Kala Kaumudi weekly
2026 June 14
എ.ചന്ദ്രശേഖര്‍
ആരായിരുന്നു മലയാളിക്ക് സലീംകുമാര്‍? ജീവിതത്തിലൊരിക്കലെങ്കിലും സലീമിന്റെ സിനിമ കണ്ടിട്ടുള്ള, സമൂഹമാധ്യമങ്ങളില്‍ ഏതെങ്കിലും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിട്ടുള്ള, വാട്‌സാപ്പ് ചര്‍ച്ചകളില്‍ പ്രതികരിച്ചിട്ടുള്ള, ഒരാള്‍ക്ക് സലീം കുമാര്‍ എന്തായാലും ഒരഭിനേതാവു മാത്രമല്ല, മറിച്ച് അവരുടെ ജീവിതത്തില്‍ അത്രയേറെ ഇടപെട്ടിട്ടുളള, അവരുടെ പ്രതികരണങ്ങള്‍ക്ക് ചില പുതുമാനവും രൂപവും ഭാഷയും നല്‍കിയിട്ടുള്ളൊരു പ്രതിഭയാണ്, പ്രതിഭാസമാണ്. തലമുറകളുടെ ആത്മസംഘര്‍ഷങ്ങളെ സരസവും ലളിതവും സംവേദനക്ഷമവുമായ ചില മീമുകളും മൈമുകളും ഡയലോഗുകളും മോണോലോഗുകളുമാക്കി ആവിഷ്‌കരിച്ച കലാകാരന്‍. 'അയാം ദ സോറി അളിയാ അയാം ദ സോറി' എന്നോ 'ഡോണ്ടൂ ഡോണ്ടൂ', 'കാണാന്‍ വലിയ ലുക്കില്ലെന്നേയുള്ളു ഭയങ്കര ബുദ്ധിയാ...' എന്നോ ജീവിതത്തില്‍ ഒരിക്കലെങ്കിലും പറഞ്ഞിട്ടില്ലാത്ത മലയാളി ആ സംഭാഷണശകലങ്ങള്‍ക്ക് ഈ പ്രതിഭയോട് കടപ്പെട്ടിരിക്കുന്നു. അതാണ് ഇതര ഹാസ്യനടന്മാരില്‍ നിന്ന് സലീമിനെ വിഭിന്നനാക്കുന്നതും.
സിനിമയുടെ ചിട്ടവട്ടങ്ങള്‍ക്കൊത്ത രൂപസൗകുമാര്യമൊന്നുമായിരുന്നില്ല, ലേശമിരുണ്ട് കിളരം കൂടിയ സലീം കുമാറിന്റേത്. എന്നിട്ടും സ്വന്തം ശരീരത്തെ ആക്ഷേപിച്ചുകൊണ്ടോ ഉപയോഗപ്പെടുത്തിക്കൊണ്ടോ ഉള്ള ഹാസ്യാവതരണശൈലിയായിരുന്നില്ല അദ്ദേഹത്തിന്റെത്. സ്‌കിറ്റ് അഥവാ ഹാസ്യരൂപകങ്ങളും ഹാസ്യചിത്രീകരണങ്ങളും ധാരാളം സൃഷ്ടിച്ചിട്ടുള്ളതുകൊണ്ടുതന്നെ രംഗസന്ദര്‍ഭങ്ങള്‍ക്കനുയോജ്യമായ ചില സംഭാഷണങ്ങള്‍ സ്വയം സൃഷ്ടിച്ചുകൊണ്ടാണ് സലീം കുമാര്‍ സ്വന്തം കഥാപാത്രങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കിയത്. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റാനാവാത്തവിധം സ്വയം സൃഷ്ടിച്ച് സംവിധായകന്റെ കാലുപിടിച്ച് ഉള്‍പ്പെടുത്തിയ കല്യാണരാമനിലെ 'എന്തിനോ തിളയ്ക്കുന്ന സാമ്പാര്‍!' എന്ന ആത്മഗതം പില്‍ക്കാലത്ത് മലയാളിയുടെ നിത്യജീവിതത്തില്‍ നിന്ന് അടര്‍ത്തിമാറ്റാനാവാത്തൊരു പ്രയോഗം തന്നെയായിത്തീര്‍ന്നതോര്‍ക്കുക.
സലിം കുമാറിന്റെ കലാജീവിതത്തെ പൊതുവേ രണ്ടായി തിരിക്കാം. ഹാസ്യനടനെന്ന നിലയിലുള്ള ആദ്യപകുതിയും, വൈവിദ്ധ്യമാര്‍ന്ന അഭിനയശേഷി ആവശ്യപ്പെട്ട ഗൗരവമുള്ള വേഷങ്ങളും, രചനയും സംവിധാനവും നിര്‍വഹിച്ച സിനിമകളും ഉള്‍പ്പെടുന്ന രണ്ടാം ഘട്ടവും. ഈ രണ്ടുഘട്ടങ്ങളിലും സാധാരണ മനുഷ്യരുടെ ജീവിതാനുഭവങ്ങളെ നര്‍മ്മത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കാനും, മനുഷ്യവേദനയും ആത്മസംഘര്‍ഷങ്ങളും ആത്മാര്‍ത്ഥമായി ആവിഷ്‌കരിക്കാനും അദ്ദേഹത്തിന് അനായാസം സാധിച്ചു.
1969 ഒക്ടോബര്‍ 10-ന് എറണാകുളം ജില്ലയിലെ വക്കന്‍പറവൂരിലെ ചിറ്റാറ്റുകരയില്‍ ഗംഗാധരന്റെയും കൗസല്യയുടെയും മകനായാണ് സലിം കുമാര്‍ ജനിച്ചത്. മതാതീത ചിന്തകള്‍ക്ക് പ്രാധാന്യം നല്‍കിയ പിതാവ്, മതപരമായ തിരിച്ചറിയലുകളെ മറികടക്കുക്കുംവിധം മകനെ 'സലിം' എന്നാണ് പേരുവിളിച്ചത.് കേരളത്തില്‍ അക്കാലത്തും പിന്നീടും ഹൈന്ദവരില്‍ അത്രമേല്‍ സാധാരണമല്ലാത്ത ഒരു പേരായിരുന്നു അത്. അതുകൊണ്ടുതന്നെ പിന്നീട് സ്‌കൂള്‍ പഠനകാലത്ത് അഞ്ചാംക്‌ളാസില്‍ ഔദ്യോഗിക രേഖകളിലേക്ക് പേരു ചേര്‍ത്ത പ്രധാനാധ്യാപകന് ആ പേരില്‍ സന്ദേഹം തോന്നി. അദ്ദേഹത്തിന്റെ സംഭാവയില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട തന്റെ പേരിലെ കുമാറിനെപ്പറ്റി സലീം ടച്ചോടെ പിന്നീടദ്ദേഹം പറഞ്ഞിട്ടുള്ളതിങ്ങനെ- 'അങ്ങനെ അഞ്ചാം ക്‌ളാസുവരെ ഞാന്‍ മുസ്‌ളീമായി ജീവിച്ചു. പിന്നീടാണ് ഹിന്ദുവായത്!' ജീവിതത്തെപ്പറ്റി, 'ചിന്തിച്ചാല്‍ ഒരന്തവുമില്ല, ചിന്തിച്ചില്ലെങ്കില്‍ ഒരു കുന്തവുമില്ല' എന്ന ഒറ്റവരിയില്‍ വിവരിക്കുമായിരുന്ന സലീംകുമാറിലെ വി.കെ.എന്നിനെ തിരിച്ചറിയാന്‍ ഇതിലും വലിയ തെളിവുകള്‍ അന്വേഷിച്ചലയേണ്ടതില്ല.കടുത്ത ആരോഗ്യപ്രതിസന്ധിയില്‍ ജീവിതം തന്നെ ഒരു ചോദ്യചിഹ്നമായി നില്‍ക്കുമ്പോഴും ലോകത്തെ ചിരിപ്പിക്കാനും ലോകത്തെ നോക്കി ചിരിക്കാനും സാധിച്ചിട്ടുണ്ടെങ്കില്‍ സലീം കുമാര്‍ എന്ന കലാകാരന്റെ ജീവിതവീക്ഷണത്തിന്റെ ദൃഷ്ടാന്തമാണത്
വടക്കന്‍ പറവൂര്‍ ഗവണ്‍മെന്റ് സ്‌കൂളുകളിലും തുടര്‍ന്ന് മാല്യങ്കര എസ്.എന്‍.എം. കോളജിലും എറണാകുളം മഹാരാജാസ് കോളജിലുമായിരുന്നു സലീം വിദ്യാഭ്യാസം. പൂര്‍ത്തിയാക്കിയത്. പൂര്‍ത്തിയാക്കിയത് എന്നു പറഞ്ഞാല്‍ പൂര്‍ണാര്‍ത്ഥത്തില്‍ അതു വാസ്തവമല്ല. കാരണം സലീം കുമാറിന് ബിരുദം പൂര്‍ത്തിയാക്കാനായില്ല. അപ്പോഴേക്ക് അയാള്‍ സിനിമയില്‍ ചേക്കേറിക്കഴിഞ്ഞിരുന്നു. വക്കീലാവാനായിരുന്നു താല്‍പര്യം. എന്നാല്‍ മഹാരാജാസില്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ കലാപ്രവര്‍ത്തനങ്ങ ളോടും പൊതുപ്രവര്‍ത്തനങ്ങളോടും താല്‍പര്യം പ്രകടിപ്പിച്ച സലീം കേരളത്തില്‍ ഉത്സവ -പൊതുവേദികളില്‍ കഥാപ്രസംഗങ്ങളെയും ഒരളവുവരെ നാടകങ്ങളെയും മറികടന്ന് ശ്രദ്ധേയമായിക്കഴിഞ്ഞ മിമിക്രി പ്രസ്ഥാനത്തിന്റെ ഭാഗമായി. മഹാത്മാഗാന്ധി സര്‍വകലാശാല യുവജനോത്സവങ്ങളില്‍ തുടര്‍ച്ചയായി പുരസ്‌കാരങ്ങള്‍ നേടിയതിലൂടെ സലീം കുമാര്‍ എന്ന കലാകാരന്‍ ശ്രദ്ധിക്കപ്പെട്ടു.ടെലിവിഷന്‍-സിനിമാനിര്‍മ്മാതാക്കളുടെയും ശ്രദ്ധയില്‍പ്പെട്ടു.
സിദ്ദിഖ് ഷമീറിന്റെ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലെ നായകന്റെ സുഹൃദ്‌സംഘത്തിലൊരാളായി 1996 ലായിരുന്നു അരങ്ങേറ്റം. 1997സാങ്കേതികമായി ആ അവസരം തേടിയെത്തിയതാണെങ്കിലും തുടര്‍ന്ന് സിനിമയിലെ അദ്ദേഹത്തിന്റെ പയനം ഒട്ടുമേ അനായാസമായിരുന്നില്ല. അപ്പോഴേക്ക് സുനിതയെ അദ്ദേഹം വിവാഹം കഴിക്കുകയും ചെയ്തിരുന്നു. അഭിനയജീവിതത്തില്‍ തേടിയെത്തിയ പ്രധാനപ്പെട്ട ആദ്യത്തെ മുഴുനീള വേഷത്തില്‍ നിന്ന് അപമാനിക്കപ്പെട്ട് പുറത്താക്കപ്പെട്ട ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ട് സലീമിന്. മാധ്യമപ്രവര്‍ത്തകനെന്ന നിലയ്ക്ക് ഈ ലേഖകന്‍ അതിനു സാക്ഷിയാവുകയും ചെയ്തിട്ടുണ്ട്.
1997ലാണത് ഞാനന്ന് കോട്ടയത്ത് മലയാളമനോരമയില്‍ സബ് എഡിറ്ററാണ്. പ്രത്യേക താല്‍പര്യത്തില്‍ സിനിമാപ്പേജില്‍ അഭിമുഖങ്ങളും മറ്റുമെഴുതുന്നുണ്ട്. സിബി മലയില്‍ ദിലീപിനെ നായകനും ദിവ്യ ഉണ്ണിയെ നായികയുമാക്കി സംവിധാനം ചെയ്യുന്ന നീ വരുവോളം എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്താണ്. എന്റെ സഹപാഠിയായിരുന്ന ജി.എ.ലാല്‍ ആണ് തിരക്കഥ.ആ ബന്ധത്തില്‍ സിബി മലയിലിനെയും ജഗതി ശ്രീകുമാറിനെയും മറ്റും അഭിമുഖം ചെയ്യാന്‍ ഞാന്‍ അയമനം തിരുവാറ്റയിലെ സിനിമയുടെ സെറ്റില്‍ മുന്നുനാലു ദിവസമുണ്ടായിരുന്നു. തിരുവാറ്റയിലാണ് ഓലമേഞ്ഞ ട്യൂട്ടോറിയല്‍ കോളജ് സെറ്റിട്ടിരിക്കുകയാണ്. സിബി മലയിലിനെ അഭിമുഖം ചെയ്യാന്‍ സെറ്റില്‍ ചെന്ന ദിവസം, ചിത്രീകരിക്കാനിരുന്ന രംഗത്ത് അധ്യാപികയായ മഞ്ജു പിള്ളയ്ക്കൊപ്പം അഭിനയിക്കാന്‍ ആയിടയ്ക്ക് ഏഷ്യാനെറ്റിലെ കോമിക്കോളയിലും മറ്റും തിളങ്ങി നിന്ന സലീംകുമാറാണ് വന്നത്. ഒന്നു രണ്ടു സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ടെങ്കിലും താരതമ്യേന പുതുമുഖമാണ്. സെറ്റില്‍ ആദ്യമെത്തിയ ദിവസമായതുകൊണ്ട് വസ്ത്രാലങ്കാരകന്‍ കൊടുത്ത കോസ്റ്റ്യൂം ഇട്ടുകൊണ്ട് സംവിധായകനെ കാണിക്കാന്‍ എത്തിയതാണ്. സിബി സാര്‍ അദ്ദേഹത്തെ ഒന്നു നോക്കിയിട്ടു പറഞ്ഞു ആ ഗ്ളാസ് വേണ്ട.മറ്റൊരു ഗ്ളാസാവട്ടെ. കോസ്റ്റ്യൂമര്‍ കൊടുത്ത രണ്ടാമത്തെ ഗ്ളാസ് വച്ച് നിന്നപ്പോള്‍ സിബി സാര്‍ ഒ കെ പറഞ്ഞു. ആ ദിവസം സലീമും മഞ്ജുവുമൊത്തുള്ള ഒന്നു രണ്ടു രംഗങ്ങളാണ് ചിത്രീകരിച്ചത്.
നാലഞ്ചു ദിവസം കഴിഞ്ഞ്, ജഗതിച്ചേട്ടന്റെ അഭിമുഖത്തിനായി വീണ്ടും അതേ സെറ്റിലെത്തുമ്പോള്‍ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അന്ന് മഞ്ജുപിള്ളയോടൊപ്പം നേരത്തേ സലീംകുമാര്‍ ഇട്ട കോസ്റ്റ്യൂമുമായി ഇന്ദ്രന്‍സ്. പിന്നീടാണറിഞ്ഞത്. ഒന്നുരണ്ടു ദിവസം സലീംകുമാറിനെവച്ചു ഷോട്ടെടുത്തിട്ട് തൃപ്തിയാവാതെ അദ്ദേഹത്തെ ഒഴിവാക്കി ഇന്ദ്രന്‍സിനെ വിളിച്ചുവരുത്തിയതാണ്. പില്‍ക്കാലത്ത്, സലീം കുമാര്‍ തന്നെ സ്വതസിദ്ധമായ ശൈലിയില്‍ അന്ന്, ആ റോള്‍ നഷ്ടപ്പെട്ട ദിവസം ജീവിതത്തില്‍ അനുഭവിച്ച ആത്മസംഘര്‍ഷത്തെപ്പറ്റി എഴുതിയിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ വന്ന് മേക്കപ്പിട്ട് രണ്ടു ദിവസം അഭിനയിച്ചിട്ട് അഭിനയം പോരാ എന്ന വിലയിരുത്തലോടെ സെറ്റില്‍ നിന്ന് പറഞ്ഞുവിട്ടപ്പോഴുണ്ടായ നിരാശ, അപമാനം. അതിലുമേറെ സങ്കടവും വേദനയുമായത് കയ്യില്‍ നയാപ്പൈസ പോലുമുണ്ടായിരുന്നില്ല എന്നതാണ്. രണ്ടുദിവസത്തെ അഭിനയത്തിന് വിളിച്ചുവരുത്തിയിട്ട്, മിമിക്രി കലാകാരനെന്ന നിലയില്‍ അറിയപ്പെട്ടിരുന്നിട്ടുപോലും സലീമിന് തിരികെ പോകാനുള്ള വണ്ടിക്കാശുപോലും കൊടുത്തിട്ടു ണ്ടായിരുന്നില്ല അണിയറപ്രവര്‍ത്തകര്‍. എന്തു ചെയ്യണമെന്നറിയാതെ കോട്ടയം റയില്‍വേ സ്റ്റേഷനില്‍ വിഷണ്ണനായി നില്‍ക്കെ പരിചയപ്പെട്ടൊരു വിദേശ മലയാളിയില്‍ നിന്ന് വണ്ടിക്കാശ് വാങ്ങേണ്ടി വന്നതിനെക്കുറിച്ചൊക്കെ സ്ഥായിയായ നര്‍മ്മത്തില്‍ ചാലിച്ചാണ് പറവൂരിലെ ലാഫിങ് വില്ലയുടെ നായകന്‍ സലീംകുമാര്‍ എഴുതിയിട്ടുള്ളത്. അന്നു തിരസ്‌കൃതനായ നടന്‍ പിന്നെ ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്മാരിലൊരാളായി പരിണമിച്ചത് ചരിത്രം നല്‍കിയ മറുപടി.
ലാല്‍ തന്നെ തിരക്കഥയെഴുതി വിജി തമ്പി സംവിധാനം ചെയ്ത സത്യമേവ ജയതേ(2000)യിലെ കള്ളന്റെ വേഷത്തിലൂടെയാണ് സലീം റാഫി മെക്കാര്‍ട്ടിന്മാരുടെ ശ്രദ്ധയിലെത്തുന്നത്. അവരുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ തെങ്കാശിപ്പട്ടണത്തി(2000)ലെ വേഷം അക്ഷരാര്‍ത്ഥത്തില്‍ വഴിത്തിരിവായി. അതോടെ സലിം കുമാറിന്റെ ഹാസ്യകഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ രാശിയായി. മായാവിയിലെ കണ്ണന്‍സ്രാങ്ക്, കല്യാണരാമനിലെ പ്യാരിലാല്‍, പുലിവാല്‍ കല്യാണത്തിലെ മണവാളന്‍, മീശമാധവനിലെ വക്കീല്‍ മുകുന്ദനുണ്ണി, ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രംസി ഐ ഡി മൂസയിലെ ഭ്രാന്തന്‍...ഒന്നിനു പിറകെ ഒന്നായി സലീമിന്റെ ഹിറ്റ് കഥാപാത്രങ്ങള്‍. അവയിലധികവും മലയാള സിനിമയിലെ ഹാസ്യവേഷങ്ങളില്‍ കള്‍ട്ട് തന്നെയായിമാറി.
എന്നാല്‍ 2005ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത 'അച്ഛനുറങ്ങാത്ത വീട്' പുറത്തുവന്നതോടെ സലീമിനെ ഇഷ്ടപ്പെട്ടവരും അല്ലാത്തവരും ഒരുപോലെ ഞെട്ടി. സലീംകുമാറിലെ അഭിനേതാവിന്റെ അന്നോളം കാണാത്തൊരു മറുമുഖമാണ് സാമുവല്‍ പ്രഭാകരന്‍ എന്ന കേന്ദ്ര കഥാപാത്രം വെളിപ്പെടുത്തിയത്. സമൂഹം വേട്ടയാടുന്ന പീഡിപ്പിക്കട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ ആത്മസംഘര്‍ഷം അനനുകരണീയവും അന്യാദൃശവുമായ ശൈലിയിലാണ് സലീംകുമാര്‍ ആവിഷ്‌കരിച്ചത്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡും ആ വര്‍ഷം സലീം കുമാറിനു ലഭിച്ചു. രഞ്ജിതിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ കേരളകഫേ(2009)എന്ന ചലച്ചിത്രസമാഹാരത്തില്‍ ഉണ്ണി ആര്‍ എഴുതി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജ് എന്ന ഹ്രസ്വചിത്രത്തിലെ അമ്മയെ നടതള്ളുന്ന മകന്റെ വേഷം മുതല്‍ ക്വീന്‍ എന്ന ചിത്രത്തില്‍ പീഡിതയ്ക്കുവേണ്ടി വാദിക്കുന്ന വിചിത്രമനസ്‌കനായ അഭിഭാഷകന്‍ വരെ ഒരു പിടി മികച്ച വേഷങ്ങള്‍ സലീമിനെ തേടിയെത്തി. മകനുപേക്ഷിച്ചു പോയ വൃദ്ധ ദമ്പതികളുടെ ഹജ്ജ് ശ്രമങ്ങളുടെ കഥപറഞ്ഞ സലിം അഹമ്മദിന്റെ 'ആദാമിന്റെ മകന്‍ അബു'(2010) എന്ന ചിത്രത്തിലെ വയോധികനായ അബുവായുളള അദ്ഭുതാവഹമായ വേഷപ്പകര്‍ച്ചയിലൂടെ മികച്ച നടനുള്ള ദേശീയപുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും നേടി.
മാട്ടുപ്പെട്ടി മച്ചാന്‍, പട്ടാഭിഷേകം, നാടന്‍ പെണ്ണും നാട്ടുപ്രമാണിയും, കുഞ്ഞിക്കൂനന്‍, തിളക്കം, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, തൊമ്മനും മക്കളും, രാപ്പകല്‍, രാജമാണിക്യം, ചാന്തുപൊട്ട്, കറുത്ത പക്ഷികള്‍, അണ്ണന്‍ തമ്പി, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, ഉദയനാണ് താരം, കുഞ്ഞനന്തന്റെ കട, അറബിക്കഥ, പത്തേമാരി, വെളിപാടിന്റെ പുസ്തകം, ഡ്രൈവിങ് ലൈസന്‍സ്, തല്ലുമാല തുടങ്ങി നാന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടു. ഇവയില്‍ ഉദയനാണ് താരം, കുഞ്ഞനന്തന്റെ കട, അയാളും ഞാനും തമ്മില്‍, പെരുമഴക്കാലം, ഗ്രാമഫോണ്‍ തുടങ്ങിയചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ സലീമിന്റെ നടനനൈപുണ്യം വിളിച്ചോതുന്നവയായി. 'കൂടോത്രം' ആണ് അവസാന ചിത്രം. ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍(2012) എന്ന ചിത്രത്തിലെ തൊമ്മാച്ചന്‍ എന്ന കഥാപാത്രത്തിന് മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും സലീം സംവിധാനം ചെയ്ത് ജയ്ഹിന്ദ് ടിവി സംപ്രേഷണം ചെയ്ത പരേതന്റെ പരിഭവങ്ങള്‍ എന്ന ടെലിഫിലിമിലെ പ്രധാനവേഷത്തിന് മികച്ച നടനുള്ള 2013ലെ സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരവും ലഭിച്ചു.
ഭിന്നശേഷിക്കാരായ രണ്ടുപേരുടെ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ കേരളസമൂഹത്തിന്റെ വൈവിധ്യവും മനുഷ്യമനസുകളുടെ വൈരുദ്ധ്യവും അവതരിപ്പിച്ച കമ്പാര്‍ട്ട്‌മെന്റ്എന്ന ചിത്രത്തിലൂടെയാണ് 2015ല്‍ സലീംകുമാര്‍ രചയിതാവും സംവിധായകനുമായി മാറുന്നത്. എന്നാല്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമാവിഭാഗത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കറുത്ത ജൂതന്‍ (2017) ആണ് സംവിധായകനെന്ന നിലയില്‍ സലിം കുമാറിനെ സിനിമാചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്. കേരളത്തിലെ അന്യവല്‍ക്കരിക്കപ്പെട്ട ജൂതസമൂഹത്തിന്റെ ജീവിതത്തിലൂടെ ന്യൂനപക്ഷസമൂഹങ്ങളുടെ ഓര്‍മ്മകള്‍ ചരിത്രത്തില്‍ രേഖപ്പെടാതെ പോകുന്നതെങ്ങനെ എന്നദ്ദേഹം വ്യക്തമാക്കി. ആരോണ്‍ ഇല്യാഹുവായി സലീം കുമാര്‍ തന്നെയാണ് വേഷമിട്ടത്. ഈ ചിത്രത്തിന്റെ കഥയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. പിന്നീട് 2018ല്‍ സംവിധാനം ചെയ്ത ദൈവമേ കൈതൊഴാം കെ. കുമാറാകണം മികച്ച സറ്റയറായിരുന്നെങ്കിലും അര്‍ഹിക്കുന്ന വിജയം നേടിയില്ല.
കലാകാരന്റെ നിഷ്പക്ഷത എന്ന നാട്യത്തോട് പുച്ഛമായിരുന്നു സലീം കുമാറിന്. പഠിക്കുമ്പോള്‍ കെ എസ് യു കാരനായിരുന്ന സലീം താന്‍ ജനിച്ചതേ കോണ്‍ഗ്രസുകാരനായിട്ടാണ് എന്നാണ് സ്വയം വിശേഷിപ്പിച്ചത്. ആറുവയസുമുതല്‍ കോണ്‍ഗ്രസ് ചടങ്ങുകളില്‍ പങ്കെടുത്തിട്ടുള്ള സലീം തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടുതേടാന്‍ മടിച്ചില്ല. കോണ്‍ഗ്രസിനു വേണ്ടി ഒരു പക്ഷേ ആദ്യവും അവസാനവുമായി ഒരാള്‍ തെരുവുനാടകം സംഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ അതു താനായിരിക്കുമെന്ന് അഭിമാനത്തോടെ പറഞ്ഞിട്ടുണ്ടദ്ദേഹം. ആര്‍ക്കുമുന്നിലും തന്റെ സ്വത്വമോ സ്വാതന്ത്ര്യമോ പണയം വയ്ക്കാന്‍ സന്നദ്ധനല്ലായിരുന്ന സലീം സ്വന്തം അമ്മയുടെ സ്‌നേഹവാത്സല്യങ്ങള്‍ക്കു മുന്നില്‍ മാത്രം പത്തിമടക്കി. അമ്മയായിരുന്നു അദ്ദേഹത്തിന്റെ ദൗര്‍ബല്യം. ചന്തു, ആരോമല്‍ എന്നീ മക്കളില്‍ ചന്തു അടുത്തിടെ മഞ്ഞുമ്മല്‍ ബോയ്‌സ്, ലോകാ ചാപ്റ്റര്‍ വണ്‍ ചന്ദ്ര തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേയനായി തിളങ്ങിയ യുവനടനാണ്. ഭാര്യയ്ക്കും രണ്ടാണ്‍മക്കള്‍ക്കുമൊപ്പം ജീവിക്കുമ്പോഴും രോഗം അലട്ടുമ്പോഴും വിധിയെ പഴിക്കാതെ അവയെയെല്ലാം തൃണവല്‍ക്കരിച്ച് പൊതുമണ്ഡലത്തില്‍ സജീവവും കര്‍മ്മനിരതവുമായി നില്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചു.മരണാനന്തരം തനിക്ക് മതപരമായ ആചാരങ്ങളൊന്നുമുണ്ടാവരുത് എന്നു കുടുംബാംഗങ്ങളോട് നിഷ്‌കര്‍ഷിച്ചതില്‍പ്പോലും പ്രതിബദ്ധതയുള്ളൊരു മനുഷ്യന്റെ തളരാത്ത ഇച്ഛാശക്തി കാണാം.
മണ്ണില്‍ ചവിട്ടി നിന്ന മനുഷ്യനെന്നതിലുപരി മണ്ണിനെ സ്‌നേഹിച്ച മികച്ചൊരു കര്‍ഷകനായിരുന്നു സലീംകുമാര്‍. പോക്കാളികൃഷിയടക്കം കൃഷിയെ അദ്ദേഹം തികഞ്ഞ അവധാനതയോടെയാണ് സമീപിച്ചത്.കൃഷിക്കാരനാവാന്‍ എല്ലാവര്‍ക്കും സാധിക്കില്ലെന്നുറച്ചു വിശ്വസിക്കുകയും ചെയ്തു അദ്ദേഹം. കൃഷിയെ ഫാഷനായല്ല, ആവശ്യമായാണ് അദ്ദേഹം കണ്ടത്.പോക്കാളി കൃഷിയെപ്പറ്റി ഒരു ഹ്രസ്വചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.
സ്വന്തം വാക്കോ പ്രവര്‍ത്തിയോ മറ്റൊരാള്‍ക്ക് അപമാനമാവരുത് എന്ന കരുതലുണ്ടായിരുന്നു അദ്ദേഹത്തിന്. ആത്മവേദനകളെ സ്വതസിദ്ധമായ തമാശയില്‍ പൊതിഞ്ഞ് അതിശയോക്തിപരമായി അവതരിപ്പിച്ചിരുന്ന അദ്ദേഹം സ്വന്തം കണ്ണീര് മറ്റുള്ളവര്‍ കാണാതെ നോക്കി. ഈശ്വരാ വഴക്കില്ലല്ലോ എന്ന ആത്മകഥാക്കുറിപ്പുകളെ അദ്ദേഹം വിശേഷിപ്പിക്കുന്നത് നോക്കുക: 'വിനോദയാത്ര കഴിഞ്ഞു തിരിച്ചെത്തിയ പ്രിയപ്പെട്ടവരുടെ യാത്രാ വിവരണം പോലെ ജനനമെന്ന സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നിന്ന് മരണം എന്ന ഫിനിഷിങ് പോയിന്റിലേക്കു നടത്തുന്ന യാത്ര. ഇതിനിടെ കണ്ടുമുട്ടിയ കഥാപാത്രങ്ങള്‍. അനുഭവങ്ങള്‍.'
ആരോ എഴുതിയ സ്‌ക്രിപ്റ്റാണ് ജീവിതം എന്നു വിശ്വസിച്ച മനുഷ്യനായിരുന്നു സലീംകുമാര്‍. എത്ര വലിപ്പത്തിലേക്കുയര്‍ന്നാലും ഒരു ഐ.സി.യുവില്‍ തീരാവുന്നതേയുള്ളൂ ജീവിതം എന്നായിരുന്നു സലീമിന്റെ ജീവിതാവബോധം. ഇക്കഴിഞ്ഞ ജൂണ്‍ ആറിന് രാത്രി കൊച്ചിയിലെ ആശുപത്രി ഐ സി യൂവില്‍ 56-ാം വയസില്‍ ആ ജീവിതം പൊലിയുമ്പോള്‍ നിശ്ചയമായും അത് അകാലത്തിലുള്ളതാണെന്നതില്‍ തര്‍ക്കമില്ല. സലീമില്‍ നിന്ന് പ്രേക്ഷകന് ഇനിയും മികച്ചത് കിട്ടേണ്ടതായിരുന്നു. കേരളത്തില്‍ നിന്ന് സലീമിനും.
No comments:
Post a Comment