Wednesday, September 08, 2010

റിയാലിറ്റിക്കു പിന്നിലെ റിയാലിറ്റി: ചില മനുഷ്യാവകാശ ചിന്തകള്‍


feature published in Varthamanam daily Annual-Onam special 2010
എ.ചന്ദ്രശേഖര്‍

Television programs that present real people in live, though often deliberately manufactured, situations and monitor their emotions and behavior.
ഇതാണ് റിയാലിറ്റി ടിവിക്ക് നിഘണ്ടു നല്‍കുന്ന വ്യാഖ്യാനം. അമേരിക്കയിലെ റിയാലിറ്റി ടിവി എന്ന പേരില്‍ത്തന്നെയുള്ള ടിവിചാനലും മറ്റും ഇത്തരത്തില്‍ യഥാര്‍ഥ മനുഷ്യജീവിതാവസ്ഥകളുടെ വൈവിദ്ധ്യമാര്‍ന്ന അവസ്ഥാവിശേഷങ്ങള്‍ അവതരിപ്പിക്കുന്നതാണ്. എന്നാല്‍ ടെലവിഷനിലെ റിയാലിറ്റി ഷോ എന്ന സംജ്ഞയെ, കേരളത്തിലെ ടെലിവിഷന്‍ പരിപാടികളുടെ നിര്‍മ്മാതാക്കളും പ്രേക്ഷകരും ഉദ്ദേശിക്കുന്ന അര്‍ഥത്തില്‍ വിവരിക്കാന്‍ ഈ വിവക്ഷ മതിയാവുമോ എന്നറിയില്ല. കാരണം അവ യഥാര്‍ഥത്തിലുള്ള റിയാലിറ്റി അല്ല, മറിച്ച റിയാലിറ്റി എന്ന കാപട്യമോ, വ്യാജറിയാലിറ്റിയോ ആവുന്നു എന്നതുതന്നെ.

റിയാലിറ്റി ഷോയ്ക്കു പിന്നിലെ മനഃശാസ്ത്രം
അയല്‍വീട്ടില്‍ എന്തുനടക്കുന്നുവെന്നും, അപ്പുറത്തെ സീറ്റിലെന്തുനടക്കുന്നുവെന്നും എത്തിനോക്കാനുള്ള വാസന മനുഷ്യരില്‍ ഉള്ളതുതന്നെയാണ്. മൃഗസഹജമായ നൈസര്‍ഗികമായ പ്രതിഭാസം മാത്രമാണത്. വിശപ്പും ദാഹവും രതിയും പോലെതന്നെയാണ് മനുഷ്യമനസ്സിന് ആകാംക്ഷയും. പ്രത്യേകിച്ച് നമ്മുടേതല്ലാത്ത എന്തിനോടും, നമുക്കറിയാത്ത എന്തുനോടുമുള്ള ആകാംക്ഷ. ഒളിഞ്ഞുനോട്ടത്തിന്റെ മനഃശാസ്ത്രവും ഇതുതന്നെയാണെന്ന് മനോരോഗഗവേഷകര്‍ സാക്ഷ്യപ്പെടുത്തും. വോയറിസം എന്നാണ് മനോചികിത്സകര്‍ ഈ സ്വഭാവത്തിനു നല്‍കിയിട്ടുള്ള പേര്. രതിയുടെ കാര്യത്തിലെന്നപോലെ, ശരീരത്തിലെ ചില ഹോര്‍മോണുകളുടെ വ്യതിയാനം കൊണ്ടാണ് ഒരു വ്യക്തി മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക് അവരെന്നല്ല, മറ്റൊരാളറിയാതെ കണ്ണു പായിക്കാന്‍ ശ്രമിക്കുന്നത്.
അപരനറിയാതെ അവന്റെ സ്വകാര്യതയിലേക്കുള്ള എത്തിനോട്ടത്തെയാണ് ഒളിഞ്ഞുനോട്ടം അഥവാ വോയറിസം എന്നു പറയുന്നത്. എല്ലാ മനുഷ്യരിലും ഏറിയും കുറഞ്ഞും ഒളിഞ്ഞുനോട്ട പ്രവണത കണ്ടുവരാറുണ്ട്. എന്നാല്‍ സംസ്‌കാരം എന്ന വസ്ത്രമിട്ട് നാമതിനെ മൂടിപ്പുതപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു മാത്രം. അനേകം ലൈംഗിക പങ്കാളികളെ സ്വീകരിക്കുന്ന മൃഗവാസനയില്‍ നിന്ന് ഏകപങ്കാളിയെന്ന വ്യവസ്ഥയിലൂടെ സംസ്‌കാരസമ്പന്നരായ മനുഷ്യര്‍ സമാനമായൊരു വ്യവസ്ഥ സ്ഥാപിക്കുകവഴിയാണ് ഒളിഞ്ഞുനോട്ടം പോലെയുളള ചില സ്വഭാവവൈകല്യങ്ങളെ വരുതിയില്‍ നിര്‍ത്തുന്നത്. സംസ്‌കാരത്തിന്റെ പേരിലാണെങ്കിലും അടിച്ചമര്‍ത്തപ്പെടുന്ന മൃദുലവികാരങ്ങള്‍ തരം കിട്ടുമ്പോള്‍ എല്ലാ നിയന്ത്രണങ്ങളെയും ഭേദിച്ച് പുറത്തേക്കു വരിക സ്വാഭാവികം മാത്രം. മനുഷ്യന്റെ ഉള്ളിന്റെയുള്ളിലെ ഒളിഞ്ഞുനോട്ടവാസനയും മറ്റു പല രീതിയിലും പുറത്തുവരുന്നത് അതുകൊണ്ടാണ്. നമ്മുടെ നാട്ടില്‍ ഒളിഞ്ഞുനോട്ടത്തിന്റെ ഇരകള്‍, കക്കൂസിലും കുളിമുറിയിലും സ്ഥാപിക്കപ്പെട്ട ഒളിക്യാമറകളിലും, മൊബൈല്‍ ക്യാമറകളിലും പകര്‍ത്തപ്പെടുന്ന സ്ത്രീകള്‍ മുതല്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലെ മത്സരാര്‍ഥികള്‍ വരെ നീളുന്നുവെന്നുമാത്രം.
പാശ്ചാത്യ സംസ്‌കാരത്തെ ഒട്ടൊരവജ്ഞയോടെ നോക്കിക്കാണുന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍, വിശേഷിച്ച് മലയാളികള്‍. എന്നാല്‍, കേരളത്തില്‍ ഒരു പെണ്ണിന് ഇന്നും സര്‍വസ്വാതന്ത്ര്യത്തോടെ പൂവലന്മാരുടെയും തൈക്കിളവന്മാരുടെയും ആക്രാന്തം നിറഞ്ഞ ഒളികണ്ണുകളെ ഒഴിവാക്കി പൊതുസ്ഥലത്തു സഞ്ചരിക്കാനാവില്ല. മറിച്ച് യൂറോപ്പിലോ അമേരിക്കയിലോ പാതയോരത്ത് ചുംബനത്തിലോ മൈഥുന്യത്തിലോ തന്നെ ഏര്‍പ്പെട്ടിരിക്കുന്ന കമിതാക്കളെ മറ്റു സഞ്ചാരികള്‍ തിരിഞ്ഞുപോലും നോക്കില്ല. കാരണം, പൊതുവിടത്താണെങ്കിലും അത് അവരുടെ സ്വകാര്യതയാണെന്ന തിരിച്ചറിവും, അതില്‍ അരുതാത്തതോ, തങ്ങള്‍ക്ക് അപ്രാപ്യമായതോ ആയ യാതൊന്നും ഇല്ലെന്നുമുള്ള മനസ്സിലാക്കലുമാണ് അവിടത്തുകാരെ ഇങ്ങനെ പെരുമാറാന്‍ കെല്‍പ്പുള്ളവരാക്കുന്നത്. കേരളത്തിലാവട്ടെ, പ്രായപൂര്‍ത്തിയായ ഒരു പുരുഷനും സ്ത്രീക്കും ഇന്നും സ്വതന്ത്രരായി, താലിമാംഗല്യത്തിന്റെ വ്യവസ്ഥക്കെട്ടുകൂടാതെ ഒന്നിച്ചു സഞ്ചരിക്കാനോ രാപാര്‍ക്കാനോ സാധിക്കുന്ന അവസ്ഥയില്ല. അവരെ സാംസ്‌കാരിക പൊലീസു പണി സ്വയമേറ്റെടുക്കുന്ന രാഷ്ട്രീയ സാമൂഹികസംഘടനകള്‍ കല്ലെറിയും, കൂവിത്തോല്‍പ്പിക്കും, മാധ്യമവിചാരണയ്ക്കു വിട്ടുകൊടുക്കുകയും ചെയ്യും. പക്ഷേ ഓര്‍ക്കുക- ഇതൊക്കെയും ചാനല്‍ മാധ്യമങ്ങളുടെ വരവിനുശേഷമുണ്ടായ സാംസ്‌കാരിക സവിശേഷതകളാണ്. ഇവിടെ, സ്വകാര്യത അനാവൃതമാവുന്നത് ക്യാമറാക്കണ്ണുകള്‍ക്കുമുന്നിലാണ്. പണ്ട് പത്രലേഖകരുടെ പപ്പരാസിക്കണ്ണുകള്‍ക്കു മുന്നില്‍ മാത്രം അനാവരണം ചെയ്യപ്പെട്ടിരുന്ന പ്രശസ്തരുടെ സ്വകാര്യതകള്‍ പോലും ഇന്ന് ഒളിക്യാമറയുടെ കാഴ്ചവിഭവമാവുന്നു. ഒരുതരം പരസ്യമായതും കൂട്ടംകൂടിയുമുള്ള ഒളിഞ്ഞുനോട്ടമല്ലെങ്കില്‍ പിന്നെ ഇതെന്താണ്?
അന്യന്റെ രതി കണ്ട് നിര്‍വൃതി നേടുന്നതിനു പിന്നിലെ മനഃശാസ്ത്രമാണ് നീലച്ചിത്രങ്ങളുടെ ആഗോളവ്യാപനത്തിനു പിന്നിലെങ്കില്‍, ഈ മനഃശാസ്ത്രം തന്നെയാണ്, ഷക്കീലസിനിമകളെ കേരളത്തില്‍ വന്‍ വിജയങ്ങളാക്കിത്തീര്‍ത്തതും. ഒരു തലമുറയുടെ മാത്രം ദര്‍ശനപ്രതിസന്ധിയായോ, സംവേദനശൈഥില്യമായോ ഈ പ്രതിഭാസത്തെ ചെറുതാക്കിക്കാണുന്നതില്‍ കഴമ്പില്ല. കാരണം, ദൃശ്യമാധ്യമമുണ്ടായ കാലം മുതല്‍ക്കുതന്നെ മനുഷ്യന്റെ തീര്‍ത്തും സ്വകാര്യ ഇടമായ കിടപ്പറയിലും കുളിമുറിയിലും എത്തിനോക്കുന്ന പ്രവണതയും ചലച്ചിത്രകാരന്മാര്‍ തുടങ്ങിവച്ചിരുന്നു. എഴുതിവച്ച വാക്കുകളിലെ വാച്യാര്‍ഥം വായനക്കാരന്റെ മനസ്സില്‍ മൂര്‍ത്തീകരിക്കപ്പെടുന്നതില്‍ നിന്നു വ്യത്യസ്തമാണിത്. കാരണം ചലച്ചിത്രത്തില്‍ ഒന്നും അമൂര്‍ത്തമല്ല. കാഴ്ച എല്ലാം യഥാര്‍ഥ പ്രതീതിയോടെ കാണിക്കുകതന്നെയാണ്. അപ്പോള്‍ കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതായാല്‍പ്പോലും പ്രേക്ഷകന്‍ കാണുന്നത്, നടനും നടിയുമെന്ന രണ്ട് അന്യരുടെ സ്വകാര്യനിമിഷങ്ങളാണ്. സ്വയം ചെയ്യുന്നതല്ലെങ്കിലും അതില്‍ തങ്ങള്‍ക്കുവേണ്ടി, ഛായാഗ്രാഹകനും സംവിധായകനും ഏറ്റെടുക്കുന്ന ഒളിഞ്ഞുനോട്ടക്കാരുടെ ധര്‍മ്മത്തോട് കാണികള്‍ സ്വയം ഉള്‍ച്ചേരുകയാണ്. അവര്‍ നേരിട്ടതു കാണുന്നുവെന്ന രീതിയിലേക്ക് പ്രേക്ഷകര്‍ അതിനോട് സാത്മ്യം പ്രാപിക്കുകയാണ്. പദ്മതീര്‍ഥക്കുളത്തില്‍ മനോരോഗി കാവല്‍ക്കാരനെ നിഷഠുരം മുക്കിക്കൊല്ലുന്നത് ലൈവ് ആയി കാണാനിരുന്ന പ്രേക്ഷകന്റെ മനഃശാസ്ത്രവും മറ്റൊന്നല്ല.
ടെലിവിഷനിലേക്കു വരുമ്പോള്‍ വ്യക്തിയുടെ സ്വകാര്യതയ്ക്കുനേരെയുള്ള കടന്നാക്രമണം ചലച്ചിത്രത്തേ അപേക്ഷിച്ച് വളരെ കൂടുന്നുവെന്നു കാണാം. ഒളിക്യാമറാ ഓപ്പറേഷന്‍ മുതല്‍ റിയാലിറ്റി ഷോ വരെ പരന്നു കിടക്കുന്നതാണ്് ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിന്റെ ഈ ദൃശ്യവല. അതില്‍ ഒളിക്യാമറാ മാധ്യമപ്രവര്‍ത്തനം സാമൂഹിക നന്മയ്ക്ക് എന്ന പേരില്‍ ഇരയുടെ സമ്മതമില്ലാതെ, പലപ്പോഴും ഇര അറിയുകപോലുമില്ലാതെ വ്യക്തമായ പൂര്‍വാസൂത്രണത്തോടെ കാഴ്ചക്കാര്‍ക്കുമുന്നിലെത്തപ്പെടുന്ന ദൃശ്യങ്ങളിലാണ് അവസാനിക്കുക. ഇവിടെ, ഇര കേവലമൊരു സബ്ജക്ട് മാത്രമാവുന്നു. അയാള്‍ക്കു പറയാനുള്ളതെന്തെന്നതിന് ഈ ദൃശ്യാക്രമണത്തില്‍ പ്രസക്തിയേ ഇല്ലാതാവുന്നു. ഒളിഞ്ഞിരുന്നു കാണുന്ന നാം പ്രേക്ഷകര്‍ക്ക് ഏകപക്ഷീയമായ മനഃസുഖം കൈവരുന്നു. ഇരയുടെ തൊലിയുരിക്കാന്‍ നമുക്കുമായല്ലോ എന്ന ആത്മനിര്‍വൃതിയാണ് പ്രേക്ഷകന്റെ ബോധത്തെ അപ്പോള്‍ ഭരിക്കുന്നത്.
ഇരയുടെ/ഇരകളുടെ അനുമതിയോടെ, അല്ലെങ്കില്‍ നിബന്ധനകളുടെ പേരില്‍ നിര്‍ബന്ധിതമായി പിടിച്ചുവാങ്ങുന്ന അനുമതിയുടെ പേരില്‍ തൊലിയുരിച്ചു കാണിക്കുന്ന പ്രവണതയാണ് റിയാലിറ്റി ഷോയില്‍ പ്രകടമാവുന്നത്. വ്യക്തമായി എഴുതിത്തയാറാക്കിയ, അല്ലെങ്കില്‍ മുന്‍ധാരണയോടെ വിഭാവനചെയ്യപ്പെട്ട തിരക്കഥയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് റിയാലിറ്റി ഷോകളിലെ‘റിയാലിറ്റി ക്യാമറയ്ക്കു മുന്നില്‍ അരങ്ങേറുന്നത്. റിയാലിറ്റി ഷോ, റാഗിംഗിന് സമാനമാകുന്നുവെന്ന വിമര്‍ശനത്തിന് കല്‍ക്കട്ടയില്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് സംസാര/ശരീര ശേഷി തളര്‍ന്നു കുഴഞ്ഞുവീണ മത്സരാര്‍ഥിയുടെ കേസുമുതല്‍ക്കേ ആയുസ്സുള്ളതാണ്. എന്നാല്‍, റാഗിംഗിനുപരി ഒളിഞ്ഞുനോട്ടത്തിന്റെ ആത്മരതിക്കു കൂടി മത്സരാര്‍ഥികള്‍ ഇരകളാവുന്നുവെന്നുള്ളതാണ് വാസ്തവം.
ബിഗ് ബ്രദര്‍ ഷോ എന്ന പേരില്‍ വിവാദങ്ങളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച ടെലിവിഷന്‍ ഒളിക്യാമറാ ഷോയിലാവട്ടെ പങ്കെടുക്കുന്നവരുടെ സ്വകാര്യനിമിഷങ്ങളിലേക്കു വരെ ക്യാമറി തിരിച്ചുവച്ചുകൊണ്ട് റിയാലിറ്റിക്ക് നീലമയം തന്നെ സമ്മാനിച്ചുവെന്നോര്‍ക്കുക. ഇതിലെ ചൂടന്‍ നീലദൃശ്യങ്ങള്‍ യു.ട്യൂബിലൂടെയും എം.എം.എസിലൂടെയും ലോകം മുഴുവന്‍ പ്രചരിക്കുമ്പോള്‍ മത്സരാര്‍ഥികള്‍ അവരറിയാതെ തന്നെ ഇരകളാക്കപ്പെടുകയാണ്.

ലംഘിക്കപ്പെടുന്ന മനുഷ്യാവകാശം
വാര്‍ത്തയായാല്‍പ്പോലും വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കുന്ന ചിത്രീകരണം മനുഷ്യാവകാശലംഘനമാണ്. അതുകൊണ്ടാണ് പീഡനക്കേസുകളുടെ റിപ്പോര്‍ട്ടിംഗില്‍ ഇരകളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന പരാമര്‍ശങ്ങളൊഴിവാക്കണം എന്ന് പ്രസ് കൗണ്‍സില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. തീവ്രവാദക്കേസുകളില്‍ പോലും വിചാരണ നേരിടുന്നവരുടെ മുഖം മറയ്ക്കാന്‍ അധികൃതര്‍ അമിതതാല്‍പര്യം കാണിക്കുന്നതിനേപ്പോലും, അവര്‍ നിയമത്തിന്റെ മുന്നില്‍ കേവലം കുറ്റാരോപിതര്‍മാത്രമാണെന്നും കുറ്റവാളികളായിക്കഴിഞ്ഞിട്ടില്ലെന്നുമുള്ള യുക്തിയനുസരിച്ചാണ് ന്യായീകരിക്കപ്പെടുന്നത്. ചുരുക്കത്തില്‍, ഒരാളുടെ സ്വകാര്യത എല്ലാ അര്‍ഥത്തിലും സംരക്ഷിക്കപ്പെടുന്നതിന് നമ്മുടെ നീതി ന്യായവ്യവസ്ഥിതി വളരെ പ്രാധാന്യം കല്‍പിക്കുന്നുണ്ട്.
ഏതൊരു കേസിന്റെയും വിചാരണ നടക്കുന്നത്, സാധാരണ തുറന്ന കോടതികളില്‍ പരസ്യമായാണ്. എന്നാല്‍, പരസ്യമായി എന്നു വിവക്ഷിക്കുമ്പോഴും, ഒരു സാധാരണ സിവില്‍ അല്ലെങ്കില്‍ ക്രിമിനല്‍ വ്യവഹാരത്തിന്റെ വിചാരണ നടക്കുക ജില്ല മുതല്‍ സുപ്രീം കോടതി വരെയുള്ള തലങ്ങളില്‍ ഏതെങ്കിലും ഒരു കോടതിമുറിയുടെ നാലു ചുവരുകള്‍ക്കുള്ളിലായിരിക്കും. അമേരിക്ക പോലുള്ള ജനാധിപത്യരാഷ്ട്രങ്ങളിലാകട്ടെ വിചാരണ അതീവ രഹസ്യവുമായിരിക്കും. ഇന്ത്യന്‍ സാഹചര്യത്തിലെ വിചാരണ, സാങ്കേതികമായി പരസ്യമായിട്ടാണെങ്കിലും നാലുചുവരുകള്‍ക്കുള്‍ക്കൊള്ളാന്‍ ആവുന്നത്ര ആളുകള്‍ക്കു മുന്നില്‍ മാത്രമാണ് ഇതു നടക്കുന്നത് എന്നോര്‍ക്കണം. കേസുമായി ബന്ധപ്പെട്ടവരും, കക്ഷികളും, മാധ്യമപ്രവര്‍ത്തകരും, നിയമപാലകരും, നീതിന്യായ ഉദ്യോഗസ്ഥരും പോയാല്‍, കേരളത്തില്‍ ഏതു കൊടികെട്ടിയ കേസിന്റെ വിചാരണയും കോടതിമുറിയില്‍ അനുശാസിക്കുന്ന മര്യാദയോടെ നേരിട്ടു കാണാനും കേള്‍ക്കാനും സാധിക്കുക വിരളിലെണ്ണാവുന്നവര്‍ക്കുമാത്രമായിരിക്കുമെന്നോര്‍ക്കുക. എന്നാല്‍ ടെലിവിഷന്‍ റിയാലിറ്റി ഷോ എന്ന പേരില്‍ നടക്കുന്ന പരസ്യ വിഴുപ്പലക്കുകള്‍ അനേകലക്ഷംപേരിലേക്ക്, ലക്ഷോപലക്ഷം പ്രേക്ഷകര്‍ക്കു മുന്നിലേക്ക് തല്‍സമയം പ്രദര്‍ശിപ്പിക്കപ്പെടുകയാണ്.
നമ്മുടെ കോടതികളില്‍ത്തന്നെ മാധ്യമപ്രവര്‍ത്തകരെ അനുവദിക്കാറുണ്ടെങ്കിലും ക്യാമറകള്‍ക്കു പ്രവേശനം നിഷേധമാണ്. അമേരിക്കയിലും ഇംഗഌണ്ടിലുമെല്ലാം വിചാരണ തല്‍സമയം വീക്ഷിക്കുന്ന ചിത്രകാരന്മാര്‍ അവ ചിത്രങ്ങളില്‍ പകര്‍ത്തിയതു മാത്രമാണ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു കണ്ടിട്ടുള്ളത്. കോടതിമുറിയിലെ മര്യാദ എന്നതിലുപരി മനുഷ്യാവകാശപ്രശ്‌നമെന്ന നിലയില്‍ത്തന്നെ വിചാരണയെ പാവനമായൊരു രഹസ്യമാക്കി നിലനിര്‍ത്താനുള്ള നീതിദേവതയുടെ ശാഠ്യം ഈ വിലക്കുകളില്‍ പ്രകടമാണ്.
എന്തിന്, നമ്മുടെ കുടുംബക്കോടതികളുടെ കാര്യം തന്നെയെടുക്കാം. കുടുംബക്കോടതികളില്‍ തലപോകുന്ന കേസുകളൊന്നുമല്ല കൈകാര്യം ചെയ്യുന്നത്. ഏഷ്യയില്‍ ഏറ്റവുമധികം വിവാഹമോചനക്കേസുകള്‍ കൈകാര്യം ചെയ്യുന്ന കേരളത്തിലെ കുടുംബക്കോടതികളിലെ വിചാരണകളില്‍ പുറത്തുനിന്ന് ഒരാള്‍ക്കും നിരീക്ഷകനാവാനാവില്ല. എന്തുകൊണ്ട്? കാരണം, അവിടെ നടക്കുന്നത് രണ്ടു വ്യക്തികള്‍ തമ്മിലുള്ള, ചിലപ്പോള്‍ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള, തീര്‍ത്തും സ്വകാര്യവും വ്യക്തിപരവുമായ അഭിപ്രായവ്യത്യാസങ്ങളുടെ, പരസ്പരാരോപണങ്ങളുടെ വാദപ്രതിവാദങ്ങളാണ്. അതില്‍ മൂന്നാമതൊരു അന്യന് കാര്യമൊന്നുമില്ല. പരസ്പരം പിരിയാന്‍ തീരുമാനിച്ചെത്തുന്നവര്‍ ഒടുവില്‍ ഏതു കുടുംബക്കോടതി വിചാരിച്ചാലും ഒന്നിക്കാതെ പിരിയുക തന്നെ ചെയ്യും. കേരളത്തിലെ കുടുംബക്കോടതികള്‍ക്കും ഇതില്‍ക്കൂടുതലൊന്നും ചെയ്യാനുമാവില്ല, ആയിട്ടുമില്ല. എങ്കില്‍പ്പിന്നെ, പരസ്പരം പിരിയാന്‍ തീരുമാനിച്ച ദമ്പതികളുടെ കേസു വിചാരണ മൂന്നാമതൊരാള്‍ കണ്ടെന്നുവച്ച് എന്താണ് എന്നു ചോദിക്കുന്നതിലെ യുക്തിയാണ് കഥയല്ലിതു ജീവിതം പോലൊരു റിയാലിറ്റി ഷോയുടെ പിന്നിലെ യുകതിയും.
പാട്ടുപാടാന്‍ വരുന്നവര്‍, ഭാവിയിലെ ഗായകരാവാന്‍ മത്സരിക്കുന്നവര്‍, അതിന് സമ്മാനമായി വന്‍ തുകകള്‍ക്കുളള പാര്‍പ്പിടങ്ങള്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്നവര്‍, അവരുടെ പ്രകടനത്തിന്റെ പേരില്‍ (ശ്രദ്ധിക്കുക, പാട്ടു മത്സരത്തില്‍ പോലും പാട്ടിനല്ല, പെര്‍ഫോര്‍മന്‍സിനാണ്, പ്രകടനപരതയ്ക്കാണ് ടെലിവിഷന്‍ ഷോകള്‍ പ്രാമുഖ്യം കല്‍പ്പിക്കുന്നത്) അതതു രംഗത്തെ ലബ്ധപ്രതിഷ്ഠരായ വിദഗ്ധരുടെ വെട്ടിത്തുറന്നുള്ള അഭിപ്രായപ്രകടനങ്ങള്‍ക്ക് വിധേയരാവുന്നതില്‍ എന്താണു ചേതം? എന്ന ചോദ്യം പോലെ ലഘുവല്ല കഥയല്ലിതു ജീവിതം പോലൊരു ഷോയിലേത്. സ്റ്റാര്‍/സൂപ്പര്‍ സിംഗര്‍ മത്സരങ്ങളില്‍ പോലും വിധികര്‍ത്താക്കളുടെ പരസ്യവിമര്‍ശനം ഒരര്‍ഥത്തില്‍ മത്സരാര്‍ഥിയെ ഇരയാക്കുകയാണ്. തീര്‍ത്തും സൗമ്യമായി അഭിപ്രായം പറയുന്ന കെ. എസ്.ചിത്രയും രൂക്ഷമായി ഇരയെ വാരിവിടുന്ന ശരത്തും എം.ജി ശ്രീകുമാറും ഫലത്തില്‍ ഒരേ ചോരതന്നെയാണു പങ്കിടുന്നത്. സ്‌കൂള്‍-സര്‍വകലാശാല യുവജനോത്സവങ്ങളിലേതില്‍ നിന്നു വിഭിന്നമായൊരു പശ്ചാത്തലമാണിവിടെ. കലോല്‍സവങ്ങളില്‍ വിധികര്‍ത്താക്കള്‍ മാര്‍ക്കില്‍ക്കൂടി മാത്രമാണ് മത്സരാര്‍ഥിയെ നിര്‍ണയിക്കുന്നത്. ടെലിവിഷനിലാവട്ടെ, അവരെ അടിമുടി വിമര്‍ശിക്കുകയും കൂടി ചെയ്യുന്നു. ഇത് പരസ്യവിചാരണയ്ക്കു തുല്യമാണുതാനും. ഇവിടെ രണ്ടു തലത്തില്‍ മത്സരാര്‍ഥി ആക്രമിക്കപ്പെടുന്നു. ഒന്നാമതായി, അവന്റെ/അവളുടെ ആത്മവിശ്വാസം തകിടം മറിച്ചുകൊണ്ട് അവരുടെ പ്രകടനം തലനാരിഴ കീറി വിശകലനം ചെയ്യപ്പെടുന്നു, തുടര്‍ന്ന് മാര്‍ക്കിലൂടെയും തരംതിരിക്കപ്പെടുന്നു. രണ്ടാമതായി അവന്റെ/അവളുടെ ആത്മാഭിമാനം പരിഗണിക്കാതെ അവരെക്കൊണ്ട് പ്രേക്ഷകരോട് വോട്ടുയാചിപ്പിക്കുന്നു. ഇതിനൊക്കെപ്പുറമെയാണ്, പാടാന്‍ വരുന്നവനെക്കൊണ്ട് നാടകമാടിക്കുന്നതും നൃത്തമവതരിപ്പിക്കുന്നതും. പാടാനറിയാവുന്നവര്‍ക്കെല്ലാം അഭിനയം വശമാകണമെന്നില്ലല്ലോ? സാക്ഷാല്‍ ഗാനഗന്ധര്‍വന്‍ പോലും രണ്ടോ മൂന്നോ സിനിമ കൊണ്ട് അവസാനിപ്പിച്ചതാണ് അഭിനയം എന്നുമോര്‍ക്കുക.
ഇന്ത്യയില്‍ തന്നെ നമ്മുടെ ഭാഷവിട്ടു ഹിന്ദിയടക്കമുളള പല ഭാഷാചാനലുകളിലും അരങ്ങേറുന്ന ഇത്തരം റിയാലിറ്റികളുടെ ഇന്ത്യന്‍ ഐഡല്‍ അടക്കമുള്ള ഒറിജിനലുകളില്‍, പാട്ടുകാരുടെ ആലാപനത്തിനും പാടുന്ന വിധത്തിനും മാത്രമാണ് വിധികര്‍ത്താക്കള്‍ പ്രാധാന്യം നല്‍കുന്നതെന്നോര്‍ക്കുക. മത്സരാര്‍ഥിയുടെ ആത്മാഭിമാനം വൃണപ്പെടാത്തവിധം, അവനെ/അവളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കുന്നതിലും അവര്‍ അനായാസവിജയം നേടുന്നു. കോടികളുടെ സമ്മാനത്തിളക്കമല്ല അവിടെ വിജയികളേ കാത്തിരിക്കുന്നത് എന്നതും ശ്രദ്ധേയം. സമ്മാനത്തിന്റെ മൂല്യത്തില്‍ അധിഷ്ഠിതമായ ഒരു മത്സരം അവിടെ അരങ്ങേറുന്നില്ല. മറിച്ച് സര്‍ഗാത്മകമായ കഴിവിന്റെ ഉരകല്ലാവുകയാണ് അവിടെ റിയാലിറ്റി മത്സരങ്ങള്‍. അതുകൊണ്ടുതന്നെയാണ് അഭിജിത് സാവന്തിനെയും ശ്രേയ ഘോഷാലിനെയും പോലുള്ള ഗായകര്തനങ്ങള്‍ അത്തരം മത്സരങ്ങളില്‍ നിന്ന് പിന്നണിരംഗത്തെ മുന്‍നിരക്കാരായി വളരുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ, കേരളത്തില്‍ അരങ്ങേറിയ സമാന റിയാലിറ്റികളില്‍ നിന്ന് യഥാര്‍ഥത്തില്‍ ഉയര്‍ന്നുവന്ന സംസ്ഥാന ശ്രദ്ധ നേടിയ എത്ര ഗായകരുണ്ടാവുമിവിടെ? ഗാനമേളകളിലൂടെ കാലക്ഷേപംനടത്തുന്നവരുടെ കഥ സംപ്രേഷണം ചെയ്ത്, തങ്ങളുയര്‍ത്തിയ ഗായകര്‍ ഇവിടെയുണ്ട് എന്ന് സ്വയം തെളിക്കേണ്ട ഗതികേടിലാണ് നമ്മുടെ ചാനലുകള്‍.
ജൂനിയര്‍ സ്റ്റാഴ്‌സിനെ കണ്ടെത്താനുള്ള കുട്ടികളുടെ മത്സരങ്ങളിലാവട്ടെ, ആത്മാഭിമാനത്തെയും ആത്മവിശ്വാസത്തെയും പറ്റിക്കൂടി ആത്മബോധം കിളിര്‍ത്തിട്ടില്ലാത്ത കുരുന്നുകളെക്കൊണ്ടാണ് ഈ കല്ലെടുപ്പിക്കല്‍. അവര്‍ക്കുവേണ്ടി അവരുടെ രക്ഷാകര്‍ത്താക്കളുടെ അനുമതി കരാറിലുണ്ടെന്നു ചാനലുടമകള്‍ക്കു ന്യായീകരിക്കാമെങ്കിലും, തിരിച്ചറിവില്ലാത്ത ബാല്യത്തില്‍ അവരെ ഇരകളാക്കുന്നത് വാസ്തവത്തില്‍ ബാലപീഠനത്തോളം രൂക്ഷമായ ചൂഷണം തന്നെയാണ്. അമൃത ടിവിയിലെ കഥയല്ലിതു ജീവിതം എന്ന റിയാലിറ്റി ഷോയിലേക്കെത്തുമ്പോള്‍, ഈ മനുഷ്യാവകാശ ലംഘനം അതിന്റെ എല്ലാ പരിധികളും താണ്ടുന്നതു കാണാം. ഒരു എപ്പിസോഡില്‍, പരസ്പരം പഴിചാരുന്ന അച്ഛനമ്മമാര്‍ക്കിടയില്‍ ഇനിയെന്ത് എന്ന ചോദ്യവുമായി വിഷാദിച്ചിരിക്കുന്ന പാവം രണ്ടു കുരുന്നുകളെ കണ്ടതോര്‍ക്കുന്നു. അച്ഛന്‍ മറ്റൊരു പെണ്ണിന്റെ കൂടെ പാര്‍ക്കാന്‍ പോയപ്പോള്‍ ഉപേക്ഷിക്കപ്പെട്ടവരാണ് അവരും അമ്മയും. ഈ സാമൂഹിക പ്രശ്‌നം കേരളത്തില്‍ പുതിയതൊന്നുമല്ല. സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നമ്മുടെ അധ്യാപകര്‍ നിത്യവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ശിഥില കുടുംബങ്ങളില്‍ നിന്നു വരുന്ന വികലബുദ്ധികളായ വിദ്യാര്‍ഥികളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ്. സാമൂഹികവും മൂല്യപരവുമായ ഒട്ടേറെ ബാഹ്യഘടകങ്ങളുടെ ഫലമാണ് ഈ കുരുത്തംകെട്ട സന്താനങ്ങള്‍. പക്ഷേ അവര്‍ക്കുപോലും, അവരാല്‍ പുറത്തുപറയപ്പെടാത്തിടത്തോളം തങ്ങളുടെ കുടുംബശൈഥല്യം രഹസ്യവും സ്വകാര്യവുമായി സൂക്ഷിക്കാനുള്ള സാധ്യതയുണ്ട്.
കുട്ടികളുടെ ഈ അവകാശമാണ് കഥയല്ലിതു ജീവിതം എന്ന ടെലിവിഷന്‍ ഒളിഞ്ഞുനോട്ടത്തിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. തങ്ങളുടേതല്ലാത്ത തെറ്റിന് പരസ്യവിചാരണയില്‍ മൂകരും മൗനികളുമായ സാക്ഷികളായി പങ്കെടുക്കേണ്ടി വരുന്ന ദുര്യോഗമാണ് അവരുടേത്. സ്റ്റാര്‍ സിംഗറിലെ ഒരു മത്സരാര്‍ഥി പിറ്റേന്ന് ക്‌ളാസിലെ, ഒരുപക്ഷേ സ്‌കൂളിലെ തന്നെ കുഞ്ഞുതാരമായേക്കാം. മറിച്ച് കഥയല്ലിതു ജീവിതം പോലൊരു ഷോയില്‍ വന്നുപെടുന്ന ശിഥില ദാമ്പത്യത്തിന്റെ ഈ നിഷ്‌കളങ്ക മുകുളങ്ങളുടെ കാര്യമോ? പിറ്റേന്നു മുതല്‍, ഏതോ വിചിത്ര ജീവികളെ നോക്കും പോലെ സഹപാഠികളും സ്‌കൂളും അവരെ നോക്കിക്കാണില്ലേ? ബന്ധുക്കളൊഴികെയുള്ള ലോകം അവരെ എങ്ങനെ സ്വീകരിക്കും. ആവശ്യമില്ലാത്ത അനുകമ്പ അവര്‍ അര്‍ഹിക്കുന്നുണ്ടോ? അനാവശ്യമായ അവജ്ഞ അവര്‍ക്കുനേരെ വന്നുകൂടെന്നുണ്ടോ? ഇപ്പറഞ്ഞതിലെന്തെങ്കിലും അവര്‍ക്കുണ്ടായാല്‍ അതിനാര് ഉത്തരവാദിത്തമേറ്റെടുക്കും? സ്റ്റാര്‍ സിംഗര്‍/ഡാന്‍സര്‍ മത്സരാര്‍ഥികളായ കുട്ടികള്‍ തങ്ങളുടെ പ്രകടനത്തിന്റെ പേരിലാണ് നല്ലതോ ചീത്തയോ ആയി വിചാരണചെയ്യപ്പെടുന്നതെങ്കില്‍ ഈ പാവം ബാല്യം വിചാരണ ചെയ്യപ്പെടുന്നത് അവരുടെ തലയ്ക്കു മുകളിലുള്ള, അവര്‍ക്ക് തരിമ്പും പങ്കാളിത്തമില്ലാത്ത, സ്വാധീനമില്ലാത്ത മാതാപിതാക്കളുടെ ചെയ്തികളുടെ പേരിലാണ്. അതുകൊണ്ടാണ് അത് മനുഷ്യാവകാശത്തിനു മേലുള്ള നിരുത്തരവാദപരമായ കടന്നുകയറ്റമാവുന്നത്. കുറഞ്ഞപക്ഷം അവരെ നേരിട്ടു കാണിക്കുന്നത് ഒഴിവാക്കുക എന്ന മാധ്യമധര്‍മ്മമാണ് ഇവിടെ സൗകര്യപൂര്‍വം വിസ്മരിക്കുന്നത്.

ആലങ്കാരികമായ പകിടകളി
കാശുവച്ചുള്ള മുച്ചീട്ടുകളി പോലും പെറ്റിക്കേസായ നാടാണ് ഇന്ത്യ. ഇവിടെ കാശുവച്ചുള്ള ചൂതും പകിടയും ഒരുപോലെ നിയമവിരുദ്ധമാണ്. ഉത്സവപ്പറമ്പിലെ പന്നിമലര്‍ത്തിനു പോലും ഈ നിയമത്തിന്റെ പേരില്‍ കൊടും വിലക്കേര്‍പ്പെടുന്ന സാഹചര്യത്തിലാണ്, വന്‍തുകകള്‍ പന്തയം വച്ചുള്ള മെഗാ പന്നിമലര്‍ത്തുകള്‍ റിയാലിറ്റി പര്‍ദ്ദയണിഞ്ഞ് ടെലിവിഷനിലെത്തുന്നത്. ഇന്ത്യയില്‍ സമ്മാനത്തുകയില്‍ കോടികളുടെ കിലുക്കം ആദ്യം കേള്‍പ്പിച്ച കോന്‍ ബനോഗാ ക്രോര്‍പ്പതി പക്ഷേ മത്സരാര്‍ഥിയുടെ ബുദ്ധ്ക്കും വിവേകത്തിനും സര്‍വോപരി വിജ്ഞാനത്തിനുമാണ് ആ വിലയിട്ടത്. എന്നാല്‍ സി.ബി.സിയുടെ ചുവടുപിടിച്ച് മറ്റു ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട ആഡംബര പികടകളിലും മത്സരാര്‍ഥികളുടെ മനുഷ്യാവകാശം വച്ചുള്ള കള്ളച്ചൂത് വ്യാപകമാണ്. മണിക്കൂറുകള്‍ കൊണ്ട് ലക്ഷപ്രഭുക്കളെ സൃഷ്ടിക്കന്ന ഡീല്‍ ഓര്‍ നോ ഡീല്‍ അവതരിപ്പിക്കുക വഴി, വൈരുദ്ധ്യാത്മകഭൗതികവാദസിദ്ധാന്തമനുസരിച്ച് പുതിയ ബൂര്‍ഷ്വാവര്‍ഗങ്ങളെ സൃഷ്ടിക്കുകയാണെന്നറിയാതെ പോകുന്ന കമ്യൂണിസ്റ്റ് സഹയാത്രികനായ അവതാരക നടന് തനിക്കു നഷ്ടമാവുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ച് തിരിച്ചറിവുണ്ടാവണമെന്നില്ല.
എന്നാല്‍ സവിശേഷമായ യാതൊരു യോഗ്യതയും കൂടാതെ തന്നെ കടന്നുവന്ന് മത്സരിച്ച് വെറും കറക്കിക്കുത്തുകൊണ്ട്, പന്നിമലര്‍ത്തിലെന്നപോലെ ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള ഷോയുടെ പൊള്ളത്തരവും സാമൂഹികപ്രസക്തിക്കുറവും മറച്ചുവയ്ക്കാന്‍, ഇതിലെ മത്സരാര്‍ഥികളുടെ കദനകഥകള്‍ ചിത്രീകരിച്ചു കാണിക്കുന്നതിലെ മനുഷ്യാവകാശ ലംഘനം അതിക്രൂരമത്രേ. വ്യാജപ്രതിച്ഛായ സൃഷ്ടിക്കാനുള്ള മാധ്യമത്വര മാത്രമാണ് ഈ കാപട്യത്തിനു പിന്നില്‍. അതാകട്ടെ മത്സ്യക്കച്ചവടക്കാരിയുടെ കുടുംബദുരിതവും, തളര്‍വാതം പിടിപെട്ട് അവശനിലയിലായ ഭര്‍ത്താവിനെ ചികിത്സിക്കാനുള്ള ഭാര്യയുടെ ദുര്യോഗപര്‍വവും, ബിസിനസില്‍ കബളിപ്പിച്ച് മാതുലനെ മറികടക്കാനുള്ള വ്യവസായിയുടെ അറ്റകൈപ്രയോഗവുമൊക്കയായി ഇത്തരം ദൃശ്യരേഖകള്‍ വ്യാഖ്യാനിക്കപ്പെട്ടു. പക്ഷേ, ധനാര്‍ത്തി മൂത്ത് ആഘോഷകരമായ പന്നിമലര്‍ത്തിനൊരുമ്പെടുന്നവരുടെ കദനകഥനം അഭിസാരികയുടെ ചാരിത്ര്യപ്രഭാഷണത്തിനോളം തരംതാഴുന്നതാണ്. മാത്രമല്ല, ഇവിടെ അവരറിയാതെ അവരെ വച്ച് വോട്ടു തെണ്ടുകയാണ് ചാനലുകള്‍ ചെയ്യുന്നത്. പാട്ടുപരിപാടിയില്‍ ഗായകര്‍ നേരിട്ട് തങ്ങള്‍ക്ക് വോട്ടു ചോദിക്കുമ്പോള്‍, ചാനല്‍ പകിടയില്‍ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ മത്സരാര്‍ഥിയുടെ സ്വകാര്യം വിപണനം ചെയ്യുകയാണ്. അങ്ങനെ അവര്‍ പോലുമറിയാതെ അവര്‍ ഇരകളാക്കപ്പെടുന്നു.
കൈക്കൂലി വാങ്ങുമ്പോള്‍ ഒളിക്യാമറയില്‍ കുടുങ്ങുന്ന അഴിമതിക്കാരന്റെ മനുഷ്യാവകാശം പൊതുതാല്‍പര്യമെന്ന സാമൂഹികബാധ്യതയ്ക്കു മുന്നില്‍ മുട്ടുമടക്കുന്നതാണ്. ആയതുകൊണ്ടുതന്നെ, അയാളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്നില്ല. ഒരു പരിധിവരെ, ഒളിക്യാമറാ മാധ്യമപ്രവര്‍ത്തനവും വ്യക്തിയുടെ സ്വകാര്യതയിലേക്കു കടന്നുകയറ്റമാണ്. പക്ഷേ, അതൊരു കുറ്റകൃത്യത്തിന്റെ വെളിപ്പെടുത്തലിനായി ഉപയോഗിക്കുമ്പോള്‍ ഉപാധികളോടെ നമുക്കതിനെ അംഗീകരിക്കേണ്ടി വന്നേക്കാം. സ്വാമി നിത്യാനന്ദയുടെയും രഞ്ജിതയുടെയും ഒളിക്യാമറിദൃശ്യങ്ങളും ഗവര്‍ണറുടെ രതിലീലകളും ഒരുപോലെ മനുഷ്യാവകാശലംഘനമായി കണക്കാക്കപ്പെടാത്തതും അതുകൊണ്ടാണ്. എങ്കിലും, ബോധപൂര്‍വം ഇത്തരം വീഡിയോകളുടെ അമിതാവേശപൂര്‍വമുള്ള ആവര്‍ത്തനങ്ങള്‍ മാധ്യമ മര്യാദയല്ലെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. വിവേകപൂര്‍വമുള്ള മാധ്യമസംയമനത്തിനു യോജിച്ചതല്ല ഈ രീതിയെന്നതിലും എതിരഭിപ്രായമുണ്ടാവില്ല. അതുകൊണ്ടുതന്നെയാണ് എം.എന്‍.വിജയന്റെ അവസാന രംഗത്തിന്റെ ചര്‍വിതചര്‍വണം മാധ്യമമര്യാദകളുടെയും മാധ്യമസദാചാരത്തിന്റെയും പരസ്യമായ ഉല്ലംഖനമായി മാധ്യമരംഗത്തെ തഴക്കവും പഴക്കവുമുള്ള കാരണവന്മാര്‍ തന്നെ വിശേഷിപ്പിച്ചതും അവരുടെ ഇടപെടല്‍ കൊണ്ടു മാത്രം ആ രംഗത്തിന്റെ ആവര്‍ത്തനസംപ്രേഷണം നിര്‍ത്തിവച്ചതും.
പക്ഷേ, മാധ്യമതാല്‍പര്യമൊഴികെ യാതൊരു പൊതുതാല്‍പര്യത്തിന്റെയും നൈതികത വ്യാജ റിയാലിറ്റി നിര്‍മിതികള്‍ക്ക് അവകാശപ്പെടാനാവില്ല. എന്നു മാത്രമല്ല, നിലവില്‍ യാതൊരു സെന്‍ഷര്‍ഷിപ്പിന്റെയും നിയന്ത്രണത്തിലല്ലാത്തതുകൊണ്ടുതന്നെ എന്തും എങ്ങനെയും കാണിക്കാം എന്നൊരു അലിഖിത ഹുങ്കു കൂടി ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്കിന്നുണ്ട്. കടുത്ത സെന്‍സര്‍ നിയന്ത്രണങ്ങളുള്ള ചലച്ചിത്രത്തിനോ, സ്വയം നിയന്ത്രണങ്ങള്‍ക്കു വിധേയമായ പക്വതയുള്ള അച്ചടി മാധ്യമത്തിനോ അവകാശപ്പെടാനാവാത്ത അഹങ്കാരമാണിത്. തൂലിക- പടവാള്‍ രൂപകത്തെ, ചാനല്‍-ഒളിക്യാമറ ദ്വയം സ്വയം ഏറ്റെടുക്കുകയാണിപ്പോള്‍. ഇതാകട്ടെ, ചാനലുകളോട് ഒരുതരം ഭയബഹുമാനങ്ങള്‍ പോലും സാധാരണക്കാരില്‍ സൃഷ്ടിച്ചിരിക്കുന്നു. മാധ്യമപരമായ സ്വേഛാധിപത്യമാണിത്. മാര്‍ഷല്‍ മക് ലൂഹനെ മുഖവിലയ്‌ക്കെടുത്താല്‍, ചാനല്‍ തന്നെ സന്ദേശമാകുന്ന അവസ്ഥ. പുതിയ ലോകക്രമം തന്നെ സൃഷ്ടിക്കാന്‍ മാത്രം ശക്തനായ സ്വേഛാധിപതിയായി വളരുന്ന, ജയിംസ് ബോണ്ട് സിനിമയായ ടുമോറോ നെവര്‍ ഡൈസ്‌ലെ മനോരോഗിയായ മാധ്യമരാജാവ് ദീര്‍ഘദൃഷ്ടിയുള്ള ഒരെഴുത്തുകാരന്റെ പ്രവചനാത്മകമായ പാത്രസൃഷ്ടിയായിരുന്നോ? എന്തായാലും റിയാലിറ്റി ഷോ എന്ന പേരിലുള്ള അശ്ലീളമായ ഈ ഒളിഞ്ഞുനോട്ടപ്രവണതയെ ആത്മവിമര്‍ശനത്തിന്റെ ആത്മപരിശോധനയുടെ കാചകങ്ങളിലൂടെ പുനരവലോകനം ചെയ്യേണ്ട കാലമായി എന്നു മാത്രം പറഞ്ഞുവയ്ക്കട്ടെ.


No comments: