Monday, March 12, 2018

വ്യത്യസ്തനായ സുരേന്ദ്രനാം ഇന്ദ്രന്‍സിനെ....!

രണ്ടു മൂന്നു ദിവസം കഴിഞ്ഞ് എഴുതാമെന്നു ബോധപൂര്‍വം തീരുമാനിച്ചതാണ്. സിനിമ/ടിവി നിരൂപണത്തിന് അഞ്ചു സംസ്ഥാന അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഇത്തവണത്തെ സംസ്ഥാന അവാര്‍ഡിന് ഒരു പ്രത്യേകതയുണ്ട്. എനിക്കു വ്യക്തിപരമായിക്കൂടി അടുപ്പമുള്ള നടന്‍ ഇന്ദ്രന്‍സിന് മികച്ച നടനുള്ള അവാര്‍ഡ് കിട്ടിയതിനൊപ്പമാണ് എന്നുള്ളതാണത്.അവാര്‍ഡ് കിട്ടിയശേഷം ഞാന്‍ ഇന്ദ്രന്‍സിനെ വിളിച്ചിട്ടില്ല. നേരില്‍ കാണുമ്പോള്‍ സൗഹൃദംപുതുക്കുകയും സംസാരിക്കുകയും ചെയ്യുന്നതല്ലാതെ അങ്ങനെ എപ്പോഴും വിളിച്ചു സംസാരിക്കുന്ന ബന്ധവും ഞങ്ങള്‍തമ്മിലില്ല. പക്ഷേ ഞങ്ങളുടെ ബന്ധം തുടങ്ങുന്നത് 26 വര്‍ഷം മുമ്പാണ്. സുരേന്ദ്രന്‍ അന്ന് ചലച്ചിത്രവസ്ത്രാലങ്കാരകനാണ്. ടിവി സീരിയിലുകളില്‍ അഭിനയിച്ചു തുടങ്ങിയിരിക്കുന്നു.  

മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകപരിശീലനത്തിലായിരുന്നു ഞാനപ്പോള്‍. സിനിമ/ടിവി ഭ്രാന്ത് അന്നു ലേശം കൂടി കൂടുതലാണെങ്കിലേ ഉള്ളൂ. പത്രപ്രവര്‍ത്തകപരിശീലനപദ്ധതിയുടെ ഡയറക്ടറായി മാറിയ ശ്രീ കെ.ഉബൈദുള്ള എഡിറ്റോറിയല്‍/ടിവി പേജുകള്‍ കൈകാര്യം ചെയ്യുന്ന കാലം. ടിവി പേജ് തുടങ്ങിയിട്ട് അധികമായിട്ടില്ല. താരങ്ങളല്ലാത്ത താരങ്ങള്‍ എന്ന പേരില്‍ ദൂരദര്‍ശനിലെ വാര്‍ത്താവതാരകരെപരിചയപ്പെടുത്തിക്കൊണ്ട് ഞാനൊരു പരമ്പര തുടങ്ങി. ദൂരദര്‍ശന്‍ മാത്രമുള്ള കാലത്തെ സൂപ്പര്‍ ന്യൂസ് കാസ്റ്റേഴ്‌സിനെയെല്ലാം അവതരിപ്പിച്ച ആ പംക്തി നേടിയ ജനപ്രീതിയില്‍ അതുപോലെ മറ്റെന്തെങ്കിലും കൂടി എഴുതാമോ എന്ന് ഉബൈദ് സാര്‍ ആരാഞ്ഞു. അങ്ങനെയാണ് മിനിസ്‌ക്രീന്‍ താരങ്ങളെ പരിചയപ്പെടുത്തുന്ന മിനിസ്‌ക്രീനിലെ വെള്ളിനക്ഷത്രങ്ങള്‍ എന്ന പംക്തി തുടങ്ങുന്നത്. 

പരിശീലനക്കാലമാണ്. അന്നെഴുതുന്ന യാതൊന്നിനും ബൈലൈന്‍( ലേഖകന്റെ പേര്) വയ്ക്കില്ല. സ്വന്തം ലേഖകന്‍ അല്ലെങ്കില്‍ മറുപേര് അതുമല്ലെങ്കില്‍ ഇനിഷ്യല്‍. അങ്ങനെ ഈ രണ്ടു പരമ്പരകളുടെയും ലേഖകന്റെ പേരിന്റെ സ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത് മൂന്ന് ഇംഗ്‌ളീഷ് അക്ഷരങ്ങള്‍. എ.സി.എസ്. എ.ചന്ദ്രശേഖര്‍ എന്നതിന്റെ ആദ്യാക്ഷരങ്ങള്‍. ആ അക്ഷരത്രയത്തിനു പിന്നില്‍ ഞാനാണെന്നറിഞ്ഞവരേക്കാള്‍ അറിയാത്തവരാ യിരുന്നു അധികവും. അറിഞ്ഞവര്‍ പലരും ഇന്നും എന്നെ വിളിക്കുന്നത് എ.സി. അഥവാ എ.സി.എസ് എന്നൊക്കെത്തന്നെയാണ്. 

എഴുതുന്നതിന് പ്രത്യേകം കാശൊന്നും കിട്ടില്ല. യാത്രാപ്പടി പോലും. ഇഷ്ടം കൊണ്ട് ചെയ്യുന്നതാണ്. ചിത്രമൊക്കെ ചിലപ്പോള്‍ മനോരമ ബ്യൂറോകളിലെ പരിചയക്കാരായ ഫോട്ടോഗ്രാഫര്‍മാരോടു പറഞ്ഞെടുപ്പിക്കും. അല്ലെങ്കില്‍ അതത് ആളുകളോടു തന്നെ വാങ്ങിക്കും.ഏതായാലും മിനിസ്‌ക്രീനിലെ വെള്ളിനക്ഷത്രങ്ങള്‍ ഞാന്‍ വിചാരിച്ചതിനേക്കാള്‍ വായനക്കാരെ നേടി. ടിവിയില്‍ അന്നത്തെ മമ്മൂട്ടിയായ കുമരകം രഘുനാഥിനെയും മോഹന്‍ലാലായ രവിവള്ളത്തോളിനെയും ജഗന്നാഥനെയും ജഗന്നാഥവര്‍മ്മയേയും ശ്രീലതയേയുമൊക്കെ അവതരിപ്പിച്ചു കൊണ്ടാരംഭിച്ച പംക്തിയില്‍, അന്ന് ചെറിയ കോമഡി വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട സുരേന്ദ്രനെപ്പറ്റിയും ഒരു ലക്കം എഴുതി. മിനിസ്‌ക്രീനിലെ മാമൂക്കോയ എന്നായിരുന്നു തലക്കെട്ട്. അതിന് എന്നെ സഹായിച്ചത് ബന്ധുവും കളിത്തോഴനുമെല്ലാമായി ഷാഫിയാണ്. അന്ന് പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സില്‍ താമസിച്ചിരുന്ന ക്യാമറാമാന്‍ വേണുവിന്റെയും ഷാഫിയുടെയുമൊക്കെ സൗഹൃദവലത്തിലുള്ള ആളായിരുന്നു സുരേന്ദ്രന്‍. കുമാരപുരത്തെ അദ്ദേഹത്തിന്റെ ടെയ്‌ലറിങ് ഷോപ്പിലായിരുന്നു അവരൊക്കെയും കുപ്പായം തുന്നിച്ചിരുന്നത്. സിനിമയില്‍ മാമൂക്കോയ അന്നു ചെയ്തിരുന്ന തരം വേഷങ്ങളാണ് ഇന്ദ്രന്‍സ് എന്ന പേരില്‍ സുരേന്ദ്രന്‍ അന്നു കയ്യാളിയിരുന്നത്. തമ്പാനൂരിലെ  തമ്പുരു (പഴയ വുഡ്‌ലന്‍ഡ്‌സ്) ഹോട്ടലില്‍ ചെന്നാണ് സുരേന്ദ്രനെ കാണുന്നത്. വസ്ത്രാലങ്കാരകന്റെ മുറിയില്‍ സ്വന്തം ജോലിയിലായിരുന്നു അദ്ദേഹം. പടം പിന്നീട് അദ്ദേഹം തന്നെ എത്തിച്ചു തന്നതാണ്. 

കൂടുതലൊന്നും എഴുതേണ്ട ആവശ്യമില്ല. മിനിസ്‌ക്രീനിലെ വെള്ളിനക്ഷത്രങ്ങളില്‍ ഇന്ദ്രന്‍സിനെപ്പറ്റി വന്ന ആ കുറിപ്പാണ് ഇതോടൊപ്പം. സുരേന്ദ്രനെ സംബന്ധിച്ച്, ഇന്ദ്രന്‍സിനെ സംബന്ധിച്ച് ഒരു മുഖ്യധാരാ പത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ആദ്യ റൈറ്റപ്പ് ഇതാണ്. പ്രതിഭകളെ അവരുടെ നക്ഷത്രത്തിളക്കത്തില്‍ അംഗീകരിക്കുന്ന വരോടൊപ്പം കൂടുന്നതിനേക്കാള്‍ സന്തോഷം, അവരുടെ പ്രതിഭ ആദ്യം തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നതാണെന്ന വിശ്വാസക്കാരനാണു ഞാന്‍. അതുകൊണ്ടു തന്നെ 26 വര്‍ഷം മുമ്പെഴുതിയ ഈ വാചകങ്ങളെയോര്‍ത്ത് ഈ അവാര്‍ഡ് ലബ്ധിയില്‍ നില്‍ക്കുമ്പോഴും മനം നിറയേ സന്തോഷം തോന്നുന്നു.

നാലു വര്‍ഷം മുമ്പ് വര്‍ഷാവസാനം ആ വര്‍ഷത്തെ സിനിമകളെ അവലോകനം ചെയ്ത് എ്‌ന്റെ ഇഷ്ടസിനിമ എന്നൊരു പരിപാടി ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു. വിജയകൃഷ്ണന്‍സാറും സി.എസ്.വെങ്കിടേശ്വരനുമടങ്ങുന്ന പ്രഭൃതികളെല്ലാം അവരവരുടെ ഇഷ്ടസിനിമയേയും അഭിനയമുഹൂര്‍ത്തങ്ങളെയും സംവിധാനമികവിനെയുമെല്ലാം തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന പരിപാടി. എന്റെ മുന്‍കാല സഹപ്രവര്‍ത്തകകൂടിയായ ശോഭ ശേഖറായിരുന്നു നിര്‍മാതാവ്. ശോഭയാണ് ആ പരിപാടിയില്‍ എന്നെയും ഉള്‍പ്പെടുത്തിയത്. ഇഷ്ടസിനിമയായി സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളിയാണ് ഞാന്‍ തെരഞ്ഞെടുത്തതെങ്കിലും മറക്കാനാവാത്ത കണ്ടെത്തല്‍ എന്ന നിലയ്ക്ക് ആ പരിപാടിയില്‍ ഞാനെടുത്തുപറഞ്ഞത് അപ്പോത്തിക്കിരി എന്ന സിനിമയിലെ ഇന്ദ്രന്‍സിന്റെ പ്രകടനത്തെയാണ്. ദ് കിങിലെ കുതിരവട്ടം പപ്പുവിന്റേതുപോലെ ഒരു അവിസ്മരണീയ തിരസാന്നിദ്ധ്യം. അന്നുവരെ, ഒരുപക്ഷേ അടൂര്‍ സാറിന്റെ നാലുപെണ്ണുങ്ങള്‍, പിന്നെയും, ടിവി ചന്ദ്രേട്ടന്റെ കഥാവശേഷന്‍ തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങളെപ്പോലും നിഷ്പ്രഭമാക്കുന്ന പകര്‍ന്നാട്ടമായിരുന്നു മലയോരകര്‍ഷകനായ, നായകന്‍ ജയസൂര്യയുടെ അച്ഛനായി പ്രത്യക്ഷപ്പെട്ട  ഇന്ദ്രന്‍സിന്റെ അഭിനയം. അക്കാര്യം അന്ന് എടുത്തുപറയുകയുമുണ്ടായി. അവാര്‍ഡ് കിട്ടിയാലുമില്ലെങ്കിലും ഇന്നും ഇന്ദ്രന്‍സിന്റെ നാളിതുവരെയുള്ള പ്രകടനങ്ങളില്‍ ഏറ്റവും മികച്ച ഒന്നായിത്തന്നെ ഞാനതിനെ കണക്കാക്കുകയും ചെയ്യുന്നു. 


ഇപ്പോള്‍ ചിന്തിക്കുമ്പോള്‍, അതൊക്കെ ദൈവനിയോഗവും ഭാഗ്യവുമായി കണക്കാക്കുകയും ചെയ്യുന്നു. സമ്പത്തും അംഗീകാരങ്ങളും പ്രശസ്തിയും കൈവരുമ്പോള്‍ മതിമറക്കാത്ത മനുഷ്യന്‍ എങ്ങനെയായി രിക്കണമെന്ന് സ്വന്തം ജീവിതം കൊണ്ടു കാണിച്ചു തരുന്ന ഒരാളെപ്പറ്റിയാണല്ലോ എഴുതേണ്ടിവന്നതും പറയേണ്ടിവന്നതും എന്നോര്‍ത്ത് അഭിമാനം തോന്നുന്നു. അദ്ദേഹത്തിന് ഒരിക്കല്‍ക്കൂടി ആശംസകള്‍.

No comments: