Monday, January 02, 2017

കലഹഭൂമിയിലെ ദൃശ്യസാഹസം

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ ചകോരം നേടിയ ഈജിപ്ഷ്യന്‍ ചിത്രമായ ദ് ക്‌ളാഷിന്റെ മാധ്യമപരിചരണ സവിശേഷതകളെപ്പറ്റി

എ.ചന്ദ്രശേഖര്‍

മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും സൈ്വര്യജീവതത്തിനും മേലുള്ള ഏതു കടന്നുകയറ്റത്തെയും എത്ര ദുര്‍ബലനും പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുക സ്വാഭാവികം.എന്നാല്‍ പലപ്പോഴും കൂട്ടായ അത്തരം എതിര്‍പ്പുകളും മനുഷ്യാവകാശധ്വംസനത്തിലവസാനിക്കുകയാണു പതിവ്. സമൂഹവും വ്യക്തിയും എന്ന രണ്ട് അവസ്ഥകള്‍ പരസ്പരം ഏറ്റുമുട്ടുന്നത് സമൂഹത്തിന്റെ നിലനില്‍പിനു വേണ്ടി വ്യക്തിയുടെ സ്വാതന്ത്ര്യവും ജീവിതവും ബലികൊടുക്കേണ്ടി വരുമ്പോഴാണ്.വ്യക്തി അടിസ്ഥാന ഘടകമായ സമൂഹത്തില്‍ത്തന്നെ അവന്റെ/അവളുടെ നിലനില്‍പ് ചോദ്യം ചെയ്യപ്പെടുന്നുവെന്ന വൈരുദ്ധ്യമാണ് ലോകമെമ്പാടുമുള്ള വിപ്‌ളവങ്ങള്‍ക്കും കലാപങ്ങള്‍ക്കും കലഹങ്ങള്‍ക്കും വഴിവച്ചിട്ടുളളത് എന്നും. യുദ്ധങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും ചരിത്രം ആരംഭിക്കുന്നതും അങ്ങനെയാണ്. ഇത്തരം അടിച്ചമര്‍ത്തലുകളും സംഘര്‍ഷങ്ങളും സംഘട്ടനങ്ങളുമെല്ലാമാണ് പലപ്പോഴും കലാസൃഷ്ടിക്കുള്ള മൂലബീജമാവുക. വിശ്വപ്രസിദ്ധമായ ഇതിഹാസങ്ങളും ഇതിഹാസതുല്യമായ ഇതര സൃഷ്ടികളും ആധുനിക ക്‌ളാസിക്കുകളുമെല്ലാം ഇതു സാധൂകരിക്കുന്നതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മാധ്യമമായ സിനിമയും ഇതിനപവാദമല്ല. വിഖ്യാതമായ ബാറ്റില്‍ഷിപ് പൊട്ടംകിന്‍ മുതലിങ്ങോട്ട് രണ്ടു ലോകമഹായുദ്ധങ്ങളും അവ അവശേഷിപ്പിച്ച തീവ്ര മുറിവുകളും അങ്ങനെ എത്രയോ ഇതിഹാസസിനിമകള്‍ക്ക് വിഷയമായിരിക്കുന്നു.
കാലം മാറുന്നതിനനുസരിച്ച് മനുഷ്യജീവിതത്തില്‍ മാത്രമല്ല, ലോകക്രമത്തിനു തന്നെ മാറ്റം സംഭവിക്കുന്നുണ്ട്. പക്ഷേ ഭരണകൂട ഭീകരതയ്ക്കും ഏകാധിപത്യപ്രവണതയ്ക്കും പൗരാവകാശധ്വംസനങ്ങള്‍ക്കുമെതിരായ ജനപ്രതിരോധങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും കലാപങ്ങള്‍ക്കും മാത്രം അവയുടെ സ്വഭാവത്തില്‍ കാലോചിതമാറ്റങ്ങളോടെ ആവര്‍ത്തിക്കുന്നതാണ് ലോകത്തെവിടെയും കാണാനാവുക. സ്വാഭാവികമായും അന്നാടുകളില്‍ നിന്നുള്ള സര്‍ഗാത്മകരചനകളിലും അവയുടെ ആഴവും വേദനയും പ്രകടമാവുകയും ചെയ്യും. തിരുവനന്തപുരത്തവസാനിച്ച കേരളത്തിന്റെ 21-ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ സുവര്‍ണ ചകോരത്താല്‍ പുരസ്‌കൃതമായ ഈജിപ്ഷ്യന്‍ ചലച്ചിത്രം ദ് ക്‌ളാഷ് ആവിഷ്‌കരിക്കുന്നതും അത്തരത്തിലൊരു ചെറുത്തുനില്‍പിന്റെ ഹൃദയാവര്‍ജകമായ ദൃശ്യസമാഹാരമാണ്.
വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ 2016ലെ അണ്‍സെര്‍ട്ടണ്‍ റിഗാര്‍ഡ് വിഭാഗത്തിന്റെ ഉദ്ഘാടനചിത്രമായിരുന്ന ദ് ക്‌ളാഷ്(ഇത്സെബാക്ക്) ഇന്ത്യയില്‍ ഗോവ ചലച്ചിത്രമേളയിലും ശ്രദ്ധേയമായി. കേരളത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ കാണാന്‍ ഏറെ പ്രേക്ഷകരുണ്ടാവുകയും ഇടം കിട്ടാത്ത പ്രേക്ഷകര്‍ കലാപമുണ്ടാക്കിയതോടെ മേളയുടെ ചരിത്രത്തിലാദ്യമായി ഒരു പ്രദര്‍ശനം റദ്ദാക്കുകയും പകരം വിശാലമായ തീയറ്ററില്‍ അന്നു തന്നെ മറ്റൊരു പ്രദര്‍ശനം മാറ്റിവച്ച് പ്രദര്‍ശിപ്പിക്കുകയും ചെയ്ത സിനിമ. രാജ്യാന്തര ജൂറിയുടെ അവാര്‍ഡ് മാത്രമല്ല, 35 ശതമാനത്തിലധികം പ്രക്ഷകര്‍ ഒരു പോലെ വോട്ടുചെയ്ത് പ്രേക്ഷകഅവാര്‍ഡ് നേടിക്കൊടുത്ത സിനിമകൂടിയാണിത്.
ഈജിപ്തില്‍ 2013ല്‍ നടന്ന ആഭ്യന്തര കലാപത്തിന്റെ പശ്ചാത്തലത്തിലുള്ള സിനിമയാണ് ഫ്രഞ്ച് ഈജിപ്ത് സംയുക്ത സംരംഭമായ ദ് ക്‌ളാഷ്. ഈജിപ്തിലെ സ്ത്രീകള്‍ നേരിടുന്ന അതിരൂക്ഷമായ കടന്നാക്രമണങ്ങളുടെ, മാനഭംഗങ്ങളുടെ കഥ പറഞ്ഞ കെയ്‌റോ 678 (2010) എന്ന ചിത്രത്തിലൂടെ ലോകശ്രദ്ധയിലിടംനേടിയ സംവിധായകന്‍ മുഹമ്മദ് ദിയാബിന്റെ ഏറ്റവും പുതിയ ചിത്രം. രാഷ്ട്രീയത്തിനും മതത്തിനുമപ്പുറം, കലാപത്തിന്റെ പശ്ചാത്തലത്തില്‍ പച്ചയായ മനുഷ്യകഥയാണ് ദിയാബ് ദ് ക്‌ളാഷിലൂടെ പറയാന്‍ ശ്രമിക്കുന്നത്. അതുതന്നെയാണ് ഈ സിനിമയുടെ ഏറ്റവും വലിയ കരുത്തും. വിഷയത്തിലും ആവിഷ്‌കാരത്തിലും ഉള്ളടക്കത്തിലും സാങ്കേതികതയിലും ഒരുപോലെ മിടുക്കും മിനുപ്പും പ്രകടമാക്കിയ സിനിമ.
2013ല്‍ ഈജിപ്ത് നേരിട്ട ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പകല്‍ നടക്കുന്ന സംഭവങ്ങളാണ് ദ് ക്‌ളാഷ്. ഹോസ്‌നി മുബാറക്കിനെ ജനകീയവിപ്‌ളവത്തെത്തുടര്‍ന്നു പുറത്താക്കിയ ശേഷം 2012ല്‍ അധികാരമേറ്റ മുഹമ്മദ് മോര്‍സിയുടെ നേതൃത്വത്തിലുള്ള മുസ്‌ളിം ബ്രദര്‍ഹുഡ് ഭരണകൂടത്തെ, അബ്ദുല്‍ ഫത്താ എല്‍ സിസിയുടെ നേതൃത്വത്തിലുളള പട്ടാളം 2013 ല്‍ അസ്ഥിരപ്പെടുത്തുകയും കയ്യേറുകയും ചെയ്തതിനെത്തുടര്‍ന്ന് പട്ടാളത്തിന്റെ ഏകാധിപത്യത്തിനെതിരേ ഉയര്‍ന്ന പ്രതിരോധത്തിന്റെ നേര്‍ച്ചിത്രമാണീ സിനിമ. തെരഞ്ഞെടുക്കപ്പെട്ട മോര്‍സി സര്‍ക്കാരിനെ പട്ടാള അട്ടിമറിയിലൂടെ താഴെയിറക്കിയതിനെത്തുടര്‍ന്ന് ഇസ്‌ളാമിക് ബ്രദര്‍ഹുഡ് അനുകൂലികളും പട്ടാള അനുകൂലികളും പട്ടാളവും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന തലസ്ഥാന തെരുവിലാണ് കഥ നടക്കുന്നത്.
സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എ.പി വാര്‍ത്താ ഏജന്‍സിയുടെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരായ ആദത്തെയും (ഹാ നി ഏഡല്‍) ഫോട്ടോഗ്രാഫര്‍ സിയനെയും (മുഹമ്മദ് അല്‍ സാബെ) അധികാരത്തിന്റെ ആന്ധ്യത്തില്‍ ബലപ്രയോഗത്തിലൂടെ, തെരുവില്‍ കിടന്ന ഒരു കെട്ടിയടച്ച അരിലോറിക്കുള്ളില്‍ തടവിലാക്കുകയാണ് സൈന്യം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ മാധ്യമങ്ങള്‍ നിഷ്പക്ഷ റിപ്പോര്‍ട്ടുകളിലൂടെ രാജ്യത്തെ കലാപങ്ങളുടെ സത്യാവസ്ഥ പുറംലോകത്തെത്തിക്കുമെന്നാണ് അവരുടെ ആശങ്ക. എഡിറ്ററെ വിളിക്കാനും എംബസിയെ വിവരമറിയിക്കാനുമുളള അവരുടെ ശ്രമങ്ങളൊക്കെയും ഇരുമ്പുകൊണ്ടുള്ള ആ കുടുസു വാഹനത്തിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ വൃഥാവിലാവുകയാണ്. പുറത്തെ തെരുവിലാവട്ടെ ഇസ്‌ളാമിക് ബ്രദര്‍ഹുഡിനെ പിന്തുണയ്ക്കുന്നവരും മോര്‍സി സര്‍ക്കാരിനെ പുറത്താക്കിയതില്‍ സന്തോഷിക്കുന്നവരും വെവ്വേറെ ആഹ്‌ളാദപ്രകടനങ്ങളും പ്രതിഷേധങ്ങളുമായി ഏറ്റുമുട്ടലിന്റെ വക്കിലും. മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പുറത്തെ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ശ്രമത്തിനിടെ ആദം പിടിക്കപ്പെടുകയും വാഹനത്തിന്റെ ജനലഴികളില്‍ കൈവിലങ്ങാല്‍ ബന്ധിക്കപ്പെടുകയുമാണ്.
ബഹളക്കാരെന്നു തെറ്റിദ്ധരിച്ചാണ് സൈന്യം അവരെ അനുകൂലിക്കുന്ന ഒരുപറ്റം ദേശവാസികളെ കൂടി പിടികൂടി വണ്ടിക്കകത്താക്കുന്നതോടെ, നിന്നു തിരിയാനിടമില്ലാത്ത വണ്ടിയില്‍ ആളുകളെക്കൊണ്ട് നിറയുന്നു. അവരില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയും അമ്മയും അച്ഛനുമടങ്ങുന്ന കുടുംബം വരെ ഉള്‍പ്പെടുന്നു. വണ്ടിക്കരികിലൂടെ പ്രകടനമായി പോകുന്ന മോര്‍സി അനുകൂലികളുടെ ശ്രദ്ധ വണ്ടിക്കുള്ളിലേക്കാകുന്നു. അവര്‍ വാഹനത്തിനു നേരെ കല്ലെറിയുന്നു. പട്ടാളക്കാര്‍ അവരെയും വണ്ടിക്കുളളില്‍ ബന്ദികളാക്കുന്നു. ഫലത്തില്‍, സമരാനുകൂലികളും എതിര്‍ക്കുന്നവരുമടങ്ങുന്ന സമൂഹത്തിന്റെ നേര്‍ പരിച്ഛേദം തന്നെ കേവലം എട്ട് ചതുരശ്രയടി വിസ്തീര്‍ണമുള്ള വാഹനത്തിനുള്ളിലാവുന്നു. തുടര്‍ന്നുളള ഏതാനും മണിക്കൂറില്‍ ആ വാഹനത്തില്‍ നടക്കുന്ന നാടകീയ മുഹൂര്‍ത്തങ്ങളാണ് സംവിധായകന്‍ ദൃശ്യത്തിലാവഹിക്കുന്നത്.
തൊഴില്‍ കൊണ്ടു നഴ്‌സായ നഗ്വ (നെല്ലി കരീം), ഭര്‍ത്താവ് ഹോസം(താരീഖ് അബ്ദുല്‍ അസീസ്), കൗമാരക്കാരനായ മകന്‍ ഫറസ് (അഹ്മദ് ഡാഷ്) മകനൊത്ത് നടക്കാനിറങ്ങിയ ഒരു വൃദ്ധന്‍, പ്രമേഹരോഗി, രണ്ടു ഫ്രീക്കി ചെറുപ്പക്കാര്‍, ഇസ്‌ളാമിക് ബ്രദര്‍ഹുഡ് നേതാവും പ്രവര്‍ത്തകരായ ഏതാനും ചെറുപ്പക്കാരും, പതിനാലുകാരിയായ ഐഷ (മായി അല്‍ ഗെയ്തി), അവളുടെ പിതാവ് തുടങ്ങി ഇരുപതോളം പേരാണ് ആ വണ്ടിയില്‍ അകപ്പെടുന്നത്. ഇവരുടെ ഈഗോകളും രാഷ്ട്രീയ സാമൂഹിക വ്യത്യസ്തതകളുമെല്ലാം പരസ്പരം ഏറ്റുമുട്ടുന്നതും, നിസഹായതയ്ക്കു മുന്നില്‍ അതെല്ലാം മറന്ന് മാനവികതയ്ക്കും മാനുഷികതയ്ക്കും വേണ്ടി പരസ്പരം കൈകോര്‍ക്കുന്നതും ഒടുവില്‍ രക്ഷപ്പെടുന്ന അവസരിത്തില്‍ പുറം ലോകത്തേക്ക് അവരുടെ സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ വ്യത്യാസങ്ങളുടെ ഭാണ്ഡവുമായിത്തന്നെ മടങ്ങുകയും ചെയ്യുന്ന മനുഷ്യസ്വഭാവത്തിന്റെ സംഘര്‍ഷഭാവങ്ങളാണ് ക്‌ളാഷ് ആത്മാര്‍ത്ഥമായി വരച്ചുകാട്ടുന്നത്. പ്രമേഹം മൂത്ത് ക്ഷീണിതനായ വൃദ്ധന് മൂത്രമൊഴിക്കാന്‍ സൗകര്യമൊരുക്കുന്നതും, കല്ലേറില്‍ പരുക്കേറ്റവരെ ശുശ്രൂഷിക്കാന്‍ നഗ്വയ്ക്ക് സൗകര്യമൊരുക്കുന്നതും, ജാതി-മത-രാഷ്ട്രീയ പരിഗണനകള്‍ക്കപ്പുറം അത്യാഹിതങ്ങളില്‍ കൈകോര്‍ക്കുന്നതുമായ രംഗങ്ങള്‍ ഹൃദയസ്പര്‍ശിയായിത്തന്നെയാണ് ദിയാബ് ആവിഷ്‌കരിച്ചിരിക്കുന്നത്.
ഐഷയ്ക്ക് കക്കൂസ് ഉപയോഗിക്കേണ്ടിവരുന്ന സന്ദര്‍ഭത്തില്‍പ്പോലും അവരെ തുറന്നുവിടാനോ അവര്‍ക്ക് കക്കൂസ് സൗകര്യം ലഭ്യമാക്കാനോ കുടിക്കാന്‍ വെള്ളം കൊടുക്കാനോ പുറത്തുനില്‍ക്കുന്ന പട്ടാളക്കാര്‍ തയാറാവുന്നില്ല. അതിനു തങ്ങള്‍ക്കു നിര്‍ദ്ദേശമില്ലെന്നാണ് സൈനികസംഘം നേതാവിന്റെ നിലപാട്. നിങ്ങള്‍ക്കുമില്ലേ സഹോദരിമാര്‍ എന്ന ബന്ദികളുടെ ചോദ്യത്തിനു മുന്നില്‍ അവാദ് എന്ന യുവാവായ പട്ടാളക്കാരന്‍ മേലധികാരിയെപ്പോലും ധിക്കരിക്കാന്‍ മടിക്കുന്നില്ല. അതിനയാള്‍ക്കു നേരിടേണ്ടിവരുന്നതോ, അവര്‍ക്കൊപ്പം ആ വണ്ടിക്കുള്ളില്‍ തടവിലാക്കപ്പെടുകയാണയാളും.ഇതിനിടയ്ക്കും അവര്‍ക്കിടയിലെ ചെറിയ ചെറിയ ഇണക്കങ്ങളും സന്തോഷങ്ങളും പ്രത്യാശയുടെ വെള്ളിവെളിച്ചമാവുന്നു. സംഘര്‍ഷങ്ങള്‍ക്കിടയിലും അവരിലൊരാളുടെ പാട്ടിനൊപ്പം ആ ഇരുപതാളും മനസ് അയയ്ക്കുന്നുണ്ട്.വാച്ചിലെ ക്യാമറയില്‍ അവരാ കൊച്ചു സന്തോഷങ്ങള്‍ പകര്‍ത്തുകയും ചെയ്യുന്നുണ്ട്.
മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ സൈന്യവും സമരക്കാരും തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിനൊടുവില്‍ രക്ഷയുടെ തീരങ്ങളിലേക്ക് വണ്ടി പോകുന്നതാണ് കഥ.
വണ്ടിക്കുള്ളില്‍ തടവിലാക്കപ്പെട്ട കാഴ്ചപ്പാടില്‍ത്തന്നെയാണ് ഈ മുഴുവന്‍ സിനിമയിലും ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത് വളരെ അപൂര്‍വമായി മാത്രമാണ് ക്യാമറ ആ വാനിനു പുറത്തിറങ്ങുന്നത്. അതേസമയം ഇത്രയും ചെറിയ ചുറ്റുവട്ടത്ത് ഇത്രയേറെ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ച് അവരുടെ ചലനാത്മകവും സംഘര്‍ഷാത്മകവുമായ സ്വാഭാവിക ജീവിതം പകര്‍ത്തുകയും ചെയ്ത അഹ്മദ് ഗാബറിന്റെ ഛായാഗ്രഹണ പാടവം ഏറെ ശ്്‌ളാഘിക്കപ്പെട്ടിട്ടുണ്ട്. ഐ.എഫ്.എഫ്.കെയിലെ അവാര്‍ഡ് ജൂറിയും ചിത്രത്തിനുള്ള പ്രശംസാപത്രത്തില്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചിട്ടുമുണ്ട്.  പൂര്‍ണമായും കൈയിലേന്തിയ ക്യാമറകൊണ്ടാണ് ഗാബര്‍ ഈ 97 മിനിറ്റ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ളത്. ഒരു പക്ഷേ ചിത്രം മുന്നോട്ടുവയ്ക്കുന്ന രൂക്ഷമായ സാമൂഹികവിമര്‍ശനത്തിനും രാഷ്ട്രീയവിമര്‍ശനത്തിനുമപ്പുറം അതു വച്ചുപുലര്‍ത്തുന്ന സിനിമാത്മകമായ കാഴ്ചപ്പാടും അതിന്റെ സാങ്കേതിക പൂര്‍ണതയുമാണ് ഈ ചിത്രത്തെ സവിശേഷമാക്കുന്നത്.
ഇവിടെ ഈ രണ്ട് അംശങ്ങളും കഴിഞ്ഞവര്‍ഷം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയെയും കാന്‍, ചിക്കാഗോ, ദുബായ് അടക്കമുള്ള ചലച്ചിത്രമേളകളെയും സാര്‍ത്ഥകമാക്കിയ ഫ്രഞ്ച് ഖത്തര്‍ സംയുക്ത സംരംഭമായ അറബ് അബുനാസര്‍- ടാര്‍സന്‍ അബുനാസര്‍ എന്നിവര്‍ ചേര്‍ന്നു സംവിധാനം ചെയ്ത ഡീഗ്രേയ്ഡ് എന്ന സിനിമയെ ഓര്‍മപ്പെടുത്തുന്നു. കലാപമൊഴിഞ്ഞുനില്‍ക്കുന്നൊരു പകല്‍ ഗാസയിലെ ഒരു സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറില്‍ സംഭവിക്കുന്ന നാടകീയസംഭവങ്ങളായിരുന്നു ആ ചിത്രം. ക്രിസ്റ്റീന്റെ ബ്യൂട്ടി പാര്‍ലറില്‍ വിവിധ സൗന്ദര്യസംരക്ഷണസേവനങ്ങള്‍ക്കായി എത്തിപ്പെട്ടിരിക്കുന്നവരില്‍ ഒരു വധുവുണ്ട്, ഗര്‍ഭിണിയുണ്ട, വിവാഹമോചിതയായൊരു പരിഷ്‌കാരിയുണ്ട്, വിശ്വാസികളുണ്ട്. അവളുടെ പാര്‍ലറിലെ പ്രധാന പണിക്കാരിയാവട്ടെ ഹമാസ് തീവ്രവാദികളില്‍ ഒരാളുടെ കാമുകിയാണ്. പുറംവീഥികളെല്ലാം തീവ്രവാദികളുടെ കര്‍ക്കശ ബന്തവസിലാണ്. കാരണം. ഇതിനിടെ ഗാസയിലെ മൃഗശാലയില്‍ നിന്ന് എതിര്‍സംഘം കൈക്കലാക്കുന്ന സിംഹത്തെച്ചോലി പ്രതികാരത്തിനായി പോരാളികള്‍ തമ്മില്‍ തെരുവുയുദ്ധം രൂക്ഷമാകുമ്പോള്‍ നിന്നു തിരിയാനിടമില്ലാത്ത ആ കുടുസുമുറിയില്‍ അവരത്രയും അക്ഷരാര്‍ത്ഥത്തില്‍ ബന്ദികളാക്കപ്പെടുകയാണ്.ഇതിനിടെ ഗര്‍ഭിണിക്ക് പ്രസവവേദനയടക്കം പ്രതിസന്ധികളൊന്നൊന്നായി നേരിടേണ്ടിവരികയാണവര്‍ക്ക്. അസാമാന്യ കൈയൊതുക്കത്തോടെയാണ് എറിക് ഡെവിന്റെ ഛായാഗ്രഹണ പാടവം ഡീഗ്രേയ്ഡിനെയും മനോഹരമാക്കുന്നത്. സാമൂഹികവീക്ഷണത്തില്‍ ദ് ക്‌ളാഷും ഡീഗ്രേയ്ഡും വച്ചുപുലര്‍ത്തുന്ന സാമ്യം ്അദ്ഭുതാവഹമത്രേ. ക്്‌ളാഷ് ഡീഗ്രേയ്ഡിന്റെ അനുകരണമാണെന്നല്ല ഇതിനര്‍ത്ഥം. മറിച്ച് കലാപം കൊടിപാറിക്കുന്ന ഭൂമിയിലെല്ലാം സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും ഒന്നുതന്നെയാണെന്നും അതിന്റെ തീവ്രത ഒരുപോലെയാണെന്നും അതില്‍ നിന്നുള്ള അതിജീവനത്തിന് അവര്‍ കൊടുക്കേണ്ടി വരുന്ന വില ഒരുപോലെ ഭീകരമാണെന്നുമാണ് ഈ രണ്ടു സിനിമകളും തെളിയിക്കുന്നത്.
ഇന്ത്യയിലും കലാപങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ ശക്തമായ ചലച്ചിത്രാവിഷ്‌കാരങ്ങള്‍ മുഖ്യധാരയിലും അല്ലാതെയും ഉണ്ടായിട്ടുണ്ട്. അപര്‍ണ സെന്നിന്റെ മിസ്റ്റര്‍ ആന്‍ഡ് മിസിസ് അയ്യര്‍, മണിരത്‌നത്തിന്റെ ബോംബെ, ജയരാജിന്റെ ദൈവനാമത്തില്‍, ടിവി ചന്ദ്രന്റെ വിലാപങ്ങള്‍ക്കപ്പുറം തുടങ്ങിയ സിനിമകളെല്ലാം ഇത്തരം കാഴ്ചകളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. അവയില്‍ പലതും ത്രില്ലറുകള്‍ക്കപ്പുറം മത-രാഷ്ട്രീയ ഗൂഢാലോചനകളുടെ തനിനിറം പുറത്തുകൊണ്ടുവരികയും ചെയ്തു. എന്നാല്‍ സ്ഥല-കാലരാശിയുടെ സാങ്കേതികവിനിയോഗംവഴി ചലച്ചിത്രപരമായൊരു സവിശേതയാണ് ദ് ക്‌ളാഷിനെയും ഡീഗ്രേയ്ഡിനെയും വ്യത്യസ്തമാക്കുന്നത്. ഒരുപക്ഷേ മതിലുകളിലും മറ്റും അടൂര്‍ ഗോപാലകൃഷ്ണനെപ്പോലുള്ളവര്‍ പരീക്ഷിച്ച സ്ഥലരാശിയുടെ സിനിമാറ്റിക് സാധ്യതകളാണ് ഈ സിനിമകള്‍ ഓര്‍മയിലെത്തിക്കുക. എന്നാല്‍ ഡിജിറ്റല്‍ സാങ്കേതികതയുടെ എല്ലാ സാധ്യതകളും വിനിയോഗിച്ച് ഇതുവരെ കാണാത്ത ചില വീക്ഷണകോണുകളിലൂടെ കാഴ്ചയുടെ വേറിട്ട തലങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട് ദ് ക്‌ളാഷ്. ഒരുപക്ഷേ, രണ്ടു മുറികളിലായി ക്യാമറ പ്രതിഷ്ഠിക്കാന്‍ അവസരം നല്‍കിയ ഡീഗ്രേയ്ഡിനെപ്പോലും ദ് ക്‌ളാഷ് അതിശയിപ്പിക്കുന്നതും മാധ്യമപരമായ ഈ ദൃശ്യസാഹസത്തിലൂടെയായിരിക്കണം.

No comments: