Friday, March 23, 2018

felicitation@Mannadi Temple



നാട്ടില്‍ നിന്നും വീട്ടില്‍ നിന്നുമുള്ള അംഗീകാരങ്ങള്‍ക്ക് വിലയേറും. സംസ്ഥാന അവാര്‍ഡ് കിട്ടിയതറിഞ്ഞ് മുത്തച്ഛന്റെ കുടുംബക്ഷേത്രമായ കരമന പള്ളിത്താനം മണ്ണടി ഭവഗതിമഹാദേവക്ഷേത്രം ട്രസ്റ്റ് ചൊവ്വാഴ്ച (march 20 2018 ) ഉത്സവക്കൊടിയേറ്റം ഉദ്ഘാടനച്ചടങ്ങില്‍ നിര്‍ബന്ധപൂര്‍വം ക്ഷണിച്ച് ആദരിച്ചു. ഗൗരി പാര്‍വതിബായ് തമ്പുരാട്ടിയായിരുന്നു മുഖ്യാതിഥി. അമ്മ ജീവിച്ചിരുന്നെങ്കില്‍ സംസ്ഥാന അവാര്‍ഡുകള്‍ കിട്ടിയപ്പോഴത്തേതിനേക്കാളെല്ലാം ഈ ദിവസം സന്തോഷിച്ചേനെ. സങ്കടമതാണ്. എഴുത്തില്‍ മകന്റെ നേട്ടങ്ങള്‍ കാണാന്‍ അമ്മയും അച്ഛനും ഉണ്ടായില്ല. ഒരുപക്ഷേ അവരുടെ ആത്മാക്കളുടെ അനുഗ്രഹമായിരിക്കണം എനിക്കീ നേട്ടങ്ങള്‍ കൊണ്ടുവന്നെത്തിച്ചത്. നല്ലവരായ നാട്ടുകാര്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കും നന്ദി.


Saturday, March 17, 2018

കുഡോസ്, ക്രോസ് റോഡ്‌

വ്യക്തിപരമായ ചില അസൗകര്യങ്ങള്‍ കാരണം ഏറെ ആഗ്രഹമുണ്ടായിട്ടും റിലീസ് സമയത്തു കാണാന്‍സാധിക്കാതെ പോയ ചലച്ചിത്രസമാഹാരമായിരുന്നു ക്രോസ് റോഡ്‌. പ്രിയ സുഹൃത്തുക്കളായ പ്രദീപ് നായരും മധുപാലും സലിന്‍ മാങ്കുഴിയുമെല്ലാം ചെയ്ത സിനിമകളുടെ ചലച്ചിത്രദശകം.മിനിയാന്നാണ് അതിന്റെ ഡിവിഡി ഇറങ്ങിയത്. ഇന്നു കണ്ടുതീര്‍ത്തു. കുറ്റബോധത്തോടെ പറയട്ടെ, അന്നു തീയറ്ററില്‍ കാണാതെ പോയതിന്റെ നഷ്ടം എനിക്കു മാത്രമാണ്. ലെനിന്‍ രാജേന്ദ്രനും ശശിപരവൂരും അവിര റബേക്കയും ബാബുതിരുവല്ലയും നേമം പുഷ്പരാജും അശോക് ആര്‍ നാഥുമൊക്കെ ചേര്‍ന്നൊരുക്കിയ 10 ഗംഭീരചിത്രങ്ങള്‍. മലയാള സിനിമ മുന്നോട്ടു തന്നെയാണ്.അതു നേരായ പാതയിലുമാണ്.

Monday, March 12, 2018

വ്യത്യസ്തനായ സുരേന്ദ്രനാം ഇന്ദ്രന്‍സിനെ....!

രണ്ടു മൂന്നു ദിവസം കഴിഞ്ഞ് എഴുതാമെന്നു ബോധപൂര്‍വം തീരുമാനിച്ചതാണ്. സിനിമ/ടിവി നിരൂപണത്തിന് അഞ്ചു സംസ്ഥാന അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഇത്തവണത്തെ സംസ്ഥാന അവാര്‍ഡിന് ഒരു പ്രത്യേകതയുണ്ട്. എനിക്കു വ്യക്തിപരമായിക്കൂടി അടുപ്പമുള്ള നടന്‍ ഇന്ദ്രന്‍സിന് മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയതിനൊപ്പമാണ് എന്നുള്ളതാണത്.അവാര്‍ഡ് കിട്ടിയശേഷം ഞാന്‍ ഇന്ദ്രന്‍സിനെ വിളിച്ചിട്ടില്ല. നേരില്‍ കാണുമ്പോള്‍ സൗഹൃദംപുതുക്കുകയും സംസാരിക്കുകയും ചെയ്യുന്നതല്ലാതെ അങ്ങനെ എപ്പോഴും വിളിച്ചു സംസാരിക്കുന്ന ബന്ധവും ഞങ്ങള്‍തമ്മിലില്ല. പക്ഷേ ഞങ്ങളുടെ ബന്ധം തുടങ്ങുന്നത് 26 വര്‍ഷം മുമ്പാണ്. സുരേന്ദ്രന്‍ അന്ന് ചലച്ചിത്രവസ്ത്രാലങ്കാരകനാണ്. ടിവി സീരിയിലുകളില്‍ അഭിനയിച്ചു തുടങ്ങിയിരിക്കുന്നു.  

മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകപരിശീലനത്തിലായിരുന്നു ഞാനപ്പോള്‍. സിനിമ/ടിവി ഭ്രാന്ത് അന്നു ലേശം കൂടി കൂടുതലാണെങ്കിലേ ഉള്ളൂ. പത്രപ്രവര്‍ത്തകപരിശീലനപദ്ധതിയുടെ ഡയറക്ടറായി മാറിയ ശ്രീ കെ.ഉബൈദുള്ള എഡിറ്റോറിയല്‍/ടിവി പേജുകള്‍ കൈകാര്യം ചെയ്യുന്ന കാലം. ടിവി പേജ് തുടങ്ങിയിട്ട് അധികമായിട്ടില്ല. താരങ്ങളല്ലാത്ത താരങ്ങള്‍ എന്ന പേരില്‍ ദൂരദര്‍ശനിലെ വാര്‍ത്താവതാരകരെപരിചയപ്പെടുത്തിക്കൊണ്ട് ഞാനൊരു പരമ്പര തുടങ്ങി. ദൂരദര്‍ശന്‍ മാത്രമുള്ള കാലത്തെ സൂപ്പര്‍ ന്യൂസ് കാസ്റ്റേഴ്‌സിനെയെല്ലാം അവതരിപ്പിച്ച ആ പംക്തി നേടിയ ജനപ്രീതിയില്‍ അതുപോലെ മറ്റെന്തെങ്കിലും കൂടി എഴുതാമോ എന്ന് ഉബൈദ് സാര്‍ ആരാഞ്ഞു. അങ്ങനെയാണ് മിനിസ്‌ക്രീന്‍ താരങ്ങളെ പരിചയപ്പെടുത്തുന്ന മിനിസ്‌ക്രീനിലെ വെള്ളിനക്ഷത്രങ്ങള്‍ എന്ന പംക്തി തുടങ്ങുന്നത്. 

പരിശീലനക്കാലമാണ്. അന്നെഴുതുന്ന യാതൊന്നിനും ബൈലൈന്‍( ലേഖകന്റെ പേര്) വയ്ക്കില്ല. സ്വന്തം ലേഖകന്‍ അല്ലെങ്കില്‍ മറുപേര് അതുമല്ലെങ്കില്‍ ഇനിഷ്യല്‍. അങ്ങനെ ഈ രണ്ടു പരമ്പരകളുടെയും ലേഖകന്റെ പേരിന്റെ സ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത് മൂന്ന് ഇംഗ്‌ളീഷ് അക്ഷരങ്ങള്‍. എ.സി.എസ്. എ.ചന്ദ്രശേഖര്‍ എന്നതിന്റെ ആദ്യാക്ഷരങ്ങള്‍. ആ അക്ഷരത്രയത്തിനു പിന്നില്‍ ഞാനാണെന്നറിഞ്ഞവരേക്കാള്‍ അറിയാത്തവരാ യിരുന്നു അധികവും. അറിഞ്ഞവര്‍ പലരും ഇന്നും എന്നെ വിളിക്കുന്നത് എ.സി. അഥവാ എ.സി.എസ് എന്നൊക്കെത്തന്നെയാണ്. 

എഴുതുന്നതിന് പ്രത്യേകം കാശൊന്നും കിട്ടില്ല. യാത്രാപ്പടി പോലും. ഇഷ്ടം കൊണ്ട് ചെയ്യുന്നതാണ്. ചിത്രമൊക്കെ ചിലപ്പോള്‍ മനോരമ ബ്യൂറോകളിലെ പരിചയക്കാരായ ഫോട്ടോഗ്രാഫര്‍മാരോടു പറഞ്ഞെടുപ്പിക്കും. അല്ലെങ്കില്‍ അതത് ആളുകളോടു തന്നെ വാങ്ങിക്കും.ഏതായാലും മിനിസ്‌ക്രീനിലെ വെള്ളിനക്ഷത്രങ്ങള്‍ ഞാന്‍ വിചാരിച്ചതിനേക്കാള്‍ വായനക്കാരെ നേടി. ടിവിയില്‍ അന്നത്തെ മമ്മൂട്ടിയായ കുമരകം രഘുനാഥിനെയും മോഹന്‍ലാലായ രവിവള്ളത്തോളിനെയും ജഗന്നാഥനെയും ജഗന്നാഥവര്‍മ്മയേയും ശ്രീലതയേയുമൊക്കെ അവതരിപ്പിച്ചു കൊണ്ടാരംഭിച്ച പംക്തിയില്‍, അന്ന് ചെറിയ കോമഡി വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട സുരേന്ദ്രനെപ്പറ്റിയും ഒരു ലക്കം എഴുതി. മിനിസ്‌ക്രീനിലെ മാമൂക്കോയ എന്നായിരുന്നു തലക്കെട്ട്. അതിന് എന്നെ സഹായിച്ചത് ബന്ധുവും കളിത്തോഴനുമെല്ലാമായി ഷാഫിയാണ്. അന്ന് പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ താമസിച്ചിരുന്ന ക്യാമറാമാന്‍ വേണുവിന്റെയും ഷാഫിയുടെയുമൊക്കെ സൗഹൃദവലത്തിലുള്ള ആളായിരുന്നു സുരേന്ദ്രന്‍. കുമാരപുരത്തെ അദ്ദേഹത്തിന്റെ ടെയ്‌ലറിങ് ഷോപ്പിലായിരുന്നു അവരൊക്കെയും കുപ്പായം തുന്നിച്ചിരുന്നത്. സിനിമയില്‍ മാമൂക്കോയ അന്നു ചെയ്തിരുന്ന തരം വേഷങ്ങളാണ് ഇന്ദ്രന്‍സ് എന്ന പേരില്‍ സുരേന്ദ്രന്‍ അന്നു കയ്യാളിയിരുന്നത്. തമ്പാനൂരിലെ  തമ്പുരു (പഴയ വുഡ്‌ലന്‍ഡ്‌സ്) ഹോട്ടലില്‍ ചെന്നാണ് സുരേന്ദ്രനെ കാണുന്നത്. വസ്ത്രാലങ്കാരകന്റെ മുറിയില്‍ സ്വന്തം ജോലിയിലായിരുന്നു അദ്ദേഹം. പടം പിന്നീട് അദ്ദേഹം തന്നെ എത്തിച്ചു തന്നതാണ്. 

കൂടുതലൊന്നും എഴുതേണ്ട ആവശ്യമില്ല. മിനിസ്‌ക്രീനിലെ വെള്ളിനക്ഷത്രങ്ങളില്‍ ഇന്ദ്രന്‍സിനെപ്പറ്റി വന്ന ആ കുറിപ്പാണ് ഇതോടൊപ്പം. സുരേന്ദ്രനെ സംബന്ധിച്ച്, ഇന്ദ്രന്‍സിനെ സംബന്ധിച്ച് ഒരു മുഖ്യധാരാ പത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യ റൈറ്റപ്പ് ഇതാണ്. പ്രതിഭകളെ അവരുടെ നക്ഷത്രത്തിളക്കത്തില്‍ അംഗീകരിക്കുന്ന വരോടൊപ്പം കൂടുന്നതിനേക്കാള്‍ സന്തോഷം, അവരുടെ പ്രതിഭ ആദ്യം തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നതാണെന്ന വിശ്വാസക്കാരനാണു ഞാന്‍. അതുകൊണ്ടു തന്നെ 26 വര്‍ഷം മുമ്പെഴുതിയ ഈ വാചകങ്ങളെയോര്‍ത്ത് ഈ അവാര്‍ഡ് ലബ്ധിയില്‍ നില്‍ക്കുമ്പോഴും മനം നിറയേ സന്തോഷം തോന്നുന്നു.

നാലു വര്‍ഷം മുമ്പ് വര്‍ഷാവസാനം ആ വര്‍ഷത്തെ സിനിമകളെ അവലോകനം ചെയ്ത് എ്‌ന്റെ ഇഷ്ടസിനിമ എന്നൊരു പരിപാടി ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു. വിജയകൃഷ്ണന്‍സാറും സി.എസ്.വെങ്കിടേശ്വരനുമടങ്ങുന്ന പ്രഭൃതികളെല്ലാം അവരവരുടെ ഇഷ്ടസിനിമയേയും അഭിനയമുഹൂര്‍ത്തങ്ങളെയും സംവിധാനമികവിനെയുമെല്ലാം തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന പരിപാടി. എന്റെ മുന്‍കാല സഹപ്രവര്‍ത്തകകൂടിയായ ശോഭ ശേഖറായിരുന്നു നിര്‍മാതാവ്. ശോഭയാണ് ആ പരിപാടിയില്‍ എന്നെയും ഉള്‍പ്പെടുത്തിയത്. ഇഷ്ടസിനിമയായി സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളിയാണ് ഞാന്‍ തെരഞ്ഞെടുത്തതെങ്കിലും മറക്കാനാവാത്ത കണ്ടെത്തല്‍ എന്ന നിലയ്ക്ക് ആ പരിപാടിയില്‍ ഞാനെടുത്തുപറഞ്ഞത് അപ്പോത്തിക്കിരി എന്ന സിനിമയിലെ ഇന്ദ്രന്‍സിന്റെ പ്രകടനത്തെയാണ്. ദ് കിങിലെ കുതിരവട്ടം പപ്പുവിന്റേതുപോലെ ഒരു അവിസ്മരണീയ തിരസാന്നിദ്ധ്യം. അന്നുവരെ, ഒരുപക്ഷേ അടൂര്‍ സാറിന്റെ നാലുപെണ്ണുങ്ങള്‍, പിന്നെയും, ടിവി ചന്ദ്രേട്ടന്റെ കഥാവശേഷന്‍ തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്ന പകര്‍ന്നാട്ടമായിരുന്നു മലയോരകര്‍ഷകനായ, നായകന്‍ ജയസൂര്യയുടെ അച്ഛനായി പ്രത്യക്ഷപ്പെട്ട  ഇന്ദ്രന്‍സിന്റെ അഭിനയം. അക്കാര്യം അന്ന് എടുത്തുപറയുകയുമുണ്ടായി. അവാര്‍ഡ് കിട്ടിയാലുമില്ലെങ്കിലും ഇന്നും ഇന്ദ്രന്‍സിന്റെ നാളിതുവരെയുള്ള പ്രകടനങ്ങളില്‍ ഏറ്റവും മികച്ച ഒന്നായിത്തന്നെ ഞാനതിനെ കണക്കാക്കുകയും ചെയ്യുന്നു. 


ഇപ്പോള്‍ ചിന്തിക്കുമ്പോള്‍, അതൊക്കെ ദൈവനിയോഗവും ഭാഗ്യവുമായി കണക്കാക്കുകയും ചെയ്യുന്നു. സമ്പത്തും അംഗീകാരങ്ങളും പ്രശസ്തിയും കൈവരുമ്പോള്‍ മതിമറക്കാത്ത മനുഷ്യന്‍ എങ്ങനെയായി രിക്കണമെന്ന് സ്വന്തം ജീവിതം കൊണ്ടു കാണിച്ചു തരുന്ന ഒരാളെപ്പറ്റിയാണല്ലോ എഴുതേണ്ടിവന്നതും പറയേണ്ടിവന്നതും എന്നോര്‍ത്ത് അഭിമാനം തോന്നുന്നു. അദ്ദേഹത്തിന് ഒരിക്കല്‍ക്കൂടി ആശംസകള്‍.

Wednesday, March 07, 2018

ഒരു ഫെല്ലോഷിപ്പിന്റെ ഓര്‍മ്മയ്ക്ക്‌

രണ്ടുമാസം മുമ്പാണ്. മനോരമയിലെ സഹപ്രവര്‍ത്തകനും അടുത്ത ചങ്ങാതിയുമായിരുന്ന, ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ബി.അജിത് ബാബു (ഞങ്ങളൊന്നിച്ചാണ് തിരുവനന്തപുരത്ത് ആദ്യമായി എത്തിയ ഇറാനിയന്‍ ചലച്ചിത്രകാരന്‍ മൊഹ്‌സെന്‍ മഖമല്‍ബഫിനെ അഭിമുഖം ചെയ്തത്) വിന്റെ ഒരു വാട്‌സാപ്പ് വരുന്നത്. ചലച്ചിത്ര അക്കാദമി മലയാളസിനിമയുടെ നവതിയോടനുബന്ധിച്ചു നല്‍കുന്ന ഫെലോഷിപ്പിനെക്കുറിച്ചുള്ള പത്രക്കുറിപ്പായിരുന്നു അത്. ഒപ്പം ഒരു വാചകവും: ''ഞാനാലോചിച്ചിട്ട് താങ്കളെപ്പോലുള്ളവരാണ് ഇതിന് അപേക്ഷിക്കേണ്ടത്.''
ഒറ്റ വാചകത്തില്‍ത്തന്നെ ഞാനതിനു മറുപടിയും കൊടുത്തു: '' അജിത്തേ, ചലച്ചിത്ര അക്കാദമി രൂപവല്‍ക്കരിച്ച ശേഷം ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തിയ ആദ്യവര്‍ഷത്തെ അഞ്ചു ഫെലോഷിപ്പുകളില്‍ ഒന്നു നേടിയതു ഞാനായിരുന്നു!''
അജിത്തിന്റെ മറുപടി ഉടന്‍ വന്നു:'' സന്തോഷം!, അപ്പോള്‍ എന്റെ വിലയിരുത്തല്‍ തെറ്റിയില്ല'
അജിത്തിന്റെ ആ മെസേജ് ഓര്‍മകളില്‍ എന്നെ ഏറെ പിന്നോട്ട് വലിച്ചുകൊണ്ടു പോയി. കൃത്യമായി പറഞ്ഞാല്‍ 16 വര്‍ഷം മുമ്പ്. ആദ്യത്തെ എന്തും സവിശേഷമാണല്ലോ, വിലപിടിച്ചതും. എഴുത്തുജീവിതത്തിലെ ആദ്യത്തേതല്ലെങ്കിലും, അക്കാദമി പോലൊരു സാംസ്‌കാരിക സ്ഥാപനം രൂപീകരിച്ച ശേഷമുള്ള ആദ്യത്തെ ഗവേഷകാംഗീകാരങ്ങളിലൊന്ന് നേടുകയെന്നത് ചരിത്രത്തിന്റെ ഭാഗമാകല്‍ കൂടിയാണെന്ന് ഇപ്പോഴാണു തിരിച്ചറിയുന്നത്, അജിത്ബാബുവിന്റെ പ്രതികരണമറിയുമ്പോള്‍.
2002ലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആദ്യമായി ഗൗരവമുള്ള ചലച്ചിത്രപഠനഗവേഷണങ്ങള്‍ക്കായി ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തുന്നത്. അഞ്ചുപേര്‍ക്കായിരുന്നു അന്നത് ലഭിച്ചത്. ഡോ.സി.എസ്.വെങ്കിടേശ്വരന്‍, മാങ്ങാട് രത്‌നാകരന്‍, കെ.സി. മധുകുമാര്‍, ശ്രീകുമാര്‍, പിന്നെ ഞാനും. വിശ്വസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സാറായിരുന്നു അന്നു ചെയര്‍മാന്‍. കെ.വി.മോഹന്‍കുമാര്‍ സെക്രട്ടറിയും. ബീന പോള്‍ ഒപ്പിട്ട കടലാസാണ് അറിയിപ്പായി കിട്ടിയത്.
സമയസങ്കല്‍പങ്ങളിലെ അഭ്രജാലകങ്ങള്‍ എന്ന പേരില്‍ സിനിമയിലെ സ്ഥലകാലങ്ങളെക്കുറിച്ചുള്ള വിഷയമാണ് ഞാന്‍ സമര്‍പ്പിച്ചത്. ഒരു ഗൈഡ് അനിവാര്യമാണെന്ന് അക്കാദമിയില്‍ നിന്നറിയിച്ചതിനെത്തുടര്‍ന്ന് ഞാന്‍ അന്നു ജോലി ചെയ്തിരുന്ന വെബ് ലോകം ഡോട്ട് കോമിലെ സഹപ്രവര്‍ത്തകനും സഹോദരതുല്യനുമായ ശ്യാമകൃഷ്ണന്റെ അച്ഛനും എഴുത്തുകാരനും തിരക്കഥാകൃത്തും അന്ന് ഗവര്‍ണറുടെ പേഴ്‌നല്‍ സ്റ്റാഫംഗവുമായിരുന്ന ശ്രീവരാഹം ബാലകൃഷ്ണന്‍ സാറിനെ പോയി കണ്ടു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു.
പക്ഷേ, പിന്നീട് കാര്യങ്ങള്‍ മാറി മറിഞ്ഞു. ഫെലോഷിപ്പ് കിട്ടിയവര്‍ തങ്ങളുടെ ഗൈഡുകളുമൊത്ത് അക്കാദമി വിളിച്ചുകൂട്ടുന്ന വിദഗ്ധരുടെ ഒരു വലിയ കൂട്ടായ്മയ്ക്കു മുന്നില്‍ തങ്ങളുടെ ഗവേഷണമാര്‍ഗങ്ങള്‍ വിശദമാക്കണമെന്നു കാണിച്ച് ബീനയുടെ ഒരറിയിപ്പു വന്നു. ബാലകൃഷ്ണന്‍ സാറിനും അറിയിപ്പു ചെന്നു. അദ്ദേഹമെന്നെ വിളിച്ചു:  ഗവേഷണമെന്നത് രഹസ്യാത്മകതയുള്ള ഒന്നാണ്. ഫലം വരും മുമ്പേ അതിന്റെ മാര്‍ഗങ്ങളും മെത്തഡോളജിയും മറ്റും ഒരു വിശാലസദസിനു മുന്നില്‍ അവതരിപ്പിക്കാന്‍ പറയുന്നത് ഗവേഷണത്തെപ്പറ്റി അറിയാത്തവരാണ്. ഞാനതിനു വരില്ല. അക്കാദമിയേയും ഞാനീ വിവരം അറിയിച്ചുകൊള്ളാം.'
സാറിന്റെ നിലപാടില്‍ മാറ്റമുണ്ടായില്ല.
ഒടുവില്‍, തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന ആ വിശാല സദസില്‍ എന്റെ വിഷയം അവതരിപ്പിക്കാനും ഒപ്പം നില്‍ക്കാനും ബീനയുടെ നിര്‍ദ്ദേശത്താല്‍ സന്നിഹിതനായത് പ്രമുഖ ഛായാഗ്രഹകന്‍ ശ്രീ സണ്ണി ജോസഫാണ്. മീറ്റിങില്‍ ശ്രീ.കെ.പി.കുമാരന്‍ എന്റെ വിഷയത്തെ വളരെയേറെ അഭിനന്ദിച്ചത് ഇപ്പോഴും കാതുകളിലുണ്ട്, കണ്മുന്നിലും!. ഇത്തരം വിഷയങ്ങള്‍ ഇപ്പോഴും യുവാക്കള്‍ പഠിക്കാനെടുക്കുന്നുണ്ടല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിനു തൊട്ടടുത്തിരുന്ന ശ്രീ.കെ.ജി.ജോര്‍ജ് സാറും അതിനോടു യോജിച്ചു. ഛായാഗ്രാഹകന്‍ രാമചന്ദ്രബാബുസാറും വിഷയത്തെപ്പറ്റി എന്തോ കൂട്ടിച്ചേര്‍ത്തു എന്നാണോര്‍മ്മ.
എന്നാല്‍ എന്റെ സിനോപ്‌സിസിലെ ഭാഷയുടെ കാര്യത്തില്‍ ലഘുചിത്രങ്ങളുടെ തമ്പുരാന്‍ കെ.കെ.ചന്ദ്രന്‍സാറും എഴുത്തുകാരി റോസ്‌മേരിയും ഏറെ വിമര്‍ശിക്കുകയും അതൊരു ബൗദ്ധികമായ ചര്‍ച്ചയ്ക്കു തന്നെ വഴിവയ്ക്കുകയും ചെയ്തതും ഇന്നെന്നപോലെ ഓര്‍ക്കുന്നുണ്ട്. മനോരമയില്‍ എഴുത്തുപരിശീലനം നേടിയ എനിക്ക് അത്തരത്തില്‍ എഴുതാനാണ് എളുപ്പമെന്നും ഗവേഷണത്തിനനുയോജ്യമായ ഗൗരവഭാഷയാണ് പ്രയാസമെന്നും ഞാന്‍ പറഞ്ഞു. മനുഷ്യനു മനസിലാവുന്നവിധത്തിലാവണം എഴുത്തെന്ന നിലപാടില്‍ത്തന്നെ ചന്ദ്രന്‍സാറും റോസ്‌മേരിയും ഉറച്ചു നിന്നു.മറ്റുപലരും അതിനെ വിയോജിച്ചു. ഭാഷയൊക്കെ ഗവേഷകന്റെയും നിരൂപകന്റെയും സ്വാതന്ത്ര്യമാണെന്നും അതയാളുടെ ഐഡന്റിറ്റിയാണെന്നും അതില്‍ ഇടപെടാന്‍ ഈ സമിതിക്കെന്നല്ല ഒരു സമിതിക്കും അധികാരമില്ലെന്നുമുള്ള ചലച്ചിത്രനിരൂപകനും സംവിധായകനുമായ മധു ഇറവങ്കര സാറിന്റെ ഇടപെടലിലാണ് ആ തര്‍ക്കമവസാനിച്ചത്.
ഇനിയാണ് ആന്റീ ക്‌ളൈമാക്‌സ്. ജോലിത്തിരക്കിനിടയിലും ഞാന്‍ ഗവേഷണം തുടങ്ങി. എഴുത്തായിരുന്നു ബാക്കിയുണ്ടായിരുന്നത്. അതിനിടെ അടൂര്‍സാറും അന്നത്തെ സാംസ്‌കാരിക മന്ത്രിയും എനിക്കു കുടുംബപരമായി തന്നെ അടുപ്പമുണ്ടായിരുന്ന രാഷ്ട്രീയനേതാവും കൂടിയായ ശ്രീ ജി.കാര്‍ത്തികേയന്‍ സാറുമായി ഒരു ദാര്‍ശനിക ഭിന്നത. അതു രൂക്ഷമായി പരസ്യമായ ആരോപണപ്രത്യാരോപണങ്ങളായി. അക്കാദമിയുടെ ഫെല്ലോഷിപ്പുകള്‍ ലഭിച്ചത് അടൂരിന്റെ പിണിയാളുകള്‍ക്ക് എന്ന ഒരാരോപണവും അതിനിടയിലെപ്പോഴോ മന്ത്രിയുടെ ഭാഗത്തു നിന്നുയര്‍ന്നു. ജി.കെ.യേയും അടൂര്‍സാറിനെയും വ്യക്തിപരമായി അടുത്തറിയാവുന്ന എന്നെ സംബന്ധിച്ചിടത്തോളം അതു വല്ലാത്ത മനോവിഷമമുണ്ടാക്കി. ഞാന്‍ അടൂര്‍ സാറിനെ വിളിച്ചു: ഫെലോഷിപ്പ് തുടരുന്നില്ലെന്നറിയിച്ചു. അടൂര്‍ സാര്‍ ഉപദേശിച്ചു: അതൊക്കെ മന്ത്രി എന്നോടുള്ള വിരോധത്തിനു പറഞ്ഞതാണ്. നിങ്ങള്‍ക്ക് ഫെലോഷിപ്പ് കിട്ടിയത് അതിനര്‍ഹതയുള്ളതുകൊണ്ടാണ്. അതിനായി നിയോഗിച്ച സമിതിയാണ് അതു വിലയിരുത്തിയത്. അല്ലാതെ ഞാനോ ഭരണസമിതിയോ അല്ല. ഞങ്ങളതിലിടപെട്ടിട്ടില്ല. നിങ്ങളുടെ അര്‍ഹതയ്ക്കു കിട്ടയത് ഞങ്ങളുടെ പ്രശ്‌നത്തിന്റെ പേരില്‍ നിങ്ങള്‍ ഒഴിവാക്കേണ്ടതില്ല.'
പക്ഷേ എന്തോ അന്നുമിന്നും ആത്മാഭിമാനം ഒരു ബലഹീനതയായതുകൊണ്ടും പലപ്പോഴും ഭാരം തന്നെയായതുകൊണ്ടും അതനുസരിക്കാന്‍ മനസനുവദിച്ചില്ല. അച്ഛനോടു ചോദിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞതും നീ നിന്റെ മന:സാക്ഷി പറയുന്നത് ചെയ്യെന്നായിരുന്നു.
അപ്പോഴേക്ക് അടൂര്‍ സാര്‍ രാജിവച്ചു കഴിഞ്ഞിരുന്നു. സുഹൃത്തുകൂടിയായ ടി.കെ.രാജീവ് കുമാര്‍ ചെയര്‍മാനുമായി. ഫെലോഷിപ്പിന്റെ പ്രബന്ധം സമര്‍പ്പിക്കാന്‍ സമയമായെന്നറിയിപ്പു വന്നു. മുമ്പു ചെയ്തതില്‍ അല്‍പം പോലും മുന്നോട്ടു പോകാത്തതിനാല്‍ അല്‍പം കൂടി സമയം ചോദിച്ചു. അടുത്ത ഫെലോഷിപ്പിന് അപേക്ഷകണിക്കുന്നതിനു തൊട്ടു മുമ്പുവരെ സമയമനുവദിച്ചുകൊണ്ട് രാജീവിന്റെ കത്തുവന്നു.
എന്നിട്ടും എഴുതാനിരിക്കുമ്പോള്‍ സാധിച്ചില്ല. 2001ലെ ഐ.എഫ്.എഫ്.കെയുടെ മീഡിയ സെല്ലും മീഡിയ പാസ് വിതരണവും ഒറ്റയ്ക്കു നിര്‍വഹിച്ച് മേളയുടെ മീഡിയ ലെയ്‌സണ്‍ ഓഫീസറായിരിക്കെ ഞാന്‍ ചെയ്ത സുതാര്യസേവനത്തെ നേരിട്ടഭിനന്ദിച്ച ജി.കെ.യാണ് ആരോപണങ്ങളില്‍ എന്നെയും ഇരയാക്കിയിരിക്കുന്നത്. അതുകൊണ്ടു വേണ്ട. സഹ ഫെല്ലോമാരോടു ചോദിച്ചപ്പോള്‍ കെ.സി.മധുച്ചേട്ടനും ഇതേ പ്രശ്‌നം. അദ്ദേഹം പ്രബന്ധം കൊടുക്കുന്നില്ലെന്നു തന്നെ പറഞ്ഞു. ശ്രീകുമാര്‍ കൊടുക്കും. കാരണം അദ്ദേഹത്തിന് എഴുതുന്നത് പ്രസിദ്ധീകരിക്കാന്‍ മറ്റു മാധ്യമപിന്തുണയൊന്നുമില്ല. മാങ്ങാടും കൊടുക്കുന്നില്ലെന്നു പറഞ്ഞു. അന്നു നേരിട്ടു പരിചയമില്ലാത്ത സിഎസ്സിന്റെ കാര്യം അറിയുകയുമില്ല. ഏതായാലും ഞാന്‍ പ്രബന്ധം കൊടുക്കേണ്ട എന്നു തന്നെ തീരുമാനിച്ചു. ഫെലോഷിപ്പിന്റെ ഭാഗമായി ഒരണപോലും അക്കാദമിയില്‍ നിന്നു വാങ്ങിയിട്ടില്ലല്ലോ. വിദഗ്ധ സമിതിക്കു മുന്നില്‍ വിഷയാവതരണത്തിനു പോയതും സ്വന്തം ചെലവിലാണ്.അതുകൊണ്ട് അങ്ങനൊരു ബാധ്യതയുമില്ല.രാജീവിനോട് ഇക്കാര്യം വിളിച്ചു പറയുകയും ചെയ്തു.
അവസാനദിവസവും പ്രബന്ധം സമര്‍പ്പിക്കാത്തതിനാല്‍ ഫെല്ലോഷിപ്പ് കാലഹരണപ്പെട്ട വിവരത്തിന് രാജീവിന്റെ ഒരു കത്തു കിട്ടി. ഇപ്പോള്‍ കത്തുകളുടെ കൂട്ടത്തില്‍ ബീനയുടെ മൂന്നാലെണ്ണവും രാജിവിന്റെയും അന്നത്തെ അക്കാദമി സെക്രട്ടറിയുടെയും രണ്ടുമൂന്നെണ്ണവും ബാക്കി. അന്ന് പത്രങ്ങളിലൊന്നും ഫെലോഷിപ്പ് വലിയ വാര്‍ത്തയാവാത്തതുകൊണ്ട് അറിഞ്ഞവരുമധികമില്ല.
ഇനിയാണിതിന്റെ ക്‌ളൈമാക്‌സ്. സ്പീക്കറായിരിക്കെ പിന്നീടൊരിക്കല്‍, സ്വസ്ഥമായി സംസാരിക്കാനിടവന്ന ഒരു സ്വകാര്യച്ചടങ്ങില്‍വച്ച് സന്ദര്‍ഭവശാല്‍ ഇക്കാര്യം എനിക്ക് കാര്‍ത്തികേയന്‍ സാറിനോടു സൂചിപ്പിക്കാനായി. അപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: 'അതൊക്കെ അന്നങ്ങനെ ഒരാവേശത്തിനു പറഞ്ഞുവെന്നേയൂള്ളൂ. അടൂരിനെപ്പറ്റി എനിക്കങ്ങനൊരു ധാരണയില്ലെന്ന് ചന്ദ്രശേഖറിനറിയാമല്ലോ? അദ്ദേഹം ഞാന്‍ ഏറെ ആരാധിക്കുന്ന ചലച്ചിത്രകാരനുമാണ്. അഭിപ്രായവ്യത്യാസങ്ങളുണ്ടായി എന്നതു സത്യം.പക്ഷേ ഞാനങ്ങനൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല. അതിന്റെ പേരില്‍ ഇങ്ങനെ നിങ്ങളേപ്പോലെ ചിലര്‍ക്കതു പ്രശ്‌നമാവുമെന്നു സത്യത്തില്‍ ഒാര്‍മിച്ചതുമില്ല.' ഓര്‍മകള്‍ അങ്ങനെയാണ്. ചിലത് നല്ലതായിരിക്കും. ചിലവ മോശവും. മറ്റുചിലതാവട്ടെ ഞാനിപ്പോഴെഴുതുന്നതുപോലെ വെറും ഗൃഹാതുരവും.
ഒരു ആന്റീ ക്‌ളൈമാക്‌സ് കൂടിയുള്ളത് പറയാതെ ഈ കുറിപ്പു പൂര്‍ത്തിയാവില്ല.
പിന്നീടുള്ള ആറു വര്‍ഷവും ഞാന്‍ സിനിമകള്‍ കണ്ടതും സിനിമയെപ്പറ്റി വായിച്ചതുമെല്ലാം സമയസങ്കല്‍പങ്ങളിലെ അഭ്രജാലകങ്ങള്‍ എന്ന വിഷയത്തെ മുന്‍നിര്‍ത്തിയായിരുന്നു. എന്തു കണ്ടാലും വായിച്ചാലും അവസാനം ഈ വിഷയത്തില്‍ വന്നു നില്‍ക്കും. പലതും പലയിടത്തായി കുറിച്ചുവച്ചു. പു്‌സ്തകങ്ങളില്‍ മാര്‍ജനില്‍ നോട്‌സ് മാര്‍ക്ക് ചെയ്തുവച്ചു. ചര്‍ച്ചകളില്‍ ഈ വിഷയം വന്നാല്‍ അതപ്പോള്‍ മനസിലൊരു ഫോള്‍ഡറിലേക്ക് മാറ്റിയിട്ടു. അമൃതടിവിയിലായിരിക്കെ 2008ല്‍ ചില ഔദ്യോഗികവ്യഥകളില്‍ ജീവിതം വിരസമാവുകയും നിരാശനാവുകയും ചെയ്തപ്പോള്‍ ഒരു കൗതുകത്തിന് പഴയ ഗവേഷണവിഷയം പൊടിതട്ടിയെടുത്ത് മാറ്റിയെഴുതുകയും ടിവി, റേഡിയോ എന്നിവയിലെക്കൂടി സമയസങ്കല്‍പങ്ങളെക്കൂടി ഉള്‍പ്പെടുത്തി പുനരാഖ്യാനം ചെയ്ത് അടുക്കിപ്പെറുക്കി എഡിറ്റ് ചെയ്യുകയുമൊക്കെ ചെയ്തപ്പോള്‍ വീണ്ടുമൊരു ഓര്‍മ മാറാല നീക്കിയെത്തി. വെബ് ലോകത്തില്‍ വച്ച്, റെയിന്‍ബോ ബുക് പബ്‌ളീഷേഴ്‌സിന്റെ രാജേഷ് എന്നോട് ചലച്ചിത്രസംബന്ധിയായൊരു പുസ്തകം ചോദിച്ചിരുന്നു. ഞാന്‍ രാജേഷിനെ വിളിച്ചു: ''രാജേഷേ അന്നത്തെ ഓഫറെനിക്ക് ഇപ്പോഴുമുണ്ടോ?''
രാജേഷ് പറഞ്ഞു:'' ചന്ദ്രശേഖറിനറിയാമല്ലോ, ഞാനിപ്പോള്‍ അത്ര നല്ല അവസ്ഥയിലല്ല. എന്നാലും കുറേ നല്ല പുസ്തകങ്ങളുമായി ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്. ഏതായാലും പുസ്തകമയക്ക് ഞാന്‍ വായിച്ചു നോക്കിയിട്ടു പറയാം.''
ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍ എന്ന പുസ്തകം സ്വയം ഡി.ടി.പി.ചെയ്ത് പേജ്‌മേക്കറില്‍ ചിത്രങ്ങള്‍ സഹിതം സ്വയം പേജ് സെറ്റ് ചെയ്ത് പ്രിന്റെടുത്ത് അയച്ചുകൊടുത്തതിന്റെ അഞ്ചാം നാള്‍ ഒരു വൈകുന്നേരം ഏഴുമണി ബുള്ളറ്റിന്‍ കഴിഞ്ഞ് ക്യാബിനില്‍ വന്നിരിക്കെ സെല്ലിലേക്ക് രാജേഷിന്റെ ഫോണ്‍. ആമുഖമൊന്നുമില്ലാതെ ഒരു വാചകത്തിലാണ് തുടക്കം:'' നിങ്ങള്‍ക്കൊരു നാഷനല്‍ അവാര്‍ഡ് ഞാന്‍ പ്രവചിക്കുന്നു. എന്റെ പ്രവചനം തെറ്റാറില്ല. നേരത്തേ നരേന്ദ്രപ്രസാദ് സാറിന്റെ പുസ്തകം വായിച്ച് ഞാനിതുപോലെ വിളിച്ചു പറഞ്ഞത് അച്ചട്ടാണ്'
സന്തോഷം കൊണ്ട് എന്റെ ഉള്ളു നിറഞ്ഞു. രാജേഷ് തുടരുകയാണ്. ' നമ്മളിതിറക്കുന്നു. ഏറ്റവുമടുത്തുതന്നെ.'
രാജേഷിന്റെ വാക്കുകള്‍ വെറുംവാക്കായില്ല. നാഷനല്‍ അവാര്‍ഡൊന്നും കിട്ടിയില്ലെങ്കിലും,സിനിമാഗ്രന്ഥത്തിന് കേരളത്തില്‍ കിട്ടാവുന്ന പ്രമുഖമായ മൂന്ന് ബഹുമതികള്‍, സംസ്ഥാന അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, കോഴിക്കോട് അല അവാര്‍ഡ്, മൂന്നും അക്കൊല്ലം പുസ്തകരൂപത്തില്‍ത്തന്നെ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനസമാഹാരമല്ലാത്ത ആ പുസ്തകത്തിനായിരുന്നു!

Monday, March 05, 2018

ശ്രീദേവിക്ക് ദേശീയ അവാര്‍ഡ് കിട്ടാത്തെന്തുകൊണ്ട്?


Kalakaumudi 2018 March 04

ആള്‍ക്കൂട്ടത്തിന്റെ നായിക
എ.ചന്ദ്രശേഖര്‍
ഒരാളുടെ ബലവും ബലഹീനതയും അയാളുടെ പ്രതിഭയാകുന്ന അവസ്ഥയുണ്ടാവുമോ? അകാലത്തില്‍ അന്തരിച്ച ഇന്ത്യയുടെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ കാര്യത്തിലെങ്കിലും അതങ്ങനെയാണെന്നുവേണം പറയാന്‍. ശ്രീദേവിയുടെ ബലവും ബലഹീനതയും അവരുടെ നടനനൈപുണ്യമായിരുന്നു, അനായാസം കഥാപാത്രമായിത്തീരാനുള്ള അവരുടെ പ്രതിഭയായിരുന്നു. അതുകൊണ്ടാണ് ഇന്ത്യ കണ്ട മഹാനടന്മാരായ കമല്‍ഹാസനും അമിതാഭ് ബച്ചനുമൊപ്പം തോളോടുതോള്‍ നടനമികവുകൊണ്ടവര്‍ക്കു പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെയാണ് ലോകം കണ്ട ഏറ്റവും ജനപ്രിയനടന്മാരിലൊരാളായ രജനീകാന്തിനൊപ്പവും ഇന്ത്യയിലെ ഇതര താരേതിഹാസങ്ങള്‍ക്കൊപ്പവും കമ്പോള മുഖ്യധാരയില്‍ താരപദവിക്ക് തെല്ലുമിളക്കമില്ലാതെ ഒരു വ്യാഴവട്ടത്തിലധികം കാലം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കാനായത്.
കരിയറില്‍ കമല്‍ഹാസന്റെ അഭിനയജീവിതത്തോടാണ് അല്‍പമെങ്കിലും ശ്രീദേവിയെ താരതമ്യം ചെയ്യാനാവുന്നത്. കാരണം ഇരുവരും നാലാംവയസില്‍ത്തന്നെ ക്യാമറയ്ക്കുമുന്നിലെത്തിയതാണ്. പിന്നീടിതേവരെ തിരിഞ്ഞുനോക്കാന്‍ ഇടവന്നിട്ടില്ലാത്തവരും.വിവാഹവും ഗൃഹഭരണവും കുട്ടികളെ വളര്‍ത്തലുമെല്ലാം സ്ത്രീകളുടേതുമാത്രമായി നിലനിര്‍ത്തിയിട്ടുള്ള പുരുഷകേന്ദ്രീകൃത സാമൂഹികവ്യവസ്ഥയില്‍ കമല്‍ഹാസന് മൂന്നു വിവാഹങ്ങള്‍ക്കുശേഷവും താരപ്രഭാവത്തിന് ഇടിവുവന്നില്ലെന്നു മാത്രം. ഇവിടെയും ശ്രീദേവിയെന്ന അഭിനേത്രിയുടെ സ്ത്രീ എന്ന നിലയ്ക്കുള്ള വിജയമാണ് അവരെ കമലില്‍ നിന്നുമുയരെ പ്രതിഷ്ഠിക്കുന്നത്. കാരണം കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കിയ ശേഷം രണ്ടുപതിറ്റാണ്ടിനിപ്പുറം മടങ്ങിയെത്തിയപ്പോഴും ശ്രീദേവി കമ്പോളമുഖ്യധാരയ്ക്ക് ഏറ്റവും ബോധിച്ച, ഏറെ വേണ്ടപ്പെട്ട നടിതന്നെയായിത്തീര്‍ന്നു.
സ്വന്തം പ്രതിഭ അവര്‍ക്കു ബലഹീനതയായിത്തിര്‍ന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, സമശീര്‍ഷകരായ മറ്റ് നടിമാര്‍ക്കൊപ്പമോ അതിനും മുമ്പേയോ ദേശീയ അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുമായിരുന്ന നടിയാണ് ശ്രീദേവി. അവരുടെ പകുതി മാത്രം അഭിനയശേഷിയുള്ള ഡിംപിള്‍ കപാഡിയേയും വിജയശാന്തിയും രവീണ ഠണ്ടനും സരികയും മറ്റും കമ്പോളത്തിന്റെ ചതുരവടിവില്‍ നിന്നു ചുവടുമാറ്റി ഉള്‍ക്കനമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തയാറാവുക വഴി ദേശീയ ബഹുമതി നേടിയെടുത്തപ്പോള്‍, സ്വന്തം താരപ്രഭാവത്തിന്റെ സുരക്ഷിതമായ സംരക്ഷണഭിത്തിക്കുള്ളിലേക്ക് സൗകര്യപൂര്‍വം ഒതുങ്ങിക്കൂടുകയായിരുന്നു ശ്രീദേവി. അതുകൊണ്ടുതന്നെയാവണം ജുറാസിക്ക് പാര്‍ക്ക് പോലെ ഒരു സിനിമയുടെ രാജ്യാന്തര കാസ്റ്റിങിലേക്ക് സ്റ്റീവന്‍ സ്പീല്‍ബര്‍ഗിനെപ്പോലെ ഒരു വിശ്വസംവിധായകനില്‍ നിന്നു ലഭിച്ച ക്ഷണം പോലും തന്റെ സുരക്ഷിതപുറംതോടു പൊളിച്ചു പുറത്തിറങ്ങാനുള്ള വൈമുഖ്യം കൊണ്ടുമാത്രം വേണ്ടെന്നു വയ്ക്കാന്‍ ശ്രീദേവിയിലെ അഭിനേത്രിയെ പ്രേരിപ്പിച്ചത്!
എ.പി.നാഗരാജന്‍ സംവിധാനം ചെയ്ത പുണ്യ പുരാണ ചിത്രമായ കന്തന്‍ കരുണൈയിലൂടെ 1967ലാണ് ശിവകാശിയില്‍ നിന്നുള്ള അയ്യപ്പന്റെയും രാജേശ്വരിയുടെയും രണ്ടുമക്കളില്‍ മൂത്തവളായ ശ്രീദേവി ബാലകതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.തുടര്‍ന്ന് തുണൈവന്‍ എന്ന ചിത്രത്തിലും ബാലമുരുകനായി ബേബി ശ്രീദേവി തിരയിലെത്തി. 1968ല്‍ കേരളസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഏര്‍പ്പെടുത്തിയ വര്‍ഷം അതു നേടിയ പി.സുബ്രഹ്മണ്യത്തിന്റെ കുമാരസംഭവത്തിലെ ബാലമുരുകനായി ശ്രീദേവി മലയാളത്തിലും പ്രവേശിച്ചു. തമിഴിലെ ആദ്യസിനിമയില്‍ നടികര്‍തിലകം ശിവാജിഗണേശനോടൊപ്പമായിരുന്നെങ്കില്‍ മലയാളത്തിലത് കാതല്‍മന്നന്‍ ജമിനിഗണേശനോടൊപ്പവും. സാവിത്രിയും പത്മിനിയും പോലെ ലബ്ധപ്രതിഷ്ഠരായ നടിമാര്‍ക്കൊപ്പമായിരുന്നു ബാലതാരമായുള്ള കുഞ്ഞു ശ്രീയുടെ പ്രകടനം. ഇതേ കാലത്തു തന്നെ കന്നഡയും തെലുങ്കുമടക്കമുള്ള എല്ലാ ഭാഷകളിലും ബാലതാരമായി സാന്നിദ്ധ്യമുറപ്പിക്കാനായി ശ്രീദേവിക്ക്. അക്കാലത്ത് കെ.എസ്. സേതുമാധവന്‍ ചട്ടക്കാരി ഹിന്ദിയിലേക്കു റീമേക്ക് ചെയ്തപ്പോള്‍, മലയാളത്തില്‍ ചെയ്ത ലക്ഷ്മിയുടെ അനിയത്തി വേഷവുമായി ഹിന്ദിയിലും കാല്‍വച്ചു കൗമാരക്കാരിയായ ശ്രീദേവി.
1976ലാണ് കൗമാരക്കാരി നായികയാവുന്നത്. ഒരേ വര്‍ഷംതന്നെ തമിഴില്‍ കിങ് മേക്കറായിരുന്ന ഇതിഹാസസംവിധായകന്‍ കെ.ബാലചന്ദറിന്റെ മൂന്‍ട്രു മുടിച്ച് എന്ന സിനിമയില്‍ രജനീകാന്തിന്റെയും കമല്‍ഹാസന്റെയും നായികയായും മലയാളത്തില്‍ ഐ.വി.ശശിയുടെ അഭിനന്ദനം എന്ന ചിത്രത്തില്‍ വിന്‍സന്റിന്റെ നായികയായും. ജീവിതത്തിലൊരിക്കലും പിന്തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലാത്ത ഒരു പ്രൊഫഷനല്‍ ജീവിതത്തിന്റെ തുടക്കമായിരുന്നു അത്. ഇടക്കാലത്ത് സ്വയം മനഃപൂര്‍വമായി ഉണ്ടാക്കിയ ഇടവേളയല്ലാതെ താഴ്ചകളില്ലാത്ത അപൂര്‍വതയായിരുന്നു ശ്രീദേവിയുടെ അഭിനയജീവിതം. ഒരു പക്ഷേ ഇന്ത്യയില്‍ത്തന്നെ മറ്റേതെങ്കിലുമൊരഭിനേതാവിന് സ്വന്തം കരിയറില്‍ ഇത്രമേല്‍ സ്ഥിരത അവകാശപ്പെടാനാവുമോ എന്നു സംശയമാണ്.
ഭാഷാവൈവിദ്ധ്യത്താല്‍ സമ്പന്നമായ ഇന്ത്യന്‍ കമ്പോള സിനിമയിലെ പത്തു മികച്ച സ്ത്രീ കര്‍തൃത്വപ്രതിനിധാനങ്ങളെ തെരഞ്ഞെടുത്താല്‍ അതില്‍ നിശ്ചയമായും രണ്ടെണ്ണം ശ്രീദേവിയുടെ പേരിലായിരിക്കും. മൂന്നാം പിറയിലെ ഭാഗ്യലക്ഷ്മിയും മിസ്റ്റര്‍ ഇന്ത്യയിലെ സീമ സോണിയും. അദ്ഭുതകരമായ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ജി.എന്‍.രംഗരാജന്റെ മീണ്ടും കോകിലയിലെ കോകില, കെ.ബാലചന്ദറിന്റെ വരുമയിന്‍ നിറം ചികപ്പ്, ഭാരതീരാജയുടെ പതിനാറു വയതിനിലെ, ചികപ്പു റോജാക്കള്‍ എസ്.പി.മുത്തുരാമന്റെ പ്രിയ ജെ.മഹേന്ദ്രന്റെ ജോണി, ഐ.വി.ശശിയുടെ ഗുരു തുടങ്ങിയ സിനിമകളിലെ വേഷങ്ങളെ പരാമര്‍ശിക്കാതെ ഈ രണ്ടു സിനിമകളിലെ വേഷങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കിയത് രണ്ടു കാരണങ്ങള്‍ കൊണ്ടാണ്. ബാലുമഹേന്ദ്രയുടെ മൂന്നാം പിറയിലെ അപകടത്തില്‍ ഓര്‍മ്മനാശം സംഭവിക്കുന്ന ഭാഗ്യലക്ഷ്മിയുടെ രണ്ടു ജീവിതഘട്ടങ്ങള്‍ മുന്‍മാതൃകകളില്ലാത്തവണ്ണം വിശ്വാസയോഗ്യമായി അത്രമേല്‍ അയാസരഹിതമായി ആവിഷ്‌കരിച്ചതുകൊണ്ടാണ് ആ കഥാപാത്രം പരിഗണിക്കപ്പെടുന്നത്. ഇന്ത്യന്‍ കമ്പോളമുഖ്യധാരയിലെ എക്കാലത്തെയും ഐക്കോണിക്ക് സിനിമകളിലൊന്നായി പരിഗണിക്കപ്പെടുന്ന ശേഖര്‍ കപ്പൂറിന്റെ മിസ്റ്റര്‍ ഇന്ത്യ എന്ന ഹിന്ദി സിനിമയിലെ പത്രപ്രവര്‍ത്തകയായ സോനം ഗ്‌ളാമറിനെ നടനമികവുകൊണ്ടു പൊതിഞ്ഞ് ജനപ്രിയമാക്കിയതുകൊണ്ടും.
ഈ രണ്ടു സിനിമകളിലെയും ശ്രീദേവിയുടെ പ്രകടനങ്ങള്‍ക്ക് സമാനമായ ഒരു സവിശേഷതയുണ്ട്. നായകകേന്ദ്രീകൃതമായ രണ്ടു ചിത്രങ്ങളിലും മാസ്മരികം എന്നു വിശേഷിപ്പിക്കാവുന്ന തിരസാന്നിദ്ധ്യം കൊണ്ടാണ് ശ്രീദേവി അവരേക്കാള്‍ ഒരു പടി മുന്നിലെത്തിയത്. അഭിനയമികവും ഗ്‌ളാമറും അതിനവര്‍ ഉപയോഗിക്കുകയും ചെയ്തു. ഇവിടെ ഓര്‍ക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. സമകാലികയും വെള്ളിത്തിരയില്‍ ഒരു പക്ഷേ കടുത്ത എതിരാളി എന്നു പോലും വിശേഷിപ്പിക്കപ്പെട്ട ജയപ്രദയുമായി താരതമ്യം ചെയ്യുമ്പോള്‍, അത്രയ്ക്കു സുന്ദരിയൊന്നുമായിരുന്നില്ല ശ്രീദേവി. ബാലതാരമായിരുന്നപ്പോള്‍ മുതല്‍ കൗമാരകാലത്തെയും യൗവനാരംഭങ്ങളിലെയും ചിത്രങ്ങള്‍ പരിശോധിച്ചാലറിയാം, അവര്‍ക്കു തന്നെ അപകര്‍ഷമുണ്ടാക്കിയ വലിയ മൂക്കും ഇടുങ്ങിയ ചുണ്ടും അല്‍പം ഉന്തിയ കവിളുകളും വട്ടമുഖവുമൊക്കെയുള്ള ഒരു ശരാശരി പെണ്‍മുഖം. സൗന്ദര്യത്തെപ്പറ്റിയുള്ള ആ അപകര്‍ഷം കൊണ്ടാവണമല്ലോ, ഉരുണ്ടു തടിച്ച തന്റെ മൂക്ക് ശസ്ത്രക്രിയയിലൂടെ നീട്ടാന്‍ പില്‍ക്കാലത്തവര്‍ തയാറായത്.
പക്ഷേ, ആ മുഖത്തു മിന്നിമായുന്ന ഭാവങ്ങളുടെ രാസമാറ്റങ്ങളിലൂടെയാണ് അവര്‍ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ കയറിപ്പറ്റിയത്, ഒപ്പമഭിനയിക്കുന്ന ആണ്‍താരങ്ങളെ വരെ പലപ്പോഴും തിരയിടങ്ങളില്‍ പിന്തള്ളിയത്. ജയപ്രദയക്ക് കിട്ടിയതു പോലെ, അവരവരുടെ ബലം പ്രകടിപ്പിക്കാന്‍ പറ്റിയ കഥാപാത്രങ്ങളെയും ലഭിച്ചിട്ടില്ല ശ്രീദേവിക്ക് എന്നു തന്നെ വേണം പറയാന്‍. മികച്ച നര്‍ത്തകിയിയാരുന്നിട്ടും സാഗരസംഗമമോ മേഘസന്ദേശമോ പോലൊരു വേഷം ശ്രീദേവിക്കു കിട്ടിയില്ല. മാധുരി ദീക്ഷിത്തിനു ദേവദാസില്‍ കിട്ടയതിനു സമാനമായൊരു വേഷം പോലും അവര്‍ക്കു ലഭിച്ചില്ല.എന്നിട്ടും നാം ശ്രീദേവിയുടെ മിസ്റ്റര്‍ ഇന്ത്യയിലെ ഹവാ ഹവായി നൃത്തവും നാഗീനയിലെ നാഗനൃത്തവും, രൂപ് കി റാണി ചോരോം കാ രാജയിലെ മെ ഹൂം രൂപ് കി റാണി നൃത്തവും ചാന്ദ്‌നിയിലെ പ്രണയഗാനരംഗവും ഹിമ്മത്ത്‌വാലയിലെ നൈനോം മെ സപ്‌നെ..നൃത്തവും, ഇന്നും മനസില്‍ കൊണ്ടു നടക്കുന്നത് എന്തു കൊണ്ടാവും? തീര്‍ച്ചയായും ശ്രീദേവി എന്ന സ്‌ക്രീന്‍ സാന്നിദ്ധ്യത്തിന്റെ അപാരമായ ആകര്‍ഷണശേഷികൊണ്ടുതന്നെയാണ് ഇതൊക്കെ സാധ്യമായത്.
ഇക്കാര്യത്തില്‍ ശ്രീദേവിയുടെ തിരപ്രതിച്ഛായയെ താരതമ്യം ചെയ്യേണ്ടത് വാസ്തവത്തില്‍ പ്രേം നസീറിന്റേയും ശിവാജിഗണേശന്റേയും എന്‍.ടി.രാമറാവുവിന്റേയും തിരപ്രതിച്ഛായയുമായാണ്. അഭിനയിച്ച തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം, പിന്നെ വര്‍ഷങ്ങളോളം ഹിന്ദിയിലും ശ്രീദേവി നിറഞ്ഞു നിന്നത് ഈ മഹാതാരങ്ങള്‍ക്കു സമാനമായ സ്ത്രീതാരപ്രഭാവമായിട്ടാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവരുടെ കൂടെ അല്ലെങ്കില്‍ അവരുടെ മാത്രം തോളുകളില്‍ ഊന്നിയ ചലച്ചിത്രസംരംഭങ്ങള്‍ ഹിന്ദിയില്‍ ഉണ്ടായത്. മിസ്റ്റര്‍ ഇന്ത്യ കഴിഞ്ഞു നില്‍ക്കുന്ന അനില്‍കപൂറിന് മറ്റൊരു ഹിറ്റുണ്ടാക്കാനായി സഹോദരനും പിന്നീട് ശ്രീദേവിയുടെ ജീവിതപങ്കാളിയുമായിത്തീര്‍ന്ന ബോണി കപൂര്‍ നിര്‍മിച്ച ചിത്രം രൂപ് കി റാണി ചോരോം കാ രാജ ആയത് യാദൃശ്ചികമല്ല. തീര്‍ച്ചയായും അത് ബോണിക്ക് ശ്രീദേവിയോടുള്ള അന്ധമായ ആരാധനകൊണ്ടുമല്ല. മറിച്ച് വിപണിയില്‍ ശ്രീദേവി എന്ന ബ്രാന്‍ഡിനുള്ള വില്‍പനസാധ്യതമനസിലാക്കിക്കൊണ്ടുതന്നെയാണ്. അതുകൊണ്ടുതന്നെയാണ് ആ ചിത്രത്തിന്റെ പേര് ചോരോം കാ രാജ രൂപ് കി റാണി എന്നു പോലുമാവാതെ പോയതെന്നോര്‍ക്കുക. തെലുങ്കില്‍ വെങ്കിടേശിനൊപ്പം അഭിനയിച്ച രാം ഗോപാല്‍ വര്‍മ്മയുടെ ക്ഷണം ക്ഷണം ആയിരുന്നാലും സാഹസികനായ നായകനെ അപേക്ഷിച്ച് നായികയുടെ ബലത്തിലാണ് വിജയമായത്.
ചാന്ദ്‌നി, നാഗീന, ചന്ദ്രമുഖി..അങ്ങനെ എത്രയോ സിനിമകള്‍ ശ്രീദേവിയെന്ന നായികാകേന്ദ്രത്തിനു ചുറ്റുമായി നിര്‍മിക്കപ്പെട്ടു. ഇന്നും ഏറെയൊന്നും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലാത്ത ആണ്‍കോയ്മയുടെ കൂത്തരങ്ങായ ചലച്ചിത്രവേദിയിലാണ് ശ്രീദേവി എന്നൊരു പെണ്ണ് നായകന്റെ അപരയായിട്ടില്ലാതെ, നിഴലായിട്ടുമല്ലാതെ ചാന്ദ്‌നില്‍ ഋഷി കപ്പൂറിനെയും വിനോദ് ഖന്നയേയും പോലെ, ഒന്നോ അതിലേറെയോ നായകതാരങ്ങളെ തനിക്കു ചുറ്റുമിട്ടു മരം ചുറ്റിയോടിച്ചത്!അതുകൊണ്ടുതന്നെയാണ് അവര്‍ ഇന്ത്യ കണ്ട ആദ്യത്തെ ലേഡി സൂപ്പര്‍ സ്റ്റാറെന്നു പുരുഷന്മാരാല്‍ തന്നെ അംഗീകരിക്കപ്പെട്ടതും.
കുറഞ്ഞത് നാലു പതിറ്റാണ്ടെങ്കിലും ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിട്ടും, കമ്പോളസിനിമയെ തനിക്കു ചുറ്റും വട്ടം കറക്കിയിട്ടും, 2013ല്‍ വൈകിയെത്തിയ പത്മശ്രീ അല്ലാതെ ഒരു ദേശീയ അവാര്‍ഡ് പോലും അഭിനയത്തിന്റെ പേരില്‍ ശ്രീദേവിയെ തേടിയെത്താത്തത് എന്തുകൊണ്ടാവും? അവിടെയാണ് ശ്രീദേവിയുടെ തിരപ്രതിനിധാനം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ വേഷമിട്ട് ഇന്നും തകര്‍ക്കപ്പെടാത്ത ലോകറെക്കോര്‍ഡുമായി നില്‍ക്കുന്ന പ്രേംനസീറിന്റേതിനു സമാനമായിത്തീരുന്നത്. പത്മഭൂഷണല്ലാതെ അഭിനയത്തിന്റെ പേരില്‍ ആ മഹാനടനും ഒരു ദേശീയ ബഹുമതിയോ എന്തിന് സംസ്ഥാന ബഹുമതിയോ ലഭിച്ചിട്ടുണ്ടായിരുന്നില്ല. ശ്രീദേവിയുടെ കാര്യത്തില്‍ രേഖയ്ക്ക് ഉമ്രാവോജാനിലെന്നോണം, ഡിംപിള്‍ കപാഡിയയ്ക്ക് രുദാലിയിലെന്നോണം തബുവിന് മാച്ചിസിലെയേും ചാന്ദിനി ബാറിലെയുമെന്നോണം സരികയ്ക്ക് പര്‍സാനിയയിലെന്നോണം കരുത്തുറ്റ കഥാപാത്രത്തിന്റെ പിന്തുണ ഒരിക്കല്‍പ്പോലും ലഭിച്ചിട്ടില്ല.
രണ്ടാം വരവില്‍ ലഭിച്ച ഇംഗ്‌ളീഷ് വിംഗ്‌ളീഷ് പോലും ശ്രീദേവിയെന്ന നടിയുടെ പ്രതിഭ പൂര്‍ണമായി പുറത്തുകൊണ്ടുവന്ന ചിത്രമായിരുന്നില്ല. എന്നാല്‍ നായകകര്‍തൃത്വത്തെ നിഷ്പ്രഭമാക്കുകയെന്ന തിരദൗത്യം ഇംഗ്‌ളീഷ് വിംഗ്‌ളിഷിലെ ശശി ഗോഡ്‌ബോലെയും വിജയകരമായിത്തന്നെ നിര്‍വഹിക്കുന്നുണ്ടെന്നതു മറക്കാനാവില്ല.
മറ്റൊരര്‍ത്ഥത്തില്‍ ആലോചിച്ചാല്‍, സ്പീല്‍ബര്‍ഗിന്റെ ക്ഷണത്തിന്റെ കാര്യത്തിലെന്നോണം ഒരുപക്ഷേ ഒരു രുദാലിയാവാനോ ഉമ്രാവോജാനാവാനോ അന്നു ശ്രീദേവിയെ ആരെങ്കിലും ക്ഷണിച്ചിരുന്നെങ്കില്‍ക്കൂടി അവരതു സ്വീകരിക്കുമായിരുന്നോ എന്നതില്‍ സംശയമുണ്ട്. കാരണം, ശ്രീദേവി എന്ന നടി അന്നും എന്നും അഭിമുഖീകരിച്ചത് മാസിനെയാണ്.അവരഭിനയിച്ചത് നിരൂപകര്‍ക്കുവേണ്ടിയോ ബുദ്ധിജീവികള്‍ക്കുവേണ്ടിയോ ആയിരുന്നില്ല, മറിച്ച് സാധാരണ പ്രേക്ഷകര്‍ക്കുവേണ്ടിയാണ്. ബാല്യം മുതല്‍ താന്‍ കണ്ടു വളര്‍ന്ന, കാണാനിഷ്ടപ്പെടുന്ന തരം സിനിമകളില്‍ തനിക്കിഷ്ടപ്പെട്ടതരം കഥാപാത്രങ്ങളെയാണ് അവര്‍ അവതരിപ്പിച്ചത്. ആ തെരഞ്ഞെടുപ്പിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം അവരുടേതു മാത്രമായിരുന്നു.ആ കള്ളിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെയാണ് അവര്‍ ബഹുജനപ്രീതി എന്ന പെട്ടെന്നൊന്നും എത്തിപ്പിടിക്കാനാവാത്ത സ്വാധീനം സ്വന്തമാക്കിയത്. മനോരഞ്ജകത്വത്തിനാണ് ശ്രീദേവി പ്രാധാന്യം കല്‍പിച്ചത്. അതുകൊണ്ടാണ് വിപണിയുടെ താരമാകാന്‍ അവര്‍ സ്വയം നിശ്ചയിച്ചത്.
ശ്രീദേവി എന്ന നടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളായിരുന്നില്ല വരുമയിന്‍ നിറം ചികപ്പിലെ ദേവിയും പതിനാറു വയതിനിലെയിലെ മയിലുമൊന്നും. അതിലൊക്കെത്തന്നെ നായകനായ കമല്‍ഹാസനും വില്ലനായ രജനീകാന്തിും സഹനായകനായ ദിലീപിനും വേണ്ടി നിര്‍മിക്കപ്പെട്ടവയുമായിരുന്നു. എങ്കിലും അവയിലെ നായകകഥാപാത്രങ്ങള്‍ക്കൊപ്പം ശ്രീദേവിയെ പ്രേക്ഷകന്‍ പരിഗണിക്കുന്നുണ്ടെങ്കില്‍ അതുതന്നെയാണ് അഭിനേതാവെന്ന നിലയ്ക്കുള്ള അവരുടെ നേട്ടം.
സിനിമയെ ഒരു പ്രൊഫഷനായി കണ്ടതുകൊണ്ടാവും അത്രയേറെ പ്രൊഫഷനലിസം കാത്തുസൂക്ഷിക്കാനാവര്‍ക്കായത്. ശരീരത്തെ കഥാപാത്രമാക്കാന്‍ നിബന്ധനകളൊന്നും മുന്നോട്ടുവച്ചില്ല അവര്‍. അതുകൊണ്ടുതന്നെ ഗ്‌ളാമറായാലും ഐറ്റം ഡാന്‍സായാലും നീന്തല്‍ വസ്ത്രത്തിലായാലും കഥയാവശ്യപ്പെടുന്ന ഏതു വേഷത്തിലും രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്നതില്‍ അവര്‍ക്കു വിരോധവുമുണ്ടായില്ല. എന്നു മാത്രമല്ല, അതൊക്കെയും തന്റെ തൊഴിലിന്റെ ഭാഗമായി കാണാനുള്ള മാനസിക പക്വതയും ഹൃദയവിശാലതയുമവര്‍ക്കുണ്ടായിരുന്നു. കറകളഞ്ഞ ഈ പ്രൊഫഷനലിസമാണ് അവരെ കമല്‍ഹാസനെ പോലെ സ്‌ക്രീന്‍ ഇതിഹാസമാക്കിത്തീര്‍ത്തത്. ഖുദാ ഹവായില്‍ തന്റെ അച്ഛനാവാന്‍ പ്രായമുള്ള അമിതാഭ് ബച്ചന്റെ നായികയാവാന്‍ അവര്‍ രണ്ടാമതൊന്നാലോചിക്കാത്തതും ഈ പ്രൊഫഷനലിസം കൊണ്ടുതന്നെയാണ്. ഇതര സമകാലിക നടിമാരെ അപേക്ഷിച്ച് മുഖ്യധാരയ്ക്ക് അവരെ പ്രിയപ്പെട്ടതാക്കിയ ഘടകങ്ങളും ഇതൊക്കെത്തന്നെയാണ്.
സിനിമയുടെ കമ്പോളവ്യവസ്ഥയിലെ അലിഖിത ചിട്ടവട്ടങ്ങളെ ബൗദ്ധികവും ശാരീരകവുമായി വെല്ലുവിളിക്കാനും നിയമപരമായി പൊളിച്ചെഴുതാനും സ്ത്രീക്കൂട്ടായ്മകള്‍ക്കുസാധിക്കും.എന്നാല്‍ തിരയിടങ്ങളിലെ ആണ്‍കോയ്മകളെ ആത്മീയമായി നേരിടാന്‍ ശ്രീദേവിക്കു സാധ്യമായതുപോലെ ഇനിയൊരാള്‍ക്കും സാധ്യമായിക്കൊള്ളണമെന്നില്ല.ശ്രീദേവി പ്രതിഭാസമാവുന്നത് ഇതൊക്കെക്കൊണ്ടാണ്. ഇനിയൊരു ശ്രീദേവി അത്ര പെട്ടെന്നൊന്നും ഇന്ത്യന്‍ സിനിമയില്‍ സംഭവിക്കാന്‍ സാധ്യതതെളിയാത്തതിനു കാരണവും മറ്റൊന്നല്ല.