Tuesday, January 03, 2017

വീക്ഷണങ്ങള്‍ വിശകലനങ്ങള്‍








എ.ചന്ദ്രശേഖറിന്റെ ആദ്യത്തെ ചലച്ചിത്രഗ്രന്ഥമായ, തിരുവനന്തപുരം ചാന്ദിനി ബുക്‌സ് പുറത്തിറക്കി, നാഷനല്‍ ഫിലിം അക്കാദമി വിതരണം ചെയ്ത നിറഭേദങ്ങളില്‍സ്വപ്‌നം നെയ്യുന്നവര്‍ എന്ന പുസ്തകത്തിന് (1998)പ്രശസ്ത ചലച്ചിത്രനിരൂപകന്‍ ശ്രീ എം.എഫ് തോമസ് എഴുതിയ അവതാരിക.
 

സിനിമ ഇന്ന് ഒരു അദ്ഭുതമല്ല. മറ്റെന്തോ ആണ്. കലയാണോ? കച്ചവടമാണോ? അറിയപ്പെടുന്ന ഏകദേശം എല്ലാ കലകളുടെയും സംഗമസ്ഥാനമാണു സിനിമ. ഏറ്റവുമധികം മുതല്‍മുടക്കുള്ളതിനാല്‍ ഇറക്കിയ തുക തിരിച്ചു കിട്ടേണ്ടത് ഒരാവശ്യമായിത്തീര്‍ന്നിരിക്കുന്നു. അതുകൊണ്ടുതന്നെ, കവി പേനയും കടലാസുമെടുത്തു കവിത രചിക്കുന്നതുപോലെ, ചിത്രകാരന്‍ ക്യാന്‍വാസും ചായവുമുപയോഗിച്ചു ചിത്രം വരയ്ക്കുന്നതുപോലെ, ഗായകന്‍ വാദ്യോപകരണമുപയോഗിച്ചു പാടുന്നതുപോലെ സിനിമയില്‍ എന്നെങ്കിലും കലാകാരന്റെ ഹൃദയം തുറന്നുവയ്ക്കാന്‍ സാധിക്കുമോ? ആത്മപ്രകാശനോപാധിയാകുമോ സിനിമ? എന്തായാലും അങ്ങനെ ചിന്തിക്കാനെങ്കിലും നാമിന്നു തയാറാകുന്നു. ലൂമിയറിന്റെയും മെലിയസിന്റെയും പോട്ടറുടെയും കാലത്ത് അങ്ങനൊന്നില്ല. അദ്ഭുതം മാത്രമേയുണ്ടായിരുന്നുള്ളൂ. തിരശ്ശീലയില്‍ നേരെ പാഞ്ഞുവരുന്ന തീവണ്ടി കണ്ടു ചാടി ബഞ്ചിനടിയിലൊളിക്കുന്ന അദ്ഭുതം! ഇന്നതു മാറി. സിനിമ എന്താണെന്നറിയാനുള്ള അന്വേഷണം തുടരുകയാണ്, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും. ഐസന്‍സ്‌ററീനും പുഡോവ്കിനും ബാസിനുമൊക്കെ സിനിമയെപ്പറ്റി ഗൗരവപൂര്‍വം ചിന്തിക്കുകയുമെഴുതുകയും ചെയ്തു. അവരുടെ ചിന്തകള്‍ ചലച്ചിത്രമണ്ഡലത്തില്‍ കൊടുങ്കാറ്റഴിച്ചുവിട്ടു.
അദ്ഭുതമെന്ന നിലയില്‍നിന്നു കലയോടടുക്കുന്ന സിനിമയ്ക്ക് അതിന്റെ വിവിധ വശങ്ങളെക്കുറിച്ച് അറിവുനല്‍കുന്ന പുസ്തകങ്ങള്‍ ഉണ്ടായേ തീരൂ. സിനിമയെ ഗൗരവപൂര്‍ഡവം സമീപിക്കുന്ന ഒരു തലമുറയെ സൃഷ്ടിക്കുവാന്‍ അത് അത്യന്താപേക്ഷിതമാണ്. അത്തരമൊരു തലമുറയില്‍ നിന്നേ മനുഷ്യനെ മയക്കുന്ന സിനിമയ്ക്കു പകരം നല്ല സിനിമയുണ്ടാവൂ. ഉത്തമസിനിമയും ഉത്തമസിനിമാസാഹിത്യവും തമ്മില്‍ തുലനമൊപ്പിച്ച ഒരു വളര്‍ച്ച കണ്ടെത്താന്‍ കഴിയും. ആരോഗ്യപരമായ ഒരു ചലച്ചിത്രസംസ്‌കാരം ഉരുത്തിരിഞ്ഞുവരുന്നതിന് ഉത്തമചലച്ചിത്രങ്ങളുടെ അനുശീലനമെന്ന പോലെ അനുപേക്ഷണീയമായ ഒന്നാണ് ഉത്തമ ചലച്ചിത്രസാഹിത്യവുമായുള്ള പരിചയവും.മികച്ച ചലച്ചിത്രങ്ങള്‍ രചിക്കുന്നിടത്ത്, അതാസ്വദിക്കപ്പെടുന്നിടത്ത്,മികച്ച ചലച്ചിത്രസാഹിത്യത്തിന്റെ സാന്നിദ്ധ്യവുമുണ്ടായിരിക്കും.
ഇംഗഌഷില്‍ ചലച്ചിത്രഗ്രന്ഥങ്ങള്‍ ധാരാളമായി ഉണ്ടായിട്ടുണ്ട്.ഭാരതീയ ഭാഷകളില്‍ എടുത്തുപറയാവുന്ന പ്രവര്‍ത്തനമൊന്നും ഈ രംഗത്തുണ്ടായിട്ടില്ല.പെന്‍ഗ്വിന്നും കഹാന്‍പോളും ഓക്‌സ്‌ഫോഡും മാക്മിലനുമൊക്കെ സിനിമാപ്പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവിടെ ആയിരക്കണക്കിനു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളവരുടെ കാറ്റലോഗില്‍ നോക്കിയാല്‍ ഒരു സിനിമാപ്പുസ്തകം പോലും കണ്ടെന്നുവരില്ല. ഇത്തരമൊരവസ്ഥയിലാണ് മരുഭൂവിലെ മഴപോലെ,ചന്ദ്രശേഖറിന്റെ ഈപുസ്തകം പ്രസിദ്ധീകൃതമാവുന്നത്.
മഹത്തായ ചലച്ചിത്രത്തെ കണ്ടെത്തുവാനും ചീത്ത ചിത്രത്തെ തിരിച്ചറിയുവാനും ലക്ഷോപലക്ഷം ചലച്ചിത്രാസ്വാദകര്‍ക്കു വഴികാട്ടുന്ന തരത്തിലായിരിക്കണം ഒരു ചലച്ചിത്രഗ്രന്ഥത്തിന്റെ ഉള്ളടക്കം.ഒരു ചലച്ചിത്ര വിദ്യാര്‍ത്ഥിയെ നല്ലൊരു ചിത്രം ആസ്വദിക്കുന്നതിനും വിലയിരുത്തുന്നതിനും അതു സഹായിക്കണം. അതിന്, ചലച്ചിത്രകൃതികളുടെ ആന്തരാത്മാവിലേക്ക് ഇറങ്ങിച്ചെല്ലാന്‍ കെല്‍പു നല്‍കുന്ന ഇത്തരം കൃതികള്‍ ഉണ്ടായേ തീരൂ.
ഗബ്ബേയും സൈകഌസ്റ്റും പെഡ്‌ലറും പോലുള്ള അനശ്വരകൃതികള്‍ക്കു രൂപം നല്‍കിയ മക്മല്‍ബഫ്, താന്‍ ജീവിക്കുന്ന ചുറ്റുപാടുകളോടും വ്യവസ്ഥിതികളോടും മാത്രമല്ല കലാപം നടത്തിയത്,സിനിമയെന്ന മാധ്യമത്തിലും കലാപമഴിച്ചുവിട്ടു. ഒന്നര നൂറ്റാണ്ടിന്റെ പോലും ചരിത്രമവകാശപ്പെടാനില്ലാത്ത സിനിമയുടെ പ്രമേയത്തില്‍ മാത്രമല്ല, ശൈലിയിലും രൂപഘടനയിലും തുടരെത്തുടരെ വിപഌവങ്ങള്‍ക്കു തിരികൊളുത്തിയ മഖ്മല്‍ബഫിനെ ഈ പു്‌സ്തകത്താളുകളിലൂടെ നാമറിയുമ്പോള്‍ സമകാലികസിനിമയെപ്പറ്റി നാം കൂടുതലറിയുന്നു.
ലൂമിയര്‍ സഹോദരന്മാര്‍ തുടങ്ങിവച്ച സിനിമാപ്രവര്‍ത്തനം എവിടെ എത്തിനില്‍ക്കുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ എനിക്കുള്ളൂ. കീസ്ലോവ്‌സ്‌കിയില്‍ എന്ന്. ഐസന്‍സ്റ്റീനും പുഡോവ്കിനും ബെര്‍ഗ്മാനും കുറസോവയും ഫെല്ലിനിയും നിര്‍മിച്ച ചിത്രങ്ങള്‍ ഒന്ന് മറ്റൊന്നില്‍ നിന്ന്  വ്യത്യസ്തമായിരുന്നു.ഒരാളുടേത് മറ്റൊരാളില്‍ നിന്നും വ്യത്യസ്തമായിരുന്നു. അങ്ങനെ തര്‍ക്കോവ്‌സ്‌കിയിലെത്തിയ സിനിമയില്‍ ഒരു എടുത്തുചാട്ടം കീസ്ലോവ്‌സ്‌കി സിനിമയില്‍ നാം അനുഭവിച്ചറിയുന്നു. ഈ പുസ്തകത്തില്‍ കീസ്ലോവ്‌സ്‌കിയെപ്പറ്റി നാം വായിച്ചറിയുമ്പോള്‍, മനസിന്റെ മഹാസാമ്രാജ്യത്തിലേക്കുള്ള വാതായനങ്ങള്‍ തുറന്നിട്ട ആ ചിത്രങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുക മാത്രമല്ല, സമകാലിക സിനിമയെപ്പറ്റി നാം കൂടുതല്‍ കൂടുതല്‍ അറയുകകൂടി ചെയ്യുന്നു.
മലയാള സിനിമയിലെ പ്രതീകവത്കരണത്തെപ്പറ്റിയുള്ള സാമാന്യം ദീര്‍ഘമായ ലേഖനം അടൂര്‍, അരവിന്ദന്‍,ജോണ്‍, ഷാജി മുതല്‍ ജോര്‍ജ്ജ്, ഭരതന്‍, പത്മരാജന്‍ വരെയുള്ളവരുടെ സിനിമകളെ വിശകലനവിധേയമാക്കിയിരിക്കുന്നു. നിളയുടെ തീരങ്ങളില്‍ ജീവിച്ചു  മരിക്കുന്ന മനുഷ്യരുടെ കൊച്ചു കൊച്ചു ദുഃഖങ്ങളും കൊച്ചുകൊച്ചു സന്തോഷങ്ങളും എം.ടി.യുടെ സിനിമയിലൂടെ ' അവസാനമില്ലാത്ത അനശ്വരത' നേടുന്നത് സവിസ്തരം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു, ഈ പുസ്തകത്തില്‍. വിവിധവിഷയങ്ങള്‍, തികച്ചും ലളിതമായി, ഒരു സാധാരണ ആസ്വാദകന്റെ കാഴ്ചപ്പാടില്‍, നിരൂപകന്റെ കാര്‍ക്കശ്യമില്ലാതെ, സത്യസന്ധമായി നോക്കിക്കാണുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
ചന്ദ്രശേഖര്‍ ഇന്നു ചരിച്ചികൊണ്ടിരിക്കുന്ന ഈ വഴിയേ നടന്നുപോയ ഒരാളുടെ ആത്മസംതൃപ്തി നിറഞ്ഞൊഴുകുന്ന നിമിഷമാണിത്.ചന്ദ്രശേഖറെ ആദ്യമായി ഞാന്‍ കാണുമ്പോള്‍, വളരെയേറെ പ്രയാസങ്ങളും ത്യാഗങ്ങളും സഹിച്ചുകൊണ്ട് ഒരു ചലച്ചിത്രപ്രസിദ്ധീകരണം പുറത്തിറക്കിക്കൊണ്ടിരിക്കുകയായിരുന്നു. യൗവനത്തിലേക്കു കാലെടുത്തുകുത്തുന്നതേയുണ്ടായിരുന്നുള്ളൂ അപ്പോള്‍. അന്നും ഇന്നും ഒന്നുകൊണ്ടും തളരാതെ പ്രവര്‍ത്തിക്കാനുള്ള ചന്ദ്രശേഖര്‍ എന്ന ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെയുള്ള പ്രവര്‍ത്തനശൈലി, മുതിര്‍ന്ന തലമുറയിലെ ഞങ്ങള്‍ക്കുപോലും ആവേശം പകര്‍ന്നു നല്‍കുന്നതാണ്. മലയാള മനോരമയിലെ തിരക്കിട്ട ഔദ്യോഗിക ജീവിതത്തിന്നിടിലും സിനിമയെ സ്‌നേഹിക്കാനും സിനിമയെ മനസിലാക്കാനും, സിനിമയുടെ സന്ദേശം പകര്‍ന്നു നല്‍കാനും സമയം കണ്ടെത്തുകയും, തന്റെ ഹൃദയത്തില്‍ വര്‍ഷങ്ങളായി വച്ചോമനിച്ചു കൊണ്ടുനടന്നിരുന്ന സിനിമയെന്ന പ്രേമഭാജനത്തെ നമുക്കു പരിചയപ്പെടുത്തിത്തരാനും മുതിരുന്ന ഈ ശുഭമുഹൂര്‍ത്തത്തിന് സാക്ഷിയാവാന്‍ കഴിഞ്ഞതില്‍ എനിക്ക് അത്യധികം ആഹഌദമുണ്ട്, അഭിമാനമുണ്ട്.
എം.എഫ് തോമസ്
സിതാര
615, പ്രശാന്ത നഗര്‍
ഉള്ളൂര്‍
തിരുവനന്തരം 11

No comments: