Chalachitra Sameeksha July, August 2025 issues
കെ.കുഞ്ഞികൃഷ്ണന്‍/എ.ചന്ദ്രശേഖര്‍
കണ്ണൂര്‍ പയ്യന്നൂരിനടുത്തു പെരളത്തെ കാനയില്‍ ലക്ഷ്മിയമ്മയുടെയും പനയന്തട്ട രാമന്‍ നമ്പ്യാരുടെയും മകനായി കുഞ്ഞികൃഷ്ണന്‍ ജനിക്കുമ്പോള്‍ ഇന്ത്യയില്‍ ടെലിവിഷന്‍ സംപ്രേഷണമാരംഭിച്ചിട്ടില്ല. മലയാളി അങ്ങനൊരു പേര് കേട്ടിട്ടുമില്ല. പക്ഷേ, വര്‍ഷങ്ങള്‍ കഴിഞ്ഞ് കുഞ്ഞികൃഷ്ണന്‍ കേരളത്തിന്റെ് ടെലിവിഷന്‍ സംപ്രേഷണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ നിയുക്തനായി. ഇന്ത്യയുടെ ഔദ്യോഗിക ടെലിവിഷനായ ദൂര്‍ദര്‍ശന്റെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്ന പ്രധാനപദവിവരെയെത്തുകയും ചെയ്തു. നിരവധി എപ്പിസോഡുകളുള്ളൊരു ടിവിപരമ്പരപോലെയാണാ കഥ. കുഞ്ഞികൃഷ്ണന് മലയാളം ടെലിവിഷന് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുമ്പോള്‍ ആ പുരസ്‌കാരത്തിന്റെ വിശ്വാസ്യതയ്ക്കാണ് ആക്കം കൂടുന്നത്. കാരണം, 27 വയസു മുതല്‍ ദൂര്‍ദര്‍ശന്റെ ഭാഗമാവുകയും മലയാളിയുടെ ടിവി സംസ്‌കാരത്തിനു തന്നെ രൂപവും ഭാവവും നല്‍കുകയും ചെയ്ത അദ്ദേഹത്തിന് 78ാം വയസിലും ടെലിവിഷന്‍ പാഷനാണ്, ആവേശമാണ്. ഉത്തരകേരളത്തിലെ ഒരു കുഗ്രാമത്തില്‍ നിന്ന് ദേശീയ ടെലിവിഷന്റെ ഉന്നതങ്ങളില്‍ വരെ ഉയര്‍ന്ന കെ.കുഞ്ഞികൃഷ്ണന്‍ ജീവിതം പറയുകയാണിവിടെ, ഇന്ത്യന്‍ ടെലിവിഷനു സമാന്തരമായി അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പൂക്കളും മുള്ളുകളുമടങ്ങിയ ജീവിതം.
കുടുംബത്തില്‍ നിന്നു തന്നെ തുടങ്ങാം. എങ്ങനെയായിരുന്നു ബാല്യം?
ഞാന്‍ ഒറ്റമകനായിരുന്നു. അമ്മാവന്മാരായിരുന്നു കാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നെ വളര്‍ത്തി വലുതാക്കുന്നതിന് അമ്മ ഏറെ ത്യാഗം സഹിച്ചു. അമ്മയുമായി അത്രയേറെ അടുപ്പമായിരുന്നു ഞാന്‍. കൗമാരത്തിലും, എസ് എസ് എല്‍ സി പാസാവും വരെ ഞാന്‍ അമ്മയ്‌ക്കൊപ്പമാണ് ഉറങ്ങിയിരുന്നത്. എനിക്കുവേണ്ടിയാണ് അമ്മ മറ്റൊരു വിവാഹത്തിനുള്ള അമ്മാവന്മാരുടെയും മറ്റും നിര്‍ബന്ധം പോലും അവഗണിച്ചത്. കുറച്ചു ഭൂമിയും അതില്‍ കുറച്ചു കൃഷിയമൊക്കെയായിരുന്നു വരുമാനം. അതില്‍ കഷ്ടിച്ചൊക്കെയങ്ങു ജീവിച്ചു. അമ്മാവന്മാരില്‍ ഒരാള്‍ക്കേ കൂടുതല്‍ പഠിക്കാന്‍ സാധിച്ചുള്ളൂ.ഒരാള്‍ പട്ടാളത്തിലായിരുന്നു. ടീച്ചേഴ്‌സ് ട്രെയിനിങ് കഴിഞ്ഞ ഇളയമ്മാവനാണ് പഠിക്കാനായത്. അദ്ദേഹമാണ് എന്നെ പുസ്തകങ്ങളിലേക്കും അക്ഷരങ്ങളിലേക്കും വഴിനടത്തിയത്. പഠിക്കാന്‍ വേണ്ടി എന്തും ചെയ്തുതരുമായിരുന്നു. മൂന്നാം ക്‌ളാസില്‍ പഠിക്കുമ്പോഴേ ഞാന്‍ ഇംഗ്‌ളീഷിലെ അക്കാലത്തെ നാല് അക്ഷരമാലകളും ഹൃദിസ്ഥമാക്കി. ധാരാളം പുസ്തകങ്ങള്‍ വായിപ്പിക്കുമായിരുന്നു. നാട്ടിലെയും സ്‌കൂളിലെയും ലൈബ്രറികളിലെല്ലാമുള്ള പുസ്തകങ്ങള്‍ ഞാന്‍ നിരന്തരം വായിച്ചുകൂട്ടി. എം.പി.പോളിന്റെ നിരൂപണങ്ങള്‍, പ്രേംചന്ദിന്റെ കൃതികളുടെ വിവര്‍ത്തനങ്ങള്‍ അങ്ങനെ ഞങ്ങളുടെ ഗ്രന്ഥശാലയിലുണ്ടായിരുന്ന പുസ്തകങ്ങളില്‍ മിക്കതും അന്നത്തെ ഹയര്‍ എലിമെന്ററി സ്‌കൂള്‍, ഇന്നത്തെ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വായിച്ചിട്ടുണ്ടായിരുന്നു. ലൈബ്രറിയുടെ ചുമതലക്കാരനായ അധ്യാപകനും എന്റെ വായനയെ സ്വാധീനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അന്ന് ലൈബ്രറിയില്‍ നിന്ന് ഒരു സമയം 3 പുസ്തകമേ എടുക്കാനാവൂ. ഞാനാവട്ടെ രാത്രിമുഴുവനൊക്കെ കുത്തിയിരുന്നു വായിക്കും. ഇതറിയാമായിരുന്ന ലൈബ്രേറിയന്‍ എനിക്ക് ആവശ്യമുള്ളത്ര പുസ്തകങ്ങള്‍ നിരന്തരം തന്നു പിന്തുണച്ചു. ചെറിയ വീടായിരുന്നു. ചെറിയൊരു കരിവിളക്കിന്റെ വെളിച്ചത്തിലാണിരുന്നു വായിക്കുക.. വിളക്കില്‍ നിന്നു നിരന്തരം പുകയേറ്റ് ശ്വാസം മുട്ടൊക്കെ അടിക്കടിയുണ്ടാവുമായിരുന്നു.
സ്‌കൂളില്‍ ചേരാനുള്ള പ്രായത്തിനും ഒരു വര്‍ഷം മുമ്പേ തന്നെ എന്നെ സ്‌കൂളില്‍ ചേര്‍ത്തു. ക്‌ളാസില്‍ ഞാനായിരുന്നു ഏറ്റവും ചെറിയ കുട്ടി. ഹൈസ്‌കൂളായപ്പോള്‍ കരിവെള്ളൂരിലെ സ്‌കൂളിലാണ് ചേര്‍ത്തത്. മൂന്നു നാഴിക അതായത് അഞ്ചു കിലോമീറ്റര്‍ നടന്നുവേണമായിരുന്നു സ്‌കൂളില്‍ പോകാന്‍. എന്നാലും സ്‌കൂളില്‍ പോകാന്‍ എനിക്കു വലിയ ഇഷ്ടമായിരുന്നു. വല്ലാതെ ബുദ്ധിമുട്ടിയാണ് സ്‌കൂളില്‍ പോയിരുന്നത്. ഇന്നത്തെ പോലൊന്നുമല്ല. നെഞ്ചോളം വെള്ളമുള്ള പുഴയും പാടവുമൊക്കെ കടന്നുവേണം പോകാന്‍. പുസ്തകം റബര്‍ബാന്‍ഡിട്ടു കെട്ടി നനയാതെ മുണ്ടില്‍ പൊതിഞ്ഞുപിടിച്ച് നീന്തിയൊക്കെയായിരുന്നു സ്‌കൂളിലെത്തിയിരുന്നത്. അന്നൊക്കെ വാസ്തവത്തില്‍ ഞാന്‍ സ്വപ്‌നം കണ്ടിട്ടുണ്ട്. അവിടേക്കൊരു റോഡ് വരുന്നതും ബസ് വരുന്നതുമൊക്കെ. ഇന്ന് വീടിന്റെ മുറ്റത്തുവരെ കാറെത്തും.
ഇത്രയും കഷ്ടപ്പെട്ട് സ്‌കൂളിലെത്തിയാല്‍ ഉച്ചയ്ക്ക് ഭക്ഷണത്തിനു വകയില്ലായിരുന്നു. അതാണ് ബാല്യത്തെക്കുറിച്ചുള്ള ഏറ്റവും വേദനയുള്ള ഓര്‍മ്മ. സ്‌കൂളില്‍ മാസം ആറു രൂപ ഫീസ് കൊടുക്കാനുള്ളതുതന്നെ കഷ്ടപ്പെട്ടാണ് അമ്മാവന്മാര്‍ തന്നത്. അപ്പോള്‍പ്പിന്നെ ഭക്ഷണത്തിനു കൂടി ചെലവഴിക്കാനില്ലാത്ത അവസ്ഥയുണ്ടായിരുന്നു. കുറച്ച് കുരുമുളക്, അല്‍പം അടയ്ക്ക കുറച്ച് നെല്ല്.. അതൊക്കെക്കൊണ്ടാണ് അമ്മാവന്മാര്‍ വീട്ടുകാര്യങ്ങള്‍ പോലും നടത്തിയത്.
ഹൈസ്‌കൂള്‍ കഴിഞ്ഞപ്പോള്‍ തുടര്‍പഠനത്തിനായി നാടുവിട്ടു അല്ലേ?
അങ്ങനെതന്നെ പറയാം. അമ്മയെ വിട്ടുപോവുക വലിയ വിഷമമുള്ള കാര്യമായിരുന്നു. എന്നാലും കൂടുതല്‍ പഠിക്കുകയെന്നത് അടങ്ങാത്ത ആഗ്രഹമായിരുന്നു. കെ.ജി അടിയോടിയായിരുന്നു ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് ആദ്യം ഡിഗ്രിയെടുത്തയാള്‍.എന്റെ വിദ്യാഭ്യാസത്തിലും തുടര്‍പഠനത്തിലുമൊക്കെ നിര്‍ണായക സ്വാധീനമായ ആളായിരുന്നു അദ്ദേഹം. അക്കാലത്തെ എന്റെ വായനയെയൊക്കെ നയിക്കുന്നതിലും അദ്ദേഹത്തിന് വലിയ പങ്കുണ്ടായിരുന്നു. എന്തുവായിക്കണം എന്നൊക്കെ പറഞ്ഞുതരുമായിരുന്നു. കെ.ജി അടിയോടി കോഴിക്കോട് ദേവഗിരി കോളജില്‍ ജന്തുശാസ്ത്രവിഭാഗത്തില്‍ അധ്യാപകനായിരുന്നു. അദ്ദേഹം എന്നെ അനിയനായിട്ടാണു പരിഗണിച്ചത്. സുവോളജിയായിരുന്നു ഞാന്‍ ഐച്ഛികവിഷയമായി എടുത്തത്. അതിനൊരു കാരണവുമുണ്ടായിരുന്നു. പ്രീ യൂണിവേഴ്‌സിറ്റി മുതല്‍ ദേവഗിരി കോളജിലാണ് പഠിച്ചത്. ഞാന്‍ ഗോവിയേട്ടന്‍ എന്നു വിളിക്കുന്ന അടിയോടിയുടെ വീട്ടില്‍ത്തന്നെയായിരുന്നു രണ്ടുകൊല്ലം എന്റെ താമസം. സുവോളജി വിദ്യാര്‍ത്ഥികളെ വര്‍ഷാവര്‍ഷം പലയിടങ്ങളിലും അന്ന് പഠനയാത്ര കൊണ്ടുപോകും. ഇനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. രാമേശ്വരം മധുര, തലൈമന്നാര്‍, പിന്നൊരുവര്‍ഷം ഊട്ടി കൊടൈക്കനാല്‍... യാത്ര വളരെ ഇഷ്ടമായിരുന്ന എനിക്ക് അതു വലിയ ആകര്‍ഷണമായിരുന്നു. അതുകൊണ്ട് ഡിഗ്രിക്ക് സുവോളജി തന്നെ തെരഞ്ഞെടുത്തു.
യാത്രകളില്‍ സ്ഥലം കാണാന്‍ എനിക്കു വലിയ ഇഷ്ടമായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എട്ടുമൈലകലെ, ഞങ്ങളുടെ വീടിന് ഏറ്റവുമടത്തുള്ള ചെറുവത്തൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ഒരിക്കല്‍ മംഗലാപുരം കാണാന്‍ പോയ അനുഭവമോര്‍മ്മയുണ്ട്. ക്‌ളാസില്‍ പോകുന്നുവെന്ന് അമ്മയോടൊക്കെ പറഞ്ഞിട്ടാണാ സാഹസം. കശുവണ്ടി പെറുക്കിവിറ്റാണ് യാത്രയ്ക്കുള്ള പൈസയുണ്ടാക്കിയത്. അവിടെ ചെന്നപ്പോള്‍, ഗ്രാമം പോലൊന്നുമല്ല. മഹാനഗരം. വല്ലാത്തൊരു ലോകം. അറിയാത്ത ഭാഷ. എവിടെ പോകണം, എങ്ങോട്ടു പോകണം എന്നൊന്നുമറിയില്ല. എന്റെയൊരു അമ്മായിയുടെ സഹോദരന്‍ അവിടെയുണ്ടെന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തെ അന്വേഷിക്കാമെന്നു കരുതി പലരോടും ചോദിച്ചു. നഗരത്തില്‍ ഒരാളെ അന്വേഷിച്ചു കണ്ടുപിടിക്കുക ഗ്രാമത്തിലെ പോലെ എളുപ്പമാണോ! അക്ഷരാര്‍ത്ഥത്തില്‍ ഞാനാ നഗരനടുവില്‍ അന്യനായിപ്പോയി. എന്റെ നില്‍പ്പു കണ്ട് അതിലേ പോയ ഒരാള്‍ അടുത്തുവന്ന് കാര്യങ്ങള്‍ തിരക്കി. കാര്യങ്ങള്‍ മനസിലാക്കിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നോട് അലിവോടെ വസ്തുതകള്‍ പറഞ്ഞുതന്നു. എനിക്കു വയറു നിറയെ ഭക്ഷണം വാങ്ങിത്തന്നു. സ്റ്റേഷനില്‍ കൊണ്ടുപോയി ടിക്കറ്റെടുത്തുതന്ന്, ഇനിയൊരിക്കലും വീട്ടില്‍ പറയാതെ ഒറ്റയ്ക്കിങ്ങനെ സാഹസമരുത് എന്നു പറഞ്ഞുതന്ന് ട്രെയിനില്‍ കയറ്റിവിട്ടു. തിരികെയെത്തിയപ്പോള്‍ അമ്മയാകെ പരിഭ്രമിച്ചിരിപ്പായിരുന്നു. പില്‍ക്കാലത്ത് കാസര്‍കോട് ഞാന്‍ ജോലി ചെയ്ത കാലത്ത് മംഗലാപുരത്തൊക്കെ അടിക്കടി പോവേണ്ടിവന്നുവെന്നതാണ് കൗതുകം.
ബിരുദകാലത്തേക്കു മടങ്ങിയാല്‍, യാത്രയോടുള്ള താല്‍പര്യം കൊണ്ടാണ് വാസ്തവത്തില്‍ സുവോളജി തെരഞ്ഞെടുത്തത്. സത്യത്തില്‍ എനിക്കങ്ങനെ റെക്കോര്‍ഡ് വരയ്ക്കാനുമൊന്നുമറിയില്ല. ബോട്ടണിയും കെമിസ്ട്രിയുമായിരുന്നു ഉപവിഷയങ്ങള്‍. കോളജില്‍ ഒന്നാമനായിട്ടായിരുന്നു ബിരുദം പൂര്‍ത്തിയാക്കിയത്.
ചെറുപ്പത്തിലേ എഴുതിയിരുന്നോ?
ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ മാഗസിനിലൊക്കെ എഴുതിയിരുന്നു. മാതൃഭൂമിയുടെ ബാലപംക്തിയിലും ചില രചനകള്‍ പ്രസിദ്ധീകരിച്ചുവന്നു. അഞ്ചു രൂപയായിരുന്നു പ്രതിഫലം. ക്ലാസില്‍ അധ്യാപകന്‍ പഠിപ്പിച്ചുകൊണ്ടിരിക്കെയാണ് പോസ്റ്റ്മാന്‍ തേടിവന്ന് മാതൃഭൂമിയുടെ കവറേല്‍പ്പിക്കുക. അക്കാലത്തെ വലിയ തുകയാണ്. അതൊക്കെ വലിയ ആശ്വാസവും അതിലേറെ പ്രചോദനവുമായിരുന്നു.
പിന്നീട് ദേവഗിരിയില്‍ ഡിഗ്രിക്കു പഠിക്കുമ്പോഴാണ് എഴുത്തുതുടങ്ങുന്നത്. അക്കാലത്ത് കെ.ജി.അടിയോടി കേരളത്തിലെ വിഷപ്പാമ്പുകള്‍ എന്ന പേരില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. അതിനോടൊപ്പം കൊടുക്കാനുള്ള ചിത്രങ്ങള്‍ പലപ്പോഴും കോളജ് ലാബിലെ സ്‌പെസിമെന്നുകളെയാണ് ഉപയോഗിച്ചത്. ഫോട്ടോഗ്രാഫറെ വരുത്തി ചിത്രംപകര്‍ത്തി കൈയെഴുത്തുപ്രതിയുമായി മാതൃഭൂമി ഓഫീസിലെത്തിക്കണം. അതിനെല്ലാം ഗോവിയേട്ടനെ സഹായിക്കാന്‍ കൂടിയത് ഞാനാണ്. അന്ന് എന്‍.വി.കൃഷ്ണവാര്യറാണ് ആഴ്ചപ്പതിപ്പിന്റെ പത്രാധിപര്‍. ഒരുദിവസം മാറ്റര്‍ കൊണ്ടുകൊടുക്കാന്‍ പോയപ്പോള്‍ അദ്ദേഹമില്ല. അടുത്തു തന്നെ മറ്റൊരു മേശയിലിരിക്കുന്ന ആളാണ് കൈയെഴുത്തുപ്രതി വാങ്ങിവച്ചത്. എന്നെ നോക്കിയൊന്നു ചിരിച്ചു. എവിടെയാ പഠിക്കുന്നത് എന്നു ചോദിച്ചു. മറുപടി പറഞ്ഞപ്പോള്‍ ശരിയെന്ന മട്ടില്‍ തലയാട്ടി. തിരികെവന്ന് ഞാനത് പറയുമ്പോഴാണ് ഗോവിയേട്ടന്‍ എന്നെ കളിയാക്കുന്നത്-പൊട്ടാ, നാഴികയ്ക്കു നാല്‍പതുവട്ടം ആരാധനയോടെ പറയുന്ന സാക്ഷാല്‍ എം.ടി.യായിരുന്നെടോ അത്! ഞാന്‍ അദ്ഭുതപ്പെട്ടുപോയി. കാരണം,സ്‌കൂള്‍ നാളുകളില്‍ നാലുകെട്ട് വായിക്കുന്നത് മുതല്‍ക്കെ കടുത്ത എം.ടി.ആരാധകനാണു ഞാന്‍. അക്കാര്യം ഗോപിയേട്ടനറിയാം. പിന്നീട് ഒരാഴ്ച മാതൃഭുമിയില്‍ പോയപ്പോള്‍ അദ്ദേഹമെന്നോട് ഇരിക്കാന്‍ പറഞ്ഞു, ചായവരുത്തിത്തന്നു. പുസ്തകമൊക്കെ വായിക്കാറുണ്ടോ എന്നു ചോദിച്ചു. ഉവ്വെന്നു പറഞ്ഞപ്പോള്‍ മുഖം തെളിഞ്ഞു. പിന്നീട് അതൊരു ആയുഷ്‌കാല ആത്മബന്ധമായിത്തീര്‍ന്നു. പിന്നീടാണ് ഞാന്‍ സ്ഥിരമായി എഴുതിത്തുടങ്ങിയത്. പുസ്തകനിരൂപണങ്ങളായിരുന്നു അധികവും. പിന്നീട് കലിക്കറ്റ് സര്‍വകലശാല ഡിപ്പാര്‍ട്ട്‌മെന്റില്‍ സുവോളജിക്കു എം.എസ് സിക്കു പഠിക്കുമ്പോള്‍ ആഴ്ചപ്പതിപ്പിലും വാരാന്തപ്പതിപ്പിലുമൊക്കെ പുസ്തകനിരൂപണമെഴുതി. എം.ടി.തന്നെയായിരുന്നു പ്രോത്സാഹനം. മാതൃഭമിയില്‍ നിരന്തരം പുസ്തകം നിരൂപണം ചെയ്തപ്പോള്‍ അക്കാലത്താരംഭിച്ച ദേശാഭിമാനി ആഴ്ചപ്പതിപ്പില്‍ നിന്നും പുസ്തകം നിരൂപിക്കാന്‍ ഏല്‍പ്പിച്ചു.
ഗോവിയേട്ടന്റെ വീട് അക്കാലത്ത് കോഴിക്കോട്ടുണ്ടായിരുന്ന പ്രധാന എഴുത്തുകാരുടെയെല്ലാം താവളമായിരുന്നു. ആകാശവാണിയിലുണ്ടായിരുന്ന കോന്നിയൂര്‍ നരേന്ദ്രനാഥ് വരും. അവരുമായൊക്കെ സ്വാഭാവികമായി എനിക്കും വലിയ അടുപ്പമുണ്ടായി. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ തുടക്കം സത്യത്തില്‍ ആ വീട്ടില്‍ വച്ചിട്ടാണ്. പ്രാരംഭം മുതല്‍ക്കേ എനിക്കതിന്റെ ഭാഗഭാക്കാവാന്‍ സാധിച്ചു.
എം.എസ് സിക്കു പഠിക്കുമ്പോഴാണ് ജി. അരവിന്ദനുമായൊക്കെ അടുത്ത സൗഹൃദം സ്ഥാപിക്കുന്നത്. അരവിന്ദന്‍ അന്ന് കോഴിക്കോട്ടെ റബര്‍ ബോര്‍ഡിലായിരുന്നു. അദ്ദേഹത്തിന്റെ ഹൊറൈസണ്‍ ലോഡ്ജിലെ മുറിയില്‍ എല്ലാ ദിവസവും ഞാന്‍ പോകും. മറക്കാനാവാത്തൊരു അനുഭവമായിരുന്നു അത്. അത്യാവശ്യം എഴുതിയിരുന്നതുകൊണ്ടുതന്നെ പറഞ്ഞാല്‍ എല്ലാവരും അന്നേതന്നെ എന്നെ തിരിച്ചറിഞ്ഞും തുടങ്ങിയിരുന്നു. തിക്കോടിയന്‍, പട്ടത്തുവിള കരുണാകരന്‍, കെ.ടി.രാമവര്‍മ്മ, കാനായി കുഞ്ഞിരാമന്‍, ഡോ.എസ് ഗോപിനാഥന്‍ അങ്ങനെ പലരും സ്ഥിരമായി അദ്ദേഹത്തിന്റെ താമസസ്ഥലത്തുവരുമായിരുന്നു. അവരുമായൊക്കെ നല്ല ബന്ധമുണ്ടാക്കാനായി.
ഡിഗ്രി കഴിഞ്ഞയുടന്‍ ജോലി ലഭിച്ചു അല്ലേ?
അതേ. പരീക്ഷ കഴിഞ്ഞു ഫലം വന്നപ്പോള്‍ത്തന്നെ ടി സി വാങ്ങാന്‍ പോയപ്പോള്‍ പ്രിന്‍സിപ്പലച്ചന്‍ ചോദിച്ചു-'ഇനിയെന്താ പരിപാടി?' എന്തെങ്കിലും ജോലി കണ്ടെത്തണമെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, 'ഇവിടെയൊരു ഡെമോണ്‍സ്‌ട്രേറ്ററുടെ ജോലിയുണ്ട്. (ഇന്നത്തെ ജൂനിയര്‍ ലെക്ചററുടെ പോസ്റ്റാണ്.) അടുത്താഴ്ച തന്നെ വന്നു ചേര്‍ന്നോളൂ.' എന്ന്.
എന്തു ജോലി കിട്ടിയാലും പോകുമെന്ന അവസ്ഥയായിരുന്നു. കാരണം എം.എസ് സിക്ക് പോകണമെന്ന് അതിയായ ആഗ്രഹമുണ്ടായിട്ടും സാമ്പത്തികപ്രശ്‌നങ്ങള്‍ മൂലം ഒരു ജോലി അത്യാവശ്യമായിരുന്നു. പഠിപ്പിക്കലെങ്കില്‍ പഠിപ്പിക്കല്‍ എന്ന നിലയ്ക്കാണ് അധ്യാപനം തെരഞ്ഞെടുത്തതെങ്കിലും പിന്നീട് അതിനോടെനിക്ക് വല്ലാത്ത താല്‍പര്യമുണ്ടായി എന്നതാണ് സത്യം.
അക്കാലത്തുതന്നെയാണ് എന്റെ നാട്ടില്‍ പയ്യന്നൂരില്‍ ആദ്യമായി ഒരു കോളജ് വരുന്നത്. ജൂനിയര്‍ കോളജാണ്. ചെറിയ കെട്ടിടമൊക്കെയാണെങ്കിലും നല്ല അധ്യാപകരൊക്കെയുണ്ടായിരുന്നു. പരിസ്ഥിതിപ്രവര്‍ത്തകനായിരുന്ന പ്രൊഫ ജോണ്‍ സി ജേക്കബ് ആയിരുന്നു ബയോളജി വകുപ്പധ്യാപകന്‍. സുവോളജിക്കും ബോട്ടണിക്കും ഓരോ ജൂനിയര്‍ അധ്യാപകരുടെ ഒഴിവുണ്ടായിരുന്നു. സ്വാഭാവികമായി ദേവഗിരി കോളജില്‍ എന്റെ അധ്യാപകനായിരുന്ന ജോണ്‍ സി സാര്‍ പറഞ്ഞിട്ട് ഞാനവിടേക്ക് അപേക്ഷയയച്ചു. ഇന്റര്‍വ്യൂവിലും പങ്കെടുത്തു. പക്ഷേ പ്രിന്‍സിപ്പലിന് താല്പര്യമുള്ള മറ്റൊരു ഉദ്യോഗാര്‍ത്ഥിയുണ്ടായതിനാല്‍ എനിക്കതു കിട്ടിയില്ല. ഇംഗ്‌ളീഷ് ട്യൂട്ടറായി വേണമെങ്കില്‍ ജോലി തരാമെന്നവര്‍ പറഞ്ഞു. പക്ഷേ എനിക്കതില്‍ താല്‍പര്യമുണ്ടായില്ല. ജോണ്‍ സി സാര്‍ താമസിക്കുന്ന ലോഡ്ജില്‍ പോയി കാര്യം പറഞ്ഞിട്ട് ദേവഗിരിയിലെ ഓഫര്‍ സ്വീകരിക്കാം എന്നു കരുതി. അദ്ദേഹത്തെ കണ്ടപ്പോഴാണ് പറയുന്നത്, പ്രിന്‍സിപ്പല്‍ തെരഞ്ഞെടുത്ത ആള്‍ വരുന്നില്ല. നിലവില്‍ മറ്റ് ഉദ്യോഗാര്‍ത്ഥികളുമില്ല. അതുകൊണ്ട് മാനേജ്‌മെന്റിന്റുമായി ബന്ധപ്പെടാന്‍ പറഞ്ഞു അദ്ദേഹം. അങ്ങനെ പയ്യന്നൂര്‍ എജ്യൂക്കേഷനല്‍ സൊസൈറ്റിയുടെ പ്രസിഡന്റിനെ കണ്ടു കാര്യം പറഞ്ഞു. തെരഞ്ഞെടുത്തയാള്‍ വരുന്നില്ല എന്ന വിവരം അദ്ദേഹം അറിഞ്ഞിരുന്നില്ല. അതുറപ്പാണോ എന്നദ്ദേഹം ചോദിച്ചു. ജോണ്‍സിസാറാണ് പറഞ്ഞത് എന്നറിഞ്ഞപ്പോള്‍ അദ്ദേഹം പ്രിന്‍സിപ്പലിനോടു സംസാരിച്ചു. അങ്ങനെ പയ്യന്നൂരില്‍ ഞാന്‍ അധ്യാപകനായി ചേര്‍ന്നു. ജൂലൈ 15നാണ് കോളജ് പ്രവര്‍ത്തനം തുടങ്ങിയത് ഞാനവിടെ ചേരുന്നത് ജൂലൈ 19നും! എ.കെ.ജിയുടെ അനന്തരവന്‍ എ.കെ.രാഘവന്‍ നമ്പ്യാരായിരുന്നു വൈസ് പ്രിന്‍സിപ്പല്‍. അദ്ദേഹം ഗോവിയേട്ടന്റെ സുഹൃത്തായിരുന്നു. പൊരിഞ്ഞ മഴദിവസമാണ് ഞാനവിടെ ജോലിക്കെത്തുന്നത്. വരാന്തയില്‍ ഒരു മുണ്ടും ഷര്‍ട്ടുമിട്ടു നില്‍ക്കുന്ന എന്നെ കണ്ട് വിദ്യാര്‍ത്ഥിയായിരിക്കുമെന്നു കരുതി അദ്ദേഹം എന്താ ക്‌ളാസില്‍ പോകാത്തത് എന്നു ചോദിച്ചു. ഞാന്‍ ജോലിക്കെത്തിയതാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പേരുചോദിച്ചു. പേരു പറഞ്ഞപ്പോള്‍ അദ്ദേഹമെന്നെ ഓര്‍ത്തെടുത്തു. എന്നോട് വലിയ കാര്യമായിരുന്നു. തുടര്‍ന്ന് മൂന്നരവര്‍ഷത്തോളം ഞാനവിടെ അധ്യാപകനായി. അപ്പോഴും തുടര്‍ന്നു പഠിക്കണമെന്ന അദമ്യമായ ആഗ്രഹമുണ്ടായിരുന്നു.
പയ്യന്നൂര്‍ കോളജ് അവിസ്മരണീയമായ മറ്റൊരനുഭവത്തിനു കൂടി പശ്ചാത്തലമായിട്ടുണ്ട് എന്റെ ജീവിതത്തില്‍. അക്കാലത്താണ് അവിചാരിതമായി ഞാന്‍ വിവര്‍ത്തനത്തിലേക്കെത്തുന്നത്. ഞങ്ങള്‍ ജോണ്‍ സി ജേക്കബ് എം.ആര്‍ ചന്ദ്രശേഖരന്‍ അങ്ങനെയുള്ള മുതിര്‍ന്ന അധ്യാപകരും ഞാനുമടക്കമുള്ളവര്‍ ധാരാളം പുസ്തകങ്ങള്‍ വാങ്ങുകയും വായിക്കുകയും ചെയ്യുമായിരുന്നു. ഒരാള്‍ വാങ്ങുന്നതും ലൈബ്രറികളില്‍ നിന്നെടുക്കുന്നതുമായ പുസ്തകങ്ങള്‍ പരസ്പരം കൈമാറി വായിക്കുമായിരുന്നു. അങ്ങനിരിക്കെയാണ് അക്കാലത്തെ കഥേതരവിഭാഗത്തില്‍ ആഗോളതലത്തില്‍ തന്നെ വലിയ ശ്രദ്ധനേടിയ ഡെസ്മണ്ട് മോറിസിന്റെ ദ് നേക്കഡ് ഏപ് എന്ന പുസ്തകം വായിക്കാന്‍ കിട്ടുന്നത്. അതു വായിച്ചിട്ട് ഒരു ദിവസം എം.ആര്‍.ചന്ദ്രശേഖരന്‍ എന്ന എം.ആര്‍.സി എന്നോട് പറഞ്ഞു. 'എടോ തന്നോടൊരു കാര്യം പറയാനുണ്ട്. തന്നോട് പറഞ്ഞിട്ടേ കാര്യമുള്ളൂ. താന്‍ വിചാരിച്ചാല്‍ ഈ പുസ്തകം മലയാളത്തിലേക്കാക്കാനാവും. താനൊന്നു ശ്രമിച്ചു നോക്ക്.'
ആശയം കൊള്ളാം. പക്ഷേ വിവര്‍ത്തനം ചെയ്താല്‍ ആരു പ്രസിദ്ധീകരിക്കാനാണ്. എന്റെ സംശയം കേട്ട എം.ആര്‍.സിയാണ് പറഞ്ഞത്, 'തനിക്ക് എം.ടിയുമായി നല്ല പരിചയമല്ലേ. അദ്ദേഹത്തോടു ചോദിച്ചുകൂടേ?' അതു ശരിയാണല്ലോ എന്നെനിക്കും തോന്നി. അങ്ങനെ ഒരു ശനിയാഴ്ച ഞാന്‍ കോഴിക്കോട്ടുപോയി എം.ടി. യെ കണ്ടു. കാര്യം അവതരിപ്പിച്ചു. ആദ്യം പുസ്തകം വായിച്ചുനോക്കട്ടെ എന്നദ്ദേഹം പറഞ്ഞു. കുറച്ചുദിവസം കഴിഞ്ഞ് അദ്ദേഹമതിനു പച്ചക്കൊടി നല്‍കുകയും ചെയ്തു. ബ്രിട്ടനിലെ പ്രസാധകരില്‍ നിന്ന് അതിനുള്ള അവകാശം വാങ്ങാനുള്ള നടപടികളൊക്കെ അദ്ദേഹം തന്നെയാണ് മുന്‍കൈയെടുത്തു പൂര്‍ത്തിയാക്കിയത്.
അങ്ങനെയാണ് നഗ്നവാനരന്‍ എന്ന പേരിലതു മൊഴിമാറ്റിയത്. അതിനു മുമ്പേ എം.ടി എന്നെക്കൊണ്ട് കിപ്‌ളിങിന്റെ ജംഗിള്‍ ബുക്ക്, കാട്ടിലെ കഥകള്‍ വിവര്‍ത്തനം ചെയ്യിച്ചിരുന്നു. എന്‍ബിഎസ് അതു പുസ്തകമാക്കുകയും ചെയ്തു. അതാണ് വിവര്‍ത്തകനെന്ന നിലയ്ക്ക് എന്റേതായി പുറത്തുവരുന്ന ആദ്യ കൃതി. പക്ഷേ നഗ്നവാനരന്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയതോടെ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പ്രചാരത്തില്‍ കാര്യമായ വര്‍ധനവുണ്ടായതും വലിയ സന്തോഷത്തിനിടനല്‍കി. പിന്നീട് നഗ്നനാരി, നഗ്നപുരുഷന്‍, റോബര്‍ട്ട് ഗാലോവിന്റെ വൈറസ് വേട്ട, ജൂനിചിറോ തനിസാക്കിയുടെ താക്കോല്‍ തുടങ്ങിയ കൃതികള്‍ മലയാളത്തിലേക്കും സേതുവിന്റെ അരുന്ധതിയുടെ അതിഥിയും മറ്റുകഥകളും ഇംഗ്‌ളീഷിലേക്കും മൊഴിമാറ്റിയിട്ടുണ്ട്.
പിന്നീടാണ് കലിക്കറ്റ് സര്‍വകലാശാലയില്‍ സുവോളജി എം.എസ് സിക്ക് ചേരുന്നത്. അന്ന് യൂണിവേഴ്‌സിറ്റി ഉണ്ടായിട്ടേ ഉള്ളൂ. ക്യാംപസിന്റെ പണി നടക്കുന്നു. പല കോളജുകളിലെയും ഡിപ്പാര്‍ട്ടുമെന്റുകളിലായിട്ടാണ് കോഴ്‌സുകള്‍ ആരംഭിച്ചിട്ടുള്ളത്. ദേവഗിരി കോളജില്‍ത്തന്നെയാണ് സുവോളജി എം.എസ് സി. പ്രവേശനം ലഭിച്ചത്. പഠനത്തിനായി അവധി ചോദിച്ചപ്പോള്‍ പയ്യന്നൂര്‍ കോളജധികൃതര്‍ അതിനു തയാറായില്ല. പഠനം വേണ്ടെന്നു വച്ച് തുടരാമെന്നുകരുതിയാല്‍ കോളജിലെ ജോലിക്ക് യാതൊരുറപ്പുമില്ല. ഓരോ വര്‍ഷവും വെക്കേഷന്‍ കഴിഞ്ഞാല്‍ അടുത്തവര്‍ഷം ജോലിയുണ്ടാവുമോ എന്ന അനിശ്ചിതത്വമായിരുന്നു. അതുകൊണ്ട് എനിക്കു ജോലി രാജിവയ്‌ക്കേണ്ടി വന്നു. വീണ്ടും വരുമാനമില്ലാക്കാലം. അപ്പോഴേക്ക് എം.ടി.യുമായി വളരെ ആത്മബന്ധത്തിലായിക്കഴിഞ്ഞിരുന്നു. ആഴ്ചപ്പതിപ്പില്‍ പുസ്തകനിരൂപണത്തിനു പുറമേ ലേഖനങ്ങളും തുടര്‍ച്ചയായി എഴുതി. അതൊക്കെയായിരുന്നു ചെലവിനുള്ള വക. 150 രൂപയായിരുന്നു പുസ്തകനിരൂപണത്തിന് അന്നു പ്രതിഫലം.എന്റെ ആത്മസുഹൃത്തായിരുന്ന പിഡബ്‌ള്യൂഡി എന്‍ജിനീയര്‍ കരുണാകരന്‍ നമ്പ്യാര്‍ കവറിലിട്ട് നോട്ടുകളയച്ച അനുഭവമുണ്ട്.
ഇതുകഴിഞ്ഞാല്‍ പിന്നെന്ത് എന്ന ആധി. രണ്ടാം വര്‍ഷമായപ്പോഴെ വ്യാപകമായി ജോലിക്കള്ള അന്വേഷണമായി. അക്കാലത്താണ് പരസ്യം കണ്ട് ഓള്‍ ഇന്ത്യ റേഡിയോയില്‍ ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവിന്റെ ഒഴിവിലേക്ക് അപേക്ഷയയ്ക്കുന്നത്. അതിന്റെ എഴുത്തുപരീക്ഷ തിരുവനന്തപുരത്തായിരുന്നു. കോളജ് കാലത്ത് ക്വിസ് പരിപാടിക്കൊക്കെ കോളജിനെ പ്രതിനിധീകരിച്ച് കോഴിക്കോട്ട് ആകാശവാണിയില്‍ പോയി റെക്കോര്‍ഡിങില്‍ പങ്കെടുത്ത അനുഭവം മാത്രമാണ് കൈമുതല്‍. അതു പാസായി ഇന്റര്‍വ്യൂ കഴിഞ്ഞു കുറേനാള്‍ കഴിഞ്ഞപ്പോള്‍ നിയമനോത്തരവു കിട്ടി. ഗോവ സ്‌റ്റേഷനിലായിരുന്നു പോസ്റ്റിങ്.
എന്റെ സീനിയര്‍മാരായി പഠിച്ചതില്‍ രണ്ടുപേര്‍ സര്‍വകലാശാല അധ്യാപകരായുണ്ടായിരുന്നു. ആകാശവാണിയിലെ ജോലിക്കാര്യമറിഞ്ഞപ്പോള്‍ അവരാണ് നിര്‍ബന്ധിച്ചത് അതേറ്റെടുക്കാന്‍. എം.എസ് സി കഴിഞ്ഞിട്ടും ജോലിയില്ലാതെ നില്‍ക്കുന്ന പലരുടെയും കാര്യമൊക്കെ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ജോലി സ്വീകരിക്കാന്‍ അവരെന്നെ പ്രേരിപ്പിച്ചു. അങ്ങനെ, മംഗലാപുരത്തു നിന്നു കാറില്‍ ഞാന്‍ ഗോവയ്ക്കു തിരിച്ചു. അന്നു റോഡു മാര്‍ഗമേ ഗോവയെത്താന്‍ സാധിക്കൂ. പക്ഷേ പോകുംവഴി ഹൊനാവര്‍ എന്ന സ്ഥലത്തു വലിയൊരു പുഴയുണ്ട്. പാലമില്ല. ബോട്ടിലേ അക്കരെ കടക്കാനാവൂ. ബോട്ട് കരയ്ക്കടുക്കുമ്പോള്‍ കാത്തു നില്‍ക്കുന്ന ടാക്‌സികളില്‍ ചാടിക്കയറണം. ഞാനങ്ങനെ ചാടുന്നതിനിടെ വെള്ളത്തിലേക്കു വീണു. തലയൊക്കെ പൊട്ടി തുന്നലിടേണ്ടി വന്നു. എന്റെ സര്‍ട്ടിഫിക്കറ്റുകളും നിയമനോത്തരവുമടക്കം സകലതും ഒലിച്ചുപോയി. ചെറുപ്പത്തില്‍ മംഗലാപുരം കാണാന്‍ പോയപ്പോഴത്തെപ്പോലെ, എന്തു ചെയ്യണമെന്നറിയാത്ത അസന്ദിഗ്ധാവസ്ഥ. അക്കാലത്ത് കമ്പിത്തപാലോഫീസുകളില്‍ ചെന്നാല്‍ ലൈറ്റ്‌നിങ് കോള്‍ വിളിക്കാം. ഞാനങ്ങനെ വല്ലവിധേനയും തപ്പിപ്പിടിച്ച് ഗോവ എ ഐ ആറിലേക്കു വിളിച്ചു. അവിടെ ജോലിചെയ്യുകയായിരുന്ന ബാലസാഹിത്യകാരന്‍ കൂടിയായിരുന്ന മാലി മാധവന്‍ നായര്‍ക്ക് എം.ടി. ഒരു കത്തുതന്നിട്ടുണ്ടായിരുന്നു. ആ പരിചയത്തില്‍ ഞാന്‍ അദ്ദേഹത്തെ കണക്ട് ചെയ്ത് സംസാരിച്ചു. എന്നാല്‍ സര്‍ക്കാര്‍ ചട്ടമനുസരിച്ച് നിയമനോത്തരവില്ലാതെ ഒരു തരത്തിലും ജോലിക്കു കയറ്റാന്‍ നിര്‍വാഹമില്ലെന്ന് ഗോവ സ്‌റ്റേഷനിലുള്ളവര്‍ പറഞ്ഞു. ഉത്തരവിന്റെ പകര്‍പ്പു സംഘടിപ്പിക്കുക എളുപ്പവുമല്ല. അങ്ങനെ കിട്ടിയ ജോലി ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട്, അതുവരെ നേടിയ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ട് എനിക്കു തിരികെ പോരേണ്ടി വന്നു. ഭാഗ്യത്തിന് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ടി സി വാങ്ങിയിട്ടില്ലായിരുന്നതുകൊണ്ടും വകുപ്പധ്യക്ഷനോട് പറഞ്ഞിട്ടാണ് പോന്നതെന്നതുകൊണ്ടും അദ്ദേഹത്തെ ചെന്നു കണ്ടു നടന്നതൊക്കെ പറഞ്ഞ് തിരികെ കോഴ്‌സിന് ചേര്‍ന്നു. പോകും മുമ്പേ താമസിച്ച ലോഡ്ജ് മുറിയില്‍ വേറെ ആളുവന്നു. പിന്നീട് മറ്റൊരിടത്ത് മുറി കണ്ടെത്തേണ്ടിവന്നു!
പിന്നീടെങ്ങനെ ഡല്‍ഹിയിലെത്തി?
അതാണു രസം. പിജിക്ക് പഠിക്കുമ്പോള്‍ പലയിടത്തും ജോലിക്കപേക്ഷിച്ചുവെന്നു പറഞ്ഞല്ലോ. കൂട്ടത്തില്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ റിസര്‍ച്ച് അഥവാ ഐസി എ ആറില്‍ അസിസ്റ്റന്റ് എഡിറ്റര്‍ എന്ന തസ്തികയിലേക്കും അപക്ഷേിച്ചിരുന്നു. അഞ്ചാറു മാസം മുമ്പാണ്. എന്തായാലും ഗോവ എപ്പിസോഡ് കഴിഞ്ഞെത്തി ഏറെക്കഴിയും മുമ്പേ അവിടെ നിന്ന് ഇന്റര്‍വ്യവിന് ക്ഷണം കിട്ടി. അങ്ങോട്ടുമിങ്ങോട്ടുമുള്ള വണ്ടിക്കൂലിയൊക്കെ കിട്ടും. അങ്ങനെ ആദ്യമായി ഡല്‍ഹിക്ക്. ട്രെയിനിലായിരുന്നു യാത്ര. വിധിയിലും നിയോഗത്തിലുമൊക്കെ വിശ്വാസം വന്നത് ആ അഭിമുഖത്തോടെയാണ്. ഐഎഎസുകാരനും സംസ്‌കൃതപണ്ഡിതനുമായ കെ.പി.എ. മേനോന്‍ ആയിരുന്നു ഐ സി എ ആര്‍ സെക്രട്ടറി. കെ പി ഉണ്ണികൃഷ്ണന്റെ കസിനാണ്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ എം.ടി.യും അക്കിത്തവുമുണ്ടായിരുന്നു കേരളത്തില്‍ നിന്ന്. മലയാളിയായ ഡയറി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ നമ്പൂതിരിപ്പാടും അംഗമായിരുന്നു. ഇന്റര്‍വ്യൂവിനു മുമ്പ് രണ്ടു ഖണ്ഡിക മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യാന്‍ തന്നു. അതുകഴിഞ്ഞ് 45 മിനിറ്റോളം നീണ്ട അഭിമുഖമായിരുന്നു. എം.ടി ഒരക്ഷരം പോലും ചോദിച്ചില്ല. എന്നെ മുന്‍പരിചയമുണ്ടായതുകൊണ്ട് താന്‍ വിട്ടുനില്‍ക്കുകയായിരുന്നെന്ന് അദ്ദേഹം തന്നെ പറഞ്ഞറിഞ്ഞു. അക്കിത്തം അന്നു ചോദിച്ചൊരു കാര്യം ഓര്‍മ്മയിലുണ്ട്. ഗ്രെയ്റ്റ് ബുക്ക് എന്നത് ഒറ്റവാക്കില്‍ എങ്ങനെ മലയാളത്തിലാക്കുമെന്നാണ് ചോദിച്ചത്. മഹത്തായ പുസ്തകം അല്ലെങ്കില്‍ മഹാഗ്രന്ഥം എന്നു ഞാന്‍ പറഞ്ഞത് അദ്ദേഹത്തിനിഷ്ടപ്പെട്ടു. ഏതായാലും വിവരം വഴിയെ അറിയിക്കാമെന്നു പറഞ്ഞവരെന്നെ പറഞ്ഞയച്ചു.
ഡല്‍ഹിക്കു പോകും മുമ്പ് തിക്കോടിയന്‍ പറഞ്ഞേല്‍പ്പിച്ചതനുസരിച്ച്, കെ പി ഉണ്ണികൃഷ്ണനെയും മാതൃഭൂമയിലെ വി.കെ മാധവന്‍കുട്ടിയേയും കാണാന്‍ ഞാന്‍ പോയി. ഐഇഎന്‍എസ് ബില്‍ഡിങ്‌സിലായിരുന്നു അവര്‍. കണ്ടപ്പോള്‍ത്തന്നെ മാധവന്‍കുട്ടി പറഞ്ഞു തൊട്ടുമുമ്പേ എം.ടി കണ്ടപ്പോള്‍ എന്റെ കാര്യം സൂചിപ്പിച്ചതേയുള്ളൂ എന്ന്. എന്നെ ജോലിക്കു തെരഞ്ഞെടുത്തു എന്ന വിവരം മാധവന്‍കുട്ടിയില്‍ നിന്നാണ് ഞാന്‍ അറിയുന്നത്. എം.ടി. അദ്ദേഹത്തോട് അതു പറഞ്ഞിട്ടുണ്ടായിരുന്നു. ഞാന്‍ ആകെ ത്രില്ലടിച്ചു. പിന്നീട് കെ പി ഉണ്ണികൃഷ്ണനെ കണ്ടപ്പോള്‍ അദ്ദേഹവും എന്നോട് ഏറെ വാത്സല്യപൂര്‍വമാണ് പെരുമാറിയത്.
തുടര്‍ന്ന് പൊലീസ് വെരിഫിക്കേഷന്‍, തിരുവനന്തപുരത്തു നടന്ന മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധന ഒക്കെ കഴിഞ്ഞാണ് നിയമനോത്തരവു ലഭിക്കുന്നത്. എം.എസ് സി തീര്‍ത്തിട്ടു ചേര്‍ന്നാല്‍ കൊള്ളാമെന്നുണ്ടായിരുന്നെങ്കിലും അതു നടന്നില്ല. അങ്ങനെയൊടുവില്‍ ഡിസംബറില്‍ ന്യൂഡല്‍ഹി കൃഷിഭവനിലെ ഐ സി എ ആറില്‍ ഞാന്‍ ജോലിക്കു ചേര്‍ന്നു. കണ്ണൂരുകാരന്‍ തന്നെയായിരുന്ന മുന്‍ ഡിജിപി ടിവി മധുസൂദനന്റെ സഹോദരന്‍ ടിവി രാജഗോപാലിന്റെ ഫ്‌ളാറ്റിലായിരുന്നു എന്റെ താമസം.
സെക്രട്ടറിയായിരുന്ന മേനോന് എന്നെ വലിയ കാര്യമായിരുന്നു. സ്ഥാപനത്തിന്റെ പ്രചാരണത്തിനും ഗവേഷണവികസനത്തിനും വേണ്ടി ഞാന്‍ ധാരാളം ക്രിയാത്മകമായ രചനകള്‍ നടത്തി. അതുവരെ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് കൗണ്‍സില്‍ എന്ന സ്ഥാപനത്തെപ്പറ്റി പൊതുജനത്തിന് കാര്യമായ വിവരമൊന്നുമുണ്ടായിരുന്നില്ല. എം.ടി. തന്ന നിര്‍ദ്ദേശമനുസരിച്ച് ഞാന്‍ അവിടത്തെ പ്രവര്‍ത്തനങ്ങളെപ്പറ്റി നിരന്തരം പത്രക്കുറിപ്പുകളും വാര്‍ത്തകളുമെഴുതി മാതൃഭൂമിയ്ക്കും മറ്റു പത്രങ്ങള്‍ക്കും ടൈംസ് ഓഫ് ഇന്ത്യയ്ക്കുമടക്കം അയച്ചുകൊടുത്തു. അവയിലൂടെ സ്ഥാപനത്തിന് വലിയ പ്രചാരണം ലഭിച്ചതോടെ സെക്രട്ടറിക്ക് എന്നില്‍ കൂടൂതല്‍ താല്‍പര്യമായി. ശാസ്ത്രം പഠിച്ചത് അവിടെയെനിക്ക് വലിയ പ്രയോജനവുമായി. വാര്‍ത്തയെഴുതേണ്ട രീതിയും എം.ടിയാണ് കത്തിലൂടെ പറഞ്ഞുതന്നത്. ആര്‍ ടി രവിവര്‍മ്മ എന്ന സീരി, കൃഷ്ണ ചൈതന്യ തുടങ്ങിയവരൊക്കെ അക്കാലത്ത് അവിടെ വളരെ മുതിര്‍ന്ന തസ്തികകളില്‍ ജോലിയെടുക്കുന്നുണ്ടായിരുന്നു. പിന്നീട് ഡോ എം.എസ്.സ്വാമിനാഥന്‍ ഡയറക്ടര്‍ ജനറലായപ്പോഴും അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച്‌നല്ല നിലയ്ക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനെനിക്കായി.
പക്ഷേ, സര്‍ക്കാര്‍ സംവിധാനത്തിലെ അധികാരശ്രേണിയിലെ സങ്കീര്‍ണതകള്‍കൊണ്ട് എനിക്കവിടെ ധാരാളം അസൂയക്കാരുണ്ടായി. അങ്ങനെ മേനോന്‍ സ്ഥാനമാറ്റമായി ബംഗാളിലേക്കു പോകുമ്പോള്‍ എന്നെ വിളിച്ചു പറഞ്ഞു- 'ഞാന്‍ പോയാല്‍ നിങ്ങള്‍ക്കിവിടെ തൊഴില്‍പരമായ ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടാവും. അതുകൊണ്ട് കേരളത്തിലെ മറ്റേതെങ്കിലും സ്ഥാപനത്തിലേക്ക് സ്ഥലം മാറാന്‍ താല്‍പര്യമുണ്ടോ?' നാട്ടിലേക്കു മടങ്ങാനുള്ള താല്‍പര്യംകൊണ്ട് ഞാനുമതിന് സമ്മതം പറഞ്ഞു. അങ്ങനെ എന്നെ കാസര്‍കോട്ടെ സെന്‍ട്രല്‍ പ്‌ളാന്റേഷന്‍ ക്രോപ്‌സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സ്ഥലം മാറ്റി. ആദ്യത്തെ ഡല്‍ഹി പര്‍വത്തിന് അതോടെ താല്‍ക്കാലികവിരാമവുമായി.
കേരളത്തിലേക്കുള്ള ഈ മടങ്ങിവരവ് ജീവിതത്തിലെ തന്നെ വലിയ മാറ്റങ്ങള്‍ക്കുകൂടിയുള്ള തുടക്കമായി അല്ലേ?
അതേ. 72ലാണ് കാസര്‍കോട്ടെത്തുന്നത്. കാസര്‍കോടായിരിക്കെയാണ് രാഗിണിയുമായുള്ള എന്റെ വിവാഹം. പയ്യന്നൂര്‍ കോളജില്‍ രാഗിണിയെ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട്.
പക്ഷേ, തൊഴിലിടത്തില്‍ എനിക്കു ചില പ്രതിസന്ധികള്‍ നേരിടേണ്ടിവന്നു. ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചതുകൊണ്ട് അവിടവുമായുള്ള നേര്‍ബന്ധത്തിന്റെ പേരില്‍ത്തന്നെ ഡയറക്ടര്‍ക്ക് എന്നോടല്‍പം താല്‍പര്യക്കുറവുണ്ടായിരുന്നു. അതിന് എരിതീയൊഴിക്കുംവിധം ഒരു സംഭവം കൂടിയുണ്ടായി. 1974ല്‍ മാതൃഭൂമി, പ്രശ്‌നസംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ എന്ന പേരില്‍ ഒരു ഓണപ്പതിപ്പു പുറത്തിറക്കി. എന്നോട് ഗവേഷണമേഖലയിലെ പ്രശ്‌നങ്ങളെപ്പറ്റി ഒരു ലേഖനമെഴുതാന്‍ ആവശ്യപ്പെട്ടു. ഇരുപത്തേഴു വയസേയുള്ളൂ അന്ന്. ആ ലേഖനത്തില്‍ ഗവേഷണരംഗത്തെ അപര്യാപ്തതകളെയും പുഴുക്കുത്തുകളെയും പറ്റി അന്നത്തെ ആവേശത്തില്‍ ഞാന്‍ തുറന്നെഴുതിയത് തന്നെപ്പറ്റിയാണെന്നു ധരിച്ചതാണ് ഡയറക്ടര്‍ക്ക് എന്നോട് അനിഷ്ടം കൂടാന്‍ കാരണം. സത്യത്തില്‍ അദ്ദേഹമതു വായിക്കുക കൂടി ചെയ്തിരുന്നില്ല. എന്നാല്‍ മറ്റാരോ ഓതിക്കൊടുത്തതനുസരിച്ചാണ് അദ്ദേഹം എന്നോട് ശത്രുതാമനോഭാവത്തിലേക്കെത്തിയത്. തൊട്ടതിനും പിടിച്ചതിനുമൊക്കെ കാരണം കാണിക്കല്‍ നോട്ടീസ്... ഇണ്ടാസ്... ജീവിതം ദുസ്സഹമാവുന്ന അവസ്ഥ. ഇടയ്‌ക്കൊക്കെ ചില കാര്യങ്ങള്‍ സ്വാമിനാഥന്‍ സാറിനെ എഴുത്തുമുഖേന ഞാന്‍ അറിയിച്ചിരുന്നു. ഒരിക്കല്‍ കാസര്‍കോട്ടെ ഗവേഷണകേന്ദ്രത്തിന്റെ വജ്രജൂബിലിയുദ്ഘാടനത്തിന് രാഷ്ട്രപതി വരുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം നേരിട്ടെത്തിയപ്പോള്‍ ഞാനിക്കാര്യം സൂചിപ്പിച്ചു. ഒരു കാര്യത്തിലും ഭയക്കണ്ട എന്നും എന്റെ സേവനങ്ങളെപ്പറ്റി ഉത്തമബോധ്യമുണ്ടെന്നും പറഞ്ഞ് അദ്ദേഹമെന്നെ സമാധാനിപ്പിക്കുകയായിരുന്നു. എന്നാല്‍, എന്നെ നേരിട്ടറിയാവുന്ന എന്നോട് ഇഷ്ടക്കേടൊന്നുമില്ലായിരുന്ന സഹപ്രവര്‍ത്തകരില്‍ പലരും ഡയറക്ടറുടെ അപ്രീതി ഭയന്ന് എന്നെ ഒഴിവാക്കിത്തുടങ്ങിയതോടെ അവിടത്തെ ജീവിതം എനിക്കു ദുസ്സഹമായി. സ്വാഭാവികമായി ഞാന്‍ മറ്റു ജോലികള്‍ക്കായി അന്വേഷണം തുടങ്ങി. ഇതിനിടെയിലും വജ്രജൂബിലിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തെപ്പറ്റി ഫിലിംസ് ഡിവിഷനെ കൊണ്ട് ഒരു ഹ്രസ്വചിത്രം ഉണ്ടാക്കിച്ചു. ഇലസ്‌ട്രേറ്റഡ് വീക്ക്‌ലിയിലടക്കം പ്രമുഖപത്രങ്ങളിലെല്ലാം പ്രത്യേകപതിപ്പുകള്‍ പുറത്തിറക്കിച്ചു.
വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തിന്റെ ഭാഗമാവുന്നത് പിന്നീടാണോ?
കാസര്‍ക്കോട്ടെ വിഷമങ്ങള്‍ക്കിടയിലാണ് യു.പി.എസ്.സി.യുടെ ഒരു പരസ്യം കാണുന്നത്. ഓള്‍ ഇന്ത്യ റേഡിയോയില്‍ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഡയറക്ടര്‍മാരുടെ തസ്തികയിലേക്കാണ്. യോഗ്യതകളൊക്കെ എനിക്കിണങ്ങും. നേരത്തേ ആകാശവാണിയില്‍ ജോലി കിട്ടിയ അനുഭവവുമുണ്ട്. ഞാനതിനപേക്ഷിച്ചു.കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായതുകൊണ്ട് അതിനുള്ള അപേക്ഷ പോലും ഞാന്‍ കാസര്‍കോട്ടെ മേലധികാരി വഴിയാണ് ഫോര്‍വേഡ് ചെയ്യേണ്ടിയിരുന്നത്. നേരിട്ടും അപേക്ഷിക്കാം. ഞാന്‍ രണ്ടും ചെയ്തു. പ്രതീക്ഷിച്ചതുപോലെ തന്നെ വകുപ്പുതലത്തില്‍ നീക്കിയ അപേക്ഷ അവര്‍ എത്തിച്ചുകൊടുത്തില്ല. പക്ഷേ നേരിട്ടുള്ള അപേക്ഷ പരിഗണിക്കപ്പെട്ടു. എന്നെ അഭിമുഖത്തിനായി വിളിച്ചു. ഡോ.എം.എസ് സ്വാമിനാഥന്‍, എം.ടി,കെ.പി.എ.മേനോന്‍ എന്നിവരെയായിരുന്നു ഞാന്‍ റഫറന്‍സായി വച്ചത്. ഇന്റര്‍വ്യൂ കഴിഞ്ഞ്, ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സ്റ്റഡി ലീവെടുത്ത് ഡല്‍ഹിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനില്‍ ജേര്‍ണലിസം പിജി ഡിപ്‌ളോമയ്ക്കു ചേര്‍ന്നു. ഓംചേരി സാറന്ന് അവിടെ പ്രൊഫസറാണ്. പ്രഗത്ഭരായ പലരും അവിടെ ക്‌ളാസുകളെടുത്തു.
അപ്പോഴൊന്നും യുപിഎസ്.സിയില്‍ നിന്ന് യാതൊരു വിവരവുമില്ല. എട്ടുമാസം കഴിഞ്ഞപ്പോള്‍ കോഴ്‌സിന്റെ ഭാഗമായി ഞാന്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ ഇന്റേണ്‍ഷിപ്പിനു ചേര്‍ന്നു. വാര്‍ത്താനിര്‍മ്മാണത്തെപ്പറ്റിയൊക്കെ നേരിട്ടു തന്നെയുള്ള പ്രവര്‍ത്തനപരിജ്ഞാനം നേടാന്‍ ടൈംസ് കാലം ഏറെ സഹായിച്ചു. അങ്ങനിരിക്കെ ഒരു ദിവസമാണ് വാര്‍ത്താപ്രക്ഷേപണമന്ത്രാലയത്തില്‍ നിന്നുള്ള ഒരു രജിസ്റ്റര്‍ ചെയ്ത കത്ത് എനിക്ക് കിട്ടുന്നത്. യുപി എസ് സിയില്‍ നിന്ന് ഒരു മെഡിക്കല്‍ ബോര്‍ഡ് പരിശോധനയ്ക്കു ഹാജരാകാനാവശ്യപ്പെട്ടുകൊണ്ടായിരുന്നു അത്. തിരുവനനന്തപുരത്താണ് പോകേണ്ടിയിരുന്നത്. ഞാന്‍ ഐഐഎംസി ഡയറക്ടര്‍ ജനറലിനെ പോയി കണ്ടു. പ്രൊഫ എം.വി ദേശായി നിര്‍ദ്ദേശിച്ചതനുസരിച്ച് കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ മെഡിക്കല്‍ പരിശോധനയ്ക്കായി പോയി. പിന്നെ ഒരു മാസം കഴിഞ്ഞപ്പോള്‍ സെലക്ഷന്‍ മെമ്മോ കിട്ടി. പക്ഷേ, അതുവരെയുള്ള കേന്ദ്ര സര്‍വീസ് പരിഗണിക്കണമെങ്കില്‍ പഠനാവധി അവസാനിപ്പിച്ച് ഞാന്‍ കാസര്‍കോട്ട് വീണ്ടും ജോലിക്കു ചേരണം. അതനുസരിച്ച് ഞാന്‍ വീണ്ടും കാസര്‍കോട്ടെത്തി. ഒരു മാസം കഴിഞ്ഞപ്പോള്‍ നിയമനോത്തരവു വന്നു. അപേക്ഷിച്ചത് ആകാശവാണിയിലേക്കാണെങ്കിലും, നിയമനം കിട്ടിയത് കല്‍ക്കട്ട ദൂര്‍ദര്‍ശന്‍ കേന്ദ്രത്തിലായിരുന്നു. അതായിരുന്നു ടെലിവിഷനിലേക്കുള്ള എന്റെ ആദ്യ കാല്‍വയ്പ്.
പക്ഷേ ആ കാല്‍വയ്പ് പാളിയില്ലല്ലോ. വളരെ നീണ്ടൊരു ബാന്ധവമായിരുന്നു ടെലിവിഷനുമായി താങ്കളുടേത്. സത്യത്തില്‍ താങ്കള്‍ ടെലിവിഷന്‍ എന്നു കേള്‍ക്കുന്നത്, ഒരു ടെലിവിഷന്‍ നേരിട്ടു കാണുന്നത് എപ്പോഴാണ്?
ഞാന്‍ ആദ്യം ടിവി കാണുന്നത് ഡല്‍ഹിയിലായിരുന്നപ്പോഴാണ്. 1959ല്‍ മാത്രമാണല്ലോ ഇന്ത്യയില്‍ ടെലിവിഷന്റെ പരീക്ഷണ സംപ്രേഷണമാരംഭിക്കുന്നത്. അതേപ്പറ്റിയൊന്നും നമ്മുടെ നാട്ടില്‍ കേട്ടുകേള്‍വി പോലുമുണ്ടായിരുന്നില്ലല്ലോ. കൃഷി ഭവനില്‍ ജോലി ചെയ്യുമ്പോഴും ആകാശവാണി ഭവനില്‍ പോയി അവിടത്തെ ക്യാന്റീനില്‍ നിന്നൊക്കെയാണ് ഭക്ഷണം കഴിച്ചത്.അന്നൊക്കെ അവിടത്തെ എഐആറിന്റെ വലിയ ട്രാന്‍സ്മിറ്ററൊക്കെ കാണുമ്പോള്‍ അന്തം വിട്ട് നോക്കിയിരുന്നിട്ടുണ്ട്.
ഡല്‍ഹിയില്‍ ഐസിഎആറില്‍ ജോലി ചെയ്യുമ്പോള്‍ ഡയറക്ടറേറ്റ് ഒഫ് എക്‌സ്റ്റെന്‍ഷനില്‍ പ്രവര്‍ത്തിക്കുകയായിരുന്ന സീരി ഒരു കോണ്‍ഫറന്‍സിന് വിദേശത്തുപോയി മടങ്ങിവന്നപ്പോള്‍ ഒരു ടിവി സെറ്റ് കൊണ്ടുവന്നു. ആദ്യം കണ്ട നിമിഷം ഇന്നെന്നോണം ഓര്‍മ്മയിലുണ്ട്. അദ്ഭുതമായിരുന്നു. ശരിക്കും ത്രില്‍ഡ് ആയിപ്പോയി. ഡല്‍ഹിയില്‍ അന്ന് രണ്ടുമണിക്കൂര്‍ നീളുന്ന പരിപാടികളുണ്ട്. അതൊരു വല്ലാത്ത അനുഭവമായിരുന്നു. ചെറിയ ചുറ്റുവട്ടത്തു മാത്രം കിട്ടുന്ന സംപ്രേഷണമാണുള്ളത്. സല്‍മ സുല്‍ത്താനയും പ്രതിമാപുരിയുമായിരുന്നു അവതാരകര്‍. അന്നത് കാണുമ്പോള്‍ സത്യത്തില്‍ അന്ധാളിപ്പായിരുന്നു. അദ്ഭുതമായിരുന്നു. സ്വപ്‌നത്തില്‍ പോലുമന്നു കരുതിയതല്ല പിന്നെ ആ മാധ്യമത്തില്‍ പ്രവര്‍ത്തിക്കേണ്ടിവരുമെന്ന്, അവരൊക്കെയുള്ള സ്ഥാപനത്തില്‍ ഡയറ്കറായിരിക്കേണ്ടി വരുമെന്നും. കല്‍ക്കട്ടയിലേത് പുതുതായി ആരംഭിച്ച സംപ്രേഷണകേന്ദ്രമാണ്. മീര മുജുംദാറായിരുന്നു സ്റ്റേഷന്‍ ഡയറക്ടര്‍.
പക്ഷേ പരിശീലനമില്ലാതെ പുതിയൊരു മാധ്യമത്തിലേക്ക് എത്തപ്പെട്ടപ്പോള്‍ ആശങ്കയുണ്ടായിരുന്നോ?
ഡല്‍ഹിയില്‍ വച്ച് ടിവി കണ്ടിട്ടുണ്ടെന്നല്ലാതെ അതിലേക്കു പരിപാടികളുണ്ടാക്കുന്നതിനെക്കുറിച്ചോ സംപ്രേഷണ സങ്കേതങ്ങളെപ്പറ്റിയൊ യാതൊന്നുമെനിക്കറിയില്ലായിരുന്നു. പക്ഷേ എന്റെ സ്റ്റേഷന്‍ ഡയറക്ടര്‍ മീര മജുംദാര്‍ ജ്യേഷ്ഠ സഹോദരിയെപ്പോലെ വലിയ പിന്തുണയാണ് നല്‍കിയത്. അവരാണവിടെ എനിക്കു മാര്‍ഗദര്‍ശിയായത്. ആദ്യത്തെ കുറേ മാസം കാര്യങ്ങള്‍ കണ്ടുനടന്നു പഠിക്കാനെനിക്കവര്‍ അവസരം നല്‍കി. സ്റ്റുഡിയോ പ്രവര്‍ത്തനം റെക്കോര്‍ഡിങ് തുടങ്ങിയതൊക്കെ കണ്ടു പഠിച്ചു. അന്ന് ടിവി പരിപാടികള്‍ ഫിലിമിലാണ് ചിത്രീകരിച്ചിരുന്നത്. 8 എംഎം 16 എംഎം ക്യാമറകളുപയോഗിച്ച് പോസിറ്റീവ് ഫിലിം ഉടനെ പ്രോസസ് ചെയ്തായിരുന്നു അത്. വളരെ ചെലവേറിയ സിനിമയുടെ സങ്കീര്‍ണതകളെല്ലാമുള്ള സാങ്കേതികത. ഏഴു മാസം ഞാനവയെല്ലാം പഠിച്ചു. അടിസ്ഥാനപരമായ സാങ്കേതികവൈദഗ്ധ്യം ഞാനപ്പോഴേക്ക് ആര്‍ജിച്ചെടുത്തു.അതേസമയം സര്‍ക്കാര്‍ ചട്ടങ്ങളിലും നടപടിക്രമങ്ങളിലും മുന്‍പരിചയമുള്ളതുകൊണ്ട് ഭരണകാര്യങ്ങളില്‍ അവര്‍ക്ക് കാര്യമായ പിന്തുണ നല്‍കാനെനിക്കായി.കാസര്‍കോട്ടു വച്ച് പലവിധ നടപടികളും നേരിടേണ്ടിവരികയും അതിനെതിരേ നിയമപരമായി തന്നെ നിലപാടുകളെടുക്കേണ്ടിവരികയുമൊക്കെ ചെയ്തിട്ടുള്ളതുകൊണ്ട് സേവനചട്ടങ്ങളുമെനിക്കു ഹൃദിസ്ഥമായിരുന്നു.
അതിനിടെയിലാണ് ഒരു സ്റ്റാഫ് ഫിക്‌സേഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അവിടെയുണ്ടായിരുന്ന രണ്ടു അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഡയറക്ടര്‍മാരില്‍ ഒരാളെ സ്ഥലം മാറ്റാനും മറ്റേയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കി ഡപ്യൂട്ടി ഡയറക്ടറാക്കാനും തീരുമാനിക്കുന്നത്. എന്നേക്കാള്‍ സര്‍വീസുള്ള രണ്ടാമത്തെ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് സ്ഥാനക്കയറ്റവും എനിക്ക് സ്ഥലം മാറ്റവും കിട്ടി. വിധി അവിടെയും എന്നെ പിന്തുണച്ചു. അനുഗ്രഹമെന്നോണം എന്നെ മാറ്റിയത് മദ്രാസിലേക്കായിരുന്നു (ഇന്നത്തെ ചെന്നൈ). അതെന്റെ ഉദ്യോഗപര്‍വത്തിലെ മറക്കാനാവാത്തൊരു കാലഘട്ടമായിത്തീരുകയും ചെയ്തു.
മദ്രാസില്‍ കാത്തിരുന്ന അദ്ഭുതങ്ങളെന്തെല്ലാമായിരുന്നു?
വ്യക്തിജീവിതത്തിലും ഔദ്യോഗികജീവിതത്തിലും ഒരിക്കലും മറക്കാനാവാത്തതും വിശ്വസിക്കാനാവാത്തതുമായൊരു നാടകീയ സംഭവം അരങ്ങേറിയത് ഞാന്‍ മദ്രാസിലുള്ള കാലത്താണ്.സാക്ഷാല്‍ എം.ജി.ആറുമായി വിധിവൈപരീത്യമെന്നോണം സംഭവിച്ച ഒരു സംഘര്‍ഷമായിരുന്നു അത്. 1972ല്‍ തുടങ്ങിയ മദ്രാസ് നിലയത്തിന് കുറേക്കൂടി സാധ്യതകളുണ്ടായിരുന്നു. 1978ലാണ് ഞാനവിടേക്കു നിയുക്തനാവുന്നത്. പക്ഷേ അവിടെ ചേര്‍ന്നയുടനെ പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ പോയി ഏഴു മാസത്തെ പരിശീലനം പൂര്‍ത്തിയാക്കേണ്ടിയിരുന്നു. ഭാര്യ അന്ന് രണ്ടാമത്തെ മകനെ പ്രസവിച്ചിട്ടേയുള്ളൂ. അവര്‍ക്ക് ഞാന്‍ പോകുന്നതിനോട് താല്‍പര്യമില്ലായിരുന്നു. എന്നിട്ടും ടിവിയോടുള്ള എന്റെ അടങ്ങാത്ത അഭിവാഞ്ഛ കൊണ്ട് ഞാന്‍ പോവുക തന്നെ ചെയ്തു. പ്രോഗ്രാം പ്രൊഡക്ഷനിലായിരുന്നു പ്രധാനമായി പരിശീലനം നേടിയത്. വാര്‍ത്താവതരണവും നിര്‍മ്മാണവും പഠിച്ചു. ശാസ്ത്രം പഠിച്ചത് സാങ്കേതികത ഗ്രഹിക്കുന്നതും എളുപ്പമാക്കി. അന്നേ വാര്‍ത്താസംപ്രേഷണത്തിലും എനിക്കു താല്‍പര്യമുണ്ടായിരുന്നു. ദക്ഷിണേന്ത്യയില്‍ മദ്രാസില്‍ മാത്രമേ ദൂര്‍ദര്‍ശന്‍ നിലയമുള്ളൂ. അതുകൊണ്ടുതന്നെ തമഴിനാണ് പ്രാധാന്യമെങ്കിലും ദക്ഷിണേന്ത്യന്‍ ഭാഷാപരിപാടികള്‍ക്കു കൂടി അര്‍ഹമായ പ്രാതിനിധ്യം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. അതനുസരിച്ച് മാസം തോറും അരമണിക്കൂര്‍ മലയാളമടക്കമുള്ള ഭാഷാപരിപാടികളും അരമണിക്കൂര്‍ അതതു ഭാഷകളിലെ ചലച്ചിത്രഗാന പരിപാടിയും സംപ്രേഷണം ചെയ്തിരുന്നു.ഞാനങ്ങനെ മലയാളം പരിപാടികള്‍ തുടരെ നിര്‍മ്മിച്ചുതുടങ്ങി.കേരളത്തില്‍ വന്ന് നിരന്തരം ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ചു. മൈക്രോവേവ് കണക്ടിവിറ്റിയാണ് അന്നുണ്ടായിരുന്നത്.
മദ്രാസ് എനിക്കൊരു നവ്യമായ അനുഭവമായിരുന്നു. അവിടത്തെ ഉദ്യോഗസ്ഥര്‍ വലിയ സഹകരണമായിരുന്നു. ഞങ്ങള്‍ ഒറ്റക്കെട്ടായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. മദ്രാസിലായിരിക്കെ സ്റ്റേഷന്‍ ഡയറക്ടറായി. സ്ഥാനക്കയറ്റം കിട്ടി. കേരളത്തിലെ ഏതാണ്ട് എല്ലാ ഉത്സവങ്ങളും, തൃശൂര്‍ പൂരം, ആറന്മുള വള്ളംകളി തുടങ്ങിയവയൊക്കെ കവര്‍ ചെയ്തു. കേരളം ടൂറിസം വാരാഘോഷം തുടങ്ങിയപ്പോള്‍ അതു മുഴുവനായി തന്നെ ദൂര്‍ദര്‍ശനുവേണ്ടി കവര്‍ ചെയ്തു. അപ്പോഴേക്ക് സാങ്കേതികത യൂമാറ്റിക്കിലേക്കു മാറി. തീര്‍ത്തും നിലവാരം കുറഞ്ഞ യൂമാറ്റിക്ക് ക്യാമറയും സംപ്രേഷണവുമായിരുന്നു. 1992 വരെ പോസിറ്റീവ് 16 എംഎം ഫിലിമിലായിരുന്നു ചിത്രീകരണം. 20 മിനിറ്റ് കഴിഞ്ഞാല്‍ റോള്‍ മാറ്റണം. അപ്പോഴേക്ക് ന്യൂഡല്‍ഹി ഏഷ്യന്‍ ഗെയിംസ് വന്നു. 1982ല്‍. അതാണ് ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഒരു നിര്‍ണായക വഴിത്തിരിവ്. ഇന്‍സാറ്റ് ഉപഗ്രഹം സജ്ജമായതോടെ ഉപഗ്രഹസംപ്രേഷണം സാധ്യമായി. കളര്‍ സംപ്രേഷണം ആരംഭിച്ചു. ദേശീയ സംഗീതപരിപാടികളുടെ സംപ്രേഷണം സാധ്യമായി. അന്നേ പ്രാദേശിക വാര്‍ത്തകള്‍ അവിടെ സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു. ഡയറക്ടര്‍ക്കു കീഴില്‍ ഞാനൊരാള്‍ മാത്രമായിരുന്നു ആദ്യവര്‍ഷങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടര്‍. അതുകൊണ്ടുതന്നെ പ്രൊഡക്ഷന്റെയും പ്രോഗ്രാമിങ്ങിന്റെയും മുഴുവന്‍ ചുമതലയും എന്റേതു മാത്രമായിരുന്നു.
അക്കാലത്താണോ നേരത്തേ സൂചിപ്പിച്ച എം.ജി.ആര്‍ സംഭവം?
അതേ. 1981 ലോ 82ലോ ആണ്. അക്കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ദൂര്‍ദര്‍ശനുമായി വളരെ നല്ല ബന്ധത്തിലായിരുന്നു. അക്കാലത്ത് ദക്ഷിണേന്ത്യയിലെ ഫിലിം ചേംബറുകളെല്ലാം ചേര്‍ന്ന് തമഴ് ചലച്ചിത്രവ്യവസായത്തിന്റെ സുവര്‍ണജൂബിലി കൊണ്ടാടാന്‍ തീരുമാനിച്ചു. രാഷ്ട്രപതി നീലം സഞ്ജീവറെഡ്ഡി ആയിരുന്നു ഉദ്ഘാടകന്‍. മദ്രാസ് കണ്ട ഏറ്റവും വലിയ ചടങ്ങുകളിലൊന്ന്. പങ്കെടുക്കാത്ത സിനിമാതാരങ്ങളും രാഷ്ട്രീയക്കാരുമില്ല. ദൂര്‍ദര്‍ശന്‍ അതു കാര്യമായി തന്നെ കവര്‍ ചെയ്തു. മുഴുവന്‍ ക്യാമറായൂണിറ്റും അതിനായി മാറ്റിവച്ചു. അത്യാവശ്യം നന്നായിത്തന്നെ അതു നിര്‍വഹിച്ചു എന്നായിരുന്നു എന്റെ വിലയിരുത്തല്‍. എന്നാല്‍ അതു സംപ്രേഷണം ചെയ്ത അന്നു മുതല്‍ മുഖ്യമന്ത്രി എം.ജി രാമചന്ദ്രന്‍ ദൂര്‍ദര്‍ശനെതിരായി. ദൂര്‍ദര്‍ശനെ സകല സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും വിലക്കി. സകല വകുപ്പുകളോടും ദൂര്‍ദര്‍ശന്‍ അധികാരികളുമായി വിട്ടുനില്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു നിര്‍ദ്ദേശം പോയി. ആകെ കൂടി വല്ലാതെ ബുദ്ധിമുട്ടിലായ കാലം. കാര്യമെന്താണെന്നു മാത്രം മനസിലാവുന്നില്ല. മുഖ്യമന്ത്രിക്ക് അനിഷ്ടം എന്നറിഞ്ഞ മറ്റു മന്ത്രിമാരും ഉദ്യോഗസ്ഥരും പോലും ദൂര്‍ദര്‍ശനോടും സ്റ്റാഫിനോടും പ്രത്യക്ഷത്തില്‍ തന്നെ ശത്രുത പ്രകടമാക്കി. പത്രസമ്മേളനങ്ങളും പൊതുചടങ്ങുകളും കവര്‍ ചെയ്യാനെത്തിയ ദൂര്‍ദര്‍ശന്‍ ക്യാമറാസംഘത്തെ പൊലീസുകാര്‍ കൈകാര്യം ചെയ്യുന്ന അവസ്ഥയായി. അധികൃതര്‍ അവരെ പൊതുവിടങ്ങളില്‍ നിന്ന് ഇറക്കിവിടുകന്ന അവസ്ഥാവിശേഷം. ഇനി മതിയായ സുരക്ഷ നല്‍കാതെ സര്‍ക്കാര്‍ പരിപാടികള്‍ ഷൂട്ട് ചെയ്യാന്‍ പോവില്ലെന്ന് ദൂര്‍ദര്‍ശന്‍ സ്റ്റാഫും നിലപാടു കടുപ്പിച്ചു. അതിനിടെയാണ് ദൂര്‍ദര്‍ശനിലേക്കുള്ള വൈദ്യുത ജല കണക്ഷനുകള്‍ റദ്ദാക്കാനും നിര്‍ദ്ദേശം നല്‍കി എന്നറിയുന്നത്. ദൂര്‍ദര്‍ശന്റെ ഭാഗത്തു നിന്ന് ഞങ്ങളില്‍ പലരും അറിയാവുന്ന പലരീതിയിലും മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ആരും ഞങ്ങളുടെ ഫോണ്‍ പോലുമെടുത്തില്ല. ഡല്‍ഹിയില്‍ നിന്ന് ഞങ്ങള്‍ക്ക് സമ്മര്‍ദ്ദം നേരിടേണ്ടിവന്നു. സര്‍ക്കാരിന്റെ പിന്തുണയില്ലാതെ മുന്നോട്ടുപോകാനാവില്ല. പരിഹാരം കണ്ടെത്താന്‍ സര്‍ക്കാരൊട്ടു പിടിതരുന്നുമില്ല. അങ്ങനെ വിഷമത്തിലായിപ്പോയ അവസ്ഥ. സ്റ്റേഷന്റെ ചുമതലയുള്ള ഡയറക്ടര്‍ ദീര്‍ഘാവധിയിലാണ്. ഫലത്തില്‍ ഞാന്‍ മാത്രമാണ് ഉത്തരവാദി.
അക്കാലത്താണ് ഞാന്‍ പനിപിടിച്ച മകനെയും കൊണ്ട് അവനെ സ്ഥിരമായി കാണിക്കാറുള്ള കൊല്ലത്തുകാരനായ ഡോ. കെ.ജഗദീശന്റെ കെ.ജെ ഹോസ്പിറ്റലില്‍ പോകുന്നത്. ആകെ നിരാശനായി കണ്ട എന്നോട് കാര്യമെന്താണെന്നു ചോദിച്ചു ഡോ. ജഗദീശന്‍. ഏറെക്കാലമായി നല്ല പരിചയമുള്ള ആളാണ്. വലിയ അടുപ്പമായിരുന്നു ഞങ്ങള്‍ തമ്മില്‍. ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം പറയുകയാണ്, സമാധാനമായിരിക്കു മിസ്റ്റര്‍ കുഞ്ഞികൃഷ്ണന്‍. ഞാന്‍ ഒന്നു ശ്രമിച്ചു നോക്കട്ടെ. കുറഞ്ഞപക്ഷം നിങ്ങള്‍ക്ക് നിങ്ങളുടെ ഭാഗം വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയെ നേരിട്ടു കാണാനൊരു അവസരമൊരുക്കാനാകുമോ എന്ന്. പലവഴിക്കു ശ്രമിച്ചിട്ടു നടക്കാത്ത കാര്യം ഇനി ഇദ്ദേഹം വിചാരിച്ചാല്‍ എങ്ങനെ നടക്കാനെന്നാലോചിച്ച് ഞാന്‍ മകനെയും കൊണ്ട് തിരികെ പോന്നു. അന്നു രാത്രി പാതിരാത്രിയോടടുത്ത് വീടിന്റെ ഡോര്‍ബെല്ലടിച്ചു, നിര്‍ത്താതെ. പോയി നോക്കിയ ഭാര്യ പരിഭ്രാന്തിയില്‍ വിളിച്ചുപറഞ്ഞു ഇതാ പൊലീസ് വന്നു നില്‍ക്കുന്നു എന്ന്. ഞാനിറങ്ങി ചെന്നപ്പോള്‍ അവരെന്നെ സല്യൂട്ടടിച്ചു. ഭാര്യയ്ക്കു സമാധാനമായി.എന്താണ് സംഭവം എന്നന്വേഷിച്ചപ്പോള്‍ അവര്‍ പറഞ്ഞു, അതിരാവിലെ ആറു മണിക്ക് മുതലമൈച്ചര്‍ കാണണമെന്നു പറഞ്ഞിട്ടുണ്ട്. അഞ്ചിനു തന്നെ അദ്ദേഹത്തിന്റെ തോട്ടത്തിലെത്തണം.
സിനിമാക്കാരൊക്കെയായി വളരെ വലിയ ബന്ധമുണ്ടായിരുന്ന ഡോ.ജഗദീശിന്റെ വാക്ക് ഞാന്‍ ഓര്‍ത്തു. ഞാന്‍ പറഞ്ഞു, ഞാന്‍ എങ്ങനെ ശ്രമിച്ചാലും ആ സമയത്തെത്താന്‍ സാധിക്കില്ല. എനിക്കവിടെ നിന്ന് ഒരു വാഹനവും ആ സമയത്തു കിട്ടില്ല. ഓഫീസിലാണെങ്കില്‍ എല്ലാവരും പോയിട്ടുമുണ്ടാവും. അവര്‍ പറഞ്ഞു. അതോര്‍ത്തു താങ്കള്‍ വിഷമിക്കേണ്ട. ഞങ്ങളെത്തിക്കാം അവിടെ. നാലരയ്ക്ക് തയാറായിരുന്നാല്‍ മതി.അങ്ങനെ പുലര്‍ച്ചയ്ക്കു മുമ്പേ ഞാന്‍ എം.ജി.ആറിന്റെ ഔദ്യോഗിക വസതിയിലേക്കു നയിക്കപ്പെട്ടു. ആള്‍ക്കൂട്ടങ്ങള്‍ തടിച്ചുകൂടിയ ആദ്യ രണ്ട് ഹാളുകള്‍ പിന്നിട്ട് തീര്‍ത്തും സ്വകാര്യമായ മൂന്നാമത്തെ സ്വീകരണമുറിയിലേക്ക് എന്നെ കൊണ്ടുപോയി. മുഖ്യമന്ത്രി ഉടന്‍ വരുമെന്നു പറഞ്ഞു. കുറച്ചു നിമിഷങ്ങള്‍ എനിക്കവിടെ കാത്തിരിക്കേണ്ടിവന്നു. നേരിട്ടറിയാവുന്ന രണ്ടു മൂന്നു മന്ത്രിമാരും അവിടെ അദ്ദേഹത്തെ കാത്തിരിപ്പുണ്ട്. കൃത്യം ആറിന് നമ്മളൊക്കെ കണ്ടിട്ടുള്ള അതേ ഗ്ലാമറില്‍ കറുത്ത കണ്ണടയും തൊപ്പിയുമൊക്കെ വച്ച് സാക്ഷാല്‍ എം.ജി.ആര്‍ മുന്നില്‍. ഞാന്‍ അദ്ദേഹത്തെ നോക്കി കൈകൂപ്പി. അറിയാവുന്ന തമിഴില്‍ ക്ഷമാപണത്തോടെ പറഞ്ഞു-മന്നിക്കണം. 'എനക്ക് തമിഴ് പേശ തെരിയാത്'
പ്രസന്നതയോടെ അദ്ദേഹം മറുപടി പറഞ്ഞു-'ഹാ അതിനെന്താ മിസ്റ്റര്‍ കുഞ്ഞികൃഷ്ണന്‍ നമുക്ക് സംസാരിക്കാന്‍ തമിഴെന്തിനാ? മലയാളത്തില്‍ പറഞ്ഞാല്‍ പോരേ?'
നല്ലൊന്നാന്തരം പാലക്കാടന്‍ മലയാളം! നല്ല സ്ഫുടത. സാന്ദര്‍ഭികമായി പറയട്ടെ, എന്നെ പിന്നീട് കണ്ടിട്ടുള്ളപ്പോഴെല്ലാം കഴിവതും അദ്ദേഹം മലയാളത്തില്‍ മാത്രമേ സംസാരിച്ചിട്ടുള്ളൂ.
വളരെ സൗമ്യനായി അദ്ദേഹം എന്നെ സ്വീകരിച്ചിരുത്തി. എന്നെക്കുറിച്ച് അദ്ദേഹത്തിനെല്ലാം അറിയാം. കുശലങ്ങള്‍ക്കുശേഷം അദ്ദേഹം കാര്യത്തിലേക്കു കടന്നു. നിങ്ങള്‍ ചേംബറിന്റെ പരിപാടി കാണിച്ചതു ഞാന്‍ കണ്ടു. നന്നായിരുന്നു. പക്ഷേ വലിയൊരു പ്രശ്‌നം സംഭവിച്ചു. അതിനു പിന്നില്‍ നിങ്ങളല്ല എന്നെനിക്കറിയാം. അവിടെ ദൂര്‍ദര്‍ശനില്‍ നിറയേ ഡിഎംകെ കാരാണ്. അവര്‍ മനഃപൂര്‍വം പറ്റിച്ച പണിയാണ്. ചടങ്ങില്‍ വിളക്കെടുത്തു രാഷ്ട്രപതിക്കു കൊടുത്ത അമ്മുവിന്റെ ദൃശ്യം വെട്ടിമാറ്റിയാണ് സംപ്രേഷണം ചെയ്തത്. എഐഡിഎംകെയുടെ വളരെ ഉത്തരാവാദപ്പെട്ടൊരു സ്ഥാനത്തിരിക്കുന്ന തമിഴിലെ വലിയൊരു നായികനടിയെയാണ് ഇങ്ങനെ വെട്ടിമാറ്റിയത്.
മനഃപൂര്‍വം അങ്ങനെയൊരു എഡിറ്റിങ് നടക്കാന്‍ സാധ്യതയില്ലെന്ന് ഞാന്‍ പറഞ്ഞുനോക്കി. അപ്പോള്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നദ്ദേഹം വളരെ നീണ്ടൊരു പട്ടിക പുറത്തെടുത്തുവായിച്ചുതുടങ്ങി. എല്ലാവരും എന്റെ കീഴില്‍ ദൂര്‍ദര്‍ശനില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഇവരൊക്കെ ഡിഎംകെ അനുഭാവികളോ പ്രവര്‍ത്തകരോ ആണ്. അവരുടെ മുന്‍കാല ചരിത്രം മുഴുവന്‍ അദ്ദേഹം എന്നോടു പറഞ്ഞു.അവര്‍ മനഃപൂര്‍വം ചെയ്തതാണിത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സത്യത്തിലെനിക്കു മറുപടിക്കു യുക്തികളില്ലായിരുന്നു.ഒന്നു മാത്രം ഞാന്‍ ചോദിച്ചു. ആരാണീ അമ്മു? അദ്ദേഹം അവരുടെ ചിത്രം കാണിച്ചു തന്നു. സാക്ഷാല്‍ ജയലളിത! പാര്‍ട്ടിയുടെ സംഘടനാ സെക്രട്ടറി. രാജ്യസഭാംഗം!.
പരിഹാരമായി എന്തു ചെയ്യാന്‍ സാധിക്കും എന്നുറപ്പില്ലാഞ്ഞിട്ടും ഞാന്‍ അദ്ദേഹത്തിനോടു പറഞ്ഞു- നോക്കട്ടെ സര്‍ ഞാനിതിനു പരിഹാരം കണ്ടെത്തിയിരിക്കും. ഫിലിമില്‍ ചിത്രീകരിക്കുന്നതുകൊണ്ട് നോട്ട് ഗുഡ് ഷോട്ടുകളൊക്കെ എഡിറ്റിങ് കഴിഞ്ഞാല്‍ അപ്പോഴെ കുപ്പത്തൊട്ടിയില്‍ കളയുകയും മാസാമാസം തൂക്കിവില്‍ക്കുകയുമാണ് പതിവ്. അവ വീണ്ടെടുക്കാനാവുമോ എന്നൊരുറപ്പുമില്ല. എങ്കിലും അദ്ദേഹത്തനു വാക്കുകൊടുത്തു.
തൊട്ടടുത്ത ആഴ്ച മധുരയില്‍ തമിഴ് മാനാട് സമ്മേളനം കവര്‍ ചെയ്യണം. പത്തറുപതാളുടെ ടീമിന് പോകണം. ഞാനിക്കാര്യം കൂടി സംസാരമധ്യേ സൂചിപ്പിച്ചു. ഉടന്‍ അദ്ദേഹം പബ്‌ളിക് റിലേഷന്‍സ് വകുപ്പു മന്ത്രി വീരപ്പനെ വിളിച്ചു. ദൂര്‍ദര്‍ശനുമായി നമുക്കുള്ള എല്ലാ പ്രശ്‌നങ്ങളും ഇതാ അവസാനിച്ചു. ഇനി അവര്‍ക്ക് വേണ്ട എല്ലാ സഹായസഹകരണങ്ങളും നമ്മുടെ സര്‍ക്കാര്‍ ചെയ്തുകൊടുക്കണം. കുഞ്ഞികൃഷ്ണന് എന്താവശ്യമുണ്ടെങ്കിലും വീരപ്പന്‍ നേരിട്ടിടപെട്ട് നിവര്‍ത്തിച്ചുകൊടുക്കണം. മാനാട് കവര്‍ ചെയ്യാന്‍ ഇവര്‍ പത്തറുപതുപേരുണ്ടാവുമെന്നു പറയുന്നു. അതിന് എന്താണ് വേണ്ടത് എന്നു വച്ചാല്‍ ചെയ്തുകൊടുക്കണം.അതുവരെ സംസാരിച്ച മലയാളിയായ രാമചന്ദ്രന്‍ അല്ല. വീരപ്പനെ കണ്ടതുമുതല്‍ നല്ല തമിഴിലായിരുന്നു സംഭാഷണം. അദ്ദേഹം എനിക്കു വീരപ്പന്റെ സ്വകാര്യനമ്പര്‍ തന്നു. പാര്‍ട്ടി അണികളെയും ചീഫ് സെക്രട്ടറിയേയും വിവരമറിയിക്കാനേല്‍പ്പിച്ചു. എന്നിട്ട് എന്നോടു പറഞ്ഞു. കുഞ്ഞികൃഷ്ണന് എന്താവശ്യമുണ്ടെങ്കിലും, അത് വ്യക്തിപരമോ, ഔദ്യോഗികമോ സ്വകാര്യമോ ആണെങ്കിലും ഏതു സമയത്തും എന്നെ വിളിക്കാം. വിളിച്ചിട്ടു കിട്ടിയില്ലെങ്കില്‍ എന്റെ പേഴ്‌സണല്‍ അസിസ്റ്റിന്റെ നമ്പര്‍ തരാം അതില്‍ വിളിച്ചു പറഞ്ഞാല്‍ മതി. അയാളോടു പറയുന്ന എന്തും ഞാനറിയും. ഞാന്‍ തിരികെ വിളിച്ചോളാം. നോക്കൂ, പറയുന്നത് എന്തിനും അധികാരമുള്ള തമഴികത്തിന്റെ മുതല്‍വനാണ്.ഏതാണ്ട് 45 മിനിറ്റോളം സംസാരിച്ചു. വീട്ടുകാര്യം ചോദിച്ചു. നാട്ടുകാര്യം തിരക്കി. ഒടുവില്‍ ഇറങ്ങാന്‍ മുതിരുമ്പോള്‍ പറഞ്ഞു. അതെ എന്റെ വീട്ടില്‍ ആദ്യം വന്നിട്ട് ഭക്ഷണം കഴിക്കാതെ പോകാനോ? അതു ഞാന്‍ സമ്മതിക്കില്ല. ഒരല്‍പം കൂടി സമയം തരണം. രാവിലെ കാണേണ്ട ചില മന്ത്രിമാരെ എളുപ്പം കണ്ടിട്ടു ഞാനെത്താം. നിങ്ങള്‍ ഡൈനിങ് ഹാളിലേക്കു പോയ്‌ക്കോളൂ.
അപ്പുറത്തെ മുറിയില്‍ ഞാന്‍ കാത്തിരുന്നു അല്‍പം കഴിഞ്ഞ് അദ്ദേഹം എത്തി. അയ്യോ എന്നെ കാത്ത് വിശന്നിരിക്കണ്ടായിരുന്നല്ലോ പറഞ്ഞെങ്കില്‍ അവര്‍ താങ്കള്‍ക്ക് ഭക്ഷണം വിളമ്പുമായിരുന്നല്ലോ എന്നു പറഞ്ഞു. ഒപ്പമിരുന്ന് ദോശയും വിവിധതരം ചമ്മന്തികളും പൊടിയുമൊക്കെ വിളമ്പി എന്നോടൊപ്പം പ്രാതല്‍ കഴിച്ചു. പോരാന്‍ നേരം എവിടെയാണ് താമസമെന്നന്വേഷിച്ചു. വാടകയ്ക്കാണെന്നു പറഞ്ഞപ്പോള്‍ മദ്രാസില്‍ വീടുവേണോ എന്നന്വേഷിച്ചു. ഏര്‍പ്പാടാക്കട്ടെ എന്നു ചോദിച്ചു. കാശില്ലാത്തതുകൊണ്ടും സ്ഥിരമായി അവിടെയുണ്ടാവുമെന്നുറപ്പില്ലാത്തതുകൊണ്ടും വേണ്ടെന്നു പറഞ്ഞു ഞാന്‍ പിന്‍വാങ്ങി
തിരികെ വന്നയുടന്‍ ഞാന്‍ എഡിറ്റ് സ്യൂട്ടില്‍ പോയി എനിക്കു വിശ്വാസമുള്ള ഒരു പ്രൊഡ്യൂസറെ വിളിച്ച് നോട്ട് ഗുഡ് ഫുട്ടേജുകള്‍ തപ്പിയെടുക്കാന്‍ ഏല്‍പ്പിച്ചു. അദ്ദേഹം സൂചിപ്പിച്ച ഡിഎംകെ വിഭാഗത്തില്‍ പെട്ടയാള്‍ തന്നെയാണെങ്കിലും എന്നോട് വിശ്വസ്തതപൂലര്‍ത്തിയ ആളായിരുന്നു ആ പ്രൊഡ്യൂസര്‍. അദ്ദേഹം കുറച്ചു മിനിറ്റുകള്‍ക്കകം ആ ഫുട്ടേജുകളുമായി തിരികെ വന്നു. ഞാന്‍ എങ്ങനെ പ്രശ്‌നം പരിഹരിക്കാമെന്നാരാഞ്ഞു. അദ്ദേഹം പറഞ്ഞു-അതിനെന്താ സാര്‍, നമുക്കീ ഞായറാഴ്ച രാവിലെ പ്രൈം ടൈമില്‍ പരിപാടിയുടെ റിപ്പീറ്റ് ടെലിക്കാസ്റ്റെന്നും പറഞ്ഞ് എഡിറ്റ് ചെയ്ത പ്രോഗ്രാം ഒന്നുകൂടി സംപ്രേഷണം ചെയ്യാം! അങ്ങനെ ജയലളിതയുടെ വിഷ്വല്‍ ഉള്‍പ്പെടുത്തി പരിപാടി അടുത്ത ഞായറാഴ്ച തന്നെ സംപ്രേഷണം ചെയ്തു. അതുവന്നയുടന്‍ തന്നെ കണ്ടിട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു വിളിച്ച് അഭിനന്ദിച്ചു. പിറ്റേന്ന് സംസ്ഥാനത്തെ ഡിപിആര്‍ സുന്ദരം വിളിച്ചു.
എന്തു മാജിക്കാണ് കുഞ്ഞികൃഷ്ണന്‍ ചെയ്തത് എന്നറിയില്ല. തലൈവര്‍ വലിയ ഹാപ്പിയാണ്. നിങ്ങള്‍ കേന്ദ്രത്തില്‍ നിന്ന് അനുമതി പോലും ചോദിക്കാതെയാണ് പ്രൈംടൈമില്‍ പരിപാടി റിപ്പീറ്റ് ചെയ്തത് എന്നെല്ലാം ഞങ്ങള്‍ക്കറിയാം എന്തായാലും എല്ലാ പ്രശ്‌നങ്ങളും ഇവിടെ അവസാനിക്കുന്നു.
പിന്നീട് പലവട്ടം എം.ജി.ആറിനെ കണ്ടുമുട്ടിയിട്ടുണ്ട്. അപ്പോഴൊക്കെ വീട്ടിലെല്ലാവര്‍ക്കും സുഖമാണോ മകന്റെ ആരോഗ്യമെങ്ങനെ (ഡോ.ജഗദീശന്‍ പറഞ്ഞിട്ടാവണം) എന്നുവരെ മലയാളത്തില്‍ എന്നോട് അന്വേഷിക്കുമായിരുന്നു. ഒരുതരം ഫാദര്‍ളി അഫക്ഷനോടെയാണ് അദ്ദേഹം എന്നോട് പിന്നീടെന്നും ഇടപെട്ടത്. അദ്ദേഹത്തിന്റെ ജനസ്വാധീനം വ്യക്തമാകുന്ന ഒരനുഭവവും എനിക്കുണ്ടായി.വെല്ലൂരില്‍ ഒരു ലോ പവര്‍ ട്രാന്‍സ്മിറ്ററിന്റെ ഉദ്ഘാടനത്തിന് കേന്ദ്ര വാര്‍ത്താവിതരണമന്ത്രി വന്നപ്പോഴായിരുന്നു അത്. മദ്രാസില്‍ നിന്ന് ഞങ്ങള്‍ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി പിന്നെ ഞാനും ഹെലിക്കോപ്റ്ററിലാണ് വെല്ലൂരിലേക്കു പോകേണ്ടത്. ഞാന്‍ കേന്ദ്രമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ വെയ്റ്റിങാണ്. മുഖ്യമന്ത്രി വരാന്‍ വൈകി. വന്നപാടെ ചോപ്പറില്‍ കയറുകയായിരുന്നു. അവിടെത്തുമ്പോള്‍ ജനസാഗരമാണവിടെ. ഞങ്ങള്‍ ചെന്നിറങ്ങിയതും തിരക്കിലേക്കു നടക്കും മുമ്പേ ഹെലിക്കോപ്റ്ററില്‍ നിന്ന് ഇറങ്ങിയപാടെ എന്നെ കണ്ടതും അദ്ദേഹം അരികിലെത്തി പതിവു സ്വാതന്ത്ര്യത്തോടെ എന്റെ തോളില്‍ തട്ടി സുഖമല്ലേ എന്നെല്ലാം ചോദിച്ച് രഹസ്യമായി മലയാളത്തില്‍ കുശലം ചോദിച്ചു. എനിക്കവിടെ താമസസൗകര്യം ഒരുക്കേണ്ടതുണ്ടോ ഗസ്റ്റ്ഹൗസില്‍ വിളിച്ചേര്‍പ്പാടാക്കണോ എന്നെല്ലാം ചോദിച്ചു. വേണ്ട മന്ത്രാലയം കാര്യങ്ങളെല്ലാം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നു നന്ദിയോടെ ഞാന്‍ മപറഞ്ഞു. നോക്കൂ തെന്നിന്ത്യയിലെ അതിശക്തനായൊരു മുഖ്യമന്ത്രിയാണ് എന്നെപ്പോലൊരാളോട് ഇങ്ങനെ സംസാരിക്കുന്നത്. അദ്ദേഹം നടന്നുനീങ്ങിയതും കൂടിനിന്ന ആള്‍ക്കൂട്ടത്തില്‍ പലരും എന്റെ കാലുതൊട്ടു വന്ദിച്ചു. പൊലീസുകാര്‍ എന്നെ സല്യൂട്ട് ചെയ്യുന്നു. തലൈവര്‍ തൊട്ട എന്റെ കയ്യില്‍ തൊടാന്‍ തിരക്കുകൂട്ടി. അദ്ദേഹം തട്ടിയ തോളില്‍ ചിലര്‍ ഉമ്മവയ്ക്കുക വരെ ചെയ്തു! തമിഴ്‌നാട്ടിലെ സാധാരണക്കാരുടെ ദൈവമായിരുന്നു എം.ജി.ആര്‍ എന്ന ആ മഹാപ്രതിഭാസം.
മദ്രാസിലായിരിക്കുമ്പോഴാണല്ലോ തിരുവനന്തപുരം നിലയത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് വീണ്ടും കേരളത്തിലേക്കെത്തുന്നത്?
മദ്രാസ് ദൂര്‍ദര്‍ശനുവേണ്ടി എല്ലാ ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുമായും മാറി മാറി മാസത്തില്‍ ഒരുമണിക്കൂര്‍ സംവാദ പരിപാടിയുണ്ടായിരുന്നു. അതിന്റെ ചിത്രീകരണത്തിന് മിക്കവാറും ഞാന്‍ നേരിട്ടാണ് പോയിരുന്നത്. അങ്ങനെയാണ് കേരള മുഖ്യമന്ത്രി കെ.കരുണാകരനുമായി കണ്ടുമുട്ടുന്നതും പരിചയത്തിലാവുന്നതും. അതിനു മുന്നേ തന്നെ അദ്ദേഹത്തിന് എന്നെപ്പറ്റി അറിയാമായിരുന്നു. ഞങ്ങള്‍ ഒരേ നാട്ടുകാരാണല്ലോ, കണ്ണൂര്‍ക്കാര്‍. ആ പരിഗണനയും സ്‌നേഹവും ഉണ്ടായിരുന്നു. ടെലിവിഷന്‍ എന്ന മാധ്യമത്തിന്റെ പ്രസക്തിയും സ്വാധീനവും നന്നായി തിരിച്ചറിഞ്ഞ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ അക്കാലത്തു തന്നെ അദ്ദേഹം കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി വി.എന്‍ ഗാഡ്ഗിലിനു മേല്‍ കേരളത്തിലൊരു ദൂര്‍ദര്‍ശന്‍ കേന്ദ്രത്തിനുവേണ്ടിയുള്ള സമ്മര്‍ദ്ദമാരംഭിക്കുകയും ചെയ്തു. ആ ശ്രമങ്ങളുടെ ഫലശ്രുതിയാണ് പിന്നീട് തിരുവനന്തപുരത്തെ കുടപ്പനക്കുന്നില്‍ ഉയര്‍ന്ന ദൂര്‍ദര്‍ശന്‍ കേന്ദ്രം!
(തുടരും)
സംപ്രേഷണത്തിലെ കറുപ്പും വെളുപ്പും വര്‍ണങ്ങളും
കെ.കുഞ്ഞികൃഷ്ണന്‍/എ.ചന്ദ്രശേഖര്‍
ഭാഗം 2
തമിഴ് പരമ്പരകളുടെ ശുക്രദശയില്‍ മദ്രാസ് നിലയത്തിന്റെ സ്വതന്ത്രചുമതല വഹിക്കുന്ന കാലത്താണ് കുഞ്ഞികൃഷ്ണനോട്, കേരളത്തില്‍ ഒരു സമ്പൂര്‍ണ സംപ്രേഷണനിലയം സ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രമന്ത്രാലയം ചുമതലയേല്‍പ്പിക്കുന്നത്. കേരള മുഖ്യമന്ത്രി കെ കരുണാകരന് ടെലിവിഷനോടുണ്ടായിരുന്ന വലിയ താല്‍പര്യമായിരുന്നു കാരണം. കേന്ദ്ര മന്ത്രി വി.എന്‍.ഗാഡ്ഗിലിനോട് ആവശ്യം ആവര്‍ത്തിക്കുന്നിതിനടെ തന്നെ, റിലേ സ്‌റ്റേഷനായിരുന്ന കുടപ്പനക്കുന്ന് ദൂര്‍ദര്‍ശന്‍ നിലയത്തെ പൂര്‍ണസജ്ജമായൊരു നിര്‍മ്മാണകേന്ദ്രമാക്കിക്കാനും അദ്ദേഹം പരിശ്രമച്ചുകൊണ്ടേയിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതിനൊക്കെ കളമൊരുക്കാനും മുന്‍കൈയെടുത്തത് കരുണാകരന്‍ തന്നെയായിരുന്നു. ഏഷ്യാഡ് കഴിഞ്ഞ്, കെ പി പി നമ്പ്യാര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരിക്കെ കെല്‍ട്രോണിന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് ഒരു മണിക്കൂര്‍ കേബിളില്‍ മലയാളം പരിപാടികള്‍ സംപ്രേഷണം ചെയ്തുകൊണ്ടായിരുന്നു അത്. അതു പക്ഷേ ദീര്‍ഘകാലം നീണ്ടുനിന്നില്ല. കാരണം ഇന്ത്യയില്‍ ടിവി സംപ്രേഷണത്തിന് കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളുടെ അനുമതി വേണ്ടിയിരുന്നു. അതല്ലാതെയുളള ഏതു സംപ്രേഷണവും നിയമവിരുദ്ധമായിരുന്നു. നമ്പ്യാരോട് ഇക്കാര്യം ഐ ആന്‍ഡ് ബി സെക്രട്ടറി തന്നെ വ്യക്തമാക്കുകയും ചെയ്തു. അതോടെ, ദൂര്‍ദര്‍ശന്റെ സ്വന്തമായ നിര്‍മ്മാണ സംപ്രേഷണകേന്ദ്രം എന്ന ആവശ്യത്തിന് കെ കരുണാകരന്‍ ആക്കം കൂട്ടി. അതിന്റെ ഭാഗമായായിരുന്നു കുഞ്ഞികൃഷ്ണനോട് തിരുവനന്തപുരത്തു പോയി കാര്യങ്ങള്‍ വിലയിരുത്താന്‍ മണ്ഡി ഹൗസില്‍ നിന്നാവശ്യപ്പെടുന്നത്. അതേപ്പറ്റി കുഞ്ഞികൃഷ്ണനില്‍ നിന്നു തന്നെ കേള്‍ക്കാം.
തിരുവനന്തപുരത്ത് അതിനാടകീയ സംഭവങ്ങളാണല്ലോ താങ്കളെ കാത്തിരുന്നത്.
അയ്യോ. അതൊരു വല്ലാത്ത അനുഭവം തന്നെയായിരുന്നു. 1984 ഒക്ടോബര്‍ 31 നു ബുധനാഴ്ചയാണ് ഞാന്‍ മദ്രാസില്‍നിന്ന് വന്നിറങ്ങിയത്. ഇന്ത്യാചരിത്രത്തിലെ ഏറ്റവും ഇരുണ്ട നാളായിരുന്നല്ലോ അത്. മുംബൈ ദൂര്‍ദര്‍ശന്റെ ബജറ്റില്‍ ഏഴു പ്രൊഡ്യൂസര്‍മാരെയും അനുബന്ധവിഭാഗങ്ങളില്‍ ചില സാങ്കേതിക വിദഗ്ദ്ധരെയും തിരവനന്തപുരത്തേക്കായി നിയമിക്കുകയും അവര്‍ക്ക് ഹ്രസ്വപരിശീലനം നല്‍കുകയും ചെയ്തിരുന്നു. അവരെല്ലാം രണ്ടോ മൂന്നോ മാസമായി കുടപ്പനക്കുന്നിലെ കെട്ടിടത്തിലെത്തി അലഞ്ഞുനടക്കുകയാണ്. ഇരിപ്പിടങ്ങളില്ല. സ്റ്റുഡിയോ കെട്ടിടസമുച്ചയം പണി പുരോഗമിക്കുന്നതേയുള്ളൂ. ഇന്ദിരാഗാന്ധിയുടെ താല്പര്യപ്രകാരം മൂന്ന് ഇന്ത്യന്‍ പട്ടണങ്ങളില്‍ കൂടി നിര്‍മ്മാണകേന്ദ്രങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം കേന്ദ്രത്തെ പരിഗണിച്ചത്. ഒരു കിലോവാട്ട് ശേഷിയുള്ള സംപ്രേഷിണി ഡല്‍ഹി യില്‍നിന്നുള്ള ഹിന്ദി പരിപാടികള്‍ റിലേ ചെയ്യുന്നതിനാല്‍ സ്റ്റേഷന്‍ എന്‍ജിനീയര്‍ പി.ആര്‍.എസ്. നായരുടെ നേതൃത്വത്തിലുള്ള കുറെ ഉദ്യോഗസ്ഥന്മാര്‍ അവിടെയുണ്ട്. ദൂരദര്‍ശന്‍കേന്ദ്രത്തിലെ സ്റ്റുഡിയോയുടെ സാങ്കേതികസജ്ജീകരണങ്ങളൊരുക്കാന്‍ എന്‍. സി. പിള്ളയുടെ നേതൃത്വത്തിലുള്ള എന്‍ജിനീയര്‍മാരുമുണ്ട്.
ഗസ്റ്റ്ഹൗസ്മുറിയില്‍നിന്ന് കുളിച്ച് വേഷം മാറി, ഞാന്‍ കുടപ്പനക്കുന്നിലെത്തി. എന്നെ വിളിക്കാന്‍ വന്നത് മുന്‍പ് മദ്രാസില്‍ പേഴ്‌സണല്‍ എന്റെ അസിസ്റ്റന്റായിയിരുന്ന ജനാര്‍ദ്ദനന്‍പിള്ളയാണ്. ഞങ്ങള്‍ കയറിയ ടാക്സി കുടപ്പനക്കുന്നിലേക്കുള്ള കയറ്റത്തു കേടായി. ആദ്യമേ ഒരു അവലക്ഷണം. എന്നെ കണ്ടതും എന്‍. സി. പിള്ള പിള്ള പറഞ്ഞു: ''ഡല്‍ഹിയില്‍നിന്ന് വളരെ ദുഃഖകരമായ വാര്‍ത്ത കേട്ടു. ഉറപ്പു പറയുന്നില്ല, ആരും.' പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അംഗരക്ഷകര്‍ വെടിവച്ച. മരിച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത വാര്‍ത്ത! ഞങ്ങളെല്ലാം ഞെട്ടലിലാണ്. ഉച്ചസമയം. ആകാശവാണി വാര്‍ത്ത പ്രക്ഷേപണം ചെയ്തിട്ടില്ല. ഔദ്യോഗിക മായി മരണം പ്രഖ്യാപിച്ചിട്ടില്ല. ഞങ്ങള്‍ നിശ്ശബ്ദരായി കാത്തിരുന്നു.
ഒരു മണിക്കൂറിനു ശേഷം ഡല്‍ഹിയില്‍നിന്നെനിക്കു ഫോണ്‍ വന്നു. അഡീഷണല്‍ ഡയറക്ടര്‍ ജനറ ലായിരുന്ന ശിവശര്‍മ്മയാണ്. തിരുവനന്തപുരത്തു നിന്ന് ഉടനെ മദ്രാസിനു മടങ്ങാനാവുമോ എന്നായിരുന്നു ചോദ്യം. അല്പം നിര്‍ത്തിയ ശേഷം അല്ലെങ്കില്‍ വേണ്ട, തിരുവനന്തപുരത്തുതന്നെ തുടരൂ എന്നും അവിടെ രണ്ടു പുതിയ ലോ ബാല്‍ഡ് ഇ.എന്‍.ജി. ക്യാമറ യൂണിറ്റുകളുണ്ടെന്നും അവ പെട്ടെന്നുതന്നെ റെക്കോര്‍ഡിങിനു പ്രവര്‍ത്തന സജ്ജമാക്കമെന്നും അടുത്ത നിര്‍ദ്ദേശത്തിനായി കാക്കാനും പറഞ്ഞു.
നവംബര്‍ ഒന്നിന് ഉച്ചയ്ക്ക് മുഖ്യമന്ത്രി കരുണാകരന്റെ വീട്ടില്‍ ചെന്നു കാണാനായിരുന്നു അദ്ദേഹ ത്തിന്റെ ഓഫീസില്‍നിന്ന് അറിയിച്ചിരുന്നത്. അദ്ദേഹം. പക്ഷേ, വാര്‍ത്ത കേട്ട ഉടനെതന്നെ ഡല്‍ഹിക്ക് തിരിച്ചു. ഡല്‍ഹിയില്‍നിന്നുള്ള തുടര്‍നിര്‍ദ്ദേശങ്ങളും കാത്ത് ഞങ്ങള്‍ മൂന്നുപേരും സ്റ്റേഷന്‍ എന്‍ജിനീയറുടെ ഓഫീസില്‍ത്തന്നെ ഇരുന്നു. ക്യാമറ യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കി. അതിനിടയില്‍ വാര്‍ത്ത കാട്ടുതീപോലെ പരന്നു. നഗരം നിശ്ചലമായി. ദൂരദര്‍ശന്‍ ടവര്‍നിര്‍മ്മാണത്തിനെത്തിയ ഒരു സര്‍ദാര്‍ജിയുണ്ടാ യിരുന്നു. അയാള്‍ പുറത്തിറങ്ങിയാല്‍ ജനം കൈകാര്യം ചെയ്യും. ജീവന്‍ അപകടത്തിലാണെന്നറിഞ്ഞ് അയാള്‍ ഞങ്ങളിരിക്കുന്ന മുറിയില്‍ വന്ന് പൊട്ടിക്കരഞ്ഞത് ഓര്‍ക്കുന്നു. അയാളെ അവിടെത്തന്നെ താമസിപ്പിക്കാന്‍ ഏര്‍പ്പാടു ചെയ്തു. അയാളാവണം ആദ്യമായി തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ രാത്രി താമസിച്ചയാള്‍!
ഏറെ വൈകി ഡല്‍ഹിയില്‍നിന്ന് നിര്‍ദ്ദേശം വന്നു. മുഖ്യമന്ത്രിയുടെയും മറ്റു പ്രമുഖരുടെയും അനു ശോചന സന്ദേ ശങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് ഡല്‍ഹിയിലെത്തിക്കണം. ടേപ്പുകള്‍ വിമാനമാര്‍ഗ്ഗം അയയ്ക്കാന്‍ പിറ്റേന്നു രാവിലെതന്നെ മന്ത്രി മാരുമായും രാഷ്ട്രീയനേതാക്കന്മാരുമായി ബന്ധപ്പെട്ടു തുടങ്ങി. ആദ്യം വേണ്ടത് ഇ. കെ. നായനാരുടെ സന്ദേശമായിരുന്നു. ആ ബൈറ്റ് ഷൂട്ട് ചെയ്തത് ഇന്നും മായാത്ത ഒര്‍മ്മയാണ്. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മദിരാശിയില്‍ ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗത്തിനു മദ്രാസില്‍ വന്നപ്പോള്‍ മന്ത്രിമാരായ ആര്‍. ബാലകൃഷ്ണപിള്ള, കെ.എം. മാണി എന്നിവരോടൊപ്പം മദ്രാസ് ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ വന്നിരുന്നു. അപ്പോഴദ്ദേഹം എന്നോട് ദീര്‍ഘമായി സംസാരിക്കുകയും ഞങ്ങളുടെ ഗ്രാമത്തില്‍ താമസിച്ച കാര്യം പരാമര്‍ശിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് എന്റെ വീട്ടുകാരെ അറിയാമായിരുന്നു.
അനുശോചനസന്ദേശത്തിനായി എ.കെ.ജി. സെന്ററില്‍ വിളിച്ചു. പക്ഷേ, ഫോണ്‍ എടുത്തയാള്‍ നായനാര്‍ക്കു ഫോണ്‍ കൊടുക്കുന്നില്ല! ആരോ കളിപ്പിക്കാന്‍ വിളിക്കുകയാണെന്നാണു പ്രൈവറ്റ് സെക്രട്ടറി ഇ.എന്‍. മുരളീധരന്‍നായര്‍ കരുതിയത്. തിരിച്ചു വിളിക്കാനൊരു നമ്പര്‍ ചോദിച്ച് അദ്ദേഹം ഫോണ്‍ താഴെവെച്ച് പത്തു മിനിട്ടു കഴിഞ്ഞ് വിളി വന്നു. റെക്കോര്‍ഡിംഗിന് നായനാര്‍ വരുന്ന സമയം അറിയിച്ചു. ഞാന്‍ അദ്ദേഹത്തെ സ്വീകരിച്ച് പണി നടക്കുന്ന സ്റ്റുഡിയോവിലേക്കു നയിച്ചു. എന്നെ കണ്ട ഉടനെ അദ്ദേഹം ചോദിച്ചു: ''അല്ല, നീയെന്താ ഇവിടെ?''ഞാന്‍ സാഹചര്യം വിശദീകരിച്ചപ്പോള്‍ ഉടന്‍ വന്നു അടുത്ത ചോദ്യം, ''എന്നിട്ടെന്താ എന്നെ വിളിക്കാത്തത്?'' ഞാന്‍ നടന്ന കാര്യം പറഞ്ഞുതുടങ്ങിയപ്പോള്‍ സെക്രട്ടറി മുരളീധരന്‍ നായര്‍ ഇടയില്‍ കയറി ചോദിച്ചു: ''നിങ്ങള്‍ തമ്മില്‍ നേരത്തെ അറിയുമായിരുന്നോ?' അദ്ദേഹത്തിന്റെ മറുപടി, ''ഇവന്‍ എനിക്ക് വളരെ വേണ്ടപ്പെട്ടയാളാണ്.'' ഇ. എന്‍. മുരളീധരന്‍നായരുടെ മാസികയായ 'യുഗ രശ്മി'യില്‍ ഞാന്‍ ലേഖനങ്ങളെഴുതിയിരുന്നെങ്കിലും നേരിട്ടു കണ്ടിരുന്നില്ല. പിന്നീട് ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായി.
ആ റെക്കോര്‍ഡിങ് സമയത്തെന്നപോലെ നായനാരെ അത്രയും തരളിതനായി ആരും കണ്ടിട്ടുണ്ടാവില്ല. ഒരിക്കല്‍ നാലഞ്ചു നേതാക്കള്‍ക്കൊപ്പം താന്‍ ഇന്ദിരാഗാന്ധിയെ കണ്ട അനുഭവമാണ് അദ്ദേഹം പങ്കുവച്ചത്. വളരെ ക്ഷുഭിതനായി കേന്ദ്ര അവഗണനയെകുറിച്ചൊക്കെ അവരോട് ഒച്ചയെടുത്തു സംസാരിക്കേണ്ടി വന്നു അദ്ദേഹത്തിന്. എല്ലാം കഴിഞ്ഞ് പുറത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍. ''മിസ്റ്റര്‍ നായനാര്‍, ഒരു മിനിറ്റ് ഇരിക്കൂ.'' എന്ന് ഇന്ദിരാഗാന്ധി പറഞ്ഞു. അതു കഴിഞ്ഞ് അവര്‍ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റിയും കഴിക്കുന്ന മരുന്നുകളെപ്പറ്റിയും ചോദിച്ചറിഞ്ഞു. ചികിത്സയ്ക്കായി വിദേശത്തോ മറ്റോ ഏര്‍പ്പാടാക്കണോ എന്നന്വേഷിച്ചു. പിന്നെ കാണുമ്പോ ഴൊക്കെ അദ്ദേഹത്തിന്റെ അടുത്തു ചെന്ന് ആരോഗ്യം ശ്രദ്ധിക്കണമെന്നവര്‍ പ്രത്യേകം പറയുമായിരുന്നുവെന്നു പറയുമ്പോള്‍ നായനാര്‍ പൊട്ടിക്കരഞ്ഞ് കണ്ണീരൊഴുക്കി. ടെലിവിഷന്‍ എന്നാല്‍ കാണാവുന്ന റേഡിയോ എന്ന സങ്കല്‍പം തന്നെ തിരുത്തിക്കുറിച്ച ഒരു ബൈറ്റായിരുന്നു അത്. ദൃശ്യത്തിന്റെ വൈകാരിക കരുത്ത് അത് മലയാളികള്‍ക്കു കാണിച്ചുകൊടുത്തു.
പിന്നീട് തിരുവനന്തപുരത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കൊടുക്കുന്നത്...?
പരിശോധനയില്‍ നിര്‍മ്മാണകേന്ദ്രത്തിനു പറ്റിയ പശ്ചാത്തലമോ ഭൗതികസാഹചര്യങ്ങളോ ഒന്നും പൂര്‍ത്തിയായിരുന്നില്ല. പരിമതികളേ ഉണ്ടായിരുന്നുള്ളൂ. അങ്ങോട്ടേക്ക് ബസ്സോ മറ്റ് ഗതാഗത സൗകര്യങ്ങളോ ഇല്ല. കേന്ദ്രം വന്നാല്‍ പത്തുനൂറുപേര്‍ക്കു പ്രവര്‍ത്തിക്കാന്‍ വേണ്ട സൗകര്യം വേണം. ഭക്ഷണസൗകര്യം വേണം. വെള്ളമില്ല. ഡെഡിക്കേറ്റഡ് ഇലക്ട്രിക്ക് കണക്ഷന്‍ പോലുമുണ്ടായിരുന്നില്ല. സ്റ്റുഡിയോയില്‍ എപ്പോഴും കനത്ത ഏ.സി വേണം. സാമാന്യനിലയ്ക്ക് ടെലിവിഷന്‍ നിര്‍മ്മാണത്തിനു പറ്റിയ സാഹചര്യമൊന്നുമില്ല. അക്കാലത്ത് 16 എം.എം പോസിറ്റീവ് ഫിലിം ആയിരുന്നു ഉപയോഗിച്ചിരുന്നത്. ശബ്ദലേഖനത്തിന് 'സെപ്മാഗ്' എന്നു വിളിച്ചിരുന്ന ടേപ്പുകളും റെക്കോഡറുകളും. പക്ഷേ, തിരുവനന്തപുരത്തേക്ക് താരതമ്യേന പുതിയ സാങ്കേതികോപകരണങ്ങളാണ് ലഭിച്ചത്. ഒപ്പം വലിയൊരു ടീം സ്പിരിറ്റും അവിടത്തെ കുറച്ചാളുകളില്‍ വല്ലാതെ പ്രകടമായി കണ്ടു. അത് അനുശോചനസന്ദേശങ്ങളുടെ ചിത്രീകരണവേളയില്‍ തന്നെ എനിക്കു ബോധ്യമായതുമാണ്. അതുകൊണ്ടുതന്നെ പരിമിതകളുണ്ടെങ്കിലും സ്റ്റേഷന്‍ ആരംഭിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍ എന്നൊരു റിപ്പോര്‍ട്ട് ഞാന്‍ ഡല്‍ഹിക്കയച്ചു. അന്ന്, എന്നെ ഈ റിപ്പോര്‍ട്ട് തയാറാക്കാന്‍ അയച്ചപ്പോഴേ ഡയറക്ടര്‍ ജനറല്‍ സൂചിപ്പിച്ചത,് അഥവാ തിരുവനന്തപുരത്ത് നിലയം വന്നാലും താങ്കളെ അങ്ങോട്ട് നിയോഗിക്കണമെന്നേയില്ല എന്നാണ്. എന്റെ റിപ്പോര്‍ട്ട് വസുതനിഷ്ഠമാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്തായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്?
അതാണ് രസം. പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടാഴ്ച കഴിഞ്ഞാണു മുഖ്യമന്ത്രി കരുണാകരനെ ഞാന്‍ നേരിട്ടു കാണുന്നത്. അപ്പോഴേ അദ്ദേഹം ഡല്‍ഹിയില്‍ നിന്നു മടങ്ങിയെത്തിയുള്ളൂ. അദ്ദേഹത്തെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചപ്പോള്‍ സന്ദിഗ്ധതയ്ക്കു വകയില്ലാതെ അദ്ദേഹം പറഞ്ഞു-''നോക്കൂ മി.കുഞ്ഞികൃഷ്ണന്‍. സംസ്ഥാന സര്‍ക്കാര്‍ താങ്കളുടെ വിളിപ്പുറത്തുണ്ട്. എന്തു വേണമെങ്കിലും പറഞ്ഞോളൂ. പക്ഷേ ഞങ്ങള്‍ക്കീ ടിവി കേന്ദ്രം സാധ്യമാക്കണം. അതെങ്ങനെയായാലും ശരി.''
തന്നെ എപ്പോള്‍ വേണമെങ്കിലും നേരിട്ടു വിളിക്കാന്‍ വരെ അദ്ദേഹം സൗകര്യം ചെയ്തു തന്നു. ഫോണില്‍ കിട്ടിയില്ലെങ്കില്‍ പൊലീസ് വയര്‍ലെസില്‍ വിളിച്ചോളാന്‍ വരെ പറഞ്ഞു. അത്രയ്ക്ക് ഇച്ഛാശക്തിയാണ് അദ്ദേഹത്തില്‍ പ്രകടമായത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി സി.പി.നായരോട്, എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും ദൂര്‍ദര്‍ശനില്‍ നിന്നുള്ള എന്താവശ്യത്തിനും തടസമില്ലാത്ത പിന്തുണ നല്‍കാനും ചട്ടം കെട്ടി. ഞങ്ങളെസംബന്ധിച്ച് വളരെ വലിയ പിന്തുണ തന്നെയാണ് മുഖ്യമന്ത്രിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നുമുണ്ടായത്.
അദ്ദേഹത്തിന്റെ ഉത്സാഹം കണ്ട് ഞാനും എന്താണ് ചെയ്യാനാവുക എന്നാലോചിച്ചു. സ്റ്റുഡിയോ കെട്ടിടം പണി നടക്കുന്നതേയുള്ളൂ. സെറ്റുകളൊക്കെ പൊളിച്ചു സൂക്ഷിക്കുന്നൊരു ഷെഡ്ഡുണ്ട് അതിന്റെ ഒരു വശത്ത്. അതൊഴിച്ചെടുത്താല്‍ താത്കാലികമായി കെട്ടിടം പൂര്‍ത്തിയാവുംവരെ അതിനെ സ്റ്റുഡിയോയാക്കാം. നാലു ലോ ബാന്‍ഡ് കളര്‍ ക്യാമറ. ജലന്ധറില്‍ നിന്നുപേക്ഷിച്ചൊരു ഒബി വാന്‍ എന്നിവയെല്ലാമുണ്ടായിരുന്നു. 1984 ഡിസംബര്‍ 10 നാണ് ഞാന്‍ തിരുവനന്തപുരം ദൂര്‍ദര്‍ശന്റെ ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. മലയാളത്തില്‍ മാത്രമുള്ള ഇന്ത്യയിലെ ആദ്യ ടിവി ചാനല്‍. ഇക്കാലത്ത് ഊഹിക്കാന്‍പോലും പറ്റാത്ത ഒട്ടേറെ കടമ്പകളുണ്ട്. 1985 ജനുവരി ഒന്നിന് ഉദ്ഘാടനത്തിനുള്ള അനുമതി കിട്ടി. ഒരു മണിക്കൂര്‍ നേരത്തെ പരിപാടികള്‍. 15 മിനിറ്റ് മലയാളം വാര്‍ത്ത. ആദ്യം ഒരു ഫിക്‌സ്ഡ് പോയിന്റ് ചാര്‍ട്ടുണ്ടാക്കി. പലവിധ പരിപാടികള്‍ക്ക് പ്രാതിനിധ്യം നല്‍കി. പരിപാടികള്‍ വൈവിദ്ധ്യം നിറഞ്ഞതായിരുന്നു; പതിനഞ്ച് മുപ്പത് മിനുട്ട് സമയത്തേക്കുള്ള സ്ലോട്ടുകള്‍. തത്സമയ സംപ്രേഷണത്തിനും താല്ക്കാലിക സ്റ്റുഡിയോ. പരിമിതികളായിരുന്നു അധികം.
പക്ഷേ അക്കാലത്തെ സഹപ്രവര്‍ത്തകരെല്ലാം ചെറുപ്പത്തിന്റെ ആവേശത്തിലായിരുന്നു. എന്തു വന്നാ ലും നിശ്ചയിച്ച ദിവസം തുടങ്ങണം. ഏഴ് പ്രൊഡ്യൂസര്‍മാരും പ്രൊഡക്ഷന്‍ അസിസ്റ്റന്റുമാരായ അഞ്ചുപേരു മാണ് പരിപാടികളുടെ നിര്‍മ്മാണച്ചുമതലയുള്ളവര്‍. പരിശീലനം കഴിഞ്ഞ് വെറുതെയിരിക്കുന്നതിന്റെ മടുപ്പ് ഒഴിവായതില്‍ അവരും വളരെ ഉത്സാഹത്തിമിര്‍പ്പിലായിരുന്നത് ഭാഗ്യം. ബൈജുചന്ദ്രന്‍, ജി.സാജന്‍, സി.കെ തോമസ്, എം.എ.ദിലീപ്, ടി.ചാമിയാര്‍, ജോണ്‍ സാമുവല്‍, എസ്.വേണു എന്നിവരായിരുന്നു ആദ്യത്തെ ഏഴ് പ്രൊഡ്യൂസര്‍മാര്‍. പിന്നീട് വലിയ ചലച്ചിത്രകാരനായ ശ്യാമപ്രസാദ്, എ.അന്‍വര്‍, പി.കെ മോഹന്‍, ജി.ജയകുമാര്‍, ലതാമണി എന്നിവരായിരുന്നു പ്രൊഡക്ഷന്‍ അസിസ്റ്റന്റുമാര്‍. പക്ഷേ ശ്രേണിയൊന്നും നോക്കാതെ ഒറ്റക്കെട്ടായിട്ടായിരുന്നു തിരുവനന്തപുരത്തെ ടീം പ്രവര്‍ത്തിച്ചത്. സി.എന്‍ പിള്ളയും കൃഷ്ണമൂര്‍ത്തിയുമായിരുന്നു ചീഫ് ക്യാമറാമാന്മാര്‍.
ടാഗോര്‍ തീയേറ്ററില്‍ ആയിരുന്നു ഉദ്ഘാടനം. ഒരു മണിക്കൂര്‍നേരം പ്രസംഗങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തി ന്റെ തനതായ കലാപരിപാടികള്‍ രണ്ടു മണിക്കൂര്‍ നേരം എന്നായിരുന്നു നിശ്ചയം. എല്ലാം തത്സമയസം പ്രേഷണം. ബോംബെയില്‍നിന്നും മദ്രാസില്‍നിന്നും സാങ്കേതികോപകരണങ്ങള്‍ വന്നു. ഓരോ പരിപാടിയും സ്‌ക്രീനില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചു. പ്രശസ്ത സംഘങ്ങളെക്കൊണ്ട് റിഹേഴ്സലുകള്‍ നടത്തിച്ചു. പിറ്റേന്നു മുതല്‍ കുടപ്പനക്കുന്നില്‍നിന്ന് ദിവസവും പരിപാടികള്‍ സംപ്രേഷണം ചെയ്യണം. സാധാരണ ഒരു ടിവി ചാനല്‍ തുടങ്ങുമ്പോള്‍ കുറഞ്ഞത് മൂന്നു മാസത്തേക്കുള്ള പരിപാടികളുടെ കരുതണം. പക്ഷേ, അതിനൊന്നും സമയമില്ല. അതിനാല്‍ നിര്‍മ്മിക്കാന്‍ അധികം ബുദ്ധിമുട്ടില്ലാത്ത അഭിമുഖങ്ങളും ചര്‍ച്ചകളും കുറേയേറെ ഉള്‍പ്പെടുത്തേണ്ടിവന്നു. ആദ്യത്തെ അനൗണ്‍സര്‍ തുളസിയായിരുന്നു. മറ്റുള്ളവരുടെ കൂട്ടത്തില്‍ ഇന്ദു, ഷീല രാജഗോപാല്‍, പത്മകുമാര്‍, കലാദേവി, നാരായണന്‍, അന്നാ കുരുവിള, ഇംതിയാസ് അഹമ്മദ് തുടങ്ങിയവരെല്ലാമുണ്ടായിരുന്നു. ആദ്യ സംഘത്തിനു ശേഷം വന്നവരില്‍ ആശ ഗോപന്‍, ശ്രീകല, പിന്നീട് സെലിബ്രിറ്റി കുക്കായി ശ്രദ്ധിക്കപ്പെട്ട ലക്ഷ്മി നായര്‍ എന്നിവര്‍ വളരെക്കാലം തുടര്‍ന്നു.
ആദ്യ വാര്‍ത്താവതാരകന്‍ കണ്ണനായിരുന്നു. ബൈജുചന്ദ്രന്‍ നിര്‍മ്മിച്ച ആ ബുള്ളറ്റിനില്‍ കണ്ണന്‍ വായിച്ച ആദ്യ വാര്‍ത്താ തലവാചകം മലയാളം ദൂര്‍ദര്‍ശന്‍ സംപ്രേഷണം തുടങ്ങി എന്നായിരുന്നു. ആദ്യ അവതാരകരുടെ കൂട്ടത്തില്‍ സന്തോഷ്, ആകാശവാ ണിയില്‍ നിന്നു വന്ന രാജേശ്വരി മോഹന്‍, അലക്സ് വള്ളക്കാലില്‍, മായ ശ്രീകുമാര്‍, ഹേമലത, ആല്‍ബര്‍ട്ട് അലക്സ്, ആര്‍. ബാലകൃഷ്ണന്‍, രാധിക, നാരായണന്‍ തുടങ്ങിയവരുണ്ടായിരുന്നു. വാര്‍ത്താബുള്ളറ്റിനുകളെപ്പറ്റി ഏറ്റവും സൂക്ഷ്മമായ അഭിപ്രായങ്ങള്‍ പറഞ്ഞത് മുഖ്യമന്ത്രി കെ. കരുണാകരനാണ്. ഉള്ളടക്കത്തിനു പുറമെ അക്ഷരത്തെറ്റുകളും അദ്ദേഹം ചൂണ്ടിക്കാട്ടി. വാര്‍ത്താവായന ഞാന്‍ കൃത്യമായി മോണിറ്റര്‍ ചെയ്തിരുന്നു. മാസത്തിലൊരിക്കല്‍ എല്ലാവരെയും വിളിച്ചിരുത്തി റെക്കോര്‍ഡ് ചെയ്ത ബുള്ളറ്റിനുകള്‍ പ്‌ളേ ബാക്ക് ചെയ്തു തെറ്റുകള്‍ ചൂണ്ടിക്കാട്ടി സ്വയം വിലയിരുത്താനും അവസരം നല്‍കിയിരുന്നു.വാര്‍ത്തകള്‍ക്കൊപ്പം പാര്‍ലമെന്റ് വാര്‍ത്തകളുടെ ചുവടൊപ്പിച്ച് നിയമസഭാകാലത്ത് 10മിനിറ്റ് നിയമസഭാവാര്‍ത്തകളും അവതരിപ്പിച്ചു. ഉദ്ഘാടനപ്പിറ്റേന്ന് ആദ്യം സംപ്രേഷണം ചെയ്തത് എ.അന്‍വര്‍ സംവിധാനം ചെയ്ത ഒരു കൂട്ടം ഉറുമ്പുകള്‍ എന്നൊരു കുട്ടികളുട പരിപാടിയാണ്. ജി.ശങ്കരപ്പിള്ളയുടെ നാടകത്തിന്റെ ടിവി രൂപാന്തരമായിരുന്നു അത്.ബ്‌ളാക്ക് ആന്‍ഡ് വൈറ്റിലെ ആ പരിപാടി പോലും പൂര്‍ണാര്‍ത്ഥത്തില്‍ ടിവിക്കു വേണ്ടി എഴുതപ്പെട്ടതായിരുന്നില്ല.
ഡോക്യുമെന്ററികളുടെ കാര്യത്തിലും തിരുവനന്തപുരം ദൂര്‍ദര്‍ശന്‍ ചില മാതൃകകള്‍ സൃഷ്ടിച്ചു. ബൈജു ചന്ദ്രന്റെ താളിയോലകളുടെ കലവറ, നിണച്ചാലൊഴുകിയ നാള്‍വഴികള്‍, വിജയകൃഷ്ണന്റെ ദ് പാലസ്, ഒരു മരം ചില താമസക്കാര്‍, ജി അരവിന്ദന്റെ ദ് ഹോം എവേ ഫ്രം ഹോം, രാജീവ് വിജയരാഘവന്റെ മീനും മനുഷ്യനും ഒക്കെ എടുത്തുപറയേണ്ടവയാണ്.
ബ്രോഡ്കാസ്റ്റിങിന് പ്രക്ഷേപണം എന്ന പദം ആകാശവാണിക്കാലത്തേ ഉണ്ടായിരുന്നു. എന്നാല്‍ ദൂര്‍ദര്‍ശന്‍ വന്നപ്പോഴാണ് സംപ്രേഷണം എന്ന പദം മലയാളികള്‍ ആദ്യമായി കേള്‍ക്കുന്നത്. സ്‌പോണ്‍സര്‍ഷിപ്പിന് പ്രായോജകര്‍ എന്ന പദവും അവതരിപ്പിക്കപ്പെട്ടു. അവ താങ്കളുടെ സംഭാവനയായിരുന്നോ?
ഇത്തരം വാക്കുകള്‍ക്കൊക്കെ സമാനമലയാളം കണ്ടെത്തുക പ്രയാസമായിരുന്നെങ്കിലും അത്യാവശ്യമായിരുന്നു. നിഘണ്ടുവില്‍ നിന്ന് ചില പദങ്ങളും പദക്കൂട്ടായ്മകളുമായി ഞാന്‍ പ്രൊഫ. എസ്.ഗുപ്തന്‍നായരെ കണ്ടു. അദ്ദേഹമാണ് സംപ്രേഷണം എന്ന പദം തെരഞ്ഞെടുത്തുതന്നത്. പക്ഷേ ഇപ്പോഴും ടിവി ചാനലുകള്‍ പോലും ആ വാക്കിനെ സംപ്രേക്ഷണം എന്നു തെറ്റായി എഴുതിക്കാണാറുണ്ട്.
പരിമിതികളുണ്ടായിരുന്നെങ്കിലും പല വലിയ വാര്‍ത്തകളും ദൂര്‍ദര്‍ശന്‍ അന്ന് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു അല്ലേ?
ശരിയാണ്. ഇന്ദിരാഗാന്ധിക്കു ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായ രാജീവ്ഗാന്ധി തെരഞ്ഞെടുപ്പു പ്രചരണത്തിനെത്തിയപ്പോള്‍ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ ശ്രീലങ്കന്‍ തമിഴ് പുലികളുടെ മനുഷ്യബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ അതേക്കുറിച്ചുള്ള ഏറ്റവും മികച്ച വാര്‍ത്താപാക്കേജ് തയാറാക്കിയത് തിരുവനന്തപുരം നിലയമായിരുന്നു. നേരത്തേ കേരളം സന്ദര്‍ശിച്ചപ്പോള്‍ രാജീവ് ഗാന്ധിക്കൊപ്പം പോയി ചിത്രീകരിച്ച ഫുട്ടേജുകള്‍ ബൈജുചന്ദ്രന്‍ സൂക്ഷിച്ചിരുന്നു. അതുവച്ച് മികച്ചൊരു സ്‌ക്രിപ്റ്റുണ്ടാക്കി.ഡല്‍ഹി റിലേ മാറ്റിവച്ച് രാത്രി 11 മണിക്കുതന്നെയതു സംപ്രേഷണം ചെയ്തു. ഇന്ന് ഫ്‌ളവേഴ്‌സ് ടിവിയുടെ ഉടമയായ ആര്‍. ശ്രീകണ്ഠന്‍നായരായിരുന്നു അവതാരകന്‍. ദൂരദര്‍ശനില്‍ മറ്റൊരു പ്രാദേശികകേന്ദ്രവും അതുപോലൊരു ബുള്ളറ്റിന്‍ സംപ്രേഷണംചെയ്തില്ല. ക്യാമറാമെന്‍ വി. ജി. ജോസഫ്, പിന്നീട് മികച്ച ഛായാഗ്രാഹകനും സംവിധായകനുമായിത്തീര്‍ന്ന അളഗപ്പന്‍, സി. എന്‍. പിള്ള എന്നിവര്‍ വാര്‍ത്താ എഡിറ്റര്‍മാരായിരുന്ന ഇ.കെ.കൃഷ്ണന്‍നായര്‍, ടി. ടി. ജോസഫ്, ദൃശ്യങ്ങള്‍ എഡിറ്റുചെയ്ത ബസന്ത്കുമാര്‍, ന്യൂസ് പ്രൊഡ്യൂസര്‍ ചാമിയാര്‍, വാര്‍ത്താലേഖകന്‍ ജോണ്‍ ഉലഹന്നാന്‍, എല്ലാം ഏകോപിപ്പിച്ച ബൈജു ചന്ദ്രന്‍ എന്നിവരുടെ ടീം വര്‍ക്കായിരുന്നു അത്.
അതുപോലെ തന്നെ ഓര്‍മ്മയില്‍ തെളിയുന്ന ഒന്നാണ് പെരുമണ്‍ ട്രെയിനപകടം. തിരുവനന്തപുരത്തേക്കുള്ള ഐലന്‍ഡ് എക്‌സ്പ്രസ് കൊല്ലത്തിനടുത്ത് കായലില്‍ വീണ് നൂറുകണക്കിനാളുകളാണ് മരിച്ചത്. കാര്യമായ വാര്‍ത്താവിനിമയ ബന്ധമൊന്നുമുള്ള സ്ഥലമല്ല. എന്നിട്ടും വളരെ വ്യാപകമായ വാര്‍ത്താകവറേജ് ഒരുക്കാന്‍ തിരുവനന്തപുരം നിലയത്തിനായി. ദേശീയ ശൃംഖലയിലേക്കും വാര്‍ത്ത അയയ്ക്കണം. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ മൈക്രോവേവ് സംവിധാനത്തിലൂടെ വേണം ദൃശ്യങ്ങള്‍ ഡല്‍ഹിയിലേക്കയയ്ക്കാന്‍.തിരുവനന്തപുരത്ത് പോങ്ങുമ്മൂട്ടെ അവരുടെ ഓഫീസില്‍ വീഡിയോ ടേപ് ഞങ്ങളുടെ തന്നെ റെക്കോര്‍ഡര്‍ കൊണ്ടുപോയി പ്ലേ ചെയ്യണം. മഞ്ചേശ്വരം മുതല്‍ ഉഡുപ്പി വരെയുള്ള മൈക്രോവേവ് ശൃംഖലയില്‍ കൂടി ദൃശ്യങ്ങള്‍ പോകണമെങ്കില്‍ കാലേകൂട്ടി ബുക്കു ചെയ്യണം! അല്ലെങ്കില്‍ അവിടങ്ങളിലെ ഉദ്യോഗസ്ഥന്മാര്‍ ഓഫീസ് സമയം കഴിഞ്ഞാല്‍ പാകും. എന്‍ജിനീയറിംഗ് വിഭാഗത്തിലെ സഹപ്രവര്‍ത്തകര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ ആര്‍. രാമചന്ദ്രന്‍ ഉണ്ണിത്താന്‍ ടെലികമ്മ്യൂണിക്കേഷന്‍ അവരോട് കാര്യത്തിന്റെ ഗൗരവം പറഞ്ഞു ബോധ്യപ്പെടുത്തി വേണ്ടതൊക്കെ ചെയ്യിച്ചു. അതിനായി ചെലവാക്കേണ്ട തുകയും വെല്ലുവിളിയായിരുന്നു. ഏതാനും മിനിറ്റുള്ള വിഷ്വലയയ്ക്കാന്‍ ടെലികമ്മ്യൂണിക്കേഷന് ലക്ഷങ്ങളാണ് ഫീസ്. ഞങ്ങള്‍ക്കുള്ള സാമ്പത്തികാധികാരപരിധിക്കുപരിയാണത്. ആ സാഹസികമായ ഉത്തരവാദിത്തം എന്റേതായിരുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന് അതിനായി ഉറപ്പെഴുതിക്കൊടുത്തു. അവര്‍ നിസ്സീമമായ സഹകരണമാണ് നല്‍കിയത് ഓരോ റിപ്പീറ്റര്‍ സ്റ്റേഷനിലെയും ഉദ്യോഗസ്ഥരെ വിളിച്ച് ജോലിസമയം കഴിഞ്ഞും നില്‍ക്കാനാവശ്യപ്പെട്ടു. ഞങ്ങളുടെ എന്‍ജിനീയര്‍മാര്‍ പരേതനായ ബി. കെ. ഗോപാലകൃഷ്ണന്‍നായരും അമൃത ടി. വി. ടെക്‌നിക്കല്‍ ഹെഡായി മാറിയ ജി.പി.നായരും കാര്യമായി പിന്തുണച്ചു.
കേരള രാഷ്ട്രീയത്തില്‍ വന്‍ കൊടുങ്കാറ്റഴിച്ചുവിട്ട ആര്‍.ബാലകൃഷ്ണപിള്ളയുടെ വിവാദമായ പഞ്ചാബ് മോഡല്‍ പ്രസംഗമാണ് ഓര്‍മയിലുള്ള മറ്റൊന്ന്.വലിയ വാര്‍ത്താപ്രാധാന്യം തോന്നിയതുകൊണ്ട് അന്ന് തിരുവനന്തപുരത്തു നിന്ന് ദേശീയ വാര്‍ത്താശൃംഖലയിലേക്കുള്ള ഫീഡില്‍ ആ വാര്‍ത്തയും ഉള്‍പ്പെടുത്തി. അതുപിന്നീട് ബാലകൃഷ്ണപിള്ളയ്‌ക്കെതിരായ വിചാരണയില്‍ കോടതി തെളിവായി പരിഗണിച്ചു. കേരളത്തില്‍ നിന്ന് ഒരു ടിവി ഫുട്ടേജ് കോടതി ആദ്യമായി പരിഗണിക്കുന്നത് അതായിരുന്നെന്നാണോര്‍മ്മ. സാക്ഷി പറയാന്‍ എനിക്കും കേരള ഹൈക്കോടതിയില്‍ പോവേണ്ടിവന്നു.
ദുരന്തങ്ങള്‍ക്കും സംഭവങ്ങള്‍ക്കും രാഷ്ട്രീയത്തിനും പുറമേ ഞങ്ങളുടെ വാര്‍ത്താവിഭാഗം കണ്ടെത്തിയ വാര്‍ത്തകളും ശ്രദ്ധിക്കപ്പെട്ട അനുഭവമുണ്ട്. ന്യൂസ് എഡിറ്റര്‍ കൃഷ്ണന്‍ നായരും ബൈജുചന്ദ്രനും പകര്‍ത്തിയ അത്തരമൊരു വാര്‍ത്ത സെക്രട്ടേറിയറ്റില്‍ ഡ്യൂട്ടിസമയത്തെ ജീവനക്കാരുടെ അലംഭാവം വ്യക്തമാക്കുന്ന ആളില്ലാകസേരകള്‍ എന്ന ദൃശ്യറിപ്പോര്‍ട്ടാണ്. അതന്ന് വളരെയേറെ പ്രതികരണങ്ങളുണ്ടാക്കി. തുടര്‍ന്ന് ചീഫ് സെക്രട്ടറി വി രാമചന്ദ്രന്‍ എന്റെ സുരക്ഷയ്ക്കായി ഒരു വാന്‍ പൊലീസുകാരെ നിയോഗിച്ചതോര്‍ക്കുന്നു!
തിരുവനന്തപുരത്ത് 1988ല്‍ അരങ്ങേറിയ ഇന്ത്യയിലെ അവസാനത്തെ ഫിലിമോത്സവ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആദ്യാവസാനം സമഗ്രമായി കവര്‍ ചെയ്തു. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നടക്കുന്ന ഇന്ത്യയുടെ മത്സരരഹിത രാജ്യാന്തര ചലച്ചിത്രമേളയായിരുന്നു അത്. ഉദ്ഘാടനവും സമാപനവും തത്സമയം സംപ്രേഷണം ചെയ്തു. പിന്നീട് തിരുവനന്തപുരത്തു വച്ചു നടന്ന അന്താരാഷ്ട്ര ബാല ചലച്ചിത്രോത്സവം, കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള തുടങ്ങിയതു മുതലുള്ള ഒട്ടേറെ വര്‍ഷങ്ങള്‍ ഒക്കെ ഉദ്ഘാടന-സമാനപന ചടങ്ങുകളുടെ തത്സമയസംപ്രേഷണം ദൂര്‍ദര്‍ശനാണ് നിര്‍വഹിച്ചത്. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചനായിരുന്നു അന്ന് ദേശീയ ബാലചലച്ചിത്ര സൊസൈറ്റി അധ്യക്ഷ. അതുകൊണ്ടുതന്നെ തിരുവനന്തപുരത്തു നടന്ന ബാലചലച്ചിത്രമേളയുടെ സമാപനത്തിന് അമിതാഭ് പങ്കെടുത്തു. അദ്ദേഹത്തിന്റെ സന്ദര്‍ശന വിവരം സുരക്ഷാകാരണങ്ങളാല്‍ അതീവ രഹസ്യമായിരുന്നു. പക്ഷേ, ഞങ്ങള്‍ക്ക് നേരത്തേ അറിയാമായിരുന്നതുകൊണ്ടുതന്നെ, മുമ്പേ തന്നെ നല്ലബന്ധമുണ്ടായിരുന്ന ജയയോട് പറഞ്ഞ് അദ്ദേഹം അന്നു താമസിച്ച ഹോട്ടലില്‍ നിന്നു പ്രത്യേകാഭിമുഖം സംഘടിപ്പിച്ചു. ഇന്ത്യയില്‍ ഒരു ടെലിവിഷന് അദ്ദേഹത്തിന്റെ അഭിമുഖം ആദ്യമായായിരുന്നു ലഭിക്കുന്നത്. അദ്ദേഹം തന്നെ അത് അഭിമുഖത്തില്‍ സൂചിപ്പിച്ചു. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോള്‍ എന്നോട് അദ്ദേഹമതോര്‍മ്മിപ്പിക്കുകയും ചെയ്തു.
തിരുവനന്തപുരത്തെ കോവളം അശോക ബീച്ച് റിസോര്‍ട്ടടക്കമുള്ള സ്റ്റാര്‍ ഹോട്ടലുകളുടെ മാനേജര്‍മാരുമായൊക്കെ അടുത്ത സൗഹൃദം പുലര്‍ത്തിയതുകൊണ്ട് അവര്‍ വഴി തിരുവനന്തപുരത്തെത്തുന്ന പ്രമുഖരുടെ വിവരങ്ങള്‍ കാലേകൂട്ടി ലഭിക്കുന്ന സംവിധാനമുണ്ടാക്കി. അത്തരത്തില്‍ പലരുടെയും അഭിമുഖങ്ങള്‍ തിരുവനന്തപുരം ദൂര്‍ദര്‍ശനു മാത്രമായി ലഭ്യമാക്കി. സൂര്യ ഫിലിം സൊസൈറ്റിയുടെ പുഷ്‌കരകാലമായിരുന്നു. വര്‍ഷാവര്‍ഷം സൂര്യ ഡാന്‍സ് ആന്‍ഡ് മ്യൂസിക് ഫെസ്റ്റിവലിന് ഇന്ത്യ കണ്ട ഏറ്റവും മഹത്തുക്കളായ നര്‍ത്തകരും സംഗീതജ്ഞരും എത്തും. അവരെയൊക്കെ സ്റ്റുഡിയോയിലെത്തിക്കാനും പ്രത്യേകാഭിമുഖം ആലേഖനം ചെയ്യാനും സംപ്രേഷണം ചെയ്യാനുമായി.
പരിപാടികളില്‍ കഴിയുന്നത്ര വൈവിധ്യം ഉള്‍ക്കൊള്ളിച്ചിരുന്നു. സംഗീതം, നൃത്തം, നാടകം, കാര്‍ഷിക പരിപാടികള്‍, കുട്ടികള്‍ക്കുള്ള പരിപാടികള്‍, ആരോഗ്യ സംരക്ഷണ പരിപാടികള്‍, സാഹിത്യസംബന്ധിയാ യവ, പ്രമുഖരുമായുള്ള അഭിമുഖ സംഭാഷണങ്ങള്‍, സമകാലീന വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍, സ്ത്രീക ള്‍ക്കുള്ളവ, ഫിലിംസ് ഡിവിഷന്‍ ഡോക്യുമെന്ററികള്‍ എന്നിവയെല്ലാം ഒരു മണിക്കൂര്‍ പരിപാടിയിലെ വിഭവങ്ങ ളായിരുന്നു. സാംസ്‌കാരികപ്രാധാന്യമുള്ള സംഭവങ്ങളുടെ ചിത്രീകരണങ്ങള്‍ വാര്‍ത്താ പ്രാധാന്യമുള്ള സംഭവചിത്രീകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ന്യൂസ് റീല്‍ എന്നിവയുമുള്‍പ്പെടുത്തി.
ഭൂതലസംപ്രേഷണം മാത്രമാണ് ആദ്യം തിരുവനന്തപുരത്തിന് ചുറ്റുമുള്ള 80 കിലോ മീറ്ററില്‍ ലഭ്യമായത്. 1987വരെ തിരുവനന്തപുരത്ത് ഒരു താല്‍ക്കാലിക സ്റ്റുഡിയോയും പരിമിതമായ ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരുമാണുണ്ടായിരുന്നത്. 1987ലാണ് തിരുവനന്തപുരത്ത് പൂര്‍ണ്ണസജ്ജീകരണങ്ങളുള്ള സ്റ്റുഡിയോ വന്നത്. 1988ല്‍ ടെലികോം വകുപ്പിന്റെ മൈക്രോവേവ് ശൃംഖല മുഖാന്തരം എറണാകുളത്തും കോഴിക്കോടു മുള്ള ട്രാന്‍സ്മിറ്ററുകളിലൂടെ അവയുടെ 80 കിലോമീറ്റര്‍ ചുറ്റളവില്‍ തിരുവനന്തപുരത്തുനിന്നുള്ള മലയാളം പരിപാടികള്‍ കിട്ടിത്തുടങ്ങി. നിത്യേന മൂന്ന് മണിക്കൂറായിരുന്നു ദൈര്‍ഘ്യം. ബാക്കി സമയം ഡല്‍ഹി റിലേ!
മലയാള ടെലിഫിലിമുകളുടെയും പരമ്പരകളുടെയും തുടക്കവും താങ്കള്‍ ഡയറക്ടറായിരുന്ന കാലത്തല്ലേ?
അതേ. സാഹിത്യത്തില്‍ നിന്നുള്ള ദൃശ്യാനുവര്‍ത്തനങ്ങളായിരുന്നു ഏറെയും. 1988ല്‍ മാധവിക്കുട്ടിയുടെ കഥയെ ആസ്പദമാക്കി ശ്യാമപ്രസാദ് ഒരുക്കിയ വേനലിന്റെ ഒഴിവ് ആയിരുന്നു മലയാളത്തിലെ ആദ്യത്തെ ടെലിഫിലിം. ഏറെ ജനപ്രീതി നേടിയ ആദ്യ ടെലിഫിലിമിനെത്തുടര്‍ന്ന് എന്‍ മോഹനന്റെ കഥയെ അധികരിച്ച് പെരുവഴിയിലെ കരിയിലകള്‍, വൈക്കം മുഹമ്മദിന്റെ വിശ്വവിഖ്യാതമായ മൂക്ക്, പൂവമ്പഴം, സാറാ ജോസഫിന്റെ നിലാവറിയുന്നു, ചെക്കോവിന്റെ കഥയെ ആസ്പദമാക്കിയ വിവാഹാചോലന, ആല്‍ബര്‍ട്ട് കാമുവിന്റെ രചനയെ അധികരിച്ച ഉയര്‍ത്തെഴുന്നേല്‍പ്പ് എന്നിവയൊക്കെ ശ്യാം ടെലിഫിലിമാക്കി. അവയൊക്കെ വലിയ പ്രേക്ഷകപ്രീതി നേടി. വിഖ്യാതങ്ങളായ നാടകങ്ങള്‍ക്കും ദൂര്‍ദര്‍ശന്‍ ടിവി രൂപാന്തരം നല്‍കി. രവിവള്ളത്തോള്‍, പില്‍ക്കാലത്തു സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ രഞ്ജിത്ത്, ഇപ്പോഴത്തെ ചലച്ചിത്ര അക്കാദമി അധ്യനായ പ്രേംകുമാര്‍ എന്നിവര്‍ തിക്കുറിശ്ശിക്കൊപ്പമഭിനയിച്ച പണക്കിഴിയാണ് ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു ടെലിഫിലിം. മോളിയറുടെ ദ മൈസറുടെ രൂപാന്തരമായിരുന്നു അത്.
ഇന്ത്യയിലെ ആദ്യത്തെ ടിവി മഹാപരമ്പരയായ ഹംലോഗും ബുനിയാദും രാമായണവുമൊക്കെ വന്ന് 13 എപ്പിസോഡ് എന്ന കണക്ക് ഹിന്ദി സീരിയല്‍ ലംഘിച്ചപ്പോഴും ആഴ്ചയില്‍ ഒന്ന് എന്ന കണക്കിന് 13 എപ്പിസോഡുകളിലായിരുന്നു മലയാളത്തില്‍ പരമ്പരകള്‍ക്കു തുടക്കമായത്. 1988 നവംബറില്‍ വൈതരണി, രോഹിണി, വരം എന്നീ മൂന്നു പരമ്പരകള്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തു. വൈതരണി രചിച്ചത് ടി എന്‍. ഗോപിനാഥന്‍നായരുടെ മകനും നടനുമായ രവി വള്ളത്തോളാണ്. സംവിധാനം പി ഭാസ്‌കരനും. രൂപവാണി ടെലിവിഷന്‍ കമ്പനിയായിരുന്നു നിര്‍മ്മാണം. ടി.എന്റെ നാടകത്തിന്റെ ടെലിവിഷന്‍ പരമ്പരാ രൂപമായിരുന്നു വൈതരണി. രോഹിണി സംവിധാനം ചെയ്തത് കെ.ജി രാജശേഖരനാണ്. ജി.എസ്. വിജയന്‍ ആയിരുന്നു വരത്തിന്റെ സംവിധായകന്‍. 1988ല്‍ തന്നെ കുടുംബാസൂത്രണത്തേയും സ്ത്രീ വിദ്യാഭ്യാസത്തേയും വിഷയമാക്കി യൂണിസെഫിന്റെ സഹായത്തോടെ ദൂര്‍ദര്‍ശന്‍ സ്വന്തമായി നിര്‍മ്മിച്ച പരമ്പരയാണ് ഒരു പൂ വിരിയുന്നു. ദൂര്‍ദര്‍ശന്റെ ആദ്യ ഡയറക്ടര്‍ ജനറലായിരുന്ന പി വി കൃഷ്ണമൂര്‍ത്തി യൂണിസെഫിന്റെ ഉപദോശകനായിരുന്നു. എന്നോടുള്ള താല്‍പര്യംകൊണ്ടാണ് അദ്ദേഹം തിരുവനന്തപുരം ദൂര്‍ദര്‍ശനെക്കൊണ്ടു പരമ്പര നിര്‍മ്മാക്കാന്‍ തീരുമാനിക്കുന്നത്. പി.ടി.ഐ. ടെലിവിഷന്റെ ബാനറില്‍ ശശികുമാര്‍ നിര്‍മ്മിച്ച് സഖറിയ എഴുതി നെടുമുടി വേണു സംവിധാനം ചെയ്ത കൈരളി വിലാസം ലോഡ്ജ്, മലയാറ്റൂര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത അഞ്ച് എപ്പിസോഡ് മാത്രമുള്ള ഡോ. വേഴാമ്പല്‍, വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത ഒരിടത്ത് ഒരിക്കല്‍ തുടങ്ങിയവയൊക്കെ ശ്രദ്ധേയമായി. നാടകത്തിനും സിനിമയ്ക്കും സമാന്തരമായി ഒരു താരനിരയേയും സാങ്കേതികപ്രവര്‍ത്തകരുടെ നിരയേയും സൃഷ്ടിക്കാന്‍ മലയാളം ടെലിപരമ്പരകള്‍ വഴിവച്ചു.
ആയിടയ്ക്ക് വളരെ നിലവാരമുളള ഒരു പിടി മികച്ച സിനിമകളും ദൂര്‍ദര്‍ശന്‍ നിര്‍മ്മിച്ചതായറിയാം.
വിവിധ ഭാഷകളിലെ ക്‌ളാസിക്കുകളെ ദൃശ്യരൂപത്തില്‍ സംഭരിക്കണമെന്ന തത്വത്തില്‍ ദേശീയതലത്തില്‍ ആവിഷ്‌കരിച്ചൊരു പദ്ധതിയുടെ ഭാഗമായിരുന്നു അത്. ദൂര്‍ദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ ആയിരുന്ന ഭാസ്‌കര്‍ ഘോഷിന്റെ ആശയമായിരുന്നു. കേരളത്തില്‍ അതു നടപ്പാക്കാനുള്ള സമ്പൂര്‍ണ ചുമതല എനിക്കായിരുന്നു. മലയാളസിനിമയെ വിശ്വതലത്തിലെത്തിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍, പി പദ്മരാജന്‍, ജി അരവിന്ദന്‍, കെ ജി ജോര്‍ജ്ജ്, പ്രിയപ്പെട്ട എം.ടി വാസുദേവന്‍ നായര്‍ എന്നീ അഞ്ചുപേരെയാണ് ആദ്യഘട്ടത്തില്‍ ഞാന്‍ സമീപിച്ചത്. അടൂരിന് ആദ്യം വലിയ വൈമുഖ്യമായിരുന്നു. ഒന്നാമത് സര്‍ക്കാര്‍ സംവിധാനമാണ്. പൈസയൊന്നും ശരിക്കുകിട്ടില്ല. ചുവപ്പുനാട വേറെയും. പക്ഷേ അതൊന്നും ഒരിക്കലും ബാധിക്കില്ലെന്നു ഞാനുറപ്പു നല്‍കി. എട്ടുലക്ഷം രൂപയാണ് ദൂര്‍ദര്‍ശന്‍ ബജറ്റ്. പക്ഷേ അടൂര്‍ ബജറ്റ് തയാറാക്കിയപ്പോള്‍ അത് ഒന്‍പതു ലക്ഷം വരും. ഒടുവില്‍ ഡല്‍ഹിയില്‍ സംസാരിച്ച് അതിനും നീക്കുപോക്കുണ്ടാക്കി. അങ്ങനെയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ക്‌ളാസിക്കിനെ അധികരിച്ച് മമ്മൂട്ടിയെ നായകനാക്കിയ മതിലുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. ആ വര്‍ഷം മികച്ച നടനും സംവിധായകനുമടക്കം അഞ്ചു കേന്ദ്ര പുരസ്‌കാരങ്ങള്‍ ചിത്രത്തിനു ലഭിച്ചു. പല രാജ്യാന്തര മേളകളിലും ചിത്രം സ്ഥാനം പിടിക്കുകയും ചെയ്തു. ഏറ്റുപോയ തിരക്കഥകളുടെയും എഴുത്തിന്റെയും തിരക്കില്‍ തന്നെ ഒഴിവാക്കണമെന്ന് എം.ടി.യും പറഞ്ഞു. പക്ഷേ, എന്റെ സ്‌നേഹനിര്‍ബന്ധങ്ങള്‍ക്കുവഴങ്ങി അവസാനം എസ്. കെ. പൊറ്റക്കാടിന്റെ കടത്തുതോണി എന്ന കഥയെ ആസ്പദമാക്കി കടവ് എന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്തു. നേരത്തേ പലരുടെയും കഥ തിരക്കഥയാക്കിയിട്ടുണ്ടെങ്കിലും മറ്റൊരാളുടെ കഥ എം.ടി. സംവിധാനം ചെയ്യുന്നത് ആദ്യമായിരുന്നു. കടവും പല പുരസ്‌കാരങ്ങളും നേടി. പി.എന്‍ മേനോന്‍ എം ഗോവിന്ദന്റെ മണിയോര്‍ഡര്‍ എന്ന കഥയാണ് ആ പരമ്പരയില്‍ പിന്നീട് സിനിമയാക്കിയത്. കെ.ജി ജോര്‍ജ്ജ് മുരളിയെ നായകനാക്കി പാറപ്പുറത്തിന്റെ യാത്രയുടെ അന്ത്യം ചിത്രീകരിച്ചു. കാവാലത്തിന്റെ രചനയെ ആസ്പദമാക്കി കഥകളിയും തനതു നാടകവേദിയും ഇടകലര്‍ത്തി അരവിന്ദന്‍ സൃഷ്ടിച്ച ഫാന്റസിയായ മാറാട്ടം മലയാള സിനിമയിലെ തന്നെ വേറിട്ട പരീക്ഷണമായിരുന്നു. പി.പദ്മരാജന്‍ ഉദകപ്പോള സിനിമയാക്കാന്‍ ഒരു പ്രപ്പോസല്‍ തന്നുവെങ്കിലും അതിന്റെ ബജറ്റ് ദൂര്‍ദര്‍ശന്‍ പരിധിയില്‍ നില്‍ക്കാത്തതിനാല്‍ നടന്നില്ല. പിന്നീട് ഈ പദ്ധതിയില്‍ വി ആര്‍ ഗോപിനാഥ്, എന്‍.കെ ശശിധരന്‍, ടിവി ചന്ദ്രന്‍ തുടങ്ങിയവരെല്ലാം സിനിമകള്‍ സംവിധാനം ചെയ്തു.
പിന്നീടെപ്പോഴാണ് വീണ്ടും ഡല്‍ഹിക്കു മടങ്ങുന്നത്? അവിടെയും പല പരീക്ഷണങ്ങള്‍ക്കും സാഹസങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചല്ലോ?
1982 ല്‍ ഏഷ്യന്‍ ഗെയിംസ് നടന്നപ്പോള്‍ അതിന്റെ കവറേജിന് അനേകം പേരില്‍ ഉത്തരവാദപ്പെട്ട സ്ഥാനത്തേക്ക് ഡല്‍ഹിയില്‍ നിന്ന് എന്നെ ചുമതലപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ സമ്പൂര്‍ണ കളര്‍ സംപ്രേഷണം ആരംഭിച്ച കാലമാണ്. ഉദ്ഘാടനച്ചടങ്ങും സമാനപനവുമെല്ലാം തത്സമയമാണ് ദേശീയ ശൃംഖലയില്‍ സംപ്രേഷണം ചെയ്തത്. അതറിയാമായിരുന്ന, ഡപ്യൂട്ടി ഡയറക്ടര്‍ ജനറലായിരുന്ന ശിവ്ശര്‍മ്മയാണ് 1989 ഏപ്രിലില്‍ എന്നെ ഡല്‍ഹിയിലേക്കു സ്ഥലം മാറ്റുന്നത്. വാര്‍ത്ത, കറന്റ് അഫയേഴ്‌സ്, സ്‌പോര്‍ട്‌സ്, പൊതുസേവനപ്രക്ഷേപണം എന്നിങ്ങനെ സുപ്രധാനമായ ചില വിഭാഗങ്ങളാണ് എന്നെ എല്‍പ്പിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകാലമാണ്. ആ തെരഞ്ഞെടുപ്പ് തത്സമയം സമഗ്രമായി കവര്‍ ചെയ്യണമെന്ന് ശിവ്ശര്‍മ്മ നിര്‍ദ്ദേശിച്ചു. അക്കാലത്ത് ന്യൂഡല്‍ഹി ടെലിവിഷന്റെ ബാനറില്‍ ദേശീയ ശൃംഖലയില്‍ ശനിയാഴ്ച രാത്രികളില്‍ വേള്‍ഡ് ദിസ് വീക്ക് (ഏഷ്യാനെറ്റിലെ ലോകം പോയവാരത്തിന്റെ പ്രാഗ് രൂപം) എന്ന പരിപാടി നിര്‍മ്മിച്ചിരുന്ന മാധ്യമപ്രവര്‍ത്തകനും സെഫോളജിസ്റ്റുമായ പ്രണോയ് റോയ്, മാധ്യമപ്രവര്‍ത്തകനായ വിനോദ് ദുവ എന്നിവരെ വച്ച് തെരഞ്ഞെടുപ്പു വാര്‍ത്തകളുടെ തത്സമയ അവലോകന പരിപാടികളും ആസൂത്രണം ചെയ്തു. തെരഞ്ഞെടുപ്പു ഫലങ്ങളുടെ പ്രവചനവും വിലയിരുത്തലും തുടര്‍ച്ചയായി മൂന്നു ദിവസം 24 മണിക്കൂറും സംപ്രേഷണം ചെയ്തത് സ്വകാര്യ ചാനലുകള്‍ക്കു പോലും ചിന്തിക്കാനാവാത്തവിധമാണ്. ഹോട്ട് സ്വിച്ചിങ്, ഹോട്ട്‌ലൈന്‍, സ്‌പെഷ്യല്‍ ഇഫെക്ട്‌സ്, ക്രോമ കീയിങ് തുടങ്ങിയ നൂതന സാങ്കേതികതകളൊക്കെ ആ സംപ്രേഷണത്തിനു വേണ്ടി സജ്ജമാക്കി. നാലു പ്രധാന നഗരങ്ങളില്‍ അതിനുള്ള പരീശീലനവും ശില്‍പശാലയും നടത്തി. അന്നു കൊല്‍ക്കത്തയിലായിരുന്ന ദൂര്‍ദര്‍ശനിലെ എക്കാലത്തെയും മികച്ച പ്രൊഡ്യൂസര്‍ അഭിജിത്ത് ദാസ്ഗുപ്തയെ പ്രത്യേകമായി വിളിച്ചുവരുത്തി പരിപാടികളുടെ നിര്‍മ്മാണച്ചുമതല ഏല്‍പ്പിക്കുകയായിരുന്നു. ആ കവറേജിന് ആഗോളതലത്തില്‍ വലിയ ജനാംഗീകാരവും ലഭിച്ചു. ഇന്ത്യന്‍ ജനസംഖ്യയുടെ 75 ശതമാനവും അതു കണ്ടു എന്നായിരുന്നു കണക്ക്. സര്‍വീസിനിടയില്‍ത്തന്നെ പലപ്പോഴായി ക്വലലംപൂരിലെ ഏഷ്യ പെസിഫിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബ്രോഡ്കാസ്റ്റിങ് ഡവലപ്‌മെന്റില്‍ നിന്ന് ടെലിവിഷന്‍ പ്രൊഡക്ഷനിലും പ്രക്ഷേപണ മാനേജ്‌മെന്റിലും ലഭിച്ചിരുന്ന ഉന്നതപരിശീലനം എനിക്ക് വലിയ പിന്തുണയായി. ഹൈദരാബാദിലെ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് കോളജ് ഓഫ് ഇന്ത്യയില്‍ നിന്ന് മാനേജ്‌മെന്റിലും പരിശീലനം നേടി.
പിന്നീട് 1990 ല്‍ തിരുവനന്തപുരത്തേക്കു മടങ്ങിയ എന്നെ 1992 ജനുവരിയിലാണ് എന്നെ ഡല്‍ഹി മണ്ഡീ ഹൗസിലെ ദൂര്‍ദര്‍ശന്‍ കേന്ദ്ര ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുന്നത്. മകന്‍ പ്‌ളസ് ടുവിനു പഠിക്കുകയായിരുന്നു. ഭാര്യ രാഗിണി തിരുവനന്തപുരത്തെ സ്റ്റാച്ച്യുവിലുള്ള ടാന്‍ഡം കമ്മ്യൂണിക്കേഷന്റെ മാനേജറായിരുന്നു. നിന്ന നില്‍പ്പില്‍ സ്ഥലംമാറ്റം സ്വീകരിക്കാന്‍ ബുദ്ധിമുട്ടായപ്പോള്‍ മുഖ്യമന്ത്രി കെ കരുണാകരനെ കണ്ടു കാര്യമവതരിപ്പിച്ചു. അദ്ദേഹമിടപെട്ട് ഉത്തരവ് മാര്‍ച്ച് 31 വരെ മരവിപ്പിച്ചു. അതിനിടെ വ്യക്തിപരമായ കാര്യങ്ങളൊക്കെ തീര്‍ത്ത്, മകനെ ബംഗളൂരുവില്‍ എന്‍ജിനീയറിങ് കോളജിലാക്കി ഞാന്‍ ഡല്‍ഹിയിയില്‍ ചുമതലയേറ്റു.
ആദ്യം ഡല്‍ഹി കേന്ദ്രത്തിന്റെ ഡയറക്ടറായും തുടര്‍ന്ന് ഡയറക്ടറേറ്റില്‍ കണ്‍ട്രോളറാ(പിന്നീടതിന്റെ പേര് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എന്നായി)യിട്ടും ജോലി ചെയ്തു. 1993 ല്‍ പരസ്യവിഭാഗത്തിന്റെ സ്വതന്ത്ര ചുമതലയും ഏല്‍പ്പിച്ചു. മണ്ഡീ ഹൗസില്‍ത്തന്നെയാണെങ്കിലും കണ്‍ട്രോളര്‍ ഓഫ് സെയ്ല്‍സ് സ്വന്തന്ത്ര കാര്യാലയമാണ്. പരസ്യങ്ങളുടെ ഉള്ളടക്കം അംഗീകരിക്കുന്നതുമുതല്‍ അവയുടെ ബുക്കിങ് സ്വീകരിക്കുന്നത്, ഷെഡ്യൂള്‍ ചെയ്യുന്നത്, പരസ്യ ഏജന്‍സികള്‍ക്ക് റജിസ്‌ട്രേഷനും കമ്മീഷന്‍ നല്‍കുന്നതും ഒക്കെ ആ ഓഫീസിന്റെ ചുമതലയാണ്. ഇന്ത്യന്‍ ആകാശത്ത് ദൂര്‍ദര്‍ശന്റെ ടെലിവിഷന്‍ കുത്തക അവസാനിക്കുന്ന കാലമാണ്. നിസ്വാര്‍ത്ഥരും വിശ്വസ്തരുമായ സഹപ്രവര്‍ത്തകരുടെ പിന്തുണ കൊണ്ട് 1994 ജൂണില്‍ ദൂര്‍ദര്‍ശന്റെ ഡപ്യൂട്ടിഡയറക്ടര്‍ ജനറല്‍ ആയി സ്ഥാനക്കയറ്റം കിട്ടുന്നതുവരെ എനിക്കാ ചുമതലയില്‍ വിജയകരമായിത്തന്നെ തുടരാന്‍ സാധിച്ചു. ദൂര്‍ദര്‍ശന്റെ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി എന്ന നിലയ്ക്ക് എന്നെപ്പറ്റി വലിയ വാര്‍ത്തകളൊക്കെ മാധ്യമങ്ങളില്‍ വന്നതോര്‍ക്കുന്നു. അക്കാലത്താണ് ദൂര്‍ദര്‍ശന്റെ എക്കാലത്തെയും മികച്ച ഡയറക്ടര്‍ ജനറലായിരുന്ന ഭാസ്‌കര്‍ ഘോഷ് (പിന്നീടദ്ദേഹം കേന്ദ്ര വാര്‍ത്താവിതരണപ്രക്ഷേപണ സെക്രട്ടറിയായി) ദേശീയ ചാനലായ ഡിഡി വണ്ണിനും വിനോദ ചാനലായ ഡിഡി2 മെട്രോയ്ക്കും പുറമേ ദേശീയ തലത്തില്‍ ബിബിസി മാതൃകയില്‍ കുറേക്കൂടി സമഗ്രമായ ഒരു ചാനല്‍ കൂടിവേണമെന്നു തീരുമാനിക്കുന്നത്. എന്നെ അതിന്റെ ചുമതലേയില്‍പ്പിച്ചു. ഡിഡി ത്രീയുടെ ലോഗോ രൂപകല്‍പന മുതല്‍ ഉള്ളടക്കനിര്‍ണ്ണയം വരെ സകലതും ആസൂത്രണം ചെയ്തു. ഉദ്ഘാടനവും നിശ്ചയിച്ചു. കുത്തബ്മിനാര്‍ പരിസരത്തുവച്ചായിരുന്നു അത്. പക്ഷേ ഉദ്ഘാടനത്തിനു മണിക്കൂറുകള്‍ക്കു മുമ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നിടപെട്ട് ചടങ്ങു മാറ്റിവച്ചു. ആസൂത്രണങ്ങളെല്ലാം പാഴായി. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം അതേ ചാനല്‍ ചില രൂപഭേദങ്ങളോടെ ഡിഡി ഭാരതിയായി ഉപഗ്രഹചാനലായി നിലവില്‍ വന്നു.
അപ്പോഴേക്ക് മലയാളത്തിലും സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ വന്നുതുടങ്ങിയല്ലോ?
ശരിയാണ്. മദ്രാസില്‍ എന്റെ കീഴില്‍ വാര്‍ത്താവിഭാഗത്തിലുണ്ടായിരുന്ന ശശികുമാറാണ് ദ് ഹിന്ദുവിന്റെ മിഡില്‍ ഈസ്റ്റ് കറസ്‌പോണ്ടന്റായും പിന്നീട് പിടിഐ ടിവിയുടെ തലപ്പത്തുമെത്തുന്നത്. ഞദേശീയ ചാനല്‍ വന്നതോടെ മദ്രാസില്‍ നിന്നുള്ള ഇംഗ്‌ളീഷ് വീര്‍ത്താസംപ്രേഷണം നിലച്ചു. ശശികുമാര്‍ പിന്നീട് ന്യൂഡല്‍ഹിയില്‍ നിന്ന് ഇംഗ്‌ളീഷ് വാര്‍ത്തകളവതരിപ്പിച്ചു. അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു സാറ്റലൈറ്റ് ടിവി. അങ്ങനെയാണ് കേബിള്‍ ടിവി യുഗം ആരംഭിക്കുന്ന കാലത്ത് ഏഷ്യാനെറ്റ് കിക്കോഫ് ചെയ്യുന്നത്. 2000 ല്‍ ശശികുമാറും ഏഷ്യാനെറ്റിനു പണം മുടക്കിയ റെജിമോനോനും വഴിപിരിഞ്ഞപ്പോള്‍, പിന്നീട് സ്റ്റാറിന്റെയും ഡിസ്‌നി ഹോട്ട്‌സ്റ്റാറിന്റെയും ഏഷ്യന്‍ മേധാവിയായിരുന്ന കെ മാധവനും എന്നെ വന്നു കണ്ട് ഏഷ്യാനെറ്റിന്റെ ചുമതലയേല്‍ക്കാന്‍ എന്നെ വളരെയേറെ നിര്‍ബന്ധിക്കുകയും ചെയ്തതാണ്. അതിനു മുമ്പേ ഇന്ത്യയില്‍ സ്റ്റാര്‍ ടിവി വന്നപ്പോള്‍ത്തന്നെ ദൂര്‍ദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തു നിന്നുവിട്ട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി സ്ഥാനമേറ്റെടുത്ത രതികാന്ത് ബസു അദ്ദേഹത്തോടൊപ്പം സ്റ്റാര്‍ ടിവിയില്‍ ജോലി ചെയ്യാന്‍ എനിക്കു നിയമനോത്തരവു വരെ തന്നു. ദൂര്‍ദര്‍ശനില്‍ നിന്ന് ഒരു വലിയ സംഘം തന്നെ രാജിവച്ച് അദ്ദേഹത്തോടൊപ്പം ചേക്കേറിയിരുന്നു. മാസം അഞ്ചു ലക്ഷം രൂപ എന്ന മോഹിപ്പിക്കുന്ന ഓഫറാണ് അദ്ദേഹം മുന്നോട്ടുവച്ചത്. എന്നാല്‍ എന്റെ ഭാര്യയും മക്കളും പറഞ്ഞത് അതു സ്വീകരിക്കേണ്ട എന്നാണ്. സ്വകാര്യമേഖലയല്ലേ നാളെ വരണ്ട എന്നു പറഞ്ഞാല്‍ എന്തു ചെയ്യും എന്നു ചോദിച്ചു. പിന്നീട് 2000ല്‍ കൈരളി ടിവി തുടങ്ങുമ്പോള്‍ ശ്രീ പിണറായി വിജയനും എം.എ ബേബിയും ഡല്‍ഹി കേരള ഹൗസില്‍ എന്നെ വിളിപ്പിച്ച് അതിന്റെ ചുമതലയേല്‍ക്കാമോ എന്നന്വേഷിച്ചു. അമൃത ടിവി തുടങ്ങിയപ്പോഴും സമാനമായ ഓഫര്‍ വന്നു. ഒരു ഓഫറും ഞാന്‍ സ്വീകരിച്ചില്ല.
പക്ഷേ സ്വകാര്യ ചാനലുകള്‍ വന്നതോടെ ഇന്ത്യന്‍ സംപ്രേഷണരംഗം ആകെ മാറിയില്ലേ?
സ്വകാര്യ ചാനലുകളുടെ കടന്നുകയറ്റത്തോടെ മലയാളികളുടെ വിനോദതൃഷ്ണയ്ക്ക് പുതിയ മാനങ്ങള്‍ വന്നു. തൊണ്ണുറുകളുടെ ആദ്യവര്‍ഷങ്ങളിലായി രുന്നു സ്വകാര്യചാനലുകള്‍ കേരളത്തിലും വന്നത്. അതിനും മുമ്പേ സ്റ്റാര്‍ ടിവി, എംടിവി, ബിബിസി തുടങ്ങിയ വിദേശ ചാനലുകള്‍ കേബിള്‍ ശൃംഖലകള്‍ മുഖേന മലയാളികള്‍ക്ക് കിട്ടി തുടങ്ങിയിരുന്നു. 24 മണിക്കൂറും പരിപാടികള്‍ കേബിള്‍ ശൃംഖല വിതരണം ചെയ്തു തുടങ്ങി. മത്സരം കടുത്തു, ഉപഗ്രഹ സംപ്രേഷണം വ്യാപക മായതോടെ ദൂര്‍ദര്‍ശനും മലയാളത്തില്‍ 24 മണിക്കൂര്‍ സംപ്രേഷണമാരംഭിച്ചു. കേരളത്തില്‍ ഭൂതല സംപ്രേഷണത്തിനുള്ള ലോ പവര്‍ (കുറഞ്ഞ സംപ്രേഷണ ശേഷിയുള്ള ട്രാന്‍സ്മിറ്ററുകള്‍) ട്രാന്‍സ്മിറ്ററുകളെല്ലാം മലയാളം പരിപാടികള്‍ സംപ്രേഷണം തുടങ്ങി. പക്ഷേ ടിവി രംഗത്ത് പൊതുമേഖലയില്‍ നികുതിദായകരുടെ ചെലവില്‍ നടത്തപ്പെട്ട, വാണിജ്യ ലക്ഷ്യങ്ങള്‍ താരതമ്യേന കുറവായിരുന്ന ദൂര്‍ദര്‍ശന് വൈകാതെ ദൃശ്യമാധ്യമമേഖലയിലെ കുത്തക നഷ്ടപെട്ടു. വളരെയേറെ പരിശീലനവും സാങ്കേതികമികവും പരിപാടികള്‍ക്ക് ഉണ്ടായിരുന്നെങ്കിലും വെറും വിനോദപരിപാടികളില്‍ നിന്നുള്ള വരുമാനം മാത്രം ലക്ഷ്യമാക്കി നിര്‍മിക്കപ്പെടുന്ന ചാനലുകളുമായി മത്സരിക്കാന്‍ പല കാരണങ്ങളാലും ദൂര്‍ദര്‍ശനു കഴിഞ്ഞില്ല. അതിനാല്‍ വിപണിയിലും പ്രേക്ഷകരുടെ എണ്ണത്തിലും ദൂര്‍ദര്‍ശന്‍ ബഹുദൂരം പിന്നിലായി. വെറുമൊരു സര്‍ക്കാര്‍ മാധ്യമമെന്ന നിലയിലേക്ക് പിന്തള്ളപ്പെട്ടു. നാരോകാസ്റ്റിങ് സാങ്കേതികത ഉപയോഗിച്ച് ഹ്രസ്വചുറ്റളവിലേക്കു മാത്രമായി വെവ്വേറെ ചാനലുകള്‍ സ്ഥാപിച്ച് സ്വകാര്യ ചാനലുകളുടെ ഭീഷണി നേരിടാന്‍ 2002ല്‍ ദൂര്‍ദര്‍ശന്‍ ശ്രമിച്ചപ്പോള്‍ അതിലും നിര്‍ണായകമായ പങ്കുവഹിക്കാനായതില്‍ സന്തോഷമുണ്ട്. അതിനെനിക്കു ദേശീയതലത്തില്‍ ഏറ്റവും നൂതനത്വമുള്ള ജോലിക്കു പുരസ്‌കാരം ലഭിച്ചിരുന്നു. കിസാന്‍ ചാനലിന്റെ പ്രാഗ് രൂപമായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ചു ഞാന്‍ നടപ്പില്‍വരുത്തിയ നാരോ കാസ്റ്റിങ്. പാലക്കാടടക്കമുള്ള 14 ലോ പനവര്‍ റിലേ കേന്ദ്രങ്ങളിലാണ് കേരളത്തിലതു നടപ്പാക്കിയത്.യ
ദൂര്‍ദര്‍ശന്റെ ആദ്യ മലയാളി ഡയറക്ടര്‍ ജനറല്‍ ആകാനുള്ള സീനിയോറിട്ടിയും പ്രവര്‍ത്തനപരിചയവും താങ്കള്‍ക്കുണ്ടായിരുന്നു. എന്നിട്ടും ഒരു വര്‍ഷത്തിലധികം സര്‍വീസ് ബാക്കിയുണ്ടായിരുന്നപ്പോള്‍ സ്വയം വിരമിക്കുകയായിരുന്നല്ലോ
ജീവിതത്തിലുണ്ടായ ഒരു കറുത്ത അധ്യായത്തിന്റെ പരിണതിയായിരുന്നു അത്. 2000 നവംബര്‍ 13തിങ്കളാഴ്ച. ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷന്റെ യോഗത്തില്‍ ദൂര്‍ദര്‍ശനെ പ്രതിനിധീകരിക്കാന്‍ മുംബൈയിലെത്തിയതായിരുന്നു ഞാന്‍. വിമാനമിറങ്ങിയപ്പോള്‍ തന്നെ നാട്ടില്‍ അവരുടെ അമ്മയ്‌ക്കൊപ്പമായിരുന്ന ഭാര്യയുടെ ആധിയോടെയുള്ള വിളി വന്നു, മൊബൈലില്‍. ഡല്‍ഹിയിലെ വീട്ടില്‍ സിബിഐ ഉദ്യോഗസ്ഥര്‍ എത്തി റെയ്ഡ് ചെയ്യണമെന്നു പറഞ്ഞത്രേ. അവിടെയുളള സഹായി വിളിച്ചറിയിച്ചതാണ്. ഞാനവരെ വിളിച്ചതും ഉദ്യോഗസ്ഥരിലൊരാള്‍ ഫോണ്‍ തട്ടിപ്പറിച്ച് എന്നോട് പരുഷമായി സംസാരിച്ചു. പരിശോധനയ്ക്ക് എന്റെ ഭാഗത്തുനിന്ന് അവര്‍ക്കൊരു സാക്ഷി വേണം. ഡല്‍ഹി ഓഫീസിലെ സഹപ്രവര്‍ത്തകരെ ചിലരെ വിളിച്ചപ്പോള്‍ അവരുടെ ഇടങ്ങളിലും റെയ്ഡാണ്. ഒടുവില്‍ എന്റെ പി എസിനെ അവിടേക്ക് ചെല്ലാന്‍ നിയോഗിച്ചു. വിവരമറിഞ്ഞപ്പോള്‍ പ്രസാര്‍ഭാരതി സി ഇ ഒയും ഐബിഎഫ് പ്രസിഡന്റുമായ രാജീവ് രതന് ഷാ എന്നോട് തിരികെ പൊയ്‌ക്കോളാന്‍ അനുമതി തന്നു. ഉച്ചയ്ക്കത്തെ ഫ്‌ളൈറ്റില്‍ തന്നെ ഞാന്‍ ഡല്‍ഹിക്കു മടങ്ങി. അവിടെ ഫ്‌ളാറ്റിനുമുന്നില്‍ പത്രക്കാരും ചാനല്‍ ക്യാമറാസംഘങ്ങളും എന്നെ കാത്തുനില്‍ക്കുകയായിരുന്നു. സിബിഐ പരിശോധന ഏറെക്കുറെ അവസാനിക്കാറായിരുന്നു. എന്റെ എഴുത്തുമുറിയിലെ അലമാരയില്‍ കൃത്യമായി അടുക്കിവച്ച, എക്കാലത്തെയും വിലമതിക്കാനാവാത്ത പുസ്തകശേഖരത്തില്‍ കൈവച്ചപ്പോള്‍ മാത്രം ഞാനവരോടു പറഞ്ഞു-പുസ്തകം എനിക്കു സരസ്വതിയാണ്. അവ ഓരോന്നായി നോക്കി കൃത്യമായി ഇരുന്നിടത്തു തന്നെ വയ്ക്കണം. അതവര്‍ കേട്ടു. കിടപ്പറയില്‍ വസ്ത്രങ്ങള്‍ വരെ വാരിവലിച്ചിട്ട നിലയിലായിരുന്നു. അപ്പോഴേക്ക് ഇന്ത്യയില്‍ പലയിടത്തും സമാനമായ പരിശോധന നടക്കുകയാണെന്ന വാര്‍ത്താമാധ്യമങ്ങള്‍ വഴിയും അല്ലാതെയും അറിയാന്‍ സാധിച്ചു. ക്രിക്കറ്റ് വാതുവയ്പുമായി ബന്ധപ്പെട്ടാണത്.
ദൂരദര്‍ശനിലെ മുന്‍ ഡയറക്ടര്‍ ജനറലായിരുന്ന കെ. എസ്. ശര്‍മ്മയുടെയും മറ്റുചില ഉദ്യോഗസ്ഥരുടെയും ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയുടെയും ക്രിക്കറ്റ് സംപ്രേഷണാവകാശം വാങ്ങിയ മാര്‍ക്ക് മസ്‌കറിനാസിന്റെയും യു.ടി.വി.യുടെ തലവന്‍ റോണി സ്‌ക്രൂവാലയുടെയും വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടന്നതായി അറിഞ്ഞു. എസ്.എസ്.ഗില്ലിനെ ഓര്‍ഡിനന്‍സിലൂടെ പുറത്താക്കിയശേഷം പ്രസാര്‍ഭാരതിയുടെ താല്ക്കാലിക ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍, കൂടെത്താമസിക്കുന്ന ബന്ധുവിനെക്കൊണ്ട് സ്‌പോര്‍ട്സ് കണ്‍സോര്‍ഷ്യം നിമിത്തം ദൂര്‍ദര്‍ശന് വിപണിയില്‍ വന്‍ നഷ്ടം വന്നുവെന്ന് ഊഹാപോഹം നടത്തി, തയ്യാറാക്കിയ റിപ്പോര്‍ട്ട് പത്രസമ്മേളനം നടത്തി വിതരണംചെയ്തു. യുക്തിയുടെയോ സത്യത്തിന്റെയോ പിന്‍ബലമില്ലാതിരുന്ന ആ റിപ്പോര്‍ട്ട് ആരും കാര്യമായെടുത്തില്ല, പക്ഷേ ഒരു ഇംഗ്ലീഷ് പത്രം മാത്രം അതു വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. സി. ബി. ഐ അതിന്റെ അടിസ്ഥാനത്തിലാണ് പ്രഥമവിവരറിപ്പോര്‍ട്ട് തയാറാക്കി അന്വേഷണമാരംഭിച്ചത്. ടെലിവിഷനെ പറ്റിയോ സമയത്തിന്റെ വിപണനത്തെക്കുറിച്ചോ ശരിയായ ധാരണയില്ലാതെ താന്‍പോരിമ പ്രകടമാക്കാന്‍ കെട്ടിച്ചമച്ച അത് ഇത്തരമൊരവസ്ഥയിലാണ് പരിണമിക്കുകയെന്നത് അചിന്തനീയമായിരുന്നു. എന്തായാലും പിന്നീടെനിക്ക് ഔദ്യോഗിക ജീവിതത്തില്‍ പഴയതുപോലാവാന്‍ സാധിച്ചില്ലെന്നതാണ് വാസ്തവം.
രണ്ടു കൊല്ലത്തോളം അരിച്ചുപെറുക്കി ഞങ്ങളെ തേജോവധം ചെയ്ത് അന്വേഷിച്ചിട്ടും തെറ്റായി ഒന്നും നടന്നിട്ടില്ലെന്ന് കണ്ടെത്തി കേസ് അവസാനിപ്പിച്ചുകൊണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനേ സിബിഐയ്ക്കായുള്ളൂ. നേരത്തേ വലിയ പ്രാധാന്യത്തോടെ ഞങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ കൊടുത്ത പത്രങ്ങളൊന്നും ഒരു മൂലയിലും സത്യം റിപ്പോര്‍ട്ട് ചെയ്തില്ല. ആത്മാര്‍പ്പണത്തോ ടെയും ത്യാഗബുദ്ധിയോ ടെയും ജോലിചെയ്തതിന് ഒടുവില്‍ കിട്ടിയ പ്രതിഫലം!
സി.ബി.ഐ. റെയ്ഡ് ജീവിതത്തില്‍ ഏറ്റവും വലിയ പാഠം പഠിപ്പിച്ചു. ആപത്ത് വരുമ്പോഴാണല്ലോ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും യഥാര്‍ത്ഥസ്വഭാവം അറിയുന്നത്. സി. ബി. ഐ. യില്‍ത്തന്നെ നേരത്തേ ഡി. ഐ. ജി.യായിരുന്ന, ബീഹാര്‍ കേഡര്‍ പോലീസുദ്യോഗസ്ഥനായിരുന്ന നെയ്യാറ്റിന്‍കരക്കാരന്‍ ഡോ. പി. എം. നായര്‍ അവതാരപുരുഷനെപ്പോലെ, ദൈവത്തിന്റെ പ്രതിനിധിയായി ഞങ്ങളെ സഹായിച്ചു. റെയ്ഡ് സമയത്ത് എന്റെ മൂത്ത മകന്‍ ജയ്ദീപിന്റെ വിവാഹാലോചന നടക്കുകയായിരുന്നു. ഹൈദരാബാദില്‍, ബി.പി.എല്‍. വ്യവസായികളുടെ കുടുംബത്തില്‍പ്പെട്ട വിശ്വനാഥന്‍ നമ്പ്യാരുടെയും ഭാര്യ രമണിയുടെയും മകള്‍ ലക്ഷ്മിയെ ആയിരുന്നു ആലോചിച്ചത്. റെയ്ഡ് കഴിഞ്ഞ അടുത്ത വെള്ളിയാഴ്ച അവര്‍ ഡല്‍ഹിയിലെത്തി രണ്ടുദിവസം മുഴുവന്‍ ഞങ്ങളുടെ കൂടെയും ബിപിഎല്‍ അതിഥിമന്ദിരത്തിലുമായി ചെലവഴിച്ച്ഞങ്ങളെ സമാധാനിപ്പിച്ചു. പിറ്റേയാഴ്ച സമാശ്വസിപ്പിക്കാനായി മാത്രം കോഴിക്കോട്ടുനിന്ന് എം.ടി. വാസുദേവന്‍നായര്‍ ഡല്‍ഹിയിലെത്തി, ഞങ്ങളുടെകൂടെ താമസിച്ച് ഒരിക്കലും മനോധൈര്യം കൈവിടരു തെന്ന് ഓര്‍മ്മിപ്പിച്ചു
എന്തായാലും പിന്നീട് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ പദവിയിലായിരിക്കെ എന്റെ പേര് ഡയറക്ടര്‍ ജനറല്‍ പദവിയിലേക്കു പരിഗണിക്കപ്പെട്ടപ്പോഴും സിബിഐയുടെ എഫ് ഐ ആറുണ്ടെന്നപേരില്‍ അതു നിഷേധിക്കുകയായിരുന്നു. എനിക്കാകെ മടുപ്പായി. അങ്ങനെയാണ് സ്വയം വിരമിക്കാന്‍ തീരുമാനിച്ചത്. എന്നിട്ടും വേട്ടയാടല്‍ തീര്‍ന്നില്ല. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പല കാരണങ്ങള്‍ പറഞ്ഞും തടഞ്ഞുവച്ചു. പിന്നീട് എറണാകുളത്തെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസ് പറഞ്ഞ് 13 വട്ടം മാറ്റിവയ്ക്കപ്പെട്ടിട്ടൊടുവിലാണ് എന്റെ ആനുകൂല്യങ്ങള്‍ വിട്ടുതരാന്‍ കോടതിയിടപെടലോടെ അധികൃതര്‍ തയാറായത്. അതുവരെ എനിക്കെന്റെ ജീവിതത്തിലാദ്യമായി പദ്ധതിയിട്ട തിരുവനന്തപുരത്തെ വീടുപണി പോലും പൂര്‍ത്തിയാക്കാനായില്ല. പിന്നീട് കൊല്‍ക്കത്ത സിബിഐ കോടതിയില്‍ പലതവണ വിചാരണയ്ക്കു പോകേണ്ടിവന്നു. ഹാജര്‍ പറഞ്ഞു കേസ് മാറ്റിവയ്ക്കുകയല്ലാതെ ഒരു തെളിവും അവര്‍ക്കു ഹാജരാക്കി മുന്നോട്ടുപോകാനായില്ല. അവസാനം സഹികെട്ട് കേസ് തള്ളാന്‍ ഞാനടക്കമുള്ളവര്‍ അപേക്ഷ നല്‍കി. അങ്ങനെ 2019 ഓഗസ്റ്റില്‍ കോടതി തെളിവുകളില്ലാത്തതിന്റെ പേരില്‍ കോടതി ഞങ്ങളെയെല്ലാം നിരൂപാധികം വിടുതല്‍ ചെയ്തു. അതും മാധ്യമങ്ങള്‍ക്കു വാര്‍ത്തയായില്ല.
ടെലിവിഷനില്‍ വന്നത് മണ്ടത്തരമായിപ്പോയെന്നോ സ്വകാര്യ ചാനലുകളുടെ ക്ഷണം നിരസിക്കേണ്ടായിരുന്നെന്നോ നഷ്ടബോധം തോന്നിയിട്ടുണ്ടോ?
ഒരിക്കലുമില്ല. രണ്ടു ദശാബ്ദം കഴിഞ്ഞു നിസ്സംഗനായി തിരിഞ്ഞുനോക്കുമ്പോള്‍, ധാര്‍മ്മികരോഷമുണ്ടെന്നതു ശരി. പക്ഷേ ടെലിവിഷന്‍ എന്ന മാധ്യമത്തെ ഞാനൊരിക്കലും വെറുക്കില്ല. കാരണം അതെന്റെ എക്കാലത്തെയും പാഷനായിരുന്നു. സിനിമയില്‍ നിന്നു വിഭിന്നമായൊരു ദൃശ്യഭാഷയാണല്ലോ അത്. ഇന്ത്യയില്‍ ടെലിവിഷനില്‍ മുഴുകി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കാനായി എന്നതും ദൂര്‍ദര്‍ശന്റെ ശൈശവം മുതല്‍ പ്രായപൂര്‍ത്തി വരെ അനുയാത്ര ചെയ്യാനായെന്നതും ചെറിയകാര്യമായി തോന്നുന്നില്ല. ഇപ്പോള്‍ വെബ്ബ് അധിഷ്ഠിതമായി മാറിയപ്പോഴും ടെലിവിഷന്റെ വ്യാകരണത്തില്‍ മാറ്റം വന്നിട്ടില്ലല്ലോ. സാങ്കേതികതയിലേ മാറ്റമുള്ളൂ. സാങ്കേതികത നമുക്കു പഠിച്ചെടുക്കാവുന്നതേയുള്ളൂ. അതുകൊണ്ടുതന്നെ ദൃശ്യമാധ്യമത്തിലെ ഓരോ ചെറു ചലനങ്ങളെയും പറ്റി ഞാന്‍ അറിവുപുതുക്കുന്നുണ്ട്. സൂക്ഷ്മമായി നീരക്ഷീച്ചു പഠിക്കുന്നുമുണ്ട്.
സ്വകാര്യ ചാനലുകളുടെ പ്രളയത്തിനിടെ അവയുടെ ഉള്ളടക്കനിലവാരത്തെപ്പറ്റി വ്യാപകമായ ആക്ഷേപങ്ങളുയരാറുണ്ട്. മലയാളം ടിവി പരമ്പരകളെപ്പറ്റി ഈയടുത്തും വലിയ വാദപ്രതിവാദങ്ങളും വിവാദവുമൊക്കെയുണ്ടായി. പരമ്പരകളുടെ ജനയിതാക്കളിലൊരാളായ താങ്കള്‍ ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?
ടിവി ചാനലുകള്‍ വിളമ്പുന്ന വിനോദ സദ്യ, മറ്റെല്ലാ ഭാഷകളിലുമെന്ന പോലെ കേരളസമൂഹത്തിന് എന്ത് പ്രയോജനം ചെയ്യുന്നുവെന്നത് വളരെ ഗൗരവമായി സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ ചിന്തിക്കേണ്ട വിഷ യമാണ്. ചാനല്‍ പരിപാടികളെ നിയന്ത്രിക്കാന്‍ ഒരു പ്രക്ഷേപണസംഹിതയും പരസ്യങ്ങളെ ക്രമീകരിക്കുന്ന നിയമസംഹിതയും ഉണ്ട്. ചാനലിനു ലൈസന്‍സ് നല്‍കാന്‍, അതായത് സംപ്രേഷണം തുടങ്ങാനാലോചിക്കുമ്പോള്‍ തന്നെ ഈ നിയമങ്ങളും നിയന്ത്രണങ്ങളും പൂര്‍ണ്ണമായും പരിപാലിക്കുമെന്ന് എല്ലാ ചാനലുടമകളും പ്രതിജ്ഞയെടുക്കണം. അത് ചെയ്യാറുമുണ്ട്. സിനിമയ്ക്കുള്ളതുപോലെ ടിവി പരിപാടികള്‍ക്ക് മുന്‍കൂര്‍ സെന്‍സറിങ് ഇ്ല്ലാത്തതിനാല്‍ കേവലം വിനോദത്തിനും തദ്വാരാ ലഭിച്ചേക്കാവുന്ന പരസ്യങ്ങള്‍ക്കും വേണ്ടി നൈതികമൂല്യങ്ങളെ കാറ്റില്‍ പറത്തുന്ന രീതിയിലേക്ക് മിക്ക ചാനലുകളുടെയും ഉള്ളടക്കം അധ:പതിച്ചിരിക്കുന്നു. പല കോടതികളും,കേരളത്തിന്റെ നിയമസഭാസമിതി പോലും ടിവി പരമ്പരകളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് അഭിപ്രായപ്പെടുന്ന നിലയിലേക്കതെത്തിച്ചേര്‍ന്നിരിക്കു ന്നു.
കുറ്റകൃത്യങ്ങളും, ക്രൂരതയും, കൊലപാതകരീതികളും, അന്ധവിശ്വാസവും, കുടുംബശൈഥില്യവും, ദ്വയാര്‍ത്ഥ സംഭാഷണങ്ങളും, വിവാഹേതരബന്ധങ്ങളും പല പരമ്പരകളുടെയും ഉള്ളടക്കത്തിലുണ്ട്. ഇവ നിയന്ത്രിക്കാന്‍ നിയമങ്ങളു ണ്ടെങ്കിലും ഉള്ളടക്കം പരിശോധിച്ച് വേണ്ട ശുപാര്‍ശകള്‍ നല്‍കാനുള്ള സംവിധാനങ്ങളൊന്നും(അവ ജില്ലാതലത്തില്‍ വരെ കടലാസിലുണ്ട്) പ്രവര്‍ത്തിക്കുന്നില്ല. എന്തിനേറെ, അശ്ലീല ചാനലുകള്‍ പോലും സംപ്രേഷണം ചെയ്യാന്‍ മടിക്കുന്ന (മുതിര്‍ന്നവര്‍ക്ക് മാത്രമുള്ള ടിവി ചാനലുകള്‍ വിദേശങ്ങളിലുണ്ട്) മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള അശ്ലീല സംഭാഷണം ഒരു ദിവസം 17 തവണ സംപ്രേഷണം ചെയ്തിട്ടും അതിനുത്തരവാദികളായവരെ നിയമത്തിന്റെ വരുതിയില്‍ കൊണ്ടുവരാന്‍ ഒരു പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ച ശേഷമാണ് നിയമപാലകര്‍ നടപടിയെടുത്തത്.
ടിവി ചാനലുകളെ നിയന്ത്രിക്കാന്‍ ഏതു സര്‍ക്കാരിനും ഭയമാണ്, കാരണം അവയ്ക്ക് സമൂഹത്തിലുള്ള സ്വാധീനം തന്നെ! അതുകൊണ്ട് തന്നെയാണ് ലാഭമില്ലങ്കിലും ചാനലുകള്‍ നിലനില്‍ക്കുന്നത്. മുമ്പ് ടിവി പ്രവര്‍ത്തകര്‍ക്ക് മാധ്യമ സവിശേഷതകളില്‍ പ്രത്യേക പരിശീലനം അത്യാവശ്യമായിരുന്നു; ഇപ്പോള്‍ അത്തരം പരിശീലനം ഇല്ലാത്തവരാണ് ചാനലുകളിലെന്നത് പരിപാടികളുടെ നിലവാരമില്ലായ്മ വ്യക്തമാക്കുന്നു. ടിവി ചാനലുകള്‍ നമ്മുടെ സാംസ്‌കാരിക, സാമൂഹിക രംഗങ്ങളെ അനിതരസാധാരണമായി സ്വാധീനിച്ചതിന്റെ പ്രതിഫലനങ്ങളും മൂല്യത്തകര്‍ച്ചയും ജാഗ്രതയോടെ കാണേണ്ടതാണ്. വെറുമൊരു എസ്‌കേപ്പിസ്റ്റ് മാധ്യമ മായി മാത്രം ടിവി അധഃപതിക്കുന്നത് അഭിലഷണീയമല്ല. പരിഷ്‌കൃത സമൂഹത്തില്‍ ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. ഒരു പരിപാടിയുടെ ഉള്ളടക്കം പ്രേക്ഷക മനസ്സിനെ കാര്യമായി സ്വാധീനിക്കുമെന്ന തിനാല്‍ സമൂഹം കരുതിയിരിക്കേണ്ടതാണ്. ക്ഷണിക മാധ്യമമാണ് ടെലിവിഷന്‍. ഒരു നാള്‍ കൊണ്ട് ഒരാളെ താരമാക്കാനും മറുനാള്‍ കെടുത്താനും കഴിയുന്ന മാധ്യമം. പൊതുവെ അധരവ്യായാമങ്ങള്‍ക്കപ്പുറം ഒരിക്കലും കടക്കാത്ത ചാനലുകളിലെ അന്തിചര്‍ച്ചകളിലും ഈ അനവധാനത പ്രകടമാണ്. സാങ്കേതിക വിദ്യ വളരെയേറെ പുരോഗമിക്കുന്ന ഈ കാലത്ത് ടിവി മാധ്യമത്തിന്റെ പ്രയോജനം ശരിയായ രീതിയില്‍ സാമൂഹികോന്ന മനത്തിനായി ഉപയോഗപ്പെടുത്തേണ്ടിയിരിക്കുന്നു.
താങ്കള്‍ സംസ്ഥാന ടെലിവിഷന്‍ അവാഡ്‌സമിതിയധ്യക്ഷനായിരിക്കെ കേരളത്തിന് ഒരു ടെലിവിഷന്‍ അക്കാദമി എന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത് ഓര്‍മ്മയുണ്ട്. അതിന് ഇപ്പോഴും പ്രസക്തിയുണ്ടോ?
കേരളത്തില്‍ ടിവി പ്രേക്ഷകര്‍ വളരെ കൂടുതലാണ്. ടിവി പല കാര്യങ്ങളിലും സിനിമയെക്കാള്‍ വ്യത്യസ്തമാണ്. ചലച്ചിത്ര അക്കാദമിയുടെ ഭാഗമാവുമ്പോള്‍ ടിവിക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടില്ല. പോരാത്തതിന് ടെലിവിഷന്‍ മേഖലയില്‍ അടിസ്ഥാനപരമായ ഗവേഷണങ്ങളും ആഴത്തിലുള്ള പഠനങ്ങളും ആവശ്യവുമാണ്. ലോക ടിവിയിലെ മാറ്റങ്ങളറിയാന്‍ അന്താരാഷ്ട്രതലത്തില്‍ ടെലിവിഷമേളകളും ആവശ്യമാണ്. ഇതെല്ലാം ഇപ്പോഴും പ്രസക്തമാണ്. അതിന് കേരള ടെലിവിഷന്‍ അക്കാദമി സ്ഥാപിക്കണമെന്നാണ് ഞാന്‍ നിര്‍ദ്ദേശിച്ചത്. അക്കാദമിക്ക് മലയാളം ടിവിയുടെ നന്മയ്ക്ക് പലതും ചെയ്യാനാവുമെന്ന നിലയ്ക്ക് ജൂറിയുടെ അഭിപ്രായമായിട്ടാണത് സമര്‍പ്പിച്ചത്. പിന്നീടൊരിക്കല്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ടപ്പോള്‍ ഞാന്‍ ഇക്കാര്യം അദ്ദേഹത്തോടു സംസാരിക്കുകയും ചെയ്തു. ക്രിയാത്മകമായിട്ടാണ് അദ്ദേഹം പ്രതികിച്ചത്. പിന്നീടെന്തു സംഭവിച്ചു എന്നറിയില്ല. എന്നാല്‍ ടെലിവിഷന്‍ അക്കാദമി എന്ന ആവശ്യത്തിന് ഇന്നും പ്രസക്തിയുണ്ട് എന്നുതന്നെയാണ് അഭിപ്രായം.
ഉള്ളില്‍ അണയാത്ത താല്‍പര്യത്തിന്റെ ഈ കനലാണ് മലയാളിയെ ടെലിവിഷന്‍ കാണിച്ചു തന്ന, മലയാളിയുടെ മിനിസ്‌ക്രീന്‍ കാഴ്ചയുടെ ഭാവുകത്വത്തിന് അടിത്തറയിട്ട കെ കുഞ്ഞികൃഷ്ണന്‍ എന്ന സഹൃദയനെ ഇന്നും പ്രസക്തനാക്കി നിലനിര്‍ത്തുന്നത്. ആരോപണങ്ങളുടെ മേഘമാലകള്‍ക്കൊന്നും മറയ്ക്കാനാവാത്ത സൂര്യനായി നിലനിര്‍ത്തുന്നത്. ദൂര്‍ദര്‍ശനിലെ മികച്ച പ്രവര്‍ത്തകനുള്ള 25000 രൂപയുടെ അവാര്‍ഡ് നേടിയിട്ടുള്ള കുഞ്ഞികൃഷ്ണന്‍ 1998, 1999 വര്‍ഷങ്ങളില്‍ ഏഷ്യാ ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയ സമിതിയിലും 2001, 2002 വര്‍ഷങ്ങളില്‍ സി എന്‍ എന്‍െ ഏഷ്യാ ടെലിവിഷന്‍ വാര്‍ത്താ പുരസ്‌കാര നിര്‍ണയസമിതിയിലും അംഗമായിട്ടുണ്ട്. 2000 ല്‍ കേരളത്തിന്റെ രാജ്യാന്തര ടിവി വീഡിയോ ചലച്ചിത്രമേളയില്‍ ജൂറിയംഗമായിരുന്നു. ദൂര്‍ദര്‍ശന്‍ കാലം പൂക്കളും മുള്ളുകളും, ടെലിവിഷനും സമൂഹവും, തുടങ്ങിയ പുസ്തകങ്ങളും നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ടദ്ദേഹം. രണ്ടാണ്‍മക്കളില്‍ മൂത്തയാള്‍ ജയദീപ് കൃഷ്ണന്‍ ബിയോണ്ട് നെക്‌സ്റ്റ് വെഞ്ചേഴ്‌സ് എന്ന ഒരു ജപ്പാന്‍ കമ്പനിയുടെ ഇന്ത്യന്‍ മേധാവിയായി ബംഗളൂരുവിലാണ്. അച്ഛന്റെ വാസന പിന്തുടര്‍ന്ന് ഇംഗ്‌ളീഷില്‍ എഴുതാറുണ്ടദ്ദേഹം. മാനേജ്‌മെന്റ് വിദഗ്ധ ലക്ഷ്മി നമ്പ്യാരാണ് ഭാര്യ. ഹൈദരാബാദിലെ സൃഷ്ടി ആര്‍ട്ട് ഗ്യാലറി അവരുടേതാണ്.അവരുടെ മകള്‍ തമാര നമ്പ്യാര്‍ അസ്സലായി ഇംഗ്‌ളീഷില്‍ കവിതയെഴുതും. രണ്ടാമത്തെ മകന്‍ വിശ്വനാഥ് സ്റ്റാന്‍ഫോര്‍ഡില്‍ നിന്നും ചിക്കാഗോയില്‍ നിന്നുമായി ഗണിതശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി ഗവേഷകനായി തൂടരുന്നു. അമേരിക്കക്കാരി ഡയാന ലിബര്‍ട്ടിയാണ് ഭാര്യ. പ്രശസ്ത ചുവര്‍ ചിത്രകാരിയും സാമൂഹികപ്രവര്‍ത്തകയുമായ രാഗിണിയുമൊത്ത് പിടിപി നഗറിലെ മ്യൂസിയം പോലുള്ള വീട്ടില്‍ തന്റെ ഇഷ്ടമായ പുസ്തകങ്ങളും സാഹിത്യവും ടെലിവിഷനുമായി അദ്ദേഹം കര്‍മ്മനിരതനാണ്.
No comments:
Post a Comment