Friday, May 06, 2022

ജോണ്‍പോള്‍ : സ്വയം തെളിച്ച പാതയില്‍ ചരിച്ച തിരക്കഥാകൃത്ത്

 

എ.ചന്ദ്രശേഖര്‍

ജീവിതത്തിലൊരിക്കലെങ്കിലും ജോണ്‍ പോളിനെ കണ്ടിട്ടുള്ളവര്‍ ആലോചിക്കുന്ന ഒരു കാര്യമുണ്ട്: അനര്‍ഗള നിര്‍ഗളമായി ഏതെങ്കിലും കോളജിലോ സര്‍വകലാശാലയിലോ സാഹിത്യം പഠിപ്പിക്കേണ്ടിയിരുന്ന ആളെങ്ങനെ തിരക്കഥാകൃത്താവും മുമ്പ് പൂര്‍വാശ്രമത്തില്‍ കണക്കുകളുടെ ലോകത്ത് ബാങ്കുദ്യോഗസ്ഥനായി ജോലി ചെയ്തു? ഉത്തരം വളരെ വ്യക്തമാണ്. സാങ്കല്‍പിക ജീവിതങ്ങളെക്കുറിച്ചുള്ള കണക്കുകൂട്ടലുകളാണ് സാഹിത്യം. അഥവാ ജീവിതത്തെക്കുറിച്ചുള്ള സാങ്കല്‍പികമായ കണക്കുകൂട്ടലുകളാണത്. ഒറ്റവരിയിലൊരു ജീവിതത്തെ രണ്ടരമണിക്കൂര്‍ നേരത്തേക്കു കൃത്യവും വ്യക്തവും യുക്തവുമായ നാടകീയമുഹൂര്‍ത്തങ്ങള്‍ കോര്‍ത്ത് തിരക്കഥയായി എഴുതിവയ്ക്കാനുള്ള കണക്കുകള്‍ വഴങ്ങുന്ന തൂലികയായിരുന്നു ജോണ്‍ പോളിന്റേത്. മനുഷ്യന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറം നീളുന്ന വിധിയുടെ ഇടപെടലുകളെപ്പറ്റി പൂര്‍വനിശ്ചിതമായി കണക്കുകൂട്ടി കഥാപാത്രങ്ങളിലൂടെ കഥ പറയാനുള്ള അസാമാന്യ ചാതുര്യമായിരുന്നു അതിന് അദ്ദേഹത്തിന് കൂട്ടായി ഉണ്ടായിരുന്നത്. എഴുത്തു വഴിമുട്ടുമ്പോള്‍ പല സിനിമാഎഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും അന്ത്യാശ്രമായിരുന്നു ജോണ്‍പോള്‍. കഥയുടെ വഴിയിലെ ഏതു സന്ദിഗ്ധതകളെയും വഴിമുടക്കുകളെയും ഭാവന കൊണ്ട് അതിലംഘിക്കാന്‍ ശേഷിയുണ്ടായിരുന്ന അപൂര്‍വ പ്രതിഭയായിരുന്നു ജോണ്‍പോള്‍. പരന്നതും ആഴത്തിലുമുള്ള വായനതന്നെയാണ് അതിനദ്ദേഹത്തെ പിന്തുണച്ചത്. അതേ വഴി തന്നെയാണ് തിരക്കഥയുടെ തിരുത്തലുകാരനായി ചലച്ചിത്രലോകത്തേക്ക് അദ്ദേഹത്തിനു ചവിട്ടടിയായതും.

സംഗീതം മൗനവും ഈണവും ചേര്‍ന്നുള്ള കൃത്യമായ കണക്കാണെങ്കില്‍, പ്രവചനീയവും അപ്രതീക്ഷിതവുമായ വിധിനിയോഗങ്ങളില്‍ കോര്‍ത്ത മനുഷ്യജീവിതത്തെ, കഥാപാത്രങ്ങളുടെ സങ്കീര്‍ണ മനോനിലകളുടെ ഫ്രെയിമുകളുടെ കണക്കൊപ്പിച്ച് അവതരിപ്പിക്കുന്നതില്‍ വിജയിച്ച തിരക്കഥാകൃത്തായിരുന്നു ജോണ്‍ പോള്‍. സര്‍വസാധാരണമായ പ്രമേയങ്ങള്‍ മുതല്‍ അസാധാരണ പ്രമേയങ്ങള്‍ വരെ ആ തൂലികത്തുമ്പില്‍ നിന്ന് ചിരകാലപ്രതിഷ്ഠ നേടിയ കലാമൂല്യവും ജനപ്രീതിയും നേടിയ ചലച്ചിത്രങ്ങളായി പിറവിയെടുത്തു. അതില്‍ ജീവിതത്തിന്റെ ചൂടും ചൂരും, ഹൃദയദ്രവീകരണശേഷിയുള്ള നാടകീയതയും സ്വാഭാവികമായി ഉള്‍ച്ചേര്‍ന്നു. സുഹൃത്തായ കലൂര്‍ ഡെന്നീസിന്റെ മാസികകളില്‍ ചലച്ചിത്ര പത്രപ്രവര്‍ത്തകനായും, പിന്നീട് അദ്ദേഹത്തിന്റെ തന്നെ പ്രേരണയില്‍ തിരക്കഥാതിരുത്തല്‍വാദിയായും സിനിമയുടെ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയവുമായാണ് മടുപ്പിക്കുന്ന ബാങ്ക് ജീവിതത്തിനിടെയില്‍ നിന്നു മനുഷ്യകഥാനുഗായികളായ ചലച്ചിത്രങ്ങളുടെ രചനയുടെ നടവഴികളിലേക്ക്  അങ്കിള്‍ എന്ന വിളിപ്പേരില്‍ സിനിമയില്‍ അറിയപ്പെട്ടിരുന്ന ജോണ്‍ പോള്‍ കടന്നുവരുന്നത്. എഴുത്തില്‍ അനിതരസാധാരണമായൊരു ഭാഷാവഴക്കം കൈമുതലായുണ്ടായിരുന്നു അദ്ദേഹത്തിന്. അതുപോലെ, ഒരു കഥാതന്തുവില്‍ നിന്ന് രംഗങ്ങളായി അവയെ വികസിപ്പിക്കുന്നതിലും അസാമാന്യമായ ഭാവനാശേഷിയും അദ്ദേഹത്തിനു വശമുണ്ടായിരുന്നു. ജോണ്‍ പോളിന്റെ പേരില്‍ പുറത്തുവന്ന ചലച്ചിത്രങ്ങളുടെ വിഷയ വൈവിദ്ധ്യം മാത്രം പരിശോധിച്ചാല്‍ വ്യക്തമാവുന്നതാണ് ആ വലിപ്പം. ശരീരം കൊണ്ടു മാത്രമല്ല, ഭാവനാവിലാസം കൊണ്ടും സ്ഥൂലമായിരുന്നു ആ മനസ്. സഹകരിക്കാന്‍ സാധിച്ച സംവിധായകരുടെ പേരുകളിലും ആ പ്രതിഭാവ്യാപ്തി കണക്കുണ്ട്.കച്ചവടം കല എന്നീ വിഭജനങ്ങള്‍ക്കതീതമായി മികച്ച സിനിമകളുണ്ടാക്കുന്നതില്‍ എല്ലാ വിഭാഗത്തിലുമുള്ള സംവിധായകരുമായി സഹകരിക്കാന്‍, അവരെ ക്രിയാത്മകമായി പ്രചോദിപ്പിക്കാന്‍ ജോണ്‍ പോളിന് സാധിച്ചു. പി.എന്‍ മേനോന്‍, കെ.എസ് സേതുമാധവന്‍ തുടങ്ങി മലയാള സിനിമയിലെ തന്നെ ഇതിഹാസചലച്ചിത്രകാരന്മാരില്‍ തുടങ്ങി ഭരതന്‍, മോഹന്‍, ബാലു മഹേന്ദ്ര, ഭരത്‌ഗോപി തുടങ്ങിയ മധ്യവര്‍ത്തി ചലച്ചിത്രകാരന്മാര്‍ക്കും ഐ വി ശശി, സത്യന്‍ അന്തിക്കാട്, കെ.മധു, സിബി മലയില്‍, കമല്‍, ജോഷി, പി.ജി വിശ്വംഭരന്‍ തുടങ്ങി കമ്പോളസിനിമയിലെ തലതൊട്ടപ്പന്മാര്‍ക്കുമൊപ്പം ഒരുപോലെ സഹകരിക്കാനായ തിരക്കഥാകൃത്ത് എന്നതു തന്നെ ഒരു ബഹുമതിയാണ്. 

ജോണ്‍ പോളിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചാമരം, മര്‍മരം, പാളങ്ങള്‍, വിടപറയും മുമ്പേ, കഥയറിയാതെ, ഓര്‍മ്മയ്ക്കായ്, സന്ധ്യ മയങ്ങും നേരം, രചന, ഇത്തിരിപ്പൂവേ ചുവന്നപൂവേ, അതിരാത്രം, കാതോടു കാതോരം, യാത്ര, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, മാളൂട്ടി, ചമയം, ഇളക്കങ്ങള്‍, കേളി തുടങ്ങിയ സിനിമകള്‍ മാത്രം എണ്ണിയാല്‍ മതി അദ്ദേഹത്തിന്റെ പ്രതിഭയുടെ വലിപ്പം ബോധ്യപ്പെടാന്‍. ഇവയില്‍ വിദേശ സിനിമകളോട് ആശയാനുവാദം വാങ്ങിയ യാത്ര പോലുളള സിനിമകളുണ്ട്. തീര്‍ത്തും സ്വകീയമായ കാതോടുകാതോരവും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും, സമാനതകളില്ലാത്ത രചനയും പോലുള്ള സിനിമകളുമുണ്ട്.

എന്തിനെയും സിനിമാത്മകമായി, കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ ദൃശ്യാത്മകമായി അവതരിപ്പിക്കാനുള്ള സഹജമായ കഴിവാണെന്നു തോന്നുന്നു ജോണ്‍ പോള്‍ എന്ന തിരക്കഥാകാരനെ പകരം വയ്ക്കാനില്ലാത്ത വിഷ്വല്‍ നറേറ്റര്‍ ആക്കി മാറ്റിയത്. സ്വാനുഭവങ്ങള്‍ ചാലിച്ച് സിനിമയെപ്പറ്റിയും പരിചിതവലയത്തില്‍പ്പെട്ട ചലച്ചിത്രപ്രവര്‍ത്തകരെപ്പറ്റിയും അദ്ദേഹമെഴുതിയ ഒരു കടംകഥ പോലെ ഭരതന്‍, കാലത്തിനു മുമ്പേ നടന്നവര്‍, അടയാള നക്ഷത്രമായി ഗോപി, പരിചായകം കാഴ്ചയും കഥയും, ഓര്‍മ്മ വിചാരം, മധു ജീവിതം ദര്‍ശനം, മായാസ്മൃതി, പി.എന്‍ മേനോന്‍-വിഗ്രഹഭഞ്ജകര്‍ക്കൊരു പ്രതിഷ്ഠ തുടങ്ങിയ പുസ്തകങ്ങളിലെ അതിരുകവിഞ്ഞ പാരായണക്ഷമതയ്ക്കും അത്യാകര്‍ഷകമായ ആഖ്യാനശൈലിക്കും പിന്നിലെ രഹസ്യവും മറ്റൊന്നല്ല. വായനക്കാരന്റെ വൈകാരികശ്രദ്ധ അത്രമേല്‍ പിടിച്ചുപറ്റുംവിധമുള്ള എഴുത്തുശൈലി അനനുകരണീയമാണ്. പത്മരാജനെയും കെ.ജി.ജോര്‍ജിനെയും തിരക്കഥയെഴുത്തില്‍ നെഞ്ചോടു ചേര്‍ത്തുവച്ച ജോണ്‍പോളിലെ തിരക്കഥാകൃത്തിനെക്കൊണ്ട് കവിത്വം തുളുമ്പുന്ന സംഭാഷണങ്ങള്‍ എഴുതിച്ചതും ഇതേ അനന്യത തന്നെയാണ്. അക്ഷരങ്ങളുടെയും തിരയക്ഷരങ്ങളുടെയും പെരുന്തച്ചനായ സാക്ഷാല്‍ എം.ടി.വാസുദേവന്‍ നായരുടെ ഹൃദയത്തിലിടം നേടുക മാത്രമല്ല, അദ്ദേഹത്തെ കൊണ്ട് ഒരു ചിത്രം സംവിധാനം ചെയ്തു (ഒരു ചെറു പുഞ്ചിരി) നിര്‍മ്മിക്കാനും അദ്ദേഹത്തെപ്പറ്റി എം.ടി.ഒരു അനുയാത്ര എന്ന പുസ്തകമെഴുതി മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടാനും സാധിച്ചത് എഴുത്തിലുള്ള ജോണ്‍പോള്‍ സവിശേഷതയ്ക്ക് ഉദാഹരണം.

സിനിമേതരമായി എഴുതിയ സി.ജെ.തോമസും സി.ജെ തോമസും, എം.കെ.സാനു മനുഷ്യനെ സ്‌നേഹിക്കുന്ന ഒരാള്‍ തുടങ്ങിയ രചനകളും അദ്ദേഹത്തിന്റെ രചനാവിശേഷം പ്രകടമാക്കുന്നതു തന്നെ. 

എന്തായിരുന്നു ജോണ്‍പോളിനെ മറ്റു തിരക്കഥാകൃത്തുക്കളില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തിയ ഘടകം? ഒറ്റവരിയില്‍ പറഞ്ഞൊതുക്കാവുന്ന കഥാമര്‍മ്മങ്ങളില്‍ നിന്ന് ലക്ഷണയുക്തവും മനോരഞ്ജിത്വവും ഉറപ്പാക്കുന്ന ദൃശ്യരചനകള്‍ സൃഷ്ടിക്കാനായി എന്നതു തന്നെയാണ് ജോണ്‍പോളിന്റെ പ്രത്യേകത. ചുഴികളും ഉള്‍പ്പിരിവുകളും ധാരാളമുള്ള എപ്പിക്ക് സ്വഭാവമുള്ള കഥകളായിരുന്നില്ല ജോണ്‍പോള്‍ സിനിമകള്‍ക്കായി സ്വീകരിച്ചത്. ഉദാഹരണമായി എടുത്താല്‍ ജോണ്‍പോളും മോഹനും ഒന്നിച്ച വന്‍ ഹിറ്റായി മാറിയ വിട പറയും മുമ്പേയ്ക്കും അത്രവലിയ ഹിറ്റാകാത്തതെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ട ഇളക്കങ്ങള്‍ക്കും, ഭരതനു വേണ്ടി രചിച്ച ആലോലത്തിനും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിനും ഒരു സായാഹ്നത്തിന്റെ സ്വപ്‌നത്തിനും ഒന്നും വാസ്തവത്തില്‍ പറയാന്‍ അങ്ങനെയൊരു കഥ പോലുമില്ല. ഒരു വരിയിലോ മറ്റോ പറഞ്ഞു പോകാവുന്ന ഒരു സംഭവം, ഒരു വികാരം. പക്ഷേ ജോണ്‍ പോള്‍ അതില്‍ നിന്നു നെയ്‌തെടുത്തത് ജീവിതം തുളുമ്പുന്ന അവിസ്മരണീയമായ ചലച്ചിത്രാനുഭവങ്ങളാണെന്നതിന് ചരിത്രം സാക്ഷി. ചെറുകഥയോടോ കടങ്കഥയോടോ ആണ് ആ സിനിമകള്‍ക്ക് ഇഴയടുപ്പം. ഏതൊരു കഥയേയും സംഭവത്തേയും വേറിട്ടൊരു കാഴ്ചക്കോണിലൂടെ നോക്കിക്കാണാനും അതിന് അസാധാരണമായൊരു മാനം നല്‍കി പൊലിപ്പിക്കാനും ജോണ്‍ പോള്‍ എന്ന തിരക്കഥാകാരനുണ്ടായിരുന്ന സിദ്ധി അനന്യമാണ്. അതു തെളിയിക്കുന്നതു തന്നെയാണ് അദ്ദേഹത്തിന്റെ എല്ലാ തിരക്കഥകളും.

