Showing posts with label 72nd national film awards. Show all posts
Showing posts with label 72nd national film awards. Show all posts

Wednesday, September 23, 2026

പൂവ് ചോദിച്ചപ്പോള്‍ കിട്ടിയ വസന്തം

 ഗുജറാത്തിലെ ഏകതാ നഗറിൽ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമയ്ക്കു കീഴില്‍ ഇതാദ്യമായി നടന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ് നിശയില്‍ ഇന്ത്യയുടെ പ്രഥമ പൗര രാഷ്ട്രപതി ബഹുമാനപ്പെട്ട ശ്രീമതി ദ്രൗപതി മുര്‍മ്മുവിനൊപ്പം വേദിയില്‍, ദേശീയ ചലച്ചിത്ര രചനാവിഭാഗം ജൂറിയധ്യക്ഷനായി ഇരിക്കാന്‍ സൗഭാഗ്യമുണ്ടായി. മുമ്പ് പലതവണ പറയുകയും എഴുതുകയും ചെയ്തതുപോലെ, ചെറുപ്പത്തില്‍ ശ്രീ വിജയകൃഷ്ണന്‍, ശ്രീ എം എഫ് തോമസ്, പിന്നീട് ഡോ വി രാജകൃഷ്ണന്‍, ശ്രീ ഐ ഷണ്മുഖദാസ് എന്നിവരുടെ സിനിമാഗ്രന്ഥങ്ങള്‍ കണ്ട് അതുപോലെ എഴുതാന്‍ വേണ്ടി വേറിട്ട കണ്ണിലൂടെ സിനിമ കണ്ടു തുടങ്ങിയ ആളാണ് ഞാന്‍. അവരില്‍ ചിലരെങ്കിലും ടാഗൂര്‍ തീയറ്ററില്‍ അക്കാലത്തെ മുഖ്യമന്ത്രിമാരില്‍ നിന്ന് മികച്ച ഗ്രന്ഥത്തിനുള്ള അവാര്‍ഡ് വാങ്ങുന്നതു കണ്ട് ജീവിതത്തിലൊരിക്കലെങ്കിലും ഈ ശില്‍പത്തിലൊന്ന് സ്വന്തമാക്കണമെന്ന് മാനിഫെസ്റ്റ് ചെയ്തിട്ടുണ്ട് ഞാന്‍. കാലം പോകെ, ഈശ്വരാധീനം കൊണ്ട് ഒന്നല്ല മൂന്ന് അവാര്‍ഡ് ശില്‍പങ്ങള്‍ എന്നെ തേടിയെത്തി. മികച്ച ടിവി നിരൂപകനുള്ള രണ്ടു സംസ്ഥാന ശില്‍പങ്ങളും, മൂന്നിലധികം ഫിലിം ക്രിട്ടിക്‌സ് ശില്‍പങ്ങളും. ദേശീയ അവാര്‍ഡ് ചടങ്ങിലിരിക്കെ ആലോചിച്ചത്, പൗല കോയ്‌ലോ എഴുതിയത് എന്നെപ്പറ്റി തന്നെയല്ലേ എന്നാണ്. മോഹന്‍ലാല്‍ പാടുന്നതിനെപ്പറ്റി പറഞ്ഞതുപോലെ ആഗ്രഹം കൊണ്ട് എഴുതിത്തുടങ്ങിയ ആളാണ് ഞാന്‍. പിന്നീട് അതിനു വേണ്ടി വളരെയേറെ കഷ്ടപ്പെട്ടു എന്നത് സത്യം. പക്ഷേ അതു വീമ്പിളക്കാനുള്ള കാര്യമല്ലല്ലോ. ഏതു മേഖലയിലും നിലനില്‍ക്കണമെങ്കില്‍ ചെയ്യേണ്ടതു മാത്രം.

എന്നാല്
‍ ഇപ്പോള്‍ അദ്ഭുതപ്പെടുത്തിയത് രണ്ടു സുന്ദരസംഭവങ്ങളാണ്. ജീവിതത്തില്‍ ഇന്നോളം മികച്ച ഗ്രന്ഥത്തിനോ നിരൂപകനോ ഉള്ള ദേശീയ അവാര്‍ഡ് നേടാത്ത ആളാണ് ഞാന്‍. ചില കമ്മിറ്റികളിലേക്കെങ്കിലും എന്റെ പേരു നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ ദേശീയ അവാര്‍ഡ് കിട്ടാത്തയാള്‍ എന്ന പേരില്‍ അതു നിഷേധിക്കപ്പെട്ടതായി കേട്ടറിവുണ്ട്. പരിഭവം തോന്നിയിട്ടില്ല. കാരണം കാര്യം വസ്തുതയാണല്ലോ. എന്നാല്‍ അതേ അവാര്‍ഡ് നിര്‍ണയിക്കാനുള്ള സമിതിയുടെ അധ്യക്ഷനായി ഞാന്‍ നിയോഗിക്കപ്പെട്ടപ്പോള്‍, എന്തോ കാവ്യനീതിയാണോ ദൈവനീതിയാണോ എന്നു തിരിച്ചറിയാനാവാത്ത ആശയക്കുഴപ്പത്തിലാണ് ഞാന്‍. ഇതാണോ നടന്‍ മോഹന്‍ലാല്‍ എപ്പോഴും പറയാറുള്ള ജീവിതത്തില്‍ സംഭവിക്കുന്ന വിസ്മയം!

അതിലും എന്നെ വിസ്മയിപ്പിച്ചത് അടുത്ത കാലത്തു തന്നെ നടന്ന മറ്റൊരു സംഭവമാണ്. രണ്ടുവര്
‍ഷം മുമ്പ്, പോസ്റ്റ് ട്രൂത്ത് സിനിമ എന്ന എന്റെ പുതിയ ഗ്രന്ഥത്തിന്റെ ആദ്യ അധ്യായം ഒരു പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചു വന്നപ്പോള്‍, മലയാളത്തിലെ ഒരു നോവലിന്റെ പേര് ഓഗസ്റ്റ് 17 എന്നത് 1947 എന്ന് തെറ്റായി രേഖപ്പെടുത്തിയതിന്റെ പേരില്‍ (ആ തെറ്റ് പത്രാധിപര്‍ പോലും തിരുത്തിയില്ലെന്നതും അദ്ദേഹം അതുവായിച്ച് ഓഗസ്റ്റ് 17ന്റെ പുസ്തക കവര്‍ ലേഖനത്തോടൊപ്പം കൊടുത്തതും അദ്ദേഹം തന്നെ നിരാശയോടെ സമ്മതിച്ചതും ഓര്‍ക്കട്ടെ) സൈബറിടങ്ങളില്‍ മലയാളത്തിലെ ഒരു മുന്‍ നിര സാഹിത്യകാരന്‍ എന്നെ ഭിത്തിയില്‍ തേച്ചൊട്ടിച്ചു. ഞാന്‍ അതിനു നിര്‍വ്യാജം മാപ്പെഴുതി. അതിനു താഴെ വന്ന് എനിക്കെതിരേ അശ്രാന്തം ഭര്‍ത്സിച്ചവരില്‍ എനിക്കു നേരിട്ടു പരിചയമില്ലാത്ത, നേരില്‍ കണ്ടു സംസാരിച്ചിട്ടാല്ലാത്ത ഒരു അധ്യാപകശ്രേഷ്ഠന്‍ എന്നെപ്പോലുള്ളവരുടെ കൃതികളാണ് സിനിമ പഠിപ്പിക്കുന്ന കലാലയങ്ങളിലും സര്‍വകലാശാലകളിലും പഠിക്കാന്‍ നിര്‍ദ്ദേശിക്കുന്നതെന്നാരോപിച്ച് വ്യക്തിഹത്യ നടത്തി. നമ്മളറിയാതെ ജീവിതത്തില്‍ ശത്രുക്കളുണ്ടാവുന്നതെങ്ങനെ എന്നു ഞാന്‍ തിരിച്ചറിഞ്ഞ സംഭവം ക്‌ളൈമാക്‌സിലെത്തിയത് അടുത്തിടെ മുന്‍ മാധ്യമപ്രവര്‍ത്തകനും ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടറുമായ സുഹൃത്ത്

ഡോ.എന്
‍.പി.സജീഷ് രാത്രി എനിക്കൊരു മെസേജിട്ടപ്പോഴാണ്. ആദ്യ കാഴ്ചയില്‍ തന്നെ ഏതോ സര്‍ക്കാര്‍ പാഠപുസ്തകത്തിലേത് എന്നു തോന്നിപ്പിക്കുന്ന മൂന്നു പേജുകളുടെ കംപ്യൂട്ടര്‍ സ്‌ക്രീന്‍ ഷോട്ടിനു താഴെ കണ്ടിരുന്നോ എന്നൊരു മെസേജ്! പിറ്റേന്നുണര്‍ന്നപ്പോള്‍ മാത്രം മെസേജ് കണ്ടിട്ട്, ഇല്ല എന്താ സംഭവം എന്നന്വേഷിച്ചപ്പോഴാണ് സംസ്ഥാനത്തെ സ്‌കൂളുകളിലെ പതിനൊന്നാം ക്‌ളാസിലെ മലയാള പാഠപുസ്തകത്തില്‍ 2017ല്‍ ഞാനെഴുതിയ ഹരിത സിനിമയിലെ ഒരു ഭാഗം ഉള്‍പ്പെടുത്തിയ വിവരമറിയുന്നത്. സജീഷ് ഓഫീസിലെത്തി ഓണ്‍ലൈനില്‍ നിന്ന് അതിന്റെ പിഡിഎഫുകള്‍ ഷെയര്‍ ചെയ്തപ്പോഴാണ് എനിക്കത് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാനായത്. ഇതും കാവ്യനീതിയോ ദൈവനീതിയോ?

എന്തായാലും ഞാന്‍ എന്റെ തെറ്റുകളിലും കുറവുകളിലും നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ട് എന്റെ കര്‍മ്മം തുടരുന്നതില്‍ മാത്രമാണ് ശ്രദ്ധ വയ്ക്കാറുള്ളത്. ദേശീയ അവാര്‍ഡ് ജൂറി ചെയര്‍മാനായ വിവരം പറഞ്ഞില്ലല്ലോ എന്നു പല സുഹൃത്തുക്കളും ബന്ധുക്കളും ചോദിച്ചു. അതങ്ങനെ പറഞ്ഞുനടക്കേണ്ട കാര്യമല്ല. പ്രഖ്യാപനം ഉണ്ടാവുംവരെ രഹസ്യമായി വയ്‌ക്കേണ്ടതാണ്. അതു പാലിക്കപ്പെടണമെന്നെനിക്കു നിഷ്ഠയുണ്ടായിരുന്നു. പിന്നീട് അത് ഉയര്‍ത്തിക്കൊണ്ടു നടക്കാത്തത്, ഞാനെന്നും കാലുകള്‍ മണ്ണില്‍ തന്നെ ചവിട്ടി നിന്നിട്ടുള്ള/നില്‍ക്കാനിഷ്ടപ്പെടുന്ന സ്വഭാവക്കാരനായതുകൊണ്ടാണ്. പദവികളും ബഹുമതികളും വരും പോകും, വന്നില്ലന്നിരിക്കും. പക്ഷേ നമ്മുടെ ബന്ധങ്ങള്‍, അതെന്നും സ്‌നേഹത്തോടെയും ഊഷ്മളമായും നിലനിര്‍ത്തണം. അതില്‍ മാത്രമാണ് ഞാന്‍ വിശ്വസിക്കുന്നത്.

ജീവിതത്തില്‍ ഒരിക്കലെങ്കിലും രാഷ്ട്രപതിയോടൊപ്പം വേദി പങ്കിടുമെന്നു സ്വപ്‌നം കണ്ടയാളല്ല ഞാന്‍ ;കേന്ദ്രമന്ത്രിയോ ഒരു സംസ്ഥാന ഗവണറോ രാഷ്ട്രപതി പങ്കെടുത്ത വേദിയിൽ എൻ്റെ പേരെടുത്തു പരാമർശിക്കുമെന്നും.ഇന്നിപ്പോള്‍ അതു സാര്‍ത്ഥകമായപ്പോള്‍ ഇത്രയും കുറിക്കണമെന്നു തോന്നി.