സിനിമാറ്റിക് ഫോട്ടോ കഥ!
വര്ഷങ്ങള്ക്കു മുമ്പാണ്. ഞാനന്ന് അഞ്ചിലോ ആറിലോ ആണ്. എറണാകുളത്ത് എനിക്ക് പത്രപ്രവര്ത്തനത്തില് താല്പര്യമുണ്ടാക്കി തന്ന, വല്യമ്മയുടെ മകന് ഗോപന് ചേട്ടനാണ് ആദ്യമായി എം.ജി.റോഡിലുള്ള പൈ ആന്ഡ് കോ യുടെ പുസ്തക ഷോറൂമില് ആദ്യമായി കൊണ്ടുപോയത്. പുസ്തകം മാത്രമല്ല, കളിപ്പാട്ടങ്ങള്, സ്റ്റേഷനറി, പ്രസന്റേഷന് സാമഗ്രികള് അങ്ങനെ പലതും വില്പനയ്ക്കു വച്ചിട്ടുള്ള വലിയ കട. പൂമ്പാറ്റയുടെയും പൂമ്പാറ്റ അമര്ചിത്രകഥയുടെയും പൈക്കോ ക്‌ളാസിക്‌സ് ചിത്രകഥയുടെയും പൈക്കോ നോവല് ബുക്‌സിന്റെയും പ്രസാധകര്. ചേട്ടന് അവിടെ ആരെയൊക്കെയോ പരിചയമുണ്ട്. ചേട്ടന് ഔദ്യോഗികാവശ്യവുമായി നീങ്ങിയപ്പോള് ഞാന് പുസ്തകഷെല്ഫുകള് പരതുകയായിരുന്നു. പുസ്തകങ്ങള് അന്നും എനിക്ക് ആവേശമായിരുന്നു. അപ്പോഴാണ് ഷോപ്പിന്റെ മുട്ടന് കണ്ണാടി ജാലകത്തോട് ചേര്ന്നുള്ള ഷെല്ഫില് കുറച്ച് ഫോട്ടോ ചിത്രകഥകള് കണ്ടത്. ഇംഗ്‌ളീഷിലും ഹിന്ദിയിലുമാണ്. അമിതാഭ് ബച്ചന്റെ പടം കണ്ടാണ് അതെടുത്തത്. തുറന്നു നോക്കിയപ്പോള് അന്തം വിട്ടുപോയി. പ്രശസ്തങ്ങളായ ഹിന്ദി സൂപ്പര് ഹിറ്റ് സിനിമകളുടെ കണ്ടിന്യൂവിറ്റി നിശ്ചലചിത്രങ്ങള് ഉപയോഗിച്ച് അതേ സിനിമയുടെ കഥ പറയുന്ന ഫോട്ടോ ചിത്രകഥകളായിരുന്നു അവ. ഓര്മ്മയില് ഞാന് കണ്ട രണ്ടെണ്ണം ഒന്ന് ദീവാറും ഒന്ന് കോഹിന്നൂറുമായിരുന്നെന്ന് മങ്ങിയ ഓര്മ്മ. ചിത്രീകരണസമയത്തു തന്നെ വേഷവിധാനം, നില്ക്കുന്ന ഇടം ധരിച്ചിരിക്കുന്ന ആഭരണങ്ങള്, നോട്ടം, ആക്ഷന് തുടങ്ങിയ തുടര്ച്ചകള് തെറ്റാതിരിക്കാന് ഷോട്ടുകള്ക്കു മുമ്പും പിന്പും പകര്ത്തിവയ്ക്കുന്ന ഫോട്ടോകളാണ് കണ്ടിന്യൂവിറ്റി സ്റ്റില്ലുകള്. പലപ്പോഴും പോസ്റ്ററുകള്ക്കും പരസ്യത്തിനുമൊക്കെ ഇതില് നിന്നുള്ള ചിത്രങ്ങള് തന്നെയാണുപയോഗിക്കാറ്. ഈ ചിത്രങ്ങള് സീന് ഓര്ഡറില് തെരഞ്ഞെടുത്ത് ചിത്രകഥ പോലെ ഡയലോഗ് ബബിളുകളും ചേര്ത്ത് പത്തമ്പതു പേജില് അച്ചടിച്ചിറക്കിയതാണ് ഫോട്ടോ ചിത്രകഥകള്.
പൈക്കോ പിന്നീട് പൂട്ടിപ്പോയി. സിനിമാറ്റിക്ക് ഫോട്ടോ ചിത്രകഥകള് കേരളത്തില് മറ്റൊരു പുസ്തകക്കടയിലും ഞാന് കണ്ടിട്ടില്ല. ഒരു പക്ഷേ, കൊച്ചിയിലെ ഗുജറാത്തി, പഞ്ചാബി സമൂഹത്തെയും നാവികസേനാംഗങ്ങളെയും മുന്നില്ക്കണ്ടായിരിക്കും അവര് അത്തരം പുസ്തകങ്ങള് വിതരണത്തിനെടുത്തത്. അമിതാഭ് ബച്ചനെ നായകനാക്കി, ഷെഹന്ഷായ്ക്കു ശേഷം സുപ്രീമോ എന്ന പേരില് ഇന്ത്യ ബുക്ക് ഹൗസ് പിന്നീട് ഒരു ഇന്ത്യന് സൂപ്പര്ഹീറോ ചിത്രകഥാ പുസ്തക പരമ്പര തന്നെ പുറത്തിറക്കിയെങ്കിലും അതു പക്ഷേ ചിത്രകാരന്മാര് അമിതാഭിനെ വച്ചു വരച്ചുണ്ടാക്കിയതായിരുന്നു.ഫോട്ടോ ചിത്രകഥകള് അങ്ങനല്ല. മലയാള മനോരമയിലെ പത്രസിനിമ കണ്ടപ്പോള് ഓര്മ്മവന്നത് പഴയ ഫോട്ടോ ചിത്രകഥയാണ്. ഹ്രസ്വകാലത്തേക്ക് സിനിമാമംഗളത്തിന്റെ എഡിറ്റോറിയല് ചുമതലക്കാരനായപ്പോള് രണ്ടുവര്ഷം മുമ്പ് ഈ ആശയം അതില് ആവിഷ്‌കരിക്കാന് ആവുംവിധം ഞാന് ശ്രമിച്ചതാണ്. ഫിലിം പി.ആര്.ഒ എഎസ് ദിനേശിനോടൊക്കെ ചര്ച്ചയും ചെയ്തു. ഒടുവില്, തുടക്കമെന്ന നിലയില്, പഴയ സഹപ്രവര്ത്തകന് കൂടിയായ പത്മേന്ദ്രപ്രസാദ് ആദ്യമായി സംവിധാനം ചെയ്ത ഇവിടെ ഈ നഗരത്തില് എന്ന ചിത്രത്തിന്റെ സ്റ്റില് ഫോട്ടോകളുപയോഗിച്ച് അന്നത്തെ സഹപ്രവര്ത്തകന് ദീപുവിനെ കൊണ്ട് ഞാനതിന്റെ സാംപിള് ഒരെണ്ണം ചെയ്യിച്ച് പ്രസിദ്ധീകരിച്ചു. പക്ഷേ മംഗളത്തിന്റെ ചീഫ് എഡിറ്റര് ശ്രീ.സാബു വര്ഗീസിന് അതു മനസിലായില്ല. അതേപ്പറ്റി പറഞ്ഞു ബോധിപ്പിക്കാന് ജനറല് എഡിറ്ററായിരുന്ന ശ്രീ പി.ഒ.മോഹനും സാധിച്ചില്ല. പ്രസാദില് നിന്ന് കാശുവാങ്ങി ഞാന് ഫ്രീയായി ചെയ്തു കൊടുത്ത പബ്ലിസിറ്റിയാണോ എന്ന മട്ടില് വെളുക്കാന് തേച്ചതു പാണ്ടായതു മിച്ചം.
സിനിമാറ്റിക് ഫോട്ടോ ചിത്രകഥയെപ്പറ്റിയെഴുതിയപ്പോള് ഓര്മ്മയില് വന്ന മറ്റൊരു കാര്യം സിനിമാറ്റിക് നോവലാണ്. അടുത്തിടെ വിവാദമായ മാമാങ്കം പുറത്തിറങ്ങും മുമ്പേ തന്നെ അതിന്റെ ആദ്യ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സജീവ് പിള്ള അത് നോവല് രൂപത്തില് പുറത്തിറക്കിയിരുന്നു. അതൊരു പുതുമയായി ആഘോഷിക്കുകയും ചെയ്തു. പൈകോ ബുക്‌സില് തന്നെ അന്നു ഞാന് കണ്ടതാണ് ഹിന്ദിയിലെ സൂപ്പര് ഹിറ്റ് സിനിമയായ ഷാലിമാറിന്റെ നോവല് രൂപാന്തരം. കൃഷ്ണ ഷാ രചിച്ചു സംവിധാനം ചെയ്ത ഇന്ത്യന് ജയിംസ്‌ബോണ്ട് സിനിമയായിരുന്നു ധര്മ്മേന്ദ്രയുടെ ഷാലിമാര്. ചിത്രം ഹിറ്റായ ശേഷം അതിന്റെ കഥ നോവല് രൂപത്തില് പുനരാഖ്യാനം ചെയ്തതായിരുന്നു പുസ്തകം. ഹോളിവുഡ്ഡില് വന് വിജയമായ എയര്പ്പോര്ട്ട് 77 തുടങ്ങിയ സിനിമകള് ഇതേ പോലെ പിന്നീട് നോവല് രൂപത്തില് പ്രസിദ്ധീകൃതമായിട്ടുണ്ട്.