Saturday, April 20, 2024

വേനല്‍ക്കിനാവുകള്‍-കാലം തെറ്റിപ്പെയ്ത വേനല്‍മഴ

സിനിമയില്‍ ഒരു വനവാസം കഴിഞ്ഞ്, ഒരു കാലത്തെ മികച്ച തിരക്കഥാകൃത്തും സംവിധായകനുമായ നായകനും സംഗീതജ്ഞനായ ചങ്ങാതിയും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്കു ശേഷം, പൂര്‍ണമായും പുതുമുഖങ്ങളെവച്ച്, ഒരു സിനിമയെടുക്കുന്നതിനെപ്പറ്റിയും ഒട്ടേറെ പ്രതിബന്ധങ്ങള്‍ക്കുശേഷം ആ സിനിമ വന്‍ വിജയം നേടുന്നതിനെപ്പറ്റിയുമാണല്ലോ വിനീത് ശ്രീനിവാസന്റെ പുതിയ സിനിമയുടെ രണ്ടാംപകുതി. സത്യത്തില്‍ ആ സിനിമ കണ്ടിറങ്ങിയപ്പോള്‍ ഓര്‍മ്മവന്നത് വര്‍ഷങ്ങള്‍ക്കു മുമ്പ്, ഞങ്ങളുടെയെല്ലാം ക്യാംപസ് കാലത്തു പുറത്തിറങ്ങിയ വേനല്‍ക്കിനാവുകള്‍ എന്ന സിനിമയെയാണ്. 1986 മുതല്‍ 91 വരെ മലയാളത്തില്‍ ഒരു സിനിമ പോലും സംവിധാനം ചെയ്യാതിരുന്ന, മലയാളത്തെ അതിന്റെ കൗമാരത്തില്‍ നിന്ന് യൗവനത്തിലേക്ക് വഴിതെറ്റാതെ നയിച്ച, എക്കാലത്തെയും മികച്ച സംവിധായകന്മാരിലൊരാളായ സാക്ഷാല്‍ കെ.എസ്. സേതുമാധവന്‍ ഒരു മടങ്ങിവരവിനൊരുങ്ങിയ സിനിമയായിരുന്നു വേനല്‍ക്കിനാവുകള്‍. മലയാളത്തില്‍ സാഹിത്യകൃതികളെ സിനിമയാക്കുന്നതിലും, സാഹിത്യകാരന്മാരുടെ തിരക്കഥകള്‍ സിനിമയാക്കുന്നതിലും അന്യാദൃശമായ കൈയടക്കം പ്രകടമാക്കിയ സംവിധായകന്‍. തമിഴില്‍നിന്ന് ആദ്യമായി ഒരു നടന് ദേശീയതലത്തില്‍ മികച്ച നടനുള്ള അവാര്‍ഡും, ഒരു സിനിമയ്ക്ക് ആദ്യമായി മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും കൊണ്ടെത്തിച്ച മലയാളി സംവിധായകന്‍. ദേശീയ ബഹുമതി നേടിയ മറുപക്കം (1991) തമിഴില്‍ സംവിധാനം ചെയ്തതിനു ശേഷമാണ് ഏഴുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അദ്ദേഹം മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍ മുതിര്‍ന്നത്. കൃത്യമായി പറഞ്ഞാല്‍ റഹ്‌മാന്‍ നായകനായ സുനില്‍ വയസ് ഇരുപത് എന്ന സിനിമയ്ക്കു ശേഷം. ഓപ്പോള്‍, നീലത്താമര, കന്യാകുമാരി, തുടങ്ങിയ സിനിമകളിലൂടെ സുവര്‍ണ സഖ്യമെന്നു പേരെടുത്ത എം.ടി.വാസുദേവന്‍ നായര്‍-സേതുമാധവന്‍ കൂട്ടുകെട്ടിന്റേതായിരുന്നു വേനല്‍ക്കിനാവുകള്‍. വര്‍ഷങ്ങള്‍ക്കുശേഷത്തിലെ കഥാസന്ദര്‍ഭത്തില്‍ എന്നപോലെ, സംവിധായകനും തിരക്കഥാകൃത്തും അമ്പതു കഴിഞ്ഞവര്‍. ഇന്നത്തെ ഭാഷയില്‍ വസന്തങ്ങള്‍. നിര്‍മ്മാതാവാണെങ്കിലും അത്ര പരിചിതമുള്ള പേരായിരുന്നില്ല. സാരംഗി ഫിലിംസ്. വിനീത് സിനിമയിലേതു പോലെ ഒരു നിതിന്‍ മോളിയുടെ സാന്നിദ്ധ്യം പോലുമുണ്ടായിരുന്നില്ല ചിത്രത്തില്‍. എല്ലാ അഭിനേതാക്കളും പുതുമുഖങ്ങള്‍. (ഒരുപക്ഷേ അന്നത്തെ ഒരു നിതിന്‍ മോളി സഹകരിച്ചിരുന്നെങ്കില്‍ ആ ചിത്രത്തിന്റെ ജാതകം തന്നെ വേറെ ആയിത്തീര്‍ന്നേനെ!) 

അസാദ്ധ്യമായ പുതുമയുള്ള, ആര്‍ജ്ജവമുള്ള, ഒരു ചിത്രമായിരുന്നു വേനല്‍ക്കിനാവുകള്‍. സൂക്ഷ്മമായി പറഞ്ഞാല്‍, പദ്മരാജന്‍ എഴുതി ഭരതന്‍ സംവിധാനം ചെയ്ത രതിനിര്‍വേദത്തിന്റെ ഒക്കെ റെയ്ഞ്ചിലുള്ള, അത്രതന്നെ വിജയിക്കേണ്ടിയിരുന്ന ഒരു സിനിമ. നേരത്തേ ചില ചിത്രങ്ങളില്‍ തലകാണിച്ചിട്ടുള്ള കൗമാരക്കാരും ക്യാമറയ്ക്കു മുന്നില്‍ ആദ്യം മുഖം കാണിക്കുന്നവരുമായിരുന്നു താരനിരയില്‍. പില്‍ക്കാലത്ത് താരസംഘടനാപ്രവര്‍ത്തകനും കര്‍ഷകനുമായി പേരെടുത്ത ചങ്ങനാശേരിക്കാരന്‍ കൃഷ്ണപ്രസാദ്, കോഴിക്കോട്ടുകാരിയായ നര്‍ത്തകികൂടിയായ യുവനടി ദുര്‍ഗ്ഗ (ദുര്‍ഗ്ഗ കൃഷ്ണയല്ല), തമിഴിലും മറ്റും മാദകറോളുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന, പില്‍ക്കാലത്ത് മലയാളത്തിലെ ഷക്കീല-രേശ്മ രതിതരംഗസിനിമകളിലെ സ്ഥിരം നായികമാരിലൊരാളായിത്തീര്‍ന്ന ഷര്‍മ്മിളി (ധനത്തില്‍ നായികയായ ചാര്‍മ്മിളയല്ല. അതു വേറെ ആളാണ്) എന്നിവരായിരുന്നു പ്രധാന പുതുമുഖങ്ങള്‍. ഒപ്പം അഞ്ച് മുഖ്യകഥാപാത്രങ്ങളില്‍, അടൂരിന്റെ അനന്തരത്തിലൂടെ പ്രശസ്തി നേടിയ കൗമാരനായകന്‍ സുധീഷും കഥകളിയില്‍ നിന്ന് വന്ന് മിനിസ്‌ക്രീന്‍ കീഴടക്കിയ സഹോദരങ്ങളില്‍ മൂത്തവനായ യദൂകൃഷ്ണനും, പിന്നെ എം.ടി തന്നെ ഹരിഹരന്‍ ചിത്രത്തിലൂടെ അവതരിപ്പിച്ച് മികച്ച നടിക്കുള്ള ദേശീയ ബഹുമതി നേടിയ മോണിഷയും സുധീഷ് ശങ്കറും ഉണ്ടായിരുന്നു. നെടുമുടി വേണു, തിലകന്‍, ജഗന്നാഥ വര്‍മ്മ, മാമ്മൂക്കോയ, ശാന്തകുമാരി, എം.ജി ശശി തുടങ്ങിയവരും താരനിരയിലുണ്ടായിരുന്നു. കൗമാരക്കാരുടെ ചാപല്യങ്ങളും യൗവനത്തിലേക്കു കടക്കുന്നതിന്റെ പ്രശ്‌നങ്ങളുമാണ് വേനല്‍ക്കിനാവുകള്‍ കൈകാര്യം ചെയ്തത്. കമ്മിങ് ഓഫ് ഏജ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന മനഃശാസ്ത്രപരമായൊരു വിഷയം. വസന്ത് കുമാറായിരുന്നു ഛായാഗ്രാഹകന്‍. എം.എസ് മണി എഡിറ്ററും. തെന്നിന്ത്യയിലെ എന്നല്ല ഇന്ത്യയിലെ തന്നെ എണ്ണംപറഞ്ഞ സംഗീതവിദൂഷികളിലൊരാളായ വയലിനിസ്റ്റ് എല്‍ വൈദ്യനാഥന്‍ ആയിരുന്നു സംഗീതസംവിധായകന്‍. വൈദ്യനാഥന്‍ സംഗീതം പകര്‍ന്ന ഒരേയൊരു മലയാള ചിത്രമാണിത്. യേശുദാസും സുനന്ദയും പാടിയ നാലു ഗാനങ്ങളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ആകാശ മേടയ്ക്ക്, ഗൗരീ മനോഹരി, പേരാറ്റിനക്കരെയക്കരെയക്കരെയേതോ, പോരൂ പോരൂ എന്നീ പാട്ടുകളില്‍ പേരാറ്റിനക്കരെ ഇന്നും ആളുകള്‍ മൂളിപ്പാടുന്ന ഹിറ്റ് ഗാനമാണ്. 

ഫ്രെയിം ടു ഫ്രെയിം യുവത്വം പുലര്‍ത്തിയ ദൃശ്യപരിചരണമായിരുന്നു വേനല്‍ക്കിനാവുകളുടേത്. സേതുമാധവനെപ്പോലൊരാള്‍ സംവിധാനം ചെയ്തത് എന്നോ എം.ടി.യെപ്പോലൊരാള്‍ എഴുതിയത് എന്നോ വിശ്വസിക്കാന്‍ പോലും സാധിക്കാത്തത്ര കാലികമായിരുന്നു അതിന്റെ ചലച്ചിത്രസമീപനം. എന്നിട്ടും സിനിമ വേണ്ടത്ര വിജയമായില്ല. എന്നല്ല വര്‍ഷങ്ങള്‍ക്കുശേഷമില്‍ കാണിക്കുന്നതുപോലെ തൊണ്ണൂറുകളിലെ തലമുറ അതിനെ നിഷ്‌കരുണം തള്ളിക്കളയുകയാണുണ്ടായത്. കാരണം, അവര്‍ പ്രതീക്ഷിച്ചതൊന്നുമായിരുന്നില്ല സിനിമയിലുണ്ടായിരുന്നത്. ഒരുപക്ഷേ, കുറേ വര്‍ഷങ്ങള്‍ക്കുശേഷം റിലീസ് ചെയ്തിരുന്നെങ്കില്‍ സൂപ്പര്‍ ഹിറ്റാകുമായിരുന്ന സിനിമ. കാലത്തിനു മുമ്പേ, വളരെ മുമ്പേ പുറത്തിറങ്ങിയ ഒരു ചലച്ചിത്രസംരംഭം-അതായിരുന്നു വേനല്‍ക്കിനാവുകള്‍. തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ തൂവാനത്തുമ്പികള്‍ അടക്കമുള്ള സിനിമകള്‍ക്ക് അതിറങ്ങിയ കാലത്ത് പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ലെന്നോര്‍ക്കുക. പക്ഷേ വര്‍ഷങ്ങള്‍ക്കുശേഷം ടിവിയിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അവയ്ക്ക് കള്‍ട്ട് പദവി തന്നെ കൈവന്നു. യൂട്യൂബില്‍ ലഭ്യമായിട്ടും ഒരുപക്ഷേ അധികം പേര്‍ കാണാത്തതുകൊണ്ടാവാം വേനല്‍ക്കിനാവുകള്‍ വലിയ തോതില്‍ ആഘോഷിക്കപ്പെട്ടില്ല. എങ്കിലും ഞങ്ങളുടെ തലമുറയ്ക്ക് ഞങ്ങളുടെ യൗവനകാലസ്മരണകളില്‍ തിളക്കമാര്‍ന്നൊരു ചലച്ചിത്രസ്മരണയാണ് വേനല്‍ക്കിനാവുകള്‍. 


Thursday, April 11, 2024

ആടുജീവിതം എന്ന ദൃശ്യാനുഭവം

Kalakaumudi weekly

2024 April 07 

 എ.ചന്ദ്രശേഖര്‍

സത്യത്തില്‍ ആടുജീവിതം നോവല്‍ അതിന്റെ പേരു പോലെ ആടുകള്‍ക്കിടയിലെ ഒറ്റപ്പെട്ട ജീവിതത്തിന്റെ കഥയാണ്. അതില്‍ മണലാഴി കടന്നുള്ള അതിജീവനയാത്രയുടെ കഥ ചെറിയൊരംശം മാത്രം. എന്നാല്‍, ബ്‌ളെസിയുടെ ആടുജീവിതം അതിന്റെ പേരിനപ്പുറം കണ്ണെത്താ മണല്‍ക്കാട്ടിലൂടെ മൂന്നുപേരുടെ ജീവിതത്തിലേക്കുള്ള സാഹസികമായ അതിജീവനയാത്രയുടെ കഥയാണ്. മതിലുകള്‍ നോവല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെയും മതിലുകള്‍ സിനിമ അടൂര്‍ ഗോപാലകൃഷ്ണന്റെയും ആയിരിക്കുന്നതുപോലെ. മലയാളത്തില്‍, ചെമ്മീന്‍ മുതല്‍, സാഹിത്യം സിനിമയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടപ്പോഴെല്ലാം കേട്ടതിലപ്പുറം കാമ്പുള്ളൊരു വിമര്‍ശനമായി ആടുജീവിതം നോവല്‍ വായിച്ചവരുടെ സിനിമയ്ക്കുമേലുള്ള വിമര്‍ശനത്തെ കണക്കാക്കേണ്ടതില്ല. കാരണം, നോവല്‍ അമൂര്‍ത്തമാണ്. വായനക്കാരന്‍ വരികളിലൂടെ സ്വന്തം മനസുകളിലാണ് അതിന്റെ രൂപശില്‍പം നിര്‍മ്മിക്കുക. സിനിമ അങ്ങനല്ല. അത് വെള്ളിത്തിരയില്‍ എല്ലാം അസാധാരണവലിപ്പത്തില്‍ത്തന്നെ അതിസൂക്ഷ്മതലത്തില്‍ കാണിച്ചുതരും. കാഴ്ച ഭാവനയോളം വരികയോ വരാതിരിക്കുകയോ ആവാം. താരതമ്യവിമര്‍ശനപദ്ധതിയില്‍ ഒരേ ഗണത്തില്‍പ്പെടുന്ന രണ്ടു രചനകളെയാണ് വിമര്‍ശനവിധേയമാക്കേണ്ടത്, വെവ്വേറെ മാധ്യമങ്ങളിലെ സൃഷ്ടികളെയല്ല. ആസ്വാദനം വൈയക്തികമായിരിക്കുന്നിടത്തോളം അതിന്മേലുണ്ടാവുന്ന വൈരുദ്ധ്യം ഇരുമാധ്യമങ്ങളെയും വെവ്വേറെ കണക്കിലെടുക്കുമ്പോള്‍ പരിഗണിക്കേണ്ടതുണ്ടെന്നും തോന്നുന്നില്ല. 

