Wednesday, June 03, 2020

ജേര്‍ണലിസം സ്‌ട്രോക്‌സ്-7

കേരളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ പൊതുപരീക്ഷ

വര്‍ഷം 2002.മലയാള മനോരമ വിട്ടിട്ട് രണ്ടുവര്‍ഷമാവുന്നു. ഇന്റര്‍നെറ്റ് കണക്ടിവിറ്റി തന്നെ ഇന്ത്യയില്‍ വ്യാപകമായി വരുന്നതേയുള്ളൂ. ഇന്ത്യന്‍ ഭാഷയെ വെബ് അധിഷ്ഠിതമായി വികസിപ്പിക്കുക എന്ന ലക്ഷ്യവുമായി സ്ഥാപിതമായ ഇന്‍ഡോര്‍ കേന്ദ്രമാക്കിയ വെബ് ദുനിയ ഡോട്ട് കോം (ഹിന്ദിയിലെ നയീദുനിയ പത്രകുടുംബത്തില്‍പ്പെട്ട, ടൈംസ് ഓഫ് ഇന്ത്യ കുടുംബാംഗത്തിന്റെ സംരംഭം) ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സ്ഥാനമുറപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തു നിന്ന് വെബ് ലോകം ഡോട്ട് കോം എന്ന പേരില്‍ അതിന്റെ മലയാളം വിഭാഗം തുടങ്ങുന്നു. ചൈന്നൈയിലെ പ്രാദേശിക കേന്ദ്രത്തിനാണ് ചുമതല. വെബ് ദുനിയയുടെ കണ്‍സള്‍ട്ടന്റ് ആയിരുന്ന എന്റെയൊരു കസിനും അന്ന് പിടിഐയില്‍ പത്രപ്രവര്‍ത്തകയുമായിരുന്ന( ശങ്കേഴ്‌സ് വീക്ക് ലിയുടെ രണ്ടാമനായിരുന്ന അന്തരിച്ച പത്രപ്രവര്‍ത്തകന്‍ ആര്‍.പി.നായരുടെ-ഒ.വി.വിജയന്റെ പ്രവാചകന്റെ വഴിയിലെ നായര്‍സാബ്- സഹോദരീപുത്രി) സേതുലക്ഷ്മി നായര്‍ എന്ന ഉഷച്ചേച്ചിയാണ് എന്റെ പേര് നിര്‍ദ്ദേശിക്കുന്നത്. എന്റെ അമ്മയുടെ രോഗാവസ്ഥ നേരിട്ടറിയാവുന്നതുകൊണ്ട് തിരുവനന്തപുരത്ത് എനിക്കൊരു ജോലിക്കായി അമ്മയുമച്ഛനും ആഗ്രഹിക്കുന്നുണ്ടായിരുന്നു. അങ്ങനെ ഉഷച്ചേച്ചിയുടെ ശ്രമഫലമായാണ് താരതമ്യേന വലിയ ശമ്പളത്തില്‍ തിരുവനന്തപുരത്ത് വെബ് ലോകം ഡോട്ട് കോമില്‍ രണ്ടാമനായി ഞാന്‍ ചേരുന്നത്. അവിടെ ഒന്നൊന്നരവര്‍ഷമാവുമ്പോഴേക്കാണ് കേരളത്തിലാദ്യമായി എസ്എസ്എല്‍സി.പരീക്ഷ വലിയൊരു പ്രതിസന്ധിയെ നേരിടുന്നത്.
നാലകത്തു സൂപ്പിയായിരുന്നു അന്ന് വിദ്യാഭ്യാസ മന്ത്രി. പ്‌ളസ് ടൂ കൊണ്ടുവരുന്നതിനെച്ചൊല്ലിയോ മറ്റോ ആണെന്നു തോന്നുന്നു, സ്‌കൂള്‍ അധ്യാപകര്‍ വലിയൊരു സമരത്തിലേക്കു നീങ്ങി. വര്‍ഷാന്ത്യം പരീക്ഷ പോലും നടന്നേക്കില്ല എന്ന അവസ്ഥ. എസ്എസ്.എല്‍.സി അന്നത്തെ ഗ്‌ളാമര്‍ പരീക്ഷയാണ്. പൂര്‍വനിശ്ചിത സമയത്ത് ഏതായാലും പത്താം ക്ലാസ് മോഡല്‍ പരീക്ഷകള്‍ നടക്കില്ലെന്ന് ഏതാണ്ടുറപ്പായി. അപ്പോഴാണ് ഞാന്‍ ഒരാശയം ഞങ്ങളുടെ എഡിറ്റര്‍, ഞാന്‍ സഹോദരതുല്യം സ്‌നേഹിച്ചിരുന്ന ശശിമോഹന്‍ സാറിനോട് നിര്‍ദ്ദേശിക്കുന്നത്.
ഇന്‍ഡോറില്‍ നിന്നുള്ള വെബ് ഇനിഷ്യേറ്റീവ് എന്ന നിലയ്ക്ക് അന്ന് ദൂരദര്‍ശനില്‍ സൂപ്പര്‍ഹിറ്റായ ഡെറിക് ഒബ്രെയിന്‍ നടത്തുന്ന ബോണ്‍വിറ്റ ക്വിസ് മത്സരത്തിന്റെ ബഹുഭാഷാ ഓണ്‍ലൈന്‍ വേര്‍ഷന്‍ വെബ് ദുനിയയാണ് നടത്തിപ്പോന്നത്. സംഗതി സിംപിള്‍. ഏതു സമയത്തും ലോകത്തെവിടെയിരുന്നു ആര്‍ക്കും ക്വിസില്‍ അവരവരുടെ ഭാഷയില്‍ പങ്കുകൊള്ളാം. ഒരു മണിക്കൂറാണ് സമയം. ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ കൗണ്ട് ഡൗണ്‍ തുടങ്ങും. നിശ്ചിത ചോദ്യങ്ങളുണ്ടാവും. ഓരോന്നിനും നാല് ഓപ്ഷനുകളും അവ ക്‌ളിക്ക് ചെയ്യാന്‍ റേഡിയോ ബട്ടണുകളും. ക്‌ളിക്ക് ചെയ്യുന്ന നിമിഷം തന്നെ അതു ശരിയാണോ അല്ലയോ എന്നും അതിന്റെ സ്‌കോറും കാണാനാവും. തെറ്റാണെങ്കില്‍ ശരിയുത്തരവും. ഒരുമണിക്കൂര്‍ കഴിഞ്ഞ് വീണ്ടും ലോഗിന്‍ ചെയ്താല്‍ പുതിയ സെറ്റ് ചോദ്യങ്ങളാവും പ്രത്യക്ഷപ്പെടുക. അതിന് മൂന്നുനാലു സെറ്റ് ചോദ്യങ്ങള്‍ റാന്‍ഡം നിലയ്ക്ക പ്രത്യക്ഷപ്പെടാനുള്ള അല്‍ഗോരിതമാണ് ഒരുക്കിയിരുന്നത്. മലയാളം ഉളളടക്കം വിവര്‍ത്തനമടക്കം പൂര്‍ണമായി ഞങ്ങളുടെ നേതൃത്വത്തിലാണ് മാനേജ് ചെയ്തിരുന്നത്. ആ പരിചയത്തില്‍ നിന്നുകൊണ്ടാണ് ഞാന്‍ ആ ആശയം ശശിമോഹന്‍ സാറിനോട് പറയുന്നത്. എന്തു കൊണ്ട് ഈ സോഫ്റ്റ് വെയര്‍ വച്ചുകൊണ്ട് നമുക്ക് സമാന്തരമായി ഒരു എസ്എസ് എല്‍സി മോഡല്‍ പരീക്ഷ ഓണ്‍ലൈനില്‍ സമാന്തരമായി നടത്തിക്കൂടാ?
സാറിന് ആശയമിഷ്ടപ്പെട്ടു. ചെന്നൈയില്‍ ചര്‍ച്ചചെയ്തപ്പോള്‍ അവര്‍ക്കും സംഗതി ബോധിച്ചു. അങ്ങനെ ബോണ്‍വിറ്റ ക്വിസിന്റെ സോഫ്റ്റ് വെയറില്‍ ചില മാറ്റങ്ങള്‍ വരുത്തി എസ്എസ്എല്‍സി മാതൃകാപ്പരീക്ഷയ്ക്കായി സെറ്റ് ചെയ്തു. ശശിമോഹന്‍ സാര്‍ വിദ്യാഭ്യാസ മന്ത്രിയേയും സെക്രട്ടറിയെയുമൊക്കെ കണ്ടു സംസാരിച്ചു. അവര്‍ക്കും സംരംഭത്തോട് താല്‍പര്യമായി. സര്‍ക്കാര്‍ പ്രഖ്യാപിച്ച അതേ ദിവസം ഞങ്ങള്‍ പരീക്ഷ ഓണ്‍ലൈനില്‍ നടത്തും. അതേ ടൈംടേബിളില്‍. (പക്ഷേ അതിനു ശേഷം എത്ര കാലം വേണമെങ്കിലും ആ പരീക്ഷയില്‍ ആര്‍ക്കും പങ്കെടുക്കാം ക്വസ്റ്റ്യന്‍ ഔട്ടാവുന്ന പ്രശ്‌നമില്ല കാരണം ഓരോ ലോഗിനിലും ഓരോ കോമ്പിനേഷന്‍ ആണല്ലോ). വിദ്യാഭ്യാസ മന്ത്രി തന്നെ അത് ഉദ്ഘാടനം ചെയ്യും. അതായിരുന്നു കരാര്‍.
മോഡല്‍പരീക്ഷയുടെ പ്രഖ്യാപിത ദിവസത്തിന് ഇനി ഒരാഴ്ചയേയുള്ളൂ. ചോദ്യങ്ങളെവിടെ നിന്നു കിട്ടും? ശശിമോഹന്‍ സാര്‍ അതിനു പരിഹാരം കണ്ടെത്തി. സാര്‍ ജോലി ചെയ്തിരുന്ന മാതൃഭൂമിയുടെ വിദ്യാരംഗം ടീമിനെ ബന്ധപ്പെട്ട് ഓരോ വിഷയത്തിലും മൂന്നു സെറ്റ് വീതം ക്വസ്റ്റിയന്‍ ബാങ്ക് ഡിജിറ്റലായിത്തന്നെ സംഘടിപ്പിച്ചു.പകരം മാതൃഭൂമിയെക്കൂടി ഈ സംരംഭത്തില്‍ സഹകാരികളാക്കി. ഈ ചോദ്യങ്ങള്‍ ജംപിള്‍ ചെയ്ത് ചെന്നൈയില്‍ ബെന്നിയുടെ നേതൃത്വത്തിലുള്ള സാങ്കേതികസംഘം രണ്ടുദിവസം കൊണ്ട് പരീക്ഷയുടെ ഇന്റര്‍ഫെയ്‌സ് ഉണ്ടാക്കി.
അന്ന് കുത്തകകളായിരുന്ന അച്ചടിമാധ്യമപ്രവര്‍ത്തകര്‍ക്കിടെ സ്വന്തം ഇടം ഉറപ്പിക്കാന്‍ കഷ്ടപ്പെടുന്ന ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ (സമ്പൂര്‍ണ വാര്‍ത്താചാനലുകള്‍ മലയാളത്തില്‍ കേട്ടുകേള്‍വിയാണ് എന്നോര്‍ക്കുക) അന്ന് എന്‍ഡിടിവിയുടെ കേരള റിപ്പോര്‍ട്ടറായിരുന്ന എന്റെ സഹപാഠിയും ചങ്ങാതിയും കൂടിയായ ബോബി നായര്‍ ചന്ദ്രശേഖറിന്റെ കീഴില്‍ ഒരു പടപോലെ പ്രവര്‍ത്തിക്കുന്ന കാലം. മിക്കപ്പോഴും ഓരോ ദിവസത്തെയും പ്രധാന ദൃശ്യമാധ്യമ സ്ട്രാറ്റജി പോലും ഏഷ്യാനെറ്റ് ഒഴികെ സൂര്യ പോലുള്ള ചാനലുകാരെല്ലാം ബോബിയുടെ ഓഫീസില്‍ ഒത്തുകൂടിയാണ് തീരുമാനിച്ചിരുന്നത്. ഞാന്‍ ബോബിയോട് ഞങ്ങളുടെ ഈ സംരംഭത്തെപ്പറ്റി പറയുന്നു. ബോബിക്കതില്‍ വലിയ താല്‍പര്യമായി. അങ്ങനെ 2002 മാര്‍ച്ച് 15ന് ആ പരിപാടിയുടെ ഉദ്ഘാടനം കവര്‍ ചെയ്യാന്‍ വെള്ളയമ്പലം ശാസ്തമംഗലം റോഡിലുള്ള വെബ് ലോകത്തിന്റെ ഓഫീസില്‍ ദൃശ്യ-പത്രമാധ്യമങ്ങളുടെ വന്‍ പട തന്നെ എത്തി. അന്ന് എന്‍ഡിടിവിയുടെ കേരള എക്‌സ്‌ക്‌ളൂസീവ് തന്നെയായിരുന്നു കേരളത്തിന്റെ ഈ ഓണ്‍ലൈന്‍ മോഡല്‍ പരീക്ഷ! അവരുടെ ഓണ്‍ലൈന്‍ പതിപ്പിലടക്കം മിക്ക മുഖ്യധാരാ മാധ്യമങ്ങളിലും മലയാളത്തിലും വാര്‍ത്ത പ്രാധാന്യത്തോടെ വന്നു. വിദ്യാഭ്യാസ വകുപ്പിന്റെയും പൂര്‍ണ പിന്തുണയുണ്ടായി. ഓണ്‍ലൈന്‍ ലേണിങ് എന്നോ ഓണ്‍ലൈന്‍ പരീക്ഷയെന്നോ ഒക്കെ മലയാളി കേള്‍ക്കുന്നതിനുമുമ്പേ അങ്ങനെ ആദ്യമായി കേരളത്തില്‍ എസ്എസ്എല്‍സി മാതൃകാപരീക്ഷ ടൈംടേബിളനുസരിച്ച് തന്നെ വെബ് ലോകം ഓണ്‍ലൈനായി നടത്തി. സംഗതി വന്‍ വിജയമായിരുന്നു. ഓരോ ദിവസവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു. പല സ്‌കൂളുകളും അവരുടെ കുട്ടികളെ അതിനു പ്രേരിപ്പിച്ചു. വീട്ടില്‍ കംപ്യൂട്ടറുള്ളവരും. സ്മാര്‍ട്ട് ഫോണ്‍ അടക്കമുള്ള മറ്റ് ഡിവൈസുകള്‍ നിലവില്‍ വന്നിട്ടില്ലാത്തതുകൊണ്ട് കംപ്യൂട്ടര്‍ തന്നെ വേണ്ടിയിരുന്നു. പലരും അതിന് അന്നു വ്യാപകമായിരുന്ന ഇന്റര്‍നെറ്റ് കഫേകളെ ആശ്രയിച്ചു. നേരത്തെ 2001 മുതല്‍ സംസ്ഥാന എന്‍ജിനീയറിങ് മെഡിക്കല്‍ പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന നിമിഷം തന്നെ വര്‍ധിത സെര്‍വര്‍ ശേഷിയോടെ ഓണ്‍ലൈനില്‍ ലഭ്യമാക്കി തരംഗം സൃഷ്ടിച്ചിരുന്ന വെബ് ലോകത്തിന്റെ വിപണിനാമവും ഈ ഉദ്യമത്തിന് വിശ്വാസ്യത നേടിക്കൊടുത്തു.സിഡിറ്റിന്റെയും മറ്റും ട്രാഫിക്ക് വരുമ്പോള്‍ ക്രാഷാവുന്ന സെര്‍വറുകള്‍ ഉള്ള കാലത്ത് എസ്.എസ്.എല്‍.സി ഫലവും പ്രഖ്യാപിച്ച അതേനിമിഷം ഓണ്‍ലൈനില്‍ ഡൗണ്‍ലോഡബിള്‍ ആയി അവതരിപ്പിച്ച് തലേവര്‍ഷം തന്നെ വിശ്വാസ്യത നേടിയിരുന്നു വെബ് ലോകം.
ഇന്നിപ്പോള്‍ ഓണ്‍ലൈന്‍ പരീക്ഷയുടെയും ഓണ്‍ലൈന്‍ അധ്യയനത്തിന്റെയും കോലാഹലങ്ങളില്‍ ലോക്ഡൗണ്‍ വീട്ടിലിരിപ്പില്‍ പിന്തിരിഞ്ഞു നോക്കുമ്പോള്‍ 18 വര്‍ഷം മുമ്പ് കേരളത്തില്‍ നടത്തിയ ആ സാങ്കേതിക സാഹസികതയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കാനായത് ഓര്‍ക്കുമ്പോള്‍ അഹങ്കാര ലേശമില്ലാതെ തന്നെ പറയട്ടെ, രോമാഞ്ചം വരുന്നു.
(ഇപ്പറഞ്ഞതൊക്കെ തെളിയിക്കുന്ന ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇതോടൊപ്പമുള്ള ചിത്രം. തീയതിയടക്കം അതില്‍ വ്യക്തമാണ്.)

No comments: