Sunday, June 21, 2020

ആന്റീ ഹീറോയിന്‍: മാറുന്ന പാത്രസൃഷ്ടി, മാറാത്ത വീക്ഷണകോണ്‍


എ.ചന്ദ്രശേഖര്‍

ഇന്ത്യന്‍ സിനിമ തുടങ്ങിയത് പുണ്യപുരാണ കഥകളിലാണെങ്കിലും സാംസ്‌കാരികമായി അത് ഇടം നേടിയതും നിലനിര്‍ത്തിയതും സൂമൂഹിക പ്രമേയങ്ങളിലൂടെയാണ്. ഹിന്ദിയില്‍ മാത്രമല്ല, ഇതര ഇന്ത്യന്‍ ഭാഷകളിലും അങ്ങനെതന്നെയായിരുന്നു.വ്യക്തിയും സമൂഹവും കഥാപാത്രങ്ങളായ സിനിമകളില്‍ സ്വാഭാവികമായി ആണ്‍കന്ദ്രീകൃത സാമൂഹികവ്യവസ്ഥയുടെ പ്രതിഫലനങ്ങളാണ് അധികവുമുണ്ടായത്. ചരിത്രപരമായിത്തന്നെ നായകന് സിനിമയുടെ കര്‍തൃത്വത്തില്‍ മേല്‍ക്കോയ്മയുണ്ടായി. നായിക എന്ന നിലയ്ക്ക് അവഗണിക്കാനാവാത്ത സ്ഥാനം കല്‍പ്പിക്കപ്പെട്ടുവെങ്കിലും പലപ്പോഴും വാര്‍പ്പുമാതൃകകളില്‍ പുരുഷകേന്ദ്രീകൃത അധികാരവ്യവസ്ഥയെ ഊട്ടിയുറപ്പിക്കുന്ന തിരസാന്നിദ്ധ്യങ്ങളോ ഉപരിപ്‌ളവങ്ങളായ കെട്ടുകാഴ്ചകള്‍ മാത്രമായിത്തീര്‍ന്ന തിരപ്രത്യക്ഷങ്ങളോ ആയി തിരയിടത്തെ സ്ത്രീസ്വതം ഒതുക്കപ്പെടുകയായിരുന്നുവെന്നതാണ് വാസ്തവം.സര്‍വംസഹയായ കുലസ്ത്രീ, കുടുംബത്തിന്റെ കെടാവിളക്ക് തുടങ്ങിയ മൂല്യങ്ങളുടെ കെടാവിളക്കായിട്ടാണ് സ്ത്രീത്വം വെള്ളിത്തിരയില്‍ ആഘോഷിക്കപ്പെട്ടത്. മറുവശത്ത്, ആണിന്റെ അടങ്ങാത്ത കാമനകളുടെ പൂര്‍ത്തീകരണത്തിനായി നിര്‍മിക്കപ്പെട്ട മദാലസകളുടെ ഒരു വര്‍ഗവും തിരയിടത്തില്‍ നിര്‍മിക്കപ്പെട്ടു. സര്‍വ മൂല്യങ്ങളെയും നിരസിച്ചുകൊണ്ട് തോന്നിയതു പോലെ ജീവിക്കുന്ന, ആധുനിക വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാംപുകള്‍ പക്ഷേ, പ്രതിനായകന്റെ സ്വകാര്യസംഘാംഗമോ, പിണിയാളോ, വെപ്പാട്ടിയോ ആയിരുന്നു. കുറേക്കൂടി ജനാധിപത്യവല്‍ക്കരിക്കപ്പെട്ടപ്പോഴാണ് 
അവള്‍ കാബറേ ഡാന്‍സര്‍ ആയി പ്രത്യക്ഷപ്പെടുകയും പില്‍ക്കാലത്ത് ഐറ്റം എന്ന കുറേക്കൂടി സ്ത്രീവിരുദ്ധമായ സംജ്ഞയിലൂടെ ഇടമുറപ്പിക്കുകയും ചെയ്തത്. നന്മയുടെ നിറകുടമായ നായികയും തിന്മയുടെ ഇരിപ്പിടമായ ഐറ്റവും എന്ന ദ്വന്ദ്വത്തിനപ്പുറം, മാതൃകാ മാതൃത്വങ്ങളും ദുഷ്ടതയുടെ മൂര്‍ത്തീമദ്ഭാവമായ അമ്മായിയമ്മയായും സ്ത്രീ പ്രമേയത്തിന്റെ രണ്ടാം പാളിയിലും നിറഞ്ഞുനിന്നു. ടെലിവിഷനിലെ ജനപ്രിയ പരമ്പരകളില്‍ ഭാഷാഭേദമെന്യേ ഇന്നും ആഘോഷപൂര്‍വം ആവര്‍ത്തിക്കപ്പെടുന്ന തിരസ്ത്രീത്വത്തിന് ഇതില്‍ നിന്ന് കാര്യമായ വ്യത്യാസമൊന്നുമുണ്ടായിട്ടില്ല. 
കുറുപ്പ്-വെളുപ്പ് വൈരുദ്ധ്യത്തോടെയല്ലാതെ, നന്മതിന്മകളുടെ, മനുഷ്യസഹജമായ സ്വാഭാവിക ദേവാസുരഭാവങ്ങളോടെയുള്ള സ്ത്രീയുടെ ആഖ്യാനം ലോകസിനിമയില്‍ ധാരാളമുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യന്‍ സിനിമയില്‍, പ്രത്യേകിച്ച് പ്രാദേശിക ഭാഷാ സിനിമകളില്‍ അതു താരതമ്യേന കുറവായിരുന്നു. ഉണ്ടായിരുന്നതൊക്കെയും മകളെ പൊന്നുപോലെ നോക്കുകയും മരുമകളെ നിഷ്ഠുരമായി പീഡിപ്പിക്കുകയും ചെയ്യുന്ന അമ്മായിയമ്മമാരുടെ വാര്‍പ്പുമാതൃകകള്‍ മാത്രവും. ഈ അമ്മായിമാര്‍ക്കാവട്ടെ ഒരിക്കലും നായകന്മാരോളം പ്രാധാന്യം കല്‍പ്പിക്കപ്പെട്ടതുമില്ല. ഇതില്‍ നിന്നു മാറി, ഇന്ത്യന്‍ മുഖ്യധാരാ സിനിമ നായകനോളമോ അതിനും മുകളില്‍ നില്‍ക്കുന്നതോ ആയ ഒരു വില്ലത്തിയെ ആദ്യമവതരിപ്പിക്കുന്നത് സുഭാഷ് ഗൈയുടെ കര്‍സ്(1980) എന്ന ചിത്രത്തിലാവണം. 
സര്‍ ജുദാ(പ്രേംനാഥ്) എന്ന പ്രധാന വില്ലന്റെ താളത്തിനൊത്തു തുള്ളുന്ന കളിപ്പാവയാണെങ്കില്‍ക്കൂടി, രവിവര്‍മ്മയുടെ വിധവയും കോടീശ്വരിയായ റാണിസാഹിബയുമായി അരങ്ങുവാഴുന്ന കാമിനിദേവി(സിമി ഗരേവാള്‍) നായകനായ മോണ്ടി(ഋഷികപൂര്‍)ക്ക് ഒപ്പമല്ല, അയാള്‍ക്കു മേലെ തോളൊപ്പം അവസാന ഫ്രെയിം വരെ നില്‍ക്കുന്ന കഥാപാത്രമാണ്. നായകന്‍-വില്ലന്‍ ദ്വന്ദ്വമെന്ന വ്യവസ്ഥാപിത പ്രമേയകല്‍പനയനുസരിച്ച് പ്രതിനായിക. പേരിന് അവള്‍ക്കു പിന്നില്‍ ഒരു സര്‍ ജുദാ ഉണ്ടെങ്കില്‍പ്പോലും പരമ്പരാഗത സ്ത്രീ സങ്കല്‍പങ്ങളെയും, ഭാരതീയനാരീസ്വത്വത്തില്‍ ആരോപിക്കപ്പെട്ട എല്ലാ മൂല്യ/ഗുണസവിശേഷതകളെയും വെല്ലുവിളിച്ചുകൊണ്ട് ചിത്രത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു കാമിനിദേവി. സ്വാര്‍ത്ഥയും കുലടയും സ്വഹിതലാഭത്തിന് ഏതു കുത്സിതവഴികളും സ്വീകരിക്കാന്‍ മടിക്കാത്തവളും. നടപ്പു സദാചാരവ്യവസ്ഥിതയെ വെല്ലുവിളിക്കുന്ന ലൈംഗികസ്വാതന്ത്ര്യം വച്ചു പുലര്‍ത്തിയ കാമിനിദേവി സംരംഭകത്വത്തിലും വ്യവസായ കാര്യപ്രാപ്തിയിലുമൊന്നും ആണിന് പിന്നിലല്ല. അന്നോളം ആണിന്റെ മാത്രം കുത്തകയായിരുന്ന കൊലപാതകം പോലും മനസറപ്പില്ലാതെ നിര്‍വഹിക്കുന്നുണ്ട് കാമിനി, അതും ഏതൊരു പുരുഷവില്ലനെയും നാണിപ്പിക്കുംവിധം പൂര്‍വനിശ്ചിതമായി, ആേേലാചിച്ചുറപ്പിച്ച്, തീര്‍ത്തും ആസൂത്രിതമായിത്തന്നെ. കുറ്റകൃത്യങ്ങളെ അതിവിദഗ്ധമായി മൂടിവയ്ക്കാനും അവള്‍ക്കാവുന്നു.ഒരുപക്ഷേ, 20 ഇരുപതുവര്‍ഷത്തിനുശേഷം, തിരച്ചും അതീന്ദ്രിയവും അഭൗമവും അവിശ്വസനീയവുമായ ഒരു ഇടപെടല്‍ ഉണ്ടാവുമായിരുന്നില്ലെങ്കില്‍ രവിവര്‍മ്മയുടെ ഘാതകി കാമിനിയാണെന്ന സത്യം ലോകം അറിയുകപോലുമുണ്ടാവില്ല. സ്വത്തിനും മുന്തിയ ജീവിതസൗകര്യങ്ങള്‍ക്കും വേണ്ടി ഭര്‍ത്താവിനെ വധിച്ച് കേരളത്തില്‍ ജോളി പ്രതിയായി കൂടത്തായി കൊലക്കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 40 വര്‍ഷത്തിനു ശേഷമാണെന്നോര്‍ക്കുക. ആത്മാവിന്റെ ഇടപെടല്‍ പോലൊരു നടക്കാത്ത സംഗതിയില്ലായിരുന്നെങ്കില്‍ കര്‍സിലെ കാമിനി നായകനെ നിഷ്പ്രഭയാക്കി ജീവിച്ചു മരിച്ചേനെ. പക്ഷേ, സമൂഹവും സദാചാരവും വിശ്വാസവും അതിനവരെ അനുവദിച്ചില്ല എന്നതാണ് സത്യം. അതുകൊണ്ട് വിധിയുടെ അനിവാര്യത എന്ന അര്‍ത്ഥത്തില്‍ അവള്‍ക്ക് മരണമേറ്റുവാങ്ങേണ്ടിവന്നു. ഒരര്‍ത്ഥത്തില്‍ തീയറ്ററിലെത്തി സിനിമ കാണുന്ന പ്രേക്ഷകന്റെ മുന്‍വിധികളെ സാധൂകരിക്കാനായിട്ടെങ്കിലുമാണ് പുരുഷ ശക്തിക്കു മുന്നില്‍ അവളുടെ കീഴിടങ്ങല്‍. അതോടെ, മുന്‍കാല കുലടകളുടെ തിരപ്രത്യക്ഷങ്ങളുടെ കൂട്ടത്തിലൊരാള്‍ മാത്രമായി കാമിനിയും മാറ്റിനിര്‍ത്തപ്പെട്ടു. 
എന്നാലും, പുരുഷനു മാത്രം എന്നു നീക്കിവയ്ക്കപ്പെട്ടിരുന്ന പലതുമാണ് അന്നാദ്യം കാമിനി വെള്ളിത്തിരയില്‍ കയ്യാളിയത്. ആദ്യകാല സാഹസിക നായികമാരിലൊരാളായിരുന്ന ഫിയര്‍ലെസ് നാദിയയില്‍ നിന്ന് അവള്‍ വേറിട്ടതാവുന്നതും അങ്ങനെയാണ്. ശരീരം കൊണ്ടാണ് നാദിയമാര്‍ പുരുഷനൊപ്പമാവാന്‍ ശ്രമിച്ചതെങ്കില്‍ മനസുകൊണ്ടും ബുദ്ധികൊണ്ടും പ്രവൃത്തികൊണ്ടും കാര്യക്ഷമതകൊണ്ടുമാണ് കാമിനി വെള്ളിത്തിരയില്‍ പുരുഷനൊപ്പമായത്. അതിന്റെ ക്രെഡിറ്റിന് ഉത്തരവാദികള്‍ തീര്‍ച്ചയായും തിരക്കഥാകൃത്ത് ഡോ റാഹി മാസും റേസയും സുഭാഷ് ഗൈയും സര്‍വോപരി, കാമിനിയെ അസൂയാര്‍ഹമായി വിജയിപ്പിച്ച സിമിയുമാണ്. സിദ്ധാര്‍ത്ഥ, മേരാ നാം ജോക്കര്‍ പോലുളള ചിത്രങ്ങളില്‍ നിര്‍മിച്ചെടുത്ത തിരപ്രതിച്ഛായയെ അപ്പാടെ മാറ്റിവച്ചുകൊണ്ട് കാമിനിയെപ്പോലൊരു കഥാപാത്രത്തെ ഏറ്റെടുക്കാന്‍ അക്കാലത്ത് സിമി ഗരേവാള്‍ കാണിച്ച ധൈര്യം ചെറുതല്ല.
ഋത്വിക് റോഷന്റെ പിതാവും നടനും സംവിധായകനുമായ രാകേഷ് റോഷന്‍ സംവിധാനം ചെയ്ത ഖൂന്‍ ഭരി മാംഗില്‍(1988)ലാണ് മറ്റൊരു കാമിനിയെ, ആരതി വര്‍മ അഥവാ ജ്യോതി എന്ന കാമാര്‍ത്തയായ സമ്പന്ന വിധവയെ ഇന്ത്യന്‍ മുഖ്യധാരാസിനിമ കണ്ടുമുട്ടുന്നത്. കര്‍സിലെ കാമിനിയുമായി പൊക്കിള്‍ക്കൊടിബന്ധമുള്ള കഥാപാത്രം.റിട്ടേണ്‍ ടു ഏഡന്‍ എന്ന ഇംഗ്‌ളീഷ് ടിവി പരമ്പരയുടെ കഥാംശമുള്‍ക്കൊണ്ട ചിത്രത്തിലെ കേന്ദ്രബിന്ദുവായ ഈ പ്രതിനായികയെ അവതരിപ്പിച്ചത് അക്കാലത്തെ മുന്‍നിരനായികമാരിലൊരാളായ സാക്ഷാല്‍ രേഖയാണ്. കര്‍സില്‍ നിന്നു വിഭിന്നമായി ഖൂന്‍ ഭരി മാംഗിലെ സഞ്ജയ് വര്‍മ്മ(കബീര്‍ ബേഡി) കാമുകിയും ഭാര്യയുമായ ആരതിയുടെ വ്യക്തിപ്രഭാവത്തിനു മുന്നില്‍ പലപ്പോഴും തോറ്റുപോകുന്നുമുണ്ട്.അതിനിടെ, വേശ്യാത്തെരുവിന്റെ കഥ പറഞ്ഞ ശ്യാംബനഗലിന്റെ മണ്ഡി പോലെ ചില സിനിമകളില്‍ സദാചാരവ്യവസ്ഥിതിയെ ചോദ്യം ചെയ്ത സ്ത്രീകഥാപാത്രങ്ങളുണ്ടായി എങ്കിലും അവരൊന്നും പുരുഷനായക കര്‍തൃത്വത്തിന് ബദല്‍ പ്രതിഷ്ഠിക്കപ്പെട്ടവരായിരുന്നില്ല. 
മലയാളത്തില്‍ 10 വര്‍ഷം മുമ്പിറങ്ങിയ ഹരിഹരന്റെ ശരപഞ്ജര(1979)ത്തിലെ സൗദാമിനി (ഷീല)യുടെ കഥാപാത്രത്തോട് ഏറെ സാമ്യമുണ്ട് ആരതിക്ക്. സൗദാമിനി ഭര്‍ത്താവിനെ വഞ്ചിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെങ്കില്‍, ആരതി കാമുകനു വേണ്ടി ഭര്‍ത്താവിനെ നിഷ്ഠുരമായി വകവരുത്തുകകൂടി ചെയ്യുന്നു. അതിന്റെ പേരില്‍ ഒരിക്കലും പശ്ചാത്തപിക്കുകയോ കുറ്റബോധത്താല്‍ വേട്ടയാടപ്പെടുകയോ ചെയ്യുന്നതല്ല അവരുടെ സ്വത്വം.അവിടെയാണ് വാര്‍പ് പ്രതിനായികമാരില്‍ നിന്ന് കാമിനിയും ആരതിയും വ്യത്യസ്തരാവുന്നത്.അവരുടെ പാത്രാവിഷ്‌കാരത്തില്‍ സമൂഹത്തിന്റെ മാറുന്ന മൂല്യവ്യവസ്ഥകളുടെ, തച്ചുടയ്ക്കപ്പെടുന്ന ആണധികാരത്തിന്റെ, ചോദ്യം ചെയ്യപ്പെടുന്ന സാമൂഹികാധികാരവ്യവസ്ഥിതിയുടെ ഒക്കെ അനുരണനങ്ങള്‍ കാണാം.കാലത്തിനു മുമ്പേ എന്നു വിശേഷിപ്പിക്കപ്പെടുന്നെങ്കിലും അവ കാലത്തിന്റെ സ്പന്ദനങ്ങള്‍ തന്നെയാണ് പ്രതിഫലിപ്പിച്ചതെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ ബോധ്യപ്പെടും.
പ്രണയത്തിനു വേണ്ടി രക്തിദാഹിയായി കൊലപാതകം ചെയ്യുന്ന, സൈക്കോപ്പാത്ത് എന്നു വിശേഷിപ്പിക്കപ്പെടാവുന്ന ഒരു നായികയെ ഇന്ത്യന്‍ സിനിമയില്‍ അവതരിപ്പിച്ചു കാണുന്നത് രാജീവ് റായി സംവിധാനം ചെയ്ത ഗുപ്ത്(1997) എന്ന ചിത്രത്തിലാണ്. കാമുകനായ സാഹിലി(ബോബി ദേവല്‍)നെ കൊണ്ട് ശീതളിനെ വിവാഹം കഴിപ്പിക്കാനുള്ള രണ്ടാനച്ഛന്റെ ശ്രമത്തില്‍ മനം നൊന്ത് അയാളെയും തടര്‍ന്ന് പ്രണയനഷ്ടമൊഴിവാക്കാന്‍ പലരെയും കയ്യറപ്പില്ലാതെ കൊല്ലാന്‍ തയാറാവുന്ന ഇഷ ദിവാന്റെ വേഷത്തിലെത്തിയത് അന്നോളം പ്രണയനായികയായി മാത്രം വേഷമിട്ട കാജോള്‍ ആയിരുന്നു. അതുതന്നെയാണ് ആ സിനിമയുടെ പരിണാമഗുപ്തിക്ക് സഹായകമായതും. നിയമപരമായി യാതൊരു സഹതാപവും പരിഗണനയുമര്‍ഹിക്കാത്ത കൊടുംക്രൂരയായ കുറ്റവാളിയും കുറ്റവാളികളുടെ മനസുള്ളവളുമാണ് ഇഷ. അത്തരമൊരു കഥാപാത്രത്തെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയും, കാജോളിന്റെ താരപ്രതിച്ഛായ സംരക്ഷിക്കാനുള്ള ബാധ്യതയും ഉള്ളതുകൊണ്ടാവണം, ക്‌ളൈമാക്‌സില്‍ അവള്‍ക്ക് സാഹിലിനോടുള്ള പരിശുദ്ധ പ്രണയത്തെ ഉദാത്തവല്‍ക്കരിച്ച്, അവളുടെ മുന്‍കാല കഥ വിവരിച്ച് അവളെ നായകന്റെ ആശ്‌ളേഷത്തില്‍ മരിക്കാന്‍ അനുവദിക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനും.ചിത്രത്തിന്റെ മൊത്തത്തിലുള്ള ഘടന പരിശോധിച്ചാലും പതിവു പുരുഷകേന്ദ്രീകൃത കഥപറച്ചില്‍ ശൈലി പിന്തുടര്‍ന്ന് നായകന്റെ ധീരസാഹസികതകളും നിഷ്‌കളങ്കത്വവുമൊക്കെ സ്ഥാപിച്ചെടുക്കുന്ന ദൃശ്യാഖ്യാനത്തില്‍ അവസാനം വരെയും മരംചുറ്റിപ്രേമിക്കാനുള്ള പതിവ് നായികാസ്വത്വത്തില്‍ മാത്രം ഒതുക്കിനിര്‍ത്തിയ ഇഷയുടെ പാത്രവല്‍ക്കരണത്തിന് ശീതള്‍ (മനീഷ കൊയ്‌രാള)യുടേതിനു താഴെ മാത്രം തിരസമയമേ മാറ്റിവച്ചിട്ടുമുള്ളൂ. സമാപന രംഗങ്ങളിലെ മിനിറ്റുകള്‍ മാത്രം നീളുന്ന ഫ്‌ളാഷ്ബാക്കിലും ശീതളിനെ അപായപ്പെടുത്താനെത്തി തുടര്‍ന്നുള്ള അവളുടെ മരണരംഗത്തിലുമൊഴികെ ഇഷയ്ക്ക് സിനിമയുടെ മൊത്തം ആഖ്യാനകത്തില്‍ കാര്യമായ പങ്കില്ല. എന്നിട്ടും മികച്ച വില്ലനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ആ വര്‍ഷം ആദ്യമായി ഒരു നടിക്ക് ലഭിച്ചെങ്കില്‍, കാജോളിന്റെ സത്യസന്ധമായ വേഷപ്പകര്‍ച്ച കൊണ്ടാണത്. കൊലപാതകിയായി നായികമാരിലൊരാളെ കണ്ട പ്രേക്ഷകരുടെ ഞെട്ടലോണ് ഗുപ്തിനെ മഹാവിജയമാക്കിയത്. പ്രണയനായകവേഷങ്ങളില്‍ മാത്രം തങ്ങള്‍ കണ്ട ഷാരൂഖ് ഖാനെ ബാസിഗറിലും (1993) ഡറിലും (1993) പ്രതിനായകവേഷത്തില്‍ സ്വീകരിച്ചതിനു സമാനമായ മാനസികാവസ്ഥയിലാണ് പ്രേക്ഷകര്‍ ഗുപ്തിലെ കാജോലിന്റെ ഇഷയേയും പരിഗണിച്ചത്.
ഇന്ത്യന്‍ സിനിമയില്‍, പുരുഷനു മുകളില്‍ നില്‍ക്കുന്ന എന്തിനും പോന്ന സ്ത്രീ കഥാപാത്രങ്ങള്‍ പ്രബലവും വ്യാപകവുമാവുന്നത് എണ്‍പതുകളുടെ ഉത്തരാര്‍ധത്തില്‍ സജീവമായ സെക്‌സും വയലന്‍സും കോര്‍ത്തിണക്കിയ ക്രൈം/ഹൊറര്‍ സിനിമകളിലൂടെയാണ്. മഹേഷ്ഭട്ടിന്റെ തിരക്കഥയില്‍ അമിത് സക്‌സേന സംവിധാനം ചെയ്ത ജിസം(2003) എന്ന ഹിന്ദി സിനിമയിലെ സോണിയ ഖന്ന (ബിപാഷ ബസു) ആണ് ആ തരംഗത്തിന് തുടക്കം കുറിച്ചത്. പാത്രാവിഷ്‌കാരത്തില്‍, കര്‍സ്, ഖൂന്‍ ഭരി മാംഗ് തുടങ്ങിയ ചിത്രങ്ങളിലെ പ്രതിനായികമാരില്‍ നിന്ന് ഏറെ വ്യത്യസ്തയല്ല സോണിയ. സമ്പന്നനായ ഭര്‍ത്താവിന്റെ രണ്ടാം ഭാര്യ. അയാളെ സ്വന്തമാക്കാന്‍ അയാളുടെ ആദ്യഭാര്യയെ വകവരുത്തുന്ന സോണിയ പിന്നീട് അയാളെത്തന്നെ വകവരുത്തി സ്വത്തുക്കള്‍ സ്വന്തമാക്കാനാണ് കാമുകന്‍ കബീര്‍ ലാലിനെ (ജോണ്‍ ഏബ്രഹാം) പ്രണയം നടിച്ച് വശംവദനാക്കുന്നത് എന്ന വ്യത്യാസം മാത്രം.
മലയാള സിനിമയില്‍ ഒരു വനിതാ അധോലോകനായിക ആവിഷ്‌കൃതമാവുന്നത് രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാട(2016) ത്തിലൂടെയാണ്. കേരളത്തിലെ ആദ്യ വനിതാഗുണ്ട എന്നു മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ശോഭ ജോണിന്റെ നിഴല്‍ വീണ കഥാപാത്രമായിരുന്നു അതിലെ റോസമ്മ (അമല്‍ഡ ലിസ്). അതിശക്തവും ഏറെ സാധ്യതകളുള്ളതുമായ ഒരു കഥാപാത്രം. തിരസ്ത്രീത്വത്തിന് അന്നോളം മലയാള സിനിമയില്‍ ലഭ്യമല്ലാതിരുന്ന സ്‌പെയ്‌സാണ് റോസമ്മ ഉപയോഗിച്ചത്. സമശീര്‍ഷരായ അധോലോക നായകന്മാര്‍ക്കൊപ്പം തലപ്പൊക്കമുള്ളവള്‍. ആജ്ഞാനുവര്‍ത്തികളായ ആണ്‍പിറന്നോന്മാരെ വരച്ചവരയില്‍ നിര്‍ത്താന്‍ ഇച്ഛാശക്തിയുള്ളവള്‍. എന്നാല്‍, പുരുഷകേന്ദ്രീകൃത കഥാവസ്തുവിന്റെ പരിണതിയില്‍, നന്നായി വികസിപ്പിക്കാമായിരുന്ന റോസമ്മ എന്ന കഥാപാത്രം നിരര്‍ഥകമായി കൊല്ലപ്പെടുകയാണ്.പകരം പതിവു ചാലില്‍ നായകന്റെ കാമുകി റൊമാന്റിക് നായകകര്‍തൃത്ത്വത്തിലേക്ക് പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യുന്നിടത്താണ് കമ്മട്ടിപ്പാടം പ്രമേയതലത്തില്‍ ചെറുതായെങ്കിലും പിന്നോട്ടുപോകുന്നത്.
സാമ്പത്തിക ഉദാരവല്‍ക്കരണവും ആഗോളവല്‍ക്കരണവും ഇന്ത്യന്‍ സമൂഹത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ പലവിധത്തിലും സാഹിത്യത്തിലെന്നപോലെ സിനിമയിലും പ്രതിനിധീകരിക്കപ്പെട്ടിട്ടുണ്ട്. കോര്‍പറേറ്റ് ലോകത്തെ കുതികാല്‍വെട്ടും അധികാരവടംവലിയുമൊക്കെ മുന്‍പും സിനിമയായിട്ടുണ്ടെങ്കിലും ബിപാഷ ബസു നായികയായ മധുര്‍ ഭണ്ഡാര്‍ക്കറുടെ കോര്‍പറേറ്റ് (2006), പ്രിയങ്ക ചോപ്ര നായികയായ അബ്ബാസ് മസ്താന്റെ ഐത്‌രാസ് (2004) എന്നിവ അതിലെ പ്രതിനായികമാരുടെ ആഖ്യാനത്തില്‍ വേറിട്ടവയാണ്.കോര്‍പറേറ്റിലെ നിഷ, കമ്പോളമുയര്‍ത്തുന്ന തൊഴില്‍പരമായ വെല്ലുവിളികളുടെ, കമ്പനികള്‍ തമ്മിലുള്ള കഴുത്തറപ്പന്‍ കിടമത്സരങ്ങളുടെ ഭാഗമാകുമ്പോള്‍ തന്നെ അതിന്റെ ഇരകൂടിയായിത്തീരുകയാണ്.തത്വദീക്ഷയില്ലാതെ കോര്‍പറേറ്റുകള്‍ക്കു കുടപിടിക്കേണ്ടിവരുന്ന സ്ത്രീത്വത്തെയാണ് നിഷ പ്രതിനിധാനം ചെയ്യുന്നത്. എന്നാല്‍, ഐത്‌രാസിലെ സോണിയയുടേത് കുറേക്കൂടി സങ്കീര്‍ണമായ പാത്രസൃഷ്ടിയാണ്. പ്രത്യക്ഷത്തില്‍ കര്‍സ് മുതല്‍ ജിസം വരെയുള്ള സിനിമകളിലെ സമ്പന്നനായ വ്യവസായിയുടെ ധനാര്‍ത്തയായ രണ്ടാംഭാര്യമാരുടെ വാര്‍പ്പുമാതൃകയിലാണെങ്കിലും ഹോളിവുഡ് സിനിമ ബേസിക് ഇന്‍സ്റ്റിക്റ്റി(1992)ലെ, മലയാളത്തിലെ അക്ഷരത്തെറ്റി(1989)ലെ പ്രതിനായികയുടെ കൂടി നിഴല്‍വെട്ടം വീണ പാത്രാവിഷ്‌കരാമാണ് അവളുടേത്.കാരണം, പണത്തിനുവേണ്ടിയല്ല അവള്‍ വിവാഹേതരബന്ധത്തിനു മുതിരുന്നത്. മറിച്ച്, പൂര്‍വ കാമുകനായ രാജില്‍ (അക്ഷയ് കുമാര്‍) തന്റെ ലൈംഗികതൃഷ്ണകള്‍ തീര്‍ക്കാന്‍ കൂടിയാണ്. ഗുപ്തിലെ ഇഷയടക്കമുള്ളവര്‍ നായകന്റെ പ്രേമം നേടാനും, ഭര്‍ത്താവിന്റെ സ്വത്ത് കരസ്ഥമാക്കാനും ഏതവസ്ഥവരെയും സാഹിസകരാവാന്‍ തയാറാവുന്നവരായിരുന്നെങ്കില്‍ തന്റെ ശരീരത്തിന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനും, മറ്റൊരുവളുമായി സംതൃപ്ത ജീവിതം നയിക്കുന്ന മുന്‍ കാമുകനെ കോര്‍പറേറ്റ് പദവി കാണിച്ചും അയാള്‍ക്കു മേലുളള കോര്‍പറേറ്റ് അധികാരാധിപത്യം സ്ഥാപിച്ചുമാണ് ഐത്‌രാസിലെ നായിക പുരുഷനെ ജയിക്കാന്‍ നോക്കുന്നത്. കഴുതില്‍ തുടലിട്ട നായയെപ്പോലെയാണ് അവള്‍ ശരീരം കൊണ്ട് വഴിക്കി രാജിനെ വട്ടംചുറ്റിക്കുന്നത്.എത്രയോ സിനിമകളില്‍ പുരുഷവില്ലന്മാരിലൂടെ കണ്ടുശീലിച്ച പാത്രധര്‍മ്മമാണ് ഇവിടെ സോണിയ എന്ന പ്രതിനായികയിലൂടെ നിര്‍വഹിക്കപ്പെട്ടത്.
രാജുമായുള്ള പൂര്‍വകാല പ്രണയത്തില്‍ ഗര്‍ഭിണിയായ സോണിയ, സാധാരണ സിനിമാക്കഥകളിലെ സമാനസന്ദര്‍ഭങ്ങളില്‍ നായകനാല്‍ തിരസ്‌കൃതരാവുന്ന നായികമാരുടെ ബദലായി,അയാളെയും അയാളുടെ ഭ്രൂണത്തെയും നിഷ്‌കരുണം നിഷേധിക്കുകയാണ്. ഒരു ഗര്‍ഭത്തോടെ അയാളുടെ ഭാര്യയായി അടുക്കളയില്‍ തീരാനുള്ളതല്ല തന്റെ ജീവിതം എന്നാണ് അവളുടെ കാഴ്ചപ്പാട്. അതുകൊണ്ട് അവള്‍ കൂടുതല്‍ ധനസ്ഥിതിയും സാമൂഹികപദവിയും തേടി ഗര്‍ഭഛിദ്രം നടത്തി അയാളെ ഉപേക്ഷിച്ചു പോവുകയാണ്. പ്രണയത്തിന്റെ വിശുദ്ധിയിലൊന്നും വിശ്വാസമേയില്ല അവള്‍ക്ക്. പില്‍ക്കാലത്ത് തൊഴിലുടമയുടെ ഭാര്യയെന്ന നിലയില്‍ അയാളുടെ ജീവിതത്തിലേക്കു ഒരിക്കല്‍ കൂടി കടന്നുവരുമ്പോഴും, ഭര്‍ത്താവില്‍ നിന്നു ലഭിക്കാത്ത കാമപൂര്‍ത്തിയാണ് അവളയാളില്‍ നിന്നു പ്രതീക്ഷിക്കുന്നത്. അതിനയാള്‍ കൂട്ടുനില്‍ക്കാതെവരുമ്പോള്‍, തന്നെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന വ്യാജ ആരോപണവുമായി രാജിനെതിരേ സ്വന്തം ജീവിതം വച്ചുകൊണ്ടൊരു പടനീക്കത്തിനാണ് സോണിയ ശ്രമിക്കുന്നത്.
രാജുമായുള്ള പൂര്‍വകാല പ്രണയത്തില്‍ ഗര്‍ഭിണിയായ സോണിയ, സാധാരണ സിനിമാക്കഥകളിലെ സമാനസന്ദര്‍ഭങ്ങളില്‍ നായകനാല്‍ തിരസ്‌കൃതരാവുന്ന നായികമാരുടെ ബദലായി,അയാളെയും അയാളുടെ ഭ്രൂണത്തെയും നിഷ്‌കരുണം നിഷേധിക്കുകയാണ്. ഒരു ഗര്‍ഭത്തോടെ അയാളുടെ ഭാര്യയായി അടുക്കളയില്‍ തീരാനുള്ളതല്ല തന്റെ ജീവിതം എന്നാണ് അവളുടെ കാഴ്ചപ്പാട്. അതുകൊണ്ട് അവള്‍ കൂടുതല്‍ ധനസ്ഥിതിയും സാമൂഹികപദവിയും തേടി ഗര്‍ഭഛിദ്രം നടത്തി അയാളെ ഉപേക്ഷിച്ചു പോവുകയാണ്. പ്രണയത്തിന്റെ വിശുദ്ധിയിലൊന്നും വിശ്വാസമേയില്ല അവള്‍ക്ക്. പില്‍ക്കാലത്ത് തൊഴിലുടമയുടെ ഭാര്യയെന്ന നിലയില്‍ അയാളുടെ ജീവിതത്തിലേക്കു ഒരിക്കല്‍ കൂടി കടന്നുവരുമ്പോഴും, ഭര്‍ത്താവില്‍ നിന്നു ലഭിക്കാത്ത കാമപൂര്‍ത്തിയാണ് അവളയാളില്‍ നിന്നു പ്രതീക്ഷിക്കുന്നത്. അതിനയാള്‍ കൂട്ടുനില്‍ക്കാതെവരുമ്പോള്‍, തന്നെ മാനഭംഗം ചെയ്യാന്‍ ശ്രമിച്ചു എന്ന വ്യാജ ആരോപണവുമായി രാജിനെതിരേ സ്വന്തം ജീവിതം വച്ചുകൊണ്ടൊരു പടനീക്കത്തിനാണ് സോണിയ ശ്രമിക്കുന്നത്.സ്ത്രീകള്‍ക്ക് അനുകൂലമായ ചില നിയമങ്ങളെങ്ങനെ പുരുഷന്മാര്‍ക്കെതിരേ പ്രതികാരമായി ഉപയോഗിക്കാം എന്ന് തൊലിപ്പുറത്തെങ്കിലും ചര്‍ച്ച ചെയ്ത ചിത്രം കൂടിയാണിത്. ഇതിന്റെ കുറേക്കൂടി ആഴത്തിലുള്ള വിശകലനമാണ് സോണിയയ്‌ക്കൊപ്പം തന്നെ കരളുറപ്പുള്ള, തൊഴില്‍പരമായ ഉയര്‍ച്ചയ്ക്കു വേണ്ടി ഒരു സംവിധായകനെപ്പോലും ആരോപണവിധേയനാക്കി തന്‍കാര്യം കാണാന്‍ മടിക്കാത്ത നായികയെ അവതരിപ്പിച്ച സെക്ഷന്‍ 375(2019) എന്ന ഹിന്ദി ചിത്രം.
മീ ടൂ പോലുള്ള മുന്നേറ്റങ്ങളും നിര്‍ഭയ തടങ്ങിവച്ച സ്ത്രീശാക്തീകരണബോധവല്‍ക്കരണപരിശ്രമങ്ങളുടെയും സമൂഹത്തില്‍ അതുണ്ടാക്കിയ അനുരണനങ്ങളും വളരെ വലുതാണ്. സ്ത്രീയെ ഏതെങ്കിലും തരത്തിലും തലത്തിലും അബലോ അശരണയോ ചപലയോ ആയി കാണരുതെന്നും അവള്‍ക്കു ചോദിക്കാനും പറയാനും മറ്റൊരാളുടെയും സഹായം വേണ്ടെന്നുമുള്ള സന്ദേശം ആധുനികോത്തരാനന്തര കലാവിഷ്‌കാരങ്ങളില്‍ വളരെ ആഴത്തില്‍ തന്നെ പ്രതിനിധാനം ചെയ്യപ്പെടുന്നുമുണ്ട്.പഴയതിലുമധികം നായികാകേന്ദ്രീകൃത ചലച്ചിത്രങ്ങള്‍ ലോകമെമ്പാടും ഉണ്ടാകുന്നതിനും അതില്‍ പലതും നായകന്മാര്‍ അപ്രസക്തമാകും വിധം സ്ത്രീകേന്ദ്രീകൃതമാകുന്നതിനും ഇരുപത്തൊന്നാം നൂറ്റാണ്ട് സാക്ഷ്യം വഹിക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യയില്‍ അപ്പോഴും മുഖ്യധാരാ സിനിമ ചെയ്യുന്നത് ഒരു ബാലന്‍സിങ് ആക്ട് ആണെന്നു പറയാതെ വയ്യ. പ്രത്യക്ഷത്തില്‍ സ്ത്രീപക്ഷമെന്നു തോന്നിക്കുകയും പരോക്ഷമായി വ്യവസ്ഥാപിത ആണ്‍കോയ്മയെ ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന പ്രമേയങ്ങളാണ് അവ ആവര്‍ത്തിച്ച് ഉദ്പാതിപ്പിക്കുന്നത്. വിജയഗാഥകള്‍ എന്ന പേരില്‍ പുറത്തുവന്ന പല സിനിമകളിലും അവളുടെ വിജയത്തിനു പിന്നില്‍ കരുത്തനായൊരു പുരുഷനെ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ടാണ് സിനിമയുടെ ആഖ്യാനകം പ്രേക്ഷകരുടെ കണ്ണുകെട്ടിയത്. എന്നാല്‍, നവഭാവുകത്വത്തിന്റെ ഉടപ്പിറപ്പോടെ, ഇത്തരം വ്യാജനിര്‍മിതികള്‍ അപ്രസക്തങ്ങളാവുകയും പ്രേക്ഷക പ്രീതി എന്നത് പ്രഥമപരിഗണന പോയിട്ട് പരിഗണന പോലുമല്ലാതാവുകയും ചെയ്തു. യാഥാര്‍ത്ഥ്യങ്ങളെ കൂടുതല്‍ തീഷ്ണതയോടെ അവതരിപ്പിക്കുക എന്ന നവഭാവുകത്വത്തിന്റെ മാധ്യമസമീപനത്തിനുമുന്നില്‍ ക്രമേണ കമ്പോള സിനിമയ്ക്കും അതിന്റെ പിടിവാശികള്‍ പതിയെ ഉപേക്ഷിക്കേണ്ടിവരികയും ഭാവുകത്വം സ്വയം നവീകരിക്കുകയും വേണ്ടിവന്നു.ഈ മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ചില സമകാലിക ഇന്ത്യന്‍ ഭാഷാ സിനിമകളിലെങ്കിലും നായികാകര്‍തൃത്വങ്ങളുടെ ആവിഷ്‌കാരത്തില്‍ ചില സമാനതകള്‍ ദര്‍ശിക്കാനാവും.
ദേശീയ ബഹുമതി നേടിയ ശ്രീറാം രാഘവന്റെ അന്ധാധുന്‍(2018) എന്ന ഹിന്ദി സിനിമയിലെ സിമിസിന്‍ഹ (തബു) എന്ന (പ്രതി)നായികയാണ് വേറിട്ട അസ്തിത്വത്തിലൂടെ ശ്രദ്ധിക്കപ്പെട്ട അത്തരത്തിലുള്ള പ്രധാന കഥാപാത്രങ്ങളിലൊന്ന്. പണത്തിനു വേണ്ടി ഭര്‍ത്താവിനെ മാത്രമല്ല, കാമുകനെയടക്കം ആരെയും കൊല ചെയ്യാന്‍ മടിക്കാത്ത വില്ലത്തിയാണ് സിമി. ഇന്ത്യന്‍ സിനിമയിലെ ഏതു കൊടുംവില്ലന്മാര്‍ക്കും ഒപ്പം നില്‍ക്കുന്ന കഥാപാത്രം. അവളെ ഭരിക്കുന്ന തത്വചിന്തകള്‍ തീര്‍ച്ചയായും പരമ്പരാഗത മൂല്യങ്ങളുടേതല്ല, തീര്‍ത്തും ഭൗതികമായ, കമ്പോളാധിഷ്ഠിത ഒത്തുതീര്‍പ്പുകളുടേതാണ്. ഇതേ വിട്ടുവീഴ്ചകളുടെയും കൊടുംക്രൂരതകളുടെയും മറ്റൊരു മുഖമാണ് താപ്‌സി പന്നു, അമിതാഭ് ബച്ചന്‍ എന്നിവര്‍ മുഖ്യവേഷമണിഞ്ഞ ബദ്‌ല (2019) എന്ന ഹിന്ദി ചിത്രത്തിലെ നയന സേഥിയും, വാസുവിന്റെ സംവിധാനത്തില്‍ റെജീന കസാന്‍ഡ്രയും അദിവി ശേഷും മുഖ്യവേഷത്തിലെത്തിയ തെലുങ്ക് ചിത്രമായ എവരു(2019)വിലെ സമീറ എന്ന സാമും കാഴ്ചവയ്ക്കുന്നത്.
ബദ്‌ലയുടെയും എവരുവിന്റെയും പ്രമേയത്തിനും കഥാനിര്‍വഹണത്തിനും പരിധിയില്‍ക്കവിഞ്ഞ സാമ്യമുണ്ട്. രണ്ടിന്റെയും ഇതിവൃത്തത്തിലും ദൃശ്യസമീപനത്തിലും ഈ ചാര്‍ച്ച പ്രകടമാണ്. രണ്ടു ചിത്രത്തിലെയും കേന്ദ്രകഥാപാത്രമായ നായികമാരുടെ കഥാപാത്രനിര്‍മിതിയിലും ആവിഷ്‌കാരത്തിലും പ്രകടമായ സമാനതകളും ചെറുതല്ല. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഒരു കൊലപാതക കേസില്‍ പ്രതിസ്ഥാനത്തു ചെന്നുപെടുകയും അതില്‍ നിന്നു വിടുതല്‍ തേടാന്‍ വലിയ വിലകൊടുത്തു വരുത്തിക്കുന്ന അതിസമര്‍ത്ഥനായൊരു അഭിഭാഷകനു മുന്നില്‍ കേസിന്റെ ഉള്‍പ്പിരിവുകളെന്ന നിലയ്ക്ക് പരമാര്‍ത്ഥങ്ങളൊന്നൊന്നായി വെളിപ്പെടുത്തുകയും ചെയ്യുന്ന അതി സമ്പന്നകളും സമര്‍ത്ഥരുമായ ഭര്‍തൃമതികളായ സുന്ദരിമാരാണ് നയനയും (തപ്‌സി പന്നു), സാമും(കസാന്‍ഡ്ര).'സ്മൃതി'കാല സ്ത്രീത്വത്തിന്റെ പ്രതിനിധികളായ വീട്ടമ്മമാരല്ല അവര്‍. മറിച്ച്, സ്വന്തം തൊഴിലിലും പ്രവൃത്തികളിലും കൃത്യമായ ബോധ്യങ്ങളും ലക്ഷ്യങ്ങളും വച്ചുപുലര്‍ത്തുന്ന പുതുതലമുറയുടെ സന്തതികള്‍. പഠിപ്പും ലോകപരിചയവും പരിഷ്‌കൃതലോകത്തിന്റെ ധാടിമോടികളൊക്കെ സ്വായത്തമാക്കിയ ഉല്‍ക്കര്‍ഷേച്ഛുക്കള്‍.അവരുടെ ഓരോ ചെയ്തിയിലും ആലോചിച്ചുറച്ച വ്യക്തവും സ്പഷ്ടവുമായ ബോധ്യങ്ങളുണ്ട്. തങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന പുരുഷന്മാരെയെല്ലാം തങ്ങള്‍ക്കു വേണ്ടി വിദഗ്ധമായി ഉപയോഗിക്കുന്നവരാണവര്‍. പാപബോധമോ കുറ്റബോധമോ അല്ല, തികഞ്ഞ പ്രായോഗികവാദമാണ് അവരെ ഭരിക്കുന്നത്. അതുകൊണ്ടുതന്നെ മനസുകൊണ്ടല്ല, ബുദ്ധിയും യുക്തിയും കൊണ്ടാണ് അവര്‍ പ്രാതികൂല്യങ്ങളെ നേരിടുന്നത്. ക്‌ളൈമാക്‌സിനോടടുത്തു മാത്രം വെളിപ്പെടുന്നതാണ് അവരിലെ നിഷ്ഠുരകളായ കൊലപാതകികള്‍. 
ഒരു പ്രത്യേക സാഹചര്യത്തില്‍ ഉണ്ടാവുന്ന ഒരപടകത്തില്‍ നിന്ന്, സ്വന്തം നിലനില്‍പ്പിനു വേണ്ടി കൊലപാതകി തന്നെയായിത്തീരുന്നവരാണ് നയനയും സാമും. പക്ഷേ അതവരിലുണ്ടാക്കുന്നത് കുറ്റബോധമേയല്ല. അവര്‍ക്കു മുഖ്യം അതില്‍ നിന്ന് എങ്ങനെ നിയമപരമായി പുറത്തുവരാം എന്നാണ്.അതിനുള്ള നിയമത്തിലെ പഴുതുകളന്വേഷിക്കാനാണ് എത്ര പണവും ചെലവിട്ട് അവര്‍ പരിശ്രമിക്കുന്നത്. ശരിതെറ്റുകള്‍ അവസാനം വരെ അവരുടെ മനസുകളെ മഥിക്കുന്നില്ല. അവസാനം പൊലീസ് പിടിയിലാവുമ്പോള്‍ പോലും അവരുടെ മനസ് പശ്ചാതാപത്തിന്റെ തലത്തിലേക്കു മാറുന്നതിന്റെ ലക്ഷണങ്ങളും സിനിമ കാണിക്കുന്നില്ല.ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുക എന്നതില്‍ മാത്രം തിരക്കഥാകൃത്തും സംവിധായകനും സിനിമ അവസാനിപ്പിക്കുന്നു. ആത്മപരിവര്‍ത്തനം പ്രായശ്ചിത്തം പോലുള്ള മൂല്യങ്ങള്‍ അടിച്ചേല്‍പ്പിച്ച് പ്രതിനായികമാരെ നല്ലനടപ്പിലേക്ക് മാലാഖാവല്‍ക്കരിക്കാനൊന്നുമല്ല ഉദ്ദേശ്യലക്ഷ്യമെന്ന് ഈ സിനിമകള്‍ വ്യക്തമായിത്തന്നെ പ്രസ്താവിക്കുന്നു. 
കപടസദാചാര മൂല്യബോധങ്ങള്‍ക്കനുസൃതമായി കറുപ്പ് വെളുപ്പ് എന്നിങ്ങനെ നന്മതിന്മകളെ ഇഴപിരിച്ച്, ഈ നായികാകഥാപാത്രങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നുമില്ലെന്നതും ശ്രദ്ധേയം. ഒരുപക്ഷേ, സഹതാപത്തിന്റെയോ അനുതാപത്തിന്റെയോ ആയ യാതൊരു പരിഗണനകളും നല്‍കപ്പെടാത്ത പാത്രാവിഷ്‌കാരങ്ങളാണ് ഇവരെല്ലാം. അത്തരം ന്യായീകരണങ്ങള്‍ അര്‍ഹിക്കുന്നവരല്ല എന്ന ബോധ്യത്തില്‍ നിന്നല്ല, നന്മതിന്മകളുടെ പ്രവചനാതീത സങ്കീര്‍ണതകളടങ്ങുന്നതാണ് മനുഷ്യമനസ് എന്ന തിരിച്ചറിവില്‍ നിന്നും, സ്ത്രീയായതുകൊണ്ട് അവള്‍ കുറ്റവാളിയായിക്കൂടെന്നോ കുറ്റകൃത്യം ആസൂത്രണം ചെയ്തുകൂടെന്നോ ആസൂത്രിതമായി നടപ്പാക്കിക്കൂടെന്നോ ഉള്ള പിടിവാശിയില്ലായ്മയില്‍നിന്നുമൊക്കെയാണ് പ്രതിനായികാ കഥാപാത്രത്തോടുള്ള ഈ നിര്‍മമത്വം എന്നതാണ് വാസ്തവം.അത്തരം പരിഗണനകള്‍ക്കു പുറത്ത് മജ്ജയും മാംസവുമുള്ള, മനസിനൊപ്പം ശരീരത്തിന്റെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്തി ജീവിക്കുന്ന പ്രായോഗികവാദികളാണ് പുതുതലമുറ നായികമാര്‍. അതുകൊണ്ടുതന്നെ മനുഷ്യസഹജമായ തെറ്റുകളിലേക്ക് അവര്‍ മുന്‍വിധികളില്ലാതെ സ്വാഭാവികതയോടെ നീങ്ങുന്നു. സമൂഹത്തിന്റെ പൊതുകാഴ്ചപ്പാടിന് നിരക്കാത്തതു പലതും സന്ദേഹലേശവുമില്ലാതെ ചെയ്തുകൂട്ടുന്നു. നവഭാവുകത്വ സിനിമ ഘടനയിലും ഉള്ളടക്കത്തിലും പുലര്‍ത്തുന്ന, അതിഭാവുകത്വങ്ങളെല്ലാം ഛേദിച്ചു കളഞ്ഞുള്ള തുറന്നതും തീഷ്ണവും തീവ്രവുമായ അതിയാഥാര്‍ത്ഥ്യസമീപനത്തിന്റെ ദൃശ്യസമീപനത്തിന്റെ മറ്റൊരു രീതിയിലുള്ള വെളിപാടായി ഈ സ്ത്രീകഥാപാത്രാവിഷ്‌കാരങ്ങളെ കരുതുന്നതിലും തെറ്റുണ്ടാവില്ല. കാരണം ഇവര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് സമകാലിക സമൂഹം. സൗന്ദര്യമുള്ള വസ്തുക്കളുടെയും ജീവിതങ്ങളുടെയും മാത്രം വര്‍ണം ചാലിച്ച സിനിമാവിഷ്‌കാരങ്ങള്‍ക്കപ്പുറത്ത് ഇരുണ്ടതും കറുത്തതുമായ ജീവിതങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്ന സമുഹത്തിന്റെ യഥാര്‍ത്ഥ ചിത്രീകരണത്തോടാണല്ലോ നവസിനിമയ്ക്ക് താല്‍പര്യക്കൂടുതല്‍.
എവരുവിലെ സാമിന് കുറ്റബോധമെന്നത് തരിമ്പുമില്ല. സ്വവര്‍ഗപ്രേമിയായ ഭര്‍ത്താവുമൊത്തുള്ള 'ദാമ്പത്യം' പോലും അവള്‍ക്ക് പറഞ്ഞുറപ്പിച്ച അഡ്ജസ്റ്റ്‌മെന്റാണ്. സമ്പത്തും സാമൂഹികപദവിയും എന്ന വിലയ്ക്ക് അവളുണ്ടാക്കുന്ന ഡീല്‍. ശരീരകാമനകള്‍ക്ക് അവള്‍ മുന്‍കാല കാമുകനെ അങ്ങോട്ടു ചെന്നാണ് ആകര്‍ഷിക്കുന്നത്. ഒടുവില്‍ അയാളെയും തന്ത്രപൂര്‍വം കൊന്ന് ഒഴിവാക്കുന്നു.തനിക്കു മുന്നില്‍ വരുന്ന ഭര്‍ത്താവടക്കമുള്ള ആണുങ്ങളെ മുഴുവന്‍ സ്വാര്‍ത്ഥലാഭത്തിന് എങ്ങനെ ഉപയോഗിക്കാം എന്നു മാത്രമേ അവള്‍ ചിന്തിക്കുന്നുമുള്ളൂ.
നിസാര്‍ ഷാഫി സംവിധാനം ചെയ്ത തമിഴ് തെലുങ്ക് ഭാഷാ സിനിമയായ സെവനി(2019)ലെ നായികമാരെല്ലാം ഇത്തരത്തില്‍ സ്വാര്‍ത്ഥകളും ഇരുണ്ടമനസുകള്‍ക്കുടമകളുമാണ്. നായകനായ കാര്‍ത്തിക്കുമായി അടുപ്പത്തിലായി ഭാര്യമാരെന്ന നിലയ്ക്ക് പൊലീസില്‍ പരാതിപ്പെടുന്ന രമ്യ(നന്ദിത സ്വേത), ജെന്നി(അനിഷ അംബ്രോസ്), പ്രിയ(ത്രിധ ചൗധരി) എന്നിവരെല്ലാം കാശിനുവേണ്ടിയാണ് അത്തരമൊരഭിനയം കാഴ്ചവയ്ക്കുന്നത്.കാര്‍ത്തിക്കിന്റെ പിതാവ് കൃഷ്ണമൂര്‍ത്തിയെ ലഭിക്കാന്‍ വേണ്ടി, സ്വന്തം പിതാവിനെയും കൃഷ്ണമൂര്‍ത്തിയുടെ കുടുംബത്തെത്തന്നെയും (കാര്‍ത്തിക്കിനെ ഒഴികെ) ക്രൂരമായി കൊലചെയ്യാന്‍ മടിക്കാത്തവളാണ് സെവനിലെ യഥാര്‍ത്ഥ പ്രതിനായികയായ സരസ്വതി(റെജീന കസാന്‍ഡ്ര). സ്വന്തം ഇഷ്ടത്തിനെതിരു നില്‍ക്കുന്ന തന്റെ തന്നെ പിതാവിനെ മട്ടുപ്പാവില്‍ നിന്ന് കാലില്‍ ചുഴറ്റി താഴേക്കിട്ടു കൊല്ലാനും ആ കൊലമറയ്ക്കാന്‍ വിദഗ്ധമായിത്തന്നെ അഭിനയിക്കാനും സാധിക്കുന്ന അവള്‍ക്ക് തുടര്‍ന്നുള്ള കൊലപാതകങ്ങളും അതേ സൂക്ഷ്മതയോടെ തന്നെ നിര്‍വഹിക്കാനും രക്ഷപ്പെടാനും സാധിക്കുന്നു. 
ഫറാ ഖാനും ശിരീഷ് കുന്ദറും നിര്‍മിച്ച് ശിരീഷ് രചിച്ചു സംവിധാനം ചെയ്ത മിസിസ് സീരിയല്‍ കില്ലറിലെ(2020) യഥാര്‍ത്ഥ സൈക്കോപ്പാത്ത് കൊലയാളി ഡോ.മൃത്യുഞ്ജയ് മുഖര്‍ജിയാണെങ്കിലും അയാളെ നിഷ്‌കളങ്കന്‍ എന്നു തെറ്റിദ്ധരിച്ച് നിയമത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ പരമ്പരക്കൊലയാളിയുടെ അതേ രീതിയില്‍ ഒരു കൊലപാതകം കൂടി ചെയ്യാനോ, വരുത്തിത്തീര്‍ക്കാനോ ഭാര്യ സോന മുഖര്‍ജി(ജാക്വലിന്‍ ഫെര്‍ണാന്‍ഡസ്) മുതിരുന്നത് മുന്‍പിന്‍ നോക്കാതെയാണ്. ആസൂത്രിതമായി അങ്ങനൊരു കൊലപാതകശ്രമത്തിന് പരസഹായം പോലും അവള്‍ക്കാവശ്യമായിവരുന്നതുമില്ല. ഒരുപക്ഷേ, ചെയ്യാത്ത കുറ്റത്തിന് ജയിലിലാവുന്ന ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഇത്തരത്തിലൊരു കുറ്റകൃത്യത്തിനു ബോധപൂര്‍വം ശ്രമിക്കുന്ന നായികയെ പത്തുവര്‍ഷം മുമ്പ് ഇന്ത്യയില്‍ ഒരു ചലച്ചിത്രകാരനു സങ്കല്‍പിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല.
പ്രതികാരവും കണക്കുചോദിക്കലും മാത്രമല്ല, കുറ്റാന്വേഷണത്തിലും മുന്‍വിധികളും പുരുഷക്കോയ്മകളും അതിലംഘിക്കുന്ന പ്രതിനായികമാരാണ് സമകാലിക ഇന്ത്യന്‍ സിനിമയില്‍ നിറയെ. നഗരത്തെ പരിഭ്രാന്തിയിലാക്കുന്ന ഒരു പരമ്പരക്കൊലപാതകിയെ കുടുക്കാനും അയാളോട് സ്വന്തം നഷ്ടത്തിനുള്ള കണക്കുതീര്‍ക്കാനും സ്വന്തം അനുജനെ മുന്‍നിര്‍ത്തി വളരെ വിദഗ്ധമായി ചില നാടകങ്ങള്‍ ആസൂത്രണം ചെയ്യുകയും നിഷ്ഠുരമായി അയാളെ വധിക്കുകയും ചെയ്യുന്ന അജയ് ജ്ഞാനമുത്തുവിന്റെ തമിഴ് ചിത്രമായ ഇമൈകള്‍ നൊടികളിലെ(2018) അഞ്ജി വിക്രമാദിത്യന്‍ ഐപിഎസ് (നയന്‍താര)സത്യത്തില്‍ അതേവര്‍ഷം മലയാളത്തില്‍ പുറത്തിറങ്ങിയ അബ്രഹാമിന്റെ സന്തതികളിലെ ഡെറിക് അബ്രഹാം (മമ്മൂട്ടി) എന്ന നിഷ്ഠുരജീനിയസ് ആയ പൊലീസുദ്യോഗസ്ഥന്റെ പെണ്‍മാറാട്ടമാണ്. വിധവയായ അവള്‍ക്കു മുന്നില്‍ നിയമം വഴിമാറുന്നത് ബുദ്ധിപൂര്‍വമുള്ള ആസൂത്രിത കുറ്റകൃത്യങ്ങളുടെ പാളിപ്പോകാത്ത നിര്‍വഹണത്തിലൂടെയാണ്. ബുദ്ധിയില്‍ ഒരു പക്ഷേ സുജോയ് ഘോഷിന്റെ ഹിന്ദിചിത്രമായ കഹാനി(2012)യിലെ വിദ്യ വെങ്കിടേശന്‍ ബാഗ്ചി(വിദ്യാബാലന്‍)യോടാണ് നയന്‍താരയുടെ നായികയ്ക്ക് കൂടുതല്‍ ഇഴയടുപ്പം.രണ്ടുപേരുടെയും പ്രതികാരവും പ്രതികാരനിര്‍വഹണത്തിന് തെരഞ്ഞെടുക്കുന്ന രീതിയും കുറ്റമറ്റ ആസൂത്രണവും അതു തെളിയിക്കുന്നു.
നവസിനിമിയിലെ തന്റേടികളായ ഈ നായികമാരുടെ കാര്യത്തില്‍ പൊതുവായ സവിശേഷത, ഗുപ്തിലെയും ഇമൈകള്‍ നൊടികളിലെയും പോലെ ചുരുക്കം കഥാപാത്രങ്ങളിലൊഴികെ, അവരുടെ മാനസികാപഗ്രഥനം വഴി അവരുടെ അസ്വാഭാവികപ്രവൃത്തികള്‍ക്കുള്ള യുക്തി കണ്ടെത്താന്‍ സൃഷ്ടാക്കള്‍ തുനിഞ്ഞു കാണുന്നില്ല എന്നതാണ്.കഹാനിയിലെ വിദ്യ ആരായിരുന്നെന്നോ എന്തിനായിരുന്നു അവളുടെ ചെയ്തികളെന്നോ സിനിമയിറങ്ങി അതിന് രണ്ടാം ഭാഗം വന്നിട്ടും ദുരൂഹമാണ്. ഇതേ ദുരൂഹത തന്നെയാണ് എവരുവിലെ സാമിന്റെയും ഐത് രാസിലെ സോണിയയുടെയും അന്ധാധുനിലെ സിമിയുടെയും ബദ്‌ലയിലെ നയനയുടെയും പാത്രസൃഷ്ടിയിലും അവശേഷിക്കുന്നത്.നിയമത്തിന്റെ കണ്ണില്‍ അവര്‍ ശിക്ഷിക്കപ്പെടുന്നതോടെ, അവര്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ക്കുള്ള പരിഹാരമായിക്കഴിഞ്ഞിരിക്കാം. എന്നാല്‍, ഈ സ്ത്രീകഥാപാത്രങ്ങളുടെ സ്വഭാവരൂപീകരണത്തിലേക്കു നയിച്ച സാമൂഹിക/സാമ്പത്തിക/ലൈംഗിക/സാംസ്‌കാരിക/രാഷ്ട്രീയ സാഹചര്യങ്ങള്‍ എന്തെന്ന് വിശകലനം ചെയ്യുന്നതില്‍ അവര്‍ക്കു ജന്മം നല്‍കിയ രചയിതാക്കളും സംവിധായകരും മനഃപൂര്‍വമെന്നു പോലും ആരോപിക്കപ്പെടാവുന്ന നിശബ്ദത കാത്തുസൂക്ഷിക്കുന്നു.ഈ മൗനമാണ് പ്രസ്തുത സിനിമകളെയും അതിലെ, പുരുഷനോളമോ അവനെക്കാളോ മുകളില്‍ നില്‍ക്കുന്ന, നില്‍ക്കുമായിരുന്ന നായികാകര്‍തൃത്വങ്ങളെയും സ്ത്രീവിരുദ്ധമാക്കുന്നത്. 
സൈക്കോപാത്ത് കൊലയാളികളെ കേന്ദ്രകഥാപാത്രങ്ങളാക്കി പുറത്തുവരുന്ന ചിത്രങ്ങളിലെ പുരുഷകൊലയാളിയുടെ മാനസികനിലയെ ഇഴകീറി വിശകലനം ചെയ്ത് അവന്റെ ചെയ്തികള്‍ക്ക് മനഃശാസ്ത്രപരമായ ന്യായീകരണത്തിനു മുതിരുന്ന പുരുഷരചയിതാക്കള്‍, അതേ ആനുകൂല്യം, അവസരം സമാനമനസ്‌കരായ സ്ത്രീകഥാപാത്രങ്ങള്‍ക്ക് നല്‍കുന്നില്ല എന്ന ആശങ്ക തീരെ കഴമ്പില്ലാത്തതല്ല.ഇമൈകള്‍ നൊടികളിലെ ഐപിഎസുകാരിക്ക് ഒരു കുറ്റവാളിയെ കുടുക്കാന്‍ നിയമബാഹ്യമായ ഒരിടപെടലാവശ്യമായി വരുന്നതിന്റെ സാമൂഹികരാഷ്ട്രീയവും വിശകലനം ചെയ്യപ്പെടുന്നില്ല. വെബ് പരമ്പരകളില്‍ കുറേക്കൂടി ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയും മാറിയ സ്ത്രീത്വത്തിന്റെ ആവിഷ്‌കാരം സംഭവിക്കുന്നുണ്ടെങ്കിലും വീക്ഷണകോണിലെ ആണത്തത്തില്‍ നിന്ന് അവയും പൂര്‍ണമായി മോചിക്കപ്പെട്ടതാണന്നു പറയാനാവില്ല.അതുകൊണ്ടാണ് മിസിസ് സീരിയല്‍ കില്ലറിലെ നായികയ്ക്ക് ആത്യന്തികമായി ഭര്‍ത്താവിനെ ബുദ്ധികൊണ്ട് ജയിക്കാനാവാതെ വരുന്നത്. ഒരുപക്ഷേ, ആണ്‍നോട്ടപ്പാടുകളിലൂടെ മാത്രം അവതരിപ്പിക്കപ്പെടുന്ന സ്ത്രീകഥാപാത്രങ്ങളായതുകൊണ്ടാവണം, സെവനിലെ സ്‌കീസോഫ്രീനിക്കായ സരസ്വതിയുടെ വിചിത്ര ചെയ്തികള്‍ക്കു പിന്നിലെ സ്ത്രീപക്ഷകാരണങ്ങളുടെ സാമൂഹികവും സാമുദായികവും സാംസ്‌കാരികവുമായ കാരണങ്ങള്‍ സൂചനകള്‍ക്കപ്പുറം വലിയ വിശകലനങ്ങള്‍ക്കോ വിശദീകരണങ്ങള്‍ക്കോ വിധേയമാകാതെ പോകുന്നത്. ജാതീവെറി, കുടുംബവ്യവസ്ഥയ്ക്കുള്ളില്‍പ്പോലും സ്ത്രീ നേരിടുന്ന സുരക്ഷിതത്വക്കുറവ്, ലിംഗപരമായ വിവേചനം, സാമ്പത്തിക അരക്ഷിതാവസ്ഥ തുടങ്ങിയ പല കാതലായ പ്രശ്‌നങ്ങളുമാണ് ഇങ്ങനെ അഭിമുഖീകരിക്കപ്പെടാതെ പോകുന്നത്.  

Friday, June 12, 2020

ഒടിടി കാലത്തെ ദൃശ്യസംസ്‌കാരം

Article published in Kalakaumudi issues no.2335 and 2336
ഒ.ടി.ടി.കാലത്തെ ദൃശ്യക്കാഴ്ചകള്‍

എ.ചന്ദ്രശേഖര്‍
കോവി ഡ് വീട്ടുതടങ്കല്‍ ഏല്‍പിച്ച മനഃസംഘര്‍ഷങ്ങളില്‍ നിന്ന് ലോകത്തെമ്പാടുമുള്ളവര്‍ ഒരു പരിധിവരെ രക്ഷപ്പെട്ടത് ഇന്റര്‍നെറ്റ് ഉള്ളതുകൊണ്ടാണ്. മലയാളികളടക്കം കംപ്യൂട്ടറിലും മൊബൈലിലും ടാബ് ലെറ്റുകളിലും സ്മാര്‍ട്ട് ടീവിയുലുമായി ഓവര്‍ ദ് ടോപ് (ഒടിടി) പ്‌ളാറ്റ്‌ഫോമുകളില്‍ ലഭ്യമായ എണ്ണമറ്റ സിനിമകളുടെയും വെബ് പരമ്പരകളുടെയും അക്ഷയഖനി കൊണ്ടുമാത്രമാണ് സമയം തള്ളിയത്. ബോറടി മാറ്റുകമാത്രമല്ല, പുതിയ ഉള്‍ക്കാഴ്ചകള്‍ പകരാനും ചര്‍ച്ചകള്‍ക്കു മുതിരാനും ഒടിടി ഉള്ളടക്കം അവര്‍ക്കുപ്രേരകമായി. രാഷ്ട്രീയവും പകര്‍ച്ചവ്യാധിഭീഷണിയും വ്യാജവാര്‍ത്തകളും വ്യക്തിവിശേഷങ്ങളും പാചകപരീക്ഷണങ്ങളും മാറ്റിവച്ചാല്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ഓണ്‍ലൈന്‍ സിനിമകളെയും പരമ്പരകളെയും ഒടിടിയില്‍ ഇറങ്ങാന്‍ പോകുന്ന പുത്തന്‍ സിനിമകളുടെയും വിശേഷങ്ങളായിരുന്നു. ഒരുപക്ഷേ, ഇന്റര്‍നെറ്റ് ഇല്ലായിരുന്നെങ്കില്‍ ഈ കോവിഡ് കാലം മനക്‌ളേശങ്ങളുടെയും മനഃസംഘര്‍ഷങ്ങളുടെയും വിഷാദരോഗങ്ങളുടെയും പകര്‍പ്പുകാലം കൂടിയായിത്തീര്‍ന്നേനെ എന്നതില്‍ സംശയമില്ല.
മറ്റു വ്യവസായങ്ങള്‍ക്കെന്നോണം കോവിഡ് കാലം സിനിമാവ്യവസായത്തിനു നല്‍കിയ പ്രഹരവും ചില്ലറയില്ല. നിര്‍മാണം പൂര്‍ത്തിയായി വേനലൊഴിവ് ലക്ഷ്യമിട്ട് വിതരണത്തിനു തയാറായിരുന്ന ബഹുകോടി നിക്ഷേപമുള്ള സിനിമകള്‍ മുതല്‍ നിര്‍മാണത്തിന്റെ വിവിധദശകളില്‍ മുടക്കുമുതല്‍ ബ്‌ളോക്കാക്കിയ ചിത്രങ്ങള്‍ വരെ എത്രയോ ആണ്. ആള്‍ക്കൂട്ട കേന്ദ്രങ്ങളായതുകൊണ്ടുതന്നെ ആരോഗ്യപ്രോട്ടോക്കോളില്‍ ഏറ്റവും അവസാന പരിഗണനയില്‍ മാത്രമുള്ള സിനിമാശാലകള്‍ അതുകൊണ്ടുതന്നെ ഇനിയെന്നു തുറക്കുമെന്ന് ആര്‍ക്കുമൊരുറപ്പുമില്ല. ഈ പരിതസ്ഥതിയിലാണ് തമിഴ് സിനിമ ഒടിടി പ്‌ളാറ്റഫോമിലൂടെ ഓണ്‍ലൈന്‍ റിലീസ് എന്ന ആശയത്തെപ്പറ്റി ചിന്തിക്കാന്‍ നിര്‍ബന്ധിതരായത്. സൂര്യ നിര്‍മിച്ച് ഭാര്യ ജ്യോതിക നായികയായ പൊന്മകള്‍ വന്താല്‍ ആമസണ്‍ വഴി ആഗോളതലത്തില്‍ റിലീസ് ചെയ്യാന്‍ നിശ്ചയിച്ചത് വിതരണ/പ്രദര്‍ശക സംഘടനകളുടെ കടുത്ത പ്രതിഷേധത്തോടെ വന്‍ വിവാദമാവുകയും സൂര്യയുടെ സിനിമകളിനി കേരളത്തില്‍ പോലും പ്രദര്‍ശിപ്പിക്കില്ല എന്ന നിലപാടിലേക്ക് എത്തിക്കുകയുമൊക്കെ ഉണ്ടായി. ഒരുപക്ഷേ കോവിഡ് കഴിഞ്ഞാലും തടയാന്‍ സാധിക്കാത്തവിധം മലയാളത്തിലടക്കം വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഒന്നൊന്നായി സിനിമകളുടെ സൈബര്‍ റിലീസിനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. വിജയ് ബാബു ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച് നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത് ജയസൂര്യ അദിതി റാവു ഹൈതരി തുടങ്ങിയവരഭിനയിച്ച സൂഫിയും സുജാതയും ആമസണിലൂടെ വിതരണം ചെയ്യുകയാണ്. ഒ.ടി.ടിയിലൂടെ പ്രഥമപ്രദര്‍ശനം നടത്തുന്ന ആദ്യ മലയാള സിനിമയാവും ഇത്. സൂജിത് സര്‍ക്കാരിന്റെ അമിതാഭ് ബച്ചന്‍-ആയുഷ്മാന്‍ ഖുറാന താരനിരയുള്ള ഗുലാബോ സിതാബോ എന്ന ഹിന്ദി സിനിമ ജൂണ്‍ 21 ന് ആമസണ്‍ പ്രൈം ഇന്ത്യയിലൂടെ  റിലീസിനു ചെയ്യപ്പെടും. തുടര്‍ന്ന് ഗണിതശാസ്ത്രവിശാരദയായ ശകുന്തളാദേവിയുടെ ജീവിതത്തെ ആസ്പദമാക്കി അനു മേനോന്‍ രചിച്ചു സംവിധാനം ചെയ്ത് വിദ്യാബാലന്‍ മുഖ്യവേഷത്തിലെത്തുന്ന ശകുന്തളാദേവി (ഹിന്ദി), ഈശ്വര്‍ കാര്‍ത്തിക് കീര്‍ത്തി സുരേഷിനെ നായികയാക്കി ഒരുക്കിയ പെന്‍ഗ്വിന്‍(തെലുങ്ക്), രാഗിണി പ്രജ്വല്‍ സംവിധാനം ചെയ്ത ലോ (കന്നഡ),ഡാനിഷ് സേട്ടിന്റെ ഫ്രഞ്ച് ബിരിയാണി (കന്നഡ) തുടങ്ങിയവയൊക്കെ ആമസണ്‍ ഇന്ത്യ, വേള്‍ഡ് പ്രീമയര്‍ ആയി വരും മാസങ്ങളില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. 
ഇതിനെതിരേ പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടീപ്‌ളക്‌സ് ശൃംഖലയായ എൈനോക്‌സ് തുടങ്ങിയവരും എതിര്‍പ്പുമായി മുന്നോട്ടു വന്നിട്ടുണ്ട്.വര്‍ഷങ്ങള്‍ക്കു മുമ്പ് ചില വിഭാഗങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പ്രദര്‍ശനം അനിശ്ചിതത്വത്തിലായ ഉലകനായകന്‍ കമല്‍ഹാസന്റെ വിശ്വരൂപം ഇത്തരത്തില്‍ ഒടിടിയില്‍ വിതരണം ചെയ്യാന്‍ അദ്ദേഹം ആലോചിച്ചതും വന്‍ എതിര്‍പ്പുണ്ടാക്കിയിരുന്നു. ഒടിടി എന്നത് ഇന്നു കാണുന്ന ജനപ്രീതിയും വ്യാപനവും നേടുന്നതിനു മുന്‍പാണിതെന്നോര്‍ക്കുക. തര്‍ക്കങ്ങളും എതിര്‍പ്പുകളുമൊക്കെയുണ്ടായാലും ഒ.ടി.ടി. റിലീസ് എന്ന സാധ്യതയെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട് കോവിഡാനന്തര കാലത്ത് സിനിമയ്ക്ക് നിലനില്‍ക്കാനാവുമോ എന്നതാണ് മാധ്യമവിദഗ്ധര്‍ സഗൗരവം ചര്‍ച്ചചെയ്യുന്ന പ്രശ്‌നങ്ങളിലൊന്ന്. സിനിമയാണോ തീയറ്ററുകളെ നിലനിര്‍ത്തുന്നത് അതോ തീയറ്ററുകളാണോ സിനിമയെ നിലനിര്‍ത്തുന്നത് എന്ന നടിയും സംവിധായകയും നിര്‍മാതാവുമായ പൂജ ഭട്ട് ചോദ്യം സിനിമാക്കാര്‍ വെബ് റിലീസിനെ എങ്ങനെ നോക്കിക്കാണുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്. പ്‌ളാറ്റ്‌ഫോമല്ല ലാഭമാണ് നിക്ഷേപകനെ സംബന്ധിച്ച് പ്രധാനം. പ്രേക്ഷകന് തീയറ്ററിലെത്താനാവാത്ത അവസ്ഥയില്‍ സിനിമ പ്രേക്ഷകനിലേക്കെത്തണമെന്ന പൂജയുടെ അഭിപ്രായം പങ്കിടുന്ന ചെറുതല്ലാത്തൊരു ചലച്ചിത്രത്തലമുറ ലോകമെമ്പാടുമുണ്ടായിക്കഴിഞ്ഞു.
സിനിമ മാത്രമല്ല, ടെലിവിഷന്‍ പരിപാടികളും വെബ് പരമ്പരകളുമൊക്കെയായി ഒ.ടി.ടി.കള്‍ നിര്‍ണായകമായ വിധത്തില്‍ വ്യക്തികളുടെ ബ്രൗസിങ് സമയം (ഇന്റര്‍നെറ്റില്‍ ചെലവിടുന്ന സമയം) അപഹരിക്കുന്നുവെന്നത് വസ്തുതയാണ്. ഈ കോവിഡ്കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് മണി ഹെയ്സ്റ്റ്!  ലോക ഓണ്‍ലൈന്‍ ദൃശ്യശേഖരത്തില്‍ പ്രമുഖസ്ഥാനത്തുള്ള നെറ്റ്ഫ്‌ളിക്‌സിന്റെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച കുറ്റാന്വേഷണപരമ്പരയാണിത്. ലോകമെമ്പാടും കോവിഡിനേക്കാള്‍ വേഗത്തില്‍ പടര്‍ന്നുപന്തലിച്ച ഒരു സാംസ്‌കാരികസംക്രമണം. അതുവഴി നമ്മുടെ വീടകങ്ങളില്‍ പോലും സുപരിചിതമായ ഐടി കേന്ദ്രീകൃത പ്രയോഗമാണ് ഒടിടി. യഥാര്‍ത്ഥത്തില്‍ എന്താണ് ഈ ഒ.ടി.ടി? അതു മനസിലാക്കണമെങ്കില്‍ ആദ്യം വി.ഒ.ഡി.എന്താണെന്നറിയണം.

വിഒടിയില്‍ നിന്ന് ഒടിടിയിലേക്ക് 
ടെലിവിഷന്റെ ആവിര്‍ഭാവത്തോടെ, സിനിമയ്ക്ക് വെല്ലുവിൡയാവുമത് എന്നൊരു പ്രചാരണവും ആശങ്കയും ലോകമെമ്പാടും വ്യാപിക്കുകയുണ്ടായി. ചലനചിത്രങ്ങള്‍ സ്വന്തം വീട്ടിനുള്ളിലിരുന്ന് കാണാനും ആസ്വദിക്കാനുമാവുമ്പോള്‍ തീയറ്ററുകളിലെത്തി ആളുകള്‍ കാണാന്‍ മെനക്കെടുന്നതെന്തിന് എന്നതായിരുന്നു ന്യായയുക്തി. തീര്‍ത്തും കഴമ്പില്ലാത്തതായിരുന്നില്ല ആ ആശങ്ക. തുടക്കത്തിലെ കുറച്ചു വര്‍ഷങ്ങളെങ്കിലും സിനിമയെന്ന മാധ്യമത്തിന്റെ ദൃശ്യവ്യാകരണത്തിന്റെ സവിശേഷസാധ്യതകള്‍ തിരിച്ചറിയാത്ത പ്രേക്ഷകര്‍ വീട്ടിലെ വിഢ്ഢിപ്പെട്ടികള്‍ക്കു മുന്നിലിരിപ്പുറപ്പിച്ചുവെന്നത് വാസ്തവം. പക്ഷേ, സിനിമയും ചലച്ചിത്രാനുബന്ധ ദൃശ്യഖണ്ഡങ്ങളും തന്നെയാണ് ടെലിവിഷനിലെയും ഏറ്റവും ചൂടുള്ള വില്‍പനവിഭവം എന്ന തിരിച്ചറിവിലേക്ക് ഏറെ വൈകാതെ തന്നെ ലോകം എത്തിച്ചേരുകയായിരുന്നു. തുടര്‍ന്ന് സിനിമ സിനിമയുടെ വഴിക്കും ടിവി ടിവിയുടെ വഴിക്കും സ്വന്തം സ്വത്വം സ്ഥാപിച്ചും തിരിച്ചറിഞ്ഞും വളര്‍ന്നു വികസിക്കുകതന്നെയായിരുന്നു. ദൃശ്യപരമായി ആധുനിക ടിവിയുടെ വലിപ്പം കൂടിയ എല്‍ ഇ ടി സ്‌ക്രീനിനുപോലും പരിപൂര്‍ണമായി ഉള്‍ക്കൊള്ളാനാവാത്ത ആഴവും പരപ്പുമുള്ള പരിചരണങ്ങളിലൂടെ സിനിമ അതിന്റെ വിശ്വരൂപം പുറത്തെടുത്തു കാണിക്കുകയും ശങ്കിച്ചു നിന്ന പ്രേക്ഷകരെ ബഹുതല/മാന സാങ്കേതികതയുടെ കൂടി പിന്തുണയോടെ തീയറ്ററുകളിലേക്ക് മടക്കിക്കൊണ്ടുവരികയുമായിരുന്നു. അതേസമയം തന്നെ സെല്ലുലോയ്ഡിനെ ഉപേക്ഷിച്ച് ഡിജിറ്റല്‍ സാങ്കേതികതയെ ഒപ്പം കൂട്ടി സ്വയം നവീകരിക്കാനും മറന്നില്ല ചലച്ചിത്രം. ഇതിന് ഒരുപരിധിവരെ സിനിമയ്ക്ക് കടപ്പാടുള്ളത് ടിവിയോടാണെന്നതും നിഷേധിക്കാനാവാത്ത വസ്തുതമാത്രം. കാരണം, ഇന്നു സിനിമയില്‍ വ്യാപകമായ ക്യാമറാ-സന്നിവേശ സങ്കേതങ്ങളിലേറെയും മിനിസ്‌ക്രീനില്‍ നിന്ന് അതുള്‍ക്കൊണ്ടതു തന്നെയായിരുന്നു.
എന്നാലിപ്പോള്‍, ലോകം മുഴുവന്‍ കൈവെള്ളയില്‍, ഒരു ബട്ടന്‍ ക്‌ളിക്കിന്റെ മാത്രം അകലെ വിശാലമായിട്ടങ്ങനെ പരിലസിച്ചു നില്‍ക്കുമ്പോള്‍, സിനിമ പ്രത്യേകിച്ചും, സര്‍ട്ടിഫിക്കേഷന്‍ പോലുള്ള പരോക്ഷ നിയന്ത്രണങ്ങള്‍ നിലവിലുള്ള ഇന്ത്യ പോലൊരു ജനാധിപത്യത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇന്റര്‍നെറ്റില്‍ നിന്നായേക്കുമോ എന്ന പ്രശ്‌നം മുമ്പെങ്ങുമില്ലാത്തവണ്ണം പ്രസക്തവും പ്രധാനവുമായിത്തീരുകയാണ്. വാര്‍ത്താമാധ്യമങ്ങളെയൊട്ടാകെ സമൂഹമാധ്യമങ്ങളും വെബ് മീഡയയും അട്ടിമറിച്ചുകൊണ്ടിരിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ് ദിവസേന. അതില്‍ ന്യൂസ് ചാനലുകള്‍ക്കു പോലും രക്ഷയില്ലെന്ന അവസ്ഥയുമുണ്ട്. വാര്‍ത്താതമസ്‌കരണം പോയിട്ട് പക്ഷം പിടിക്കല്‍ പോലും സുസ്സാധ്യമല്ലാതായിത്തീര്‍ന്നിട്ടുണ്ട്. കാരണം തമസ്‌കരിക്കപ്പെട്ടാല്‍ ആ വാര്‍ത്തയെയും അതിന്റെ മറുപക്ഷത്തെയും കാണാപ്പുറത്തെയും ജനസമക്ഷം തല്‍സമയം, ഇടനിലക്കാരില്ലാതെ എത്തിക്കാന്‍ വെബ് പൗരസമൂഹത്തിന് സാധ്യമാവുന്ന വിവരവിനിമയ വിപ്‌ളവത്തിന്റെ കാലമാണിത്. സ്വാഭാവികമായി സിനിമയ്ക്കും അതിന്റെ സ്വാധീനത്തിലും ബാധ്യതയിലും നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ സാധിക്കില്ല, സാധിച്ചിട്ടുമില്ല. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സിനിമയെപ്പറ്റിയുള്ള സ്വന്തന്ത്ര നിരൂപണവിമര്‍ശനങ്ങളിലൂടെ തല്‍ക്ഷണം അതിനെ നിഗ്രഹിക്കാന്‍ പോലും ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട് നെറ്റിസണ്‍ സമൂഹം. 
ഇതിലേക്കെല്ലാം വഴിതുറന്നിട്ടത് വീഡിയോ ഓണ്‍ ഡിമാന്‍ഡ് എന്ന ആശയമാണ്. നമുക്കാവശ്യമുള്ളതോ തോന്നുന്നതോ ആയ കാര്യങ്ങള്‍ ഡയറിക്കുറിപ്പുപോലെ ഇന്റര്‍നെറ്റില്‍ ബ്‌ളോഗ് ചെയ്യാന്‍ സാധിച്ചതിനുപിന്നാലെ അവ ശബ്ദ, ദൃശ്യരൂപങ്ങളിലും ശേഖരിക്കാനുള്ള സംവിധാനമുണ്ടായി. വീഡിയോ ബ്‌ളോഗിങ് കൂടാതെ യൂട്യൂബും വിമിയോയും പോലുള്ള വീഡിയോ ശേഖരങ്ങളുണ്ടായി വൈകാതെ സമൂഹമാധ്യമങ്ങള്‍ക്കു സമാനമായി അവയില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവയില്‍ വെബ് ചാനലുകള്‍ തുറക്കാനും അതുവഴി വിപണികണ്ടെത്താനും വരുമാനമുണ്ടാക്കാനുമുള്ള വഴിതുറന്നു. ടെലിവിഷന്‍ ചാനലുകള്‍ക്കും മറ്റും തങ്ങള്‍ക്കാവശ്യമുള്ള/പ്രേക്ഷകപ്രീതിയുള്ള പരിപാടികളെ പ്രേക്ഷകരുടെ സൗകര്യമനുസരിച്ച് അവര്‍ക്കിഷ്ടമുള്ള സമയത്ത് കാണാന്‍ അനുവദിക്കും വിധം അവതരിപ്പിക്കാനുള്ള വേദിയായി ക്രമേണ അതു മാറി. അങ്ങനെ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന വീഡിയോകള്‍ വീണ്ടും അവതരിപ്പിക്കുന്നത് അഥവാ ഡിമാന്‍ഡുള്ള വീഡിയോകള്‍ അവരുടെ ഇഷ്ടാനുസരണം ലഭ്യമാകുന്നത് എന്ന അര്‍ത്ഥത്തില്‍ പല മാധ്യമസ്ഥാപനങ്ങളും വീഡിയോ ഓണ്‍ ഡിമാന്‍ഡ് അഥവാ വിഒഡി വേദികള്‍ ഒരുക്കി. വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്പുകളുമൊക്കെയായി അവ ജനങ്ങളിലെത്തി. അതുവഴി, പലകാരണങ്ങള്‍ കൊണ്ടും നിങ്ങള്‍ക്കു കാണാനാവാത്ത പരമ്പരകളുയെടും റിയാലിറ്റി ഷോകളുടെയും എപ്പിസോഡുകളും എന്തിന് വാര്‍ത്താബുള്ളറ്റിനുകള്‍ പോലും നിങ്ങള്‍ക്ക് കാണാനാവുമെന്ന സ്ഥിതിവന്നു. ക്രമേണ ലൈവ് ടീവിയുടെ കാലമായപ്പോഴേക്ക് ടിവിക്കൊപ്പം തന്നെ പരിപാടികള്‍ മൊബൈലിലോ സമാനമായ മറ്റുപകരണങ്ങളിലോ കാണാനാവുമെന്നുമായി.
ഉള്ളടക്കദാതാക്കളുടെ സ്വകാര്യ ഇടങ്ങളായിരുന്ന വിഒഡികളെ ഒന്നുകൂടി ജനാധിപത്യവല്‍ക്കരിച്ചുകൊണ്ട് ആര്‍ക്കും തങ്ങളുടെ ദൃശ്യവിഭവങ്ങള്‍ പകര്‍ന്നുവയ്ക്കാനുള്ള സിന്‍ഡിക്കേറ്റഡ് പൊതു സൈബര്‍ ഔട്ട്‌ലെറ്റുകളായിട്ടാണ് ആമസണും നെറ്റ്ഫ്‌ളിക്‌സും പോലുള്ള വേദികള്‍ രൂപവല്‍ക്കരിക്കപ്പെട്ടത്. സ്വാഭാവികമായും വി ഒ ഡി എന്നതിലും ഒരു പടി കൂടി കടന്ന് ഇത്തരമൊരു പൊതുവിടത്തേക്ക് തങ്ങളിഷ്ടപ്പെടുന്ന പരമ്പരകളോ സിനിമകളോ കാണാന്‍ അതിനോടകം തന്നെ ധാരാളമായുള്ള ചാനുലുകളുടെയും ഇന്റര്‍നെറ്റ് സേവനദാതാക്കളുടെയും മറ്റും വേദികളെ ഉപേക്ഷിച്ച് പ്രേക്ഷകരെ കൊണ്ടെത്തിക്കേണ്ടത് അവരുടെ ബാധ്യതയായി. അതിനവര്‍ കണ്ടെത്തിയ വിപണനതന്ത്രമാണ് പല ഉള്ളടക്കദാതാക്കളില്‍ നിന്നുള്ള ദൃശ്യമാധ്യമശേഖരത്തിനുപുറമേ, സ്വന്തവും സ്വതന്ത്രവുമായ ഉളളടക്കം കൂടി എക്‌സ്‌ക്ലൂസീവായി വില്‍പനയ്ക്കു വയ്ക്കുക! അങ്ങനെയാണ് ഇന്‍ര്‍നെറ്റ് മാധ്യമമാക്കി ടിവിയുടെ സെറ്റ്‌ടോപ്പ് ബോക്‌സിനും മുകളിലൂടെയെന്നോ തലയ്ക്കുമീതേ കൂടി എന്നോ ഉള്ള അര്‍ത്ഥത്തില്‍ ഓവര്‍ ദ് ടോപ്പ് വേദികളായി ആമസണും നെറ്റ്ഫ്‌ളിക്‌സും മറ്റും നിര്‍ണായകസ്ഥാനം നേടുന്നത്. അതോടെ ടിവി ചാനലുകള്‍ക്കു സമാന്തരമായ ഒരു നെറ്റ് കേന്ദ്രീകൃത സേവനമായിത്തീരുകയായിരുന്നു ഒടിടി.
പ്രധാനമായി കരിംപുത്തന്‍ സിനിമകളായിരുന്നു തുടക്കത്തില്‍ അവയുടെ പ്രധാന ആകര്‍ഷണം. തീയറ്ററിലിറങ്ങി മൂന്നാം മാസം നെറ്റില്‍ എന്ന ആശയം ക്രമേണ സിഡി/ഡിവിഡി വിപണിയെ വഴിയാധാരമാക്കി. വീഡിയോ പൈറസിയെപ്പോലും ഒരു പരിധിവരെ വരച്ചവരയിലൊതുക്കി. ആമസണാവട്ടെ അവരുടെ ഓണ്‍ലൈന്‍ സ്‌റ്റോറിന്റെ പ്രൈം അംഗത്വത്തിനൊപ്പം ഒടിടിയിലേക്കുള്ള പ്രവേശനം സൗജന്യമാക്കിക്കൊടുക്കുകയും ചെയ്തു.അപ്പോഴും പക്ഷേ, എല്ലാ ആഴ്ചയും പുതിയ സിനിമ എന്നത് വെല്ലുവിളിയായിത്തുടര്‍ന്നു. അഥവാ അതിനു സാധ്യമായാല്‍പ്പോലും, സിനിമകളുടെ നിലവാരവും ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നതിനു വിലങ്ങുതടിയായി. അപ്പോഴാണ് സിനിമയ്ക്കുപരി ടിവിയിലെന്നപോലെ ദീര്‍ഘകാലം തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ പ്രേക്ഷകരെ തളച്ചുനിര്‍ത്താനാവുന്ന ഉള്ളടക്കം വേണമെന്ന തിരിച്ചറിവിലേക്ക് ഒടിടികള്‍ എത്തുന്നത്. അതാണ് വെബ് പരമ്പരകളിലേലേക്കും സ്വതന്ത്ര വെബ് സിനിമകളിലേക്കുമുള്ള നാള്‍വഴി.

വെബ് പരമ്പരകളുടെ അദ്ഭുതലോകം
ടിവി പരമ്പരകളുടെ ഭാവുകത്വത്തില്‍ നിന്നു വിഭിന്നമായി, ഉള്ളടക്കത്തിലും ഘടനയിലും രൂപശില്‍പത്തിലും ഭാവുകത്വത്തിലും സിനിമയെ വെല്ലുവിളിക്കുന്നതാണ് പുതുതലമുറയുടെ ആവിഷ്‌കാരസാധ്യതയെന്നു വിശേഷിപ്പിക്കപ്പെടുന്ന വെബ് സിനിമകളും വെബ്‌സീരീസ് അഥവാ വെബ്പരമ്പരകള്‍.ഇന്ത്യപോലുള്ള ജനാധിപത്യ രാജ്യത്ത് ഇതുസംബന്ധിച്ച നിയമനിര്‍മാണം നടക്കുംവരെ തല്‍ക്കാലത്തേക്കെങ്കിലും യാതൊരുവിധ സര്‍ട്ടിഫിക്കേഷനുകളോ സെന്‍സര്‍ഷിപ്പോ ഇല്ലാതെ നെറ്റ്ഫ്‌ളിക്‌സും ആമസണ്‍ പ്രൈമും പോലുള്ള ഓവര്‍ ദ് ടോപ്പ് (ഒ.ടി.ടി) പ്‌ളാറ്റ്‌ഫോമുകളില്‍ സ്വതന്ത്രവും സൈ്വരവുമായി വഹരിക്കുന്ന ഇന്റര്‍നെറ്റ് പരമ്പരകള്‍ എന്ന് ഇവയെ നിര്‍വചിക്കാം. ടെലിവിഷന്‍ പരമ്പരകള്‍ കണ്ടുശീലിച്ച പ്രേക്ഷകര്‍ക്ക് ടിവി പരമ്പരകള്‍ പോലെ ഇന്റര്‍നെറ്റ് ചാനലുകളിലൂടെ ആസ്വദിക്കാനാവുന്ന എപ്പിസോഡുകളായി നിര്‍മിക്കപ്പെട്ട സ്വതന്ത്ര കഥാചിത്രസംരംഭങ്ങള്‍ എന്നു പ്രത്യക്ഷത്തില്‍ തോന്നിയേക്കാമെങ്കിലും അവയില്‍ പലതും പുലര്‍ത്തുന്ന മാധ്യമപരമായ സമ്പൂര്‍ണ സമ്പന്നത, ഉള്ളടക്കത്തില്‍ വച്ചുപുലര്‍ത്തുന്ന ധീരത  എന്നിവ കൊണ്ടുതന്നെ ലോകസിനിമയില്‍ തന്നെ ഇടം നേടാന്‍ അര്‍ഹതയുള്ള ദീര്‍ഘസിനിമകളാണ് അവയെന്നതില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെയാണ് വെബ് പരമ്പരകള്‍ സിനിമയ്ക്കുയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ലെന്നോ, അവയുന്നയിക്കുന്ന വെല്ലുവിളി സിനിമയെ മാത്രം ബാധിക്കുന്നതാണെന്നോ പറയേണ്ടിവരുന്നത്. അതു മനസിലാക്കണമെങ്കില്‍ സാധാരണ ടിവി പരമ്പരകളും വെബ് പരമ്പരകളും തമ്മിലുളള മാധ്യമപരവും ഭൗതികവുമായ വ്യത്യാസം വിശകലനം ചെയ്യേണ്ടതുണ്ട്. എന്താണ് ടെലി പരമ്പരകളും വെബ് പരമ്പരകളും തമ്മിലെ ഈ വ്യത്യാസം?
അടിസ്ഥാനപരമായി വെബ് പരമ്പരകള്‍ സിനിമയുടെ ഛന്ദസും ചമത്കാരവും പരികല്‍പനയും ദര്‍ശനവും കാഴ്ചവയ്ക്കുന്ന ദൃശ്യപരിചരണങ്ങളാണ്. സിനിമയുടെ ക്‌ളിപ്തസമയഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് നിവര്‍ത്തിക്കാനും നിര്‍വഹിക്കാനും സാധിക്കാത്ത വിശാലപ്രമേയങ്ങളെ അധ്യായങ്ങളായും ഖണ്ഡങ്ങളായും വിഭജിച്ച് ദീര്‍ഘമായി ദൃശ്യവല്‍ക്കരിക്കുന്നുവെന്നതാണ് രണ്ടാമത്തേത്. എന്നാല്‍ ഒരിക്കലുമവസാനിക്കാത്ത മെഗാ പരമ്പരകളില്‍ നിന്നു വ്യത്യസ്തമായി ക്‌ളിപ്തമായ എണ്ണത്തിനുള്ളില്‍ നിന്നുകൊണ്ട് ചലച്ചിത്രത്തിന്റെ മാധ്യമസവിശേഷതകള്‍ പരമാവധി ആവഹിച്ചുകൊണ്ട് ഇന്റര്‍നെറ്റ് മാധ്യമം പരിചയാക്കി അവശ്യമെങ്കില്‍ വലിയ സ്‌ക്രീനില്‍ പോലും പ്രദര്‍ശിപ്പിക്കാനും ആസ്വദിക്കാനും സാധ്യത ബാക്കിയാക്കുന്ന ദൃശ്യപരിചരണങ്ങളാണവ. 
ടിവി പരമ്പരകളുടെ പരിമിതികളെയെല്ലാം അതിലംഘിക്കുന്നുണ്ട് വെബ് പരമ്പരകള്‍. നിര്‍മ്മാണച്ചെലവും താരനിര്‍ണയവും മുതല്‍ നിര്‍വഹണശൈലിയില്‍ വരെ ഈ വ്യത്യസ്തത പ്രകടവുമാണ്. ഇന്ത്യയില്‍ ഏറ്റവുമധികം പണം ചെലവിട്ട് നിര്‍മ്മിക്കുന്ന സോണി എന്റര്‍ടെയ്ന്‍മെന്റ് ടെലിവിഷന്‍, കളേഴ്‌സ് ടിവി, സീ ടിവി, സ്റ്റാര്‍ നെറ്റ്‌വര്‍ക്ക് പരമ്പരകള്‍ക്കു പോലും സാധ്യമാവാത്ത ബജറ്റില്‍, മുഖ്യധാരാ ചലച്ചിത്രതാരങ്ങളെ അണിനിരത്തി, മുഖ്യധാരാ ചലച്ചിത്രപ്രവര്‍ത്തകര്‍ നിര്‍മ്മിക്കുന്ന ദീര്‍ഘസിനിമകള്‍ തന്നെയാണ് ഇവ. ബോളീവുഡ് സമാന്തരസിനിമയിലെ സജീവ സാന്നിദ്ധ്യമായ നവാസുദ്ദീന്‍ സിദ്ദിഖി, രാധിക ആപ്‌തെ തുടങ്ങിയ യുവതലമുറയിലെ ശ്രദ്ധേയ താരങ്ങള്‍ മുതല്‍ സെയ്ഫ് അലി ഖാനും അനില്‍ കപൂറും വരെയുള്ള മുന്‍നിര താരങ്ങള്‍ വരെ വെബ് പരമ്പരകള്‍ക്ക് സിനിമയോളമോ അതിലുപരിയോ പ്രാധാന്യവും പ്രാമുഖ്യവും നല്‍കുന്നുണ്ട്. നെറ്റ്ഫ്‌ളിക്‌സ് പരമ്പരകളിലെ സൂപ്പര്‍ താരമാണ് രാധിക ആപ്‌തെ എന്നു വേണമെങ്കില്‍ പറയാം. ഒരേ സമയം അനുരാഗ് ബസുവിന്റെ സ്‌റ്റോറീസ് ബൈ രബീന്ദ്രനാഥ ടഗോര്‍, വിക്രം ചന്ദ്രയുടെ നോവലിനെ അധികരിച്ച് വിക്രമാദിത്യ മോട്വാനെ സംവിധാനം ചെയ്ത സേക്രഡ് ഗെയിംസ്, പട്രിക് ഗ്രഹാം സംവിധാനം ചെയ്ത ഗൗള്‍, അനുരാഗ് കശ്യപ്, സോയ അഖ്തര്‍, ദിബാകര്‍ ബാനര്‍ജി, കരന്‍ ജോഹര്‍ എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്ത ലസ്റ്റ് സ്റ്റോറീസ് തുടങ്ങി നാലോളം പരമ്പരകളിലാണ് അവര്‍ അഭിനയിച്ചത്. ഇന്ത്യന്‍ വെബ് പരമ്പരകളിലെ ആദ്യ സൂപ്പര്‍ഹിറ്റ് എന്നു വിശേഷിപ്പിക്കാവുന്ന സേക്രഡ് ഗെയിംസില്‍ സെയ്ഫ് അലിഖാനും നവാസുദ്ദീന്‍ സിദ്ദീഖിയുമായിരുന്നു മുഖ്യതാരങ്ങള്‍. മുംബൈ അധോലോകത്തിന്റെ ഇരുള്‍ജീവിതമായിരുന്നു ഇതിവൃത്തം. വര്‍ഷത്തിലൊന്നെന്ന കണക്കിനാണ് ഒരു തീമില്‍ വെബ് പരമ്പരകള്‍ നിര്‍മിക്കപ്പെടുന്നത്. കുറഞ്ഞതു നാലും കൂടിയാല്‍ എട്ടും എപ്പിസോഡുകളാണ് ഒരു സീസണിലുണ്ടാവുക. അതേ തീമില്‍ തന്നെ പുതിയ ഇതിവൃത്തവും ആവിഷ്‌കാരവുമാണ് തുടര്‍ സീസണുകളിലുണ്ടാവുക. പല പരമ്പരകളുടെയും സീസണ്‍ മാറുന്നതനുസരിച്ച് താരസാന്നിദ്ധ്യത്തിലും അണിയറപ്രവര്‍ത്തകരിലും മാറ്റം വരാറുണ്ട്. ടിവിയിലെ പോലെ പരമ്പരകളില്‍ ഒറ്റ എപ്പിസോഡില്‍ പൂര്‍ത്തിയാവുന്നതും അല്ലാത്തതുമായ പ്രമേയങ്ങളും ഇതിവൃത്തവും സ്വീകരിക്കപ്പെടാറുണ്ട്. 

ലൈംഗികതയും അതിക്രമവും
ചാര/രഹസ്യപ്പൊലീസ് കഥകള്‍ക്കും, അധോലോക/മയക്കുമരുന്ന് മാഫിയ/കൊലപാതക കഥകള്‍ക്കുമാണ് വെബ് പരമ്പരകളില്‍ പ്രേക്ഷകരേറെ. സ്‌പെഷല്‍ ഓപ്പസ് ക്രിമിനല്‍ ജസ്റ്റിസ്, ഹോസ്‌റ്റേജസ് തുടങ്ങിയ ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ പരമ്പരകളും,ദ് ഫാമിലിമാന്‍, മാഫിയ അണ്ടര്‍ കവര്‍, ബ്രീത്ത്, ദ് ഫോര്‍ഗോട്ടണ്‍ ആര്‍മി, ഇന്‍സൈഡ് എഡ്ജ് തുടങ്ങിയ ആമസണ്‍ പരമ്പരകളും, ബാര്‍്ഡ് ഓഫ് ബ്‌ളഡ്, ജംതാര, മിസിസ് സീരിയല്‍ കില്ലര്‍, ഡല്‍ഹി ക്രൈം, സേക്രഡ് ഗെയിംസ്, മുസാഫര്‍പൂര്‍, ലെയ്‌ല, ഷീ തുടങ്ങിയ നെറ്റ്ഫ്‌ളിക്‌സ് പരമ്പരകളുമൊക്കെ ഇതിനുദാഹരണമാണ്. 
മറ്റേതു മാധ്യമത്തിലുമെന്നപോലെ, കുറുക്കുവഴികളില്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും അവരിലേക്കെത്താനും അവരെ കൊണ്ടെത്തിക്കാനും തരംതാണ മാര്‍ഗങ്ങള്‍ ഇന്റര്‍നെറ്റില്‍ താരതമ്യേന അധികമാണ്. മഞ്ഞസാഹിത്യവും മഞ്ഞപത്രപ്രവര്‍ത്തനവും മുതല്‍ നീലയുടെ ആവരണമണിഞ്ഞ പരമ്പരകളും വരെ ഇത്തരത്തില്‍ വെബ് പ്‌ളാറ്റ്‌ഫോമുകളില്‍ യഥേഷ്ടം പ്രചാരത്തിലുണ്ട് താനും. ഹിന്ദി സിനിമയില്‍ അതിസമ്പന്നതയുടെ ഗ്‌ളാമറില്‍ പോതിഞ്ഞ ഇക്കിളി ചിത്രങ്ങളിലൂടെ പ്രശസ്തമായ, ഹിന്ദി ചാനലുകളിലെ കുടുംബപരമ്പരകളുടെ നിര്‍മാതാക്കളായ ജിതേന്ദ്രയുടെ മകള്‍ ഏക്താ കപൂറിന്റെ ബാലാജി ടെലിഫിലിംസ് തന്നെയാണ് ഇതേ ഫോര്‍മുല വെബ്ബിലും പരീക്ഷിച്ചു വിജയിച്ച പ്രമുഖരില്‍ പ്രധാനി. ഏക്തയുടെ ആള്‍ട്ട് ബാലാജി എന്ന ഒടിടി വേദിയിലൂടെ പല സീസണായി വിജയം ആവര്‍ത്തിക്കുന്ന ഗണ്ഡി ബാത്ത്, ബോക്കാബു, ട്രിപ്പിള്‍ എക്‌സ് അണ്‍സെന്‍സേഡ് തുടങ്ങിയവയുടെ വിജയത്തില്‍ നിന്ന് ഊര്‍ജം കൊണ്ടാണ് നെറ്റ്ഫ്‌ളിക്‌സില്‍ സമീത് കാക്കഡിന്റെ ആശ്ചര്യചകിത് (ഇതിന്റെ ശരിയായ പേരിലെ രണ്ടാം ഭാഗത്തെ ഇംഗ്‌ളീഷ് വാക്ക് സഭ്യമല്ലാത്തതുകൊണ്ട് അതിന്റെ ഇന്ത്യന്‍ പോസ്റ്ററുകള്‍ക്കായി സ്വീകരിച്ച വാക്കാണ് ചകിത്) അടക്കമുള്ള പരമ്പരകള്‍ പ്രത്യക്ഷപ്പെട്ടത്. സ്ത്രീപുരുഷ നഗ്നതയും ഇണചേരല്‍ രംഗങ്ങളുമടക്കം നിര്‍ലോപം പ്രദര്‍ശിപ്പിക്കുന്ന ഇത്തരം പരമ്പരകള്‍ക്ക് അവ സംപ്രേഷണം ചെയ്യുന്ന ഒടിടിയിലേക്കു പെട്ടെന്ന് ആളെയെത്തിക്കുക എന്ന ധര്‍മ്മം വിജയകരമായി അനുഷ്ഠിക്കാനാവുന്നുണ്ടെന്നത് പ്രധാനമാണ്. മുംബൈ അധോലോകത്തിന്റെ കഥ മറയില്ലാതെ തുറന്നു കാട്ടുന്ന സേക്രഡ് ഗെയിംസില്‍ മുഖ്യധാരാ താരങ്ങള്‍ പങ്കെടുത്ത തുറന്ന ലൈംഗികരംഗങ്ങള്‍ ധാരാളമായിരുന്നു. ആമസണിന്റെയും നെറ്റ്ഫ്‌ളിക്‌സിന്റെയും ഡിസ്‌നി ഹോട്ട്‌സ്റ്റാറിന്റെയുമൊന്നും സെര്‍വര്‍ ഇന്ത്യയിലല്ലാത്തതുകൊണ്ടും ഇവയുടെ ഉള്ളടക്കത്തെ നിയന്ത്രിക്കാന്‍ പര്യാപ്തമാംവിധം ഇന്ത്യയുടെ സൈബര്‍ നിയമം വളര്‍ന്നിട്ടില്ലാത്തതിനാലുമാണ് സിനിമയ്‌ക്കോ ടിവിക്കോ അസാധ്യമായവിധം ഇവര്‍ക്കിതിനു സാധ്യമാവുന്നത്. 
ഇങ്ങനെ വിട്ടുപോകാത്തവിധം ഇന്റര്‍നെറ്റ് ഒടിടി പരമ്പരകളില്‍ പ്രേക്ഷകരെ തളച്ചിടുന്നതിനെയാണ് മാധ്യമവിശാരദര്‍ ബിഞ്ച് വ്യൂവിങ് (ആശിഴല ഢശലംശിഴ)എന്ന് ഓമനപ്പേരിട്ട് സിദ്ധാന്തവല്‍ക്കരിച്ചിട്ടുള്ളത്. യുഎസിലെ കണക്കനുസരിച്ച് 2019ല്‍ മാത്രം 56% പ്രേക്ഷകരാണ് ബിഞ്ച് വാച്ചിങിന് അടിപ്പെട്ടിട്ടുള്ളത്.

വെബ് പരമ്പരകളിലെ രാഷ്ട്രീയം
എന്നാല്‍ മുഖ്യധാരാസിനിമയ്ക്ക് ഒരിക്കലും കൈകാര്യം ചെയ്യാനാവാത്ത വിഷയങ്ങളാണ് അവ കൈയടക്കത്തോടെ കൈകാര്യം ചെയ്യുന്നത് എന്നു പറയാതിരിക്കാനാവില്ല. ഇതുതന്നെയാണ് വെബ് പരമ്പരകള്‍ സിനിമയെ അതിജീവിക്കുമെന്ന് പറയാന്‍ കാരണം. സെക്‌സും ക്രൈമും മറയില്ലാതെ തുറുന്നുകാട്ടുന്നതുകൊണ്ടു മാത്രമല്ല വെബ് പരമ്പരകള്‍ പൊതുവേ ബോള്‍ഡ് എന്നു വിശേഷിപ്പിക്കപ്പെടുന്നത്. കച്ചവടത്തിനായി അവയൊക്കെ കലവറയില്ലാതെ ഉള്‍ക്കൊള്ളുന്നുവെങ്കിലും വെബ് പരമ്പരകള്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ബോള്‍ഡ് ആയിത്തീരുന്നത്, മുഖ്യധാരാ സിനിമ അഭിസംബോധന ചെയ്യാന്‍ മടിക്കുന്ന സമകാലിക രാഷ്ട്രീയ സാമൂഹിക സാമുദായിക വിഷയങ്ങളോട് അയിത്തം കല്‍പ്പിക്കുന്നില്ല എന്നതുകൊണ്ടാണ്. സ്വതന്ത്രചലച്ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും നിര്‍വഹിക്കുന്നത്ര ആഴത്തിലും പരപ്പിലും അധികാരരാഷ്ട്രീയത്തെയോ സാമൂഹികവ്യവസ്ഥയേയോ പ്രതിനിധാനം ചെയ്യുന്നില്ലെങ്കിലും അവ കാണിക്കുന്നതും പറയുന്നതുമായ ഓരോ ദൃശ്യത്തിലും ശബ്ദത്തിലും മുഖ്യധാരാ സിനിമയെ നിലപാടുകളിലൂടെ നാണം കെടുത്തുന്നുണ്ട്. ഇന്ത്യന്‍ സമൂഹത്തിന്റെ സദാചാര ഇരട്ടത്താപ്പുകള്‍ക്ക് ഷോക്ക് ചികിത്സയാവുകയാണ് മൃദുലൈംഗികതയ്ക്ക് പ്രാമുഖ്യമുള്ള വെബ്പരമ്പരകളെങ്കില്‍, വ്യവസ്ഥിതിയേയും അധികാരത്തെയും വരെ ചോദ്യം ചെയ്യുന്നുണ്ട് ഇതര പരമ്പരകള്‍. സെന്‍സര്‍നിയമങ്ങള്‍ സൈബര്‍മാധ്യമങ്ങള്‍ക്ക് ബാധകമാകാത്തതുകൊണ്ടുള്ള സൗകര്യവും വെബ് പരമ്പരകള്‍ക്ക് നേട്ടമാവുന്നുണ്ട്. അടുത്തിടെ ഇന്ത്യയില്‍ ശ്രദ്ധേയമായ ചില നെറ്റ്ഫ്‌ളിക്‌സ് /ആമസണ്‍ പരമ്പരകളെടുത്തു സൂക്ഷ്മമായി പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാവും.
2029ലെ ആര്യാവത് എന്ന രാജ്യത്ത് നടക്കുന്ന ഒരു ഡിസ്റ്റോപ്യന്‍ ഡ്രാമയാണ് ദീപ മെഹ്ത്തയും(ഫയര്‍,വാട്ടര്‍ ചിത്രപരമ്പരകളിലൂടെ വിവാദയായ കനേഡിയന്‍ സ്വദേശിയായ ഇന്ത്യന്‍വംശജ) ശങ്കര്‍ രാമനും പവന്‍ കുമാറും ചേര്‍ന്നു സംവിധാനം ചെയ്ത ലെയ്‌ല എന്ന ആറ് എപ്പിസോഡ് നെറ്റ്ഫ്‌ളിക്‌സ് പരമ്പര. പ്രയാഗ് അക്ബറിന്റെ ഇതേ പേരിലുളള നോവലിനെ അധികരിച്ച് ഉര്‍മി ജുവേക്കര്‍ സുഹാനി കന്‍വര്‍ പട്രിക്ക് ഗ്രെയാം എന്നിവര്‍ തിരക്കഥയെഴുതിയ ഈ പരമ്പരയില്‍ വൈറ്റ്, കാല തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്കും പരിചിതയായ ഹിമാ ഖുറേഷിയാണ് നായിക. രാഹുല്‍ ഖന്ന, മണിരത്‌നം സിനിമകളിലൂടെ പ്രശ്‌സ്തനായ കമ്മാരസംഭവത്തിലൂടെ മലയാളികള്‍ക്കും പരിചിതനായ സിദ്ധാര്‍ത്ഥ്, ആരിഫ് സഖറിയ, ബാന്‍ഡിറ്റ് ക്വീനിലുടെ പ്രസിദ്ധയായ സീമ ബിശ്വാസ്, ചായം പൂശിയ വീടിലൂടെ പ്രസിദ്ധയായ നേഹ മഹാജന്‍, സഞ്ജയ് സൂരി, ആകാശ് ഖുറാന തുടങ്ങിയ വന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്. 
ഡോ.ജോഷിയുടെ ഭരണത്തിന്‍ കീഴില്‍, ആര്യാവര്‍ത്തം ജാതി വര്‍ണാടിസ്ഥാനത്തില്‍ സമുദായങ്ങള്‍ തമ്മില്‍ വന്‍ മതിലുകളാല്‍ വിഭജിക്കപ്പെട്ട് വേര്‍തിരിക്കപ്പെട്ട അവസ്ഥയിലാണ്. സെക്ടറുകളായി തിരിച്ചാണ് നഗരാസൂത്രണം. അതത് സമുദായങ്ങള്‍ക്ക് അവരവരുടെ മതില്‍ക്കെട്ടിന്റെ അതിരുകള്‍ക്കുള്ളില്‍ സ്വന്തം വിശ്വാസവും ജീവിതശൈലിയുമായി സ്വതന്ത്രമായി ജീവിക്കാം. പക്ഷേ അവരവരുടെ സെക്ടറിനനപ്പുറത്ത് പ്രവേശിക്കാനവകാശമില്ല. രാജ്യത്തിനായി സ്വയം സമര്‍പ്പിക്കുക എന്നതാണ് പൗരന്റെ ഉത്തരവാദിത്തം. വര്‍ഗം തിരിച്ച് ഓരോരുത്തര്‍ക്കും കയ്യില്‍ കംപ്യൂട്ടറിനു തിരിച്ചറിയാവുന്ന പച്ചകുത്തിയിട്ടുണ്ട്. അതാണ് തിരിച്ചറിയല്‍ രേഖ.
ശുദ്ധജലവും വായുവും ആര്‍ഭാടമാണ്. ജലത്തിന്റെയും പരിസ്ഥിതിയുടെയും രാഷ്ട്രീയം പറയാതെ പറയുന്നുണ്ട് ലെയ്‌ല. അത് മേല്‍പ്പാളികള്‍ക്കു മാത്രമായി സംവരണം ചെയ്തിരിക്കുന്നു. മറ്റു വിഭാഗങ്ങള്‍ക്കെല്ലാം കുടിവെള്ളം റേഷനാണ്. ചേരികളും മറ്റും അധോനഗരമായാണ് വിഭാവനചെയ്തിരിക്കുന്നത്. നഗരമാലിന്യങ്ങളുടെ കുപ്പത്തോടാണത്. അവിടെ പൈപ്പിലൂടെ ഒഴുകുന്നത് കറുത്തു കൊഴുത്ത ദ്രാവകമാണ്. ശ്വസിക്കാന്‍ വിഷവായുവും. മേല്‍പ്പാളികളില്‍ ശുദ്ധരക്തമുള്ള മേല്‍ത്തട്ടിനാണ് മുന്‍ഗണന. ജാതിമാറി വിവാഹം കഴിക്കുന്ന ഹിന്ദു സ്ത്രീകള്‍ പതിതകളാണ്. അവരെ മാനസാന്തരം വരുത്തി ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ വക വനിതാ മുക്തികേന്ദ്രങ്ങളിലെത്തിക്കും. അവര്‍ക്കു കുട്ടികളുണ്ടാവാതിരിക്കാന്‍ അധികൃതര്‍ പരമാവധി ശ്രദ്ധിക്കും. അഥവാ അബദ്ധത്തില്‍ കുട്ടികളുണ്ടായാല്‍ അവരെ മിശ്രിത വിഭാഗത്തില്‍ പെടുത്തി പ്രത്യേക ഗ്രാമത്തില്‍ വളര്‍ത്തും. അവരെ അവയവവില്‍പനയ്ക്ക് ഉപയോഗിക്കും. ഭരണത്തില്‍ പിടിപാടുള്ളവരുടെ ഗൂഢസംഘങ്ങള്‍ അതില്‍ ചില കുട്ടികളെ തെരഞ്ഞെടുത്ത് കുട്ടികളില്ലാത്ത മേല്‍ജാതി ദമ്പതികള്‍ക്ക് രഹസ്യമായി വില്‍ക്കും. ജാതി മാറിക്കെട്ടുന്ന ഹൈന്ദവേതര പുരുഷന്മാരെ തല്‍ക്ഷണം ഇല്ലാതാക്കുകയാണ് പതിവ്. എല്ലാ വിഭാഗങ്ങള്‍ക്കിടയിലും സദാ ജാഗരൂകരായ സര്‍ക്കാര്‍ ചാരന്മാരും ഗുപ്തവൃന്ദങ്ങളും. 
പാട്ടു കേള്‍ക്കുക സാഹിത്യം എഴുതുക വായിക്കുക, കലകള്‍ അവതരിപ്പിക്കുക ആസ്വദിക്കുക പഠിക്കുക..ഇതെല്ലാം വികസനവിരുദ്ധവും മനുഷ്യജീവിതവിജയത്തിന് അനാവശ്യവുമെന്നാണ് ഡോ.ജോഷി(സഞ്ജയ് സൂരി)യുടെ നിര്‍വചനം. അതിന് ആക്കം കൂട്ടാന്‍ മുന്‍ മാധ്യമപ്രവര്‍ത്തകനും ജോഷിയുടെ ഭരണത്തില്‍ രണ്ടാം സ്ഥാനക്കാരനുമായ റാവു (ആകാശ് ഖുറാന) വിന്റെ സാക്ഷ്യവും പിന്തുണയുമുണ്ട്.
ജാതിയില്‍ മുസല്‍മാനായ റിസ്വാന്‍ ചൗധരിയെ(രാഹുല്‍ ഖന്ന) വിവാഹം കഴിച്ച് ഒരു മകളുമായി സന്തോഷത്തോടെ പഞ്ചകര്‍മ്മി സെക്ടറില്‍ ആര്‍ഭാടജീവിതം നയിക്കുന്ന ശാലിനി(ഹുമ ഖുറേഷി)യുടെ ജീവിതത്തിലുണ്ടാവുന്ന നാടകീയ വഴിത്തിരിവുകളിലൂടെയാണ് ലെയ്‌ലയുടെ കഥ വികസിക്കുന്നത്. ഒരു പകല്‍, സ്വന്തം വീട്ടിലെ നീന്തല്‍ക്കുളത്തില്‍ മകള്‍ ലെയ്‌ലയ്ക്കും ഭര്‍ത്താവിനുമൊപ്പം അവധിയാഘോഷിക്കെ, അതിക്രമിച്ചുകടന്നുവരുന്ന സദാചാരപാലകരുടെ ആക്രമണത്തില്‍ ഭര്‍ത്താവിനെ എന്നന്നേക്കുമായി നഷ്ടമാവുന്ന ശാലിനിയെ വനിതാ മുക്തി കേന്ദ്രത്തിലേക്കു മാറ്റുകയാണ്. അവിടെ നല്ലനടപ്പു സാധ്യമായാല്‍ നിശ്ചിത കാലാവധി കഴിയുമ്പോള്‍ നടത്തിപ്പുകാരനായ ഗുരുമാ (ആരിഫ് സഖറിയ)യുടെ നേതൃത്വത്തില്‍ മാനസാന്തരം തെളിയിക്കാനുള്ള അഗ്നിപരീക്ഷയുണ്ട്. അതു കടന്നാല്‍, കുടുംബാംഗങ്ങള്‍ ഏറ്റുവാങ്ങാന്‍ തയാറുള്ളവര്‍ക്ക് മുക്തികേന്ദ്രത്തില്‍ നിന്നു മടങ്ങാം. പരീക്ഷണം ജയിക്കാത്തവരും ഏറ്റെടുക്കപ്പെടാത്തവരും ശിഷ്ടജീവിതം സര്‍ക്കാരുടമസത്ഥതയിലുള്ള സേവനകേന്ദ്രത്തില്‍ പ്രതിഫലമില്ലാത്ത ദേശനിര്‍മാണത്തൊഴിലാളികളായി തൊഴിലാളിക്യാംപില്‍ ജീവിച്ചു തീര്‍ക്കണം. തൊഴില്‍ ക്യാംപില്‍ എത്തപ്പെടുന്ന ശാലിനി തന്റെ മകളെ കണ്ടെത്തുക എന്ന അടങ്ങാത്ത ആശയുമായി ക്യാംപിലെ കീടതുല്യമായ ജീവിതത്തില്‍ നിന്നു കിട്ടിയ അവസരത്തില്‍ രക്ഷപ്പെടുകയാണ്. അവളുടെ ചുമതലയുള്ള സൂപ്പര്‍വൈസര്‍ ഭാനു (സിദ്ധാര്‍ത്ഥ്) ആവട്ടെ അവളെ വിടാതെ പിന്തുടരുകയും ചെയ്യുന്നു. ക്യാംപില്‍ നിന്ന് ചേരിയിലെത്തിപ്പെടുന്ന ശാലിനി അവിടെ തടവിലാക്കപ്പെട്ടിപുന്ന ഒരു കുട്ടിയുടെ സഹായത്തോടെ രക്ഷപ്പെടുന്നെങ്കിലും ഏറെ നാടകീയമായ ഒളിച്ചോട്ടങ്ങള്‍ക്കൊടുവില്‍ വീണ്ടും പിടിക്കപ്പെടുകയാണ്. സ്വന്തം ഭര്‍ത്താവിന്റെ അനുജന്‍ തന്നെയാണ് മിശ്രവിവാഹത്തിന്റെ പേരില്‍ തന്റെ ഭര്‍ത്താവിന്റെ കൊലയ്ക്കു പിന്നില്‍ എന്നും, ലെയ്‌ല എവിടെയാണെന്ന് അയാള്‍ക്കറിയാമെന്നുമുള്ള ഞെട്ടിക്കുന്ന തിരിച്ചറിവുകളില്‍ അവള്‍ സ്വയം കീഴടങ്ങുന്നതാണെന്നു പോലും പറയാം. രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടെ അവള്‍ക്കു തിരിച്ചറിവാകുന്ന അനുഭവങ്ങളാണ് മകളെ കണ്ടെത്തും വരെ തുടര്‍ന്നു ജീവിക്കാന്‍ അവള്‍ക്കു പ്രേരണയാവുന്നത്. അതിനിടെ, ഉപരിവര്‍ഗ വിഭാഗത്തിന്റെ നഗരഭാഗത്തിനു പുറത്തുകൂടി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഭീമാകാരമായ ആകാശവിതാനത്തെപ്പറ്റി അവളറിയുന്നു. ജോഷിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരേ ചേരികള്‍ കേന്ദ്രീകരിച്ച് വളര്‍ന്നു പടരുന്ന തീവ്രവാദി സംഘങ്ങളെപ്പറ്റി അവളറഇയുന്നു. മഹാത്മഗാന്ധിയുടെ ചിത്രം ചുവരില്‍ തൂക്കുന്നതും പോലും ദേശവിരുദ്ധമായി കണക്കാക്കപ്പെടുന്ന ഭരണകൂടഭീകരതയെ അവളറിയുന്നു.
മതാന്ധമായ ഫാസിസം സമൂഹത്തെ ഏതൊക്കെ തരത്തില്‍ ബാധിക്കുമെന്നും സാമൂഹികഘടനയെത്തന്നെ കീഴ്‌മേല്‍ മാറ്റിമറിക്കുമെന്നുമുള്ള വൈരുദ്ധ്യ കാഴ്ചകളും ലെയ്‌ല കാണിച്ചു തരുന്നു. രണ്ടു വര്‍ഷം മുമ്പ് സദാചാരഗുണ്ടകളാല്‍ കടത്തിക്കൊണ്ടുപോകുമ്പോള്‍ സ്വന്തം വീട്ടുവേലക്കാരിയായിരുന്നവള്‍ ഇപ്പോള്‍ ശാലിനിയെ വേലയ്ക്കു കൊണ്ടുപോകുന്ന സര്‍ക്കാര്‍ ശാസ്ത്രജ്ഞന്റെ ഭാര്യയുടെ കൂട്ടുകാരിയാണ്.അവളുടെ ഭര്‍ത്താവ് ജോഷിയുടെ അടുത്തയാളും! അയാളാണ് ആര്യാവര്‍ത്തത്തിലെ രാഷ്ട്രീയനീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്!
ഭാനുവിനെപ്പറ്റിയുള്ള തിരിച്ചറിവുകള്‍ ശാലിനിയുടെ ജീവിതം മാറ്റിമറിക്കുകയാണ്. ഭരണകൂടത്തിന് ഏറ്റവും വിശ്വസ്തനായ കങ്കാണിയായിരിക്കെത്തന്നെ, അധോലോക പുറംചേരിയിലെ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ചുക്കാനും നേതാവുമാണയാള്‍ എന്ന് അവള്‍ മനസിലാക്കുന്നു. തുടര്‍ന്ന് അവരുടെ കരുനീക്കങ്ങളിലെ മുന്‍നിരക്കാരിയായിത്തീരുകയാണു ശാലിനി. ഡോ.വര്‍മ്മയുടെ വീട്ടുവേലക്കാരിയായി നിയോഗിക്കപ്പെടുന്ന ശാലിനി അവിടെ നിന്ന് മനസിലാക്കുന്ന വസ്തുതകള്‍ പലതും അവളെ അപ്പാടെ ഞെട്ടിക്കുന്നതായിരുന്നു. പ്രധാന നഗരത്തിനു മുകളില്‍ പണിതുയര്‍ത്തുന്ന ആകാശവിതാനം അവര്‍്ക്കു മാത്രം ശുദ്ധവായു നല്‍കാനുള്ള അതിവിപുലമായൊരു ഭീമന്‍ എയര്‍ കണ്ടീഷണറാണെന്നും അതില്‍ നി്ന്നു പുറംതള്ളുന്ന അശുദ്ധ വായുവിന്റെ തോതും സമ്മര്‍ദ്ദവും കൊണ്ടുതന്നെ പുറംചേരി അപ്പാടെ കരിഞ്ഞുണങ്ങിപ്പോകുമെന്നും അവള്‍ തിരിച്ചറിയുന്നതോടൊപ്പം പദ്ധതിയുടെ സ്ഥാപിതതാല്‍പര്യം തിരിച്ചറിഞ്ഞ് അതിനു തയാറാവാതെ വിവരം സ്വാതന്ത്ര്യസമരതീവ്രവാദികള്‍ക്കു ചോര്‍ത്തിക്കൊടുക്കുന്ന ശാസ്ത്രജ്ഞന്‍ ജോഷിഭരണത്തിന്റെ ഗുപ്തചാരന്മാരാല്‍ പിടിക്കപടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതോടെയാണ്. അമേരിക്കയില്‍ നിന്ന് ജോഷി പ്രത്യേകം ക്ഷണിച്ചു വരുത്തുന്ന ശാസ്ത്രജ്ഞനും ഭാര്യയും ദേശവിരുദ്ധതയുടെ പേരില്‍ പരസ്യമായി തൂക്കിലേറ്റപ്പെടുകയാണ്. 
കലയും സാഹിത്യവുമാണ് മനുഷ്യനെ ഉല്‍പാദനക്ഷമരല്ലാത്ത ഉന്മത്തന്മാരാക്കിത്തീര്‍ക്കുന്നതെന്ന് ഘോരഘോരം പ്രസംഗിക്കുന്ന വര്‍മ്മയുടെ ഉളളിലെ രഹസ്യ കാല്‍പനികനെ, അയാളുടെ ആര്‍ക്കും പ്രവേശനമില്ലാത്ത സ്വകാര്യമുറിയിലെ സ്റ്റീരിയോ പ്‌ളേയറില്‍ അയാളിട്ടു കേള്‍ക്കുന്ന സൂഫിസംഗീതത്തത്തിലൂടെ ശാലിനി മനസിലാക്കുന്നുണ്ട്.തുടര്‍ന്ന് അവളയാളുടെ വിശ്വാസമാര്‍ജിച്ച് അയാളുടെ അടുത്തയാളാവുന്നത് ഭാനു വഴി സംഘടിപ്പിക്കുന്ന ആര്യാവര്‍ത്തത്തില്‍ നിരോധിക്കപ്പെട്ട ആ സംഗീതത്തിന്റെ മുഴുവന്‍ ടേപ്പും രഹസ്യമായി എത്തിച്ചുകൊടുത്തുകൊണ്ടാണ്. നഗരത്തില്‍ മേല്‍ത്തട്ടുകാരുടെ അശ്വിന്‍ സെക്ടറിലെ ഒരു സ്‌കൂളില്‍ ലെയ്‌ല പഠിക്കുന്നുണ്ടെന്നും ജോഷി തന്നെ നേരിട്ടു പങ്കെടുക്കുന്ന ആകാശവിതാനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ആര്യാവര്‍ത്തഗാനമാലപിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളില്‍ അവളുമുണ്ടെന്നും മനസിലാക്കുന്ന ശാലിനി വര്‍മ്മയുടെ സംഘാംഗമായി അവിടെ എത്തിച്ചേരുന്നു. സുരക്ഷാപരിശോധനയില്ലാതെ ഒരിലയ്ക്കു പോലും പ്രവേശനമില്ലാത്ത അവിടേക്ക് വാതകബോംബ് എത്തിക്കാന്‍ അവള്‍ക്കല്ലാതെ മറ്റൊരാള്‍ക്കുമാവില്ലെന്നു മനസിലാക്കുന്ന ഭാനും അതിന് അവളെ ഉപയോഗിക്കുന്നു. ആ മേഖലയെയാകെ ഭസ്മമാക്കാവുന്ന മാരകശേഷിയുള്ള വാതകബോംബുമൊളിപ്പിച്ചു മുന്‍നിരയിലിരിക്കുന്ന ശാലിനിക്ക് പക്ഷേ, തന്റെ മകളെ താനാരെന്നു പറഞ്ഞു ബോധ്യപ്പെടുത്താനാവാത്തിടത്താണ് ലെയ്‌ല സന്ദിഗ്ധതയില്‍ അവസാനിക്കുന്നത്. സ്വന്തം മാതാവിനെ പോലും തിരിച്ചറിയാനാവാത്തവിധം ആര്യാവര്‍ത്തമാണ് തങ്ങളുടെ മാതാവ് എന്ന ചൊല്ലിപാഠം കേട്ട് കടുത്ത മസ്തിഷ്‌കപ്രക്ഷാളനത്തില്‍ വളര്‍ത്തപ്പെടുന്ന പ്രീ പ്രോഗ്രാംഡ് ആന്‍ഡ്രോയ്ഡുകള്‍ക്കു തുല്യമായിക്കഴിഞ്ഞിരുന്നു ലെയ്‌ല. ആ തിരിച്ചറിവില്‍ തരിച്ചു നില്‍ക്കുന്ന ശാലിനിക്കു നേരെ ഫാസിസത്തിന്റെ ആസുരത മുഴുന്‍  മുഖത്താവഹിച്ച് വല്ലാത്ത പുച്ഛത്തോടെ നില്‍ക്കുന്ന ജോഷിയുടെ മുഖത്താണ് ലെയ്‌ല എന്ന പരമ്പര അവസാനിക്കുന്നത്.
ശാസ്ത്രകഥാചിത്രത്തിനുവേണ്ട എല്ലാ മേമ്പൊടികളുമുണ്ടായിട്ടും അതിനപ്പുറം താത്വികമായ നിലപാടുകളും വീക്ഷണകോണുകളുമാണ് ലെയ്‌ലയില്‍ തിരക്കഥാകൃത്തുക്കളും സംവിധായകരും സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ പൊള്ളുന്ന രാഷ്ട്രീയ നിരീക്ഷണങ്ങളും നിലപാടുകളും വളരെ പതിഞ്ഞ മട്ടില്‍ കീഴ്സ്ഥായിയില്‍ പശ്ചാത്തലമായി നിറച്ചുനിര്‍ത്തിയിരിക്കുകയാണ് ദൃശ്യപരിചരണത്തില്‍. നേരില്‍ പറയുന്നതിന്റെ ക്‌ളിഷ്ടതയ്ക്കുപരി ചിന്തയില്‍ അഗ്നികോരിയിടുന്ന സ്‌ഫോടനാത്മകതയാണ് ആ നിഗൂഢത പ്രേക്ഷകനു സമ്മാനിക്കുന്നത്. മൃഗീയ ഭൂരിപക്ഷത്തില്‍ കേന്ദ്രത്തില്‍ രണ്ടാമതും എന്‍ഡിഎ അധികാരത്തിലേറിയ സാഹചര്യത്തില്‍ ഇത്തരത്തിലൊരു പരമ്പര ഇന്ത്യന്‍ മാധ്യമങ്ങളില്‍ അചിന്തനീയമാകുമ്പോഴാണ് നെറ്റ്ഫ്‌ളിക്‌സ് പോലുള്ള സൈബര്‍ പ്രതലത്തില്‍ ലെയ്‌ല യാതൊരു പ്രശ്‌നവും കൂടാതെ പ്രചരിക്കുന്നത്. ഡിജിറ്റല്‍ ജനാധിപത്യത്തിന്റെ ശക്തിയും സ്വാധീനവും നേട്ടവും വിജയസാധ്യതയുമാണ് അത് തുറന്നു കാണിക്കുന്നത് എന്നു തന്നെ വേണം കരുതാന്‍.

സാമൂഹികപ്രതിബദ്ധതയുടെ മറുപുറം
ഇന്ത്യയില്‍ കൊച്ചുകുഞ്ഞുങ്ങള്‍ക്കു വരെ വ്യക്തവും സൂക്ഷ്മവുമായി അറിയാവുന്ന ഡല്‍ഹിയിലെ നിര്‍ഭയ കേസിന്റെ അതിസൂക്ഷ്മവും വൈകാരികവും വസ്തുനിഷ്ഠവുമായ ദൃശ്യാഖ്യാനമാണ് നെറ്റ്ഫ്‌ളിക്‌സ് തന്നെ നിര്‍മിച്ച ഡല്‍ഹി ക്രൈം എന്ന സപ്തഖണ്ഡ പരമ്പര. പ്രേക്ഷകരില്‍ ഭൂരിപക്ഷത്തിനും നന്നായി അറിയാവുന്ന ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ, ഒരുപക്ഷേ ഡോക്യുമെന്ററിയിലേക്ക് ചാഞ്ഞുപോകാമായിരുന്ന ആഖ്യാനത്തെ അടുത്ത നിമിഷം എന്ത് എന്ന ജിജ്ഞാസ അവസാനം വരെ നിലനിര്‍ത്താനായി എന്നതാണ് തിരക്കഥാകൃത്തുക്കളുടെയും സംവിധായകന്റെയും വിജയം. ലോറന്‍സ് ബോവന്‍ ടോബി ബ്രൂസ് എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച തിരക്കഥയുടെ മൂലകഥയും സംവിധാനവും റിച്ചീ മെഹ്ത്തയാണ്. സമാന്തരസിനിമയില്‍ സജീവമായ ഷെഫാലി ഷാ, നവല്‍ എന്ന ജുവല്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതനായ, ലൈഫ് ഓഫ് പൈയിലടക്കം ഹോളിവുഡ് ചിത്രങ്ങളില്‍ വരെ സജീവമായ ഇന്ത്യന്‍ നടന്‍ ആദില്‍ ഹുസൈന്‍, രസിക ദുഗ്ഗല്‍ തുടങ്ങി വന്‍ താരനിരതന്നെയുണ്ട് ഈ പരമ്പരയില്‍.
രാജ്യത്തെ ആകമാനം ഞെട്ടിച്ച, ആം ആദ്മി എന്നൊരു മുന്നേറ്റത്തിലേക്കു വരെ കൊണ്ടുചെന്നെത്തിച്ച ഡല്‍ഹി കൂട്ടമാനഭംഗക്കേസ് അന്വേഷണത്തിന്റെ നാള്‍വഴികളാണ് ഈ ചിത്രപരമ്പരയുടെ ഇതിവൃത്തം. ഡല്‍ഹി പൊലീസിന്റെ വീക്ഷണകോണിലൂടെയാണെന്ന പോരായ്മ മാറ്റിവച്ചാല്‍, അതിഭദ്രമായ തിരക്കഥയും നിര്‍വഹണവുമാണ് ഡല്‍ഹി ക്രൈമിന്റേത്. കേസന്വേഷണത്തിന്റെ ചുമതലയുള്ള ഡിസിപി വര്‍ത്തിക ചതുര്‍വേദിയുടെ (ഷെഫാലി ഷാ) വീക്ഷണകോണിലൂടെയാണ് കഥ ഇതള്‍വിരിയുന്നത്. സ്ത്രീക്ക് സുരക്ഷിതമായി ജീവിക്കാനാവാത്ത ഇന്ത്യ വിട്ട് കാനഡയില്‍ ചേക്കേറാന്‍ തുനിയുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളോട് യഥാര്‍ത്ഥ ഡല്‍ഹിയെന്താണെന്നു കാണിച്ചുതരാന്‍ ഒരു ദിവസം ആവശ്യപ്പെടുന്ന വര്‍ത്തികയ്ക്കു മുന്നിലേക്കാണ് ഒരു പാതിരാത്രി അശനിപാതം പോലെ നഗരമധ്യേ ബസിനുളളില്‍ നടക്കുന്ന കൂട്ടബലാല്‍സംഗത്തിന്റെ ഇര വന്നു വീഴുന്നത്, ഓഫീസില്‍ നിന്നുള്ള കീഴുദ്യോഗസ്ഥന്റെ ഒരു ഫോണ്‍കോളിന്റെ രൂപത്തില്‍.
ഈ പരമ്പര കണ്ടുതീരുമ്പോള്‍, നമ്മുടെ സംവിധായകരും തിരക്കഥാകൃത്തുക്കളും ഡല്‍ഹി ക്രൈം ഒരുവട്ടമെങ്കിലും കണ്ടിരുന്നെങ്കില്‍ എന്നു വൃഥാ മോഹിച്ചു പോവാത്ത പ്രേക്ഷകര്‍ കുറയും. ഒരു യഥാര്‍ത്ഥ കുറ്റകൃത്യത്തെ, ദേശത്തെ പിടിച്ചു കുലുക്കിയ ഒരു സംഭവത്തെ അടിസ്ഥാനമാക്കി, കാതുപൊളിപ്പന്‍ പശ്ചാത്ത ലസംഗീതവും, കണ്ണുമടുപ്പന്‍ സംഘട്ടനദൃശ്യങ്ങളും ദൃശ്യഗിമ്മിക്കുകളുമില്ലാതെ ഒരു പൊലീസ് കഥ എങ്ങനെയെടുക്കാമെന്ന്, അങ്ങനൊരു സിനിമയില്‍ മനുഷ്യമനസിന്റെ വൈകാരികസംഘര്‍ഷങ്ങളെ എങ്ങനെ വിന്യസിക്കാമെന്ന് ഡല്‍ഹി ക്രൈം കാണിച്ചു തരുന്നു. ഡോക്യുമെന്ററിയോ ഡോക്യുഫിക്ഷനോ ആയി ത്തീരാമായിരുന്ന നറേറ്റീവിനെ സിനിമയാക്കിത്തന്നെ ആദ്യാവസാനം നിലനിര്‍ത്താനായി എന്നതിലാണ് ഈ പരമ്പരയുടെ സംവിധായികയുടെ വിജയം. അതിന് രചയിതാക്കള്‍ ആശ്രയിക്കുന്ന മാര്‍ഗം കടുത്ത വസ്തുനിഷ്ഠതയ്ക്കുള്ളില്‍ നിന്നുകൊണ്ടും ഇതിലെ ഓരോ കഥാപാത്രവും തമ്മിലുള്ള അതിവിചിത്രവും പ്രവചനാതീതവുമായ മനുഷ്യബന്ധങ്ങളുടെ ആഴത്തില്‍ ആവിഷ്‌കരിക്കുക എന്നതാണ്. ഇതുവഴി ഡോക്യുമെന്ററിയുടെ ഏകതാനത അതിജീവിക്കുകയും പരമ്പരയ്ക്ക് കഥാപരമായ മറ്റൊരു തലം കൈവരിക്കുകയും ചെയ്യുന്നു. അതേസമയം പല ഏമാന്മാരുള്ള ഡല്‍ഹി പോലീസ് എന്ന നീതിനിര്‍വഹണ സംവിധാനത്തിനുള്ളിലെ പരിമിതികള്‍, പോരായ്മകള്‍, ഐപിഎസിനുള്ളിലെ പ്രശ്‌നങ്ങള്‍, ഉദ്യോഗസ്ഥതലത്തില്‍ നേരിടേണ്ടിവരുന്ന രാഷ്ട്രീയവും സാമൂഹികവുമായ സമ്മര്‍ദ്ദങ്ങള്‍ അതിനുള്ളിലെ വൈയക്തിക നിലപാടുകള്‍ എന്നിങ്ങനെ പ്രശ്‌നത്തിന്റെ വിവിധ തലങ്ങളെ പ്രതിനിധാനം ചെയ്യാനും പരമ്പര പ്രത്യേകം ശ്രദ്ധിക്കുന്നു. രാഷ്ട്രീയവല്‍ക്കരണത്തിനും മാധ്യമവേട്ടയ്ക്കുമിടയിലും കുറ്റവാളികളായ കഥാപാത്രങ്ങളുടെ പോലും സാമൂഹിക സാഹചര്യങ്ങളെ നിഷ്പക്ഷമായും നിര്‍മമമായും നോക്കിക്കാണാനും അടയാളപ്പെടുത്താനുമാണ് ഡല്‍ഹി ക്രൈം ശ്രദ്ധിച്ചിട്ടുള്ളത്. ഇതിവൃത്തം മുന്നോട്ടുവയ്ക്കുന്ന സാമൂഹികപ്രതിസന്ധികളില്‍ ഒരു പക്ഷത്തും നിലപാടുറപ്പിക്കാതെ ക്‌ളിനിക്കല്‍ തികവോടെ അതിനെ ഇഴപിരിച്ചു വിശകലനം ചെയ്യുകയാണ് സംവിധായകന്‍. അതുകൊണ്ടുതന്നെ ഒരേ സമയം അത് കറയറ്റ ഒരു കുറ്റാന്വേഷണ പരമ്പരയുടെ ഉദ്വേഗവും ആകാംക്ഷയും നിലനിര്‍ത്തുകയും മറുവശത്ത് അതിന്റെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവുമായ പരിസരങ്ങളെ വിലയിരുത്തുകയും ചെയ്യുന്നു.
ആമസണില്‍ തിളങ്ങിയ ദ് ഫാമിലി മാന്‍ ഒടിടി പ്‌ളാറ്റ്‌ഫോമിന്റെ പുതുപുത്തന്‍ വിപണിസാധ്യത ഇന്ത്യന്‍ ചലച്ചിത്രകാരന്മാര്‍ക്ക് പൂര്‍ണമായ തോതില്‍ കാണിച്ചു തന്ന മറ്റൊരു സുപ്രധാന വെബ് പരമ്പര. രാജ് നിധിമോരുവും കൃഷ്ണ ഡി.കെ.യും ചേര്‍ന്ന് രചിച്ച് സംവിധാനം ചെയ്ത ഈ 10 എപ്പിസോഡ് പരമ്പര വെബ് പരമ്പരകള്‍ക്ക് ഡിജിറ്റല്‍ പ്‌ളാറ്റ്‌ഫോമില്‍ എങ്ങനെ ഭാഷയുടെ അതിര്‍വരമ്പുകളെ വിജയകരമായി ലംഘിക്കാം എന്നുകൂടി കാണിച്ചു തരുന്നു.മലയാളിക്കും സുപരിചിതനായ ദേശീയ അവാര്‍ഡ് നേടിയ നടന്‍ മനോജ് ബാജ്‌പേയി നായകനായ ഈ രാജ്യാന്തര ചാരക്കഥയില്‍ ദേശീയ ബഹുമതി നേടിയ ദക്ഷിണേന്ത്യന്‍ നടി പ്രിയാമണിയാണു നായിക. ഐഎസില്‍ ചേര്‍ന്ന മലയാളിയായി മാത്രമല്ല ചിത്രത്തിലെ പ്രധാന വില്ലനായി എത്തുന്നത് മലയാളത്തിലെ പുത്തന്‍കൂറ്റുകാരില്‍ ശ്രദ്ധേയനായ നടനും നര്‍ത്തകനുമായ നീരജ് മാധവാണ്. നീരജില്‍ ഒരു മികച്ച നടനുണ്ടെന്ന് ദ് ഫാമിലിമാനിലെ മൂസ റഹ്മാന്‍ തെളിയിക്കുകയും ചെയ്യുന്നു.  ദിനേശ് പ്രഭാകറടക്കമുള്ള മലയാളിതാരങ്ങളും മലയാളികളായി മലയാള സംഭാഷണങ്ങളോടെ തന്നെ പരമ്പരയില്‍ പ്രത്യക്ഷപ്പെടുന്നു.
വീടും ജോലിയും ഒന്നിച്ചു കൊണ്ടുപോകാന്‍ പെടാപ്പാടുപെടുന്ന ഇന്ത്യന്‍ രഹസ്യാനേഷണവകുപ്പിലെ ഒരു സിഐഡിയായ ശ്രീകാന്ത് തിവാരിയുടെ കഥയാണ് ദ് ഫാമിലി മാന്‍. ചെറുപ്പക്കാരിയായ ഭാര്യയും രണ്ടു കുട്ടികളുമുള്ള തിവാരിക്ക് അതീവ രഹസ്യവും തന്ത്രപ്രധാനവുമായ തന്റെ ജോലിയുടെ പ്രത്യേകത കൊണ്ടു തന്നെ ഭാര്യയുടെയും മക്കളുടെയും കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധചെലുത്താന്‍ സാധിക്കുന്നില്ല. ശരാശരി ഇന്ത്യന്‍ മധ്യവര്‍ഗകുടുംബം മഹാനഗരങ്ങളില്‍ എങ്ങനെ ജീവിക്കുന്നു എന്നതിന്റെ സത്യസന്ധവും തുറന്നതുമായ ആവിഷ്‌കാരമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. ഭാമ്പത്യം പോലും ഇന്ത്യന്‍ മൂല്യ-സാമ്പത്തിക-സാമൂഹികവ്യവസ്ഥിതിയില്‍ എത്രമാത്രം യാന്ത്രികമായിത്തീരുന്നുവെന്നും,സ്‌നേഹമുണ്ടെങ്കില്‍ക്കൂടി സാഹചര്യങ്ങള്‍ ഇടത്തരം കുടുംബങ്ങളുടെ ജീവിതതത്രപ്പാടുകള്‍ക്കിടയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും എത്രമാത്രം മാനസികവും ശാരീകവുമായി അകറ്റുന്നുവെന്നും ചിത്രം കാണിച്ചു തരുന്നു. രസമെന്തെന്നാല്‍, ഈ സാഹചര്യങ്ങളുടെ ചിത്രീകരണം, മുഖ്യപ്രമേയമായ രാജ്യാന്തരഭീകരവാദത്തിന്റെയും ഇസ്‌ളാമിക തീവ്രവാദത്തിന്റെ വേരുകള്‍ മധ്യേഷന്‍ രാജ്യങ്ങള്‍ താണ്ടി ഇന്ത്യയിലേക്കു തന്നെ വേരുകളാഴ്ത്തുന്നതിന്റെയും നിര്‍ണായകമായ ആവിഷ്‌കാരത്തിനുള്ള പശ്ചാത്തലമൊരുക്കുക മാത്രമാണ് ചെയ്യുന്നത് എന്നുള്ളതാണ്. തീര്‍ത്തും ഉദ്വേഗമുയര്‍ത്തുന്ന ഒരു ആക്ഷന്‍ ചാരസിനിമയില്‍ കുടുംബവും ബന്ധങ്ങളും അതിന്റെ സങ്കീര്‍ണതയും ആര്‍ദ്രതയും വൈകാരികതയും എങ്ങനെ സമരഞ്ജസമായി ഇഴചേര്‍ത്തു കഥപറയാം എന്നതിന്റെ ഏറ്റവും സര്‍ഗാത്മകമായൊരുദാഹരണമാണ് ദ് ഫാമിലി മാന്‍.
രാജ്യാന്തര രാഷ്ട്രീയവും മതരാഷ്ട്രീയവും മുതല്‍ വ്യക്തിരാഷ്ട്രീയം വരെ അത് അഭിസംബോധന ചെയ്യുന്നുമുണ്ട്. തിവാരിയുടെ തെന്നിന്ത്യക്കാരിയായ ഭാര്യ സുചിത്ര (പ്രിയാമണി) ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ നേര്‍ പ്രതിനിധിതന്നെയാണ്. ഭര്‍ത്താവിനെയും കുട്ടികളെയും നോക്കിക്കഴിഞ്ഞ് സ്വന്തം ഇഷ്ടാനിഷ്ടങ്ങളെ ഓര്‍ക്കാന്‍ കൂടി നേരം കിട്ടാത്ത ശരാശരി ഇന്ത്യന്‍ കുടുംബിനി. ഒരു ഘട്ടത്തില്‍ അവള്‍ പഴയ സഹപാഠിയില്‍ നിന്ന് സാമ്പത്തികസ്വാതന്ത്ര്യമെന്താണെന്നറിയുന്നു. ഇഷ്ടമുള്ളത് ചെയ്യാനുവുമ്പോഴത്തെ ആത്മസംതൃപ്തിയെന്തെന്നറിയുന്നു. അവസാനം അവള്‍ ഭര്‍ത്താവിനെ ഉപേക്ഷിക്കുന്നുവോ എന്ന കാര്യത്തില്‍ സര്‍ഗാത്മകമായ മൗനമുപേക്ഷിച്ചാണ് കഥനിര്‍വഹണമവസാനിക്കുന്നതെങ്കിലും ഇടത്തരം കുടുംബങ്ങളില്‍ ആഗോള സാമ്പത്തിക സാങ്കേതിക അവസ്ഥകള്‍ കൊണ്ടുവന്ന പരിവര്‍ത്തനം ചിത്രം മൗലികമായി തന്നെ കൈകാര്യം ചെയ്യുന്നു. ഒപ്പം ലക്ഷ്യങ്ങളെ വിമര്‍ശിക്കാതിരിക്കാനുള്ള രാഷ്ട്രീയ ആര്‍ജ്ജവം കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ മതതീവ്രവാദത്തിന്റെ മനുഷ്യത്വരാഹിത്യവും അര്‍ത്ഥരാഹിത്യവും പച്ചയ്ക്കു തുറന്നുകാട്ടുകയും ചെയ്യുന്നു. വിശ്വാസം എങ്ങനെ ഒരുവനെ അന്ധനാക്കുന്നുവെന്നും ആ അന്ധത ഒരുവനെ കുറ്റവാളിയാക്കുന്നുവെന്നും ദ് ഫാമിലി മാന്‍ കാണിച്ചു തരുന്നു.

തിളങ്ങുന്ന സാങ്കേതികമുന്നേറ്റം
ഇന്ത്യന്‍ സിനിമയെ ഹോളിവുഡ്ഡാവാന്‍ കച്ചകെട്ടിയിറങ്ങുന്ന ബഹുഭാഷകളിലെ ചലച്ചിത്രകാരന്മാര്‍ അത്യാവശ്യം കാണേണ്ട പരമ്പരയാണ് നെറ്റ് ഫ്‌ളിക്‌സിലെ ബാര്‍ഡ് ഓഫ് ബ്ളഡ്. ഷാറൂഖ് ഖാനും ഭാര്യ ഗൗരി ഖാനും, റെഡ്ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ നിര്‍മിച്ച് ഇമ്രാന്‍ ഹാഷ്മി നായകനായ പരമ്പരയാണിത്. ബലൂചിസ്ഥാന്‍ വിഘനവാദത്തിന്റെയും താലിബാന്‍ അതിക്രമങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ചാരപ്രവര്‍ത്തനങ്ങളുടെ കഥയായി ബിലാല്‍ സിദ്ദീഖി രചിച്ച ഇതേപേരിലുള്ള നോവലിന് ഋഭു ദാസ്ഗുപ്ത നല്‍കിയ ഈ ദൃശ്യാഖ്യാനം സാങ്കേതികതയുടെയും അവതരണത്തിന്റെയും കാര്യത്തില്‍ ഒരു പക്ഷേ ഇന്ത്യ ഇതേവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച രാജ്യാന്തരനിലവാരമുള്ള ദൃശ്യാഖ്യാനമായിരിക്കും. ദശകോടികള്‍ പൊട്ടിച്ച് ഹോളിവുഡ് നിലവാരത്തിലെത്താന്‍ വൃഥാ പാടുപെടുന്ന തെലുങ്ക്-ഹിന്ദി സിനിമാക്കാര്‍, ചാരകഥകളുടെ ദൃശ്യാഖ്യാനങ്ങളില്‍ ഇന്ത്യയെ അടയാളപ്പെടുത്തുന്ന, ഇമ്രാന്‍ ഹാഷ്മി നായകനായ ഈ സിനിമ നൂറ്റൊന്നാവൃത്തി കണ്ടിട്ട് ആ പണി തുടര്‍ന്നിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നു. ബാര്‍ഡ് ഓഫ് ബ്ളഡ് പോലൊരു ദൃശ്യാനുഭവം നിര്‍മിക്കാന്‍ മാത്രം ഇന്ത്യ പക്വത നേടിയെന്നതാണ് ഈ പരമ്പര നല്‍കുന്ന സന്തോഷം.
മുഖ്യധാരാ സിനിമ ഒരിക്കലും അഭിസംബോധന ചെയ്യാന്‍ ഇനിയും ധൈര്യവും പക്വതയും നേടിയിട്ടില്ലാത്ത വിഷയങ്ങളാണ് ഈ പരമ്പരകളിലധികവും കൈകാര്യം ചെയ്യുന്നതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. രാജ്യാന്തരതീവ്രവാദം പോലെ അതിസങ്കീര്‍ണവും അതിലേറെ സെന്‍സിറ്റീവുമായ വിഷയങ്ങളാണ് വെബ് പരമ്പരകള്‍ സധൈര്യം തുറന്നു കാണിക്കുന്നത്. അതിനായി എത്രത്തോളം സാഹസികതയ്ക്കും നിര്‍മാതാക്കളും സാങ്കേതികവിദഗ്ധരും തയാറാവുകയും ചെയ്യുന്നു. ബാര്‍ഡ് ഓഫ് ബ്‌ളഡിന്റെ കാര്യത്തില്‍ തന്നെ, ബലൂചിസ്ഥാന്‍ ചിത്രീകരിക്കാനായി സിനിമാക്കാര്‍ പോയിട്ട് തദ്ദേശവാസികള്‍ പോലും സീസണിലല്ലാതെ കടന്നുചെന്നിട്ടില്ലാത്ത ലേ ലഡാക്ക് പ്രവിശ്യയിലെ കാണാഭൂമികകളിലേക്ക് സധൈര്യം കടന്നുചെല്ലാന്‍ ഈ പരമ്പരയുടെ പിന്നണിക്കാര്‍ ശ്രമിച്ചു. അതുവഴി, ഇറാന്‍, ഈജിപ്ഷ്യന്‍ സിനിമകളില്‍ മാത്രം നാം കണ്ടിട്ടുള്ളതുപോലുള്ള ഒരു ദൃശ്യാനുഭവം ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സമ്മാനിക്കാന്‍ അവര്‍ക്കു സാധിച്ചു.ഇന്ത്യന്‍ സിനിമയുടെ കമ്പോളഘടകങ്ങളെയും ചിത്രസമീപനങ്ങളെയും തന്നെ അടിമുടി ഉടച്ചുവാര്‍ക്കുകയും തിരുത്തിയെഴുതുകയുമാണ് ബാര്‍ഡ് ഓഫ് ബ്‌ളഡ് ചെയ്യുന്നത്. സല്‍മാന്‍ ഖാന്റെ ടൈഗര്‍ സിന്ദാ ഹൈ, സെയ്ഫ് അലിഖാന്റെ ഏജന്റ് വിനോദ് പോലുള്ള തട്ടുപൊളിപ്പന്‍ മസാലകള്‍ക്കപ്പുറം സമാനവിഷയത്തില്‍ തന്നെ അര്‍ത്ഥപൂര്‍ണമായ ദൃശ്യ ഇടപെടല്‍ കൂടിയാവുന്നുണ്ട് എന്നതിലാണ് ബാര്‍ഡ് ഓഫ് ബ്‌ളഡിന്റെ മാധ്യമ പ്രസക്തി
നമ്മുടെ ചുറ്റും നിന്ന് തെരഞ്ഞെടുത്തതുപോലുള്ള അമച്ചര്‍ താരങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. ഛായാഗ്രഹണത്തിലും ശബ്ദലേഖനത്തിലുമൊക്കെ ഈ പരമ്പരകള്‍ പുലര്‍ത്തുന്ന മാധ്യമസവിശേഷത തിരിച്ചറിയപ്പെടേണ്ടതുണ്ട്. ക്യാമറാക്കോണുകളും ചലനങ്ങളും സഹിതം പ്രമേയനിര്‍വഹണത്തില്‍ ദൃശ്യപരിചരണത്തിനുള്ള പ്രാധാന്യം വെളിവാക്കുന്നതാണ് അത് എന്നു കൂടി പറയാതെ തരമില്ല. പശ്ചാത്തലസംഗീതത്തിന്റെ മാധ്യമസാധ്യതയറിഞ്ഞുള്ള വിന്യാസത്തിലും തിരക്കഥയിലെ ഏച്ചുകെട്ടില്ലാത്ത രംഗാവതരണവുമെല്ലാം കൊണ്ട് നവഭാവുകത്വ  ലോക സിനിമയുടെ ദൃശ്യചമത്കാരങ്ങളോടാണ് ഈ പരമ്പരകള്‍ക്കു ചാര്‍ച്ച കൂടുതല്‍. കുടുംബസായാഹ്നങ്ങളെ മലീമസമാക്കുന്ന സാംസ്‌കാരികഉച്ഛിഷ്ടങ്ങളായ ടെലിവിഷന്‍ പരമ്പരകളുമായും കമ്പോളനേട്ടം മാത്രം ലാക്കാക്കി പതിവു ഫോര്‍മുലകളില്‍ പടച്ചെടുക്കുന്ന മുഖ്യധാരാസിനിമകളോടും കൂടി താരതമ്യം ചെയ്യുമ്പോഴാണ് ഡല്‍ഹി ക്രൈം പോലുള്ള വെബ് പരമ്പരകളുടെ നിശബ്ദവിപ്‌ളവം വ്യക്തമാകൂ. 
ഇവയുയര്‍ത്തുന്ന ഭീഷണികളോടു ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ട് സ്വയം നവീകരിച്ചില്ലെങ്കില്‍ തീയറ്ററിലെ സിനിമ തന്നെ ചരിത്രമായേക്കുമോ എന്നാരെങ്കിലും ശങ്കിച്ചാല്‍ കുറ്റംപറയേണ്ടതില്ല. കംപ്യൂട്ടര്‍/ടാബ്ലെറ്റ് /സെല്‍ഫോണ്‍ സ്‌ക്രീനുകളില്‍ ലോകത്തെവിടെയിരുന്നും എപ്പോഴും ആസ്വദിക്കുക കൂടി ചെയ്യാവുന്ന ഈ പരമ്പരകള്‍ ഉയര്‍ത്തുന്ന ഭാവുകത്വപരവും മാധ്യമപരവുമായ വെല്ലുവിളി തിരിച്ചറിയുക എന്നതാണ് പ്രധാനം.

സിനിമ@ഒടിടി
ഇംഗ്‌ളീഷില്‍ നിര്‍മിക്കപ്പെട്ട് ആഗോളപ്രീതി നേടിയ വിദേശപരമ്പരകള്‍ ഇന്ത്യന്‍ ഭാഷകളില്‍ ഉപശീര്‍ഷകത്തോടെയും മൊഴിമാറ്റങ്ങളായും അവതരിപ്പിക്കുന്നതിനു പുറമേയാണ് ഇന്ത്യന്‍ ഭാഷകളില്‍ ഒ.ടി.ടി.കള്‍ അവതരിപ്പിക്കുന്ന സ്വതന്ത്രനിര്‍മിതികള്‍. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമെല്ലാം വളരെ സവിശേഷമായ വെബ് പരമ്പരകളും വെബ് സിനിമകളും നിര്‍മിക്കപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടുതന്നെ ഒടിടിക്കാലത്തെ സിനിമകളെ കൂടി വിലയിരുത്താതെ ഈ പഠനം പൂര്‍ത്തിയാവില്ല. 
തീയറ്ററില്‍ വിജയമായാലും ഇല്ലെങ്കിലും പുതുപുത്തന്‍ സിനിമകള്‍ ആഴ്ചകള്‍ക്കകം തന്നെ ഒടിടികളില്‍ വെബ് റിലീസ് ഉറപ്പാക്കുന്നതോടൊപ്പം പഴയകാല ക്‌ളാസിക്കുകളുടെ ശേഖരവും ദിനംപ്രതി അവര്‍ കൂട്ടിക്കൊണ്ടേയിരിക്കുന്നു. ഇതിനൊക്കെ പുറമേയാണ്, ആഗോളതലത്തില്‍ തന്നെ ചലച്ചിത്രനിര്‍മാണ വിതരണ രംഗങ്ങളിലും ചലച്ചിത്രമേളകള്‍ പോലുള്ള രാജ്യാന്തര വിപണികളിലും ഒടിടി സേവനദാതാക്കള്‍ തങ്ങളുടെ കുത്തക ഇടപെടലിനു മുതിരുന്നത്. ലോകസിനിമയുടെ മെക്കയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഓസ്‌കര്‍ അവാര്‍ഡ് നിര്‍ണയത്തിപ്പോലും 2018 ല്‍ മികച്ച വിദേശചിത്രത്തിനുള്ള ബഹുമതി നേടിയത് നെറ്റ്ഫ്‌ളിക്‌സ് പങ്കാളികളായി നിര്‍മിക്കപ്പെട്ട സ്പാനിഷ്-മെക്‌സിക്കന്‍ സ്വതന്ത്രസിനിമയായ റോമ ആയിരുന്നെന്നോര്‍ക്കുക. മികച്ച ഹ്രസ്വചിത്രത്തിനുള്ള ഓസ്‌കര്‍ നേടിയ പീര്യഡ്-എന്‍ഡ് ഓഫ് സെന്റെന്‍സ് വിതരണം ചെയ്തതും നെറ്റ്ഫ്‌ളിക്‌സ് തന്നെയായിരുന്നു. 2019ല്‍ ഓസ്‌കര്‍ നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റ് ലോകമെമ്പാടും റിലീസ് ചെയ്തതു പോലും ആമസണ്‍ പ്രൈമിലായിരുന്നെന്നോര്‍ക്കുക. ഈ വസ്തുതകള്‍ കൂടി കണക്കിലെടുക്കുമ്പോഴാണ് ലോക സിനിമയ്ക്ക് നിഷേധിക്കാനാവാത്ത ഇടപെടലാണ് നെറ്റ്ഫ്‌ളിക്‌സും ആമസണും പോലുള്ള വെബ് പ്രതലങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത് എന്നു തിരിച്ചറിയാനാവുക. 
ഒടിടികള്‍ മുന്നോട്ടുവയ്ക്കുന്ന സാമ്പത്തികം തന്നെയാണ് നിര്‍മാതാക്കളെ അവരിലേക്കാകര്‍ഷിക്കുന്നത്. തീയറ്റര്‍ റിലീസിനെ അപേക്ഷിച്ച് ഉറപ്പുള്ള വരുമാനമാണ് ഒടിടികള്‍ വാഗ്ദാനം ചെയ്യുന്നത്. മള്‍ട്ടീപ്‌ളക്‌സിനേക്കാള്‍ അധികം വൈവിദ്ധ്യമാര്‍ന്ന പ്രേക്ഷകരെ ഉള്ളടക്കവൈവിദ്ധ്യം കൊണ്ട് ആകര്‍ഷിക്കാനാവുന്നതുകൊണ്ട് പലജനുസിലുള്ള സിനിമകളെയും ശരാശരി വിജയത്തിലെത്തിക്കാന്‍ ഒടിടികള്‍ക്കു നിഷ്പ്രയാസം സാധിക്കും. അതുകൊണ്ടുതന്നെ അവര്‍ വാഗ്ദാനം ചെയ്യുന്ന തുകയ്ക്ക് സിനിമകള്‍ ഔട്ട്‌റൈറ്റിന് വില്‍ക്കുന്നതാണ് പല നിര്‍മാതാക്കള്‍ക്കും നല്ലത്. ഹോളിവുഡ് വരെ ഇത്തരത്തില്‍ നെറ്റ്ഫ്‌ളിക്‌സിനോടും ആമസണിനോടും ഹോട്ട്‌സ്റ്റാറിനോടും ദീര്‍ഘകാല കരാറിനു ശ്രമിക്കുമ്പോള്‍ സ്വതന്ത്ര സിനിമാനിര്‍മാതാക്കളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല. 
വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ പോലും 2018ല്‍ ശ്രദ്ധിക്കപ്പെട്ടതും സുപ്രധാന പുരസ്‌കാരങ്ങള്‍ നേടിയതുമായ സിനിമകളുടെ മുഴുവന്‍ പില്‍ക്കാല അവകാശം ഒടിടികള്‍ ഒറ്റയടിക്ക് സ്വന്തമാക്കുകയായിരുന്നു. സ്വഭാവികമായി മറ്റു ലോകമേളകളിലേക്ക് അവ ലഭിക്കണമെങ്കില്‍പ്പോലും അവര്‍ക്ക് ഒടിടികളുമായി വിലപേശുകയോ കരാറിലേര്‍പ്പെടുകയോ വേണമെന്ന സ്ഥിതിയായി. ഫെസ്റ്റിവല്‍ പ്രോഗ്രാമിങ്/ക്യൂറേറ്റിങ് എന്ന സമ്പ്രദായത്തിനു തന്നെ ഇത് അപ്രസക്തമാക്കി. ഒ.ടി.ടി. പിന്തുണയോടെ കൂടുതല്‍ സ്വതന്ത്രമായി സിനിമ നിര്‍മിക്കാമെന്നു വന്നതോടെ കമ്പോളമുഖ്യധാരയെ ആശ്രയിക്കാത്ത സ്വതന്ത്ര ചലച്ചിത്രകാരന്മാര്‍ക്കും സന്തോഷമായി. അതവര്‍ക്ക് പുതിയ സാധ്യതകള്‍ തുറന്നുകൊടുത്തു. അതേസമയം, അവരുടേതടക്കം സിനിമകള്‍ പൊതുവേ ഒടിടികളിലേക്കു മാത്രം ചുരുക്കപ്പെടുകയാണെന്നതാണ് ഇതിന്റെ മറുവശം. സിനിമാവിപണി തന്നെ ഒടിടിയിലേക്ക് കേന്ദ്രീകരിക്കപ്പെടുകയാണ്. മറ്റൊരുഭാഷയില്‍, സിനിമാവിതരണത്തില്‍ ഒടിടികള്‍ കുത്തകകളാവുകയാണ്. ഉള്ളടക്കത്തിലെയും ലഭ്യതയിലെയും സുതാര്യമായ ജനാധിപത്യം ചലച്ചിത്ര വിതരണ/വിപണനക്കാര്യത്തില്‍ കുത്തകവല്‍ക്കരണവുമായി ഒരു പുതിയ മാധ്യമസംഘര്‍ഷത്തിന് അങ്ങനെ ഒടിടി വഴിതുറക്കുകയാണ്. സെന്‍സര്‍ വിലക്കുകളില്ലാതെ സ്വതന്ത്രമായി എന്തും കാണിക്കാം എന്നതിലും, വീട്ടിലോ ലോക്കഡൗണിലോ ഇരുന്ന് സ്വന്തം ഇഷ്ടപ്രകാരം ഇഷ്ടസമയത്ത് കാണാം എന്നതിലും പ്രകടിപ്പിക്കുന്ന ജനാധിപത്യവല്‍ക്കരണം പക്ഷേ, അങ്ങനെ ലഭ്യമാക്കപ്പെടുന്ന ഉള്ളടക്കത്തിന്റെ കാര്യത്തില്‍ വിപണിയുമായി പുതിയൊരു സംഘട്ടത്തിലേക്കാണ് നീങ്ങുന്നത്. അതിന്റെ പ്രത്യക്ഷങ്ങളാണ്  പൊന്‍മകള്‍ വന്താള്‍ എന്ന സിനിമ മുതല്‍ ചെറുകിട ചലച്ചിത്രമേളകള്‍ വരെ നേരിടാന്‍ പോകുന്നതും.

Wednesday, June 03, 2020

ജേര്‍ണലിസം സ്‌ട്രോക്‌സ്-7

കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ പൊതുപരീക്ഷ

വര്‍ഷം 2002.മലയാള മനോരമ വിട്ടിട്ട് രണ്ടുവര്‍ഷമാവുന്നു. ഇന്റര്‍നെറ്റ് കണക്ടിവിറ്റി തന്നെ ഇന്ത്യയില്‍ വ്യാപകമായി വരുന്നതേയുള്ളൂ. ഇന്ത്യന്‍ ഭാഷയെ വെബ് അധിഷ്ഠിതമായി വികസിപ്പിക്കുക എന്ന ലക്ഷ്യവുമായി സ്ഥാപിതമായ ഇന്‍ഡോര്‍ കേന്ദ്രമാക്കിയ വെബ് ദുനിയ ഡോട്ട് കോം (ഹിന്ദിയിലെ നയീദുനിയ പത്രകുടുംബത്തില്‍പ്പെട്ട, ടൈംസ് ഓഫ് ഇന്ത്യ കുടുംബാംഗത്തിന്റെ സംരംഭം) ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സ്ഥാനമുറപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തു നിന്ന് വെബ് ലോകം ഡോട്ട് കോം എന്ന പേരില്‍ അതിന്റെ മലയാളം വിഭാഗം തുടങ്ങുന്നു. ചൈന്നൈയിലെ പ്രാദേശിക കേന്ദ്രത്തിനാണ് ചുമതല. വെബ് ദുനിയയുടെ കണ്‍സള്‍ട്ടന്റ് ആയിരുന്ന എന്റെയൊരു കസിനും അന്ന് പിടിഐയില്‍ പത്രപ്രവര്‍ത്തകയുമായിരുന്ന( ശങ്കേഴ്‌സ് വീക്ക് ലിയുടെ രണ്ടാമനായിരുന്ന അന്തരിച്ച പത്രപ്രവര്‍ത്തകന്‍ ആര്‍.പി.നായരുടെ-ഒ.വി.വിജയന്റെ പ്രവാചകന്റെ വഴിയിലെ നായര്‍സാബ്- സഹോദരീപുത്രി) സേതുലക്ഷ്മി നായര്‍ എന്ന ഉഷച്ചേച്ചിയാണ് എന്റെ പേര് നിര്‍ദ്ദേശിക്കുന്നത്. എന്റെ അമ്മയുടെ രോഗാവസ്ഥ നേരിട്ടറിയാവുന്നതുകൊണ്ട് തിരുവനന്തപുരത്ത് എനിക്കൊരു ജോലിക്കായി അമ്മയുമച്ഛനും ആഗ്രഹിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഉഷച്ചേച്ചിയുടെ ശ്രമഫലമായാണ് താരതമ്യേന വലിയ ശമ്പളത്തില്‍ തിരുവനന്തപുരത്ത് വെബ് ലോകം ഡോട്ട് കോമില്‍ രണ്ടാമനായി ഞാന്‍ ചേരുന്നത്. അവിടെ ഒന്നൊന്നരവര്‍ഷമാവുമ്പോഴേക്കാണ് കേരളത്തിലാദ്യമായി എസ്എസ്എല്‍സി.പരീക്ഷ വലിയൊരു പ്രതിസന്ധിയെ നേരിടുന്നത്.
നാലകത്തു സൂപ്പിയായിരുന്നു അന്ന് വിദ്യാഭ്യാസ മന്ത്രി. പ്‌ളസ് ടൂ കൊണ്ടുവരുന്നതിനെച്ചൊല്ലിയോ മറ്റോ ആണെന്നു തോന്നുന്നു, സ്‌കൂള്‍ അധ്യാപകര്‍ വലിയൊരു സമരത്തിലേക്കു നീങ്ങി. വര്‍ഷാന്ത്യം പരീക്ഷ പോലും നടന്നേക്കില്ല എന്ന അവസ്ഥ. എസ്എസ്.എല്‍.സി അന്നത്തെ ഗ്‌ളാമര്‍ പരീക്ഷയാണ്. പൂര്‍വനിശ്ചിത സമയത്ത് ഏതായാലും പത്താം ക്ലാസ് മോഡല്‍ പരീക്ഷകള്‍ നടക്കില്ലെന്ന് ഏതാണ്ടുറപ്പായി. അപ്പോഴാണ് ഞാന്‍ ഒരാശയം ഞങ്ങളുടെ എഡിറ്റര്‍, ഞാന്‍ സഹോദരതുല്യം സ്‌നേഹിച്ചിരുന്ന ശശിമോഹന്‍ സാറിനോട് നിര്‍ദ്ദേശിക്കുന്നത്.
ഇന്‍ഡോറില്‍ നിന്നുള്ള വെബ് ഇനിഷ്യേറ്റീവ് എന്ന നിലയ്ക്ക് അന്ന് ദൂരദര്‍ശനില്‍ സൂപ്പര്‍ഹിറ്റായ ഡെറിക് ഒബ്രെയിന്‍ നടത്തുന്ന ബോണ്‍വിറ്റ ക്വിസ് മത്സരത്തിന്റെ ബഹുഭാഷാ ഓണ്‍ലൈന്‍ വേര്‍ഷന്‍ വെബ് ദുനിയയാണ് നടത്തിപ്പോന്നത്. സംഗതി സിംപിള്‍. ഏതു സമയത്തും ലോകത്തെവിടെയിരുന്നു ആര്‍ക്കും ക്വിസില്‍ അവരവരുടെ ഭാഷയില്‍ പങ്കുകൊള്ളാം. ഒരു മണിക്കൂറാണ് സമയം. ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ കൗണ്ട് ഡൗണ്‍ തുടങ്ങും. നിശ്ചിത ചോദ്യങ്ങളുണ്ടാവും. ഓരോന്നിനും നാല് ഓപ്ഷനുകളും അവ ക്‌ളിക്ക് ചെയ്യാന്‍ റേഡിയോ ബട്ടണുകളും. ക്‌ളിക്ക് ചെയ്യുന്ന നിമിഷം തന്നെ അതു ശരിയാണോ അല്ലയോ എന്നും അതിന്റെ സ്‌കോറും കാണാനാവും. തെറ്റാണെങ്കില്‍ ശരിയുത്തരവും. ഒരുമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും ലോഗിന്‍ ചെയ്താല്‍ പുതിയ സെറ്റ് ചോദ്യങ്ങളാവും പ്രത്യക്ഷപ്പെടുക. അതിന് മൂന്നുനാലു സെറ്റ് ചോദ്യങ്ങള്‍ റാന്‍ഡം നിലയ്ക്ക പ്രത്യക്ഷപ്പെടാനുള്ള അല്‍ഗോരിതമാണ് ഒരുക്കിയിരുന്നത്. മലയാളം ഉളളടക്കം വിവര്‍ത്തനമടക്കം പൂര്‍ണമായി ഞങ്ങളുടെ നേതൃത്വത്തിലാണ് മാനേജ് ചെയ്തിരുന്നത്. ആ പരിചയത്തില്‍ നിന്നുകൊണ്ടാണ് ഞാന്‍ ആ ആശയം ശശിമോഹന്‍ സാറിനോട് പറയുന്നത്. എന്തു കൊണ്ട് ഈ സോഫ്റ്റ് വെയര്‍ വച്ചുകൊണ്ട് നമുക്ക് സമാന്തരമായി ഒരു എസ്എസ് എല്‍സി മോഡല്‍ പരീക്ഷ ഓണ്‍ലൈനില്‍ സമാന്തരമായി നടത്തിക്കൂടാ?
സാറിന് ആശയമിഷ്ടപ്പെട്ടു. ചെന്നൈയില്‍ ചര്‍ച്ചചെയ്തപ്പോള്‍ അവര്‍ക്കും സംഗതി ബോധിച്ചു. അങ്ങനെ ബോണ്‍വിറ്റ ക്വിസിന്റെ സോഫ്റ്റ് വെയറില്‍ ചില മാറ്റങ്ങള്‍ വരുത്തി എസ്എസ്എല്‍സി മാതൃകാപ്പരീക്ഷയ്ക്കായി സെറ്റ് ചെയ്തു. ശശിമോഹന്‍ സാര്‍ വിദ്യാഭ്യാസ മന്ത്രിയേയും സെക്രട്ടറിയെയുമൊക്കെ കണ്ടു സംസാരിച്ചു. അവര്‍ക്കും സംരംഭത്തോട് താല്‍പര്യമായി. സര്‍ക്കാര്‍ പ്രഖ്യാപിച്ച അതേ ദിവസം ഞങ്ങള്‍ പരീക്ഷ ഓണ്‍ലൈനില്‍ നടത്തും. അതേ ടൈംടേബിളില്‍. (പക്ഷേ അതിനു ശേഷം എത്ര കാലം വേണമെങ്കിലും ആ പരീക്ഷയില്‍ ആര്‍ക്കും പങ്കെടുക്കാം ക്വസ്റ്റ്യന്‍ ഔട്ടാവുന്ന പ്രശ്‌നമില്ല കാരണം ഓരോ ലോഗിനിലും ഓരോ കോമ്പിനേഷന്‍ ആണല്ലോ). വിദ്യാഭ്യാസ മന്ത്രി തന്നെ അത് ഉദ്ഘാടനം ചെയ്യും. അതായിരുന്നു കരാര്‍.
മോഡല്‍പരീക്ഷയുടെ പ്രഖ്യാപിത ദിവസത്തിന് ഇനി ഒരാഴ്ചയേയുള്ളൂ. ചോദ്യങ്ങളെവിടെ നിന്നു കിട്ടും? ശശിമോഹന്‍ സാര്‍ അതിനു പരിഹാരം കണ്ടെത്തി. സാര്‍ ജോലി ചെയ്തിരുന്ന മാതൃഭൂമിയുടെ വിദ്യാരംഗം ടീമിനെ ബന്ധപ്പെട്ട് ഓരോ വിഷയത്തിലും മൂന്നു സെറ്റ് വീതം ക്വസ്റ്റിയന്‍ ബാങ്ക് ഡിജിറ്റലായിത്തന്നെ സംഘടിപ്പിച്ചു.പകരം മാതൃഭൂമിയെക്കൂടി ഈ സംരംഭത്തില്‍ സഹകാരികളാക്കി. ഈ ചോദ്യങ്ങള്‍ ജംപിള്‍ ചെയ്ത് ചെന്നൈയില്‍ ബെന്നിയുടെ നേതൃത്വത്തിലുള്ള സാങ്കേതികസംഘം രണ്ടുദിവസം കൊണ്ട് പരീക്ഷയുടെ ഇന്റര്‍ഫെയ്‌സ് ഉണ്ടാക്കി.
അന്ന് കുത്തകകളായിരുന്ന അച്ചടിമാധ്യമപ്രവര്‍ത്തകര്‍ക്കിടെ സ്വന്തം ഇടം ഉറപ്പിക്കാന്‍ കഷ്ടപ്പെടുന്ന ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ (സമ്പൂര്‍ണ വാര്‍ത്താചാനലുകള്‍ മലയാളത്തില്‍ കേട്ടുകേള്‍വിയാണ് എന്നോര്‍ക്കുക) അന്ന് എന്‍ഡിടിവിയുടെ കേരള റിപ്പോര്‍ട്ടറായിരുന്ന എന്റെ സഹപാഠിയും ചങ്ങാതിയും കൂടിയായ ബോബി നായര്‍ ചന്ദ്രശേഖറിന്റെ കീഴില്‍ ഒരു പടപോലെ പ്രവര്‍ത്തിക്കുന്ന കാലം. മിക്കപ്പോഴും ഓരോ ദിവസത്തെയും പ്രധാന ദൃശ്യമാധ്യമ സ്ട്രാറ്റജി പോലും ഏഷ്യാനെറ്റ് ഒഴികെ സൂര്യ പോലുള്ള ചാനലുകാരെല്ലാം ബോബിയുടെ ഓഫീസില്‍ ഒത്തുകൂടിയാണ് തീരുമാനിച്ചിരുന്നത്. ഞാന്‍ ബോബിയോട് ഞങ്ങളുടെ ഈ സംരംഭത്തെപ്പറ്റി പറയുന്നു. ബോബിക്കതില്‍ വലിയ താല്‍പര്യമായി. അങ്ങനെ 2002 മാര്‍ച്ച് 15ന് ആ പരിപാടിയുടെ ഉദ്ഘാടനം കവര്‍ ചെയ്യാന്‍ വെള്ളയമ്പലം ശാസ്തമംഗലം റോഡിലുള്ള വെബ് ലോകത്തിന്റെ ഓഫീസില്‍ ദൃശ്യ-പത്രമാധ്യമങ്ങളുടെ വന്‍ പട തന്നെ എത്തി. അന്ന് എന്‍ഡിടിവിയുടെ കേരള എക്‌സ്‌ക്‌ളൂസീവ് തന്നെയായിരുന്നു കേരളത്തിന്റെ ഈ ഓണ്‍ലൈന്‍ മോഡല്‍ പരീക്ഷ! അവരുടെ ഓണ്‍ലൈന്‍ പതിപ്പിലടക്കം മിക്ക മുഖ്യധാരാ മാധ്യമങ്ങളിലും മലയാളത്തിലും വാര്‍ത്ത പ്രാധാന്യത്തോടെ വന്നു. വിദ്യാഭ്യാസ വകുപ്പിന്റെയും പൂര്‍ണ പിന്തുണയുണ്ടായി. ഓണ്‍ലൈന്‍ ലേണിങ് എന്നോ ഓണ്‍ലൈന്‍ പരീക്ഷയെന്നോ ഒക്കെ മലയാളി കേള്‍ക്കുന്നതിനുമുമ്പേ അങ്ങനെ ആദ്യമായി കേരളത്തില്‍ എസ്എസ്എല്‍സി മാതൃകാപരീക്ഷ ടൈംടേബിളനുസരിച്ച് തന്നെ വെബ് ലോകം ഓണ്‍ലൈനായി നടത്തി. സംഗതി വന്‍ വിജയമായിരുന്നു. ഓരോ ദിവസവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. പല സ്‌കൂളുകളും അവരുടെ കുട്ടികളെ അതിനു പ്രേരിപ്പിച്ചു. വീട്ടില്‍ കംപ്യൂട്ടറുള്ളവരും. സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള മറ്റ് ഡിവൈസുകള്‍ നിലവില്‍ വന്നിട്ടില്ലാത്തതുകൊണ്ട് കംപ്യൂട്ടര്‍ തന്നെ വേണ്ടിയിരുന്നു. പലരും അതിന് അന്നു വ്യാപകമായിരുന്ന ഇന്റര്‍നെറ്റ് കഫേകളെ ആശ്രയിച്ചു. നേരത്തെ 2001 മുതല്‍ സംസ്ഥാന എന്‍ജിനീയറിങ് മെഡിക്കല്‍ പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന നിമിഷം തന്നെ വര്‍ധിത സെര്‍വര്‍ ശേഷിയോടെ ഓണ്‍ലൈനില്‍ ലഭ്യമാക്കി തരംഗം സൃഷ്ടിച്ചിരുന്ന വെബ് ലോകത്തിന്റെ വിപണിനാമവും ഈ ഉദ്യമത്തിന് വിശ്വാസ്യത നേടിക്കൊടുത്തു.സിഡിറ്റിന്റെയും മറ്റും ട്രാഫിക്ക് വരുമ്പോള്‍ ക്രാഷാവുന്ന സെര്‍വറുകള്‍ ഉള്ള കാലത്ത് എസ്.എസ്.എല്‍.സി ഫലവും പ്രഖ്യാപിച്ച അതേനിമിഷം ഓണ്‍ലൈനില്‍ ഡൗണ്‍ലോഡബിള്‍ ആയി അവതരിപ്പിച്ച് തലേവര്‍ഷം തന്നെ വിശ്വാസ്യത നേടിയിരുന്നു വെബ് ലോകം.
ഇന്നിപ്പോള്‍ ഓണ്‍ലൈന്‍ പരീക്ഷയുടെയും ഓണ്‍ലൈന്‍ അധ്യയനത്തിന്റെയും കോലാഹലങ്ങളില്‍ ലോക്ഡൗണ്‍ വീട്ടിലിരിപ്പില്‍ പിന്തിരിഞ്ഞു നോക്കുമ്പോള്‍ 18 വര്‍ഷം മുമ്പ് കേരളത്തില്‍ നടത്തിയ ആ സാങ്കേതിക സാഹസികതയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കാനായത് ഓര്‍ക്കുമ്പോള്‍ അഹങ്കാര ലേശമില്ലാതെ തന്നെ പറയട്ടെ, രോമാഞ്ചം വരുന്നു.
(ഇപ്പറഞ്ഞതൊക്കെ തെളിയിക്കുന്ന ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇതോടൊപ്പമുള്ള ചിത്രം. തീയതിയടക്കം അതില്‍ വ്യക്തമാണ്.)