നവ പ്രതിച്ഛായ ഓണപ്പതിപ്പ് 2025
എ.ചന്ദ്രശേഖര്‍
മലയാളത്തില്‍ സര്‍ഗം, ഉത്സവപ്പിറ്റേന്ന് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അവിസ്മരണീയങ്ങളായ അമ്മവേഷങ്ങള്‍ ചെയ്ത ഊര്‍മിള ഉണ്ണി 2020ല്‍ മലയാള മനോരമ ഓണ്‍ലൈനിലെഴുതിയ കുറിപ്പവസാനിക്കുന്നത് ഇങ്ങനെയാണ്: 'എവിടെപ്പോയി മലയാള സിനിമയിലെ അമ്മ കഥാപാത്രങ്ങള്‍? ആരും അന്വേഷിച്ചില്ല. ഇന്നത്തെ സിനിമയില്‍ അച്ഛനുമില്ല, അമ്മയുമില്ല. നായകന്റെ കൂടെ തമാശ കാണിക്കാന്‍ കുറെ സുഹൃത്തുക്കള്‍. പാട്ടുപാടാന്‍ പേരിനൊരു നായിക. അത്ര മതി ന്യൂജെന്‍ സിനിമക്കാര്‍ക്ക്. ഇന്നത്തെ കഥകള്‍ക്ക് അമ്മമാര്‍ക്കു പ്രസക്തിയില്ലത്രേ!
'കഴിഞ്ഞ വര്‍ഷം ഒരു സിനിമയുടെ ഷൂട്ടിങ്ങിനു പോയപ്പോള്‍ സംവിധായകന്‍ അസോഷ്യേറ്റിനോടു പറയുന്നതു കേട്ടു: 'ഊര്‍മിളച്ചേച്ചിക്ക് ഒറ്റ ദിവസത്തെ ഷൂട്ട് മതി. കാരണം അമ്മമാരെയൊക്കെ സ്‌ക്രീനില്‍ കണ്ടാല്‍ ജനം കൂവും.' കേള്‍ക്കാത്ത ഭാവം നടിച്ചു നിന്നെങ്കിലും കണ്ണു നിറഞ്ഞുപോയി. മനുഷ്യബന്ധങ്ങ ളെക്കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് അറിയില്ലെന്നു തോന്നുന്നു. ഒരു സിനിമാലോകം മുഴുവന്‍ വിചാരിച്ചാലും നിര്‍വചിക്കാനാവാത്ത വാക്കാണ് അമ്മ. എഴുതിയാല്‍ തീരാത്ത മഹാകാവ്യം.'
കഴിഞ്ഞ കുറേ വര്‍ഷമായി മലയാള സിനിമ നേരിട്ട ഏറ്റവും വലിയ പ്രമേയപ്രതിസന്ധി, സാമൂഹികബന്ധങ്ങളില്ലാതായി എന്നുള്ളതാണ്. അമ്മമാരും അച്ഛന്മാരും സിനിമകളില്‍ അപ്രധാനമായി. അത്തരം വേഷങ്ങളണിഞ്ഞിരുന്ന സ്വഭാവവേഷക്കാര്‍ക്ക് പണിയുമില്ലാതായി. ആക്ഷന്‍/അധോലോക/ഗുണ്ട/പ്രതികാര/അന്വേഷണ/കൊലപാതക ഡാര്‍ക്ക് സിനിമകളില്‍ കുടുംബബന്ധങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊന്നും കാര്യമായ പ്രസക്തിയേ ഇല്ലാതായി. അമ്മവേഷങ്ങളും അച്ഛന്‍ വേഷങ്ങളും കേവലസൂചനകളിലൊതുങ്ങുകയായിരുന്നു. പകരം സൗഹൃദങ്ങളും കൂട്ടുകെട്ടുകളും ആ ഇടം സമ്പന്നമാക്കി. അതിന്റെ പ്രത്യക്ഷഫലശ്രുതിയാണ് ലേശം പരിഭവത്തോടെയുള്ള ഊര്‍മ്മിള ഉണ്ണിയുടെ ഈ നിരീക്ഷണം.
എന്നാലിപ്പോള്‍ മലയാള സിനിമ വീണ്ടും കുടംബകങ്ങളുടെ വീണ്ടെടുപ്പിലാണ്. മാതാവ്, പിതാവ്, സഹോദരങ്ങള്‍ തുടങ്ങിയ കുടുംബാംഗങ്ങളുമായുള്ള വികാരപരമായ ബന്ധങ്ങള്‍ വീണ്ടും പ്രധാന്യമെടു ക്കുന്ന പ്രവണത പ്രകടമായിട്ടുണ്ട്. ത്രില്ലറുകള്‍ക്കുപരി കുടുംബത്തിനുള്ളിലെ ആഴത്തിലുള്ള, അവിഭാജ്യമായ ബന്ധങ്ങളെ കുറിച്ചുള്ള കഥകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയിട്ടുണ്ട് മലയാളത്തിലെ പുതുതലമുറ ചലച്ചിത്രപ്രവര്‍ത്തകര്‍. ഈ കഥകള്‍ ആധുനിക ചിന്താശീലങ്ങളെ അനുഗമിക്കുമ്പോഴും നവഭാവുകത്വത്തെ മുറുകെപ്പിടിക്കുമ്പോഴും, കേരളം എന്ന സംസ്‌കാര പശ്ചാത്തലത്തില്‍ ഉറച്ചിരിക്കുന്നവയുമായി കാണാനാകും. വേറിട്ട ചിന്തയോടെ നടപ്പു രീതികളില്‍ നിന്നും ശൈലിയില്‍ നിന്നും വ്യത്യസ്തമായി ഒരു സിനിമവരികയും വിജയിക്കുകയും ചെയ്താല്‍ അതിന്റെ ചുവടുപിടിച്ച് അതേ വാര്‍പ്പില്‍ സിനിമകളാവര്‍ത്തിച്ച് വിജയമുറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെങ്കില്‍ക്കൂടി, കുടുംബബന്ധത്തിന്റെ തീഷ്ണതയും ഊഷ്മളതയും മടങ്ങിയെത്തുന്നത് ഉള്ളുകുളിര്‍പ്പിക്കുന്ന കാഴ്ചതന്നെയാണ്.
റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച് 2021-ല്‍ പുറത്തിറങ്ങിയ ഹോം എന്ന സിനിമയാണ്, ഇരുള്‍ നിഴലിലാണ്ട മലയാള സിനിമയില്‍ വീണ്ടുമൊരു പുതുട്രെന്‍ഡിന്റെ നാന്ദികുറിച്ചത്. മധ്യവര്‍ഗ കുടുംബത്തിലെ സാധാരണ ജീവിതത്തിലെ സങ്കീര്‍ണതകളും മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയും സൂക്ഷ്മമായി അവതരിപ്പിക്കുന്ന ഇന്ദ്രന്‍സ് അവതരിപ്പിച്ച ഒലിവര്‍ ട്വിസ്റ്റ്, അദ്ദേഹത്തിന്റെ ഭാര്യ (മഞ്ജു പിള്ള), രണ്ട് മക്കള്‍ (ശ്രീനാഥ് ബാസി, നസ്ലീന്‍ എന്നിവരെ ചുറ്റിപ്പറ്റിയാണ് ഹോം കെട്ടിപ്പടുത്തിട്ടുള്ളത്. അവരുടെ ജീവിതപ്രവാഹങ്ങളെ വൈകാരികമായി സമീപിക്കുന്നതിനോടൊപ്പം, അച്ചാണിയായി നിലയുറപ്പിക്കുന്ന വല്യപ്പാപ്പന്റെ(കൈനകരി തങ്കരാജ്) പാത്രസൃഷ്ടിയിലൂടെ കുടുംബബന്ധങ്ങളുടെ ഇഴയുറപ്പിക്കുന്നു.തലമുറവിടവിന്റെ പ്രശ്‌നവും വാര്‍ധക്യപ്രശ്‌നങ്ങളും ഒരേപോലെ സിനിമ അഭിസംബോധന ചെയ്യുന്നുണ്ട്. ഒപ്പം, പുതുതലമുറയ്ക്ക് നേരിടേണ്ടവരുന്ന സ്വത്വപ്രതിസന്ധികളെയും, പഴയതലമുറ അവയെ നേരിട്ടതെങ്ങനെയെന്നും സിനിമ കാണിച്ചുതരുന്നു. മൂന്നു തലമുറയുടെ ഭാവുകത്വമാണ് സിനിമ അനാവൃതമാക്കുന്നത്. കഥയുടെ ആദ്യഭാഗത്ത് തീര്‍ത്തും ദുര്‍ബലന്‍ എന്നു തോന്നിപ്പിക്കുന്ന ഒലിവര്‍ ട്വിസ്റ്റ് എന്ന അതിസാധാരണക്കാരന്‍ യഥാര്‍ത്ഥത്തില്‍ എത്ര വലിയ ഹീറോയാണെന്ന് സിനിമ വെളിപ്പെടുത്തുന്നു. അമ്മയ്ക്കും അച്ഛനും അപ്പുപ്പനുമൊക്കെ വളരെ വലിയ സ്ഥാനം നല്‍ക്കിക്കൊണ്ടുള്ള ആഖ്യാനവും ആഖ്യാനകവുമായിരുന്നു, മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ഹോം.
നിതിഷ് സഹദേവ് രചനയും സംവിധാനവും നിര്‍വഹിച്ച് ജഗദീഷ്, മഞ്ജുപിള്ള, ബേസില്‍ ജോസഫ്, തോമസ് എന്നിവര്‍ പ്രധാനകഥാപാത്രമായ ഫാലിമി(2023) എന്ന സിനിമ ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്നൊരു കുടുംബത്തിന്റെ കഥ പറയുമ്പോള്‍, ഹോമിലേതുപോലെ ജനാര്‍ദ്ദനന്‍ (മീനരാജ് പള്ളുരുത്തി) എന്ന മുത്തച്ഛന്‍ കഥാപാത്രത്തിലൂന്നിയാണ് നിലനില്‍ക്കുന്നത്. പിതാവും മൂന്നു മക്കളും ഉള്‍പ്പെടെ ഉള്ള ബന്ധങ്ങളുടെ മാറ്റങ്ങളും വികാരാനുഭൂതികളും സൂക്ഷ്മമായി വരച്ചിടുന്ന സിനിമ. അച്ഛനും മകന്റെയും സഹോദരന്മാര്‍ തമ്മിലുമുള്ള ബന്ധത്തിലെ വൈരുദ്ധ്യ വൈചിത്ര്യങ്ങള്‍ രസകരമായി വരഞ്ഞിടുന്നു. ഉത്തരവാദിത്തമില്ലായ്മ മുഖമുദ്രയാക്കിയ ഗൃഹനാഥനാണ് ജഗദീഷിന്റെ ചന്ദ്രന്‍. പക്ഷേ ചിത്രാന്ത്യത്തില്‍ പിതാവും മകനും ചേര്‍ന്ന് അയാളെ പുതിയൊരാളാക്കിത്തീര്‍ക്കുന്നിടത്താണ് ഫാലിമി അവസാനിക്കുന്നത്. സ്‌ളാപ്സ്റ്റിക്ക് കോമഡി ശൈലിയിലാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നതെങ്കിലും സിനിമ കുടുംബബന്ധങ്ങളെപ്പറ്റി മുന്നോട്ടുവയ്ക്കുന്ന ദര്‍ശനം ആരോഗ്യകരമാണ്. മഞ്ജുപിള്ളയാണ് ഹോമിലെയും ഫാലിമിയിലെയും അമ്മവേഷത്തിലെത്തിയത്. ഫാമിലി എന്ന പേരില്‍ നേരത്തേ ഡോണ്‍ പാലത്തറ ഒരു സിനിമ രജിസ്റ്റര്‍ ചെയ്തതുകൊണ്ടാണ് നിതിഷിന് സ്വന്തം ചിത്രത്തിന് അതേ വാക്കിന്റെ അക്ഷരങ്ങള്‍ മാറ്റിയിട്ട് ഫാമിലി എന്നു ധ്വനിപ്പിക്കുന്ന ഫാലിമി എന്ന പേരുണ്ടാക്കേണ്ടിവന്നത് എന്ന വസ്തുത തന്നെ കുടുംബകം എന്ന പ്രമേയത്തിന് മലയാള സിനിമയില്‍ കൈവന്ന പ്രാധാന്യത്തെ പ്രതിനിധാനം ചെയ്യുന്നു.
ഒരേ വാര്‍പ്പില്‍ പകര്‍പ്പെടുത്ത് അമിത വയലന്‍സിന്റെയും മയക്കുമരുന്നിന്റെയും ഓവര്‍ഡോസില്‍ ഒന്നിനുപിറകെ ഒന്നായി മലയാളത്തില്‍ സിനിമ കുടുംബവും ജീവിതവും വിട്ട് മയക്കുമരുന്നിലും മദ്യത്തിലും വയലന്‍സിലുമായി. പക്ഷേ, ആ മലവെള്ളപ്പാച്ചിലിനിടെ മനസിനെ സ്പര്‍ശിക്കുന്ന, സിനിമയില്‍ നിഖില്‍ എന്ന എന്‍ ആര്‍ ഐ യുവാവ് പറയുന്നതുപോലെ, നെഞ്ചില്‍ എന്തോ കുത്തുന്നതുപോലെ അനുഭവിപ്പിക്കുന്ന സിനിമകളും ഉണ്ടാവുന്നുണ്ട് എന്നതു കാണാതെ പോയ്ക്കൂടാ. കൊലല്‍ക്കത്ത സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു പഠിച്ചിറങ്ങിയ ശരണ്‍ വേണുഗോപാലിന്റെ നാരയണീന്റെ മൂന്നാണ്‍മക്കള്‍(2025) അത്തരത്തിലൊരു ചലച്ചിത്രോദ്യമമാണ്. തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന്‍ പ്രമോദിന്റെ അസാധ്യമായ സിനിമ ഒ ബേബി(2023)യുടെ കാര്യത്തിലെന്നോണം, ചിത്രത്തിന്റെ പേരാണ് ഈ സിനിമയ്ക്ക് വേണ്ടത്ര ജനശ്രദ്ധ നേടിക്കൊടുക്കാത്തത്. എന്നാല്‍ ഒടിടിയില്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ അതു തിരിച്ചറിയുകയും ചിത്രം ചര്‍ച്ചാവിഷയമാവുകയും ചെയ്തു.
ഇതേ പ്രമേയപശ്ചാത്തലത്തില്‍ മലയാളത്തില്‍ തന്നെ മുമ്പ് സിനിമകളുണ്ടായിട്ടുണ്ട്. സ്വര്‍ഗം തുറ ക്കുന്ന സമയം എന്ന കഥയെ ആസ്പദമാക്കി എം.ടി രചിച്ച് ഐവിശശി സംവിധാനം ചെയ്ത ആള്‍ക്കൂട്ടത്തില്‍ തനിയേ, പദ്മരാജന്‍ എഴുതി സംവിധാനം ചെയ്ത തിങ്കളാഴ്ച നല്ല ദിവസം തുടങ്ങിയവ. ഒരര്‍ത്ഥത്തില്‍ ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക്(2023),ഇന്ദുലക്ഷ്മിയുടെ അപ്പുറം (2024)എന്നീ സിനിമകളൊക്കെ, അവയുടെ പ്രമേയപരിസരം കൊണ്ട് ഈ ജനുസില്‍ പെടുന്നു. എന്നാല്‍ നാരായണീന്റെ മൂന്നാണ്മക്കള്‍ വേറിട്ടതാ വുന്നത് ധ്വനിസാന്ദ്രമാര്‍ന്ന അതിന്റെ ദൃശ്യപരിചരണം കൊണ്ടാണ്. കയ്യൊതുക്കമുള്ള ഒരു സംവിധായകനെ ചിത്രത്തിന്റെ ആദ്യ ഫ്രെയിം മുതല്‍ അവസാന ഫ്രെയിം വരെ നേരിട്ടനുഭവിക്കാവുന്ന സിനിമ. അമ്മയുടെ ആരോഗ്യം മരണാസന്നമാകുമ്പോള്‍ ഉത്തരകേരളത്തിലെ തിയ്യ തറവാട്ടില്‍ അവര്‍ക്കൊപ്പമുള്ള ഇളയ മകന്‍, വിദേശത്തും, ദൂരെ തലസ്ഥാനത്തുമുള്ള തന്റെ ജ്യേഷ്ഠന്മാരെ വിവരമറിയിക്കുകയും ഒരാള്‍ വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായും മറ്റേയാള്‍ ഇടവേളയ്ക്കുശേഷവും സകുടുംബം തറവാട്ടിലൊത്തൂകൂടുമ്പോള്‍ അവര്‍ക്കിടയിലുണ്ടാവുന്ന മാനസിക സംഘര്‍ഷങ്ങളാണ് ചിത്രം ഇതിവൃത്തമാക്കിയത്.
തലമുറ വിടവു മാത്രമല്ല, ഒരേ തലമുറയിലുള്ളവര്‍ തമ്മില്‍പ്പോലുമുള്ള ആശയപരവും ദാര്‍ശനികവുമായ വിടവും വൈരുദ്ധ്യവും സിനിമ മുന്നോട്ടുവയ്ക്കുന്നു.സ്വേച്ഛപ്രകാരം വിവാഹിതനായി നാടുവിട്ട രണ്ടാമത്തെ മകന് ജീവിതാവസാനം വരെ മാപ്പുകൊടുക്കാത്ത അമ്മയില്‍ത്തുടങ്ങി സ്‌നേഹവും കരുതലമുണ്ടെങ്കില്‍ക്കൂടിയും സഹോദരങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സപര്‍ദ്ധയും ഭിന്നതയും ചിത്രം മറയില്ലാതെ തുറന്നുകൂട്ടുന്നു. അനിശ്ചിതമായി നീളുന്ന അമ്മയുടെ മരണം മൂത്ത രണ്ടുമക്കള്‍ക്കും പ്രായോഗികമായ വൈഷമ്യങ്ങളുണ്ടാക്കുകയാണ്. അവര്‍ക്കായി ജീവിതമുഴിഞ്ഞുവച്ച് ഒറ്റയ്ക്കാവുന്ന ഇളയമകനാവട്ടെ, പൊട്ടിപ്പോയ ബന്ധങ്ങളെ താല്‍ക്കാലിക നൂലിഴകൊണ്ടെങ്കിലും ബന്ധിപ്പിക്കാന്‍ വൃഥാ സ്വപ്‌നം കാണുന്ന സ്വപ്‌നജീവിയും. ഇവര്‍ക്കിടയില്‍ ആദ്യമായി മാത്രം തമ്മില്‍ കാണാന്‍ വിധിക്കപ്പെട്ട ജ്യേഷ്ഠാനുജ മക്കള്‍ തമ്മിലും സഹോദരഭാര്യമാര്‍ തമ്മിലുമുടലെടുക്കുന്ന ബന്ധങ്ങളുടെ വൈജാത്യങ്ങളും ശ്രദ്ധേയമാണ്. പുതുതലമുറ മാത്രമാണ് മറയില്ലാതെ സംവദിക്കാനും ഉള്ളുതുറക്കാനും സന്നദ്ധമാവുന്നത്.ചിത്രത്തിലെ ജോജു അവതരിപ്പിക്കുന്ന സേതുവിനെ നമ്മള്‍ പല കുടുംബങ്ങളിലും കണ്ടിട്ടുണ്ട്. കുടുംബത്തിനു വേണ്ടി അവിവാഹി തനായി ആര്‍ക്കും വേണ്ടിയല്ലാതെ ജീവിക്കുന്നവര്‍. അയാള്‍ കുട്ടികളോട് പറയുന്നൊരു സംഭാഷണമുണ്ട്- 'എഫിമെറല്‍ എന്നൊരു വാക്കുണ്ട് ഇംഗ്ളീഷില്‍. മനുഷ്യബന്ധങ്ങളെപ്പറ്റി പറയാന്‍ അതാണ് ഏറ്റവും പറ്റിയ വാക്ക.്' കുടുംബബന്ധങ്ങളുടെ നിഗൂഢ സങ്കീര്‍ണതയെ ഇതിലുമധികം വിവരിക്കാന്‍ ആര്‍ക്കു സാധിക്കും?
വ്യക്തിത്വമുള്ള കഥാപാത്രനിര്‍മ്മിതി, മികച്ച കാസ്റ്റിങ്, ഒച്ചപ്പാടും ബഹളവുമില്ലാത്ത ഏകാഗ്രത യോടെയുള്ള ആവിഷ്‌കാരം. മത്സരിച്ചുള്ള അഭിനയം. ഇതെല്ലാം ഈ സിനിമയുടെ മേന്മകളാണ്. നാരായണീന്റെ മൂന്നാണ്മക്കള്‍ക്ക് നവതലമുറ ക്ളീഷേവാദ നിരൂപകരുടെ വിമര്‍ശനമുണ്ടായിട്ടുണ്ട്.മലയാളത്തില്‍ നിന്നു പടിയടച്ചു പിണ്ഡം വച്ച തറവാടും ആഢ്യത്തവുമൊക്കെ തിരികെക്കൊണ്ടുവരുന്നുവെന്നാണ് ആക്ഷേപം. മായാനദി, അന്നയും റസൂലും, ഭീഷ്മപര്‍വം തുടങ്ങിയ അസംഖ്യം സിനിമകളെ ക്ളീഷേവാദത്താല്‍ നിരാകരിക്കാതിരിക്കാമെങ്കില്‍, അവതരണത്തിലെ ധ്യാനാത്മകതകൊണ്ടും ധ്വന്യാത്മകത കൊണ്ടും ഈ സിനിമയേയും സ്വീകരിക്കാവുന്ന തേയുള്ളൂ. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ചിത്രത്തില്‍ ജ്യേഷ്ഠാനുജമക്കള്‍ തമ്മിലുടലെടുക്കുന്ന ശാരീരികബന്ധത്തിന്റെ സദാചാരശരിതെറ്റുകളുടെ പേരിലാണ് യുവതലമുറയ്ക്കിടയില്‍പ്പോലും നാരായണീന്റെ മൂന്നാണ്മക്കള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു വിധേയമായത്.
