Showing posts with label Centre for Media Studies. Show all posts
Showing posts with label Centre for Media Studies. Show all posts

Friday, January 30, 2026

മലയാള ചലച്ചിത്ര നിരൂപണത്തിന്റെ പ്രസക്തി

Kalakaumudi 2026 January 25-February 1


എ.ചന്ദ്രശേഖര്‍


(മുതിര്‍ന്ന ചലച്ചിത്ര നിരൂപകന്‍ എം.എഫ് തോമസിന്റെ എണ്‍പതാം ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് മാധ്യമപഠനകേന്ദ്രം തിരുവനന്തപുരത്തു സംഘടിപ്പിച്ച മലയാള ചലച്ചിത്ര നിരൂപണത്തിന്റെ പ്രസക്തി എന്ന സെമിനാറിലെ അവതരണത്തിന്റെ ലേഖനരൂപം)

മലയാള ചലച്ചിത്രനിരൂപണസാഹിത്യത്തിന്റെ പരിണാമഗതിയെ രണ്ടുള്‍പ്പിരിവുകളായി പരിഗണിക്കാം. ആശയവിനിമയോപാധികള്‍ കുറവായിരുന്ന വിവരവിനിമയസംവിധാനങ്ങളുടെ പ്രവേഗം തീരെ കുറവായിരുന്ന അറുപതുകളിലും എഴുപതുകളിലും അച്ചടിമാധ്യമങ്ങളിലൂടെ അനുശീലിച്ചുവന്ന ചരിത്രാലേഖനധാരയാണൊന്ന്. ഇനിയൊന്ന് പുസ്തകനിരൂപണമാതൃകയില്‍ ചലച്ചിത്രങ്ങളെ, പ്രധാനമായും അവയുടെ പ്രമേയത്തെയും ഇതിവൃത്തത്തെയും സാഹിത്യവിമര്‍ശനോപാധികളുടെ സഹായത്തോട നിരൂപണത്തിനും വിമര്‍ശനത്തിനും വിധേയമാക്കിക്കൊണ്ടുള്ള എഴുത്തുവഴിയാണ്. മാതൃഭൂമിയിലെ ചിത്രശാലയൊക്കെ അതിന്റെ ഫലമായി ഉരുത്തിരിഞ്ഞുവന്ന പംക്തികളും.


ലോക സിനിമാസംരംഭങ്ങളെക്കുറിച്ച് താരതമ്യേന വളരെ കുറച്ചു മാത്രം അറിവുണ്ടായിരുന്ന കാലത്ത് വിദേശ പുസ്തകങ്ങളില്‍ നിന്നും അച്ചടിമാധ്യമങ്ങളില്‍ നിന്നും എഴുപതുകളുടെ ഉത്തരാര്‍ധത്തില്‍ കേരളത്തില്‍ ആഴത്തില്‍ വേരോട്ടം തുടങ്ങിയ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഫലമായുടലെടുത്ത ദൃശ്യസാക്ഷരതയുടെ ഫലമായും ഒക്കെ വിശ്വസിനിമാ മുന്നേറ്റങ്ങളെയും ചലച്ചിത്രപ്രസ്ഥാനങ്ങളെയും പറ്റിയൊക്കെ മലയാളത്തില്‍ ധാരാളം എഴുത്തുകളുണ്ടായി. നാദിര്‍ഷയും വിജയകൃഷ്ണനും എം.എഫ് തോമസുമൊക്കെ ആ ധാരയെ ബഹുദൂരം മുന്നോട്ടു കൊണ്ടുപോയവരാണ്. കോഴിക്കോടനിലൂടെ സിനിമാനിരൂപണശാഖയും പിന്നീട് ജനപ്രീതിയാര്‍ജ്ജിച്ചു. മൊണ്ടാഷും ജംപ് കട്ടുമടക്കം ചലച്ചിത്രത്തിന്റെ സാങ്കേതികസവിശേഷതകളെയും വിജയകൃഷ്ണനും മറ്റും വിശദമായി മലയാളപ്രേക്ഷകനു പരിചയപ്പെടുത്തിത്തന്നു. ക്‌ളാസിക് സിനിമകളിലധികവും നമുക്ക് സ്വന്തമെന്നോണം പരിചയമായത് അവരുടെ ലേഖനങ്ങളിലൂടെയാണ്. ഇന്ത്യയില്‍ ആദ്യമായി ഒരു മലയാളി ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ പുരസ്‌കാരം നേടുന്നതും കേരളത്തില്‍ ചലച്ചിത്രനിരൂപണത്തിനും പുസ്തകത്തിനും പുരസ്‌കാരം ഏര്‍പ്പെടുത്തിയ വര്‍ഷം മുതല്‍ തുടര്‍ച്ചയായി മൂന്നുതവണ അതേറ്റുവാങ്ങി റെക്കോര്‍ഡിട്ടതും വിജയകൃഷ്ണനാണ്(ചലച്ചിത്രസമീക്ഷ).എം.എഫ് തോമസിന്റെ ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങിയ പുസ്തകങ്ങളും അന്നത്തെ ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്കും ഗൗരവമായി സിനിമയെ സമീപിക്കുന്ന പ്രേക്ഷകര്‍ക്കും എത്രമേല്‍ ആശ്രയമായിരുന്നുവെന്ന് അവ നേടിയ ജനപ്രീതി സാക്ഷ്യപ്പെടുത്തും. വിശ്വചലച്ചിത്രകാരനായ അടൂര്‍ഗോപാലകൃഷ്ണനെ ഒരു സിനിമാഗ്രന്ഥരചയിതാവായി അവതരിപ്പിക്കുന്നതും അതിനദ്ദേഹത്തിനു ദേശീയ ബഹുമതി നേടിക്കൊടുക്കുന്നതും എം.എഫ്.തോമസ് കൂടി എഡിറ്ററായി സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സിനിമയുടെ ലോകം എന്ന ലേഖനസമാഹാരത്തിലൂടെയാണ്.  മണര്‍കാട് മാത്യുവിനെയും(ചലച്ചിത്ര സ്വരൂപം) ചിന്ത രവിയേയും(സിനിമയുടെ രാഷ്ട്രീയം), കള്ളിക്കാട് രാമചന്ദ്രനെയും (ലോകസിനിമ ഒരു മുഖദര്‍ശനം) കെ വേലപ്പനെയും(സിനിമയും സമൂഹവും) എസ് ജയചന്ദ്രന്‍ നായരെയും(കാഴ്ചയുടെ സത്യം) പോലെ ചില മാധ്യമപ്രവര്‍ത്തകരും സിനിമയെപ്പറ്റി സഗൗരവം മലയാളത്തില്‍ നിരന്തരം എഴുതുകയും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

സൗന്ദര്യശാസ്ത്രപരമായി കലാസിദ്ധാന്തങ്ങളുടെ പിന്തുണയോടെ ഒരു സിനിമയെ അല്ലെങ്കില്‍ പല സിനിമകളെ ഇഴകീറി വിശകലനം ചെയ്യുകയും അതിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രസക്തി പരിശോധിക്കുകയും ചെയ്യുന്നവിധം ഉള്‍ക്കാഴ്ചയുള്ള ചലച്ചിത്രപഠനശാഖയ്ക്ക് തുടക്കമാവുന്നത് ഡോ. വി രാജകൃഷ്ണനിലാണെന്നു പറയാം. കാഴ്ചയുടെ അശാന്തി എന്ന പുസ്തകമാണ് ഈ വഴിക്ക് പുതിയ വിഹായസുകള്‍ തുറന്നിട്ടത്. തുടര്‍ന്ന് ഐ ഷണ്‍മുഖദാസ് (മലകളില്‍ മഞ്ഞുപെയ്യുന്നു) ദേശീയ-സംസ്ഥാന പുരസ്‌കാര ജേതാവും മലയാളം സര്‍വകലാശാലയിലെ സിനിമാപഠനവിഭാഗം സ്ഥാപകമേധാവിയുമായ മധു ഇറവങ്കര (മലയാള സിനിമയും സാഹിത്യവും) തുടങ്ങി പലരും ഈ രംഗത്തേക്ക് ഗവേഷണബുദ്ധിയോടെ കടന്നുവന്നു. ഇവയില്‍ രാജകൃഷ്ണന്റെയും ഷണ്മുഖദാസിന്റെയും ഗ്രന്ഥങ്ങളും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലൂടെ എം.എഫ്.തോമസ് എഡിറ്ററായിത്തന്നെയാണ് സാക്ഷാത്കരിക്കപ്പെട്ടത്. തുടര്‍ന്ന് സാംസ്‌കാരിക/മാധ്യമ/രാഷ്ട്രീയ/സ്വത്വ/ലിംഗ/സാമൂഹിക സിദ്ധാന്തങ്ങളും മാനദണ്ഡങ്ങളുമുപയോഗിച്ച് സിനിമയെ ഇഴകീറി പഠിക്കുന്ന ഗൗരവമുള്ള ഗവേഷണപ്രബന്ധങ്ങളുണ്ടായി. വൈകാതെ സര്‍വകലാശാലാ തലത്തിലും സ്‌കൂള്‍ത്തലത്തിലും സിനിമ പഠനവിഷയവുമായി. ഡോ സി എസ് വെങ്കിടേശ്വരന്‍(സിനിമയുടെ ഭാവനാദേശങ്ങള്ഡ) പി.കെ സുരേന്ദ്രന്‍(ആഖ്യാനത്തിന്റെ പിരിയന്‍ ഗോവണികള്‍), കെ.ഗോപിനാഥന്‍(സിനിമയും സംസ്‌കാരവും) തുടങ്ങിയവര്‍ സാമൂഹിക-സാംസ്‌കാരികപഠനങ്ങളില്‍ ശ്രദ്ധിച്ചപ്പോള്‍ വി കെ ജോസഫ്(സിനിമയും പ്രത്യയശാസ്ത്രവും), ജി പി രാമചന്ദ്രന്‍(സിനിമയും മലയാളിയുടെ ജീവിതവും) തുടങ്ങിയവര്‍ സിനിമയുടെ രാഷ്ട്രീയ വായനകള്‍ നടത്തി.

ഡോ അരവിന്ദന്‍ വല്ലച്ചിറ(ആത്മനിന്ദയുടെ പൂക്കള്‍),ഡോ.ഷിറാസ് ഖാന്‍(നല്ല സിനിമ നല്ല സമൂഹം), എം.സി രാജനാരായണന്‍, (സിനിമ വേറിട്ട വഴികള്‍), ഡോ സുധ വാര്യര്‍(അനുകല്‍പനത്തിന്റെ ആട്ടപ്രകാരം), ഡോ. പി.എസ് രാധാകൃഷ്ണന്‍(ചരിത്രവും ചലച്ചിത്രവും-ദേശീയഭാവനയുടെ ഹര്‍ഷമൂല്യങ്ങള്‍), ഡോ ജോസ് കെ മാനുവല്‍(തിരക്കഥാസാഹിത്യം-സൗന്ദര്യവും പ്രസക്തിയും), ഡോ എന്‍ പി സജീഷ്(ശലഭച്ചിറകുകള്‍ കൊഴിയുന്ന ചരിത്രശിശിരത്തില്‍), എ.ചന്ദ്രശേഖര്‍ (ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍),ഡോ.കെ പി ജയകുമാര്‍(ജാതിവ്യവസ്ഥയും മലയാള സിനിമയും), ഡോ അജു കെ നാരായണന്‍ (സിനിമ മുതല്‍ സിനിമ വരെ), പി.ജി സദാനന്ദന്‍(സിനിമയടെ നീതിസാരം), കെ ബി വേണു(കെ.ജി.ജോര്‍ജിന്റെ ചലച്ചിത്രയാത്രകള്‍) പി.എസ്.പ്രദീപ്(സ്വയംവരം മുതല്‍ സ്വം വരെ), വി വിജയകുമാര്‍ (നിണമണിയിച്ച നിഴലുകള്‍), ജോണി എം എല്‍ (നായകനിര്‍മ്മിതുയുടെ രാഷ്ട്രീയം), ഡോ. ആര്‍ വി എം ദിവാകരന്‍ ( കഥയും തിരക്കഥയും),അനില്‍കുമാര്‍ തെരുവോത്ത് (സിനിമയും സാങ്കേതികവിദ്യയും) തുടങ്ങിയവര്‍ സിനിമയുടെ മാധ്യമപരവും സൗന്ദര്യശാസ്ത്രപരവും സാങ്കേതികവുമായ സവിശേഷതകളെ സൈദ്ധാന്തികപിന്തുേെയാടെ വിചിന്തനം ചെയ്യുന്നു. പുതുതലമുറയില്‍ രാകേഷ് നാഥ്(വര്‍ത്തമാനസിനമയുടെ വര്‍ത്തമാനങ്ങള്‍), ബ്‌ളെയ്‌സ് ജോണി, അന്‍വര്‍ അബ്ദുള്ള(റിവേഴ്‌സ് ക്‌ളാപ്പ്), കെ.സി ജിതിന്‍(എഴുത്തിലെ ദൃശ്യങ്ങള്‍-ഉത്തരം മുതല്‍ ജെല്ലിക്കെട്ട് വരെ), ഡോ രാജേഷ് കെ എരുമേലി(കാഴ്ചയുടെ അപരലോകങ്ങള്‍), ഡോ എം.ആര്‍ രാജേഷ്( മലയാള സിനിമ-അനുവര്‍ത്തനത്തിന്റെ സംസ്‌കാര പഠനം), ഡോ രശ്മി, ഡോ.അനില്‍കുമാര്‍(വെള്ളിത്തിരയുടെ രാഷ്ട്രീയം), സുധീര്‍ പരമേശ്വരന്‍(അടൂരിന്റെ എലിപ്പത്തായം) തുടങ്ങിയവരാവട്ടെ മറുവായന, ദലിത്/സ്ത്രീവാദ/ക്വിര്‍ പൊളിറ്റിക്‌സ് തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മലയാള സിനിമകളെ വിമര്‍ശനവായനയ്ക്കു വിധേയമാക്കി. ഡോ.എം ജയരാജ്(മലയാള സിനിമ പിന്നിട്ട വഴികള്‍), ഡോ മീന ടി പിള്ളയേയും ഡോ.ശ്രീദേവി പി അരവിന്ദിനെയും ഡോ.പി ഗീതയേയും, ജെ ഗീതയേയും ദിവ്യ എസ് കേശവനേയും സി എസ് മീനാക്ഷിയേയുംപോലുള്ള വനിതകളും ഡോ പി കെ.രാജശേഖരനെപ്പോലുള്ള സാഹിത്യനിരൂപകരും സിനിമയെ ഗൗരവമായി പഠിക്കാനും ഗ്രന്ഥരൂപത്തില്‍ അപഗ്രഥിക്കാനും ശ്രമിക്കുന്നു. ഇതിന്റെയൊക്കെ പരിണതഫലമായി ഇന്നിപ്പോള്‍ ചലച്ചിത്രനിരൂപണം ബഹുശാഖാ സാംസ്‌കാരിക പഠനമായി രൂപവും ഭാവവും മാറിക്കഴിഞ്ഞു. നവഭാവുകത്വ നിരൂപണപഠനഗ്രന്ഥങ്ങളുമായി ധാരാളം പുതുമുഖങ്ങളും ചലച്ചിത്രഗ്രന്ഥരചയിലേക്ക് അനുദിനം കടന്നുംവരുന്നു.

ഇത്രയും ആമുഖമായി സൂചിപ്പിച്ചുകൊണ്ട് മലയാളത്തിലെ ചലച്ചിത്ര നിരൂപണത്തിന്റെ പ്രസക്തിയെപ്പറ്റി ചിന്തിക്കുമ്പോള്‍, സ്വാഭാവികമായി ചലച്ചിത്രനിരൂപണം എന്തിന് എന്നൊരു അനുബന്ധ ചോദ്യമാണ് ആദ്യമായി ഉയര്‍ന്നുവരുന്നത്. 

ഏതു തരം നിരൂപണമാണെങ്കിലും അത് സ്രഷ്ടാക്കള്‍ക്ക് വഴികാട്ടുന്നതാവണം, പുതിയ ഉള്‍ക്കാഴ്ചകള്‍ സമ്മാനിക്കുന്നതാവണം, അനുവാചകന്റെ ആസ്വാദനനിലവാരത്തെ വികസിപ്പിക്കുന്നതാവണം. അതിനെല്ലാം പുറമേ നിരൂപകന് അത് പുതിയ തിരിച്ചറിവുകള്‍ പ്രദാനം ചെയ്യുന്നതുമാവണം. സാഹിത്യത്തിലായാലും സിനിമയിലായാലും കലയിലായാലും എന്തിന് സമൂഹത്തെയൊട്ടാകെ പരിഗണിക്കുമ്പോഴായാലും നിരൂപകന്റെ ധര്‍മ്മം, നിരന്തരം നവീകരിക്കുന്ന ഭാവുകത്വപരിസരങ്ങളില്‍ നിന്നുകൊണ്ട് സൃഷ്ടികളെ നവീകരിക്കുകയും സ്രഷ്ടാക്കള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും അനുവാചകര്‍ക്ക് സ്വയം നവീകരിക്കാനുള്ള പിന്തുണ നല്‍കുകയുമാണ്. 

എന്റെ കാഴ്ചപ്പാടില്‍,് സിനിമാ നിരൂപണമെന്നത് സ്വയം ജാഗ്രത കാത്തുസൂക്ഷിച്ചുകൊണ്ട് അതിസൂക്ഷ്മമായി ഓരോ സിനിമയേയും കാണുക എന്നതാണ്. സിനിമ കാണാന്‍ പഠിക്കുക എന്നതാണ് അതിനുള്ള കുറുക്കുവഴി. സിനിമയുണ്ടാക്കാന്‍ അതിന്റെ സാങ്കേതികവും ആവിഷ്‌കാരപരവുമായ പലകാര്യങ്ങളും പഠിക്കാനുള്ളതുപോലെതന്നെ പൂര്‍ണമായൊരു സിനിമയെ അതിന്റെ ചരിത്ര-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പരിസരങ്ങളില്‍ നിന്നുകൊണ്ട് ശരിയായും ആഴത്തിലും കാണാന്‍ പഠിക്കേണ്ടതുണ്ട്. ശരാശരി പ്രേക്ഷകനില്‍ നിന്നു വിഭിന്നമായി ഒരു നിരൂപകന്റെ സിനിമാക്കാഴ്ച വേറിട്ടതാവുന്നത് ഇങ്ങനെയാണ്. അതിന് നിരൂപകന്‍ ഏറെ ഗൃഹപാഠം ചെയ്യേണ്ടതുണ്ട്. അത്യാവശ്യം ചരിത്രബോധവും രാഷ്ട്രീയബോധ്യവും സാമൂഹികബോധവും സാംസ്‌കാരികബോധവും ആര്‍ജ്ജിക്കേണ്ടതുണ്ട്. മാറി മാറി വരുന്ന കാലത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. കലാപരമായ സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഇതൊന്നുമില്ലാതെ, വായില്‍ത്തോന്നിയത് കോതയ്ക്കു പാട്ടെന്ന മട്ടില്‍ തനിക്കിഷ്ടപ്പെട്ട സിനിമയെ, തനിക്കു സാമ്പത്തികമായോ അല്ലാതെയോ ഗുണമുണ്ടാക്കുന്ന സിനിമയെ ശ്‌ളാഘിക്കുകയും വൈയക്തികമായ കാരണങ്ങളാല്‍ ചില സിനിമകളെ മുച്ചൂടും നശിപ്പിക്കുംവിധം വിമര്‍ശിക്കുകയും ചെയ്യുന്ന നവമാധ്യമ ചലച്ചിത്രനിരൂപണം ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന കര്‍മ്മമാണ് നിര്‍വഹിക്കുന്നത്. ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാവൂ. അതുകൊണ്ടുതന്നെ ഒരു സിനിമയുണ്ടാക്കാനുള്ള അത്യധ്വാനത്തെയും മുടക്കുമുതലിനെയും പൊതുവായി മാനിച്ചുകൊണ്ടുമാത്രമേ ചലച്ചിത്രനിരൂപണം അര്‍ത്ഥവത്തായും ആത്മാര്‍ത്ഥമായും നിര്‍വഹിക്കാനാവൂ. നിരൂപകന് ഇഷ്ടമാവാത്ത സിനിമയെപ്പറ്റി എഴുതാതിരിക്കാം. അല്ലെങ്കില്‍ അത് തീയറ്ററില്‍ നിന്നു പോയശേഷം മാത്രം എഴുതാം. മൗനവും പലപ്പോഴും വിമര്‍ശനായുധമാണ്.ഉപാധിയുമാണ്. മറിച്ചുള്ള ഖണ്ഡനവിമര്‍ശനം സിനിമപോലെ ഒരുപാടുപേരെയും വലിയ മുതല്‍മുടക്കിനെയും ആശ്രയിക്കുന്ന മാധ്യമത്തെസംബന്ധിച്ച് അഭിലഷണീയമല്ല. ഖണ്ഡനവിമര്‍ശനം മോശമാണെന്നല്ല, അതിന് സൈദ്ധാന്തികമോ സാംസ്‌കാരികമോ സാമൂഹികമോ രാഷ്ട്രീയമോ ആയ ധാര്‍മ്മികതയില്ലാതിരിക്കുന്നിടത്തോളം അതിന് നൈതികമായ ന്യായീകരണം ലഭിക്കുന്നില്ലെന്നുമാത്രമേ സൂചിപ്പിക്കാനുള്ളൂ.

ചലച്ചിത്രമേളകളിലെ ആള്‍ത്തിരക്കും അഭൂതപൂര്‍വമായ ചെറുപ്പക്കാരുടെ സാന്നിദ്ധ്യവും അവരുടെ സിനിമാചര്‍ച്ചകളുമൊക്കെ കണ്ട് പ്രേക്ഷകരെ ഇനിയൊന്നും കാണാന്‍ പഠിപ്പിക്കാനില്ല, അവരൊക്കെ സിനിമയെ ആഴത്തില്‍ തിരിച്ചറിയാന്‍ പാകത്തിനുള്ള ചലച്ചിത്രസാക്ഷരത കൈവരിച്ചു എന്നു വിചാരിച്ചാല്‍ അതു തെറ്റിദ്ധാരണയാണ്. ചലച്ചിത്ര പഠനമെന്നത് സ്‌കൂള്‍ തലം മുതല്‍ സര്‍വകലാശാലാതലത്തില്‍ വരെ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തപ്പെടുകയും സിനിമാഗവേഷണമെന്നത് ഏറ്റവും ഗ്‌ളാമറുള്ളൊരു ഗവേഷണശാഖയായി പരിണമിക്കുകയും ചെയ്ത കാലത്ത് ചലച്ചിത്രമേളകള്‍ പോലുള്ള വേദികളിലെ ചെറുപ്പക്കാരുടെ കാഴ്ചചര്‍ച്ചകള്‍ സസൂക്ഷ്മം വീക്ഷിക്കുന്നൊരാള്‍ക്ക് അവരിലേറെപ്പേരും തങ്ങളുടെ മാത്രം ചുരുങ്ങിയ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് സിനിമ കാണുന്നവരാണെന്നു തിരിച്ചറിയാനാവും. ഒരുന്നത സിനിമാരചന കണ്ട് അതിന്റെ മനോഹരമായ ഛായാഗ്രഹണത്തിന്റെ സൂക്ഷ്മതലങ്ങളോ, സന്നിവേശ സവിശേഷതയുടെ വേറിട്ട പരീക്ഷണമോ, ശബ്ദലേഖനമികവിന്റെ തികവോ മാത്രമായെടുത്തു ചര്‍ച്ച ചെയ്യുന്നവര്‍ സിനിമയെ അതിന്റെ സമഗ്രതയില്‍ കലാസൃഷ്ടി എന്ന നിലയ്ക്ക്, സര്‍ഗാത്മകരചനയെന്ന നിലയ്ക്ക് കാണാതെ പോകുകയാണ് എന്നതാണ് പരമാര്‍ത്ഥം. സിനിമ സംവിധായകന്റെ കലയാണെന്ന പ്രാഥമികമായ പരിഗണനയിലൂന്നി ചലച്ചിത്രത്തെ സമീപിക്കുന്ന ഒരു നിരൂപകനും അതിന്റെ സാങ്കേതിക ഘടകങ്ങളെ മാത്രം അടിസ്ഥാനമാക്കി ഒരു സിനിമയെ വിലയിരുത്താനോ വിശകലനം ചെയ്യാനോ സാധിക്കില്ല. 

ചലച്ചിത്രഗവേഷണം ഗൗരവമാര്‍ജിക്കുന്നിടത്തും പതിയിരിക്കുന്ന ചില അപായസൂചനകള്‍ മലയാളസിനിമാനിരൂപണത്തിന്റെ സമകാലികാവസ്ഥ വിലയിരുത്തപ്പെടുമ്പോള്‍ സൂചിപ്പിക്കാതെ പോകുന്നത് നീതിയായിരിക്കില്ല. കേരളത്തില്‍ സര്‍വകലാശാലാ തലത്തില്‍ ഹ്യുമാനിറ്റീസില്‍ ഒരു വര്‍ഷം പുറത്തുവരുന്ന ഡിസര്‍ട്ടേഷന്‍-എംഫില്‍-പിഎച്ച്ഡി തീസസുകളില്‍ ഏറിയ പങ്കും സിനിമാ കേന്ദ്രീകൃതമാണെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. അതിലധികവും തിരക്കഥാപഠനങ്ങളോ സിനിമയുടെ സാഹിത്യബന്ധത്തെ ആസ്പദമാക്കിയുള്ള പഠനങ്ങളോ ആയിരിക്കുകയും ചെയ്യും. ചലച്ചിത്രനിരൂപണത്തില്‍ ഇവയുണ്ടാക്കിവയ്ക്കുന്നൊരു വെല്ലുവിളി കാണാതിരിക്കരുത്. പല ഗവേഷണങ്ങളുടെയും വിഷയം തനിയാവര്‍ത്തനങ്ങളാവുന്നത് മുന്‍പാഠങ്ങളുടെ ലഭ്യതയുറപ്പാക്കിക്കൊണ്ടാണ്. പല ഗവേഷണങ്ങളും സ്വതന്ത്ര നിരൂപകരുടെ ലേഖനങ്ങളില്‍ നിന്നും ഗ്രന്ഥങ്ങളില്‍ നിന്നുമൊക്കെ വിഷയങ്ങള്‍ സ്വീകരിച്ചുകൊണ്ട് മൂലകൃതിയെ അപ്പാടെ തിരസ്‌കരിച്ചുകൊണ്ട്, അവയില്‍ സൂചിപ്പിച്ച ഗ്രന്ഥസ്രോതസുകളെ ആശ്രിയിക്കുന്ന പ്രണവതയുമുണ്ട്. ഇതിനേക്കാളൊക്കെ ഗൗരവപൂര്‍വം പരിഗണിക്കേണ്ടത്, ഇന്റര്‍നെറ്റിന്റെ ദുരുപയോഗമാണ്. ആധികാരികമെന്നു തോന്നിപ്പിക്കുംവിധം ഇന്റര്‍നെറ്റിലെ വിവരശേഖരത്തില്‍ നിന്ന് തങ്ങള്‍ക്ക് അനുകൂലമായ മുന്‍പഠനങ്ങളും ഉദ്ധരണികളും സ്വീകരിച്ചുകൊണ്ടാണ് ഗവേഷണ-പഠനങ്ങളിലധികവും പൂര്‍ത്തിയാക്കപ്പെടുന്നത്. എന്റെ നേരനുഭവത്തില്‍, സംസ്ഥാന പ്രത്യേകജൂറി പുരസ്‌കാരം നേടിയ ഹരിതസിനിമ എന്ന എന്റെ സിനിമാഗ്രന്ഥത്തിന്റെയും, ചലച്ചിത്ര അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ച് അക്കാദമി തന്നെ പ്രസിദ്ധീകരിച്ച മലയാള സിനിമയിലെ അടുക്കള എന്ന ഗ്രന്ഥത്തിന്റെയും അധ്യായങ്ങളുടെ സംഗ്രഹം അപ്പാടെ ഉപയോഗിച്ചുകൊണ്ട് കേരളത്തിലെ തന്നെ സര്‍വകാശാലകളില്‍ നിന്ന് എം.ഫില്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകൃതമായതറിയാം. പഠനത്തിലെ ഗ്രന്ഥസൂചിയില്‍ പ്രസ്തുത ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നതു കൊണ്ടുമാത്രം ആശയചോരണം അഥവാ പ്‌ളേജിയറിസം എന്ന ഗുരുതരമായ അനീതിയില്‍ നിന്ന് അവ മോചിതമാകുന്നില്ല. ഒപ്പുകടലാസിലെന്നോണം ഗ്രന്ഥങ്ങളുടെ ആശയം സംഗ്രഹിച്ചവയായിരുന്നു ആ പഠനങ്ങളെന്നുമോര്‍ക്കുന്നു. ഡോക്ടറല്‍ പ്രബന്ധങ്ങളുടെ കുറേക്കൂടി ഗൗരവമാര്‍ന്ന പ്രശ്‌നം മുന്‍പഠനങ്ങള്‍ക്കായി കൃതികള്‍ സ്വീകരിക്കുന്നതിലെ വീഴ്ചയാണ്. മലയാളത്തിലെഴുതപ്പെട്ട പഠനങ്ങളെ മലയാള ഗവേഷകര്‍ പോലും പരിഗണിക്കാത്ത അവസ്ഥയുണ്ട്. കേരളത്തിലെ സര്‍വകലാശാലകളില്‍ നടക്കുന്ന ഗവേഷണ പഠനങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളിലെ ഗ്രന്ഥപ്പുരകളിലുള്ള മലയാള പുസ്തകങ്ങള്‍ പോലും വായിക്കാതെ പൂര്‍ത്തിയാക്കപ്പെടുന്നതായി ശ്രദ്ധിച്ചിട്ടുണ്ട്. അത്തരം പ്രബന്ധങ്ങള്‍ വായിക്കുമ്പോള്‍ അവ ഉപസംഹാരമായി മുന്നോട്ടുവച്ചിട്ടുള്ള കാര്യങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്നേ നമ്മുടെയൊക്കെ പുസ്തകങ്ങളില്‍ അതിലും വിശദമായി അവതരിപ്പിച്ചതാണല്ലോ എന്നു തോന്നിയിട്ടുണ്ട്. ഗവേഷണപ്രബന്ധങ്ങളുടെ പുസ്തകരൂപങ്ങളെ ചലച്ചിത്രനിരൂപണമായി മുന്നോട്ടുവയ്ക്കുന്ന സാഹചര്യവുമുണ്ട്.

ഒരു നല്ല സിനിമ കാണുമ്പോള്‍, അതിലെ വളരെ നല്ലൊരു നിമിഷമോ ആവിഷ്‌കാരമോ കാണുമ്പോള്‍ കാഴ്ചക്കാരന്‍ എന്ന നിലയ്ക്ക് ചലച്ചിത്രനിരൂപകനുണ്ടാവുന്നൊരു ആത്മഹര്‍ഷമുണ്ട്. അതാണ് നിരൂപകനെന്ന നിലയ്ക്ക് എന്നെ ഏറ്റവും കൂടുതല്‍ ഉത്തേജിപ്പിച്ചിട്ടുള്ള കാര്യം. മറ്റൊന്നുകൂടിയുണ്ട്. അധികം ശ്രദ്ധിക്കപ്പെടാത്തൊരു സിനിമ അതിന്റെ ആദ്യകാഴ്ചകളിലെപ്പോഴെങ്കിലും കാണാന്‍ സാധിക്കുകയും അതിന്റെ മേന്മയെപ്പറ്റി എഴുതുകയും ചെയ്തശേഷം ആ സിനിമയ്ക്ക് ദേശീയ രാജ്യാന്തര പുരസ്‌കാരങ്ങളും ബഹുമതികളും അംഗീകാരങ്ങളും ലഭിക്കുമ്പോള്‍ നിരൂപകനെന്ന നിലയ്ക്ക് ലഭിക്കുന്നൊരു ചാരിതാരത്ഥ്യമുണ്ട്. ഏതൊരു പുരസ്‌കാരത്തേക്കാള്‍ വ്യക്തിപരമായി ഞാന്‍ വിലമതിക്കുന്നത് അതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ്, അന്തരിച്ച ചലച്ചിത്ര പ്രതിഭ ഷാജി എന്‍ കരുണ്‍ പ്രത്യേക സാഹചര്യത്തില്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡയറക്ടറായ സമയത്ത് മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്കുള്ള സിനിമകള്‍ തെരഞ്ഞെടുപ്പുസമിതിയില്‍ ഞാനും എം.എഫ്.തോമസ് സാറും അംഗങ്ങളായിരുന്നു. അന്നു ചില പോരാട്ടങ്ങള്‍ക്കൊടുവില്‍ മത്സരവിഭാഗത്തിലേക്ക് ഞങ്ങള്‍ തെരഞ്ഞെടുത്ത രണ്ടു ചിത്രങ്ങളിലൊന്ന് ജയരാജിന്റെ ഒറ്റാല്‍ ആയിരുന്നു. അതിനെതിരേ പല ഭാഗത്തുനിന്നും വിമര്‍ശനങ്ങളുണ്ടായി. സിനിമയിലെ മാറ്റമറിഞ്ഞിട്ടില്ലാത്ത കുറേ പഴഞ്ചന്മാര്‍ വന്നിരുന്ന് ഓള്‍ഡ് സ്‌കൂള്‍ സിനിമകള്‍ തെരഞ്ഞെടുത്തു എന്നൊക്കെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപങ്ങളമുണ്ടായി. ഡോ ബിജുവും സനല്‍കുമാര്‍ ശശിധരനുമടക്കമുള്ളവരുടെ സിനിമകള്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും മത്സരവിഭാഗത്തില്‍ അവയുള്‍പ്പെടാത്തതില്‍ അവര്‍ക്കും വിഷമമുണ്ടായി. ഒരുവേള ഷാജി സാര്‍ പോലും ഞങ്ങളുടെ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലും കുഴപ്പമുണ്ടായോ എന്നന്വേഷിച്ചു. പ്രേക്ഷകരെന്ന നിലയക്കും നിരൂപകരെന്ന നിലയ്ക്കും അന്നോളം ഞങ്ങളാര്‍ജ്ജിച്ച വിശ്വാസ്യതയാണ് അവിടെ ചോദ്യം ചെയ്യപ്പെട്ടത്. അതിന്റെ സമ്മര്‍ദ്ദം പക്ഷേ മേളയുടെ സമാനപന ചടങ്ങില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ അലിഞ്ഞില്ലാതായി. ഐഎഫ്എഫ്‌കെയുടെ ചരിത്രത്തിലാദ്യമായി മികച്ച സിനിമയ്ക്കും സംവിധായകനുമുള്ള അന്താരാഷ്ട്ര പുരസ്‌കാരം ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്നത് ഒറ്റാലിനായിരുന്നു. രാജ്യാന്തര നിരൂപക സംഘടനയായ ഫിപ്രസിയുടെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം, മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നെറ്റ് വര്‍ക്ക് ഫോര്‍ പ്രമോഷന്‍ ഓഫ് ഏഷ്യന്‍ സിനിമ (നാറ്റ്പാക്ക്) പുരസ്‌കാരം എന്നിവയും അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരവും ഒറ്റാലിനു കിട്ടി. ഏറ്റവും വലിയ സന്തോഷം സംഭവിക്കാനിരിക്കുന്നേയുണ്ടായിരുന്നുള്ളൂ.. ആ വര്‍ഷത്തെ ഓഡിയന്‍സ് പോള്‍ അഥവാ പ്രേക്ഷക പുരസ്‌കാരവും ഒറ്റാല്‍ നേടി. ചലച്ചിത്ര നിരൂപകന്‍ എന്ന നിലയ്ക്ക് അന്നെനിക്കുണ്ടായ ആത്മഹര്‍ഷം അനന്യമായൊരോര്‍മ്മയാണ്. ഇത്തരത്തിലുളള അനുഭവങ്ങള്‍ ഓരോ തവണ ആവര്‍ത്തിക്കുമ്പോഴും നിരൂപകദൗത്യത്തില്‍ ഞാനെന്റെ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചതിന്റെ കൃതാര്‍ത്ഥതയാണ് എനിക്കുണ്ടാവുക.. ചലച്ചിത്രനിരൂപണത്തിന്റെ പ്രസക്തിയെപ്പറ്റി പറയുമ്പോള്‍ ഒരു കാര്യം കൂടി സൂചിപ്പിച്ച് അവസാനിപ്പിക്കാം. ഒരു സിനിമയിലെ ഒരു രംഗമോ, നിമിഷമോ കാണുമ്പോള്‍, സംവിധായകനോ തിരക്കഥാകൃത്തോ സ്വപ്‌നത്തില്‍ പോലും ഉദ്ദേശിച്ചിട്ടില്ലാത്തൊരു വീക്ഷണകോണിലൂടെ അതിനെ കാണുകയും, മറ്റൊരു മാനം അതില്‍ കണ്ടെത്താനാവുകയും ചെയ്യുമ്പോള്‍ ആ നിരൂപണം ചലച്ചിത്രകാരനെ പോലും ഏതെങ്കിലും വിധത്തില്‍ വിസ്മയിപ്പിക്കുമ്പോള്‍ നിരൂപകന്റെ ദൗത്യം ലക്ഷ്യം കാണുന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നു. അത്തരം അനുഭവങ്ങളും നിരൂപണജീവിതത്തില്‍ പലകുറി എനിക്കനുഭവവേദ്യമായിട്ടുണ്ട്. ചുരുക്കത്തില്‍ ചലച്ചിത്ര നിരൂപണമെന്നത്, ചലച്ചിത്രകാരന് പുതിയ വിഹായസുകള്‍, സാധ്യതകള്‍ കാണിച്ചുകൊടുക്കാനുള്ള പരിശ്രമങ്ങളാവണം. അയാള്‍ ആലോചിച്ചിട്ടുകൂടിയില്ലാത്ത മാനങ്ങള്‍ ബോധിപ്പിച്ചുകൊടുക്കുന്നതാവണം. അങ്ങനെവരുമ്പോഴേ ഓരോ ചലച്ചിത്രകാരനും അടുത്ത ചുവട് കൂടുതല്‍ കരുതലോടെയും സൂക്ഷ്മതയോടെയും വയ്ക്കൂ.