Sunday, January 22, 2012

article in kalakaumudi

എ.ചന്ദ്രശേഖര്‍
ചരിത്രത്തിലാദ്യമായി ഒരാണ് പെണ്‍വേഷം കെട്ടിയതെപ്പോഴായിരിക്കും? ഭാരതീയേതിഹാസപ്പഴമയില്‍ മുങ്ങിത്തപ്പിയാല്‍ കിട്ടുന്ന ഉത്തരം മോഹിനി എന്നായിരിക്കും. അസുരന്മാരില്‍ നിന്ന് അമൃതകുംഭം കൈക്കലാക്കാന്‍ വിശ്വമോഹിനിയുടെ വേഷമണിഞ്ഞ സാക്ഷാല്‍ മഹാവിഷ്ണുവിന്റെ വേഷപ്പകര്‍ച്ചയില്‍ കാമിച്ചു പോയത്് സാധാരണക്കാരനൊന്നുമായിരുന്നില്ല, സാക്ഷാല്‍ വിശ്വനാഥന്‍. സതിയുടെയും പാര്‍വതിയുടെയും പ്രേമത്തെപ്പോലും ഹിമശൈത്യത്തിന്റെ ഉറഞ്ഞമനസ്സോടെ നേരിട്ട സംഹാരകന്‍.ആണിന്റെ മനസ്സിളക്കുന്ന പെണ്‍വേഷത്തിന് മോഹിനിയില്‍ വാര്‍പ്പുമാതൃക കണ്ടെത്തിയാല്‍ അതില്‍ അത്ഭുതമില്ല. കാരണം നടരാജനെ പകര്‍ന്നാട്ടം കൊണ്ടു ഭ്രമിപ്പിച്ചവളാണ(നാണ)ല്ലോ മോഹിനി.
ഇന്ത്യയിലെ ആദ്യത്തെ സിനിമയ്ക്ക് നായികയെ അന്വേഷിച്ചു കിട്ടാതെ വന്ന ദാദാസാഹിബ് ഫാല്‍ക്കെ, സ്വപുത്രിയെ നായികയാക്കിയ കഥ ചരിത്രമാണെങ്കില്‍, മലയാളത്തില്‍ വിഗതകുമാരനുവേണ്ടി, ജെ.സി.ഡാനിയല്‍ നായികയെ അന്വേഷിച്ചു നടത്തിയ സാഹസങ്ങള്‍ തന്നെ മറ്റൊരു സിനിമയ്ക്കുള്ള കഥാവസ്തുവാണ്. അതിശയോക്തിയല്ല, വിഗതകുമാരനിലെ നായിക റോസിക്ക്, സ്വന്തം ജീവിതത്തില്‍ വന്നുപെട്ട ദുരന്തത്തിന്റെ, സിനിമാ നായികയായതിന്റെ പേരില്‍, സമൂഹത്തിന്റെ കല്ലേറില്‍ നിന്നു രക്ഷപ്പെടാന്‍ ജന്മനാട്ടില്‍ നിന്നുതന്നെ ഓടിപ്പോകേണ്ടിവന്ന കഥ നഷ്ടനായിക എന്ന പേരില്‍ വിനു ഏബ്രഹാമിന്റെ നോവലിനും, കമല്‍ അതിനു നല്‍കുന്ന ചലച്ചിത്രവ്യാഖ്യാനത്തിനും വിഷയമാവുമ്പോള്‍, ഒരുകാലത്ത് കലാവതരണത്തിലെ സ്ത്രീത്വത്തോട് സമൂഹം പുലര്‍ത്തിപ്പോന്നിരുന്ന മാനസികാവസ്ഥ എത്രമാത്രം തീവ്രമായിരുന്നുവെന്നു വെളിപ്പെടും.
വിഗതകുമാരനുവേണ്ടി നായികയെ തേടിയുള്ള അന്വേഷണത്തെപ്പറ്റി നിരൂപകന്‍ വിജയകൃഷ്ണന്‍ മലയാളസിനിമയുടെ കഥ എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുള്ളത് ഇങ്ങനെ: ചിത്രത്തിലെ നായികയായി അഭിനിക്കാന്‍ ഒരാളെത്തേടി ഡാനിയലിന് ആറുമാസക്കാലം അലയേണ്ടിവന്നു. നടികളെ കിട്ടാന്‍ ഫാല്‍ക്കെ പെട്ട പാടിന്റെ ഒരംശം ഡാനിയലും അനുഭവിച്ചു. ഫാല്‍ക്കെയുടെ കാലഘട്ടത്തില്‍ വേശ്യാവൃത്തിയേക്കാള്‍ നികൃഷ്ടമായ ഒരു തൊഴിലായാണ് ചലച്ചിത്രാഭിനയത്തെ സമൂഹം കണ്ടിരുന്നത്.ഡാനിയലിന്റെ കാലഘട്ടത്തിലെ കേരളീയരും ഈ അവസ്ഥയില്‍ നിന്നു പുരോഗമിച്ചിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ അനുഭവം തെളിയിക്കുന്നു. ഒരു നടിക്കുവേണ്ടി ഡാനിയല്‍ പല പത്രങ്ങളിലും പരസ്യം കൊടുത്തു. എന്നിട്ടും ആരും മുന്നോട്ടുവന്നില്ല. ്ഒടുവില്‍ ബോംബേയില്‍ നിന്ന് ലാനാ എന്നൊരു യുവതി അഭിനയിക്കാന്‍ തയാറായി എത്തി. കുറേ വാക്കുതര്‍ക്കങ്ങള്‍ക്കും ഒച്ചപ്പാടുകള്‍ക്കും ശേഷം അഭിനയം തുടങ്ങാചെ ലാനാ തിരിച്ചുപോയി.പിന്നീടാണ് ആംഗ്‌ളോ ഇന്ത്യന്‍ യുവതിയായ റോസി രംഗത്തു വന്നത്.(റോസി ആംഗ്‌ളോ ഇന്ത്യന്‍ അല്ലായിരുന്നു എന്നതും ദളിതയായിരുന്നുവെന്നതും പില്‍ക്കാല ഗവേഷകര്‍ അനാവരണം ചെയ്്ത സത്യം.)
ആദ്യകാലങ്ങളില്‍ നാടകങ്ങളില്‍പ്പോലും നായികാവേഷങ്ങള്‍ അവതരിപ്പിച്ചിരുന്നത് പുരുഷന്മാരായിരുന്നു. ലോകമെമ്പാടുമുള്ള നാടകവേദികളുടെ സ്ഥിതി ഇതുതന്നെയായിരുന്നുവെന്നത് ശ്രദ്ധേയം. ഷെയ്ക്‌സ്പീയര്‍ കാലഘട്ടങ്ങളില്‍ ഇങ്ങനെ സ്ത്രീവേഷം കെട്ടിയാടുന്ന പുരുഷന്മാരെ ബോയ് പ്ലേയര്‍ എന്നാണു വിളിച്ചിരുന്നത്. മധ്യകാലഘട്ടത്തിലും സാംസ്‌കാരിക നവോത്ഥാന കാലത്തുമൊക്കെ യൂറോപ്യന്‍ നാടകവേദികളുടെ അവസ്ഥ ഇതുതന്നെയായിരുന്നു. കൗമാരക്കാരായ ആണ്‍കുട്ടികളാണ് സുന്ദരിമാരായ നായികമാരായി അന്നെല്ലാം അരങ്ങിലെത്തിയിരുന്നത്.
നമ്മുടെ നാട്ടിലെ സ്ഥിതിയും ഏറെ വ്യത്യസ്തമായിരുന്നില്ല. കഥകളിയിലെ സ്‌ത്രൈണതയുടെ പേരില്‍ പ്രസിദ്ധിനേടിയിരുന്നവരിലേറെയും പുരുഷന്മാരായിരുന്നുവല്ലോ. ഒരു പെണ്ണു തന്നെ ആടിയിരുന്നെങ്കിലും പൂര്‍ണമാവാത്തത്ര ലാസ്യമോടെയാണ് കോട്ടയ്ക്കല്‍ ശിവരാമന്‍ പിംഗളയായി ആട്ടവിളക്കിനു മുന്നില്‍ പകര്‍ന്നാടിത്തകര്‍ത്തിരുന്നത്. വി.ടി.ഭട്ടതിരിപ്പാടിന്റെ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് സാമൂഹികപരിഷ്‌കരണശ്രമങ്ങളുടെ ഭാഗമായി അരങ്ങേറിയപ്പോള്‍, അതിലെ അകത്തേമാരുടെ വേഷം കെട്ടിയാടിയതിനെപ്പറ്റി പ്രേംജി സവിസ്തരം എഴുതിയിട്ടുണ്ട്. മുല്ലനേഴിയുടെ സ്ത്രീവേഷപ്പകര്‍ച്ചയും ചരിത്രമാണല്ലോ. ജനപ്രിയനാടകവേദിയില്‍ വൈക്കം വാസുദേവന്‍നായരുടെ പെണ്‍വേഷങ്ങളും അത്രയേറെ പുകള്‍പ്പെറ്റതായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ വരെ എഴുതിയിട്ടുണ്ട്, ചെറുപ്പത്തില്‍ നാടകങ്ങളില്‍ പെണ്‍വേഷം കെട്ടിയിരുന്നതിനെപ്പറ്റി.
അതേസമയം, ഉത്തരേന്ത്യയിലും എന്തിന് തമിഴകത്തുവരെ, പെണ്‍കോലം കെട്ടിയ ആണുങ്ങളുടെ ആണും പെണ്ണും കെട്ട വര്‍ഗ്ഗത്തെ ഭാഗ്യദര്‍ശനമായി കരുതുന്ന പൈതൃകമാണുണ്ടായിരുന്നത്, ഇന്നും ഏറെക്കുറെ നിലവിലുള്ളതും. വിശേഷാവസരങ്ങളില്‍ ഹിജഡകളെ, അറുവാണിച്ചികളെ ക്ഷണിച്ചുവരുത്തി സമ്മാനങ്ങള്‍ കൊടുത്ത്് സംപ്രീതരാക്കുക എന്നത്് ആചാരം പോലെ നിഷ്ഠയാക്കിയിട്ടുള്ളവരാണ് വടക്കേന്ത്യക്കാര്‍. കേരളത്തിലാകട്ടെ, കരുനാഗപ്പള്ളിക്കടുത്ത് ഒരു ക്ഷേത്രത്തിലെ മുഖ്യ ഉത്സവം തന്നെ, പെണ്‍വേഷം കെട്ടിയ ആണുങ്ങള്‍ ആചാരവിളക്കേന്തുക എന്നതാണെന്നോര്‍ക്കുക.
നാട്ടിമ്പുറങ്ങളിലെ ഉത്സവപ്പറമ്പുകളിലാണ്, നപുംസകങ്ങളല്ലാത്ത സ്ത്രീവേഷധാരികളെ മലയാളികള്‍ നാടകത്തിനു പുറത്ത് ആദ്യം കണ്ടുമുട്ടിയത്. റെക്കോഡ് ഡാന്‍സ് എന്ന പേരില്‍ വ്യാപകമായിരുന്ന, ഇന്നത്തെ സിനിമാറ്റിക് ഡാന്‍സിന്റെ പ്രാഗ് രൂപമായ ഒരു കലാപ്രകടനത്തിനായിരുന്നു അത്. പെണ്‍വേഷം കെട്ടിയ ആണ്‍കോലങ്ങള്‍, എല്‍ പി റെക്കോഡ് പ്ലെയറില്‍ നിന്നുതിര്‍ന്നു വരുന്ന ഹിന്ദി, തമിഴ് അടിപൊളി പാട്ടുകള്‍ക്കൊത്ത് അറിയാവുന്ന ചുവടുകളില്‍ ലൈംഗികഛവിയോടെ ആടിത്തകര്‍ക്കുന്നതായിരുന്നു പരിപാടി.ടിക്കറ്റു വച്ചു പോലും ഇത്തരം ഷോകള്‍ അമ്പലപ്പറമ്പുകളിലും മറ്റും സ്ഥിരക്കാഴ്ചയായിരുന്നു.തമിഴ് സംസ്‌കാരത്തോട് ചേര്‍ന്നു കിടക്കുന്ന കേരളക്കരയില്‍ മയിലാട്ടത്തിലും കരകാട്ടത്തിലും സ്ത്രീവേഷത്തില്‍ പുകഴ്‌പെറ്റവരൊക്കെയും ആണുങ്ങളായിരുന്നുവെന്നതുമോര്‍ക്കുക.. കോട്ടയത്തെ കുമാരനെല്ലൂര്‍ മണിയുടെ മയിലാട്ടവും തിരുവനന്തപുരം ചൂളൈ മണിയുടെ കരകാട്ടവും ഇല്ലാത്ത പ്രാദേശിക ഉത്സവങ്ങള്‍ ചുരുക്കമായിരുന്ന ഒരു കാലമുണ്ടായിരുന്നു.
സാമൂഹികമായ കാഴ്ചപ്പാടുകളുടെ പ്രശ്‌നമായിരുന്നു, പണ്ടുകാലത്ത് സ്ത്രീകളെ അരങ്ങിലെങ്ങും അടുപ്പിക്കാതിരുന്നത് എങ്കില്‍, കാലം ചെല്ലെ, സ്ത്രീസാന്നിദ്ധ്യമില്ലാതെ അരങ്ങോ വെള്ളിത്തിരയോ അനങ്ങില്ലെന്ന അവസ്ഥയാണ് സംഞ്ജാതമായത്. നായകന്റെ പൗരുഷവും നായികയുടെ ഗഌമറും സിനിമയുടെ അത്യാവശ്യ ചേരുവകള്‍ തന്നെയായി. പക്ഷേ അപ്പോഴും ആണുങ്ങള്‍ പെണ്‍വേഷം കെട്ടുന്നത് കൗതുകത്തിനപ്പുറം ഒരു പകര്‍ന്നാട്ടമായിത്തുടര്‍ന്നു. ഹിന്ദിയിലും മലയാളത്തിലും മുഖ്യധാരാ നടന്മാരടക്കം ഒട്ടുമുക്കാല്‍ അഭിനേതാക്കളും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ സിനിമയ്ക്കായി പെണ്‍വേഷം കെട്ടിയാടിയിട്ടുണ്ട്. വിജി തമ്പിയുടെ നാറാണത്തെ തമ്പുരാന്‍ എന്ന സിനിമയിലെ ജയറാമിന്റെ സ്ത്രീവേഷപ്പകര്‍ച്ചയും കമല്‍ഹാസന്റെ അവ്വൈഷണ്മുഖിയിലെ വേഷത്തെ അനുകരിച്ച് ജഗതി ശ്രീകുമാര്‍ ഒരു സിനിമയില്‍ ചെയ്ത വേഷവും ഒക്കെ ഇങ്ങനെ കഥാഗതിയുടെ ഭാഗമായിട്ടായിരുന്നു.ദ് ട്രൂത്ത് എന്ന ചിത്രത്തിലാകട്ടെ സസ്‌പെന്‍സിന്റെ ഭാഗമായിട്ടായിരുന്നു വേഷപ്പകര്‍ച്ച.
എന്നാല്‍, ഇവരൊന്നും പ്രകടനത്തിന്റെ ഭാഗമായി ഇങ്ങനെ ചെയ്തത്, സിനിമയില്‍ അഭിനയിക്കാന്‍ നടിമാരെ കിട്ടാതെവന്നതുകൊണ്ടല്ല, പകരം കഥാസന്ദര്‍ഭം അങ്ങനെയൊരു ഉള്‍പ്പിരിവ് ആവശ്യപ്പെടുന്നതുകൊണ്ടാണ്. ഒരുപക്ഷേ, അല്‍പം രസികത്തത്തിന്, തമാശയ്ക്ക്..അവ്വൈ ഷണ്മുഖി, കഥാവസ്തു തന്നെ, സാഹചര്യം കൊണ്ടു സ്ത്രീവേഷം കെട്ടാനിടയായ ഭര്‍ത്താവിന്റെ കഥയാണെങ്കിലും പ്രസ്തുത കഥാപാത്രത്തെയും ഹാസ്യം ഉത്പാദിപ്പിക്കാന്‍ വേണ്ടിയാണ് മുഖ്യമായും ഉപയോഗിച്ചിരിക്കുന്നതെന്നതു ശ്രദ്ധിക്കുക. എന്നാല്‍, അമോല്‍ പാലേക്കര്‍ സംവിധാനം ചെയ്ത് നിര്‍മ്മല്‍ പാണ്ഡേ അഭിനയിച്ച ദായ്‌രാ എന്ന ചിത്രത്തിലെ നായകവേഷത്തിന്റെ കാര്യത്തില്‍ സ്ഥിതി ഭിന്നമാണ്. അത്, ഹിജഡ വേഷമണിയേണ്ടി വരുന്ന ഒരു പുരുഷന്റെ വ്യക്തിദുഃഖങ്ങളുടെ ആഴങ്ങളിലേക്കും മാനസിക സംഘട്ടനങ്ങളിലേക്കുമുള്ള സെല്ലുലോയ്ഡ് വാതായനം തന്നെയായിരുന്നു. അതുകൊണ്ടുതന്നെ, നേരത്തേ സൂചിപ്പിച്ച ഉദാഹരണങ്ങളിലേതില്‍ നിന്നു വ്യത്യസ്തമായി അത് ലൈംഗികന്യൂനപക്ഷത്തിന്റെ ലോകം യഥാര്‍ഥമായി തുറന്നുവയ്ക്കുന്നതുമായി.എന്നാല്‍ ഹാസ്യത്തിന്റെ ഇനിയൊരു ലക്ഷ്യസാക്ഷാത്കാരത്തിനു വേണ്ടിയാണ് മിമിക്‌സ് പരേഡില്‍ ബീജാവാപം നടത്തി ടെലിവിഷനില്‍ ഗര്‍ഭം ധരിച്ചു പ്രസവിച്ച കോമഡി പരിപാടികളിലെ ആണുങ്ങളുടെ പെണ്‍വേഷങ്ങള്‍.
മിമിക്രി വേദികളാണ് സ്ത്രീവേഷധാരികളായ പുരുഷന്മാരെ സമകാലിക കലാലോകത്ത് നിത്യേനയെന്നോണം സജീവമാക്കിയത്. ഓണക്കാലത്തു നിഷ്്ഠയെന്നോണം പുറത്തിറങ്ങിയിരുന്ന മിമിക്‌സ് പാരഡി ഗാനക്കസെറ്റുകളിലെ സ്ഥിരം കഥാപാത്രമായിരുന്ന ആമിനത്താത്തയിലൂടെയാണ് അത്്. ആദ്യകാലത്ത് അബി എന്ന കലാകാരന്‍ അവതരിപ്പിച്ചു വിജയിപ്പിച്ച ആമിനത്താത്ത എന്ന കഥാപാത്രത്തെ പിന്നീട് സാജു കൊടിയന്‍ തുടങ്ങി പല നടന്മാരും ഏറ്റെടുത്തു. ടെലിവിഷനിലെ കോമഡി പരിപാടികളിലൂടെയാണ് ധര്‍മ്മജന്‍ എന്ന നടന്റെ വക്രബുദ്ധിയായ അമ്മ വേഷവും ജനപ്രിയമാവുന്നത്. വികടബുദ്ധിയും കൗശലക്കാരിയുമായ സ്ത്രീകളുടെ ജീവിക്കുന്ന കാരിക്കേച്ചറുകളായിരുന്നു അവയെല്ലാം.സര്‍വ പരിധികളും വിട്ട്, ട്രാന്‍സ്‌ജെന്‍ഡറുകളുടേതെന്നു സന്ദേഹം തോന്നത്തക്കവിധം പെറ്റുപെരുകിക്കഴിഞ്ഞു ആണ്‍താരങ്ങളുടെ പെണ്‍പിറവികള്‍. ഏതൊരു കോമഡി സ്‌കിറ്റെടുത്താലും സ്ഥിരം പെണ്‍വേഷം കെട്ടുന്നത് ഉപജീവനമാര്‍ഗ്ഗമാക്കിക്കഴിഞ്ഞ ഒരു വര്‍ഗ്ഗം തന്നെ ഉടലെടുത്തുകഴിഞ്ഞു, മലയാളത്തില്‍.
പുരുഷന്‍ സ്ത്രീവ്യക്തിത്വം സ്വാംശീകരിക്കാന്‍ ശ്രമിക്കുന്നതും, സ്ത്രീ പുരുഷത്വമാര്‍ജിക്കാന്‍ ശ്രമിക്കുന്നതും, മനോവൈകല്യമായാണ് പൊതുസമൂഹം കരുതിപ്പോരുന്നതെങ്കിലും, ഇതിന് ശാരീരികവും മാനസികവും എന്തിന് ജനിതകമാനങ്ങള്‍ വരെയുണ്ടെന്നതാണ് വാസ്തവം. അതിപുരാതനകാലം മുതല്‍ക്കെ, സമൂഹത്തിന്റെ അരികുജീവിതങ്ങളില്‍ ഇത്തരം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ഇടമുണ്ടായിരുന്നുതാനും. ഒരര്‍ഥത്തില്‍, സമൂഹത്തിന്റെ സാധിക്കാതെ പോകുന്ന ലൈംഗികചോദനകളുടെ മറ്റൊരര്‍ഥത്തിലുള്ള ബഹിസ്ഫുരണമായിപ്പോലും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. യഥാര്‍ഥത്തില്‍ എന്താവാം, നായികതാരങ്ങള്‍ യഥേഷ്ടമുണ്ടായിട്ടും, ഹാസ്യമേഖലയില്‍ത്തന്നെ പ്രിയങ്ക, സുബി, തെസ്‌നിഖാന്‍ തുടങ്ങി എത്രയെങ്കിലും സ്ത്രീകള്‍ സജീവമായിട്ടും, നമ്മുടെ കോമഡി ഷോ അരങ്ങുകളില്‍ സ്ത്രീവേഷത്തില്‍ പുരുഷന്മാര്‍ അധികമായെത്തുന്നു?
പെണ്ണിനെ ഒളിഞ്ഞും തെളിഞ്ഞും നോക്കുന്ന, ചിറയുന്ന (ഴമ്വല) പുരുഷനോട്ടത്തിന്റെ സാമൂഹികമായ വകഭേദം തന്നെയാണ് സ്്ത്രീവേഷങ്ങളോടുള്ള പ്രേക്ഷകപ്രതിപത്തിക്കു പിന്നിലെ ചേതോവികാരവും. ഇന്ത്യന്‍ സാഹചര്യത്തില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള, സാഹിത്യത്തിലും സിനിമയിലും നഗ്നതയുടെയും ലൈംഗികതയുടെയും ആവിഷ്‌കാരം പുരുഷവീക്ഷണത്തിലധിഷ്ഠിതമാണ്. പെണ്ണിനെ ഭോഗവസ്തുവായി പ്രതിഷ്ഠിക്കുന്ന, അവളുടെ ലൈംഗികതയെ തെല്ലും പരിഗണിക്കാത്ത, തീര്‍ത്തും സ്ത്രീവിരുദ്ധമായ നിലപാടാണിത്. വെള്ളിത്തിരയില്‍ നായകന്മാര്‍ തമിര്‍ത്താടുമ്പോള്‍, നായിക നിഴലായോ, കണ്‍കുളിര്‍പ്പിക്കുന്ന ഉത്തേജകസാന്നിദ്ധ്യമാവുകയോ ചെയ്യുന്നത് അതുകൊണ്ടാണ്. ഈ മനഃസ്ഥിതിയുടെ മറ്റൊരു കാഴ്ചഭേദം മാത്രമാണ് സ്ത്രീവേഷധാരികളായ പുരുഷന്മാരുടെ ആവിഷ്‌കാരങ്ങളോടുള്ള സ്വീകാര്യതയ്ക്കുപിന്നിലും.
സ്ത്രീയുടെ സ്വാഭാവികവും നൈസര്‍ഗ്ഗികവുമായ ശാരീരികവും ജന്തുശാസ്ത്രപരവുമായ സവിശേഷതകളെ, കാര്‍ട്ടൂണിലെന്നോണം പര്‍വതീകരിച്ച അവതരണങ്ങളാണ് കോമഡി പരിപാടികളിലെ സ്ത്രീവേഷങ്ങളില്‍ ദര്‍ശിക്കാന്‍ സാധിക്കുക. അപാര ഉയരവും തടിച്ച ശരീരവുമുള്ള ആള്‍ സ്ത്രീവേഷം കെട്ടിവരുന്നതിലെ കൗതുകത്തോളം ജഗുപ്‌സാവഹമാണ് അസാധാരണമാംവിധം വലിപ്പത്തോടെയുള്ള മാറിടങ്ങളും നിതംബവുമെല്ലാം വച്ചുകെട്ടി സ്ത്രീവേഷങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും. ശൈലീകൃതമായ കഥകളി വേഷങ്ങളുടേതില്‍ നിന്നു വിഭിന്നമായ സൗന്ദര്യശാസ്ത്ര ലാവണ്യമാണ് ഇത്തരം വേഷങ്ങള്‍ കാഴ്ചയില്‍ ദ്യൊതിപ്പിക്കുന്നത്. പ്രത്യക്ഷത്തിലെ ഈ ജഗുപ്‌സയാണ് കണ്ടമാത്രയില്‍ പ്രേക്ഷകനില്‍ ചിരി ഉദ്പാദിപ്പിക്കുന്നത്. ഈ ചിരി ഉണ്ടാക്കാനാണ് ഇത്തരം വേഷംകെട്ടലുകളെന്നതാണ് വിചിത്രം. കാരിക്കേച്ചറുകളിലും കാര്‍ട്ടൂണുകളിലും ചിത്രീകരിച്ചു കാണുംവിധം സ്ഥൂലവല്‍ക്കരിച്ചും, ന്യൂനവല്‍ക്കരിച്ചുമുള്ള അവതരണമാണ് ഈ പ്രകടനങ്ങളെ ശ്രദ്ധേയമാക്കുന്നത്. വക്രോക്തിയെ അംഗീകരിക്കുന്ന മനഃശാസ്ത്രമാണ് ഇത്.ഇവിടെ, സ്ത്രീയുടെ ശരീരത്തെ അശഌലത്തോടെ ഒളിഞ്ഞു നോക്കി ആസ്വദിക്കാനുള്ള പുരുഷകേന്ദ്രീകൃതമായ സമൂഹത്തിന്റെ കാഴ്ചപ്പാടു തന്നെയാണ് വെളിവാകുന്നത്.
കോമഡി പരിപാടികള്‍ക്കായി സ്ഥിരം പെണ്‍വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നവരുടെയെല്ലാം കുടുംബപശ്ചാത്തലം ഏറെക്കുറെ ഒരുപോലെയാണ്. കടുത്ത ദാരിദ്ര്യവും പറക്കമുറ്റാത്ത പ്രായത്തിലേ കുടുംബപ്രാരാബ്ധങ്ങള്‍ മുഴുവന്‍ സ്വന്തം തോളിലേറ്റേണ്ടി വരികയും ചെയ്യുന്ന കൗമാരക്കാരുടെ ജീവിതകഥകള്‍ക്ക് സമാനതകളേറെ. ഉപജീവനമാര്‍ഗ്ഗം എന്ന നിലയിലാണ് പലപ്പോഴും ഇവര്‍ സ്ത്രീവേഷം കെട്ടിത്തുടങ്ങുന്നത്. പിന്നീടാകട്ടെ അവരുടെ പ്രകടനത്തിലെ പൂര്‍ണതകൊണ്ട്, അവര്‍ക്കതു പതിഞ്ഞു കിട്ടുന്നതാണ്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാഴ്‌സ് പരിപാടിയില്‍ സ്ത്രീവേഷങ്ങളില്‍ മാത്രം തിളങ്ങുന്നവരെ വച്ചു വേണമെങ്കില്‍ ഒരു സംഘടനതന്നെ തുടങ്ങാനാവും.രാകേഷ്, സജി, വിനീത്, ദിലീപ്, വിനോദ്, ശ്യാം തുടങ്ങി എത്രയോ ചെറുപ്പക്കാര്‍ തങ്ങളുടെ മോഹിനീവേഷപ്പകര്‍ച്ചയില്‍ നിന്ന് വീട്ടിലെ അടുപ്പു പുകയ്ക്കുന്നു;പ്രാരാബ്ധങ്ങള്‍ നികത്തുന്നു.
'സാമ്പത്തിക പരാധീനത ഒന്നുകൊണ്ടുമാത്രമാണ് സ്ത്രീവേഷം കെട്ടാന്‍ ആദ്യം തയാറായത്. അമ്മയ്ക്കും അച്ഛനുമൊപ്പം എന്റെയും വരുമാനം കുടുംബത്തിലെ ദാരിദ്ര്യത്തിന് മാറ്റം വരുത്തുമെന്നു തോന്നി...'കോമഡി സ്റ്റാഴ്‌സിനെ ലക്ഷണയുകതയായ സ്ത്രീവേഷത്തില്‍ മാത്രം കണ്ടാല്‍ തിരിച്ചറിയുന്ന തിരുവനന്തപുരത്തുകാരനായ വിനോദിന്റെ ഈ പ്രസ്താവന (കന്യക ദൈ്വവാരിക, 2011 ഓഗസ്റ്റ് 15, ലക്കം5, പേജ് 21) അതിന്റെ പ്രാതിനിധ്യ സ്വഭാവം വ്യക്തമാക്കുന്നതാണ്. 'ഒരു മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിച്ചുകഴിഞ്ഞ പ്രതീതിയാണ് കോമഡി സ്റ്റാഴ്‌സിന്റെ ഒരു എപ്പിസോഡില്‍ അഭിനയിച്ചുകഴിയുമ്പോള്‍ കിട്ടുന്നത്.' എന്നു കൂടി വിനോദ് കൂട്ടിച്ചേര്‍ക്കുന്നതു വായിക്കുമ്പോഴേ ഈ വേഷപ്പകര്‍ച്ചയോട് അവര്‍ക്കുണ്ടായിട്ടുള്ള അഭിനിവേശത്തിന്റെ ആഴവും, അത് അവര്‍ക്കു സമ്മാനിച്ചിട്ടുള്ള താരപരിവേഷത്തിന്റെ പരപ്പും, സാമ്പത്തികസുരക്ഷിതത്വത്തിന്റെ വലിപ്പവും വ്യക്തമാവൂ.
ഇതിനൊരു മറുപുറം കൂടിയുണ്ടെന്നതു കാണാതിരുന്നുകൂടാ. ആദ്യകാലത്ത്, തട്ടില്‍ കയറാന്‍ സ്ത്രീകളെ ആരെയും കിട്ടാതിരുന്നപ്പോള്‍, സ്ത്രീവേഷം കെട്ടാന്‍ നിര്‍ബന്ധിക്കപ്പെട്ട പുരുഷന്മാരുടെയും, സിനിമയിലെ ചില സാന്ദര്‍ഭികമായ ഹാസ്യോല്‍പാദനത്തിനുവേണ്ടി മിശ വച്ചും, മീശയെ വിദഗ്ധമായി ചായം തേച്ചു മറച്ചും പെണ്‍വേഷം കെട്ടിയ(അബിയുടെ ആമിനത്താത്ത പോലും പലവേദികളിലും ഇങ്ങനെ മീശയില്‍ ചായം തേച്ചുമറച്ച അവസ്ഥയില്‍ അബിയുടെ തനതു ശരീരം സ്പഷ്ടമാക്കിക്കൊണ്ടുള്ളതായിരുന്നു) പുരുഷന്മാരുടെയും അവസ്ഥയില്‍ നിന്നു വ്യത്യസ്തമായി, സൗന്ദര്യം, അതിന്റെ എല്ലാ ശ്രീത്വത്തോടും കൂടി പാലിച്ച് പെണ്‍സ്വത്വം പ്രത്യക്ഷത്തിലെങ്കിലും സ്വാംശീകരിക്കാനും കാത്തുസൂക്ഷിക്കാനും ശ്രദ്ധിക്കുന്നവരാണ് കോമഡി സ്റ്റാഴ്‌സിലെ പെണ്‍വേഷക്കാര്‍. മുഖരോമങ്ങള്‍ മാത്രമല്ല, കൈകാലുകളിലെയും എന്തിന്, നെഞ്ചിലെയും വയറിടുക്കിലെയും പോലും രോമം കളഞ്ഞ സ്‌ത്രൈണത വളര്‍ത്തി പരിപാലിക്കാന്‍ ശ്രദ്ധിക്കുന്നവര്‍. ഈ സ്ത്രീവേഷക്കാര്‍ ചുണ്ടുചുവപ്പിക്കുന്നതും മുഖം മിനുക്കുന്നതും കൈകാലുകള്‍ മേയ്ക്കപ്പിട്ടു സൂക്ഷിക്കുന്നതും ശരിക്കും സ്ത്രീകളെപ്പോലെതന്നെയാണ്; അല്ലെങ്കില്‍ അങ്ങനെ തോന്നിപ്പിക്കുന്നതിനുവേണ്ടിയാണ്. ഇവരില്‍ പലര്‍ക്കും നീളമുള്ള സ്വന്തം മുടി പോലും സ്വന്തമാണ്. ജീവിതത്തിലും ഇവര്‍ മേല്‍മീശയോടും താടിയോടും എന്നെന്നേക്കുമായി വിടപറഞ്ഞിരിക്കുന്നു.
ചാനലുകള്‍ ഏതാണെങ്കിലും, സ്ത്രീവേഷം കെട്ടുന്നവരെല്ലാം ഏതാണ്ട് ഒരേ ആളുകള്‍ തന്നെയാണെന്നതും ശ്രദ്ധിക്കുക. കോമഡി പരിപാടികളിലെ മുഖ്യതാരങ്ങള്‍ സ്ത്രീവേഷത്തിലെത്തുന്നത്, മിക്കവാറും മീശമറച്ചും, പ്രത്യക്ഷത്തില്‍ ഒരു ഗ്രാമനാടകത്തിലെ പുരുഷന്റെ സ്ത്രീവേഷം പോലെ അമച്ചര്‍ രൂപഭാവത്തോടെയായിരിക്കുമെങ്കില്‍, സ്‌കിറ്റുകളില്‍ നേരിട്ടല്ലാതെ പങ്കെടുക്കുന്ന സ്ത്രീവേഷങ്ങള്‍ മിക്കവാറും അതിനായി തയാറെടുത്തിട്ടുള്ള സ്‌പെഷലിസ്റ്റുകള്‍ തന്നെയാവും കൈയാളുക. ചുരുക്കത്തില്‍, ചാനല്‍ കോമഡി പരിപാടികളിലെ സ്ത്രീവേഷങ്ങള്‍ക്കു മാത്രമായി ഒരു പുരുഷനിര പ്രത്യേകതയാറെടുപ്പുകളോടെ പ്രൊഫഷനലായിത്തന്നെ വളര്‍ന്നുവന്നിരിക്കുന്നു എന്നു സാരം. അതാകട്ടെ, ട്രാന്‍സ്-ജെന്‍ഡറിനപ്പുറം ഒരു സ്യൂഡോ ട്രാന്‍സ്-ജെന്‍ഡര്‍ ആയിത്തീരുകയും ചെയ്തിട്ടുണ്ട്.
ലൈംഗികന്യൂനപക്ഷങ്ങളുടെ സ്വത്വപ്രതിസന്ധിയല്ല, പെണ്‍വേഷധാരികളായ ഈ ആണപിറന്നോര്‍ പങ്കിടുന്നത്. എങ്കിലും, കാഴ്ചപ്പുറത്തുള്ള ജഗുപ്‌സ മാത്രമല്ല ഇവരിലൂടെ സംവേദനം ചെയ്യപ്പെടുന്നത്. പല പെണ്‍വേഷക്കാരെയും ഒറ്റനോട്ടത്തിന് പുരുഷനാണെന്നു തിരിച്ചറിയുക കൂടി പ്രയാസമാകുംവിധം തന്മയത്വമുള്ളതാണ് അവരുടെ സ്‌ത്രൈണാവിഷ്‌കാരം. പലരും 'തൊഴിലിന്റെ ഭാഗമായി' ത്തന്നെ മെലിഞ്ഞ് ലക്ഷണമൊത്ത 'പെണ്‍'ശരീരം കാത്തുസൂക്ഷിക്കാന്‍ യത്‌നിക്കുന്നു. പെണ്ണുങ്ങളണിയുന്ന ഏതുതരം വസ്ത്രങ്ങളും ഇണങ്ങുംവിധം ശരീരകാന്തിയും ശരീരഭാഷയും വഴക്കുന്നു. ചലനങ്ങളിലും നില്‍പ്പിലും നടപ്പിലും 'പെണ്ണത്തം' കാത്തുസൂക്ഷിക്കുന്നു.
പ്രകടനത്തെ വിലയിരുത്തുകയാണെങ്കില്‍, തനിപ്പെണ്ണ് കൈകാര്യം ചെയ്യുന്ന എല്ലാം ഇവര്‍ റിയാലിറ്റി/ മെഗാഷോ വേദികളില്‍ വിദഗ്ധമായി കൈകാര്യം ചെയ്യുന്നുണ്ട്. ക്യാബറേ മുതല്‍ തിരുവാതിരക്കളി വരെ,സ്ത്രീയുടെ മാത്രം കുത്തകയായിരുന്നതെല്ലാം ഇവര്‍ ഇക്കാലയളവിനകം ആവിഷ്‌കരിച്ചു കഴിഞ്ഞിരിക്കുന്നു. കുറഞ്ഞൊരുനേരത്തേക്കെങ്കിലും, അരങ്ങില്‍ സ്ത്രീയായി ജീവിക്കുക തന്നെയാണിവര്‍ ചെയ്യുന്നത്. അതിന് അവര്‍ ശരീരഭാഷയെപ്പോലും മെരുക്കിയെടുക്കുന്നു. ഒരു നടിക്കു സ്‌റ്റേജില്‍ കാണിക്കാനാവുന്നതും അതിലപ്പുറവും പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതിനും, ആണാണെന്ന കാരണത്താല്‍ ഇവരിലൂടെ സാധ്യമാവുന്നു. കേരളീയ സമൂഹത്തിന്റെ നിലവിലുള്ള സദാചാരവ്യവസ്ഥകളെ ഉല്ലംഖിച്ചുകൊണ്ടുള്ള ഇഴുകിച്ചേരലിന്, ആണ്‍താരങ്ങള്‍ക്ക്, തങ്ങളോടൊപ്പം അഭിനയിക്കുന്നത്, യഥാര്‍ഥത്തില്‍ തന്റെ പുരുഷസുഹൃത്താണെന്ന അബോധബോധാവസ്ഥ പിന്തുണയാവുന്നുമുണ്ട്. ആ അര്‍ഥത്തില്‍ സമൂഹത്തെ പേടിക്കാതെ വേദിയില്‍ 'എന്തും ചെയ്യാനുള്ള' ലൈസന്‍സാവുന്നു, സ്ത്രീവേഷം കെട്ടിയ പുരുഷന്മാര്‍. വേദിയിലെ പ്രകടനം ലേശം 'അതിരുകടക്കുന്ന'തായാല്‍പ്പോലും അതു പുരുഷനും പുരുഷനും തമ്മിലുള്ള നടനമാണല്ലോ എന്ന ആത്മബോധത്തില്‍ സമാധാനിച്ചു പൊറുത്തുകൊടുക്കാനും ആശ്വാസത്തോടെ തുടര്‍ന്നു കണ്ട് ആസ്വദിക്കാനും പ്രേക്ഷകര്‍ക്കും സാധ്യമാവുന്നു. (ഇതേ ആണ്‍-ആണ്‍ പ്രകടനം അല്ലാതെയാണുണ്ടാവുന്നതെങ്കില്‍, അതിന് നിലവിലെ സദാചാരമാനകങ്ങള്‍ വച്ച് അര്‍ഥവും വ്യാപ്തിയും വേറെയായിരിക്കുമെന്നോര്‍ക്കുക) ഇവിടെ, സമൂഹത്തിന്റെ നടപ്പു സദാചാരവ്യവസ്ഥിതിയെപ്പോലും ബുദ്ധിപൂര്‍വം മറികടക്കാനുള്ള കലയുടെ രസായുധമായി ആണിന്റെ പെണ്‍വേഷപ്പകര്‍ച്ച മാറുന്നു.
ചാനല്‍ ഷോകളിലൂടെ ഹിറ്റായിത്തീര്‍ന്ന ഈ പരലൈംഗിക പ്രിതിനിധാനത്തിന്റെ തരംഗത്തില്‍ നിന്ന് ഇതര ചാനല്‍ ഷോകളും മോചിതരല്ലെന്നതിന്റെ അഥവാ, ഇതര ചാനല്‍ ഷോകളും ആ പ്രഭാവത്തില്‍ ഉള്‍പ്പെട്ടുഴലുകയാണെന്നതിന്റെ തെളിവാണ് മിക്ക പ്രമുഖ ചാനല്‍ നൃത്ത റിയാലിറ്റി ഷോകളിലും അടുത്തിടെയായി ഉള്‍പ്പെടുത്തി കാണുന്ന ജെന്‍ഡര്‍-ചെയ്ഞ്ച് റൗണ്ട്. നൃത്തം ചെയ്യുന്ന ആണ്‍കുട്ടി പെണ്ണിന്റെയും പെണ്‍കുട്ടി ആണിന്റെയും ഭാഗം ആടിഫലിപ്പിക്കുന്നതിനെ വിലയിരുത്തുന്ന റൗണ്ടാണിത്. ആണിനു പെണ്ണും പെണ്ണിന് ആണുമായിത്തീരാന്‍ ജൈവശാസ്ത്രപരമായി സാധിക്കില്ലെന്നിരിക്കെ, മാനസികവും ആന്തരികവുമായ സമത്വത്തിനുവേണ്ടിയല്ലാത്ത, ഉപരിപഌവമായ പ്രിതിനിധാനത്തിന്/ സാത്മീകരണത്തിനാണ് ഈ റൗണ്ടുകള്‍ മാര്‍ക്കുനല്‍കുന്നത്. ഇത്തരമൊരു റൗണ്ടിന്റെ തന്നെ ജന്മത്തെ സ്വാധീനിക്കത്തക്ക സാംസ്‌കാരികസാന്നിദ്ധ്യമാണ് കോമഡി വേദികളിലെ ആണ്‍(പെണ്‍)പകര്‍ന്നാട്ടങ്ങള്‍ എന്നാണ് ഇതു തെളിയിക്കുന്നത്.
മികച്ച ഡബ്ബിംഗ് താരത്തിനും മികച്ച ഹാസ്യതാരത്തിനും മികച്ച ശാസ്ത്രീയഗായകനും അവാര്‍ഡുകള്‍ പങ്കിടുന്ന ഇന്നത്തെ സമ്പ്രദായത്തിലിനി മികച്ച സ്ത്രീവേഷത്തിനായിക്കൂടി സംസ്ഥാന ബഹുമതികള്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമോ എന്ന ചിന്ത അപ്പാടെ അസാധുവാക്കുന്നതല്ല, പെണ്‍പ്രകടനങ്ങളിലൂടെ പ്രത്യേകം ഒരു നടനന്യൂനപക്ഷമായിത്തന്ന ഇടം നേടിക്കഴിഞ്ഞ ആണത്തം. അഭിനയലോകത്തെ ഈ 'ഉഭയജീവികള്‍' മലയാളത്തിലെ മാത്രം സമകാലിക സവിശേഷതയാണെന്നും ഓര്‍ക്കുക. ഒരര്‍ഥത്തില്‍ അത് നായികവേഷം ആണുങ്ങള്‍ കെട്ടിയാടിയിരുന്ന ആദികാലത്തേക്കുള്ള ചരിത്രത്തിലേക്കുള്ള മടക്കയാത്രകൂടിയാണ്. അതേസമയം തന്നെ അത് പുതിയൊരു ജനുസ്സിന്റെ സ്ഥാപനവല്‍ക്കരണത്തിലൂടെ പുതിയൊരു ചരിത്രമാവുകയും ചെയ്യുന്നു.

Tuesday, January 17, 2012

വെല്‍ഡണ്‍ ഗണേഷ്‌കുമാര്‍

തുടക്കത്തില്‍ സിനിമാമന്ത്രിക്കു കാല്‍ വഴുതുന്നോ എന്നു തോന്നിയ സംശയം, ചലച്ചിത്രമേളയുടെ നടത്തിപ്പോടുകൂടിയും, അതേത്തുടര്‍ന്നുണ്ടായ വിവാദങ്ങളോടുകൂടിയും അതിന്റെ മുകളറ്റംവരെ എത്തിയതാണ്. എന്നാല്‍ ഗണേഷ്‌കുമാറിന്റെ പുതിയ പ്രവൃത്തികളില്‍, ചില ദീര്‍ഘവീക്ഷണത്തിന്റെയും സുവ്യക്തതയുടെയും രജതരേഖകള്‍ കാണാനാവുന്നുവെന്നതില്‍ സന്തോഷമുണ്ട്. ചലച്ചിത്ര അക്കാദമിയില്‍ നിന്ന് ബീനാ പോളിനെ മാറ്റുന്നു എന്നു കേട്ടിട്ടും ഏറെ ആശങ്കപ്പെട്ടിട്ടുണ്ട് ഞാന്‍. കാരണം, 2000-2003 കാലയളവില്‍ മേളയുടെ ശരിക്കും ചെറുപ്പക്കാലത്തു മേളയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതു മുതല്‍ തന്നെ അവരുടെ സംഭാവന എന്തെന്ന് നേരിട്ടറിയാന്‍ കഴിഞ്ഞ ആളെന്ന നിലയ്ക്ക്, അവരെ മാറ്റുന്നത് മേളയ്ക്ക് എന്തുമാത്രം ദോഷം ചെയ്യുമെന്ന് തിരിച്ചറിഞ്ഞിരുന്നതാണ്. എല്ലാ പ്രവര്‍ത്തിയിലും കാണുമല്ലോ പ്രതിപ്രവര്‍ത്തനങ്ങള്‍. എല്ലാ നല്ലതിലും കാണും ചില അരുതായ്കകള്‍. ബീനയുടെ പ്രവര്‍ത്തികളെ മാനിക്കുകയും അവരില്‍ നിന്നുള്ള അരുതായ്കകളെന്തെങ്കിലുമുണ്ടെങ്കില്‍ അവയെ നിയന്ത്രിക്കുകയുമാണ് ശരിയായ മാനേജ്‌മെന്റ് വൈദഗ്ധ്യം. അതേതായാലും കെ.ബി.ഗണേഷ്‌കുമാര്‍ തിരിച്ചറിഞ്ഞുവല്ലോ, സന്തോഷം.
മുമ്പ് പലകുറി, മാറിമാറി വന്ന അവാര്‍ഡ് ജൂറികളുണ്ടാക്കിയ വിവാദങ്ങളെ വിലയിരുത്തിയിട്ടുള്ളപ്പോള്‍, സിനിമയെ സ്‌നേഹിക്കുന്ന ഒരാളെന്ന നിലയ്ക്ക് എനിക്കു തോന്നിയിട്ടുള്ള സംശയം അന്നേ എഴുതുകയും പറയുകയും ചെയ്തിട്ടുള്ളതാണ്. സാഹിത്യ അക്കാദമി മികച്ച രചനകള്‍ക്ക് അവാര്‍ഡ് കൊടുക്കുമ്പോള്‍ അതു നിര്‍ണയിക്കാനുള്ള സമിതിയില്‍ സംഗീതജ്ഞരെയോ സിനിമാക്കാരെയോ ഉള്‍പ്പെടുത്താറില്ലല്ലോ. ലളിതകലാ അക്കാദമിയുടെ അവാര്‍ഡ് ജൂറിയില്‍ എഴുത്തുകാരെയോ ചലച്ചിത്രകാരന്മാരെയോ ഉള്‍പ്പെടുത്താറുമില്ല. എന്നാല്‍ സിനിമാ അവാര്‍ഡ് നിര്‍ണയ സമിതിയില്‍ മാത്രമാണ് എല്ലാ മേഖലകളിലും നിന്നുള്ളവരെ ഉള്‍പ്പെടുത്തിക്കാണാറുള്ളത്. ഇതിന്റെ നൈതികതയേപ്പറ്റിയാണ് പലപ്പോഴും എനിക്കു സംശയം തോന്നിയിട്ടുള്ളത്. ഏതായാലും ഗണേഷ്‌കുമാറിന്റെ പുതിയ പരിഷ്‌കാരത്തില്‍ അതിനും മറുപടിയുണ്ടാവുകയാണ്. സിനിമാരംഗത്തു നിന്നുള്ളവരെ മാത്രമേ ഇനിമുതല്‍ ജൂറിയിലുള്‍പ്പെടുത്തൂ എന്ന തീരുമാനം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ശരികളില്‍ ഒന്നുതന്നെയാണ്. ചലച്ചിത്രപ്രവര്‍ത്തകരെ മാത്രമല്ല, നിരൂപകരെയും അതിലുള്‍പ്പെടുത്തണം. നിലവില്‍, അക്കാദമിയുടെ സ്ഥിരം കുറ്റികളില്‍ പെടാതെ അവാര്‍ഡ് വാങ്ങുന്ന ഏതെങ്കിലും ഒരു നിരൂപകനോ ഗ്രന്ഥകര്‍ത്താവോ ഉണ്ടായിപ്പോയാല്‍ പിന്നീട് അയാളെ അക്കാദമിയുടെ ഏഴയലത്തുകൂടി അടുപ്പിക്കാത്ത അവസ്ഥയാണുള്ളത്. സിനിമയെ സ്‌നേഹിക്കുന്നവരെയും സിനിമ സ്‌നേഹിക്കുന്നവരെയുമാണ് അക്കാദമി അടുപ്പിച്ചുനിര്‍ത്തേണ്ടത്. അല്ലാതെ സിനിമയുടെ പരാന്നഭോജികളെയല്ല.

Saturday, January 07, 2012

ചെറിയ ചെറിയ റിയാലിറ്റികള്‍




കഴിഞ്ഞദിവസം മകളുടെ സ്‌കൂള്‍വാര്‍ഷികദിനാഘോഷങ്ങള്‍ക്കു നിര്‍ബന്ധപൂര്‍ണമായ ക്ഷണം കിട്ടി, പൊതുഅവധിയല്ലാഞ്ഞിട്ടും അവധിയെടുത്ത് അവളുടെയും കൂടി കലാപ്രകടനങ്ങള്‍ കാണാന്‍ പോയപ്പോള്‍ സത്യത്തില്‍ ആമ്പരന്നു പോയി. പല വമ്പന്‍ സ്റ്റേജ് ഷോകളുടെയും ചെറിയ ചെറിയ സംഘാടനപ്പിഴവുകള്‍ കണ്ടിട്ട്, ' ഇതൊക്കെ എന്തോന്ന്, ഒരുമാതിരി സ്‌കൂള്‍വാര്‍ഷികം പോലെ..' എന്നു പുച്ഛം പറഞ്ഞതിനെ സ്വയം ശപിച്ചുകൊണ്ടായിരുന്നു ആ അമ്പരപ്പ്.
ബഞ്ചുകള്‍ നിരത്തിയിട്ട് തട്ടുണ്ടാക്കി, വര്‍ഷംമുഴുവനും ഹെഡ്മാസ്റ്ററുടെ മുറിയുടെ പിന്നാമ്പുറത്തോ, പി.ടി.അധ്യാപകന്റെ മുറിയുടെ തട്ടുമ്പുറത്തോ പൊടിയടിച്ചു ചുരുട്ടിക്കൂട്ടിയിട്ടിരുന്ന നീലയും മെജന്റയും കലര്‍ന്ന ബാക്ക്/ഫ്രണ്ട്/സൈഡ് കര്‍ട്ടനുകള്‍, എലിവെട്ടിയ ദ്വാരങ്ങള്‍ സഹിതം പിടിക്കയറില്‍ വലിച്ചുകെട്ടിയുണഅടാക്കിയ സ്റ്റേജില്‍ തൂക്കിയിട്ടിരിക്കുന്ന ഒരേയൊരു മൈക്കിനു മുന്നില്‍ അല്ലെങ്കില്‍ സ്റ്റാന്‍ഡിലുറപ്പിച്ച മൈക്കിനുമുന്നില്‍, തീര്‍ത്തും അമച്ചറായ പ്രകടനങ്ങള്‍ മാത്രം സ്‌കൂള്‍ വാര്‍ഷികത്തിനു പ്രതീക്ഷിച്ച എന്നെത്തന്നെയാണല്ലോ പറയേണ്ടത്. താഴെക്കവലയിലെ മുരുകന്‍ ചേട്ടനെക്കൊണ്ട് മല്‍മല്‍ തുണിയില്‍ ഫെവിക്കോളില്‍ നീലം മുക്കി ആര്‍ട്‌സ്‌ക്ലബ് സെക്രട്ടറി എഴുതിച്ചുകൊണ്ടുവരുന്ന 'സ്‌കൂള്‍ ഡേ' എന്ന ബാനര്‍ മൊട്ടുസൂചികൊണ്ട് പിന്‍കര്‍ട്ടനില്‍ ഉറപ്പിച്ചു ഭദ്രമാക്കുന്ന (ഉറപ്പായും ഈ ബാനര്‍ അല്‍പം ചരിഞ്ഞിട്ടായിരിക്കും കുത്തിപ്പിടിക്കുക) 'സെറ്റി'ലൂടെ തലങ്ങും വിലങ്ങും തലയ്ക്കു തീപിടിച്ച് ഓടിനടക്കുന്ന സംഘാടകച്ചുമതലയുള്ള അധ്യാപകരും വിദ്യാര്‍ഥികളും. മുന്‍ കര്‍ട്ടന്റെ ഞരമ്പുകള്‍ക്കു താഴെ മണ്ണുകൊണ്ടുകെട്ടിയികിഴികളിലൂടെ പാവാടനാടപോലെ വലിച്ചുപിടിപ്പിട്ട പരുത്തിച്ചരടുകളുടെ മൊത്തം ചുക്കാന്‍ പിടിച്ച് സൈഡില്‍ കസേരയിലിരിക്കുന്ന പ്യൂണ്‍ ചേട്ടന്‍. (ഒരു നല്ല ദിവസമല്ലേ, രണ്ടെണ്ണം അടിച്ചിട്ടുണ്ടാവും കക്ഷി, ഒരു സന്തോഷത്തിന്). വാടകയ്‌ക്കെടുത്ത, പഴകിയ, ശരീരങ്ങള്‍ക്കു യോജിക്കാതെ എന്‍സിസി വേഷം പോലിരിക്കുന്ന നിറം മങ്ങിയ വേഷവുമിട്ട് പ്രത്യക്ഷപ്പെടുന്ന കലാകാരന്മാരും കലാകാരികളും. നാടകത്തിനും മറ്റും പലരും പറയുന്നത് എന്തെന്നു മനസ്സിലാവാതെയായിരിക്കും പിന്‍നിരക്കാരുടെ കൂക്കുവിളിയും കൈയടിയും.
സ്‌കൂള്‍ വകയായുള്ള ചിരപുരതനമായ മൈക്ക് സെറ്റ് നിയന്ത്രിക്കുന്നത് ഫിസിക്‌സ് അധ്യാപകനായിരിക്കും. പിന്നെ അദ്ദേഹത്തിന്റെ ശിങ്കിടിയായിട്ടുള്ള സയന്‍സ് ക്‌ളബ് അധ്യക്ഷന്‍, ഇലക്ട്രോണിക്‌സില്‍ അഗ്രഗണ്യനായ ഏതെങ്കിലും പഠിപ്പിസ്റ്റ് ചങ്ങായി. ഈ മൈക്ക് ആവട്ടെ, അതിനോടു തൊട്ടുനിന്നു സംസാരിക്കുന്ന ആളുടേതൊഴികെ യാതൊന്നും സ്പീക്കറിലെത്തിക്കുകയുമില്ല. അതുതന്നെ, ഹൗളിംഗ് എന്ന സാങ്കേതികപ്രതിഭാസത്തോടെ ഒരു വാചകത്തിന് ഒന്നെന്ന നിലയ്ക്ക് ഓരിയിടലുമായിട്ടായിരിക്കും.
സര്‍ക്കാര്‍ സ്‌കൂള്‍ വാര്‍ഷികത്തിന് അന്നുമിന്നും (ഇന്നത്തെക്കാര്യം തീര്‍ത്തുപറയാനാവില്ല കേട്ടോ) മാതാപിതാക്കളുടെ സാന്നിദ്ധ്യം പരിതാപകരം തന്നെയായിരിക്കും.
മിക്കവാറും യുവജനോല്‍സവങ്ങളില്‍ സമ്മാനം കിട്ടിയ ഇനങ്ങളായിരിക്കും സ്‌കൂള്‍ ഡേയില്‍ സ്‌റ്റേജില്‍ അവതരിപ്പിക്കുക. അതിലും പ്രധാനം സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ചു കഴിഞ്ഞ കുറേ ദിവസങ്ങളായി അരങ്ങേറിയ കായിക-കലാമല്‍സരങ്ങള്‍ക്കുള്ള സമ്മാനദാനമായിരിക്കും. മുഖ്യാതിഥിയായ മന്ത്രിയോ ജനപ്രതിനിധിയോ മൂന്നുനാലു സമ്മാനങ്ങള്‍ കൊടുത്ത് തിരക്കുമൂലം സ്ഥലം കാലിയാക്കി കഴിയുമ്പോള്‍ മിക്കവാറും പിടി എ അധ്യക്ഷനായ, എതെങ്കിലും ഒരു സഹപാഠിയുടെ കരപ്രമാണിയായ അച്ഛനില്‍ നിന്നോ, ഹെഡ്മാസ്റ്ററില്‍ നിന്നോ തന്നെയായിരിക്കും സമ്മാനം വാങ്ങേണ്ടിവരിക, ബഹുഭൂരിപക്ഷത്തിനും. സോപ്പുപെട്ടി, ചോക്കലേറ്റ്, ഇസ്ട്രുമെന്റ് ബോക്‌സ്, പെന്‍സില്‍ ബോക്‌സ്, ചായപ്പെന്‍സില്‍...പിന്നെ സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന സമ്മാനം. പക്ഷേ എന്തൊരു വിലയായിരുന്നെന്നോ അതിന്.
ഫഌഷ്ബാക്കിന് ഇവിടെ അര്‍ധവിരാമമിടട്ടെ, വേണ്ട പൂര്‍ണവിരാമം തന്നെയാകട്ടെ. മകളുടെ സ്‌കൂള്‍ദിനക്കാഴ്ചയകളിലേക്ക് വീണ്ടുമൊരു ഫഌഷ് കട്ട്.
റിയാലിറ്റിഷോകളോട്, കുറഞ്ഞപക്ഷം പ്രാദേശിക ചാനലുകളുടെ മെഗാഷോകളോടെങ്കിലും മത്സരിക്കുന്ന പിന്നണി സെറ്റ്. പിന്നില്‍ വര്‍ണവെളിച്ചം വിതാനിച്ച് പ്രഫഷനല്‍ പെര്‍ഫെക്ഷനോടെ തീര്‍ത്തിട്ടുള്ള ബാക്ക്‌ഡ്രോപ്പ്. സ്‌കൂള്‍ സ്ഥാപകന്റെ നാമധേയത്തില്‍ നിര്‍മിച്ചിട്ടുളള, കുറഞ്ഞത് രണ്ടായിരം പേര്‍ക്കെങ്കിലും ഇരിക്കാവുന്ന കൂറ്റന്‍ ഓഡിറ്റോറിയത്തിലെ സ്ഥിരം സ്‌റ്റേജിനു മുന്നിലേക്ക് താല്‍ക്കാലികമായി കെട്ടിയിറക്കിയ കമനീയമായ റാംപ്. (ഇത് ഉദ്ഘാടകനായ യുവസംഗീതജ്ഞനു പാടിമുന്നേറാന്‍ മാത്രമുദ്ദേശിച്ചല്ല, മറിച്ച് കുരുന്നു സ്റ്റാര്‍ സിംഗര്‍മാര്‍ക്കും ഡാന്‍സര്‍മാര്‍ക്കും ചാനലിലെന്നോണം പരിമിതികൂടാതെ പെരുമാറാനാണ്.) കുറഞ്ഞത് 20,000 വാട്ട്‌സെങ്കിലും ഔട്ട്പുട്ട് ഉള്ള ഡിജിറ്റല്‍ സൗണ്ട് സിസ്റ്റം. റാമ്പു മുതല്‍ സ്റ്റേജിനകം വരെ വിദൂരനിയന്ത്രിത യന്ത്രവിളക്കുസംവിധാനം. പല നിറത്തിലും രൂപത്തിലും പ്രകാശത്തിലും തിളങ്ങുന്ന വിളക്കുകള്‍, ഓരോ ടീമിന്റെയും പ്രകടനത്തിന് പ്രഫഷനല്‍ ഛായ പകരുന്നു. ക്‌ളോസ്ഡ് സര്‍ക്ക്യൂട്ട് ടിവി സംപ്രേഷണം. അതിനായി സജ്ജമാക്കിയിട്ടുള്ള പാര്‍ശ്വത്തിരശ്ശീലകള്‍.
പരിപൂര്‍ണമായും മുന്‍കൂട്ടി തയാറാക്കിയ സ്‌ക്രിപ്റ്റിനെ ആശ്രയിച്ചുള്ള കോമ്പയറിങ്ങോടെയാണ് അവതരണം.അതിനായി മാത്രം മികച്ച പ്രസംഗപാടവമുള്ള വിവിധ പ്രായപരിധിയിലുള്ള ആണ്‍-പെണ്‍ സംഘങ്ങള്‍ പത്തെങ്കിലും വരും.
താരസന്ധ്യകളെ ധന്യമാക്കുന്ന ആട്ടവും പാട്ടുമടങ്ങുന്ന വൈവിദ്ധ്യത്തെ ഓര്‍മിപ്പിക്കുന്ന, ഒരുപക്ഷേ, പരിചിത താരങ്ങള്‍, ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന വിദഗ്ധ പരിശീലനത്തിനു ശേഷം അവതരിപ്പിക്കുന്ന സ്റ്റേജ് പ്രകടനങ്ങളെ നിഷകരുണം തോല്‍പ്പിക്കുന്ന കറയറ്റ, കുറ്റമറ്റ, മിഴിവാര്‍ന്ന പ്രകടനങ്ങള്‍. ഈ ഒരൊറ്റ പ്രകടനത്തിനു വേണ്ടി വാങ്ങിത്തയ്പ്പിച്ച വര്‍ണാഭമായ കോസ്റ്റിയൂമുകള്‍. നൃത്തത്തിനും മറ്റുമായി ഉണ്ടാക്കിയെടുത്തിട്ടിള്ളു നിറമാര്‍ന്ന പ്രോപ്പര്‍ട്ടികള്‍...! ഓരോ ടീമിന്റെയും പ്രകടനം കഴിയുമ്പോള്‍ കൂട്ടത്തോടെ ഒരു പ്രദേശത്തുനിന്നും കയ്യടി, ഇറങ്ങിപ്പോക്ക്. അടുത്ത സംഘത്തിന്റെ പ്രകടനം കാണാന്‍ അത്രയും തന്നെ സുഹൃത്തുക്കളുടെ, ബന്ധുക്കളുടെ സദസിലേക്കുള്ള തിരിച്ചൊഴുക്ക്-സദസ്സും നിറഞ്ഞുതന്നെ തുളുമ്പുന്നു!
സംഘക്കളികളില്‍ പ്രകടനങ്ങള്‍, ചുവടുകള്‍, ശരീരവിക്ഷേപങ്ങള്‍ എന്നിവ എല്ലാവരിലും ഒരേപോലെയാവുന്നില്ല എന്നതൊരു കുറ്റമായിരിക്കാം. പല തട്ടിലുള്ള, പല പ്രായക്കാരായ ഒട്ടുവളരെ കുട്ടികളെ ഒന്നിച്ചണിനിരത്തുമ്പോഴുണ്ടാകാവുന്ന തീര്‍ത്തും സ്വാഭാവികമായ ചില പോരായ്മകള്‍. പക്ഷേ അതിനുമപ്പുറം ആത്മവിശ്വാസത്തോടെയുള്ള കുരുന്നുകളുടെ കൂടി പ്രകടനങ്ങള്‍ കാണാതിരിക്കുന്നതെങ്ങനെ? സഭാകമ്പം എന്നത് പഴയൊരു പ്രയോഗമായിരിക്കുന്നുവോ? സ്‌റ്റേജ് ഫിയര്‍ ഇപ്പോള്‍ നമ്മുടെ തലമുറയ്ക്കായിരിക്കുമുണ്ടാവുക, മക്കളെ അണിയിച്ചൊരുക്കി സ്‌റ്റേജിലേക്കു കയറ്റിവിടുന്നതിനുമുമ്പ്. അല്ലാതെ സ്റ്റേജില്‍ ആയിരക്കണക്കിനാളുകളെ അഭിമുഖീകരിക്കാന്‍ ഇന്നത്തെ കുട്ടികള്‍ക്ക് തരിമ്പുമില്ല ഭയമോ, നാണമോ, സഭാകമ്പമോ. തീര്‍ച്ചയായും ഇത്തരം വേദികള്‍ കുട്ടികളിലെ ആത്മവിശ്വാസം വല്ലാതെ ഊട്ടിയുറപ്പിക്കുന്നുണ്ട്്.
ഒരുപക്ഷേ, ഈ പരിപാടികള്‍ റെക്കോര്‍ഡ് ചെയ്ത കസെറ്റ് ബാക്ക്‌ഡ്രോപ്പിലെ ലിഖിതങ്ങള്‍ ഒഴിവാക്കി ഏതെങ്കിലും ചാനലില്‍ സംപ്രേഷണം ചെയ്താല്‍ ഒറ്റനോട്ടത്തില്‍ അതു ചാനലൊരുക്കിയ മെഗാഷോ അല്ലെന്നു തിരിച്ചറിയില്ല, കട്ടായം. ചാനലുകള്‍ക്കു നന്ദി. കാരണം ഈ പ്രഫനലിസം സ്‌കൂള്‍വാര്‍ഷികാഘോഷത്തിലേക്കു സന്നിവേശിപ്പിച്ചത് തീര്‍ച്ചയായും ചാനല്‍ ഷോകള്‍ തന്നെയായിരിക്കണമല്ലോ?