ഇവിടെ, ആടുജീവിതം സിനിമ അതിന്റെ സംവിധായകന്‍ ബ്‌ളെസിയുടെ കാഴ്ചപ്പാടില്‍ വായനക്കാരന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ മനസില്‍ ഉടക്കിയ നോവല്‍ ദൃശ്യങ്ങളുടെ കാഴ്ചപ്പകര്‍പ്പാണ്. അതിനെ അങ്ങനെ കാണുകൊണ്ടാണ് അതിലെ മേന്മകളും കോട്ടങ്ങളും വിലയിരുത്തേണ്ടതും. അതിനു മുതിരും മുമ്പ്, ഇതിനോടകം ദേശീയതലത്തില്‍ വരെ ഏറെ പ്രകീര്‍ത്തിക്കപ്പെട്ട അതിന്റെ സാങ്കേതികത്തികവാര്‍ന്ന ദൃശ്യാഖ്യാനത്തെ ലോകസിനിമയില്‍ നിന്നുതന്നെയുള്ള ഏതാണ്ട് സമകാലികമായ ദൃശ്യരചനകളുമായി താരതമ്യം ചെയ്തുകൊള്ളട്ടെ. ഇക്കഴിഞ്ഞ ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും തുടര്‍ന്ന് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിക്കപ്പെട്ട അപ്പോളിന്‍ ട്രായോറ രചിച്ചു സംവിധാനം ചെയ്ത ബുര്‍ക്കിനോഫാസയില്‍ നിന്നുള്ള ഫ്രഞ്ച് ജര്‍മ്മന്‍ സെനഗല്‍ സംയുക്ത സംരംഭമായ ഇറ്റ്‌സ് സൈറ (ശെേ ശെൃമ2023), ഓസ്‌കറില്‍ വരെ ശ്രദ്ധേയമായ മാറ്റലിയോ ഗാറോണ്‍ സംവിധാനം ചെയ്ത ഇറ്റലി, ബെല്‍ജിയം, ഫ്രഞ്ച് സംയുക്ത സംരംഭമായ മീ ക്യാപ്റ്റന്‍ എന്നി ചിത്രങ്ങളാണ് ബ്‌ളെസിയുടെ ആടുജീവതത്തോടൊപ്പം ചേര്‍ത്തു വായിക്കാന്‍ താത്പര്യപ്പെടുന്നത്. ഡെസര്‍ട്ട് സര്‍വൈവല്‍ വിഭാഗത്തില്‍ ലോകസിനിമയില്‍ മുമ്പും പല മികച്ച രചനകളും ഉണ്ടായിട്ടുണ്ട്.അതിസാഹസികതയും മടുപ്പിക്കുന്നതും ത്രില്ലടിപ്പിക്കുന്നതുമായ സംഘര്‍ഷങ്ങളും ആവഹിച്ച ദൃശ്യാവിഷ്‌കാരങ്ങള്‍. പക്ഷേ മീ ക്യാപ്റ്റനിലെ കൗമാരക്കാരായ സെയ്തുവിന്റെയും മൂസ്സയുടെയും മരുഭൂമിയിലെ അനുഭവങ്ങളും സൈറയുടെ അതിജീവനസാഹസികതയും പ്രമേയപരമായി ആടുജീവിതത്തിലെ നജീബിന്റേതിനോട് ഇഴയടുപ്പം പുലര്‍ത്തുന്നതാണ്. അതുകൊണ്ടു തന്നെ അവയുടെ ദൃശ്യാവിഷ്‌കാരങ്ങള്‍ തമ്മിലെ സാത്മ്യവ്യതിയാനങ്ങള്‍ രസകരമായ താരതമ്യത്തിന് വിഷയമാകുന്നുമുണ്ട്.

ഒറ്റവാചകത്തില്‍ സെയ്തുവിന്റെയും മൂസയുടേയും പലായനത്തിന് നജീബിന്റെയും ഹക്കീമിന്റെയും ഗള്‍ഫനുഭവത്തോട് ഏറെ സാദൃശ്യമുണ്ട്. രണ്ടുപേരും മികച്ച ജീവിതസാഹചര്യം തേടി ദൂരെദേശത്തേക്കു കടക്കാനാഗ്രഹിക്കുന്നവരാണ്.മീ ക്യാപ്റ്റനിലെ കൗമാരക്കാരായ നായകന്മാര്‍ സെനഗലിന്റെ പട്ടിണിയില്‍ നിന്ന് ഇറ്റലിയിലെ മുന്തിയ ജീവിതം സ്വപ്‌നം കണ്ട് അങ്ങോട്ടേക്കുള്ള അനധികൃത കുടിയേറ്റത്തിന്റെ എല്ലാ സാഹസികതകളും വെല്ലുവിളികളും അറിഞ്ഞുകൊണ്ട് തന്നെ ഏറ്റെടുത്തു തുനിഞ്ഞിറങ്ങുന്നവരാണ്. നജീബും(പൃഥ്വിരാജ്) ഹക്കീമും(കെ.ആര്‍ ഗോകുല്‍) അവരുടെ സ്‌പോണ്‍സറാല്‍ കബളിപ്പിക്കപ്പെടുകയാണ് എന്ന വ്യത്യാസമേയുള്ളൂ. സെയ്തുവിനും മൂസയ്ക്കും മണല്‍ക്കാട്ടിലെന്നോണം, കടലിനെയും സാഹസികമായി നേരിടേണ്ടിവരുന്നുണ്ട്.ഇടയ്ക്കുവച്ച് ലിബിയയിലെ അധോലോകത്തിന്റെ പിടിയില്‍പ്പെട്ട് സെയ്തുവിന് (സെയ്ദു സര്‍)മൂസയെ(മുസ്തഫ ഫാള്‍) നഷ്ടമാവുന്നുണ്ട്. മാസങ്ങള്‍ക്കു ശേഷമാണ് അവനെ ട്രിപ്പോളിയില്‍ വച്ച് സെയ്തു കണ്ടുമുട്ടുന്നത്. ആടുജീവിതത്തിലെ നജീബിന് വാസ്തവത്തില്‍ രക്ഷാകവാടം തുറന്നുകൊടുക്കുന്നത്, ദൂരെയേതോ ആട്ടിന്‍താവളത്തില്‍ സമാനപീഡനം ഏറ്റുവാങ്ങുന്ന ഹക്കീമിന്റെ ചങ്ങാതി ഇബ്രാഹിം കാദിരി വഴിയാണ്.

ഇറ്റ്‌സ് സൈറയിലെ നായികയുടെ വിധി ഇവര്‍ നാലുപേരെ അപേക്ഷിച്ച് അതിദയനീയമാണ്. സകുടുംബം സ്വന്തം വരന്റെയടുത്തേക്ക് ഗോത്രാചാരപ്രകാരം മരുഭൂമിയിലൂടെ യാത്രതുടങ്ങുന്ന സൈറയ്ക്ക് വഴിയില്‍ ഇസ്‌ളാമിക തീവ്രവാദികളുടെ ആക്രമണമേറ്റുവാങ്ങേണ്ടിവരികയാണ്. കണ്മുന്നില്‍ പിതാവും സഹോദരനുമടക്കം ഭീകരനേതാവിന്റെ വെടിയേറ്റു വീണുപിടയുന്നതുകാണേണ്ടിവരുന്ന സൈറയെ ഭീകരനേതാവ് യെരെ ബലാത്സംഗത്തിനു വിധേയനാക്കി മണല്‍ക്കടലിനു നടുവില്‍ ഉപേക്ഷിക്കുകയാണ്. മൃതപ്രായയായ അവളുടെ തുടര്‍ന്നങ്ങോട്ടുളള അതിജീവന പ്രയാണവും ഭീകരത്താവളത്തിനരികിലെ പാറക്കൂട്ടത്തിലെ ഗുഹയില്‍ ചേക്കേറിക്കൊണ്ടുള്ള ജീവിതവുമാണ് ഇതിവൃത്തം. യെരേയാല്‍ ഗര്‍ഭിണിയാവുന്ന അവള്‍, ഭീകരത്താവളത്തില്‍ പുരുഷന്മാരുടെ കാമപൂര്‍ത്തിക്കായി കൊണ്ടുവന്ന് പാര്‍പ്പിച്ചിട്ടുള്ള അനേകം സ്ത്രീകളുടെ കാരുണ്യം കൊണ്ട് ലഭിക്കുന്ന വെള്ളവും ഭക്ഷണവും കൊണ്ട് അതിജീവിക്കുന്നു. ഒടുവില്‍ തക്കത്തിനു കിട്ടുന്ന സന്ദര്‍ഭത്തില്‍ താവളത്തില്‍ നടക്കുന്ന സ്ത്രീകളുടെ അട്ടിമറിയിലൂടെ അവള്‍ സ്വയം വിമോചിക്കപ്പെടുന്നതാണ് ഇറ്റ്‌സ് സൈറ പറയുന്നത്. വിശപ്പുസഹിക്കവയ്യാതെ മണല്‍ക്കാട്ടില്‍ കാണപ്പെടുന്ന തേള്‍വര്‍ഗത്തില്‍പ്പെട്ട ഉരഗങ്ങളെ പിടിച്ചു കൊന്ന് പച്ചയ്ക്ക് തിന്ന് വയറ്റില്‍ വളരുന്ന കുട്ടിയുടെ ജീവിതം കൂടി കാത്തുരക്ഷിക്കുന്ന സൈറ (നിഫിസത്തു സിസെ)യുടേതാണ് ഈ അതിജീവനസിനിമകളില്‍ ഏറ്റവും ഹൃദയദ്രവീകരണശക്തിയുള്ളതായി പ്രേക്ഷകനെന്ന നിലയ്ക്ക് എനിക്കനുഭവപ്പെട്ടത്. ആടുജീവിതത്തിലെ ഹക്കീമിന്റെ മരണത്തിനു സമാനമായി മീ ക്യാപ്റ്റനില്‍ അറ്റം കാണാത്ത മരുഭൂമിയിലൂടെ ഒരു കുപ്പി വെള്ളവും കുറച്ച് സാധനങ്ങളുമായി വഴികാട്ടിക്കൊപ്പം നടന്നു നീങ്ങുന്ന സംഘത്തില്‍പ്പെട്ട പ്രായം ചെന്ന ഒരമ്മയുടെ മരണമുണ്ട്. ആ മരണത്തില്‍ സെയ്ദു ദുഃഖിക്കുന്നതുപോലെയാണ് നജീബിന്റെയും ഹൃദയും പൊട്ടുന്നത്.

അവിശ്വസനീയതയെ വിശ്വസനീയമാക്കുന്ന സിനിമയുടെ ആഖ്യാനശക്തി വെളിവാക്കിയ സിനിമകളാണ് ഇവയെല്ലാം.

ആടുജീവിതത്തെ പറ്റിയുള്ള വിശകലത്തിനു മുമ്പ് എന്തിന് അധികം പേര്‍ കണ്ടിട്ടില്ലാത്ത രണ്ടു വിദേശഭാഷാചിത്രങ്ങളെ പരാമര്‍ശിക്കുന്നുവെന്നാണെങ്കില്‍, ലോകത്തെവിടെയും മനുഷ്യന്റെ അതിജീവനയാതനകള്‍ക്കു സമാനതകളുണ്ടെന്ന് സ്ഥാപിക്കാന്‍ എന്നാണ് മറുപടി. മനുഷ്യകഥാനുഗായി എന്ന നിലയ്ക്ക് സിനിമ സാര്‍വലൗകികത നേടുന്നത് അങ്ങനെയാണ്. സെനഗലിലെ രണ്ടു യുവാക്കളുടെയും ബുര്‍ക്കിനോഫാസയിലെ ഒരു യുവതിയുടെയും മരുജീവിതയാതനകള്‍ ഇങ്ങിവിടെ ഒരു മലയാളിയുടെ മനസിനെ എത്രത്തോളം മഥിക്കുമോ അത്രത്തോളം തന്നെ ബ്‌ളെസിയുടെ ആടുജീവിതത്തിലെ നായകന്റെ യാതനകള്‍ ഇതരലോകപ്രേക്ഷകരുടെയും ഉള്ളുലയ്ക്കും, നിശ്ചയം.

ആടുജീവിതം സിനിമയുടെ ഏറ്റവും വലിയ മേന്മകളില്‍ പ്രധാനം പൃഥ്വിരാജിന്റെ സമര്‍പ്പിതമായ അഭിനയമാണ്. ഒരു പക്ഷേ അദ്ദേഹത്തിന്റെ നാളിതുവരെയുള്ള നടനജീവിതത്തിലെ ഏറ്റവും മികച്ച വേഷപ്പകര്‍ച്ചയായിരിക്കും നജീബിന്റേത്. ജീവചരിത്രവേഷങ്ങളില്‍ മുമ്പും വേഷമിട്ടിട്ടുള്ള പൃഥ്വിയുടെ ആ കഥാപാത്രങ്ങളിലെല്ലാം നടനെന്ന, താരമെന്ന പൃഥ്വിരാജിനെ തിരിച്ചറിയാന്‍ പ്രേക്ഷകര്‍ക്കാവും. എന്നാല്‍ നജീബിന്റെ നാട്ടിലെ രംഗങ്ങളിലടക്കം വല്ലാത്തൊരു ഭാവപ്പകര്‍ച്ച, അക്ഷരാര്‍ത്ഥത്തില്‍ കഥകളിയിലൊക്കെ പരാമര്‍ശിക്കപ്പെടുന്ന തരത്തിലുള്ള പകര്‍ന്നാട്ടം തന്നെയാണ് ആംഗികമായും വാചികമായും പൃഥ്വിരാജ് എന്ന നടന്‍ നിര്‍വഹിച്ചിരിക്കുന്നത്. നിശ്ചയമായും മറ്റു പരിഗണനകളോ അന്തര്‍നാടകങ്ങളോ അരങ്ങേറാത്തപക്ഷം പൃഥ്വിയുടെ കരിയറില്‍ ഏറെ ബഹുമതികള്‍ കൊണ്ടെത്തിക്കാന്‍ പ്രാപ്തിയും അര്‍ഹതയുമുള്ള വേഷപ്പകര്‍ച്ച തന്നെയാണ് നജീബിന്റേത്. മരുഭൂമിയിലകപ്പെട്ടുകഴിഞ്ഞ നജീബിന്റെ മുഖപേശികളുടെ വക്രീകരണം, തോക്കിന്‍പാത്തികൊണ്ടേറ്റ ഒടിവിനാല്‍ ഏന്തിവലിയുന്ന കാല് എന്നിവ വര്‍ഷങ്ങള്‍ നീണ്ട ചിത്രീകരണത്തിലൊട്ടാകെ അല്‍പവും തുടര്‍ച്ച നഷ്ടപ്പെടാതെ പാലിക്കുകയെന്നത് തിരയിടത്തില്‍ ഏതൊരഭിനേതാവിനും വെല്ലുവിളിയാവുന്നതാണ്. 

ഇനിയൊന്ന് ബെന്യാമിന്റെ ആടുജീവതത്തില്‍ നിന്ന് അത് ബ്‌ളെസിയുടെ ആടുജീവിതമാക്കിത്തീര്‍ത്ത തരിക്കഥയാണ്. സിനിമയുടെ ഛന്ദസിലേക്ക് ബെന്യാമിന്റെ ചമത്കാരങ്ങളെ സ്വാംശീകരിക്കുമ്പോള്‍ ബ്‌ളെസി ബോധപൂര്‍വം സ്വീകരിച്ചതും വിട്ടുകളഞ്ഞതുമായ കഥാസന്ദര്‍ഭങ്ങളുണ്ട്, നോവലിന്റെ നട്ടെല്ലായ ചില നിമിഷങ്ങളടക്കം. ഇവിടെയാണ് മാധ്യമബോധമുള്ളൊരു ചലച്ചിത്രകാരന്‍ സാഹിത്യത്തെ അനുവര്‍ത്തിച്ചപ്പോള്‍ പാലിച്ച കൈയൊതുക്കം വ്യക്തമാവുക. വര്‍ഷങ്ങള്‍ക്കു മുമ്പ് സഖറിയയുടെ ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും എന്ന സാഹിത്യകൃതി അടൂര്‍ ഗോപാലകൃഷ്ണന്‍ വിധേയന്‍ എന്ന സിനിമയാക്കിയപ്പോള്‍ എഴുത്തുകാരനും ചലച്ചിത്രകാരനും തമ്മിലുടലെടുത്ത പരസ്യമായ ആരോപണപ്രത്യാരോപണങ്ങളോര്‍ക്കുന്നവരുണ്ടാവും. അതിന് അടൂര്‍ പറഞ്ഞ മറുപടി, ഇത് എന്റെ സിനിമയാണ്, ചലച്ചിത്രകാരനെന്ന നിലയ്ക്ക് ഒരു കൃതിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഞാനുണ്ടാക്കിയ സിനിമയാണ് എന്നാണ്. ബ്‌ളെസിയുടെ ആടുജീവിതത്തെച്ചൊല്ലി നോവലിസ്റ്റും സംവിധായകനും തമ്മില്‍ അത്തരത്തിലുള്ള വാദകോലാഹലങ്ങളൊന്നുമുണ്ടായില്ലെങ്കിലും നോവല്‍ വായിച്ച പ്രേക്ഷകര്‍ക്കിടയില്‍ വ്യാപകമായ ചര്‍ച്ചകള്‍ തുടരുന്നുണ്ട്.അവരോട് നെഞ്ചുയര്‍ത്തി ബ്‌ളെസി എന്ന ചലച്ചിത്രകാരന് പറയാവുന്നത് അടൂര്‍ പറഞ്ഞ മറുപടിതന്നെയാണ്. കാരണം ഇത് കമ്പോടുകമ്പ് ബ്‌ളെസിയുടെ സിനിമയാണ്. അതില്‍, ഇപ്പോള്‍ ചലച്ചിത്ര ബാഹ്യകാരണങ്ങളാല്‍ വിവാദമാക്കപ്പെടുന്ന പല അംശങ്ങളും, മൃഗരതിയടക്കമുള്ള കാര്യങ്ങള്‍ ചിത്രീകരിച്ചു എന്ന് എഴുത്തുകാരനും ചിത്രീകരിച്ചില്ല എന്ന് സംവിധായകനും പറയുന്ന തലത്തില്‍ ചില്ലറ കുത്തിത്തിരിപ്പുകളൊക്കെ ഉടലെടുത്തതു കണ്ടില്ലെന്നു വയ്ക്കുകയാണ് യഥാര്‍ത്ഥ ആസ്വാദകനു നല്ലത്. കാരണം, എന്തുകൊണ്ടായാലും ഒരു സംവിധായകന്‍ തന്റെ സിനിമയില്‍ ഉള്‍ക്കൊള്ളിക്കാതെ വിട്ടുകളഞ്ഞ ദൃശ്യകാണ്ഡങ്ങള്‍ അയാളുടെ മാത്രം ക്രിയാത്മകതീരുമാനത്തിന്റെ ഫലശ്രുതിയാണ്. അതിനുള്ള സര്‍ഗാത്മക സ്വാതന്ത്ര്യം ചലച്ചിത്രകാരനെന്ന നിലയ്ക്ക് ബ്‌ളെസിക്കുണ്ട്.

ഇവിടെ ആടുജീവിതത്തിന്റെ തിരക്കഥയില്‍ ബ്‌ളെസിയെന്ന സംവിധായകന്റെ കൈത്തഴക്കം വെളിവാകുന്ന ഒട്ടേറെ സന്ദര്‍ഭങ്ങളുണ്ട്. തൊഴില്‍തേടി ദുബായ് വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന കേന്ദ്രകഥാപാത്രങ്ങളില്‍ തുടങ്ങി, താനല്ല കഫീല്‍ എന്ന് ജയിലില്‍ കഴിയുന്ന നജീബിനെ സന്ദര്‍ശിക്കുന്ന ക്രൂരനായ അറബി തൊഴിലുടമ പറയുന്നിടത്ത് ചിത്രമവസാനിപ്പിച്ചതു വരെ നോവല്‍ ഭാഗങ്ങളില്‍ നിന്ന് സന്ദര്‍ഭങ്ങള്‍ അടര്‍ത്തിയെടുത്ത് സിനിമയ്ക്കിണങ്ങുന്ന വിധം വിന്യസിക്കുന്നതില്‍ തിരക്കഥാകൃത്തിന്റെ കൈവഴക്കം സ്പഷ്ടമാണ്. ആഖ്യാനകം ഒന്നായിരിക്കെത്തന്നെ നോവലിനെ അപേക്ഷിച്ച് സിനിമയുടെ ആഖ്യാനം വേറിട്ടതാവുന്നതെങ്ങനെ എന്നതിന് ദൃഷ്ടാന്തങ്ങളാണ് തിരക്കഥ സ്വീകരിച്ചിട്ടുള്ള നോവല്‍ സന്ദര്‍ഭങ്ങള്‍. ലീനിയര്‍ നറേറ്റീവിനെ അതിലംഘിച്ചുകൊണ്ടുള്ള ഫ്‌ളാഷ്ബാക്കുകളും ആ ഫ്‌ളാഷ് ബാക്കുകളിലൂടെ തെളിയുന്ന റൊമാന്‍സിന് മണലാഴിയിലെ ജീവിതവുമായുള്ള പ്രകടമായ വൈരുദ്ധ്യവുമെല്ലാം അതീവ സിനിമാത്മകമായിത്തന്നെയാണ് ബ്‌ളെസി അവതരിപ്പിക്കുന്നത്. എന്നാല്‍, ഇത്രയും ഗൗരവമാര്‍ന്നൊരു ആഖ്യാനകത്തെ ഫ്‌ളാഷ്ബാക്കിലെ പാട്ടുരംഗത്തിലെ റൊമാന്‍സ് ലേശം ബാധിച്ചുവോ എന്നാര്‍ക്കെങ്കിലും സന്ദേഹം തോന്നിയാല്‍ പൂര്‍ണമായി കുറ്റം പറയാനാവില്ല. കാരണം, ഭാര്യയുമൊത്തുള്ള പുതുമോടി ചിത്രീകരിക്കുന്ന ആ ഗാനരംഗമില്ലെങ്കില്‍ക്കൂടി ആ വൈകാരികത മുഴുവന്‍ നാട്ടിലെ രംഗങ്ങളില്‍ ആവഹിക്കാന്‍ അതിനു മുമ്പത്തെ ഫ്‌ളാഷ്ബാക്കിലൂടെത്തന്നെ സംവിധായകന് സാധിച്ചിട്ടുണ്ട്. ഒരുപക്ഷേ, ഇത്തരമൊരു പ്രണയാതുര രംഗത്തെത്തുടര്‍ന്ന് മരുഭൂമിയിലെ ലൈംഗികദാരിദ്ര്യം വ്യക്തമാക്കുന്നൊരു രംഗമായിരുന്നെങ്കില്‍ ഇത്തരമൊരു ആഖ്യാനം കൂടുതല്‍ അര്‍ത്ഥഗര്‍ഭമായേനെ. അതും പക്ഷേ ചലച്ചിത്രകാരന്റെ സ്വാതന്ത്ര്യമെന്നു കണ്ടു വിടുകതന്നെ. തിരക്കഥാകൃത്തുതന്നെ സംവിധായകകൊണ്ട് ആ തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം സര്‍ഗാത്മകസ്വാതന്ത്ര്യമായി അനുവദിച്ചുകൊടുക്കാവുന്നതേയുള്ളൂ. അതേസമയം, തിരക്കഥാകൃത്തായ ബ്‌ളെസിയെ സംവിധായകനായ ബ്‌ളെസി ചിത്രത്തില്‍ പലയിടത്തും അതിശയിച്ചിട്ടുണ്ട്, മറികടക്കുന്നുമുണ്ട്. ബ്‌ളെസിയുടെ ഗുരുസ്ഥാനീയനായിരുന്ന അന്തരിച്ച ലോഹിതദാസിനും മറ്റും സംവിധായകന്റെ ഉത്തരവാദിത്തമേറ്റെടുത്തപ്പോള്‍ വന്ന പിഴ അദ്ദേഹത്തിലെ സംവിധായകന് തിരക്കഥാകാരനെ അതിജീവിക്കാനാവാതെ പോയി എന്നതാണ്. എഴുതിവച്ചത് അതേപടി ക്യാമറയിലാക്കലല്ല സിനിമാസംവിധാനം. ചിത്രീകരണസ്ഥലത്തിനും കാലത്തിനും പശ്ചാത്തലത്തിനും സാഹചര്യത്തിനുമനുസൃതമായി തിരക്കഥയില്‍ ഭേദഗതികളും കൊള്ളക്കൊടുക്കലുകളും നടത്തി പരിഷ്‌കരിക്കുന്നതിലാണ് സംവിധായകന്റെ പ്രതിഭ വിളയാടുന്നത്. ആടുജീവിതത്തില്‍ സംവിധായകനായ ബ്‌ളെസി തിരക്കഥാകൃത്തായ ബ്‌ളെസിയെ മറികടക്കുന്നുണ്ടെന്ന് തീര്‍ത്തുപറയാവുന്നതാണ്. വെറും രണ്ടേ രണ്ടു കഥാപാത്രങ്ങളെയും ചുറ്റും അന്തമില്ലാത്ത മണലാഴിയെയും വച്ച് മടുപ്പില്ലാതെ രണ്ടു മണിക്കൂര്‍ പതിനേഴു മിനിറ്റ് ഒരു സിനിമ പറയുക എന്നത് സംവിധായകന് നല്‍കുന്ന വെല്ലുവിളി ഒരുതരത്തിലും ചെറുതല്ല. ഇവിടെ, കലാബോധത്തോടെയുള്ള ഷോട്ടുവിഭജനത്തിലൂടെയും ക്യാമറാക്കോണുകളിലൂടെയും ക്യാമറചലനങ്ങളിലൂടെയുമെല്ലാമാണ് ബ്‌ളെസി എന്ന സംവിധായകന്‍ അതിനെയൊക്കെ വിദഗ്ധമായി മറികടക്കുന്നത്. തന്നെവിട്ട് ദൂരത്തേക്കു പോകുന്ന ആട്ടിന്‍കൂട്ടത്തിനൊപ്പം നടക്കാനാവാതേ വേച്ചുപോകുന്ന നജീബിന്റെ സങ്കടമറിഞ്ഞ് ആട്ടിന്‍കുട്ടി കരഞ്ഞുവിളിച്ച് ബാക്കി ആട്ടിന്‍പറ്റത്തെ തിരികെക്കൊണ്ടുവരുന്ന രംഗം മാത്രം മതി സംവിധായകന്റെ കൈയടക്കം വ്യക്തമാക്കാന്‍. ഗള്‍ഫിലെത്തി ഭാഷയറിയാതെ നായകനും ചങ്ങാതിയും മനഃസാക്ഷിയില്ലാത്തൊരു കഫീലിനൊപ്പം മണലാഴിക്കു നടുവില്‍ പെട്ടുപോകുമ്പോള്‍, അറബികള്‍ പരസ്പരം പറയുന്ന ഭാഷയ്ക്ക് ഉപശീര്‍ഷകം കൊടുക്കാതിരിക്കുക എന്ന തീരുമാനം തന്റെ നറേറ്റീവില്‍ അത്രമേല്‍ വിശ്വാസമുള്ളൊരു സംവിധായകന് മാത്രം എടുക്കാന്‍ സാധിക്കുന്നതാണ്. അത്തരമൊരു സാഹചര്യത്തില്‍ കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ മാനസികാവസ്ഥതന്നെയാണ് ആ സംഭാഷണങ്ങള്‍ പൂര്‍ണമായി മനസിലാകാത്തതുവഴി പ്രേക്ഷകരിലേക്ക് സംവദിക്കപ്പെടുന്നത്. അത്തരമൊരു സാത്മ്യം ചിത്രാദ്യത്തില്‍ തന്നെ കഥാപാത്രങ്ങളും പ്രേക്ഷകരുമായി സാധിച്ചെടുക്കാന്‍ സിനിമയ്ക്കാവുന്നുണ്ട്. മീ ക്യാപ്റ്റന്‍, ഇറ്റ്‌സ് സൈറ എന്നീ സിനിമകള്‍ക്കും ആടുജീവിതത്തിനും പൊതുവായുള്ള സംവേദനഗുണമാണിത്. മൂന്നു സിനിമകളും അതിലെ കഥാപാത്രങ്ങളുടെ വ്യഥ പ്രേക്ഷകര്‍ക്ക് അനുഭവവേദ്യമാക്കുന്നു.എന്നാല്‍, നാട്ടിലെ നായകന്റെ ഭാര്യയുമായുള്ള പ്രണയരംഗങ്ങളില്‍ സംവിധായകനു തിരക്കഥാകൃത്തിനേപ്പോലെ അല്‍പം പാളിയില്ലേ എന്നതും പരിശോധിക്കേണ്ടതുണ്ട്.

സാങ്കേതികമായി ഈ സിനിമ എവിടെ നില്‍ക്കുന്നു എന്നു പരിശോധിക്കുമ്പോഴാണ് തുടക്കത്തിലേ സൂചിപ്പിച്ച, പല വിദേശ മേളകളിലും ആവോളം അംഗീകാരങ്ങള്‍ ഇതിനോടകം വാരിക്കൂട്ടിയ രണ്ടു സിനിമകളെക്കുറിച്ചുള്ള താരതമ്യം പ്രസക്തമാകുന്നത്. ലോകോത്തരനിലവാരമുളള ആടുജീവിതത്തിന്റെ ഛായാഗ്രഹണവും സന്നിവേശവുമടക്കമുള്ള ഘടകങ്ങളെ വിലയിരുത്തുന്നതിനും ഈ താരതമ്യം പ്രസക്തിയും പ്രാധാന്യവും ആര്‍ജ്ജിക്കുന്നു. ചിത്രത്തില്‍ മണല്‍പ്പാമ്പുകള്‍ വരുന്ന രംഗവും, മണല്‍ക്കാറ്റടിക്കുന്നദൃശ്യവും മനസില്‍ നിന്നു മായില്ല.കമ്മാര സംഭവത്തിലൂടെ തന്നെ കഴിവുതെളിയിച്ച കെ എസ് സുനിലിന്റെ ഛായാഗ്രഹണം അദ്ഭുതപ്പെടുത്തി എന്നു തന്നെ പറയണം.മലയാള സിനിമ പ്രമേയത്തില്‍ മാത്രമല്ല, സാങ്കേതികമായിക്കൂടി പ്രായപൂര്‍ത്തിയാവുന്നതിന്റെ ഉത്തമദൃഷ്ടാന്തമായി ആടുജീവിതത്തെ അടയാളപ്പെടുത്താം.

എന്നാല്‍ ആടുജീവിതത്തെ ഒട്ടുമേ കൃത്രിമമല്ലാതാക്കുന്നതില്‍ ഏറ്റവും വലിയ പിന്തുണയായിട്ടുള്ളത് അതിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ അഥവാ കലാസംവിധാനവും, മേക്കപ്പുമാണ്. ആട പാതി ആളുപാതി എന്നാണ് ആട്ടക്കളത്തില്‍ നടനെ വിശേഷിപ്പിക്കുക. പൃഥ്വിരാജിനു പകരം ആടുജീവിതത്തില്‍ നജീബിനെയാണ് പ്രേക്ഷകര്‍ക്കു കാണാനായത് എങ്കില്‍ അതില്‍ വലിയൊരു പങ്ക് ചിത്രത്തില്‍ ചമയവും വസ്ത്രാലങ്കാരവും കൈകാര്യം ചെയ്തവര്‍ക്കു കൊടുക്കണം.രഞ്ജിത് അമ്പാടിയുടെയും സംവിധായിക കൂടിയായ സ്‌റ്റെഫി സേവ്യറുടെയും സംഭാവന നിസ്തര്‍ക്കമായി പറഞ്ഞാല്‍ അനന്യമത്രേ. 

ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച സാങ്കേതിവിദഗ്ധര്‍ മനസറിഞ്ഞ് പണിയെടുത്തതിന്റെ ഫലശ്രുതി തീര്‍ച്ചയായും ചിത്രത്തിന്റെ കാതലില്‍ കാണാം. ശബ്ദവിന്യാസത്തില്‍ റസൂല്‍ പൂക്കുട്ടിയും സന്നിവേശത്തില്‍ ശ്രീകര്‍ പ്രസാദുമൊക്കെ ഇടപെടുമ്പോള്‍ പ്രതീക്ഷിക്കാവുന്ന സ്വാഭാവിക പരിണതിമാത്രമാണത്. കാരണം അതത് മേഖലകളില്‍ അത്രമേല്‍ കഴിവുതെളിയിച്ചവരാണവരെല്ലാം. അതുക്കും മേലേയാണ് ഏറെ കൊണ്ടാടപ്പെട്ട എ ആര്‍ റഹ്‌മാന്റെ സാന്നിദ്ധ്യം. സാങ്കേതികമായി യോദ്ധയ്ക്ക് ശേഷം റഹ്‌മാന്‍ സഹകരിക്കുന്ന രണ്ടാമത്തെ മലയാള സിനിമയാണ് ആടുജീവിതം. എന്നാല്‍ ഇത്രയും വര്‍ഷത്തെ ഇടവേളയ്ക്കിടയില്‍ ഫഹദ് ഫാസിലിന്റെ മലയന്‍കുഞ്ഞ് പുറത്തുവന്നതുകൊണ്ട് ഇത് മൂന്നാമത്തേതായി. മാധ്യമമറിഞ്ഞുള്ള പശ്ചാത്തലസംഗീതമാണ് എടുത്തുപറയേണ്ടത്. എന്നാല്‍ അതിലൊരിടത്ത് കല്ലുകടിതോന്നിയത് രാത്രിയുടെ യാമങ്ങളില്‍ ദൂരെ നിന്ന് ഹക്കീമിന്റെ പാട്ടുകേട്ട് നജീബ് അവന്റെ സാന്നിദ്ധ്യം തിരിച്ചറിയുന്ന രംഗമാണ്. പശ്ചാത്തലത്തില്‍ തീം മ്യൂസിക്ക് പല രംഗങ്ങളിലും ആവര്‍ത്തിക്കപ്പെടുന്നതിനിടെ, ഹക്കീം പാടുന്നു എന്ന് പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കാത്തവിധമായി സംഗീതത്തിന്റെ വിന്യാസം.

ഒരു സാഹിത്യസൃഷ്ടിയെ സിനിമയിലേക്ക് അനുവര്‍ത്തിക്കുമ്പോള്‍, ഏകാഗ്രതയോടെ അതിന്റെ ആത്മാവുള്‍ക്കൊണ്ട് പുനരവതരിപ്പിക്കുന്നതെങ്ങനെ എന്നതിന്റെ മികച്ച മാതൃകകളിലൊന്നായിത്തന്നെ കാലം ബ്‌ളെസിയുടെ ആടുജീവിതത്തെ അടയാളപ്പെടുത്തുമെന്നതിന് തര്‍ക്കംവേണ്ട. സമൂഹമാധ്യമങ്ങളിലെ അമിതാഘോഷങ്ങളുടെ പേരിലോ, കൃത്രിമ വിവാദങ്ങളുടെ പേരിലോ ആയിരിക്കില്ല അത് കാലത്തെ അതിജീവിക്കുക. മറിച്ച് അതു പറയാന്‍ ശ്രമിച്ച പ്രമേയത്തിന്റെ സത്യസന്ധതകൊണ്ടും, അതവതരിപ്പിക്കാന്‍ അണിയറപ്രവര്‍ത്തകരെടുത്ത കഠിനാധ്വാനത്തിന്റെ പേരിലും പിന്നെ മാധ്യമബോധമുള്ളൊരു സംവിധായകന്റെ ഇച്ഛാശക്തിയോടെയുള്ള ആര്‍ജ്ജവത്തിന്റെയും പേരിലായിരിക്കും, ഒപ്പം ഒരു മലയാള നടന്റെ അനശ്വര വേഷപ്പകര്‍ച്ചയുടെയും!


Wednesday, April 10, 2024

ഓര്‍മ്മകളിലെ ഗാന്ധിമതി

 


1988-89 കാലമാണ്. അന്ന് ഞാനും ഉറ്റ തോഴരായ സഹാനിയും വിനോദും കൂടിച്ചേര്‍ന്നു നടത്തുന്ന ഒരു ചലച്ചിത്ര പ്രസിദ്ധീകരണമുണ്ടായിരുന്നു. ഒപ്പം ഡിഗ്രിക്കു പഠിച്ച ആനന്ദകുമാര്‍, ജൂനിയറായിരുന്ന രഞ്ജിത് എന്നിങ്ങനെ ചില സുഹൃത്തുകള്‍ കൂടി അതിന്റെ പിന്നില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. വളരെ അക്കാദമിക്കായി സിനിമയെ ഗൗരവത്തോടെ കണക്കാക്കിക്കൊണ്ടുള്ള മാസികയായിരുന്നു. എന്റെ അച്ഛന്റെ പേരിലായിരുന്നു രജിസ്‌ട്രേഷന്‍. ഞങ്ങള്‍ തന്നെ ഉള്ളടക്കത്തനുള്ള മാറ്ററുണ്ടാക്കും. തിരുവനന്തപുരത്തു നടക്കുന്ന സിനിമാചിത്രീകരണങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്യും. അഭിമുഖങ്ങള്‍ ചെയ്യും...പരസ്യം പിടിക്കുന്ന ഉത്തരവാദിത്തവും ഞങ്ങള്‍ പിള്ളേര്‍ക്കു തന്നെ. തലസ്ഥാനത്ത് ഓഫീസുള്ള നിര്‍മ്മാണ-വിതരണക്കാരെ ഒക്കെ ചെന്നു കണ്ട് പരസ്യം ചോദിച്ചിട്ടുണ്ട്. പറ്റിച്ചവരാണേറെ. പനവിള ജംക്ഷനില്‍ അപ്പച്ചിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗുഡ്‌നൈറ്റ് മൂവീസാണ് ഏറ്റവും കൂടുതല്‍ പറ്റിച്ചത്. പിളേളരല്ലേ സിനിമയിലെ തട്ടിപ്പുകളൊന്നുമറിയില്ല. പറ്റിക്കാന്‍ എളുപ്പം. എന്നാല്‍ ചെന്നു ചോദിച്ചപ്പോള്‍ തന്നെ പരസ്യം തന്ന് പിന്തുണച്ചവരുമുണ്ടായിരുന്നു അവരില്‍ ഏറ്റവും നന്നായി സഹകരിച്ചത്, തൈയ്ക്കാട് ഇപ്പോള്‍ നീലഗിരി സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നതിന് നേരെ എതിരേ, എം.ജി രാധാകൃഷ്ണന്റെ കുടുംബവീടിനോട് ചേര്‍ന്ന അമ്മന്‍ കോവിലിന്റെ പിന്നിലായി ഒരു പഴയ മട്ടിലുള്ള കെട്ടിടത്തില്‍ സ്ഥിതി ചെയ്തിരുന്ന ഗാന്ധിമതി ഫിലിംസിന്റെ ഉടമ ഗാന്ധിമതി ബാലന്‍ ആയിരുന്നു. അദ്ദേഹത്തെ ആദ്യം ചെന്നു കാണുന്നത് ഇന്നെന്ന പോലെ ഓര്‍മ്മയുണ്ട്. ഞങ്ങള്‍ മൂന്നു ചെറുപ്പക്കാര്‍ മാസികയും താരീഫുമൊക്കെയായി അദ്ദേഹത്തെ ചെന്നു കാണുന്നു. സ്വാഗതം എന്ന സിനിമയുടെ ഷൂട്ടിങ് തിരുവനന്തപുരത്ത് നടക്കുന്ന കാലമാണെന്നാണോര്‍മ്മ. ഇന്ന് നിലവിലില്ലാത്ത വഴുതയ്ക്കാട് ഗവ വിമന്‍സ് കോളജിനെതിര്‍വശത്തുണ്ടായിരുന്ന മാഗ്നെറ്റ് ഹോട്ടലില്‍ നടന്ന ചിത്രീകരണം ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.അതും കൊണ്ടാണ് പോയി കാണുന്നത്. അന്ന് ഞങ്ങളവിടെ അദ്ദേഹത്തെ കാണാനിരിക്കെ ഖദര്‍ മുണ്ടും ഷര്‍ട്ടുമിട്ട് രാഷ്ട്രീയക്കാരനെ പോലെ തോന്നിക്കുന്ന ഒരെല്ലിച്ച ചെറുപ്പക്കാരന്‍ മറ്റേതോ മാസികയ്ക്കു വേണ്ടി വളരെ പരിചതന്‍ എന്നോണം അദ്ദേഹത്തോട് പരസ്യക്കാര്യം സംസാരിക്കുന്നുണ്ടായിരുന്നു. കോഴിക്കോട്ട് നിന്നിറങ്ങുന്ന ഫിലിം നൈറ്റിന്റെ തിരുവനന്തപുരം ലേഖകന്‍ ശാന്തിവിള ദിനേശ് ആയിരുന്നു അതെന്ന് അവരുടെ സംഭാഷണത്തില്‍ നിന്നാണ് മനസിലായത്. തുടക്കക്കാരായിരുന്നിട്ടും വിദ്യാര്‍ത്ഥികളായിട്ടും, ഇതര പ്രസിദ്ധീകരണങ്ങളുടെ അച്ചടി നിലവാരമൊന്നുമില്ലാഞ്ഞിട്ടും (ട്രെഡില്‍, റോട്ടറി പ്രസില്‍ ബ്‌ളോക്കെടുത്ത് അച്ചടിച്ച രൂപത്തിലുള്ളതായിരുന്നു ഞങ്ങളുടെ മാസിക) ഞങ്ങളോട് സമഭാവനയോടെ സംസാരിച്ചു എന്നു മാത്രമല്ല, അന്നത്തെ കാലത്ത് വളരെ വലിയ ഒരു തുകയ്ക്കുള്ള പരസ്യവും അദ്ദേഹം ഞങ്ങള്‍ക്കു തന്നു. 

പിന്നീട് ബാലനെ കാണുന്നത് കുറച്ചു മാസങ്ങള്‍ക്കു ശേഷം പദ്മരാജന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി-സുമലത - സുരേഷ്‌ഗോപി-നെടുമുടി വേണു കോമ്പിനേഷനിലുള്ള  ഈ തണുത്ത വെളുപ്പാന്‍ കാലത്ത് എന്ന ചിത്രത്തിന്റെ സെറ്റിലാണ്. സിബിഐ ഡയറിക്കുറിപ്പ് രണ്ടാം ഭാഗമായ ജാഗ്രതയുടെ ചിത്രീകരണവേളയില്‍ ശ്രീ മമ്മൂട്ടിയുമായി ഒരഭിമുഖത്തിന് ഞങ്ങള്‍ സമീപിച്ചിരുന്നു. അന്ന് നാനയുമായുണ്ടായ ഒരസ്വാരസ്യത്തെത്തുടര്‍ന്ന് പത്രങ്ങള്‍ക്ക് അഭിമുഖം നല്‍കണ്ട എന്ന തീരുമാനത്തിലായിരുന്നു അദ്ദേഹം. എഴുതിത്തയ്യാറാക്കിയ ഞങ്ങളുടെ ചോദ്യങ്ങള്‍ വായിച്ച് സംഗതി കൊള്ളാം എന്നും അദ്ദേഹം പറഞ്ഞു. കൃത്യം ഒരു വര്‍ഷത്തിനു ശേഷമാണ് തണുത്തവെളുപ്പാന്‍കാലത്തിന്റെ ചിത്രീകരണം തലസ്ഥാനത്ത് നടക്കുന്നത്. ഗാന്ധിമതിയായിരുന്നു നിര്‍മ്മാണം. അപ്പോഴേക്ക് മമ്മൂട്ടി അഭിമുഖങ്ങള്‍ കൊടുത്തു തുടങ്ങിയിട്ടുണ്ട്. പഴയ ചോദ്യങ്ങളുമായി ഞങ്ങളദ്ദേഹത്തെ ക്‌ളിഫ് ഹൗസിനു പിന്നിലെ സിനിമാസെറ്റില്‍ പോയി കണ്ടു. വൈകിട്ട് ട്രിവാന്‍ഡ്രം ക്‌ളബില്‍ ഒരു പാര്‍ട്ടി സീനുണ്ട് അവിടെ വരാനായിരുന്നു കല്‍പന. ഞങ്ങളവിടെ ചെന്നു. സുബ്രഹ്‌മണ്യം ഹാളിലാണ് പാര്‍ട്ടി. അവിടെത്തന്നെയാണ് ചിത്രീകരണം. ഒരുപാട് പൈസ മുടക്കി ക്‌ളബംഗങ്ങള്‍ക്ക് പാര്‍ട്ടി ഒരുക്കിയിരിക്കുകയാണ് ബാലന്‍. ചിത്രീകരണത്തിന്റെ ഇടവേളയില്‍ മുന്‍വശത്തെ താത്കാലിക കാര്‍പ്പോര്‍ച്ചിരുന്ന മമ്മൂട്ടി ഞങ്ങളുമായി സംസാരിച്ചു തുടങ്ങി. ഞങ്ങളുടെ ചോദ്യങ്ങളില്‍ രസം പിടിച്ച അദ്ദേഹം ആഴത്തില്‍ തന്നെ സംസാരിച്ചു.  കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടു മൂന്നു തവണ ബാലന്‍ ഞങ്ങള്‍ക്കരികിലൂടെ വന്ന് നോക്കിയിട്ടു പോകുന്നതു കണ്ടു. അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാള്‍ വന്ന് സെറ്റ് റെഡി എന്നു പറഞ്ഞു. ഇതാ വരുന്നു എന്നു പറഞ്ഞ മമ്മൂട്ടി ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത് പൂര്‍ത്തിയാക്കുന്ന രസത്തിലാണ്. വീണ്ടും വൈകിയപ്പോള്‍ മുറുമുറുത്തുകൊണ്ട് ബാലന്‍ വന്ന് മമ്മൂട്ടിയുടെ ഒരു വശത്ത് നില്‍പ്പായി. അഭിമുഖം എഴുതിയെടുക്കുന്നത തിരക്കിനിടെ മുഖമുയര്‍ത്തി നോക്കുന്ന ഞങ്ങളതു വ്യക്തമായി കണ്ടു, ബാലന്‍ ഞങ്ങളെ നോക്കി പല്ലിറുമുകയാണ്. ഇയാളെന്താ ഇങ്ങനെ തൂറാന്‍മുട്ടുന്ന പോലെ വന്നു നില്‍ക്കണത്, എന്ന ശരി മക്കളെ നമുക്ക് നാളെ രാവിലെ ഹോട്ടല്‍ മുറിയില്‍ വച്ചിതുതീര്‍ക്കാം എന്നും പറഞ്ഞ് മമ്മൂട്ടി ഷോട്ടെടുക്കാന്‍ എഴുന്നേറ്റു പോയി. ഞങ്ങള്‍ ബാലനോട് ക്ഷമ ചോദിച്ചു. അദ്ദേഹം ആര്‍ദ്രനായി. ഏയ് ക്ഷമയൊന്നും പറയണ്ട. നിങ്ങള്‍ടെ കുഴപ്പവുമല്ല. അദ്ദേഹം പറഞ്ഞിട്ടല്ലേ നിങ്ങള്‍ വന്നത്? എന്റെ പ്രശ്‌നം ഇന്നു കൊണ്ടു തന്നെ ഈ പാര്‍ട്ടി സീന്‍ തീര്‍ക്കണം എന്നതാണ്. ക്ഷണിച്ചുവരുത്തിയ അതിഥികളില്‍ പലരും ഭക്ഷണം കഴിഞ്ഞു മടങ്ങിത്തുടങ്ങി. അവര്‍ പോകും മുമ്പേ മമ്മൂട്ടിയുള്ള രംഗം തീര്‍ക്കണം അതുകൊണ്ടാണ്. പിന്നെ, നിങ്ങള്‍ ഭക്ഷണം കഴിച്ചില്ലല്ലോ, കഴിച്ചിട്ടേ പോകാവൂ കേട്ടോ.

വര്‍ഷങ്ങള്‍ക്കു മുമ്പേ കാലത്തിനു മുമ്പത്തെ സിനിമകള്‍ നിര്‍മ്മിച്ച ആളായിരുന്നു ഗാന്ധിമതി ബാനര്‍. ഇന്നിപ്പോള്‍, മഞ്ഞുമ്മല്‍ ബോയ്‌സ് ഇന്ത്യ കീഴടക്കുമ്പോള്‍ അതിന്റെ മുന്‍ഗാമിയായ ഭരതന്റെ മാളൂട്ടി നിര്‍മ്മിച്ചത് ബാലനാണ്. പാലാരിവട്ടം പാലം അപകടത്തിലായപ്പോഴടക്കം ചര്‍ച്ചാവിഷയമായ കെ.ജി ജോര്‍ജ്ജിന്റെ പഞ്ചവടിപ്പാലം നിര്‍മ്മിച്ചത് ബാലനാണ്. ആ സിനിമയ്ക്കു വേണ്ടി യഥാര്‍ത്ഥത്തില്‍ ഒരു പാലം തന്നെ പണിഞ്ഞ് നാട്ടുകാര്‍ക്ക് സമ്മാനിച്ചത് അക്കാലത്തെ വലിയ വാര്‍ത്തയായിരുന്നു. വേണു നാഗവള്ളി എന്ന സംവിധായകനെ അവതരിപ്പിച്ച നിര്‍മ്മാതാവ്. തലമുറകള്‍ക്കിപ്പുറം മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കുന്ന പദ്മരാജന്റെ തൂവാനത്തുമ്പികള്‍, മൂന്നാം പക്കം. നൊമ്പരത്തിപ്പൂവ് തുടങ്ങിയ സിനിമകളുടെയൊക്കെ ഉടയോന്‍. ബാലന്റെ സിനിമകളില്‍ ചിലതൊക്കെ അവയിറങ്ങിയ കാലത്ത് മഹാവിജയങ്ങളായിരുന്നില്ല. പക്ഷേ ഇന്നും പുതുഭാവുകത്വത്തിന്റെ ഇക്കാലത്ത് അവയില്‍പ്പലതും വീണ്ടും വീണ്ടും ചര്‍ച്ചചെയ്യപ്പെടുന്നു, ആളുകളിഷ്ടപ്പെടുന്നു. ഇന്നിറങ്ങിയിരുന്നെങ്കില്‍ ഓസ്‌ളര്‍ ആകുമായിരുന്നു ഈ തണുത്ത വെളുപ്പാന്‍ കാലത്ത്.

സിനിമയുടെ വാണിജ്യവിജയത്തിനപ്പുറം, നല്ല സിനിമയ്ക്കായി പണം മുടക്കിയ അപൂര്‍വം നിര്‍മ്മാതാക്കളിലൊരാളായിരുന്നു ബാലന്‍. അതുകൊണ്ടാണ് ജനറല്‍ പിക്‌ചേഴ്‌സ്, സുപ്രിയ ഫിലിംസ് തുടങ്ങിയ ബാനറുകള്‍ക്കൊപ്പം ഇരിപ്പിടം നേടിയ ഒരു നിര്‍മ്മാണസ്ഥാപനമായി ബാലന്റെ ഗാന്ധിമതിയും മാറിയത്. ഗാന്ധിമതി സമം ക്വാളിറ്റി എന്നൊരു സൂത്രവാക്യമുണ്ടായിരുന്നു മലയാളസിനിമയില്‍. ഈ നിര്‍മ്മാതാവിന്റെ തീര്‍ത്തും അകാലത്തില്‍ എന്നു തന്നെ പറയാവുന്ന നിര്യാണത്തോടെ അസ്തമിക്കുന്നത് മലയാള സിനിമയെ ആര്‍ജ്ജവത്തോടെ സ്‌നേഹിച്ചിരുന്ന ഒരു സഹയാത്രികനാണ്. ആദരാഞ്ജലികള്‍