Saturday, October 17, 2020

ശ്യാമയാനം: സംവിധായകനെപ്പറ്റി ആഴത്തിലുള്ള പഠനം



പി പി മാത്യു 

ചലച്ചിത്ര പഠന ഗ്രന്ഥങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടുകയും മൂന്നു പതിറ്റാണ്ടെത്തുന്ന മാധ്യമ പ്രവര്‍ത്തനത്തില്‍ ഉയര്‍ന്ന, ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കയും ചെയ്തിട്ടുള്ള എ. ചന്ദ്രശേഖര്‍ മലയാള സിനിമയ്ക്കു വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ സംവിധായകന്‍ ശ്യാമപ്രസാദിന്റെ ചിത്രങ്ങള്‍ വിശകലനം ചെയ്തു എഴുതിയ 'ശ്യാമയാനം'  വായിച്ചു തുടങ്ങിയത് ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥിയുടെ കൗതുകത്തോടെയാണ്. വര്‍ഷങ്ങളായി ചന്ദ്രശേഖര്‍ എഴുതുന്ന ലേഖനങ്ങള്‍ സിനിമയോട് അഭിനിവേശം കൊണ്ടു വായിക്കാറുള്ള പ്രതീക്ഷയോടെയാണ് പുസ്തകം കൈയില്‍ എടുത്തത്. നിരാശപ്പെട്ടില്ല; എന്ന് മാത്രമല്ല, മലയാള ചലച്ചിത്ര സാഹിത്യത്തിന് മികച്ച സംഭാവന കൂടിയാണ് ഈ സൃഷ്ടി എന്നു പറഞ്ഞു വയ്ക്കുന്നു. 
ഒന്ന് രണ്ടു കാര്യങ്ങളാണ് പ്രത്യേകമായി ശ്രദ്ധിച്ചത്: ഒന്ന്, ഇതൊരു സ്തുതിഗീതമല്ല. ആഴത്തില്‍ പഠിച്ചു എഴുതിയ പുസ്തകത്തില്‍ വിമര്‍ശനവും വിയോജിപ്പും ഒക്കെയുണ്ട്. രണ്ട്, ശ്യാമപ്രസാദ് എന്ന വ്യക്തിയോടുള്ള ചില ഭിന്നതകള്‍ ചന്ദ്രശേഖര്‍ തുറന്നു തന്നെ എഴുതുന്നു. മൂന്നര പതിറ്റാണ്ടിലെ പരിചയം അതിനു തടസമായില്ല. അവിടെയാണ് എഴുത്തിനു പിന്നിലെ പ്രചോദനം സിനിമയോടുള്ള തീരാത്ത ഇഷ്ടവും അതിനെ അക്കാദമിക്ക് ആയി സമീപിക്കുന്നതിനുള്ള സമര്‍പ്പണവുമാണെന്നു നമ്മള്‍ തിരിച്ചറിയുന്നത്.  
വാണിജ്യ സിനിമയുടെ സ്ഥിരം ട്രാക്കില്‍ നിന്നു മാറി നിന്നു നല്ലതെന്നു വിമര്‍ശകര്‍ക്കും വിശേഷിപ്പിക്കാവുന്ന ചിത്രങ്ങള്‍ എടുത്ത സംവിധായകന്റെ സിനിമയോടുളള സമീപനം, കഥകളും കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്നതിലുള്ള ന്യായങ്ങള്‍, അഭിനേതാക്കളുടെ നിര്‍ണയത്തിലുള്ള കാഴ്ചപ്പാടുകള്‍, സംഗീതത്തിന്റെ മികവും പോരായ്മയും എന്നിങ്ങനെ നിരവധി മേഖലകള്‍ ചന്ദ്രശേഖര്‍ വിശദമായി വിലയിരുത്തുന്നുണ്ട്. 
'ആത്മ മന്ത്രണങ്ങളുടെ കാഴ്ച്ചപ്പൊരുളുകള്‍' എന്ന ആദ്യ അധ്യായം തുടങ്ങുന്നത് ഇങ്ങിനെ: 'സമൂഹവും വ്യക്തിയും തമ്മിലുള്ള സംഘട്ടനമാണ് എക്കാലത്തും ഏതു സംസ്‌കാരത്തിലും, മികച്ച സര്‍ഗ്ഗസൃഷ്ടിക്കു വിഷയമായിട്ടുള്ളത്.... എന്നാല്‍ ക്യാമറയുടെ കാചത്തെ കഥാപാത്രങ്ങളുടെ ആത്മാവിലേക്കു തിരിഞ്ഞു നോക്കാനുള്ള ഉല്‍ക്കണ്ണായി ഉപയോഗിക്കാനിഷ്ടപ്പെടുന്ന ഒരു ചലച്ചിത്രകാരന്റെ നയപ്രഖ്യാപനങ്ങളാണ് ശ്യാമപ്രസാദിന്റെ സിനിമകള്‍.'
കഥാപാത്രങ്ങളുടെ ഉള്ളിലെ ആത്മസംഘര്‍ഷങ്ങള്‍ ആയിരുന്നു ശ്യാമിന് എന്നും ഇഷ്ടപ്പെട്ട വിഷയം എന്ന നിരീക്ഷണം എത്ര ശരിയാണ്. നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രങ്ങള്‍ പോലും വെറുപ്പു വിളിച്ചു വരുത്തുന്നില്ല എങ്കില്‍, അതിനു കാരണം ആ  സ്വഭാവത്തിന്റെ ന്യായം ശ്യാം സ്ഥാപിക്കുന്നുണ്ട് എന്നതാണ്. 'അതു കൊണ്ടാണ് അഗ്‌നിസാക്ഷിയിലെ ദേവകിയോടുള്ള (ശോഭന) അതേ ഇഷ്ടം/അനുതാപം/ താദാത്മ്യം നമുക്ക് ഭര്‍ത്താവായ ഉണ്ണി നമ്പൂതിരിയോടും (രജത് കപൂര്‍) തോന്നുന്നത്,' ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടുന്നു. 'അകലെ'യിലെ റോസിയെ കൈയൊഴിയുന്ന ഫ്രഡിയോടു നമുക്കു വിദ്വേഷമോ വെറുപ്പോ തോന്നാത്തതും ആ പാത്രാവിഷ്‌കരണത്തിലെ മികവ് കൊണ്ടാണ്. പൃഥ്വിരാജ് അവതരിപ്പിക്കുന്ന നീലിന്റെ ന്യായങ്ങളും നമുക്കു മനസിലാകുന്നു. 'ഒരേ കടലിലെ നാഥന്റെ (മമ്മൂട്ടി) സദാചാര വിരുദ്ധമെന്നു വ്യാഖ്യാനിക്കാവുന്ന കാമനകളില്‍ അയാളെ ഒറ്റപ്പെടുത്താന്‍ ആവാത്തതും മറ്റൊന്നും കൊണ്ടല്ല' എന്ന് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ അംഗീകരിക്കാതെ വയ്യ.ആഴത്തിലുള്ള നിരീക്ഷണമാണ് ഈ പുസ്തകത്തെ ചടങ്ങു നിര്‍വഹിക്കുന്ന എഴുത്തുകളില്‍ നിന്ന് ഉയര്‍ത്തി നിര്‍ത്തുന്നത്. 
'ഋതു' എന്ന ചിത്രത്തെ മലയാളത്തില്‍ ഒരു ഭാവുകത്വ പരിണതിക്കു തുടക്കമിട്ട സിനിമയായിട്ടാണ് ചന്ദ്രശേഖര്‍ കാണുന്നത്. വളരെ വ്യത്യസ്തമായ ക്യാന്‍വാസില്‍ ശ്യാം കഥ പറയുന്നു. സിനിമയുടെ മാറുന്ന പ്രവണതകള്‍ ശ്യാം എങ്ങിനെ ഉള്‍ക്കൊണ്ടു എന്നു മനസിലാക്കാന്‍ കഴിയുന്ന ഈ പടത്തിലും ആത്മസംഘട്ടനങ്ങളുടെ ഋതുഭേദങ്ങളിലാണ് ശ്യാമിന്റെ ഫോക്കസ് എന്ന് അദ്ദേഹം പറഞ്ഞു വയ്ക്കുന്നു. അപ്പോള്‍ ആഖ്യാന ശൈലിയോ സാങ്കേതിക രീതികളോ എത്ര മാറിയാലും ശ്യാമിന്റെ പ്രിയ വിഷയം ഒന്ന് തന്നെ.'പരാജിതരുടെ സുവിശേഷമാണ് ഋതു,' ഗ്രന്ഥകാരന്‍ പറയുന്നു. കവര്‍ന്നെടുക്കപ്പെട്ട സ്വപ്നങ്ങളുടെ ഭൂതാവശിഷ്ടരാണ് ആദ്യ ചിത്രമായ 'കല്ല് കൊണ്ടൊരു പെണ്ണ്' മുതല്‍'ഒരു ഞായറാഴ്ച' വരെയുള്ള ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ നായികാ നായകന്മാര്‍. 
'കല്ലു കൊണ്ടൊരു പെണ്ണ്' മുതല്‍ നമ്മള്‍ കണ്ട ശ്യാമിന്റെ നായികമാര്‍ക്ക് വ്യത്യസ്തതയുള്ളത് അവര്‍ക്കു സ്വന്തമായ വ്യക്തിത്വം ഉള്ളതിനാലാണ്. കണ്ണീര്‍കഥകള്‍ മാത്രം പറയുന്ന നായികമാര്‍ ആയിരുന്നു കാപട്യം അടിത്തറയാക്കിയ നമ്മുടെ സമൂഹത്തിനു പ്രിയം. അതില്‍ നിന്ന് വേറിട്ട്, സമൂഹത്തിന്റെ കപട സദാചാരത്തിനു നിന്നു  കൊടുക്കാത്ത വ്യക്തിത്വമുള്ള നായികമാരെ ശ്യാം കൊണ്ട് വന്നു. 'ദാമ്പത്യം എന്ന തീര്‍ത്തും ദുര്‍ബലമായ സാമൂഹ്യ വ്യവസ്ഥയുടെ രാഷ്ട്രീയമാണ് ശ്യാം ഇഷ്ട വിഷയമായി പലപ്പോഴും ആവര്‍ത്തിച്ചിട്ടുള്ളത്' എന്ന് ചന്ദ്രശേഖര്‍ പറയുന്നു. ഒരേ കടല്‍, ആര്‍ട്ടിസ്റ്റ്, ഒരു ഞായറാഴ്ച എന്നിങ്ങനെ ഉദാഹരണങ്ങള്‍. അവിടെയെല്ലാം പക്ഷെ വ്യക്തിത്വമുള്ള നായികമാരെ നമ്മള്‍ കാണുന്നു. ഒരേ കടലിലെ നായിക പരപുരുഷനു വഴങ്ങുന്നത് അവളുടെ ജീവിതത്തിന്റെ  മരവിപ്പില്‍ നിന്നുള്ള മോചനം തേടുമ്പോഴാണ്. അവള്‍ സദാചാര സീമകള്‍ ലംഘിച്ചില്ല എന്ന ന്യായമൊന്നും ഉന്നയിക്കുന്നുമില്ല. 
കഥാപാത്രത്തെ കുറിച്ചുള്ള ഉള്‍ക്കാഴ്ച തന്നെയാണ് കഥ പറയുന്നതില്‍ സംവിധായകന് മികച്ച പിന്ബലമാവുക. 'ആത്മാവിലേക്കു തുറക്കുന്ന ചിത്രീകരണ ശൈലിയും ക്യാമറക്കോണുകളും മറ്റുമാണ് ശ്യാമപ്രസാദ് ചിത്രങ്ങളുടെ മറ്റൊരു മുഖമുദ്ര' എന്ന് ചന്ദ്രശേഖര്‍ എടുത്തു പറയുന്നു. 
എന്നാല്‍ ശബ്ദം ഉയര്‍ത്തി സംസാരിക്കുന്നവരല്ല ശ്യാമിന്റെ കഥാപാത്രങ്ങള്‍. മിക്കപ്പോഴും അവര്‍ മന്ത്രിക്കയാണ്. 'ഒരല്‍പം ദാര്‍ശനികമായി, അര്‍ഥങ്ങളുടെ ഒട്ടേറെ അടരുകള്‍ തന്നെ നിറച്ചു വച്ച് കൊണ്ടുള്ള സംഭാഷണമാണ് ശ്യാമപ്രസാദ് കഥാപാത്രങ്ങള്‍ ഓരോരുത്തരും ഉരുവിടുക. ഇക്കാര്യത്തില്‍ സത്യജിത് റേ  സിനിമകളോടാണ് ശ്യാമപ്രസാദ് സിനിമകള്‍ക്കു ചാര്‍ച്ചക്കൂടുതല്‍ എന്ന് ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റില്ല,' ചന്ദ്രശേഖര്‍ എഴുതുന്നു. 
അഭിനേതാക്കളുടെ സംവിധായകന്‍ എന്ന അധ്യായത്തില്‍ കടന്നപ്പോള്‍ തന്നെ എനിക്കു ആദ്യം ഓര്‍മ വന്നത് രജത് കപൂറിനെ ആണ്. താരമൂല്യമുള്ള നടീനടന്മാരെ വച്ച് പടമെടുക്കാറുള്ള ശ്യാം കപൂറിനെ 'അഗ്‌നിസാക്ഷി' യില്‍ കൊണ്ടു വന്നത് അന്നൊരു വിസ്മയം തന്നെ ആയിരുന്നു. അതിന്റെ യുക്തി ചന്ദ്രശേഖര്‍ വിശകലനം ചെയ്യുന്നുണ്ട്. 'രജത് കപൂറിന്റെ അടിമുടി നമ്പൂരിത്തം ആവേശിച്ച പകര്‍ന്നാട്ടവും അതിനു നടനും നാടക പ്രവര്‍ത്തകനുമായ മുരളി മേനോന്‍ നല്‍കിയ സംഭാഷണവും ചേര്‍ന്നു സൃഷ്ടിച്ച തിരരസതന്ത്രം അനന്യമാണ്, അന്യാദൃശമാണ്. അത് കൊണ്ട് തന്നെയാണ് അഗ്‌നിസാക്ഷിയിലെ ഉണ്ണി നമ്പൂതിരിയിലൂടെ രജത് കപൂറിനെ തേടി മികച്ച നടനുള്ള ആദ്യത്തെ ദേശീയ പുരസ്‌കാരം എത്തിച്ചേര്‍ന്നത് എന്നതാണ് വാസ്തവം.'
അതേപോലെ 'മലയാള സിനിമ ഉള്ള കാലത്തോളം ഓര്‍മിക്കപ്പെടുന്ന' കഥാപാത്രവും മികച്ച അഭിനയവും നമ്മള്‍ ആര്‍ട്ടിസ്റ്റില്‍ കണ്ടു - ആന്‍ അഗസ്റ്റിന്‍. നിറസൗന്ദര്യമുള്ള നടിയെ അല്പം മങ്ങലോടെ അവതരിപ്പിച്ചത് ഗായത്രി എന്ന കഥാപാത്രത്തിന്റെ ആവശ്യമായിരുന്നു. പക്ഷെ അവരുടെ ഏറ്റവും മികച്ച വേഷമായി അത്. 
മമ്മൂട്ടി വരെയുള്ള ഉന്നത നടന്മാരെ ശ്യാം ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അവരെല്ലാം വ്യത്യസ്തര്‍ ആയിരുന്നു. കഥാപാത്രത്തിന് അനുസൃതമായി നടനെ ഉപയോഗിക്കുന്നത് സംവിധായകന്റെ മികവാണ്. അത്തരം ചിത്രങ്ങളോട് പല നടീനടന്മാര്‍ക്കും ആവേശവുമാണ്. 
'കല്ലു കൊണ്ടൊരു പെണ്ണ്' എന്ന എസ് എല്‍ പുരത്തിന്റെ നാടകം സിനിമയാക്കി അരങ്ങേറുമ്പോള്‍ വിജയശാന്തിയെ നായികയാക്കിയതിലും ശ്യാം മികവ് കട്ടി. തെലുങ്കു സിനിമകളില്‍ അടി പിടി വേഷം വരെ ചെയ്തിട്ടുള്ള നടിയുടെ കഴിവുകള്‍ മുഴുവന്‍ പിഴിഞ്ഞെടുത്ത കഥാപാത്രം ആയിരുന്നു സീത. 
അഭിനേതാവിന്റെ സംവിധായകന്‍ എന്നു നിസംശയം തെളിയിച്ച ശ്യാം ഒരു പറ്റം പുതുമുഖങ്ങളെ വച്ച് ചെയ്ത 'ഋതു' ആവട്ടെ, അവരില്‍ മിക്കവരെയും താരങ്ങളാക്കി. ആസിഫ് അലി, റീമ കല്ലിങ്ങല്‍, സിദ്ധാര്‍ഥ് ശിവ, വിനയ് ഫോര്‍ട്ട് എന്നിങ്ങനെ ഇന്ന് മുഖ്യധാരാ സിനിമയില്‍ പ്രശസ്തരായവര്‍ ആ ചിത്രത്തിലൂടെ വന്നവരാണ്.'പില്‍ക്കാലത്തു കഴിവ് തെളിയിച്ച എത്രയോ പുതുമുഖങ്ങളെ, അഭിനേതാക്കളായും സംഗീത സംവിധായകരായും ഗായകനായും ഛായാഗ്രാഹകരായും തിരക്കഥാകൃത്തുക്കളായുമെല്ലാം അവതരിപ്പിച്ചിരി ക്കുന്നു ശ്യാം.'
തിരക്കഥകള്‍ സ്വയം എഴുതണം എന്ന് ശ്യാമിനു നിര്‍ബന്ധം ഉണ്ടായിരുന്നില്ല. അതിനു കാരണം വൈവിധ്യത്തിനു വേണ്ടിയുള്ള അന്വേഷണമാവാം. 'നവഭാവുകത്വത്തിന്റെ എഴുത്തുവഴികള്‍' എന്ന അധ്യായത്തില്‍ ചന്ദ്രശേഖര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നു. അതിനൊത്ത എഴുത്തുകാരെ കണ്ടെടുക്കുന്നതിലാണ് ശ്യാം വിജയം കണ്ടത്.
സംഗീതം പലപ്പോഴും അവാച്യമായ അനുഭൂതിയാക്കിയിട്ടുണ്ട് ശ്യാം ചിത്രങ്ങളില്‍. 'ഒരേ കടല്‍' ഓര്‍മിക്കുന്നു പ്രത്യേകം. മറ്റൊന്ന് 'അകലെ.' സംഗീതം വേണ്ട വിധം ഉപയോഗിക്കാന്‍ കഴിയാതെ പോയ ചിത്രങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട് ചന്ദ്രശേഖര്‍. ശ്യാമിനൊപ്പം സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സഹപാഠികൂടിയായ നടനും സംവിധായകനുമായ രഞ്ജിത്തിന്റേതാണ് അവതാരിക.ശ്യാമിന്റെ ചലച്ചിത്ര കാഴ്ചപ്പാടുകള്‍ നേരിട്ടു കേള്‍ക്കാന്‍ അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ കൂടി ഒരുക്കിയിട്ടുണ്ട് ഗ്രന്ഥകാരന്‍. 

മലയാളമനോരമയില്‍ സിനിമാപേജ് എഡിറ്ററും ഗള്‍ഫ് ടുഡേയില്‍ വേള്‍ഡ് എഡിറ്ററുമായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമാണ് ലേഖകന്‍ ഫോണ്‍  98470 21845


 

Monday, September 28, 2020

journalism strokes-the politics of interviewing

 അഭിമുഖത്തിന്റെ രാഷ്ട്രീയം

ഞാനൊക്കെ പത്രപ്രവര്‍ത്തനം തുടങ്ങിയ കാലത്ത് ടേപ്പ് റെക്കോര്‍ഡര്‍ എന്നതു തന്നെ ഏറെ വിലപിടിപ്പുള്ള, ഉപരിവര്‍ഗത്തിനു മാത്രം സ്വന്തമാക്കാന്‍ കെല്‍പ്പുള്ള ഉപകരണമായിരുന്നു. മൈക്രോ കസെറ്റ് റെക്കോര്‍ഡറോ മിനി കസെറ്റ് റെക്കോര്‍ഡറോ ഒക്കെ അതിലും അപൂര്‍വമായി മാത്രം ആളുകളുടെ കൈവശമുണ്ടായിരുന്ന സാങ്കേതികോപകരണങ്ങളും. ആകാശവാണിക്കു വേണ്ടി പ്രഭാതഭേരിയുടെ റിപ്പോര്‍ട്ടറായപ്പോള്‍ ശ്രീ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ തന്നുവിട്ടപ്പോള്‍ മാത്രമാണ് അത്തരം യന്ത്രങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളത്. മുപ്പതില്‍പ്പരം വര്‍ഷങ്ങള്‍ക്കിടയില്‍ അഭിമുഖം ചെയ്ത ഒരാളും തങ്ങള്‍ പറയാത്തത് എഴുതി എന്നോ പറയാത്ത വിധത്തില്‍ എഴുതി എന്നോ ആരോപിച്ച് എനിക്കെതിരേ രംഗത്തുവന്നിട്ടില്ല. അവരില്‍ ബഹുഭൂരിപക്ഷവുമായി സംസാരിച്ചിട്ടുള്ളത് ഒരു സ്വനലേഖനയന്ത്രത്തിലും റെക്കോര്‍ഡ് ചെയ്‌തെടുത്തിട്ടുമില്ല. കോടതിയില്‍ പോലും തെളിവായി സ്വീകരിക്കുന്ന പത്രപ്രവര്‍ത്തകന്റെ സ്‌ക്രിബ്‌ളിങ് പാഡില്‍ അത്രയ്ക്കു വിശ്വാസമുണ്ടായിരുന്നു. അതില്‍ കുത്തിക്കുറിച്ച വസ്തുതളൊന്നും നാളിതുവരെ വഞ്ചിച്ചിട്ടുമില്ല.
അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ എപ്പോഴും പറയാറുണ്ട് പഴയൊരു ബിബിസി അഭിമുഖത്തിന്റെ കാര്യം. കഴിവതും തന്നെ അഭിമുഖം ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകരോട് അഭിമുഖം ടേപ്പ് ചെയ്യണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിക്കാറുമുണ്ട്.
ഒരാള്‍ സംസാരിക്കുമ്പോള്‍ അയാളുടെ വാക്കുകള്‍ മാത്രമല്ല, അയാളുടെ പ്രയോഗങ്ങളും അതിന്റെ ടോണും വരെ ആശയവിനിമയത്തില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഗംഭീരമായിരിക്കുന്നു എന്ന വാക്കു തന്നെ പല ടോണില്‍ പലതരത്തില്‍ പറയാം. അസല്ലായിരിക്കുന്നു എന്നും തീരേ മോശമായിരിക്കുന്നു എന്നും അതുവഴി ധ്വനിപ്പിക്കുകയുമാവാം. ഭീകരം എന്ന വാക്കു തന്നെ അതിന്റെ നിഘണ്ടു അര്‍ത്ഥത്തില്‍ നിന്നു മാറി അസ്സല്‍ എന്ന നിലയ്ക്കുപയോഗിക്കുന്നത് സര്‍വസാധാരണമാണല്ലോ. ഇത്തരത്തില്‍ തങ്ങളുദ്ദേശിക്കുന്ന അര്‍ത്ഥത്തില്‍ വാക്കുകളും പ്രയോഗങ്ങളും വരാത്തപ്പോഴോ, തങ്ങളുപയോഗിക്കാത്ത വാക്കുകളും പ്രയോഗങ്ങളും വരുമ്പോഴോ ആണ് അടൂര്‍സാറിനെപ്പോലുള്ളവര്‍ അവ ആലേഖനം ചെയ്യണമെന്ന് നിഷ്‌കര്‍ഷിച്ചു തുടങ്ങിയത്.
എന്റെ നാളിതുവരെയുള്ള മാധ്യമജീവിതത്തില്‍ രണ്ടു നേരനുഭവങ്ങളാണുള്ളത്. ഒന്ന് ടിവിന്യൂസിലായിരിക്കെയാണ്. വാര്‍ത്താറിപ്പോര്‍ട്ടറോട് മുന്‍പിന്‍ നോക്കാതെ ചില നേതാക്കള്‍ വിവാദമായേക്കാവുന്ന ചില പ്രതികരണങ്ങള്‍ ആവേശത്തില്‍ വച്ചു കാച്ചും. ഇതുകൊടുക്കാമല്ലോ എന്നു ചോദിച്ചാല്‍ പിന്നെന്ത് എന്നാവും മറുപടി. പക്ഷേ അവ എയര്‍ ചെയ്തു വന്ന നിമിഷം മുതല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങളെത്തുടര്‍ന്ന് പിന്നെ വിളിയോട് വിളിയായിരിക്കും.അത് ഞാന്‍ അങ്ങനെ ഉദ്ദേശിച്ചല്ല പറഞ്ഞത് അതൊഴിവാക്കണം, ഞാന്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥം വരുംവിധം നിങ്ങള്‍ ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് എഡിറ്റ് ചെയ്തതാണ് എന്നൊക്കെ പറഞ്ഞ്. റെക്കോര്‍ഡ് ചെയ്ത മുഴുവന്‍ ടേപ്പും കൈവശമുണ്ടെന്നു പറയുമ്പോള്‍ മറുതലയ്ക്കല്‍ സ്വരം മാറുകയും ക്ഷമാപണത്തോടെ അതൊന്ന് ഒഴിവാക്കിത്തരണം അബദ്ധം പറഞ്ഞതാണ് അതൊന്നു പിന്‍വലിച്ചു സഹായിക്കണം എന്ന മട്ടിലാവും അപേക്ഷ.
രണ്ടാമതൊരനുഭവം മാധ്യമപ്രവര്‍ത്തകന്‍ കൂടിയായിരുന്ന നടനും തിരക്കഥാകൃത്തും സംവിധായകനുമെല്ലാമായ രഞ്ജി പണിക്കരില്‍ നിന്നാണ്. രഞ്ജിയുടെ തിരക്കഥാജീവിതത്തിന്റെ 25-ാം വാര്‍ഷികം കേരളമറിഞ്ഞത് ഞാന്‍ എഡിറ്റ് ചെയ്ത കന്യകയില്‍ വന്ന അദ്ദേഹത്തിന്റെ അഭിമുഖത്തിലൂടെയാണ്. അതു ചെയ്ത ലേഖിക അതെഴുതിയത് ഫസ്റ്റ് പേഴ്‌സണിലാണ്. രഞ്ജി തന്റെ കഥ പറയുന്നു എന്ന രീതിയില്‍. മലയാളത്തില്‍ സുരേഷ് ഗോപി എന്ന സൂപ്പര്‍ സ്റ്റാറിനെയടക്കം സൃഷ്ടിച്ച രഞ്ജി-ഷാജികൈലാസ് സഖ്യത്തിന്റെ നേട്ടങ്ങളെ അല്‍പമൊരു അവകാശവാദത്തിന്റെ സ്വരത്തിലാണ് എഴുതിയിരുന്നത്. മാധ്യമപ്രവര്‍ത്തകനായതുകൊണ്ടാവും പ്രസിദ്ധീകരിക്കും മുമ്പ് മാറ്ററൊന്ന് കാണാനാവുമോ എന്ന് അദ്ദേഹം ലേഖികയോടു ചോദിക്കുകയും എന്റെ സമ്മതത്തോടെ അതയച്ചുകൊടുക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് ആശങ്കയോടെ ലേഖിക വിളിച്ചു. "സാര്‍ ആ മാറ്റര്‍ കൊടുത്താല്‍ രഞ്ജി സാര്‍ തള്ളിപ്പറയുമെന്നാ പറയുന്നത്. സാറൊന്നു വിളിക്കണം."കമ്പോടു കമ്പ് ഞാന്‍ വായിച്ച മാറ്ററാണ്. അതില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലാത്തതായി ഒരു വരി പോലും ഞാന്‍ കണ്ടതുമില്ല. എന്നിട്ടും ഞാന്‍ രഞ്ജിയെ വിളിച്ചു. ഫോണില്‍ കേട്ട രഞ്ജിയുടെ സ്വരം പക്ഷേ ലേഖിക പറഞ്ഞപോലെയേ ആയിരുന്നില്ല. '' അതേ ചന്ദ്രശേഖര്‍ ഞാന്‍ സിനിമയില്‍ യാതൊരു അവകാശവാദങ്ങളും ഉന്നയിക്കുന്ന ആളല്ല. ആ സ്വരത്തില്‍ സംസാരിക്കാനുമെനിക്കാവില്ല. ഇതച്ചടിച്ചു വന്നാല്‍ മലയാള സിനിമയില്‍ പലതും ചെയ്തത് ഞാനാണെന്ന അഹങ്കാരമാണ് വായിക്കുന്നവര്‍ക്കു തോന്നുക. അത് എന്റെ സംസാരത്തിന്റെ ഇഡിയം അല്ല. അതൊന്നു മാറ്റണം. ഞാന്‍ ചില തിരക്കഥകളെഴുതി ഭാഗ്യം കൊണ്ട് അവ ഹിറ്റായെന്നല്ലാതെ മറ്റൊരവകാശവാദങ്ങളുമില്ലാത്ത ആളാണ് ഞാന്‍. അതുകൊണ്ടാണ്." ഇതായിരുന്നു രഞ്ജിയുടെ നിലപാട്. ആ നിലപാടിലെ ആര്‍ജ്ജവം എനിക്കു പെട്ടെന്നു തന്നെ തിരിച്ചറിയാനായി. ലേഖികയോട് ഓഫീസ് സമയം കഴിഞ്ഞും അവിടെത്തന്നെയിരുന്ന് തത്പുരുഷ സര്‍വനാമത്തില്‍ തയാറാക്കിയ അഭിമുഖം ചോദ്യോത്തര രീതിയിലേക്കു മാറ്റി ടൈപ്പ് ചെയ്യാനും അനാവശ്യ അലങ്കാരങ്ങളും വച്ചുകെട്ടലുമൊഴിവാക്കാനും പറഞ്ഞു. അവരതനുസരിച്ച് മുക്കാല്‍ മണിക്കൂര്‍ കൊണ്ട് മാറ്റര്‍ മാറ്റി രഞ്ജിക്കയയ്ക്കുകയും രഞ്ജിയത് സന്തോഷത്തോടെ സ്വീകരിക്കുകയും എനിക്ക് നന്ദി പറഞ്ഞ് മെസേജയയ്ക്കുകയും ചെയ്തു.
ജീവിതത്തില്‍ ഞാന്‍ ഒരാളുടെ അഭിമുഖം പൂര്‍ണരൂപത്തില്‍ റെക്കോര്‍ഡ് ചെയ്യുന്നത് രണ്ടു വര്‍ഷം മുമ്പ് ചലച്ചിത്ര അക്കാദമി ഫെലോഷിപ്പ് കിട്ടിയ മലയാള സിനിമയിലെ അടുക്കള എന്ന പുസ്തകരചനയുമായി ബന്ധപ്പെട്ട് കെ.എസ് സേതുമാധവന്‍ സാറടക്കമുള്ള ഒട്ടേറെപ്പേരെ കണ്ട് സംസാരിക്കുമ്പോഴാണ്. അതാവട്ടെ പുസ്തകത്തില്‍ അവരുടെ അഭിമുഖം കേള്‍ക്കാന്‍ പാകത്തിന് ക്യൂ ആര്‍ കോഡ് ചെയ്യാന്‍ കൂടിവേണ്ടിയുമായിരുന്നു. പിന്നീട് മോഹന്‍ലാലിന്റെ അഭിനയജീവിതത്തിന്റെ 40-ാം വാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹവുമായി വളരെ ദീര്‍ഘമായൊരു അഭിമുഖം മോഹനരാഗങ്ങള്‍ എന്ന പേരില്‍ പിന്നീട് പുസ്തകമാക്കാന്‍ പാകത്തിന് തയാറാക്കിയപ്പോഴും അതു റെക്കോര്‍ഡ് ചെയ്തു. കാരണം അത്ര വളരെ ചോദ്യങ്ങള്‍ അവയ്ക്ക് ലാലിന്റെ തന്നെ തനതു ശൈലിയിലുള്ള സംഭാഷണരീതി...ഇതൊക്കെ ഉള്‍ക്കൊള്ളുക എന്ന ലക്ഷ്യത്തോടെയായിരുന്നു റെക്കോര്‍ഡ് ചെയ്യാമെന്നു വച്ചത്.
അഭിമുഖങ്ങള്‍ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ പത്രപ്രവര്‍ത്തകനെന്ന നിലയ്ക്ക് അത് അക്ഷരത്തിലേക്കു മാറ്റുന്നത് ഇരട്ടി ബുദ്ധിമുട്ടാണെന്ന വിശ്വാസിയാണ് ഞാന്‍. കാരണം നമ്മുടെ ചോദ്യത്തിനു മറുപടിപറയുമ്പോള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടല്ലോ എന്ന ധൈര്യത്തില്‍ പലപ്പോഴും നാം അയാള്‍ പറയുന്നതില്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോയേക്കാം. അത് അനുബന്ധ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് തടസമായേക്കാം. യന്ത്രം പ്രവര്‍ത്തിക്കാതെ വന്നാല്‍ പറഞ്ഞതിനൊന്നും രേഖയില്ലാതെയും പോകാം. അതുകൊണ്ടു തന്നെ റെക്കോര്‍ഡ് ചെയ്തപ്പോള്‍ പോലും യന്ത്രം മാറ്റിവച്ച് പാഡില്‍ പ്രധാന പോയിന്റുകള്‍ നോട്ട് ചെയ്യുകയും പറയുന്നതില്‍ ശ്രദ്ധിക്കുകയുമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുമ്പോള്‍ മനസില്‍ കയറുന്നത്ര ഒരു റെക്കോര്‍ഡറിനും ഒപ്പിയെടുക്കാനാവില്ലെന്നാണ് എന്റെ അനുഭവം. കാരണം പറയുന്നതില്‍ വേണ്ടതു മാത്രമേ മനസില്‍ പതിയൂ. ഓര്‍മ്മയില്‍ നില്‍ക്കുന്നവ മാത്രമേ ഒരു എഡിറ്ററുടെ കാഴ്ചപ്പാടില്‍ പ്രസിദ്ധീകരണയോഗ്യമാവുകയുമുള്ളൂ. വാരിവലിച്ചെഴുതാതെ മനസില്‍ പതിഞ്ഞവ മാത്രമെഴുതിയാല്‍ മതിയെന്നതാണ് ഗുണം. റെക്കോര്‍ഡ് ചെയ്തതാവട്ടെ മുഴുവനും വീണ്ടും കേട്ടാലെ എഴുതാനാവു.ഒരഭിമുഖം തന്നെ ഒന്നിലേറെ തവണ റിയല്‍ ടൈം കേള്‍ക്കേണ്ടി വരുമെന്നു സാരം. കേട്ടു ശ്രദ്ധിച്ചും കുറിച്ചെടുത്തുമായാല്‍ അര മണിക്കൂര്‍ കൊണ്ട് എഴുതിത്തീര്‍ക്കാവുന്നത് റെക്കോര്‍ഡ് ചെയ്താല്‍ മണിക്കൂറുകള്‍ തന്നെ വേണ്ടിവരുമെന്നു സാരം.
അഭിമുഖവും സെലിബ്രിട്ടികളും
ഇത്രയുമൊക്കെ എഴുതിയത് ഒരു പ്രമുഖ വനിതാദ്വൈവാരികയില്‍ കവര്‍ സ്റ്റോറി ആയി അടിച്ചു വന്ന അഭിമുഖത്തെച്ചൊല്ലി രണ്ടു മുന്‍നിര യുവതാരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തുടങ്ങി വച്ച വിവാദവും അതേത്തുടര്‍ന്ന് ലേഖികയ്ക്കു നേരിടേണ്ടിവന്ന സൈബറാക്രമണവാര്‍ത്തയും കണ്ടതുകൊണ്ടാണ്. ലേഖിക പറയുന്നത് തന്നെ ഭീഷണിപ്പെടുത്തിയ ഓഡിയോ ക്‌ളിപ്പ് കൈവശമുണ്ടെന്നാണ്. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ഞാന്‍ ആഗ്രഹിക്കുന്നത്, റെക്കോര്‍ഡ് ചെയ്ത അഭിമുഖത്തിന്റെ പൂര്‍ണമായ ഓഡിയോ എന്റെ കൈവശമുണ്ട് എന്ന് ലേഖിക പറയണമായിരുന്നു എന്നാണ്. "പോയ് വരുമ്പോഴെന്തു കൊണ്ടുവരും"എന്നു പാട്ടിലെ "ഴെന്ത്" എന്താണെന്ന മട്ടില്‍ (വരുമ്പോള്‍+എന്ത് ചേര്‍ന്നാല്‍ ളെന്ത് എന്നാണോ ഴെന്ത് എന്നാണോ വരിക) ഞങ്ങള്‍ പറഞ്ഞത് "ഒന്നും ഒന്നും മൂന്ന്" എന്നാണ് അത് ഒന്നും ഒന്നും 3" എന്നെഴുതിയത് ശരിയായില്ല എന്ന മട്ടിലുള്ള വിശദീകരണമായിരുന്നു താരങ്ങളുടേതെങ്കില്‍ ടേപ്പിനെച്ചൊല്ലിയുള്ള ഒരൊറ്റ മറുപടിയില്‍ സകല് സൈബറാക്രമണകാരികളെയും നിലയ്ക്കുനിര്‍ത്താനാവുമായിരുന്നു ലേഖികയ്ക്ക്.
ഇനി ധാര്‍മ്മികമായ ചില കാര്യങ്ങള്‍ കൂടി. സിനിമാക്കാരുടെ ജീവിതവും വിശേഷങ്ങളുമാണല്ലോ കേരളത്തില്‍ ഏതൊരു പ്രസിദ്ധീകരണത്തിന്റെയും സൈബര്‍ പ്രസിദ്ധീകരണങ്ങളിലെയും എക്കാലത്തെയും ചൂടപ്പം. മമ്മൂട്ടിയും മോഹന്‍ലാലും ജയറാമുമടക്കമുളള തലമുറ വരെ താരങ്ങള്‍ക്കും മാധ്യമങ്ങളെ അങ്ങേയറ്റം ബഹുമാനമായിരുന്നു.മാധ്യമങ്ങളുമായി അവര്‍ അങ്ങേയറ്റം സഹകരിക്കുകയും ചെയ്തുപോ(രു)ന്നു. എന്നാല്‍ സൈബര്‍ മാധ്യമങ്ങളുടെ കടന്നുവരവോടെ വ്യവസ്ഥാപിത മാധ്യമങ്ങളോടെല്ലാം ഒരുതരം നിഷേധാത്മക സമീപനം പുലര്‍ത്തുന്നവരായിട്ടാണ് പുതുതലമുറ താരങ്ങളില്‍ ഭൂരിപക്ഷത്തേയും കണ്ടിട്ടുള്ളത്.തങ്ങള്‍ക്കാവശ്യമുള്ളപ്പോള്‍ മാധ്യമങ്ങളെ ഇങ്ങോട്ട് സമീപിച്ചോളാം അല്ലാത്തപ്പോള്‍ മാധ്യമങ്ങളുടെ ആവശ്യമേയില്ല, തങ്ങളുടെ ജീവിതം തങ്ങളുടേതുമാത്രമായ സ്വകാര്യം എന്ന നിലപാടിലുറച്ചുനില്‍ക്കുന്നവരായാണ് അവരെപ്പറ്റി തോന്നിയിട്ടുള്ളത്. ആവശ്യമില്ലാത്തവരെ അങ്ങോട്ടു ചെന്ന് ശല്യപ്പെടുത്തി അഭിമുഖങ്ങള്‍ തയാറാക്കാനും പ്രസിദ്ധീകരിക്കാനും നില്‍ക്കുന്ന മാധ്യമങ്ങളാണ് അവര്‍ക്കു മുന്നില്‍ തരം താഴുന്നത്.
താരാഭിമുഖങ്ങള്‍ക്കപ്പുറം പാരായണക്ഷമതയുള്ള എത്രയോ ഉള്ളടക്കങ്ങള്‍ കണ്ടെത്താനും അവതരിപ്പിക്കാനും കഴിവുള്ള മാധ്യമപ്രവര്‍ത്തകരാണ് നമ്മുടെ നാട്ടിലുള്ളത്. ഫെയ്‌റി ടെയ്ല്‍ പോലുള്ള ഒരു കള്ളന്റെ ആത്മകഥ പോലും ചൂടപ്പമായി വിറ്റഴിക്കപ്പെട്ടിട്ടുള്ള നാട്. പക്ഷേ, കന്യകയുടെ പത്രാധിപരായിരിക്കെ എനിക്കു പോലും അത്തരം ഉള്ളടക്കത്തെപ്പറ്റി ആലോചിക്കാനോ താരാഭിമുഖങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാനോ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത. കാരണം സ്ത്രീ പ്രസിദ്ധീകരണങ്ങളുടെ സെഗ്മെന്റിലെ മുന്‍നിരക്കാരെല്ലാം കവര്‍ ഫീച്ചറിന് ആശ്രയിക്കുന്നത് താരാഭിമുഖങ്ങളും താരവിവാഹങ്ങളും മാസങ്ങള്‍ക്കു ശേഷം അവയുടെ മോചനങ്ങളും താരരോഗങ്ങളും താരപ്രണയവും ഒക്കെ തന്നെയാണ്.സ്വാഭാവികമായി മാര്‍ക്കറ്റിന്റെ സമ്മര്‍ദ്ദം കണ്ടറിയാനാവില്ലെന്നതും എഡിറ്ററുടെ കഴിവുകേടായി ചിത്രീകരിക്കപ്പെടാവുന്ന ദുര്യോഗത്തില്‍ എനിക്കും താരാഭിമുഖങ്ങളെ ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, മുന്‍നിര പ്രസിദ്ധീകരണക്കാര്‍ വേണ്ടെന്നു വച്ചാല്‍ തീരാവുന്ന ഒരു കൗതുകം മാത്രമാണ് ഇതെന്ന് എനിക്കുറപ്പുണ്ട്. ഒരു വനിതാപ്രസിദ്ധീകരണത്തിനും വേണ്ട അത്യാവശ്യ ഘടകമല്ല താരാഭിമുഖം. കേരളത്തിലെ പ്രചാരത്തില്‍ രണ്ടാം സ്ഥാനത്തുള്ള മഹിളാരത്‌നത്തിന്റെ ഉള്ളടക്കം സിനിമാക്കാരായിരുന്നില്ല എന്നും ഓര്‍ക്കേണ്ടതുണ്ട്. മഹിളാരത്‌നത്തിലൊഴികെ സ്ത്രീകള്‍ക്കു വായിക്കാനിഷ്ടം സിനിമാക്കാരുടെ അരമനരഹസ്യങ്ങളാണെന്നു നിശ്ചയിക്കുന്നവരില്‍ ഒരാള്‍ പോലും സ്ത്രീയല്ലെന്നതും ശ്രദ്ധിക്കണം. ഞാനടക്കം മലയാളത്തിലെ പ്രമുഖ സ്ത്രീ പ്രസിദ്ധീകരണങ്ങളൊക്കെയും വര്‍ഷങ്ങളായി എഡിറ്റ് ചെയ്തു പോന്നിരുന്നത് ഇപ്പോഴും ചെയ്യുന്നത് പുരുഷന്മാരാണ്. സ്ത്രീപക്ഷത്തുനിന്നുള്ള ആണെഴുത്തിന്റെയും ആണുങ്ങളെടുക്കുന്ന സ്ത്രീപക്ഷ സിനിമയുടെയും എല്ലാ കുറവുകളും ആണെഡിറ്ററുടെ സ്ത്രീപ്രസിദ്ധീകരണങ്ങളിലുമുണ്ടാവുമെന്നാണ് എന്റെ വിശ്വാസം. അതു മനസിലാക്കാനാവാത്തതുകൊണ്ടാണ് സിനിമാക്കഥകളിലും സിനിമാക്കാരുടെ കഥകളിലുമായി വനിതാപ്രസിദ്ധീകരണങ്ങള്‍ അഭിരമിക്കുന്നത്. അതുകൊണ്ടാണ് തങ്ങളില്ലാതെ അത്തരം പ്രസിദ്ധീകരണങ്ങളില്ല എന്ന മട്ടില്‍ ഒരു ധാര്‍ഷ്ട്യത്തില്‍ യുവതാരങ്ങളെത്തിച്ചേരുന്നത്. അതുകൊണ്ടാണ് തങ്ങള്‍ പറഞ്ഞതില്‍ വ്യാകരണപ്പിഴ തീര്‍ക്കാന്‍ ഒരു വാക്കു മാറ്റിയെങ്കില്‍ അതില്‍ പിടിച്ച് ലേഖികയ്‌ക്കെതിരേ അവര്‍ പരസ്യമായി പ്രത്യക്ഷപ്പെടാന്‍ തയാറാവുന്നത്.
ഇപ്പോഴത്തെ വിവാദം ലേഖികയ്ക്കുണ്ടാക്കിക്കൊടുത്ത മാനനഷ്ടത്തിലും മനസംഘര്‍ഷത്തിലും പ്രസിദ്ധീകരണത്തിനുണ്ടാക്കിക്കൊടുത്ത ഗ്‌ളാനിക്കും എത്രയോ മടങ്ങധികം പബ്‌ളിസിറ്റിയാണ് താരങ്ങള്‍ക്കുണ്ടാക്കിക്കൊടുത്തത് എന്നു മാത്രം മനസിലാക്കുക. ഇതൊരു തിരിച്ചറിവാകുകയാണ് വേണ്ടത്. തങ്ങളെ വേണ്ടാത്തവരുടെ അണിയറരഹസ്യങ്ങളല്ല സ്വന്തം താളുകളില്‍ മഷിപുരട്ടേണ്ടത് എന്നു പ്രസിദ്ധീകരണങ്ങള്‍ ഒന്നാകെ തീരുമാനിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമാണിത്. സൈബറിടങ്ങള്‍ക്ക് കണ്ടെത്താനാവാത്ത, പുറത്തുകൊണ്ടുവരാനാവാത്ത, അഭിമുഖീകരിക്കാനാവാത്ത എത്രയോ വിഷയങ്ങള്‍ ഇനിയും ലോകത്തുണ്ട്. അവയുള്ളിടത്തോളം കാലമെങ്കിലും വ്യവസ്ഥാപിതമാധ്യമങ്ങള്‍ക്കു നിലനില്‍പുമുണ്ട്. താരങ്ങള്‍ക്കു പിന്നാലെ പോകുന്ന നേരത്ത് അവ കണ്ടെത്താന്‍ ലേഖകരെ ഉപയോഗിച്ചാല്‍ ഒഴിവാക്കാവുന്ന ദുരന്തങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്.
Photo courtesy News 18 plus online."
Image may contain: 3 people, beard, text that says "വനിത FREE PUNOUE SOOKIR വിത്തു മുതൽ വിളവു വരെ:"
1,198
People reached
486
Engagements
58
29 comments
2 shares
Like
Comment
Share