Chalachitra Sameeksha June 2026
എ.ചന്ദ്രശേഖര്‍
മലയാള സിനിമയുടെ ചരിത്രത്തില്‍ ചില കലാകാരന്മാര്‍ അവരുടെ അഭിനയപ്രതിഭകൊണ്ട് മാത്രമല്ല, അവര്‍ പ്രതിനിധാനം ചെയ്ത സാംസ്‌കാരിക അനുഭവങ്ങളാലും കാലഘട്ടത്തിന്റെ അടയാളങ്ങളായി മാറിയിട്ടുണ്ട്. അത്തരത്തിലുള്ള അപൂര്‍വ പ്രതിഭകളില്‍ ഒരാളായിരുന്നു നടനും സംവിധായകനുമായ സലിം കുമാര്‍. മിമിക്രി വേദികളില്‍ നിന്ന് സിനിമയിലേക്കെത്തി, ഹാസ്യനടന്‍ എന്ന വാര്‍പ്പുമാതൃകയിലേക്കു കള്ളിചേര്‍ക്കപ്പെട്ടിട്ടും അതിനെ പ്രതിഭയുടെ ഊറ്റം കൊണ്ടു മറികടന്ന് ദേശീയ പുരസ്‌കാര ജേതാവായി, കഥാകൃത്തായി, സംവിധായകനായി, സാമൂഹിക നിരീക്ഷകനായി വളര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം മലയാള ജനപ്രിയ സംസ്‌കാരത്തിന്റെ തന്നെ നേരധ്യായമാണ്.
സലിം കുമാര്‍ എന്ന വ്യക്തിത്വത്തെ വിലയിരുത്തുമ്പോള്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ കര്‍മ്മവൈവിധ്യമാണ്. മിമിക്രിയുടെയും നാടകങ്ങളുടെയും വേദികളില്‍ നിന്ന് ജനപ്രിയതയുടെ അനായാസ വഴിയായ ഹാസ്യത്തെ സ്വീകരിച്ചെങ്കിലും, അതില്‍ ഒതുങ്ങിനില്‍ക്കാന്‍ തയ്യാറാകാത്തിടത്താണ് സലീം കുമാര്‍ വ്യത്യസ്തനാവുന്നത്. ഒരു വശത്ത് സാധാരണക്കാരന്റെ നര്‍മ്മബോധത്തെ തൊട്ടുണര്‍ത്തുന്ന കഥാപാത്രങ്ങളും മറുവശത്ത് മനുഷ്യജീവിതത്തിന്റെ ദുരന്തവും ഏകാന്തതയും ആത്മീയ സംഘര്‍ഷങ്ങളും പ്രതിഫലിപ്പിക്കുന്ന ഗൗരവപൂര്‍ണ കഥാപാത്രങ്ങളും അദ്ദേഹം അവതരിപ്പിച്ചു. ഈ ഇരട്ടസാധ്യതയാണ് അദ്ദേഹത്തെ സമകാലിക മലയാള സിനിമയിലെ അപൂര്‍വ പ്രതിഭയാക്കി മാറ്റിയത്. ജീവിതത്തെപ്പറ്റി, ഓര്‍ത്താല്‍ ഒരന്തവുമില്ല, ഓര്‍ത്തില്ലെങ്കില്‍ ഒരു കുന്തവുമില്ല എന്ന് നിര്‍വചിച്ച സലീം പ്രതിഭകൊണ്ടു മാത്രമല്ല, വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൊണ്ടുകൂടിയാണ് സാംസ്‌കാരികരംഗത്തെ പകരം വയ്ക്കാനില്ലാത്ത സാന്നിദ്ധ്യമായത്.
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിനടുത്തുള്ള ചിറ്റാറ്റുകരയില്‍ തീര്‍ത്തും സാധാരണമായ കുടുംബ പശ്ചാത്തലത്തില്‍ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബര്‍ 10-ന് ജനിച്ച സലിം കുമാര്‍ മതാതീതവും പുരോഗമനപരവുമായ കുടുംബാന്തരീക്ഷത്തിലാണു വളര്‍ന്നത്. മതമേതാണെന്നറിയാതിരിക്കാനാണ് ഗംഗാധരന്‍ മകന് സലീം എന്നു പേരിട്ടത്. അനശ്വര പ്രണയകഥയിലെ നായകന്റെ പേര്. പക്ഷേ അഞ്ചാം ക്‌ളാസില്‍ പേരുപിടിക്കവേ പ്രധാനധ്യാപകന് ആ പേര് പ്രശ്‌നമായി തോന്നി. അതുകൊണ്ട് വാലായി കുമാര്‍ കൂടി ചേര്‍ത്തുകൊണ്ട് അദ്ദേഹമാണ് സലീമിനെ സലീംകുമാറാക്കി മാറ്റുന്നത്. നാലാംക്‌ളാസുവരെ ഇസ്‌ളാമായി ജീവിച്ച താന്‍ അതോടെ ഹിന്ദുവായി എന്നാണ് സഹജ നര്‍മ്മത്തില്‍ തന്റെ പേരിനെപ്പറ്റി അദ്ദേഹം സൂചിപ്പിച്ചിട്ടുള്ളത്.
