Monday, February 25, 2013

വിവാദങ്ങളുടെ വിശ്വരൂപം

വാസ്തവത്തില്‍ കമല്‍ഹാസന്റെ വിശ്വരൂപം എന്താണ്? സാങ്കേതികത്തികവില്‍ നിന്നുകൊണ്ടൊരുക്കിയ, അദ്ദേഹത്തിന്റെ തന്നെ മുന്‍കാല ചിത്രങ്ങളിലൊന്നും, ഗോവിന്ദ് നിഹ്ലാനിയുടെ ഹിന്ദി ചിത്രത്തിന്റെ തമിഴ് പതിപ്പുമായ കുരുതിപ്പുനലിന്റെ മറ്റൊരു രൂപാന്തരം. കുരുതിപ്പുനല്‍ തമിഴ് ഈഴം തീവ്രവാദികളെയാണ് നേരിട്ടതെങ്കില്‍, വിശ്വരൂപം അല്‍പം കൂടി വിശാലമായി അഫ്ഗാന്‍ ഭീകരതയെയും താലിബാനിസത്തെയും വിമര്‍ശനവിധേയമാക്കുന്നുവെന്നു മാത്രം. എന്നുവച്ചാല്‍, വിശ്വരൂപം കേവലമൊരു വിലകുറഞ്ഞ സിനിമയാണെന്നല്ല. തെറ്റായ വിവാദങ്ങളുടെ പേരില്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ട,രാഷ്ട്രീയപരമായി കുറേക്കൂടി ആഴത്തിലുള്ള ചിന്തകളും വ്യാഖ്യാനങ്ങളും അര്‍ഹിക്കുന്ന ഒരു ഇന്ത്യന്‍ സിനിമയാണിത്. അതു മുന്നോട്ടുവയ്ക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രാഷ്ട്രീയാധികാരമാനങ്ങള്‍, വിലകുറഞ്ഞ വിവാദങ്ങള്‍ക്കിടയില്‍ വായിക്കപ്പെടാതെപോയി എന്നതാണ് യാഥാര്‍ത്ഥ്യം.
എന്താണു വാസ്തവത്തില്‍ വിശ്വരൂപത്തിന്റെ പ്രസക്തി?  അമേരിക്കയ്ക്കു പോലും തലവേദനയായിത്തീര്‍ന്ന ബിന്‍ ലാദനെയും താലിബാനെയും അവരുടെ പാളയങ്ങളില്‍ തന്നെ ചെന്ന് ചാരപ്രവര്‍ത്തനം നടത്തി തകര്‍ക്കുകയും, അവരില്‍ നിന്ന് ആധുനിക അമേരികയ്ക്കു നേരിടേണ്ടിവരുന്ന അതീവഗുരുതരമായൊരു ആണവാക്രമണത്തില്‍ നിന്നു രക്ഷിക്കുകയും ചെയ്യുന്ന ഒരു ഇന്ത്യന്‍ സൈനികന്റെ (റോ ഉദ്യോഗസ്ഥന്റെ) കഥയാണ് വിശ്വരൂപം. അമേരിക്കന്‍ ചാരസിനിമകളിലൂടെ ആയിരത്തൊന്നാവൃത്തി സേവിച്ചിട്ടുള്ള ഒരു സിനിമാരിഷ്ടമോ  ഘ്രതമോ ആണ് ഈ കഥ. എന്തിന്, അസാധാരണമായ ബില്‍ഡപ്പിനൊടുവില്‍ വെറും സാധാരണം എന്നു തോന്നിയേക്കാവുന്ന ക്‌ളൈമാക്‌സ് പോലുമാണ് കമല്‍ വിശ്വരൂപത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. പക്ഷേ, താരതമ്യേന അത്യത്ഭുതമൊന്നുമല്ലാത്ത ഈ ക്‌ളൈമാക്‌സിനപ്പുറം കമല്‍ സൃഷ്ടിച്ചു വച്ച ലോകക്രമത്തിലാണ് ചലച്ചിത്രകാരന്റെ, സിനിമയുടെ രാഷ്ട്രീയം നിലകൊള്ളുന്നത്.
അമേരിക്കയുടെ പരമാധികാരത്തിനു വിള്ളല്‍ വരുന്ന എന്തിനെയും അവര്‍ ഭീതിയോടെയാണ് നോക്കിക്കാണുന്നത് എന്നത് ചരിത്രസത്യമാണ്. രാ്ഷ്ട്രീയമായ ഭൂഖണ്ഡാന്തര വെല്ലുവിളികള്‍ ഒന്നുമില്ലാതിരിക്കുന്ന കാലത്ത് അമേരിക്കന്‍ സിനിമയും ജനപ്രിയ സാഹിത്യവും എന്നും കൈകാര്യം ചെയ്തിട്ടുള്ളത് അന്യഗ്രഹജീവികളില്‍ നിന്നും അമാനുഷിക ശക്തികളില്‍ നിന്നുമെല്ലാമുള്ള ഭീഷണികളുടെ പ്രമേയമാണ്. അത്തരം ഭീഷണികളില്‍ നിന്ന് ഭൂഗോളത്തെ രക്ഷിക്കുകയാണ് ലോകപോലീസായ അമേരിക്കയുടെ പണി. അതിനുള്ള സാഹസികതകളിലൂടെയാണ് അമേരിക്കന്‍ സിനിമ നായകന്‍മാരെ സൃഷ്ടിച്ചിട്ടുള്ളത്.ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേയും മാഴ്‌സ് അറ്റാക്‌സും മുതല്‍ 2012 വരെ എത്രയോ സിനിമകള്‍....
ഇതിനപവാദമായിട്ടുള്ള റഷ്യന്‍ ഐക്യനാടുകളുമായും വീയറ്റ്്‌നാം, ചൈന, കൊറിയ, ഇറാക്ക്് എന്നിവയുമായുമെല്ലാം കാലാകാലങ്ങളില്‍ നിലനിന്നു പോന്ന ശത്രുതകളുടെ പശ്ചാത്തലത്തില്‍ രൂപം കൊണ്ടിട്ടുള്ള അപൂര്‍വം സിനിമകള്‍ മാത്രമാണ്.
എന്നാല്‍ സെപ്‌ററംബര്‍ 11 ലെ ലോകവ്യാപാരകേന്ദ്രം ആക്രമണത്തെത്തുടര്‍ന്ന് അമേരിക്കന്‍ കാഴ്ചപ്പാടിലും വായനയിലും കാതലായ മാറ്റങ്ങളാണുണ്ടായത്. അഭൗമ ഭീഷണികളുടെ സ്ഥാനത്ത് ഭൂഖണ്ഡാന്തര തീവ്രവാദവും ഭീകരതയുമൊക്കെയായി പ്രമേയതലങ്ങളില്‍ സ്ഥിരപ്രതിഷ്ഠകള്‍. രാജ്യാന്തര ഭീകരപ്രവര്‍ത്തനം സിനിമയുടെ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനമായി. അങ്ങനെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍, അമേരിക്കയേയും മുഴുവന്‍ ലോകത്തെയും കൊറിയയുടെ, ഇറാക്കിന്റൈ, താലിബാനിസത്തിന്റെ ഒക്കെ ഭീകരതയില്‍ നിന്നു രക്ഷിക്കാനുള്ള വല്യേട്ടന്റെ-അങ്കിള്‍ സാമിന്റെ ത്യാഗപൂര്‍ണമായ തീവ്രശ്രമങ്ങളുടെ കഥകളായി പിന്നീട്. ഇത്തവണ ഓസ്‌കര്‍ അവാര്‍ഡ് നേടിയ ആര്‍ഗോ പോലും ഇത്തരത്തില്‍, അമേരിക്കയുടെ രാഷ്ട്രീയപരമായ നേതൃത്വത്തെ അപദാനിക്കുന്ന സൈനികചിത്രമാണെന്നോര്‍ക്കുക.
ഇവിടെയാണ് കമല്‍ഹാസന്‍ സധൈര്യം ഒരു കടന്നുകയറ്റം നടത്തുന്നത്. നായകനായ റോ ഉദ്യോഗസ്ഥന്‍ ഒസാമ ബിന്‍ ലാദന്റെ ഒളിവിടത്തില്‍ വ്യാജ സ്വത്വത്തില്‍ കടന്നുകൂടുന്നതായുള്ള കഥാസന്ദര്‍ഭത്തെക്കാള്‍ ത്രില്ലിംഗാണ് പ്രമേയത്തിന്റെ രാഷ്ട്രീയത്തില്‍ അമേരിക്കന്‍ ആധിപത്യത്തിനെതിരെ കമല്‍ഹാസന്‍ എന്ന ചലച്ചിത്രകാരന്‍ നടത്തുന്ന നുഴഞ്ഞുകയറ്റം. ഇവിടെ അമേരിക്കയുടെ സ്വന്തം മണ്ണില്‍,ഒബാമയുടെ പതനത്തിനു ശേഷം താലിബാന്‍/അല്‍ഖൈ്വദ നടത്തുന്ന അതീവഗുരുതരമായൊരു ആണുബോംബാക്രമണ പദ്ധതിയെ സ്വന്തം ധിഷണയും കര്‍മശേഷിയും കൂര്‍മബുദ്ധിയും കൊണ്ടു പൊളിക്കുന്നത് അമേരിക്കന്‍ സൈനികനോ എഫ് ബി ഐയോ അല്ല.മറിച്ച്് അല്‍ ഖൈ്വദയുടെ പരിശീലനം കിട്ടിയ ഒരു ഇന്ത്യന്‍ ചാരനാണ്. ഇന്ത്യയടക്കമുള്ള മൂന്നാംലോകരാജ്യങ്ങളെ സംരക്ഷിക്കുന്ന അമേരിക്കന്‍ രക്ഷാകര്‍തൃത്വത്തെയാണ് ബുദ്ധിപൂര്‍വമായൊരു പ്രമേയസ്വീകരണത്തിലൂടെ കമല്‍ഹാസന്‍ ഉടച്ചുവാര്‍ക്കുന്നതും, അവിടെ, ലോകപ്പൊലീസായ അമേരിക്കയെപ്പോലും രക്ഷിക്കാന്‍ നിര്‍ണായകമായൊരു സന്ധിയില്‍ അവതാരപുരുഷനായി റോ ഉദ്യോഗസ്ഥനെ പ്രതിഷ്ഠിക്കുന്നതും. ഈ ധൈര്യത്തിന്റെ വിശ്വരൂപമാണ്, സിനിമയെ യാഥാസ്ഥിതിമായ കണ്ണിലൂടെ മാത്രം കണ്ടു ശീലിച്ചവര്‍, മതാന്ധതയുടെ കണ്ണിലൂടെ മാത്രം കണ്ടവര്‍ കാണാതെ പോയത്.ഈ സിനിമ അങ്ങനെ അമേരിക്കയുടെ സാമ്രാജിത്വ മേല്‍ക്കോയ്മയ്‌ക്കെതിരായിക്കൂടിയാണ് വിശ്വാകാരമാര്‍ജിക്കുന്നത്. അതില്‍ കമല്‍ഹാസന്‍ എന്ന ഇന്ത്യാക്കാരനെ നമിക്കുക.

Sunday, February 17, 2013

തനിയാവര്‍ത്തനം മുതല്‍ നിവേദ്യം വരെ


പ്രിയപ്പെട്ട ലോഹിയേട്ടന്റെ ഓര്‍മ്മകളും ലോഹിയേട്ടനെക്കുറിച്ചുള്ള ഓര്‍മ്മകളും ഉള്‍പ്പെടുത്തി ശ്രീ പല്ലിശ്ശേരി തയാറാക്കിയ തനിയാവര്‍ത്തനം മുതല്‍ നിവേദ്യം വരെ എന്ന പുസ്തകം, ഡിസിബുക്‌സിന്റെ പുതിയ മുദ്രണമായ ലിറ്റ്മസിന്റെ പേരില്‍ പുറത്തുവന്നിരിക്കുന്നു. അതില്‍ ഏറ്റവും ഒടുവിലായി ഈയുള്ളവന്റെ ഒരു ലോഹിതദാസ് വിലയിരുത്തലും. ജീവിതം വിഴിയുന്ന തിരക്കഥകള്‍....

'സെല്ലുലോയ്ഡ്' കാണും മുമ്പേ...


 രാഷ്ട്ര ദീപിക സിനിമാവാരികയുടെ പത്രാധിപരായിരിക്കെ ഒരു ദിവസം കോട്ടയത്തെ (ഞാന്‍ എഡിറ്ററായപ്പോഴേക്ക് സിനിമയുടെ ഓഫീസ് കൊച്ചിയില്‍നിന്ന് കോട്ടയം ദീപികയുടെ ഒന്നാം നിലയിലെ പരസ്യവിഭാഗത്തേിന് ഇടതുവശത്തെ ക്യാബിനിലേക്കു മാറ്റിയിരുന്നു)ഓഫിസിലേക്ക് ഒരു ഫോണ്‍. സിനിമാമംഗളത്തില്‍ നിന്നാണ്. എഡിറ്ററും, ഞാന്‍ ഏറെ ബഹുമാനിക്കുന്നയാളുമായ മധു വൈപ്പനസാറാണ് ലൈനില്‍.
' ഞാനൊരു ആളെ അങ്ങോട്ടയയ്ക്കാം. വളരെ പഴയ ഒരു സിനിമാലേഖകനാണ്. മലയാളസിനിമയുടെ ആദ്യകാലം തൊട്ടെ ആധികാരികമായി അറിയാവുന്ന ഒരാള്‍. ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍. ചന്ദ്രശേഖരന്റെ തലമുറയ്ക്ക് അറിയാമോ എന്നറിയില്ല. ഞാന്‍ ഒരു പരമ്പര സിനിമാമംഗളത്തില്‍ കൊടുക്കുന്നുണ്ട്. ഇനിയും എഴുതാനായി ഒരുപാടു കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കയ്യില്‍ സ്റ്റോക്കുണ്ട്. നിങ്ങള്‍ക്ക് ഉപയോഗിക്കാനാവുമോ എന്നു ചോദിക്കാനാണു വിളിച്ചത്...'
ചലച്ചിത്ര പത്രപ്രവര്‍ത്തനത്തില്‍ മൗലികമായ സംഭാവനകള്‍ നല്‍കിയ ഒരു മുതിര്‍ന്ന പത്രാധിപരാണു വിളിക്കുന്നത്. പക്ഷേ, അദ്ദേഹത്തിനു തെറ്റി. അഭിവന്ദ്യനായ ചേലങ്ങാട്ടിനെ ഞാന്‍ നേരത്തേ വായിച്ചിരുന്നു. 1994ല്‍ കോട്ടയത്തു മലയാള മനോരമയിലുണ്ടായിരുന്ന കാലത്തൊരിക്കല്‍ നാഷനല്‍ ബുക് സ്റ്റാളില്‍ 50% വിലക്കിഴിവോടെ സ്‌റ്റോക്ക് കഌയറന്‍സ് മേള നടന്നപ്പോള്‍ 25 രൂപയ്ക്കു കിട്ടിയ ഒരു സിനിമാ ഗ്രന്ഥമുണ്ട്-വെള്ളിത്തിരയിലെ അണിയറ രഹസ്യങ്ങള്‍. അതെഴുതിയത് ചേലങ്ങാട്ട് ഗോപാലകൃഷ്ണനായിരുന്നു. ആ പുസ്തകത്തിന്റെ 16-ാം പേജില്‍ ജെ.സി.ഡാനിയേലിനെ കണ്ടെത്തിയ കഥ സവിസ്തരം മൂന്നാം അധ്യായമായി വിവരിച്ചിരുന്നു. ആദ്യകാല ചലച്ചിത്രപ്രവര്‍ത്തകരില്‍ പലരെപ്പറ്റിയും ഏറെയൊന്നും അറിയാത്ത പല വസ്തുതകളും ആര്‍ട്ടിസ്റ്റ് ശങ്കരന്‍കുട്ടി മുഖചിത്രം വരഞ്ഞ ആ പുസ്തകത്തിലുണ്ടായിരുന്നു.
'എനിക്കറിയാം സാര്‍, സാറദ്ദേഹത്തെ ഇങ്ങോട്ടയച്ചോളൂ' എന്നു പറഞ്ഞ് അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്ക് വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് പല്ലില്ലാത്ത, മെലിഞ്ഞുണങ്ങിയ ഒരു വന്ദ്യവയോധികന്‍ എന്നെത്തേടി ഓഫിസിലെത്തി.അലക്ഷ്യമായി കോതിലിട്ട നരഞ്ഞ തലമുടി. അല്‍പം നീണ്ട നാസിക. കുറ്റിത്താടി. 'ഞാന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍. മധു പറഞ്ഞിട്ടു വരികയാണ്.'
കുറച്ചു സമയം കൊണ്ട് അദ്ദേഹം ഒരുപാടു സംസാരിച്ചു. പലതും പഴയ തന്റെ സിനിമാനുഭവങ്ങള്‍. കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ ആയ അജന്ത സ്ഥാപിക്കാന്‍ നടന്ന കഥയടക്കം. മലയാള സിനിമയുടെ ചരിത്രത്തെക്കുറിച്ചെഴുതിയ ഒരു സ്‌ക്രിപ്റ്റുമുണ്ടായിരുന്നു കയ്യില്‍.
ഞാന്‍ അദ്ദേഹത്തെ ഏറെ ബഹുമാനത്തോടെയാണു കേട്ടത്. എനിക്കൊപ്പം അന്നെന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ഇപ്പോഴത്തെ രാഷ്ട്രദീപിക സിനിമ എഡിറ്റര്‍ ബിജോ ജോ തോമസും ഉണ്ടായിരുന്നന്നാണോര്‍മ്മ. എന്റെ ബഹുമാനത്തെ കളിയാക്കും വിധത്തില്‍ വിനീതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിനയം വെറും മുപ്പത്തഞ്ചുകാരനായ എന്നെ ചൂളിപ്പിച്ചുവെന്നതാണു സത്യം. എന്നാല്‍, പത്രാധിപരോടിടപഴകുന്നത് ഇങ്ങനെയാവണമെന്നാണ് അദ്ദേഹം എന്നോടു പറഞ്ഞത്. പിന്നീടും പലവട്ടം അദ്ദേഹത്തെ കണ്ടു. ചിലതെല്ലാം പ്രസിദ്ധീകരിക്കുകയും ചെയ്തു.
ഇത്രയും ഓര്‍ത്തത്, ടിവിയില്‍ കമലിന്റെ സെല്ലുലോയ്ഡ് എന്ന സിനിമയുടെ ട്രെയ്‌ലറും ചില ചാറ്റ് ഷോകളുമെല്ലാം കണ്ടപ്പോഴാണ്. വെള്ളിത്തിരയിലെ അണിയറ രഹസ്യങ്ങളുടെ മൂന്നാം അധ്യായത്തില്‍ തുടങ്ങി, ഭാഗ്യദോഷിയായ ഒരു നിര്‍മ്മാതാവിന്റെ കഥ, വിഗതകുമാരനും ട്രാവന്‍കൂര്‍ നാഷനല്‍ പിക്‌ചേഴ്‌സും,മിസ് ലാനയും പി.കെ റോസിയും തുടങ്ങിയ അധ്യായങ്ങളില്‍ അദ്ദേഹം വിവരിച്ച ഡാനിയേലിന്റെ ചരിത്രം വായിച്ച ഓര്‍മ്മയിലും, അടുത്തിടെ, തൃശ്ൂര്‍ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ചേലങ്ങാടിന്റെ ജെ.സി ഡാനിയലിന്റെ ജീവിതകഥ എന്ന പുസ്തകത്തില്‍ ആ അനുഭവങ്ങള്‍ വീണ്ടും വായിച്ച അനുഭവത്തിലും, ശ്രീനിവാസന്‍ ജീവന്‍ നല്‍കുന്ന ചേലങ്ങാട് ഗോപാലകൃഷ്ണന്‍ അഗസ്തീശ്വരത്തെ ഡാനിയലിന്റെ കൂരയിലെത്തി അദ്ദേഹത്തെയും ഭാര്യയേയും കാണുന്ന ഭാഗം കണ്ടപ്പോള്‍ അറിയാതെ കോരിത്തരിച്ചുപോയി. ഒപ്പം അടുത്തിരുന്ന ഭാര്യയോടും മകളോടും അല്‍പം അഹങ്കാരത്തോടെ, അതിലേറെ അഭിമാനത്തോടെ പറയാതിരിക്കാനും കഴിഞ്ഞില്ല-''നോക്കെടി ശ്രീനിവാസനവതരിപ്പിക്കുന്ന ഈ മനുഷ്യനെ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട് ഒരു പാടു സംസാരിച്ചിട്ടുണ്ട്. അദ്ദേഹമെഴുതിയത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. അദ്ദേഹത്തില്‍ നിന്നു തന്നെ ഈ മുഹൂര്‍ത്തങ്ങള്‍ പറഞ്ഞു കേട്ടിട്ടുമുണ്ട്!'
മറ്റൊരു സംഭവവും ദീപികക്കാലത്താണ്.ഫോട്ടോഗ്രാഫറായിരുന്ന ആര്‍. ഗോപാലകൃഷ്ണന്‍ ഒരിക്കല്‍ ദീപികയിലെ എന്റെ നമ്പര്‍ തേടിപ്പിടിച്ചു വളിച്ചു-വിഗതകുമാരനെപ്പറ്റി അദ്ദേഹം നടത്തുന്ന ഗവേഷണത്തിന് കുറേ വിവരങ്ങള്‍ ഇരുപതുകളിലെ ദീപിക ദിനപ്പത്രത്തിന്റെ ഫയലുകളില്‍ നിന്നു കിട്ടണം. അതാണാവശ്യം. ഞാന്‍ ചീഫ് എഡിറ്റര്‍ അച്ചനോടു സംസാരിച്ച് അദ്ദേഹം വരാനറിയിച്ച ദിവസം ഗോപാലകൃഷ്ണനോടു പറഞ്ഞു. അതനുസരിച്ച് അദ്ദേഹം വന്ന് ലൈബ്രറിയില്‍ നിന്നു വേണ്ടുന്ന പകര്‍പ്പുകളെടുത്തു പോയി. വിഗതകുമാരന്റെ യഥാര്‍ത്ഥ കഥ പിന്നീട് ലോസ്റ്റ് ചൈല്‍ഡ് എന്ന പേരില്‍ പുസ്തകമാക്കിയ ഗോപാലകൃഷ്ണന്‍ അതേപ്പറ്റി ഒരു ഹ്രസ്വചിത്രവുമെടുത്തു. അതിന് സംസ്ഥാന സര്‍്ക്കാരിന്റെ പ്രത്യേക അവാര്‍ഡ് കിട്ടിയെന്നാണോര്‍മ്മ.
കമലിന്റെ സെല്ലുലോയ്ഡ് എനിക്ക് കാണാനുള്ള അതിയായ മോഹം അതുകൊണ്ടു മാത്രമല്ല.
മലയാളത്തിലെ ആദ്യ നായികയായ റോസിയെപ്പറ്റി പല വാരികകളിലും ചര്‍ച്ചകളും മറ്റും  കത്തി നിന്ന സമയം. കുന്നുകുഴി മണിയും മറ്റും സജീവമായ ചര്‍ച്ചകള്‍. റോസിയെയോ പിന്തുടര്‍ച്ചക്കാരെയോ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ആയിടയ്ക്ക് ചിത്രഭൂമിയാണെന്നു തോന്നുന്നു റോസിയുടെ ഒരു ചിത്രം ചേലങ്ങാടിന്റെ ശേഖരത്തില്‍ നിന്നു മകന്‍ എടുത്തയച്ചത് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. ആയിടയ്ക്കാണ് മനോരമയിലെ പഴയ സഹപ്രവര്‍ത്തകനും അടുത്ത സുഹൃത്തുമെല്ലാമായ വിനു ഏബ്രഹാമിന്റെ ഒരു ചെറു നോവല്‍ വായിക്കാനിടയായത്. അതും പ്രസിദ്ധീകരിച്ചത് തൃശൂര്‍ കറന്റാണ്-നഷ്ടനായിക.  വിനുവിന്റെ നോവല്‍ എന്ന താല്‍പര്യത്തില്‍ വാങ്ങി വായനതുടങ്ങിയപ്പോഴാണറിഞ്ഞത്, ആദ്യ മലയാള നായിക പി.കെ.റോസിയുടെ ജീവിതത്തെ അധികരിച്ച് അദ്ദേഹം മെനഞ്ഞെടുത്ത സാങ്കല്‍പിക ജീവചരിത്രനോവലാണെന്ന്. ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ന്നപ്പോഴേ മനസ്സില്‍ കോറിയിട്ടു-ഇതില്‍ മികച്ചൊരു സിനിമയ്ക്കുള്ള വകുപ്പുണ്ട്. വിനുവിനെ പിന്നിടെപ്പോഴോ കണ്ടപ്പോഴും പറഞ്ഞിട്ടുണ്ട്. ( മാതൃഭൂമിയിലെ ആര്‍ട്ടിസ്റ്റായിരുന്ന സിനിമയുമായി അടുത്ത ബന്ധമുള്ള ആര്‍ടിസ്റ്റ് ജെ. ആര്‍.പ്രസാദ് സാര്‍ ഒരിക്കല്‍ സിനിമയാക്കാന്‍ പറ്റിയ രചനകളെന്തെങ്കിലും ഓര്‍മ്മയുണ്ടെങ്കിലറിയിക്കാന്‍ ആവശ്യപ്പെട്ടു വിളിച്ചപ്പോഴും, നിര്‍ദ്ദേശിച്ച രണ്ടു കൃതികളിലൊന്ന്് നഷ്ടനായികയായിരുന്നു. മറ്റേത് സുഭാഷ് ചന്ദ്രന്റെ തിരക്കഥാനോവല്‍ ഗുപ്തവും ഗുപ്തം പിന്നീട് ആകസ്മികമായി) റോസി താമസിച്ചിരുന്ന തൈക്കാട്ടെ ഭൂമികയും ക്യാപിറ്റോള്‍ തീയറ്റര്‍ സ്ഥിതിചെയ്തിരുന്ന പട്ടത്തെ സ്ഥലവുമെല്ലാം സുപരിചിതമായതുകൊണ്ടാവാം, ആ നോവല്‍ എനിക്ക് വളരെയേറെ ഇഴയടുപ്പം സമ്മാനിക്കുന്ന അനുഭവമായി.ആയിടയ്ക്കു നടന്ന ചര്‍ച്ചകളും മറ്റും വായിക്കുകയും അതിനെല്ലാം ഒടുവില്‍, റോസിയെപ്പറ്റി വിനുവിനെക്കൊണ്ട് ഞാന്‍ പത്രാധിപത്യം വഹിക്കുന്ന കന്യക ദൈ്വവാരികയില്‍ ഒരു കുറിപ്പെഴുതിക്കുകയും ചെയ്തത് അങ്ങനെയാണ്.
സെല്ലുലോയ്ഡിനെപ്പറ്റി മധുപാല്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയതു വായിച്ചപ്പോള്‍ മുതല്‍, കാറ്റേ കാറ്റേ... എന്ന ഗൃഹാതുരത്വമുണര്‍ത്തുന്ന മെലഡി കേട്ടപ്പോള്‍ മുതല്‍ (അതിലൂടെ ചേര്‍ത്തല ഗോപാലന്‍നായരുടെ മകന്‍ ശ്രീറാമിനും അര്‍ഹിക്കുന്ന അംഗീകാരം വൈകിയാണെങ്കിലും ലഭിക്കുമെന്ന് ആഗഹ്രിക്കട്ടെ) ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ കാണാന്‍. സമയം പോകുന്നു...അതൊത്തു വരണം. ഈയാഴ്ച തന്നെ കാണണം. അല്ല, കാണും. അതിനു മുമ്പു തന്നെ അതേപ്പറ്റി ഇത്രയും കുറിച്ചത്, ആ സിനിമയുമായി ബന്ധപ്പെട്ട ചിലത് നമ്മുടെ ജീവിതത്തെ കൂടി സ്പര്‍ശിക്കുന്നതായതുകൊണ്ടുമാത്രം.



Friday, February 08, 2013

Mohanlal Oru Malayaliyude Jeevitham Chintha Edition released

Director Shaji kailas releases the second edition of my book mohanlal oru malayaliyude jeevithan published by chintha publishers in the chintha book fair organised by citu palayam area committee here at tvm by giving a copy to shiju khan, state president of sfi.

Thanks to chintha publishers and citu area committee for a Cute little book release Function. Thanks to Shaji Kailas who made a brief but intelligent speech on the book. To be frank it is one o the best reviews the book ever had. Thank you all once again. Thank you Gopi narayanan, thank you V K Joseph sir, thank you Parvathy chechi and above all thank you lalettan and sanilettan.