നിന്നുപോയ കാറിന്റെ ഡ്രൈവര്‍ക്ക് ചൂലുകൊണ്ട് അടി
സ്വന്തം ലേഖകന്‍
(Malayala Manorama Dt 12/09/2010)
തിരുവനന്തപുരം: തിരക്കേറിയ കവലയില്‍ കാര്‍ നിന്നുപോയി ഗതാഗതക്കുരുക്കുണ്ടായതിനെ തുടര്‍ന്ന് ഒരു വിഭാഗം ചെറുപ്പക്കാര്‍ പ്രായംചെന്ന ഡ്രൈവറെ കാറിനകത്തിട്ടു ചൂല് കൊണ്ടു തല്ലിയശേഷം പുറത്തേക്കു വലിച്ചിഴച്ചു സൈക്കിള്‍ ട്യൂബ് കൊണ്ടു കെട്ടിയിട്ടു.
കാലടി തളിയല്‍ വാറുകുഴിയില്‍വിളാകം പുത്തന്‍വീട്ടില്‍ കൃഷ്ണന്‍കുട്ടി (51)ക്കു ജഗതി ജംക്ഷനില്‍ ഉണ്ടായ അനുഭവം ഏതാണ്ടു ബിഹാര്‍ മോഡലില്‍ ഉള്ളതായിരുന്നു. ജംക്ഷനിലെ ചുവന്ന സിഗ്നല്‍ കാണാതെ കൃഷ്ണന്‍കുട്ടി അംബാസഡര്‍ കാര്‍ മുന്നോട്ടെടുത്തതാണു തുടക്കം. ഹോംഗാര്‍ഡ് വണ്ടി കൈകാണിച്ചു നിര്‍ത്തി. കാര്‍ നിന്നുപോയതിനെത്തുടര്‍ന്നു ഗതാഗതക്കുരുക്കുമുണ്ടായി.
ഇതിനു പിന്നാലെയായിരുന്നു ചെറുപ്പക്കാരുടെ
ഇടപെടല്‍. കൃഷ്ണന്‍കുട്ടിയെ അസഭ്യം കൊണ്ടു നേരിട്ടു. അസഭ്യം തന്നെ തിരിച്ചും കേട്ടു. ഇതിനു പിന്നാലെ ഡോര്‍ തുറന്ന ചെറുപ്പക്കാരന്‍ ഉള്ളിലേക്കു കയറി ചൂല് കൊണ്ടു പൊതിരെ തല്ലാന്‍ തുടങ്ങി. ഓരോ അടിയും ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരാള്‍ കാറില്‍ നിന്നു കൃഷ്ണന്‍കുട്ടിയെ പുറത്തേക്കു വലിച്ചിഴച്ചു.
നിലത്തു വീണ കൃഷ്ണന്‍കുട്ടിയുടെ കഴുത്തില്‍ സൈക്കിള്‍ ട്യൂബ് വരിഞ്ഞുമുറുക്കി, പിന്നിലേക്കെടുത്തു കൈകള്‍ കെട്ടിയിട്ടു. പിന്നെ ചുറ്റും നിന്നു മര്‍ദനമായിരുന്നു. മാന്യമായി വേഷം ധരിച്ചവര്‍ പോലും കൃഷ്ണന്‍കുട്ടിയെ കൊത്തിപ്പറിക്കാന്‍ മുന്നിട്ടുവന്നു. മര്‍ദനമുറകള്‍ കഴിഞ്ഞതോടെ സമനില തെറ്റിയ പോലെയായി കൃഷ്ണന്‍കുട്ടി. ഇതിനിടെ മ്യൂസിയം പൊലീസ് എത്തി കൃഷ്ണന്‍കുട്ടിയെ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. ചെറുപ്പക്കാരില്‍ ഒരാളെ സ്‌ക്രൂഡ്രൈവര്‍ കൊണ്ടു കുത്തിയതിനെത്തുടര്‍ന്നാണു നാട്ടുകാര്‍ പ്രകോപിതരായതെന്നു പൊലീസ് പറയുന്നു. സ്‌ക്രൂ ഡ്രൈവര്‍ എടുത്ത് ഒരാളെ കുത്തിയതായി കൃഷ്ണന്‍കുട്ടി സമ്മതിക്കുന്നുമുണ്ട്.
കൃഷ്ണന്‍കുട്ടി മദ്യപിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. കാറിലെ യാത്രക്കാരെ വിട്ടു വരുന്നവഴി താന്‍ മദ്യപിച്ചതായി കൃഷ്ണന്‍കുട്ടി സമ്മതിച്ചു. ഇയാളെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. കൃഷ്ണന്‍കുട്ടിയുടെ മൊഴി പ്രകാരം കണ്ടാലറിയുന്ന ആറുപേര്‍ക്കെതിരെ കേസെടുത്തു. മദ്യപിച്ചു വാഹനം ഓടിച്ചതിനു കൃഷ്ണന്‍കുട്ടിക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.
Please click the link and read the Manorama Report and then read this update..
കൃഷ്ണന്‍കുട്ടി.എന്റെ മകളെ ഒന്നാം കഌസ് മുതല്‍ സ്‌കൂളില്‍ കൊണ്ടുവിടുകയും വിളിച്ചുകൊണ്ടുവരികയും ചെയ്യുന്ന ഡ്രൈവര്‍. അവളെപ്പോലെ അനേകം കുട്ടികളുടെ സാരഥി അങ്കിള്‍. കടുത്ത ഹൃദ്രോഗി. ഉറുമ്പിനെപ്പോലും നോവിക്കാത്ത സ്വഭാവക്കാരന്‍. അദ്ദേഹത്തിനു നേരിട്ട കയ്യേറ്റത്തിന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനല്ലേ മറുപടിപറയേണ്ടത്. വിഷക്കള്ളു ദുരന്തം, മന്ത്രിസഭയുടെ കാലാവധികഴിയാന്‍ പോവുന്ന നേരത്ത് പ്രതിപക്ഷം അടക്കം ഉണ്ടാക്കിത്തീര്‍ക്കുന്ന ഗൂഡാലോചനയാണെന്ന നിലയ്ക്ക് ആരോപണമുന്നയിക്കുന്ന ഭരണകക്ഷിക്ക് ഈ സദാചാര പോലീസിംഗിനെപ്പറ്റി എന്തുണ്ട് പറയാന്‍. സിഗ്നല്‍ വീഴുമ്പോള്‍ വാഹനം നിന്നു പോവുക പതിവുള്ള ഡ്രൈവറാണ് ഞാന്‍. ചിലപ്പോഴെങ്കിലും മുന്നില്‍പ്പോവുന്ന വാഹനം മാത്രം ശ്രദ്ധിച്ചോടിക്കവേ സിഗ്നല്‍ മാറിയതു കാണാതെ മുന്നോട്ടെടുത്തിട്ടുമുണ്ട്. ഈ തെറ്റേ കൃഷ്ണന്‍കുട്ടിക്കും പറ്റിയിട്ടുള്ളൂ. അല്ലാതെ അദ്ദേഹം തടിയന്റവിടെയോ തച്ചങ്കേരിയിലോ കുടുംബബന്ധമുള്ളയാളല്ലേ. എന്നിട്ടും ഈ പീഡനമോ? അല്ലെങ്കിലും ഒരു ചോദ്യപ്പേപ്പറിന്റെ പേരില്‍ കൈ നഷ്ടപ്പെട്ട അധ്യാപകന്‍ ജീവിച്ചിരിക്കുന്ന കേരളത്തില്‍ ഇതും ഇതിലപ്പുറവും ഉണ്ടാവും. ഇനി കാറോടിക്കുന്നതും നിര്‍ത്തിയാലോ എന്നാണാലോചന. ദൈവമേ, നിന്റെ സ്വന്തം നാട്ടിലെ ഈ മനുഷ്യാവകാശകൈയേറ്റങ്ങള്‍ നീ കാണുന്നില്ലെന്നോ? ധര്‍മ്മസംസ്ഥാപനാര്‍ഥം സംഭവിക്കാന്‍ ഇനി അവതാരങ്ങളേ ഇല്ലെന്നോ കൃഷ്ണ കൃഷ്ണ!
3 comments:
കാഴ്‌ചയില്‍ ക്രൂരനായാല്‍ കൂടുതല്‍ തല്ലുകിട്ടും. ജനക്കൂട്ടത്തിന്റെ മനഃശാസ്‌ത്രം കൂടി പഠിക്കണം ജീവിച്ചുപോകാന്‍.മദ്യപിച്ചലക്ഷ്യമായി വാഹനമോടിക്കുന്നവരെ തല്ലണമെന്നത് പൊതുവികാരമാണ്, കൂടാതെ വാ നിറയെ തെറിയും 'മാരാകായുധ'ങ്ങളും ! കൃഷ്ണന്‍കുട്ടിമാര്‍ അനേകം പേര്‍ തല്ലുകൊണ്ടിട്ടുണ്ട് ഇനി തല്ലുകൊള്ളാനുമുണ്ട്.ഒരു ക്യാമറയില്‍ പകര്‍ത്തിയത് കണ്ടുള്ള നയനസുഖത്തില്‍ ഇതിനുമുന്‍പും മലയാളി ഹര്‍ഷപുളകിതനായിട്ടുണ്ട്, പത്മതീര്‍ത്ഥക്കുളത്തിലെ മുങ്ങിമരണം ഓര്‍ക്കുമല്ലോ? പറ്റുമെങ്കില്‍ ഒരരുകുചേര്‍ന്ന് മെല്ലെ മെല്ലെ അങ്ങുപോകുക അത് മാത്രമാണ് ഈ തമ്പ്രാന്റെ നാട്ടിലെ ഏകരക്ഷ...
പക്ഷേ, അരികു ചേര്‍ന്നു പോകുന്നവനും പിഴ അപകടമാണ് സഹാനി. എന്റെ അനുഭവം തന്നെ പറയാം. അഞ്ചാഴ്ച മുമ്പ് കൊട്ടാരക്കരയ്ക്കടുത്ത് രാത്രി 9.30 ന് ഞാനും ഭാര്യയും മോളും (ഈ തമ്പ്രാന്റെ നാട്ടില്‍ അതു സ്വന്തം ഭാര്യയാണെന്നു തെളിയിക്കാന്‍ വിവാഹസര്‍ട്ടിഫിക്കറ്റും മറ്റേതു മകളാണെന്നു തെളിയിക്കാന്‍ ജനനസര്‍ട്ടിഫിക്കറ്റും കയ്യിലില്ലെങ്കില്‍ ചിലപ്പോള്‍ അബ്ദുള്ളക്കുട്ടിയുടെ അനുഭവമുണ്ടാകുമോ എന്നും സംശയമില്ലാതില്ല, അതിന് ഏതരികു ചേര്‍ന്നു പോകണമോ ആവോ?) യാത്ര ചെയ്ത എന്റെ പൊന്നുപോലെ സൂക്ഷിക്കുന്ന കാറില്‍ മദ്യപിച്ചു മദോന്മത്തനായി ഒരാളോടിച്ച ഇന്‍ഡിക്ക വന്നിടിച്ചുണ്ടായ അപകടത്തിന് ആരുത്തരം പറയും. ആ വാഹനം നിറയേ മദ്യ ഗഌസും, അപകടത്തെത്തുടര്‍ന്ന് പുറത്തിറങ്ങിയ അയാളുടെ ശരീരവും വസ്ത്രവും നിറയേ ശര്‍ദ്ദിലും. ഞങ്ങള്‍ക്കു മുന്നേ പോയ ഒരു ഡെലിവറി വാനിനിട്ടിടിച്ച് ആ വാനിനെ മറിച്ചിട്ട ശേഷമാണ് മദ്യപന്‍ ഞങ്ങളെ വന്നിടിച്ചു തകര്‍ത്തത്. എന്നിട്ടും മദ്യപിച്ചു വാഹനമോടിച്ചതിന്റെ പേരില്‍ ഒരാളും അയാളെ എടുത്തിട്ടു പെരുമാറിയില്ല. (നല്ലൊരു പെരുമാറ്റം അയാള്‍ യഥാര്‍ഥത്തില്‍ അര്‍ഹിച്ചിട്ടുകൂടിയും.) എന്നിട്ടോ, തന്റെ ഡ്രൈവര്‍ ഒരിക്കലും മദ്യപിക്കില്ല എന്ന വാദവുമായി സ്റ്റേഷനിലെത്തി അയാളെ മോചിപ്പിക്കാനാണ് വണ്ടിയുടമസ്ഥന്‍ എന്നവകാശപ്പെട്ട ഒരു ലോക്കല്‍ പാതിരിയച്ചന്‍ ശ്രമിച്ചു കണ്ടത്. എന്തൊരു ധാര്‍മികത. അറിഞ്ഞുകൊണ്ട് ഒരു കുറ്റവും ചെയ്യാത്ത ചോദ്യപ്പേപ്പര്‍ അധ്യാപകനെ പിരിച്ചുവിട്ടതു ന്യായീകരിച്ചുകൊണ്ട് ഒരു വശത്ത് നില്‍ക്കുന്ന അതേ സഭ, മദ്യപനെ നിരപരാധിയാക്കാന്‍ പൊലീസ് സ്റ്റേഷന്‍ വരാന്തയില്‍. )
ഏതുലോകത്താ ജീവിക്കുന്നതു..........ഇതു ഇന്ന് സര്‍വ്വ സാധാരണം. ഒന്നു തല്ലാന്‍ കിട്ടുന്ന അവസരം ആരും പാഴാക്കാറില്ല, അവിടെ പോലീസും വരില്ല.ജനാതിപത്യം
Post a Comment