Wednesday, September 23, 2026

കൃഷ്ണമൂര്‍ത്തിസാറിനെ ഓര്‍ക്കുമ്പോള്‍

എന്നെ ഒരു ചലച്ചിത്രാസ്വാദകനും എഴുത്തുകാരനുമാക്കുന്നതില്‍ സൂര്യകൃഷ്ണമൂര്‍ത്തിസാറിന് വലിയൊരു പങ്കുണ്ട്. സിനിമയെന്നാല്‍ തീയറ്ററുകളിലിറങ്ങുന്ന പ്രേംനസീറിന്റെയും ജയന്റെയും രജനീകാന്തിന്റെയും കമല്‍ഹാസന്റെയും അമിതാഭ്ബച്ചന്റെയും രാജേഷ്ഖന്നയുടെയും സിനിമകള്‍ എന്ന ധാരണയുണ്ടായിരുന്ന ബാല്യത്തില്‍ നിന്ന് കൗമാരത്തിലേക്കു കടക്കുമ്പോഴാണ് തിരുവനന്തപുരത്ത് സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റി ഉറവിടുന്നത്. ടാസ് മാസ് സരസ് തുടങ്ങി മുമ്പ് പല സൊസൈറ്റികളിലും അംഗമായിരുന്ന അനുഭവത്തില്‍ അച്ഛനുമമ്മയുമൊന്നും ആദ്യം സൂര്യയുടെ അംഗത്വമെടുത്തില്ല. എന്നാല്‍ നാലഞ്ചുവര്‍ഷം തുടര്‍ച്ചയായി ഒക്ടോബറില്‍ സെനറ്റ് ഹാളില്‍ വച്ചു നടത്തിപ്പോന്ന സൂര്യ ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവലും ടാഗൂര്‍ തീയറ്ററില്‍ മിക്കദിവസങ്ങളിലും കൃത്യമായി നടന്നുപോന്ന സിനിമാപ്രദര്‍ശനവും കൊണ്ട് സ്റ്റാറ്റസ് സിംബല്‍ തന്നെയായിത്തീര്‍ന്ന സൂര്യയുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടരായ അച്ഛനുമമ്മയും അവര്‍ക്ക് നേരിട്ടു പരിചയമുണ്ടായിരുന്ന നടരാജന്‍സാറിന്റെ മകന്‍ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘടനയില്‍ അംഗത്വം നേടുകയായിരുന്നു. ടാഗൂറിന്റെ മുന്‍ നിരയില്‍ വൈറ്റ് എന്നും പിന്‍നിരയില്‍ ബ്രൗണ്‍ എന്നു വേര്‍തിരിച്ച രണ്ടുപേര്‍ക്ക് പ്രവേശനമുള്ള പാസായിരുന്നു സൂര്യയുടേത്. വിഖ്യാതമായ ഗ്രീക്ക് ചിഹ്നത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് രാവും പകലും ധ്വനിക്കിപ്പിക്കുന്ന ജ്വലിക്കുന്ന സൂര്യനായിരുന്നു സൂര്യയുടെ ചിഹ്നം. ദിവസവും 6.45 എന്നൊരു സമയമുണ്ടെങ്കില്‍, ആരു വന്നാലും ഇല്ലെങ്കിലും ടാഗൂറിലെ മൈക്കില്‍ ഗുഡീവനിങ് ലേഡീസ് ആന്‍ഡ് ജന്റില്‍മെന്‍ എന്ന സംബോധനയോടെ അന്നത്തെ പ്രദര്‍ശനമാരംഭിക്കും. വേണുനാഗവള്ളിയുടേതിനു സമാനമായ ആ ശബ്ദത്തിനുടമ, സൂര്യയുടെ ജീവാത്മാവും പരമാത്മാവുമായ കൃഷ്ണമൂര്‍ത്തിയാവട്ടെ ഒരിക്കലും വേദിയില്‍ പ്രത്യക്ഷനായതുമില്ല. സംഘാടനത്തെപ്പറ്റി പല അടിസ്ഥാന പാഠങ്ങളും കൃഷ്ണമൂര്‍ത്തി സാറില്‍ നിന്നറിയാന്‍ സാധിച്ചിട്ടുണ്ട്. പിന്നീട് തിരുവനന്തപുരത്ത് സ്റ്റാലിയന്‍സ് ഇന്റര്‍നാഷനല്‍ എന്ന യുവജനസേവന സംഘടനയുടെ സംഘാടകനായപ്പോഴും ഔദ്യോഗികജീവിതത്തില്‍ പല സ്ഥാപനങ്ങളിലും പലചടങ്ങുകളും നടത്തേണ്ടിവന്നപ്പോഴും ഇപ്പോഴും അത്തരം സംഘാടനങ്ങളില്‍ ഭാഗഭാക്കാവുമ്പോഴും ആ പാഠങ്ങള്‍ ഞാന്‍ പാലിക്കാറുണ്ട്. ചടങ്ങുനടക്കുമ്പോള്‍ സ്‌റ്റേജിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാതിരിക്കുക എന്നതാണ് അതില്‍ പ്രധാനം. ചടങ്ങുകള്‍ കാലേകൂട്ടി തീരുമാനിക്കുക. വേണമെങ്കില്‍ റിഹേഴ്‌സ് ചെയ്യുക. സമയക്‌ളിപ്തത പാലിക്കുക. വേദിയേക്കാള്‍ അതിന് പിന്നിലെ മാനേജ്‌മെന്റ് കാര്യക്ഷമമാക്കുക. ഇതെല്ലാം സ്റ്റാലിയന്‍സിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിനടക്കം ഞങ്ങള്‍ കുറേ കൗമാരക്കാരുടെ ക്ഷണം സ്വീകരിച്ചെത്തിയ അദ്ദേഹം പങ്കുവച്ചുതന്ന ഉള്‍ക്കാഴ്ചകളാണ്, അദ്ദേഹം സംഘടിപ്പിച്ച ചടങ്ങുകള്‍ കണ്ടുണ്ടായതുമാണ്.ആ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുത്ത് അദ്ദേഹം നിര്‍ദ്ദേശിച്ച ഒരു കാര്യം കൊണ്ട് അദ്ദേഹത്തിന്റെ വീക്ഷണവ്യത്യാസം വ്യക്തമാക്കാം. മെഴുകുതിരി തെളിയിച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന പാശ്ചാത്യ ശൈലിയായിരുന്നു ഞങ്ങള്‍ ആസൂത്രണം ചെയ്തത്. അന്നാ ചടങ്ങിന് അതിഥിയായി അദ്ദേഹത്തെ യാണ് ഞങ്ങള്‍ ക്ഷണിച്ചത്. എന്നാല്‍ തനിക്കു പകരം എം.ജി രാധാകൃഷ്ണന്‍ എന്ന സംഗീതജ്ഞനെ വിളിച്ചേര്‍പ്പാടാക്കിയ മൂര്‍ത്തിസാര്‍ സദസ്യരിലൊരാളായി പങ്കെടുത്തു. അതിനുശേഷം ഒരു നിര്‍ദ്ദേശം വച്ചു. മെഴുകുതിരിക്കു പകരം വിളക്കില്‍ തിരിതെളിയിച്ചിട്ടായിരുന്നെങ്കില്‍ കേരളീയമായേനെ!. അതെനിക്കൊരു പുതിയ ഉള്‍ക്കാഴചയായിരുന്നു. സ്റ്റാലിയന്‍സ് അക്കാലത്ത് പനവിളജംക്ഷനില്‍ എന്റെ വീടിനോട് ചേര്‍ന്ന് അപ്പച്ചയുടെ പറമ്പില്‍ അഞ്ചുദിവസത്തെ വീഡിയോ ചലച്ചിത്രമേള സംഘടിപ്പിച്ചു. ആദ്യമായിട്ടായിരുന്നു അന്നങ്ങനെയൊരു പരിപാടി. അതില്‍ കൗതുകം കൂറി അതു കാണാന്‍ മൂര്‍ത്തിസാര്‍ നേരിട്ടു വന്നതും ഇന്നലെയെന്നോണം ഓര്‍മ്മയിലുണ്ട്‌,

എന്നെ സംബന്ധിച്ച് ലോകപ്രശസ്തരായ ചലച്ചിത്രകാരന്മാരെയും കലാകാരന്മാരെയും വളരെ ചെറുപ്പത്തില്‍ തന്നെ നേരില്‍ കാണാനും അവര്‍ സംസാരിക്കുന്നത് നേരില്‍കേള്‍ക്കാനും അവരുടെ പ്രകടനങ്ങള്‍ ആസ്വദിക്കാനും സാധിച്ചത് സൂര്യ ഉള്ളതുകൊണ്ടുമാത്രമാണ്. പില്‍ക്കാലത്ത് പലപ്പോഴും കേളൂചരന്‍ മഹാപാത്രയെന്നോ എം.എസ്.സുബ്ബലക്ഷ്മിയെന്നോ ബിര്‍ജു മഹാരാജെന്നോ അല്ലാ രാഖയെന്നോ ഭീംസെന്‍ ജോഷിയെന്നോ ഡോ. ബാലമുരളി കൃഷ്ണയെന്നോ ജഗതിത് സിങ്ങെന്നോ അനൂപ് ജലോട്ടയെന്നോ പങ്കജ് ഉദ്ദാസെന്നോ, അംജത് അലിഖാനെന്നോ, പണ്ഡിറ്റ് ജസ്രാജ് എന്നോ യാമിനി കൃഷ്ണമൂര്‍ത്തിയെന്നോ പദ്മ സുബ്രഹ്‌മണ്യമെന്നോ സോനാല്‍ മാന്‍ സിങ്ങെേേന്നാ പ്രോതിമ ബേദിയെന്നോ ഒക്കെ കേള്‍ക്കുമ്പോള്‍ ഓ നമ്മുടെ മറ്റേ പുളളി എന്ന മട്ടില്‍ സ്വന്തമെന്ന നിലയ്ക്ക് അവരെ പറ്റി തോന്നിക്കുംവിധം അവരുടെയൊക്കെ പ്രകടനങ്ങള്‍ വര്‍ഷങ്ങളോളം കണ്ടിട്ടുള്ള പരിചയം സിദ്ധിച്ചത് സൂര്യയിലൂടെയാണ്. ജുഗല്‍ബന്ധി എന്നാദ്യം കേള്‍ക്കുന്നതും സൂര്യയിലൂടെയാണ്. ഭീംസെന്‍ ജോഷിയും ഡോ ബാലമുരളികൃഷ്ണയും ചേര്‍ന്നുള്ള ജുഗല്‍ബന്ധി മറക്കാനാവുന്നതല്ല. ജീവിതത്തിലാദ്യമായി നസീറുദ്ദീന്‍ ഷായെയും ഓം പുരിയേയും, സ്മിത പാട്ടിലിനെയും ശബാന ആസ്മിയേയും, ശ്യാം ബനഗലിനേയും, മൃണാള്‍ സെന്നിനെയും, ഗോവിന്ദ് നിഹ്ലാനിയേയും, ഗൗതം ഘോഷിനെയും, സെയ്ദ് മിര്‍സയേയും ഒക്കെ കാണുന്നതും സംസാരം കേള്‍ക്കുന്നതും സൂര്യവേദിയിലാണ്. അന്നൊക്കെ ടാഗൂറില്‍ സിനിമ കഴിഞ്ഞ് ടാഗൂറിന്റെ പ്രവേശനദ്വാരത്തില്‍ വച്ച് അവരുമായി താല്‍പര്യമുള്ളവര്‍ക്കു സംസാരിക്കാനവസരമുണ്ടായിരുന്നു. മൈക്കൊന്നും വച്ചല്ല. ചുറ്റും കൂടി നിന്ന് വളരെ കാഷ്വലായ സംസാരിക്കാനുള്ള അവസരം. അതൊക്കെ അക്കാലത്ത് നല്ല സിനിമയിലേക്ക് എനിക്കു തന്ന ലൈവ് ഡെമോണ്‍സ്‌ട്രേഷന്‍ ക്‌ളാസുകള്‍ തന്നെയായിരുന്നു.
ഇന്നിപ്പോള്‍ നിരനിരയായി യൂണിഫോമിട്ട് ഗായകകലാസംഘങ്ങള്‍ ഭജനയും ശാസ്ത്രീയസംഗീതവും കൂട്ടിക്കുഴച്ച് പാടുന്നത് വലിയ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ടല്ലോ. ഒരു തരം നാടന്‍ സിംഫണി. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരുപറ്റം വീണ, ഒരു പറ്റം മൃദംഗം, ഒരു സംഘം വയലിനുകള്‍ ഒരു സംഘം വായ്പ്പാട്ടുകാര്‍, ഒരു സംഘം ഗഞ്ചിറകള്‍ എ്ന്നിങ്ങനെ കലാകാരന്മാരുടെ വന്‍ സംഘത്തെ അണിനിരത്തി ക്‌ളാസിക്കല്‍ നൃത്തത്തിന് അകമ്പടി സേവിച്ചുകൊണ്ട് നിശാഗന്ധി പോലുള്ള വേദികളില്‍ വന്‍ പരിപാടികള്‍ സംഘിടപ്പിച്ചത് ആദ്യമായി കൃഷ്ണമൂര്‍ത്തിസാറാണ്.
സൂര്യയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്ന ലഘുലേഖകളും എന്നിലെ പത്രപ്രവര്‍ത്തകനെ ഏറെ ആകര്‍ഷിച്ചവയാണ്. റിഫ്‌ളകഷന്‍സ് തുടങ്ങിയ പേരുകളിട്ട് വിദേശ സ്വദേശ മലയാളം സിനിമകളെ വിഭജിച്ചിരുന്ന സൂര്യ അവയോരോന്നിനും അക്ഷരങ്ങളുടെ തെരഞ്ഞെടുപ്പില്‍തുടങ്ങി ഒരു ക്യാരക്ടര്‍ നല്‍കാന്‍ ശ്രദ്ധിച്ചിരുന്നു. ചടങ്ങിനെത്തുന്നവ വിശിഷ്ടാതിഥികള്‍ക്കു നല്‍കുന്ന ഉപഹാരങ്ങളില്‍ പോലും നിലവിളക്ക് നല്‍കിക്കൊണ്ട് കേരളീയമായൊരു കൈമുദ്ര കൊണ്ടുവരാന്‍ കൃഷ്ണമൂര്‍ത്തിസാര്‍ ശ്രദ്ധിച്ചു. എന്റെ പില്‍ക്കാല എഴുത്തുജീവിതത്തില്‍ പലപ്പോഴും അദ്ദേഹം പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. ഇനിയും ഇതുപോലൊരു സംഘാടകന്‍ ഉണ്ടാവുമോ എന്നെനിക്ക് സംശയമുണ്ട്. Art connoisseur എന്ന ഇംഗ്ലീഷ് വാക്കിന്റെ മലയാളമായിട്ടാണ് ഞാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിയെന്ന മഹാപ്രസ്ഥാനത്തെ കാണുന്നത്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി.

No comments: