Tuesday, February 14, 2012

ചുക്കു ചുക്കു അമ്മാവന്‍.

അന്ന്  തിരുവനന്തപുരത്ത് റയില്‍വേ ബ്രോഡ്ഗേജായിട്ടില്ല. മീറ്റര്‍ഗേജില്‍ കരിവണ്ടിയാണ്. എല്ലാ വര്‍ഷവും ഏതെല്ലാമോ മാസങ്ങളില്‍ മുടങ്ങാതെ എത്തുന്ന ഒരു അതിഥിയുണ്ടായിരുന്നു ഞങ്ങളുടെ കുടുംബത്തില്‍. തിരുവനന്തപുരത്തു തന്നെ, പനവിളയിലുള്ള എന്റെ വീട്ടില്‍ നിന്ന് അഞ്ചാറു കിലോമീറ്ററകലെ പള്ളിയടക്കമുക്കിനരികില്‍ പുന്നപുരത്തെ പഴയ നാലുകെട്ടുവീട്ടില്‍ താമസിക്കുന്ന, അമ്മയുടെ അമ്മാവന്റെ മകന്‍. അവിടെ അവരുടെ കുടുംബവീട്ടില്‍, എന്റെ എനിക്ക്ഓ ര്‍മ്മയുള്ളപ്പോഴെ തളര്‍ന്നു കിടക്കുന്ന അമ്മയേയും കുഞ്ഞമ്മയേയും സംരക്ഷിച്ചുകൊണ്ടു കഴിയുന്ന സഹോദരിയുടെയും ഭര്‍ത്താവിന്റെയും മകളുടെയും അരികിലേക്ക് വര്‍ഷം തെറ്റാതെ എത്തിക്കൊണ്ടിരുന്ന ആള്‍. സഫാരി സ്യൂട്ടണിഞ്ഞ് ചുണ്ടില്‍ പൈപ്പും, മുഖക്കണ്ണാടിക്കുമേല്‍ കൂളിംഗ് ഗല്‍സുമൊക്കെയായി ക്ളീന്‍ഷേവ് ചെയ്ത തനി സായ്പ്പ്. പഴയ ബോംബെയില്‍ വിമാനമിറങ്ങി, ട്രെയിന്‍ മാര്‍ഗ്ഗം തിരുവനന്തപുരത്തെത്തുന്നതുകൊണ്ട്, ചിലപ്പോഴെല്ലാം യാത്രയയ്ക്കാന്‍ പോയിട്ടുളളതുകൊണ്ടും അദ്ദേഹം എനിക്കു ചുക്കുചുക്കു അമ്മാവന്‍ ആയിരുന്നു. തീവണ്ടിക്ക് ഏതൊരു തുടക്കക്കാരനും സംസാരിച്ചു തുടങ്ങുമ്പോള്‍ പറയുന്നപേരായിരിക്കാം ചുക്കുചുക്കുവണ്ടി. അങ്ങനെ ചുക്കു ചുക്കു വണ്ടിയില്‍ വന്നിരുന്നതുകൊണ്ടും പോയതുകൊണ്ടും ചുക്കുചുക്കു അമ്മാവന്‍. ഹോങ് കോങില്‍നിന്നു വന്നതുകൊണ്ട് പിന്നീടദ്ദേഹം എനിക്കു ഹോങ്കോങ് അമ്മാവന്‍ ആയി. 

തിരിച്ചറിവകുന്ന കാലംവരെയും അദ്ദേഹം ആരാണെന്നോ, അദ്ദേഹത്തിന്റെ മഹത്വമെന്തെന്നോ എനിക്കറിയില്ലായിരുന്നു. വളര്‍ന്നപ്പോള്‍, അമ്മുമ്മ വിളിക്കുന്നതുഅപ്പൂ എന്നു വിളിക്കുന്നതു കേട്ട് ഞാനത് അപ്പുവമ്മാവന്‍ എന്നാക്കി. പിന്നീട് എപ്പോഴോ ആണ്, പരമേശ്വരന്‍ നായര്‍ അഥവാ ആര്‍.പി.നായര്‍ എന്നാണ് അമ്മാവന്റെ യഥാര്‍ഥ പേര് എന്നുപോലും മനസ്സിലായത്. ഏറെ കൂട്ടുകാരുള്ള ആളായിരുന്നു ചുക്കുചുക്കു അമ്മാവന്‍. നാട്ടിലെത്തിയാല്‍ വീട്ടിലെപ്പോഴും കൂട്ടുകാരായിരിക്കും.വീടിന്റെ ചാവടിയില്‍ അവരുടെ സംസാരവും ബഹളവും...അല്‍പസ്വല്‍പം സേവയും...

കുട്ടിയായ എന്നോട് അതിരറ്റ വാത്സല്യമായിരുന്നു അമ്മാവന്. ഒരുപക്ഷേ അവിവാഹിതനായതുകൊണ്ടും, അത്രയധികം ബന്ധുക്കള്‍ തൊട്ടടുത്തില്ലാത്തതുകൊണ്ടുമെല്ലാമാവണം, പിതാവു വഴിയുള്ള ബന്ധമായിട്ടുകൂടി അമ്മയേയും എന്നെയുമെല്ലാം വലിയ കാര്യമായിരുന്നു അദ്ദേഹത്തിന്. വരുമ്പോഴെല്ലാം കൈനിറയേ സമ്മാനങ്ങള്‍കൊണ്ടുത്തരും. ഗള്‍ഫ് പ്രവാസം കൂണുപോലെ മുളച്ചുപൊന്തിയിട്ടില്ലാത്ത കാലമാണ്. വിദേശത്തുനിന്നു വരുന്ന അമ്മാവന്‍ സമ്മാനിച്ച കൗതുകങ്ങളായ കുഞ്ഞുകുഞ്ഞുസമ്മാനങ്ങള്‍ പോലും കല്‍സില്‍ എനിക്കു പ്രത്യേക സ്ഥാനം തന്നെ നല്‍കി. അന്നൊന്നും കണ്ടുശീലമില്ലാത്ത, സെല്‍ഫ് എംബ്രോയ്ഡറി ചെയ്ത ഇളംവെള്ള ചൈനീസ്ഷര്‍ട്ട്, വാസന റബര്‍, ബാറ്ററിയിലോടുന്ന വെളളി തീവണ്ടി...അങ്ങനെയങ്ങനെ... 

അപ്പുവമ്മാവന്‍ ഒരത്ഭുതം തന്നെയായിരുന്നു.നെഹ്രുവിന്റെ ഛായയായിരുന്നു അമ്മാവന്.കുളികഴിഞ്ഞാല്‍ വാസന പൗഡറിട്ട്, രൂക്ഷഗന്ധമുളള അത്തറുപൂശി, ബാക്കിയുള്ള കുറച്ച് നരച്ച തലമുടി ഹെയര്‍ക്രീമിട്ടു ചീകിയൊതുക്കി, ചുണ്ടില്‍ തിരുകിയബ്രൗണ്‍പൈപ്പില്‍ പായ്ക്കറ്റില്‍ നിന്നു പുകയിലനുറുക്കെടുത്തു പ്രത്യേകശൈലിയില്‍ തിരുകി, തീപ്പെട്ടിയുരച്ച് ഊതിയൂതി കത്തിച്ചു വലിക്കുന്ന അമ്മാവന്‍ ഒരു കാഴ്ചതന്നെ.അടുത്തുവരുമ്പോഴെ പൗഡറും വാസനത്തൈലവും ആഫ്റ്റര്‍ഷേവും ഹെയര്‍ക്രീമുമെല്ലാം ചേര്‍ന്ന ഒരു ഗന്ധര്‍വഗന്ധം.പായ്ക്കപ്പലിന്റെ ചിത്രമുള്ള വെളുത്ത്ഭാരമേറിയ ഒരു തരം കുപ്പിപ്പാത്രത്തില്‍ നിന്ന് തുള്ളിത്തുള്ളിയായി പുറത്തുവരുന്ന, പെട്ടെന്ന് ആവിയായിപ്പോകുന്ന ഒരുതരം ദ്രാവകം ഞാന്‍ ആദ്യമായി കാണുന്നത്അപ്പുവമ്മാവന്റെ 
മുറിയിലെ മേശയില്‍ നിന്നായിരുന്നു.ഓള്‍ഡ് സ്പൈസ് എന്നായിരുന്നു ആ കുപ്പിയിലെഴുതിയിരുന്നത്.

തലഭാഗവും വാല്‍ ഭാഗവും ഇളക്കിമാറ്റാവുന്ന പൈപ്പ് എന്ന പുകവലിയന്ത്രം തന്നെ ഒരു അത്ഭുതമായിരുന്നു എനിക്ക്. അതിളക്കി പരിശോധനയാണ് അമ്മാവനോടൊപ്പംകഴിയുന്ന സമയങ്ങളില്‍ എന്റെ മുഖ്യവിനോദം. ചില പൈപ്പുകളുടെ തലയ്ക്ക് ഡിസൈനുകളുള്ള പുറംതോടാണ്. ചിലതിന്റെ അഗ്രം വെള്ളികെട്ടിയതാവും...ചുണ്ടിന്റെ കോണിലൊളിപ്പിച്ച ഒരു ചെറുപുഞ്ചിരിയോടെയേ അപ്പുവമ്മാന്‍ സംസാരിച്ചു കണ്ടിട്ടുള്ളൂ, ആരോടും. നല്ല ബാസുള്ള മുഴങ്ങുന്ന ശബ്ദം. അതിഥികളില്ലാതിരിക്കുമ്പോള്‍ കനപ്പെട്ട എന്തെല്ലാമോ പ്രസിദ്ധീകരണങ്ങളും പത്രവും വായിച്ചുകൊണ്ടേയിരിക്കും അപ്പുവമ്മാവന്‍. 

ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ അപ്പുവമ്മാവന്‍ കൊണ്ടുവന്ന കൗതുകവസ്തു വലിയൊരത്ഭുതമായിരുന്നു ഏതോ വിദേശത്ത് അപ്പുവമ്മാന്‍ കോട്ടും സ്യൂട്ടുമണിഞ്ഞുനില്‍ക്കുന്ന വര്‍ണചിത്രം ആലേഖനം ചെയ്ത ഒരു കുഞ്ഞുപിഞ്ഞാണപ്പാത്രം. സവിശേഷമായൊരു പല്‍സ്റ്റിക് മുക്കാലിയില്‍ ആ പാത്രം ചെരിച്ചുനിര്‍ത്താം. ആ ഫോട്ടോ പതിച്ച പാത്രം ഇപ്പോഴും ശ്യാമളച്ചേച്ചിയുടെ ഷോ കെയ്സില്‍ കാണും.

സത്യത്തില്‍ പത്താം ക്ളാസില്‍ പഠിക്കുമ്പോഴാണ് എന്റെ അപ്പുവമ്മാവന്‍ ശരിക്കും ആരാണെന്നു ഞാന്‍ മനസ്സിലാക്കുന്നത്. അന്തംവിടീക്കുന്ന തിരിച്ചറിവായിരുന്നത്. ആള്‍ ചെറിയപുള്ളിയൊന്നുമല്ല. നാട്ടില്‍ വരുമ്പോള്‍ കൂട്ടിനെത്തുന്ന ചങ്ങാതികളും വലിയപുള്ളികളാണെന്ന് അന്നാണു മനസ്സിലായത്.

അറുപതുകളിലെയും എഴുപതുകളിലെയും ഡല്‍ഹിയില്‍ മലയാളികളുടെ അത്താണിയായിരുന്ന പത്രപ്രവര്‍ത്തകന്‍ ആര്‍.പി.നായര്‍ ആയിരുന്നു അപ്പുവമ്മാവന്‍. 'നായര്‍സാബ്' എന്ന് ഡല്‍ഹി മലയാളികള്‍ക്ക് സ്നേഹത്തണലായിത്തീര്‍ന്ന പത്രപ്രവര്‍ത്തകന്‍. ശങ്കേഴ്സ് വീക്ക്ലിയുടെ ജീവാത്മാവും പരമാത്മാവും. ഇന്ത്യ കണ്ട എത്രയോ മികച്ച കാര്‍ട്ടൂണിസ്റ്റുകളെയും എഴുത്തുകാരെയും മലയാളമണ്ണില്‍ നിന്നു കൈപിടിച്ചുയര്‍ത്തി ശങ്കേഴ്സ് വീക്ക്ലിയിലൂടെ ആഗോളപ്രശസ്തരാക്കിയ കിങ്മേക്കര്‍. ശങ്കരപ്പിള്ള എന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ഹൃദയസൂക്ഷിപ്പുകാരന്‍....

അപ്പുവമ്മാവനോടുള്ള ബഹുമാനം, പില്‍ക്കാല പത്രപ്രവര്‍ത്തന ജീവിതത്തില്‍പലരില്‍ നിന്നും നേരിട്ടു കേട്ടറിയാനായപ്പോഴാണ് ആ സാര്‍ഥകജീവിതത്തിന്റെ വിലയെന്തെന്നു മനസ്സിലാക്കാനായത്. കലാകൗമുദിയുടെ, മലയാളം വാരികയുടെപത്രാധിപരായ എസ്.ജയചന്ദ്രന്‍ നായര്‍ സാറിന് എന്നോടുള്ള പരിഗണന ഞാന്‍ ആര്‍.പി.നായരുടെ ബന്ധുവാണ് എന്നുള്ളതായിരുന്നു. എന്നോടൊപ്പം ജോലിചെയ്യുന്നകാലത്ത് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ സാറിന് എന്നോട് അടുപ്പം തോന്നാന്‍ കാരണവും നായര്‍സാബ് ആയിരുന്നു.അമ്മാവന്‍ ഒഴിവിനു വരുമ്പോള്‍ ചങ്ങാത്തം കൂടാറുണ്ടായിരുന്നവരില്‍ ചിലരുടെ പേരുകള്‍ എടത്തട്ട നാരായണന്‍, എം.പി.നാരായണപിള്ള, പി. ഗോവിന്ദപ്പിള്ള, പി.കെ.വി., നരേന്ദ്രന്‍എന്നെല്ലാമായിരുന്നുവെന്നത്് ഒരുള്‍ക്കുളിരോടെ മാത്രമേ ഓര്‍മിക്കനാകൂ. പിന്നീട് പ്രീ ഡിഗ്രിക്കു പഠിക്കേേുമ്പാള്‍ കലാകൗമുദിയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ഒ.വി.വിജയന്റെ പ്രവാചകന്റെ വഴി വായിക്കുമ്പോഴാണ്, അതിലെ ഡല്‍ഹി പത്രപ്രവവര്‍ത്തകനായ നായര്‍സാബില്‍ അപ്പുവമ്മാവന്റെ ഛായ മണക്കുന്നത്. അമ്മാവന്റെസഹോദരി, ഞാന്‍ ശ്യാമളച്ചേച്ചി എന്നു വിളിക്കുന്ന എന്റെ ചിറ്റയുമായോട് അന്വേഷിച്ചപ്പോള്‍ ഒരു ചിരിയോടെ അവരാണു പറഞ്ഞത്-ശരിയാ, ആ നായര്‍സാബ്‌നമ്മുടെ അപ്പുച്ചേട്ടന്‍ തന്നെ! അപ്പുവമ്മാവന്റെ ശങ്കേഴ്സ് ദിനങ്ങളാണ് വിജയന്‍ നോവലില്‍ വരഞ്ഞിട്ടത്. അമ്മാവന്‍ സായാഹ്ന സവാരിക്കിറങ്ങിയിരുന്ന കാറിന്റെ ഡ്രൈവര്‍ നോവലിലേതുപോലെ ഒരു പഞ്ചാബി സിങ് ആയിരുന്നുവെന്ന് ശ്യാമളച്ചേച്ചിയുടെ ഭര്‍ത്താവും യൂണിവേഴ്സിറ്റി രജിസ്ട്രാറുമായിരുന്ന പരമേശ്വരന്‍നായരമ്മാവനും ഓര്‍ത്തെടുത്തു. നമ്പൂതിരിയുടെ വരയിലൂടെ പുനര്‍ജ്ജനിച്ച അപ്പുവമ്മാവനെ നോക്കി ഞാന്‍ അഭിമാനിച്ചിട്ടുണ്ട്.ഇതൊക്കെ ചെന്നു പറയുമ്പോള്‍ ഒപ്പംപഠിക്കുന്ന, ഒപ്പം വായിക്കുന്ന ചങ്ങാതി സഹാനിക്കും മറ്റും അല്പം വിശ്വാസക്കുറവും അത്ഭുതവും. അതുകാണുമ്പോള്‍ എനിക്ക് ഉള്ളില്‍ ചിരിയും! 

മലയാള പത്രപ്രവര്ത്തന അതികായറില്‍ ഒരാളായ ശ്രീ.ടി.ജെ എസ. ജോര്‍ജ്ജിന്റെ ആത്മകഥാക്കുറിപ്പുകള്‍ ആയ ഘോഷയാത്രയിലാണ് അപ്പു അമ്മാവനെ ഞാന്‍ പിന്നീറ്റ് കാണുന്നത്. ആര്‍.പി.നായര്‍ എന്ന പ്രതിഭയെ വളരെ നന്നായി വാങ്ങ്മായ ചിത്രമായി വരച്ചിട്ടുണ്ട് ജോര്‍ജ്ജ് സര്‍.

ശങ്കേഴ്സ് വീക്ക്ലി നിര്‍ത്തുംവരെയും അതില്‍ തുടര്‍ന്നെങ്കിലും അപ്പുവമ്മാവനോട് അവസാനകാലത്ത് ശങ്കറിന് ലേശം നീരസമുണ്ടായിരുന്നതായി അമ്മയും മറ്റുംഅടക്കംപറഞ്ഞുകേട്ടിട്ടുണ്ട്. അതിനുള്ള കാരണവും അവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. അപ്പുവമ്മാവന്  ശങ്കറിന്റെ മകളെ കല്യാണം കഴിക്കണമെന്നായിരുന്നു. ഏതായാലും പില്‍ക്കാലത്തും ഒറ്റയാനായി കഴിയാനായിരുന്നു അപ്പുവമ്മാവന്‍ തീരുമാനിച്ചുറച്ചത്. (ശങ്കറിന്റെ മകളും കല്യാണം കഴിച്ചില്ല) 

ശങ്കേഴ്സില്‍ നിന്നാണ് ഹോങ്കോങ്ങിലേക്കു പറന്നത്. ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യു ഒക്കെ പച്ചപിടിച്ച കാലമായിരുന്നു അതെന്നുതോന്നുന്നു. പിന്നീട് അവിടെ തന്നെ ഏതോ ഒരു മെഡിക്കല്‍ ജേണലിന്റെ തലപ്പത്തായിരുന്നു അദ്ദേഹം ഏറെവര്‍ഷം.വിരമിച്ച ശേഷവും അധികവുംതിരുവനന്തപുരത്തായിരുന്നില്ല.

എന്നാല്‍ കടുത്ത ഡിപ്രഷനിലായിരുന്നു അപ്പുവമ്മാവന്റെ അന്ത്യം. തന്നെ കാര്‍ന്നു തിന്നുന്ന അര്‍ബുദത്തെപ്പറ്റി ഏതൊരു ഓങ്കോളജിസ്റ്റിനേയും കാള്‍ ആധികാരികമായിഅറിയാമായിരുന്നു ദീര്‍ഘകാലം മെഡിക്കല്‍ ജേണല്‍ എഡിറ്റ് ചെയ്തിരുന്ന അമ്മാവന്. അതദ്ദേഹം ആരോടും തുറന്നു പറഞ്ഞതുമില്ല. വിരമിച്ച ശേഷം ദീര്‍ഘമായ ഒരുകപ്പല്‍ യാത്ര. അതിനിടയില്‍ രോഗം രൂക്ഷമായി ഏതോ കരയില്‍...അവിടുന്ന് ഇന്ത്യയിലെത്തി മധുരയിലോ മറ്റോ ആരുമറിയാതെ ഒറ്റയ്ക്കൊരു ഹോട്ടല്‍ മുറിയില്‍.സഹോദരീ ഭര്‍ത്താവും മറ്റു സുഹൃത്തുക്കളും ചെന്ന് നിര്‍ബന്ധപൂര്‍വം വീട്ടിലേക്കു കൂട്ടിക്കൊണ്ടു വരുമ്പോഴേക്ക് രോഗം അതിന്റെ സര്‍വവേരുകളുംആര്‍ന്നിറക്കിക്കഴിഞ്ഞിരുന്നു ആ ശരീരത്തില്‍. വീട്ടിലെ ചാവടിയില്‍ ആരെയും കാണാനാഗ്രഹിക്കാതെ, വെളിച്ചത്തോടു പോലും ലോഹ്യം കൂടാതെ കഴിഞ്ഞ ഏതാനുംദിവസങ്ങള്‍. രോഗമന്വേഷിച്ച് ആരുമെത്തുന്നത് ഇഷ്ടമായിരുന്നില്ല അദ്ദേഹത്തിന്. ഒടുവില്‍ പി.ആര്‍.എസ് ആശുപത്രിയില്‍ കിടന്ന് അന്ത്യയാത്ര.

അന്ന് ആ വൈകുന്നേരം അപ്പുവമ്മാവന്റെ മരണമറിയിക്കാന്‍ ഒരു ചങ്ങാതിയുമൊത്ത് സ്‌കൂട്ടറില്‍ പോയി വരുംവഴി ഒരു ഓട്ടോറിക്ഷയുമായുള്ളകൂട്ടിയിടിയൊഴിവാക്കാന്‍ വെട്ടിച്ചപ്പോഴുണ്ടായ അപകടത്തില്‍ എന്റെ മുഖത്ത് രണ്ടു തുന്നല്‍. കീഴ്ത്താടി അനക്കാന്‍ വയ്യ. കാലിലും തുന്നലായി കിടപ്പിലായിപ്പോയഎനിക്ക് അവസാനമായി അദ്ദേഹത്തിന്റ മുഖമൊന്നു കാണാന്‍ കഴിയാത്തതിന്റെ നിരാശ ഇന്നും ബാക്കി.

തന്റെ രക്തത്തിലെ പത്രപ്രവര്‍ത്തനശീലത്തെ അടുത്ത തലമുറയിലേക്കു കൊളുത്തിവച്ചിട്ടാണ് അദ്ദേഹം യാത്രയായത് എന്നതും സുകൃതം. സഹോദരിയുടെ മകള്‍സേതുലക്ഷ്മി എസ്. നായര്‍ ദീര്‍ഘകാലം പി.ടി.ഐയുടെ ചെന്നൈ പ്രതിനിധിയായിരുന്നു. പിന്നീട് മാക്മിലന്‍ അടക്കം പല വന്‍ പ്രസാധകരോടുമൊപ്പം പ്രവര്‍ത്തിച്ചു.ശ്യാമളച്ചേച്ചി മരിച്ച ശേഷം മകളും ഭര്‍ത്താവും തിരുവനന്തപുരത്ത് ജഗതിയില്‍ ഫ്ളാറ്റ് വാങ്ങി താമസം മാറ്റി. അപ്പുവമ്മാവന്റെ മരണത്തോടെ തറവാട് വില്‍ക്കപ്പെട്ടു. ഇന്നത് ഏതോ ആയുര്‍വേദവൈദ്യശാലയുടെ സ്പാ റിസോര്‍ട്ടാണ്.

തിരിച്ചറിവിന്റെ പ്രായത്തിലൊന്നും പൂര്‍ണമായി മനസ്സിലാവാതിരുന്ന അപ്പുവമ്മാവന്റെ ജന്മാന്തര സ്വാധീനമായിരിക്കുമോ എന്നെയും പത്രപവര്‍ത്തനവഴിയില്‍സ്വയം നടത്തിച്ചത്, ആവോ? എന്നാലും അങ്ങനെ വിശ്വസിക്കുന്നതില്‍ വലിയൊരു ആശ്വാസമുണ്ട്, ആത്മവിശ്വാസമുണ്ട്. അപ്പോള്‍ അഭൗമമായ ആ വാസന, ആഫ്റ്റര്‍ഷേവ് ലോഷനും പൗഡറും വാസനത്തൈലവും കൂടിക്കുഴഞ്ഞ ആ ഗന്ധം എനിക്കനുഭ