Kalakaumudi 2018 March 04
ആള്‍ക്കൂട്ടത്തിന്റെ നായിക
എ.ചന്ദ്രശേഖര്‍
ഒരാളുടെ ബലവും ബലഹീനതയും അയാളുടെ പ്രതിഭയാകുന്ന അവസ്ഥയുണ്ടാവുമോ? അകാലത്തില്‍ അന്തരിച്ച ഇന്ത്യയുടെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ കാര്യത്തിലെങ്കിലും അതങ്ങനെയാണെന്നുവേണം പറയാന്‍. ശ്രീദേവിയുടെ ബലവും ബലഹീനതയും അവരുടെ നടനനൈപുണ്യമായിരുന്നു, അനായാസം കഥാപാത്രമായിത്തീരാനുള്ള അവരുടെ പ്രതിഭയായിരുന്നു. അതുകൊണ്ടാണ് ഇന്ത്യ കണ്ട മഹാനടന്മാരായ കമല്‍ഹാസനും അമിതാഭ് ബച്ചനുമൊപ്പം തോളോടുതോള്‍ നടനമികവുകൊണ്ടവര്‍ക്കു പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെയാണ് ലോകം കണ്ട ഏറ്റവും ജനപ്രിയനടന്മാരിലൊരാളായ രജനീകാന്തിനൊപ്പവും ഇന്ത്യയിലെ ഇതര താരേതിഹാസങ്ങള്‍ക്കൊപ്പവും കമ്പോള മുഖ്യധാരയില്‍ താരപദവിക്ക് തെല്ലുമിളക്കമില്ലാതെ ഒരു വ്യാഴവട്ടത്തിലധികം കാലം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കാനായത്.
കരിയറില്‍ കമല്‍ഹാസന്റെ അഭിനയജീവിതത്തോടാണ് അല്‍പമെങ്കിലും ശ്രീദേവിയെ താരതമ്യം ചെയ്യാനാവുന്നത്. കാരണം ഇരുവരും നാലാംവയസില്‍ത്തന്നെ ക്യാമറയ്ക്കുമുന്നിലെത്തിയതാണ്. പിന്നീടിതേവരെ തിരിഞ്ഞുനോക്കാന്‍ ഇടവന്നിട്ടില്ലാത്തവരും.വിവാഹവും ഗൃഹഭരണവും കുട്ടികളെ വളര്‍ത്തലുമെല്ലാം സ്ത്രീകളുടേതുമാത്രമായി നിലനിര്‍ത്തിയിട്ടുള്ള പുരുഷകേന്ദ്രീകൃത സാമൂഹികവ്യവസ്ഥയില്‍ കമല്‍ഹാസന് മൂന്നു വിവാഹങ്ങള്‍ക്കുശേഷവും താരപ്രഭാവത്തിന് ഇടിവുവന്നില്ലെന്നു മാത്രം. ഇവിടെയും ശ്രീദേവിയെന്ന അഭിനേത്രിയുടെ സ്ത്രീ എന്ന നിലയ്ക്കുള്ള വിജയമാണ് അവരെ കമലില്‍ നിന്നുമുയരെ പ്രതിഷ്ഠിക്കുന്നത്. കാരണം കുഞ്ഞുങ്ങളെ വളര്‍ത്തി വലുതാക്കിയ ശേഷം രണ്ടുപതിറ്റാണ്ടിനിപ്പുറം മടങ്ങിയെത്തിയപ്പോഴും ശ്രീദേവി കമ്പോളമുഖ്യധാരയ്ക്ക് ഏറ്റവും ബോധിച്ച, ഏറെ വേണ്ടപ്പെട്ട നടിതന്നെയായിത്തീര്‍ന്നു.
സ്വന്തം പ്രതിഭ അവര്‍ക്കു ബലഹീനതയായിത്തിര്‍ന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, സമശീര്‍ഷകരായ മറ്റ് നടിമാര്‍ക്കൊപ്പമോ അതിനും മുമ്പേയോ ദേശീയ അന്തര്‍ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുമായിരുന്ന നടിയാണ് ശ്രീദേവി. അവരുടെ പകുതി മാത്രം അഭിനയശേഷിയുള്ള ഡിംപിള്‍ കപാഡിയേയും വിജയശാന്തിയും രവീണ ഠണ്ടനും സരികയും മറ്റും കമ്പോളത്തിന്റെ ചതുരവടിവില്‍ നിന്നു ചുവടുമാറ്റി ഉള്‍ക്കനമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ തയാറാവുക വഴി ദേശീയ ബഹുമതി നേടിയെടുത്തപ്പോള്‍, സ്വന്തം താരപ്രഭാവത്തിന്റെ സുരക്ഷിതമായ സംരക്ഷണഭിത്തിക്കുള്ളിലേക്ക് സൗകര്യപൂര്‍വം ഒതുങ്ങിക്കൂടുകയായിരുന്നു ശ്രീദേവി. അതുകൊണ്ടുതന്നെയാവണം ജുറാസിക്ക് പാര്‍ക്ക് പോലെ ഒരു സിനിമയുടെ രാജ്യാന്തര കാസ്റ്റിങിലേക്ക് സ്റ്റീവന്‍ സ്പീല്‍ബര്‍ഗിനെപ്പോലെ ഒരു വിശ്വസംവിധായകനില്‍ നിന്നു ലഭിച്ച ക്ഷണം പോലും തന്റെ സുരക്ഷിതപുറംതോടു പൊളിച്ചു പുറത്തിറങ്ങാനുള്ള വൈമുഖ്യം കൊണ്ടുമാത്രം വേണ്ടെന്നു വയ്ക്കാന്‍ ശ്രീദേവിയിലെ അഭിനേത്രിയെ പ്രേരിപ്പിച്ചത്!
എ.പി.നാഗരാജന്‍ സംവിധാനം ചെയ്ത പുണ്യ പുരാണ ചിത്രമായ കന്തന്‍ കരുണൈയിലൂടെ 1967ലാണ് ശിവകാശിയില്‍ നിന്നുള്ള അയ്യപ്പന്റെയും രാജേശ്വരിയുടെയും രണ്ടുമക്കളില്‍ മൂത്തവളായ ശ്രീദേവി ബാലകതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.തുടര്‍ന്ന് തുണൈവന്‍ എന്ന ചിത്രത്തിലും ബാലമുരുകനായി ബേബി ശ്രീദേവി തിരയിലെത്തി. 1968ല്‍ കേരളസംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഏര്‍പ്പെടുത്തിയ വര്‍ഷം അതു നേടിയ പി.സുബ്രഹ്മണ്യത്തിന്റെ കുമാരസംഭവത്തിലെ ബാലമുരുകനായി ശ്രീദേവി മലയാളത്തിലും പ്രവേശിച്ചു. തമിഴിലെ ആദ്യസിനിമയില്‍ നടികര്‍തിലകം ശിവാജിഗണേശനോടൊപ്പമായിരുന്നെങ്കില്‍ മലയാളത്തിലത് കാതല്‍മന്നന്‍ ജമിനിഗണേശനോടൊപ്പവും. സാവിത്രിയും പത്മിനിയും പോലെ ലബ്ധപ്രതിഷ്ഠരായ നടിമാര്‍ക്കൊപ്പമായിരുന്നു ബാലതാരമായുള്ള കുഞ്ഞു ശ്രീയുടെ പ്രകടനം. ഇതേ കാലത്തു തന്നെ കന്നഡയും തെലുങ്കുമടക്കമുള്ള എല്ലാ ഭാഷകളിലും ബാലതാരമായി സാന്നിദ്ധ്യമുറപ്പിക്കാനായി ശ്രീദേവിക്ക്. അക്കാലത്ത് കെ.എസ്. സേതുമാധവന്‍ ചട്ടക്കാരി ഹിന്ദിയിലേക്കു റീമേക്ക് ചെയ്തപ്പോള്‍, മലയാളത്തില്‍ ചെയ്ത ലക്ഷ്മിയുടെ അനിയത്തി വേഷവുമായി ഹിന്ദിയിലും കാല്‍വച്ചു കൗമാരക്കാരിയായ ശ്രീദേവി.
1976ലാണ് കൗമാരക്കാരി നായികയാവുന്നത്. ഒരേ വര്‍ഷംതന്നെ തമിഴില്‍ കിങ് മേക്കറായിരുന്ന ഇതിഹാസസംവിധായകന്‍ കെ.ബാലചന്ദറിന്റെ മൂന്‍ട്രു മുടിച്ച് എന്ന സിനിമയില്‍ രജനീകാന്തിന്റെയും കമല്‍ഹാസന്റെയും നായികയായും മലയാളത്തില്‍ ഐ.വി.ശശിയുടെ അഭിനന്ദനം എന്ന ചിത്രത്തില്‍ വിന്‍സന്റിന്റെ നായികയായും. ജീവിതത്തിലൊരിക്കലും പിന്തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലാത്ത ഒരു പ്രൊഫഷനല്‍ ജീവിതത്തിന്റെ തുടക്കമായിരുന്നു അത്. ഇടക്കാലത്ത് സ്വയം മനഃപൂര്‍വമായി ഉണ്ടാക്കിയ ഇടവേളയല്ലാതെ താഴ്ചകളില്ലാത്ത അപൂര്‍വതയായിരുന്നു ശ്രീദേവിയുടെ അഭിനയജീവിതം. ഒരു പക്ഷേ ഇന്ത്യയില്‍ത്തന്നെ മറ്റേതെങ്കിലുമൊരഭിനേതാവിന് സ്വന്തം കരിയറില്‍ ഇത്രമേല്‍ സ്ഥിരത അവകാശപ്പെടാനാവുമോ എന്നു സംശയമാണ്.
ഭാഷാവൈവിദ്ധ്യത്താല്‍ സമ്പന്നമായ ഇന്ത്യന്‍ കമ്പോള സിനിമയിലെ പത്തു മികച്ച സ്ത്രീ കര്‍തൃത്വപ്രതിനിധാനങ്ങളെ തെരഞ്ഞെടുത്താല്‍ അതില്‍ നിശ്ചയമായും രണ്ടെണ്ണം ശ്രീദേവിയുടെ പേരിലായിരിക്കും. മൂന്നാം പിറയിലെ ഭാഗ്യലക്ഷ്മിയും മിസ്റ്റര്‍ ഇന്ത്യയിലെ സീമ സോണിയും. അദ്ഭുതകരമായ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട ജി.എന്‍.രംഗരാജന്റെ മീണ്ടും കോകിലയിലെ കോകില, കെ.ബാലചന്ദറിന്റെ വരുമയിന്‍ നിറം ചികപ്പ്, ഭാരതീരാജയുടെ പതിനാറു വയതിനിലെ, ചികപ്പു റോജാക്കള്‍ എസ്.പി.മുത്തുരാമന്റെ പ്രിയ ജെ.മഹേന്ദ്രന്റെ ജോണി, ഐ.വി.ശശിയുടെ ഗുരു തുടങ്ങിയ സിനിമകളിലെ വേഷങ്ങളെ പരാമര്‍ശിക്കാതെ ഈ രണ്ടു സിനിമകളിലെ വേഷങ്ങള്‍ക്ക് പ്രഥമപരിഗണന നല്‍കിയത് രണ്ടു കാരണങ്ങള്‍ കൊണ്ടാണ്. ബാലുമഹേന്ദ്രയുടെ മൂന്നാം പിറയിലെ അപകടത്തില്‍ ഓര്‍മ്മനാശം സംഭവിക്കുന്ന ഭാഗ്യലക്ഷ്മിയുടെ രണ്ടു ജീവിതഘട്ടങ്ങള്‍ മുന്‍മാതൃകകളില്ലാത്തവണ്ണം വിശ്വാസയോഗ്യമായി അത്രമേല്‍ അയാസരഹിതമായി ആവിഷ്‌കരിച്ചതുകൊണ്ടാണ് ആ കഥാപാത്രം പരിഗണിക്കപ്പെടുന്നത്. ഇന്ത്യന്‍ കമ്പോളമുഖ്യധാരയിലെ എക്കാലത്തെയും ഐക്കോണിക്ക് സിനിമകളിലൊന്നായി പരിഗണിക്കപ്പെടുന്ന ശേഖര്‍ കപ്പൂറിന്റെ മിസ്റ്റര്‍ ഇന്ത്യ എന്ന ഹിന്ദി സിനിമയിലെ പത്രപ്രവര്‍ത്തകയായ സോനം ഗ്‌ളാമറിനെ നടനമികവുകൊണ്ടു പൊതിഞ്ഞ് ജനപ്രിയമാക്കിയതുകൊണ്ടും.
ഈ രണ്ടു സിനിമകളിലെയും ശ്രീദേവിയുടെ പ്രകടനങ്ങള്‍ക്ക് സമാനമായ ഒരു സവിശേഷതയുണ്ട്. നായകകേന്ദ്രീകൃതമായ രണ്ടു ചിത്രങ്ങളിലും മാസ്മരികം എന്നു വിശേഷിപ്പിക്കാവുന്ന തിരസാന്നിദ്ധ്യം കൊണ്ടാണ് ശ്രീദേവി അവരേക്കാള്‍ ഒരു പടി മുന്നിലെത്തിയത്. അഭിനയമികവും ഗ്‌ളാമറും അതിനവര്‍ ഉപയോഗിക്കുകയും ചെയ്തു. ഇവിടെ ഓര്‍ക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. സമകാലികയും വെള്ളിത്തിരയില്‍ ഒരു പക്ഷേ കടുത്ത എതിരാളി എന്നു പോലും വിശേഷിപ്പിക്കപ്പെട്ട ജയപ്രദയുമായി താരതമ്യം ചെയ്യുമ്പോള്‍, അത്രയ്ക്കു സുന്ദരിയൊന്നുമായിരുന്നില്ല ശ്രീദേവി. ബാലതാരമായിരുന്നപ്പോള്‍ മുതല്‍ കൗമാരകാലത്തെയും യൗവനാരംഭങ്ങളിലെയും ചിത്രങ്ങള്‍ പരിശോധിച്ചാലറിയാം, അവര്‍ക്കു തന്നെ അപകര്‍ഷമുണ്ടാക്കിയ വലിയ മൂക്കും ഇടുങ്ങിയ ചുണ്ടും അല്‍പം ഉന്തിയ കവിളുകളും വട്ടമുഖവുമൊക്കെയുള്ള ഒരു ശരാശരി പെണ്‍മുഖം. സൗന്ദര്യത്തെപ്പറ്റിയുള്ള ആ അപകര്‍ഷം കൊണ്ടാവണമല്ലോ, ഉരുണ്ടു തടിച്ച തന്റെ മൂക്ക് ശസ്ത്രക്രിയയിലൂടെ നീട്ടാന്‍ പില്‍ക്കാലത്തവര്‍ തയാറായത്.
പക്ഷേ, ആ മുഖത്തു മിന്നിമായുന്ന ഭാവങ്ങളുടെ രാസമാറ്റങ്ങളിലൂടെയാണ് അവര്‍ പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ കയറിപ്പറ്റിയത്, ഒപ്പമഭിനയിക്കുന്ന ആണ്‍താരങ്ങളെ വരെ പലപ്പോഴും തിരയിടങ്ങളില്‍ പിന്തള്ളിയത്. ജയപ്രദയക്ക് കിട്ടിയതു പോലെ, അവരവരുടെ ബലം പ്രകടിപ്പിക്കാന്‍ പറ്റിയ കഥാപാത്രങ്ങളെയും ലഭിച്ചിട്ടില്ല ശ്രീദേവിക്ക് എന്നു തന്നെ വേണം പറയാന്‍. മികച്ച നര്‍ത്തകിയിയാരുന്നിട്ടും സാഗരസംഗമമോ മേഘസന്ദേശമോ പോലൊരു വേഷം ശ്രീദേവിക്കു കിട്ടിയില്ല. മാധുരി ദീക്ഷിത്തിനു ദേവദാസില്‍ കിട്ടയതിനു സമാനമായൊരു വേഷം പോലും അവര്‍ക്കു ലഭിച്ചില്ല.എന്നിട്ടും നാം ശ്രീദേവിയുടെ മിസ്റ്റര്‍ ഇന്ത്യയിലെ ഹവാ ഹവായി നൃത്തവും നാഗീനയിലെ നാഗനൃത്തവും, രൂപ് കി റാണി ചോരോം കാ രാജയിലെ മെ ഹൂം രൂപ് കി റാണി നൃത്തവും ചാന്ദ്‌നിയിലെ പ്രണയഗാനരംഗവും ഹിമ്മത്ത്‌വാലയിലെ നൈനോം മെ സപ്‌നെ..നൃത്തവും, ഇന്നും മനസില്‍ കൊണ്ടു നടക്കുന്നത് എന്തു കൊണ്ടാവും? തീര്‍ച്ചയായും ശ്രീദേവി എന്ന സ്‌ക്രീന്‍ സാന്നിദ്ധ്യത്തിന്റെ അപാരമായ ആകര്‍ഷണശേഷികൊണ്ടുതന്നെയാണ് ഇതൊക്കെ സാധ്യമായത്.
ഇക്കാര്യത്തില്‍ ശ്രീദേവിയുടെ തിരപ്രതിച്ഛായയെ താരതമ്യം ചെയ്യേണ്ടത് വാസ്തവത്തില്‍ പ്രേം നസീറിന്റേയും ശിവാജിഗണേശന്റേയും എന്‍.ടി.രാമറാവുവിന്റേയും തിരപ്രതിച്ഛായയുമായാണ്. അഭിനയിച്ച തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം, പിന്നെ വര്‍ഷങ്ങളോളം ഹിന്ദിയിലും ശ്രീദേവി നിറഞ്ഞു നിന്നത് ഈ മഹാതാരങ്ങള്‍ക്കു സമാനമായ സ്ത്രീതാരപ്രഭാവമായിട്ടാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അവരുടെ കൂടെ അല്ലെങ്കില്‍ അവരുടെ മാത്രം തോളുകളില്‍ ഊന്നിയ ചലച്ചിത്രസംരംഭങ്ങള്‍ ഹിന്ദിയില്‍ ഉണ്ടായത്. മിസ്റ്റര്‍ ഇന്ത്യ കഴിഞ്ഞു നില്‍ക്കുന്ന അനില്‍കപൂറിന് മറ്റൊരു ഹിറ്റുണ്ടാക്കാനായി സഹോദരനും പിന്നീട് ശ്രീദേവിയുടെ ജീവിതപങ്കാളിയുമായിത്തീര്‍ന്ന ബോണി കപൂര്‍ നിര്‍മിച്ച ചിത്രം രൂപ് കി റാണി ചോരോം കാ രാജ ആയത് യാദൃശ്ചികമല്ല. തീര്‍ച്ചയായും അത് ബോണിക്ക് ശ്രീദേവിയോടുള്ള അന്ധമായ ആരാധനകൊണ്ടുമല്ല. മറിച്ച് വിപണിയില്‍ ശ്രീദേവി എന്ന ബ്രാന്‍ഡിനുള്ള വില്‍പനസാധ്യതമനസിലാക്കിക്കൊണ്ടുതന്നെയാണ്. അതുകൊണ്ടുതന്നെയാണ് ആ ചിത്രത്തിന്റെ പേര് ചോരോം കാ രാജ രൂപ് കി റാണി എന്നു പോലുമാവാതെ പോയതെന്നോര്‍ക്കുക. തെലുങ്കില്‍ വെങ്കിടേശിനൊപ്പം അഭിനയിച്ച രാം ഗോപാല്‍ വര്‍മ്മയുടെ ക്ഷണം ക്ഷണം ആയിരുന്നാലും സാഹസികനായ നായകനെ അപേക്ഷിച്ച് നായികയുടെ ബലത്തിലാണ് വിജയമായത്.
ചാന്ദ്‌നി, നാഗീന, ചന്ദ്രമുഖി..അങ്ങനെ എത്രയോ സിനിമകള്‍ ശ്രീദേവിയെന്ന നായികാകേന്ദ്രത്തിനു ചുറ്റുമായി നിര്‍മിക്കപ്പെട്ടു. ഇന്നും ഏറെയൊന്നും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലാത്ത ആണ്‍കോയ്മയുടെ കൂത്തരങ്ങായ ചലച്ചിത്രവേദിയിലാണ് ശ്രീദേവി എന്നൊരു പെണ്ണ് നായകന്റെ അപരയായിട്ടില്ലാതെ, നിഴലായിട്ടുമല്ലാതെ ചാന്ദ്‌നില്‍ ഋഷി കപ്പൂറിനെയും വിനോദ് ഖന്നയേയും പോലെ, ഒന്നോ അതിലേറെയോ നായകതാരങ്ങളെ തനിക്കു ചുറ്റുമിട്ടു മരം ചുറ്റിയോടിച്ചത്!അതുകൊണ്ടുതന്നെയാണ് അവര്‍ ഇന്ത്യ കണ്ട ആദ്യത്തെ ലേഡി സൂപ്പര്‍ സ്റ്റാറെന്നു പുരുഷന്മാരാല്‍ തന്നെ അംഗീകരിക്കപ്പെട്ടതും.
കുറഞ്ഞത് നാലു പതിറ്റാണ്ടെങ്കിലും ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിട്ടും, കമ്പോളസിനിമയെ തനിക്കു ചുറ്റും വട്ടം കറക്കിയിട്ടും, 2013ല്‍ വൈകിയെത്തിയ പത്മശ്രീ അല്ലാതെ ഒരു ദേശീയ അവാര്‍ഡ് പോലും അഭിനയത്തിന്റെ പേരില്‍ ശ്രീദേവിയെ തേടിയെത്താത്തത് എന്തുകൊണ്ടാവും? അവിടെയാണ് ശ്രീദേവിയുടെ തിരപ്രതിനിധാനം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ വേഷമിട്ട് ഇന്നും തകര്‍ക്കപ്പെടാത്ത ലോകറെക്കോര്‍ഡുമായി നില്‍ക്കുന്ന പ്രേംനസീറിന്റേതിനു സമാനമായിത്തീരുന്നത്. പത്മഭൂഷണല്ലാതെ അഭിനയത്തിന്റെ പേരില്‍ ആ മഹാനടനും ഒരു ദേശീയ ബഹുമതിയോ എന്തിന് സംസ്ഥാന ബഹുമതിയോ ലഭിച്ചിട്ടുണ്ടായിരുന്നില്ല. ശ്രീദേവിയുടെ കാര്യത്തില്‍ രേഖയ്ക്ക് ഉമ്രാവോജാനിലെന്നോണം, ഡിംപിള്‍ കപാഡിയയ്ക്ക് രുദാലിയിലെന്നോണം തബുവിന് മാച്ചിസിലെയേും ചാന്ദിനി ബാറിലെയുമെന്നോണം സരികയ്ക്ക് പര്‍സാനിയയിലെന്നോണം കരുത്തുറ്റ കഥാപാത്രത്തിന്റെ പിന്തുണ ഒരിക്കല്‍പ്പോലും ലഭിച്ചിട്ടില്ല.
രണ്ടാം വരവില്‍ ലഭിച്ച ഇംഗ്‌ളീഷ് വിംഗ്‌ളീഷ് പോലും ശ്രീദേവിയെന്ന നടിയുടെ പ്രതിഭ പൂര്‍ണമായി പുറത്തുകൊണ്ടുവന്ന ചിത്രമായിരുന്നില്ല. എന്നാല്‍ നായകകര്‍തൃത്വത്തെ നിഷ്പ്രഭമാക്കുകയെന്ന തിരദൗത്യം ഇംഗ്‌ളീഷ് വിംഗ്‌ളിഷിലെ ശശി ഗോഡ്‌ബോലെയും വിജയകരമായിത്തന്നെ നിര്‍വഹിക്കുന്നുണ്ടെന്നതു മറക്കാനാവില്ല.
മറ്റൊരര്‍ത്ഥത്തില്‍ ആലോചിച്ചാല്‍, സ്പീല്‍ബര്‍ഗിന്റെ ക്ഷണത്തിന്റെ കാര്യത്തിലെന്നോണം ഒരുപക്ഷേ ഒരു രുദാലിയാവാനോ ഉമ്രാവോജാനാവാനോ അന്നു ശ്രീദേവിയെ ആരെങ്കിലും ക്ഷണിച്ചിരുന്നെങ്കില്‍ക്കൂടി അവരതു സ്വീകരിക്കുമായിരുന്നോ എന്നതില്‍ സംശയമുണ്ട്. കാരണം, ശ്രീദേവി എന്ന നടി അന്നും എന്നും അഭിമുഖീകരിച്ചത് മാസിനെയാണ്.അവരഭിനയിച്ചത് നിരൂപകര്‍ക്കുവേണ്ടിയോ ബുദ്ധിജീവികള്‍ക്കുവേണ്ടിയോ ആയിരുന്നില്ല, മറിച്ച് സാധാരണ പ്രേക്ഷകര്‍ക്കുവേണ്ടിയാണ്. ബാല്യം മുതല്‍ താന്‍ കണ്ടു വളര്‍ന്ന, കാണാനിഷ്ടപ്പെടുന്ന തരം സിനിമകളില്‍ തനിക്കിഷ്ടപ്പെട്ടതരം കഥാപാത്രങ്ങളെയാണ് അവര്‍ അവതരിപ്പിച്ചത്. ആ തെരഞ്ഞെടുപ്പിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം അവരുടേതു മാത്രമായിരുന്നു.ആ കള്ളിക്കുള്ളില്‍ നിന്നുകൊണ്ടുതന്നെയാണ് അവര്‍ ബഹുജനപ്രീതി എന്ന പെട്ടെന്നൊന്നും എത്തിപ്പിടിക്കാനാവാത്ത സ്വാധീനം സ്വന്തമാക്കിയത്. മനോരഞ്ജകത്വത്തിനാണ് ശ്രീദേവി പ്രാധാന്യം കല്‍പിച്ചത്. അതുകൊണ്ടാണ് വിപണിയുടെ താരമാകാന്‍ അവര്‍ സ്വയം നിശ്ചയിച്ചത്.
ശ്രീദേവി എന്ന നടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളായിരുന്നില്ല വരുമയിന്‍ നിറം ചികപ്പിലെ ദേവിയും പതിനാറു വയതിനിലെയിലെ മയിലുമൊന്നും. അതിലൊക്കെത്തന്നെ നായകനായ കമല്‍ഹാസനും വില്ലനായ രജനീകാന്തിും സഹനായകനായ ദിലീപിനും വേണ്ടി നിര്‍മിക്കപ്പെട്ടവയുമായിരുന്നു. എങ്കിലും അവയിലെ നായകകഥാപാത്രങ്ങള്‍ക്കൊപ്പം ശ്രീദേവിയെ പ്രേക്ഷകന്‍ പരിഗണിക്കുന്നുണ്ടെങ്കില്‍ അതുതന്നെയാണ് അഭിനേതാവെന്ന നിലയ്ക്കുള്ള അവരുടെ നേട്ടം.
സിനിമയെ ഒരു പ്രൊഫഷനായി കണ്ടതുകൊണ്ടാവും അത്രയേറെ പ്രൊഫഷനലിസം കാത്തുസൂക്ഷിക്കാനാവര്‍ക്കായത്. ശരീരത്തെ കഥാപാത്രമാക്കാന്‍ നിബന്ധനകളൊന്നും മുന്നോട്ടുവച്ചില്ല അവര്‍. അതുകൊണ്ടുതന്നെ ഗ്‌ളാമറായാലും ഐറ്റം ഡാന്‍സായാലും നീന്തല്‍ വസ്ത്രത്തിലായാലും കഥയാവശ്യപ്പെടുന്ന ഏതു വേഷത്തിലും രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്നതില്‍ അവര്‍ക്കു വിരോധവുമുണ്ടായില്ല. എന്നു മാത്രമല്ല, അതൊക്കെയും തന്റെ തൊഴിലിന്റെ ഭാഗമായി കാണാനുള്ള മാനസിക പക്വതയും ഹൃദയവിശാലതയുമവര്‍ക്കുണ്ടായിരുന്നു. കറകളഞ്ഞ ഈ പ്രൊഫഷനലിസമാണ് അവരെ കമല്‍ഹാസനെ പോലെ സ്‌ക്രീന്‍ ഇതിഹാസമാക്കിത്തീര്‍ത്തത്. ഖുദാ ഹവായില്‍ തന്റെ അച്ഛനാവാന്‍ പ്രായമുള്ള അമിതാഭ് ബച്ചന്റെ നായികയാവാന്‍ അവര്‍ രണ്ടാമതൊന്നാലോചിക്കാത്തതും ഈ പ്രൊഫഷനലിസം കൊണ്ടുതന്നെയാണ്. ഇതര സമകാലിക നടിമാരെ അപേക്ഷിച്ച് മുഖ്യധാരയ്ക്ക് അവരെ പ്രിയപ്പെട്ടതാക്കിയ ഘടകങ്ങളും ഇതൊക്കെത്തന്നെയാണ്.
സിനിമയുടെ കമ്പോളവ്യവസ്ഥയിലെ അലിഖിത ചിട്ടവട്ടങ്ങളെ ബൗദ്ധികവും ശാരീരകവുമായി വെല്ലുവിളിക്കാനും നിയമപരമായി പൊളിച്ചെഴുതാനും സ്ത്രീക്കൂട്ടായ്മകള്‍ക്കുസാധിക്കും.എന്നാല്‍ തിരയിടങ്ങളിലെ ആണ്‍കോയ്മകളെ ആത്മീയമായി നേരിടാന്‍ ശ്രീദേവിക്കു സാധ്യമായതുപോലെ ഇനിയൊരാള്‍ക്കും സാധ്യമായിക്കൊള്ളണമെന്നില്ല.ശ്രീദേവി പ്രതിഭാസമാവുന്നത് ഇതൊക്കെക്കൊണ്ടാണ്. ഇനിയൊരു ശ്രീദേവി അത്ര പെട്ടെന്നൊന്നും ഇന്ത്യന്‍ സിനിമയില്‍ സംഭവിക്കാന്‍ സാധ്യതതെളിയാത്തതിനു കാരണവും മറ്റൊന്നല്ല.
No comments:
Post a Comment