തനിക്കു വഴങ്ങുന്ന, തനിക്കെന്തെങ്കിലും സംഭാവന ചെയ്യാനാവുന്ന തിരക്കഥകള്‍ക്കായി മറ്റുള്ളവരുടെ കഥകളെ ആധാരമാക്കാനും മടിച്ചില്ല. സേതുമാധവനു വേണ്ടി,ഹിന്ദി ചിത്രമായ ബസുചാറ്റര്‍ജിയുടെ ഷൗക്കീനിനെ അധികരിച്ചെഴുതിയ ആരോരുമറിയാതെയും, ബ്‌ളൂ ലഗൂണ്‍ എന്ന ഹോളിവുഡ് സിനിമയെ ആസ്പദമാക്കി ഐ വി ശശിക്കു വേണ്ടിയെഴുതിയ ഇണയും, ഓസ്‌കര്‍ വൈല്‍ഡിന്റെ ചെറുകഥയെ അധികരിച്ചെഴുതിയ ബാലുമഹേന്ദ്രയുടെ യാത്രയും,കൊച്ചിന്‍ ഹനീഫയുടെ കഥയിലൊരുക്കിയ ജോഷിയുടെ ഇണക്കിളിയും,  രവി വള്ളത്തോളിന്റെ നാടകത്തില്‍ നിന്നെഴുതിയ സത്യന്‍ അന്തിക്കാടിന്റെ രേവതിക്കൊരു പാവക്കുട്ടിയും, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കഥയില്‍ നിന്ന് രചിച്ച ഒരുക്കവും, നെടുമുടി വേണുവിന്റെ കഥകളില്‍ നിന്ന് വികസിപ്പിച്ചെഴുതിയ പണ്ടു പണ്ടൊരു രാജകുമാരിയും, ഒരു കടങ്കഥപോലെയും ഒക്കെ ഉണ്ടാവുന്നത് ആ വിശ്വാസത്തില്‍ നിന്നാണ്.

സദാചാരമടക്കമുള്ള സാമൂഹികപ്രശ്‌നങ്ങളോട് തന്റെ സിനിമകളിലൂടെ ധീരമായിത്തന്നെ നിലപാടെടുക്കാനും അദ്ദേഹം മറന്നില്ല. പഠിപ്പിക്കുന്ന അധ്യാപികയോട് കാമം തോന്നുന്ന നായകനെ അവതരിപ്പിച്ച ബാലകൃഷ്ണന്‍ മാങ്ങാടിന്റെ കഥയില്‍ നിന്ന് ഭരതനു വേണ്ടി നിര്‍മ്മിച്ചെടുത്ത ചാമരവും, വിജയന്‍ കരോട്ടിന്റെ കഥയില്‍ നിന്ന് ഭരതനുവേണ്ടി തന്നെ രചിച്ച മര്‍മ്മരവും ആന്റണി ഈസ്റ്റ്മാന്റെ കഥയില്‍ നിന്ന് സൃഷ്ടിച്ച മോഹന്റെ രചനയും, സി.രാധാകൃഷ്ണന്റെ കഥയില്‍ നിന്നൊരുക്കിയ സേതുമാധവന്റെ അവിടുത്തെപ്പോലെ ഇവിടെയും, തിക്കോടിയന്റെ കഥയില്‍ നിന്ന് ഭരതനു വേണ്ടി രചിച്ച ഇത്തിരിപ്പൂവേ ചുവന്നപൂവേയും ഇത്തരത്തില്‍ ചില ധൈര്യങ്ങള്‍ പ്രകടമാക്കിയ ചലച്ചിത്രരചനകളാണ്. സംവിധായകന്‍ കമലിന്റെ അരങ്ങേറ്റ ചിത്രമായ മിഴിനീര്‍പ്പൂവുകളുടെ കഥയുടെ സവിശേഷത ഇന്നും ചര്‍ച്ചചെയ്യപ്പെടുന്നതാണെന്നോര്‍ക്കുക.

കഥാപാത്രങ്ങളുടെ ഉള്ളിലേക്ക് ആഴത്തിലിറങ്ങി നോക്കുന്ന, മനോവിശ്ശേഷണ സ്വഭാവമുള്ള, പ്രേക്ഷകരുടെ ആത്മാവുമായി നേരിട്ട് സംവദിക്കുന്ന തരം സിനിമകളോടായിരുന്നു എഴുത്തുകാരനെന്ന നിലയില്‍ ജോണ്‍ പോളിന് കൂടുതല്‍ താല്‍പര്യം. സൗഹൃദ നിര്‍ബന്ധങ്ങള്‍ക്കു വശംവദനായി ചില ബിഗ് ബജറ്റ് സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ചപ്പോള്‍, ഒറ്റവരികഥകള്‍ സിനിമയാക്കിയപ്പോള്‍ നേടിയ പ്രദര്‍ശന/വിപണന വിജയം നേടാനായില്ലെങ്കിലും കലാപരമായും അതിരാത്രം പോലുള്ളവ പിന്നീട് മറ്റു ചില തലങ്ങളിലും ശ്രദ്ധേയമായി.ജേസിക്കു വേണ്ടി ബൈബിള്‍ അധിഷ്ഠിതമായി ഒരുക്കിയ സോഷ്യല്‍ എപിക്ക് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന പുറപ്പാട്, ഐ വി ശശിക്കു വേണ്ടി രചിച്ച മള്‍ട്ടിസ്റ്റാര്‍ ചിത്രമായ അതിരാത്രം, കമല്‍ഹാസന്‍ അഭിനയിച്ച ശശിയുടെ തന്നെ വ്രതം, ജയറാമിനെ വച്ച് ഐ വി ശശി ഒരുക്കിയ ഭൂമിക, അംജദ് ഖാനും മമ്മൂട്ടിയും റഹ്‌മാനുമടക്കം അഭിനയിച്ച പി.ജി.വിശ്വംഭരന്റെ ഈ ലോകം ഇവിടെ കുറേ മനുഷ്യര്‍ തുടങ്ങിയ സിനിമകളൊന്നും അത്തരത്തില്‍ ജോണ്‍പോളിന്റെ കഥപറച്ചില്‍ശൈലിയില്‍ ഒതുങ്ങുന്നതായിരുന്നില്ല. എന്നാല്‍, അതിരാത്രത്തിലെ താരാദാസ് എന്ന കഥാപാത്രം പില്‍ക്കാലത്ത് ഐ.വി.ശശിയുടെയും മമ്മൂട്ടിയുടെയും ഐക്കോണിക്ക് കഥാപാത്രമായി മാറിയതും പുറപ്പാട് മികച്ച സിനിമയെന്ന നിലയ്ക്ക് അംഗീകരിക്കപ്പെട്ടതും നാം കണ്ടു.

ആരും ചിന്തിക്കാത്ത വഴിക്ക് കഥാപാത്രങ്ങളെയും കഥാഗതിയേയും തന്നെ കൊണ്ടുപോകുന്നതില്‍ അസാമാന്യ പ്രതിഭാവിലാസം പ്രകടിപ്പിച്ച തിരക്കഥാകൃത്തായിരുന്നു ജോണ്‍പോള്‍. കുഴല്‍ക്കിണറില്‍ വീണ്ട കുട്ടിയെ രക്ഷിക്കുക എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി, ഇന്നത്തെ ന്യൂജനറേഷന്‍ സിനിമ ബിജാവസ്ഥയില്‍ പോലും ഉടലെടുക്കുന്നതിനു മുമ്പേ ഭരതനുവേണ്ടി മാളൂട്ടി എഴുതിയതു മാത്രം മതി ഇതു വ്യക്തമാക്കാന്‍. ഐ വി ശശിക്കു വേണ്ടി അവസാനകാലത്തെഴുതിയ വെള്ളത്തൂവല്‍ എന്ന ചിത്രത്തില്‍ പോലും കല്‍പനയിലും കാഴ്ചപ്പാടിലും വച്ചുപുലര്‍ത്തിയ നൂതനത്വവും യുവത്വവും നിഴലിച്ചിരുന്നു. ഭരതനുവേണ്ടിത്തന്നെയെഴുതിയ നീലക്കുറിഞ്ഞി പൂത്തപ്പോള്‍, ചമയം തുടങ്ങിയ സിനിമകളിലും ഈ വ്യതിരിക്തത് പ്രകടമാണ്.സന്ധ്യ മയങ്ങും നേരം പോലൊരു സിനിമ ആലോചിക്കാന്‍ ജോണ്‍പോളിനെപ്പോലൊരു തിരക്കഥാകൃത്തില്ലായിരുന്നെങ്കില്‍ ഭരതന് സാധ്യമാകുമായിരുന്നോ എന്നു ചിന്തിക്കണം. 

പ്രതിഭാധനരായ അഭിനേതാക്കള്‍ക്ക് പൂന്തുവിളയാടാനുള്ള അവസരങ്ങള്‍ ധാരാളമൊരുക്കിവച്ച തിരക്കഥകളായിരുന്നു ജോണ്‍ പോളിന്റേത്. ഭരത് ഗോപിയും നെടുമുടിവേണുവും മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം ജോണ്‍ പോളിന്റെ തിരക്കഥകളില്‍ മുമ്പെങ്ങുമില്ലാത്തവണ്ണം പ്രശോഭിച്ചു. ഗോപിയുടെ ഓര്‍മ്മയ്ക്കായ്, പാളങ്ങള്‍, രചന, ആലോലം, സന്ധ്യ മയങ്ങും നേരം, മര്‍മ്മരം, വേണുവിന്റെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മര്‍മ്മരം, രചന, വിട പറയും മുമ്പേ, ആലോലം, പാളങ്ങള്‍, മുരളിയുടെ ചമയം, മോഹന്‍ലാലിന്റെ മിഴിനീര്‍പ്പൂവുകള്‍,  ഉത്സവപ്പിറ്റേന്ന്, മമ്മൂട്ടിയുടെ ഇത്തിരിപ്പൂവേ ചുവന്നപൂവേ, പുറപ്പാട് തുടങ്ങിയ സിനിമകള്‍ തന്നെ ഉദാഹരണം. ആലോലത്തിലെയും ഇത്തിരിപ്പൂവേ ചുവന്നപൂവേയിലെയും കെ.ആര്‍ വിജയയേയും ഓര്‍മ്മയ്ക്കായിയിലെ മാധവിയേയും ചാമരത്തിലെ സറീന വഹാബിനെയും, രചനയിലെ ശ്രീവിദ്യയേയും ഇളക്കങ്ങളിലെ ഇന്നസെന്റിനെയും മറന്നുകൊണ്ട് മലയാളത്തിലെ താരചരിത്രം പൂര്‍്ത്തിയാക്കുക സാധ്യമല്ല.

എഴുത്തിലെന്നോണം പ്രഭാഷണകലയിലും സമാനതകളില്ലാത്ത പ്രതിഭ പ്രകടമാക്കിയ ആളായിരുന്നു ജോണ്‍ പോള്‍. ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തിയാല്‍ പോലും ചലച്ചിത്ര ചരിത്രം ഇടതടവുകളില്ലാതെ സ്വാഭാവിക പ്രവാഹമായി അനര്‍ഗനിര്‍ഗളം ഉതിരുമായിരുന്നു അദ്ദേഹത്തില്‍ നിന്ന്. സഫാരി ചാനലിലടക്കം പല മാധ്യമങ്ങളിലും സ്വാനുഭവങ്ങളുടെ രസക്കൂട്ടുകള്‍ ചാലിച്ചും അല്ലാതെയും അദ്ദേഹം സിനിമയുടെ കഥ, സിനിമാക്കാരുടെ കഥ പുതു തലമുറകള്‍ക്കായി പകര്‍ന്നു വച്ചു.

എഴുതിയ സിനിമകളില്‍ പലതിനും പല തരത്തിലും തലത്തിലും ബഹുമതികള്‍ ധാരാളം വാരിക്കൂട്ടാന്‍ സാധിച്ചുവെങ്കിലും തിരക്കഥാകൃത്തെന്ന നിലയ്ക്ക് സംസ്ഥാന ദേശീയ അവാര്‍ഡുകളുടെ പരിഗണനയില്‍ വന്ന പേരല്ല ജോണ്‍ പോളിന്റേത്. അതു പക്ഷേ, പ്രേക്ഷക ഹൃദയങ്ങളില്‍ കൂട്ടുകൂടുന്നതിന് തടസമായതുമില്ല. മലയാളത്തില്‍ എക്കാലത്തും പ്രേക്ഷകര്‍ ഓര്‍ക്കുന്ന ഓര്‍മ്മയ്ക്കായും വിടപറയും മുമ്പേയും, ചമയവും, ചാമരവും ഉത്സവപ്പിറ്റേന്നും മിഴിനീര്‍പ്പൂവുകളും പോലെ ഒരുപിടി സിനിമകളിലുടെ ജോണ്‍ പോള്‍ മലയാള ചലച്ചിത്ര ചരിത്രത്തില്‍ എന്നും നിലനില്‍ക്കും, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമായിട്ടല്ല, ജ്വലിക്കുന്ന സൂര്യശോഭയുമായിത്തന്നെ!


1 comment:

gardyniayadon said...

다만 입금 보너스를 받았을때의 깐깐한 규정은 반박할 수 없겠네요. 정확히 입력하셨으면 위와 같이 가입이 완료되며 본사에서 확인 후 이용 가능합니다.입출금을 위해서는 휴대폰 인증 메일 인증,신분증 인증 등을 거쳐야하기에 2~3일 소요될 수 있습니다. 다파벳 스포츠는 2013년 2월 필리핀 마카티에서 설립되었습니다. https://xn--o80b910a26eepc81il5g.co/ 회사는 2004년에 설립된 e게임 회사인 다파벳이 소유하고 운영합니다. 이 회사는 Cagayan Economic Zone Authority 와 First Cagayan Leisure과 Resort Corporation 이 허가하고 규제했습니다. 다파벳의 시장은 초창기 아시아 국가에 초점을 맞추었지만, 최근 클럽 스폰서를 통해 영국에서도 인기를 얻었습니다.