Monday, April 18, 2022

മായാ കാഴ്ചയിലെ കാലസ്പന്ദനങ്ങള്‍

എ.ചന്ദ്രശേഖറിന്റെ 'മാറുന്ന കാഴ്ച മായാത്ത കാഴ്ച' എന്ന ഏറ്റവും പുതിയ ചലച്ചിത്രഗ്രന്ഥത്തിന്റെ വായനാനുഭവം

സഹാനി രവീന്ദ്രന്‍ 

സിനിമയെന്ന കലാരൂപം ജീവിതത്തോട് ഏറെ അടുത്തുനില്‍ക്കുന്ന ഒന്നാകുന്നത് അത് അഭിനിവേശപ്പെടുത്തുന്നതും അതിലെ ജീവാംശം ചോദനകളെ ഉദ്ദീപിപ്പിക്കുന്നതാകുമ്പോഴാണ്. പ്രേക്ഷന് സിനിമ ഇഷ്ടമാകാന്‍ ധാരാളം കാരണങ്ങളുണ്ടാകും. സമാന അഭിരുചികകളുടെ എണ്ണപ്പെരുപ്പം കൊണ്ട് ജനകീയസിനിമയെന്ന് ചില ചിത്രങ്ങളെ അടയാളപ്പെടുത്തുന്നു, മറ്റുള്ളവയെ വിവിധങ്ങളായ സമീപനങ്ങളിലൂടെ അല്ലെങ്കില്‍ ഉപാധികളിലൂടെ നോക്കികണ്ട് കണ്ണികളില്‍പ്പെടുത്തുന്നു. 

സിനിമ എന്താവണം അല്ലെങ്കില്‍ എങ്ങനെയാവണമെന്നു വരെ നിശ്ചയിക്കാന്‍ പ്രേക്ഷകനെ എത്തിക്കുന്നയിടത്തേക്ക് നയിക്കുന്നത് മിക്കപ്പോഴും സിനിമാനിരൂപണങ്ങളാണ്. ഇതാകട്ടെ കേവലം അവലോകനങ്ങളിലെ നിലവാരസൂചകങ്ങളുടെ എണ്ണമെടുപ്പിലാണവസാനിക്കുന്നത്. വ്യക്ത്യധിഷ്ഠിതമായ ഇഷ്ടങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ഇത്തരം അവലോകനങ്ങളില്‍ നിന്നു വേറിട്ട ഒന്നായിരുന്നു ഫിലിം മാഗസിന്‍ എന്ന പ്രസിദ്ധീകരണം. ആസ്വദിച്ചും സിനിമയെ കാണാനാകും എന്ന ബോധ്യത്തിലേക്ക് മലയാളവായനക്കാരനെയടുപ്പിക്കാന്‍ കഴിയുന്ന ലേഖനങ്ങളും പഠനക്കുറിപ്പുകളും നിശ്ചലചിത്രങ്ങളും അതിലുണ്ടായിരുന്നു. ഒരു ദൃശ്യത്തിന്റെ അടരുകളെ ഭിന്നതലത്തില്‍ അനുഭവേദ്യമാക്കാന്‍ ഇവ പ്രേക്ഷകനെ പ്രാപ്തനാക്കുന്നു, നാമറിയാതെ നമ്മില്‍ വിവിധതരം സമീപനങ്ങളെ തിരയോട്ടത്തിനൊപ്പം സന്നിവേശിപ്പിക്കുന്നു. എണ്‍പതുകളിലും തൊണ്ണൂറുകളിലുമായി മലയാളത്തിന്റെ വിഹ്വലമായ ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലായിരുന്നു അത്. അങ്ങനെ ഒരു ഭൂമികയുടെ പരിസരത്ത് നിന്നാണ് സിനിമയുടെ കാഴ്ചകളും ഉള്‍ക്കാഴ്ചകളും, മാറുന്നതും മായാത്തതുമായ പുതുകാഴ്ചയിലൂടെ ചലച്ചിത്ര നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ എ. ചന്ദ്രശേഖര്‍ തന്റെ 'മാറുന്ന കാഴ്ച മായാത്ത കാഴ്ച' എന്ന ചലച്ചിത്രഗ്രന്ഥത്തിലൂടെ അനാവരണം ചെയ്യുന്നത്. പ്രേക്ഷകന് താന്‍ കണ്ട ചിത്രങ്ങളില്‍ ഇങ്ങനെയും ചില എഴുതാപ്പുറങ്ങള്‍ ഉണ്ടെന്ന വിചിന്തനസൗഭാഗ്യം പ്രദാനം ചെയ്യുന്നതാണ് മൂന്ന് ഭാഗങ്ങളായി തയ്യാറാക്കിയ ഈ പഠനക്കുറിപ്പുകള്‍.


കാലവും പ്രകൃതിയും മാനവസംസ്‌കൃതിയും ഇഴപിരിഞ്ഞ് ഇഴപിരിഞ്ഞ് നമ്മെ വിസ്മയിപ്പിക്കുന്ന ചലച്ചിത്രകലാരൂപം എവ്വിധം പ്രേക്ഷകനില്‍ സ്വാംശീകരിക്കപ്പെടുന്നു എന്നത് പുസ്തകത്തിലെ വൈവിദ്ധ്യപ്രമേയങ്ങളിലൂടെ ചന്ദ്രശേഖര്‍ സരളതയോടെ വായനക്കാരോട് സംവദിക്കുന്നു. ക്ലിഷ്ടമല്ലാത്തതും താദാത്മ്യപ്പെടുന്നതുമായ ഇടങ്ങളിലൂടെ വായനക്കാരെ നയിക്കുന്ന അദ്ദേഹത്തിന്റെ ശൈലി എന്നെന്നുംപോലെ ആകര്‍ഷകമാണ്. തന്റെ 21-മാത്തെ പുസ്തകത്തിലും ചന്ദ്രശേഖര്‍ പഠനവസ്തുവിനെ സമീപിക്കുന്നത് ഗവേഷണാത്മകമായ ദിശാബോധത്തോടെയാണെന്നത്  മലയാളത്തിലെ ചലച്ചിത്രനിരൂപണത്തില്‍ ഇനിയും പ്രതീക്ഷകള്‍ ബാക്കിവയ്ക്കുന്നു.  ആധുനിക സിനിമാഭിരുചികളുടെ മാനകങ്ങളും രീതികളും തന്റെ സ്വതസിദ്ധകവനത്തെ പരിപോഷിപ്പിക്കപ്പെടുന്നത് സ്ഥിതപ്രജ്ഞമായ ആ മനോനിലയിലുമാണ്.

ആദ്യഭാഗമായ കാലത്തിന്റെ പകര്‍ന്നാട്ടങ്ങള്‍ ചങ്ങലകോര്‍ത്തിരിക്കുന്നിടത്ത് കാലികസമൂഹവും ജനാധിപത്യവും അതിന്റെ ഭേദഭാവങ്ങളിലെ ആവിഷ്‌കാരമാര്‍ഗ്ഗങ്ങളും വിഷയങ്ങളുമാകുന്നു. സാങ്കേതികമാറ്റങ്ങള്‍ ഉള്ളടക്ക സ്വാതന്ത്ര്യത്തിന്റെ ആഘോഷമാകുന്ന ഡിജിറ്റല്‍ ജനാധിപത്യം എന്ന സംജ്ഞയെ  ഉദാഹരണസഹിതം അവതരിപ്പിക്കുമ്പോഴും ആകുലഭാവിയെക്കുറിച്ചു വ്യാകുലപ്പെടുന്നുണ്ട് ലേഖകനിലെ പ്രേക്ഷകന്‍. ഒടിടി എന്ന സംവിധാനത്തിന്റെ സാധ്യതകളും വെല്ലുവിളികളും, ജനാധിപത്യം എന്ന വ്യവസ്ഥ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വിവര്‍ത്തനം ചെയ്യപ്പെടുന്ന കോടതിവരാന്തയിലെ മനുഷ്യാവസ്ഥ, ഇരയാക്കപ്പെടലിന്റെയും കുറ്റവാളികളെ സൃഷ്ടിക്കപ്പെടുന്ന പ്രതിനായക-നായികാസന്ദര്‍ഭങ്ങളും പ്രമേയപരമായ വിലയിരുത്തലുകളിലൂടെ സമര്‍ത്ഥമായി അവതരിപ്പിച്ചിട്ടുണ്ട്. 

രണ്ടാം ഭാഗത്തില്‍ കാലാതിവര്‍ത്തിയായ രണ്ട് ഇന്ത്യന്‍ ചലച്ചിത്രങ്ങളുടെ സാര്‍വ്വലൗകികത അടയാളപ്പെടുത്തുകയാണ്. ഇബ്‌സന്റെ അി ലിലാ്യ ീള വേല ജലീുഹല എന്ന വിഖ്യാത നാടകവും അതിനെ അധികരിച്ചെടുത്ത സത്യജിത് റേയുടെ ഗണശത്രുവുവിന്റെ പരിചരണത്തിലെ അസ്വസ്ഥപ്പെടുത്തുന്ന കഥാപരിസരവും കഥാപാത്രഘടനാരീതിയെയും ഇഴകീറി പരിശോധിക്കുകയാണ്. അതുപോലതന്നെയാണ് കഴുത ലാക്ഷണികമാനമായ രണ്ടു പ്രമേയങ്ങളുടെ താദാത്മ്യം രേഖപ്പെടുത്തിയ പഠനം. ജോണ്‍ ഏബ്രഹാമിന്റെ അഗ്രഹാരത്തില്‍ കഴുത എന്ന ഓഥേഴ്‌സ് ഫിലിമും റോബര്‍ട്ട് ബ്രസോണിന്റെ ഔ ഹസാര്‍ഡ് ബല്‍ത്തസാര്‍ എന്ന ആത്മീയദര്‍ശനചിത്രവും സമീകരിക്കപ്പെടുകയോ മാറ്റൊലിക്കൊള്ളുകയോ ചെയ്യുന്നത് സ്‌നേഹം എന്ന ഉള്ളലിവിലാണെന്ന് നിദര്‍ശിക്കുന്നു. 

വ്യക്തികളും പ്രസ്ഥാനങ്ങളും ചരിത്രം രചിച്ച നിര്‍ണ്ണായക സന്ദര്‍ഭങ്ങളെ കോര്‍ത്തിണക്കിയതാണ് മൂന്നാം ഭാഗം. അമിതാഭ് ബച്ചന്‍ എന്ന ബിംബകല്പനയും യാഥാര്‍ത്ഥ്യവും കാലഘടനയിലൂടെ സമഗ്രതയില്‍ അവതരിപ്പിച്ചിട്ടുണ്ട്. നടനായും പ്രസ്ഥാനമായും വീണ്ടും നടനായും മാറുന്ന അമിതാഭിലെ കുസൃതി നിറഞ്ഞ ഭാവങ്ങള്‍ പോലും രേഖപ്പെടുത്തിയിരിക്കുന്നത് കൗതുകം നല്‍കുന്നു. മറ്റൊരു ലേഖനത്തില്‍ കിം കി ഡുക്കിലെ ക്രൂരതൃഷ്ണകള്‍ക്ക് വാക്കുകളിലൂടെ അഞ്ജലിയര്‍പ്പിക്കുന്ന ഒരു പ്രേക്ഷകനെയും നമുക്ക് കാണാനാകും. നാട്ടില്‍ തിരസ്‌കൃതനായ അദ്ദേഹത്തിന് നാം നല്‍കുന്ന ആദരവിന് അദ്ദേഹം അര്‍ഹനാണെന്നും ആരാധകമനസ്സുകളില്‍ മരണമില്ലാതെ കിം കി ഡുക് ഉണ്ടാകുമെന്നും എണ്ണിയെണ്ണിപ്പറയുന്ന ഒത്തിരി സന്ദര്‍ഭങ്ങള്‍ ചന്ദ്രശേഖര്‍ ഉദാഹരിക്കുന്നു. 

തന്റെ ബാല്യകാലസ്മൃതികളിലൂടെ തരംഗിണി എന്ന സ്ഥാപനത്തെ അവസാനലേഖനത്തില്‍ ചന്ദ്രശേഖര്‍ അടയാളപ്പെടുത്തുന്നത് രസകരമായ വായനാനുഭവമാണ്..  ലളിതഗാനങ്ങളും ഉത്സവഗാനങ്ങളും ഭക്തിഗാനങ്ങളും തയ്യാറാക്കുന്നതില്‍ യേശുദാസ് രൂപപ്പെടുത്തിയ ഈ മഹത്തായ സ്ഥാപനത്തിന്റെ പ്രസക്തി ഇന്നുമുണ്ടെന്ന് പ്രഖ്യാപിക്കുകയാണ് ലേഖകന്‍. സംഗീതസംവിധായകനായ ആലപ്പി രംഗനാഥ് തന്റെ അവസാനകാല അഭിമുഖത്തില്‍ താന്‍ പ്രവര്‍ത്തിച്ചരുന്ന തരംഗിണിയില്‍ ഗാനങ്ങള്‍ തിരഞ്ഞെടുക്കുന്ന പ്രക്രിയ ഓര്‍ത്തെടുത്ത് പറഞ്ഞതുകൂടി ഇത്തരണത്തില്‍ സ്മരിക്കുന്നു. ഇര്‍ഫാന്‍ അലി ഖാന്‍, ഗിരീഷ് കര്‍ണാട്, മാധവി മുഖര്‍ജി, ഐ വി ശശി, എം ജി രാധാകൃഷ്ണന്‍, എം കെ അര്‍ജ്ജുനന്‍ തുടങ്ങിയവരെക്കുറിച്ചും ഈ ഭാഗത്തില്‍ പ്രതിപാദ്യമുണ്ട്. 

ചില വിശദാംശങ്ങളിലേക്ക് പ്രവേശിക്കുന്ന സന്ദര്‍ഭങ്ങളില്‍ ദൈര്‍ഘ്യമേറുന്നതായി അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഇവിടെയും വാക്കുകളുടെ സരളമായ ഒഴുക്ക് വായനയെ തടസ്സപ്പെടുത്തുന്നുമില്ല. ആയാസരഹിതമായി ഉള്‍ക്കൊള്ളാവുന്ന ഒരു ചലച്ചിത്രഗ്രന്ഥം തന്നെയാണ് സൈകതം ബുക്‌സ് പ്രസിദ്ധീകരിച്ച എ. ചന്ദ്രശേഖറിന്റെ മാറുന്ന കാഴ്ച മായാത്ത കാഴ്ച. 

No comments: