Saturday, July 31, 2010

കുട്ടിസ്രാങ്ക്-ദൃശ്യ കവിതയുടെ പുതിയമാനങ്ങള്‍

ഛായാഗ്രാഹകന്റെ സിനിമാനോട്ടമാണ് കുട്ടിസ്രാങ്കിന്റെ സവിശേഷത. എം.പി.സുകുമാരന്‍ നായര്‍ (ശയനം) അടക്കം പലരും മുമ്പ് ദൃശ്യാവിഷ്‌കാരം നല്‍കിയിട്ടുണ്ടെന്നതിനാല്‍ സംവിധായകനായ ഷാജി എന്‍.കരുണിന്റെ പേരില്‍ ചാര്‍ത്തപ്പെട്ട കഥയ്ക്ക് വല്ിയ പുതുമയൊന്നും നല്‍കാനാവില്ല. അതുകൊണ്ട് കുട്ടിസ്രാങ്ക് ഒരിക്കലും ഒരു മോശം സിനിമയാകുന്നുമില്ല. കാരണം ദൃശ്യപരിചരണത്തില്‍, നിര്‍വഹണത്തില്‍ കുട്ടിസ്രാങ്ക് ഒരു വിദേശ ചിത്രം കാണുന്ന പ്രതീതിയാണുളവാക്കുന്നത്. അത്രയ്ക്കു സാങ്കേതിക തികവോടെ, സൂക്ഷ്മമായി നിര്‍വഹിക്കപ്പെട്ട ഒരു പീര്യഡ് സിനിമ. ആകാശഗോപുരവും പഴശ്ശിരാജയും കഴിഞ്ഞ് മലയാളസിനിമയില്‍ ദൃശ്യങ്ങള്‍ക്കു പ്രാധാന്യം നല്‍കി പുറത്തുവന്ന ചിത്രമാണ് ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാങ്ക്.
മറ്റു സിനിമകളുടെ ഛായ അന്വേഷിക്കുന്നവര്‍ക്ക് ഇതില്‍ ടിവി ചന്ദ്രന്റെ ഡാനി മുതല്‍ ആലീസിന്റെ അന്വേഷണത്തിന്റെയും, കഥാവശേഷന്റെയും, അടൂരിന്റെ മുഖാമുഖത്തിന്റെയും, എന്തിന് മുഖ്യധാരാസിനിമയില്‍പ്പോലും പല സിനിമകളുടെയും നിഴലാട്ടങ്ങള്‍ കണ്ടെത്താനാവും. എന്നാല്‍, ഈ സിനിമകള്‍ക്കെല്ലാം കുറോസാവയുടെ റാഷമോണിനോടുള്ള ചാര്‍ച്ച അപ്പോള്‍ സമ്മതിച്ചുകൊടുക്കേണ്ടി വരും. അതുകൊണ്ടുതന്നെ, രൂപപരവും പ്രമേയപരവുമായ അത്തരം ആരോപണങ്ങള്‍ക്കൊന്നും കുട്ടിസ്രാങ്കിന്റെ കാര്യത്തില്‍ പ്രസക്തിയുണ്ടാവുന്നില്ല.ദൃശ്യപരിചരണത്തിലെ അസാമാന്യവും അസൂയാവഹവുമായ കൈയ്യൊതുക്കം കുട്ടി സ്രാങ്കിന് നല്‍കുന്ന മാധ്യമപരമായ ഔന്നിത്യം അംഗീകരിക്കുന്നതിന് ഈ ആരോപണങ്ങള്‍ തടസമാവുന്നുമില്ല.
കോര്‍പറേറ്റ് പണമായാലും വ്യക്തിഗത നിക്ഷേപമായാലും, സിനിമയില്‍ അത് എങ്ങനെ, അര്‍ഥവത്തായി വിനിയോഗിക്കുന്നു എന്നുള്ളതാണല്ലോ പ്രശ്‌നം. കുട്ടിസ്രാങ്കിനെ സംബന്ധിച്ചിടത്തോളമാണെങ്കില്‍, ഷാജി, റിലൈന്‍സിന്റെ മുടക്കുമുതല്‍ സാര്‍ഥകമായി, ലക്ഷ്യബോധത്തോടെയാണ് ചെലവഴിച്ചിട്ടുള്ളത്. ദൃശ്യവിന്യാസത്തിലും സന്നിവേശത്തിലും,ശബ്ദവിന്യാസത്തിലും, ഗ്രാഫിക്‌സിലും തുടങ്ങി സാങ്കേതികമായ എല്ലാ വിഭാഗങ്ങളിലും പണം മൂല്യമറിഞ്ഞ്, അതതു സാങ്കേതികതയുടെ മേന്മയ്ക്കായിത്തന്നെയാണുപയോഗിച്ചിരിക്കുന്നത് എന്നത് ചിത്രത്തിന്റെ ഓരോ ഫ്രെയിമും തെളിയിക്കുന്നു. ഇനി അഥവാ ചിത്രത്തിന്റെ ഏതെങ്കിലും ദൃശ്യം വിസ്മരിക്കപ്പെട്ടാലും, നിശ്ചയമായും ഉള്ളില്‍ തങ്ങുന്നതാണ് ഐസക് തോമസ് കോട്ടുകാപ്പളളിയുടെ പശ്ചാത്തലസംഗീതം. സിനിമയുടെ താളഗതിക്ക് പുതിയൊരു മാനം നല്‍കുന്നുണ്ടത്.
പ്രമേയത്തിനൊപ്പമോ അതിലധികമോ, അതിന്റെ പരിചരണത്തിന് നല്‍കുക വഴി ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഷാജി അല്‍പം കൂടി പാകത നേടിക്കാണിക്കുന്നു.ഒപ്പം ഷാജിയുടെ ഉള്‍ക്കണ്ണു കണ്ടിട്ടെന്നവണ്ണം ഛായാഗ്രാഹകയായ അഞ്ജലി ശുകഌയും.കൃഷ്ണനുണ്ണിയുടെ ശബ്ദലേഖനവും പരാമര്‍ശിക്കാതെ പോയ്ക്കൂടാ.നാളിന്നോളമുള്ള തന്റെ ചിത്രത്തില്‍ നിന്ന് പടിയടച്ചു നിര്‍ത്തിയിരുന്ന ലൈംഗികദൃശ്യങ്ങളും ന്യൂഡിറ്റിയും സ്രാങ്കില്‍ സധൈര്യം പരീക്ഷിക്കാന്‍ ഷാജിക്ക് കരുത്തായത് വനിതാഛായാഗ്രാഹകയുടെ പിന്തുണയായിരിക്കുമോ?
സംവിധായകന്റെ കഥയ്ക്ക് തിരക്കഥാകൃത്തായ പി.എഫ്.മാത്യൂസും പത്രപ്രവര്‍ത്തകനായ കെ.ഹരികൃഷ്ണനും ചേര്ന്നാണ് തിരക്കഥയെഴുതിയിട്ടുള്ളത്. ചവിട്ടുനാടകത്തിന്റെയും തുറകൃസ്ത്യാനികളുടെ ജീവിത, ഭാഷാശൈലിയുടെയും ഛായയുള്ള രണ്ടാംഭാഗത്തില്‍ മാത്യൂസിന്റെ സര്‍ഗ്ഗമുദ്രകള്‍ പ്രകടമാകുന്നതുപോലെ തന്നെ, കാളസര്‍പ്പത്തിന്റെ മിത്ത് ആവിഷ്‌കരിക്കുന്ന മൂകയായ കാളിയുമായുള്ള സ്രാങ്കിന്റെ ബന്ധവും ആ ബന്ധം ദേശത്തിനു വരുത്തുന്ന മാറ്റങ്ങളും വിവരിക്കുന്ന മൂന്നാം ഖണ്ഡത്തില്‍ ഹരികൃഷ്ണന്റെ വിരല്‍സ്പര്‍ശവും വ്യക്തം. പല കാലഭേങ്ങളില്‍, നായകനടക്കം പല ദേശങ്ങളുടെ ഭാഷാഭേദങ്ങളിലൂടെ കുട്ടി എന്നൊരു സാര്‍വദേശീയ നായകസ്വത്വത്തെ അവതരിപ്പിക്കുന്ന ഈ സിനിമ സ്രഷ്ടാക്കള്‍ ല്ക്ഷ്യമാക്കിയതുപോലെതന്നെ ചലച്ചിത്രപരമായും കാലദേശഭേദങ്ങള്‍ക്കുപരി സാര്‍വലൗകിക അസ്തിത്വം ആര്‍ജിക്കുന്നുണ്ട്.
പരിചയസമ്പന്നനായ മമ്മൂട്ടിയേയും സിദ്ദീഖിനെയും പലപ്പോഴും പുതുമുഖങ്ങള്‍ പരാജയപ്പെടുത്തുന്നുണ്ട് ചിത്രത്തില്‍. വിശേഷിച്ച് കമാലിനി മുഖര്‍ജിയും ജോപ്പനെ അവതരിപ്പിച്ച് സന്ദീപും.
എല്ലാം പ്രകീര്‍ത്തിക്കുമ്പോഴും ഒരാശങ്ക പങ്കിടാതിരുന്നുകൂടാ. തിരുവനന്തപുരം കൃപ തീയറ്ററില്‍ ചിത്രം കാണാന്‍ കയറിയപ്പോള്‍ ആകെ ഉണ്ടായിരുന്നത് അമ്പതില്‍ താഴെ പ്രേക്ഷകര്‍. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായി നിര്‍മിച്ച് ലോകമറിയുന്ന മലയാള സംവിധായകന്‍ രചിച്ച് സൂപ്പര്‍താരം അഭിനയിച്ച ഭേദപ്പെട്ടൊരു സിനിമയുടെ ഗതിയാണ്.മലയാളത്തില്‍ മാറ്റങ്ങളുണ്ടാവുന്നില്ല എന്നു മുറവിളികൂട്ടുന്നവര്‍ ഈ സിനിമ കാണാതെപോവുമ്പോള്‍ അവരുടെ മുറവിളി അര്‍ഥമില്ലാത്ത മലര്‍ന്നുകിടന്നു തുപ്പലാണെന്നു പറയാതിരിക്കുന്നതെങ്ങനെ?

Sunday, July 25, 2010

ബാലസാഹിത്യത്തിന്റെ നിഴല്‍രാഗം


ബാലസാഹിത്യത്തിന് ഒരു കുഴപ്പമുണ്ട്. അത്, ലോകമെമ്പാടും പണംവാരിയ ഹാരിപോട്ടറായാലും ശരി, കുട്ടികള്‍ക്കു വേണ്ടി എന്ന നിലയ്ക്ക്, അവര്‍ ഇതൊക്കെയാവും ഇഷ്ടപ്പെടുക എന്ന മുന്‍വിധിയോടെ പ്രായത്തില്‍ മൂത്തവര്‍, ചിലപ്പോള്‍ മുതുമുത്തച്ഛന്മാരാവാന്‍ പ്രായമുള്ളവര്‍ എഴുതുന്ന സാഹിത്യമായിരിക്കും അത്. ലോകമെമ്പാടുമുള്ള ബാലസാഹിത്യത്തിന്റെയും ബാലസിനിമകളുടെയും പ്രധാന പരിമിതിയും പരിധിയുമാണിത്. മലയാളസിനിമയുടെ കാര്യത്തില്‍ ഇപ്പോള്‍ യുവ പ്രേക്ഷകരുടെ ഗതി ബാലവായനക്കാരുടെയും ബാലപ്രേക്ഷകരുടെയും പോലെയാണ്. കാരണം അവര്‍ക്ക് ഇഷ്ടമാവുന്നത് എന്ന മുന്‍വിധിയോടെ, നിര്‍ബന്ധിതവിരമിക്കല്‍ ഇല്ലാത്ത ചലച്ചിത്രരംഗത്തെ മുടിചൂടാമന്നന്മാര്‍ എടുത്തു വയ്ക്കുന്നത് ദഹിച്ചോണം എന്നാണവസ്ഥ. അതുണ്ടാക്കുന്ന ദഹനക്കേടാണ് പലപ്പോഴും അതിര്‍ത്തി കടന്നെത്തുന്ന തമിഴ് -ഹിന്ദി സിനിമകളിലേക്ക് കയ്യും മെയ്യും മറന്ന് അവരെ ആകര്‍ഷിക്കുന്നതും. അതുകൊണ്ടുതന്നെയാണ് ഏറെ വ്യത്യസ്തം എന്ന പ്രചാരണത്തോടെ പുറത്തിറങ്ങുന്നതില്‍ പകുതിയിലേറെ സിനിമകളും നമ്മുടെ സമകാലികയുവത്വം തിരിഞ്ഞുനോക്കാതെ പെട്ടിയിലടയ്ക്കപ്പെട്ട ഡ്രാക്കുളയുടെ അവസ്ഥയിലാവുന്നതും.
ഇത്ര നീണ്ട മുഖവുര വേണ്ട സിബി മലയിലിന്റെ അപൂര്‍വരാഗം എന്ന സിനിമയെ വിലയിരുത്താന്‍ എന്നറിയാം. പക്ഷേ പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ക്യാമ്പസിനുവേണ്ടത് നിറം പോലെ ഒരു സിനിമയാണെന്നു തെറ്റിദ്ധരിച്ച, യുവാക്കള്‍ക്ക് വേണ്ടത് മിന്നാമിന്നിക്കൂട്ടമാണെന്നു ധരിച്ചുവശായ കമലിന്റെ കൂടെച്ചേരുകയാണോ സിബി മലയിലും എന്നൊരു സംശയം. മനോഹരമായ ടേക്കിംഗ്‌സ്. നല്ല ദൃശ്യപരിചരണം, സമീപനം. സിനിമാഭാഷയില്‍ പറഞ്ഞാല്‍ കള്ളര്‍ഫുള്‍. പക്ഷേ, ഉള്‍ക്കാമ്പു നോക്കിയാല്‍ കൊട്ടത്തേങ്ങയല്ലേ എന്നൊരു സംശയം ബാക്കി. പുതുമയ്ക്കു വേണ്ടി പുതുമ അവതരിപ്പിക്കുന്നതില്‍ അര്‍ഥമുണ്ടോ? അല്ലെങ്കില്‍ തന്നെ ഇതില്‍ പുതുമയെന്താണ്? താരനിരയിലെ യുവത്വമാണെങ്കില്‍, പ്രധാനപ്പെട്ട മൂന്നു നായകന്മാരും ശ്യാമപ്രസാദിന്റെ ഋതുവിലൂടെ കഴിവുതെളിയിച്ചവര്‍. നായിക, ആകാശഗോപുരത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലിനെപ്പോലും നിഷ്പ്രഭയാക്കിയവള്‍. ദൃശ്യപരിചരണത്തില്‍ അജയന്‍ വിന്‍സന്റും സന്നിവേശകന്‍ ബജിത് പാലും കാഴ്ചവച്ച യൗവനം, അത് അവരുടെ മാത്രം ക്രെഡിറ്റേ ആവുന്നുള്ളൂ. കൊള്ളയും കൊലയും വിട്ട് യുവത്വത്തിനൊരു പ്രതീക്ഷയും ജീവിതത്തോടില്ലെന്നാണോ ആധുനിക റോബിന്‍ഹുഡുകള്‍ പറയുന്നത്? കുറ്റം പറയരുതല്ലോ, കറന്‍സി, റോബിന്‍ഹുഡ്, ഇപ്പോള്‍ അപൂര്‍വരാഗം ഒക്കെ നല്‍കുന്ന സന്ദേശം അങ്ങനെയാണ്. ലൗ ജിഹാദും, പോപ്പുലര്‍ ഫ്രണ്ടുമൊക്കെയായി ഒരു കിടിലന്‍ സിനിമ! അതാണോ അപൂര്‍വരാഗം.
ഏതായാലും, സംഗീത സംവിധായകന്‍ ബിജിപാലിനോടും യുവനടന്‍ ആസിഫ് അലിയോടും ഒരു വാക്ക്. ക്യാംപസ് എന്നും യുവത്വം എന്നും കേട്ടാലുടന്‍ 'ഇനിയും പുന്നകൈ' പാട്ടിന്റെ ബി.ജി.എമ്മില്‍ ഹാരിസ് ജയരാജ് പകര്‍ത്തിവച്ച ഇലക്ട്രിക് ഗിറ്റാറിന്റെ ചെകിടടപ്പിക്കുന്ന ബീറ്റിനെ വെറുതെ വിടണം. സുന്ദരവില്ലനെ ടൈപ്പാക്കി ആസിഫ് കരിയര്‍ നശിപ്പിക്കുകയുമരുത്. കാരണം നിങ്ങളെയൊക്കെ ഇനിയും ഞങ്ങള്‍ക്ക് ഏറെ കാണേണ്ടതും കേള്‍ക്കേണ്ടതുമാണ്.

മമ്മീ ആന്‍ഡ് മീ വ്യത്യസ്തമാകുന്നത്...

നീണ്ട ടേക്കുകള്‍. ടിവി ഭാഷ. സോദ്ദേശ്യ പ്രഭാഷണങ്ങള്‍. എന്നിട്ടും മമ്മി ആന്‍ഡ് മീ വമ്പന്‍ ഹിറ്റായതെന്തുകൊണ്ട് എന്നാരാഞ്ഞൊടുവില്‍ ഉത്തരം കിട്ടി. മമ്മി ആന്‍ഡ് മീ അതിന്റെ ഉള്ളടക്കത്തെയും അവതരണശൈലിയെയും എല്ലാം പിന്നിലാക്കി വലിയൊരു ധൈര്യം പ്രകടിപ്പിക്കുന്നുണ്ട്. സൂപ്പര്‍ താരങ്ങളെ ഒഴിവാക്കിക്കൊണ്ടാണ് ആ ധീരത എന്ന് ജിത്തു ജോസഫിന് അവകാശപ്പെടാനാവില്ല, പൂര്‍ണമായി. കാരണം ശബ്ദം കൊണ്ടും അവസാനരംഗത്തെങ്കിലും രൂപം കൊണ്ടും സുരേഷ് ഗോപി എന്ന താരത്തിന്റെ സാന്നിദ്ധ്യവും കുഞ്ചാക്കോ ബോബനെപ്പോലുള്ള മുഖ്യധാരാ താരങ്ങളെയും മാറ്റിനിര്‍ത്തിയിട്ടില്ല അദ്ദേഹം. എന്നാല്‍ മമ്മി ആന്‍ഡ് മീ യുടെ രചയിതാവും നിര്‍്മ്മാതാവും തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്ന മറ്റൊരു കാര്യമുണ്ട്. അതാണ് അതിപ്രധാനം. അതായത്, വെഞ്ഞാറമ്മൂട്ടിലെ കൂതറ തമാശകളില്ലാതെ ഒരു കൊച്ചു സിനിമയ്ക്കു വിജയിക്കാനാകും എന്നു കാട്ടിത്തന്നതിന് മലയാള പ്രേക്ഷകര്‍ ജിത്തു ജോസഫ് എന്ന യുവാവിനോടു കടപ്പെട്ടിരിക്കുന്നു. മുന്‍നിര സംവിധായകര്‍ക്കുപോലുമില്ലാത്ത ചങ്കൂറ്റമാണിതെന്നു പറയാതെ വയ്യ.