വടക്കന്‍ പറവൂര്‍ ഗവ. ലോവര്‍ പ്രൈമറി സ്‌കൂള്‍, ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, മാല്യങ്കര എസ്.എന്‍ എം കോളജിലും എറണാകുളം മഹാരാജാസ് കോളജിലുമായിട്ടായിരുന്നു വിദ്യാഭ്യാസം. വിദ്യാഭ്യാസക്കാലത്തേ കെ എസ് യു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തോടും വേദികളോടും കലാപ്രവര്‍ത്തനങ്ങളോടും പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ച അദ്ദേഹം അക്കാലത്ത് കേരളമാകെ തരംഗമായ മിമിക്രി പ്രസ്ഥാനത്തിന്റെ ഭാഗമായിത്തീര്‍ന്നു. എം.ജി സര്‍വകലാശാല യുവജനോത്സവത്തില്‍ മൂന്ന് തവണ മിമിക്രിയില്‍ ഒന്നാം സ്ഥാനക്കാരനായി. എണ്‍പതുകളിലും തൊണ്ണൂറുകളിലും കലാഭവന്‍ തുടങ്ങി വച്ച മുന്നേറ്റത്തിന്റെ പിന്തുടര്‍ച്ചക്കാരില്‍ മുന്‍നിരക്കാരനായി സലിം കുമാര്‍.
കൊച്ചിന്‍ കലാഭവനില്‍ മിമിക്രി ജീവിതം ആരംഭിച്ച സലീം പിന്നീട് കൊച്ചിന്‍ സാഗറില്‍ ചേര്‍ന്നു. സ്വന്തമായി ആരംഭിച്ച ട്രൂപ്പിന്റെ മാനേജരായിരുന്നു പില്‍ക്കാലത്ത് എംഎല്‍എയായിത്തീര്‍ന്ന രമേഷ് പിഷാരടി. കേരളത്തില്‍ ദൂര്ദര്‍ശനുപരി സ്വകാര്യ ചാനലുകള്‍ ചുവടുറപ്പിക്കുന്ന കാലംകൂടിയായിരുന്നു അത്. ഏഷ്യാനെറ്റില്‍ സിനിമാലയ്ക്കു പുറമേ കോമിക്കോള എന്നൊരു പരിപാടിയുണ്ടായിരുന്നു.സലീംകുമാറും രമേഷ് പിഷാരടിയും രമേശ് കുറുമശ്ശേരിയുമൊക്കെയായിരുന്നു കോമിക്കോളയുടെ പരമാത്മാക്കള്‍. സമാനതകളില്ലാത്ത ആ ടെലിവിഷന്‍ ഹാസ്യചിത്രീകരണത്തിലൂടെയാണ് സലീംകുമാറും പിഷാരടിയുമൊക്കെ വീടകങ്ങളിലെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടവരാവുന്നത്.
മിമിക്രിയില്‍ നിന്ന് സിനിമയിലേക്ക്
മിമിക്രി വേദികളില്‍ നേടിയെടുത്ത അവതരണമികവും നിരീക്ഷണപാടവവും ശരീരഭാഷയുമാണ് സിനിമയിലേക്ക് വഴിതുറന്നത്. സിനിമയ്ക്കു പറ്റിയ രൂപമേയായിരുന്നില്ല സലീമിന്റേത്. ലേശം ഇരുണ്ട് ഉരുണ്ട് കണ്ണും അല്‍പമുന്തിയ പല്ലുമൊക്കെയായി ഒരാകാരം. പക്ഷേ ഹാസ്യാവതരണത്തിന് തന്റെ ശരീരത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ അദ്ദേഹത്തിനായി. എന്നാല്‍ ഫോര്‍മുലകളുടെയും വ്യവസ്ഥാപിത സങ്കല്‍പങ്ങളുടെയും വാര്‍പ്പുരീതികള്‍ക്കിടയില്‍ തന്റേതായൊരിടം പിടിക്കാന്‍ സലീംകുമാറിന് ഏറെ കഷ്ടപ്പെടേണ്ടിവന്നുവെന്നതാണ് വാസ്തവം.
ചെറുവേഷങ്ങളിലൂടെയാണ് അദ്ദേഹം സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സിദ്ദിഖ് ഷമീറിന്റെ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലെ വളരെ ചെറിയൊരു വേഷത്തിലൂടെ 1996ലായിരുന്നു അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം അന്നത്തെ ഹിറ്റ്‌മേക്കര്‍ സിബിമലയില്‍ ദിലീപിനെ നായകനാക്കി ഒരുക്കിയ നീ വരുവോളം എന്ന ചിത്രത്തില്‍ ഒരു മുഴുനീള വേഷത്തിന് ക്ഷണിച്ചെങ്കിലും അഭിനയിച്ചു തുടങ്ങി രണ്ടുദിവസം കഴിഞ്ഞ് തൃപ്തിവരാത്തതുകൊണ്ട് ഒഴിവാക്കുകയായിരുന്നു. ആ ദുരനുഭവത്തെപ്പറ്റിയും പില്‍ക്കാലത്ത് തന്റെ അനുഭവക്കുറിപ്പുകളിലും അഭിമുഖങ്ങളിലും മറ്റും സരസമായി നര്‍മ്മത്തില്‍ ചാലിച്ചാണ് സലീം അനുസ്മരിച്ചിട്ടുള്ളത്.
വിജി തമ്പി സംവിധാനം ചെയ്ത സത്യമേവ ജയതേ(2000)യി ലെ കള്ളന്റെ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രത്തിലെ പ്രകടനമാണ് റാഫി-മെക്കാര്‍ട്ടിന്മാരുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ തെങ്കാശിപ്പട്ടണത്തി(2000)ലെ മുഖ്യ ഹാസ്യവേഷത്തിലേക്ക് സലീമിനെ കൊണ്ടുചെന്നെത്തിച്ചത്. അദ്ദേഹത്തിന്റെ സവിശേഷമായ ഹാസ്യശൈലി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. കഥാപാത്രത്തെ കാര്‍ട്ടൂണാക്കാതെ, അതിലെ മനുഷ്യനെ നിലനിര്‍ത്തിക്കൊണ്ട് ചിരിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ഈ സവിശേഷത അദ്ദേഹത്തെ സമകാലിക ഹാസ്യനടന്മാരില്‍ നിന്ന് വ്യത്യസ്തനാക്കി. തെങ്കാശിപ്പട്ടണം ഹിറ്റായതോടെ സലിം കുമാറിന്റെ ഹാസ്യകഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ രാശിയായി. മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരിലാല്‍, പുലിവാല്‍ കല്യാണത്തിലെ മണവാളന്‍, മീശമാധവനിലെ വക്കീല്‍ മുകുന്ദനുണ്ണി തുടങ്ങിയ കഥാപാത്രങ്ങള്‍ ഇന്നും ട്രോളുകളില്‍ നിറഞ്ഞുനില്‍ക്കുന്നവ കൂടിയാണ്. ഇവയില്‍ റാഫി മെക്കാര്‍ട്ടിന്റെ ചതിക്കാത്ത ചന്തു(2004)വിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രം മലയാള സിനിമയിലെ ഹാസ്യവേഷങ്ങളില്‍ ഒരു കള്‍ട്ട് തന്നെയായിമാറി. അരികുവല്‍കൃതരും ഇരകളുമായ സാധാരണ മനുഷ്യരുടെ പരിമിതികളും സ്വപ്നങ്ങളും പരാജയങ്ങളും ഉള്‍ക്കൊണ്ട് ഹാസ്യകഥാപാത്രങ്ങളാക്കിയപ്പോഴും അവരെ തന്മയത്തത്തോടെ അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചു.
വിസ്മയം നടനപ്രകാരം
ഒരു കലാകാരന്റെ യഥാര്‍ത്ഥ കഴിവ് പരീക്ഷിക്കപ്പെടുന്നത് ഹാസ്യത്തില്‍ നിന്നോ ജനപ്രിയതയില്‍ നിന്നോ പുറത്തുകടക്കുമ്പോഴാണ്. സലിം കുമാര്‍ ഈ പരീക്ഷണത്തില്‍ അതുല്യവിജയം നേടി.
ലാല്‍ ജോസ് സംവിധാനം ചെയ്ത 'അച്ഛനുറങ്ങാത്ത വീട്'(2005) എന്ന ചിത്രത്തിലെ സാമുവല്‍ എന്ന കേന്ദ്ര കഥാപാത്രം സലിംകുമാറിന്റെ മിന്നുന്ന അഭിനയമികവ് വെളിപ്പെടുത്തുന്നതായി. പീഡിപ്പിക്കപ്പെടുന്നൊരു പെണ്‍കുട്ടിയുടെ പിതാവെന്ന നിലയ്ക്ക് സമൂഹം വേട്ടയാടുന്ന സാമുവലിന്റെ ധര്‍മ്മസങ്കടം അത്രമേല്‍ ഹൃദയസ്പര്‍ശിയായി ശരീരഭാഷകൊണ്ടും ആത്മാവുകൊണ്ടും ആവഹിച്ച സലീം കുമാറിനെത്തേടിആ വര്‍ഷത്തെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡും തേടിയെത്തി. അതോടെ, വെറുമൊരു ഹാസ്യനടന്‍ എന്ന നിലയില്‍ നിന്ന് ഗൗരവവേഷങ്ങളും കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ള നടനെന്ന നിലയിലേക്ക് സലീമിനു സ്ഥാനപ്രതിഷ്ഠ ലഭിച്ചു. രഞ്ജിതിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ കേരളകഫേ(2009)എന്ന ചലച്ചിത്രസമാഹാരത്തില്‍ ഉണ്ണി ആര്‍ എഴുതി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജ് എന്ന ഹ്രസ്വചിത്രത്തിലെ അമ്മയെ നടതള്ളുന്ന സലീം കുമാറിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെടുന്നതായി.
സാമൂഹിക യാഥാര്‍ഥ്യങ്ങളുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ അദ്ദേഹം പ്രകടിപ്പിച്ച നിയന്ത്രിതമായ അഭിനയശൈലി നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി.വിസ്മയാവഹമായ ഈ പരിണതിയുടെ പൂര്‍ണതയായിരുന്നു ആദാമിന്റെ മകന്‍ അബു. സലിം അഹമ്മദ് സംവിധാനം ചെയ്ത 'ആദാമിന്റെ മകന്‍ അബു'(2010) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയപുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും ലഭിച്ചു ഇസ്‌ളാമിക പശ്ചാത്തലത്തില്‍ ഒരു സാധാരണ മനുഷ്യന്റെ ആത്മീയയാത്രയെ ആവിഷ്‌കരിച്ച ചിത്രത്തില്‍ അബുവായി അദ്ദേഹം നടത്തിയ പരകായപ്രവേശം ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനയങ്ങളില്‍ ഒന്നാണ്. ശരീരഭാഷയില്‍ മാത്രമല്ല,അബുവിന്റെ മുഖത്ത് പ്രത്യക്ഷപ്പെടുന്ന പ്രതീക്ഷയും നിരാശയും വിശ്വാസവും സംശയവും ഒരേസമയം പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. സംഭാഷണങ്ങളേക്കാള്‍ മൗനങ്ങളിലൂടെയാണ് അബു പ്രേക്ഷകരുമായി സംവദിച്ചത്. സലിം കുമാറിനെ ഹാസ്യത്തിന്റെ വാര്‍പ്പില്‍ നിന്ന് വിടുതല്‍ നല്‍കുന്നതായിരുന്നു ആ വേഷം. അപ്പോഴും, ദേശീയ അവാര്‍ഡ് നേടിയ നടന്‍ എന്ന നിലയ്ക്ക് തുടര്‍ന്ന് തന്നെ ഹാസ്യവേഷങ്ങളില്‍ നിന്നു മാറ്റിനിര്‍ത്തരുത് എന്നായിരുന്നു നടന്‍ എന്ന നിലയ്ക്ക് മുഖ്യധാരാ സിനിമയോട് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.
ആ ഇച്ഛാശക്തിയുടെ പിന്തുണയോടെ മാട്ടുപ്പെട്ടി മച്ചാന്‍, പട്ടാഭിഷേകം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, കുഞ്ഞിക്കൂനന്‍, സി.ഐ.ഡി മൂസ, തിളക്കം, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, ചതിക്കാത്ത ചന്തു, പെരുമഴക്കാലം, തൊമ്മനും മക്കളും, രാപ്പകല്‍, രാജമാണിക്യം, ചാന്തുപൊട്ട്, കറുത്ത പക്ഷികള്‍, കഥ പറയുമ്പോള്‍, അണ്ണന്‍ തമ്പി, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, ഉദയനാണ് താരം, കുഞ്ഞനന്തന്റെ കട, അറബിക്കഥ, പത്തേമാരി, വെളിപാടിന്റെ പുസ്തകം, ഡ്രൈവിങ് ലൈസന്‍സ്, തല്ലുമാല തുടങ്ങി നാന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. ഇവയില്‍ സി ഐ ഡി മൂസയിലെ ഭ്രാന്തന്‍ എക്കാലത്തെയും മികച്ച ഫാഴ്‌സിക്കല്‍ കോമഡി കഥാപാത്രമായെങ്കില്‍ ഉദയനാണ് താരം, കുഞ്ഞനന്തന്റെ കട തുടങ്ങിയവയിലെ വേഷങ്ങള്‍ അഭിനേതാവെന്ന നിലയ്ക്ക് സലീമിന്റെ കഴിവുകള്‍ തുറന്നുകാട്ടുന്നവയായി. കഥ പറയുമ്പോഴിലെ നിമിഷകവിയൊക്കെ മലയാളികളുള്ളിടത്തോളം കാലം അനശ്വരമായിത്തീരുകയും ചെയ്തു. 'കൂടോത്രം' ആണ് അവസാന ചിത്രം. ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍(2012) എന്ന ചിത്രത്തിലെ തൊമ്മാച്ചന്‍ എന്ന കഥാപാത്രത്തിന് മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും സലീം സംവിധാനം ചെയ്ത് ജയ്ഹിന്ദ് ടിവി സംപ്രേഷണം ചെയ്ത പരേതന്റെ പരിഭവങ്ങള്‍ എന്ന ടെലിഫിലിമിലെ പ്രധാനവേഷത്തിന് മികച്ച നടനുള്ള 2013ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും ലഭിച്ചു.
ട്രോളുകളുടെ തമ്പുരാന്‍
മലയാളികളുടെ ദൈനംദിന സംഭാഷണങ്ങളിലേക്ക് കടന്നുവന്ന അനേകം ഡയലോഗുകളും പ്രയോഗങ്ങളുമാണ് സലീം കുമാര്‍ എന്ന കലാകാരന്റെ സാമൂഹികസംഭാവനകളില്‍ പ്രധാനം. പിന്നീട് സോഷ്യല്‍ മീഡിയയിലെ മീം സംസ്‌കാരത്തിലും ഇമോജികളായും സ്റ്റിക്കറുകളായും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ അവതാരങ്ങളെടുത്തു.
ട്രോളര്‍മാര്‍ക്ക് സലിമിനെയും ട്രോളര്‍മാരെ സലീമിനും വല്ലാത്ത ഇഷ്ടമായിരുന്നു. ഇത്രയ്ക്ക് ഇഷ്ടമായതെന്തെന്ന് ചോദിച്ചാല്‍ അതിന് സലിമിന്റേതായൊരു ന്യായീകരണവുമുണ്ട് ''നമ്മളൊരു ഡയലോഗ് പറയുമ്പോള്‍ അതിന്റെ ഭാവം കൃത്യമായി മുഖത്തു വരണം. അത് നന്നായി വരുന്നതുകൊണ്ടാണ് എന്റെ ചിത്രങ്ങള്‍ ട്രോളുകളില്‍ കൂടുതലായി ഉപയോഗിക്കുന്നത്. സത്യത്തില്‍ ഞാന്‍ എന്ന നടന് കിട്ടുന്ന വലിയ അവാര്‍ഡാണവ. എന്റെ ചിത്രങ്ങള്‍ വച്ചുള്ള ട്രോളുകള്‍ വാട്സാപ്പിലൊക്കെ വരുമ്പോള്‍ സന്തോഷവും കൗതുകവുമൊക്കെ തോന്നും'.
സലീമിന്റേതുമാത്രമായ സൂപ്പര്‍ഹിറ്റു സംഭാഷണങ്ങളെത്രയോ മലയാളി നിത്യ ജീവിതത്തിന്റെ അവിഭാജ്യഘടകമാണ് എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍',ഐ ആം ദ സോറി അളിയാ... ഐ ആം ദ സോറി, കാണാന്‍ വലിയ ലുക്കില്ലെന്നേയുള്ളു ഭയങ്കര ബുദ്ധിയാ... പോലുള്ള ഡയലോഗുകള്‍ ഒരിക്കലെങ്കിലും പ്രയോഗിക്കാത്തവര്‍ ചുരുങ്ങും. ഇവയില്‍പ്പലതും സലീമിന്റെ സ്വന്തം സംഭാവനകളുമാണ്.'ഈ രാജാവിന്റെ പേരെന്താണ്?' എന്ന് ചോദിക്കുമ്പോള്‍ 'ശശി, തിരുവിതാംകൂര്‍ രാജാവ്' എന്നും 'നരന്‍' എന്ന ചിത്രത്തില്‍ വഞ്ചിയില്‍ പോവുമ്പോള്‍ 'വിന്‍ഡോ സീറ്റിലിരിക്കാം' എന്നു പറയുന്ന ഡയലോഗും സലീം കൈയില്‍ നിന്നിട്ടതാണ്.
രചന, സംവിധാനം സലിം കുമാര്‍
നടന്‍ എന്ന നിലയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല സലിം കുമാരിന്റെ ചലച്ചിത്രജീവിതം. നടന്‍ എന്ന നിലയ്ക്ക് ഹാസ്യത്തില്‍ മാത്രമൊതുങ്ങാത്തതുപോലെ അഭിനയത്തിനപ്പുറം രചനാ സംവിധാനരംഗത്തും പ്രതിഭ തെളിയിച്ചിട്ടുണ്ട് സലീം. അതാകട്ടെ, വെറുമൊരാഗ്രഹത്തിന്റെ കേവലപൂര്‍ത്തീകരണമായിരുന്നില്ലെന്നത് അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങള്‍ നേടിയ ബഹുമതികള്‍ തെളിയിക്കുന്നു. ംവിധായകനെന്ന നിലയില്‍ അദ്ദേഹം തിരഞ്ഞെടുക്കുന്ന വിഷയങ്ങളില്‍ സാമൂഹിക ബോധവും മനുഷ്യസ്‌നേഹവും പ്രകടമായിരുന്നു.
ആദ്യ സംവിധാനസംരംഭമായ കമ്പാര്‍ട്ട്‌മെന്റ് (2015) ഒരു ട്രെയിന്‍ യാത്രയുടെ പശ്ചാത്തലത്തില്‍ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളില്‍പ്പെട്ട മനുഷ്യരുടെ ജീവിതാനുഭവങ്ങളെ കോര്‍ത്തിണക്കിയ ചിത്രമായിരുന്നു. വിവിധ സൂമൂഹിക ശ്രേണിഭിന്നതകള്‍ മനുഷ്യബന്ധങ്ങളിലുണ്ടാക്കുന്ന സങ്കീര്‍ണതയാണ് സിനിമയില്‍ സലീം വരച്ചുകാട്ടിയത്. വാണിജ്യവിജയം ലക്ഷ്യമാക്കിയുള്ള ഫോര്‍മുലകളില്‍ നിന്ന് മാറിയുള്ള ദൃശ്യഭാവുകത്വമായിരുന്നു ആ സിനിയില്‍ നിഴലിച്ചത്.സംവിധായകനെന്ന നിലയിയ്ക്ക,് ഭിന്നശേഷിക്കാരായ രണ്ടു ചെറുപ്പക്കാരെ ഉപയോഗിച്ച് കേരളസമൂഹത്തിന്റെ വൈവിധ്യവും മനുഷ്യമനസുകളുടെ വൈരുദ്ധ്യവും അവതരിപ്പിച്ച സലീമിന്റെ സാമൂഹിക നിരീക്ഷണശേഷി ഈ ചിത്രത്തില്‍ വ്യക്തമാകുന്നുണ്ട്.
സംവിധായകനെന്ന നിലയില്‍ സലിം കുമാറിനെ മലയാള സിനിമാചരിത്രത്തില്‍ സഗൗരവമടയാളപ്പെടുത്തുന്ന സൃഷ്ടിയാണ് കറുത്ത ജൂതന്‍ (2017). കേരളത്തിലെ ജൂതസമൂഹത്തിന്റെ ചരിത്രപശ്ചാത്ത ലവും സ്വത്വപ്രശ്‌നങ്ങളും സ്പര്‍ശിച്ച ചിത്രം മലയാള സിനിമ അപൂര്‍വമായി മാത്രം കൈകാര്യം ചെയ്ത വിഷയത്തെയാണവതരിപ്പിച്ചത്. മതപരവും സാംസ്‌കാരികവുമായ സ്വത്വങ്ങള്‍ എങ്ങനെ രൂപപ്പെടുന്നു, ന്യൂനപക്ഷസമൂഹങ്ങളുടെ ഓര്‍മ്മകള്‍ എങ്ങനെ ചരിത്രത്തില്‍ രേഖപ്പെടാതെ പോകുന്നു തുടങ്ങിയ ചോദ്യങ്ങളാണ് ചിത്രം ഉയര്‍ത്തിയത്. കേരളത്തില്‍ ജീവിച്ച 'കറുത്ത ജൂതന്മാരില്‍' ഒരാളായ ആരോണ്‍ ഇല്യാഹുവായി വേഷമിട്ടത് സലീം കുമാര്‍ തന്നെയാണ്. തന്റെ കുടുംബം ഇസ്രയേലിലേക്ക് പോയെങ്കിലും കേരളത്തില്‍ തന്നെ തുടരാന്‍ തീരുമാനിച്ച രോണിന്റെ ജീവിതത്തിലൂടെയും, അദ്ദേഹത്തിന്റെ മരണത്തിന് ശേഷം നടക്കുന്ന സംഭവങ്ങളിലൂടെയുമാണ് കഥ മുന്നേറുന്നത്. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമാവിഭാഗത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു കറുത്ത ജൂതന്‍. ്വന്തം മാതാവിനെയും സഹോദരിയെയും വെടിഞ്ഞ് സ്വന്തം സമുദായത്തിന്റെ ചരിത്രം തേടിപ്പോയ ആരോണിന് പിന്നീട് നാട്ടിലേക്ക് തിരിച്ചു വരുമ്പോള്‍ താന്‍ ജൂതനാണെന്നത് പോലും തെളിയിക്കേണ്ട അവസ്ഥയാണ് വന്നു പെടുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയിലും അദ്ദേഹത്തിന്റെ പങ്കാളിത്തമുണ്ടായിരുന്നു. ഈ ചിത്രത്തിന്റെ കഥയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ബൗദ്ധിക ജിജ്ഞാസയും സാമൂഹിക പ്രതിബദ്ധതയും വ്യക്തമായ ചിത്രമായിരുന്നു അത്.
സംവിധായകനായുള്ള മൂന്നാമൂഴത്തില്‍ ദൈവമേ കൈതൊഴാം കെ. കുമാരാകണം (2018) എന്ന ചിത്രത്തില്‍ ജനപ്രിയ സിനിമയുടെ ഭാവുകത്വമാണ് സലീം സ്വീകരിച്ചതെങ്കിലും, വിശ്വാസം, ആധുനിക ജീവിതം, തുടങ്ങിയ വിഷയങ്ങളെ ആക്ഷേപഹാസ്യത്തിന്റെ രൂപത്തില്‍ അവതരിപ്പിക്കുക വഴി സാമൂഹികമായ തന്റെ നിലപാടുകള്‍ക്ക് അടിവരയിടുകയായിരുന്നു അദ്ദേഹം.
എഴുത്തും വായനയും
രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ ഉള്‍ക്കാഴ്ച പുലര്‍ത്തിയ സിനിമാക്കാരനായിരുന്നു സലീം കുമാര്‍. കലാകാരന്‍ നിഷ്പക്ഷതയുടെ മൂടുപടമണിഞ്ഞഅരാഷ്ട്രീയവാദിയാവുന്നതിനോട് അദ്ദേഹം യോജിച്ചില്ല. സാമൂഹികചര്‍ച്ചകളിലും മറ്റും സജീവ സാന്നിധ്യമായിരുന്ന സലീം കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള തന്റെ രാഷ്ട്രീയ നിലപാടും ഒരിക്കലും ഒളിച്ചുവയ്ക്കാനിഷ്ടപ്പെട്ടില്ല. അഭിമുഖങ്ങളില്‍ അദ്ദേഹം പ്രകടിപ്പിച്ച നിരീക്ഷണങ്ങള്‍ പലപ്പോഴും മുഖ്യധാരാ ധാരണകളെ ചോദ്യം ചെയ്യുന്നതായിരുന്നു. ചരിത്രം, മതം, രാഷ്ട്രീയം, സാഹിത്യം എന്നിവയിലുള്ള അദ്ദേഹത്തിന്റെ താല്‍പര്യം അദ്ദേഹത്തിന്റെ സംഭാഷണ ങ്ങളില്‍ പ്രകടമായിരുന്നു. എന്നാല്‍ മറ്റുള്ളവനെ വേദനിപ്പിക്കുന്നതൊന്നും അദ്ദേഹത്തിന്റെ വായില്‍ നിന്നോ പെരുമാറ്റത്തില്‍ നിന്നോ ഉണ്ടായിട്ടില്ല. സ്വാനുഭവങ്ങളുടെ വേദന വിവരിക്കേണ്ടിവരുമ്പോഴും ആരെയും മുറിവേല്‍പ്പിക്കാതെ സ്വതസിദ്ധമായ തമാശയില്‍ പൊതിഞ്ഞ് അതിശയോക്തിപരമായി അവതരിപ്പിച്ചിരുന്ന അദ്ദേഹം തന്റെ കണ്ണീര് എന്നും മറ്റുള്ളവര്‍ കാണാതെ നോക്കാന്‍ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ പേരില്‍ പുറത്തുവന്ന ഈശ്വരാ വഴക്കില്ലല്ലോ എന്ന പുസ്തകം ആത്മകഥയല്ലെന്നാണ് സലിം കുമാര്‍ പറഞ്ഞിട്ടുള്ളത്. വിനോദയാത്ര കഴിഞ്ഞു തിരിച്ചെത്തിയ പ്രിയപ്പെട്ടവരുടെ യാത്രാ വിവരണം പോലെ ജനനമെന്ന സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നിന്ന് മരണം എന്ന ഫിനിഷിങ് പോയിന്റിലേക്കു നടത്തുന്ന യാത്ര. ഇതിനിടെ കണ്ടുമുട്ടിയ കഥാപാത്രങ്ങള്‍. അനുഭവങ്ങള്‍. അങ്ങനെയാണ് സലീം തന്റെ പുസ്തകത്തെ വിശേഷിപ്പിച്ചത്.
ആര്‍ക്കുമുന്നിലും തന്റെ സ്വത്വമോ സ്വാതന്ത്ര്യമോ പണയം വയ്ക്കാന്‍ സന്നദ്ധനല്ലായിരുന്ന സലീം സ്വന്തം അമ്മയ്ക്കു മുന്നില്‍ മാത്രം കീഴടങ്ങി. ലാഫിങ് വില്ല എന്നു പേരിട്ട വീട്ടില്‍ ഭാര്യയ്ക്കും രണ്ടാണ്‍മക്കള്‍ക്കുമൊപ്പം ജീവിക്കുമ്പോഴും രോഗം അലട്ടുമ്പോഴും വിധിയെന്നു പഴിക്കാതെ എല്ലാ പ്രതിസന്ധികളെയും പ്രതികൂലതകളെയും വെല്ലുവിളിയായി സ്വീകരിച്ച് പൊതുമണ്ഡലത്തില്‍ സജീവമായും അവസാനം വരെയും കര്‍മ്മനിരതനായും നിലനില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ സലിം കുമാര്‍ എന്ന പേര് നിലനില്‍ക്കുക അനശ്വരമായ ചില ഹാസ്യ മുഹൂര്‍ത്ത ങ്ങളുടെ സ്രഷ്ടാവായി മാത്രമല്ല, കലയുടെ വിവിധ സാധ്യതകളെ നിരന്തരം അന്വേഷിച്ച കലാകാരനായി മാത്രമല്ല, മറിച്ച് നിലപാടുകളില്‍ വ്യതിചലിക്കാത്തൊരു വ്യക്തിയായിക്കൂടിയാണ്. മരണാനന്തരം തനിക്ക് മതപരമായ ആചാരങ്ങളൊന്നുമുണ്ടാവരുത് എന്നു കുടുംബാംഗങ്ങളോട് നിഷ്‌കര്‍ഷിച്ചതില്‍പ്പോലും പ്രതിബദ്ധതയുള്ളൊരു മനുഷ്യന്റെ തളരാത്ത ഇച്ഛാശക്തി കാണാം.സിനിമയില്‍ വരുന്നതിനു മുമ്പാണ് സലീംകുമാര്‍ സുനിതയെ ജീവിതസഖിയാക്കിയത്. അവരുടെ ചന്തു, ആരോമല്‍ എന്നീ മക്കളില്‍ ചന്തു അടുത്തിടെ മഞ്ഞുമ്മല്‍ ബോയ്‌സ്, ലോകാ ചാപ്റ്റര്‍ വണ്‍ ചന്ദ്ര തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായി തിളങ്ങിയ യുവനടനാണ്.
കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ സലിം കുമാര്‍ എന്ന പേര് നിലനില്‍ക്കുക അനശ്വരമായ ചില ഹാസ്യ മുഹൂര്‍ത്തങ്ങളുടെ സ്രഷ്ടാവായി മാത്രമല്ല, കലയുടെ വിവിധ സാധ്യതകളെ നിരന്തരം അന്വേഷിച്ച കലാകാരനായി മാത്രമല്ല, മറിച്ച് നിലപാടുകളില്‍ വ്യതിചലിക്കാത്തൊരു വ്യക്തിയായിക്കൂടിയാണ്. മരണാനന്തരം തനിക്ക് മതപരമായ ആചാരങ്ങളൊന്നുമുണ്ടാവരുത് എന്നു കുടുംബാംഗങ്ങളോട് നിഷ്‌കര്‍ഷിച്ചതില്‍പ്പോലും പ്രതിബദ്ധതയുള്ളൊരു മനുഷ്യന്റെ തളരാത്ത ഇച്ഛാശക്തി കാണാം.
No comments:
Post a Comment