എം.ബി.സന്തോഷ്
'സത്യ'ത്തിന് ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയുടെ 'ശബ്ദതാരാവലി ' നൽകിയിട്ടുള്ള അർത്ഥം 'പരമാർത്ഥം'(സജ്ജനങ്ങളിൽ സാധുവായിട്ടുള്ളത്) എന്നാണ്.പരമാർത്ഥത്തിനുള്ള അർത്ഥം നോക്കിയപ്പോൾ 'സത്യം' എന്നുണ്ട്,ഒപ്പം 'നേര്'എന്ന വാക്കും.ഇപ്പോഴത്തെ സത്യവും ഈ പേരിൽ പ്രചരിപ്പിക്കപ്പെടുന്ന നേരും തമ്മിലുള്ള അർത്ഥമാലോചിക്കുമ്പോൾ ഒരുപാട് ചിന്തിക്കേണ്ടിവരുന്ന അവസ്ഥ.'സത്യം ചെരിപ്പിടാനൊരുങ്ങുമ്പോൾ നുണ ഭൂമി ചുറ്റി സഞ്ചരിച്ചിട്ടുണ്ടാവും' എന്ന വാചകം കേട്ടുകേട്ട് പഴകിയതാണെങ്കിലും ഓരോ ദിവസവും കൂടുതൽ കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കുകയാണെ ന്ന പരമാർത്ഥം കാണാതിരിക്കാനാവില്ല.
സത്യം പറയാതിരിക്കൽ മന:പൂർവമാവാം.വ്യക്തമായ ഉദ്ദേശ്യത്തോടെയാവാം.'മഹാഭാരത' ത്തിലെ 'അശ്വാത്ഥാമാ ഹത കുഞ്ജര'പോലെ അർദ്ധസത്യ പ്രയോഗങ്ങളുണ്ടാവാം.പൂർണമായും പറഞ്ഞത് നുണയാകാമെങ്കിലും അത് അജ്ഞതയിൽനിന്ന് സംഭവിക്കുന്നതും ആയിക്കൂടെന്നില്ല.ഇത്തരം ചിന്തകളിലേക്ക് എത്തിച്ചത് എ.ചന്ദ്രശേഖറിൻ്റെ 'പോസ്റ്റ് ട്രൂത്ത് സിനിമ'എന്ന പുസ്തകമാണ്.കാനിൽ ഓണററി പാം ഡി ഓർ ലഭിച്ച ലോകപ്രസിദ്ധനായ ജോർജ് ലൂക്കോസിനെ ഒരു പ്രമുഖ മലയാളം പത്രത്തിൽ 'നടൻ' എന്നാണ് വിശേഷിപ്പിച്ചത്.ഹോളിവുഡിലെ 'സ്റ്റാർ ഡയറക്ടർ ' എന്ന പ്രയോഗത്തെ സിനിമയെപ്പറ്റി ഒരു ധാരണയുമില്ലാത്ത പത്രലേഖകൻ 'നടൻ' എന്ന് വിവർത്തനം ചെയ്യുകയായിരുന്നുവെന്ന് ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു.അജ്ഞതയും ഇക്കാലത്ത് ഇത്തരം അബദ്ധങ്ങളിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നത് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, വക്രീകരിച്ച തമാശകളും തമാശയ്ക്കായി സൃഷ്ടിക്കപ്പെടുന്ന ചില കഥകളും പ്രാങ്കുകളുമെല്ലാം ഇതിൻ്റെ പരിധിയിൽ വരുമെന്ന് എഴുത്തുകാരൻ സ്ഥാപിക്കുന്നു.
സത്യാനന്തരകാലത്തെ സാഹിത്യത്തിൽ ചരിത്രത്തിനൊപ്പം നടന്ന സമാന്തരചരിത്രം അഥവാ ചരിത്രത്തെ ചരിത്രമാക്കുന്ന ചരിത്രഘടകം കൂടി സാഹിത്യം പുനരാഖ്യാനം ചെയ്തുവെന്ന് ചന്ദ്രശേഖർ ഉദാഹരണസഹിതം വിശദീകരിച്ചിട്ടുണ്ട്.ഗൂഗിൾകാ ലത്തെ ചതിയൻ ചന്തു തെറ്റിദ്ധരിക്കപ്പെട്ട നന്മമരമായി രൂപം പ്രാപിക്കുന്നതിനെപ്പറ്റി വസ്തുതകളുടെ വെളിച്ചത്തിൽ ഗ്രന്ഥകാരൻ പറയുമ്പോൾ ഞെട്ടലോടെയേ വായിക്കാനാവൂ.'മോഹൻലാലിൻ്റെ അനുമതികൂടാതെ അദ്ദേഹത്തിൻ്റെ ശബ്ദത്തിൽ ഒരുല്പന്നം അടിച്ചേൽപിക്കുന്ന പരസ്യവും മമ്മൂട്ടി മനസാ വാചാ കർമണാ അറിയാതെ ഒരുപിരിവിനായി വന്നപേക്ഷിക്കുന്ന വീഡിയോയും പ്രചരിച്ചുതുടങ്ങിയാൽ, അത് തട്ടിപ്പാണെന്ന് ഫാക്ട് ചെക്കേഴ്സ് അഥവാ വസ്തുതാപരിശോധകർ തിരിച്ചറിഞ്ഞ് പരസ്യപ്പെടുത്തുകയും പ്രചരിപ്പിക്കപ്പെട്ട് ആളുകളുടെയടുക്കൽ എത്തുകയും ചെയ്യുന്നതിനിടെ തന്നെ നഷ്ടപ്പെടാനുള്ളത് അവർക്കു നഷ്ടപ്പെട്ടു കഴിഞ്ഞിട്ടുണ്ടാവും,സംഭവിക്കാനു ള്ളത് സംഭവിക്കും'-ഭയാനകമായ ഈ മുന്നറിയിപ്പ് നേരിട്ടുകൊണ്ടേ ഇനിയത്തെ കാലത്ത് നമുക്ക് മുന്നോട്ടുപോകാനാവൂ.
'കേരള സ്റ്റോറി 'യുടെ പുതിയ സിനിമ പുറത്തിറങ്ങി മലയാളികൾ തീരെ കാണാതെ പെട്ടിമടക്കിയ അനുഭവത്തിൽനിന്ന് ഒട്ടും അകലെയായിരുന്നില്ല അതിൻ്റെ ആദ്യസിനിമയും.അതുൾപ്പെടെ ജാതിയും മതവും പ്രമേയമായ സിനിമകളിലെ പാതിവെന്ത സത്യങ്ങളുടെ ഘോഷയാത്രകളെപ്പറ്റി 'പാതിവെന്തസത്യം ' എന്ന അധ്യായം വായിക്കുമ്പോഴാണ് ഇത്രയൊക്കെ നമ്മുടെ കൊച്ചുകേരളത്തിലും സംഭവിച്ചുവല്ലോ എന്ന ടോർച്ചുവെട്ടം മുഖത്തേയ്ക്ക് പതിക്കുന്നത്.പോസ്റ്റ് ട്രൂത്ത് അഥവാ സത്യാനന്തര പ്രതിഭാസങ്ങളിലൊന്നായ ഡാർക്ക് മോഡിൽ അവതരിപ്പിക്കപ്പെട്ട മലയാള ചിത്രങ്ങളുടെ എണ്ണം അതിശയിപ്പിച്ചു.അമിതഹിംസയുടെയും തുറന്ന സെക്സിൻ്റെയും മദ്യമയക്കുമരുന്നു ലഹരിയുടെയും ഏതുവിധവും പണമുണ്ടാക്കേണ്ടുന്നതുമായ ജീവിതസന്ധികളെയുമാണ് ഡാർക്ക് മോഡ് എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നതെന്നും മനസ്സിലാക്കേണ്ടതുണ്ട്.പോസ്റ്റ് ട്രൂത്ത് കാലത്തെ ഡാർക്ക് മോഡ് മിസോജനിക് സിനിമകളിൽ പെണ്ണിന് കാര്യമായ പ്രാധാന്യമൊന്നുമില്ലെന്ന വാസ്തവം ചൂണ്ടിക്കാട്ടുന്ന എഴുത്തുകാരൻ സമീപകാലത്തെ ഏറ്റവും വലിയ വിപണിവിജയം ഉൾപ്പെടെ നേടിയ അരഡസൻ സിനിമകളിൽ നായികയേയില്ലെന്നും ഓർമപ്പെടുത്തുന്നു.
മയക്കുമരുന്നുപയോഗം ശിക്ഷാർഹമാണ് എന്ന സ്ക്രീൻ ഗ്രാഫിക്സിനെ തൃണവൽക്കരിച്ചും അത്തരമൊരു ആരവം ഈ ഗണത്തിൽപെടുന്ന ചിത്രങ്ങളിൽ ഇവ ഉപയോഗിക്കുമ്പോൾ പ്രദർശനശാലകളിൽ ഉണ്ടാവുമ്പോൾ അതിനുപിന്നിലെ സാമൂഹിക ചുവരെഴുത്ത്,മനശ്ശാസ്ത്ര വിശകലനം ചെയ്യപ്പെടേണ്ടതുണ്ട് എന്ന് ഗ്രന്ഥകാരൻ നിർദേശിക്കുമ്പോൾ അത് വർത്തമാനകാല കേരളത്തിനെ ഭീതിയിലാക്കുന്ന യാഥാർത്ഥ്യമാണ്. ആ ആരവം മുഴക്കുന്ന ഏതാണ്ടെല്ലാവരും തന്നെ ഇരുപതുകളും അതിനു താഴെയും പ്രായമുള്ളവരാണെന്ന സത്യം നമ്മെ ആകുലപ്പെടുത്തേണ്ടതല്ലേ?
' യാത്ര,ഭക്ഷണം എന്നിവയാണ് പോസ്റ്റ് ട്രൂത്ത് കാലത്ത് സാമൂഹികമാധ്യമങ്ങളെ പൊതുവേ സ്വാധീനിച്ച രണ്ട് ഉള്ളടക്കങ്ങൾ.ഉറപ്പുള്ള വിപണിയാണ് രണ്ടിൻ്റേയും ' പോലുള്ള ശ്രദ്ധേയമായ നിരീക്ഷണങ്ങൾ ഈ കൃതിയുടെ സവിശേഷതയാണ്.വാർത്താമാധ്യമങ്ങളെ സാമൂഹികമാധ്യമങ്ങളും വെബ് മീഡിയയും അട്ടിമറിക്കുന്നത് ദിവസേന കാണുന്ന സാഹചര്യത്തിൽ വാർത്താ തമസ്കരണം പോയിട്ട് പക്ഷം പിടിക്കൽപോലും എളുപ്പമല്ലാതായി.സിനിമയ്ക്കും അതിൻ്റെ സ്വാധീനത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാവുന്നില്ല.നെറ് റിസൺ സമൂഹത്തിൻ്റെ സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും സിനിമയെപ്പറ്റിയുള്ള സ്വതന്ത്ര നിരൂപണ/വിമർശനങ്ങൾ തൽക്ഷണനിഗ്രഹ ശക്തിയാർജിച്ചിട്ടുണ്ട് എന്ന് ചന്ദ്രശേഖർ വ്യക്തമാക്കുന്നത് പുതിയ അവസരവും വെല്ലുവിളിയുമാണ്.
അതിക്രൂര വയലൻസും സെക്സും അടക്കം എല്ലാം തുറന്നുകാണിക്കുന്നതിൽ സിനിമ ആത്മനിയന്ത്രണം പാലിക്കേണ്ടതല്ലേ എന്നു ചോദിക്കുന്ന ഗ്രന്ഥകാരൻ ഇത് അവനവൻ്റെ സാമൂഹികവും സാംസ്കാരികവുമായ ഉൾക്കാഴ്ചയിൽനിന്ന് ഉരുത്തിരിയേണ്ടതാണെന്ന് വ്യക്തമാക്കുന്നുമുണ്ട്.വർത്തമാ നകാല സിനിമയെ സംബന്ധിച്ചിടത്തോളം ഗൌരവമാർന്ന പാഠപുസ്തകംതന്നെയാണ് ' പോസ്റ്റ് ട്രൂത്ത് സിനിമ' എന്ന ഈ ഗ്രന്ഥം.
***
No comments:
Post a Comment