Saturday, October 21, 2017

വാള്‍മുനയിലെ കാറ്റ്

രണ്ടു മണിക്കൂറോളം മറ്റേതോ ലോകത്തായിരുന്നു. അടൂരിന്റെ നിഴല്‍ക്കുത്തില്‍ കണ്ട പ്രകൃതി. കരിമ്പനകളില്‍ കാറ്റുപിടിക്കുന്ന ദ്രാവിഡഭൂമിക. ഭരതന്റെ താഴ് വാരത്തിലെ നിഗൂഡതകളുടെ മഞ്ഞുപുതച്ച വന്യസ്ഥലികള്‍. അതിനിടെ തകരയെ കണ്ടു. ചെല്ലപ്പനാശാരി യെയും. കള്ളന്‍ പവിത്രനിലെയും
ഒരിടത്തൊരു ഫയല്‍വാനിലെയും ലോറിയിലെയും ചാട്ടയിലെയും പെരുവഴിയമ്പല ത്തിലെയും  ഇതാ ഇവിടെവരെയിലെയും ചുരത്തിലെയും  കഥാപരിസരങ്ങ ളിലൂടെ ഗൃഹാതുരത്വത്തോടെ ഒരു യാത്ര. കാറ്റ് ഓര്‍മ്മ യിലെത്തിക്കുന്നത് പത്മരാജനെ മാത്രമല്ല, പത്മരാജന്റെ തിരക്കഥകള്‍ ആത്മാവിലേറ്റുവാങ്ങി അഭ്രത്തിലാക്കിയ ഭരതനെക്കൂടിയാണ്.
നിസ്സംശയം, നിസ്സങ്കോചം സാക്ഷ്യപ്പെടുത്തട്ടെ, അനന്തപത്മനാഭന്റെ, അരുണ്‍കുമാര്‍ അരവിന്ദിന്റെ കാറ്റ് ഈയിടെ കണ്ട
ഏറ്റവും അര്‍ത്ഥവത്തായ ചലച്ചിത്രോദ്യമങ്ങളില്‍ ഒന്നാണ്. ഒരുപക്ഷേ, തൊണ്ടിമുതലും ദൃക്‌സാക്ഷിയും കഴിഞ്ഞ് ഈയിടെ കണ്ട ഏറ്റവും മികച്ച സിനിമ.

അച്ഛന്റെ കഥയെയും കഥാപാത്രങ്ങളെയും ആത്മാവിലെടുത്ത് ഒരു സിനിമയ്ക്കു തിരക്കഥയെഴുതുക എന്നത് പൂര്‍വജന്മ സുകൃതമാണ്. അതാണ് അനന്തപത്മനാഭന്റെ പുണ്യം. പപ്പന്റെ തിരക്കഥ അച്ഛന്റെ കഥയുടെ ആത്മാവ് ഉള്‍ക്കൊള്ളുന്നു. അതിലുമേറെ, ഗ്രാമജീവിതത്തിന്റെ ചൂരും ചൂടും ഉള്‍ക്കൊണ്ട്, അതിന്റെ അപരിഷ്‌കൃതത്വം അല്‍പം പോലും ചോരാതെ, ധ്വന്യാത്മകമായ ഒരു തിരക്കഥയൊരുക്കാന്‍ അനന്തനായി. തീര്‍ച്ചയായും സ്വന്തം കഥയില്‍ നിന്ന് അനന്തന്‍ ഒരുക്കിയ ഓഗസ്റ്റ് ക്‌ളബ്ബില്‍ നിന്ന് എത്രയോ മടങ്ങ് മുകളിലാണ് കാറ്റ്. ട്രീറ്റ്‌മെന്റില്‍ മാത്രമല്ല, സംഭാഷണത്തിലും സംഭവങ്ങളുടെ യുക്തപരമായ കോര്‍ത്തിണക്കലിലും കാറ്റ്  മികവു പുലര്‍ത്തുന്നു. പച്ചയായ മനുഷ്യരെ അവന്റെ ദൗര്‍ബല്യങ്ങളെ, വേദനകളെ, കാമനകളെ വച്ചുകെട്ടലുകളില്ലാതെ കണ്ടു.

എന്നാല്‍ നൂറുക്കു നൂറും കാറ്റ് ഒരു സംവിധായകന്റെ സിനിമതന്നെയാണ് അതാണ് കാറ്റിനെ ഇതര സമീപകാലസിനിമകളില്‍ നിന്നു വേറിട്ടതാക്കുന്നത്. ഭരതനെ ഓര്‍ത്തുപോകുന്നതും കാറ്റ് പുലര്‍ത്തിയ ദൃശ്യപരമായ തികവും മികവും അതു നല്‍കുന്ന അവാച്യമായ അനുഭൂതിയും മൂലമാണ്. ദൃശ്യപരിചരണം കൊണ്ടു മാത്രമല്ല അത്. കഥാപാത്രങ്ങള്‍ക്കിണങ്ങുന്ന അഭിനേതാക്കളെ കണ്ടെത്തിയതിലും കഥാനിര്‍വഹണത്തിനാവശ്യമായ ലൊക്കേഷനുകള്‍ കണ്ടെത്തിയതിലും പ്രകടിപ്പിച്ച മാധ്യമബോധം അരുണ്‍കുമാര്‍ അരവിന്ദില്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും വണ്‍ ബൈ ടുവും മുതല്‍ക്കുള്ള പ്രതീക്ഷ ഊട്ടിയുറപ്പിക്കുന്നതായി. പക്ഷേ ഈ കയ്യൊതുക്കം അരുണ്‍കുമാര്‍ അരവിന്ദ് എന്ന എഡിറ്ററില്‍ക്കൂടി പ്രകടമായെങ്കില്‍ എന്നൊരു വിമര്‍ശനം മാത്രമാണ് രണ്ടാം ഭാഗത്തെ ചെറിയ ലാഗ് പരിഗണിക്കെ മുന്നോട്ടുവയ്ക്കാനുളളത്. ആദ്യപകുതി കടന്നുപോയതെങ്ങനെ എന്നു പോലും അറിഞ്ഞില്ല. ആ മുറുക്കം രണ്ടാം പകുതിക്കില്ലാതെപോയത് ഈ അയവു കൊണ്ടുതന്നെയാവണം.
കാറ്റ് കണ്ടിറങ്ങിയാലും ചില മുഖങ്ങള്‍ മനസിണ്ടാവും, ഒഴിയാബാധയായി. മൂപ്പനായി വന്നപങ്കന്‍ താമരശ്ശേരിയും നെടുമുടി വേണുവിനെ ഓര്‍മപ്പെടുത്തിയ പഴയ മുകേഷിന്റെ രൂപഭാവങ്ങളുള്ള ഉണ്ണി പി.ദേവും (കഥാപാത്രം പോളി) കൊച്ചു പാര്‍വതിയായി വന്ന സരിത സുനിലും, മുത്തുലക്ഷ്മിയായി വന്ന വരലക്ഷ്മിയും.

പക്ഷേ കാറ്റ് ഫ്രെയിം ടു ഫ്രെയിം മുരളി ഗോപിയുടേതായിരുന്നു. അച്ഛനുമായി താരതമ്യപ്പെടുത്തുന്നത് ആര്‍ക്കും ഇഷ്ടമാവാത്ത കാര്യമാണ്.എങ്കിലും അച്ഛന്റെ പ്രകടനം ഇതേ അത്ഭുതത്തോടെ കണ്ടിരുന്ന പ്രേക്ഷകനെന്ന നിലയ്ക്ക് മുരളി ഗോപിയുടെ പ്രകടനത്തില്‍ ഭരത് ഗോപിയെ കാണാതിരിക്കാനാവില്ല. മുരളി ഗോപിക്ക് ചെല്ലപ്പന്‍ ഒരു സംസ്ഥാന അവാര്‍ഡ് സാധ്യതയാണ് എന്നു മാത്രം പറയട്ടെ.

രണ്ടു പേര്‍ക്കു കൂടി ഈ സിനിമയുടെ ക്രെഡിറ്റ് നല്‍കേണ്ടതുണ്ട്. ദീപക് ദേവിന്റെ പശ്ചാത്തലസംഗീതമാണ് അതില്‍ പ്രധാനം. ഗാനങ്ങളേക്കാള്‍ പക്വമായ റീ റെക്കോര്‍ഡിങ് സിനിമയ്ക്ക് സവിശേഷമായ മൂഡ് നല്‍കുന്നതില്‍ വഹിച്ച പങ്ക് നിസ്സാരമല്ല. അതുപോലെ തന്നെയാണ് പ്രശാന്ത് രവീന്ദ്രന്റെ ഛായാഗ്രഹണവും. ഭരതനു വേണ്ടി പണ്ട് മധു അമ്പാട്ടും അശോക് കുമാറും വിപിന്‍ ദാസും ഒക്കെ നിര്‍വഹിച്ചതുപോലെ ഒരു പിന്തുണ.

കാറ്റ് വെറും കാറ്റല്ല. ജോര്‍ജ് ഓണക്കൂര്‍ സാറിന്റെ നോവലിന്റെ പേരു പോലെ വാള്‍മുനയിലെ കാറ്റാണ്. കാരിരുമ്പു വിളക്കുള്ള തിളങ്ങുന്ന വാള്‍മുനയില്‍ വീശിയടിക്കുന്ന പനങ്കാറ്റ്!

വാല്‍ക്കഷണം: ഈ സിനിമ വിജയിച്ചില്ലെങ്കില്‍ ഞാനതിന് ചിലരെങ്കിലും ആരോപിക്കുന്നതുപോലെ അതിന്റെ പേരിനെ പഴിക്കില്ല. പകരം തീര്‍ത്തും അപര്യാപ്തമായ വിപണനത്തെ മാത്രമേ പഴിക്കൂ. തീര്‍ത്തും പൊളിഞ്ഞുപോയ മാര്‍ക്കറ്റിങിന്റെ ഇരയാണ് ഈ നല്ല സിനിമ.

No comments: