മോഹൻലാൽ : സഞ്ചിത ഗൃഹാതുരത്വത്തിന്റെ ആൾരൂപം
article written on Mohanlal winning the Dadasaheb Phalke Award published in Chinthaplus online.
Tuesday, September 23, 2025
മോഹൻലാൽ : സഞ്ചിത ഗൃഹാതുരത്വത്തിന്റെ ആൾരൂപം
Monday, September 22, 2025
ദുരഭിമാനക്കൊല സമകാലിക മലയാള സിനിമയില്‍
പ്രസാധകന് ഓണപ്പതിപ്പ് 2025
എ.ചന്ദ്രശേഖര്‍
കുടുംബം, തറവാട്ടുമഹിമ, സാമൂദായിക അന്തസ്, ആഭിജാത്യം എന്നിങ്ങനെ ജാതീയതയുടെ ഉപോല്‍പ്പന്നങ്ങള്‍ക്കെല്ലാം സാമാന്യം വേരോട്ടമുള്ള സമൂഹം തന്നെയാണ് കേരളത്തിലേത്. വിദ്യാഭ്യാസത്തിലൂടെയും സാംസ്കാരികമായ നവോത്ഥാനങ്ങളിലൂടെയും പിഴുതുമാറ്റിയെന്നവകാശപ്പെടുന്നുണ്ടെങ്കിലും മതങ്ങള്‍ തമ്മിലും മതങ്ങള്‍ക്കുള്ളിലും ഈ വൈരുദ്ധ്യവും വേര്‍തിരിവും ഒളിഞ്ഞും തെളിഞ്ഞും ആഴത്തിലും പരപ്പിലും പല തരത്തിലും തലത്തിലും നിലനില്ക്കുന്നുണ്ടെന്നതാണ് സത്യം. പലപ്പോഴും പ്രണയം, പ്രണയവിവാഹം, പ്രണയാനന്തരജീവിതം എന്നിവയിലാണ് അവ പ്രത്യക്ഷമായിക്കാണുകയെന്നുമാത്രം. മതംമാറിയും ജാതിമാറിയുമുള്ള പ്രണയ/പ്രണയേതര വിവാഹങ്ങളെ സാഹസം എന്നു വിശേഷിപ്പിക്കുന്നുണ്ടെങ്കില്‍ ആ സമൂഹത്തില്‍ ജാതിചിന്തയും ജാതിവിവേചനവും നിലനില്ക്കുന്നു എന്നുതന്നെ കരുതേണ്ടതുണ്ട്. കേരളത്തെ സംബന്ധിച്ച്, തമിഴ്നാട്ടിലേതുപോലെയോ, ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതുപോലെയോ അത്രയ്ക്കു സ്പഷ്ടവും പ്രകടവുമായ ജാതിസ്പര്‍ദ്ധ നിലനില്ക്കുന്നില്ല എന്നത് സത്യമാണ്. പക്ഷേ അപൂര്‍വമായെങ്കിലും വെളിപ്പെടുന്ന അട്ടപ്പാടിയിലെ മധു വധക്കേസും, ദുരഭിമാനക്കൊലക്കേസുകളും വ്യക്തമാക്കുന്നത് കേരളീയസമൂഹത്തിന്റെയും മനസുകളുടെ അടിത്തട്ടില്‍ നിന്ന് ജാതിചിന്ത തുടച്ചുനീക്കപ്പെട്ടിട്ടില്ല എന്നുതന്നെയാണ്. തലമുറ മാറ്റം സംഭവിക്കുമ്പോഴും ജാതിചിന്ത കുറഞ്ഞ അളവിലെങ്കിലും കൈമാറ്റം ചെയ്യപ്പെടുകയും നിലനില്ക്കുകയും ചെയ്യുന്നുവെന്നത് കാണാതിരുന്നുകൂടാ. സ്വാഭാവികമായി അതവരുടെ കലാസാഹിത്യസാംസ്കാരിക പ്രകാശനങ്ങളിലും ആവിഷ്കാരയിടമുറപ്പിക്കും. വേടന്റെ പാട്ടിനും വരികള്‍ക്കും പൊതുസ്വീകാര്യത കൈവരുന്നതിനു പിന്നില്‍ സമൂഹത്തില്‍ ഉറങ്ങിക്കിടക്കുന്ന ജാതിവിവേചനത്തോടുള്ള അധഃസ്ഥിതതരുടെ പ്രതിരോധത്തിന് പ്രധാന പങ്കുണ്ട്. മലയാള സാഹിത്യത്തിലും സിനിമയിലും ദലിത/സബ് ആല്‍ട്ടണ്‍ ഉള്ളടക്കങ്ങള്‍ വര്‍ധിച്ചുവരുന്നതും അതുകൊണ്ടുതന്നെയാണ്. ഈ സാഹചര്യത്തില്‍ ജാതി, മതം, ലിംഗം, പ്രണയം തുടങ്ങിയ വിഷയങ്ങളെ പശ്ചാത്തലത്തില്‍ നിര്‍ത്തിക്കൊണ്ട് 'ദുരഭിമാനക്കൊല' എന്ന സാമൂഹികപ്രശ്നം, മലയാള സിനിമയില്‍ എങ്ങനെ പ്രതിനിധാനം ചെയ്യപ്പെടുന്നുവെന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍. പ്രശസ്ത താരനിബിഢമായ നാല് സിനിമകളാണ് ഇവിടെ പരിഗണനയ്ക്കെടുക്കുന്നത്. ജീവന് ജോബ് തോമസിന്റെ രചനയില്‍ എഴുത്തുകാരനും നടനും സംവിധായകനുമായ മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യന്(2018), സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ഭാരതാ സര്‍ക്കസ് (2022), രത്തീന സംവിധാനം ചെയ്ത പുഴു(2022), നവാഗതനായ അനില്‍ദേവ് എഴുതി സംവിധാനം ചെയ്ത ഉറ്റവര്‍(2024), കെ.ആര്.സുനിലിന്റെ തിരക്കഥയില്‍ തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്ത തുടരും(2025), ഷാഹി കബീര്‍ എഴുതി സംവിധാനം ചെയ്ത റോന്ത്(2025) എന്നിവയാണവ.
തമിഴ്നാട്ടിലും ഉത്തരേന്ത്യയിലും മറ്റും നിലനില്‍ക്കുന്നപോലെ കേരളത്തില്‍ ജാതിവെറിയും ദുരഭിമാനക്കൊലകളും നടക്കുന്നില്ല എന്നതു പകല്‍ പോലെ സത്യമാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ആഴത്തിലുള്ള വേരോട്ടവും, അരനൂറ്റാണ്ടു കൊണ്ടു സമ്പദ്രംഗത്തും വിദ്യാഭ്യാസത്തിലും മറ്റും കേരളം നേടിയ പുരോഗതിയുടെയും മാധ്യമജാഗ്രതയുടെയും ഫലശ്രുതിയായാണിത്. എന്നാലും ഒറ്റപ്പെട്ട് കേരളത്തിലും ദുരഭിമാനക്കൊലകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവ വ്യാപകമായി മാധ്യമശ്രദ്ധനേടുകയും തദ്വാരാ നിയമപരമായ നടപടികള്‍ നേരിടുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുമുണ്ട്. പൊതുേവ അത്തരം സംഭവങ്ങള്‍ സാമ്പത്തിക അസമത്വത്തെ അടിസ്ഥാനമാക്കിയുണ്ടായതാണെന്നു സൂക്ഷ്മപരിശോധനയില്‍ വ്യക്തമാകും.
ഇതില്‍ മധുപാലിന്റെ ചിത്രമാണ് ഏറെക്കുറേ വാസ്തവത്തോടടുത്തുനില്‍ക്കുന്ന, നിറം ചേര്‍ക്കാത്ത ആഖ്യാനം. തമിഴ്നാട്ടിലെ തീവ്ര ജാതിവെറിയുടെ ഇരയായി നാടുവിടേണ്ടി വന്ന ഒരു സ്ത്രീയെ പതിറ്റാണ്ടുകള്‍ക്കു ശേഷം വാര്‍ധക്യത്തിലും പിന്തുടര്ന്നു കൊലപ്പെടുത്തുന്നതിന്റെയും അതിന്റെ ഉത്തരവാദിത്തം ഊരുംപേരുമില്ലാത്ത ചെറുപ്പക്കാരനില്‍ വന്നുപെടുകയും ചെയ്യുന്നതായിരുന്നു ഒരു കുപ്രസിദ്ധ പയ്യന്റെ ഇതിവൃത്തം. ദുരഭിമാനക്കൊലയാണു വിഷയമെങ്കിലും, അതു കേരളത്തില്‍ നടക്കുന്നതായുള്ള വ്യാജ ഭാവനയല്ല, തമിഴ്നാട്ടിലെ കുപ്രസിദ്ധമായ ഒരു ജില്ലയില്‍ നിലനില്‍ക്കുന്ന അനാചാരത്തിന്റെ, സാമൂഹികവിരുദ്ധതയുടെ ഇരയായിട്ടാണ് മധുപാല്‍ തന്റെ ചിത്രത്തിലവതരിപ്പിച്ചത്. താഴ്ന്ന ജാതിയില്‍പ്പെട്ടൊരാളെ പ്രണയിച്ച് ഒളിച്ചോടിയതിന്റെ പേരിലാണു ചിത്രത്തിലെ നായിക പതിറ്റാണ്ടുകള്‍ക്കു ശേഷം ആക്രമിക്കപ്പെടുന്നതും കൊല്ലപ്പെടുന്നതും.
ദുരഭിമാനക്കൊല എന്നും അഭിമാനക്കൊല എന്നും വിളിക്കപ്പെടുന്ന ഈ സാമൂഹികവൈരുദ്ധ്യം, കുടുംബത്തിന്റെ /സാമുദായിക വിഭാഗത്തിന്റെ സാങ്കല്പിക/പൈതൃക/പാരമ്പര്യമായ അന്തസ്/ആഭിജാത്യം നിലനിര്‍ത്താനും സംരക്ഷിക്കാനുമെന്ന പേരില്‍, മനുഷ്യത്വവും തത്വദീക്ഷയും മാറിനില്‍ക്കുന്ന ഒരു അതിരാണ്. എല്ലാവര്ക്കും ജീവിതസത്യമായി മാറിയ ഇത്തരം കേസുകളെ പ്രത്യക്ഷമായും പരോക്ഷമായും ആവഹിച്ചുകൊണ്ടാണ് മലയാള സിനിമ ഈ വിഷയത്തെ പ്രമേയമാക്കിയിട്ടുള്ളത്.അടുത്തകാലത്ത് അത് പ്രകടമായിക്കണ്ട ആദ്യ സിനിമ മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യന് ആണ്.
ഒരു കുപ്രസിദ്ധ പയ്യന് മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ വിചാരണകളാണ് സിനിമയെ പ്രസക്തമാക്കു ന്നത്. നീതിന്യായ വ്യവസ്തയുടെ ദയാരാഹിത്യവും കൗശലവും സിനിമ പ്രശ്നവത്കരിക്കുന്നുണ്ട്. ഇതിലെ മുഖ്യപ്രതികള്‍ പൊലീസുകാരാണ്. അവിടെനിന്ന് തന്നെയാണ് സിനിമയും തുടങ്ങുന്നത്. എത്രമാത്രം മലിനമാണ് നമ്മുടെ ക്രമസമാധാന വ്യവസ്ഥയെന്ന് സിനിമ വ്യക്തമാക്കുന്നുണ്ട്. ജീവന് ജോബ് േതാമസ് എന്ന എഴുത്തുകാരന്റെ രാഷ്ട്രീയ ബോധ്യങ്ങള്‍ ഇവിടെ പ്രസക്തമാണെന്ന് തോന്നുന്നു.
ബാഹ്യതലത്തില്‍ സ്വന്തമായി ഒരസ്തിത്വം പോലും അവകാശപ്പെടാനില്ലാത്ത അനാഥരും അരക്ഷിതരുമായ പാവം മനുഷ്യരോട് രാജ്യത്തെ നീതിനിര്‍വഹണവ്യവസ്ഥ എങ്ങനെയാണ് പെരുമാറുന്നത് എന്നതിന്റെ, അവര്‍ക്കു നേരേ നടക്കുന്ന പ്രത്യക്ഷ മനുഷ്യാവകാശ ലംഘനത്തിന്റെ ഞെട്ടിക്കുന്ന ആഖ്യാനമാണ് ഒരു കുപ്രസിദ്ധ പയ്യന്. എന്നാല്‍ ആന്തരികതലത്തില്‍ അതൊരു ജാതിസ്പര്‍ദ്ധയില്‍ ഉയിര്‍ത്ത്, വര്‍ഷങ്ങള്‍ നീണ്ട പകയൂതി ജ്വലിപ്പിച്ചു നിര്‍വഹിക്കപ്പെടുന്നൊരു ദുരഭിമാനക്കൊലയുടെ ആഖ്യാനമാണ് യഥാര്‍ഥത്തില്‍.
അമ്മയെപ്പോലെ സ്നേഹിച്ച ചെമ്പകമ്മാളിന്റെ മരണത്തോടെയാണ് അനാഥനും അസ്തിത്വമില്ലാത്തവനുമായ അജയന്റെ ജീവിതം തന്നെ മാറുന്നത്. അവനൊപ്പം നിന്നവരെയെല്ലാം ആ സംഭവം അവന് എതിരാക്കി മാറ്റുന്നു. അജയന്റെ കുപ്രസിദ്ധിയുടെ കഥ അവിടെനിന്നാണ് ആരംഭിക്കുന്നത്. പ്രമാദമായ കോഴിക്കോട്ടെ സുന്ദരിയമ്മ കൊലക്കേസില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടതാണ് പയ്യന്സിന്റെ പ്രമേയം.ലകോഴിക്കോട്ട് വട്ടക്കിണറില്‍ ഇഡ്ഡലിക്കച്ചവടം നടത്തിയിരുന്ന സുന്ദരിയമ്മയെ ഒരു പ്രഭാതത്തില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹോട്ടല്‍ തൊഴിലാളി ജയേഷിനെയാണ് ആദ്യം അറസ്റ്റ് ചെയ്തതെങ്കിലും ഒടുവില്‍ സുന്ദരിയമ്മയുടേത് വര്‍ഷങ്ങള്‍ നീണ്ട തമിഴ്നാട്ടിലെ ജാതിസ്പര്‍ദ്ധയെത്തുടര്‍ന്നുള്ള ദുരഭിമാനക്കൊലയാണെന്ന് തെളിയുകയായിരുന്നു.
മാധ്യമങ്ങളുടെയും രാഷ്ട്രീയ ഇടപെടലുകളുടെയും സമ്മര്‍ദ്ദം മൂലം തങ്ങളുടെ മുഖം രക്ഷിക്കാന്‍ പ്രതികളെ 'നിര്‍മ്മിക്കുന്ന' പോലീസിനെ വിമര്‍ശിക്കുന്ന ചിത്രമെന്ന നിലയ്ക്കാണ് ഒരു കുപ്രസിദ്ധ പയ്യന് പരക്കെ വായിക്കപ്പെട്ടത്. അത്തരമൊരു ആഖ്യാനത്തിന്റെ പരപ്പില്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ദുരഭിമാനക്കൊലയുടെ ആഖ്യാനകം മുങ്ങി/മങ്ങിപ്പോവുകയായിരുന്നു എന്നതാണ് വാസ്തവം.
ദുരഭിമാനക്കൊലയെന്നത് തമഴ്നാട്ടില്‍ വ്യാപകമാണെന്നതുകൊണ്ടുതന്നെ ഒരു കുപ്രസിദ്ധ പയ്യന്റെ ഇതിവൃത്തത്തിന് വിശ്വാസ്യതയുണ്ടായിരുന്നു. എന്നാല്‍ കോട്ടയത്തെ കെവിന് പി ജോസഫിന്റെ ദുരഭിമാനക്കൊലയില്‍ നിന്ന് പരോക്ഷമായി ഊര്‍ജ്ജമുള്‍ക്കൊണ്ട ഉറ്റവര്‍ എന്ന ചിത്രത്തിന്റെ സാമൂഹികസാധ്യത ഇതേ വിശ്വാസ്യതയുടെ പേരില്‍തന്നെ ചോദ്യം ചെയ്യപ്പെടുകയുണ്ടായി. രത്തീനയുടെ മ്മൂട്ടി ചിത്രമായ പുഴു(2022)വില്‍ ദൃശ്യവല്‍ക്കരിച്ചിട്ടുള്ളതുപോലെ, ഒരു മതമേല്‍ക്കോയ്മ കേരളത്തിന്റെ സാമൂഹിക സാഹചര്യത്തില്‍ എത്രത്തോളം പ്രസക്തമാണെന്ന വസ്തുത ചര്‍ച്ചയ്ക്കു വിഷയമായതിനോടൊപ്പമായിരുന്നു അത്തരമൊരു വായന പ്രസക്തി കൈവരിച്ചത്. കെവിന്റെ കൊലപാതകം സാങ്കേതികമായി ദുരഭിമാനക്കൊലയുടെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്നതാണെങ്കിലും അതു സംഭവിച്ചത് ജാതീയപരിഗണനകളുടെ പേരിലായിരുന്നില്ലെന്നതും കേരളത്തിന്റെ സാമൂഹികസാഹചര്യത്തില്‍ തീര്‍ത്തും സാമ്പത്തികമായ പരിഗണനകളുടെ പേരിലായിരുന്നെന്നതുമാണ് വിശകലനം ചെയ്യപ്പെടേണ്ടത്. പുഴുവില്‍ പ്രതിപാദിക്കപ്പെട്ട സമുദായങ്ങള്‍ക്ക് അതില്‍ പരാമര്‍ശിക്കപ്പെട്ട വിധത്തിലുള്ള സാമ്പത്തികമോ സാമൂഹികമോ ജാതീയമോ ആയ മേല്ക്കോയ്മയോ അസ്തിത്വമോ കേരളത്തിന്റെ സാമൂഹിക/സാമ്പത്തിക പരിസ്ഥിതിയില്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യത്തിലാണ് അത്തരം വിമര്‍ശനങ്ങള്‍ അവ നേരിടേണ്ടിവന്നത്.
കാലമെത്ര പുരോഗമിച്ചിട്ടും കേരള സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ജാതി വിവേചനങ്ങളു ടെയും ഉച്ചനീചത്വങ്ങളുടെയും നേര്‍ക്കാഴ്ചയാണ് ഉറ്റവര്‍ എന്നാണ് ആര് ബി ശ്രീലേഖ മനോരമഓണ്‍ലൈനിലെഴുതിയ നിരൂപണത്തില്‍ അഭിപ്രായപ്പെടുന്നത്. (മാര്‍ച്ച് 14, 2025)കൂടെപ്പിറന്നവരോ ജന്മം തന്നവരോ അതോ ഉള്ളുതുറന്ന് ഇടപെടാനും അകലയെങ്കിലും എപ്പോഴും സാന്ത്വനമായി അരികിലുണ്ടെന്ന് തോന്നിപ്പിക്കാനും കഴിയുന്നവരോ, ഇവരിലാരാണ് ഉറ്റവരെന്ന ഒരന്വേഷണമാണ് അനില്‍ ദേവ് രചനയും സംവിധാനവും നിര്‍വഹിച്ച 'ഉറ്റവര്‍' അരവിന്ദന് പുരസ്കാരവും കേരളി ഫിലിം ക്രിട്ടിക്സ് അവാര്‍ഡും നേടിയ ചിത്രം, ബാല്യകാലസുഹൃത്തുക്കളായ,
ശ്രീപത്മം ഹോട്ടല്‍ ഉടമ വടക്കേപ്പാട്ടില്‍ ഗോവിന്ദന് നായരുടെ ഒറ്റ മകള്‍ പത്മയും ദലിത് കോളനിയിലെ കുമാരന്റെ മകന് ചന്തുവും തമ്മിലുള്ള പ്രണയവും ഒളിച്ചോട്ടവും സൃഷ്ടിക്കുന്ന സാമൂഹികപ്രത്യാഘാതങ്ങളുടെ നേര്‍ച്ചിത്രമാണ് വരച്ചിടുന്നത്. ഗോവിന്ദന് നായരുടെ വീട്ടിലെയും ഹോട്ടലിലെയും കൂലിപ്പണിക്കാരാണ് കുമാരനും ഭാര്യ ഗിരിജയും. വീട്ടുകാര്‍ തങ്ങളെ പിരിക്കാതിരിക്കാന്‍ ചന്തുവും പത്മ യും വിവാഹം റജിസ്റ്റര്‍ ചെയ്യുന്നു. പക്ഷേ ആ തീരുമാനം കുമാരന്റെയും ഗിരിജയുടെയും സ്വച്ഛജീവിതത്തി നുമേല്‍ കരിനിഴല്‍ വീഴ്ത്തുകയാണ്.ജനിച്ച നാട്ടില്‍ മനുഷ്യരായി അംഗീകരിക്കപ്പെടാന്‍ ഒരു വിഭാഗം ഇന്നും നടത്തുന്ന പോരാട്ടത്തിന്റെ നേര്‍ചിത്രം സംവിധായകന് വരച്ചിടുന്നു.
പ്രണയം, കുടുംബം, സാമൂഹികനീതി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത്, മനുഷ്യ ബന്ധങ്ങളുടെ സങ്കീര്‍ണതകള്‍ വളരെ ആഴത്തില്‍ വിശകലനം ചെയ്യുന്ന തിരക്കഥയാണ് ഉറ്റവരുടേത് മതേതരമെന്ന് ഊറ്റം കൊള്ളുമ്പോഴും ജാതിയുടെ പേരില്‍ കടുത്ത വിവേചനങ്ങളും ദുരഭിമാനക്കൊലകളും നടക്കുന്ന രാജ്യമാണ് നമ്മുടേത്. പണ്ട് ജാതിവിവേചനവും തൊട്ടുകൂടായ്മയും പ്രത്യക്ഷത്തില്‍ നടമാടിയിരുന്നെങ്കില്‍ ഇന്ന് അതെല്ലാം ഉള്ളില്‍ പേറുന്ന സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. ഉറ്റവര്‍ കാലികപ്രാധാന്യമുള്ള ഈ വിഷയത്തെ, സമാകാലിക രാഷ്ട്രീയ/ സാമൂഹിക/ വര്‍ഗീയ പശ്ചാത്തലത്തില്‍ വൈകാരികമായി തുറന്നുകാണിക്കുന്നു. സമൂഹത്തിനു നേര്‍ക്കുനേരെ പിടിക്കുന്നൊരു കണ്ണാടിയാണ് ഉറ്റവര്‍.
യഥാര്‍ത്ഥ സംഭവത്തെ പ്രചോദനമാക്കിക്കൊണ്ടു സര്‍ഗാത്മക രചന നിര്‍വഹിക്കാന്‍ തീര്‍ച്ചയായും സ്വതന്ത്ര സമൂഹത്തില്‍ കലാകാരന്മാര്ക്ക് അര്‍ഹതയും അവകാശവുമുണ്ട്. ജനാധിപത്യവ്യവസ്ഥയില്‍ അതവരുടെ സര്‍ഗാത്മക സ്വാതന്ത്ര്യവുമാണ്. എന്നാല്‍, ജാതിരാഷ്ട്രീയം പോലെ, സാമൂഹിക പ്രത്യാഘാതമുണ്ടാക്കിയേക്കാവുന്ന വിഷയങ്ങള്‍ പ്രമേയമാക്കുമ്പോള്‍ കലാകാരന് പുലര്‍ത്തേണ്ടുന്ന ജാഗ്രത എന്നൊന്നുണ്ട്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 എ അനുച്ഛേദം നല്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരികല്പനയില് ഒരുപാടു പരിമിതികളും നിബന്ധനകളും ഭരണഘടനാശില്പികള് ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. സര്‍ഗാത്മകസ്വാതന്ത്ര്യത്തിന്റെ പേരില്‍ വെള്ളം ചേര്‍ക്കാനുള്ളതാണോ ആ അനുച്ഛേദം എന്നാണവര്‍ ആത്മപരിശോധന നടത്തേണ്ടത്. കേരളത്തില്‍ നടന്ന ഒരൊറ്റപ്പെട്ട സംഭവത്തെ സാമാന്യവല്ക്കരിച്ചു, കേരളത്തില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ല എന്നു കേരളത്തിന്റെ പൊലീസ് മേധാവിയായിരുന്ന ഉത്തരേന്ത്യക്കാരന് തന്നെ പരസ്യമായി സാക്ഷ്യം പറഞ്ഞ ലവ് ജിഹാദിനെ 'അടിസ്ഥാന'മാക്കി, മലയാളിയല്ലാത്തൊരു അന്യസംസ്ഥാനക്കാരന് ദ് കേരള സ്റ്റോറി എന്ന പേരില്‍ സിനിമയുണ്ടാക്കി അതു ദേശീയതലത്തില്‍ത്തന്നെ രാഷ്ട്രീയലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രചാരണാര്‍ത്ഥം വിനിയോഗിച്ചതിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുകയും ചെയ്ത ബൗദ്ധികസമൂഹമാണു കേരളത്തിലേത്. എന്നാല്‍, സത്യത്തെ പര്‍വതീകരിച്ചും സാമാന്യവല്‍ക്കരിച്ചുംകൊണ്ട്, സംസ്ഥാനത്തു വ്യാപകമെന്നും സര്‍വസാധാരണമെന്നുമൊക്കെ വ്യാഖ്യാനിക്കത്തക്കവിധമാണു പുഴു, ഭാരത സര്‍ക്കസ് എന്നിവ കേരളത്തിലെ ബുദ്ധിജീവികള്‍ കണ്ട കോളില്ല. .
ആധുനിക കേരളത്തില്‍ ഒരിടത്തും ഒരുകാലത്തും പുഴുവില്‍ പ്രതിപാദിക്കുന്നപോലെ ഒരു ദുരഭിമാനക്കൊല സംഭവിച്ചതായി ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടുകളില്ല. ദ് കേരള സ്റ്റോറിക്കു പോലും ചൂണ്ടിക്കാണിക്കാന്‍, കേരള ക്രൈം റെക്കോര്‍ഡ്സില്‍ രേഖപ്പെടുത്തിയിട്ടുളള നിമിഷ ഫാത്തിമയെക്കുറിച്ചുള്ള കേസുണ്ട്. പുഴുവിന് അത്തരമൊരു സംഭവവും ചൂണ്ടിക്കാട്ടാനില്ല. പിന്നുള്ളത്, ദേശീയതലത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ജാതീയതയുടെയും വെറുപ്പിന്റെയും രാഷ്ട്രീയധാരയാണ്. തീര്‍ച്ചയായും ഇന്ത്യയുടെ ഭാഗമായൊരു സംസ്ഥാനത്തെ സമൂഹമെന്ന നിലയ്ക്കു വലതുപക്ഷരാഷ്ട്രീയത്തിണലില്‍ കേരളത്തിലും ഇത്തരം ചിന്താഗതികള്‍ മുമ്പെന്നത്തേയുംകാള്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ടെന്നത് അനിഷേധ്യ വസ്തുതതന്നെയാണ്. എന്നാലതിനര്‍ത്ഥം, കേരളം ഉത്തരേന്ത്യയേക്കാള്‍, തമിഴ്നാടിനേക്കാള്‍ ജാതിവിവേചനവും അതിന്റെ തീവ്രമായ സാമൂഹികദുരന്തങ്ങളും നിലനില്‍ക്കുന്ന സമൂഹമാണെന്നല്ല. പുഴുവും ഭാരത സര്‍ക്കസും കളയുമൊക്കെ പരോക്ഷമായും പ്രത്യക്ഷമായും പ്രചരിപ്പിക്കുന്ന ധാരണയും, മുന്നോട്ടുവയ്ക്കുന്ന പൊതുബോധവും അത്തരത്തില്‍പ്പെട്ടതാണ്. സാമൂഹികമായും സാംസ്കാരികമായും ഇതര സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം മുന്നിട്ടുനില്ക്കുന്ന ഒരു സംസ്ഥാനമെന്ന നിലയ്ക്ക് ഇത്തരം നറേറ്റീവുകള്‍ സൃഷ്ടിക്കുന്ന പ്രതിച്ഛായയും കാഴ്ചപ്പാടും വിമര്‍ശനബുധ്യാ പരിശോധിക്കപ്പെടേണ്ടതുണ്ട്.
സ്കൂള്‍ വിദ്യാര്‍ഥിയായ മകനുമൊത്തു നഗരത്തിലെ ഫ്ളാറ്റില്‍ താമസിക്കുന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ് പുഴുവിലെ നമ്പൂതിരിയായ കുട്ടന് (മമ്മൂട്ടി). ജ്യേഷ്ഠനോടൊത്തു കുടുംബ വസ്തുക്കളില്‍ സ്വജാതിയില്‍പ്പെട്ടവര്‍ക്കു മാത്രമായി ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിച്ചു നല്കുന്ന കമ്പനിയാണയാള്‍ നടത്തുന്നത്. ഭാര്യ മരിച്ചശേഷം മകന് മാത്രമാണയാളുടെ ലോകം. ഒസിഡി കാരണമുള്ള തന്റെ ശീലങ്ങള്‍ മകനിലടിച്ചേല്‍പ്പിക്കുകയാണയാള്‍. കുലമഹിമയില്‍ അയാള്‍ക്കു തീവ്രാഹന്തയുണ്ട്. മകന് എങ്ങനെ നടക്കണം, എങ്ങനെ ഇരിക്കണം, എന്തു കഴിക്കണം, എങ്ങനെ പല്ലു തേക്കണം എന്നുവരെ തീരുമാനിക്കുന്നതയാളാണ്. അസഹനീയ സവര്‍ണ മനോഭാവവും ജാതിചിന്തയും മനസിനെയും മനുഷ്യത്വത്തെയും കളങ്കപ്പെടുത്തിയ ഒരാള്‍. മകന് സഹപാഠിയുമായി ഭക്ഷണം പങ്കിടുന്നതോ കളി ക്കുന്നതോ പോലും ജാതിയുടെ അളവുകോല്‍വച്ചാണയാള്‍ അളക്കുന്നത്. ''നമുക്കുള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതില്‍ തെറ്റില്ല, പക്ഷേ അവര്‍ തരുന്നതു നമുക്കാവശ്യമില്ലല്ലോ?'എന്ന ചോദ്യം പോലും അയാളില്‍ ഉറച്ച സവര്‍ണബോധത്തിന്റെ ബഹിര്‍സ്ഫുരണമാണ്. ചില ഭീതികളുടെയും സംഘര്‍ഷങ്ങ ളുടെയും നിഴലിലാണയാള്‍. തന്നെ കൊല്ലാന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ടെന്ന് വിചാരിക്കുന്ന കുട്ടന് അതുകൊണ്ടുതന്നെ എല്ലാവരെയും സംശയമാണ്.
താഴ്ന്ന ജാതിക്കാരനുമായി ഒളിച്ചോടിയ അനുജത്തി ഭാരതി (പാര്‍വതി തെരുവോത്ത്), നാടകപ്രവര്‍ത്തകനായ ഭര്‍ത്താവ് കുട്ടപ്പ നോടൊപ്പം താഴത്തെ ഫ്ളാറ്റില്‍ താമസിക്കാന്‍ വരുമ്പോള്‍ നായകന്റെ ചിത്തഭ്രമം വര്‍ദ്ധിക്കുന്നു. സമുദായത്തെ ധിക്കരിച്ചിറങ്ങിപ്പോയ സഹോദരിയുമായി നല്ല ബന്ധമല്ല അയാളുടേത്. അവളോട് ക്ഷമിക്കാനോ കുട്ടപ്പനെ സ്വീകരിക്കാനോ അയാളുടെ മനസ്സനുവദിക്കുന്നില്ല. സമുദായത്തില്‍ തങ്ങള്‍ക്കുണ്ടായ മാനഹാനി പൊറുക്കാനും അയാള്‍ക്കാവുന്നില്ല. ഒരസന്ദിഗ്ധഘട്ടത്തില്‍ സഹോദരിയേയും കാമുകനെയും കൊലപ്പെടുത്താന്‍ അയാളിലെ മതാന്ധന് മടിക്കുന്നില്ല. ജാതിവെറിയെന്ന തക്ഷകന്, വിദ്യാഭ്യാസത്തിലും സംസ്കാരബോധത്തിലും എത്ര ഉന്നതിയിലെത്തിയാലും പരീക്ഷിത്തുമാരെ ദംശിക്കുമെന്ന നിലയ്ക്കാണ് പുഴു എന്ന ബിംബം ചിത്രശീര്‍ഷകം മുതല്‍ വിനിയോഗിച്ചിരിക്കുന്നത്.
ഉത്തരേന്ത്യയിലോ തമിഴ്നാട്ടിലോ ആണ് ഇതുമാതിരി ഒരു മേല്‍ജാതി നായകനെ അവതരിപ്പിച്ചിരുന്നതെങ്കില്‍ വിശ്വസനീയമായേനെ. കാരണം മധുരയും തിരുനെല്‍വേലിയുമടക്കമുള്ള ജില്ലകളില്‍ ഇന്നും ദുരഭിമാനക്കൊലകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജാതി സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും തലമുറ തലമുറകളായി പിന്തുടര്ന്നു വരുന്നുമുണ്ട്. എന്നാല്‍, കേരളത്തില്‍, ഇത്തരത്തില്‍ ആഴത്തില്‍ വേരോടിയ ജാതിസങ്കല്‍പമോ അസ്പര്‍ശതയോ യഥാര്‍ത്ഥത്തില്‍ നിലവിലില്ല എന്നതു നിസ്തകര്‍ക്ക വസ്തുതയാണ്. പുഴുവില്‍ പരാമര്‍ശിക്കുന്ന സമുദായത്തില്‍നിന്നൊരാള്‍, കേരളത്തില്‍, അത്തരമൊരു ദുരഭിമാനക്കൊലയില്‍ നാളിതുവരെ പ്രതിയാക്കപ്പെട്ടിട്ടില്ല. ദുരഭിമാനക്കൊലപാതകങ്ങള്‍ ഉത്തരേന്ത്യയിലും മറ്റുമുള്ളതുപോലെ പത്രമാധ്യമങ്ങളില്‍ വാര്‍ത്തയാകാതെ നിശബ്ദമാക്കപ്പെടുന്നുമില്ല. മാധ്യമജാഗ്രതയില്‍ നമ്മുടെ സംസ്ഥാനം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അഴിമതിക്കാരെയും ഒരുപോലെ ശത്രുക്കളാക്കിക്കൊണ്ടു ശക്തമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. അവരുടെ റഡാറില്‍ നിന്നു രക്ഷപ്പെട്ടൊരു ജാതിക്കളി അസംഭവ്യമാണ്. പൊതുവേ മനോരോഗിയായൊരാള്‍ എന്ന നിലയ്ക്കു കുട്ടനില്‍ ജാതിസ്പര്‍ദ്ധ ഒരു ന്യൂനതയായി ആരോപിക്കപ്പെട്ടിരുന്നെങ്കില്‍ പുഴുവിലെ നായകകര്‍തൃത്വം കൂടുതല്‍ വിശ്വസനീയവും സത്യസന്ധവുമായേനെ. എന്നാല്‍, പുഴുവിന്റെ രചയിതാക്കള്‍ നായകനെ വിഭാവന ചെയ്തിട്ടുള്ളത് മനോരോഗിയായി മാത്രമല്ല, ജാതിവെറിയുടെ ആള്‍രൂപമായിത്തന്നെയാണ്.
പുഴു എന്ന ചിത്രം മുന്നോട്ടുവയ്ക്കുന്ന കൃത്രിമവും കെട്ടിച്ചമച്ചതുമായ ജാതിവെറിയെന്ന പരികല്പന ഉത്തരാധുനികതയുടെ വെളിപ്പെടുത്തലായി സ്വീകരിക്കാമെങ്കില്‍, അതേ അളവുകോല്‍ വച്ചു ലവ് ജിഹാദും വാസ്തവമെന്ന് അംഗീകരിക്കാന്‍ പൊതുസമൂഹത്തിനുമേല്‍ സമ്മര്‍ദ്ദമുണ്ടാവുമെന്നാണ് ഓര്‍ക്കേണ്ടത്. രണ്ടും അവാസ്തവ/സാങ്കല്പിക ആയ പരികല്‍പനകളാണെന്നാണു കലാകാരന്മാരും ബുദ്ധിജീവികളും മറക്കാതിരിക്കേണ്ടതും. സത്യാനന്തരകാലത്തു സിനിമ പലപ്പോഴും വ്യാജമായിത്തീരുന്നത് ഇങ്ങനെയൊക്കെയാണ്.
ഉറ്റവരില്‍ പരാമര്‍ശിക്കപ്പെട്ട കെവിന് വധക്കേസിന്റെ മറ്റൊരു വീക്ഷണകോണിലൂടെയുള്ള ദൃശ്യപരിചരണോദ്യമാണ് വന്‍ പ്രദര്‍ശനവിജയം കൊയ്ത തരുണ്‍മൂര്‍ത്തിയുടെ മോഹന്‍ലാല്‍ ചിത്രമായ തുടരും. ഉന്നതകുലജാതയായ പൊലീസുദ്യോഗസ്ഥന്റെ മകളെ പ്രണയിക്കുന്ന സാമ്പത്തികവും സാമൂഹികവും ജാതീയുവമായി കീഴ്ശ്രേണിയില്‍ നിന്നുളള യുവാവിനെ നിഷ്ഠുരം കൊന്ന് ആ കൊലയുടെ ഉത്തരവാദിത്തം അയാളുടെ വളര്‍ത്തച്ഛനുമേല്‍ ആരോപിക്കാന്‍ സംസ്ഥാന പൊലീസ് സംവിധാനവും അധികാരവ്യവസ്ഥയും ഒറ്റക്കെട്ടായി അണിനിരക്കുന്നതും അതിനെതിരേ ആ വളര്ത്തച്ഛന് ഒറ്റയ്ക്കു നടത്തുന്ന പോരാട്ടവുമാണ് ഇതിവൃത്തം. ഇവിടെ, ജാതീയമായല്ല സാമ്പത്തികമായ വേര്‍തിരിവാണ് അഭിമാനക്കൊലയ്ക്കു പ്രേരണയെന്ന ആഖ്യാനത്തില്‍ സിനിമ വാസ്തവത്തോട് കുറേക്കൂടി സത്യസന്ധത പുലര്‍ത്തുന്നുണ്ട്. അതേ സമയം, കൊല്ലപ്പെടുന്ന യുവാവിനെ നായകന്റെ വളര്‍ത്തുമകനാക്കുന്നതിലൂടെയും അയാളുടെ പ്രതികാരം വൈയക്തികമാക്കുന്നതിലൂടെയും ആ പ്രതിരോധത്തിന്റെ രാഷ്ട്രീയമാനത്തെ ലഘൂകരിക്കുന്നുണ്ട് തിരക്കഥാകൃത്തും സംവിധായകനും. കുറേക്കൂടി വിശാലമായ സാമൂഹികമാനമാണ് ഇതിലൂടെ അപ്രസക്തമായിത്തീരുന്നത്. ഒരുപക്ഷേ, ഒരുകുപ്രസിദ്ധ പയ്യനില്‍ റ്റൊവിനോ തോമസിനും റോന്തില്‍ റോഷനും ദിലീഷ് പോത്തനും താരങ്ങളെന്ന നിലയ്ക്ക് നേിരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിച്ഛായയുടെ വെല്ലുവിളി തുടരുമില്‍ മോഹന്‍ലാല്‍ എന്ന താരത്തിനു നേരിടേണ്ടി വന്നതുകൊണ്ടാവാം അത്തരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്ക് അണിയറപ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായത്.ഉറ്റവരില്‍ പിന്നെ അറിയപ്പെടുന്ന താരങ്ങളേ ഉണ്ടായിരുന്നില്ല എന്നത് അതിന്റെ സ്രഷ്ടാക്കള്‍ക്കു നല്കിയ സ്വാതന്ത്ര്യം വളരെ വലുതായിരുന്നു.
റോന്തിന്റെ ശക്തി തിരക്കഥയാണ്. രണ്ട് പോലീസുകാരുടെ ഒരു വൈകുന്നേരം മുതല്‍ പിറ്റേദിവസം രാവിലെ വരെയുള്ള യാത്രയാണ് റോന്ത്. ദിലീഷ് പോത്തന്റേയും റോഷന് മാത്യുവിന്റേയും അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളായിരിക്കും റോന്തിലെ യോഹന്നാനും ദിന്‍നാഥും. അമാനുഷിക കഥാപാത്രങ്ങളല്ല അവര്‍. ദുര്‍ബലരും സഹാനുഭൂതിയുള്ളവരുമായ രണ്ടു കേവല മനുഷ്യര്‍. അവരുടെ ഔദ്യോഗികജീവിതത്തില്‍ ഒരു രാത്രിയിലെ പട്രോളിങ് ഡ്യൂട്ടി അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നതെങ്ങനെയെന്നാണ് ചിത്രം കാണിച്ചുതരുന്നത്. വിവിധങ്ങളായ മനുഷ്യജീവിതപ്രശ്നങ്ങളെയും പ്രതിസന്ധികളെയും ആ റോന്തിനിടെ അവര്‍ക്ക് നേരിടേണ്ടിവരുന്നു. അതിനിടെയാണ് ബൈക്കില്‍ ഒളിച്ചോടുന്ന കമിതാക്കളും അവരിലേക്കെത്തിച്ചേരുന്നത്. നാട്ടിലെ അതിസമ്പന്നവും അധികാരസ്വാധീനവുമുള്ളൊരു കുടുംബത്തിലെ യുവതിയും, കോളനിയിലെ ദിവസവേതനക്കാരനായ യുവാവുമാണ് ഒളിച്ചോടാന്‍ മുതിരുന്നത്. അവരെ സഹായിക്കാന്‍ ഇടനിലനില്‍ക്കുന്ന യുവാവാണ് യുവതിയുടെ സഹോദരന്മാരുടെ ക്രൂരതയ്ക്കിരയായി അബദ്ധത്തില്‍ കൊല്ലപ്പെടുന്നത്. യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ പൊലീസിലെ ഉന്നതര്‍ തന്നെയിടപെട്ട്, ആത്മാര്‍ത്ഥമായി ഡ്യൂട്ടി നിര്‍വഹിച്ച യോഹന്നാനെയും ദിന്‍നാഥിനെയും കൂട്ടുപ്രതികളാക്കുന്നിടത്താണ് ചിത്രത്തിന്റെ നിര്‍ണായക വഴിത്തിരിവ്. നേരത്തേ, മാര്ട്ടിന് പ്രകാട്ടിന്റെ നായാട്ട് (2021) എന്ന ചിത്രത്തില്‍ അധികാരികള്‍ക്കു വേണ്ടി സ്വന്തം കൂട്ടത്തെ ഒറ്റുന്ന പൊലീസിന്റെ മനുഷ്യത്വരാഹിത്യം സിനിമയ്ക്കു വിഷയമായിട്ടുണ്ടെങ്കിലും അവിടെ ദുരഭിമാനക്കൊല എന്ന ഘടകം കടന്നുവന്നിട്ടില്ല. റോന്തിലാവട്ടെ, ദുരഭിമാനക്കൊല പശ്ചാത്തലത്തിലല്ല പ്രത്യക്ഷത്തില്‍ തന്നെ മുഖ്യപ്രമേയമായി നിലനിര്‍ത്തപ്പെടുന്നുണ്ട്.
കേരളത്തില്‍ ഒരു ദുരഭിമാന കൊല സമീപകാലത്തു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് 2018ല്‍ തെന്മലയില് നീനു ചാക്കോയെ പ്രണിയിച്ച ദലിത് ക്രൈസ്തവനായ കെവിന് പി ജോസഫിന്റേതാണ്. കെവിനെ തെന്മല പുഴക്കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നീനുവിന്റെ പിതാവും കൂട്ടാളികളും ചേര്‍ന്നു തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയുമായിരുന്നു എന്നാണു പൊലീസ് കേസ്. സ്വന്തം വീട്ടുകാര്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ച നീനു കെവിന്റെ കുടുംബത്തോടൊപ്പം അവരുടെ മരുമകളായി തുടരുകയായിരുന്നു. 2018 മേയില്‍ തന്നെയായിരുന്നു അടുത്ത കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മഞ്ചേരിയിലെ അരീക്കോട്ട് തിയ്യ കുടുംബാംഗമായ ആതിരയെ പിതാവു പൂവത്തിക്കണ്ടി രാജന് തലയ്ക്കടിച്ചു കൊന്നതാണ്. പിന്നാക്ക സമൂദായാംഗമായ ബ്രിജേഷിനെ പ്രണയിച്ചതായിരുന്നു വിവാഹത്തലേന്നു മകളെ കൊല്ലാന്‍ അയാള്‍ക്ക് പ്രേരണയായത്. ഈ രണ്ടു കേസും പെട്ടെന്നു തന്നെ മാധ്യമങ്ങള്‍ സമൂഹശ്രദ്ധയില്‍ കൊണ്ടുവരികയും കൃത്യമായി പുന്തുടരുകയും തുടര്‍ന്ന് നിയമനടപടികള്‍ക്കു വിധേയമാകുകയുമായിരുന്നു. എന്നാല്‍ ഈ വിഷയം പ്രമേയമാക്കിയ സിനിമകളില്‍ ഉറ്റവര്‍ ഒഴികെയുള്ള ഒരു സിനിമയും റോന്തുമൊഴികെ വസ്തുനിഷ്ഠതയോട് കൂറു പുലര്‍ത്തിയില്ല. ജിനു വി ഏബ്രഹാമെഴുതി ഡാര്വിന് കുര്യാക്കോസ് സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനമായ അന്വേഷിപ്പിന്‍ കണ്ടെത്തും(2024) എന്ന ചിത്രത്തെയും വസ്തുതകളെ സത്യസന്ധമായി ആവിഷ്കരിച്ചതിന്റെ പേരില്‍ മാറ്റിനിര്‍ത്താം.
പോലീസും, രാഷ്ട്രീയവും, മതവും ജാതിവെറിയും ആധുനിക കേരളത്തിന്റെ ഏറ്റവും വലിയ സാമൂഹിക ആകുലതകളിലൊന്നാണ്.സമ്പ്രദായാധിപത്യം, നിയമ വ്യവസ്ഥയുടെ പരാജയം, സമൂഹവും നിയമവും തമ്മിലുള്ള ഭിന്നത എന്നിവയഥാതഥ ശൈലിയില്‍ ആധികാരികമെന്നോണം ആവിഷ്കരിക്കാനാണ് നവതലമുറ ചലച്ചിത്രകാരന്മാര് ശ്രദ്ധിച്ചുകാണുന്നത്. പൊലീസ് സ്റ്റേഷന് നടപടിക്രമങ്ങളെയും കോടതിവിചാരണകളെയും മറ്റും അത്രയധികം സ്വാഭാവികമായ വിശദാംശങ്ങള്‍ സഹിതമാണ് ആവിഷ്കരിച്ചിട്ടുള്ളത്. സമൂഹത്തില്‍ ഏറെ പ്രബലമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും വിശകലനത്തിന് വഴിവയ്ക്കുകയും ചെയ്യുന്നുണ്ടീ സിനിമകള്‍.മനുഷ്യാവകാശ സുരക്ഷയും പൗരസ്വാതന്ത്ര്യവും പോലുള്ള വിഷയങ്ങളില്‍ തുറന്ന സംവാദത്തിനും നിയമ-നീതി വ്യവസ്ഥയിലേക്കുള്ള പുതിയ വീക്ഷണവിഷയങ്ങളിലേക്കുമാണ് ഇതു വളരുന്നത്. ഈ സിനിമകള്‍ സാംസ്കാരികവും രാഷ്ട്രീയവുമായി ഭാവി മലയാള സമൂഹത്തെയും പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കുന്നുണ്ട് എന്നതിലാണ് അവയുടെ പ്രസക്തി.
മൈക്രോ ഡ്രാമ-നാളെയുടെ മൊബൈല്‍ കാഴ്ച
കലാകൗമുദി സെപ്റ്റംബര്‍ 14-231 2025
എ.ചന്ദ്രശേഖര്‍
മലയാളത്തില്‍ വെബ്സീരീസ് ജനപ്രിയമാര്‍ജ്ജിച്ചിട്ട് കാലം കുറച്ചായി. ഹോളിവുഡ്-കൊറിയന്‍ വെബ്സീരീസുകളുടെ പൈതൃകവും പാരമ്പര്യവുമൊന്നും അവകാശപ്പെടാനില്ലെങ്കിലും കരിക്ക് പോലുള്ള അമച്ചര്‍ നിര്‍മ്മിതികള്‍ മുതല്‍ നെറ്റ്ഫ്ളിക്സും ജിയോ ഹോട്ട്സ്റ്റാറും നിര്‍മ്മിച്ച പ്രൊഫഷനല്‍ നിര്‍മ്മിതികള്‍ വരെ ഭേദപ്പെട്ട, തരക്കേടില്ലാത്ത സ്വീകാര്യതയും സാമ്പത്തികവും നേടിയിട്ടുണ്ട്. എന്നാല്‍ ഇവയൊക്കെ ടെലിവിഷന്‍ പരമ്പരകളുടെ രൂപഭാവാദികള്‍ ആവഹിക്കുന്ന ദൃശ്യാഖ്യാനങ്ങള്‍ തന്നെയാണ്. ഒ.ടി.ടി.കളിലൂടെ പ്രകാശിക്കപ്പെടുന്നു എന്നതൊഴിച്ചാല്‍ അവ സ്മാര്‍ട്ട് ടിവികളില്‍, മറ്റേത് ടെലിവിഷന്‍ പരമ്പരയുമെന്നപോലെയോ, ഒരു പക്ഷേ അതിനേക്കാള്‍ മുന്തിയ ഉള്ളടക്ക/പ്രദര്‍ശന നിലവാരത്തിലോ ആസ്വദിക്കാനുമാവും. എന്നാല്‍, സ്മാര്‍ട്ട് ഫോണ്‍ എന്നത് സൂപ്പര്‍ സ്മാര്‍ട്ടാവുന്ന നിര്‍മ്മിത ബുദ്ധിയുടെ കാലത്ത്, പൂര്‍ണമായി മൊബൈല്‍ ഫോണില്‍ മാത്രം ആസ്വദിക്കാവുന്ന പരമ്പരകള്‍ നിര്‍മ്മിക്കപെടുക സാധ്യമാണോ, വലിപ്പത്തിലും ദൃശ്യസങ്കല്‍പത്തിലും മൈക്രോ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഡിജിറ്റല്‍ നിര്‍മ്മിതികള്‍? യൂറോപ്പില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ക്വീബി നടത്തി പരാജയപ്പെട്ട ദൃശ്യപരീക്ഷണം മൈക്രോകോ എന്ന സ്റ്റാര്‍ട്ടപ്പിലൂടെ വീണ്ടും തരംഗമാവുകയാണ് എന്നു വേണം കരുതാന്‍.
മൈക്രോ ഡ്രാമ
ഫോണ്‍ സ്ക്രീന്‍ കാഴ്ചയ്ക്കനുയോജ്യമായി ലംബമാനമായ ചിത്രാനുപാതത്തില്‍ (വെര്‍ട്ടിക്കല്‍ ആസ്പെക്ട് റേഷ്യോ) ടി ടോക്ക്, റീല്‍സ്് മാതൃകയില്‍ മൈക്രോ കണ്ടന്റ് രൂപത്തില്‍ പ്രകാശിതമാകുന്ന കഥാനിര്‍വഹണ ദൃശ്യാവിഷ്കാരങ്ങളയാണ് മൈക്രോ ഡ്രാമാ സീരിയലുകള്‍ എന്നു നിര്‍വചിക്കുന്നത്. ടെലിവിഷന്‍, കംപ്യൂട്ടര്‍ തുടങ്ങിയവയുടെ സ്ക്രീന്‍ അനുപാതം 4:3 അല്ലെങ്കില്‍ 14: 9 തുടങ്ങിയ വീതിയിലും ഉയരത്തിലുമായിരുന്നെങ്കില്‍, മൊബാല്‍ സ്ക്രീനില്‍ അത് 19.5:9 എന്ന ദൃശ്യാനുപാതത്തിലേക്കു മാറുകയായിരുന്നു. മൊബൈല്‍ റിപ്പോര്‍ട്ടിങ് അഥവാ മോബൈല്‍ ജേര്‍ണലിസത്തിലും (ങഛഖഛ) വെര്‍ട്ടിക്കല്‍ സ്ക്രീന്‍ വ്യാപകമാവുകയും കൃത്രിമബുദ്ധിയുടെ വരവോടെ, ആ ദൃശ്യാനുപാതത്തിലുള്ള റിപ്പോര്‍ട്ടിങിന് പരക്കെ സ്വീധീനവും പ്രചാരവും സിദ്ധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് 2020-നു ശേഷം വളരെ വേഗത്തില്‍ പ്രചാരം സിദ്ധിച്ച, ആഗോള തലത്തില്‍ വന്‍ ട്രന്‍ഡായ, ചെറിയ, വേഗമേറിയ പരമ്പരകള്‍ അഭൂതപൂര്‍വമായ സ്വീകാര്യത ഡിജിറ്റല്‍ മാധ്യമരംഗത്തു കൈവരിക്കാനായത്. ചൈനയില്‍ ആരംഭിച്ച മൈക്രോ ഡ്രാമകള്‍ ക്ളിപ്ത എപ്പിസോഡുകളിലോ ടിക്ടോക് വീഡിയോകളായോ പരിമിതപ്പെടുന്നതായിരുന്നില്ല. ആഴമുള്ള ആഖ്യാനകവും വൈകാരിക ഇതിവൃത്തങ്ങളും, മികച്ച ആഖ്യാനവുമായി ബിഞ്ച് വ്യൂയിങ് അഥവാ പിടിച്ചിരുത്തുന്ന തുടര്‍ കാഴ്ചകളിലേക്ക് പുതുതലമുറയെ നിര്‍ബന്ധിതരാക്കുന്നതാണ് അവ. ടിവി പരമ്പരകളെയോ അവയുടെ ഡിജിറ്റല്‍ സ്ക്രീന്‍ പുനരവതാരമെന്നു വിശേഷിപ്പിക്കപ്പെട്ട വെബ് പരമ്പരകളെയോ അതിശയിപ്പിക്കുന്ന സാധ്യതയായിരുന്നു അവ തുറന്നുവച്ചത്. ഹൊറിസോണ്ടല്‍ ദൃശ്യാനുപാതത്തിലാണെങ്കിലും, മൈക്രോ പരമ്പര എന്ന ആശയത്തോട് അടുത്തുനില്‍ക്കുന്നൊരു ദൃശ്യാവതരണത്തിന് മലയാളികള്‍ കാല്‍നൂറ്റാണ്ടായി നിത്യവും സാക്ഷികളാവുന്നുണ്ട് എന്നൈാരു കൗതുകം കൂടി ഇവിടെ പ്രസക്തമാവുന്നുണ്ട്. ആദ്യം ഏഷ്യാനെറ്റിലും പിന്നീട് ഏഷ്യാനെറ്റ് ന്യൂസിലും മുടക്കമില്ലാതെ തുടരുന്ന മുന്‍ഷിയെ മൈക്രോ പരമ്പരകളുടെ ജനുസില്‍ ഉള്‍പ്പെടുത്താമെങ്കിലും അവയുടെ ദൃശ്യാനുപാതം വൈഡ് ഫോര്‍മാറ്റാകകൊണ്ട് സാങ്കേതികമായി വകകൊള്ളിക്കാന്‍ സാധിക്കാതെ വരും.
മൈക്രോ ഡ്രാമയെ കേന്ദ്രീകൃതമായൊരു പ്ളാറ്റ്ഫോമില്‍ വിപണനം ചെയ്യാന്‍ ശ്രമിച്ച ആദ്യ പരിശ്രമം പക്ഷേ ദയനീയമായി പരാജയപ്പെടുകയായിരുന്നു എന്നതാണ് വൈരുദ്ധ്യം. സമൂഹമാധ്യമങ്ങളില്‍ ഷോട്ട്സും റീല്‍സും ടിക് ടോക്കും നേടിയ സ്വീകാര്യതയോ പ്രചാരമോ കൈവരിക്കാന്‍ അവയ്ക്കായില്ല. യു എസില്‍ ജെഫ്രി കാസന്‍ബര്‍ഗ്, മെഗ് വിറ്റ്മാന് എന്നിവര്‍ ചേര്‍ന്ന് 2018ല്‍ ആരംഭിച്ച ക്വീബി , പില്ക്കാലത്ത് ഒരു സൈബര്‍മാധ്യമ പ്രയോഗം തന്നെയായിത്തീര്‍ന്ന ക്വീക്ക് ബൈറ്റ്സ് എന്ന ആശയത്തില്‍ ഊന്നി, മൊബൈല്‍ ഉപകരണങ്ങള്‍ക്ക് മാത്രമായി ചെറിയ സമയദൈര്‍ഘ്യത്തിലുള്ള വിഡിയോ പരമ്പരകള്‍ ഒരുക്കാനായിരുന്നു ലക്ഷ്യമിട്ടത്. ഒരു മിനിറ്റായിരുന്നു ഒരു എപ്പിസോഡിന്റെ ശരാശരി ദൈര്‍ഘ്യം. ഏറിയാല്‍ മൂന്നു മിനിറ്റും. 20 മുതല്‍ 150 എപ്പിസോഡുകളുള്ള സീസണുകളായിട്ടാണ് അവ വിഭാവനചെയ്യപ്പെട്ടത്. 1.8 ദശലക്ഷം ഡോളറിന്റെ നിക്ഷേപപിന്തുണയുണ്ടായിട്ടും, മോശം നിര്‍വ്വഹണവും കോവിഡ് വരുത്തിവച്ച സമയദോഷവും ചേര്‍ന്ന് ക്വീബി പ്ലാറ്റ്ഫോം 2020-ല്‍ അടച്ചുപൂട്ടുകയായിരുന്നു. വലിയ സാധ്യതയുള്ള ഒരു ആശയത്തിന്റെ ബീജാവാപം അതോടെ ചാപിള്ളയായിത്തീര്‍ന്നു. സെല്ലിങ് മൈ വിര്‍ജിനിറ്റി ടു ദ് മാഫിയ കിങ്, പ്രെഗ്നന്റ് ബൈ മൈ എക്സ് പ്രൊഫസേഴ്സ് ഡാഡ് തുടങ്ങിയ നോവലുകളുടെ മൈക്രോ അനുവര്‍ത്തനങ്ങളെ വീഡിയോ റൊമാന്‍സ് നോവലുകള്‍ എന്നാണ് ഹോളിവുഡ് വിശേഷിപ്പിച്ചത്. ഹോളിവുഡ് ദൃശ്യമികവോടെ ചിത്രീകരിക്കാന്‍ ശ്രമിച്ചതുവഴിയുണ്ടായ വന്‍ നിര്‍മ്മാണ ചെലവാണ് സത്യത്തില്‍ ഈ പ്രസ്ഥാനത്തിനു ശവക്കുഴി തോണ്ടിയത്. ഒന്നുമുതല്‍ ഒന്നേകാല്‍ കോടി രൂപവരെയുള്ള 10 മിനിറ്റ് ദൈര്‍ഘ്യമുള്ള എപ്പിസോഡുകളാണ് ക്വീബി നിര്‍മ്മിച്ചിരുന്നത്. വിവിധ മൈക്രോ പരമ്പരകളിലായി മൂന്നു മണിക്കൂര്‍ നേരത്തേക്കുള്ള അത്തരം 25 എപ്പിസോഡുകള്‍ ഓരോ ദിവസവും ക്വില്‍ബി പുറത്തിറക്കി. പക്ഷേ ദൗര്‍ഭാഗ്യമെന്നു തന്നെ പറയണം ക്വീബിയില്‍ സൈനപ്പ് ചെയ്ത ഉപയോക്താക്കളുടെയും വരിക്കാരുടെയും എണ്ണം തീരേ കുറവായി. ഉപഭോക്താക്കളില്‍ വലിയ സ്വാധീനമുണ്ടാക്കാനായില്ലെങ്കിലും ക്വിബയുടെ ആശയം മൗലികമായിരുന്നു; ഡിജിറ്റല്‍ ഭാവിയില്‍ ഏറെ വളര്‍ച്ചാസാധ്യതയുള്ളതും. നിര്‍വഹണപ്പിഴവുകൊണ്ടാണ് ഈ ജനപ്രിയ മോഡല്‍ ദുരന്തമായിത്തീര്‍ന്നത്.
ഇതില്‍ നിന്നു പാഠമുള്‍ക്കൊണ്ട് മൊബൈല്‍ സ്ക്രീന്‍ വ്യൂവിങ്ങിന്റെയും മൈക്രോവവ്യൂയിങ്ങിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് പുതിയ സ്റ്റാര്‍ട്ടപ്പ് ആശയവുമായി അമേരിക്കയില്‍ നിന്നു തന്നെ പുതിയൊരു വിപ്ളവസംരംഭത്തിന് തുടക്കമായിരിക്കുകയാണിപ്പോള്‍. എബിസി എന്റര്‍ടെയ്ന്‍മെന്റ്സ്, യാഹൂ മീഡിയ ഗ്രൂപ്പ്, തുടങ്ങിയവയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചുപരിചയമുള്ള വിനോദ വ്യവസായത്തിന്റെ സ്പ്ന്ദനങ്ങള്‍ ഉള്ളം കൈയിലെന്നോണം നിശ്ചയമുള്ള ലോയ്ഡ് ബ്രൗണ്‍, യാന വിനോഗ്രേയ്ഡ് തുടങ്ങിയവര്‍ ചേര്‍ന്നാരംഭിച്ച മൈക്രോ കോ എന്ന ഈ സംരംഭം ലോക സിനിമയുടെ ഈറ്റില്ലമായ ഹോളിവുഡ്ഡില്‍ നിന്നാണ് ഉത്ഭവം കൊണ്ടിരിക്കുന്നത് എന്നതും കൗതുകമാണ്. ചൈനയും ഏഷ്യന്‍ രാജ്യങ്ങളുമടക്കം ഏഴുപതു ലക്ഷം ഡോളറിലേറെ വരുന്ന വിപണിയാണ്് മൈക്രോകോ ലക്ഷ്യമിടുന്നത്. കാഴ്ചയില്‍ അഡിക്ഷനുണ്ടാക്കുന്ന ബൈറ്റ് സൈസ് മൈക്രോഡ്രാമകളുടെ വിപണി സാധ്യത ചൂഷണം ചെയ്യാനുള്ള ഹോളിവുഡ്ഡിന്റെ ആദ്യത്തെ നേര്‍സംരംഭമായിട്ടാണ് വിനോദമേഖല മൈക്രോ കോയെ കണക്കാക്കുന്നത്.കാലത്തിനു മുന്നേ യാഥാര്‍ത്ഥ്യമായിപ്പോയതാണ് ക്വീബിയുടെ ദുര്‍വിധി എന്ന വീക്ഷണമാണ് മൈക്രോകോയുടെ സ്ഥാപകരായ ലോയ്ഡ്, യാനാ എന്നിവര്‍ക്കും സഹസ്ഥാപകരായ സൂസന് റോവ്നര്‍ക്കും ക്രിസ് മക്ഗര്‍ക്കിനുമുള്ളത്.
മാര്‍ക്കോകോ ആപ്പ്
ഒറ്റവാചകത്തില്‍ വിശദീകരിക്കുകയാണെങ്കില്‍ നിലവിലുള്ള പല കണ്ടന്റ് നിര്മ്മാണ് ആപ്പുകളേയും പോലെ തന്നെ വീഡിയോ ഉള്ളടക്കം, മൊബൈലിനാവശ്യമായ ദൃശ്യാനുപാതത്തിലും ദൈര്‍ഘ്യത്തിലും ചിത്രീകരിക്കാനും സന്നിവേശിക്കാനും അപ്ലോഡ് ചെയ്യാനും സൗകര്യം നല്ക്കുന്ന ഒരു ഷോട്ട്-ഫോം സ്റ്റുഡിയോ കം ആപ്പ് ആണ് ക്വില്‍ബി പോലെ തന്നെ മൈക്രോ കോയും. ലൊസാഞ്ജലസിലെ വിനോദ സാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കുന്ന ടെക് കമ്പനിയായ സിനിവേഴ്സും, എന്‍ബിസി ന്യൂസിന്റെ മുന്‍ പ്രസിഡന്റ് നോഹ ഓപ്പണ്ഹൈം, എന്‍ബിസി യൂണിവേഴ്സല്‍ ടെലിവിഷന്‍ ആന്‍ഡ് സ്ട്രീമിങ് കമ്പനിയുടെ മുന്‍ ചെയര്‍പേഴ്സണായ സാറ ബ്രെമ്മര്‍, ലോയ്ഡ് ബ്രൗണ്‍ എന്നിവര്‍ ചേര്‍ന്നുള്ള ബന്യാന് വെഞ്ചേഴ്സ് എന്ന മീഡിയ ഇന്‍വെസ്ററ്മെന്റ് ആന്‍ഡ് ഇ്ന്‍ക്യൂബേറ്റര്‍ കമ്പനിയും ചേര്‍ന്നാണ് മൈക്രോകോയ്ക്ക് മൂലധനം നിക്ഷേപിച്ചിരിക്കുന്നത്. ദ് ലോസ്റ്റ്, ജിമ്മി കിമ്മല്‍ ലൈവ് തുടങ്ങിയ ഹിറ്റ് ടിവി പരിപാടികളുടെ ആസൂത്രകനായ ലോയ്ഡും വാര്‍ണര്‍ ബ്രദേഴ്സ് ടെലിവിഷനലെ ടെഡ് ലാസോ, ഗോസിപ് ഗേള്‍, ദ് ഫ്ളാഷ് തുടങ്ങിയ മെഗാഹിറ്റ് പരമ്പരകളുടെ പിന്നിലെ ചാലകവനിതായിരുന്ന സൂസന് റോവ്നറും ഒക്കെയാണ് പങ്കാളികള്‍ എന്നതുകൊണ്ടുതന്നെ തുടങ്ങുംമുമ്പേ ഹോളിവുഡ്ഡില്‍ ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു മൈക്രോകോ.
തുടക്കത്തിലെ സൗജന്യ എപ്പിസോഡുകള്‍ പൂര്‍ണമായി കാണുകവഴി സ്വന്തമാക്കുന്ന ക്രെഡിറ്റ് പോയിന്റുകള്‍ വഴിയോ പണമടച്ചോ തുടര്‍എപ്പിസോഡുകള്‍ കാണാന്‍ സാധിക്കുംവിധത്തിലുള്ള ഫ്രീമിയം മോഡല്‍ ആണ് മൈക്രോകോ വിഭാവനചെയ്തിരിക്കുന്നത്. ക്വീബിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി നിര്‍മ്മാണച്ചെലവു നിയന്ത്രിക്കുകയും കാര്യമായി കുറയ്ക്കുകയും ചെയ്തുകൊണ്ട് മുന്നേറാനാണ് മൈക്രോകോ ലക്ഷ്യമിടുന്നത്. തീരേ കുറഞ്ഞ ചെലവില്‍ നിര്‍മ്മിതബുദ്ധി അടിസ്ഥാനമാക്കി ഉന്നത നിലവാരത്തിലുള്ള, പ്രേക്ഷകരുടെ ഉള്ളിലുടക്കി കൊളുത്തിവലിക്കുന്ന മൈക്രോഡ്രാമകള്‍ക്കാണ് മൈക്രോകോ ഊന്നല്‍ നല്‍കുന്നത്. ഓരോ എപ്പിസോഡും പരമാവധി മൂന്നു മിനിറ്റ് ദൈര്‍ഘ്യത്തില്‍, 30-150 എപ്പിസോഡു വരെ നിര്‍മ്മിക്കാനുമാവും. ദൃശ്യമാധ്യമത്തില്‍ നിര്‍മ്മിത ബുദ്ധിയുടെ ഇടപെടലിനെതിരേ ഹോളിവുഡ്ഡില്‍ പ്രത്യക്ഷത്തിലും പരോക്ഷത്തിലും വന്‍ പ്രതിരോധം തന്നെയാണു നിലനില്‍ക്കുന്നതെങ്കിലും മൈക്രോകോ പോലുള്ള വിനോദവാണിജ്യ സംരംഭങ്ങള്‍ ഇരുകയ്യുംനീട്ടി അതിനെ സ്വീകരിക്കാനൊരുങ്ങുകയാണ് എന്നതാണ് വസ്തുത. മനുഷ്യബുദ്ധിയും പ്രതിഭയും ഭാവനയും ഉറപ്പാക്കിക്കൊണ്ടുതന്നെ നിര്‍മ്മിതബുജദ്ധിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി മൈക്രോകോയുടെ വാണിജ്യസാധ്യത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഡിജിറ്റല്‍ സ്റ്റോറിടെല്ലിങ്ങിനെ നിര്‍മ്മിതബുദ്ധിയുപയോഗിച്ച് പരമാവധി ലളിതവും നിലവാരഗുണമുള്ളതുമാക്കിത്തീര്‍ക്കാനാണ് മൈക്രോകോ പരിശ്രമിക്കുന്നത്. സാങ്കേതിക-ദൃശ്യപരിചരണശൈലിയില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ മൈക്രോ പരമ്പരയുടെ ഉള്ളടക്കനിലവാരം മികച്ചതാക്കാനാണ് അവര്‍ മുന്‍തൂക്കം നല്‍കുന്നത്. അതിനായി മൈക്രോകോ വിഭാവന ചെയ്യുന്ന ദൃശ്യപരിചരണരീതിതന്നെ വിപ്ളവാത്മകമാണ്.
ഒരു ശരാശരി സിനിമയില്‍ ഇതിവൃത്തസ്ഥാപനം, കഥാപാത്രസ്ഥാപനം എന്നിവ നിര്‍വഹിക്കപ്പെട്ട് പ്രമേയത്തിന്റെ പിരിമുറുക്കത്തിലേക്ക് പ്രേക്ഷകന് ആനയിക്കപ്പെടുക, തുടങ്ങി പത്തോ പതിനഞ്ചോ മിനിറ്റിലായിരിക്കും. ടിവി/വെബ് പരമ്പരകളില്‍ അത് പൈലറ്റ് എപ്പിസോഡിന്റെ അന്ത്യഭാഗത്താകാനാണ് സാധ്യത. നിലവിലുള്ള ഇത്തരം കഥപറച്ചില്‍ ശൈലിയെ ആകമാനം തിരുത്തിക്കുറിക്കുന്ന ഘടനയാണ് മൈക്രോ ഡ്രാമയുടെ ദൃശ്യസവിശേഷത. എപ്പിസോഡ് തുടങ്ങി മൂന്നാമത്തെ സെക്കന്‍ഡില്‍ പരിണാമഗുപ്തി സൃഷ്ടിച്ച്, 25-ാമത്തെ സെക്കന്‍ഡില്‍ തന്നെ പ്രേക്ഷകനെ സ്വാധീനിക്കത്തക്ക നാടകീയപിരിമുറക്കം ഉറപ്പാക്കുക എന്നതാണ് ആ ശൈലി. ചുരുക്കിപ്പറഞ്ഞാല്‍, കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ഇതിവൃത്തനിര്‍വഹണം, സാധ്യമാവുന്നത്ര പിരിമുറക്കത്തോടെ ദൃശ്യത്തിലാക്കണം. മറ്റ് സ്ട്രീമിങ് പ്ലാറ്റ്ഫോമുകളില്‍ നിന്നു വിഭിന്നമായി പരമ്പരകളെ ആനിമേഷന്‍ ഫോര്‍മാറ്റുകളിലേക്കും ഗെയിമിങ്ങിലേക്കും കൂടി വ്യാപിപ്പിക്കുക എന്നതാണ് മൈക്രോകോയുടെ സ്ട്രാറ്റജി. അതിനവര്ക്കുള്ള വലിയ പിന്‍ബലം സിനിവേഴ്സിന്റെ വിശാലമായ ദൃശ്യ-ശ്രാവ്യ ശേഖരം തന്നെയാണ്. പോഡ് കാസ്റ്റ്, സിനിമ, ടിവി പരമ്പരകള്‍ തുടങ്ങിയ വിഭാഗങ്ങളിലായി 71000 നിര്‍മ്മിതികളാണ് സിനിവേഴ്സിന്റെ ബൃഹദ്ശേഖരത്തിലുള്ളത്. ഈ ശേഖരത്തിലെ പല ഉള്ളടക്കങ്ങള്‍ക്കും മൈക്രോഡ്രാമാ ശൈലിയിലുള്ള പുനരാവിഷ്കാരംവഴി തന്നെ ഈ രംഗത്തൊരു ആധിപത്യത്തിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. സിനിവേഴ്സിന്റെ ശേഖരത്തില്‍ നിന്ന് വളരെ ചെറിയ ബജറ്റില്‍ കഴിഞ്ഞവര്‍ഷം പുനര്‍നിര്‍മ്മിച്ച ഹൊറര്‍ ചിത്രമായ ടെറിഫൈയര്‍-3 നേടിയ പ്രദര്‍ശനവിജയം അതിന് ഉപോല്‍ബലകമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
മൈക്രോ ഡ്രാമ പരമ്പരകള്‍ ആഗോളതലത്തില്‍ കാഴ്ചശീലത്തില്‍ വന്‍മാറ്റങ്ങള്‍ സാധ്യമാക്കുന്നുണ്ട്, പ്രത്യേകിച്ച് ഇക്കാലത്തെ വളരെ ചെറിയ അറ്റന്ഷന് സ്പാന്‍ (പ്രേക്ഷകന് ഒരുള്ളടക്കിലേക്ക് കണ്ണുടക്കുന്ന വളരെ ചുരുങ്ങിയ നിമിഷങ്ങള്‍,ശ്രദ്ധാനേരം) പരിഗണിച്ച്, മൊബൈല്‍ ഉപകരണങ്ങളുടെ ദൃശ്യാനുപതാത്തിനനുസരിച്ച് കഥകളെ അനുയോജ്യമായി രൂപകല്പന ചെയ്തുകൊണ്ട്. പ്രേക്ഷകരെ സംബന്ധിച്ച് ഒന്നിലും അധികനേരം ശ്രദ്ധയൂന്നാത്ത ആധുനികസാഹചര്യത്തില്‍ ടെലിവിഷനോ സിനിമയോ ആവശ്യപ്പെടുന്നത്ര സമയദാര്‍ഘ്യം ഒഴിവാക്കിക്കൊണ്ട്, ചെറുതും സുദൃഢവുമായ കഥാനുഭവങ്ങള്‍ സമ്മാനിക്കുകയാണ് മൈക്രോ ഡ്രാമകള്‍. യുവജനങ്ങളുടെയും ഞൊടിയിട കൊണ്ടു മാനസികവിനോദം ആഗ്രഹിക്കുന്നവരുടെയും കാഴ്ചശീലത്തിനൊത്താണ് അവ പരുവപ്പെടുത്തിയിട്ടുള്ളത്. സാമൂഹിക പ്രശ്നങ്ങളും ആധുനിക വിഷയങ്ങളും ചിമിഴ് രൂപത്തില്‍ അവതരിപ്പിക്കുന്ന ഈ സീരിയലുകള്‍, ഉള്ളടക്കം കൂടുതല്‍ ലളിതവും വ്യാപക വും ആക്കുന്നു. പ്രേക്ഷകനുമായി കൂടുതല്‍ ഫലപ്രദമായി സംവദിക്കാനാവുന്നതെങ്ങനെ എന്നാണ് പരമ്പരാഗത ദൃശ്യമാധ്യമങ്ങളൊക്കെയും ആഴത്തില്‍ ചിന്തിച്ചിരുന്നത്. ടെലിവിഷനെയും വെബ്ബിനെയും എങ്ങനെ, എത്രത്തോളം ഇന്ററാക്ടീവ്(ശിലേൃമരശേ്ല) അഥവാ പാരസ്പര്യത്തിലാക്കാം എന്നതിലായിരുന്നു പരീക്ഷണങ്ങളധികവും. സമൂഹമാധ്യമങ്ങളിലേക്കുള്ള വികാസവും അത്തരം ചിന്തകളില്‍ നിന്നാണുണ്ടായത്. എന്നാല്‍ മൈക്രോ ഡ്രാമ പരമ്പരകളാവട്ടെ പ്രേക്ഷകന് ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ പോലും സമയം നല്‍കുന്നില്ല. അതിനുമുമ്പേ തന്നെ അവരെ അടിമകളാക്കുന്നതരം ദൃശ്യാഖ്യാനങ്ങള്‍ക്കാണ് മൈക്രോഡ്രാമകള്‍ അവതരണവേഗത്തിലൂടെ ലക്ഷ്യമിടുന്നത്. ഉള്ളടക്കത്തോട് പ്രേക്ഷകന് പ്രതികരിക്കാനോ പ്രതിപ്രവര്‍ത്തിക്കാനോ പോലുമാവുംമുമ്പ് ക്ളൈമാക്സിലവസാനിക്കുംവിധമുള്ള അവതരണങ്ങള്‍ അതുകൊണ്ടു തന്നെ സൃഷ്ടാവും പ്രേക്ഷകനും തമ്മിലുള്ള ബന്ധത്തെ പുനര്‍നിര്‍വചിച്ചേക്കുമെന്നു തന്നെ കരുതണം.
മൈക്രോ ഡ്രാമ സീരിയലുകളുടെ വേഗവും, ക്ഷിപ്രാസ്വാദനം സാധ്യമാക്കുന്ന കഥാനിര്‍വഹണവും പ്രേക്ഷകമനസ്സിനെ ഗണ്യമായി സ്വാധീനിക്കാം. നിമിഷങ്ങള്‍ മാത്രം ദൈര്‍ഘ്യമുള്ള ഈ ഉള്ളടക്കം നീണ്ട ശ്രദ്ധ ആവശ്യപ്പെടുന്നില്ല; അതിനാല്‍ തിരക്കുള്ള ജീവിതശൈലിയിലുള്ളവര്‍ക്കും ആകര്‍ഷകമാകുമത്. ഉള്ളില്‍ കൊളുത്തിവലിക്കുംവുധമുള്ള ശക്തമായ കഥാസനന്ദര്‍ഭങങ്ങള്‍ ധാരാളം ഉള്‍പ്പെടുത്തിയ ഈ സീരിയലുകള്‍ തത്സമയ സംതൃപ്തിയും മാനസികോത്തേജനവും നല്കുന്നു. ഇതിലൂടെ, ദൈര്‍ഘ്യമേറിയ കഥകളെക്കാള്‍ ചെറിയ, ആവര്‍ത്തിച്ചു കാണാവുന്ന ഉള്ളടക്കങ്ങളോടുള്ള പ്രേക്ഷകാഭിരുചി വര്‍ധിക്കാനാണു സാധ്യത. ഇപ്പോള്‍പ്പോലും പല ദീര്‍ഘാഭിമുഖങ്ങളും ഒറ്റചോദ്യമായി അടര്‍ത്തിയെടുത്ത് റീലുകളാക്കുമ്പോഴാണല്ലോ കാഴ്ചക്കാരധികം. എന്നാല്‍, ഈ രീതി ശീലമാകുമ്പോള്‍, പരമ്പരാഗത കഥാനിര്‍വഹണങ്ങളോടുള്ള സ്വീകാര്യതയും സഹിഷ്ണുതയും പ്രേക്ഷകരില്‍ കാലക്രമേണ കുറഞ്ഞുവന്നേക്കാമെന്നും മനഃശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. ആധുനിക മാധ്യമോപഭോഗത്തില്‍ ഈ മാറ്റം വലിയ സ്വാധീനം ചെലുത്തും.
ചുരുക്കത്തില്‍, മൈക്രോ ഡ്രാമകള്‍ ലോകമെമ്പാടും ടേക്-സാവികള്‍ക്കിടയില്‍ ജനപ്രിയ കാറ്റഗറിയായി മാറിക്കൊണ്ടിരിക്കുകയാണ്. വെബ് ഉള്ളടക്കങ്ങളിലേക്കു പോലും മനുഷ്യരുടെ ശ്രദ്ധാസമയം (അേേലിശേീി ുെമി) കുറയുന്ന കാലത്ത്, മൈക്രോ ഡ്രാമകള്‍ ഹ്രസ്വ സമയത്തില്‍ തന്നെ സമ്പൂര്‍ണ്ണ കഥയും, ഭാവവും പകരുന്നു; ഇത് സ്രഷ്ടാക്കള്‍ക്കും ബ്രാന്‍ഡുകള്‍ക്കും പുതിയ അവസരങ്ങളുടെ സാധ്യതകളിലേക്കുള്ള വാതിലുകളാണ് തുറക്കുന്നത്. സമീപഭാവിയില്‍ ഹോളിവുഡ്ഡിലെ മറ്റ് സ്റ്റുഡിയോ ഭീമന്മാരും ഇത്തരത്തില്‍ തങ്ങളുടെ ദൃശ്യശേഖരത്തെ മാറിയ കാലത്തിനൊത്ത് പുനരുപയോഗിക്കാനും പുനരവതരിപ്പിക്കാനും തയാറായേക്കുമെന്നുതന്നെയാണ് പ്രതീക്ഷ.
അവലംബം
1] https://www.enveu.com/blog/micro-dramas-the-next-global-storytelling-powerhouse
[2] https://www.linkedin.com/pulse/microdramas-tiny-stories-massive-impact-2025-irina-deaconu-pdnff
[3] https://www.nytimes.com/2025/08/13/business/media/hollywood-micro-drama-quibi.html
[4] https://www.apptunix.com/blog/why-quibi-failed-in-less-than-a-year-5-lessons-to-learn/
[5] https://en.wikipedia.org/wiki/Quibi
[6] https://deadline.com/2025/08/terrifier-distributor-cineverse-lloyd-braun-banyan-launch-microco-short-form-venture-1236485551/
[7] https://www.youtube.com/watch?v=HaQb4jabtKM
[8] https://www.warc.com/newsandopinion/opinion/inside-the-rise-of-micro-dramas--and-the-opportunities-for-marketers/en-gb/6981
[9] http://english.scio.gov.cn/pressroom/2025-01/06/content_117647679.html
[10] https://www.cnbctv18.com/entertainment/rise-of-micro-dramas-indian-players-eye-new-frontier-as-global-market-surges-past-7-billion-dollar-19627211.htm
മലയാള സിനിമ വീണ്ടെടുക്കുന്ന വീടകങ്ങളും കുടുംബബന്ധങ്ങളും
നവ പ്രതിച്ഛായ ഓണപ്പതിപ്പ് 2025
എ.ചന്ദ്രശേഖര്‍
മലയാളത്തില്‍ സര്‍ഗം, ഉത്സവപ്പിറ്റേന്ന് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അവിസ്മരണീയങ്ങളായ അമ്മവേഷങ്ങള്‍ ചെയ്ത ഊര്‍മിള ഉണ്ണി 2020ല്‍ മലയാള മനോരമ ഓണ്ലൈനിലെഴുതിയ കുറിപ്പവസാനിക്കുന്നത് ഇങ്ങനെയാണ്: 'എവിടെപ്പോയി മലയാള സിനിമയിലെ അമ്മ കഥാപാത്രങ്ങള്‍? ആരും അന്വേഷിച്ചില്ല. ഇന്നത്തെ സിനിമയില്‍ അച്ഛനുമില്ല, അമ്മയുമില്ല. നായകന്റെ കൂടെ തമാശ കാണിക്കാന്‍ കുറെ സുഹൃത്തുക്കള്‍. പാട്ടുപാടാന്‍ പേരിനൊരു നായിക. അത്ര മതി ന്യൂജെന്‍ സിനിമക്കാര്‍ക്ക്. ഇന്നത്തെ കഥകള്‍ക്ക് അമ്മമാര്‍ക്കു പ്രസക്തിയില്ലത്രേ!
'കഴിഞ്ഞ വര്‍ഷം ഒരു സിനിമയുടെ ഷൂട്ടിങ്ങിനു പോയപ്പോള്‍ സംവിധായകന് അസോഷ്യേറ്റിനോടു പറയുന്നതു കേട്ടു: 'ഊര്‍മിളച്ചേച്ചിക്ക് ഒറ്റ ദിവസത്തെ ഷൂട്ട് മതി. കാരണം അമ്മമാരെയൊക്കെ സ്ക്രീനില്‍ കണ്ടാല്‍ ജനം കൂവും.' കേള്‍ക്കാത്ത ഭാവം നടിച്ചു നിന്നെങ്കിലും കണ്ണു നിറഞ്ഞുപോയി. മനുഷ്യബന്ധങ്ങ ളെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് അറിയില്ലെന്നു തോന്നുന്നു. ഒരു സിനിമാലോകം മുഴുവന്‍ വിചാരിച്ചാലും നിര്‍വചിക്കാനാവാത്ത വാക്കാണ് അമ്മ. എഴുതിയാല്‍ തീരാത്ത മഹാകാവ്യം.'
കഴിഞ്ഞ കുറേ വര്‍ഷമായി മലയാള സിനിമ നേരിട്ട ഏറ്റവും വലിയ പ്രമേയപ്രതിസന്ധി, സാമൂഹികബന്ധങ്ങളില്ലാതായി എന്നുള്ളതാണ്. അമ്മമാരും അച്ഛന്മാരും സിനിമകളില്‍ അപ്രധാനമായി. അത്തരം വേഷങ്ങളണിഞ്ഞിരുന്ന സ്വഭാവവേഷക്കാര്‍ക്ക് പണിയുമില്ലാതായി. ആക്ഷന്‍/അധോലോക/ഗുണ്ട/പ്രതികാര/അന്വേഷണ/കൊലപാതക ഡാര്‍ക്ക് സിനിമകളില്‍ കുടുംബബന്ധങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊന്നും കാര്യമായ പ്രസക്തിയേ ഇല്ലാതായി. അമ്മവേഷങ്ങളും അച്ഛന് വേഷങ്ങളും കേവലസൂചനകളിലൊതുങ്ങുകയായിരുന്നു. പകരം സൗഹൃദങ്ങളും കൂട്ടുകെട്ടുകളും ആ ഇടം സമ്പന്നമാക്കി. അതിന്റെ പ്രത്യക്ഷഫലശ്രുതിയാണ് ലേശം പരിഭവത്തോടെയുള്ള ഊര്‍മ്മിള ഉണ്ണിയുടെ ഈ നിരീക്ഷണം.
എന്നാലിപ്പോള്‍ മലയാള സിനിമ വീണ്ടും കുടംബകങ്ങളുടെ വീണ്ടെടുപ്പിലാണ്. മാതാവ്, പിതാവ്, സഹോദരങ്ങള്‍ തുടങ്ങിയ കുടുംബാംഗങ്ങളുമായുള്ള വികാരപരമായ ബന്ധങ്ങള്‍ വീണ്ടും പ്രധാന്യമെടു ക്കുന്ന പ്രവണത പ്രകടമായിട്ടുണ്ട്. ത്രില്ലറുകള്‍ക്കുപരി കുടുംബത്തിനുള്ളിലെ ആഴത്തിലുള്ള, അവിഭാജ്യമായ ബന്ധങ്ങളെ കുറിച്ചുള്ള കഥകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയിട്ടുണ്ട് മലയാളത്തിലെ പുതുതലമുറ ചലച്ചിത്രപ്രവര്‍ത്തകര്‍. ഈ കഥകള്‍ ആധുനിക ചിന്താശീലങ്ങളെ അനുഗമിക്കുമ്പോഴും നവഭാവുകത്വത്തെ മുറുകെപ്പിടിക്കുമ്പോഴും, കേരളം എന്ന സംസ്കാര പശ്ചാത്തലത്തില്‍ ഉറച്ചിരിക്കുന്നവയുമായി കാണാനാകും. വേറിട്ട ചിന്തയോടെ നടപ്പു രീതികളില്‍ നിന്നും ശൈലിയില്‍ നിന്നും വ്യത്യസ്തമായി ഒരു സിനിമവരികയും വിജയിക്കുകയും ചെയ്താല്‍ അതിന്റെ ചുവടുപിടിച്ച് അതേ വാര്‍പ്പില്‍ സിനിമകളാവര്‍ത്തിച്ച് വിജയമുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെങ്കില്‍ക്കൂടി, കുടുംബബന്ധത്തിന്റെ തീഷ്ണതയും ഊഷ്മളതയും മടങ്ങിയെത്തുന്നത് ഉള്ളുകുളിര്‍പ്പിക്കുന്ന കാഴ്ചതന്നെയാണ്.
റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച് 2021-ല്‍ പുറത്തിറങ്ങിയ ഹോം എന്ന സിനിമയാണ്, ഇരുള് നിഴലിലാണ്ട മലയാള സിനിമയില്‍ വീണ്ടുമൊരു പുതുട്രെന്‍ഡിന്റെ നാന്ദികുറിച്ചത്. മധ്യവര്‍ഗ കുടുംബത്തിലെ സാധാരണ ജീവിതത്തിലെ സങ്കീര്‍ണതകളും മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയും സൂക്ഷ്മമായി അവതരിപ്പിക്കുന്ന ഇന്ദ്രന്‍സ് അവതരിപ്പിച്ച ഒലിവര്‍ ട്വിസ്റ്റ്, അദ്ദേഹത്തിന്റെ ഭാര്യ (മഞ്ജു പിള്ള), രണ്ട് മക്കള്‍ (ശ്രീനാഥ് ബാസി, നസ്ലീന്‍ എന്നിവരെ ചുറ്റിപ്പറ്റിയാണ് ഹോം കെട്ടിപ്പടുത്തിട്ടുള്ളത്. അവരുടെ ജീവിതപ്രവാഹങ്ങളെ വൈകാരികമായി സമീപിക്കുന്നതിനോടൊപ്പം, അച്ചാണിയായി നിലയുറപ്പിക്കുന്ന വല്യപ്പാപ്പന്റെ(കൈനകരി തങ്കരാജ്) പാത്രസൃഷ്ടിയിലൂടെ കുടുംബബന്ധങ്ങളുടെ ഇഴയുറപ്പിക്കുന്നു.തലമുറവിടവിന്റെ പ്രശ്നവും വാര്‍ധക്യപ്രശ്നങ്ങളും ഒരേപോലെ സിനിമ അഭിസംബോധന ചെയ്യുന്നുണ്ട്. ഒപ്പം, പുതുതലമുറയ്ക്ക് നേരിടേണ്ടവരുന്ന സ്വത്വപ്രതിസന്ധികളെയും, പഴയതലമുറ അവയെ നേരിട്ടതെങ്ങനെയെന്നും സിനിമ കാണിച്ചുതരുന്നു. മൂന്നു തലമുറയുടെ ഭാവുകത്വമാണ് സിനിമ അനാവൃതമാക്കുന്നത്. കഥയുടെ ആദ്യഭാഗത്ത് തീര്‍ത്തും ദുര്ബലന് എന്നു തോന്നിപ്പിക്കുന്ന ഒലിവര്‍ ട്വിസ്റ്റ് എന്ന അതിസാധാരണക്കാരന് യഥാര്‍ത്ഥത്തില്‍ എത്ര വലിയ ഹീറോയാണെന്ന് സിനിമ വെളിപ്പെടുത്തുന്നു. അമ്മയ്ക്കും അച്ഛനും അപ്പുപ്പനുമൊക്കെ വളരെ വലിയ സ്ഥാനം നല്‍ക്കിക്കൊണ്ടുള്ള ആഖ്യാനവും ആഖ്യാനകവുമായിരുന്നു, മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ഹോം.
നിതിഷ് സഹദേവ് രചനയും സംവിധാനവും നിര്‍വഹിച്ച് ജഗദീഷ്, മഞ്ജുപിള്ള, ബേസില്‍ ജോസഫ്, തോമസ് എന്നിവര്‍ പ്രധാനകഥാപാത്രമായ ഫാലിമി(2023) എന്ന സിനിമ ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്നൊരു കുടുംബത്തിന്റെ കഥ പറയുമ്പോള്‍, ഹോമിലേതുപോലെ ജനാര്ദ്ദനന് (മീനരാജ് പള്ളുരുത്തി) എന്ന മുത്തച്ഛന് കഥാപാത്രത്തിലൂന്നിയാണ് നിലനില്‍ക്കുന്നത്. പിതാവും മൂന്നു മക്കളും ഉള്‍പ്പെടെ ഉള്ള ബന്ധങ്ങളുടെ മാറ്റങ്ങളും വികാരാനുഭൂതികളും സൂക്ഷ്മമായി വരച്ചിടുന്ന സിനിമ. അച്ഛനും മകന്റെയും സഹോദരന്മാര് തമ്മിലുമുള്ള ബന്ധത്തിലെ വൈരുദ്ധ്യ വൈചിത്ര്യങ്ങള്‍ രസകരമായി വരഞ്ഞിടുന്നു. ഉത്തരവാദിത്തമില്ലായ്മ മുഖമുദ്രയാക്കിയ ഗൃഹനാഥനാണ് ജഗദീഷിന്റെ ചന്ദ്രന്. പക്ഷേ ചിത്രാന്ത്യത്തില്‍ പിതാവും മകനും ചേര്‍ന്ന് അയാളെ പുതിയൊരാളാക്കിത്തീര്‍ക്കുന്നിടത്താണ് ഫാലിമി അവസാനിക്കുന്നത്. സ്ളാപ്സ്റ്റിക്ക് കോമഡി ശൈലിയിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെങ്കിലും സിനിമ കുടുംബബന്ധങ്ങളെപ്പറ്റി മുന്നോട്ടുവയ്ക്കുന്ന ദര്‍ശനം ആരോഗ്യകരമാണ്. മഞ്ജുപിള്ളയാണ് ഹോമിലെയും ഫാലിമിയിലെയും അമ്മവേഷത്തിലെത്തിയത്. ഫാമിലി എന്ന പേരില്‍ നേരത്തേ ഡോണ്‍ പാലത്തറ ഒരു സിനിമ രജിസ്റ്റര്‍ ചെയ്തതുകൊണ്ടാണ് നിതിഷിന് സ്വന്തം ചിത്രത്തിന് അതേ വാക്കിന്റെ അക്ഷരങ്ങള്‍ മാറ്റിയിട്ട് ഫാമിലി എന്നു ധ്വനിപ്പിക്കുന്ന ഫാലിമി എന്ന പേരുണ്ടാക്കേണ്ടിവന്നത് എന്ന വസ്തുത തന്നെ കുടുംബകം എന്ന പ്രമേയത്തിന് മലയാള സിനിമയില്‍ കൈവന്ന പ്രാധാന്യത്തെ പ്രതിനിധാനം ചെയ്യുന്നു.
ഒരേ വാര്‍പ്പില്‍ പകര്‍പ്പെടുത്ത് അമിത വയലന്സിന്റെയും മയക്കുമരുന്നിന്റെയും ഓവര്ഡോസില് ഒന്നിനുപിറകെ ഒന്നായി മലയാളത്തില്‍ സിനിമ കുടുംബവും ജീവിതവും വിട്ട് മയക്കുമരുന്നിലും മദ്യത്തിലും വയലന്സിലുമായി. പക്ഷേ, ആ മലവെള്ളപ്പാച്ചിലിനിടെ മനസിനെ സ്പര്‍ശിക്കുന്ന, സിനിമയില്‍ നിഖില്‍ എന്ന എന്‍ ആര് ഐ യുവാവ് പറയുന്നതുപോലെ, നെഞ്ചില്‍ എന്തോ കുത്തുന്നതുപോലെ അനുഭവിപ്പിക്കുന്ന സിനിമകളും ഉണ്ടാവുന്നുണ്ട് എന്നതു കാണാതെ പോയ്ക്കൂടാ. കൊലല്‍ക്കത്ത സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു പഠിച്ചിറങ്ങിയ ശരണ്‍ വേണുഗോപാലിന്റെ നാരയണീന്റെ മൂന്നാണ്മക്കള്(2025) അത്തരത്തിലൊരു ചലച്ചിത്രോദ്യമമാണ്. തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദിന്റെ അസാധ്യമായ സിനിമ ഒ ബേബി(2023)യുടെ കാര്യത്തിലെന്നോണം, ചിത്രത്തിന്റെ പേരാണ് ഈ സിനിമയ്ക്ക് വേണ്ടത്ര ജനശ്രദ്ധ നേടിക്കൊടുക്കാത്തത്. എന്നാല്‍ ഒടിടിയില്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ അതു തിരിച്ചറിയുകയും ചിത്രം ചര്‍ച്ചാവിഷയമാവുകയും ചെയ്തു.
ഇതേ പ്രമേയപശ്ചാത്തലത്തില് മലയാളത്തില്‍ തന്നെ മുമ്പ് സിനിമകളുണ്ടായിട്ടുണ്ട്. സ്വര്‍ഗം തുറ ക്കുന്ന സമയം എന്ന കഥയെ ആസ്പദമാക്കി എം.ടി രചിച്ച് ഐവിശശി സംവിധാനം ചെയ്ത ആള്‍ക്കൂട്ടത്തില്‍ തനിയേ, പദ്മരാജന് എഴുതി സംവിധാനം ചെയ്ത തിങ്കളാഴ്ച നല്ല ദിവസം തുടങ്ങിയവ. ഒരര്‍ത്ഥത്തില്‍ ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്(2023),ഇന്ദുലക്ഷ്മിയുടെ അപ്പുറം (2024)എന്നീ സിനിമകളൊക്കെ, അവയുടെ പ്രമേയപരിസരം കൊണ്ട് ഈ ജനുസില്‍ പെടുന്നു. എന്നാല്‍ നാരായണീന്റെ മൂന്നാണ്മക്കള് വേറിട്ടതാ വുന്നത് ധ്വനിസാന്ദ്രമാര്ന്ന അതിന്റെ ദൃശ്യപരിചരണം കൊണ്ടാണ്. കയ്യൊതുക്കമുള്ള ഒരു സംവിധായകനെ ചിത്രത്തിന്റെ ആദ്യ ഫ്രെയിം മുതല്‍ അവസാന ഫ്രെയിം വരെ നേരിട്ടനുഭവിക്കാവുന്ന സിനിമ. അമ്മയുടെ ആരോഗ്യം മരണാസന്നമാകുമ്പോള്‍ ഉത്തരകേരളത്തിലെ തിയ്യ തറവാട്ടില്‍ അവര്‍ക്കൊപ്പമുള്ള ഇളയ മകന്, വിദേശത്തും, ദൂരെ തലസ്ഥാനത്തുമുള്ള തന്റെ ജ്യേഷ്ഠന്മാരെ വിവരമറിയിക്കുകയും ഒരാള്‍ വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായും മറ്റേയാള്‍ ഇടവേളയ്ക്കുശേഷവും സകുടുംബം തറവാട്ടിലൊത്തൂകൂടുമ്പോള്‍ അവര്‍ക്കിടയിലുണ്ടാവുന്ന മാനസിക സംഘര്‍ഷങ്ങളാണ് ചിത്രം ഇതിവൃത്തമാക്കിയത്.
തലമുറ വിടവു മാത്രമല്ല, ഒരേ തലമുറയിലുള്ളവര്‍ തമ്മില്‍പ്പോലുമുള്ള ആശയപരവും ദാര്‍ശനികവുമായ വിടവും വൈരുദ്ധ്യവും സിനിമ മുന്നോട്ടുവയ്ക്കുന്നു.സ്വേച്ഛപ്രകാരം വിവാഹിതനായി നാടുവിട്ട രണ്ടാമത്തെ മകന് ജീവിതാവസാനം വരെ മാപ്പുകൊടുക്കാത്ത അമ്മയില്‍ത്തുടങ്ങി സ്നേഹവും കരുതലമുണ്ടെങ്കില്‍ക്കൂടിയും സഹോദരങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സപര്‍ദ്ധയും ഭിന്നതയും ചിത്രം മറയില്ലാതെ തുറന്നുകൂട്ടുന്നു. അനിശ്ചിതമായി നീളുന്ന അമ്മയുടെ മരണം മൂത്ത രണ്ടുമക്കള്‍ക്കും പ്രായോഗികമായ വൈഷമ്യങ്ങളുണ്ടാക്കുകയാണ്. അവര്‍ക്കായി ജീവിതമുഴിഞ്ഞുവച്ച് ഒറ്റയ്ക്കാവുന്ന ഇളയമകനാവട്ടെ, പൊട്ടിപ്പോയ ബന്ധങ്ങളെ താല്‍ക്കാലിക നൂലിഴകൊണ്ടെങ്കിലും ബന്ധിപ്പിക്കാന്‍ വൃഥാ സ്വപ്നം കാണുന്ന സ്വപ്നജീവിയും. ഇവര്‍ക്കിടയില്‍ ആദ്യമായി മാത്രം തമ്മില്‍ കാണാന്‍ വിധിക്കപ്പെട്ട ജ്യേഷ്ഠാനുജ മക്കള്‍ തമ്മിലും സഹോദരഭാര്യമാര്‍ തമ്മിലുമുടലെടുക്കുന്ന ബന്ധങ്ങളുടെ വൈജാത്യങ്ങളും ശ്രദ്ധേയമാണ്. പുതുതലമുറ മാത്രമാണ് മറയില്ലാതെ സംവദിക്കാനും ഉള്ളുതുറക്കാനും സന്നദ്ധമാവുന്നത്.ചിത്രത്തിലെ ജോജു അവതരിപ്പിക്കുന്ന സേതുവിനെ നമ്മള് പല കുടുംബങ്ങളിലും കണ്ടിട്ടുണ്ട്. കുടുംബത്തിനു വേണ്ടി അവിവാഹി തനായി ആര്‍ക്കും വേണ്ടിയല്ലാതെ ജീവിക്കുന്നവര്‍. അയാള്‍ കുട്ടികളോട് പറയുന്നൊരു സംഭാഷണമുണ്ട്- 'എഫിമെറല് എന്നൊരു വാക്കുണ്ട് ഇംഗ്ളീഷില്‍. മനുഷ്യബന്ധങ്ങളെപ്പറ്റി പറയാന്‍ അതാണ് ഏറ്റവും പറ്റിയ വാക്ക.്' കുടുംബബന്ധങ്ങളുടെ നിഗൂഢ സങ്കീര്‍ണതയെ ഇതിലുമധികം വിവരിക്കാന്‍ ആര്‍ക്കു സാധിക്കും?
വ്യക്തിത്വമുള്ള കഥാപാത്രനിര്മ്മിതി, മികച്ച കാസ്റ്റിങ്, ഒച്ചപ്പാടും ബഹളവുമില്ലാത്ത ഏകാഗ്രത യോടെയുള്ള ആവിഷ്കാരം. മത്സരിച്ചുള്ള അഭിനയം. ഇതെല്ലാം ഈ സിനിമയുടെ മേന്മകളാണ്. നാരായണീന്റെ മൂന്നാണ്മക്കള്ക്ക് നവതലമുറ ക്ളീഷേവാദ നിരൂപകരുടെ വിമര്‍ശനമുണ്ടായിട്ടുണ്ട്.മലയാളത്തില്‍ നിന്നു പടിയടച്ചു പിണ്ഡം വച്ച തറവാടും ആഢ്യത്തവുമൊക്കെ തിരികെക്കൊണ്ടുവരുന്നുവെന്നാണ് ആക്ഷേപം. മായാനദി, അന്നയും റസൂലും, ഭീഷ്മപര്‍വം തുടങ്ങിയ അസംഖ്യം സിനിമകളെ ക്ളീഷേവാദത്താല് നിരാകരിക്കാതിരിക്കാമെങ്കില്, അവതരണത്തിലെ ധ്യാനാത്മകതകൊണ്ടും ധ്വന്യാത്മകത കൊണ്ടും ഈ സിനിമയേയും സ്വീകരിക്കാവുന്ന തേയുള്ളൂ. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ചിത്രത്തില്‍ ജ്യേഷ്ഠാനുജമക്കള്‍ തമ്മിലുടലെടുക്കുന്ന ശാരീരികബന്ധത്തിന്റെ സദാചാരശരിതെറ്റുകളുടെ പേരിലാണ് യുവതലമുറയ്ക്കിടയില്‍പ്പോലും നാരായണീന്റെ മൂന്നാണ്മക്കള് കൂടുതല്‍ ചര്‍ച്ചകള്‍ക്കു വിധേയമായത്.
മുത്തച്ഛനും അച്ഛനും അമ്മയും കസിന്‍സുമൊക്കെ സിനിമയില്‍ ഏറെ കാലത്തിനു ശേഷം സജീവമായി വീണ്ടും പ്രത്യക്ഷപ്പെട്ട, ഇതേ വിഷയത്തിന്റെ തന്നെ ഹാസ്യാത്മകാവതരണമായിരുന്ന നന്ദു ഉല്ലാസിന്റെ പരിവാര്‍ (2025) അച്ഛന്റെ മരണാനന്തരം മക്കള്‍ തമ്മിലുടലെടുക്കുന്ന സംഘര്‍ഷങ്ങളുടെ ഹാസ്യാത്മകാവിഷ്കാരമാണ്. ലക്ഷ്യം കൊള്ളാത്ത അമ്പായിത്തീര്‍ന്നെങ്കിലും ചിത്രത്തിലും കുടുംബം ഒരു കേന്ദ്രബിന്ദുവായിത്തന്നെ നിലനിര്‍ത്തപ്പെട്ടു എന്നത് ആശ്വാസമാണ്. പ്രത്യക്ഷത്തില്‍ വിലയിരുത്തിയാല്‍, നാരായണീന്റെ മൂന്നാണ്മക്കളിലെ പല സന്ദര്‍ഭങ്ങളും അതേപടി തന്നെ പരിവാറില്‍ ആവിഷ്കൃതമാകുന്നുണ്ട്. ഇത് വേറൊരര്‍ത്ഥത്തില്‍, ശരത്ചന്ദ്രന്റെ ഔസേപ്പിന്റെ ഒസ്യത്ത് (2025) എന്ന ചിത്രത്തിലും കടന്നുവരുന്നുണ്ട്. മരണാസന്നനായ ജയനിതാക്കള്‍ അകമുറിയില്‍ കിടക്കെ പിന്നാമ്പുറത്ത് മദ്യം രുചിച്ചിരിക്കുന്ന സഹോദരങ്ങള്‍ പഴംകാലമടക്കം അയവിറക്കുന്നതും പര്സപരം ജീവിതസന്ധികള്‍ പങ്കുവയ്ക്കുന്നതുമായ രംഗസന്ദര്‍ഭമാണത്. മൂന്നു ചിത്രത്തിലും ഒരു സന്ദിഗ്ധ ഘട്ടത്തില്‍ അവരിലൊരാള്‍ സമയമെത്തിയിട്ടും ശരീരം വിട്ടുപോകാന്‍ വൈകുന്ന പിതാവിനെ/മാതാവിനെ വധിക്കാന്‍ മനസുകൊണ്ടെങ്കിലും തയാറെടുക്കുകയും പിന്നതു വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നുണ്ട്.പക്ഷേ മൂന്നു സിനിമയും ആ സന്ദിഗ്ധതയെ മൂന്നു കാഴ്ചപ്പാടിലൂയെ മൂന്നുതരത്തിലാണ് ആവിഷ്കരിച്ചിട്ടുള്ളത്. പരിവാര്‍, വിഷയത്തിന്റെ തൊലിപ്പുറത്തെ മാത്രം തൊട്ടുപോകുമ്പോള്‍, മറ്റുരണ്ടു സിനിമകളും അതിന്റെ വൈകാരികവും ധാര്‍മികവും ദാര്‍ശനികുവമായ ആഴങ്ങളിലേക്ക് ആണ്ടിറങ്ങുന്നു. മരണക്കിടക്കയിലെങ്കിലും മൂന്നു സിനിമകളിലും അച്ഛന്/അമ്മ എന്നിവര്‍ കേന്ദ്ര സ്ഥാനത്ത് നിലനില്ക്കുന്നു. സഹോദരങ്ങള്‍, ഭാര്യാഭര്ത്താക്കന്മാര്, കമിതാക്കള്‍ എന്നിവര്‍ക്കും തു്ല്യ പ്രാധാന്യം സിദ്ധിക്കുന്നു.
ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി, നവഭാവുകത്വ ലാവണ്യലക്ഷണങ്ങളോട് ഏറെയടുപ്പം പുലര്‍ത്തിക്കൊണ്ട് വിനോദ് എ കെ രചിച്ചു സംവിധാനം ചെയ്ത മൂണ്‍വാക്ക് (2025) എണ്‍പതുകളില്‍ തലസ്ഥാനത്ത് ഉരുത്തിരിഞ്ഞ ബ്രേക്ക് ഡാന്‍സ് തരംഗത്തെ അടയാളപ്പെടുത്തുന്ന ചിത്രമായിരുന്നു. തുറയോരഗ്രാമത്തിലെ മൈക്കിള്‍ ജാക്സണിന്റെ ഡാന്‍സ് അനുകരണ സംഘത്തിന്റെ കഥ പറഞ്ഞ ചിത്രം കുടുംബബന്ധങ്ങളുടെ നിരൂപാധികവും അതിരുകളില്ലാത്തതുമായ ഇഴയടുപ്പം പ്രകടമാക്കുന്നതായി. പ്രണയം, സ്നേഹം, സഹോദരബന്ധം, സൗഹൃദം എന്നിവയ്ക്കും ചിത്രം ഊന്നല്‍ നല്കി. എറെയും പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ അമ്മ/അച്ഛന് കഥാപാത്രങ്ങള്‍ക്ക് ചിലയിടത്തെങ്കിലും സുഹൃത്തുക്കളെക്കാള്‍ മുന്‍തൂക്കം ലഭിക്കുന്നുമുണ്ട്. പാന്‍ ഇന്ത്യന്‍ വിജയമായിത്തീര്‍ന്ന ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്സിനോട് താരതമ്യം ചെയ്യുമ്പോഴാണ് മൂണ്‍വാക്കിലെ, സൗഹൃദത്തിനപ്പുറം ആഴത്തില്‍ അടയാളപ്പെടുന്ന കുടുംബബന്ധത്തിന്റെ ആഴം വെളിപ്പെടുക.ചിത്രത്തില്‍, അറിയപ്പെടുന്ന താരങ്ങളിലെ അപൂര്‍വസാന്നിദ്ധ്യമായ സംവിധായകന് കൂടിയായ ശ്രീകാന്ത മുരളിയുടെ അച്ഛന് വേഷമെടുത്തു പരിശോധിച്ചാല്‍ ഈ വസ്തുത വ്യക്തമാകും.
അവനവനു വേണ്ടി, അവനവന്റെ സ്വാര്‍ത്ഥതയ്ക്കും സുഖത്തിനും വേണ്ടി, സൗഹൃദങ്ങള്‍ക്കുവേണ്ടി ജീവിക്കുന്ന കഥാപാത്രങ്ങളെ തുടര്‍ച്ചയായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പതിവു വിട്ട്, വൈകിയാണെങ്കിലും, കുടുംബത്തിനു വേണ്ടി, സഹോദരങ്ങള്‍ക്കുവേണ്ടി, അമ്മയ്ക്കും അച്ഛനും വേണ്ടിക്കൂടി ജീവിക്കാന്‍ തുനിയുന്ന കഥാപാത്രങ്ങളിലേക്ക് മലയാള സിനിമ മെല്ലെ ചുവടുമാറ്റുന്നത് സാമുഹികമാറ്റത്തിന്റെ കൂടി പ്രതിഫലനമായി വേണം വിലയിരുത്താന്‍. ആവര്‍ത്തിച്ച പരാജയങ്ങള്‍ക്കു ശേഷം ദിലീപിന് ശ്വാസം പുലര്‍ത്താന്‍ ഇടനല്‍കിയ ബിന്റോ സ്റ്റീഫന്റെ പ്രിന്‍സ് ആന്‍ഡ് ഫാമിലി, സിറാജ് റേസയുടെ ഇഴ (2024), ഷംസു സയ്ബയുടെ അഭിലാഷം (2024), എസ് വിപിന്റെ വ്യസനസമേതം ബന്ധുമിത്രാദികള്‍(2025) തുടങ്ങിയ സിനിമകളിലെല്ലാം ഇടക്കാലത്ത് മലയാള സിനിമയില്‍ നിന്നപ്രത്യക്ഷമായ കുടുംബവും വീടും കുടുംബാംഗങ്ങളും ബന്ധുക്കളും പൂര്‍വാധികം ശക്തമായി മടങ്ങിയെത്തുന്നതായി കാണാം. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സെക്സിന്റെയും ക്രൈമിന്റെയും അതിക്രമങ്ങളുടെയും അതിപ്രസരത്തില്‍ നിന്ന് അങ്ങനെ മെല്ലെ മലയാള സിനിമ വീടകങ്ങളെ വീണ്ടെടുക്കുകയാണ്, മനുഷ്യബന്ധങ്ങളുടെ ഊഷ്മളതകളിലൂടെ.