Saturday, May 29, 2021

Vyajavarthayum Janadhipathyavum reviewed in Kalakaumudi by Sreejith Panavelil

 പ്രിയപ്പെട്ട അമൃത സഹപ്രവര്‍ത്തകനും ടോപ് ടെന്‍ അറ്റ് ടെന്‍ വാര്‍ത്താ അവതരണത്തിന് പിന്നിലെ പ്രധാന ചുക്കാനുകളിലൊരാളുമായ കടുത്ത തര്‍ക്കോവ്‌സ്‌കി ഭ്രാന്തിന്റെ പേരില്‍ ഞങ്ങളെല്ലാം തര്‍ക്കു എന്നു സ്‌നേഹത്തോടെ വിളിക്കുന്ന ശ്രീജിത്ത് ഞാന്‍ എഡിറ്റ് ചെയ്ത വ്യാജവാര്‍ത്തയും ജനാധിപത്യവും എന്ന പുസ്തകത്തെപ്പറ്റി പുതിയ കലാകൗമുദിയില്‍ എഴുതിയ നിരൂപണം. നന്ദി ശ്രീജിത്ത്


നിര്‍മ്മിത സത്യങ്ങളെ 

അപനിര്‍മ്മിക്കുമ്പോള്‍

-ശ്രീജിത്ത് പനവേലില്‍



സത്യം ബ്രൂയാത് പ്രിയം ബ്രൂയാത്

നാം ബ്രൂയാത് സത്യം പ്രിയം

പ്രിയം ചനാനാര്‍ത്ഥം ബ്രൂയാത്

യേഷ ധര്‍മ്മം സനാതനഹ

സത്യം പറയുക, മറ്റുള്ളവര്‍ക്ക് പ്രിയം ആകുന്നത് പറയുക, അപ്രിയ സത്യം പറയാതിരിക്കുക, അന്യര്‍ക്ക് പ്രിയമാകുന്ന അസത്യങ്ങള്‍ പറയാതിരിക്കുക

ഇതാണ് സനാധന ധര്‍മ്മമെന്ന് മനുസ്മൃതി പറയുന്നു

അച്ചടി-ശ്രവ്യ-ദൃശ്യ മാധ്യമങ്ങളുടെ എല്ലാ സാധ്യതകളും ഉള്‍ക്കൊണ്ട് പിറവിയെടുത്ത രണ്ട് ആധുനിക മാധ്യമങ്ങളാണ് ഇവയുടെ ഡിജിറ്റല്‍ പതിപ്പുകളും സാമൂഹിക മാധ്യമങ്ങളും.  ഈ രണ്ടു മാധ്യമങ്ങളേയും വ്യത്യസ്ത കളങ്ങളിലാക്കി വേര്‍തിരിക്കുക എളുപ്പമല്ല. കാലപ്രവാഹത്തെ ഒട്ടൊക്കെ അതിജീവിച്ച അച്ചടി-ശ്രവ്യ- ദൃശ്യ മാധ്യമങ്ങള്‍ ദേശത്തിന്റെയും കാലഘട്ടത്തിന്റേയും സമയമാപിനികളുടേയും സ്‌പേസിന്റെയും പരിമിതികളെ അതിജീവിക്കുവാനാണ് ഡിജിറ്റല്‍ / ഓണ്‍ലൈന്‍ മാധ്യമങ്ങളാകുന്നത്.

എല്ലാവിധ അതിര്‍ത്തികളേയും അതിലംഘിച്ച് ജനങ്ങളിലേക്ക് എത്തിച്ചേരുന്ന നവമാധ്യമങ്ങള്‍ക്ക്, അവരുടെ ചിന്താമണ്ഡലത്തെ സ്വാധീനിക്കുവാന്‍ കഴിയുന്നു.  ഇനിയും എത്തിപ്പെടാനാവാത്ത വായനക്കാരനിലേക്ക്/പ്രേക്ഷകനിലേക്ക് എത്തുവാനായാണ് അച്ചടി-ശ്രവ്യ-ദൃശ്യ മാധ്യമങ്ങള്‍ സാമൂഹിക മാധ്യമങ്ങളെ ആശ്രയിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകളും 3-ജിയും 4-ജിയും ഗ്രാമങ്ങളില്‍ പോലും സര്‍വ്വസാധാരണമായതോടെയാണ് ഇത് സാധ്യമായത്. അംഗീകൃത മാധ്യമങ്ങള്‍ സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയുടെ അതത് സാമൂഹിക മാധ്യമത്തിന് അനുയോജ്യമായ രീതിയിലാണ് വാര്‍ത്തകള്‍ അനുവാചകന് നല്‍കുന്നത്.

സാമൂഹിക മാധ്യമങ്ങളുടെ ഏറ്റവും വലിയ സവിശേഷത അത് ഒരേസമയം സാമൂഹികവും വ്യക്തിപരവുമാണ്.  ഒരു വ്യക്തിയ്ക്ക് അയാളുടെ കാഴ്ചപ്പാട് അനേകരിലേക്ക് എത്തിക്കുവാനുള്ള നിലപാട്തറയാണ് സാമൂഹിക മാധ്യമങ്ങള്‍.  നിലപാട്തറയുടെ സ്വീകാര്യത വ്യക്തിയുടെ കാഴ്ചപ്പാടിന് കരുത്ത് പകരുന്നു. തന്റെ കാഴ്ചപ്പാടിന് വിപരീതമായ അഭിപ്രായങ്ങളെ പ്രതിരോധിക്കുകയും തന്നെ അനുകൂലിക്കുന്നവരുടെ പിന്തുണയോടെ വിപരീത സ്വരങ്ങളെ ഇല്ലാതാക്കുമ്പോഴാണ് അസത്യങ്ങളും നിര്‍മ്മിതി സത്യങ്ങളും പിറന്നു വീഴുന്നത്.

പാറ്റേണുകളെ, പകര്‍പ്പുകളെ ഏറെ ഇഷ്ടപ്പെടുന്നതാണ് മനുഷ്യ മസ്തിഷ്‌കം. നമ്മുടെ രാഷ്ട്രീയ-മത-വ്യക്തിഗത കാഴ്ചപ്പാടുകള്‍ക്ക് സമാനമായ നിലപാട് സ്വീകരിക്കുന്നവരെ നാം വളരെ പെട്ടെന്ന് ഉള്‍ക്കൊള്ളുന്നു.  എന്നാല്‍ വ്യത്യസ്തമായ രാഷ്ട്രീയ-വ്യക്തിഗത കാഴ്ചപ്പാടുള്ളവരെ നമുക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാനാവില്ല. ലളിതമായ ഈ മനഃശാസ്ത്ര യാഥാര്‍ത്ഥ്യം ആണ് സാമൂഹിക മാധ്യമങ്ങളിലെ ലൈക്കുകള്‍ക്കും ഫോര്‍വേഡുകള്‍ക്കും അണ്‍ലൈക്കുകള്‍ക്കും പിന്നിലുള്ളത്.  അച്ചടി-ശ്രവ്യമാധ്യമങ്ങള്‍ക്ക് അവയുടെ ഓണ്‍ലൈന്‍/ഡിജിറ്റല്‍ പതിപ്പുകളും പിന്നിട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ ലൈക്കുകളും ഹിറ്റുകളും വര്‍ദ്ധിപ്പിക്കാന്‍ മാത്രം ശ്രമിക്കുമ്പോള്‍ ക്രമേണ ശുഷ്‌ക്കമാകുന്നത് കാഴ്ചപ്പാടുകളുടെ  ബഹുസ്വരതയാണ്.

സാമൂഹിക മാധ്യമങ്ങളിലെ വ്യക്തിയുടെ ഇടപെടലിന് സമാനമായി  വ്യവസ്ഥാപിത അച്ചടി-ശ്രവ്യ-ദൃശ്യ മാധ്യമങ്ങള്‍ ഇടപെടല്‍ നടത്തുമ്പോള്‍ നമുക്ക് നഷ്ടമാകുന്നത് ബഹു ആഖ്യാതികളും (ജീഹ്യ ചമൃൃമശേ്‌ല)െ ബൃഹദാഖ്യായികകളുമാണ്.  ആകെ കിട്ടുന്നതോ ഏകാഖ്യായികയാണ് (ങീിീ ചമൃൃമശേ്‌ല) ജനാധിപത്യ വിരുദ്ധമായി ഇങ്ങനെ പിറവികൊള്ളുന്ന നിര്‍മ്മിത സത്യങ്ങളുടേയും കൃത്രിമസത്യങ്ങലുടേയും ആഴത്തിലുള്ള വിശകലനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍സിന്റെ കോട്ടയം ക്യാമ്പസിലെ അദ്ധ്യാപകനും മുതിര്‍ന്ന അച്ചടി-ദൃശ്യ-ശ്രവ്യ മാധ്യമപ്രവര്‍ത്തകനുമായ എ.ചന്ദ്രശേഖര്‍ എഡിറ്റു ചെയ്ത വ്യാജവാര്‍ത്തയും ജനാധിപത്യവും എന്ന അര്‍ത്ഥവത്തായ പഠനഗ്രന്ഥം.  മലയാളത്തിലെ മുന്‍നിര മാധ്യമപ്രവര്‍ത്തകരുടെ കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഈ പഠനഗ്രാന്ഥം മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ വിദ്യാര്‍ത്ഥികല്‍ക്കും സാമൂഹിക മാധ്യമങ്ങളില്‍ ദിനേന ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്കും ഒരുപോലെ ഗുണകരമാണ്. 

ഡോ. അനില്‍കുമാര്‍ വടവാതൂര്‍, എ.ചന്ദ്രശേഖര്‍, എന്‍.പി.രാജേന്ദ്രന്‍, നീലന്‍, എം.ബി.സന്തോഷ്, വി.എസ്.ശ്യാംലാല്‍, അഡ്വ.ഹരീഷ് വാസുദേവന്‍, കലാമോഹന്‍, കെ.ടോണി ജോസ്, സുനില്‍ പ്രഭാകര്‍ എന്നീ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരാണ് തങ്ങളുടെ പ്രവര്‍ത്തന മണ്ഡലത്തിലെ അനുഭവ സമ്പത്തുകളോടെ പഠനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. 

     വ്യാജവാര്‍ത്തകളുടെ നിര്‍മ്മിതിയെ കകങഇ ഗീേേമ്യമാ ഞലഴശീിമഹ ഒലമറ ഡോ. അനില്‍ കുമാര്‍ വടവാതൂര്‍ ഇങ്ങനെ വിലയിരുത്തുന്നു.

'വസ്തുതകള്‍ക്ക് രൂപമാറ്റം നല്‍കുന്നതും പുതുരൂപത്തില്‍ വര്‍ണ്ണക്കുപ്പികളില്‍ നിറയ്ക്കുന്നതും വ്യാജവാര്‍ത്താ നിര്‍മ്മാണത്തിന്റെ മറ്റൊരു വശം തന്നെ.  സത്യത്തിന്റെ ഒരുവശം മാത്രം പറയുക, തങ്ങള്‍ക്ക് മെച്ചമുള്ള കാര്യംമാത്രം വെണ്ടയ്ക്ക നിരത്തി പറ്റിയ്ക്കുക, ആരോപണം വാര്‍ത്തയാക്കുകയും ബന്ധപ്പെട്ടവരുടെ വസ്തുതാപൂര്‍ണ്ണമായ  വിശദീകരണം അവസാന ഖണ്ഡികയില്‍ ഒതുക്കുകയും ചെയ്യുക തുടങ്ങിയതൊക്കെ ഫെയ്ക്ക് ന്യൂസിന്റെ ഗണത്തില്‍ വരുന്നു. (കപട വാര്‍ത്തകളുടെ കലാപകാലം-ഡോ. അനില്‍കുമാര്‍ വടവാതൂര്‍, പേജ് 14).

സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു കാലഘട്ടത്തിലെ ഏറ്റവും കരുത്തനായ ഒരു രാഷ്ട്രീയ നേതാവിനെ തന്റെ തട്ടകത്തില്‍ നിന്ന് എന്നെന്നേയ്ക്കുമായി ഭ്രഷ്ടനാക്കിയ ചാരക്കേസ് വിലയിരുത്തുകയാണ് അച്ചടി-ദൃശ്യ-ശ്രവ്യമാധ്യമങ്ങളില്‍ ഒരുപോലെ പരിചയസമ്പന്നനായ എ.ചന്ദ്രശേഖര്‍ 'വ്യാജവാര്‍ത്തയും നിര്‍മ്മിതി വാര്‍ത്തയും' എന്ന ലേഖനത്തില്‍.

'സമീപ ഭൂതകാലത്തെ കേരള മാധ്യമചരിത്രത്തില്‍ നിന്ന് കപടവാര്‍ത്തയ്ക്ക്, നിര്‍മ്മിത (പ്ലാന്‍ഡഡ്) വാര്‍ത്തയ്ക്ക്, അങ്ങനെയൊരര്‍ത്ഥത്തില്‍ വ്യാജവാര്‍ത്തയ്ക്ക് ഒരു ഉദാഹരണം ചൂണ്ടിക്കാട്ടാന്‍ പറഞ്ഞാല്‍ കണ്ണടച്ച് ഉദ്ധരിക്കാവുന്ന ഒന്ന് രാജ്യാന്തര ശ്രദ്ധ നേടിയ ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ആണ്. കേസ് തെളിഞ്ഞ് പപ്പും പൂടയുമൊട്ടുണ്ടിയിട്ടും പ്രതിചേര്‍ത്ത് സമൂഹ്യമാധ്യമ വിചാരണയ്ക്ക് വിധേയമായി പീഡിപ്പിക്കപ്പെട്ട് നാശകോടാലിയാക്കിത്തീര്‍ത്തവരെ പരമോന്നത നീതിപീഠം നിഷ്‌ക്കളങ്കരായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അനുവദിച്ച നഷ്ടപരിഹാരവും കൊടുത്തു തീര്‍ത്തിട്ടും ചരുക്കം അന്വേഷണോദ്യോഗസ്ഥരും അവരുടെ വാക്ക് വേദമാക്കി വിശ്വസിക്കുന്ന 'ചെറുകൂട്ടം മാധ്യമപ്രവര്‍ത്തരും ബാക്കിയുണ്ട്'… (വ്യാജവാര്‍ത്തയും നിര്‍മ്മിത വാര്‍ത്തയും - എ.ചന്ദ്രശേഖരന്‍, പേജ് 18)

വിജ്ഞാന വിസ്‌ഫോടനത്തിന്റെ ഡിജിറ്റല്‍ മഹാപ്രപഞ്ചത്തില്‍ സത്യാന്വേഷണ പരിമിതി വലുതാണ് എന്ന് ചന്ദ്രശേഖര്‍ പറയുന്നു.  എന്തിനെക്കുറിച്ചും വിവരം ലഭിക്കുന്ന ഗൂഗിള്‍, ജ്ഞാനത്തിന്റെ അവസാന വാക്കായിത്തീരുന്ന സൈബര്‍ ലോകത്ത്, അങ്ങനെയൊരു ബട്ടണില്‍ തല്‍ക്ഷണം ലഭ്യമാക്കപ്പെടുന്ന വിവരത്തിന്റെ നിജസ്ഥിതി ഉറപ്പാക്കുന്നതെങ്ങനെ എന്നതാണ് സത്യാനന്തരമുയര്‍ത്തുന്ന യഥാര്‍ത്ഥ പ്രതിസന്ധി'  (വ്യാജവാര്‍ത്തയും നിര്‍മ്മിത വാര്‍ത്തയും-എ.ചന്ദ്രശേഖരന്‍, പേജ് 21).

ഈ പഠന സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു ലേഖനം മലയാലത്തിലെ ഏറ്റവും മുതിര്‍ന്ന അച്ചടി-ദൃശ്യമാധ്യമ പ്രവര്‍ത്തകരില്‍ ശ്രദ്ധേയനായ ശ്രീ നീലന്റേതാണ്.  'അച്ചടി മാധ്യമത്തേക്കാള്‍ എളുപ്പമാണ് ദൃശ്യമാധ്യമത്തില്‍ വ്യാജവാര്‍ത്ത സൃഷ്ടിക്കാന്‍. രണ്ടും രണ്ടു ഭാഷയാണ് ഉപയോഗിക്കുന്നതെന്നതാണ് കാരണം' (വ്യാജവാര്‍ത്തയും ടെലിവിഷനും-പേജ് 32).

ദൃശ്യമാധ്യമ രംഗത്തെ ബിംബ നിര്‍മ്മിതിയെപ്പറ്റി നീലന്‍ ഇങ്ങനെ പറയുന്നു. 'ഇമേജിന്റെ ആധികാരികതയാണ് പ്രധാനം. കോവിഡ് കാലത്ത് മുഖ്യമന്ത്രി എന്നും നടത്തുന്ന പത്രസമ്മേളനത്തിന്റെ സംപ്രേക്ഷണം ചാനലുകളിലെ ഏറ്റവും ജനപ്രിയ പരിപാടി ആയത് അതുകൊണ്ടാണ്. മുഖ്യമന്ത്രിയുടെ ഇമേജ് ഇവിടെ ആധികാരികമാണ്. കാണിക്ക് അറിയേണ്ട കാര്യങ്ങള്‍ ആധികാരികമായി ഈ പരിപാടി അവതരിപ്പിക്കുന്നു.  ഇതേ മുഖ്യമന്ത്രി സംസാരിക്കുന്ന 'നാം മുന്നോട്ട്' എന്ന ഇതേ കാലത്തുള്ള പരിപാടി അത്ര ജനപ്രിയമല്ല.  കാരണം ഒരേ ഇമേജാണ് സ്‌ക്രീനിലെങ്കിലും രണ്ടാമത്തേതിന് ആധികാരികത കുറവായിരുന്നു.  ആധികാരികമായ ഇമേജിനെയാണ് കാണി സ്വീകരിക്കുന്നത് (വ്യാജവാര്‍ത്തയും ടെലിവിഷനും - പേജ് 35).

ഗൂഗിള്‍ സര്‍ട്ടിഫൈഡ് ഡിജിറ്റല്‍ മാധ്യമ പരിശീലകനും മാതൃഭൂമി ഓണ്‍ലൈനില്‍ കണ്‍സള്‍ട്ടന്റുമായ സുനില്‍ പ്രാഭാകറിന്റെ 'വ്യാജ വിവരണങ്ങള്‍ : പ്രശ്‌നങ്ങളും പരിഹാരങ്ങളും' എന്ന ലേഖനം സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന  എല്ലാവര്‍ക്കും ഗുണകരമാണ്. തന്റെ ലേഖനത്തില്‍ സുനില്‍ പ്രഭാകര്‍ ഇങ്ങനെ പറയുന്നു, 'ഇന്‍ഫോഹസാന്‍ഡ് അഥവാ വിവരാപകടം തടയുന്നതിന് സാധാരണക്കാരന് സ്വീകരിക്കാവുന്ന ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രശസ്ത വസ്തുതാ പരിശോധകനും എന്റെ സുഹൃത്തുമായ ഇയോഗന്‍ സ്വീനി തയ്യാറാക്കിയത് ഇവിടെ പറയട്ടെ.  നിങ്ങള്‍ക്ക് ഒരു സന്ദേശം ലഭിച്ചാല്‍ അതില്‍ പ്രതിപാദിക്കുന്ന വിവരത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് ഉത്തമ ബോധ്യമില്ലാതെ അത് ഒരിക്കലും പങ്കുവയ്ക്കരുത്. ചിത്രമോ വിവരമോ പ്രഥമദൃഷ്ട്യാ നിങ്ങളെ ആകര്‍ഷിച്ചു എന്നതുകൊണ്ടു മാത്രം അത് വാസ്തവമാകണമെന്നില്ലെന്ന് എപ്പോഴും മനസ്സില്‍ കരുതുക.  നിങ്ങള്‍ പരത്തുന്നതിന് നിങ്ങള്‍ തന്നെയാണ് ഉത്തരവാദി.  മറ്റുള്ളവര്‍ പറഞ്ഞു എന്നത് ഒരു ഒഴിവുകഴിവല്ല. (വ്യാജ വിവരങ്ങള്‍ : പ്രശ്‌നങ്ങളും പരിഹാരങ്ങളും).

മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഒതുങ്ങുന്നതല്ല വ്യാജനിര്‍മ്മിതികള്‍.  മാധ്യമങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകളില്‍ ലഭിക്കുന്ന ഹിറ്റുകളിലും (സന്ദര്‍ശകരുടെ എണ്ണം) ദൃശ്യമാധ്യമങ്ങളിലെ ഠഞജ റേറ്റിംഗുകളിലും കൃത്രിമത്വം അനായാസം സാധ്യമാകുന്ന ഇക്കാലത്ത് നമുക്ക് കൂടുതല്‍ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്ന് തരുന്നതാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ കോട്ടയം ക്യാമ്പസ് പുറത്തിറക്കിയിരിക്കുന്ന 'വ്യാജ വാര്‍ത്തയും ജനാധിപത്യവും' എന്ന പഠനഗ്രന്ഥം.

 (മുന്‍ അച്ചടി-ഓണ്‍ലൈന്‍-ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)














No comments: