Tuesday, May 05, 2020

Irrfan Khan@ Kalakaumdi


സ്വപ്‌നം തുളുമ്പുന്ന കണ്ണുകള്‍

എ.ചന്ദ്രശേഖര്‍
മറ്റ് ഹിന്ദി നടന്മാര്‍ക്കില്ലാത്ത എന്തു പ്രത്യേകതയാണ് ഷഹബ്‌സാദേ ഇര്‍ഫാന്‍ അലി ഖാന് ഉണ്ടായിരുന്നത്? സത്യത്തില്‍ ഹിന്ദി സിനിമയുടെ സങ്കല്‍പങ്ങള്‍ക്കൊത്ത ഒരു ശരീരം പോലുമുണ്ടായിരുന്നില്ല അയാള്‍ക്ക്. അതുകൊണ്ടു തന്നെ ചില ദൂരദര്‍ശന്‍ പരമ്പരകളില്‍ നാടകത്തിന്റെ സ്വാധീനമുള്ള നടനശൈലിയുമായി വന്ന അയാളെ ഹിന്ദി സിനിമാലോകം കാര്യമായി പരിഗണിച്ചതുമില്ല. എന്നാല്‍, മറ്റാര്‍ക്കുമില്ലാത്ത ചിലത് ഇര്‍ഫാന്‍ ഖാന്‍ എന്ന ആ കൃശഗാത്രിക്കുണ്ടായിരുന്നു. ഇന്ത്യയുടെ ലോകസിനിമാനടന്‍ ആക്കിമാറ്റിയ ജന്മസിദ്ധമായ അഭിനയവാസനയും അതിനൊത്ത ആത്മവിശ്വാസവും കഠിനാധ്വാനത്തിനുള്ള അച്ചടക്കമുള്ള മനസും മാത്രമല്ല ഇര്‍ഫാന്റെ സവിശേഷത. സ്വപ്‌നം തുളുമ്പുന്ന കണ്ണുകളും അതിലും അരുമയായ കുസൃതിത്വം തുളുമ്പുന്ന ചിരിയും ഏത് ആള്‍ക്കൂട്ടത്തിലും വ്യത്യസ്തനാക്കുന്ന ശബ്ദവും-ഇതു മൂന്നുമാണ് ഇര്‍ഫാന്‍ ഖാന്‍ എന്ന അഭിനേതാവിനെ കേവലം താരമാക്കാതിരുന്നത്, മികച്ച നടനാക്കി ഉയര്‍ത്തി നിലനിര്‍ത്തിയതും. 
കണ്ണുകളായിരുന്നു ഈ നടന്റെ ഏറ്റവും വലിയ ആയുധമെന്നു തോന്നുന്നു. ഒരുപക്ഷേ, അമേരിക്കന്‍ മുഖ്യധാര ഈ ഇന്ത്യന്‍ നടനെത്തേടി ആവര്‍ത്തിച്ചാവര്‍ത്തിച്ചെത്തിയത് അയത്‌നലളിതമായ അദ്ദേഹത്തിന്റെ നടനചാതുരികൊണ്ടുമാത്രമാവാന്‍ വഴിയില്ല, ഒറ്റനോട്ടത്തില്‍ മനസില്‍ പതിയുന്ന അദ്ദേഹത്തിന്റെ മുഖസവിശേഷതകൊണ്ടുകൂടിയായിരിക്കും.
കുടുംബവാഴ്ചയുടെ വിളനിലമായ ബോളിവുഡ്ഡില്‍ ഖാന്‍ എന്ന വംശനാമത്തിനപ്പുറം യാതൊരു ജന്മാവകാശത്തിന്റെ ആനുകൂല്യവുമില്ലാതെ കടന്നുവന്ന് സൂപ്പര്‍-മെഗാ-സുപ്രീം താരങ്ങളായ ആമിര്‍-സല്‍മാന്‍-ഷാരൂഖ് ഖാന്‍മാര്‍ക്കു പോലും അപ്രാപ്യമായ ഹോളിവുഡ്ഡിന്റെ തിരവിഹായസില്‍ തന്റേതായ ഇടം നേടുക എന്നത് തീര്‍ത്തും അനായാസമാണെന്ന് കരുതുക വയ്യ. അതുകൊണ്ടുതന്നെ ഇര്‍ഫാന്‍ഖാന്‍ എന്ന നടനെ ബോളിവുഡ് അടയാളപ്പെടുത്തുന്നത് ഹോളിവുഡ്ഡിലെ ഇന്ത്യന്‍ സിനിമയുടെ പതാകവാഹകന്‍ എന്ന നിലയ്ക്കു കൂടിയായിരിക്കും. ഇന്ത്യയില്‍ നിന്ന് അമൃഷ് പുരി (ഇന്ത്യാന ജോണ്‍സ് ആന്‍ഡ് ദ് ടെംപിള്‍ ഓഫ് ഡൂം),വിജയ് അമൃത്‌രാജ് (ഒക്ടോപസി), കബീര്‍ ബേഡി (ഒക്ടോപസി), ഓംപുരി(സിറ്റി ഓഫ് ജോയി, മൈ സണ്‍ ദ് ഫണറ്റിക്),ശശികപൂര്‍ (സിദ്ധാര്‍ത്ഥ), വിക്ടര്‍ ബാനര്‍ജി (എ പാസേജ് ടു ഇന്ത്യ) രജനീകാന്ത് (ബ്‌ളഡ്‌സ്റ്റോണ്‍) തുടങ്ങിയവര്‍ ഇംഗ്‌ളീഷ് സിനിമകളില്‍ അഭിനയിച്ചുവെങ്കിലും അതില്‍ മിക്കതും ഇന്ത്യയുമായി ബന്ധപ്പെട്ട പ്രമേയമോ ഇന്ത്യന്‍ നിര്‍മാതാക്കളുടെ സംരംഭങ്ങളോ ആയിരുന്നു. അതില്‍ നിന്നെല്ലാം വിഭിന്നമായി ഹോളിവുഡ്ഡിന്റെ കര്‍ക്കശമായ കാസ്റ്റിംഗ് മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കി അവര്‍ തേടി വന്നു ക്ഷണിച്ചുകൊണ്ടു പോകുന്ന മുഖ്യധാരാ അഭിനേതാവായിരുന്നു ഇര്‍ഫാന്‍.
അക്ഷരാര്‍ത്ഥത്തില്‍ ഒരു ഇന്ത്യന്‍ നടന് സ്വപ്‌നം കാണാവുന്നതിലും അതിലപ്പുറവും നേടിയെടുക്കാനായ നടനാണ് ഇര്‍ഫാന്‍ ഖാന്‍. വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ അഭിനയത്തിന്റെ മാത്രമല്ല താരപദവിയുടെയും ഉത്തുംഗശ്രംഗങ്ങളില്‍ എത്തിപ്പറ്റാന്‍ സാധിച്ച നടന്‍. അതിനദ്ദേഹത്തിനു പിന്തുണയായതോ, അന്യാദൃശവും അനനുകരണീയവുമായ നടനചാതുരിയും. സഹജമായ ഒരലസതയാണ് അഥവാ ഗൗരവമില്ലാത്ത സമീപനമാണ് ഇര്‍ഫാന്‍ ഖാന്‍ എന്ന നടന്റെ ശരീരഭാഷ വിനിമയം ചെയ്തിരുന്നത്. വളരെ അനായാസമായ, ഒട്ടും മസിലുപിടുത്തമില്ലാത്ത, അയഞ്ഞ ഒന്ന്. ശരീരഭാഷയോളം അയഞ്ഞ, വളരെയേറെ വഴക്കമുള്ളതായിരുന്നു അദ്ദേഹത്തിന്റെ അഭിനയശൈലിയും. തീര്‍ച്ചയായും വളരെ അച്ചടക്കമുള്ള ആ നടനശൈലി സ്വരൂപിക്കുന്നതില്‍ ഡല്‍ഹി നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനാനുഭവം നല്‍കിയ കരുത്ത് ചെറുതല്ല എന്നതിന് അദ്ദേഹത്തിന്റെ പില്‍ക്കാല സിനിമാവേഷങ്ങള്‍ക്കപ്പുറം സാക്ഷ്യം വേണ്ട.
രാജസ്ഥാനിലെ പത്താന്‍ കുടുംബത്തില്‍ പിറന്ന് എം എ ബിരുദവുമെടുത്തിട്ടാണ് ഇര്‍ഫാന്‍ ഡല്‍ഹിയില്‍ നാടകം പഠിക്കാനെത്തുന്നത്. നാട്ടില്‍ നാട്ടുവേദികളിലെ നടനായ അമ്മാവനില്‍ നിന്നായിരുന്നു പ്രചോദനം. ഡിപ്‌ളോമയ്ക്കു ശേഷം ഇര്‍ഫാനെ ആദ്യം തേടിയെത്തിയതു തന്നെ ഒരു ഇംഗ്‌ളീഷ് സിനിമയിലേക്കുള്ള ക്ഷണമാണ്. ഇന്ത്യന്‍ വംശജയായ അമേരിക്കക്കാരി മീര നയ്യാറുടെ സലാം ബോംബെ എന്ന രാജ്യാന്തരപ്രശസ്തി നേടിയ ചിത്രത്തിലെ വളരെ ചെറിയൊരു വേഷം. ഓസ്‌കറിനുള്ള ഇന്ത്യന്‍ നാമനിര്‍ദ്ദേശമൊക്കെ നേടിയ ആ സിനിമ പക്ഷേ പൂര്‍ണമായും ധാരാവി കേന്ദ്രമാക്കിയുള്ളതായിരുന്നു. തീര്‍ത്തും ഭാരതീയവും നാടനുമായ മുഖങ്ങള്‍ തേടുന്നതുകൊണ്ടാണ് അതില്‍ രഘുബീര്‍ യാദവിനും ഇര്‍ഫാനുമൊക്കെ നറുക്കു വീണത്. സിനിമയും രഘൂബീറുമൊക്കെ ശ്രദ്ധിക്കപ്പെട്ടെങ്കിലും അത്രമേല്‍ ശ്രദ്ധിക്കപ്പെടാനായി ഇര്‍ഫാന് അതില്‍ പങ്കാളിത്തമുണ്ടായില്ല. കാരണം ഫൈനല്‍ എഡിറ്റിങില്‍ ഇര്‍ഫാന്റെ കഥാപാത്രം തന്നെ സിനിമയിലുണ്ടായില്ല. സിനിമയില്‍ പല പില്‍ക്കാല താരങ്ങളും നേരിടേണ്ടിവന്നിട്ടുള്ള വിധിദുര്യോഗം. എന്നിട്ടും ഇര്‍ഫാന്റെ സിനിമാപ്രവേശം ദൂര്‍ദര്‍ശനിലൂടെ വെള്ളിത്തിരയിലെത്തിയ ഷാരൂഖ് ഖാനില്‍ നിന്നു വിഭിന്നമാവുന്നത് ഇര്‍ഫാന്‍ സിനിമയിലഭിനയിച്ച ശേഷമാണ് മിനിസ്‌ക്രീനിലൂടെ ശ്രദ്ധിക്കപ്പെട്ട് സിനിമയിലേക്കു തന്നെ മടങ്ങിയത് എന്നതിനാലാണ്.
പിന്നീട് ഇര്‍ഫാന്റെ സ്വപ്‌നം തൂവുന്ന കണ്ണുകള്‍ പ്രേക്ഷകര്‍ അടുത്തുകാണുന്നത്, വേറിട്ട ശബ്ദം തുടര്‍ച്ചയായി കേള്‍ക്കുന്നത് ദൂരദര്‍ശന്‍ പരമ്പരകളിലൂടെയാണ്. മിഖായേല്‍ ഷഖ് റോവിന്റെ റഷ്യന്‍ നാടകത്തെ ആസ്പദമാക്കി ഉദയപ്രകാശ് സംവിധാനം ചെയ്ത ലാല്‍ ഖാസ് പാര്‍ നീലേ ഗോഡെ എന്ന ടെലിവിഷന്‍ നാടകത്തില്‍ ലോകപ്രശസ്ത റഷ്യന്‍ വിപ്‌ളവകാരി വ്‌ളാഡിമിര്‍ ലെനിന്‍ ആയി വേഷമിട്ടുകൊണ്ടായിരുന്നു തുടക്കം. അനുരാഗ് കശ്യപിന്റെ തിരക്കഥയില്‍ അഭിനവ് കശ്യപ് സംവിധാനം ചെയ്ത ഡര്‍(1988) ലെ പരമ്പര കൊലപാതകി, ദേവകീനന്ദന്‍ ഖത്രിയുടെ വിഖ്യാത ഇന്ത്യന്‍ മന്ത്രവാദ നോവലിനെ അധികരിച്ച് നീരജ ഗുലേരി സംവിധാനം ചെയ്ത ചന്ദ്രകാന്ത(1994)യിലെ ഇരട്ടസഹോദരങ്ങളായ ബദരീനാഥും സോമനാഥും, ഉറുദു മഹാകവികളെ കഥാപാത്രമാക്കിയ ജലാല്‍ ആഗയുടെ കഹ്കഷാന്‍(1991)ലെ മഖ്ദൂം മൊഹിയുദ്ദീന്‍, സഞ്ജയ് ഖാന്‍ രചിച്ചു സംവിധാനം ചെയ്ത ദ് ഗ്രെയ്റ്റ് മറാത്ത(1994)യിലെ നജീബ് അദ്-ദവള, സഞ്ജയ് ഖാന്റെ തന്നെ ജയ് ഹനൂമാന്‍(1997)ലെ വാത്മീകി, ഇതിഹാസ നായകനായ ചാണക്യന്റെ കഥ പറഞ്ഞ ചന്ദ്രപ്രകാശ് ദ്വിവേദിയുടെ പരമ്പരയിലെ സേനാപതി ഭദ്രശാലന്‍, നെഹ്രുവിന്റെ ഡിസ്‌കവറി ഓഫ് ഇന്ത്യയെ അധികരിച്ച് വിഖ്യാത ചലച്ചിത്രകാരന്‍ ശ്യാം ബനഗല്‍ ഒരുക്കിയ ഭാരത് ഏക് ഖോജിലെ പത്താന്‍, സീ ടിവിയിലെ ക്യാംപസ് കഥ പറഞ്ഞ ബനേഗി അപ്‌നി ബാത്തി(1993-97)ലെ കുമാര്‍ എന്നീ വേഷങ്ങളിലൂടെയും സ്റ്റാര്‍പ്‌ളസിലെ സ്റ്റാര്‍ ബെസ്റ്റ് സെല്ലേഴ്‌സ്, സോണി എന്റര്‍ടെയ്‌ന്മെന്റ് ടിവിയിലെ ഭന്‍വര്‍ തുടങ്ങിയ പരമ്പരകളിലൂടെയൊക്കെ ശ്രദ്ധിക്കപ്പെട്ടു എന്നുമാത്രമല്ല വര്‍ഷങ്ങള്‍ നീണ്ട പരമ്പരകളിലൂടെ ഗൃഹസദസുകളിലെ പ്രിയങ്കരരില്‍ ഒരാളായി തിരിച്ചറിയപ്പെടുന്ന മുഖവുമായിത്തീര്‍ന്നു ഇര്‍ഫാന്റേത്. ആ ജനപ്രീതി കൊണ്ടാണ് പില്‍ക്കാലത്തും സിസ്‌ക എല്‍ ഇ ഡി, മാസ്റ്റര്‍കാര്‍ഡ്, കെ.ഇ.ഐ വയര്‍ എന്നിവയുടേതടക്കം പല പരസ്യചിത്രങ്ങളിലും നല്ല അയല്‍ക്കാരന്‍ പ്രതിച്ഛായയോടെ ഇര്‍ഫാന്‍ ഖാന്‍ അവതരിപ്പിക്കപ്പെട്ടത്.ഇക്കാലയളവില്‍ തന്നെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ സഹപാഠി എഴുത്തുകാരികൂടിയായ സുതപ സിക്ദറിനെ പങ്കാളിയാക്കിയിരുന്നു ഇര്‍ഫാന്‍.

സിനിമയിലേക്കു സമാന്തരം
ഒരുപക്ഷേ, ശ്യാം ബനലഗലടക്കമുള്ള വന്‍ സംവിധായകര്‍ക്കൊപ്പം അഭിനയിക്കുകയും അവരുടെ പരമ്പരകളിലൂടെ നേടിയ നല്ല പേരും തന്നെയാവണം വീണ്ടുമൊരു ചലച്ചിത്രപ്രവേശത്തിനുള്ള വാതില്‍ അദ്ദേഹത്തിനു മുന്നില്‍ സ്വാഭാവികമായി തുറക്കപ്പെട്ടത്.ഹിന്ദി മധ്യധാരാ സിനിമയിലെ പ്രമുഖനായ ബസു ചാറ്റര്‍ജിയുടെ കമല കി മൗത്ത് (1989) എന്ന ചിത്രത്തില്‍ പങ്കജ് കപൂറിനും സുപ്രിയ പഥക് ഷായ്ക്കും അഷുതോഷ് ഗൊവാരിക്കറിനുമൊപ്പം രൂപ ഗാംഗുലി (മഹാഭാരതത്തിലെ പാഞ്ചാലി) യുടെ നായകന്‍ അജിത് ആയിട്ടായിരുന്നു അത്.രണ്ടാം വരവ് പിഴച്ചില്ല. തൊട്ടടുത്ത വര്‍ഷം തന്നെ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഛായാഗ്രാഹകനും സംവിധായകനുമായ ഗോവിന്ദ് നിഹ്‌ലാനി ഡിംപിള്‍ കപാഡിയേയും ശേഖര്‍ കപൂറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കിയൊരുക്കിയ ദൃഷ്ടിയില്‍ നായികയായ സന്ധ്യയുടെ വിവാഹേതര കാമുകനായ സംഗീതജ്ഞന്‍ രാഹുലിന്റെ വേഷത്തില്‍ നിര്‍ണായകമായ പ്രകടനം കാഴ്ചവയ്ക്കാനായി ഇര്‍ഫാന്. അതേവര്‍ഷം തന്നെ ഇന്ത്യന്‍ സമാന്തരസിനിമയിലെ കരുത്തനായ തപന്‍ സിന്‍ഹയുടെ ഏക് ഡോക്ടര്‍ കി മൗത്ത് എന്ന പങ്കജ് കപൂര്‍-ശബാന ആസ്മി ചിത്രത്തില്‍ നായകനായ ഡോക്ടര്‍ ദീപാങ്കര്‍ റോയിക്ക് ഒപ്പം നില്‍ക്കുന്ന സഹപ്രവര്‍ത്തകന്‍ അമൂല്യയുടെ വേഷത്തിലും ഇര്‍ഫാന്‍ തിളങ്ങി.
1991ല്‍ ഓഗസ്റ്റ് സ്ട്രിന്‍ഡ്ബര്‍ഗിന്റെ ദ് ഫാദര്‍ എന്ന നാടകത്തെ അധികരിച്ച് ഗോവിന്ദ് നിഹ്‌ലാനി ഒരുക്കിയ പിതാ, ഹെന്റിക് ഇബ്‌സന്റെ ലിറ്റില്‍ ഇയോള്‍ഫിനെ അധികരിച്ച് ഗോവിന്ദ് നിഹ്‌ലാനി തന്നെ ഒരുക്കിയ ജസീരേ എന്നീ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങള്‍ ലഭിച്ചു. ഗോവിന്ദിനെപ്പോലൊരു സംവിധായകന്റെ വിശ്വാസവും വിഖ്യാത സാഹിത്യനാടക ഇതിഹാസങ്ങളുടെ ചലച്ചിത്രരൂപാന്തരങ്ങളില്‍ കഥാപാത്രങ്ങളും നേടാനായത് ഇര്‍ഫാന്‍ എന്ന നടന്റെ തിരപ്രത്യക്ഷം നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്കാണു വഹിച്ചത്.പക്ഷേ അതോടൊപ്പംതന്നെ സമാന്തര സിനിമകളില്‍ മാത്രം അഭിനയിക്കുന്ന ഗൗരവക്കാരനായൊരു നടന്‍ എന്ന പ്രതിച്ഛായയില്‍ തളയ്ക്കപ്പെടുകയും ചെയ്തു അദ്ദേഹം. ഇതില്‍ നിന്ന് ഒരു പരിധിവരെയെങ്കിലും വിടുതല്‍ നേടുന്നത് സമാന്തരശ്രേണിയില്‍ നിന്നുതന്നെയെങ്കിലും കുറേക്കൂടി ലാളിത്യമാര്‍ന്ന ഗോപി ദേശായിയുടെ മികച്ച ബാലചിത്രത്തിനുള്ള ദേശീയ ബഹുമതി നേടിയ മുജ്‌സേ ദോസ്തി കരോഗെ(1992)യിലെ വേഷത്തിലൂടെയാണ്.തൊട്ടടുത്തവര്‍ഷം കരാമതി കോട്ട് എന്നൊരു ബാലചിത്രത്തിലും വേഷമിട്ടു അദ്ദേഹം.ഇറോട്ടിക് ടെയ്ല്‍സ് പരമ്പരയില്‍ വിഖ്യാതചലച്ചിത്രകാരന്‍ മണി കൗള്‍ സംവിധാനം ചെയ്ത ദ് ക്ലൗഡ് ഡോറി(1993)ലെ അവതാരകവേഷത്തിലെത്താനായത് കരിയറിലെ മറ്റൊരു അംഗീകാരമായി.
കല്‍പന ഭരദ്വാജിന്റെ വാദെ ഇരാദേ (1994) യായിരുന്നു ശരിക്കും സമാന്തര സിനിമ വിട്ട് ബോളിവുഡ് മുഖ്യധാരയിലേക്കുള്ള യഥാര്‍ത്ഥമായ കാല്‍വയ്പ്. തുടര്‍ന്ന് ആഷിഷ് ബല്‍റാമിന്റെ ഏറെ പ്രതീക്ഷ പുലര്‍ത്തിയ അധൂര (1995)യടക്കം ചില ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ദൗര്‍ഭാഗ്യത്തിന് അവ പുറത്തിറങ്ങിയില്ല. നസീറുദ്ദീന്‍ ഷായ്‌ക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തിയ രജത് കപൂറിന്റെ  പ്രൈവറ്റ് ഡിറ്റക്ടീവ് ടു പ്ലസ് ടു പ്ലസ് വണിലെ പ്രകടനവും നവധാരാ ഭാവുകത്വം പുലര്‍ത്തിയ ചിത്രവും കമ്പോളവിജയം നേടാത്തതുകൊണ്ട് ശ്രദ്ധിക്കാതെ പോയി.

രാജ്യാന്തരവിഹായസിലേക്ക്
റോഹിണ്‍ടണ്‍ മിസ്ട്രിയുടെ നോവലിനെ അധികരിച്ച് സ്റ്റര്‍ള ഗണ്ണാര്‍സണ്‍ സംവിധാനം ചെയ്ത ഇന്തോ കനേഡിയന്‍ സംരംഭമായ സച്ച് എ ലോങ് ജേര്‍ണിയിലൂടെയാണ് ഇര്‍ഫാന്‍ ഖാന്‍ രാജ്യാന്തര സിനിമയിലേക്കുള്ള തന്റെ യഥാര്‍ത്ഥ ജൈത്രയാത്രയ്ക്കു തുടക്കമിടുന്നത്. റോഷന്‍ സേഥ്, ഓം പുരി, നസീറുദ്ദീന്‍ ഷാ തുടങ്ങി അക്കാലത്തെ ഏറ്റവും മികച്ച അഭിനേതാക്കള്‍ക്കൊപ്പമായിരുന്നു അത്. റോഷന്‍ സേഥ് അവതരിപ്പിക്കുന്ന നായകകഥാപാത്രത്തിന്റെ പിതാവിന്റെ വേഷമായിരുന്നു ഇര്‍ഫാന്. രാജ്യാന്തര മേളകളില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം നിരൂപകപ്രശംസ നേടി. ഒപ്പം ഇര്‍ഫാന്റെ പ്രകടനം രാജ്യാന്തര സിനിമയുടെ നോട്ടപ്പാടിനുള്ളില്‍ ഉള്‍പ്പെടുകയും ചെയ്തു.ഗുല്‍ബഹാര്‍ സിങിന്റെ ബാലചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ ദ ഗോള്‍ (1999), ഘാത്(2000), വിക്രം ഭട്ടിന്റെ കസൂര്‍(2001) തുടങ്ങി സമാന്തര മുഖ്യധാരസിനിമകളില്‍ വിട്ടു വിട്ട് അഭിനയിച്ചു കൊണ്ടിരുന്ന ഇര്‍ഫാന് കമ്പോള സിനിമയില്‍ ഒരു ബ്രേക്ക് ആകുന്നത് ആസിഫ് കപാഡിയയുടെ ഇന്തോ-ബ്രിട്ടീഷ് ബഹുരാഷ്ട്ര സംരംഭമായ ദ് വാര്യര്‍ എന്ന ചിത്രത്തിലെ പ്രധാനവേഷമാണ്. ഹിമാലയത്തില്‍ പ്രതികാരവാഞ്ഛയോടെ അലയുന്ന ലഫ്കാഡിയ എന്ന ചാവേര്‍ പോരാളിയുടെ വേഷമായിരുന്നു അദ്ദേഹത്തിന്. രാജ്യാന്തരതലത്തില്‍ ഇര്‍ഫാന്‍ എന്ന നടന്‍ മായാത്ത മുദ്ര പതിപ്പിച്ച വേഷം.
തുടര്‍ന്നും ബോളിവുഡ്ഡില്‍ കാലി സര്‍വാര്‍, ഗുണ തുടങ്ങി മൂന്നു നാലു ചിത്രങ്ങളില്‍ വേഷമിട്ടെങ്കിലും മലയാളത്തിന്റെ ശ്യാമപ്രസാദ് ഗംഗാപ്രസാദ് വിമലിന്റെ വിഖ്യാമായ വ്യാഘ്രം എന്ന നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്ത ഇംഗ്‌ളീഷ് ഫാന്റസി ബോക്ഷു ദ് മിത്തിലെ ആഭിചാരകന്റെ വേഷം ശ്രദ്ധേയമായി. അമര്‍ത്യ സെന്നിന്റെ മകള്‍ നന്ദന സെന്‍, ഹരീഷ് പട്ടേല്‍, മലയാളത്തില്‍ നിന്ന് വിനീത്, സീമ ബിശ്വാസ് തുടങ്ങിയവരായിരുന്നു സഹതാരങ്ങള്‍. ദണ്ഡ്,  ഹാസില്‍, സുപാരി(2003), വിക്രം ഭട്ടിന്റെ ഫുട്പാത്ത് (2003) തുടങ്ങിയ കുറച്ചു സിനിമകളില്‍ പ്രതിനായകന്റേതടക്കമുളള വേഷങ്ങളണിഞ്ഞു. പലതും പതിവു ബോളിവുഡ്ഡ് ശൈലിയിലുള്ള തനിയാവര്‍ത്തനങ്ങളായി. ഹാസിലിലെ രണ്‍വിജയ് സിങിന്റെ പാത്രാവിഷ്‌കാരത്തിന് മികച്ച വില്ലനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ഇര്‍ഫാനെ തേടിയെത്തി. എന്നാല്‍ ഷെയ്ക്‌സ്പിയറിന്റെ മാക്ബത്തിന്റെ സ്വതന്ത്ര ചലച്ചിത്രരൂപാന്തരമെന്ന നിലയ്ക്ക് സംഗീതജ്ഞന്‍ കൂടിയായ വിശാല്‍ ഭരദ്വാജ് രചിച്ചു സംവിധാനം ചെയ്ത മഖ്ബൂലി(2003),ല്‍ ദുരന്തനായകകഥാപാത്രത്തെ അവതരിപ്പിക്കുന്നതോടെ സഹ/ഉപ നായകവേഷങ്ങളില്‍ നിന്ന് നായകകര്‍തൃത്വത്തിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു അദ്ദേഹത്തിന്. നസീറുദ്ദീന്‍ ഷാ, ഓംപുരി, പങ്കജ് കപൂര്‍ തുടങ്ങിയ അതികായര്‍ക്കൊപ്പം തബുവിന്റെ നായകനായ മിയാന്‍ മഖ്ബൂല്‍ ആയിട്ടുള്ള ഇര്‍ഫാന്റെ പ്രകടനം പ്രതിഭകള്‍ തമ്മിലുള്ള തീപാറുന്ന സര്‍ഗപ്പോരാട്ടമായിത്തീര്‍ന്നു. ചരസിലെ(2004) എസിപി അഷ്‌റഫ് ഖാന്‍, ആന്‍ മെന്‍ അറ്റ് വര്‍ക്കി(2004)ലെ അധോലോക നായകന്‍ യുസഫ് പഠാന്‍, അശ്വന്‍ കുമാറിന്റെ റോഡ് ടു ലഡാക്കി(2004)ലെ തീവ്രവാദി, ചെഹ്‌റയിലെ ചന്ദ്രനാഥ് ദിവാന്‍, വിവേക് അഗ്നീഹോത്രിയുടെ ചോക്കലേറ്റിലെ തീവ്രവാദിബന്ധമുള്ള പിപി തുടങ്ങിയ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ഹമാംശു ബ്രഹ്മ ഭട്ട് സംവിധാനം ചെയ്ത രോഗി(2004)ലെ നിദ്രാടകനായ പൊലീസ് ഉദ്യോഗസ്ഥന്‍ ഉദയ് സിങ് റാത്തോഡിന്റെ വേഷം ഇതില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുകയും മഖ്ബൂലിനു ശേഷം നിലയ്ക്ക് ഇര്‍ഫാന് ഏറെ പ്രയോജനപ്പെടുന്ന ഒന്നായിത്തീരുകയും ചെയ്തു.ഇതേവര്‍ഷം തന്നെ ഓസ്‌കര്‍ ജേതാവ് ഫ്‌ളോറിയന്‍ ഗാലന്‍ബര്‍ഗറുടെ ബംഗാളി-ജര്‍മ്മന്‍ ദ്വഭാഷാ സംരംഭമായ ഷാഡോസ് ഓഫ് ടൈമില്‍ പ്രശാന്ത നാരായണനോടൊപ്പം യാനി മിശ്ര എന്നൊരു കഥാപാത്രത്തിനു ജീവന്‍ പകര്‍ന്നു.
സലാം ബോംബെയില്‍ ഇര്‍ഫാനോട് കാട്ടിയ അനീതിക്ക് പ്രായശ്ചിത്തം എന്ന നിലയ്ക്കായിക്കൂടി മീര നയ്യാരുടെ ദ് നെയിംസെയ്ക്കിനെ (2006) കണക്കാക്കാം. ജുംപാ ലാഹിരിയുടെ നോവലിനെ ആസ്പദമാക്കി മീര സംവിധാനം ചെയ്ത ചിത്രത്തിലെ അശോക് ഗാംഗുലി ഇര്‍ഫാന്‍ എന്ന നടന്റെ പ്രതിഭയുടെ മാറ്റുരയ്ക്കുന്ന കഥാപാത്രമായി. ട്രാപ്ഡ് എന്ന ഹോളിവുഡ് സിനിമയുടെ സ്വതന്ത്രാവിഷ്‌കാരമായ ഡെഡ്‌ലൈന്‍ സിര്‍ഫ് 24 ഘണ്ടേ (2006)യിലെ ഹൃദ്രോഗവിഗദ്ധന്‍ ഡോ. വീരന്‍ ഗോയങ്കയുടെ ധര്‍മ്മസങ്കടത്തിലൂടെ ഇരുത്തം വന്ന ഒരഭിനേതാവിന്റെ കഴിവാണ് പ്രകടമായത്. കൊങ്കണ സെന്‍ സര്‍മ്മയ്ക്കും രജിത് കപൂറിനുമൊപ്പം മത്സരിച്ചുള്ള പ്രകടനം.
ഇന്ത്യാവിഭജനത്തിന്റെ പശ്ചാത്തലത്തില്‍ വിക് സരിന്‍ സംവിധാനം ചെയ്ത പാര്‍ട്ടിഷന്‍്(2007)ആയിരുന്നു ഇര്‍ഫാന്റെ അടുത്ത ഇംഗ്‌ളീഷ് ചിത്രം. അവതാര്‍ സിങ് എന്നൊരു സിഖുകാരനെയാണ് അതില്‍ അദ്ദേഹമവതരിപ്പിച്ചത്. അതേ വര്‍ഷം തന്നെ, ഇന്ത്യന്‍ നവഭാവുകത്വ തരംഗത്തില്‍പ്പെട്ട അനുരാഗ് ബസുവിന്റെ ലൈഫ് ഇന്‍ എ മെട്രോ പുറത്തിറങ്ങി. ചിത്രത്തില്‍ നേരേ വാ നേരേ പോ ക്കാരനായ മോണ്ടിയുടെ വേഷത്തിലായിരുന്നു അദ്ദേഹം. കൊങ്കണ സെന്‍ തന്നെയായിരുന്നു നായിക. ഇരുവര്‍ക്കും സഹനടനും നടിക്കുമുള്ള ഫിലിം ഫെയര്‍ അവാര്‍ഡും കിട്ടി. സ്‌ക്രീന്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അടക്കമുള്ള അവാര്‍ഡുകളും ആ വേഷത്തിനായിരുന്നു. മൈക്കല്‍ വിന്റര്‍ബോട്ടം സംവിധാനം ചെയ്ത എ മൈറ്റി ഹാര്‍ട്ട് എന്ന ഇംഗ്‌ളീഷ് ചിത്രത്തില്‍ ഹോളിവുഡ് സൂപ്പര്‍താരം ബ്രാഡ് പിറ്റിനും ഹോളിവുഡ് താരറാണി ആഞ്ജലീന ജൂളിക്കുമൊപ്പം തിരയിടം പങ്കിടുന്നതും അതേവര്‍ഷമാണ്. വാള്‍സ്ട്രീറ്റ് ജേണല്‍ പത്രപ്രവര്‍ത്തകന്‍ ഡാനിയല്‍ പേളിന്റെ തട്ടിക്കൊണ്ടുപോക്കുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ കഥയുടെ തിരയാവിഷ്‌കാരത്തില്‍ കറാച്ചി പൊലീസ് മേധാവി ഷീസാന്‍ കസ്മിയായിട്ടാണ് ഇര്‍ഫാന്‍ പ്രത്യക്ഷപ്പെട്ടത്. മരണാനന്തര അനുശോചനങ്ങളില്‍ ഹൃദയത്തില്‍ത്തട്ടിത്തന്നെയാണ് ആഞ്ജലീന ഇര്‍ഫാനുമൊത്തുള്ള ചിത്രീകരണസ്മരണകള്‍ അയവിറക്കിയത്.
ആകാശദൂതിന്റെ ഹിന്ദി മൊഴിമാറ്റമായ തുളസി(2008)ലെ മദ്യപനും സ്‌നേഹനിധിയുമായ നായകന്‍ സൂരജ്, നിഷാന്ത് കാമത്തിന്റെ മുംബൈ മേരി ജാനിലെ തോമസ് തുടങ്ങിയ കഥാപാത്രങ്ങള്‍ക്കുശേഷമാണ് ലോകശ്രദ്ധ നേടിയ ഡാനിയല്‍ ബോയ്‌ലിന്റെ ഓസ്‌കാര്‍ ചിത്രമായ സ്‌ളംഡോഗ് മില്ല്യണെയ്‌റി(2008)ല്‍ ഇര്‍ഫാന്‍ ഭാഗമാവുന്നത്. അനില്‍ കപൂറും ദേവ പട്ടേലും ഫ്രിദ പിന്റോയും മുഖ്യവേഷത്തിലെത്തിയ ചിത്രത്തിലെ ഇര്‍ഫാന്റെ പൊലീസ് ഇന്‍സ്‌പെക്ടറുടെ വേഷവും ശ്രദ്ധേയമായി.അതേവര്‍ഷം തന്നെ ന്യൂയോര്‍ക്ക് ഐ ലവ് യു എന്ന ചലച്ചിത്രസമാഹാരത്തിലെ മീര നയ്യാരുടെ ലഘുചിത്രത്തില്‍ ഓസ്‌കര്‍ ജേതാവ് നതാലിയ പോര്‍ട്ട്മാനോടൊത്ത് മന്‍സുഖ് ഭായ് എന്ന നായകകഥാപാത്രമായി ഇര്‍ഫാന്‍ തിളങ്ങി.
തൊട്ടടുത്തവര്‍ഷവും ഒരു മലയാള സിനിമയുടെ ഹിന്ദി റീമേക്കില്‍ ഇര്‍ഫാന്‍ മുഖ്യവേഷമണിഞ്ഞു. ശ്രീനിവാസന്റെ രചനയില്‍ മമ്മൂട്ടി നായകനായ കഥപറയുമ്പോളിനെ ബില്ലു ബാര്‍ബര്‍ എന്ന പേരില്‍ പ്രിയദര്‍ശന്‍ മൊഴിമാറ്റിയപ്പോള്‍ മലയാളത്തില്‍ ശ്രീനി ചെയ്ത ബാലന്റെ വേഷമാണ് ഇര്‍ഫാന്‍ കയ്യാളിയത്. മമ്മൂട്ടിയുടെ വേഷത്തില്‍ സാക്ഷാല്‍ കിങ് ഖാന്‍ ആണ് എത്തിയത്. നേരത്തേ ക്രേസി-4 എന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തിലഭിനയിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ സിനിമയില്‍ ഏറെ സമാനതകളുള്ള ഇര്‍ഫാനും ഷാരൂഖും ഒന്നിച്ച് തിരയിടം പങ്കിടുന്നത് ബില്ലുവിലായിരുന്നു. കരിയറില്‍ ഏറെയും ത്രില്ലര്‍, ക്രൈം ജനുസില്‍പ്പെട്ട ചിത്രങ്ങളിലാണ് ഇര്‍ഫാന്‍ ഭാഗഭാക്കായത്. ആസിഡ് ഫാക്ടറി, റൈറ്റ് യാ റോങ്, നോക്കൗട്ട് സെവന്‍ ഖൂന്‍ മാഫ് തുടങ്ങിയ മിക്കചിത്രങ്ങളും ഈ ജനുസില്‍പ്പെട്ടതായിരുന്നു. ഇതിനിടെ മലയാളിയായ ഗോവിന്ദ് മേനോന്‍, മണ്ണാറശാലയുടെ ഐതിഹ്യത്തില്‍ നിന്ന് മല്ലിക ശെറാവത്തിനെ നായികയാക്കി അവതരിപ്പിച്ച ബഹുഭാഷാ ചിത്രമായ ഹിസ്സി(2010)ല്‍ ഇന്‍സ്‌പെക്ടര്‍ വിക്രം ഗുപ്തയുടെ വേഷവും അവിസ്മരണീയമാക്കി. ഒരു സീന്‍ മാത്രമുള്ള പ്രത്യക്ഷമാണെങ്കിലും അത് അവിസ്മരണീയമാക്കാനുള്ള അഭിനയമാന്ത്രികതയുടെ ഉടമയായിരുന്നു ഇര്‍ഫാന്‍.ഇതിനിടെ, സിനിമാരംഗത്തെ നേട്ടങ്ങളെ മാനിച്ച് 2011ല്‍ രാജ്യം പത്മശ്രീ ബഹുമതിയും നല്‍കി ആദരിച്ചു.

സ്‌പൈഡര്‍മാനും ലൈഫ് ഓഫ് പൈയും
ഒന്‍പതുപേരുടെ കൊലയാളിയായി മാറിയ ഏഷ്യന്‍ ഗെയിംസ് കായികതാരത്തിന്റെ ജീവചരിത്രസിനിമയായ പാന്‍ സിങ് തോമറി(2012)ലെ മുഖ്യവേഷം ഇര്‍ഫാന്‍ എന്ന നടന് ശരിക്കും വെല്ലുവിളി നല്‍കുന്നതായിരുന്നു. അതിനോട് അങ്ങേയറ്റം നീതി പുലര്‍ത്താന്‍ സാധിച്ചു എന്നതിന്റെ പ്രതിഫലനമാണ് അത്തവണത്തെ ദേശീയ അവാര്‍ഡുകളില്‍ കണ്ടത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ്, സീ സിനി അവാര്‍ഡ്, സ്‌ക്രീന്‍ അവാര്‍ഡ്, ഫിലിം ഫെയര്‍ ക്രിട്ടിക്‌സ് അവാര്‍ഡ് തുടങ്ങിയവ മാത്രമല്ല, അക്കൊല്ലത്തെ സിഎന്‍എന്‍ ഐബിഎന്‍ ഇന്ത്യന്‍ ഓഫ് ദ് ഇയര്‍ ബഹുമതിയും മറ്റാര്‍ക്കുമായില്ല.  രാജ്യാന്തര ശ്രദ്ധ നേടിയ രണ്ടു ബിഗ് ബജറ്റ് ഹോളിവുഡ് സിനിമകളിലും ആ വര്‍ഷം വേഷമിടാനായി ഇര്‍ഫാന്. മാര്‍വല്‍ ചിത്രകഥാ നായകന് മാര്‍ക്ക് വെബ് നല്‍കിയ വേറിട്ട തിരഭാഷ്യമായിരുന്നു ദ് അമേസിങ് സ്‌പൈഡര്‍മാന്‍ (2012). അതില്‍ ജനിതക ഗവേഷകനായ ഡോ.രജിത് രഥിന്റെ വേഷത്തിലേക്ക് ഇര്‍ഫാനെ തെരഞ്ഞെടുക്കുന്നത് സംവിധായകന്‍ നേരിട്ടായിരുന്നു. ദ് നെയിംസെയ്ക്ക്, ദ് വാര്യര്‍ തുടങ്ങിയ ചിത്രങ്ങളിലെയും ഇതിനിടെ ചെയ്ത അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയായ ഇന്‍ ട്രീറ്റ്‌മെന്റിന്റെ മൂന്നാം സീസണിലെ മധ്യവയ്കസനായ സുനില്‍ എന്ന ബംഗാളി കഥാപാത്രമായുമുള്ള പ്രകടനം കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് വെബ്ബര്‍ തന്റെ കഥാപാത്രത്തിന് ഈ നടന്‍ മതിയെന്നു നിശ്ചയിക്കുന്നത്. ഇര്‍ഫാന്‍ ഖാനെ സംബന്ധിച്ചിടത്തോളം ഹോളിവുഡ് മുഖ്യധാരയില്‍ അദ്ദേഹത്തെ അടയാളപ്പെടുത്തിയ പ്രധാനപ്പെട്ട ചിത്രമായിരുന്നു അത്. തുടര്‍ന്നു, ലോകശ്രദ്ധയാര്‍ജിച്ച്, ഓസ്‌കറില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ടൈറ്റാനിക്കിനുശേഷം ലോകം കണ്ട ഏറ്റവും വലിയ പണംവാരിപ്പടമായിത്തീരുകയും ചെയ്ത ആങ് ലീയുടെ ദ് ലൈഫ് ഓഫ് പൈയിലാണ് ഇര്‍ഫാന്‍ പ്രത്യക്ഷപ്പെട്ടത്. യാന്‍ മാര്‍ട്ടലിന്റെ നോവലിനെ ആസ്പദമാക്കിയ ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ഇന്ത്യക്കാരന്‍ പൈയുടെ മുതിര്‍ന്ന ശേഷമുള്ള ഭാഗമാണ് ഇര്‍ഫാന്‍ അവതരിപ്പിച്ചത്.

ഉണുപാത്രത്തിലെ പ്രണയം
റിച്ച ബത്രയുടെ ദ് ലഞ്ച് ബോക്‌സ് (2013) അതുവരെ കണ്ട ഇര്‍ഫാനില്‍ നിന്നു വ്യത്യസ്തനായ ഒരഭിനേതാവിനെ ഇന്ത്യയ്ക്കു കാണിച്ചു തന്നു. വിരമിക്കാറായ സാജന്‍ ഫെര്‍ണാന്‍ഡസ് എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു അതില്‍. മുംബൈയില്‍ ഉച്ചയൂണു കൊണ്ടുക്കൊടുക്കുന്ന ഢാബവാലകളുടെ കൈകളില്‍ പെട്ട് അബദ്ധവശാല്‍ തനിക്കുവന്നുപെട്ട ഊണുപാത്രത്തിലെ കുറിപ്പില്‍ നിന്ന് ഉയരുന്ന സൗഹൃദവും അതു പിന്നീട് പ്രണയമായിത്തീരൂന്നതുമായിരുന്നു പ്രമേയം. മധ്യവയസ്‌കന്റെ പ്രണയാതുരതയുടെ സങ്കീര്‍ണതകള്‍ മുഴുവന്‍ അതീവഹൃദ്യമായി അസാമാന്യ കൈയൊതുക്കത്തോടെയാണ് ഇര്‍ഫാന്‍ തന്നിലേക്കൊതുക്കിയത്. ഇര്‍ഫാന്റെ ശരീരഭാഷയ്ക്ക് ഏറ്റവുമിണങ്ങിയ പാത്രാവിഷ്‌കാരമായിരുന്നു അത്.
നിഖില്‍ അദ്വാനിയുടെ ഡി ഡേ(2013)യിലെ റോ ചാരനായ വാലി ഖാന്‍, അനൂപ് സിങിന്റെ പഞ്ചാബി ചിത്രമായ ഖിസ്സ(2013)ലെ ഉമ്പര്‍ സിങ് എന്ന പരമ്പരാഗത പഞ്ചാബി നായകന്‍ തുടങ്ങിയ വേഷങ്ങളെത്തുടര്‍ന്നാണ് വിശാല്‍ ഭരദ്വാജ് ഷേക്‌സ്പിയറുടെ ഹാംലെറ്റിന്റെ ദൃശ്യാനുവാദമായി കശ്മീര്‍ പശ്ചാത്തലത്തില്‍ നിര്‍മിച്ച ഹൈദര്‍ (2014) വരുന്നത്. ചിത്രത്തില്‍, തീവ്രവാദി സംഘാംഗമായ റൂഹ്ദാറിന്റെ വേഷമായിരുന്നു ഇര്‍ഫാന്. പിന്നീടാണ്, അമിതാഭ് ബച്ചനും ദീപിക പഡുക്കോനും ഒപ്പം സൂജിത് സര്‍ക്കാറിന്റെ പികു(2015)വിലെ ടാക്‌സി ഉടമ റാണചൗധരിയായുള്ള ഇര്‍ഫാന്റെ പകര്‍ന്നാട്ടം. അഴിച്ചുവിട്ട അഭിനയശൈലിയുടെ നൈസര്‍ഗികതയാണ് റാണയില്‍ കാണാനാവുക. വാസ്തവത്തില്‍ ഈ കഥാപാത്രത്തിനോട് ഏറെക്കുറേ സാമ്യമുള്ള വേഷങ്ങളാണ് തുടര്‍ച്ചയായി പാര്‍വതീ തെരുവോത്തിന്റെ നായകനായി വന്ന ഖരീബ് ഖരീബ് സിംഗിള്‍ സിംഗിളിലും(2017), ദുല്‍ഖര്‍സല്‍മാന്റെ സഹയാത്രികനായി പ്രത്യക്ഷപ്പെട്ട കാര്‍വാനി(2018)ലും ഇര്‍ഫാനെ തേടിയെത്തിയത്. അപ്പോഴും മുന്‍ കഥാപാത്രത്തില്‍ നിന്ന് അവയെ എങ്ങനെ വേറിട്ടു നിര്‍ത്താമെന്നാണ് അദ്ദേഹം ചിന്തിച്ചത്; അതിനു വേണ്ടിയാണ് ശ്രമിച്ചത്.
ലൈഫ് ഓഫ് പൈയ്ക്കു ശേഷം ഇര്‍ഫാനെ ലോകശ്രദ്ധയില്‍ കൊണ്ടുവന്ന അടുത്ത സിനിമ സാക്ഷാല്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ കഥയേയും കഥാപാത്രങ്ങളെയും പിന്തുടര്‍ന്ന് കോളിന്‍ ട്രെവോറോ സംവിധാനം ചെയ്ത ജുറാസിക് വേള്‍ഡ് (2015) ആണ്. ചിത്രത്തില്‍ ജുറാസിക് വേള്‍ഡിന്റെ ആര്‍ത്തിക്കാരനായ ഉടമസ്ഥന്‍ സൈമണ്‍ മസ്രാണിയെന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.പിന്നീടാണ് ഡാന്‍ ബ്രൗണിന്റെ ഡാവിഞ്ചി കോഡിന്റെ കഥാപാത്രങ്ങളെ വച്ച് റോണ്‍ ഹോവാര്‍ഡ് സംവിധാനം ചെയ്ത ഇന്‍ഫര്‍ണോയുടെ വരവ്. 2016ല്‍ പുറത്തിറങ്ങിയ ആ ചിത്രത്തില്‍ ഹോളിവുഡ്ഡിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ ടോം ഹാങ്ക്‌സിനൊപ്പം ഹാരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഹാങ്ക്‌സിന്റെ ഓര്‍മ്മയില്‍ ഇര്‍ഫാന്‍ അസൂയയുണ്ടാക്കിയ അഭിനേതാവാണ്. അദ്ദേഹത്തിന്റെ അഭിനയശൈലി അത്ഭുതത്തോടെ നോക്കിനില്‍ക്കാറുണ്ടായിരുന്നു എന്നാണ് ഹാങ്ക്‌സ് അനുശോചനത്തില്‍ വെളിപ്പെടുത്തിയത്.ഇര്‍ഫാന്‍ കൂടി നിര്‍മാണ പങ്കാളിയായ ബംഗ്‌ളാദേശി-ഇന്ത്യന്‍ സംരംഭമായ ധൂബ്(2017),സ്വിസ് ഫ്രഞ്ച്-സിംഗപൂര്‍ സംയുക്ത സംരംഭമായ ദ് സോങ് ഓഫ് സ്‌കോര്‍പ്യണ്‍സ്(2017), പീറ്റര്‍ വെര്‍ഹോഫും റോബ് കിങും ചേര്‍ന്നു സംവിധാനം ചെയ്ത ജാപ്പനീസ് വെബ് സീരീസായ ടോക്യോ ട്രയല്‍ (2017), മാര്‍ക്ക് ടര്‍ട്ടിള്‍ടൗബ് സംവിധാനം ചെയ്ത പസിള്‍ (2018) തുടങ്ങിയവയാണ് ഇര്‍ഫാന്‍ അഭിനയിച്ച വിദേശസംരംഭങ്ങള്‍.
അരൂഷി തല്‍വാര്‍ വധം അടിസ്ഥാനമാക്കിയ മേഘന ഗുള്‍സാറിന്റെ തല്‍വാര്‍ (2015),നിഷികാന്ത് കാമത്തിന്റെ മഡാരി (2016),മലയാളത്തിലെ സാള്‍ട്ട് മാംഗോ ട്രീയുടെ റീമേക്കായ ഹിന്ദി മീഡിയം(2017)അഭിനയ് ദേവിന്റെ ബ്‌ളാക്കമേയില്‍(2018)തുടങ്ങി ഹംസഗീതമായ അംഗ്രേസി മീഡിയം(2020)വരെ അഭിനയിച്ച ഓരോ സിനിമയും ഓരോ അനുഭവമാക്കാന്‍, ശരീരം കൊണ്ടും മനസുകൊണ്ടും അഭിനയിക്കാന്‍ സാധിച്ച പ്രതിഭാസമാണ് ഇര്‍ഫാന്‍ ഖാന്‍.
രണ്ടുവര്‍ഷം മുമ്പാണ് അത്യപൂര്‍വമായ ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ എന്ന മാരകരോഗത്തിനടിപ്പെട്ടിരിക്കുകയാണ് താന്‍ എന്ന് സമൂഹമാധ്യമങ്ങളിലൂടെ ഇര്‍ഫാന്‍ തന്നെ വെളിപ്പെടുത്തുന്നത്. ദൂരെയെങ്ങോ ലക്ഷ്യമിട്ട് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പെട്ടെന്ന് ടിടിആര്‍ വന്ന് തനിക്കിറങ്ങാനുള്ള സ്റ്റേഷനായെന്നും ഏതു സമയത്തും ഇറങ്ങണമെന്നും പറയുന്നതുപോലെയാണ് ആ അനുഭവമെന്നാണ് ഇര്‍ഫാന്‍ കുറിച്ചത്. ബ്രിട്ടനിലെ ചികിത്സാനന്തരം ആരോഗ്യം വീണ്ടെടുത്തു മടങ്ങിയെത്തിയിട്ടാണ് അംഗ്രേസി മീഡിയം തീര്‍ത്തത്. കോവിഡ് തുടങ്ങി ഏറെ കഴിയും മുമ്പേ പ്രിയപ്പെട്ട അമ്മയുടെ വേര്‍പാട്. സഞ്ചാരവിലക്കുകൊണ്ട് വിദൂരത്തിരുന്നു പ്രാര്‍ത്ഥിക്കാനേ സാധിച്ചുള്ളൂ അദ്ദേഹത്തിന്. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുടലില്‍ അണുബാധയുടെ രൂപത്തില്‍ 53-ാം വയസില്‍ ഇര്‍ഫാനും അന്ത്യം. അമ്മ വിളിക്കുന്നു കൊണ്ടുപോകാന്‍ എന്നാണ് ആശുപത്രിയില്‍ പോകുമ്പോള്‍ അദ്ദേഹം പറഞ്ഞത്. അമ്മയക്ക് ഇഷ്ടമുള്ളതുകൊണ്ട് മകനെ പിടിച്ചപിടിയാലെ കൊണ്ടുപോയി. പക്ഷേ, ഒരു കാര്യമുറപ്പ്. ആരു വിളിച്ചാലും ഈ പ്രായത്തില്‍ സിനിമയെ, സിനിമാപ്രേമികളെ വിട്ടുപോകേണ്ടവനായിരുന്നില്ല ഇര്‍ഫാന്‍ ഖാന്‍. ഇര്‍ഫാന്റെ മരണം അയാനും ബാബിലുമടങ്ങുന്ന കുടുംബത്തിനു മാത്രമല്ല, ഇന്ത്യന്‍ സിനിമയ്ക്കും, ലോകസിനിമയ്ക്കു തന്നെയും മഹാനഷ്ടം തന്നെയാണ് എന്നത് അതിശയോക്തിയില്ലാത്ത വാസ്തവം.കുസൃതിയൊളിപ്പിച്ച ആ ചിരി ഇനിയില്ല, കണ്ണുകളിലെ തുളുമ്പുന്ന സ്വപ്‌നവും!

No comments: