Wednesday, March 01, 2017

അയാള്‍ ശശി അമര്‍ത്തിവച്ച നര്‍മ്മത്തിന്റെ രാഷ്ട്രീയമാനങ്ങള്‍

അടുത്തിടെ മലയാളത്തില്‍ കണ്ട ഏറ്റവും ലക്ഷണയുക്തമായ ആക്ഷേപ ഹാസ്യ സിനിമയാണ് സജിന്‍ ബാബുവിന്റെ അയാള്‍ശശി. കാരണം ശശിയില്‍ ഞാനുണ്ട്. മലയാളിയുടെ ഇരട്ടത്താപ്പും ഹിപ്പോക്രസിയും അപ്പാടെയുണ്ട്. അതിലെ ഓരോ രംഗത്തും ഞാന്‍ നിങ്ങളെ കാണുന്നുണ്ട്. എന്റെ ചുറ്റുപാടും കാണുന്നുണ്ട്. സറ്റയര്‍ എന്നതിലുപരി വളരെ ഒതുക്കത്തില്‍ എന്നാല്‍ ഏറെ ആഴത്തില്‍ കേരളത്തിലെ ദലിതരാഷ്ട്രീയത്തെ ആവിഷ്‌കരിക്കുന്നു എന്നതുവഴി ഏറെ ഗൗരവമാര്‍ജിക്കുന്ന സിനിമകൂടിയാണ് അയാള്‍ ശശി. ഘടനാപരമായി വളരെ ദൈര്‍ഘ്യമുള്ള കട്ടുകളില്ലാത്ത ഒറ്റഷോട്ടുകളിലൂടെ പൂര്‍ത്തിയാക്കിയിട്ടുള്ള സിനിമയെന്ന സവിശേഷത വേറെ. സമകാലിക കേരളസമൂഹത്തിലെ ജാതിരാഷ്ട്രീയത്തിന്റെ തോടുപൊളിച്ചു കാണിക്കുന്നുണ്ട് സജിന്‍ ഈ സിനിമയിലൂടെ. നാട്ടിലെ മനുഷ്യത്വരഹിതമായ വ്യര്‍ത്ഥലോകത്തു നിന്നു മരണമുറപ്പായിട്ടും കാടകത്തിന്റെ ഹരിതാര്‍ത്ഥം തേടിപ്പോകേണ്ടിവന്ന ശശി എന്ന കേന്ദ്ര കഥാപാത്രത്തെ അപാര ചാരുതയോടെ ശ്രീനിവാസന്‍ അവതരിപ്പിച്ചിരിക്കുന്നു. ഒരുപക്ഷേ ശ്രീനിവാസന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നുതന്നെയായിരിക്കും ശശി അഥവാ സാമുവല്‍.
തലസ്ഥാനത്തിന്റെ സാമൂഹികാന്തരീക്ഷത്തിലാണ് സജിന്‍ തന്റെ പ്രമേയത്തെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതാകട്ടെ ജീവിച്ചിരിക്കുന്നവരും മണ്‍മറഞ്ഞവരുമായി സാദൃശ്യമുള്ള കഥാപാത്രങ്ങളുമാണ്. സിനിമയുടെ പേരില്‍ത്തന്നെ കാലികമായ കേരളത്തിന്റെ ചില സൂചനകളുണ്ട്. ശശിയില്‍ കേരളത്തിന്റെ ദലിത സ്വത്വം അപ്പാടെയുണ്ട്. മലയാളിയുടെ മനസില്‍ നിന്ന് ഇനിയും പടിയിറങ്ങിപ്പോയിട്ടില്ലാത്ത വര്‍ഗചിന്തകളുടെ വിഷവിത്തുക്കളെ സംവിധായകന്‍ തോലിപൊളിച്ചു വിമര്‍ശനത്തിനു വയ്ക്കുന്നു. ആദ്യ ചിത്രമായ അണ്‍ ടു ദ ഡസ്‌കിലെ അതിസങ്കീര്‍ണമായ നിര്‍വഹണത്തില്‍ നിന്നു വിഭിന്നമായി ലംബമാനമായ നേരാഖ്യാനശൈലിയാണ് അയാള്‍ ശശിയിലേത്. കൈയൊതുക്കത്തോടെ ഒരു പ്രമേയം അതിന്റെ രാഷ്ട്രീയഗൗരവം ലേശവും ചോര്‍ന്നുപോകാതെ ആവിഷ്‌കരിക്കുന്നുവെന്നതാണ് അയാള്‍ ശശിയുടെ നേട്ടം. അതുകൊണ്ടുതന്നെ ഈ സിനിമ തീയറ്ററുകളിലാണ് വിജയിക്കേണ്ടത്. അല്ല, ഇത്തരം സിനിമകള്‍ തീയറ്ററുകളില്‍ വിജയിക്കേണ്ടത് നമ്മുടെ ആവശ്യമായി മാറുന്നത് എന്നു പറയുന്നതാവും കൂടുതല്‍ ശരി.

No comments: