സാന്‍യോസ(സാന്‍ ഫ്രാന്‍സിസ്‌കോ): അമേരിക്കയിലെത്തുന്ന ലോക വിനോദസഞ്ചാരികള്‍ ഏറ്റവും കൂടിതല്‍ കണ്ടാസ്വദി ക്കാനാഗ്രഹിക്കുന്ന സാന്‍ ഫ്രാന്‍സിസ്‌കോയിലെ വിശ്വപ്രശസ്തമായ ഗോള്‍ഡണ്‍ ഗേറ്റ് തൂക്കുപാലത്തിന് മെയ് 27 ന് 75 വയസ്സ്. നാടിനു വിശ്വപ്രസിദ്ധി നേടിക്കൊടുത്ത് ഇന്നും വാസ്തുശില്‍പ വിസ്മയമായി നിലനില്‍ക്കുന്ന പാലത്തിന്റെ പഌറ്റിനം ജൂബിലി ഒരു വര്‍ഷം നീണ്ട പരിപാടികളോടെ ആഘോഷിക്കാനാണ് നഗരസഭയും പാലം സംരക്ഷണസമിതിയും കൂടി തയാറെടുക്കുന്നത്.
മെയ് 27ന് ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന കലാപ്രകടനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ആറുമണിക്ക് പാലം വഴി ഗതാഗതം നിര്‍ത്തിവയ്ക്കും. പിറ്റേന്ന് രാവിലെ വന്‍ കരിമരുന്നു പ്രയോഗം വരെ നീളുന്ന പിറന്നാളാഘോഷങ്ങള്‍ പാലത്തിനോടു ചുറ്റുമുള്ള പല കേന്ദ്രങ്ങളിലായി അരങ്ങേറുന്ന വര്‍ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ മാറ്റുകൂട്ടും.
നിര്‍മാണം പൂര്‍ത്തിയായകാലത്ത് ലോകത്തെ ഏറ്റവും നീളമുള്ള തൂക്കുപാലമായിരുന്നു ഗോള്‍ഡണ്‍ ഗേറ്റ്.1964ല്‍ ന്യൂയോര്‍ക്കിലെ വെരസാനോ-നാരോസ് പാലം വരുന്നതോടെയാണ് ഗോള്‍ഡണ്‍ ഗേറ്റിന് ആ പദവി നഷ്ടപ്പെടുന്നത്.ലോകത്തെ ഏറ്റവും വലിയ ആറു തൂക്കുപാലങ്ങളിലൊന്നാണിതിപ്പോള്‍2.7 കിലോമീറ്റര്‍ നീളവും 746 അടി ഉയരവും 90 അടി വീതിയുമുള്ള പാലത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ 4200 അടി നീളമുള്ള സ്പാനാണ്. ലോകത്തേറ്റവും നീളമുള്ള സ്പാനാണിത്.ഓരോ ടവറിലും ആറു ലക്ഷം റിവറ്റുകളെങ്കിലും വച്ചാണ് പാലം ഘടിപ്പിച്ചിരിക്കുന്നത്89500 ടണ്‍ ആണ് ഭാരം. 24000 ടണ്‍ ഉരുക്കുപയോഗിച്ച് നിര്‍മിച്ച പാലത്തിന്റെ തൂക്കുക്കയറുകള്‍, ഭാരം കയറുന്നതിനനുസരിച്ചും കാലാവസ്ഥയ്ക്കനുസരിച്ചും ആറടിയോളം കുറുകുകയും അയയുകയും ചെയ്യുന്നുണ്ടെന്നാണ് കണക്ക്.1989ലെ ലോമ പ്രിറ്റ ഭൂകമ്പത്തില്‍ ഭാഗികമായി ക്ഷതമേറ്റ പാലത്തെ ഭുകമ്പവിരുദ്ധമായി പുനര്‍ക്രമീകരിച്ചതോടെ ഭാവി ഭൂകമ്പങ്ങളില്‍ നിന്ന് സംരക്ഷിക്കുകയായിരുന്നു.
ചീഫ് എന്‍ജിനീയര്‍ ജോസഫ് സ്ട്രാസിന്റെ നേതൃത്വത്തില്‍ 1933ല്‍ നിര്‍മാണമാരംഭിച്ചപ്പോള്‍, ഒട്ടേറെ വിമര്‍ശനങ്ങളും നിയമനടപടികളുമാണ് സുവര്‍ണകവാടത്തിനു നേരിടേണ്ടി വന്നത്. കടുത്ത കാലാവസ്ഥാവ്യതിയാനങ്ങളെയും ഭുചലനങ്ങളെയും കടല്‍സമ്മര്‍ദ്ദങ്ങളെയും അതിജീവിക്കാന്‍ പാലത്തിനാവില്ലെന്നതായിരുന്നു ആക്ഷേപം. എന്നാല്‍ അവയെല്ലാം അതിജീവിച്ച് 75 വര്‍ഷത്തിനിപ്പുറവും പാലം ഇരുമ്പില്‍ തീര്‍ത്ത അദ്ഭുതങ്ങളില്‍ ഒന്നായി നിലനില്‍ക്കുന്നു. കപ്പല്‍ ചാലിലായതിനാല്‍, കടുത്ത കോടമഞ്ഞിലും ദൃശ്യഗോചരമാവാന്‍ കറുപ്പും മഞ്ഞയുമിടകലര്‍ന്ന ചായം നല്‍കാനായിരുന്നു പെയിന്റിംഗിന്റെ ചുമതലയേറ്റ യു.എസ് സേനയിലെയും വ്യോമസേനയിലെയും വിദഗ്ധര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ പാലത്തിന്റെ ഏസ്തറ്റിക് ആര്‍ക്കിടെക്ടായിരുന്ന ഇര്‍വിംഗ് മോറോയുടെ നിര്‍ദ്ദേശാനുസരണമാണ് ഇന്നു കാണുന്ന കുങ്കുമവര്‍ണം നിശ്ചയിച്ചത്.
കരയേയും സാന്‍ ഫ്രാന്‍സിസ്‌കോ മുനമ്പിനെയും ബന്ധിപ്പിക്കുന്ന പാലത്തിന് ഗോള്‍ഡണ്‍ ഗേറ്റ് എന്ന പേരു കിട്ടുന്നത് പസിഫിക്ക് സമുദ്രത്തില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള പ്രവേശനദ്വാരത്തിന്റെ സ്മരണാര്‍ത്ഥമാണ്.
സഞ്ചാരികള്‍ക്കുമാത്രമല്ല,ചലച്ചിത്രനിര്‍മാതാക്കളുടെയും ഇഷ്ടലൊക്കേഷനാണ് ഗോള്‍ഡണ്‍ ഗേറ്റ് പാലം. ഹിച്ച്‌കോക്കിന്റെ വെര്‍ട്ടിഗോയിലെ നായകനും നായികയും തമ്മില്‍ കാണുന്നത് ഈ പാലത്തിന്റെ പശ്ചാത്തലത്തിലാണ്. സ്റ്റാര്‍ട്രെക്ക് തുടങ്ങിയ സിനിമകളിലും ഈ പാലം പ്രമുഖ ലൊക്കേഷനായിരുന്നു.