പലരും ചോദിച്ചിട്ടുള്ളൊരു കാര്യമാണ്. സിനിമയെപ്പറ്റി ഇത്രയൊക്കെ എഴുതുന്ന, ഇത്രയേറെ സിനിമയെ ഇഷ്ടപ്പെടുന്ന ചന്ദ്രശേഖറിന് എന്തുകൊണ്ട് ഒരു സിനിമ ചെയ്തുകൂടാ? കുറഞ്ഞപക്ഷം ഒരു സനിമയ്ക്കു വേണ്ടി എഴുതുകയെങ്കിലും ചെയ്തുകൂടാ? ആദ്യം മുതല്‍ ഇങ്ങനെ ചോദിക്കുന്നവരോടെല്ലാം പറഞ്ഞിരുന്ന മറുപടി തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. അതാകട്ടെ,പണ്ട് സാഹിത്യവാരഫലം എഴുതിക്കൊണ്ടിരുന്നപ്പോള്‍ പ്രൊഫ.എം.കൃഷ്ണന്‍ നായര്‍ സാര്‍ എഴുതിയിട്ടുള്ളൊരു നിരീക്ഷണത്തില്‍ നിന്നു കടം കൊണ്ടതുമാണ്.
സാഹിത്യകൃതികളെപ്പറ്റി ഇഴകീറി കൂലങ്കഷമായി വിമര്‍ശിക്കുന്ന എഴുത്തിന്റെ രീതിശാസ്ത്രവും ഭൂമിശാസ്ത്രവും വ്യാകരണവുമറിയാവുന്ന കൃഷ്ണന്‍ നായര്‍ സാര്‍ എന്തുകൊണ്ട് സര്‍ഗാത്മകരചനയിലേക്ക് കടക്കുന്നില്ല, അഥവാ കഥയോ കവിതയോ നോവലോ എഴുതുന്നില്ല എന്ന നിരന്തര ചോദ്യം നേരിടേണ്ടി വന്നയാളാണദ്ദേഹം. ഒരിക്കല്‍ ഒരു രസത്തിനു വേണ്ടി മലയാള മനോരമയില്‍ വിമര്‍ശകര്‍ സാഹിത്യകൃതിയും കഥാകൃത്തുക്കള്‍ വിമര്‍ശനവും, അഭിനേതാക്കള്‍ എഴുത്തും ഒക്കെ എഴുതിനോക്കിയ ഒരു കൗതകഫീച്ചറിന് കഥയെഴുതിയതൊഴിച്ചാല്‍ അത്തരം സാഹിത്യമെഴുതാന്‍ ജീവിതത്തിലൊരിക്കലും ശ്രമിച്ചയാളല്ല അദ്ദേഹം. അങ്ങനെയുള്ള കൃഷ്ണന്‍നായര്‍ സാര്‍ തന്റെ നിലപാടു വ്യക്തമാക്കിക്കൊണ്ട് സാഹിത്യവാരഫലത്തില്‍ തന്നെ ഒരിക്കലെഴുതിയത് ഏതാണ്ട് ഇങ്ങനെ: ഓരോരുത്തര്‍ക്ക് ഓരോ പണി പറഞ്ഞിട്ടുണ്ട്. അത് അവരോരുത്തരും വൃത്തിയായും വെടിപ്പായും ചെയ്യുക. അതാണ് പ്രധാനം. എഴുത്തുകാര്‍ നന്നായി എഴുതട്ടെ, വായനക്കാര്‍ കൂടുതല്‍ നന്നായി വായിക്കാന്‍ സജ്ജരാവട്ടെ. രണ്ടും സര്‍ഗാത്മകമാണ്, രണ്ടിലും ക്രിയാത്മകതയുണ്ട്. വിമര്‍ശനം അഥവാ നിരൂപണം സര്‍ഗാത്മകമാണെന്നു വിശ്വസിച്ചിരുന്നെന്നു മാത്രമല്ല, പാശ്ചാത്യ നിരൂപകരില്‍ സര്‍ഗാത്മകതയില്‍ പേരെടുത്ത ബര്‍ണാഡ് ഷായെയും മറ്റും അദ്ദേഹം ഏറെ അംഗീകരിക്കുകയും ചെയ്തിരുന്നു.
തന്റെ പണി വായിക്കുക എന്നാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. വരിക്കള്‍ക്കിടയില്‍ വായിക്കുക മാത്രമല്ല, എഴുത്തുകാരന്‍ കാണാത്തതും കേള്‍ക്കാത്തതും വരെ വായിക്കുകയും എഴുത്തുകാരന് അതു കാണിച്ചുകൊടുക്കുകയും അതുവഴി അവരുടെ എഴുത്ത് എവിടെ നില്‍ക്കുന്നുവെന്നു ബോധിപ്പിച്ചുകൊടുക്കുയും ചെയ്യുകയായിരുന്നു സാഹിത്യവാരഫലത്തിലൂടെ കൃഷ്ണന്‍ നായര്‍ സാര്‍ ചെയ്തിരുന്നത്. ഒരുകൃതിയെ താന്‍ വായിച്ച മറ്റേതെങ്കിലും ലോകഭാഷയിലെ അതിനവലംബിച്ച മൂലകൃതിയെ മുന്നോട്ടുവച്ചുകൊണ്ട് പൊളിച്ചടുക്കുന്ന കൃഷ്ണന്‍ നായര്‍ സാറിനെ, പരാജയപ്പെട്ട എഴുത്തുകാരന്‍ വിജയിച്ച എഴുത്തുകാരോടു കാട്ടുന്ന അസൂയയും കുശുമ്പും എന്ന നിലയ്ക്ക് എഴുത്തുകാര്‍ ആരോപിച്ചിട്ടുണ്ട്.
കൃഷ്ണന്‍ നായര്‍ സാറിന്റെ ഈ വാക്കുകള്‍-ഓരോ ജോലിയും അവ ചെയ്യാനറിയുന്നവര്‍ വൃത്തിയായി ചെയ്യട്ടെ, അതില്‍ അറിഞ്ഞുകൂടാത്തവര്‍ കൈകടത്തേണ്ടതില്ല - എന്ന വാക്കുകളാണ് ഞാനും എന്തുകൊണ്ട് ചലച്ചിത്ര നിരൂപണത്തില്‍ മാത്രമായി നില്‍ക്കുന്നു എന്നതിന് അടിസ്ഥാനമാക്കുന്ന പ്രമാണം. സിനിമ എഴുതുക എന്നത്, സംവിധാനം ചെയ്യുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമായി ഒരിക്കലും ഞാന്‍ കരുതുന്നില്ല. അതിനുള്ള സാങ്കേതികമോ സര്‍ഗാത്മകമോ ആയ കഴിവും എനിക്കില്ല. എന്നാല്‍ ഞാന്‍ നല്ലൊരു കാണിയാണെന്ന്, കാഴ്ചക്കാരനാണെന്ന് എനിക്ക് ഉത്തമബോധമുണ്ട്, അതില്‍ അഭിമാനവുമുണ്ട്. എനിക്കു സിനിമ കാണാനറിയാം. ആ കഴിവ് കൂടുതല്‍ തേച്ചുമിനുക്കി അപ്‌ഡേറ്റഡ് ആക്കി വയ്ക്കാനും കൂടതല്‍ നന്നായി സിനിമ കാണാന്‍ സ്വയം സജ്ജമാകാനും ശ്രമിക്കുന്നുമുണ്ട്.
സിനിമ സൃഷ്ടിക്കുന്നതും, സൃഷ്ടിപരമായി സിനിമ കാണുന്നതും രണ്ടും രണ്ടാണെന്നു വിശ്വസിക്കുന്നയാളാണു ഞാന്‍. നന്നായി സിനിമ കാണുന്നതുകൊണ്ടോ, സിനിമയില്‍ രചയിതാവോ സംവിധായകനോ കണ്ടതിനപ്പുറം ചില മാനങ്ങള്‍ കണ്ടെത്താനാവുന്നതുകൊണ്ടോ, അത്തരത്തില്‍ സിനിമയെ വ്യാഖ്യാനിക്കാനാവുന്നതുകൊണ്ടോ ഒരു സിനിമ സ്വയം സൃഷ്ടിക്കാനാവുമെന്ന മിഥ്യാ ധാരണയെനിക്കില്ല. അതേ സമയം, കാണുന്ന സിനിമയെ എന്റേതായൊരു വീക്ഷണകോണിലൂടെ, നാളിതുവരെ ഞാന്‍ ലോകത്തെ വിവിധയിനം സിനിമകള്‍ കണ്ട് ആര്‍ജിച്ചെടുത്ത സിനിമാസാക്ഷരതയിലൂന്നിനിന്നുകൊണ്ട് നിരൂപിക്കുന്നത് തീരെ ചെറിയ കാര്യമാണെന്ന സ്വയം ഇകഴ്ത്തലിലും ഞാന്‍ വിശ്വസിക്കുന്നില്ല. മികച്ച കാഴ്ചസംസ്‌കാരം എന്നത് നിരന്തര സാധനയിലൂടെ ബുദ്ധിമുട്ടി ആര്‍ജിച്ചെടുക്കുന്ന സിദ്ധിതന്നെയാണെന്നും അത് സിനിമാസൃഷ്ടിപോലൊരു സര്‍ഗാത്മകപ്രവൃത്തിതന്നെയാണെന്നും തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. അതുകൊണ്ടു തന്നെ ഞാനൊരിക്കലും എന്റെ കാഴ്ചയെ വിമര്‍ശനാത്മകമെന്നോ, എഴുത്തിനെ സിനിമാവിമര്‍ശനമെന്നോ പറയില്ല. അത് ആസ്വാദനമാണ്, ചലച്ചിത്രനിരൂപണമാണ്.
കൃഷ്ണന്‍ നായര്‍ സാര്‍ പരാജയപ്പെട്ട എഴുത്തുകാരനാണെന്ന് ഒരിക്കലും വിശ്വസിക്കാത്തതുപോലെ തന്നെ, ഒരിക്കലും സിനിമാക്കാരനാവണമെന്നോ ഒരു സിനിമയെങ്കിലും സംവിധാനം ചെയ്യണമെന്നോ എഴുതണമെന്നോ സ്വപ്‌നത്തില്‍ പോലും കണ്ടിട്ടുള്ള, മോഹിച്ചിട്ടുള്ള ആളല്ല ഞാന്‍ എന്നതിലും ഉറച്ച ആത്മവിശ്വാസമുണ്ടെനിക്ക്. സിനിമ ചെയ്യാന്‍ ശ്രമിക്കാത്തതുകൊണ്ട്, സിനിമയില്‍ പ്രവര്‍ത്തിക്കാനാശിക്കാത്തതുകൊണ്ട് തന്നെ അത്തരത്തിലൊരു വിജയപരാജയ വ്യാഖ്യാനവും എന്റെ കാര്യത്തില്‍ നിലനില്‍ക്കുകയില്ല. ആരെയും നന്നാക്കാനോ തിരുത്താനോ അല്ല ഞാന്‍ സിനിമ കാണുന്നത്. എനിക്ക് ആസ്വദിക്കാനും മനസിലാക്കാനുമാണ്. അത്തരം കാഴ്ചയില്‍, ഇതര പ്രേക്ഷകനെപ്പോലെതന്നെ ചില സിനിമകള്‍ എന്നെ അദ്ഭുതപ്പെടുത്തും, ചിലവ നിരാശനാക്കും, ചിലത് ചിന്തിപ്പിക്കും. അതില്‍ എഴുതണമെന്ന് തോന്നുന്നതിനെപ്പറ്റി ഞാനെഴുതും. ഒരുവിഷയത്തില്‍ സിനിമയെടുക്കണമെന്ന് ഒരു ചലച്ചിത്രകാരനു തോന്നുന്നതുപോലെതന്നെയാണ് ഒരു സിനിമയെപ്പറ്റി എഴുതണമെന്ന് എനിക്കും എന്നെപ്പോലുള്ളവര്‍ക്കും തോന്നുന്നതും. രണ്ടു പ്രവൃത്തിയും ഒരേപോലെ സര്‍ഗാത്മകമാണെന്നു മാത്രമല്ല, വൈയക്തികവുമാണ്.
അവാര്‍ഡുകള്‍ വാരിക്കൂട്ടി എന്നതുകൊണ്ട് ഒരു സിനിമയും ഒരു നിരൂപകന് ഇഷ്ടമായിക്കൊള്ളണമെന്നില്ല. അതുപോലെ, നിരൂപകന്‍ എഴുതിപ്പൊലിപ്പിച്ചു എന്നതുകൊണ്ടുമാത്രം ഒരു സിനിമയും ഉദാത്തമാവുകയുമില്ല.നിക്ഷ്പക്ഷതയുടെ മാനകം വച്ച് ഒരിക്കലും ഈ രണ്ടു പ്രക്രിയയേയും, സിനിമാരചനയേയും സിനിമയെപ്പറ്റിയുള്ള രചനയെയും അഥവാ സിനിമയേയും കാഴ്ചയേയും വ്യാഖ്യാനിക്കാനോ വിശകലനം ചെയ്യാനോ സാധ്യവുമല്ല. കാരണം, ഈ കുറിപ്പിലെ നിരീക്ഷണങ്ങള്‍ എത്രമാത്രം വ്യക്തിനിഷ്ഠമാണോ അതുപോലെ വൈയക്തികമാണ് ഒരു ചലച്ചിത്രവും ചലച്ചിത്ര നിരൂപണവും.
എനിക്ക് നല്ല പ്രേക്ഷകനായിരിക്കാനാണിഷ്ടം. തിങ്ങി നിറഞ്ഞ തീയറ്ററില്‍ തൊട്ടപ്പുറമിരുന്ന് കാണുന്ന തിരക്കാഴ്ചകളില്‍ നിന്ന് അപ്പുറവുമിപ്പുറവുമിരിക്കുന്നവര്‍ കാണുന്നതിനപ്പുറമുള്ളൊരു കാഴ്ച സാധ്യമാവുന്നതിലാണ് എന്റെ ആത്മസംതൃപ്തി. അതിനുള്ള ഉള്‍ക്കാഴ്ച എന്നു നില്‍ക്കുമോ അന്നു നിര്‍ത്തണം സിനിമകാഴ്ച എന്നാണ് ഞാന്‍ കരുതുന്നത്.
വാല്‍ക്കഷണം: ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാനാവൂ എന്ന ആപ്തവാക്യം പോലെ, കാണിയുണ്ടെങ്കിലല്ലേ സിനിമയുണ്ടായിട്ടുകാര്യമുള്ളൂ അഥവാ കാണാനാളില്ലെങ്കില്‍ പിന്നെ സിനിമയെന്തിന്?
No comments:
Post a Comment