മുത്തച്ഛനും അച്ഛനും അമ്മയും കസിന്‍സുമൊക്കെ സിനിമയില്‍ ഏറെ കാലത്തിനു ശേഷം സജീവമായി വീണ്ടും പ്രത്യക്ഷപ്പെട്ട, ഇതേ വിഷയത്തിന്റെ തന്നെ ഹാസ്യാത്മകാവതരണമായിരുന്ന നന്ദു ഉല്ലാസിന്റെ പരിവാര്‍ (2025) അച്ഛന്റെ മരണാനന്തരം മക്കള്‍ തമ്മിലുടലെടുക്കുന്ന സംഘര്‍ഷങ്ങളുടെ ഹാസ്യാത്മകാവിഷ്‌കാരമാണ്. ലക്ഷ്യം കൊള്ളാത്ത അമ്പായിത്തീര്‍ന്നെങ്കിലും ചിത്രത്തിലും കുടുംബം ഒരു കേന്ദ്രബിന്ദുവായിത്തന്നെ നിലനിര്‍ത്തപ്പെട്ടു എന്നത് ആശ്വാസമാണ്. പ്രത്യക്ഷത്തില്‍ വിലയിരുത്തിയാല്‍, നാരായണീന്റെ മൂന്നാണ്മക്കളിലെ പല സന്ദര്‍ഭങ്ങളും അതേപടി തന്നെ പരിവാറില്‍ ആവിഷ്‌കൃതമാകുന്നുണ്ട്. ഇത് വേറൊരര്‍ത്ഥത്തില്‍, ശരത്ചന്ദ്രന്റെ ഔസേപ്പിന്റെ ഒസ്യത്ത് (2025) എന്ന ചിത്രത്തിലും കടന്നുവരുന്നുണ്ട്. മരണാസന്നനായ ജയനിതാക്കള്‍ അകമുറിയില്‍ കിടക്കെ പിന്നാമ്പുറത്ത് മദ്യം രുചിച്ചിരിക്കുന്ന സഹോദരങ്ങള്‍ പഴംകാലമടക്കം അയവിറക്കുന്നതും പര്‌സപരം ജീവിതസന്ധികള്‍ പങ്കുവയ്ക്കുന്നതുമായ രംഗസന്ദര്‍ഭമാണത്. മൂന്നു ചിത്രത്തിലും ഒരു സന്ദിഗ്ധ ഘട്ടത്തില്‍ അവരിലൊരാള്‍ സമയമെത്തിയിട്ടും ശരീരം വിട്ടുപോകാന്‍ വൈകുന്ന പിതാവിനെ/മാതാവിനെ വധിക്കാന്‍ മനസുകൊണ്ടെങ്കിലും തയാറെടുക്കുകയും പിന്നതു വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നുണ്ട്.പക്ഷേ മൂന്നു സിനിമയും ആ സന്ദിഗ്ധതയെ മൂന്നു കാഴ്ചപ്പാടിലൂയെ മൂന്നുതരത്തിലാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. പരിവാര്‍, വിഷയത്തിന്റെ തൊലിപ്പുറത്തെ മാത്രം തൊട്ടുപോകുമ്പോള്‍, മറ്റുരണ്ടു സിനിമകളും അതിന്റെ വൈകാരികവും ധാര്‍മികവും ദാര്‍ശനികുവമായ ആഴങ്ങളിലേക്ക് ആണ്ടിറങ്ങുന്നു. മരണക്കിടക്കയിലെങ്കിലും മൂന്നു സിനിമകളിലും അച്ഛന്‍/അമ്മ എന്നിവര്‍ കേന്ദ്ര സ്ഥാനത്ത് നിലനില്‍ക്കുന്നു. സഹോദരങ്ങള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍, കമിതാക്കള്‍ എന്നിവര്‍ക്കും തു്‌ല്യ പ്രാധാന്യം സിദ്ധിക്കുന്നു.
ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി, നവഭാവുകത്വ ലാവണ്യലക്ഷണങ്ങളോട് ഏറെയടുപ്പം പുലര്‍ത്തിക്കൊണ്ട് വിനോദ് എ കെ രചിച്ചു സംവിധാനം ചെയ്ത മൂണ്‍വാക്ക് (2025) എണ്‍പതുകളില്‍ തലസ്ഥാനത്ത് ഉരുത്തിരിഞ്ഞ ബ്രേക്ക് ഡാന്‍സ് തരംഗത്തെ അടയാളപ്പെടുത്തുന്ന ചിത്രമായിരുന്നു. തുറയോരഗ്രാമത്തിലെ മൈക്കിള്‍ ജാക്‌സണിന്റെ ഡാന്‍സ് അനുകരണ സംഘത്തിന്റെ കഥ പറഞ്ഞ ചിത്രം കുടുംബബന്ധങ്ങളുടെ നിരൂപാധികവും അതിരുകളില്ലാത്തതുമായ ഇഴയടുപ്പം പ്രകടമാക്കുന്നതായി. പ്രണയം, സ്‌നേഹം, സഹോദരബന്ധം, സൗഹൃദം എന്നിവയ്ക്കും ചിത്രം ഊന്നല്‍ നല്‍കി. എറെയും പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ അമ്മ/അച്ഛന്‍ കഥാപാത്രങ്ങള്‍ക്ക് ചിലയിടത്തെങ്കിലും സുഹൃത്തുക്കളെക്കാള്‍ മുന്‍തൂക്കം ലഭിക്കുന്നുമുണ്ട്. പാന്‍ ഇന്ത്യന്‍ വിജയമായിത്തീര്‍ന്ന ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സിനോട് താരതമ്യം ചെയ്യുമ്പോഴാണ് മൂണ്‍വാക്കിലെ, സൗഹൃദത്തിനപ്പുറം ആഴത്തില്‍ അടയാളപ്പെടുന്ന കുടുംബബന്ധത്തിന്റെ ആഴം വെളിപ്പെടുക.ചിത്രത്തില്‍, അറിയപ്പെടുന്ന താരങ്ങളിലെ അപൂര്‍വസാന്നിദ്ധ്യമായ സംവിധായകന്‍ കൂടിയായ ശ്രീകാന്ത മുരളിയുടെ അച്ഛന്‍ വേഷമെടുത്തു പരിശോധിച്ചാല്‍ ഈ വസ്തുത വ്യക്തമാകും.
അവനവനു വേണ്ടി, അവനവന്റെ സ്വാര്‍ത്ഥതയ്ക്കും സുഖത്തിനും വേണ്ടി, സൗഹൃദങ്ങള്‍ക്കുവേണ്ടി ജീവിക്കുന്ന കഥാപാത്രങ്ങളെ തുടര്‍ച്ചയായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന പതിവു വിട്ട്, വൈകിയാണെങ്കിലും, കുടുംബത്തിനു വേണ്ടി, സഹോദരങ്ങള്‍ക്കുവേണ്ടി, അമ്മയ്ക്കും അച്ഛനും വേണ്ടിക്കൂടി ജീവിക്കാന്‍ തുനിയുന്ന കഥാപാത്രങ്ങളിലേക്ക് മലയാള സിനിമ മെല്ലെ ചുവടുമാറ്റുന്നത് സാമുഹികമാറ്റത്തിന്റെ കൂടി പ്രതിഫലനമായി വേണം വിലയിരുത്താന്‍. ആവര്‍ത്തിച്ച പരാജയങ്ങള്‍ക്കു ശേഷം ദിലീപിന് ശ്വാസം പുലര്‍ത്താന്‍ ഇടനല്‍കിയ ബിന്റോ സ്റ്റീഫന്റെ പ്രിന്‍സ് ആന്‍ഡ് ഫാമിലി, സിറാജ് റേസയുടെ ഇഴ (2024), ഷംസു സയ്ബയുടെ അഭിലാഷം (2024), എസ് വിപിന്റെ വ്യസനസമേതം ബന്ധുമിത്രാദികള്‍(2025) തുടങ്ങിയ സിനിമകളിലെല്ലാം ഇടക്കാലത്ത് മലയാള സിനിമയില്‍ നിന്നപ്രത്യക്ഷമായ കുടുംബവും വീടും കുടുംബാംഗങ്ങളും ബന്ധുക്കളും പൂര്‍വാധികം ശക്തമായി മടങ്ങിയെത്തുന്നതായി കാണാം. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സെക്‌സിന്റെയും ക്രൈമിന്റെയും അതിക്രമങ്ങളുടെയും അതിപ്രസരത്തില്‍ നിന്ന് അങ്ങനെ മെല്ലെ മലയാള സിനിമ വീടകങ്ങളെ വീണ്ടെടുക്കുകയാണ്, മനുഷ്യബന്ധങ്ങളുടെ ഊഷ്മളതകളിലൂടെ.
No comments:
Post a Comment