സമകാലിക മുഖ്യധാരാസിനിമയുടെ എല്ലാ ആടയാഭരണങ്ങളോടുംകൂടി പുറത്തുവന്ന സമീര്‍ താഹിറിന്റെ ചാപ്പ കുരിശും, ദേശീയ-സംസ്ഥാന ബഹുമതികളുടെ ചാപ്പകുത്തലോടുകൂടി പുറത്തിറങ്ങിയ സലീം അഹമ്മദിന്റെ ആദാമിന്റെ മകന്‍ അബുവും തമ്മിലെന്താണ് സാമ്യം?സഗൗരവം സിനിമ കാണുന്നവര്‍ക്കു പറയാം. ഇത്തരമൊരു താരതമ്യം തന്നെ വിഡ്ഢിത്തമാണ്. അല്ലെങ്കില്‍ത്തന്നെ യുവതലമുറയുടെ ടെക്കീ ജനുസിനെ അഭിസംബോധനചെയ്യുന്ന, മള്‍ട്ടിപ്ലെക്‌സ് സിനിമയുടെ വ്യാകരണ അലകുകള്‍ കൃത്യമായിത്തുന്നിച്ചേര്‍ത്ത ചാപ്പ കുരിശിനെയും, ലോകസമാന്തരസിനിമയുടെ ഭാഷാമിതത്വം സത്യസന്ധമായി ആവഹിച്ച ആദമിന്റെ മകനെയും സാമ്യമാരോപിക്കുന്നതുതന്നെ അര്‍ത്ഥരഹിതമാവില്ലേ?
എന്നാല്‍, ചാപ്പ കുരിശിനും ആദമിന്റെ മകനും തമ്മില്‍ അതിന്റെ സൃഷ്ടാക്കളറിയാതെ തന്നെ ചില അസാമാന്യമായ സാമ്യങ്ങള്‍ വന്നുചേര്‍ന്നിട്ടുണ്ട്. അതൊരു പക്ഷേ, ആധുനികസിനിമ പങ്കുവയ്ക്കുന്ന നൂതന സംവേദനശീലത്തിന്റെ, ഭാവുകത്വത്തിന്റെ സമകാലിക ശൈലിയുടെ പ്രതിഫലനമായിരിക്കാനും മതി. അങ്ങനെയാണെങ്കില്‍ ഈ ചിന്ത, നമ്മുടെ സമൂഹത്തിന്റെ തന്നെ ഈ കാലട്ടത്തിന്റെ മൂല്യവ്യവസ്ഥിതിയിലേക്കുള്ള അന്വേഷണാത്മകമായൊരു തിരിഞ്ഞുനോട്ടമായിത്തീര്‍ന്നേക്കാം.
സലീം അഹമ്മദും സമീര്‍ താഹിറും എന്നീ രണ്ടു ചെറുപ്പക്കാരാണ്, മാധ്യമത്തിന്റെ പിന്നാമ്പുറത്ത് മറ്റു പലതലങ്ങളിലും പ്രവര്‍ത്തിച്ചശേഷം നവാഗതരായി അരങ്ങേറ്റം കുറിക്കുന്നവരാണ് ഈ രണ്ടു സിനിമയുടെ സംവിധായകര്‍ എന്നതില്‍ തുടങ്ങുന്നു ഇരു സിനിമകളും തമ്മിലെ ഇഴയടുപ്പം. എന്നാല്‍ ഉപരിപഌവമായ ഈ നിരീക്ഷണത്തിനുമപ്പുറം ആഴത്തിലുളള പല സമാനഘടകങ്ങളും ചാപ്പയ്ക്കും അബുവിനുമുണ്ട്. അതാണ് അവയെ ഒരു നാണയത്തിന്റെ ഇരുപുറവുമെന്നപോലെ ദ്വന്ദ്വാവസ്ഥയിലെത്തിക്കുന്നത്.
ആക്ഷരാര്‍ഥത്തില്‍ ഒറ്റവാക്യത്തില്‍ പറഞ്ഞു തീര്‍ക്കാവുന്ന കഥാവസ്തുവാണ് ഈ രണ്ടു സമകാലിക സിനിമകളുടെയും കാമ്പ്. വേറിട്ട സമീപനവും ദൃശ്യപരിചരണവുമാണ് രണ്ടിനെയും രണ്ടു ജനുസ്സില്‍ കൃത്യമായി കള്ളിചേര്‍ത്ത് അടയാളപ്പെടുത്തുന്നത്. ധ്യാനനിഷ്ഠമായ ഏകാഗ്രതയോടെ, സലീം അഹമ്മദ് ആ ഒറ്റവരിയെ, ജീവന്‍ തുടിക്കുന്ന സംഭവ പരമ്പരകളിലൂടെ, അനുനിമിഷം വളര്‍ത്തിക്കൊണ്ട്, അത്യസാധാരണമായൊരു പരിസമാപ്തിയില്‍ കൊണ്ടെത്തിക്കുന്നു. സമീര്‍ താഹിറും, ആര്‍ ഉണ്ണിയും, അന്‍വര്‍ അബ്ദുള്ളയും, ജയകൃഷ്ണനും ചേര്‍ന്ന്, ചെറുപ്പത്തിന്റെ സിനിമയ്ക്കിണങ്ങുംവിധം സങ്കീര്‍ണമായ ദൃശ്യപരിചരണത്തിലൂടെ, ഗ്രെയ്ഡഡ് കളര്‍സ്‌കീമിന്റെയും, ലാറ്റിന്‍ സംഗീതത്തിന്റെയും അകമ്പടിയോടെ, എല്ലാവിധ ദൃശ്യസമ്പന്നതയോടും കൂടി, സമാപനത്തിലെത്തിക്കുന്നു. സെക്‌സിനെയും സ്റ്റണ്ടിനെയും എന്നല്ല, അത്യാവശ്യമല്ലാത്ത യാതൊരു ചേരുവയേയും കൂട്ടുപിടിക്കാതെയാണ് സലീം ആദമിനെ ആവിഷ്‌കരിച്ചതെങ്കില്‍, ആധുനിക ജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത ഈ വിധം എല്ലാ ചേരുവകളെയും ചേരുംപടി ചേര്‍ത്താണ് സമീര്‍ ചാപ്പാക്കുരിശിനെ സാക്ഷാത്കരിക്കുന്നത്. പക്ഷേ, ഈ രണ്ടു സിനിമകളുടെയും പ്രതീക്ഷ നല്‍കുന്ന സുപ്രധാനഘടകം അവയുടെ ശുഭപര്യവസാനമാണ്. ദൃശ്യപരിചരണത്തിലെ കഌസിക് പരിവേഷത്തിന് മകുടം ചാര്‍ത്തുംവിധമാണ് ആദമിന്റെ മകന്‍ അബുവിന്റെ ക്‌ളൈമാക്‌സ്. പാരിസ്ഥിതികമായൊരു ദൈവീകസ്പര്‍ശമായി മാറുന്ന ആ കഥാന്ത്യമാണ് സത്യത്തില്‍ കണ്ടം ബച്ച കോട്ട് എന്ന മലയാളത്തിലെ ആദ്യത്തെ ബഹുവര്‍ണ സിനിമയില്‍ നിന്ന് ആദമിന്റെ മകനെ വേറിട്ടതാക്കുന്നത്. പ്രത്യാശയുടെ ജീവനാംശമാണ് അബു നട്ടുനനയ്ക്കുന്ന പഌവിന്‍ തൈ.
ആധുനിക യുവത്വം നേരിടുന്ന എല്ലാ സ്വത്വ പ്രതിസന്ധികളും നേരിടുന്ന നായകന്മാരാണ് ചാപ്പ കുരിശിലെ അര്‍ജ്ജുനും അന്‍സാരിയും. ഒന്നിനൊന്നോട് ഇഴപിരിഞ്ഞു നെയ്‌തെടുക്കുന്ന ദൃശ്യപ്രഹേളികയ്‌ക്കൊടുവില്‍, സാധാരണ ഒരു സിനിമാക്കഥയുടെ അന്ത്യം അനിവാര്യമാക്കുന്ന, നായിക സോണിയയുടെ ആത്മഹത്യയും അന്‍സാരിയുടെ തടവറയും മറ്റും കയ്യടക്കത്തോടെ ഒഴിവാക്കി, ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും മുന്നില്‍ പതറാത്ത ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്ന ഒരന്ത്യമാണ് ആ സിനിമ മുന്നോട്ടുവയ്ക്കുന്നത്.
അപമാനം ജീവനൊടുക്കാന്‍ തക്ക കാരണമല്ലെന്ന വാദം അരക്കിട്ടുറപ്പിക്കുന്ന സിനിമ സാമൂഹിക മൂല്യത്തിന്റെ പ്രത്യാശാനിര്‍ഭരമായ ചില പരിവര്‍ത്തനങ്ങളുടെ കാര്‍ബണ്‍ പതിപ്പുകള്‍ കൂടി സൂചിപ്പിച്ചുവയ്ക്കുന്നു. ഏതു പ്രതിസന്ധിയും പങ്കിടുന്ന കൂട്ടുകാരനെയും, തിരിച്ചറിഞ്ഞു പിന്തുണനില്‍ക്കുന്ന രക്ഷാകര്‍ത്താക്കളെയുമാണ് ചാപ്പ കുരിശ് ചിത്രീകരിക്കുന്നത്. ജാതി/മത/സാമ്പത്തിക ഭേദങ്ങള്‍ക്കപ്പുറത്ത് നന്മയുടെ സഹവര്‍ത്തിത്വം ഉറപ്പാക്കുന്ന ശരാശരി മനുഷ്യരുടെ ജീവിതചിത്രങ്ങളിലൂടെ ആദമിന്റെ മകന്‍ അബു വരച്ചുകാട്ടുന്നതും മറ്റൊന്നല്ല. പുതിയ കാലത്തിന്റെ മാനസികാവസ്ഥ, മൂല്യസമീപനം, അവ, കേവലം ശാരീരിക ബന്ധത്തിനുമപ്പുറം ആഴത്തിലുള്ള ബഹുതലമാനങ്ങളുള്ളതാണെന്നാണ് ഈ സിനിമകള്‍ നമ്മെ പഠിപ്പിക്കുന്നത്.
പക്ഷേ, ചാപ്പ കുരിശിന് കുരിശാകുന്നതും, ആദമിന്റെ മകനെ മഹത്താക്കുന്നതും ഇനിയൊന്നാണ്. മൂലകഥയായ ഹാന്‍ഡ്‌ഫോണിലേതില്‍ നിന്നു വ്യത്യസ്തമായ് ചാപ്പ കുരിശിനെ അല്‍പമെങ്കിലും ഇഴയ്ക്കുന്നത് അതിന്റെ അനാവശ്യമായ വലിച്ചു നീട്ടലാണ്. ഒരു പക്ഷേ, നന്നെ ബോറടിപ്പിക്കാമായിരുന്ന, അവാര്‍ഡ് സിനിമയുടെ മടുപ്പിക്കുന്ന ദൃശ്യതാളം ആവഹിച്ചേക്കാമായിരുന്ന ആദമിന്റെ മകനെ രക്ഷിക്കുന്നത്, ചടുലമായ അതിന്റെ ദൃശ്യസമീപനമാണ്. അനാവശ്യമായ സംഭവങ്ങളില്ല. ആഖ്യാനത്തിന്റെ ഏകാഗ്രതയ്ക്കിണങ്ങാത്ത ഒരു സീനോ ഡയലോഗോ ഇല്ല. അതുകൊണ്ടുതന്നെ ഒന്നരമണിക്കൂറില്‍ ഒരായുസിന്റെ അനുഭവം തന്ന് ആ സിനിമ മനസ്സിലവശേഷിക്കും.എന്നാല്‍ ചാപ്പ കുരിശ് അല്‍പമെങ്കിലും അരോചകമാവുന്നത്, ചിലപ്പോഴെങ്കിലും ബോറടിപ്പിക്കുന്നത്, അനാവശ്യ രംഗങ്ങളും സംഭാഷണങ്ങളും കൊണ്ടാണ്. വ്യവസ്ഥാപിത ദൃശ്യഭാഷയുടെ വ്യാകരണശീലങ്ങളെ വെല്ലുവിളിക്കുമ്പോള്‍ തന്നെ ഉദ്യമം, പുതിയകാല വ്യാകരണശീലങ്ങളുടെ കെട്ടുവള്ളിക്കുള്ളില്‍ കുടുങ്ങിപ്പോകുന്നു. ഒരര്‍ഥത്തില്‍ പരമ്പരാഗത ആഖ്യാനശീലുകളുടെ ദൂര്‍മ്മേദസു പേറുന്നു.ചുണ്ടോടുചുണ്ട് ചുംബനം വരെ ഉള്‍പ്പെടുത്താനുള്ള ധൈര്യം കാട്ടിയ സൃഷ്ടാക്കള്‍ പാരമ്പര്യത്തിന്റെ ഈ ദൃശ്യപരിധി കൂടി ഉല്ലംഘിക്കാന്‍ ചങ്കൂറ്റം കാട്ടണമായിരുന്നു
അതുകൊണ്ടാണ്, അന്‍സാരിയും സൂപ്പര്‍മാര്‍ക്കറ്റിലെ മുസ്‌ളിം പെണ്‍കുട്ടിയും തമ്മിലുള്ള അവസാനദൃശ്യങ്ങള്‍- രാത്രി ജീപ്പിലും ബസിലുമായി അവളുടെ വീടുവരെ പോകുന്നതും മറ്റും- അധികപ്പറ്റായി മാറുന്നത്. അര്‍ജ്ജുനും അന്‍സാരിയും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ചയുടെ അവസാനദൃശ്യങ്ങളിലെ സംഘട്ടനരംഗങ്ങളും അരോചകമാവുന്നത് അവയുടെ അസാമാന്യമാംവിധത്തിലൂളള സ്ഥൂലീകരണം ഒന്നുകൊണ്ടുമാത്രമാണ്. സിനിമയില്‍ പലയിടത്തും രചയിതാക്കളും സംവിധായകനും പ്രകടിപ്പിച്ച അസാമാന്യമായ കൈയടക്കം, ന്യൂനവല്‍കരണത്തിലൂടെ സാധ്യമാക്കുന്ന നാടകീയതയുടെ പിരിമുറുക്കം ഇവിടെ കൈവിട്ടുപോകുന്നു. ഇരുട്ടിന്റെ കച്ചവടങ്ങള്‍ക്ക് മൂകസാക്ഷിയാവേണ്ടി വരുന്ന സോണിയയുടെ രംഗം, ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കൊടുത്ത ശേഷമുളള അന്‍സാരിയുടെ ടീവി കാണല്‍, അര്‍ജ്ജുനില്‍ നിന്നുള്ള അയാളുടെ നീണ്ട ഓട്ടം...ഇവിടെയെല്ലാം നല്ലൊരു ഫിലിം എഡിറ്ററുടെ അഭാവമാണ് മുഴച്ചുകാണുന്നത്. സോണിയയുമായുള്ള അര്‍ജുന്റെ കിടപ്പറരംഗങ്ങളുടെ കഌപ്പിംഗ് ഇന്റര്‍നെറ്റില്‍ പടര്‍ന്നു പരക്കുന്നത് കാണിക്കാന്‍ ഇത്രയേറെ കട്ട് ഷോട്ടുകള്‍ വേണമായിരുന്നോ? നക്ഷ്പക്ഷവും നിരധീശ്വത്വപരവും നിഷ്‌കരുണവുമായ അത്തരമൊരു ട്രിമ്മിംഗ് ഒരുപക്ഷേ ചാപ്പ കുരിശിനെ ഇനിയും മെച്ചപ്പെട്ടൊരു സിനിമയാക്കി മാറ്റിയേക്കും. അതുപോലെതന്നെ കുറച്ചു കൂടി ആത്മനിഷ്ഠാപരമായ പശ്ചാത്തലസംഗീതത്തിനും സനിമയെ അല്‍പം കൂടി ഉയര്‍ത്തിയേക്കാനാകും. എന്നാല്‍, ആദമിന്റെ മകനെ പറ്റി പറയാനില്ലാത്തതും ഇതുതന്നെയാണ്.
എങ്കിലും സലീം അഹമ്മദിനെപ്പോലെ തന്നെ സമീര്‍ താഹിറും ടീമും പ്രോത്സാഹനമര്‍ഹിക്കുന്നുണ്ട്. കാരണം, പുതുതലമുറയെ അഭിമുഖീകരിക്കുന്ന, അവരുടെ ഭാഷയില്‍ത്തന്നെയുള്ള ഭേദപ്പെട്ടൊരു സിനിമ അണിയിച്ചൊരുക്കാന്‍ അവര്‍ക്കായല്ലോ. അനുകരണമോ, പ്രചോദനമോ എന്തുമാകട്ടെ, കണ്ടിരിക്കാവുന്ന സിനിമയ്ക്കായുള്ള ശ്രമമെങ്കിലുമുണ്ടാകുന്നുണ്ടല്ലോ, ശഌഘിക്കപ്പെടേണ്ടതു തന്നെയാണത്.