Monday, February 27, 2017

പ്രണയത്തിന്റെ നാനാർത്ഥങ്ങൾ


പത്രപ്രവര്‍ത്തനത്തില്‍ സീനിയറും അഭ്യുദയകാംക്ഷിയും നല്ല സുഹൃത്തും ജ്യേഷ്ഠതുല്യനുമായ ശ്രീ കെ.വി.മോഹന്‍കുമാറിന്റെ പ്രണയത്തിന്റെ മൂന്നാംകണ്ണ് എന്ന നോവലിനെക്കുറിച്ച് എന്‍ബി എസ് പ്രസിദ്ധീകരിച്ച പഠനസമാഹാരത്തില്‍ എഴുതിയ ആസ്വാദനക്കുറിപ്പ്.
എ.ചന്ദ്രശേഖർ

ആനന്ദത്തിലേക്കുള്ള പാത പ്രണയത്തിലൂടെയാ ണ്.പ്രണയമാണെങ്ങും. പ്രണയമാണെല്ലാം. പ്രണയമാണെങ്ങും. പ്രണയമാണീ പ്രപഞ്ച സത്തയുടെ രഹ സ്യം....സൃഷ്ടിയിലും സംഹാരത്തിലും വേരുകളൂന്നിയ ധ്യാനമാണു പ്രണയം. പ്രണയത്തിന്റെ പാരമ്യമാണു രതി. മരണമാണു രതി. മഹാപരി നിർവാണമാണു രതി.
കെ.വി.മോഹൻ കുമാറിന്റെ പ്രണയത്തിന്റെ മൂന്നാംകണ്ണ് എന്ന നോവലിന്റെ താക്കോൽദർശനം ഈ രണ്ടു വാചകങ്ങളാണെന്നു തോന്നുന്നു.
പ്രണയത്തോട്, രതിയോട് പാപബോധവും അസന്മാർഗികതയും ഏച്ചുകെട്ടാത്ത മഹാസംസ്‌കാരമായിരുന്നു ഭാരതത്തിന്റേത്. അതിന്റെ സാമൂഹികഘടനയും മൂല്യവ്യവസ്ഥയും പരിഷ്‌കൃതമെന്നു വിശേഷിപ്പിക്കപ്പെടുന്ന ആധുനികസംസ്‌കാരത്തിലും ഏറെ മുന്നിലായിരുന്നു, ആത്മീയതയിൽ. സെമറ്റിക് മതങ്ങളുടെ സ്വാധീനത്തിനപ്പുറം സനാതനമായൊരു വീക്ഷണകോണിലൂടെ, പ്രപഞ്ചത്തെയും പ്രകൃതിയെയും ജനിമൃതികളെയും ജീവജാലങ്ങളെയും ജൈവികമായി കോർത്തിണക്കിയ ആത്മീയദർശനം. ആരും യാതൊന്നും കൊണ്ടുവരുന്നുമില്ല, കൊണ്ടുപോകുന്നുമില്ല. ഭൂമി എല്ലാവർക്കുമുള്ളതാണ്. അവിടെ ജീവിക്കാനാവശ്യമായത്, അത്യാവശ്യമായതു മാത്രം ഓരോരുത്തരും ഉപയോഗിക്കുക. അവനവന്റെ ദൗത്യം, അതു നിശ്ചയമായും പൂർവകൽപിതം തന്നെ, നിർവഹിച്ച ശേഷം ജീർണവസ്ത്രമാകുന്ന ശരീരത്തെയുപേക്ഷിച്ച് മുക്തി നേടുക. ചിലപ്പോൾ അടുത്ത ജന്മത്തിന്റെ ജാതകത്തിലേക്ക്. അല്ലെങ്കിൽ നിത്യതയുടെ മോക്ഷത്തിലേക്ക്.
'തന്ത്ര പറയുന്നു, ബുദ്ധപദത്തിലെത്താൻ ജന്മജന്മാന്തരങ്ങൾ കാത്തിരിക്കേണ്ടതില്ല. ഈയൊരു ജന്മം മതി, പ്രണയത്തിലൂടെ, പ്രണയത്തിന്റെ പാരമ്യത്തിലൂടെ..'
ഭാരതീയ തത്വശാസ്ത്രമനുസരിച്ച്, ദർശനമനുസരിച്ച് ധർമവും യോഗവും മോക്ഷമാർഗം തന്നെ. കർമ്മവുമതേ. ഒരാൾക്കും അവന്റെ ധർമത്തിൽ നിന്നൊളിച്ചോടാനാവില്ല. സ്ഥൂലത്തിൽ നിന്ന് സൂക്ഷ്മത്തെ അന്വേഷിക്കുന്ന യോഗിക്ക് ധ്യാനം കർമ്മം തന്നെയായിത്തീരുന്നു.നോവലിൽ രാഹുലന് മഹാഗുരുവാകുന്ന മൂശാരിപ്പെണ്ണ് അവനു ബോധ്യപ്പെടുത്തിക്കൊടുക്കുന്നുണ്ട്, ധ്യാനത്തിന് വേറെ സമയമാവശ്യമില്ലെന്ന്. ധർമംതന്നെയാണു ധ്യാനം. കർമവും.അത് ശ്വാസോച്ഛ്വാസം പോലെയാണ്.
'പ്രണയം ധ്യാനമാണ്.ധ്യാനം അതീന്ദ്രിയതലങ്ങളെ പുൽകുന്ന വേളയിൽ മൈഥുനം.അതീന്ദ്രിയധ്യാനം. നാഴികകളും യാമങ്ങളും നീളുന്ന ധ്യാനം. അരണിയിൽ അഗ്നി കടയുന്നതുപോലെ, അകങ്ങളിൽ, അദൃശ്യതയുടെ ബുദ്ധപദങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ബോധത്തെ പ്രണയത്തിന്റെ അരണികടഞ്ഞുണർത്തുംവരെ...'
' മനസിൽ പ്രണയത്തിന്റെ ഉറവ നിറയുമ്പോൾ വികാരങ്ങളുടെ ആഴങ്ങളിൽ മുങ്ങിത്താഴുക. ..അതും ധ്യാനമാണ്. പ്രണയത്തെയും നമുക്ക് ധ്യാനമാക്കാം. തന്ത്രയുടെ പാതയിൽ ഒന്നും നിഷിദ്ധമല്ല. എല്ലാം അതിന്റെ പൂർണതയിലെത്തണമെന്നേ തന്ത്ര ശഠിക്കുന്നുള്ളൂ. ഒന്നും അപൂർണതയിലവസാനിക്കരുത്, ഒന്നും.'
അതുകൊണ്ടുതന്നെയാവണമല്ലോ, ആദിശങ്കരനു പോലും സർവജ്ഞപീഠം സിദ്ധമാകാൻ ഗൃഹസ്ഥത്തിന്റെ രതിമൈഥുനങ്ങളനുഭവിച്ചറിയാൻ പരകായപ്രവേശത്തിലൂടെ പുനർജനിക്കേണ്ടിവന്നത്.
' പ്രണയം പുനർജനിയാണ്. പ്രണയിക്കുന്ന നിമിഷങ്ങളിൽ നീയും ഞാനും പുനർജനിക്കുകയാണ്. അന്നേരം പ്രണയം നിറയും. പ്രണയം പ്രാണവായുവാവണം. ശ്വാസകോശങ്ങളിലതു നിറയണം....പുഴപോലെ പുറത്തേക്കൊഴുകണം. ഒരാളിൽ നിന്നു മറ്റൊരാളിലേക്ക്... ആൾക്കൂട്ടത്തിൽ നിന്ന് ആൾക്കൂട്ടത്തിലേക്ക്..'
പ്രണയം ആത്മസാക്ഷാത്കാരത്തിന്റെ ആനന്ദമാർഗം തേടുന്ന അവസ്ഥ. രതിയും പ്രണയവും രണ്ടല്ല. പക്ഷേ അവയ്ക്ക് ശാരീരികമായ കേവലാർത്ഥത്തേക്കാൾ വിശാലമായൊരു നിലനിൽപ്പുണ്ട് താന്ത്രികതയിൽ.
' പ്രണയത്തിൽ ഞാനും നീയുമില്ല. സ്ത്രീയും പുരുഷനുമില്ല, പ്രണയം സ്ത്രീയും പുരുഷനും തമ്മിലാവുമ്പോൾ അത് ശരീരങ്ങളുടേതു മാത്രമാവും. ആത്മാവിലേക്കു വഴിതുറക്കാനാവില്ല. നിർവാണത്തിലേക്കുള്ള പ്രണയപാതയിൽ ആത്മാക്കൾ ഒന്നാവണം. നീയും ഞാനും രണ്ടല്ല, ഒന്നാണ്. എന്നിലും നിന്നിലുമായി അത് ഒന്നായിത്തീരണം.'
ദർശനങ്ങളുടെ പകർപ്പവകാശം ആർക്കുമായിക്കൊള്ളട്ടെ, ഒന്നിൽ നിന്ന് ഉർജ്ജം കൊണ്ട് അതു മറ്റൊന്നിനെ സൃഷ്ടിക്കുമ്പോഴാണ് അതു മൗലികമാവുന്നത്. മഹാഭാരതത്തിലെ മൗനങ്ങളിൽ മുങ്ങിത്തപ്പി എം.ടി.വാസുദേവൻനായർ രണ്ടാമൂഴുമെഴുതിയപ്പോഴും, ജൈനദർശനങ്ങളുടെ അരണികടഞ്ഞ് ഉണ്ണികൃഷ്ണൻ പുത്തൂർ ധർമചക്രമെഴുതിയപ്പോഴും, ബുദ്ധദർശനത്തിന്റെ പ്രകാശകിരണങ്ങളാൽ കണ്ണുതെളിച്ച് ഒ.വി.വിജയൻ മധുരം ഗായതി എഴുതിയപ്പോഴുമെല്ലാം ഈ മൗലികത മലയാളി വായിച്ചനുഭവിച്ചതാണ്. പ്രണയത്തിന്റെ മൂന്നാംകണ്ണ്, വജ്രയാന ബുദ്ധദർശനങ്ങളുടെ പശ്ചാത്തലത്തിൽ കർമയോഗങ്ങളുടെ ധർമയോഗളുടെ പ്രണയത്തെ വരച്ചുകാട്ടുന്നു, രാഹുലനിലൂടെ, ജാബാലയിലൂടെ, കപിലയിലൂടെ. പ്രപഞ്ചപ്രണയത്തിലൂടെ, മൈഥുനത്തിലൂടെ അബോധത്തിൽ നിന്നു ബോധത്തിലേക്കുള്ള പ്രയാണം. അതാണ് രാഹുലന്റെ ബോധോദയം. ആർജിതമായ അറിവുകളെ മുഴുവൻ ഷിഫ്റ്റ് ഡിലീറ്റ് ചെയ്ത്, ബുദ്ധനിലേക്കുള്ള ധ്യാനനിരതമായ അന്വേഷണത്തിനൊടുവിൽ ധർമമാണ്, കർമമാണ് നിർവാണമെന്ന തിരിച്ചറിവിൽ, പാതിയുപേക്ഷിച്ച ഓർമകളെ വീണ്ടും പുൽകാനാഗ്രഹിക്കുന്നുണ്ടയാൾ. ഒരു ചക്രം പോലെ, അയാളുടെ ജീവിതം ആനന്ദത്തിന്റെ പാരമ്യം തേടി ജീവന്റെ പൊരുൾ തേടിയുള്ള അനന്തയാത്രയിൽ എത്തിച്ചേരുന്നത് അയാളോടുള്ള പ്രണയം ഒന്നുമാത്രം കൊണ്ടു ജിവിച്ചു പിടിച്ചു നിന്ന ജാബാലയുടെ സവിധത്തിലാണ്. അവിടെ നിഷ്‌കാമ പ്രണയം സത്യമാവുന്നു, നിർവാണവും മോക്ഷമാർഗവുമാവുന്നു.
ഭാഷയിലും പ്രമേയസമീപനത്തിലും പ്രണയത്തിന്റെ മൂന്നാം കണ്ണിന് ചാർച്ചക്കൂടുതൽ മധുരം ഗായതിയോടാണ്. ആശയം സ്വയം ഭാഷകണ്ടെത്തുന്ന ഇന്ദ്രജാലം. ഇതുവരെയുള്ള മോഹൻകുമാറിന്റെ നോവലുകളിലെല്ലാം, ശിക്ഷിതനായ ഒരു മാധ്യമപ്രവർത്തകന്റെ കൗശലത്തോടെയുള്ള ഭാഷാപ്രയോഗങ്ങൾ കണ്ടിട്ടുണ്ട്. മനസിൽ നിന്നൈന്നതിനേക്കാൾ ബുദ്ധിയിൽ നിന്നുള്ള എഴുത്ത്. പക്ഷേ പ്രണയത്തിന്റെ മൂന്നാം കണ്ണിലെത്തുമ്പോൾ, പ്രമേയത്തിന്റെ ദാർശനികസാന്ദ്രത അതിന്റെ എല്ലാ അർത്ഥത്തിലും വൈകാരികമായി പ്രതിനിധാനം ചെയ്യുന്നു ഭാഷ. അതുകൊണ്ടു തന്നെ അതു കൂടുതൽ ആത്മീയമാവുന്നു, ഉള്ളെഴുത്താവുന്നു. കവിതയോടാണ് അതിലെ ഭാഷയ്ക്കു കൂടുതൽ സാമ്യം.
എങ്കിലും, പ്രമേയകാലത്തിന്റെ കണക്കെടുക്കുമ്പോൾ, ചില പ്രയോഗങ്ങൾ കാവ്യാത്മകമായ അതിന്റെ പ്രവാഹത്തിൽ കല്ലോ കടമ്പയോ ആയതു പോലെ. ഇതൊരു പക്ഷേ തീർത്തും വൈയക്തികമായേക്കാം. എന്നിരുന്നാലും, ടോങ്ക, ഏഷ്യ, ജഡ്ക, തന്ത്ര, താന്ത്രിക് തുടങ്ങി ചില വാക്കുകൾ കല്ലുകളായി. മുത്തുപ്പത്തനം പത്തനാപുരം പോലെ തന്നെയാണെങ്കിലും മുത്തുപ്പട്ടണമായിരുന്നെങ്കിൽ എന്നും തോന്നി.
ദർശനങ്ങളുടെ ഭാരം ബാധ്യതയാക്കാതെ, വായനയുടെ സുഖം നിലനിർത്തുക എന്നതാണ് പ്രണയത്തിന്റെ മൂന്നാം കണ്ണിലൂടെ മോഹൻകുമാർ പരിശ്രമിച്ചിരിക്കുന്നത്. അതൊരു ചെറിയ ഭാരമല്ല. അതിലൂടെ പകർന്നു നൽകുന്ന ബുദ്ധവെളിച്ചവും ചെറുതല്ല. ആത്മാവും പരമാത്മാവും രണ്ടല്ലെന്നും പ്രണയവും രതിയും രണ്ടല്ലെന്നും, പ്രകൃതിയും ജീവനും രണ്ടല്ലെന്നും ധ്യാനവും യോഗവും രണ്ടല്ലെന്നും, കർമവും ധർമവും രണ്ടല്ലെന്നുമുള്ള അദൈ്വതദർശനം. മരണം മാത്രമാണ് സത്യമെന്നും മരണം മാത്രമാണ് ചലനമെന്നുമുള്ള തിരിച്ചറിവ്. അതാണ് ഈ നോവൽ വായനക്കാരനു നൽകുന്ന ഉൾക്കാഴ്ച. പൂവിന്റെ കാമ്പ് ബുദ്ധനാവുന്ന അവസ്ഥയാണ് നോവൽ കാണിച്ചുതരുന്ന ദർശനം. ഒരു കൃതി വായിച്ചിട്ടും അതിലെ ആശയങ്ങളും കഥാപാത്രങ്ങളും ദർശനവും കൂടെപ്പോരുന്നുണ്ടെങ്കിൽ അതാണു വായനയെ സാർത്ഥകമാക്കുന്നത്. അങ്ങനെ അർത്ഥവത്തായ ചില ആത്മീയ മുദ്രകൾ ഹൃദയത്തിലുപേക്ഷിക്കുന്നുണ്ട് പ്രണയത്തിന്റെ മൂന്നാം കണ്ണ്. അതുകൊണ്ടാണ് എന്നെ സംബന്ധിച്ചിടത്തോളം, മോഹൻകുമാറിന്റെ ഏറ്റവും മികച്ച കൃതിയായി ഇതു മാറുന്നത്, മികച്ച മലയാളനോവലുകളിൽ ഒന്നും.

No comments: