Showing posts with label Critical Study on the Representation of Police Stations in Malayalam Cinema. Show all posts
Showing posts with label Critical Study on the Representation of Police Stations in Malayalam Cinema. Show all posts

Saturday, June 06, 2026

മലയാള സിനിമയിലെ പൊലീസ് ജീവിതം: ആക്ഷന്‍ ഹീറോ ബിജു, നായാട്ട് നരിവെട്ട, റോന്ത് എന്നീ ചിത്രങ്ങളെ മുന്‍നിര്‍ത്തി ഒരു പഠനം

വൈജ്ഞാനികം ത്രൈമാസിക (സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് കേരള സര്‍ക്കാര്‍) ഏപ്രില്‍-ജൂണ്‍ 2026 വോള്യം 3 ലക്കം 2


എ.ചന്ദ്രശേഖര്‍

സംഗ്രഹം

സമകാലിക മലയാള സിനിമയില്‍ പൊലീസ് സ്‌റ്റേഷന്‍, പൊലീസുദ്യോഗസ്ഥരുടെ ഔദ്യോഗികവും സ്വകാര്യവുമായ ജീവിതം എന്നിവ സംബന്ധിച്ച ആഖ്യാനങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്തവിധം പ്രേക്ഷകപ്രീതിയാര്‍ജിക്കാന്‍ സാധിച്ച സാഹചര്യത്തില്‍, പൊലീസ് ജീവിത ചിത്രീകരണത്തില്‍ സാമൂഹിക/രാഷ്ട്രീയ/സാമ്പത്തിക/സാമുദായിക മാറ്റങ്ങളുള്‍ക്കൊണ്ട് കാലാനുസൃതമായ മാറ്റങ്ങള്‍ തന്നെയാണുണ്ടായിട്ടുള്ളത്. കുറ്റാന്വേഷണകഥകളിലും, ആദ്യകാല സിനിമകളില്‍, എല്ലാം കലങ്ങിത്തെളിയുന്ന കഥാന്ത്യത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ മാത്രമായി എത്തിച്ചേരുന്നവരും, അടുക്കളഹാസ്യത്തിനു സമാനമായി മുഖ്യപ്രമേയത്തിനു സമാന്തരമായി ഹാസ്യധാരയ്ക്ക് പശ്ചാത്തലമായി അവതരിപ്പിക്കപ്പെട്ടവരുമായിരുന്നു പൊലീസുകാരും, പൊലീസ് സ്റ്റേഷനും മറ്റും. അധികാരശ്രേണിയില്‍ അവര്‍ക്കുള്ള സവിശേഷ സ്ഥാനം കൊണ്ട് വില്ലന്മാരായും ഉന്നതപൊലീസുദ്യോഗസ്ഥര്‍ സിനിമയ്ക്ക് ആവര്‍ത്തിച്ചു വിഷയമായി. എന്നാല്‍, ജനാധിപത്യത്തിന്റെ കാവലാളുകളെന്ന നിലയ്ക്ക് അവര്‍ക്ക്ുള്ള സാമൂഹികപ്രതിബദ്ധത വെളിപ്പെടുത്തുന്നതോ, അവരിലെ പച്ചമനുഷ്യരെ അടയാളപ്പെടുത്തുന്നതോ ആയ ആഖ്യാനങ്ങള്‍ അടുത്തകാലത്താണ് മലയാള സിനിമ സഗൗരവം പ്രമേയമാക്കിത്തുടങ്ങിയത്. അതിനു തുടക്കമിട്ട 'ആക്ഷന്‍ ഹീറോ ബിജു', 'നായാട്ട്', 'നരിവെട്ട', 'റോന്ത്' എന്നീ സിനിമകളിലെ പൊലീസാഖ്യാനങ്ങളെ മുന്‍നിര്‍ത്തി പൊലിസമ ജീവിതം, ഭരണകൂട പീഡനം, അധികാര വ്യവസ്ഥയുടെ ദുരുപയോഗം തുടങ്ങിയ വ്യത്യസ്ത പ്രതിനിധാനങ്ങളെ വിശകലനം ചെയ്യുന്നതാണീ പഠനം. 

താക്കോല്‍ വാക്കുകള്‍ നമലയാള സിനിമയിലെ പോലീസ് ജീവിതം, സിനിമയിലെ പൊലീസ് സ്റ്റേഷന്‍, മലയാള സിനിമ, മലയാളത്തിലെ പൊലീസ് സിനിമകള്‍, പൊലിസ് ഡ്രാമ, പൊലീസ് സ്റ്റേഷന്‍ റിയലിസം, ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍, പൊലീസ് സിനിമ, യഥാതഥ പൊലീസ് ചിത്രീകരണം, പൊലീസ് നൈതികത, പൊലീസും സമൂഹവും, ക്രമസമാധാനപാലനം, നിയമവ്യവസ്ഥ, പൊലീസ് മാനസികാവസ്ഥ, സാമൂഹികപൊലീസിങ്, പൊലീസ് അധികാര വ്യവസ്ഥ 


മലയാള നാടകങ്ങളിലും സിനിമയിലുമെല്ലാം ആദ്യകാലത്ത് പൊലീസ് സ്റ്റേഷനും പൊലീസ് വേഷങ്ങളും പ്രധാന കഥാവസ്തുവിനു സമാന്തരമായോ ഒപ്പത്തിനൊപ്പമോ ഹാസ്യം ഉദ്പാദിപ്പിക്കാനുള്ള കോമിക്ക് റിലീഫ് സാധ്യതകളായിരുന്നു. മണ്ടന്മാരായ കോണ്‍സ്റ്റബിള്‍മാരൊക്കെയാണ് അതിന് കഥാപാത്രങ്ങളായി സൃഷ്ടിക്കപ്പെട്ടിരുന്നത്. അടൂര്‍ ഭാസിയും ബഹദൂറും എസ് പി പിള്ളയുമടങ്ങുന്ന ഹാസ്യനിരയ്ക്കു തന്നെയായിരുന്നു അത്തരം രംഗങ്ങളിലും മുന്‍തൂക്കം. കുറ്റകൃത്യം നടന്നുകഴിഞ്ഞാല്‍, അല്ലെങ്കില്‍ കുറ്റവാളിയെ നായകന്‍ വീഴിത്തിക്കഴിഞ്ഞാല്‍ വീസിലും മുഴക്കി രംഗതെത്തി കയ്യാമം വയ്ക്കുന്ന ഇന്‍സ്‌പെക്ടറും സംഘവുമെന്ന നിലയ്ക്കായിരുന്നു സിനിമയിലെ പൊലീസ് കഥാപാത്രങ്ങളുടെ പ്രസക്തി. യുക്തിസഹമായി നിയമം നടപ്പാക്കുന്ന പൊലീസുകാരോ പൊലീസ് സ്റ്റേഷനോ ആദ്യകാല മലയാളസിനിമാഖ്യാനങ്ങളില്‍ തുലോം കുറവായിരുന്നു എന്നു തന്നെ പറയണം.

അതോടൊപ്പം തന്നെ കുറ്റാന്വേഷകര പിന്നീട് പ്രാധാന്യം കിട്ടി. മലയാളത്തിലെ കുറ്റാന്വേഷണ സിനിമകളില്‍ പക്ഷേ, സാധാരണ പൊലീസുദ്യോഗസ്ഥരെക്കാള്‍, ജയിംസ് ബോണ്ട് ശൈലിയിലുള്ള രഹസ്യാന്വേഷകരായ സി ഐ ഡികള്‍ക്കായിരുന്നു പ്രാമുഖ്യം. പ്രേംനസീറിനെ നായകനാക്കി കണ്ണൂര്‍ ഡീലക്‌സ്(1969), ലോട്ടറിടിക്കറ്റ് (1970), സിഐഡി നസീര്‍(1971) ലങ്കാദഹനം(1971) തുടങ്ങി ഒട്ടുവളരെ രഹസ്യാന്വഷണ ചിത്രങ്ങളും പുറത്തുവന്നു. അവയിലും സാധാരണ പൊലീസുകാര്‍ക്ക് അവസാനരംഗത്ത് സിഐഡികള്‍ കീഴ്‌പ്പെടുത്തുന്ന കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ മാത്രമായിരുന്നു നിയോഗം. യഥാര്‍ത്ഥ കുറ്റകൃത്യങ്ങളില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടു നിര്‍മ്മിക്കപ്പെട്ട മൈനത്തരുവി കൊലക്കേസ്(1967)മാടത്തരുവി കൊലക്കേസ്(1967), ഭാര്യ(1962) തുടങ്ങിയ സിനിമകളിലൊക്കെ പൊലീസുദ്യോഗസ്ഥര്‍ ലേശം കൂടി ഗൗരവത്തോടെ കടന്നുവന്നെങ്കിലും സത്യസന്ധമായ പൊലീസ്/പൊലീസ് സ്റ്റേഷന്‍ ആഖ്യാനങ്ങളായിരുന്നില്ല അവയൊന്നും. അധികാരത്തിനു ചൂട്ടുപിടിക്കുന്നവരും, അഴിമതിക്ക് ചുക്കാന്‍ പിടിക്കുന്നവരുമായ കഥാപാത്രങ്ങളായും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കാലാകാലങ്ങളില്‍ സിനിമയില്‍ അവതരിപ്പിക്കപ്പെട്ടു. സിനിമയിലെ പൊലീസ് എന്നാല്‍ സബ് ഇന്‍സ്‌പെക്ടറില്‍ താഴെയുള്ള റാങ്കുകാര്‍ക്ക് കാര്യമായ വ്യക്തിത്വം പോലും നല്‍കപ്പെട്ടില്ല. യൂണിഫോമിന്റെ സവിശേഷത മൂലം തീക്കുറ്റിപ്പൊലീസ്, നിക്കര്‍ പൊലീസ് എന്നൊക്കെ അപഹസിക്കപ്പെട്ടിരുന്ന കോണ്‍സ്റ്റബിള്‍ വേഷങ്ങളാവട്ടെ, മണ്ടന്മാരോ ചൂഷകരോ ആയും ഒരേ വാര്‍പ്പില്‍ ആവിഷ്‌കരിക്കപ്പെട്ടു. അതിനിടെ യഥാര്‍ത്ഥ സംഭവത്തെ അതിജീവിച്ച് മണി സ്വാമി സംവിധാനം ചെയ്ത രാജന്‍ പറഞ്ഞ കഥ (1978) പൊലീസിന്റെ മറ്റൊരു മുഖം അനാവരണം ചെയ്തതും കാണാതെ പോയ്ക്കൂടാ.

മലയാള സിനിമയിലെ പോലീസ് കഥാപാത്രാവിഷ്‌കാരത്തിന് ഗൗരവപൂര്‍വമായൊരു മാറ്റം, യഥാതഥമായൊരു ദൃശ്യസമീപനം ലഭിക്കുന്നത് കെ.ജി.ജോര്‍ജ് സംവിധാനം ചെയ്ത യവനിക (1982) എന്ന ചിത്രത്തോടെയാണ്. ആളെ കാണാനില്ലെന്ന പരാതിയന്വേഷിച്ചു തുടങ്ങുന്ന ഒരു സാധാരണ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശാസ്ത്രീയമായി അതൊരു കൊലപാതകമാണെന്നു തെളിയിക്കുന്നതായിരുന്നു ഇതിവൃത്തം. പൊലീസെന്നാല്‍ കിടപ്പറയില്‍പ്പോലും ഫുള്‍ യൂണിഫോമില്‍ മാത്രം അവതരിപ്പിക്കപ്പെടുന്ന ശൈലിയില്‍ നിന്നു മലയാള സിനിമ യഥാതഥമായ അവതരണത്തിലേക്ക് ചുവടുമാറുന്നത് യവനികയോടെയാണ്. സിഐഡി നസീര്‍ പരമ്പരകളിലെ നായകന്മാരായ ഉദ്യോഗസ്ഥര്‍ സിവില്‍ വേഷവും മറ്റു വ്യാജ വേഷങ്ങളുമൊക്കെ ധരിച്ചുകണ്ടത് ആള്‍മാറാട്ടം നടത്തി കേസ് തെളിയിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നുവെങ്കില്‍, യവനികയിലെ ഈരാളി എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍, ഔപചാരിക സന്ദര്‍ഭങ്ങളിലൊഴികെ ചോദ്യം ചെയ്യലും മൊഴിയെടുക്കലുമടങ്ങുന്ന അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പൊലീസ് യൂണിഫോം അണിയുന്നില്ല. ശാസ്ത്രീയമായ തെളിവുശേഖരണങ്ങളുടെയും വിശകലനത്തിലൂടെയും മനഃശാസ്ത്രപരമായ ചോദ്യം ചെയ്യല്‍ രീതിയിലൂടെയുമൊക്കെയാണ് ഈരാളി കുറ്റം തെളിയിക്കുന്നത്. അതിനയാള്‍ ഭാര്യയുമായി പോലും കേസിന്റെ അന്വേഷണപുരോഗതി ചര്‍ച്ച ചെയ്യുന്നുണ്ട്, അവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നുമുണ്ട്. അതുപോലെ തന്നെ ഉന്നതോദ്യോഗസ്ഥനോടും യഥാസമയം യഥോചിതം അന്വേഷണപുരോഗതി അറിയിക്കുകയും ഉപദേശനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നുമുണ്ട്. അത്രയേറെ സൂക്ഷ്മാംശങ്ങളില്‍ ശ്രദ്ധിച്ചതുകൊണ്ടുതന്നെയാവണം പില്‍ക്കാലത്ത് കേരളത്തിലെ പൊലീസുകാരുടെ പരിശീലനത്തിന്റെ ഭാഗമായി യവനിക എന്ന സിനിമ പാഠ്യപദ്ധതിയില്‍ പോലും ഉള്‍ക്കൊള്ളിക്കാനിടയായതും. ഒരുപക്ഷേ, പൊലീസുകാരന്റെ വ്യക്തിജീവിതത്തിലേക്ക് ഒരു പരിധിവരെ സിനിമ സത്യസന്ധമായി കടന്നുചെല്ലുന്നതും യവനികയിലൂടെത്തന്നെയായിരിക്കും.

യവനികയുടെ കലാപരവും സാമ്പത്തികവുമായ വിജയം പൊലീസ് കഥാപാത്രങ്ങള്‍ക്കും കുറ്റാന്വേഷണാഖ്യാനങ്ങള്‍ക്കും പുതിയൊരു ജീവന്‍ പകര്‍ന്നുവെങ്കിലും തുടര്‍ന്ന് ഇതിഹാസമാനം കൈവരിച്ച മലയാള സിനിമകളുണ്ടാക്കിയത് വേറൊരു വാര്‍പ്പുമാതൃകയിലേക്കായിരുന്നു. ടി.ദാമോദരന്‍ തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത വന്‍വിജയചിത്രങ്ങളിലെ പൊലീസ് കഥാപാത്രങ്ങളിലൂടെയാണ്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്നു സൃഷ്ടിക്കുന്ന ചക്രവ്യൂഹക്കെണികളില്‍ ചെന്നുപെടുകയും, അധികാര ദുര്‍വിനിയോഗത്തിനും അഴിമതിക്കും മറ്റു സാമൂഹിക വിരുദ്ധതകള്‍ക്കുമെതിരേ പ്രതിരോധിക്കുകയും ചെയ്യുന്ന ഒറ്റയാള്‍ പട്ടാളങ്ങളായി പൊലീസ് നായകന്മാര്‍ക്കു രൂപമാറ്റം സംഭവിച്ചു. ആവനാഴി(1986)യില്‍, രാഷ്ട്രീയ നേതൃത്വത്തോട് നിരന്തരം കലഹിക്കുന്ന, അതിന്റെ പേരില്‍ അച്ചടക്ക നടപി വരെ നേരിടേണ്ടി വരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിന് ബല്‍റാം വേഴ്‌സസ് താരാദാസി(2006)ല്‍ എത്തുമ്പോള്‍ സ്വന്തം കുടുംബത്തെപ്പോലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെ പേരില്‍ നഷ്ടമാവുന്നതായി കാണുന്നുണ്ട്. മമ്മൂട്ടി എന്ന നടനെ മലയാള സിനിമയുടെ മുഖ്യധാരയിലെ കരുത്തനായി പ്രതിഷ്ഠിക്കുന്നതില്‍ യവനികയില്‍ തുടങ്ങി അദ്ദേഹം കയ്യാളിയ അസംഖ്യം പൊലീസ് വേഷങ്ങള്‍ നിര്‍ണായക പങ്കും വഹിച്ചിട്ടുണ്ട്. 

പൊലീസുകാരേ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് ഈ ധാരയെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വിജയിച്ചത് രഞ്ജി പണിക്കര്‍-ഷാജികൈലാസ് കൂട്ടുകെട്ടാണ്. അവരുടെ ഏകലവ്യ(1993)നില്‍ തുടങ്ങി കമ്മീഷണ(1994)റില്‍ എത്തുമ്പോള്‍ അതിലെ ഫയര്‍ബ്രാന്‍ഡ് പൊലീസ് വേഷങ്ങളിലൂടെ സുരേഷ് ഗോപി മലയാളത്തിലെ സൂപ്പര്‍ താരനിരയിലേക്ക് പ്രതിഷ്ഠിക്കപ്പെടുകയായിരുന്നു. പിന്നീട് രഞ്ജി സ്വതന്ത്ര സംവിധായകനായപ്പോള്‍ പുറത്തുവന്ന ഭരത് ചന്ദ്രന്‍ ഐപിഎസി (2005)ലും, രൗദ്ര(2008)ത്തിലും,ദ് കിംഗ് ആന്‍ഡ് ദ കമ്മീഷണറി(2012)ലും പൊലീസാഖ്യാനങ്ങളുടെ വൈവിദ്ധ്യങ്ങള്‍ തന്നെയാണ് പ്രേക്ഷകര്‍ കണ്ടത്. അതൊക്കെയും പക്ഷേ പൊലീസുകാരനെ അതിമാനുഷ തലത്തിലേക്കുയര്‍ത്തിക്കാട്ടുന്ന ധീര-വീര-ശൂര ആഖ്യാനങ്ങളായിരുന്നു. എസ് എന്‍ സ്വാമി തിരക്കഥയെഴുതിയ കെ മധുവിന്റെ ഒരു സിബിഐ ഡയറിക്കുറിപ്പ് (1988) ആണ് കുറ്റാന്വേഷണ സിനിമയ്ക്ക് മലയാളത്തില്‍ തുടര്‍ച്ചയ്ക്കു വഴിവച്ച നിര്‍ണായകമായൊരു ചിത്രം. അതിലൊക്കെ പക്ഷേ കേരള പൊലീസിനെ കേന്ദ്രാന്വേഷകനു സഹായിയായിനില്‍ക്കുന്ന കോണ്‍സ്റ്റബിള്‍ ചാക്കോയും പ്രതികള്‍ക്കനുകൂലമായി കേസ് വളച്ചൊടിക്കുന്ന ഡിവൈ.എസ്.പി. ദേവദാസും, അയാളുടെ അതേ പാത പിന്തുടരുന്ന ഡിവൈ.എസ്.പി. സത്യദാസുമൊക്കെയായിട്ടാണ് അവതരിപ്പിച്ചത്. പലപ്പോഴും പ്രധാന അന്വേഷകനായ സേതുരാമയ്യര്‍ക്ക് കേസിനെക്കുറിച്ചുള്ള നിര്‍ണായകമായ തുമ്പ് നല്‍കുന്നത് കോണ്‍സ്റ്റബിള്‍ ചാക്കോയാണ്. എന്നിട്ടും സിനിമ കേരള പൊലീസിന്റെ മനോവീര്യത്തെ വേണ്ടത്ര പരിഗണിക്കാത്ത പ്രമേയസമീപനമാണ് കൈക്കൊണ്ടത്.ഇതിനിടെ പദ്മരാജന്റെ കരിയിലക്കാറ്റുപോലെ (1986) പോലെയും മോഹന്റെ മുഖം(1990) പോലെയുമുള്ള അപൂര്‍വം ചില സിനിമകളില്‍ പൊലീസുകാരുടെ വ്യക്തിജീവിതത്തിന്റെ വേറിട്ട ചില ആഖ്യാനങ്ങളും നാം കണ്ടു.

പൊലീസ് സ്റ്റേഷന്‍ എന്നത് കുടുംബത്തില്‍പ്പിറന്നവര്‍ക്ക് കടന്നുചെല്ലാവുന്ന ഇടമല്ലെന്നും അത് ഉത്തമ പൗരന് നിഷിദ്ധമായൊരിടമാണെന്നുമുള്ള പൊതുബോധത്തെയും, ഭക്ഷണം കഴിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് പൊലീസിനെ വിളിക്കുമെന്നു ഭീഷണിപ്പെടുത്തുംവിധം ഭീകരന്മാരായി അവരെ സ്ഥാനപ്പെടുത്തുന്ന സാമാന്യബോധത്തേയും മാറ്റിപ്പണിയുംവിധമുള്ള ആഖ്യാനങ്ങള്‍ക്കായി മലയാള സിനിമയ്ക്ക് 2016 വരെ കാത്തിരിക്കേണ്ടിവന്നു എന്നതാണ് വാസ്തവം. നേരത്തേ, ഐവിശശിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാമില്‍, റാങ്കില്‍ മേലുദ്യോഗസ്ഥയായ ഭാര്യയും ഭര്‍ത്താവുമടങ്ങുന്ന പൊലീസ് ദമ്പതികള്‍ക്കിടയിലെ ഈഗോയുണ്ടാക്കുന്ന കുടുംബപ്രശ്‌നം പോലെ ചിലതൊക്കെ ആവിഷ്‌കൃതമായിട്ടുള്ളത് മറക്കാനാവില്ലെങ്കിലും, അതൊക്കെയും കമ്പോള സിനിമയുടെ നടപ്പുശൈലിയ്ക്കനുസൃതമായി നിറം കലര്‍ത്തിക്കൊണ്ടുള്ള തിരയാഖ്യാനം മാത്രമായിരുന്നു. എബ്രിഡ് ഷൈനും മുഹമ്മദ് ഷഫീക്കും ചേര്‍ന്നെഴുതി ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് ദൂര്‍ബല്യങ്ങളും ബാധ്യതകളുമെല്ലാമുള്ള ശരാശരിക്കാരനായ സബ് ഇന്‍സ്‌പെക്ടറുടെയും, പരിമിതികളോടുകൂടിയ പൊലീസ് സ്റ്റേഷന്റെയും, ജനാധിപത്യസംവിധാനത്തില്‍ ഒരു പൊലീസ് സ്റ്റേഷനും അവിടത്തെ ജീവനക്കാരും ദൈനംദിനം നേരിടേണ്ടി വരുന്ന ജീവിതപ്രശ്‌നങ്ങളെയും അവിടേക്കു കടന്നുവരുന്ന പരാതിക്കാരുടെ ജീവിതപ്രശ്‌നങ്ങളെയും കൃത്രിമത്വം ഒട്ടും പുരളാതെ ആവിഷ്‌കരിക്കുന്നതില്‍ ആക്ഷന്‍ ഹീറോ ബിജു പുതിയൊരു സമ്പ്രദായത്തിന് അസ്ഥിവാരമിട്ടു. തൊട്ടടുത്തവര്‍ഷം സജീവ് പാഴൂരിന്റെ രചനയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് ദേശീയ ബഹുമതി നേടിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും(2017) എന്ന ചിത്രത്തിലെ കാസര്‍കോടന്‍ ഗ്രാമത്തിലെ പൊലീസ് സ്റ്റേഷന്റെ നേരാഖ്യാനമുണ്ടാവുന്നത് ആക്ഷന്‍ ഹീറോ ബിജു ഉറപ്പിച്ച അടിത്തറയില്‍ ചവിട്ടിനിന്നുകൊണ്ടുതന്നെയാണെന്നോര്‍ക്കണം.

ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയില്‍, എസ്.ഐ ബിജു എന്ന കഥാപാത്രം സാമാന്യ സ്വഭാവമുള്ള, പ്രാപ്യതയുള്ള പോലീസുകാരനാണ്. എന്നാല്‍, അയാളൊരു വാര്‍പ്പുമാതൃകയിലെ ഹീറോ അല്ല. കുടുംബവും ജോലി പ്രശ്‌നവുമാണ് ആത്മാര്‍ത്ഥമായും ലാളിത്യത്തോടെയും അവതരിപ്പിക്കുന്നത്. വളര്‍ത്തുനായയെ വിട്ടു കടിപ്പിച്ചതു മുതല്‍ കുളിക്കുന്ന ഒളിച്ചുനോക്കുന്നതുവരെ ഒരു ദിവസം പൊലീസ് സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളുടെ പരാതികളുടെ വ്യാപ്തിയും വൈവിദ്ധ്യവും ചിത്രം സത്യസന്ധമായിത്തന്നെ അവതരിപ്പിക്കുന്നു. സ്ഥിരം പൊലീസ് വേഷങ്ങളുടെ പതിവ് ശൈലി ഉല്ലംഘിച്ചുുകൊണ്ടാണ് സിനിമ പുരോഗമിക്കുന്നത്. പൊലീസ് സ്റ്റേഷന്റെ അകവും അതിനകത്തെ പൊലീസുകാരുടെ ജീവിതവും യഥാതഥമായി ചിത്രീകരിച്ചിരിക്കുന്നു. റോഡില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ഒരാളെ പിടിച്ചുകൊണ്ട് വന്നു സ്റ്റേഷനിലിരുത്തി പാട്ടുപാടിക്കുന്നതും ചീട്ട് കളിക്കുന്നവരെ ഓടിച്ചിട്ട് പിടിക്കുന്നതുമെല്ലാം സിനിമയുടെ റിയലിസ്റ്റിക് സ്വഭാവം നിലനിര്‍ത്തി. ചെറിയ ചെറിയ കേസുകളും പരാതികളും പരിഗണിക്കുന്ന, നടപടിയെടുക്കുന്ന പൊലീസുകാരായിരുന്നു ഈ സിനിമയില്‍. ഹെല്‍മെറ്റ് വയ്ക്കാത്തതിന് പൊലീസ് പിടിക്കുന്നതും ഭാര്യ ഒളിച്ചോടിപ്പോകുമ്പോള്‍ മകളെ വിട്ടുതരാന്‍ വേണ്ടി പരാതിയുമായി വരുന്ന നിസ്സഹായനായ ഭര്‍ത്താവുമെല്ലാം കേരളത്തിലെ ഏതൊരു പൊലീസ് സ്റ്റേഷനിലും സാധാരണ കാണാനാവുന്ന സംഭവങ്ങള്‍ തന്നെയാണ്. അതിലൊക്കെ സ്വന്തം യുക്തിക്കും സംസ്‌കാരത്തിനും ശേഷിക്കുമനസരിച്ച് പ്രായോഗികവും സത്വരവുമായ നടപടികളെടുക്കുന്ന ഉദ്യോഗസ്ഥരുടെ കാര്യപ്രാപ്തിയും സത്യസന്ധതയോടെയാണ് ആവിഷ്‌കരിക്കപ്പെടുന്നത്. നെുങ്കന്‍ മാസ് ഡയലോഗോ സംഘട്ടനങ്ങളോ ഒഴിവാക്കി സിനിമയുടെ റിയലിസ്റ്റിക് സ്വഭാവം നിലനിര്‍ത്താനാണ് സംവിധായകന്‍ മുതിര്‍ന്നു കണ്ടത്. കൊച്ചിയിലെ യഥാര്‍ത്ഥ പൊലീസുദ്യോഗസ്ഥനായ ബൈജു പൗലോസിനോട് ചര്‍ച്ച ചെയ്താണ് ഷൈന്‍ ഈ സിനിമയുടെ ആഖ്യാനവും ആഖ്യാനകവും നിര്‍ണയിച്ചത് എന്നതും ശ്രദ്ധേയമാണ്. 

ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്താതിരിക്കാന്‍ ശ്രദ്ധിക്കുന്നതിനിടെ വ്യക്തിജീവിതത്തില്‍ സ്‌റ്റേഷന്‍ ഹെഡായ ബൈജുവിന് നഷ്ടങ്ങളൊരുപാടാണ്. വിവാഹനിശ്ചയത്തിനു പോലും സമയത്തെത്താന്‍ സാധിക്കാത്ത അയാളെ മനസിലാക്കാനാവുന്നൊരു വധുവുണ്ടാവുന്നതുകൊണ്ടുമാത്രമാണ് അയാളുടെ ജീവിതം പ്രസാദാത്മകമായിത്തീരുന്നത്. പൊലീസിലെ അധികാരവ്യവസ്ഥ, പൊലീസ് ചട്ടങ്ങളുടെ കാര്‍ക്കശ്യം എന്നിവയും ആക്ഷന്‍ ഹീറോ ബിജു ഏറെ സത്യസന്ധമായി തന്നെ അവതരിപ്പിച്ചു. കൈത്തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി ഒരുണ്ട പാഴായാല്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ കിട്ടുന്നതുമുതല്‍ വാക്കിടോക്കി കാണാതായാലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ വരെ, ഹാസ്യത്തില്‍ പൊതിഞ്ഞാണെങ്കിലും കൃത്യത കൈവിടാതെയാണ് ചിത്രം അവതരിപ്പിച്ചത്.

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ഉണ്ട(2019) പരിമിതമായ വിഭവങ്ങളുമായി ഉത്തരേന്ത്യയിലെ വിഘടനവാദപ്രദേശത്തെ ഒറ്റപ്പെട്ട പ്രശ്‌നബൂത്തില്‍ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് വിധിക്കപ്പെട്ട പൊലീസ് സംഘത്തിന്റെ നിസ്സഹായതകളും പ്രതിസന്ധികളുമാണ് അടയാളപ്പെടുത്തിയതെങ്കില്‍, അധികാരവ്യവസ്ഥ പൊലീസിനെ തന്നെ എങ്ങനെ വേട്ടയാടുന്നുവെന്നു കാണിക്കുന്നതായിരുന്നു ഷാഹി കബീര്‍ രചിച്ചു മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത നായാട്ട്(2021). കേവലം പൊലീസ് ജീവിതാഖ്യാനമെന്നതിലുപരി പല അര്‍ത്ഥതലങ്ങളും വച്ചുപുലര്‍ത്തിയ ചിത്രമെന്ന നിലയ്ക്കാണ് നായാട്ടിന്റെ പ്രസക്തി. ദലിതര്‍ അധികാര/തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെയും വിക സന/വാണിജ്യതാല്‍പര്യങ്ങളുടെയും ഇരകളായിത്തീരുന്നതെങ്ങനെയെന്നും അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതെങ്ങനെയെന്നും ചര്‍ച്ച ചെയ്ത ചിത്രമാണ് നായാട്ട്. എന്നാല്‍, മുന്നോട്ടുവച്ച പ്രത്യയശാസ്ത്രവീക്ഷണങ്ങളില്‍ ദളിത്‌വിരുദ്ധതയാരോപിക്കപ്പെട്ട ദുര്യോഗമാണു നായാട്ടിനു നേരിടേണ്ടിവന്നത്. നായാട്ട് ദളിത് രാഷ്ട്രീയം മാത്രം കൈകാര്യം ചെയ്ത സിനിമയല്ല. രാഷ്ട്രീയവും അധികാരവും ചേര്‍ന്നു, പൊലീസിനെ എങ്ങനെ വേട്ടയാടുന്നുവെന്നും അതിനു വകുപ്പിനുള്ളില്‍ തന്നെയുള്ള സഹപ്രവര്‍ത്തകര്‍ ഇരകളും വേട്ടക്കാരും ആവുന്നെന്നുമാണു നായാട്ട് ചര്‍ച്ച ചെയ്യുന്നത്. വ്യവസ്ഥിതിയുടെ സംരക്ഷ കര്‍, ആ വ്യവസ്ഥതിയുടെ നിയന്ത്രണം കൈക്കലാക്കിയവരുടെ അനീതികളുടെ സംരക്ഷകരായിത്തീരുന്ന ദുര്യോഗമാണു നായാട്ട് വെളിവാക്കുന്നത്. രാഷ്ട്രീയനേതൃത്വത്തിന്റെ ഏകാധിപത്യ തീരുമാനങ്ങള്‍ക്കും തെരഞ്ഞെടുപ്പുതാല്‍പര്യങ്ങള്‍ക്കും ചൂട്ടുപിടിച്ചു സ്വന്തം കൂട്ടത്തില്‍പ്പെട്ട മൂന്നുപേരെ ഒറ്റികൊടുക്കുന്നതു പൊലീസിലെ തന്നെ തലപ്പത്തു മുതല്‍ കീഴ്ത്തട്ടുവരെയുള്ളവരാണ്. ദളിതവിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീയും പുരുഷനുമടങ്ങുന്ന നിരപരാധികളായ മൂന്നു പൊലീസുകാരെ, ദളിത് വിഭാഗത്തില്‍പ്പെട്ടൊരാളുടെ അപകടമരണത്തിന്റെ പേരില്‍ പ്രതിസ്ഥാനത്തു പ്രതിഷ്ഠിക്കുന്നതു ഭരണകക്ഷിയുടെ വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ്. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥകളെ അട്ടിമറിച്ചുകൊണ്ടു വ്യക്തിയിലേക്കു രാഷ്ട്രീയാധികാര കേന്ദ്രീകരണമുണ്ടാവുന്നതിന്റെ ദുര്യോഗമാണിത്. എന്നാല്‍, സര്‍വീസിലും പുറത്തും ദലിതര്‍ എങ്ങനെ അധികാരികളുടെ ചൂഷണത്തിനിരകളായിത്തീരുന്നു എന്നു നായാട്ട് തുറന്നുകാട്ടുന്നുണ്ട്, ഒപ്പം ജാതീയതയെ വിഷലിപ്തമാക്കുന്ന അധികാരരാഷ്ട്രീയത്തെയും.

ആക്ഷന്‍ ഹീറോ ബിജു, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഉണ്ട, ജോസഫ് (2018), ഇരട്ട (2023) കുറ്റവും ശിക്ഷയും (2022) ജിസ് ജോയ് സംവിധാനം ചെയ്ത തലവന്‍(2024)തുടങ്ങിയ സിനിമകളിലെല്ലാം തൊഴിലിടത്തു നിസഹായരായിത്തീരുന്ന ശരാശരി പൊലീസുകാരന്റെ ജീവിതയാതനകള്‍ കണ്ടിട്ടുള്ളതാണെങ്കിലും, മുതലാളിത്ത വ്യവസ്ഥയില്‍ ഒരു വ്യക്തി, അയാളൊരു പൊലീസുകാരന്‍/കാരി ആയാലും നേരിടുന്ന തൊഴിലടിമത്തം, അവരുടെജീവിതത്തെ എങ്ങനെ കുരുക്കിയിടുന്നു എന്നതു പലപ്പോഴും പൊതുചര്‍ച്ചയ്ക്കു വിഷയമാവാറില്ല. നവോത്ഥാനമുന്നേറ്റങ്ങളുടെയും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെയും ശക്തമായ വേരോട്ടമുള്ള കേരളത്തില്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പേ പടിയടച്ചു പിണ്ഡംവച്ചു എന്നു നാം ഊറ്റം കൊള്ളുന്ന ജാതിയുടെ രാഷ്ട്രീയം പല തലങ്ങളില്‍ നിലനില്‍ക്കുന്നുണ്ടെന്നു മാത്രമല്ല ദലിതരോടുള്ള പൊതു/അധികാര സമീപനം ചൂഷണത്തിന്റേതും സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെയും പുതിയ ആട്ടിന്‍തോലുകളെ തേടുന്നുവെന്നതിനപ്പുറം വലിയ മാറ്റങ്ങളൊന്നം സ്വാംശീകരിച്ചിട്ടില്ലെന്നുമുള്ള പരമാര്‍ത്ഥം നായാട്ട് കാണിച്ചുതരുന്നു. ആത്യന്തികമായി ദലിതര്‍ അധികാര/തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെയും വികസന/വാണിജ്യ താല്‍പര്യങ്ങളുടെയും ഇരകളായിത്തീരുന്നതെങ്ങനെയെന്നും അവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതെങ്ങനെയെന്നും ചര്‍ച്ചചെയ്ത സിനിമ,  മുന്നോട്ടുവച്ച പ്രത്യയശാസ്ത്ര വീക്ഷണങ്ങളില്‍ ദളിത് വിരുദ്ധതയാരോപിക്കപ്പെട്ടതോടെ ലക്ഷ്യം തെറ്റിയ അമ്പായി (ദുര്‍)വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. വാസ്തവത്തില്‍ നായാട്ട് ചര്‍ച്ചയ്ക്കുവച്ച രാഷ്ട്രീയബോധങ്ങളില്‍ ഒന്നു മാത്രമാണു ദളിത് പരിപ്രേക്ഷ്യം. നിയമപാലനത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന, നിഷ്പക്ഷത കാത്തുസൂക്ഷിക്കേണ്ട പൊലീസിലെ രാഷ്ട്രീയവല്‍ക്കരണം എന്ന തീവ്രപ്രാധാന്യമുള്ളൊരു വിഷയത്തെയാണു നായാട്ട് ആര്‍ജ്ജവത്തോടെ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. 

കേരളത്തിലെ ആദിവാസിസമൂഹം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളും അവയോടുള്ള ഭരണകൂട സമീപനവും തുറന്നുകാട്ടുന്ന സിനിമയായിരുന്നു അബിന്‍ ജോസഫ് രചിച്ച് അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത നരിവേട്ട(2025)കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികമാണ് എന്നനിരാകരണത്തോടെയുള്ള ഈ സിനിമയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാമ്യമുണ്ടെന്ന്ു മുജീബുര്‍ റഹ്‌മാന്‍ കരിയാടന്‍ നിരീക്ഷിച്ചിട്ടുണ്ട്. 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. സിനിമയില്‍ കഥ നടക്കുന്നത് 2003 നവംബറിലെ രണ്ടാം വാരത്തില്‍ മൂന്നു ദിവസങ്ങളിലായാണ്. മുത്തങ്ങയ്ക്ക് പകരം സിനിമ ചീയമ്പത്തേക്ക് കഥയേയും കഥാപാത്രങ്ങളേയും മാറ്റിയിട്ടുണ്ട്.

ഭരണഘടനാപരമായ വിട്ടുവീഴ്ചകള്‍, അധികാരവര്‍ഗ ഭീഷണി, നീതിനിര്‍വഹണത്തിലെ പാളിച്ചകള്‍, ക്രമസമാധാനത്തിന്റെ മറവിലുള്ള മനുഷ്യാവകാശധ്വംസനം തുടങ്ങിയവ ഈ സിനിമ സധൈര്യം അഭിസംബോധന ചെയ്യുന്നു. ദളിതരുടെ അഭിമാനവും അവകാശങ്ങളും പൊലീസ് അധികാരവും തമ്മിലുള്ള സംഘര്‍ഷത്തില്‍ മനുഷ്യാവകാശം, നീതി, സംസ്‌കാരം തുടങ്ങിയവ അടിച്ചമര്‍ത്തപ്പെടുന്നതെങ്ങനെയെന്ന് ചിത്രം കാണിച്ചു തരുന്നു.അടിച്ചമര്‍ത്തുകയോ ചോദ്യം ഉയര്‍ത്തുകയോ ചെയ്യുന്ന സമൂഹത്തിന് നേരെ അധികാരി വര്‍ഗ്ഗം എല്ലായ്പോഴും പ്രയോഗിക്കുന്ന അതേ വാക്കുകള്‍ തന്നെയാണ് ഭൂമിക്കു വേണ്ടി സമരം ചെയ്യുന്ന ആദിവാസികളുടെ നേരേയും ആരോപിക്കുന്നത് മാവോയിസ്റ്റുകളുടെ സാന്നിധ്യവും സഹായവുമുണ്ടെന്നത്!

നരിവേട്ടക്കുള്ളില്‍ മറ്റൊരു 'നര'വേട്ടയുണ്ട്. അത് മുത്തങ്ങാസംഭവത്തിനും അപ്പുറത്തുള്ള ഒന്നാണെന്ന് ഡോ ഉമ്മര്‍ തറമേല്‍ ഡൂള്‍ ന്യൂസ് ഓണ്‍ലൈനിലെഴുതിയ ആസ്വാദനത്തില്‍ സമര്‍ത്ഥിക്കുന്നുണ്ട്. 

'സിനിമയിലെ 'നരിവേട്ട' ആദിവാസി ജനതയുടെ മിത്തിന്റെയും പ്രതിരോധത്തിന്റെയും ഭാഗമാണെങ്കില്‍ നരവേട്ട ഇന്നും പലപേരുകളില്‍ ജനതയുടെമേല്‍ ചാര്‍ത്തപ്പെടുന്ന അധികാരപ്രയോഗമാണ്. അതിന് പുരാ വൃത്തമില്ല, അധികാരം നിലനിര്‍ത്താനുള്ള സ്റ്റേറ്റിന്റെ കാലാകാലങ്ങളിലുള്ള (ടമേലേ അുുമൃമൗേ)െ പരിഷ്‌ക്കാര ങ്ങളാണവ. നരിവേട്ട, ഒരു മിലന്‍ കുന്ദേര പടമാണ്. അധികാരത്തിനെതിരെയുള്ള സമരം മറവിക്കെ തിരെ ഓര്‍മ്മയെ/ചരിത്രത്തെ ഉണര്‍ത്താനുള്ളതാണ് എന്നതാണ് സിനിമയുടെ ആശയ ലോഗോ. ഈയര്‍ത്ഥ ത്തില്‍, എല്ലാവരും സമ്മതിച്ചപോലെ 'മുത്തങ്ങ' മറവിയുടെ മൂടുപടം നീക്കി വീണ്ടും ഇറയംപുറത്തുനിന്ന് ചരിത്രത്തിന്റെ മുന്നാംപുറത്തേക്ക് കയറിവരുന്നു, എമ്പുരാനിലൂടെ ഗോധ്ര സംഭവം മറനീക്കി പുറത്തുവന്ന പോലെ. പുതിയ തലമുറക്കും ഇനിയിവയൊന്നും കണ്ടില്ലെന്ന് നടിക്കാനാവില്ല. അതേസമയം നരിവേട്ടയ്ക്കു ള്ളില്‍ ഇന്ത്യയിലുടനീളം തീപ്പിടിച്ചു കൊണ്ടിരിക്കുന്ന ഒരു സബ് പ്ലോട്ട് ഉണ്ട്. മുഖ്യ ഇതിവൃത്തത്തേക്കാള്‍ കാലികവും ഭീതിജനകവുമായ ഒന്ന്. അധികാര പക്ഷത്ത് നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം എമ്പുരാനേ ക്കാള്‍ അപകടകാരിയാണ് ഈ സിനിമ. ഇരപക്ഷത്ത് നില്‍ക്കുന്നവരെ സംബന്ധിച്ച് കൂടുതല്‍ വിമോചനപരവും. എമ്പു രാനില്‍ നിന്നും ഭിന്നമായി ഒരുസെന്‍സറിങ് കോലാഹലമില്ലാതെ ഈ സിനിമയെങ്ങനെ കുതറിച്ചാടി?! 'മുത്തങ്ങ' പുതിയ ഇന്ത്യന്‍ അവസ്ഥയോട് തട്ടിച്ചു നോക്കുമ്പോള്‍ രണ്ടു ദശകം മുമ്പ് മുമ്പ് നടന്ന ഒരു പഴങ്കഥയാണിന്ന്. നക്‌സല്‍/മാവോയിസ്റ്റ് എന്നൊക്കെ ഇന്നുച്ചരിക്കപെടുന്നത് അന്നത്തേതിനേക്കാള്‍ അര്‍ത്ഥവിഛേദം വന്ന മട്ടിലാണ്. മനുഷ്യാവകാശമൊന്നുമില്ലാതെ ഭൂമിയില്‍ നിന്നും നിഷ്‌കാസനം ചെയ്യേണ്ട ഒരു വംശീയ ഗ്രൂപ്പായി ഇന്നവര്‍ മാറിയിരിക്കുന്നു. ഭീകരവാദത്തിന്റെ 'നാമരൂപ'ങ്ങളില്‍ ഒന്ന്. കേരളത്തിലും സ്ഥിതി മാറിക്കൊ ണ്ടിരിക്കുകയാണ്. അധികാരം ഇച്ഛിക്കുന്നതും കല്‍പ്പിച്ചു കൊണ്ടിരിക്കുന്നതും പാല്‍ തന്നെ!'എന്ന് ഡോ ഉമ്മര്‍ എഴുതുന്നു.

ഒറ്റ രാത്രിയിലെ പൊലീസിന്റെ പട്രോളിംഗിനെ കേന്ദ്രീകരിച്ചാണ് ഷാഹി കബീര്‍ രചനയും സംവിധാനവും നിര്‍വഹിച്ച റോന്ത് (2025) എന്ന സിനിമയുടെ ആഖ്യാനകം മുന്നോട്ടു നീങ്ങുന്നത്. കുറ്റാന്വേഷണമോ കൊലപാ തക പരമ്പരയോ ഇല്ലാതെ പൊലീസ് ജീവതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു ഡ്രാമയാണ് റോന്ത്. നായാട്ടിന്റേതിനു സമാനമായ ഒട്ടേറെ നാടകീയ കഥാസന്ദര്‍ഭങ്ങളുണ്ടെങ്കിലും ദുരഭിമാനക്കൊലയും സ്ത്രപീഡനവുമടക്കമുള്ള നീറുന്ന പല വിഷയങ്ങളും ഈ സിനിമ ആവിഷ്‌കരിക്കുന്നു. പൊലീസുകാരിലേക്ക് സാധാരണക്കാരന്‍ നടത്തുന്ന യാത്രയെ റോന്തെന്നാണ് അശ്വിനി പി സമയം മലയാളത്തിലെ നിരൂപണത്തില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. പൊലീസ് ഡ്രൈവറും എസ് ഐയും ചേര്‍ന്ന് ധര്‍മശാലയെന്ന മലയോര പട്ടണത്തില്‍ രാത്രി ജീപ്പില്‍ കറങ്ങുമ്പോള്‍ അവരോടൊപ്പം അതേ ജീപ്പില്‍ പ്രേക്ഷകരുമുണ്ട്. ഇറാനിയന്‍ ചലച്ചിത്രകാരന്‍ ജാഫര്‍ പനാഹിയുടെ ചലച്ചിത്രശൈലിയെ ഓര്‍മ്മിപ്പിക്കുന്നതാണിതിന്റെ ദൃശ്യപരിചരണം. 

'മഴയും മഞ്ഞും രാത്രിയുടെ ആലസ്യവും കുടുംബത്തിന്റെ കെട്ടുപാടുകളുമെല്ലാമുള്ള കാക്കിയിട്ട രണ്ട് സാധാരണ മനുഷ്യരായി മാറുന്ന ചില നിമിഷങ്ങളുണ്ട്- വല്ലാത്തൊരു കാഴ്ചയാണത്. പേടിപ്പിക്കുന്നതിനപ്പുറത്ത് പൊലീസുകാരനും എല്ലാവരുടേയും എല്ലാ വികാരങ്ങളുമുണ്ടെന്ന് റോന്ത് കാണിച്ചുതരുന്നു.ഒരു ഭാഗത്ത് മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍, മറു ഭാഗത്ത് തങ്ങളുടെ വൈകാരിക സമ്മര്‍ദ്ദങ്ങള്‍- ഒരു പൊലീസുകാരനിലേക്ക് ക്യാമറയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ ആവശ്യമുള്ളതെല്ലാമുണ്ട്. പൊലീസ് ജീപ്പിന്റെ മുരള്‍ച്ച പോലും അതുപോലെ കാഴ്ചക്കാരിലേക്കെത്തിക്കുന്നുണ്ട് റോന്തില്‍' അശ്വിനി അഭിപ്രായപ്പെടുന്നു.വര്‍ഷങ്ങളുടെ അനുഭവപരിചയമുള്ളൊരു എഎസ് ഐയും അടുത്തകാലത്തു മാത്രം ജോലിക്കുകയറിയ പൊലീസ് ഡ്രൈവറുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഒരാളുടെ അനുഭവജ്ഞാനവും മറ്റേയാളുടെ വൈകാരിക എടുത്തുചാട്ടവും അവരെ ഒരുപോലെ മതത്തിനും അധികാരത്തിനും അപ്രിയമാക്കുന്നതെങ്ങനെയെന്നും അവരെങ്ങനെ വ്യവസ്ഥിതിക്ക് ഇരകളാകുന്നുവെന്നും ചിത്രം കാണിച്ചുതരുന്നു. സ്‌റ്റേഷന്‍ ഡ്യൂട്ടിക്കിടെ രാത്രി ഭര്‍ത്താവിന്റെ വീഡിയോ കോള്‍ വരുമ്പോള്‍ ഒപ്പം ജോലി ചെയ്യുന്ന വിവാഹിതനും പിതാവുമായ ചെറുപ്പക്കാരനെ മാറ്റിനിര്‍ത്തിക്കൊണ്ടു മാത്രം സംസാരിക്കുന്ന വനിതാപ്പൊലീസ് ഭര്‍ത്താവിന്റെ സംശയരോഗത്തിന്റെ പേരില്‍ അയാളോട് ക്ഷമചോദിക്കുന്നിടത്ത് യൂണിഫോമിനു പുറത്തെ സ്ത്രീജീവിതത്തിലേക്കുള്ള കണ്ണാടിയാവുകയാണ് സിനിമ. ഐ വി ശശിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലെ വനിത എസ് ഐയുടേതില്‍ നിന്ന് നവകേരളത്തിലെ സ്ത്രീപൊലീസിന്റെ ജീവിതം ഏറെയൊന്നും മാറിയിട്ടില്ലെന്ന് ആ ദൃശ്യം അടയാളപ്പെടുത്തുന്നു.

പുതുതലമുറ സിനിമകള്‍ മുന്നോട്ടുവച്ച സൗന്ദര്യാത്മകതയുടെ സ്വാധീനം പ്രകടമാക്കുന്ന സിനിമകളായി രുന്നു രണ്ടായിരത്തിനുശേഷം പുറത്തുവന്ന കുറ്റാന്വേഷണ/പൊലീസ് സിനിമകള്‍ എന്ന് ഈ വിഷയത്തില്‍ പുറത്തിറങ്ങിയട്ടുള്ള അപൂര്‍വം മലയാള പുസ്തകങ്ങളിലൊന്നില്‍ ഡോ.എസ്.ഗോപു നിരീക്ഷിച്ചിട്ടുണ്ട്. സേതുരാമയ്യര്‍ സി.ബി.ഐ, ചിന്താമണി കൊലക്കേസ്, ഡിറ്റക്ടീവ്, ഫിംഗര്‍ പ്രിന്റ്, പോലീസ്, മുംബൈ പോലീസ്, മെമ്മറീസ്, സെവന്‍ത് ഡേ, വേട്ട, നിര്‍ണായകം, ഗ്രാന്‍ഡ്മാസ്റ്റര്‍, ജോസഫ്, അഞ്ചാംപാതിര, ഫോറന്‍സിക്, ഇലവീഴാപ്പൂഞ്ചിറ, കൂമന്‍ തുടങ്ങിയ സിനിമകളെ അദ്ദേഹം ഇഴകീറി പഠിക്കുന്നുണ്ട്. അനാഖ്യാനഘടന, പശ്ചാത്തലസംഗീതം, താരനിര്‍ണയം, ദൃശ്യരപരിചരണം, സന്നിവേശം, സംഗീതം തുടങ്ങിയവയിലെല്ലാം നവഭാവുകത്വം പുലര്‍ത്തുന്നതായിരുന്നു രണ്ടായിരത്തിനുശേഷമുള്ള മിക്ക കുറ്റാന്വേഷണ സിനിമകളുമെന്ന് സോദാഹരണം പുസ്തകം സ്ഥാപിക്കുന്നു. കോവിഡ് കാലം മലയാളിയുടെ ചലച്ചിത്ര ആസ്വാദനത്തില്‍ വരുത്തിയ മാറ്റത്തെയും ഡോ ഗോപു ചര്‍ച്ചയ്ക്കു വിഷയമാക്കുന്നുണ്ട്. സിനിമയുടെ ആസ്വാദനത്തിലും ഉള്ളടക്കത്തിലും വിഷയ സ്വീകരണത്തിലും ഈ മാറ്റം ദര്‍ശിക്കാം. ലോക്ഡൗണ്‍ കാലത്ത് മലയാളികള്‍ കൂടുതല്‍ കണ്ടതും, ഇറങ്ങിയതും ത്രില്ലര്‍ സ്വഭാവം പുലര്‍ത്തുന്ന സിനിമകളും വെബ് പരമ്പരകളുമാണ് നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, ഹോട്ട്സ്റ്റാര്‍, സോണിലിവ,് സീഫൈവ് തുടങ്ങിയ ഒ.ടി.ടി കളിലൂടെ പ്രചുരപ്രചാരം നേടിയത്. കോവിഡാനന്തരം ഒടിടിയിലും തീയറ്ററിലും ഇറങ്ങിയ മിക്ക സിനിമകളും പരിശോധിച്ചാല്‍ അവയെല്ലാം  ഏതെങ്കിലും തരത്തിലുള്ള കുറ്റം, അന്വേഷണം, പ്രതികാരം എന്നിവയെ കേന്ദ്രീകരിച്ച് നിര്‍മ്മിക്കപ്പെട്ടവയാണെന്ന് ഡോ ഗോപു നിരീക്ഷിക്കുന്നു. ദൃശ്യം -2,  ആര്‍ക്കറിയാം, ഇരുള്‍, നായാട്ട്, നിഴല്‍, കോള്‍ഡ് കേസ്, കുറുപ്പ്, ചുരുളി എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം. 


നിഗമനം

മലയാള സിനിമയിലെ പൊലീസിന്റെ ജീവിതം തികച്ചും സത്യസന്ധവും വിശ്വസനീയവുമായ രീതിയില്‍ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് സമകാലിക മലയാള സിനിമയില്‍ കാണാനാവുന്ന മാറ്റം. 'ആക്ഷന്‍ ഹീറോ ബിജു' പോലുള്ള സിനിമകള്‍ പൊലീസ് സ്റ്റേഷനെക്കുറിച്ചുള്ള അബദ്ധധാരണകളെയും പൊതുബോധത്തേയും പൊളിച്ചടുക്കുമ്പോള്‍, നായാട്ട്, നരിവെട്ട, റോന്ത് തുടങ്ങിയവ ഭരണകുടഭീരകരത, ജാതിവ്യവസ്ഥയുടെ ദുസ്വാധീനം, വോട്ട്ബാങ്ക് രാഷഷട്രീയത്തില്‍ ഇരകളാകുന്ന മനുഷ്യരുടെ അവകാശങ്ങള്‍ തുടങ്ങിയ ഗഹനപ്രശ്‌നങ്ങള്‍ അത്ര യഥാര്‍ത്ഥയിലും വ്യത്യസ്തമായ നിലപാടുകളിലും പ്രതിനിധാനം ചെയ്യുന്നു.പുതു തലമുറ മലയാള സിനിമയ പൊലീസ് കഥാപാത്രങ്ങളെയും തൊഴിലിടങ്ങളെയും മാറിയ പൊതുബോധ്യത്തിന്റെ വെളിച്ചത്തില്‍ കുറേക്കൂടി സുതാര്യമായും യാഥാര്‍ത്ഥ്യ ബോധത്തോടെയുമാണ് ആവിഷ്‌കരിക്കുന്നത്. രാജീവ് രവിയുടെ കുറ്റവും ശിക്ഷയും, ഖാലിദ് റഹ്‌മാന്റെ ഉണ്ട, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ്. നരിവേട്ട, നായാട്ട് തുടങ്ങിയ ചിത്രങ്ങള്‍ കേസന്വേഷണത്തില്‍ പൊലീസ് നേരിടുന്ന പരിമിതികളിലേക്കും സുരക്ഷാപ്രശ്‌നങ്ങളിലേക്കും ധാര്‍മ്മികപ്രതിസന്ധികളിലേക്കും കൂടി വെളിച്ചം വീശുന്നു. സാങ്കേതികവും ബൗദ്ധികവുമായ പിരിഷ്‌കരണങ്ങള്‍ക്കിടയിലും പലപ്പോഴും മനുഷ്യത്വപരമായ മൗലികാവകാശങ്ങള്‍ പോലും പൊലീസുകാരുടെ ജീവിതത്തില്‍ നിഷേധിക്കപ്പെടുന്നു. അന്വേഷണമെന്ന പേരില്‍ അവരെക്കൊണ്ട് അധികാരവ്യവസ്ഥ കിരാതമായ ഹിംസയിലേക്കു നിര്‍ബന്ധപൂര്‍വം നയിക്കുന്നതിന്റെ നേര്‍ചിത്രീകരണവും ഈ സിനിമകള്‍ നിര്‍വഹിക്കുന്നു. മാറിയ സാങ്കേതികൗസകര്യങ്ങളുപയോഗിച്ച് തത്സമയ ശബ്ദലേഖനം, കാന്‍ഡിഡ് ക്യാമറ തുടങ്ങിയവയെടു സാധ്യതകളോടെ, യഥാതഥമായ ആഖ്യാനത്തിലൂടെ തന്നെ ആഖ്യാനകത്തിന് കൂടുതല്‍ വിശ്വാസ്യത നേടിയെടുക്കാനും ഇന്നത്തെ പൊലീസ് സിനിമകള്‍ക്കു സാധിക്കുന്നു. മാറ്റേണ്ട, മാറ്റപ്പെടേണ്ട ഒട്ടുവളരെ കാര്യങ്ങളിലേക്ക്, പ്രത്യേകിച്ച് മാറേണ്ട സാമൂഹികബോധത്തെപ്പറ്റി, ജാതിയേയും തൊഴിലിനെയും ലിംഗത്തെയും സമ്പദ്‌ശ്രേണിയേയും പറ്റിയുള്ള മാറേണ്ട ജീവിതവീക്ഷണത്തെപ്പറ്റി ഒക്കെ ഈ സിനിമകള്‍ ചില നിര്‍ണായക ചോദ്യങ്ങള്‍ സമൂഹത്തിനു നേരേ ഉന്നയിക്കുന്നുണ്ടെന്നത് കാണാതിരുന്നുകൂടാ. ഇന്നല്ലെങ്കില്‍ നാളെ അവയ്ക്കു മറുപടി കണ്ടെത്തിയേ മതിയാവൂ.

Reference:

ഡോ.എസ്.ഗോപു,സിനിമയുടെ കുറ്റാന്വേഷണ പാഠങ്ങള്‍, ലോഗോസ് ബുക്‌സ് 2021

https://www.doolnews.com/realistic-police-roles-in-malayalam-cinema-458.html

Mathrubhumi English. "Shahi Kabir's portrayal of police officers in Malayalam cinema".

https://malayalam.samayam.com/malayalam-cinema/movie-review/narivetta-review-tovino-thomas-starrer-as-a-must-watch-

drama-movie-rating-hit-on-media/moviereview/121360982.cms

https://truecopythink.media/movies/narivetta-movie-discusses-muthanga-issue-and-adivasi-struggles-dr-umer-tharamel-writes

https://malayalam.samayam.com/malayalam-cinema/movie-review/ronth-malayalam-movie-review-and-rating/moviereview/121844147.cms

Quarterly Review of Film and Video. "Understanding the Representation of Cops in Malayalam Cinema".

Onmanorama. "From brutal heroes to hapless mortals... Mollywood police now march on realistic path".

The New Indian Express. "Just remember that !".

Reddit. "Which Malayalam movie closely reflects the life of Police officers?".

Khaleej Times. "Nayattu Review: The wrong arm of the law".

Indian Express. "Ronth movie review: A solid police procedural...".

Deccan Chronicle. "The police story".

YouTube. "Hidden Details In Action Hero Biju | Movie Analysis | Reeload Media".

JavaTpoint. "Nayattu Movie Review".

Onmanorama. "'Narivetta': This Tovino Thomas starrer is a quietly devastating portrait of power and policing | Movie Review".

Gulf News. "Ronth film review: The raw, gut-punch Malayalam cop thriller that will haunt you".

Times of India. "Police Officers turned actors who made it big in Mollywood".

New Indian Express. "Review of Action Hero Biju: A Conflicting Blend of Tastes and Loyalties".

Indiantelevision.com. "Nayattu movie review: A raw take on the Indian political circus".