Thursday, December 08, 2022

Swayamvaram book @ Deshabhimani Sunday Suppliment

 


പ്രേക്ഷക ഹൃദയം കവരാന്‍ രാജ്യാന്തര ചലച്ചിത്രമേള

cover story of Kalakaumudi

എ.ചന്ദ്രശേഖര്‍

അതിര്‍ത്തികള്‍ അപ്രസക്തമാക്കിക്കൊണ്ടുളള വ്യക്തിസംഘര്‍ഷങ്ങളുടെ ആത്മരോദനങ്ങളും ആത്മസംഘര്‍ഷങ്ങളുടെ ദൃശ്യാഖ്യാനങ്ങളുമാണ് ഒരു രാജ്യാന്തര ചലച്ചിത്രോത്സവത്തെ അര്‍ത്ഥപൂര്‍ണമാക്കുന്നത്. അതി മഹത്തായ ചലച്ചിത്രപാരമ്പര്യമുള്ള സെര്‍ബിയ പോലൊരു ബാള്‍ക്കന്‍ രാജ്യത്തെ കേന്ദ്രബിന്ദുവായി നിര്‍ത്തുമ്പോഴും ആധുനിക യൂറോപ്പിലും, ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളിലും മനുഷ്യജീവിതം എന്ത്, എങ്ങനെ എന്നു തെളിച്ചപ്പെടുത്തുന്ന ഒരു പിടി ചിത്രങ്ങളുള്ളതാണ് ഡിസംബര്‍ 9ന് കൊടിയേറുന്ന കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയെ സവിശേഷമാക്കുന്നത്.

ലോകത്തിന്റെ ഏതു കോണില്‍, ഏതു സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക അവസ്ഥയിലും മനുഷ്യന്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ ഒന്നാണെന്നാണല്ലോ സാഹിത്യവും സിനിമയും മറ്റും വിനിമയം ചെയ്യുന്നത്. ഗോവയില്‍ കഴിഞ്ഞ മാസം സമാപിച്ച 53-ാമത് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയിലെ രാജ്യാന്തര മത്സരവിഭാഗത്തില്‍ മികച്ച സിനിമയ്ക്കുള്ള സുവര്‍ണമയൂരം നേടിയ സ്പാനിഷ് ചലച്ചിത്രം-ഐ ഹാവ് ഇലക് ട്രിക്ക് ട്രീംസ,് അത്തരത്തില്‍ കൗമാരം വിട്ട് യൗനവത്തിലേക്കു കടക്കുന്ന ഒരു പെണ്‍കുട്ടിയുടെയും അവള്‍ക്ക് പിതാവിനോടുള്ള ചാര്‍ച്ചയുടെയും കഥയാണ് പറയുന്നത്. കമിങ് ഓഫ് ഏജ് അഥവാ പ്രായപൂര്‍ത്തി പക്വത നേടുന്നതുമായി ബന്ധപ്പെട്ട പലവിധ പ്രമേയങ്ങളും നാം സാഹിത്യത്തിലും സിനിമയിലും കണ്ടിട്ടുണ്ട്.ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അവയ്‌ക്കെല്ലാം സവിശേഷതകളുമുണ്ട്. എന്നാല്‍ ഫ്രാന്‍സ് ബെല്‍ജിയം കോസ്റ്റ റിക്ക സംയുക്ത നിര്‍മിതിയായ ഐ ഹാവ് ഇലക് ട്രിക്ക് ഡ്രീംസിലെ പതിനാറുകാരിയായ നായിക ഇവയുടേത് ഒരേ സമയം നിഷ്‌കളങ്കതയുടെയും, ആധുനിക ലോകത്തിന്റെ കാപട്യത്തിന്റെയും സാമൂഹിക-കുടുംബ ബന്ധങ്ങളിലെ സങ്കീര്‍ണ സംത്രാസങ്ങളുടെയും കൂടിയാവുന്നിടത്താണ് അസാധാരണമാവുന്നത്. മികച്ച സംവിധായകനും നടിക്കുമടക്കം ലൊകാര്‍ണോ മേളയില്‍ മൂന്ന് അവാര്‍ഡുകളും സാന്‍ സെബാസ്റ്റിയന്‍ മേളയില്‍ മികച്ച ചിത്രത്തിനുള്ള ബഹുമതിയും നേടിയ ഈ ചിത്രം സാവോ പോളോ അടക്കമുള്ള മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ഐഎഫ് എഫ് ഐയില്‍ മികച്ച നടിക്കുള്ള ബഹുമതി നേടുകയും ചെയ്ത ചിത്രമാണ്.

വലന്റിന മോറെല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഐ ഹാവ് ഇലക് ട്രിക്ക് ഡ്രീംസിലെ ഈവയും പിതാവിനെ(റെയ്‌നാല്‍ഡോ അമീന്‍ ഗുട്ടറസ്)പ്പോലെ ക്ഷിപ്രകോപിയാണ്. കവിയും, തൊഴില്‍രഹിതനുമായ അയാള്‍ക്കാവട്ടെ ഇവയടക്കമുള്ള രണ്ടു പെണ്‍കുട്ടികളോടും അത്രമേള്‍ ഹൃദയബന്ധമുണ്ടെങ്കിലും ഭാര്യയുമായി ഒത്തുപോകാന്‍ സാധിക്കുന്നില്ല. പരസ്പരം പിരിയാന്‍ തീരുമാനിക്കുന്ന ദമ്പതികളില്‍ ഇവയേയും കുഞ്ഞനുജത്തിയേയും അവരുടെ പൂച്ചക്കുട്ടിയേയുമായി അവളുടെ അമ്മ പുതിയൊരു വീട്ടിലേക്കു താമസം മാറ്റുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവാതെ വീട്ടിലെല്ലായിടത്തും മൂത്രമൊഴിക്കുന്ന വളര്‍ത്തുപൂച്ച സത്യത്തില്‍ അച്ഛനുമമ്മയും തമ്മിലുള്ള വഴിപിരിയലില്‍ സ്വയം നഷ്ടപ്പെടുന്ന നായികയുടെ തന്നെ പ്രതിരൂപമാണ്. അവരുടെ ദാമ്പത്യശൈഥില്യം ഏറ്റവുമധികം ബാധിക്കുന്നതും അവളെയാണ്. മാതാപിതാക്കളോടുള്ള വിദ്വേഷമാണ് അവളില്‍ ക്ഷിപ്രകോപമായി പ്രത്യക്ഷപ്പെടുന്നത്. അച്ഛനോടൊപ്പം കഴിയാനിഷ്ടപ്പെടുന്ന ഈവ അതിനുവേണ്ടി അയാള്‍ക്കായി മറ്റൊരു വീടന്വേഷിക്കുകയും അയാള്‍ക്കൊപ്പം അയാളുടെ വാസസ്ഥലത്ത് പരമാവധി കഴിയാന്‍ ശ്രമിക്കുകയും ചെയ്യുന്നു. നിരന്തരം പുകവലിക്കുന്ന അവളുടെ പിതാവാകട്ടെ, വായ്പ്പുണ്ണിനെ ക്യാന്‍സറായി തെറ്റിദ്ധരിച്ച് ശേഷകാലം മക്കള്‍ക്കായി നീക്കിവയ്ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍, അയാളുടെ താരതമ്യേന മുതിര്‍ന്ന ബുദ്ധിജീവി സര്‍ഗക്കൂട്ടായ്മകളില്‍ അവള്‍ അധികപ്പറ്റാവുകയാണെന്നു അവര്‍ക്കൊപ്പം എത്താനുള്ള വ്യഗ്രത ഈവയെ കൊണ്ടു ചാടിക്കുന്നത് വലിയ അബദ്ധങ്ങളിലാണ്.അവളെപ്പോലൊരു പെണ്‍കുട്ടിക്ക് മുതിര്‍ന്നവരുടെ കാറും കോളും നിറഞ്ഞ ജീവിതത്തിലെ തിരയിളക്കങ്ങളെ എങ്ങനെ നേരിടണമെന്നു തിരിച്ചറിയാനാവുന്നില്ല. തന്റെ സുഹൃത്തുമായി കിടക്ക പങ്കിടുന്ന മകളെ കയ്യോടെ പിടികൂടുമ്പോള്‍ മാത്രമാണ്, വളര്‍ച്ചയുടെ ഘട്ടത്തില്‍ ഒരു പെണ്‍കുട്ടിക്ക് അമ്മ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് ഈവയുടെ പിതാവ് തിരിച്ചറിയുന്നത്. സ്വന്തം ജീവിതത്തിലെ പലതും തന്റെ് വായ്പ്പുണ്ണു പോലെ മാത്രമാണെന്ന് തിരിച്ചറിയുന്ന അയാള്‍ അവളെ അമ്മയുടെ സമീപം വിട്ടു മടങ്ങുന്നിടത്താണ് ഐ ഹാവ് ഇലക് ട്രിക് ഡ്രീംസ് അവസാനിക്കുന്നത്. സമകാലിക യൂറോപ്യന്‍ ജീവിതത്തിന്റെ ആകുലതകളും ആശങ്കകളും, കുടുംബജീവിതത്തിന്റെ ശൈഥില്യങ്ങളും പല കഥാപാത്രങ്ങളിലൂടെ സൂചനകളായും സൂചിതങ്ങളായും അവതരിപ്പിച്ചിട്ടുള്ള ചിത്രം, അതിന്റെ നിസഹായവസ്ഥയേയും തീവ്രമായി വെളിവാക്കുന്നു. നായിക ഈവയായി ഡാനിയേല മറീന്‍ നവാറോയുടെ അവിസ്മരണീയ പ്രകടനം തന്നെയാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണം. പലവിധത്തില്‍ മലയാളമടക്കമുള്ള ഭാഷകളില്‍ മുന്‍പ് അവതരിപ്പിച്ചു കണ്ടിട്ടുള്ള പ്രമേയം, പക്ഷേ സമകാലിക യൂറോപ്യന്‍ ജീവിത ശ്‌ളഥ ചിത്രത്തിന്റെ നേരാഖ്യാനമെന്ന നിലയ്ക്കാണ് പ്രസക്തി നേടുന്നത്. തീര്‍ച്ചയായും നഷ്ടബോധമില്ലാതെ കണ്ടിരിക്കാവുന്ന സിനിമ ഐഎഫ്എഫ് കെയിലും പ്രേക്ഷകര്‍ക്ക് സംശയമില്ലാതെ തെരഞ്ഞെടുക്കാവുന്ന ഒന്നുതന്നെയാണ്.

കേരളത്തിലെ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി അവരെ സ്വന്തം നാട്ടിലെ സിനിമ പോലെ തന്നെ സ്വാധീനിക്കുന്നവയാണ് ഇറാനില്‍ നിന്നും ദക്ഷിണകൊറിയയില്‍ നിന്നുമുള്ള സിനിമകള്‍. കിം കി ഡുക്കും മഖ്മല്‍ബഫുമൊക്കെ നമുക്ക് നമ്മുടെ സ്വന്തം പോലെയാണ്. കോവിഡ്കാലത്ത് അകാലത്തില്‍ പൊലിഞ്ഞ കിമ്മിന്റെ ഹംസഗാനം മേളയുടെ പ്രധാന ആകര്‍ഷണവുമാണ്. എന്നാല്‍, മുഖ്യധാരാ കൊറിയന്‍ സിനിമയുടെ ആഖ്യാനഘടനയില്‍ നോണ്‍ ലീനിയറായി അവതരിപ്പിക്കുന്ന മര്‍ഡര്‍ മിസ്റ്ററി-ഡിസിഷന്‍ ടു ലീവ് കുറ്റാന്വേഷണ സിനിമകളില്‍ രസകരമായൊരു മാറി നടക്കലാണ്. കാന്‍ ചലച്ചിത്രമേളയില്‍ പാര്‍ക് ചാന്‍ വൂക്കിന് മികച്ച സംവിധായകനുള്ള ബഹുമതി നേടിക്കൊടുത്ത ഈ സിനിമ. 

മലയേറ്റത്തിനു പോകുന്ന ഒരു പ്രമുഖ വ്യവസായി അവിടെ നിന്ന് താഴേക്കു വീണ് മരിക്കുന്നു. അപകടമരണമോ ആത്മഹത്യയോ ആയി മാറേണ്ടിയിരുന്ന ആ മരണം മിടുക്കരായ രണ്ടു പൊലീസുദ്യോഗസ്ഥരുടെ സംശയത്തിന്റെ മാത്രം ഫലമായി കൊലപാതകമാണെന്നു തെളിയുകയും തുടരന്വേഷണമാരംഭിക്കുകയും ചെയ്യുന്നു. മരിച്ചു പോയ വ്യവസായിയുടെ ചെറുപ്പക്കാരിയായ ഭാര്യ സോങ് സോ റെ (താങ് വെയ്)യിലേക്കാണ് സംശയമുന നീളുന്നത്. ചോദ്യം ചെയ്യലില്‍ കൃത്യമായി സഹകരിക്കുന്ന അവളുടെ മറുപടികളില്‍ കേസ് കെട്ടിമടക്കേണ്ട അവസ്ഥവന്നിട്ടും അവളെ രഹസ്യമായി പിന്തുടരാനും അവളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനുമാണ് അന്വേഷണോദ്യോഗസ്ഥനായ ജാങ് ഹെ ജൂണ്‍ (പാര്‍ക്ക് ഹൈ ഇല്‍) തീരുമാനിക്കുന്നത്. സത്യവും മിഥ്യയും സ്ഥലകാലങ്ങളും തമ്മിലുള്ള അതി സങ്കീര്‍ണമായൊരു കെട്ടിപ്പിണരലാണ് പിന്നെ നാം കാണുന്നത്. അന്വേഷണോദ്യോഗസ്ഥനായ ജാങ് ഹെ എങ്ങനെ അതേ കേസിന്റെ നിര്‍ണായക ഭാഗമാവുന്നുവെന്നും, അയാളും നായികയുമായുള്ള പ്രണയബന്ധത്തിന്റെ അതിസങ്കീര്‍ണതയുമെല്ലാം അന്വേഷണവഴിയില്‍ മെല്ലെ വെളിപ്പെടുന്നു. കുറ്റാന്വേഷണവും  കൊലയും പ്രണയവും അങ്ങനെ പിരിയന്‍ കോവണിപോലെ ഒന്നായി ഒന്നായി ഒടുവില്‍ അതി നാടകീയ പര്യവസാനത്തിലെത്തുകയാണ്. കടല്‍ത്തീരത്ത് നായികയെ നഷ്ടപ്പെട്ട് ഉറക്കെ അവളെ വിളിച്ചലയുന്ന ജാങ് ഹെ ജൂണിനെ കാണുമ്പോള്‍ നമ്മുടെ പരീക്കുട്ടിയെ ഒരു നിമിഷം ഓര്‍മ്മവരും. ഒരു നിമിഷം പോലും ശ്രദ്ധ പതറിയാല്‍ മനസിലാവാതെ പോകാവുന്ന ചലച്ചിത്ര ഘടനയാണ് ഡിസിഷന്‍ ടു ലീവിന്റേത്.അത്രമേല്‍ സങ്കീര്‍ണമാണത്. 

തങ്ങള്‍ക്കഹിതമായ സിനിമകളെടുത്തതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പനാഹി നായകനായി സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് നോ ബെയര്‍സ്. ഈ ചിത്രം വെനീസ് ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അവിടെ പ്രത്യേക ജൂറി പുരസ്‌കാരം നേടുകയും ചെയ്തതോടെയാണ് നാടിനെയും ഭരണകൂടത്തെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്ന ആരോപണം മുന്‍നിര്‍ത്തി ഇറാന്‍ ഭരണകൂടം അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്. നഗരത്തിലെ ഭക്ഷണശാലയില്‍ ജോലി ചെയ്യുന്ന യുവതി തന്റെ പ്രണയിതാവുമൊത്ത് വ്യാജ വിദേശ പാസ്‌പോര്‍ട്ട് നേടി രാജ്യംവിടാന്‍ ശ്രമിക്കുന്ന കഥയുമാണ് ചിത്രം തുടങ്ങുന്നത്. എന്നാല്‍ അത് പനാഹി വിദൂരത്തെ ഒരു ഗ്രാമത്തിലെ വിശ്രമകേന്ദ്രത്തിലിരുന്ന് ഓണ്‍ലൈനിലൂടെ തന്റെ സംവിധാന സഹായി വഴി ചിത്രീകരിക്കുന്ന സിനിമയിലെ നായികയാണെന്ന് വൈകാതെ നാം മനസിലാക്കുന്നു. ഗ്രാമത്തില്‍ നടക്കുന്ന ഒരു ഗോത്രവിവാഹാത്തിന്റെ രംഗങ്ങള്‍ തന്റെ ക്യാമറയുപയോഗിച്ച് വീട്ടുടമസ്ഥന്‍ വഴി ചിത്രീകരിക്കുന്ന പനാഹി, ഗ്രാമവിശുദ്ധിയുടെ ചില ശ്‌ളഥചിത്രങ്ങള്‍ തന്റെ ക്യാമറയില്‍ സ്വയം പകര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍, സ്വന്തം രൂപങ്ങള്‍ ഛായാഹ്രഹണപ്പെടുത്തുന്നത് മതവിരുദ്ധമായി കരുതുന്ന ഗ്രാമഗോത്രങ്ങള്‍ അദ്ദേഹത്തെ വേട്ടയാടുകയാണ്. അവരുടെ വിദ്വേഷത്തില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടുവന്ന ഗ്രാമമുഖ്യനോ വീട്ടുടമയ്‌ക്കോ പോലും സാധിക്കുന്നില്ല. 

ഒരു വശത്ത് താന്‍ വിദൂരനിയന്ത്രിതമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികാനായകന്മാര്‍ തന്നെ അത്തരം ഒരു കെട്ടകഥയെ തള്ളിക്കളയുകയും ചിത്രത്തില്‍ തുടരാന്‍ വിസ്സമ്മതിക്കുകയും ചെയ്യുന്നു. (ഇവിടെ പനാഹിയുടെ തന്നെ സ്‌കൂള്‍ വിട്ട് ഒറ്റയ്ക്ക് വീട്ടിലെത്താന്‍ പാടുപെടുന്ന കൊച്ചുകുട്ടിയുടെ തത്രപ്പാടുകളവതരിപ്പിച്ച ദ് മിററില്‍ ഒരു ഘട്ടത്തില്‍ തനിക്കിങ്ങനെ ഇല്ലാത്ത കാര്യം അവതരിപ്പിക്കാനാവില്ലെന്നു പ്രതിഷേധിച്ച് സിനിമ വിട്ട് മാറിനടക്കുന്ന കുട്ടിനായികയുടെ സര്‍റിയലിസ്റ്റ് അവതരണത്തിന്റെ തനിയാവര്‍ത്തനം കാണാം) മറുവശത്ത്, വ്യാപക കള്ളക്കടത്തും മനുഷ്യക്കടത്തും വരെ നടക്കുന്ന രാജ്യാന്തര അതിര്‍ത്തിയിലേക്ക് അതിനോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമത്തില്‍ നിന്ന് സഹായിയേയും കൂട്ടി പനാഹി പോകുന്നതോടെ അദ്ദേഹം അധികാരികളുടെ റഡൈറിലും പെടുന്നു. അദ്ദേഹത്തിന്റെ നീക്കങ്ങള്‍ സസൂക്ഷ്മം പിന്തുടരപ്പെടുന്നതോടെ അദ്ദേഹത്തിന് ഗ്രാമം വിടേണ്ടി വരുന്നു. പക്ഷേ അതിനിടെ, താന്‍ ചിത്രത്തില്‍ പകര്‍ത്തി എന്നതുകൊണ്ടു മാത്രം പുതുതായി വിവാഹനിശ്ചയത്തിലേര്‍പ്പെട്ട നവവരനെ ഗ്രാമത്തിലെ തീവ്ര മതവാദികള്‍ ചേര്‍ന്ന് കല്ലെറിഞ്ഞു കൊന്നിട്ടിരിക്കുന്നത് അദ്ദേഹത്തിന് നേരില്‍ കാണേണ്ടിവരുന്നു. വിശ്വാസവും മതവും എങ്ങനെയാണ് വ്യക്തിജീവിതത്തെ ബാധിക്കുന്നതെന്ന് വ്യക്തമാക്കുന്ന ചിത്രമാണ് നോ ബെയേഴ്‌സ്. ഇറാനിയന്‍ സിനിമയുടെ പതിവ് ആഖ്യാനശൈലിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ആത്മനിഷ്ഠപരമായൊരു സിനിമ തന്നെയാണ് പനാഹിയുടേത്. എങ്കിലും മുഷിപ്പില്ലാതെ കണ്ടിരിക്കാവുന്ന ഒന്ന്. ഇന്റര്‍നെറ്റിന്റെ സാധ്യതകളുപയോഗിച്ച് ഒരാള്‍ക്ക് നാട്ടിലെ വിലക്കുകളെ മറികടന്നും എങ്ങനെ ഒരു സിനിമ നിര്‍മ്മിക്കാം എന്നു കൂടി പനാഹി ചിത്രത്തിലൂടെ കാണിച്ചു തരുന്നു. വീഡിയോ കോള്‍ സംവിധാനമുപയോഗിച്ചാണ് അതിര്‍ത്തി ഗ്രാമത്തിലെ ഒറ്റമുറിയിലിരുന്നു കൊണ്ട് അദ്ദേഹം നഗരത്തില്‍ ചിത്രീകരണം സാധ്യമാക്കുന്നത്. സ്ഥലകാലങ്ങളുടെ യഥാതഥമായ ഈ കുഴമറിച്ചിലുകള്‍ ഹൃദ്യമായി ചിത്രം ആവഹിച്ചിരിക്കുന്നു.

കിം കി ഡുക്കിന് ക്വെന്റിന്‍ റ്റരന്റിനോയില്‍ പിറന്നത് എന്നു വിശേഷിപ്പിക്കാവുന്ന സാമൂഹികവിമര്‍ശനപരമായൊരു സറ്റയറാണ് ഫ്രഞ്ച്-ഇംഗ്‌ളീഷ് ചിത്രമായ ട്രയാങ്കിള്‍ ഓഫ് സാഡ്‌നെസ്. ഭക്ഷണം കഴിച്ചപ്പോള്‍ ബില്ല് കൊടുക്കാത്തതിനെ ചൊല്ലി സമത്വത്തെപ്പറ്റി കാമുകന്റെ സംശയത്തിലാരംഭിക്കുന്ന ചിത്രം അവരുടെ വിവാഹാനന്തര മധുവിധു കപ്പല്‍യാത്രയിലും കപ്പല്‍ച്ചേതാനന്തരമെത്തിച്ചേരുന്ന ആള്‍വാസമില്ലാത്ത ദ്വീപിലെ അതിജീവിനത്തിലേക്കും മാലപ്പടക്കം പൊലെ ഒന്നിനുപിറകെ ഒന്നായി മെല്ലെ നാടകീയമായി വികസിക്കുകയാണ്. മൂലധനം മനുഷ്യനെ എങ്ങനെ വേര്‍തിരിക്കുമെന്നു മാത്രമല്ല, അറിവും അതുപയോഗിക്കാനുള്ള കാര്യക്ഷമതയും അവനെ എങ്ങനെ ഏകാധിപതിയാക്കുമെന്നും കൂടി കറുത്ത ഹാസ്യത്തില്‍ പൊതിഞ്ഞു കാട്ടിത്തരുന്ന തരത്തിലാണ് സംവിധായകന്‍ റൂബന്‍ ഒസ്റ്റ്യൂണ്ട് ചിത്രത്തിന്റെ ഇതിവൃത്തം പരുവപ്പെടുത്തിയിട്ടുളളത്. സാമൂഹിക മേല്‍പ്പാളിയിലെ ജീവിത കാപട്യങ്ങളെ മറയില്ലാതെ തുറന്നുകാണിക്കുന്നുണ്ടദ്ദേഹം. നേരത്തേ ദ് സ്‌ക്വയര്‍ എന്ന ചിത്രത്തിലൂടെ കല എങ്ങനെ സമൂഹത്തെ കബളിപ്പിക്കുന്നു എന്നു കാണിച്ചുതന്നിട്ടുള്ള സംവിധായകനാണ് സ്വീഡിഷുകാരനായ റൂബന്‍ എന്നോര്‍ക്കണം. 

സര്‍റിയലത്തേക്കാള്‍ ആന്റി റിയലിസമെന്നു വേണം ഈ സിനിമയെ വിശേഷിപ്പിക്കാന്‍. ഓരോ സംഭാഷണത്തിലും ഓരോ സീനിലും പൊട്ടിച്ചിരിക്കുമ്പോള്‍ അതുയര്‍ത്തുന്ന സാമൂഹികവിമര്‍ശനത്തിന്റെ മുള്‍മൂര്‍ച്ചയേറ്റ് നമ്മുടെ കണ്ണു നീറുമെന്നുറപ്പ്. ഗോവയില്‍ സമാപിച്ച ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയുടെ നീക്കിയിരിപ്പുകളില്‍ ഏറ്റവും മികച്ച അഞ്ചു സിനിമകളില്‍ ഒന്ന് എന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന സാന്‍സ് ഫില്‍റ്റര്‍ അഥവാ സങ്കടത്തിന്റെ ത്രികോണം (ട്രയാങ്കിള്‍ ഓഫ് സാഡ്‌നെസ്) ഐഎഫ്എഫ്‌കെയിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയായിരിക്കുമെന്നതില്‍ സംശയം വേണ്ട.