേക്കു കാണികള്‍ നിപതിക്കുന്ന പ്രതീതിവരെയുണ്ട്. ഉള്ളൂകാളിപ്പോകും, അക്ഷരാര്‍ഥത്തില്‍. റൈഡുകളുെടയും ഷോകളുടെയും മറ്റൊരു സവിശേഷത കാത്തുനില്‍ക്കുന്ന സ്ഥലത്തെയുംഷോ നടക്കുന്ന തീയറ്ററുകളിലേയും പൂര്‍വരംഗസജ്ജീകരണങ്ങളാണ്.ടെര്‍മിനേറ്റര്‍ ഷോയ്ക്കു നില്‍ക്കുന്നവര്‍ക്കു മുന്നില്‍ ആദ്യം നടക്കുക ഒരു കോര്‍പറേറ്റ് വീഡിയോ പ്രദര്‍ശനമാണ്. വരും തലമുറയ്ക്ക് അനുഗ്രഹമാകുന്ന റോബോട്ടിക്‌സ് വികസിപ്പിച്ചെടുത്ത ഒരു അത്യാധുനിക കമ്പനിയുടെ വീഡിയോ. അതിനായി ഒരു അവതാരകയും രംഗത്തുവരും. എന്നാല്‍
ഈ വീഡിയോയ്ക്കിടെ ഒരു കടന്നുകയറ്റുണ്ടാവും. മറ്റൊരു വീഡിയോ. അത് ടെര്‍മിനേറ്ററിലെ കഥാപാത്രങ്ങളായ അമ്മയും മകനുമാണ്. യഥാര്‍ഥത്തില്‍ ഈ കമ്പനിയുടെ റോബോട്ടാണ് വില്ലന്മാരെന്നും അതു നമ്മെ ഭാവിയില്‍ വകവരുത്തുമെന്നും അത്ിനാല്‍ അതിനെ തകര്‍ക്കണമെന്നും പറയും.ഈ വിവരമറിയുന്ന അവരുടെ മകനെ വകവരുത്താന്‍് ഭാവിയില്‍ നിന്ന് കമ്പനി എങ്ങനെയും രൂപം മാറാനാവുന്ന ഒരു റോബോട്ടിനെ അയയ്ക്കുന്നതും അവനെ രക്ഷിക്കാന്‍ ഭാവിയില്‍ നിന്നുതന്നെ പിന്നാക്കം വരുന്ന ടെര്‍മിനേറ്റര്‍ എന്ന യന്ത്രമനുഷ്യനുമാണല്ലോ കാമറണ്‍റെ ടെര്‍മിനേറ്റര്‍ ചിത്രപരമ്പരയുടെ കഥാവസ്തു. തുടര്‍ന്ന് തീയറ്ററില്‍ കടക്കുന്ന പ്രേക്ഷകനുമുന്നില്‍ അരേേങ്ങറുന്നത് ഘോരയുദ്ധമാണ്. തത്സമയം അഭിനേതാക്കളും യന്ത്രമനുഷ്യരും സിനിമാപ്രദര്‍ശനവും എല്ലാം കൂട്ടിക്കുഴഞ്ഞ പ്രകടനം.അതില്‍ കാണികള്‍ക്കു നനവേല്‍ക്കും,പ്രഹരമേല്‍ക്കും, വെടിമരുന്നു മണക്കും.
       ഇതിനു സമാനമാണ് ഷ്രെക്ക് ത്രീഡി ഷോയും.അകത്ത് ഒരു പ്രദര്‍ശനം നടക്കവെ പുറത്തു കാത്തുനില്‍ക്കുന്നവര്‍ക്കു മുന്നില്‍ മുന്നൊരുക്കം പോലെ,ഒരു നാന്ദി പ്രദര്‍ശനം. യാഥാര്‍ഥ്യവും ഫാന്റസിയുമെല്ലാം
ഇഴപിരിഞ്ഞങ്ങനെ...
       സ്‌പെഷല്‍ ഇഫെക്ട്‌സ് ഷോയാണ് സിനിമയുടെ ഈ ഇന്ദ്രജാലങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കു സന്ദര്‍ശകനെ കൂട്ടിക്കൊണ്ടുപോവുക. മൂന്നു സ്‌ക്രീനും ഏതാണ്ടൊരു സൗണ്ട് സ്റ്റുഡിയോയുടെയും തീയറ്ററിന്റെയും എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയ വിശാലമായൊരു തീയറ്ററിലാണ് പ്രദര്‍ശനം. ലൈവ് ഇഫക്ട്‌സ് മുതല്‍ കംപ്യൂട്ടര്‍ജനറേറ്റഡ് (സിജി) ഇഫക്ട്‌സ് വരെയുള്ളവയുടെ ഗുട്ടന്‍സ് ഇവിടെ അവതാരകര്‍ ലളിതമായി വെളിപ്പെടുത്തുന്നു-കാണികളുടെ സഹായത്തോടെ. അതിനവര്‍ സരസമായ ചിരിയുടെ കൂട്ടുപിടിക്കും,ഇന്ദ്രജാലപ്രദര്‍ശനത്തിലെന്നോണം പ്രേക്ഷകരെ ഭാഗഭാക്കുമാക്കും.
പ്രേക്ഷകരില്‍ ഒരു സുന്ദരിയുടെ കൈ മുറിച്ചുകൊണ്ടാണ് ആദ്യ പ്രകടനം. കണ്മുന്നില്‍ സഹസന്ദര്‍ശകയുടെ കൈമുറിഞ്ഞു ചോരതെറിക്കും. പിന്നീടല്ലെ സത്യം കാണൂ. കത്തിയില്‍ കൈ കോര്‍ക്കുന്ന ഭാഗം വട്ടത്തില്‍ വെട്ടിമാറ്റിയിരിക്കുകയാണ്.അങ്ങോട്ടുമിങ്ങോട്ടും അറക്കുന്ന പ്രതീതിക്കായി സ്പ്രിംഗ് ഘടിപ്പിച്ചു ചലിപ്പിക്കുന്ന കത്തിപ്പിടി.


       ന്യൂയോര്‍ക്കിലെ ഉയരമുള്ള കെട്ടിടത്തിനു മുകളില്‍ നില്‍ക്കുന്ന നായികയെ കി്ംഗ് കോങ് പിടിക്കുന്ന രംഗം കണ്ട് അന്തം വിട്ടവര്‍ അതിന്റെ ചിത്രീകരണത്തിന്റെ സോദാഹരണപ്രദര്‍ശനം കണ്ടാല്‍ അതിലേറെ അന്തംവിടും. കെട്ടിടങ്ങളുടെ ഉച്ചിയുടെ ചിത്രം പതിപ്പിച്ച് ഒരു കണ്ണാടി. ക്യാമറയ്ക്കു തൊട്ടുമുന്നിലുറപ്പിച്ച ആ കണ്ണാടിക്കപ്പുറം മൂന്നു ചെറുപടവുകളുടെ മാത്രം ഉയരത്തില്‍ അല്പം അകലെ മാറി നായികയ്ക്കു പകരം കാണികളിലൊരാള്‍.ക്യാമറയോടു ചേര്‍ന്നു തന്നെ മുഖമുരുമി അവതാരകരിലൊരാള്‍ അവളുടെ രൂപത്തിനു നേര്‍ക്ക് ഉരുട്ടി മുഷ്ടിയുമായി...ഇപ്പോള്‍ വെള്ളിത്തിരയില്‍ കാണുന്നത്, അമേരിക്കയിലെ കെട്ടിടത്തിനുമുകളില്‍ നില്‍ക്കുന്ന പെണ്‍കിട്ടിയെ കൈകൊണ്ടു പിടിച്ച് പിന്നില്‍ നിന്നു നോക്കുന്ന ഭീമാകാരനായ അവതാരകന്‍ കോങിനെയാണ്.
      അപകടം പിടിച്ച ജുറാസിക് കാട്ടിലൂടെയുള്ള ഒരു കുടുംബത്തിന്റെ ബോ്ട്ടുയാത്രയും പ്രകടനത്തിലുണ്ട്. കാണികളില്‍ നിന്നുതന്നെയുള്ള കുടുംബാംഗങ്ങളാണ് അഭിനേതാക്കള്‍. ചക്രങ്ങളുള്ള ഒരു ബോട്ടിന്റെ മാതൃകയില്‍ കയറിനി്ല്‍ക്കുന്ന അവര്‍ക്കു പിന്നിലെ സ്‌ക്രീനില്‍ കാടിന്റെയും ജലാശയത്തിന്റെയും ദൃശ്യങ്ങള്‍ തെളിയുകയായി. ശബ്ദപഥത്തില്‍ കാടും ജുറാസിക് പ്രകമ്പനങ്ങളും. അന്തരീക്ഷത്തിലേക്ക് വലിയ പങ്കയില്‍ നിന്ന് കാറ്റ്. ഡ്രൈ ഐസിന്റെ പുക...എല്ലാം കൂടി സ്‌ക്രീനില്‍ വരുമ്പോള്‍ സംഗതി കഌന്‍. ബാക്ക് പ്രൊജ
ക്ഷന്‍ എന്ന അതിപുരാതന സാങ്കേതികതതന്നെ. ഉദയനാണു താരം എന്ന സിനിമയില്‍ കരളേ കരളിന്റെ കരളെയുടെ ചിത്രീകരണത്തില്‍ നാമിതു കണ്ടിട്ടുണ്ട്.
       ക്ംപ്യൂട്ടര്‍ ഇമേജിങിലെ സിമുലേഷന്‍ സാങ്കേതികതയുടെ തല്‍സമയാവതരണമാണ് അടുത്തയിനം. ശരീരം മുഴുവന്‍ പച്ച നിറമുള്ള ചെറു ബള്‍ബു ഘടുപ്പിച്ച കറുത്ത കുപ്പായമിട്ട ഒരാള്‍. ്അത് സി.ജി ഗ്രാഫിക്സ്സ സോഫ്റ്റ് വെയറിലൂടെ കടന്നുപോകുമ്പോള്‍, വരച്ചുണ്ടാക്കുന്നതോ അല്ലാത്തതോ ആയ ഏതു രൂപവും അയാളുടെ ചലനത്തനൊപ്പിച്ചു ചലിക്കും. അവതാറിലെ വിചിത്രരൂപികള്‍ ചലിച്ചതുപോലെ. ഷ്രെക്കും ഹള്‍ക്കും ചലിക്കുന്നതുപോലെ...
       കണ്ണു കൊണ്ട കണ്ടതാണോ സത്യം? കണ്ണു കൊണ്ടു കണ്ടതെല്ലാം സത്യം തന്നെയാണോ? കോടതികില്‍ പോലും വിലയുള്ള ദൃക്‌സാക്ഷ്യം ഇവിടെ, സാങ്കേതികതയുടെയും ഭാവനയുടെയും സംയോഗത്തിനു മുന്നില്‍ കഥയില്ലാത്തതാവുകയാണ്. സത്യത്തെ മിഥ്യവിഴുങ്ങുന്നു. അതാണ് സിനിമയുടെ മായികത. ആ മാസ്മരികത തന്നെയാണ് സിനിമയുടെ ചാരുതയും!