പ്രതിഛായകളെ അതിജീവിച്ച അഭിനയകാന്തി
27MARCH, 2013
മലയാളത്തില്‍ അമ്മനടിമാര്‍ പലരുണ്ടായിട്ടുണ്ട്. എന്നാല്‍ സുകുമാരിക്കു മാത്രമായിട്ടുള്ള ചില സവിശേഷതകളാണ് അവരെ മറ്റുള്ളവരില്‍ നിന്നു വേറിട്ടു നിര്‍ത്തിയത്. അക്ഷരവടിവൊത്ത ഉച്ചാരണം. ഒരല്‍പം മുഴക്കമുള്ള ശബ്ദം. പ്രതിച്ഛായയെ തച്ചുതകര്‍ക്കാനുള്ള തന്റേടം. അതാണ് സുകുമാരി എന്ന നടിയെ സമാനതകളില്ലാത്ത പ്രതിഭാസമാക്കുന്നത്.
മലയാളസിനിമയ്‌ക്കൊപ്പം സ്വാഭാവികമായി നടന്നതായിരുന്നു അവരുടെ വളര്‍ച്ച. പത്താം വയസില്‍, തിരുവിതാംകൂര്‍ സഹോദരിമാരുടെ ബന്ധുവെന്ന നിലയില്‍ ചെറുവേഷങ്ങളില്‍ തുടങ്ങിയ നൃത്തവും നടനവും എഴുപത്തിനാലാം വയസു വരെ നീണ്ടു. തലമുറകളില്‍ നിന്നു തലമുറകളിലേക്ക് സിനിമയും സിനിമാഭിനയവും വളര്‍ന്നപ്പോഴും കാലത്തിനൊപ്പം സ്വയം നവീകരിച്ച് ഏറ്റവും പുതിയ തലമുറയ്‌ക്കൊപ്പവും ഒരു ചുവടു മുന്നിലോ ഒപ്പത്തിനൊപ്പമോ നിലയുറപ്പിക്കാന്‍ സാധിച്ചതില്‍ അവരുടെ ധിഷണയും പ്രതിഭയും പ്രകടമാവും. ഇക്കാര്യത്തില്‍ അവര്‍ക്ക് തെന്നിന്ത്യയില്‍ ഒരെതിരാളി മാത്രമേ ഉണ്ടായിട്ടുള്ളൂ, തമിഴിലെ അനുഗ്രഹീത നടി മനോരമ. അതുകൊണ്ടുതന്നെ ഇതരഭാഷകളിലെ നടിമാരുമായോ കഥാപാത്രങ്ങളുമായോ ഒരു താരതമ്യം പോലും സുകുമാരിയമ്മ എന്നു സഹപ്രവര്‍ത്തകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന സുകുമാരിയുടെ കാര്യത്തില്‍ അപ്രസക്തമാവുന്നു.
അച്ഛനേക്കാളേറെ പ്രായമുണ്ടായിരുന്ന എസ്. പി. പിള്ളയോടൊപ്പം വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും ഭര്‍ത്താവു നിങ്ങള്‍ മതി എന്നു പാടിയഭിനയിച്ച സുകുമാരി തന്നെയാണ് പ്രിയദര്‍ശന്റെ ആദ്യസിനിമയായ പൂച്ചയ്‌ക്കൊരുമൂക്കുത്തിയില്‍ നെടുമുടിയുടെ ഭാര്യയായും മോഹന്‍ലാലിനോടൊപ്പം സ്വപനനായികയായും അഭിനയിച്ചത്. എന്തിന് ഭരതന്റെ കേളിയില്‍ കെ.പി.എ.സി.ലളിതയുടെ അമ്മയായിവരെ അവരഭിനയിച്ചു.വ്യത്യസ്തതയാണ് അഭിനേതാവിന്റെ റെയ്ഞ്ചിന്റെ മാനദണ്ഡമെങ്കില്‍, രണ്ടായിരത്തഞ്ഞൂറില്‍പ്പരം കഥാപാത്രങ്ങള്‍ എന്ന ബഹുമതി മാത്രം മതി സുകുമാരി എന്ന അഭിനേത്രിയുടെ നടനകാന്തിക്കുള്ള സാക്ഷ്യപത്രമാവും.
എന്തായിരുന്നു സുകുമാരിയെ സഹനടിമാരില്‍ നിന്നു വേറിട്ടുനിര്‍ത്തിയിരുന്ന ആ എക്‌സ് ഫാക്ടര്‍? തീര്‍ച്ചയായും മുന്‍വിധി കൂടാതെയുള്ള കഥാപാത്ര സ്വീകരണവും, അതിലേക്കുള്ള ആത്മാര്‍ത്ഥമായ തന്മയത്വവും തന്നെ. സുകുമാരിക്കു മുന്നില്‍ കഥാപാത്രങ്ങള്‍ വെല്ലുവിളിയായിട്ടേയില്ല. കഥാപാത്രങ്ങള്‍ സുകുമാരിയുടെ ഭാവപ്പകര്‍ച്ചയില്‍ സ്വയം കീഴടങ്ങിയിട്ടേയുള്ളൂ. സര്‍വംസഹയായ അമ്മയുടെ വേഷത്തില്‍ ഒരു നൂറുവട്ടം വെള്ളിത്തിരയിലെത്തിയിട്ടുണ്ടാവും. എന്നാല്‍ സുകുമാരിയെക്കുറിച്ചോര്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ പെട്ടെന്ന് ഓടിയെത്തുക സമശീര്‍ഷരൊന്നും െകെവയ്ക്കാന്‍ ചങ്കുറപ്പു കാണിച്ചിട്ടില്ലാത്ത ചില വേഷങ്ങളിലൂടെയാവും. പത്മരാജന്റെ അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ വേശ്യാലയ ഉടമ, വന്ദനത്തിലെ എന്തിനും മടിക്കാത്ത ആംഗ്‌ളോ ഇന്ത്യന്‍ വീട്ടുവേലക്കാരി, ചട്ടക്കാരിയിലെ ആംഗ്‌ളോ ഇന്ത്യന്‍, കെ.ജി.ജോര്‍ജിന്റെ പഞ്ചവടിപ്പാലത്തിലെ പഞ്ചായത്ത് മെമ്പര്‍, എന്നിഷ്ടം നിന്നിഷ്ടത്തിലെ കാക്കാത്തി, കാര്യം നിസ്സാരത്തിലെ ക്രിസ്ത്യാനി വീട്ടമ്മ, പ്രിയദര്‍ശന്റെ തേന്മാവിന്‍ കൊമ്പത്തിലെ ഗാന്ധാരി, അടൂര്‍ ഗോപാലകൃഷ്ണന്റെ നിഴല്‍ക്കുത്തിലെ ആരാച്ചാരുടെ ഭാര്യ.....ചട്ടക്കാരി മുതല്‍ ഏറ്റവുമൊടുവില്‍ ന്യൂ ജനറേഷന്‍ ജനുസില്‍പ്പെട്ട ട്രിവാന്‍ഡ്രം ലോഡ്ജിലെ പെഗി വരെ എത്രയോ ആംഗ്‌ളോ ഇന്ത്യന്‍ സ്ത്രീകളുടെ വേഷമിട്ടിട്ടുള്ള സുകുമാരിയുടെ ഒരു വേഷവും മറ്റൊന്നിനെപ്പോലായിരുന്നില്ല. അതുതന്നെയാണ് അവരുടെ മുഖമുദ്ര.
ടി.പി.ബാലഗോപാലന്‍ എം.എ.യിലെ നായികയുടെ അമ്മ, സിനിമയുടെ രണ്ടാം പാതിയില്‍, കേസും വക്കാണവുമായി നടന്ന ഭര്‍ത്താവ് കേസൊക്കെ ജയിച്ച് വീണ്ടും പ്രമാണിയായിക്കഴിഞ്ഞപ്പോള്‍, തങ്ങളെ സഹായിച്ച, മകളുമായി അടുപ്പമുള്ള നായകന്‍ മകളെ കാണാന്‍ വരുമ്പോള്‍, തന്മയത്വത്തോടെ അയാളെ പറഞ്ഞു വിലക്കുന്നതും, മേലില്‍ ഇടയ്ക്കിടെ അവളെ കാണാന്‍ വരരുതെന്നും പറയുന്ന സന്ദര്‍ഭമുണ്ട്. ഒന്നു പാളിയാല്‍ പൊട്ടിപ്പാളീസാവുന്ന നെഗറ്റീവ് വേഷം. പക്ഷേ, സുകുമാരി എന്ന നടിയുടെ അത്യസധാരണമായ സാത്മീകരണമൊന്നുകൊണ്ടുമാത്രമാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ കഥാപാത്രത്തെ സൂക്ഷ്മമായി ഓര്‍ത്തെടുക്കാനാവുന്നത്. മനസ്സിനിഷ്ടമല്ലെങ്കില്‍ കൂടിയും പ്രായോഗികമായതു ചെയ്യുന്ന ആ അമ്മയുടെ ചുണ്ടുകളുടെ പതര്‍ച്ച, മുഖത്തെ മാറിയ ഭാവപ്പകര്‍ച്ച, അത് ആയിരത്തിലൊരാള്‍ക്കു മാത്രം സാധ്യമാവുന്നതാണ്, നിശ്ചയം.അഞ്ജന കണ്ണെഴുതി ആലില താലി ചാര്‍ത്തി അറപ്പുര വാതിലില്‍ ഞാന്‍ കാത്തിരിക്കും എന്നു പാടി തച്ചോളി ഒതേനനെ വശീകരിച്ചു ഒറ്റികൊടുക്കുന്ന അകത്തമ്മയായും, വഴിവിളക്കില്‍ ഗുണ്ടാ സംഘത്തെലെവിയായും മിന്നിമറഞ്ഞ സുകുമാരിയമ്മയുടെ െവെവിദ്ധ്യം അനുകരണീയമാണ്.
എന്നാല്‍, തന്റെ പരിമിതികളെ മറ്റാരേക്കാള്‍ നന്നായി തിരിച്ചറിയുകയും അതിനെ തന്നാലാവുംവിധം മറികടക്കാന്‍ ശ്രമിക്കുകയും ചെയ്യുകവഴിയാണ് അവരീ വിജയം നേടിയെടുത്തത്. ഭാഷയിലുള്ള പരിജ്ഞാനക്കുറവൊന്നും പാത്രാവിഷ്‌കാരത്തിന്റെ പരിമിതികളുടെ ഏഴതിരുകളില്‍ പോലും വച്ചുപൊറുപ്പിക്കാത്തതായിരുന്നു അവരുടെ അഭിനയെശെലി. അതുകൊണ്ടുതന്നെ അതൊന്നും ആരുമത്ര ശ്രദ്ധിക്കാതെയും പോയി.
ഏതു തലമുറയോടൊപ്പവും അവരുടെ ഭാഷയില്‍, ആടിയും പാടിയും ഇണങ്ങിച്ചേരാനാവുന്നതാണ് സുകുമാരിയെ പുതുതലമുറ സിനിമാക്കാര്‍ക്കുപോലും അഭിമതയാക്കിയത്. ബാലചന്ദ്രമേനോന്‍, സിബി മലയില്‍, വേണു നാഗവള്ളി, പ്രിയദര്‍ശന്‍, ഫാസില്‍...ഇവരുടെയെല്ലാം സിനിമകളില്‍ സുകുമാരി ഒരു പോയിന്റ് കൂടുതല്‍ തിളങ്ങിയിട്ടുണ്ടെന്നു പറഞ്ഞാല്‍ അസത്യമല്ല. മോഹന്‍ലാലും ജയറാമും നെടുമുടി വേണുവും ഭരത്‌ഗോപിയും ജഗതി ശ്രീകുമാറും ബാലചന്ദ്രമേനോനും മറ്റുമായുള്ള ജോഡിപ്പൊരുത്തവും അവരുടെ അവിസ്മരണീയ പ്രകടനത്തിലേക്കു വഴിവച്ചിട്ടുണ്ട്. അതെല്ലാം മലയാള സിനിമയുടെ സുവര്‍ണയുഗത്തിന്റെ ഈടുവയ്പ്പുകളുമായി. അതാണ് സുകുമാരി എന്ന അഭിനേത്രിയുടെ സുകൃതം.
എ. ചന്ദ്രശേഖര്‍