Monday, August 31, 2020

സീ യൂ സൂണ്‍- വിലക്കുകള്‍ ഭേദിക്കുന്ന ദൃശ്യസാധ്യതകള്‍

Movie-Review

സീ യൂ സൂണ്‍- വിലക്കുകള്‍ ഭേദിക്കുന്ന ദൃശ്യസാധ്യതകള്‍

എ.ചന്ദ്രശേഖര്‍

തീര്‍ച്ചയായും ഒരു നിമിഷം ബോറടിക്കാതെ കാണാവുന്ന ഒരു കൊച്ചു ത്രില്ലര്‍ സിനിമയാണ് വിര്‍ച്വല്‍ പ്രൊഡക്ഷന്റെ രൂപഹാവാദികളില്‍ മഹേഷ് നാരായണന്‍ അവതരിപ്പിച്ച സി യൂ സൂണ്‍. സാങ്കേതികത പല തലത്തിലും തരത്തിലും സിനിമയ്ക്കു വിഷയമായിട്ടുണ്ട്. സി.ഐ.ഡി.നസീര്‍ കാലഘട്ടത്തില്‍ വില്ലന്മാരുടെ താവളത്തില്‍ പല കളറില്‍ കത്തുന്ന ബള്‍ബുകളും കണ്‍ട്രോളുകളും പ്രതിമ തിരിച്ചാല്‍ തുറക്കുന്ന രഹസ്യ അധോലോകപാതയുമടക്കം റണ്‍ ബേബി റണ്‍ പോലെ ജോഷിസിനിമയില്‍വരെ നാമതിന്റെ പല വേര്‍ഷനുകള്‍ കണ്ടു. പക്ഷേ, ഒരു കംപ്യൂട്ടര്‍ സ്‌ക്രീനില്‍ നമ്മളും ഭാഗഭാക്കാവുന്ന ഒരു ഓണ്‍ലൈന്‍ സിനിമാക്കാഴ്ച ഇതാദ്യമായിട്ടാണ്. രാജ്യാന്തരചലച്ചിത്രമേളയിലായിരുന്നെങ്കില്‍ ഇത്തരമൊരു സിനിമ ആഘോഷിക്കപ്പെട്ടേനെ, അതിന്റെ സങ്കീരണവും മൗലികവുമായ ദൃശ്യപരിചരണത്തിന്റെ പേരില്‍. സി.യു സൂണില്‍ സാങ്കേതിക രണ്ടുതരത്തിലാണ് വിനിയോഗിക്കപ്പെട്ടിട്ടുള്ളത്. ഒന്ന് അതിന്റെ പ്രമേയതലത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന കംപ്യൂട്ടര്‍വിദഗ്ധന്‍ വിനിയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യ. രണ്ടാമത്തേത്, ഇത്തരമൊരു സിനിമയുടെ ദൃശ്യവിന്യാസം നെയ്‌തെടുക്കാന്‍ കംപ്യൂട്ടര്‍-ഓണ്‍ലൈന്‍-സമൂഹമാധ്യമ യൂസര്‍ ഇന്റര്‍ഫെയ്‌സുകളുടെ ദൃശ്യ-ശ്ബദ-തത്സമയ വിനിമയസാധ്യതകള്‍ പ്രയോജനപ്പെടുത്തി അതിവിദഗ്ധമായി സംവിധായകന്‍ നെയ്‌തെടുത്തിട്ടുള്ള ദൃശ്യഭാഷ. വിര്‍ച്വല്‍ എന്നു തോന്നുമാറ് ഒര്‍ജിനല്‍ സിനിമാലേഖനശൈലി തന്നെ പിന്തുടര്‍ന്നു വളരെ വിദഗ്ധമായിട്ടാണ് ഈ സാക്ഷാത്കാരം എന്നതാണ് ഈ ചിത്രത്തിന്റെ മാധ്യമപരമായ വിജയം. സംവിധായകന്റെ അസാമാന്യ കൈയൊതുക്കത്തിന്റെ നിദാനനിദര്‍ശനമായിത്തന്നെ അതിനെ കണക്കാക്കാം.
പതിവുപോലെ, ഫഹദ് ഫാസിലും റോഷന്‍ മാത്യൂസും അഭിനയത്തില്‍ തിളങ്ങിനിറയുമ്പോള്‍  അമ്പിളി, വൈറസ്, വിജയ് സൂപ്പറും പൗര്‍ണമിയും, കൂടെ, ഇരുമ്പു തുറൈ, മായാനദി തുടങ്ങിയ സിനിമകളിലും ജ്വല്ലറിയുടെ പരസ്യത്തിലും മറ്റും ചെറുവേഷങ്ങളിലൂടെ തിളങ്ങിയ ദര്‍ശന രാജേന്ദ്രന്‍ അനു സെബാസ്റ്റ്യന്‍ എന്ന മുഴുനീള വേഷത്തിലൂടെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിക്കുന്നു. മുന്‍ പറഞ്ഞ വേഷങ്ങളിലും ഒരു മികച്ച നടിയുടെ സാന്നിദ്ധ്യം തെളിയിച്ച ദര്‍ശനയുടെ കരിയര്‍ ബസ്റ്റായിരിക്കും അനു.
സി യൂ സൂണിന്റെ ഏറ്റവും വലിയ പ്‌ളസുകളിലൊന്ന്, ആര്‍ത്തലയ്ക്കാതെ പതിവില്ലാത്ത മിതത്വത്തോടെ ഗോപിസുന്ദര്‍ കയ്യാളിയ പശ്ചാത്തലസംഗീതമാണ്. സാധാരണ ത്രില്ലറുകളില്‍ കാതടപ്പിക്കുന്ന ഹൃദ്രോഗികള്‍ക്ക് അറ്റാക്ക് ഉറപ്പാക്കുന്ന പശ്ചാത്തലസംഗീതം മാത്രം വിന്യസിക്കാറുള്ള ഗോപി തന്റെ വാദ്യോപകരണങ്ങളോടെല്ലാം മിതത്വം പാലിച്ച് ഒതുക്കത്തില്‍ കാര്യം സാധിച്ചിരിക്കുന്നു. മസ്റ്റ് വാച്ച് എന്ന് നിസ്സംശയം ശുപാര്‍ശ ചെയ്യുന്നതിനോടൊപ്പം, കോവിഡിനല്ല, കാലനുപോലും സിനിമയെ തടയാനാവില്ല എന്ന പ്രഖ്യാപനമായിക്കൂടി ഫഹദ്-നസ്രിയ ടീമിന്റെ ഈ പ്രൊഡക്ഷനെ വിശേഷിപ്പിക്കട്ടെ.
#cusoonmovie

No comments: