Friday, November 03, 2017

ഹൃദയം കൊണ്ടെഴുതിയ കവിത

kalakaumudi weekly
എ.ചന്ദ്രശേഖര്‍

വൈഡ്‌സ്‌ക്രീനില്‍ ആള്‍ക്കൂട്ടവും താരസമ്പന്നതയുമെല്ലാമുള്ള ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകനായാണ് ഐ.വി.ശശി മലയാളസിനിമയില്‍ പൊതുവേ വിലയിരുത്തപ്പെടുന്നത്. ഹിന്ദിയിലെ സിപ്പിമാര്‍ക്കോ ദേശായിമാര്‍ക്കോ കപൂര്‍മാര്‍ക്കോ തുല്യമായ സ്ഥാനമാണ് അദ്ദേഹത്തിനു കേരളം കല്‍പിച്ചു നല്‍കിയത്. കാലഘട്ടം പരിഗണിക്കുമ്പോള്‍ മലയാളത്തിനു പകരം വയ്ക്കാത്ത ബൃഹദ്ചിത്രങ്ങളായ ഇതാ ഇവിടെവരെയും, അങ്ങാടിയും, ഈനാടും, ഏഴാംകടലിനക്കരെയും, തുഷാരവും, ദേവാസുരവുമൊക്കെ പരിഗണിക്കെ ഈ വിശേഷണം അദ്ദേഹം അര്‍ഹിക്കുന്നുമുണ്ട്. എന്നാല്‍, ആള്‍ക്കൂട്ടത്തെ മുന്നില്‍ക്കണ്ടുകൊണ്ട് താരക്കൂട്ടങ്ങളെ വച്ചു സിനികളുണ്ടാക്കിയ ഒരു മാസ് ഫിലിംമേക്കര്‍ മാത്രമായിരുന്നോ ഐ.വി.ശശി? അങ്ങനെ മാത്രം കള്ളിചേര്‍ക്കുന്നത് ചെയ്യുന്നത് അദ്ദേഹത്തിന്റെ സംഭാവനകളെയും പ്രതിഭയേയും വിലകുറച്ചുകാണുന്നതാണെന്നതാണു വാസ്തവം.
ആത്മാര്‍ത്ഥതയുള്ള ഒരു പിടി ചെറിയ ചിത്രങ്ങള്‍, അവയില്‍പ്പലതും അദ്ദേഹത്തിന്റെ മാസ് അപ്പീല്‍ പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകരെ നിരാശരാക്കിയതുകൊണ്ടുമാത്രം ഒരുപക്ഷേ ശ്രദ്ധിക്കപ്പെടാതെ പോയവ, കൊണ്ട് കമ്പോള മുഖ്യധാര പുലര്‍ത്തിപ്പോന്ന ചില മാമൂല്‍ കീഴ്‌വഴക്കങ്ങളെ സധൈര്യം ചോദ്യം ചെയ്യാന്‍ ഇച്ഛാശക്തി പുലര്‍ത്തിയ സംവിധാകനായിരുന്നു ഐ.വി.ശശി. പക്ഷേ കമ്പോളത്തിന്റെ വ്യവസ്ഥാപിത ചട്ടക്കൂടുകളില്‍ ഒതുക്കിനിര്‍ത്തപ്പെടുകവഴി അര്‍ഹതപ്പെട്ട പല സ്ഥാനമാനങ്ങളില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടു ഈ സംവിധായകന്‍. പത്മശ്രീ അദ്ദേഹത്തിനു കിട്ടാത്തതുകൊണ്ട് ചെറുതാവുന്നത് അദ്ദേഹത്തിന്റെ പ്രതിഭയല്ല, പത്മശ്രീയുടെ മഹത്വമാണ്.ഹൃദയം കൊണ്ടെഴുതിയ കവിത-അക്ഷരത്തെറ്റിനു വേണ്ടി ശ്രീകുമാരന്‍ തമ്പി എഴുതിയ ഗാനത്തിന്റെ ഈ വരികളാണ് ഐ.വി.ശശിയുടെ വേറിട്ട സിനിമകളെ വിശേഷിപ്പിക്കാന്‍ അനുയോജ്യം.

പുതുമകളുടെ ഉത്സവം
കാലത്തിനു മുന്നേ പറന്ന ചലച്ചിത്രകാരനാണു ശശി. സാങ്കേതികതയില്‍ മാത്രമല്ല, പ്രമേയസ്വീകരണത്തിലും അവതരണത്തിലും. അതിന്റെ തുടക്കം ഒരു ചെറിയ സിനിമയിലാണ്. പ്രേംനസീറും മധുവും ഉഗ്രപ്രതാപികളായി അരങ്ങുവാണിരുന്ന കാലത്ത് താരസമ്പ്രദായങ്ങളെ വെല്ലുവിളിച്ച് ഒരു ചലച്ചിത്ര പരീക്ഷണം. ഐ.വി.ശശി എന്ന പുതുമുഖസംവിധായകന്റെ അരങ്ങേറ്റ സിനിമ. ഉത്സവം.
ഉത്സവം. വിപ്‌ളവമാകുന്നത് അതിന്റെ താരനിരകൊണ്ടാണ്. അന്നുവരെ വില്ലന്‍ വേഷങ്ങളിലും പ്രതിനായകവേഷങ്ങളിലും മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന കെ.പി.ഉമ്മറിനെ നായകനാക്കിക്കൊണ്ടാണ് ശശി ഉത്സവം.  നിര്‍മിച്ചത്. പൂവച്ചല്‍ ഖാദര്‍. കെ.നാരായണന്‍, എ.ടി. ഉമ്മര്‍ തുടങ്ങിയ സാങ്കേതികവിദഗ്ധരുടെ ഒരു സഖ്യത്തിന്റെയും ഉദയമായിരുന്നു ഉത്സവം. അക്ഷരാര്‍ത്ഥത്തില്‍ യുവത്വത്തിന്റെ ആഘോഷം. വിന്‍സെന്റും രാഘവനും ശ്രീവിദ്യയുമൊക്കെയടങ്ങുന്ന രണ്ടാം നിരയെവച്ച് ഒരു പുതുമുഖസംവിധായകന്റെ സിനിമ ആലോചിക്കാന്‍ സാധ്യമല്ലാത്ത കാലത്താണ് കഥയുടെ കരുത്തിലും വേറിട്ട ദൃശ്യസമീപനത്തിലും വിശ്വാസമര്‍പ്പിച്ച് ഐ.വി. ശശി ഉത്സവമൊരുക്കിയത്. ഇതേ ധൈര്യം, സാഹസം കരിയറില്‍ അവസാനം വരെ ഐ.വി.ശശി പിന്തുടര്‍ന്നു. എത്ര മഹാവിജയങ്ങളുണ്ടാകുമ്പോഴും. ബഹുതാരചിത്രങ്ങളുണ്ടാവുമ്പോഴും അതില്‍ നിന്നെല്ലാം ഇടവേളയെടുത്തു തീര്‍ത്തും വേറിട്ട് ചെറു സിനിമയൊരുക്കാന്‍ ശശി ബോധപൂര്‍വം ശ്രമിച്ചുവെന്ന് 40 വര്‍ഷത്തെ കരിയര്‍ പരിശോധിച്ചാല്‍ മനസിലാകും.
താരങ്ങളെ സൃഷ്ടിക്കുകയും ബഹുതാരചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്ത ഐ.വി.ശശി ആദ്യചിത്രം മുതല്‍ക്കേ താരപ്രഭാവത്തെ നിരന്തരം പൊളിച്ചുപണിതു. ജയന്റെ മരണശേഷം തുഷാരം എന്ന വന്‍ബജറ്റ് ചിത്രത്തിലേക്ക് താരതമ്യേന ചെറുതാരമായ രതീഷിനെ പ്രതിഷ്ഠിച്ച് വിജയിപ്പിക്കാനുള്ള ചങ്കൂറ്റം ദൃശ്യത്തിന്മേലുള്ള കയ്യടക്കത്തിലുള്ള ആത്മവിശ്വാസം കൊണ്ടുണ്ടായതാണ്. തൃഷ്ണ(1981)യില്‍ നായകനാകുമ്പോള്‍ മമ്മൂട്ടി ഒറ്റയ്‌ക്കൊരു സിനിമയെ തന്റെ തോളിലേറ്റിത്തുടങ്ങിയിട്ടില്ലെന്നതുന്നുമോര്‍ക്കുക.

പ്രതിനായകന്‍ നായകനായപ്പോള്‍
സ്ഥിരം വില്ലന്മാരെ നായകരാക്കുക വഴി മാത്രമല്ല, പ്രതിനായകന്മാരെ നായകസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ടുകൂടി താര/തിര വ്യക്തിത്വങ്ങളെ വെല്ലുവിളിച്ചിട്ടുണ്ട് ഐ വി ശശി.മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രതികാരകഥകളില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നതാണ് പത്മരാജന്‍ എഴുതി ഐ.വി.ശശി സംവിധാനം ചെയ്ത ഇതാ ഇവിടെവരെ.(1977). നിഷ്ഠുരമായി ഒരാളെ വധിക്കുകയും അയാളുടെ ഭാര്യയെ കീഴ്പ്പെടുത്തുകയും ചെയ്യുന്ന പൈലി(മധു)യാണ് ചിത്രത്തിലെ വില്ലന്‍. വര്‍ഷങ്ങള്‍ക്കുശേഷം അയാളുടെ മകളെ വശീകരിച്ച് പ്രതികാരം നിര്‍വഹിക്കുന്ന വിശ്വനാഥനാ(സോമന്‍)ണ് ചിത്രത്തിലെ നായകന്‍. പ്രതിനായകസ്വത്വം പേറുന്ന വിശ്വനാഥന്‍ നഗരത്തില്‍ നിന്നുള്ള വരത്തനാണെങ്കിലും, താറാവുകാരന്‍ പൈലി തനി കുട്ടനാട്ടുകാരന്‍ തന്നെയാണ്. ഇതാ ഇവിടെവരെ യിലെ ഈ ഗ്രാമീണകഥാപാത്രം ഒരര്‍ത്ഥത്തിലും അനുവാചകദയയര്‍ഹിക്കുന്ന നന്മയുടെ ഇരിപ്പിടമല്ല. മുടിയനായ പുത്രനിലൂടെ രാമു കാര്യാട്ട് ഒരു പ്രതിനായകനെ നായകനാക്കിയിട്ടുണ്ടെങ്കിലും പ്രതികാരനിര്‍വഹണത്തിനായെത്തുന്ന ഒരു നായകകര്‍തൃത്വം പത്മരാജനും ശശിയും കൂടി അവതരിപ്പിക്കാനെടുത്ത ധൈര്യം സാഹസികം തന്നെയാണ്. ഇതേ പ്രതിനായകാഘോഷം അതിന്റെ പാരമ്യതയില്‍ എം.ടി.വാസുദേവന്‍നായരുടെ ഏറ്റവും വ്യത്യസ്തമായ തിരക്കഥകളില്‍ ഒന്നായ ഉയരങ്ങളിലെ (1984) ജയരാജില്‍ (മോഹന്‍ലാല്‍) വീണ്ടും നാം കണ്ടു. ദേവാസുരത്തില്‍ത്തുടങ്ങിയ ആണത്തത്തിന്റെ ആഘോഷമായിമാറിയ മെയില്‍ഷോവനിസ്റ്റ് നായകന്മാരായിരുന്നില്ല ഇവര്‍. സാഹചര്യങ്ങളുടെയും കടുത്ത ജീവിതപരിസ്ഥിതികളുടെയും നിര്‍മിതികളായ പാര്‍ശ്വവല്‍കൃതരായിരുന്നു വിശ്വനാഥനും ജയരാജുമൊക്കെ.
അത്രത്തോളം സാഹസമായിരുന്നു രംഗം എന്ന ചിത്രത്തിലൂടെ മോഹന്‍ലാല്‍ എന്ന താരത്തെ വേറിട്ട ശരീരഭാഷയിലും പരാജയപ്പെട്ട നായകനായും അവതരിപ്പിച്ചതും. അവിടെ കൂട്ട് എം.ടിയായിരുന്നെന്നു മാത്രം. താടിമീശയെല്ലാമെടുത്ത് ജീവിതത്തിലും കലയിലും പ്രണയത്തിലും വരെ അവഗണിക്കപ്പെടുന്ന ഒരു രണ്ടാമൂഴക്കാരന്റെ നഷ്ടകാമനകളുടെ ഹൃദയവ്യഥയാണ് രംഗം ആവിഷ്‌കരിച്ചത്. ഒരു താരസ്വത്വത്തിന് ഏറ്റെടുക്കാനോ വച്ചുനീട്ടാനോ ദുഷ്‌കരമായ പാത്രകല്‍പന, അതായിരുന്നു രംഗം. മൃഗയയില്‍ മമ്മൂട്ടിയുടെ ഡീ ഗ്‌ളാമറൈസ് ചെയ്ത വേഷത്തിലൂടെ സൂപ്പര്‍താരവ്യവസ്ഥയുടെ സ്ഥാപിതതാല്‍പര്യങ്ങളെ ആവര്‍ത്തിച്ചു കൊഞ്ഞനം കുത്തുകയായിരുന്നു ശശിയും ലോഹിതദാസും. നായകന്മാരുടെ അമാനുഷികത്വത്തിനല്ല, മാനുഷികദൗര്‍ബല്യങ്ങള്‍ക്കും വേദനകള്‍ക്കുമെല്ലാമാണ് ഈ സിനിമകള്‍ പ്രാധാന്യം കല്‍പിച്ചത്.
മുന്‍നിരത്താരങ്ങളെ ഒഴിവാക്കുകയും അവരെ രണ്ടാം നിര കഥാപാത്രങ്ങളാക്കുകയും മാത്രമല്ല, സ്വഭാവവേഷങ്ങളില്‍ തളയ്ക്കപ്പെട്ട അഭിനയപ്രതിഭകളെ മുന്‍നിരകഥാപാത്രങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുക കൂടി ചെയ്തു സംവിധായകനായ ഐ.വി.ശശി. അറുത്തകൈക്ക് ഉപ്പു തേയ്ക്കാത്ത നികൃഷ്ട വില്ലന്‍ വേഷങ്ങളില്‍ നിറഞ്ഞു നിന്ന ബാലന്‍ കെ.നായര്‍ക്ക് ആള്‍ക്കൂട്ടത്തില്‍ തനിയേ (1984)യിലെ മുഴുനീള വേഷം നല്‍കിയതിലും പ്രധാനമായി അടയാളപ്പെടുത്തേണ്ടത് അതേ ചിത്രത്തില്‍ ഹാസ്യനടനായ കുതിരവട്ടം പപ്പുവിനെ വിശ്വസിച്ചേല്‍പിച്ച കുട്ടിനാരായണന്‍ എന്ന ചാക്കാലക്കാരന്റെ വേഷമാണ്. അങ്ങാടി (1989)യില്‍ തമാശയ്ക്കു പ്രാധാന്യമുള്ളതെങ്കിലും പപ്പുവിന് സമാനമായൊരു കഥാപാത്രത്തെയാണ് ശശി നല്‍കിയതെന്നും വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഷാജികൈലാസിന്റെ കിംഗില്‍ ഗൗരവമുള്ളൊരു കഥാപാത്രത്തെ പപ്പു കയ്യാളിയതെന്നുമോര്‍ക്കുക.

ഏകാഗ്രതയുടെ ദൃശ്യാഖ്യാനങ്ങള്‍
അടരടരുകളായി ധാരാളം ഉപാഖ്യാനങ്ങളോടെ ഇതിഹാസസമാനമായ സിനിമകള്‍ക്കിടയിലും അത്മനിഷ്ഠത്തോളം ഏകാഗ്രമായ സിനിമകളും അതിന്റെ എല്ലാ തീവ്രതയോടും കൂടി അവതരിപ്പിക്കാന്‍ നിഷ്‌കര്‍ഷിച്ച ചലച്ചിത്രകാരനാണ് ശശി. അതിന്റെ ദൃഷ്ടന്തമാണ് പത്മരാജന്‍ തിരക്കഥയെഴുതിയ കൈകേയി(1983). ശശിയുടെയോ പത്മരാജന്റെയോ വ്യക്തിചരിത്രത്തില്‍ ഏറെയൊന്നും പരാമര്‍ശിക്കാതെപോയ ഒട്ടേറെ പ്രത്യേകതകളുള്ളൊരു സിനിമ.  ഇരുവരുടേയും പേരില്‍ ശ്രദ്ധിക്കപ്പെട്ടില്ല എന്നതു തന്നെ ഈ ചിത്രത്തിന്റെ സവിശേഷതയായി കണക്കാക്കാം. കാരണം, പ്രേക്ഷകര്‍ക്ക് അത്ര പരിചിതമല്ലാത്ത, അത്ര എളുപ്പം ദഹിക്കുന്ന പ്രമേയപരിചരണമായിരുന്നില്ല കൈകേയിയുടേത്. തീര്‍ത്തും മനോവിശേ്‌ളഷണാധിഷ്ഠിതമായ ഏറെ സങ്കീര്‍ണമായൊരു പ്രമേയം. പൂര്‍ണിമാ ജയറാമും ശ്രീവിദ്യയുമൊഴികെ കമ്പോള മുഖ്യധാരയ്ക്ക് ഇഷ്ടമാവുന്ന താരങ്ങളുടെ അസാന്നിദ്ധ്യം. ഇതെല്ലാം കൈകേയിയെ പേഴ്‌സണല്‍ സിനിമയുടെ കള്ളിയിലേക്ക് നീക്കിയിരുത്തുകയായിരുന്നു. പ്രതാപ് പോത്തനും തമിഴ് നടി രാധികയും പൂര്‍ണിമാ ജയറാമും അഭിനയിച്ച ത്രികോണ പ്രണയകഥ പില്‍ക്കാലത്ത് ആര്‍ട്ട്ഹൗസ് ജനുസിലടക്കം എത്രയോ സിനിമകള്‍ക്കു പ്രചോദനമായിരിക്കുന്നു.
തമിഴില്‍ നിന്നു റീമേക്ക് ചെയ്ത അര്‍ത്ഥന(1993)യും സാര്‍ത്ഥകമായ സിനിമയായിരുന്നു. ഒരുപക്ഷേ, പതിവു ശശി വഴക്കങ്ങളില്‍ നിന്ന് പ്രമേയത്തിലും ദൃശ്യപരിചരണത്തിലും തീര്‍ത്തും വേറിട്ടു നിന്ന ഒരു കുഞ്ഞുസിനിമയായിരുന്നു രഘുനാഥ് പലേരി തിരക്കഥയെഴുതിയ അര്‍ത്ഥന. മുരളി, രാധിക, പ്രിയാരാമന്‍ എന്നിവരഭിനയിച്ച അര്‍ത്ഥനയിലേത് മുരളി അതുവരെ ചെയ്ത നായകവേഷങ്ങളില്‍ നിന്ന് വേറിട്ട ഒന്നാണ്.
മലയാളത്തിലല്ല മറ്റേതു ഭാഷയിലായിരുന്നെങ്കിലും, ഐ വി ശശിയെപ്പോലൊരു ചലച്ചിത്രകാരനില്‍ നിന്ന് ഒരിക്കലും ഉണ്ടാകുമായിരുന്നില്ലാത്ത സിനിമകളാണ് ഇണ(1982)യും കൂടണയും കാറ്റും(1986). ഹോളിവുഡ്ഡിലെ എക്കാലത്തെയും അനശ്വര പ്രണയകഥയായ ബ്ലൂ ലഗൂണിന് ഐ വി ശശി നല്‍കിയ മലയാള വ്യാഖ്യാനമായിരുന്നു ഇണ. ഈനാടും തുഷാരവുമൊക്കെ നല്‍കിയ താരപ്രഭാവത്തില്‍ നിന്ന് അവധിയെടുത്താണ് 1982ല്‍ ബാലതാരമായ മാസ്റ്റര്‍ രഘുവിനെ കൗമാരനായകനും ദേവി എന്നൊരു പുതുമുഖത്തെ നായികയുമാക്കി ഇണ ഒരുക്കുന്നത്. കാഞ്ചനയും ഒരിടത്തൊരു ഫയല്‍വാന്‍ റഷീദും മാത്രമായിരുന്നു ചിത്രത്തിലെ അറിയപ്പെടുന്ന താരമുഖങ്ങള്‍. കൃഷ്ണചന്ദ്രനെ ഗായകനെന്ന നിലയ്ക്ക് അടയാളപ്പെടുത്തിയ സിനിമ കൂടിയായിരുന്നു ഇണ. 1986ലാണ് ശശി കൂടണയും കാറ്റ് സംവിധാനം ചെയ്യുന്നത്. അതും റഹ്മാനെയും മുകേഷിനെയും നായകന്മാരും രോഹിണിയെയും സീതയേയും നായികമാരുമാക്കിക്കൊണ്ട് ഗോവന്‍ പശ്ചാത്തലത്തില്‍ ഒരു യാത്രാക്കപ്പലില്‍ നടക്കുന്ന യൗവനപ്രണയകഥ. തമിഴ് നടി സീതയെ അന്നു മലയാളി അറിയുകകൂടിയില്ല. അവരുടെ ആദ്യ മലയാള സിനിമ. ആവനാഴിയടക്കമുള്ള മെഗാഹിറ്റുകള്‍ കഴിഞ്ഞാണ് ഇത്തരമൊരു കുഞ്ഞു സിനിമയ്ക്ക് ശശിയിലെ ചലച്ചിത്രകാരന്‍ ധൈര്യം കാണിച്ചത്.
എം.ടി.വാസുദേവന്‍ നായരും ലോഹിതദാസുമൊത്ത് വന്‍ ബജറ്റ് സിനിമകളും വമ്പന്‍ ഹിറ്റുകളുമെടുത്തിട്ടുള്ള ശശി അവരുടെ എക്കാലത്തെയും ചെറിയ സിനിമകളും സംവിധാനം ചെയ്തു. മമ്മൂട്ടി നായകനായ മിഥ്യ(1990) മുക്തി(1988)യും

കാമനകളുടെ ദൃശ്യാഘോഷം
സെക്‌സിനെ മനോഹരമായി ദൃശ്യവല്‍ക്കരിക്കുന്നതില്‍ ഭരതനും ഐ.വി.ശശിയും തമ്മിലാണെന്നു തോന്നുന്നു ആരോഗ്യകരമായ മത്സരം നടന്നിട്ടുള്ളത്. എന്തു കാണിക്കണം എന്നതിലും എത്രത്തോളം കാണിക്കണം എന്നതിലും കൃത്യമായ മാധ്യമബോധം വച്ചു പുലര്‍ത്തി ഇരുവരും. അക്ഷരത്തെറ്റ്, ഇതാ ഇവിടെവരെ, രംഗം, അനുരാഗി, ഉയരങ്ങളില്‍, അങ്ങാടിക്കപ്പുറത്ത്, ഈ നാട്, ആലിംഗനം, അനുഭൂതി, ഈറ്റ തുടങ്ങി എത്രയോ ചിത്രങ്ങളിലെ ക്‌ളോസപ്പുകളിലെ അര്‍ത്ഥവത്തായ സജഷനുകളിലൂടെ ശശി പകര്‍ത്തിയ രതിദൃശ്യങ്ങളുടെ സൗന്ദര്യാത്മകത വേണ്ടത്ര അംഗീകരിക്കപ്പെട്ടിട്ടുണ്ടോ എന്നു സംശയം.
ഒരു പക്ഷേ ശശി ഏറ്റവും കൂടുതല്‍ വിമര്‍ശനമേറ്റുവാങ്ങുകയും ഒരു തരംഗത്തിനു തന്നെ തുടക്കമിടുകയും പില്‍ക്കാലത്ത് അതേ കാരണം കൊണ്ടു തന്നെ അംഗീകരിക്കപ്പെടുകയും ചെയ്ത സിനിമയാണ് അവളുടെ രാവുകള്‍.ഇതാ ഇവിടെവരെയും (1977) ഞാന്‍ ഞാന്‍ മാത്രവും വാടകയ്‌ക്കൊരു ഹൃദയവും പോലുള്ള സിനിമകള്‍ ചെയ്തുകഴിഞ്ഞു മുന്‍നിരയില്‍ കസേരവലിച്ചിട്ട് ഇരിപ്പിടമുറപ്പിച്ചുകഴിഞ്ഞൊരു സംവിധായകനാണ് 1978ല്‍ പ്രമേയത്തിലെന്നപോലെ താരനിരയിലും തൊട്ടാല്‍പ്പൊള്ളുന്ന പരീക്ഷണത്തിനു മുതിരുന്നത്. മലയാള സിനിമയിലെ ഫെമിനിസ്റ്റ് ചിത്രങ്ങളില്‍ ഏറ്റവും ശക്തമായ ഒന്നായിട്ടാണ് അവളുടെ രാവുകള്‍ പില്‍ക്കാലത്ത് വിലയിരുത്തപ്പെട്ടത്. അ്ന്നാകട്ടെ അതിലെ ലൈംഗികതയുടെ പേരില്‍ അതിനെതിരേ കല്ലെറിയാനായിരുന്നു സമൂഹത്തിന്റെ ആക്രാന്തം. മലയാളത്തില്‍ രതിസിനിമകളുടെ വേലിയേറ്റത്തിനു തന്നെ തുടക്കമിട്ട അവളുടെ രാവുകള്‍ ധീരമായ ശ്രമമാകുന്നത് വാസ്തവത്തില്‍ അതുകൊണ്ടൊന്നുമല്ല. അഗ്നിപുത്രിയടക്കമുള്ള മുന്‍കാല സിനിമകളില്‍ ലൈംഗികത്തൊഴിലാളി സിനിമയ്ക്കു വിഷയമായിട്ടുണ്ടെങ്കിലും, അവളുടെ പക്ഷത്തുനിന്നുകൊണ്ട് അരികുജീവിതം പകര്‍ത്തിയ ആദ്യ സിനിമയായിരുന്നു അത്. അവളുടെ രാവുകളിലെ രാജി മലയാള സിനിമ കണ്ട ഏറ്റവും കരുത്തുറ്റ സ്ത്രീ കഥാപാത്രമാവുന്നതും അതുകൊണ്ടുതന്നെയാണ്. അത്തരമൊരു വിഷയം മുഖ്യധാരാസിനിമയ്ക്കു പ്രമേയമാക്കാനുള്ള ധൈര്യത്തെക്കാള്‍ അതിന്, നടപ്പുസമ്പ്രദായങ്ങളെ എല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ഒരു പുതുമുഖത്തെ തെരഞ്ഞെടുത്തു എന്നതും അംഗീകരിക്കപ്പെടേണ്ടതുണ്ട്.
ആദ്യകാലത്തേ രജനീകാന്തിനെവച്ചു വരെ സിനിമ ചെയ്ത ശശി തമിഴിലെ രണ്ടാം വരവിലും ഇതേ പരീക്ഷണോത്സുകത പ്രദര്‍ശിപ്പിച്ചു. ജയറാമിനെയും ഖുഷ്ബുവിനെയും നായികാനായകന്മാരാക്കിയ കോലങ്ങള്‍(1995) ചെലവിലും വലിപ്പത്തിലും ചെറിയ ചിത്രമായിരുന്നെങ്കിലും പ്രമേയത്തില്‍ വളരെയേറെ പ്രസക്തമായിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ അവളുടെ രാവുകളിലെ രാജിയുടെ തിരവ്യക്തിത്വത്തിന്റെ പിന്തുടര്‍ച്ചയായി ഖുഷ്ബുവിന്റെ ഗംഗയെ കാണാം. വേശ്യയോടു മാത്രമല്ല വേശ്യാവൃത്തി ഉപേക്ഷിച്ചെത്തുന്നവളോടുപോലും സമൂഹം എങ്ങനെ പെരുമാറുമെന്നു കാണിച്ചു തന്ന സിനിമ. ഇതേ ജീവിതത്തിന്റെ മറ്റൊരു വ്യാഖ്യാനമാണ് വര്‍ത്തമാനകാല(1990)ത്തിലെ അരുന്ധതി മേനോനും (ഉര്‍വശി). സംവിധായകന്‍ കൂടിയായ ബാലചന്ദ്രമേനോനും സുരേഷ് ഗോപിയും ജയറാമുമെല്ലാമുണ്ടായിരുന്ന ഈ സിനിമ ബിഗ് ബജറ്റ് സിനിമയുടെ ലക്ഷണങ്ങള്‍ക്കൊത്തല്ല നിര്‍മിക്കപ്പെട്ടത്.തൃഷ്ണയിലും മറ്റും കണ്ട കൈയൊതുക്കമാണ് വര്‍ത്തമാനകാലത്തില്‍ പ്രകടമായത്.സേതുമാധവന്റെ ഒരു പെണ്ണിന്റെ കഥയിലെ ഗായത്രിയുടെ പിന്തുടര്‍ച്ച  കൂടിയായ അരുന്ധതിക്ക് പിന്നീട് ഗാന്ധാരി മുതല്‍ 22 ഫീമെയില്‍ കോട്ടയം വരെ എത്രയോ പിന്മുറക്കാരുണ്ടായി.

മറികടന്ന ലക്ഷ്മണരേഖകള്‍
താരനിബിഢമായിരിക്കുമ്പോള്‍ത്തന്നെ പ്രമേയത്തിലും ദൃശ്യസമീപനത്തിലും ഒതുക്കവും തൂക്കവും പുലര്‍ത്താന്‍ ഐ.വി.ശശിയിലെ ചലച്ചിത്രകാരന്‍ ബോധപൂര്‍വം ശ്രമിച്ചതിന്റെ ഉദാഹരണമിാണ് ലക്ഷ്മണരേഖ(1984). മോഹന്‍ലാല്‍, മമ്മൂട്ടി, സീമ തുടങ്ങിയ മുന്‍നിര താരങ്ങളെവച്ച് ഒരു മനഃശാസ്ത്ര -കുടുംബനാടകം ചലച്ചിത്രമാക്കാന്‍, അന്നത്തെ ഐ.വി.ശശി എന്ന സംവിധായകന്റെ തിരസ്ഥാനം പരിഗണിക്കുമ്പോള്‍ ചെറുതല്ലാത്ത ചങ്കൂറ്റം ആവശ്യമാണ്. അപകടത്തില്‍ ശരീരം തളര്‍ന്ന നായകനായി മമ്മൂട്ടിയെ പ്രതിഷ്ഠിക്കാനും അദ്ദേഹത്തിന്റെ ഭാര്യയുടെ ശാരീരികസംതൃപ്തിക്ക് സ്വയം സന്നദ്ധനാവുന്ന അനുജനായി മോഹന്‍ലാലിനെ ആലോചിക്കാനുമുള്ള ധൈര്യം നിസ്സാരമല്ലല്ലോ? സമാനമായ നെഗറ്റീവ് പാത്രാവിഷ്‌കാരങ്ങളുടെ പേരില്‍ പുതുതലമുറ ചലച്ചിത്രകാരന്മാരും അഭിനേതാക്കളും സര്‍വാത്മനാ വാഴ്ത്തപ്പെടുമ്പോഴാണ് പതിറ്റാണ്ടുകള്‍ക്കപ്പുറം അത്തരം ആവിഷ്‌ക്കാരങ്ങള്‍ക്കു മുന്‍പിന്‍ നോക്കാതെ സന്നദ്ധനായ ഐ.വി.ശശിയുടെ പ്രസക്തി തിരിച്ചറിയാനാവുക.
ഐ.വി.ശശി സിനിമയില്‍ ഒരിക്കലും മറക്കാത്ത 25 ഷോട്ടുകള്‍ ഓര്‍ത്തുനോക്കുക. തീര്‍ച്ചയായും അത് അദ്ദേഹത്തിന്റെ വന്‍ബജറ്റ് സിനിമകളിലേതായിരിക്കില്ല. മറിച്ച് ശ്രീകുമാരന്‍ തമ്പി തിരക്കഥയൊരുക്കി സുരേഷ് ഗോപിയെയും ഉര്‍വശിയെയും നായികാനായകന്മാരാക്കി ഒരുക്കിയ താരതമ്യേന ചെറിയ ചിത്രമായ അക്ഷരത്തെറ്റി(1989)ലെ ഒരു സീനായിരിക്കും. ഇന്‍ഡീസന്റ് പ്രൊപ്പോസല്‍ എന്ന ഹോളിവുഡ് സിനിമയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട ആ സിനിമയില്‍ പ്രതിനായികയുടെ ക്ഷോഭത്തില്‍ പൊട്ടിച്ചിതറിയ കണ്ണാടിച്ചീളുകളില്‍ പ്രതിഫലിച്ചു കാണുന്ന ഛിദ്രബിംബങ്ങളുടെ ഷോട്ട്, അത് അവലംബിതമാണെങ്കില്‍ക്കൂടി ഒരു സംവിധായകന്റെ കയ്യൊപ്പുള്ള മാസ്റ്റര്‍ ഷോട്ടാണ്. വെറും മൂന്നു കഥാപാത്രങ്ങളെ മുന്‍നിര്‍ത്തിയാണ് അക്ഷരത്തെറ്റ് അദ്ദേഹം ഒരുക്കിയതെന്നു കൂടി ഓര്‍ക്കുക. അതും, ആക്ഷന്‍ ഹീറോ പ്രഭാവത്തില്‍ നിന്ന സുരേഷ്‌ഗോപിയെ കുടുംബനായകനാക്കിക്കൊണ്ട്!
സാങ്കേതികമായി ശശിയെന്ന സംവിധായകന്‍ കാഴ്ചവച്ച ദൃശ്യകൗശലങ്ങള്‍. മോഹന്‍ലാല്‍ രമ്യാകൃഷ്ണന്‍ എന്നിവരഭിനയിച്ച അനുരാഗിയില്‍ ഉര്‍വശിക്കു ചുറ്റും 360 ഡിഗ്രിയില്‍ കറങ്ങുന്ന ട്രോളി ഷോട്ട് ഐ വി ശശി ആസൂത്രണം ചെയ്തവതരിപ്പിച്ചതാണ്. കയ്യിലേന്താവുന്നതും അല്ലാത്തതുമായ ഡിജിറ്റല്‍ ക്യാമറകള്‍ വരുന്നതിനുമുമ്പേ, പരിമിതമായ സാങ്കേതികതയ്ക്കുള്ളില്‍ നിന്നുകൊണ്ടായിരുന്നു ഈ ദൃശ്യസാഹസങ്ങളൊക്കെ. അതിനെല്ലാം ശശി എന്ന സംവിധായകന് പിന്തുണയായത അദ്ദേഹത്തിന്റെ ഉള്ളിലെ ചിത്രകാരനായിരിക്കണം.
മുഖ്യധാരാ സിനിമയില്‍ കാലൂന്നി നിലയുറപ്പിച്ചുകൊണ്ടുതന്നെ അതിന്റെ വ്യവസ്ഥാപിതവ്യാകരണങ്ങളെ ചോദ്യം ചെയ്യുക എന്നത് എക്കാലത്തും ഐ വി ശശി എന്ന ചലച്ചിത്രകാരന്റെ കുസൃതിയോ അതിലുപരി ആത്മനവീകരണശ്രമമോ ആയിട്ടുണ്ട്. 1981ല്‍ പുറത്തിറങ്ങിയ ഒരിക്കല്‍ക്കൂടി എന്ന സിനിമ തന്നെയാണ് അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തം. വിലാസിനിയുടെ കഥയെ ആസ്പദമാക്കി മധുവിനെയും ലക്ഷ്മിയേയും സുകുമാരനെയും വച്ച് നിര്‍മിക്കപ്പെട്ട ഒരിക്കല്‍ക്കൂടിയില്‍ സന്ദര്‍ഭമുണ്ടായിട്ടും ഒരു ഗാനം പോലുമുണ്ടായിരുന്നില്ല. ഗാനമില്ലാതെ സിനിമ സങ്കല്‍പിക്കാനാകാത്ത കാലത്തായിരുന്നു അത്.
പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചലച്ചിത്രകാരന്മാരുടെ പേരുപട്ടികയിലൊന്നും ഐ.വി.ശശിയുടെ പേരേടു കാണില്ല. എന്നാല്‍ ഒരു പറ്റം പ്രതിഭകളെ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിക്കുകയും തമിഴടക്കമുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരികയും ചെയ്തിട്ടുണ്ട് ഐ വി ശശി, മറ്റു പലതിലുമെന്നപോലെ അവകാശവാദങ്ങളൊന്നും കൂടാതെ. സീമയ്ക്കപ്പുറമൊരു കണ്ടെത്തല്‍ ശശിയെ അടയാളപ്പെടുത്താന്‍ ആവശ്യമില്ലല്ലോ. നഖക്ഷതങ്ങളിലൂടെ അറിയപ്പെടുന്ന വിനീതിന്റെ ആദ്യ സിനിമ എം.ടി.തിരക്കഥയെഴുതി കെ.ബാലചന്ദര്‍ മലയാളത്തില്‍ ആദ്യമായി നിര്‍മിച്ച ഐ.വി.ശശിയുടെ ഇടനിലങ്ങള്‍ എന്ന സിനിമയാണെന്ന് എത്രപേരറിയുമെന്നറിയില്ല. സീമ ശ്രീദേവി ആദ്യം നായികയായത് ശശിയുടെ ആലിംഗനത്തിലാണ്. തിരക്കഥാകൃത്തായ ആലപ്പി ഷെറിഫ്, ഛായാഗ്രാഹകന്‍ താര, ജയറാം, ജയാനന്‍ വിന്‍സെന്റ്, തമിഴ് നടിമാരായ രാധിക(കൈകേയി), സീത(കൂടണയും കാറ്റ്, മഹാലക്ഷ്മി(അങ്ങാടിക്കപ്പുറത്ത്), രാജലക്ഷ്മി (തൃഷ്ണ),വിജി(ഉയരങ്ങളില്‍), സുകന്യ(അപാരത),ഹിന്ദി നടി ഷോമാ ആനന്ദ് (ആറാട്ട്), ദേവി (ഇണ),കത്രീന കൈഫ് (ബല്‍റാം വേഴ്‌സസ് താരാദാസ്), അനു ശശി(സിംഫണി) അഗസ്റ്റിന്‍ (അനുഭവം),ശരത് സക്‌സേന (ആവനാഴി),കിരണ്‍ കുമാര്‍ (ഇന്‍സ്‌പെക്ടര്‍ ബല്‍റാം),ജാഫര്‍ഖാന്‍ (തുഷാരം)...ഇവര്‍ക്കുപുറമേ കോഴിക്കോട് ആസ്ഥാനമാക്കിയുള്ള കുറുപ്പ്, കെ.ടി.സി അബ്ദുള്ള തുടങ്ങി ഒരു പറ്റം നടന്മാരെയും ശശി സിനിമയിലവതരിപ്പിച്ചു. ലാലു അലക്‌സ് അടക്കമുള്ളവര്‍ക്ക് മേല്‍വിലാസമുണണ്ടാക്കിക്കൊടുത്തു.


No comments: