Monday, April 07, 2025

സമരമുഖത്തെ മലയാള സിനിമ: പിന്നാമ്പുറ സത്യങ്ങള്‍


KALAKAUMUDI 2025 APRIL 6-13

ലോകത്ത് ഏതുതരം ഉപഭോഗസംസ്‌കാരത്തിനും സാധുവായൊരു കാര്യമുണ്ട്. ഏതൊരു വ്യവസായത്തിന്റെയും വാണിജ്യത്തിന്റെയും നിലനില്‍പു തന്നെ ആ ഒരു സൂത്രവാക്യത്തിലധിഷ്ഠിതമാണ്. ഡിമാന്‍ഡ് വേഴ്‌സസ് സപ്‌ളൈ എന്നൊരു ലഘുസമവാക്യമാണത്. പണത്തിന്റെ കാര്യത്തില്‍ പോലും ഈ സമവാക്യം സാധുവാണ്. ലഭ്യത ആവശ്യത്തിലുമധികമാവുമ്പോള്‍ വില്‍പന/ലാഭം കുറയുന്നു. ലോകത്തേത് ഉപഭോക്തൃ ഉല്‍പ്പന്നത്തെ സംബന്ധിച്ചും ഈ സമവാക്യം ബാധകവും സാര്‍ത്ഥകവുമാണ്. ലഭ്യത കുറയുമ്പോള്‍ വിലയും കൂടും. അതാണ് കരിഞ്ചന്തയുടെയും പിന്നിലെ ധനതത്വം. സിനിമ പോലെ, കോടിക്കണക്കിനു രൂപയുടെയും ആയിരക്കണക്കിന് മനുഷ്യപ്രയത്‌നവും ആവശ്യമായിവരുന്നൊരു ഉല്‍പ്പന്നത്തെ സംബന്ധിച്ച് ഈ സമവാക്യത്തില്‍ ആനുപാതികമല്ലാത്ത മാറ്റം വന്നാല്‍ അതൊരുപക്ഷേ വ്യവസായത്തെ തന്നെ തകര്‍ത്തേക്കുമെന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ്, ആശങ്കാകുലമാംവിധം മലയാളസിനിമയില്‍ നഷ്ടത്തിനു പുറത്തു നഷ്ടം കുമിഞ്ഞു കൂടുന്ന സാഹചര്യത്തില്‍  പലവിധ ഇടപെടലുകള്‍ക്കും ശ്രമിച്ച് ഫലപ്രാപ്തിയിലെത്താതെ വന്നപ്പോള്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ സമരപ്രഖ്യാപനവുമായി മുന്നോട്ടുവന്നത്. ഒപ്പം 2025 ജനുവരിയിലെ തീയറ്റര്‍ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ മുതല്‍ മാസാമാസം പുറത്തുവിട്ടുകൊണ്ടും ഒരു തിരുത്തലിനു വഴിമരുന്നിട്ടിരിക്കുകയാണ് മലയാളം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. തത്കാലം സാംസ്‌കാരിക സിനിമാ വകുപ്പു മന്ത്രി 45 ദിവസത്തെ സമയം ചോദിച്ചതനുസരിച്ച് ജൂണില്‍ തുടങ്ങാനിരുന്ന സമരം മാറ്റിവച്ചുവെങ്കിലും നടപടിയുണ്ടായില്ലെങ്കില്‍ സ്തംഭനസമരവുമായി മുന്നോട്ടു തന്നെ എന്ന അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിട്ടുണ്ട് നിര്‍മ്മാതാക്കളും വിതരണക്കാരും. ഈ സാഹചര്യത്തില്‍, യഥാര്‍ത്ഥത്തില്‍ അവരുന്നയിക്കുന്ന പ്രശ്‌നങ്ങളും മലയാള സിനിമാരംഗത്ത് നിലവിലുള്ള പ്രതിസന്ധികളും, അസോസിയേഷനുകളുടെ തിരുത്തല്‍ ശ്രമങ്ങളില്‍ വന്ന പാളിച്ചകളും അതുണ്ടാക്കുന്ന ക്ഷീണങ്ങളുമെന്തെന്നും ഇതില്‍ ഭരണകൂടത്തിന് നടത്താവുന്ന ഇടപെടലുകളെന്തെന്നും പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

കണക്കുകളുടെ വെള്ളിത്തിര

ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ ലഭ്യമായ കണക്കനുസരിച്ച് കേരളത്തില്‍ നിലവിലുള്ളത് 1015 ചലച്ചിത്ര പ്രദര്‍ശനശാലകളാണ്. ഇവയെ എ ബി സി എന്നിങ്ങനെ നിലവാരത്തിനനുസരിച്ച് തരംതിരിച്ചിരിക്കുന്നു. സിംഗിള്‍ സ്‌ക്രീന്‍ തീയറ്ററുകളുടെ മാത്രം കണക്കാണിത്. എന്നുവച്ചാല്‍ ഒറ്റ സ്‌ക്രീന്‍ മാത്രമുള്ള പരമ്പരാഗത തീയറ്ററുകള്‍. മള്‍ട്ടീപ്‌ളെക്‌സുകളും മള്‍ട്ടീസ്‌ക്രീന്‍ തീയറ്ററുകളും വേറെ. 367 തീയറ്റര്‍ സമുച്ചയങ്ങളും 722 മള്‍ട്ടി സ്‌ക്രീനുകളും ഉണ്ടെന്നാണ് കണക്ക്. ഇവയില്‍ എറണാകുളത്തു മാത്രം 103 സ്‌ക്രീനും തിരുവനന്തപുരത്ത് 96 സ്‌ക്രീനും തൃശൂരില്‍ 83 സ്‌ക്രീനുമുള്‍പ്പെടുന്നു. വയനാട്ടിലാണ് ഏറ്റവും കുറച്ച് പ്രദര്‍ശനസൗകര്യങ്ങളുള്ളത് 19 മള്‍ട്ടി സ്‌ക്രീനുകള്‍. വിവിധ ജില്ലകളിലായി 17 എണ്ണം പൊതുമേഖലാ സ്ഥാപനമായ കേരള ചലച്ചിത്ര വികസന കോര്‍പറേഷന്റെ വകയായുള്ളതുമാണ്. ക്യൂബ് ഡിജിറ്റല്‍ പ്രദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയ 289 തീയറ്ററുകളുണ്ട് കേരളത്തില്‍. പുതുതായി പല മള്‍ട്ടിപ്‌ളക്‌സുകളും പണിപൂര്‍ത്തിയാവുന്നുണ്ട്. സിംഗിള്‍ സ്‌ക്രീനുകള്‍ പലതും മള്‍ട്ടിസ്‌ക്രീനുകളാകാനുമുണ്ട്. 

ഈ തീയറ്ററുകളില്‍ ഓരോന്നിലും ഏകദേശം ഒരു ദിവസം അഞ്ചു പ്രദര്‍ശനങ്ങള്‍ വീതമാണ് നടത്താനാവുക. അങ്ങനെയാണെങ്കില്‍ കേരളത്തിലെ മൊത്തം തീയറ്ററുകളിലും ഫുള്‍ ഹൗസായി ഓടിയാലും ഒരു മാസം പരമാവധി 5075 പ്രദര്‍ശനങ്ങള്‍ മാത്രമേ സാധ്യമാവൂ. ഒരു സമയം പത്തു സിനിമകള്‍ റിലീസ് ചെയ്താല്‍ ഒരു സിനിമയുടെ 507 പ്രദര്‍ശനം മാത്രമേ ഒരു ഷോയ്ക്ക് നടത്താനാവൂ. എന്നുവച്ചാല്‍ പകുതിയില്‍ താഴെ തീയറ്ററുകളിലും ആ ചിത്രം കാണിക്കാനാവില്ലെന്നു സാരം. മള്‍ട്ടിപ്‌ളക്‌സുകളിലും മള്‍ട്ടിസ്‌ക്രീന്‍ തീയറ്ററുകളിലും ഓരോ ഷോയ്ക്കും പല സിനിമകള്‍ കാണിച്ചുകൊണ്ടാണ് ഒരു ദിവസം തന്നെ പല സിനിമയ്ക്കും കൂടുതല്‍ ആളുകളെ കയറ്റുന്നത്. അങ്ങനെ നോക്കിയാലും കൂടുതല്‍ സിനിമകള്‍ പുറത്തിറങ്ങുന്നത് മൊത്തത്തില്‍ ഓരോ സിനിമയും നേടുന്ന വിജയത്തിന്റെ തോത് ഇടിക്കും. കാരണം, മലയാള സിനിമ മാത്രമല്ല ഒരാഴ്ച പുറത്തിറങ്ങുന്നത്. തമിഴും തെലുങ്കും ഇംഗ്‌ളീഷും അടക്കമുള്ള മറുഭാഷാ ചിത്രങ്ങളും ഇതിനൊപ്പം മത്സരിക്കാനുണ്ട്. 

ഒരു മാസം ഒരു സിനിമ വച്ചു പുറത്തിറങ്ങിയാല്‍ ദിവസം അഞ്ചു ഷോ വച്ച് ഒരു വര്‍ഷം അവയ്ക്ക് 1825 പ്രദര്‍ശനങ്ങള്‍ നടത്താം. ഈ സാഹചര്യത്തിലാണ് മലയാള സിനിമയിലെ ഡിമാന്‍ഡും സപ്‌ളൈയും തമ്മിലുള്ള അന്തരത്തെക്കുറിച്ചാലോചിക്കാന്‍. അടുത്തിടെ ദൂരദര്‍ശന്‍ മലയാളത്തില്‍ നടന്നൊരു ചര്‍ച്ചയില്‍ നിര്‍മ്മാതാവായ സന്ദീപ് സേനന്‍ ചൂണ്ടിക്കാണിച്ചതനുസരിച്ച് കേരളത്തിലെ മൊത്തം തീയറ്ററുകള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നതും, ഓണം വിഷു, ക്രിസ്മസ് ന്യൂ ഇയര്‍ എന്നീ ഫെസ്റ്റിവല്‍ സീസണുകളടക്കം വിജയിക്കാന്‍ സാധ്യതയുള്ളതും പരമാവധി 70 സിനിമകളാണ്. എന്നുവച്ചാല്‍ ഒരു സിനിമയ്ക്ക് ഒരു വര്‍ഷം പരമാവധി കളിക്കാനാവുക 26 ഷോ മാത്രമാണ്. അതായത് കേവലം അഞ്ചു ദിവസം മാത്രം റെഗുലര്‍ ഷോയായി കളിക്കാന്‍ സാധിക്കുമെന്നു സാരം. കേരളത്തിലെ തീയറ്ററുകളുടെ ശരാശരി ടിക്കറ്റ് നിരക്ക് 120 എന്നു കണക്കാക്കിയാല്‍ (1000 രൂപ വരെ ടിക്കറ്റുകള്‍ ലഭ്യമാണെന്നതിനാല്‍ ഇവിടെപ്പറഞ്ഞിട്ടുള്ള കണക്കില്‍ ഏറ്റക്കുറച്ചിലുകള്‍ ഉറപ്പാണെന്നു സൂചിപ്പിക്കട്ടെ. മനസിലാക്കാന്‍ വേണ്ടി മാത്രം ഉദാഹരിച്ചിട്ടുള്ള കണക്കാണിവിടെ നല്‍കിയിട്ടുള്ളത്.) 100 സീറ്റുള്ളൊരു തീയറ്ററില്‍ നിന്ന് ആകെ ലഭിക്കുക മൂന്നുലക്ഷം രൂപയാണ്. മൊത്തം തീയറ്ററുകളുമെടുത്താല്‍ 30,45,000,00 രൂപ. എല്ലാ ഷോയും ഹൗസ്ഫുള്ളായി കണക്കാക്കിയാല്‍ വരുന്ന വരുമാനമാണേ ഇത്.

ലഭ്യമായ കണക്കുകളനുസരിച്ച് 2024ല്‍ സെന്‍സര്‍ ചെയ്ത് പുറത്തിറങ്ങിയത് 213 മലയാള സിനിമകളാണ്. എന്നുവച്ചാല്‍ ഒരു തീയറ്ററില്‍ നിന്ന് ലഭിക്കാവുന്ന ഫുള്‍ ഹൗസ് വരുമാനം അതിന്റെ മൂന്നിലൊന്നായി കുറയുമെന്നു സാരം. അതായത് 10,15,000,00 രൂപ. ഇതൊക്കെ സാങ്കല്‍പിക സാഹചര്യത്തില്‍ എല്ലാം ഒത്തുവരുമ്പോഴത്തെ കണക്കുകളും സംഖ്യകളുമാണെന്നു മറക്കരുത്. മറുഭാഷാ സിനിമകളെയും സൂപ്പര്‍മെഗാഹിറ്റുകളെയും കണക്കിലെടുക്കാതെയാണിത്. അവ കൂടി പരിഗണിക്കുമ്പോള്‍ വിറ്റുവരവ് ഇനിയും കുറയും.

ഇനിയുള്ള കണക്കാണ് നിര്‍മ്മാതാവ് സുരേഷ്‌കുമാറിനെതിരേ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പരിഭവവുമായി വരാന്‍ കാരണായത്. തീയറ്ററില്‍ നിന്നുള്ള വരുമാനം മാത്രം മുന്‍നിര്‍ത്തി ഒരു മലയാള സിനിമയ്ക്കും കോടികളുടെ ആദായമുണ്ടാക്കാനാവില്ലെന്നാണ് സുരേഷ് പറഞ്ഞത്. അതു വാസ്തവവുമാണ്. പക്ഷേ, ഒരു സിനിമയുടെ അറ്റാദായത്തെ വച്ചുകൊണ്ടല്ല, മറിച്ച് മൊത്തവരവിനെ വച്ചുകൊണ്ടുമാത്രമാണ് ലോകസിനിമയില്‍ 50 കോടി 100 കോടി ക്‌ളബ് എന്ന വിശേഷണം ചാര്‍ത്തിക്കൊടുക്കുന്നത് എന്ന് മനസിലാക്കാന്‍ സുരേഷ്‌കുമാര്‍ തയാറായില്ല. അദ്ദേഹം പരിഗണിച്ചത് യഥാര്‍ത്ഥത്തില്‍ നിര്‍മ്മാതാവിനു കിട്ടുന്ന ലാഭക്കണക്കാണ്. ആ ലാഭക്കണക്കിന്റെ പിന്നാമ്പുറം കൂടി ഒന്നു പരിശോധിക്കാം.

ലോകത്തേതൊരു ഉപഭോക്തൃ ഉല്‍പ്പന്നത്തിനും മൊത്തവിലയുടെ/ പരമാവധി വില്‍പനവിലയുടെ 25 ശതമാനം വിതരണത്തിനുള്ള കമ്മീഷനാണ്. അതു ലോകനടപ്പാണ്. കമ്മീഷനു പുറമേ ജി എസ് ടി കൂടി വരും. സിനിമയില്‍ ഇതെല്ലാം കൂടി 30 ശതമാനം വരും. പുറമേ വിനോദ നികുതി എന്നൊരു അധികബാധ്യതയും സാമൂഹികപെന്‍ഷന്‍ പദ്ധതിവിഹിതമായി ഒരു സെസ് തുകയും കൂടി അധികഭാരമായിട്ടുണ്ട്. വില്‍ക്കപ്പെടുന്ന ഓരോ ടിക്കറ്റിന്മേലും മൂന്നു രൂപ സര്‍ക്കാരിന് കേരള സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡിലേക്ക് നല്‍കണം. ബാക്കി 18 ശതമാനം ജിഎസ്ടി. 100 രൂപ ഗ്രോസ് കളക്ഷനില്‍ നിന്ന് (സിനിമാഭാഷയില്‍ ഒരു ടിക്കറ്റ് വിറ്റുകിട്ടുന്ന വരുമാനം) നികുതികളും ചെലവും കഴിച്ച് കിട്ടുന്ന 70 ശതമാനത്തെയാണ് തീയറ്റര്‍ ഷെയര്‍ എന്നു വിളിക്കുക. തീയറ്റര്‍ ഷെയറില്‍ നിന്നാണ് വിതരണക്കാരനുള്ള വീതം കഴിച്ച് ബാക്കി നിര്‍മ്മാതാവിനുള്ള ലാഭവീതമായി ലഭിക്കുക. എല്ലാ കിഴിവുകളും കഴിഞ്ഞാല്‍ പരമാവധി 30–35 ശതമാനം മാത്രമാണ് നിര്‍മ്മാതാവിന് ഒരു ടിക്കറ്റിന്മേല്‍ ഷെയറായി(അറ്റാദായം) ലഭിക്കുക. ഇതില്‍ നിന്ന് ചെലവായ തുക കിഴിച്ചുള്ളതു മാത്രാമായിരിക്കും അയാളുടെ ലാഭവിഹിതം.

ഇത് തീയറ്റര്‍ വരുമാനത്തിന്റെ (സിനിമാഭാഷയില്‍ തീയറ്റര്‍ ഷെയര്‍) മാത്രം കാര്യമാണ്. ഒരു സിനിമയ്ക്ക് വേറെയും വിപണികളുണ്ട്. സംഗീതവിപണി, ഓവര്‍സീസ് റൈറ്റ് അഥവാ ഇന്ത്യയ്ക്കു പുറത്തുള്ള പ്രദര്‍ശനാനുമതി വഴി ലഭിക്കുന്ന വരുമാനം, സാറ്റലൈറ്റ് റൈറ്റ്‌സ് അഥവാ ടിവി സംപ്രേഷണാനാനുമതി, ഒടിടി റൈറ്റ്‌സ് അഥവാ ഒടി ടി വഴി ലഭിക്കുന്ന വരുമാനം എന്നിവയാണവ. തീയറ്ററില്‍ മികച്ച അഭിപ്രായം നേടുന്ന, പ്രദര്‍ശനവിജയം നേടുന്ന ഒരു സിനിമയെ സംബന്ധിച്ചിടത്തോളം  ഈ കണക്കിലും ഏറ്റമുണ്ടാവും. മികച്ച വിജയം നേടുന്ന സിനിമയ്ക്ക് പുറം രാജ്യങ്ങളില്‍ വിതരണത്തിന് കൂടുതല്‍ ഷെയര്‍ കിട്ടാം. ഉപഗ്രഹ–ഒടിടി വിപണികളില്‍ നിന്നും കൂടുതല്‍ ലാഭം കിട്ടാം, മുന്‍കൂട്ടി അത് ഔട്ട്‌റൈറ്റിന് (ഒറ്റിന്) വില്‍ക്കപ്പെട്ടതല്ലെങ്കില്‍! ഇതുകൂടി കണക്കിലെടുക്കേണ്ടതുണ്ട് എന്നാണ് സുരേഷ്‌കുമാറിന്റെ കണക്കിനെ വെല്ലുവിളിച്ച നടനും നിര്‍മ്മാതാവുമായ കുഞ്ചാക്കോ ബോബന്‍ ഉയര്‍ത്തിയ വാദം. ഈ വാദത്തില്‍ കഴമ്പുണ്ടെന്നും കാണാം. അതേപ്പറ്റി ആഴത്തില്‍ തന്നെ വിലയിരുത്താം.

പ്രശ്‌നങ്ങളുടെ ആഴത്തിലേക്ക്

എല്ലാ ഉല്‍പ്പന്നങ്ങളുടെയും വിപണനവിഭാഗം ഊന്നല്‍ നല്‍കുക വിപണി വികസിപ്പിക്കാനാണ്. കൂടുതല്‍ ആളുകളിലേക്ക് എത്തിച്ച് വിപണി വികസിപ്പിക്കുന്നതനുസരിച്ച് ഉദ്പാദനവും വില്‍പനയും വിറ്റുവരവും കൂടുമെന്ന സാമാന്യ വാണിജ്യതത്വമാണിതിനു പിന്നില്‍. സിനിമയെ സംബന്ധിച്ച് നാളിതുവരെ ഭാഷ വിപണി വികസനത്തിനൊരു മുഖ്യ തടസമായിരുന്നു. മലയാളമറിയുന്നവരില്‍ മാത്രമായി മലയാള സിനിമയുടെ വിപണി ചുരുങ്ങിയിരുന്നു. അതില്‍ത്തന്നെ നഗരഗ്രാമ വേര്‍തിരിവുകളും നിലനിന്നു. ഒരു സിനിമ ആദ്യം എ സെന്ററിലും തുടര്‍ന്ന് ബി സെന്ററിലും പ്രദര്‍ശിപ്പിച്ചശേഷം മാത്രം സി സെന്ററുകളിലെത്തുക എന്ന രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. പ്രധാനമായി 14–18 പ്രിന്റുകളുമായി സിനിമകള്‍ വിതരണത്തിനെത്തുന്നതായിരുന്നു പതിവ്. പ്രിന്റൊന്നിന് തന്നെ ലക്ഷങ്ങള്‍ മുതല്‍മുടക്കേണ്ട സെല്ലുലോയ്ഡ് കാലത്ത് അത്രയെ സാധ്യമായിരുന്നുള്ളൂ. അതില്‍ത്തന്നെ എ കേന്ദ്രത്തില്‍ സിനിമ ഹിറ്റായാല്‍ സിയിലെത്താന്‍ ചിലപ്പോള്‍ മാസങ്ങള്‍ വൈകുന്നതും പതിവായിരുന്നു. സി ക്‌ളാസിലെത്തുമ്പോള്‍ പ്രിന്റുകള്‍ ഓടിയോടി പോറല്‍ വീണു നശിച്ചതുമാവും. എന്നാല്‍ സാങ്കേതികത ഡിജിറ്റലിലേക്കു കടന്നതോടെ ഈ സ്ഥിതിക്കു മാറ്റംവന്നു. ഒന്നാംകിട സ്‌റ്റേഷനുകള്‍ക്കൊപ്പം പ്രാദേശിക തീയറ്ററുകളിലും ഒരേ സമയം സിനിമ എത്തിക്കാനാവുന്ന അവസ്ഥയുണ്ടായി. അത്തരത്തില്‍ എ, ബി, സി കേന്ദ്രങ്ങളെ ഒന്നിപ്പിച്ച് കേരളത്തിലും പുറത്തും വൈഡ് റിലീസ് എന്ന സാധ്യത ആദ്യം പ്രയോഗത്തില്‍ വരുത്തിയത് ആശിര്‍വാദ് സിനിമാസാണ്. ഒരു സിനിമ ഘട്ടം ഘട്ടമായി മൂന്നു കേന്ദ്രങ്ങളില്‍ നിന്ന് മൂന്നോ നാലോ മാസങ്ങളിലൂടെ നേടുന്ന വരുമാനം വൈഡ് റിലീസിങ്ങിലൂടെ രണ്ടാഴ്ച കൊണ്ടു നേടുന്ന അവസ്ഥ. അപ്പോള്‍ റിലീസിന്റെ ആദ്യമാസം തന്നെ വേണമെങ്കില്‍ ഒടിടിയിലും റിലീസാക്കാനും സാധിക്കും. മാടക്കടകളെ അപേക്ഷിച്ച് സൂപ്പര്‍ സ്റ്റോറുകളില്‍ നടക്കുന്ന വോള്യും സെയിലിനോട് സാമ്യമുള്ള വിപണനതന്ത്രമാണിത്. ഇതേ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് എംപുരാനിലൂടെ മലയാളത്തില്‍ സമാനതകളില്ലാത്ത പ്രചാരണതന്ത്രങ്ങളിലൂടെ അഭൂതപൂര്‍വമായ പ്രീബുക്കിങ് തരംഗത്തിന് വഴിവച്ചതും. ചിത്രമുണ്ടാക്കിയ വിവാദം മാറ്റിനിര്‍ത്തിയാല്‍ തീയറ്ററുകളില്‍ അതുണ്ടാക്കിയ ചലനം ചരിത്രമാണ്. ശരാശരി അഞ്ചു ഷോകള്‍ മാത്രം നടത്തിപ്പോന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തീയറ്ററുകളില്‍ പോലും ഒരു സിനിമ, ഒരേയൊരു സിനിമ രാവിലെ എട്ടു മണി മുതല്‍ രാത്രി 11.45 വരെ തുടര്‍ച്ചായി ഏഴു ഷോ വീതം ഹൗസ് ഫുളളായി പ്രദര്‍ശിപ്പിക്കുന്ന സ്ഥിതിയാണ് എംപുരാന്‍ സൃഷ്ടിച്ചത്. ഇതിനി ആവര്‍ത്തിക്കപ്പെടാന്‍ എഴുപ്പമുള്ള സംഗതിയല്ല. എന്നാലും വര്‍ഷത്തില്‍ ഇതേപോലെ ഒന്നോ രണ്ടോ സിനിമ വന്നാല്‍ വര്‍ഷം മുഴുവന്‍ നഷ്ടമില്ലാതെ പ്രദര്‍ശന–വിതരണ സ്ഥാപനങ്ങള്‍ക്കു കഴിഞ്ഞുപോകാനുള്ള അവസ്ഥയുണ്ടാവും. അതുവഴി ആയിരക്കണക്കിന് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അല്ലലില്ലാതെ ജീവിക്കാനുമാവും. സിനിമയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനാളുകളുടെ കുടുംബങ്ങള്‍ക്കും അതു സമാശ്വാസമാവും. ഒരു സിനിമയില്‍ ശരാശരി 300 പേര്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രൊഡക്ഷന്‍ ചുമതല മുതല്‍ ഡ്രൈവര്‍മാരും കേറ്ററേഴ്‌സുമടക്കം പ്രവര്‍ത്തിക്കുന്നതായാണ് കണക്ക്.

ജീവനക്കാരുടെ തൊഴില്‍ സമയം, വൈദ്യുതി വെള്ളം അടക്കമുള്ള പ്രവര്‍ത്തനച്ചെലവുകള്‍ എല്ലാം പരിഗണിച്ചുകൊണ്ടാണ് തീയറ്ററിന്റെ ലാഭവീതം നിശ്ചയിക്കേണ്ടത്. ഒരു തീയറ്ററില്‍ മാനേജര്‍ മുതല്‍ ക്‌ളീനര്‍ വരെ ഏറ്റവും കുറഞ്ഞത് 10 ജീവനക്കാരുണ്ടെന്നു കണക്കാക്കിയാല്‍ തന്നെ കേരളത്തിലെ മൊത്തം തീയറ്റര്‍ ജീവനക്കാരുടെ എണ്ണം പതിനായിരം കവിയും. ക്യാന്റീന്‍, കോഫീഷോപ്പ്, സെക്യൂരിറ്റി, പാര്‍ക്കിങ്, സപ്‌ളൈ തുടങ്ങിയ പരോക്ഷ തൊഴിലാളികളുടെ എണ്ണം അതിന്റെ മൂന്നിരട്ടിയെങ്കിലും വരും. സിനിമ പോലൊരു വ്യവസായത്തില്‍ പ്രദര്‍ശന ശാലയില്‍ മാത്രം പ്രവര്‍ത്തിക്കുന്നവരുടെ കാര്യമാണെന്നോര്‍ക്കണം. കൂടാതെ പ്രാദേശിക ഭരണകൂടങ്ങളുടെ നികുതികളായ ഭൂനികുതി, കെട്ടിടനികുതി, ലൈസന്‍സ് ഫീസ് എന്നിവ വേറെ. ഇതൊക്കെ വഹിക്കാന്‍ മാത്രം വരുമാനം ലഭിച്ചാലേ നഷ്ടം കൂടാതെ, ലാഭം കിട്ടാതാണെങ്കിലും ഒരു തീയറ്റര്‍ നടത്തിക്കൊണ്ടുപോകാനാവൂ. 

ഇവിടെ സാധാരണ പ്രേക്ഷകര്‍ക്കറിയാത്തതായ പലവിധ വെല്ലുവിളികളും ഒരു പ്രദര്‍ശകന് നേരിടാനുമുണ്ട്. വിതരണക്കാരുടെ പ്രതിനിധിയായ കേരള തീയറ്റര്‍ അസോസിയേഷന്‍ പ്രസിഡന്റ് വിജയകുമാര്‍ പറയുന്നതനുസരിച്ച്, കേരളത്തിലെ നിലവിലുള്ള സിനിമട്ടോഗ്രഫി ചട്ടങ്ങളനുസരിച്ച് വര്‍ഷാവര്‍ഷം തീയറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കണമെങ്കില്‍ ഇന്ന് നിലവിലില്ലാത്ത പ്രൊജക്ടറില്‍ ഇന്നു ലഭ്യമല്ലാത്ത ഫിലിം പ്രിന്റുകള്‍ ഓടിച്ചു കാണിച്ചുകൊടുക്കണം. സ്‌പെയ്‌സ് യുഗത്തില്‍ വിമാന പൈലറ്റ് ലൈസന്‍സ് കിട്ടാന്‍ കാളവണ്ടി ഓടിച്ചു കാണിക്കണം എന്നു പറയുന്നതുപോലെയാണിത്. ഇവിടെയൊക്കെയാണ് സര്‍ക്കാരുകള്‍ക്ക്, പ്രാദേശിക ഭരണകൂടം മുതല്‍ കേന്ദ്രസര്‍ക്കാരിനു വരെ ക്രിയാത്മകമായും കാര്യക്ഷമമായും ഇടപെടാനാവുന്നത്. അല്ലെങ്കില്‍ അടിയന്തരമായി ഇടപെടേണ്ടത്. സിനിമ സാങ്കേതികമായും ഭൗതികമായും സെല്ലുലോയ്ഡിനെ വിട്ട് ഡിജിറ്റലിലേക്കു മാറിയശേഷവും, പ്രദര്‍ശനം ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് ക്‌ളൗഡ് സെര്‍വറിലേക്ക മാറിക്കഴിഞ്ഞിട്ടും പ്രദര്‍ശനശാലകള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍ പ്രാകൃതശൈലി പിന്തുടരേണ്ടതുണ്ടെങ്കില്‍ അത് ഉടനടി മാറ്റേണ്ടതുണ്ട്. അതിന് തീയറ്ററുടമകള്‍ക്ക് തീയറ്റടച്ചിട്ടു സമരം ചെയ്യേണ്ടി വരിക എന്നത് സഹതാപാര്‍ഹമാണ്.

അടുത്തത് ജി എസ് ടിയുടെ കാര്യമാണ്. നിര്‍മ്മാതാക്കളും പ്രദര്‍ശകരും കാലങ്ങളായി ആവശ്യപ്പെട്ടുവരുന്നതാണ് വിനോദനികുതി ജിഎസ്ടിയില്‍ ലയിപ്പിക്കണമെന്നും ഒരു രാജ്യം ഒരു നികുതി എന്ന സമവാക്യം സിനിമയിലും പകര്‍ത്തണമെന്നും. പല കാരണങ്ങള്‍ കൊണ്ടും സംസ്ഥാന സര്‍ക്കാര്‍ അതിനു തയാറായിട്ടില്ല. അതില്‍ സുപ്രധാനമായൊരു കാര്യം കേരളം ഈടാക്കുന്ന അധികച്ചുങ്കമാണ്. ഓരോ ടിക്കറ്റിന്മേലും കേരള സാംസ്‌കാരിക ക്ഷേമനിധിക്കു ലഭിക്കുന്ന ചുങ്കവരുമാനത്തില്‍ നിന്നാണ് പ്രതിമാസം 3404 പുരുഷന്മാരും 791 സ്ത്രീകളുമടക്കം 4195 അവശ ചലച്ചിത്ര കലാകാരന്മാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്. തീയറ്ററുകളില്‍ വരുമാനം കുറയുമ്പോള്‍ ഈ വിഹിതം ഇടിയും. ക്ഷേമനിധി പെന്‍ഷനായതിനാല്‍ ഗുണഭോക്താക്കള്‍ക്ക് അതു ലഭ്യമാക്കാനാവാതെ വരും. അതു കുടിശ്ശികയാവും. പരമാവധി സിനിമകള്‍ വിജയമാവുകയും അവ തീയറ്ററുകളില്‍ നിറഞ്ഞോടുകയും അവയില്‍ നിന്ന് ക്ഷേമനിധി വിഹിതം ലഭിക്കുകയും ചെയ്യുന്നതിലാണ് സര്‍ക്കാരിന് താല്‍പര്യം. സിനിമയ്ക്കായി ജീവിതം അര്‍പ്പിച്ച് സായാഹ്നത്തില്‍ ഈ പെന്‍ഷനെ മാത്രമാശ്രയിച്ചു ജീവിക്കുന്ന നാലായിരത്തില്‍ച്ചില്വാനം പേരെ ഓര്‍ക്കുമ്പോള്‍ സര്‍ക്കാരിന്റെ ഈ താത്പര്യത്തിനു പിന്നിലെ ചേതോവികാരത്തെ മാനിക്കാതിരിക്കാനാവില്ല. രണ്ടാമതായി, കാലങ്ങളായി സംസ്ഥാന സര്‍ക്കാര്‍ ചലച്ചിത്ര പ്രദര്‍ശകര്‍ക്കും വിതരണക്കാര്‍ക്കും മുന്നിലവതരിപ്പിച്ച സുതാര്യതയെ മുന്‍നിര്‍ത്തിക്കൊണ്ടുള്ളൊരു നിര്‍ദ്ദേശമാണ്. തീയറ്ററുകളുടെ നികുതിവെട്ടിപ്പു തടയാനും ടിക്കറ്റ് വില്‍പന സുതാര്യമാക്കാനും ഇ–ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന സര്‍ക്കാരിന്റെ ദീര്‍ഘകാലാവശ്യത്തോട് ഇനിയും ചലച്ചിത്ര വ്യവസായരംഗം സക്രിയമായി പ്രതികരിച്ചിട്ടില്ല. ഇതിനായി കെ എസ് എഫ് ഡി സിയുടെ നേതൃത്വത്തില്‍ ഏകീകൃത സോഫ്റ്റ് വെയര്‍ വികസിപ്പിക്കാനും തുടക്കമിട്ടതാണ്. പക്ഷേ എന്തുകൊണ്ടോ വ്യവസായരംഗത്തു നിന്നു തന്നെ ഉയര്‍ന്ന എതിര്‍പ്പുകളെത്തുടര്‍ന്ന് അതു യാഥാര്‍ത്ഥ്യമായില്ലിതുവരെ. ഈ രണ്ടു കാര്യങ്ങളിലും സര്‍ക്കാരും വ്യവസായികളും പരസ്പര ചര്‍ച്ചകളും വിട്ടുവീഴ്ചകളും നടത്തി അഭിപ്രായ സമന്വയത്തിലെത്തിയാല്‍ പ്രശ്‌നങ്ങളുടെ ആഘാതം ഒരു പരിധിവരെ കുറയ്ക്കാവുന്നതേയുള്ളൂ.

യാഥാര്‍ത്ഥ്യങ്ങളോട് നേര്‍ക്കുനേര്‍

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വെളിപ്പെടുത്തിയ കണക്കുകളിലേക്കു തന്നെ തിരികെ വരാം. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 213 സിനിമകളില്‍ ഇരുപതില്‍ താഴെ മാത്രമാണ് ശരാശരി വിജയം നേടിയത്. 13–14 എണ്ണം ഹിറ്റായി. രണ്ടോ മൂന്നോ എണ്ണം സൂപ്പര്‍ ഹിറ്റും. ഇതില്‍ ശരാശരി വിജയം നേടിയവ പോലും തീയറ്ററില്‍ നിന്നു മുടക്കുമുതല്‍ തിരികെപ്പിടിച്ചവയല്ല. സ്വാഭാവികമായി അവയുടെ ഇതര സ്രോതസുകളില്‍ നിന്നുള്ള അനുബന്ധ വരുമാനങ്ങളും അത്ര വലുതാവാന്‍ സാധ്യതയില്ല. ഇതിനെല്ലാം കാരണം കേരളത്തിലെ പ്രദര്‍ശനശാലകള്‍ക്കും കാണികള്‍ക്കും താങ്ങാനാവുന്നതിലുമധികം എണ്ണം സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടു എന്നതാണ്. ഇത് വാണിജ്യപരമായ വശം. ഇനി കലാപരവും സര്‍ഗാത്മകവുമായ മറുവശം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. അത് ആഴത്തില്‍ വിശകലനം ചെയ്യുമ്പോഴാണ് സിനിമയ്ക്കുള്ളിലെ ആശാസ്യമല്ലാത്ത ഇടപാടുകളിലേക്ക് വെളിച്ചം വീഴുക. സുരേഷ് കുമാര്‍ മാധ്യമസമ്മേളനത്തില്‍ പുറത്തുവിട്ട 2025 ഫെബ്രുവരി മാസത്തെ സിനിമകളുടെ തീയറ്റര്‍ കളക്ഷന്‍ റിപ്പോര്‍ട്ടില്‍ (ഗ്രോസ് കളക്ഷന്‍) രണ്ടര കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച രണ്ടു സിനിമകള്‍ക്കെങ്കിലും ലഭിച്ച തീയറ്റര്‍ വരുമാനം എണ്‍പതിനായിരം രൂപയും പതിനായിരം രൂപയുമാണ്. ഇവിടെയാണ് അതിന്റെ കാരണങ്ങളന്വേഷിക്കുമ്പോള്‍ അവയുടെ ഉള്ളടക്കങ്ങള്‍കൂടി വിചാരണയ്ക്കു വിധേയമാകേണ്ടത്. ഒരു സിനിമയേയും പേരെടുത്തു പറയുകയോ, പ്രത്യക്ഷത്തില്‍ ചൂണ്ടിക്കാണിക്കുകയോ ചെയ്യുക ഈ ലേഖനത്തിന്റെ ഉദ്ദേശ്യമല്ലാത്തതുകൊണ്ട്, സാങ്കല്‍പിക ഉദാഹരണങ്ങളിലൂടെ മാത്രം വാദമുഖങ്ങള്‍ അവതരിപ്പിച്ചുകൊള്ളട്ടെ. 

കേരളത്തില്‍ സാമാന്യേന പ്രദര്‍ശന വിജയം നേടി എന്നു വിശ്വസിക്കപ്പെടുന്ന സിനിമയ്ക്ക് 13 കോടി രൂപ ചെലവും 11 കോടി രൂപ തീയറ്റര്‍ വരുമാനവും ഉണ്ടായതായാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. അതായത് 11 കോടി രൂപയുടെ 35 ശതമാനം കണക്കാക്കിയാല്‍ നിര്‍മ്മാതാവിനു കിട്ടിയ ഷെയര്‍വിഹിതം 3.85 കോടി രൂപ മാത്രമാണ്. അതു വച്ചുകൊണ്ടാണ് സുരേഷ്‌കുമാര്‍ കേരളത്തിലൊരു സിനിമയ്ക്കും നൂറുകോടി പിരിഞ്ഞുകിട്ടില്ലെന്നു വാദിച്ചത്. എന്നാല്‍ അതേ സിനിമയ്ക്ക് പുറംനാട്ടിലും ഒടിടിയിലും സാറ്റലൈറ്റിലുമായി കിട്ടി തുക കൂടി ചേര്‍ക്കുമ്പോള്‍ നിര്‍മ്മാതാവിന് ചെലവു കഴിഞ്ഞ് മൂന്നു കോടിയോളം രൂപ മിച്ചം കിട്ടിയതായാണറിവ്. ഇതാണ് കുഞ്ചാക്കോ ബോബനും ആന്റണിപെരുമ്പാവൂരും വ്യക്തമാക്കാനാഗ്രഹിക്കുന്നത്. എന്നാല്‍ രണ്ടര കോടി മുടക്കി എണ്‍പതുലക്ഷം ഗ്രോസ് കളക്ഷന്‍ കിട്ടിയ ഒരു സിനിമയ്ക്ക് ഒരിക്കലും ഇതര സ്രോതസുകളെക്കൂടി കൂട്ടിയാലും രണ്ടര കോടി തിരികെ കിട്ടാനുള്ള സാധ്യതയില്ലെന്നതും വാസ്തവമാണ്.എന്നിട്ടും പിന്നെ, മാസാമാസം നഷ്ടക്കണക്കുകള്‍, അതായത് ഓരോ മാസവും പുറത്തിറങ്ങുന്ന ശരാശരി പതിനഞ്ചിലധികം സിനിമകളില്‍ രണ്ടെണ്ണം മാത്രം വിജയിക്കുന്നതും മറ്റെല്ലാം പരാജയപ്പെടുന്നതുമായ കണക്കുകള്‍, പുറത്തുവിടുന്ന നിര്‍മാതാക്കളുടെ സംഘടന, ഇത്തരം സിനിമകള്‍ നിര്‍മ്മിക്കുന്നതില്‍ നിന്ന് അംഗങ്ങളെ നിരുത്സാഹപ്പെടുത്തുന്നില്ല എന്നതാണ് ചോദ്യം. 

ഇവിടെയാണ് സന്ദീപ് സേനന്റെ ചാനല്‍ ചര്‍ച്ചയിലെ വെളിപ്പെടുത്തലിന് പ്രാധാന്യം ലഭിക്കുന്നത്. കേരളത്തിലെ ലബ്ധപ്രതിഷ്ഠരായ ചലച്ചിത്രനിര്‍മ്മാതാക്കള്‍ മുതല്‍മുടക്കിയ സിനിമകളല്ല പരാജയപ്പെടുന്നവയിലേറെയും എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. വര്‍ഷങ്ങളായി സിനിമാരംഗത്തുള്ള, സ്ഥിരമായി സിനിമകളെടുക്കുന്ന നിര്‍മ്മാതാക്കളില്‍ ഭൂരപക്ഷവും പരാജയസാധ്യതയുള്ള സിനിമകള്‍ക്ക് മുതല്‍മുടക്കില്ല. അവര്‍ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയും ഭാവുകത്വം തിരിച്ചറിഞ്ഞും വിജയസാധ്യത ആരാഞ്ഞും മാത്രം, ഒരു പ്രോജക്ട് അതര്‍ഹിക്കുന്നത്ര മാത്രം ചെലവില്‍ നിര്‍മ്മിക്കുകയാണു ചെയ്യുക. 

ചലച്ചിത്രത്തിന് വ്യവസായ പദവി ലഭിച്ചു വര്‍ഷങ്ങളായിട്ടും ഇന്നും കൃത്യമായൊരു പ്രോജക്ട് റിപ്പോര്‍ട്ട് പോലും മിക്ക സിനിമകള്‍ക്കും ഉണ്ടാവാറില്ല. ഒരു രൂപയുടെ മിഠായിയുണ്ടാക്കുന്ന കമ്പനിക്കു പോലും വ്യവസായ വകുപ്പില്‍ നിന്നോ ബാങ്കില്‍ നിന്നോ വായ്പയോ സബ്‌സിഡിയോ ലഭിക്കണമെങ്കില്‍ കുറഞ്ഞത് അഞ്ചുവര്‍ത്തെ പ്രൊജക്ഷന്‍ രേഖപ്പെടുത്തിയുള്ള വിശദമായ പദ്ധതി രേഖ സമര്‍പ്പിക്കേണ്ടതുണ്ട്. എത്ര രൂപ സ്ഥിരം നിക്ഷേപമാവശ്യമുണ്ട്. എത്രരൂപ വേരിയബിള്‍ ഇന്‍വെസ്റ്റ്‌മെന്റ് വേണം. എത്ര പ്രവര്‍ത്തനമൂലധനം വേണം. എത്ര ഉദ്പാദനം നടത്തിയാല്‍ എത്ര വര്‍ഷം കൊണ്ട് നഷ്ടം നികത്താം. പിന്നീട് എത്ര നിക്ഷേപം വേണം അതും കഴിഞ്ഞാല്‍ എത്രാം വര്‍ഷം ലാഭമാക്കാം എന്നൊക്കെ കണക്കൂ കൂട്ടിയ വിശദമായ രേഖയാണിത്. ഇത്തരത്തിലൊരു സാങ്കല്‍പിക ഗണിതരേഖ ഒരു മലയാള സിനിമയ്ക്കും ഇന്നും ഉണ്ടാവുന്നുണ്ടോ എന്നത് സംശയമാണ്. കോര്‍പറേറ്റ് പ്രൊഫഷണലിസം എന്നത് സിനിമാനിര്‍മ്മാണത്തില്‍ വളരെയധികം പരിമിതപ്പെട്ടതാണ്. അതുകൊണ്ടുതന്നെ, നല്ല പരിചയമുള്ള നിര്‍മ്മാതാക്കള്‍ക്കു മാത്രമാണ് സിനിമാഭാഷയില്‍ അതിന്റെ പള്‍സ് അറിഞ്ഞ് പറ്റിയ വിഷയങ്ങള്‍ തെരഞ്ഞെടുത്ത് കാലത്തിനൊത്ത സിനിമകള്‍ നിര്‍മ്മിക്കാനും അവയില്‍ നിന്ന് മുടക്കുമുതല്‍ തിരികെപ്പിടിക്കാനും സാധിക്കുന്നത്. മുടക്കുമുതല്‍ പോയിട്ട് പതിനായിരങ്ങള്‍ മാത്രം തിരികെപ്പിടിക്കുന്ന സിനിമകളുടെയും ഡിമാന്‍ഡിനുമപ്പുറമുള്ള സിനിമകളും നിര്‍മ്മിക്കുന്നതില്‍ മഹാഭൂരിപക്ഷവും സിനിമയോടുള്ള അദമ്യപ്രേമം മൂലം നിര്‍മ്മാണരംഗത്തേക്ക് എത്തിപ്പെടുന്ന പ്രവാസി മലയാളികളാണ്. മണലാരണ്യത്തിലും മഞ്ഞുദേശങ്ങളിലും കഷ്ടപ്പെട്ട് കുറച്ചു പണമുണ്ടാക്കിവരുന്നവരെ വട്ടം പിടിച്ച് സിനിമാനിര്‍മ്മാതാക്കളാക്കിത്തീര്‍ക്കുന്നവരുടെ വലയില്‍ കുടുങ്ങുന്നവര്‍. ഒടിടി തുടങ്ങി  ബിസിനസിന്റെ യാഥാര്‍ത്ഥ്യമോ സത്യമോ അറിഞ്ഞുകൂടാത്തവരെ അതൊക്കെ വലിയതരത്തില്‍ വരുമാനമുണ്ടാക്കുന്ന സ്രോതസുകളാക്കി തെറ്റിദ്ധരിപ്പിച്ചും, ഉണ്ടാക്കുന്നത് മഹാവിജയമാകുന്ന സിനിമയാണെന്നു വിശ്വസിപ്പിച്ചുമാണ് അവരില്‍ പലരെയും സിനിമയിലുള്ളവര്‍ തന്നെ വഞ്ചിക്കുന്നത്. ഈ വഞ്ചനയിലേക്കാണ് നര്‍മ്മാതാക്കളുടെ സംഘടന പൊതുജനശ്രദ്ധ ക്ഷണിക്കുന്നത്. അതിനുവേണ്ടിക്കൂടിയാണ് തങ്ങള്‍ മാസാമാസം തീയറ്റര്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് എന്നാണ് സന്ദീപ് സേനന്‍ ടിവി ചര്‍ച്ചയില്‍ വെളിപ്പെടുത്തിയത്. 

ഇക്കാര്യത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ഉദ്ദേശ്യശുദ്ധി ശ്‌ളാഘിക്കപ്പെടേണ്ടതു തന്നെയാണ്. എന്നാല്‍ അവര്‍ അതിനു സ്വീകരിച്ച മാര്‍ഗ്ഗം ആത്മാര്‍ത്ഥതയോടെ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രതികൂലമായി ഭവിക്കുന്നുണ്ട് എന്നതാണ് കാണേണ്ട സത്യം. ഉദാഹരണത്തിന് 13 കോടി നിര്‍മ്മാണച്ചെലവായി 11 കോടി ഗ്രോസ് നേടിയ സിനിമ ഓടിടി ഓവര്‍സീസ് സാറ്റലൈറ്റ് വിപണികളിലൂടെയും അന്യസംസ്ഥാന റിലീസുകളിലൂടെയും മൂന്നുകോടി ലാഭമുണ്ടാക്കിയപ്പോള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പട്ടിക കാണുന്നൊരാള്‍ അതിന്റെ പിന്നണിപ്രവര്‍ത്തകരെ അവിശ്വസിക്കാനും കരിമ്പട്ടികയില്‍പ്പെടുത്താനുമുള്ള സാധ്യത ഏറെയാണ്. വളച്ചുകെട്ടാതെ പറഞ്ഞാല്‍, യഥാര്‍ത്ഥത്തില്‍ നഷ്ടമുണ്ടാക്കിയവര്‍ക്കൊപ്പം വിജയിച്ചവരും ഉള്‍പ്പെടാനുള്ള സാധ്യത. അതവരുടെ മുന്നോട്ടുള്ള ഭാവിയെ സന്ദിഗ്ധതയിലെത്തിച്ചേക്കാം. ചിത്രങ്ങളുടെ പേരും കളക്ഷനും മാത്രം ഉള്‍പ്പെടുന്ന പട്ടികയ്ക്കുപകരം അതിന്റെ നിര്‍മ്മാതാക്കളുടെ പേരു കൂടി ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചാല്‍ വായിക്കുന്നവര്‍ക്ക് ഏതു നിര്‍മ്മാതാവിനാണ് കയ്യബദ്ധം പിണഞ്ഞതെന്ന് വ്യക്തമാകും. അപ്പോള്‍, അര്‍ഹരായവര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാവുന്നത് ഒഴിവാക്കാനുമാവും. അതാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ആലോചിച്ചു നടപ്പാക്കാവുന്ന എളുപ്പത്തിലുള്ള തിരുത്തല്‍.

ഒന്നാം ക്‌ളാസില്‍ പഠിക്കുന്ന ഒരാളോടു പോലും പറഞ്ഞാല്‍ കേട്ടിരിക്കാന്‍ മടിക്കുന്നത്ര തേഞ്ഞ പ്രമേയവും അതിലും ക്‌ളീഷേ ആഖ്യാനവുമായി വരുന്ന സിനിമകളാണ് പരാജയപ്പെടുന്നവയിലധികവും. കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ പരാജയചിത്രങ്ങളില്‍ നായകനെന്ന നിലയ്ക്ക് അഭിമുഖങ്ങളിലൂടെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന താരപുത്രനായ നടന്റെ കാര്യമെടുക്കുക. താനഭിനയിച്ചു പരാജയപ്പെട്ട ഒരു സിനിമയെപ്പോലും അദ്ദേഹം ന്യായീകരിക്കുകയോ നല്ലതെന്ന് ആത്മവിശ്വാസത്തോടെ സ്ഥാപിക്കുകയോ ചെയ്യുന്നില്ല. അപ്പോള്‍ അദ്ദേഹമഭിനയിച്ച നിലം തൊടാതെ പൊട്ടിയ അത്രയും ചിത്രങ്ങളുടെ നിര്‍മാതാക്കളെ മാത്രമെടുത്താല്‍ മതി മലയാളസിനിമയില്‍ നിലനില്‍ക്കുന്ന ഒട്ടുമേ പിന്തുണയ്ക്കാനാവാത്ത പ്രവണത തിരിച്ചറിയാന്‍. മധ്യവയസുകഴിഞ്ഞ എനിക്കു പോലും കഷ്ടിച്ച് പത്തു മിനിറ്റ് കണ്ടിരിക്കാനാവാത്ത ദൃശ്യസമീപനവും ഇതിവൃത്തവുമുള്ള സിനിമകളെ ലോകത്തെമ്പാടുമുള്ള സിനിമകളെ അപ്പപ്പോള്‍ ഫോണില്‍ കാണാന്‍ സാധിക്കുന്ന പുതുതലമുറ പ്രേക്ഷകര്‍ക്ക് ദഹിക്കാനാവാത്തതിനെ കുറ്റം പറയാനാവുന്നതെങ്ങനെ?കാലത്തിന്റെ ചുവരെഴുത്തുകള്‍ കാണാത്തവരോ കണ്ടിട്ടും മനസിലാക്കാന്‍  തക്കവണ്ണം സ്വയം നവീകരിക്കാത്തവരോ, കണ്ടിട്ടും മനസിലാവാത്തവരോ ആയ ചലച്ചിത്ര പ്രവര്‍ത്തകര്‍ സ്വയം തിരിച്ചറിയാതെ, ആ മാറ്റങ്ങള്‍ക്കു പുറംതിരിഞ്ഞു നിന്നു കൊണ്ട് സിനിമകളെടുത്താല്‍ നവഭാവുകത്വപ്രേക്ഷകര്‍ അവ പുറംകാലിനു ചവിട്ടി തെറിപ്പിക്കുമെന്നതിന്റെ തെളിവാണ് കഴിഞ്ഞവര്‍ഷം പരാജയപ്പെട്ട 200 സിനിമകളും കഴിഞ്ഞ മൂന്നുമാസം പരാജയപ്പെട്ട നാലില്‍ മൂന്നു ചിത്രങ്ങളും.

പ്രേക്ഷകരുടെ അഭിരുചി മാറ്റം കണക്കിലെടുക്കാതെ ഒരു സിനിമയ്ക്കും കേരളത്തില്‍ വിജയിക്കാനാവില്ല. കേരളത്തിന്റെ ജനസംഖ്യയില്‍ കഴിഞ്ഞ കുറേ വര്‍ഷമായി നവജാതരുടെ എണ്ണത്തില്‍ തന്നെ വന്‍ ഇടിവുണ്ടായിട്ടുണ്ട്. രണ്ടുവര്‍ഷത്തെ ഒന്നാം ക്‌ളാസ് പ്രവേശനക്കണക്കു കൊണ്ടു മാത്രം തെളിയിക്കാനാവുന്നതാണിത്. 2019–20 അധ്യയന വര്‍ഷം 3, 16, 682 കുട്ടികള്‍ ഒന്നാം ക്‌ളാസില്‍ ചേര്‍ന്നപ്പോള്‍ 2024–25ല്‍ അത് 2, 44, 646 ആയി കുറഞ്ഞു. അതായത് ജനസംഖ്യയില്‍ തന്നെ പുതുതലമുറയില്‍ വന്‍ കുറവുണ്ടാവുന്നു. പ്‌ളസ് ടു പാസാവുന്നവരില്‍ മഹാഭൂരിപക്ഷവും കേരളം വിടുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ കേരളത്തില്‍ ചെറുപ്പക്കാരുടെ എണ്ണത്തിലുണ്ടാവുന്ന ഈ കുറവും 60 വയസു കഴിഞ്ഞവരിലുണ്ടാവുന്ന വര്‍ധനയും തീയറ്റര്‍ കളക്ഷനെ ഒരുപോലെ ബാധിക്കുന്നുണ്ട്. ചെറുപ്പക്കാരിലധികവും അന്യസംസ്ഥാനത്തോ അന്യദേശത്തോ ഉള്ള തീയറ്ററുകളെയോ ഒടിടിയേയോ മാത്രം ആശ്രയിക്കുമ്പോള്‍ അറുപതുകഴിഞ്ഞവര്‍ തീയറ്ററിലെത്തുന്നതേയില്ല. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും കാണാനാവാത്ത ഈ ജനസംഖ്യാപ്രതിഭാസവും സിനിമയെ നിര്‍ണായകമായി സ്വാധീനിക്കുന്നുണ്ട്.

ഏതൊരുല്‍പ്പന്നത്തിന്റെയും വിപണനിത്തില്‍ പായ്ക്കിങ്ങി നും പരസ്യത്തിനും വലിയ പ്രാധാന്യമുണ്ട്. ബ്രാന്‍ഡിങ്ങിന്റെ ഈ സാധ്യതയും ആധുനിക ലോകത്തിന് അസന്ദിഗ്ധമായി തെളിയിച്ചു തന്നത് 'ആപ്പിളി'ന്റെ സ്റ്റീവ് ജോബ്സ് തന്നെയാണ്. കോടികളുടെ മുതല്‍മുടക്കുള്ള സിനിമയെ സംബന്ധിച്ചും അതിന്റെ ബ്രാന്‍ഡിങ്ങും വിപണനവും പരമപ്രധാനമാണ്. ദൗര്‍ഭാഗ്യവശാല്‍ കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ 213 സിനിമകളില്‍ പരാജയദുരന്തമായ ചിത്രങ്ങളില്‍ മഹാഭൂരിപക്ഷവും സസൂക്ഷ്മം വിശകലനം ചെയ്യുമ്പോള്‍ പരാജയപ്പെട്ട അവയുടെ ബ്രാന്‍ഡിങ് ശ്രദ്ധയില്‍പ്പെടും. ഉദാഹരണത്തിന് ഭേദപ്പെട്ട സിനിമയായിരുന്ന പൊന്‍മാന്റെ കാര്യം തന്നെയെടുക്കാം. മലയാള മനോരമ വര്‍ഷങ്ങള്‍ക്കു മുമ്പ് ആണുങ്ങള്‍ക്കു മാത്രമായി ഒരു പ്രസിദ്ധീകരണമിറക്കി. മലയാളത്തില്‍ ശ്രീ എന്ന വാക്കും ഇംഗ്ളീഷിലെ മാന്‍ എന്ന വാക്കും ചേര്‍ത്ത് ശ്രീമാന്‍ എന്നായിരുന്നു അതിന്റെ പേരും ശീര്‍ഷകവും. അച്ചടിമാധ്യമത്തെസംബന്ധിച്ചിടത്തോളം അതു വര്‍ക്കൗട്ടാവും. എന്നാല്‍ വിഷയവുമായി ബന്ധമുള്ളതാണെങ്കിലും മലയാളത്തില്‍ പൊന്‍ എന്ന വാക്കും ഇംഗ്ളീഷില്‍ മാന്‍ എന്ന വാക്കും ചേര്‍ത്തെഴുതി തരത്തിലൊരു പേര് സിനിമയുടെ സ്വഭാവവും തരവും പ്രമേയവും ഒന്നും സാധാരണ പ്രേക്ഷകരിലേക്ക് വിനിമയം ചെയ്യുന്നതല്ല. പോരാത്തതിന് ആക്ഷന്‍ സിനിമയുടെ മൂഡിലുള്ള പരസ്യ രൂപകല്‍പനയും. സത്യന്‍ അന്തിക്കാട് സിനിമയ്ക്ക് മാര്‍ക്കോയുടേതിനു സമാനമായ പരസ്യവരയും ശീര്‍ഷകരൂപകല്‍പനയും നല്‍കിയാല്‍ കുടുംബപ്രേക്ഷകര്‍ ആ സിനിമയെ തള്ളിപ്പറയും. സത്യന്‍ അന്തിക്കാട് എന്ന പേരുള്ളതുകൊണ്ട് 'ജെന്‍ സി' അതിനോട് അത്രവലിയ താല്‍പര്യം കാണിക്കണമെന്നുമില്ല. ഇഴയടുപ്പമുള്ളൊരു കുടുംബചിത്രത്തിന് ഉന്മാദലഹരി എന്ന പേരിട്ടാലുണ്ടാവുന്ന പ്രശ്നം തന്നെയാണിത്. നാരായണീന്റെ മൂന്നാണ്മക്കള്‍, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ സിനിമകള്‍ക്കെല്ലാം സംഭവിച്ചതും അതുതന്നെ. ശീര്‍ഷകരൂപകല്‍പനയ്ക്ക് സ്വീകരിക്കുന്ന ലിപിക്കു വരെ ബ്രാന്‍ഡിങ്ങില്‍ വലിയ പ്രാധാന്യമുണ്ട്. നിര്‍മ്മാതാക്കളും വിതരണക്കാരും ശ്രദ്ധിക്കേണ്ടുന്ന ഈ ഭാഗത്ത് വേണ്ടത്ര ശ്രദ്ധ ഊന്നാത്തതുകൊണ്ടാണ് പല നല്ല സിനിമകളും ശ്രദ്ധിക്കാതെ പോകുന്നത്.

പുത്തന്‍പണവുമായോ, കഷ്ടപ്പെട്ട് അന്യനാടുകളില്‍ അധ്വാനിച്ചുണ്ടാക്കിയ കാശുമായോ സിനിമാരംഗത്തെത്തുന്ന നിര്‍മ്മാതാക്കളില്‍ ബഹുഭൂരിപക്ഷത്തിനും മികച്ച നിലയ്ക്ക് ഒരു കച്ചവടം പോലും നടത്താനുള്ള ശേഷിയില്ലെന്നതാണ് സത്യം. ലോകത്ത് ഏതു വ്യവസായവും കച്ചവടവും നടത്താന്‍ അതിന്റെ സാങ്കേതികതയും, സാധ്യതയും സംബന്ധിച്ച ഏകദേശ ധാരണ വേണം. വിപണനത്തെയും വാണിജ്യത്തെയും പറ്റിയുള്ള ജ്ഞാനം വേണം. എം.ബി.എയും എന്‍ജിനീയറിങ്ങും പോലെ സാങ്കേതികവും ദാര്‍ശനികവുമായ പഠനവും പ്രവൃത്തി പരിചയവും വേണം. എന്നാല്‍ മാത്രമാണ് ഏതൊരു വാണിജ്യ/വ്യവസായ സംരംഭത്തെയും വിജയകരമായി നടത്തിക്കൊണ്ടുപോകാനാവൂക. സര്‍ക്കാരുകള്‍ പോലും ഈ ആവശ്യം മനസിലാക്കിയാണ് അത്രേറെ തന്ത്രപരമായ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും മുകള്‍ത്തട്ടില്‍ പ്രൊഫഷനലായി യോഗ്യതനേടിയിട്ടുള്ളവരെ നിയോഗിക്കാന്‍ ശ്രദ്ധിക്കുന്നത്. അതിനിടെയിലാണ് കോടികള്‍ മുതല്‍മുടക്കു വേണ്ടുന്ന സിനിമയില്‍ അത്തരം യാതൊരു പ്രൊഫഷനല്‍ യോഗ്യതയും കൂടാതെയുള്ളവര്‍ നിര്‍മ്മാതാക്കളാവുന്നത്. സിനിമയുടെ പിന്നണിയിലും മുന്നണിയിലും പ്രവര്‍ത്തിക്കാന്‍ സാങ്കേതിക പരിജ്ഞാനവും പരിശീലനവും ആവശ്യമാണ്. ഛായാഗ്രഹണം പഠിച്ച പ്രൊഫഷണലിനെ അതു ചെയ്യാനാവൂ. എഡിറ്റര്‍ക്കും വേണം ആ വിഷയത്തില്‍ ബിരുദമോ ഡിപ്‌ളോമയോ. എന്നാല്‍ അവരെ നിയോഗിച്ച് നിര്‍മ്മാണത്തിന് പണമിറക്കുന്ന ആള്‍ക്ക് ആ മേഖലയെപ്പറ്റി യാതൊരു മുന്നറിവും ആവശ്യമില്ലാത്ത അവസ്ഥയാണ്.ഒരു ഛായാഗ്രാഹകന് സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍ കാലാകാലം മാറിവരുന്ന ക്യാമറകളെയും ലൈറ്റിനെയും കുറിച്ചുള്ള നോളജ് അപ്‌ഡേഷന്‍ അത്യാവശ്യമാണ്. ചിത്രസന്നിവേശകനും പുതിയ സോഫ്റ്റ് വെയറുകളെയും എഡിറ്റിങ് സങ്കേതങ്ങളെയും പറ്റി അറിവു വേണം. സംവിധായകനും തിരക്കഥാകൃത്തിനും മാറിയ ഭാവുകത്വത്തിന്റെ സ്പന്ദനങ്ങള്‍ക്കൊത്ത് സ്വയം പരിഷ്‌കരിക്കേണ്ടതുണ്ട്. എന്നാല്‍, നിര്‍മ്മാതാക്കള്‍ക്ക് ഇത്തരത്തില്‍ കാലോചിതം സ്വയം പരിഷ്‌കരിക്കാനോ പരുവപ്പെടുത്താനോ ഉള്ള ഒരു സംവിധാനവും നിലവിലില്ല.

ഇതു തടയാന്‍ കേരള ഫിലിം ചേംബറടക്കമുള്ള സംഘടനകള്‍ പല സംരംഭങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ടെങ്കിലും അവയൊന്നും ഫലപ്രദമാവുന്നില്ലെന്ന് ഭാരവാഹികള്‍ തന്നെ സമ്മതിക്കും. സിനിമയുടെ ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ വരുന്ന പുതുമുഖ നിര്‍മ്മാതാക്കളെ സിനിമയുടെ ചതിക്കുഴികളെപ്പറ്റിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റിയുമൊക്കെ പറഞ്ഞുകൊടുക്കാനും പരിശീലിപ്പിക്കാനും മുതിര്‍ന്ന നിര്‍മാതാക്കളുടെ പാനല്‍ കൗണ്‍സിലിങ് തന്നെയൊരുക്കിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പുതുമുഖങ്ങളും അതിനൊന്നും ചെവികൊടുക്കാറില്ലെന്നതാണ് പരമാര്‍ത്ഥം. തങ്ങള്‍ ക്ഷണിച്ചതനുസരിച്ച് ചേംബറിന്റെ വാതുക്കലെത്തിയശേഷം പടികയറാതെ മടങ്ങിപ്പോയി പിന്നീട് പരാജയമേറ്റുവാങ്ങിയ ഒരു നിര്‍മ്മാതാവിനെപ്പറ്റിയും ഓര്‍ത്തുപോകുന്നു. സംഘടനകള്‍ പരാജയമാവുന്ന ഇവിടെയും സര്‍ക്കാരുകള്‍ക്ക് ഫലപ്രദമായി ഇടപെടാനാവുന്നതേയുള്ളൂ. പുതുതായി സിനിമ നിര്‍മ്മിക്കാന്‍ വരുന്നവര്‍ക്കുള്ള ഓറിയന്റേഷനായി സംസ്ഥാന ചലച്ചിത്ര അക്കാദമി, കെ എസ് എഫ് ഡി സി പോലുള്ള സ്ഥാപനങ്ങള്‍ക്ക് സൗജന്യ കോഴ്‌സുകള്‍ സംഘടിപ്പിക്കാവുന്നതാണ്. 

പണ്ടൊക്കെ ഇത്തരത്തില്‍ പ്രവാസികളെയും അല്ലാത്തവരെയും തേടിപ്പിടിച്ച് കുടുക്കി സിനിമകളുണ്ടാക്കിയിരുന്നത് മധ്യവര്‍ത്തി അവാര്‍ഡ് സിനിമകളായിരുന്നു. അവാര്‍ഡ് നേടിക്കൊടുക്കാമെന്ന ചൂണ്ടയാണ് അതിനു വേണ്ടി കരുതിവച്ചിരുന്നത്. എന്നാല്‍ അന്നത്തെക്കാലത്തു പോലും വലിയ മുതല്‍മുടക്കല്ല അത്തരം സിനിമകള്‍ക്കു വേണ്ടിയിരുന്നത്. എന്നാല്‍ ഇന്നത്തെ അവസ്ഥ അതല്ല. മുഖ്യധാരാ സിനിമയുടെ മുഴുവന്‍ ചിട്ടവട്ടവും പാലിച്ച് അത്രത്തോളം പണം മുടക്കിക്കഴിഞ്ഞ് ചിത്രം ഒടിടിക്കു പോലും വേണ്ടാത്ത അവസ്ഥയില്‍ അക്ഷരാര്‍ത്ഥത്തില്‍ കുത്തുപാളയെടുക്കുന്ന അവസ്ഥയിലാവും നിര്‍മ്മാതാവ്. അതുകൊണ്ടുതന്നെ പത്തോ പതിനഞ്ചോ ബാനറുകളൊഴികെ മറ്റു സിനിമകളുടെയൊന്നും നിര്‍മ്മാതാക്കളെ പ്രേക്ഷകര്‍ വിദൂര ഓര്‍മ്മയില്‍ പോലും ഓര്‍ത്തെടുക്കുന്നുമില്ല. മഞ്ഞിലാസിന്റെയും ഉദയായുടെയും നവോദയയുടെയും സുപ്രിയയുടെയും ഗൃഹലക്ഷ്മിയുടെയും ജിയോയുടെയും ചന്ദ്രതാരയുടെയും ജയമാരുതിയുടെയും നിലാ പ്രൊഡക്ഷന്‍സിന്റെയും ഒക്കെ ബാനര്‍ നോക്കി സിനിമ കണ്ടിരുന്ന കാലമുണ്ടായിരുന്നു മലയാളിക്ക്. ഇന്നത് കൈവിരലിനാല്‍ എണ്ണാവുന്നത്ര ചുരുങ്ങി.

മറ്റെല്ലാ വ്യവസായങ്ങളിലും അവ ഉണ്ടാക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ക്കനുസരിച്ചും വിപണിനാമത്തിനനുസരിച്ചുമാണ് ഉദ്പാദന ചെലവും വില്‍പ്പന വിലയും നിശ്ചയിക്കപ്പെടുക. എന്നാല്‍ സിനിമയില്‍ സാങ്കേതികവിദ്യയ്‌ക്കൊപ്പം താരങ്ങളുടെ പ്രതിഫലവും നിര്‍മ്മാണച്ചെലവു വര്‍ധിപ്പിക്കുന്ന ഘടകമാണ്. അതേസമയം അതിന്റെ വിറ്റുവരവ് നേരത്തെ സൂചിപ്പിച്ചതുപോലെ വികസിക്കാതെ സ്ഥിരമായി തന്നെ നിലനില്‍ക്കുകയും ചെയ്യുന്നു. ഒടടി പോലുള്ള പ്‌ളാറ്റ്‌ഫോമുകളില്‍ ദേശീയ തലത്തിലും രാജ്യാന്തര തലത്തിലേക്കും പ്രവേശനം ലഭിക്കുന്നുണ്ടെങ്കിലും അവയില്‍ നിന്നുള്ള വരുമാനത്തിനും പരിധിയുണ്ടെന്നതാണ് വാസ്തവം. ഈ അവസ്ഥയിലാണ് വിപണിക്കനുപാതമല്ലാതെ നിര്‍മ്മാണച്ചെലവു വര്‍ധിപ്പിക്കുന്ന താരങ്ങളുടെ പ്രതിഫലത്തിനെതിരേ നിര്‍മ്മാതാക്കള്‍ ശബ്ദമുയര്‍ത്തുന്നത്. ഇതിനും ഒരു മറുവശമുണ്ട്. ചൈനയുടെ വളരെ വിലകുറഞ്ഞ മൊബൈല്‍ ഫോണിലുള്ള സൗകര്യങ്ങള്‍ തന്നെയേ ആപ്പിള്‍ ഐഫോണിലും ഉള്ളൂ. പക്ഷേ ഐഫോണിന്റെ വില നിശ്ചയിക്കുന്നത് അതിന്റെ ഘടകങ്ങളുടെ വിലയില്ല, മറിച്ച് അതിന്റെ വിപണിമൂല്യമാണ്. ബ്രാന്‍ഡിക്വിറ്റിയാണ്. സിനിമയെ സംബന്ധിച്ച് ഈ ബ്രാന്‍ഡിക്വിറ്റി നിശ്ചയിക്കുന്നത് ഇന്നും എപ്പോഴും അതിലെ താരസാന്നിദ്ധ്യമാണ്. ഇന്നും മലയാള സിനിമയില്‍ ക്രൗഡ് പുള്ളര്‍ ശേഷിയുള്ള ചുരുക്കം താരങ്ങളേയുള്ളൂ. സ്വാഭാവികമായി അവരെ വച്ച് വിജയസാധ്യത ഏറെയുള്ള സിനിമ നിര്‍മ്മിക്കേണ്ടിവരുമ്പോള്‍ അവര്‍ ആവശ്യപ്പെടുന്ന പ്രതിഫലം കൊടുക്കേണ്ടിവരുമെന്നത് നാട്ടുനടപ്പായിത്തീരും. അതേസമയം തന്നെ, ചുവരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ സാധിക്കൂ എന്നതാണ് താരങ്ങള്‍ തിരിച്ചറിയേണ്ടുന്ന വസ്തുത. ഒരു വര്‍ഷം പുറത്തിറങ്ങുന്നതില്‍ പത്തിരട്ടി സിനിമകളും നിലം തൊടാതെ പരാജയപ്പെടുന്ന സ്ഥിതിയില്‍ സ്വന്തം താരപ്രഭാവം കോട്ടംകൂടാതെ നിലനിര്‍ത്തുക ദീര്‍ഘകാലം സാധ്യമാവില്ലെന്ന തിരിച്ചറിവാണ് താരങ്ങള്‍ക്കുണ്ടാവേണ്ടത്. അതനുസരിച്ച് പ്രതിഫലത്തില്‍ വിട്ടുവീഴ്ച നടത്തി, യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള സമീപനമുണ്ടായാല്‍ സിനിമ നേരിടുന്ന സമകാലിക പ്രതിസന്ധിയില്‍ ചെറിയൊരു ശതമാനം തീര്‍പ്പാവും.

ലോകത്ത് ഏറ്റവുമധികം സിനിമകളുണ്ടാക്കുന്ന രാജ്യമാണ് ഇന്ത്യ. അതില്‍ത്തന്നെ വര്‍ഷാവര്‍ഷം ഏറ്റവുമധികം സിനിമകളിറക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ ചിത്രീകരിക്കുന്ന ബഹുഭൂരിപക്ഷം സിനിമകളും കേരളത്തിനു പുറത്തുള്ള സ്റ്റുഡിയോകളെയും ചിത്രീകരണസംവിധാനങ്ങളെയും ആശ്രയിക്കുന്നുണ്ടെന്ന വസ്തുതടെ ഗൗരവവും കണക്കിലെടുക്കേണ്ടതുണ്ട്. മികച്ച ചിത്രീകരണ സൗകര്യങ്ങളുള്ളൊരു ഫിലിം സിറ്റി നിലവിലില്ല. ഒരു റോഡ് ചിത്രീകരിക്കണമെങ്കില്‍പ്പോലും അതിനുള്ള സൗകര്യമില്ല. എയര്‍പ്പോര്‍ട്ടോ റയില്‍വേസ്‌റ്റേഷനോ എന്തിന് ഓഫിസുകളോ ചിത്രീകരിക്കണമെങ്കില്‍ വലിയ വാടക നല്‍കേണ്ട സ്ഥിതിയാണ്. ഇതൊക്കെ വിരല്‍ചൂണ്ടുന്നത് സര്‍ക്കാരിന് അവശ്യം നടത്താവുന്ന ചില ഇടപെടലുകളിലേക്കാണ്. 

മാറേണ്ട നയങ്ങള്‍ മാറ്റേണ്ട നിലപാടുകള്‍

ഇന്ത്യയില്‍ വികസനസൂചികയില്‍ പിന്നാക്കം എന്നു നാം കരുതുന്നതിലടക്കം പല സംസ്ഥാനങ്ങള്‍ക്കും വ്യക്തമായൊരു ചലച്ചിത്ര നയം രൂപീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഏകജാലക സംവിധാനങ്ങളും പലവിധ ആനുകൂല്യങ്ങളും മുന്നോട്ടുവച്ചുകൊണ്ട് ചലച്ചിത്ര പ്രവര്‍ത്തകരെ സ്വന്തം സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനും സാധിക്കുന്നുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗോവ, തമിഴ്‌നാട്, പഞ്ചാബ് തുടങ്ങി ഉത്തരാഖണ്ഡിനു വരെ ലിഖിതരൂപത്തിലുള്ള ഫിലിം പോളിസി അഥവാ ചലച്ചിത്ര നയമുണ്ട്. ഒന്‍പതു സിനിമ മാത്രമാണ് കഴിഞ്ഞവര്‍ഷം ഉത്തരാഖണ്ഡില്‍ പ്രാദേശികമായി നിര്‍മ്മിച്ചിട്ടുള്ളത്. പക്ഷേ വര്‍ഷം തോറും ഇരുന്നൂറിനരികെ സിനിമകള്‍ നിര്‍മ്മിക്കുന്ന കേരളത്തിന് ഇന്നേവരെ ഒരു ചലച്ചിത്ര നയം രൂപീകരിക്കാന്‍ സാധിച്ചിട്ടില്ല. എന്നല്ല, അതിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ കൂടി സാധിച്ചിട്ടില്ല. വ്യക്തഗതമായ രീതിയില്‍ സംവിധായകന്‍ ഡോ ബിജു മാത്രമാണ് ഒറ്റപ്പെട്ടതെങ്കിലും കാര്യകാരണസഹിതം വിശദീകരിച്ചുകൊണ്ട് ഈ ആവശ്യത്തെപ്പറ്റി കൂടെക്കൂടെ നമ്മുടെ ശ്രദ്ധ ലേഖനങ്ങളിലൂടെയും മറ്റും ആകര്‍ഷിക്കുന്നത്. ആ ശബ്ദം  ഒഴിച്ചുനിര്‍ത്തിയാല്‍, ഈ ആവശ്യത്തിലേക്ക് ക്രിയാത്മകമായ യാതൊരു ശ്രമവും സിനിമയ്ക്കായി മാത്രം ഒരു മന്ത്രിയുണ്ടായിട്ടുകൂടി കേരളത്തില്‍ സംഭവിച്ചിട്ടില്ല. അക്കാദമികവും വാണിജ്യപരവുമായ ഇടപെടലുകള്‍ക്കായി ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോര്‍പറേഷനും ഉണ്ടായിട്ടും ഇത്തരത്തിലൊരു പരിശ്രമം ഫലപ്രാപ്തിയിലെത്തിയിട്ടുമില്ല. സിനിമാരംഗത്തെ ദുഷ്പ്രവണതകളെപ്പറ്റി കാലാകാലങ്ങളില്‍ വെളിപ്പെടുത്തലുകളും ആരോപണപ്രത്യാരോപണങ്ങളുമുണ്ടായിട്ടും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ പോലും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ഒരു അന്തിമ നടപടിക്ക് സംസ്ഥാന സര്‍ക്കാരിന് സാധ്യമായിട്ടില്ല.

സഹികെട്ട് സമരമുഖത്തേക്കിറങ്ങുന്ന നിര്‍മ്മാതാക്കളെയും പ്രദര്‍ശകരെയും സമാധാനിപ്പിക്കാന്‍ വേണ്ടിയാണെങ്കിലും 45 ദിവസം സാവകാശം നേടിയ സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും ഈ വഴിക്ക് ദൂരവ്യാപകമായതും കൃത്യതയുള്ളതുമായ സക്രിയമായ ഇടപെടലുകള്‍ക്ക് സാധ്യത തുറന്നുകിട്ടുകയാണെന്നത് മറക്കരുത്. സിനിമയെ സാംസ്‌കാരികമായി ഉയര്‍ത്തുവാന്‍ പ്രതിബദ്ധതയുള്ള സര്‍ക്കാരിന് അതിനെ വ്യാവസായികമായി കൂടി പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനുമുള്ള സുവര്‍ണാവസരമാണ് കൈവന്നിട്ടുള്ളത്.

അതിന് ആദ്യം വേണ്ടുന്നത് ചലച്ചിത്ര വികസന കോര്‍പറേഷന്റെ നേതൃത്വത്തില്‍ ഫിലിം പോളിസി ഉണ്ടാക്കാനായി വിളിച്ചു ചേര്‍ത്ത വിദഗ്ധ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയെന്നതാണ്. നിര്‍മ്മാണമടക്കമുള്ള പ്രക്രിയകള്‍ സുതാര്യവും കുറ്റമറ്റതുമാക്കാന്‍ സാധിക്കുന്ന, നിര്‍മ്മാണ ചെലവുകള്‍ നിയന്ത്രിക്കാനുതകുന്ന വ്യവസ്ഥകളോടെയുള്ള ഒരു ചലച്ചിത്ര നയം എത്രയും വേഗം സാധ്യമാക്കണം. ചലച്ചിത്ര വികസന കോര്‍പറേഷന്റെ ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്‌ളക്‌സ് ബഹു കോടികള്‍ ചെലവിട്ട് ആധുനികവല്‍ക്കരിച്ച് ഒരു ഫിലിം സിറ്റിയാക്കാന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ പദ്ധതി സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളായി. പണക്കുറവു കൊണ്ട് അതെല്ലാം നടക്കാ സ്വപ്‌നമായിത്തന്നെ തുടരുകയാണിന്നും. അത്തരത്തില്‍ ചെലവുകുറഞ്ഞ നിര്‍മ്മാണം സാധ്യമാക്കാനുള്ള ചിത്രീകരണ സൗകര്യം സംസ്ഥാനത്ത് ഒരുക്കുക എന്നതാണ് പരമപ്രധാനമായ കാര്യം. ചിത്രീകരണാനുമതിയടക്കം ലിഭ്യമാക്കാന്‍ ഏകജാലകസൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. ഇതിനൊപ്പം പ്രദര്‍ശനശാലകളുടെ ലൈസന്‍സിങ് പ്രക്രിയയുടെ ആധുനികവല്‍ക്കരണം, നികുതി ഏകീകരണം തുടങ്ങിയ കാര്യങ്ങളിലും ഉപേക്ഷ കൂടാതെ തീരുമാനമെടുക്കേണ്ടതുണ്ട്. സംസ്ഥാനത്തിന് വിശേഷിച്ച് മുതല്‍മുടക്കില്ലാതെ ഏറ്റവും കൂടുതല്‍ വരുമാനം കൊണ്ടുവരുന്ന വ്യവസായങ്ങളില്‍ പ്രധാനപ്പെട്ടതാണ് ചലച്ചിത്രം. അതുകൊണ്ടുതന്നെ ഈ വ്യവസായം നിലനില്‍ക്കേണ്ടത് സര്‍ക്കാരിന്റെ കൂടി ആവശ്യമാണ്. അതു തിരിച്ചറിഞ്ഞുള്ള ഭരണകൂട ഇടപെടലാണുണ്ടാവേണ്ടത്.

സമരത്തിലേക്ക് ചാടിയിറങ്ങും മുമ്പ്, പ്രദര്‍ശകരും മനസിലാക്കേണ്ടുന്ന മറ്റൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ. അസോസിയേഷനിലൊന്നും അംഗത്വമില്ലാത്ത ഇന്ത്യന്‍ മള്‍ട്ടീ നാഷനലുകളായ ഐനോക്‌സ് പോലുള്ള ശൃംഖല തീയറ്ററുകളില്‍ ഏതു സമരത്തെയും അതിജീവിച്ചും പ്രദര്‍ശനം നടക്കും. അതിന് മലയാള സിനിമ ലഭിച്ചില്ലെങ്കില്‍ അന്യഭാഷാ സിനിമ നിശ്ചയമായും ലഭിക്കുകയും ചെയ്യും. സമരം നീണ്ടാല്‍ നില്‍ക്കക്കള്ളിയില്ലാത്ത നിര്‍മ്മാതാക്കള്‍ക്ക് അവരെ ആശ്രയിക്കേണ്ടിവന്നാലത്തെ കാര്യം കൂടി നിര്‍മ്മാതാക്കളുടെയും പ്രദര്‍ശകരുടെയും സംഘടനകള്‍ കാലേകൂട്ടി ആലോചിക്കേണ്ടതുണ്ട്.



Tuesday, April 01, 2025

Mohanlal - An Empuraan and his 'self-inflicted' cuts


Why did a star of his standing who calls cinema "make belief" and his team have to go this far now is a topic of raging debates among Malayalis...
Article written in The New Indian Express web edition 01 Apr 2025, 8:55 pm

Wednesday, March 12, 2025

നാരായണീന്റെ മൂന്നാണ്‍മക്കള്‍: ഹൃദയം മുറിക്കുന്ന സ്‌നേഹനോവുകള്‍

 
ഒരേ വാര്പ്പില് പകര്പ്പെടുത്ത് അമിത വയലന്സിന്റെയും മയക്കുമരുന്നിന്റെയും ഓവര്ഡോസില് ഒന്നിനുപിറകെ ഒന്നായി മലയാളത്തില് സിനിമകളിങ്ങനെ പടച്ചുവിടുന്നതിനിടെ ചില കുറ്റകൃത്യങ്ങള് കൂടി ഉണ്ടായപ്പോള് ചര്ച്ചയുടെ വഴിത്താര അങ്ങോട്ടായത് സ്വാഭാവികം. സിനിമ കുടുംബവും ജീവിതവും വിട്ട് മയക്കുമരുന്നിലും മദ്യത്തിലും വയലന്സിലുമായി എന്നതു സത്യം. പക്ഷേ, ആ മലവെള്ളപ്പാച്ചിലിനിടെ മനസിനെ സ്പര്ശിക്കുന്ന, സിനിമയില് നിഖില് എന്ന എന് ആര് ഐ യുവാവ് പറയുന്നതുപോലെ, നെഞ്ചില് എന്തോ കുത്തുന്നതുപോലെ അനുഭവിപ്പിക്കുന്ന സിനിമകളും ഉണ്ടാവുന്നുണ്ട എന്നതു കാണാതെ പോയ്ക്കൂടാ.

എനിക്കു തോന്നുന്നത്, ഒ ബേബിയുടെ കാര്യത്തിലെന്നോണം നാരയണീന്റെ മൂന്നാണ്മക്കള് എന്ന പേരും, പ്രീ റിലീസ് പബ്‌ളിസിറ്റിയുടെയും വേണ്ട പ്രചാരത്തിന്റെയും കുറവുമാവണം ശരണ് വേണുഗോപാലിന്റെ ഈ സിനിമയ്ക്ക് വേണ്ടത്ര ജനശ്രദ്ധ നേടാനാവാതെ പോയത്. ഇതുപോലൊരു സിനിമയ്ക്ക് ഒരിക്കലും ചേര്ന്നതായിരുന്നില്ല ഇതിന്റെ പോസ്റ്ററുകളും ശീര്ഷകരൂപകല്പനയും. പരസ്യപ്രചാരണത്തിന് ഒരു സിനിമയെ വ്യക്തമായി പ്രതിഷ്ഠിക്കുന്നതില് നിര്ണായക പങ്കുണ്ട്. അതു ബോധ്യപ്പെടുത്തുന്നതാണ് ഈ സിനിമയുടെ വിധി.
തീയറ്ററില് ചെന്നു കണ്ടില്ലല്ലോ എന്ന സങ്കടം മനസില് വിങ്ങലായിത്തീര്ന്ന കാഴ്ചാനുഭവം. അതാണ് നാരയണീന്റെ മൂന്നാണ്മക്കള്. ഇതേ പ്രമേയപശ്ചാത്തലത്തില് മലയാളത്തില് തന്നെ മുമ്പ് സിനിമകളുണ്ടായിട്ടുണ്ട്. സ്വര്ഗം തുറക്കുന്ന സമയം എന്ന കഥയെ ആസ്പദമാക്കി എം.ടി രചിച്ച് ഐവിശശി സംവിധാനം ചെയ്ത ആള്ക്കൂട്ടത്തില് തനിയേ, പദ്മരാജന് എഴുതി സംവിധാനം ചെയ്ത തിങ്കളാഴ്ച നല്ല ദിവസം, എം.ടിയുടെ തന്നെ അഭയം തേടി, ഒരര്ത്ഥത്തില് ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്ക് എന്നിവയൊക്കെ ഈ ജനുസില് പെടുന്ന സിനിമകള് തന്നെ. എന്നാല് ശരണ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത നാരായണീന്റെ മൂന്നാണ്മക്കള് വേറിട്ടതാവുന്നത് ധ്വനിസാന്ദ്രമാര്ന്ന അതിന്റെ ദൃശ്യപരിചരണം കൊണ്ടാണ്. കയ്യൊതുക്കമുള്ള ഒരു സംവിധായകനെ ചിത്രത്തിന്റെ ആദ്യ ഫ്രെയിം മുതല് അവസാന ഫ്രെയിം വരെ നേരിട്ടനുഭവിക്കാവുന്ന സിനിമ.
ചിത്രത്തിലെ ജോജു അവതരിപ്പിക്കുന്ന സേതുവിനെ എനിക്കെന്റെ അമ്മയുടെ കുടുംബത്തില് നേരിട്ടറിയാം. ഒരാളല്ല, കൃത്യമായി പറഞ്ഞാല് രണ്ടു തലമുറയിലായി മൂന്നാളെ. കുടുംബത്തിനു വേണ്ടി അവിവാഹിതനായി ആര്ക്കും വേണ്ടിയല്ലാതെ ജീവിക്കുന്നവര്. അയാള് കുട്ടികളോട് പറയുന്നൊരു സംഭാഷണമുണ്ട്-എഫിമെറല് എന്നൊരു വാക്കുണ്ട് ഇംഗ്‌ളീഷില്. മനുഷ്യബന്ധങ്ങളെപ്പറ്റി പറയാന് അതാണ് ഏറ്റവും പറ്റിയ വാക്കെന്ന്. കുടുംബബന്ധങ്ങളുടെ നിഗൂഢ സങ്കീര്ണതയെ ഇതിലുമധികം വിവരിക്കാന് ആര്ക്കുസാധിക്കും?
പുതുതലമുറയിലെ ശ്രദ്ധേയയായ ഗാര്ഗ്ഗി അനന്തനും തോമസ് മാത്യുവും അവതരിപ്പിച്ച ജ്യേഷ്ഠാനുജ മക്കളെയും എനിക്കറിയാം. (ഫാസിലിന്റെ എന്നെുന്നും കണ്ണേട്ടന്റെ കണ്ടശേഷം ഇത്രയും വൈകാരികമായൊരു ബന്ധം മലയാളത്തില് കണ്ടിട്ടില്ല.)സുരാജന്റെ ഭാസ്‌കറെയും അലന്സിയറിന്റെ വിശ്വനാഥനെയും ഞാനറിയും. ഷെല്ലി കിഷോറിന്റെ നഫീസയെയും ഞാന് കണ്ടിട്ടുണ്ട്. എന്തിന് എന്റെ തന്തവൈബില് എം,ശ്രീലക്ഷ്മിയുടെ ധന്യയേയും ഫ്രീക്കന് ജോക്കിയേയും ഞാന് ഇപ്പോഴും കാണുന്നതാണ്.
വ്യക്തിത്വമുള്ള കഥാപാത്രനിര്മ്മിതി, മികച്ച കാസ്റ്റിങ്, ഒച്ചപ്പാടും ബഹളവുമില്ലാത്ത ഏകാഗ്രതയോടെയുള്ള ആവിഷ്‌കാരം. മത്സരിച്ചുള്ള അഭിനയം. ഇതെല്ലാം ഈ സിനിമയുടെ മേന്മകളാണ്. വല്ലാതെ ഇഷ്ടമായത് അപ്പു ഭാസ്‌കറിന്റെ ഛായാഗ്രഹണവും രാഹുല് രാജിന്റെ പശ്ചാത്തലസംഗീതവുമാണ്. മാസ്റ്റേഴ്‌സിന്റേതിനു സമാനമായ ഫ്രെയിമുകളും മൂവ്‌മെന്റുകളുമാണ് അപ്പു ഈ സിനിമയ്ക്കായി വിന്യസിച്ചിട്ടുള്ളത്. നാളിതുവരെ അടിപൊളി, തട്ടുപൊളിപ്പന് പാട്ടുകളും കാതടപ്പിക്കുന്ന സംഗീതവും മാത്രം കേട്ടിട്ടുള്ള രാഹൂല്രാജില് നിന്ന് ഇങ്ങനെയൊരു റീ റെക്കോര്ഡിങ് സത്യത്തില് പ്രതീക്ഷിച്ചതല്ല.
നാരായണീന്റെ മൂന്നാണ്മക്കള്ക്ക് നവതലമുറ ക്‌ളീഷേവാദ നിരൂപകരുടെ വിമര്ശനമുണ്ടായിട്ടുണ്ട്. എന്നാല് എനിക്കു തോന്നിയത്, മായാനദി, അന്നയും റസൂലും, ഭീഷ്മപര്വം തുടങ്ങിയ അസംഖ്യം സിനിമകളെ ക്‌ളീഷേവാദത്താല് നിരാകരിക്കാതിരിക്കാമെങ്കില്, അവതരണത്തിലെ ധ്യാനാത്മകതകൊണ്ടും ധ്വന്യാത്മകത കൊണ്ടും ഈ സിനിമയേയും സ്വീകരിക്കാവുന്നതേയുള്ളൂ എന്നാണ്‌
തീയറ്ററില് കാണാനാവാത്ത നിരാശ കുറ്റബോധത്തോടെ ആവര്ത്തിച്ചുകൊണ്ടും അതിനുള്ള അവസരം തരാത്ത നിര്മ്മാതാക്കളോടും വിതരണക്കാരോടും പരിഭവം തുറന്നുപറഞ്ഞുകൊണ്ടും അടിവരയിട്ടു പറയട്ടെ, ഇത്രയും ഹൃദയസ്പര്ശിയായ ഒരു കുടുംബസിനിമ കണ്ടിട്ട് നാളുകളായി. ശരണില് വലിയ പ്രതീക്ഷയുണ്ട്. ആടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു.

Saturday, March 08, 2025

2025ലെ ഓസ്‌കറുകളെ വിലയിരുത്തി കലാകൗമുദിയിലെഴുതിയ ലേഖനം.


ശീര്‍ഷകത്തിന്റെ ഉത്തരവാദി ഇതെഴുതിയ ആള്‍ അല്ലാത്തതുകൊണ്ട് ആ ശീര്‍ഷകം ഒഴിവാക്കി ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നു.


എ.ചന്ദ്രശേഖര്‍

കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ പതിവു തെറ്റിച്ചു എന്നതാണ് 2025ലെ അമേരിക്കന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിന്റെ ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ സവിശേഷത. ലോകം മുഴുവന്‍ ഏറെ പ്രദര്‍ശനവിജയം നേടി, പരമാവധി നാമനിര്‍ദ്ദേശങ്ങളുടെ പിന്‍ബലത്തോടെ വരുന്ന സിനിമകള്‍ക്കാണ് സാധാരണ ഓസ്‌കറില്‍ പ്രധാന പുര്‌സകാരങ്ങള്‍ ലഭിക്കുക. ഇത്തവണയാവട്ടെ, ചരിത്രത്തിലാദ്യമായി 13 നാമനിര്‍ദേശവുമായി ഒരു വിദേശഭാഷാ ചിത്രവുമായി കട്ടയ്ക്കുകട്ട മത്സരിച്ചുകൊണ്ടാണ് കേവലം ആറു വിഭാഗങ്ങളിലേക്കു മാത്രം പരിഗണിക്കപ്പെട്ട ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ  മികച്ച ചിത്രമടക്കം അവയില്‍ അഞ്ചെണ്ണവും സ്വന്തമാക്കിയത്. അനോറയെന്ന ആ ചിത്രമാവട്ടെ അമേരിക്കന്‍ പ്രദര്‍ശനശാലകളില്‍ വന്‍ പരാജയമേറ്റുവാങ്ങിയ സിനിമയാണെന്നോര്‍ക്കണം. മികച്ച ചിത്രം കൂടാതെ സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ, മികച്ച നടി എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളാണ് 'അനോറ' നേടിയത്. ഇതില്‍ സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ എന്നിവയൊക്കെ കൈകാര്യം ചെയ്തിരിക്കുന്നത് ഷോണ്‍ ബേക്കറാണെന്നതാണ് സമാനതകളില്ലാത്ത റെക്കോര്‍ഡ്. ഓസ്‌കര്‍ ചരിത്രിത്തില്‍ ഇതാദ്യമായിട്ടായിരിക്കും ഇത്രയേറെ വിഭാഗങ്ങളിലുള്ള വെവ്വേറെ പുരസ്‌കാരങ്ങള്‍ ഒരേ വ്യക്തിക്ക് ലഭിക്കുന്നത്. 

ന്യൂജേഴ്‌സി സ്വദേശിയായ അമ്പത്തിനാലുകാരന്‍ ഷോണ്‍ ബേക്കറിന്റെ 'അനോറ' വിഖ്യാതമായ കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി ഓര്‍ നേടിയതോടെയാണ് ലോകശ്രദ്ധയില്‍പ്പെടുന്നത്. ലൈംഗിക തൊഴിലാളിയായ അനോറയുടെ ജീവിതസംഘര്‍ഷങ്ങളുടെ ദൃശ്യാവിഷ്‌കാരമാണ് സിനിമ. റഷ്യന്‍ പ്രഭുവിന്റെ മകനുമായുള്ള കണ്ടുമുട്ടലും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. ബ്രൂക്ലിനില്‍ നിന്നുള്ള ലൈംഗിക തൊഴിലാളിയായ അനോറ (അനി) റഷ്യന്‍ പ്രഭുവിന്റെ മകനായ വന്യ സഖറോവിനെ ഡാന്‍സ് ബാറില്‍ കണ്ടുമുട്ടുന്നതോടെ അവളുടെ ജീവിതം ഒറ്റരാത്രിയില്‍ മാറി മറിയുന്നു. അവര്‍ക്കിടയില്‍ ഒരു ബന്ധം ഉടലെടുക്കുന്നു. അവരുടെ ബന്ധം ശക്തമാകുന്നതോടെ അനിയെ വന്യ ഒരാഴ്ച ഒന്നിച്ച് ചിലവഴിക്കാന്‍ ക്ഷണിക്കുന്നു. അവള്‍ക്ക് 15,000 ഡോളര്‍ വാഗ്ദാനം ചെയ്യുന്നു. ലാസ്‌വേഗസിലേക്കുള്ള യാത്ര അപ്രതീക്ഷിതമായി അവസാനിക്കുന്നത് അവരുടെ വിവാഹത്തിലാണ്. എന്നാല്‍ വന്യയുടെ മാതാപിതാക്കള്‍ ഇതറിയുകയും യുഎസിലെ ഗാര്‍ഡിയനായ ടോറോസിനെയും ഗുണ്ടകളെയും അത് തടയാന്‍ അയക്കുകയും ചെയ്യുന്നു. 

സംവിധായകന്‍ എന്ന നിലയിലുള്ള ബേക്കറിന്റെ ഫിലിം മേക്കിംഗ് രീതി ഓരോ ഫ്രെയിമിലും വ്യക്തവുമാണ്. ഒരു ഹൈ റൊമാന്റിക് ഡ്രാമയുടെ ആകര്‍ഷണീയതയെ അടിസ്ഥാനപരവും വ്യക്തിഗതവുമായ ഛായയില്‍ അവതരിപ്പിക്കാന്‍ സംവിധായകന്‍ സാധിച്ചിട്ടുണ്ട്.അനിയെ അവിസ്മരണീയമാക്കിയ മൈക്കി മാഡിസന്റെ പ്രകടനമാണ് ചിത്രത്തിന്റെ കാതല്‍. ആ റോളിന് നല്‍കേണ്ട ആഴവും സങ്കീര്‍ണ്ണതയും അവര്‍ ഗംഭീരമാക്കി. അനിയുടെ ആന്തരികവും ബാഹ്യവുമായ വൈകാരിക യാത്രയെ പ്രേക്ഷകനുമായി നേരിട്ടു ബന്ധിപ്പിക്കാനായതാണ് നടി എന്ന നിലയ്ക്കുള്ള അവരുടെ വിജയം. അഭിനയത്തിനുള്ള ഓസ്‌കര്‍ അതിനെ സാധൂകരിക്കുന്നതായി എന്നു മാത്രം. ഡാനിയല്‍ ബ്ലൂംബെര്‍ഗിന്റെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു മേന്മ. നല്‍കുന്നു. മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരവും ഈ ചിത്രത്തിനാണ്. ഡ്രൂ ഡെന്നീസിന്റെ ഛായാഗ്രഹണമികവാണ് ബേക്കറിന് ലഭിച്ച ഏറ്റവും വലിയ പിന്തുണ. ബേക്കര്‍ മനഃക്കണ്ണില്‍ കണ്ടതാണ് പ്രകാശവും ഇരുട്ടും ഇടകലര്‍ത്തി ഡ്രൂ അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തരചലച്ചിത്രമേളയ്ക്ക് നിറഞ്ഞ സദസില്‍ വന്‍ പ്രേക്ഷകപങ്കാളിത്തത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രമാണ് അനോറ. 2024-ലെനാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യൂ ടോപ്പ് ഫിലിം, ബ്രേക്ക്ത്രൂ പെര്‍ഫോമന്‍സ്, 2025ലെ മികച്ച ചിത്രം, മികച്ച എഡിറ്റിങ്, മികച്ച സംവിധാനം, മികച്ച സഹനടന്‍ എന്നിവയ്ക്കുള്ള ബാഫ്റ്റാ അവാര്‍ഡുകള്‍, ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവല്‍ 2024-ലെ ഔദ്യോഗിക എന്‍ട്രി, മികച്ച സംവിധാനത്തിനുള്ള  ഡയറക്ടേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക അവാര്‍ഡ്, റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക 2025-ലെ ഒറിജിനല്‍ സ്‌ക്രീന്‍പ്ലെയ്ക്കുള്ള അവാര്‍ഡ് എന്നിവ നേടിയ സിനിമകൂടിയാണ് അനോറ.

കേരള രാജ്യാന്തര ചലച്ചിത്രമേളയിലടക്കം ഏറെ പ്രേക്ഷകസ്‌നേഹം പിടിച്ചു പറ്റിയ ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഷാക് ഓഡിയയുടെ സ്പാനിഷ് മ്യൂസിക്കല്‍ എമീലിയ പെരസിനു ഈ ഓസ്‌കര്‍ സമാനതകളില്ലാത്ത അംഗീകാരമാണ് നല്‍കിയത്. വിവിധ വിഭാഗങ്ങളിലായി 13 നാമനിര്‍ദേശമാണു ചിത്രത്തിനു ലഭിച്ചത്. ഇംഗ്ലിഷ് ഇതര ഭാഷാ സിനിമയ്ക്ക് ഇത്രയധികം നാമനിര്‍ദേശം ഇതാദ്യമാണ്. എന്നാല്‍ പുരസ്‌കാരപ്രഖ്യാപനങ്ങള്‍ വന്നപ്പോള്‍ തഴയപ്പെട്ടതിലും ചിത്രം ചരിത്രമെഴുതി. നാമനിര്‍ദ്ദേശങ്ങള്‍ക്കുപരിയായി കാര്യമായ പുരസ്‌കാരങ്ങള്‍ നേടാന്‍ ചിത്രത്തിനായില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് മലയാളത്തിലിറങ്ങിയ ഭാര്‍ഗവചരിതം മൂന്നാം കാണ്ഡത്തോട് വിദൂരസാദൃശ്യമുള്ളതെങ്കിലും അതീവ വൈകാരികവും സമകാലികപ്രസക്തിയുള്ളതുമായ ഇതിവൃത്തമുണ്ടായിട്ടും ചിത്രം ഇങ്ങനെ തഴയപ്പെടാന്‍ സിനിമാബാഹ്യമായ രാഷ്ട്രീയവും കാരണമായി എന്നതാണ് സങ്കടകരം. മെക്‌സിക്കോയിലെ അധോലോക സാമ്രാജ്യാധിപന്‍ ലിംഗമാറ്റത്തിനു വിധേയനായി സ്ത്രീ സ്വത്വം സ്വീകരിക്കുന്നതിനെത്തുടര്‍ന്നുണ്ടാവുന്ന നാടകീയസംഘടര്‍ഷങ്ങളാണ് എമിലി പെരസിന്റെ ഇതിവൃത്തം. മുഖ്യവേഷം ചെയ്ത ട്രാന്‍സ് പേഴ്‌സണായ കാര്‍ല സോഫിയ ഗാസ്‌കേണ്‍റെ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ടെങ്കിലും സ്പാനിഷ് ഭാഷയില്‍ നേരത്തേ സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം നടത്തിയ ഇസ്‌ളാം വിരുദ്ധ പോസ്റ്റുകളും 

ജോര്‍ജ് ഫ്‌ലോയിഡിനെ 'മയക്കുമരുന്ന് വഞ്ചകന്‍'എന്നാക്ഷേപിച്ച പോസ്റ്റുകളും ഈയിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ കുത്തിപ്പൊക്കിക്കൊണ്ടുവന്നതോടെയാണ് എമിലിയ പെരസിന്റെ പ്രതീക്ഷകള്‍ക്ക് തുടക്കത്തിലേ നിറം മങ്ങിയത്. നായകന്റെയും പി്ന്നീട് അയാളുടെ കുടുംബത്തിന്റെയും നിഴലായി ഒപ്പം നില്‍ക്കുകയും സ്വന്തം ജീവിതം പണയപ്പെടുത്തി പോരാടുകയും ചെയ്യുന്ന അഭിഭാഷകയെ അവതരിപ്പിച്ചതിന് സോ സല്‍ദാനയ്ക്ക് ലഭിച്ച മികച്ച നടിക്കുള്ള അവാര്‍ഡും മൗലികഗാനത്തിനുള്ള ബഹുമതിയും കൊണ്ട് സമാധാനിക്കേണ്ടി വന്നു ചിത്രത്തിന്. അവാര്‍ഡ് ലഭിച്ച രണ്ടു സിനിമകളും ലൈംഗികത്തൊഴിലിനെയും ഭിന്നലൈംഗികതയേയും അടിസ്ഥാനമാക്കിയുള്ളതായി എന്നതും പ്രത്യേകതയായി. അമേരക്കയില്‍ ഇനി മുതല്‍ സ്ത്രീ പുരുഷന്‍ എന്നിങ്ങനെ രണ്ട് ലിംഗവിഭാഗങ്ങളേയുണ്ടാവൂ എന്ന പ്രസിഡന്റിന്റെ പ്രഖ്യാപനം വന്ന് ഏറെക്കഴിയുംമുമ്പാണ് ട്രാന്‍സ് പേഴ്‌സണ്‍ നായകനും നായികയുമായ അതേ വിഷയം കൈകാര്യം ചെയ്യുന്ന ഒരു ചിത്രത്തിന് അതും വിദേശഭാഷാ ചിത്രത്തിന് ഓസ്‌കര്‍ വേദിയില്‍ ഇത്രയേറെ സമയവും സ്ഥാനവും ലഭിക്കുന്നത് എന്നോര്‍ക്കുക.

ബ്രേഡി കോര്‍ബെറ്റ് സംവിധാനം ചെയ്ത 'ദ് ബ്രൂട്ടലിസ്റ്റ്' എന്ന ചിത്രത്തിലെ ലാസ്ലോ തോത്ത് എന്ന ഹംഗേറിയന്‍ യഹൂദ വാസ്തുശില്പിയുടെ വേഷം അനായാസമായി അവതരിപ്പിച്ചതിനാണ് പോളിഷ് വേരുകളുള്ള അമേരിക്കന്‍ നടന്‍ എഡ്രിയന്‍ ബ്രോഡി മികച്ച നടനുള്ള അവാര്‍ഡ് നേടിയത്. ഹോളോകോസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് അമേരിക്കന്‍ സ്വപ്നം തേടിയെത്തുന്ന ജര്‍മ്മന്‍ കഥാപാത്രത്തിന്റെ ജീവിതത്തിലെ 30 വര്‍ഷങ്ങള്‍ ചിത്രത്തില്‍ ഉള്‍ക്കൊള്ളുന്നു. മികച്ച നടനുള്ള ഓസ്‌കാര്‍ മുമ്പും കരസ്ഥമാക്കിയിട്ടുള്ള നടനാണ് അഡ്രിയന്‍ ബ്രോഡി. 2003-ല്‍ റോമന്‍ പോളന്‍സ്‌കിയുടെ 'ദി പിയാനിസ്റ്റ്'ല്‍ വ്‌ലാഡിസ്ലാവ് ഷ്പില്‍മാനായുള്ള വേഷപ്പകര്‍ച്ചയിലൂടെ 29-ാം വയസ്സില്‍, മികച്ച നടനുള്ള പുരസ്‌കാരം നേടിയ ഏറ്റവും പ്രായംകുറഞ്ഞ നടനെന്ന റെക്കോര്‍ഡിട്ട ബ്രോഡിയുടെ  കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിട്ടാണ് ദ് ബ്രൂട്ടലിസ്റ്റ് വിശേഷിപ്പിക്കപ്പെടുന്നത്. പല വിഭാഗങ്ങളിലായി 10 നാമനിര്‍ദ്ദേശങ്ങള്‍ നേടിയ ദ് ബ്രൂട്ടലിസ്റ്റിനും മികച്ച ഛായാഗ്രഹണത്തിന് ലോള്‍ ക്രോളിക്കും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടി. 'എ റിയല്‍ പെയ്ന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് 'ഹോം എലോണ്‍' സിനിമയിലൂടെ ലോകശ്രദ്ധനേടിയ കീറന്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍ നേടിയത്. 'വിക്കഡിലൂടെ  മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കര്‍ നേടിയ പോള്‍ ടേസ്വെല്‍ ഓസ്‌കര്‍ നേടിയ ആദ്യ കറുത്ത വര്‍ഗക്കാരനായി ചരിത്രം സൃഷ്ടിച്ചു. ബ്രസീലിയന്‍ ചിത്രമായ ഐ ആം സ്റ്റില്‍ ഹിയര്‍ ആണ് മികച്ച ഇതരഭാഷാ ചിത്രം.

പലസ്തീന്‍ വിഷയത്തില്‍ അമേരിക്കയിലെ മാറിയ നേതൃത്വത്തിന്റെ പുതിയ നിലപാടുകളുകള്‍ക്കിടയില്‍ ഏറെ വാര്‍ത്താപ്രാധാന്യം നേടിയതായിരുന്നു ഹ്രസ്വചിത്രത്തിനുള്ള ഓസ്‌കര്‍ നേടിയ 'നോ അദര്‍ ലാന്‍ഡ്'. ഒരു പലസ്തീനിയന്‍ ആക്ടിവിസ്റ്റും ഇസ്രായേലി പത്രപ്രവര്‍ത്തകനും ചേര്‍ന്ന് ചിത്രീകരിച്ച ഈ സിനിമ, വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ അധിനിവേശവും മസാഫര്‍ യാറ്റയിലെ പലസ്തീനിയരുടെ സഹനങ്ങളുമാണ് പ്രമേയമാക്കുന്നത്. ഇസ്രയേല്‍-ഫലസ്തീനിയന്‍ കൂട്ടായ്മകളുടെ അവബോധം ഉയര്‍ത്താനും സഹത്വം വളര്‍ത്താനും ഈ സിനിമയുടെ ബഹുമതി സഹായകമാണെങ്കിലും, ഈ സഹായിച്ചിട്ടേയില്ല. കാരണം, അമേരിക്കയില്‍ അതു വിതരണം ചെയ്യാന്‍ തന്നെ ഏറെ പണിപ്പെടേണ്ടിവന്നു അതിന്റെ പിന്നണിക്കാര്‍ക്ക്.

വീണ്ടെടുക്കുന്ന സാഹിത്യബന്ധമാണ് ഇത്തവണത്തെ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ച സിനിമകളുടെ മറ്റൊരു മേന്മ. ഫിലിപ്പ് കെ. ഡിക്ക് എഴുതിയ നോവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച 'ദി ബ്രൂട്ടലിസ്റ്റ്', റോബര്‍ട്ട് ഹാരിസിന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി എഡ്വേഡ് ബര്‍ഗര്‍ സംവിധാനം ചെയ്ത 'കോണ്‍ക്ലേവ്, എലൈജ വാള്‍ഡ് എഴുതി 'ഡിലന്‍ ഗോയ്സ് എലക്ട്രിക്!' എന്ന ജീവചരിത്രത്തെ ആസ്പദമാക്കി ജെയിംസ് മാംഗോള്‍ഡ് സംവിധാനം ചെയ്ത 'എ കംപ്ലീറ്റ് അണ്‍്‌നോണ്‍', ഫ്രാങ്ക് ഹെര്‍ബര്‍ട്ടിന്റെ പ്രശസ്തമായ സയന്‍സ് ഫിക്ഷന്‍ നോവലിന് അധികരിച്ചു നിര്‍മ്മിച്ച്, മികച്ച ശബ്ദത്തിനും മികച്ച വിഷ്വല്‍ എഫക്റ്റ്‌സിനും അവാര്‍ഡുകള്‍ നേടിയ ഡെനിസ് വില്ലന്യൂയിയുടെ 'ഡ്യൂണ്‍: ടൂ' എന്നിവയെല്ലാം സാഹിത്യത്തിന്റെ അനുകല്‍പനങ്ങളാണ്.

ആദം ജെ ഗ്രേവ് സംവിധാനം ചെയ്ത 'അനുജ'യിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷയെങ്കിലും. പുരസ്‌കാരങ്ങള്‍ ഒന്നും ലക്ഷിച്ചില്ല. പ്രിയങ്ക ചോപ്രയും ഗുനീത് മോംഗയും ചേര്‍ന്ന് നിര്‍മിച്ച ഹ്രസ്വചിത്രം അനുജ മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലായിരുന്നു മത്സരിച്ചിരുന്നത്. ഡല്‍ഹിയിലെ വസ്ത്രനിര്‍മാണ ഫാക്ടറിയില്‍ ജോലിചെയ്യുന്ന ഒമ്പത് വയസ്സുകാരി അനൂജ (സജ്ദ പത്താന്‍), 17 വയസ്സുകാരി പലക് (അനന്യ ഷന്‍ഭാഗ്) എന്നിവരുടെ കഥയാണ് അനൂജയുടെ പ്രമേയം. 

ഇരുന്നൂറ് രാജ്യങ്ങളിലാണ്, ലോസ് ആഞ്ജലസിലെ ഹോളിവുഡ് വാലിയിലെ വന്‍ വ്യാപാരസമുചയത്തില്‍ സ്ഥിതിചെയ്യുന്ന ഗ്‌ളോബ് തീയറ്ററില്‍(പഴയ കൊഡാക്ക് തീയറ്റര്‍) അരങ്ങേറുന്ന ഓസ്‌കര്‍ താരനിശ തത്സമയം സംപ്രേഷണം ചെയ്യുന്നത്. അക്കാമദിയെ സംബന്ധിച്ച് വലിയ വരുമാനസ്രോതസു തന്നെയാണ് ഈ വാര്‍ഷിക മാമാങ്കം. അതിന് ഇന്ത്യ എന്തുമാത്രം പ്രധാനപ്പെട്ട വിപണിയാണെന്നും ഇന്ത്യയിലെ പ്രേക്ഷകര്‍ എത്രമാത്രം നിര്‍ണായകമാണെന്നും അസന്ദിഗ്ധമായി ബോധ്യപ്പെട്ട താരനിശയാണ് കടന്നുപോകുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ദീപിക പദുക്കോണും, ഐശ്വര്യ റായിയയും പ്രിയങ്ക ചോപ്രയുമടങ്ങുന്ന താരങ്ങളെ അവാര്‍ഡ് സമ്മാനിക്കാന്‍ അതിഥികളായി അവതരപ്പിച്ചിക്കുകയും ഇന്ത്യന്‍ പാട്ട് അവതരിപ്പിക്കുകയും ഒക്കെ ചെയ്തിട്ടുള്ള ഓസ്‌കര്‍ നിശയില്‍ ഇക്കുറി ഇന്ത്യയില്‍ നിന്ന് പ്രിയങ്ക പങ്കെടുത്തത് ഹ്രസ്വചിത്രത്തിന്റെ നിര്‍മാതാവെന്ന നിലയ്ക്കുമാത്രമാണ്. ആ കുറവ് നികത്താന്‍ അവതാരകനായി വന്ന ഹാസ്യനടന്‍ കൊനാന്‍ ഒ ബ്രെയ്ന്‍ ഹിന്ദിയില്‍ ഇന്ത്യന്‍ പ്രേക്ഷകരെ രണ്ടു വരി അബിസംബോധന ചെയ്തത് ഈ പ്രാധാന്യം വ്യക്തമാക്കുന്നതായി.


Friday, February 28, 2025

Epitaph on Prof Sreevarahom Balakrishnan published in Prasadhakan monthly March 2025 issue

അടയാളപ്പെടുത്തേണ്ട ഒരു ജീവിതം
എ.ചന്ദ്രശേഖര്‍ 
ശ്രീവരാഹം ബാലകൃഷ്ണന്‍ സാറിനെ പറ്റി ഞാന്‍ ആദ്യം കേള്‍ക്കുന്നത് സ്‌കൂളില്‍ പഠി്ക്കുമ്പോഴാണ്.അന്ന് ഞങ്ങളുടെ തൊട്ടയല്‍പ്പക്കത്ത്, ഇന്ന് എസ് പി ഗ്രാന്‍ഡ് ഡെയ്‌സ് ഇരിക്കുന്ന സ്ഥലത്തുണ്ടായിരുന്ന ഉമാഭവന്‍ എന്ന വിശാല മായ പറമ്പിനു നടുവിലെ പഴയ ഓടിട്ട വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന, പിന്നീട് ഞങ്ങളുടെ അടുത്ത കുടുംബസുഹൃത്തുക്കളും ബന്ധുക്കളുമായി മാറിയ കുടുംബത്തിലെ നാലു മക്കളില്‍ ചിലര്‍ പറഞ്ഞുകേട്ടാണ്. അതിലൊരാള്‍ ഇന്ന് മുംബൈയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ഷാജി വിക്രമന്‍. ഏറ്റവും ഇളയയാള്‍ മീനു എന്നു ഞങ്ങളെല്ലാം വിളിക്കുന്ന ഷീല പിയുടെ അധ്യാപകനായിരുന്നു അദ്ദേഹം. മൂത്ത ചേച്ചി ഷീജച്ചേച്ചിയേയും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ടോ എന്നോര്‍മ്മയില്ല. പ്രതിഭാധനനായ വലിയ എഴുത്തുകാരനും അസാമാന്യനായ അധ്യാപകനും എന്നൊരു പ്രതിച്ഛായയാണ് നേരിട്ടു കണ്ടിട്ടില്ലാത്ത അദ്ദേഹത്തെ പറ്റി അന്നേ മനസിലുറച്ചത്. പിന്നീട് കൗമാരയൗവനങ്ങളില്‍ കലാകൗമുദിയും ഫിലിം മാഗസിനും ഒക്കെ വായിച്ചു തുടങ്ങിയപ്പോള്‍ ആ പേര് കുറേക്കൂടി മനസിലുറച്ചു. ദ് ഹിന്ദു പത്രം വരുത്തിത്തുടങ്ങിയപ്പോള്‍ ഇംഗ്‌ളീഷിലും ആ ബൈലൈന്‍ അച്ചടിച്ചതു വായിച്ചു. അക്കാലത്തെ പല മികച്ച സിനിമകളുടെയും പിന്നണിക്കാര്‍ക്കിടയില്‍ ആ പേര് വായിച്ചു. ചില പേരുകള്‍ അങ്ങനെയാണല്ലോ. നമുക്കടുപ്പമുള്ള ആരെങ്കിലും പറഞ്ഞും, അവര്‍ക്കടുപ്പമുണ്ടെന്നു കേട്ടും മനസില്‍ കയറിയാല്‍ പിന്നെ അവരെ പറ്റി കാണുമ്പോഴും കേള്‍ക്കുമ്പോഴും, ദാ നമ്മുടെ സ്വന്തം ആള്‍ എന്ന നിലയ്ക്ക് ഒരടുപ്പം തോന്നും. എനിക്കങ്ങനെ പലരെയും ഏറെ സ്വന്തപ്പെട്ടത് എന്ന നിലയ്ക്ക് തോന്നാറുണ്ട്. അങ്ങനെ തോന്നിയ ആളെ പിന്നീട് ജീവിതത്തില്‍ അടുത്തുപരിചയപ്പെട്ട അനുഭവങ്ങളും ധാരാളം. അത്തരത്തിലൊരു ബന്ധമാണ് ശ്രീവരാഹം ബാലകൃഷ്ണന്‍ സാറുമായി ഉണ്ടായത്.
കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍, പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ പുറത്തിറങ്ങിയ ലെനിന്‍ രാജേന്ദ്രന്റെ സ്വാതിതിരുന്നാള്‍(987)കണ്ടപ്പോഴാണ് ശ്രീവരാഹം ബാലകൃഷ്ണന്‍ എന്ന പേര് ആരാധനയോടെ ഹൃദയത്തില്‍ പതിയുന്നത്. അക്കാലത്ത് മനസിനെ വല്ലാതെ സ്പര്‍ശിച്ചൊരു ജീവചരിത്ര സിനിമയായിരുന്നു ലെനിന്‍ രാജേന്ദ്രന്റെ സ്വാതി തിരുനാള്‍. തമിഴില്‍ ഭാരതീരാജ അവതരിപ്പിച്ച നടി രഞ്ജിനി നായികയായ ആദ്യ മലയാള ചിത്രം. കന്നട/ഹിന്ദി നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ അനന്ത് നാഗ് നായകനായ ബിഗ് ബജറ്റ് ചിത്രം. അതിന്റെ തിരക്കഥയെഴുതിയത് ശ്രീവരാഹം ബാലകൃഷ്ണനും ലെനിനും ചേര്‍ന്നാണ്.പിന്നീട് സിനിമയെപ്പറ്റി കൂടുതല്‍ ആഴത്തില്‍ വായിക്കുകയും പഠിക്കുകയും ഒക്കെ ചെയ്യുന്ന കാലത്താണ് ശ്രീവരാഹം ബാലകൃഷ്ണന്‍ എന്ന എഴുത്തുകാരന് മലയാള സിനിമയുടെ നവഭാവുകത്വമുന്നേറ്റത്തിലുണ്ടായിരുന്ന നിര്‍ണായക പങ്കാളിത്തത്തെപ്പറ്റിയൊക്കെ അറിയുന്നത്. മലയാളത്തിന്റെ മഹാസംവിധായകന്‍ ശ്രീ അടൂര്‍ ഗോപാലകൃഷണനുമൊത്ത് അദ്ദേഹത്തിന്റെ ആദ്യ കഥാചിത്രത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ ആ സിനിമയെപ്പറ്റി ഒരു പഠനപുസ്തകമിറക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ വിശദമായ അഭിമുഖത്തില്‍ ശ്രീവരാഹം സാറിനെപ്പറ്റി അത്രമേല്‍ ആദരവോടെയാണ് അദ്ദേഹം പരാമര്‍ശിച്ചത്. അദ്ദേഹത്തിന് സ്വന്തമായി ചില നിര്‍മ്മാണ സാമഗ്രികള്‍ സമ്മാനമായി ലഭിച്ച പ്രതിസന്ധി എന്ന ഹ്രസ്വചിത്രത്തിന്റെ രചയിതാവ് എന്ന നിലയ്ക്കും ബൗദ്ധികമായി നല്‍കിയ പിന്തുണയെന്ന നിലയ്ക്കും ശ്രീവരാഹം ബാലകൃഷ്ണന്‍ സാറിനെപ്പറ്റി മതിപ്പോടെയാണ് അടൂര്‍ സാര്‍ സംസാരിച്ചത്. ചിത്രലേഖയുടെ പ്രവര്‍ത്തനത്തിലടക്കം അക്കാലത്ത് തലസ്ഥാനം കേന്ദ്രീകരിച്ചു നടന്ന സാംസ്‌കാരിക/സാഹിത്യ/സിനിമാ മുന്നേറ്റങ്ങളിലെല്ലാം ശ്രീവരാഹം ബാലകൃഷ്ണന്‍ എന്ന ദീര്‍ഘവീക്ഷണമുള്ള പ്രതിഭയുടെ നിശ്ബദ സഹകരണമുണ്ടായിരുന്നു എന്നത് അക്കാലത്തുള്ളവര്‍ തിരിച്ചറിഞ്ഞ സത്യം.ജേസി സംവിധാനം ചെയ്ത് പ്രേം നസീറും ഷീലയും അടൂര്‍ഭാസിയും മറ്റും അഭിനയിച്ച അശ്വതി (1974) എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിട്ടാണ് മലയാള സിനിമയില്‍ ബാലകൃഷ്ണന്റെ അരങ്ങേറ്റം. അതിനു മുമ്പ് സാഹിത്യവിഹായസില്‍ അറിയപ്പെടുന്ന പേരായിരുന്നു അദ്ദേഹം. പംക്തീകരാന്‍ എന്ന നിലയ്ക്ക് മുഖ്യധാരാപത്രങ്ങളില്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ലേഖനങ്ങളും പ്രശസ്തമായിരുന്നു അദ്ദേഹത്തിന്റെ കൂടി മേല്‍നോട്ടത്തില്‍ പുറത്തിറങ്ങിയ നവധാരയെന്ന സമാന്തര പ്രസിദ്ധീകരണത്തിലാണ് ആനന്ദിന്റെ മരണസര്‍ട്ടിഫിക്കറ്റ്, മാധവിക്കുട്ടിയുടെ രുഗ്മിണിക്കൊരു പാവക്കുട്ടി തുടങ്ങിയ കഥകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. എന്‍.എസ്.എസ്.കോളജിലെ സഹപ്രവര്‍ത്തകനായിരുന്ന സിഎന്‍എന്‍ ഭട്ടതിരിയുമായി ചേര്‍ന്ന് അദ്ദേഹം ആരംഭിച്ച ബീസ് ബുക്‌സ് ആണ് അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും ആദ്യമായി പുസ്തകരൂപത്തിലാക്കിയത്.
ചിത്രലേഖാകാലം മുതല്‍ക്കെ അടൂരും അരവിന്ദനും കെ.പി.കുമാരനുമടക്കമുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ശ്രീവരാഹം ബാലകൃഷ്ണനാണ് ചലച്ചിത്ര കുതൂഹിയായ ഹരികുമാര്‍ എന്ന സര്‍ക്കാര്‍ ജീവനക്കാരനെ കുമാരന്റെ സഹായിയാവാന്‍ സഹായിച്ചതും തുടര്‍ന്ന് അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതം തന്നെ രൂപപ്പെടുത്തിയതും. ഹരികുമാര്‍ സംവിധാനം ചെയ്തതില്‍ ഏറ്റവും വ്യത്യസ്തമായ, നെടുമുടി വേണു പൂര്‍ണിമ ജയറാം എന്നിവരഭിനയിച്ച സ്‌നേഹപൂര്‍വം മീരയുടെ തിരക്കഥാകൃത്ത് ശരിക്കും ബാലകൃഷ്ണനായിരുന്നു. എന്നാല്‍ ഇലവങ്കോട് ദേശം എന്ന ചിത്രത്തിലടക്കം ക്രെഡിറ്റില്‍ സംവിധായകനൊപ്പമോ, സംഭാഷണം എന്ന പേരിലോ  ഒതുങ്ങിനില്‍ക്കുന്നതില്‍ അല്‍പവും പരിഭവമുണ്ടായിരുന്നില്ല ബാലകൃഷ്ണന്‍ സാറിന്. ഒരുപക്ഷേ പ്രതിഭാധനരായി കാലം അടയാളപ്പെടുത്തിയ പല സംവിധായകരചയിതാക്കളുടെയും ഗോസ്റ്റ് തിരക്കഥാകൃത്തായിരുന്നു ബാലകൃഷ്ണന്‍ സാര്‍.
അദ്ദേഹത്തെ നേരിട്ടു പരിചയപ്പെടുന്നത്, വര്‍ഷങ്ങള്‍ക്കുശേഷം രണ്ടായിരത്തില്‍ മലയാള മനോരമയിലെ ഒന്‍പതുവര്‍ഷത്തെ സേവനശേഷം മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ വെബ് പോര്‍ട്ടലായ വെബ് ലോകം ഡോട്ട് കോമിന്റെ ചീഫ് സബ് എഡിറ്ററായി തിരുവനന്തപുരത്ത് ജോലിക്കെത്തുന്നതോടെയാണ്. അക്കാലത്ത്, തിരുവനന്തപുരം പ്രസ്‌ക്‌ളബിനടുത്ത് എന്‍എസ്എസ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിന് പിന്നിലായി തുളസീവനം രാമചന്ദ്രന്‍ നായരുടെ വീട്ടിലേക്കുള്ള വഴിക്കരികിലുള്ള കെട്ടിടത്തിലായിരുന്നു വെബ് ലോകത്തിന്റെ ഓഫീസ്. പ്രസ്‌ക്‌ളബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തിലെ കുട്ടികള്‍ക്ക് ഇന്റേണ്‍ഷിപ്പിനുള്ള ഒരു കേന്ദ്രമായി പതിയെ അതു മാറി. തിയറിയേക്കാള്‍ പ്രായോഗിക പരിശീലനം ലിഭിക്കാന്‍ ഏറെ സാധ്യതകള്‍ തുറന്നിട്ട സ്ഥാപനമായിരുന്നു വെബ് ലോകം. അതുകൊണ്ടുതന്നെ മാധ്യമപ്രവര്‍ത്തനം കരിയറാക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നല്ലൊരു പങ്കും ക്‌ളാസില്ലാത്ത സമയങ്ങളില്‍ അവിടെ പണിക്കുവന്നു. അക്കൂട്ടത്തിലൊരാളായിരുന്നു ബി ശ്യാംകൃഷ്ണന്‍. ഇന്റേണിയായി വന്ന് എഴുത്തിന്റെ സവിശേഷത കൊണ്ട് പെട്ടെന്ന് ഞങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയ മെലിഞ്ഞുണങ്ങിയ ചെറുപ്പക്കാരന്‍ ശ്രീവരാഹം ബാലകൃഷ്ണന്‍ സാറിന്റെ മകനാണെന്നറിയുന്നത് ഒന്നുരണ്ടു ദിവസം കഴിഞ്ഞാണ്. സ്വതേ നാണം കുണുങ്ങിയായ ശ്യാം അത്തരം പരിചയപ്പെടുത്തലൊന്നും നടത്താറില്ല. ശ്രീവരാഹം സാറും തിരക്കഥാകൃത്ത് പി.ബാലചന്ദ്രനും തമ്മിലുള്ള ബന്ധവും ശ്യാമിലൂടെയാണറിഞ്ഞത്. അന്ന് ഏഷ്യാനെറ്റില്‍ ഹിറ്റായ ലോകത്തെ ആദ്യത്തെ ടിവി കാര്‍ട്ടൂണ്‍ സ്ട്രിപ്പ് ആയ മുന്‍ഷിയുടെ ആദ്യകാല രചയിതാക്കളിലൊരാളായിരുന്നു ശ്യാം. ശ്യാമിന്റെ പിതാവെന്ന നിലയ്ക്ക് പല ദിവസങ്ങളിലും ബാലകൃഷ്ണന്‍ സാര്‍ ഓഫീസില്‍ എത്തുമായിരുന്നു. എഡിറ്ററായിരുന്ന ടി ശശിമോഹനുമായും ഏറെ പരിചയമുള്ള ഡോ രാധിക സി നായരുമായും ശ്രീദേവി എസ് കര്‍ത്തയുമായുമെല്ലാം സംസാരിച്ചിരിക്കും. അക്കൂട്ടത്തിലാണ് ഞാനും പരിചയപ്പെടുന്നത്. ശ്യാം പിന്നീ്ട് എനിക്കേറെ അടുപ്പമുള്ള സുഹൃത്തുക്കളിലൊരാളായി. ആയിടയ്ക്കു തന്നെയാണ് ശ്രീവരാഹം സാര്‍ ഗവര്‍ണറുടെ പബ്‌ളിക് റിലേഷന്‍സ് ഓഫീസറാവുന്നത്. 
ഇതിനിടെയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സാര്‍ ചെയര്‍മാനും കെ.വി.മോഹന്‍കുമാര്‍ സെക്രട്ടറിയുമായി സംസ്ഥാന ചലച്ചിത്ര അക്കാദമി പുനസംഘടിപ്പിക്കുന്നത്. ജി.കാര്‍ത്തികേയനാണ് അന്ന് സാംസ്‌കാരികവകുപ്പുമന്ത്രി. ആ കാലത്താണ് ചലച്ചിത്ര അക്കാദമി ആദ്യമായി അനൗപചാരിക ഗവേഷണങ്ങള്‍ക്ക് ഫെലോഷിപ്പ് ഏര്‍പ്പെടുത്തുന്നത്. ഞാനും അപേക്ഷിച്ചു. സിനിമയിലെ സ്ഥലകാലങ്ങള്‍ എന്നതായിരുന്നു വിഷയം. അഞ്ചു ഫെലോഷിപ്പില്‍ ഒന്ന് എനിക്കായിരുന്നു. ഡോ സി എസ് വെങ്കിടേശ്വരന്‍, മാങ്ങാട് രത്നാകരന്‍, പി എന്‍ ശ്രീകുമാര്‍, മധുകുമാര്‍ എന്നിവരായിരുന്നു മറ്റുള്ളവര്‍. ഞാന്‍ എന്റെ ഗവേഷണത്തിന് ഗുരുവായി സ്വീകരിച്ചത് ശ്രീവരാഹം സാറിനെയാണ്. അതിനുള്ള അനുമതി പത്രവും അദ്ദേഹം നല്‍കി. ഗവേഷണ വിഷയത്തില്‍ ഇംഗ്ളീഷ് മൂലകൃതികള്‍ തന്നെ വായിക്കണമെന്നും അവയില്‍ നിന്നു തന്നെ ഉദ്ധരിക്കണമെന്നുമാണ് അദ്ദേഹം ആദ്യമായി ആവശ്യപ്പെട്ടത്. കരടാക്കിയാല്‍ നോക്കി തിരുത്താമെന്നും പറഞ്ഞു.
ജോലിയുടെ തിരക്കിനിടയില്‍ ഗവേഷണമിഴഞ്ഞു. അങ്ങനിരിക്കെയാണ് ഫെലോഷിപ്പിന്റെ ആദ്യ ഗഡു അനുവദിക്കും മുമ്പ് ഗവേഷകര്‍ വിദഗ്ധരുടെ ഒരു തുറന്ന വേദിയില്‍ ഗൈഡുകളുമായി വന്ന് അവരുടെ ഗവേഷണരീതിശാസ്ത്രവും മറ്റും പരസ്യമാക്കണമെന്നൊരു അറിയിപ്പ് അക്കാദമിയില്‍ നിന്നു ലഭിക്കുന്നത്. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ പത്തമ്പതുപേരുള്ളൊരു വലിയ സദസിനു മുന്നിലാവണം അവതരണം. കെ.ജി ജോര്‍ജ്ജ്, കെ പി കുമാരന്‍ മധു ഇറവങ്കര, റോസ്‌മേരി, കെ കെ ചന്ദ്രന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ നിറഞ്ഞ സദസ്. ഞാന്‍ ശ്രീവരാഹം സാറിനെ ബന്ധപ്പെട്ടു. എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം അമ്പിനും വില്ലിനും അടുക്കുന്നില്ല. ഗവേഷണം എന്നത് രഹസ്യാത്മകമായൊരു പ്രക്രിയയാണെന്നും പ്രബന്ധാവതരണമെന്നത് അവസാനഘട്ടത്തില്‍ ഓപ്പണ്‍ ഡിഫന്‍സ് പോലുള്ള അവതരണമാവണമതെന്നുമായിരുന്നു ന്യായം. ഗവേഷണപൂര്‍വ അവതരണം എന്ന സിദ്ധാന്തത്തോടേ അദ്ദേഹത്തിനു യോജിക്കാനായില്ല. തന്റെ എതിര്‍പ്പ് രേഖാമൂലം തന്നെ അദ്ദേഹം അക്കാദമിയെ അറിയിച്ചു.പക്ഷേ എന്നോടു പറഞ്ഞു-ഈ പരിപാടിക്കു ഞാന്‍ കൂട്ടുനില്‍ക്കില്ല എന്നേയുള്ളൂ. അതിനര്‍ത്ഥം ഞാന്‍ ചന്ദ്രശേഖരന്റെ ഗൈഡായിരിക്കില്ല എന്നല്ല. ചന്ദ്രശേഖരന് എന്താവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചോളൂ ഞാന്‍ സഹായിക്കാം. ഒടുവില്‍ അദ്ദേഹത്തെ ഗൈഡാക്കി വച്ചുകൊണ്ടുതന്നെ ഈ അവതരണത്തിന് എന്നോടൊപ്പം ഗൈഡിന്റെ പ്രതിപരുഷനാവാന്‍ ഛായാഗ്രാഹകനായ ശ്രീ സണ്ണി ജോസഫിനെ അക്കാദമി ചുമതലപ്പെടുത്തി. അങ്ങനെ ആ അവതരണം നടന്നു എങ്കിലും ഏറെ ആഗ്രഹിച്ചതുപോലെ എനിക്കദ്ദേഹത്തിനു കീഴില്‍ ആ ഗവേഷണം പൂര്‍ത്തിയാക്കാനായില്ല. കാരണം അപ്പോഴേക്കാണ് അടൂരും സാംസ്‌കാരിക മന്ത്രി ജി കാര്‍ത്തികേയനുമായി തെറ്റുന്നത്. അവര്‍ തമ്മിലുള്ള വാക്കുതര്‍ക്കം അക്കാലത്തെ ചൂടുള്ള വാര്‍ത്താപരമ്പരയുമായി. അതിനൊടുവില്‍ അടൂര്‍, സൂര്യ കൃഷ്ണമൂര്‍ത്തി, സതീഷ് ബാബു പയ്യന്നൂര്‍ തുടങ്ങിയവര്‍ അക്കാദമിയില്‍ നിന്നു രാജിവച്ചു. ആരോപണ പ്രത്യാരോപണങ്ങളുടെ കൂട്ടത്തില്‍, എന്നെ വ്യക്തിപരമായി കൂടി പരിചയമുണ്ടായിരുന്ന ശ്രീ കാര്‍ത്തികേയന്‍, ഫെലോഷിപ്പുകള്‍ അടൂരിന്റെ പിണിയാളുകള്‍ക്കാണ് കൊടുത്തത് എന്ന് പറഞ്ഞതില്‍ പ്രതിഷേധിച്ച് ഞാന്‍, മധുച്ചേട്ടന്‍ എന്ന കുങ്കുമം നാന പത്രാധിപസമിതിയംഗം കെ സി മധുകുമാര്‍ തുടങ്ങിയവര്‍ പ്രബന്ധം സമര്‍പ്പിക്കേണ്ട എന്നു തീരുമാനിച്ചു. അങ്ങനെ പൂര്‍ണമായി അര്‍ഹത കൊണ്ട് ലഭിച്ച ആ അവസരം നഷ്ടപ്പെട്ടു. പക്ഷേ, രണ്ടു ഗുണമുണ്ടായി. ഒന്ന് ശ്രീവരാഹം ബാലകൃഷ്ണന്‍ സാറും ഞാനുമായി നല്ല ബന്ധമുടലെടുത്തു എന്നതാണ്. രണ്ടാമത്തേത്, അന്നാ ഫെലോഷിപ്പിനു വേണ്ടി തുടങ്ങിയ ഗവേഷണം ഏഴുവര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ അമൃത ടിവിയുടെ വാര്‍ത്താവിഭാഗം ഉപമേധാവിയായിരിക്കെ ബോധതീരങ്ങളില്‍ കാലം മിടിക്കുമ്പോള്‍ എന്ന പേരില്‍ പുസ്തകമാവുകയും അതിന് സംസ്ഥാന അവാര്‍ഡ് ലഭിക്കുകയും ചെയ്തു എന്നതാണ്. ഒരുപക്ഷേ അന്നാ ഫെലോഷിപ്പ് ലഭിച്ചെങ്കില്‍ എനിക്കാ പുരസ്‌കാരം ലഭിച്ചേക്കുമായിരുന്നില്ല.
ശ്യാംകൃഷ്ണന് മാതൃഭൂമി വെബ് പോര്‍ട്ടല്‍ തുടങ്ങിയപ്പോള്‍ അവിടെ ജോലി ലഭിക്കാനും ഒരു ചെറിയ പങ്കുവഹിക്കാന്‍ എനിക്കുസാധിച്ചു. ശ്യാമിന്റെ വിവാഹത്തിനും ശ്യാം എഴുതിയ നാടകത്തിന്റെ അവതരണത്തിനും മറ്റുമായിട്ടാണ് പിന്നീട് ശ്രീവരാഹം സാറിനെ ഞാന്‍ കാണുന്നത്. കാരണം, അമൃത കാലത്തിനു ശേഷം ഞാന്‍ വീണ്ടും ജോലിസംബന്ധിയായി തിരുവനന്തപുരം വിട്ട് കോട്ടയത്തേക്കു മാറിക്കഴിഞ്ഞിരുന്നു. അപാര ഓര്‍മ്മയായിരുന്നു അദ്ദേഹത്തിന് എന്ന ശ്രീവരാഹം സാറിനെ കണ്ടപ്പോഴെല്ലാം ബോധ്യപ്പെട്ടിട്ടുണ്ട്. 
തിരുവനന്തപുരത്ത് സൂര്യകൃഷ്ണമൂര്‍ത്തിയുടെ വീടിനോടു ചേര്‍ന്ന ഗണേശം ഓപ്പണ്‍എയര്‍ തീയറ്ററില്‍ ശ്യാം എഴുതിയ നാടകത്തിന്റെ അവതരണം കാണാന്‍ ഭാര്യയുമൊത്ത് ചെന്നപ്പോള്‍ സാറുണ്‍ായിരുന്നു അവിടെ. ഏറെക്കാലം കഴിഞ്ഞു നേരില്‍ കാണുകയാണ്. നീണ്ട ഇടവേള കഴിഞ്ഞു കാണുമ്പോള്‍ അതിന്റെ സങ്കോചത്തോടെ നിന്ന എന്നെ ശ്യാം അച്ഛനു പരിചയപ്പെടുത്തി. അതെന്താ എനിക്കറിയില്ലേ ചന്ദ്രശേഖറിനെ എന്നെ ഗൈഡനാക്കിയ ആളല്ലേ? എന്നു ചോദിച്ച് കൃത്യമായ ഓര്‍മ്മ പുതുക്കി അദ്ദേഹം. എന്നെ ഞെട്ടിച്ചു. 
അവസാനമായി അദ്ദേഹത്തെ വിളിക്കുന്നത് രണ്ടുവര്‍ഷം മുമ്പാണ്. അടൂര്‍ ഗോപാലകൃഷ്ണന്റെ സ്വയംവരത്തിന്റെ അമ്പതാം വാര്‍ഷികത്തിന് സഹപ്രവര്‍കത്തകനായിരുന്ന ഗിരീഷ് ബാലകൃഷ്ണനോടൊപ്പം തയാറാക്കിയ സ്വയംവരം അടൂരിന്റെയും അനുവാചകന്റെയും എന്ന പുസ്തകത്തിലേക്ക് സാറിന്റെ ഒരു ലേഖനത്തിനു വേണ്ടിയായിരുന്നു അത്. ശ്യാമിനെയാണ് വിളിച്ചു കാര്യമവതരിപ്പിച്ചത്. അച്ഛന്‍ സഹകരിക്കുമോ എന്നറിയില്ലെന്ന ആമുഖത്തോടെയാണ് ശ്യാം ഫോണ്‍ അദ്ദേഹത്തിന് കൊടുത്തത്. തനിക്കാക്കാലമൊന്നും ഓര്‍മ്മയില്ലെന്നാണ് അദ്ദേഹം പഴുതടച്ചു പറഞ്ഞത്. ഏറെ നിര്‍ബന്ധിച്ചുനോക്കിയെങ്കിലും തന്നെ ഒഴിവാക്കണമെന്നു തന്നെ അദ്ദേഹം വിനയപൂര്‍വം ആവശ്യം തുടര്‍ന്നു. അങ്ങനെ അദ്ദേഹത്തെക്കൊണ്ട് എഴുതിക്കണമെന്നും അക്കാലത്തെപ്പറ്റി അദ്ദേഹത്തിന്റെ വാക്കുകളില്‍ അടയാളപ്പെടുത്തണമെന്നുമുള്ള ആഗ്രഹം നടക്കാത്ത സ്വപ്‌നമായി.




Wednesday, February 05, 2025

നവസിനിമയിലെ അതിഹിംസ: ഒരു വിയോജനക്കുറിപ്പ്

Article published in February 2025  issue of Hiranya Magazine 

എ.ചന്ദ്രശേഖര്‍
കലയില്‍ ധ്വനി സിദ്ധാന്തം എന്നൊന്നുണ്ട്. ഭാരതീയ സൈദ്ധാന്തികന്‍ ആനന്ദവര്‍ധനന്‍ കവിതാസ്വാദനത്തെ മുന്‍നിര്‍ത്തിയാണ് ധ്വനിയെ നിര്‍വചിച്ചിട്ടുള്ളത്. കവിതയുടെ ആത്മാവ് അഥവാ അന്തഃസത്ത എന്നാണ് ധ്വനിയെ ആനന്ദവര്‍ദ്ധനന്‍ വിശേഷിപ്പിച്ചത്. ശബ്ദം അഥവാ മാറ്റൊലി എന്ന് വാചികാര്‍ത്ഥം വരുന്ന ധ്വനിയെന്ന പദത്തെ ഇവിടെ ആസ്വാദനപ്രക്രിയയെ കൂടി കണക്കിലെടുത്തുകൊണ്ടാണ് അദ്ദേഹം വിക്ഷിച്ചിട്ടുള്ളത്. അന്തരാര്‍ത്ഥം എന്നുകൂടി ഈ നിര്‍വചനത്തില്‍ ധ്വനിക്ക് അര്‍ത്ഥവ്യാപ്തി കൈവരുന്നുണ്ട്. ഭരതമുനിയുടെ നാട്യശാസ്ത്രത്തില്‍ പറയുന്ന രസ സിദ്ധാന്തത്തോട് ചേര്‍ത്തുവയ്ക്കാവുന്നൊരു കലാസങ്കല്‍പമാണിത്. ലാവണ്യശാസ്ത്രപരമായി ഒരു കലാസൃഷ്ടി ആസ്വാദകനില്‍/സഹൃദയനില്‍ ഉയര്‍ത്തുന്ന വൈകാരികവും ആത്മീയവുമായ സ്വാധീനം എന്ന് അതിനെ നിര്‍വചിക്കാം. സൃഷ്ടി രസകരമാവുന്നത് അതിന്റെ രസം അനുവാചകന് വൈകാരികമായി അനുഭവിക്കാനാവുമ്പോഴാണ്. അതുളവാക്കുന്നതാവട്ടെ ഭാവത്താലുമാണ്. 
ഭാരതീയ ആസ്വാദന പാരമ്പര്യത്തില്‍ സംഗീത-നൃത്ത-സാഹിത്യ-നാടകാദി അവതരണകലകള്‍ക്കെല്ലാം ബാധകമായ രസ/ധ്വനി സിദ്ധാന്തങ്ങള്‍ അടിസ്ഥാനപരമായി ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നു തോന്നിപ്പിക്കലാണ്. വരികള്‍ക്കിടയില്‍ വായിക്കുക എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. എഴുതിയതിനേക്കാള്‍ പ്രധാനം എഴുതാതെ വിട്ടതാവുമ്പോഴാണ് അത് വായനക്കാരന് ഏറെ ആസ്വാദ്യമാവുന്നത്. അയാളെക്കൂടി പങ്കാളിയാക്കിക്കൊണ്ട്, അയാളുടെ മനസിനെയും ബുദ്ധിയേയും തനിക്കൊപ്പം കൂട്ടിക്കൊണ്ട് എഴുത്തുകാരന്‍ സഞ്ചരിക്കുമ്പോഴാണ് സാഹിത്യം പരമോന്നതമാവുന്നത്. രസച്ചരട് എന്നു പറയുന്നത് വായനക്കാരനും സാഹിത്യവുമായുടലെടുക്കുന്ന ഈ അപൂര്‍വവും അന്യാദൃശവുമായ വൈകാരികതലമാണ്. അവിടെ വായനക്കാരന്‍ സ്വന്തം ഭാവനയ്ക്കനുസരിച്ച് ഒരു ലോകം സാഹിത്യത്തില്‍ നിന്ന് പണിതെടുക്കുന്നു. ആ സങ്കല്‍പലോകമാണ് അയാളെ സാഹിത്യവുമായി താദാത്മ്യവും കഥാപാത്രങ്ങളുമായി വൈകാരിക സാത്മ്യവും പ്രാപിക്കാന്‍ കെല്‍പ്പുണ്ടാക്കുന്നത്. യവനസാഹിത്യപാരമ്പര്യത്തിലെ കലാസിദ്ധാന്തങ്ങളും, വിശേഷിച്ച് പ്‌ളേറ്റോയുടെ കലാവീക്ഷണവും മറ്റും ഇതേ ലാവണ്യാനുഭവങ്ങളെ തന്നെ വേറൊരു തരത്തിലും തലത്തിലും നിര്‍വചിക്കുന്നുണ്ട്.
ചുരുക്കത്തില്‍, ജീവിതത്തിലുള്ളത് അപ്പാടെ പകര്‍ത്തിവയ്ക്കലല്ല കല. മറിച്ച്, അതിനെ പൊതിഞ്ഞും ഒതുക്കിയും മറച്ചും, ചിലപ്പോഴൊക്കെ അല്‍പം പൊലിപ്പിച്ചും അവതരിപ്പിക്കുമ്പോഴാണ് അതു കലയാവുന്നത്. ചലച്ചിത്രമെന്ന മാധ്യമത്തെ കലാവിഷ്‌കാരത്തിനുള്ള ഉപാധിയായി കണക്കാക്കുമ്പോള്‍ ഈ ലാവണ്യശാസ്ത്ര സിദ്ധാന്തങ്ങളെല്ലാം അതിനും ബാധകമാക്കേണ്ടിവരും. അങ്ങനല്ലാതൊരാസ്വാദന വഴി ഉരുത്തിരിഞ്ഞുവരുന്നതുവരെയോ സൈദ്ധാന്തികമായി സ്ഥാപിക്കപ്പെടുംവരെയോ അങ്ങനല്ലാത്തൊരു സിനിമാസ്വാദനം സാധ്യമല്ല തന്നെ.
എന്നാല്‍, ചലച്ചിത്രാസ്വാദനത്തെ സൈദ്ധാന്തികമായി വിലയിരുത്തുമ്പോള്‍ പരിഗണിക്കേണ്ട മറ്റൊരു പ്രധാന ഘടകമുണ്ട്. സിനിമ ഒരു മൂര്‍ത്തകലയാണ് എന്നതാണത്. സാഹിത്യ-നൃത്ത-നാടകാദി കലകളിലെല്ലാം പരിമിതി അതിന്റെ ദൃശ്യപരിധിയാണ്. വാക്കുകളാല്‍ വര്‍ണിക്കാവുന്നതിനും, വേദിയില്‍ അവതരിപ്പിച്ചും ആടിയും പറഞ്ഞും കാണിക്കാവുന്നതിനുമുള്ള പരിമിതിയാണത്. എഴുത്തിന്റെയോ അരങ്ങിന്റെയോ പരിമിതി എന്നു വേണമെങ്കില്‍ അതിനെ വിവക്ഷിക്കാം.അതുകൊണ്ടാണ് നൃത്തം ഒരാശയത്തിന്റെ ആഖ്യാനത്തിനപ്പുറം നര്‍ത്തകിയുടെ വ്യാഖ്യാനം കൂടിയാവുന്നത്. ആസ്വാദനത്തില്‍ അവതാരകയും അനുവാചകനും ആഖ്യാതാക്കളും വ്യാഖ്യാതാക്കളുമാവുന്ന അപൂര്‍വതയാണത്. സൃഷ്ടാവ് ധ്വനിപ്പിക്കുന്നത് അവതാരക വ്യാഖ്യാനിച്ച് മുദ്രകളാലും ശബ്ദങ്ങളാലും ആടിക്കാട്ടുന്നതില്‍ നിന്ന് കാഴ്ചക്കാരന്‍ സ്വന്തം ഭാവനാശേഷിക്കനുസൃതമായി ഒരു ആന്തരിക ലോകം സൃഷ്ടിക്കുകയാണ്. അവതരണത്തെ എത്രത്തോളം രസകരമാക്കാമെന്നാണ് നര്‍ത്തകി/നടന്‍ ശ്രദ്ധിക്കുന്നത്. അതില്‍ നിന്ന് എത്രത്തോളം ഊറ്റിയെടുക്കാമെന്നാണ് പ്രേക്ഷകന്‍ ശ്രമിക്കുന്നത്.  സാഹിത്യ-നാടകാദി കലകള്‍ സ്വയം പൂര്‍ണമല്ലാത്തതുകൊണ്ട്, യഥാതഥമല്ലാത്തതുകൊണ്ട് ഒക്കെയാണിത്. ഈ അപൂര്‍ണതയെ/അയഥാര്‍ത്ഥ്യത്തെയാണ് അമൂര്‍ത്തത എന്നു വിശേഷിപ്പിക്കുന്നത്. അമൂര്‍ത്തതയാണ് വ്യാഖ്യാന സാധ്യതയുളവാക്കുന്നത്. അതുകൊണ്ടാണ് ധ്വനിപ്പിക്കലിന് അത്രത്തോളം പ്രാധാന്യം കൈവരുന്നതും. എന്നാല്‍ ചലച്ചിത്രമെന്നത്, ആദ്യം മുതല്‍ക്കെ എന്തും, ലോകത്ത് സാധ്യമായതും അസാധ്യമായതുമായ എന്തും, എവിടെ നടക്കുന്നതും(നടക്കാന്‍ സാധ്യതയുള്ളതും) എപ്പോള്‍ നടക്കുന്നതും (നടക്കാന്‍ സാധ്യതയുള്ളതും) കണ്‍മുന്നില്‍ കാണിക്കാന്‍ നിഷ്പ്രയാസം സാധ്യമാകുന്നൊരു മാധ്യമമാണ്. അതുകൊണ്ടു തന്നെ എന്തു കാണിക്കാം എന്നതിനേക്കാള്‍ എന്തും കാണിക്കാം എന്നൊരു നേട്ടം ആ മാധ്യമത്തിനുണ്ട്. ഒന്നും ഭാവനയ്ക്കു വിടാതെ എല്ലാം സത്യമെന്നോണം കാണിക്കാന്‍ സാധിക്കുന്നതാണ് അതിന്റെ സവിശേഷത. വരികള്‍ക്കിടയില്‍ വായിക്കാനും, മുദ്രകളും ആംഗികവും വഴിയായുമുള്ള വ്യാഖ്യാന സാധ്യതകള്‍ തന്നെ ഒഴിവാക്കാന്‍ സിനിമയ്ക്കും. അതുകൊണ്ടുതന്നെ പക്വതയില്ലാത്ത ഭാവനകൊണ്ട് ദുരുപയോഗിക്കാന്‍ സാധ്യതയേറെയുള്ള മാധ്യമമാണത്. 
കലാസ്വാദനത്തില്‍ ഭാവത്തിനും ഭാവുകത്വത്തിനുമാണ് മുന്തിയ പരിഗണന നല്‍കിപ്പോരുന്നത്. അതുകൊണ്ടുതന്നെ, കലയ്ക്കും കലാകാരന്മാര്‍ക്കും അല്‍പം മേല്‍ശ്രേണി കല്‍പ്പിച്ചുകൊണ്ടാണ് ആസ്വാദന സിദ്ധാന്തങ്ങളൊക്കെ നിര്‍വചിക്കപ്പെട്ടിട്ടുള്ളത്. അനുവാചകനെ, പ്രേക്ഷകനെ, ശ്രോതാവിനെ കലയുടെ അപാര തലങ്ങളിലേക്ക് ഉയര്‍ത്തുന്നതാണ് യഥാര്‍ത്ഥ ലാവണ്യാനുഭവമായി വിവക്ഷിക്കപ്പെടുന്നത്. ഉദാത്തമായൊരവസ്ഥാ വിശേഷത്തിലേക്ക് അവനെ ഉദ്ധാനം ചെയ്യുകയും, തനിക്കിതു സംഭവിച്ചില്ലല്ലോ എന്ന തിരിച്ചറിവിലൂടെ വിമലീകരിക്കുകയും, പുതിയ ഉള്‍ക്കാഴ്ചകളിലൂടെ നവീകരിക്കുകയും, പുതിയ വീക്ഷണതലങ്ങളിലേക്ക് പരിവര്‍ത്തിക്കുകയും ചെയ്യുന്നതാണ് ഉന്നത കലയുടെ മാനദണ്ഡമായി സൈദ്ധാന്തികര്‍ നിര്‍വചിച്ചിട്ടുള്ളത്. സമകാലിക സിനിമയിലെ അര്‍ത്ഥരഹിതമായ വയലന്‍സ്, അതിതീവ്രമായ അക്രമണോത്സുകത കലാദര്‍ശനത്തിലോ ആസ്വാദനത്തിലോ ഇത്തരത്തില്‍ എന്തുള്‍ക്കാഴ്ചയോ നവഭാവുകത്വമോ ആണു പ്രദാനം ചെയ്യുന്നത് എന്നതാണ് അതിസൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിക്കുന്നത്. സത്യത്തില്‍, സ്വകാര്യത പരസ്യമാക്കുന്നതിനു സമാനമായ അമിത ലൈംഗികതയുടെ പ്രകടനം പോലെ തന്നെ നിലവാരം കുറഞ്ഞതും ദൃശ്യാശ്‌ളീലവുമാണ് സിനിമയിലെ അര്‍ത്ഥമില്ലാത്ത അമിത അക്രമോണുത്സുകത. ഇവിടെയാണ് കലാരസനയിലെ ധ്വനി സങ്കല്‍പം വീണ്ടും ചര്‍ച്ചയ്‌ക്കെടുക്കേണ്ടിവരുന്നത്.
തലമുറ മാറ്റം നൂറ്റാണ്ടിനൊപ്പം ജെന്‍ സിയും (സെഡ്) പിന്നിടുമ്പോഴാണ് അമിതമായ ഹിംസയും ലൈംഗികതയും ദൃശ്യമാധ്യമങ്ങളില്‍ പ്രകടമായി വ്യാപിക്കുന്നത്. ഇന്ത്യയിലെ ഏറ്റവുമധികം ഹിംസാത്മകമായ ചിത്രം, മലയാളത്തിലെ ഏറ്റവും ഹിംസ കാണിക്കുന്ന ചിത്രം എന്നീ ടാഗുകളിലാണ് പല പുതുതലമുറ സിനിമകളും പ്രേക്ഷകരിലേക്കെത്താന്‍ ശ്രമിക്കുന്നത്. അടുത്തിടെ ഇങ്ങനെ പുറത്തിറങ്ങിയ ഉണ്ണിമുകുന്ദന്‍ നായകനായ മാര്‍ക്കോ. ഇത്തരത്തില്‍ വലിയ ചലനങ്ങള്‍ നേടി വന്‍ പ്രദര്‍ശന വിജയം നേടുകയും തദ്വാരാ ചില ചര്‍ച്ചകള്‍ക്കു വിഷയമാവുകയും ചെയ്തിരുന്നു. അതു കണ്ട ഓണ്‍ലൈന്‍ നിരൂപകരിലൊരാള്‍ അഭിപ്രായപ്പെട്ടത്, ഇതിലും കൂടുതല്‍ ഹിംസ ആകാമായിരുന്നു എന്നു തോന്നി എന്നാണ്. സിനിമ കണ്ട് ആരും കുറ്റവാളികളോ ഹിംസചെയ്യുന്നവരോ ആകാറില്ലെന്നും ജീവിതത്തില്‍ സംഭവിക്കുന്നതാണ് കലയ്ക്ക് ആധാരമാകുന്നതെന്നുമുള്ള വാദമുഖങ്ങളും ചര്‍ച്ചകളില്‍ വ്യാപകമായി കണ്ടു. ഇവിടെയാണ് ധ്വനി സങ്കല്‍പത്തിന്റെ പ്രസക്തിയുയരുന്നത്.
സിനിമ സമൂഹത്തെ സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായത് എന്ന ചോദ്യത്തോളം പഴക്കമുണ്ട്. അതിനുള്ള മറുപടിക്കും സന്ദിഗ്ധതയുണ്ട്. എന്നാല്‍ ഒരു കാര്യം അനിഷേധ്യമാണ്. ജെന്‍ സി തലമുറയുടെ കാലത്ത് കേരളം പോലൊരു സംസ്ഥാനത്ത് മുമ്പില്ലാത്തവിധം മയക്കുമരുന്നും അതിന്റെ ലഹരിയിലുള്ള അക്രമവും വലിയ തോതില്‍ വര്‍ധിച്ചതിന് പൊലീസ് രേഖകളും കണക്കുകളും തെളിവായുണ്ട്. ഇക്കഴിഞ്ഞ ജനുവരി മൂന്നിന് പ്രസിദ്ധീകൃതമായൊരു കണക്ക് ഇങ്ങനെയാണ്.
2022ല്‍ സംസ്ഥാനത്തു ലഹരി ഉപയോഗിക്കുന്ന കൗമാരക്കാര്‍ ഉള്‍പ്പെടെ  പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍:പ്പട്ട 443 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നാണ് സര്‍ക്കാര്‍ വെളിപ്പെടുത്തിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2021 ല്‍ 328 കേസുകളിലായി പിടിയിലായത് 442 കൗ മാരക്കാരായിരുന്നു. 2020 ലെ കണക്കനുസരിച്ച് പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍ പ്പെട്ട കൊലക്കേസുകള്‍ ആറെണ്ണമാണ് കൊലപാതകശ്രമം ( 8). പരുക്കേല്‍പിക്കല്‍ (47). ബലാല്‍സംഗശ്രമം (48), സ്ത്രീ കളെ ആക്രമിക്കല്‍ (12), മോഷ ണം (58) എന്നിങ്ങനെയാണു മറ്റ് കുറ്റകൃത്യങ്ങള്‍ പ്രതികളില്‍ 224 പേര്‍ പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. ഹയര്‍സെക്കന്‍ഡറിക്കു മുകളില്‍ പഠിച്ചവര്‍ 24.കോവിഡിനു ശേഷമാണു കുറ്റകൃത്യങ്ങളില്‍ ഗണ്യമായ വര്‍ധന. അക്കാലത്തു വീടുകളിലിരുന്നു പലരും ലഹരിമരുന്നിന് അടിമകളായെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്.
ഈ കണക്കുകള്‍ വ്യക്തമാക്കുന്ന മറ്റൊന്നുകൂടിയുണ്ട്. കോവിഡ് കാലത്താണ് ആളുകള്‍ കൂടുതലായി വീടകങ്ങളിലിരുന്ന് ഒടിടികളില്‍ സിനിമകള്‍ കണ്ടുശീലിച്ചത്. സെന്‍സര്‍ഷിപ്പേ ഇല്ലാത്ത ഉള്ളടക്കങ്ങള്‍ ലോകത്തെവിടെ നിന്നും അനായാസം ലഭ്യമാകുന്ന ഒടിടികളിലെ പരമ്പരകളിലെയും സിനിമകളിലെയും കലവറയില്ലാത്ത ലൈംഗികതയും അതിക്രമങ്ങളും ലഹരിയുപയോഗവും അവരെ മറ്റൊരു മാനസികാവസ്ഥയിലേക്കു നയിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. കെജിഎഫ് തുടങ്ങിയ സിനിമകളുടെ വരവോടെ ഇപ്പറഞ്ഞ ഘടകങ്ങളോടുള്ള ഇന്ത്യന്‍ പ്രേക്ഷകരുടെ പ്രണയം സകല പരിധികളും താണ്ടി പ്രകടമാവുകയും ചെയ്തു. ലൈംഗികതയേയും ഹിംസയേയും ലഹരിയേയും സ്വാഭാവികമെന്നോണം ആഘോഷിക്കുന്നൊരു തലമുറയേയാണ് ഇന്നു കാണുന്നത്. ലോകവിജയം നേടിയൊരു കലാമൂല്യമുള്ള ചലച്ചിത്രത്തിലെ നിമിഷാര്‍ധം മാത്രമുള്ള നഗ്ന കിടപ്പറ രംഗത്തിന്റെ പേരില്‍ ആ മലയാള നടിയുടെ തുണ്ട് കിട്ടിയോ എന്ന മട്ടിലുള്ള സൈബറിട ആഘോഷങ്ങള്‍ക്ക് പുരുഷ ഹോര്‍മോണുകളുടെ പ്രതിപ്രവര്‍ത്തനത്തിന്റെ ശാസ്ത്രീയത വരെ മാനദണ്ഡമാക്കി ന്യായീകരിക്കാന്‍ ശ്രമിച്ച ജെന്‍ സി തലമുറ പക്ഷേ, അതിലെ രാഷ്ട്രീയ ശരികേടിനെ ബോധപൂര്‍വം കണ്ടില്ലെന്നു വച്ചത് ആരും ചര്‍ച്ചയ്‌ക്കെടുത്തു കണ്ടില്ല. തിരടിയത്തിലെ അമിതഹിംസയെ, കലയെ കലയായി മാത്രം കാണണമെന്നു ന്യായീകരിക്കുന്ന ജെന്‍ സി പ്രേക്ഷകത്തലമുറ പക്ഷേ, വിടനും സ്ത്രീലമ്പടനുമായൊരു വില്ലന്റെ തെമ്മാടിത്തത്തെയോ സംഭാഷണത്തെയോ ചൊല്ലി രാഷ്ട്രീയ ശരിതെറ്റുകള്‍ വിശകലനം ചെയ്യാന്‍ മടിക്കുന്നുമില്ല. ഈ വൈരുദ്ധ്യത്തേക്കാള്‍ വിചിത്രമാണ്, സമൂഹമാധ്യമങ്ങളിലൂടെ സ്വന്തം നീലച്ചിത്രം നിര്‍മ്മിച്ചു പ്രചരിപ്പിക്കുന്ന മലയാളി ദമ്പതികള്‍ സെലിബ്രിട്ടികളായി കൊണ്ടാടപ്പെടുന്നത്. ഇവിടെയാണ് ആസ്വാദനത്തിലെ, രസനയിലെ ധ്വനി സങ്കല്‍പത്തിനു പ്രസക്തിയേറുന്നത്.
എപ്പോഴാണ് ഒരു കിടപ്പറ രംഗം നീലചിത്രമായി മാറുന്നത്. അഥവാ എന്തുകൊണ്ടാണ് കിടപ്പറയില്‍ സംഭവിക്കുന്നത് അപ്പാടെ യഥാതഥമായി ചിത്രീകരിച്ചു കാണിക്കുന്നതിനെ നീലച്ചിത്രം എന്ന പേരില്‍ നിയമവിരുദ്ധവും സാമൂഹികവിരുദ്ധവും തരം താണതുമായി ലോകസമൂഹം വീക്ഷിക്കുന്നത്? ഇതിലും നീല നിഴല്‍കലര്‍ന്ന പല രംഗങ്ങളെയും ലോകസിനിമ ഉദാത്തമായി വാഴ്ത്തുന്നത് എന്തുകൊണ്ട്? ഈ വഴിക്ക് അല്‍പം ഗൗരവമായി ചിന്തിക്കുമ്പോഴാണ് ധ്വനിയുടെ വില തിരിച്ചറിയാനാവുക. 
കലയെന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്. സംസ്‌കാരമെന്നത് ചില പെരുമാറ്റ സംഹിതകളുടെ ആകെത്തുകയാണ്. പൊതുസമക്ഷം പെരുമാറാനുള്ള ചില മര്യാദകളെയാണ് സംസ്‌കാരം വിഭാവനചെയ്യുന്നത്. മര്യാദ എന്നത് ചില ചിട്ടകളും ശീലങ്ങളും വിലക്കുകളും മാത്രമാണ് താനും. ചില ചെയ്യരുതായ്കകളെപ്പറ്റിയുള്ള ബോധ്യമാണ് ഒരാളെ സംസ്‌കാരചിത്തനാക്കുന്നത്. അതില്‍പ്പെട്ട ഒന്നാണ് കിടപ്പറയില്‍ പാലിക്കുന്നത് അപ്പാടെ പൊതുസമക്ഷം കാട്ടരുത് എന്നതും. സ്വകാര്യത എന്നു നിര്‍വചിക്കപ്പെടുന്നതെന്തോ അതാണിവിടെ സാധുവാകുന്നത്. ഒളിച്ചുവയ്ക്കാനുള്ളതെന്തോ അതാണ് സ്വകാര്യത. ലോകത്തെ ജനാധിപത്യ വ്യവസ്ഥിതി വ്യക്തിയുടെ അവകാശമായിത്തന്നെ ഇതിനെ അംഗീകരിക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെയാണ് കിടപ്പറ സ്വകാര്യ ഇടമായിത്തീരുന്നത്. കല ജീവിതത്തിന്റെ പ്രതിഫലനമാണെന്നതില്‍ സന്ദേഹം വേണ്ട. എന്നു വച്ച് ജീവിതത്തെ അപ്പാടെ കാണിക്കലല്ല കല. ഒരാളെ കൊല്ലുന്നത് കാണിക്കാന്‍ അയാളെ യഥാര്‍ത്ഥത്തില്‍ കൊല്ലേണ്ടതില്ല. സിനിമയ്ക്കു വേണ്ടി മൃഗങ്ങളെയോ പക്ഷികളേയോ പോലും കൊല്ലാനോ പീഡിപ്പിക്കാനോ അനുമതിയില്ലാത്ത രാജ്യത്താണ് നാമുള്ളതെന്നുകൂടി ഓര്‍ക്കുക. അഹിംസ അടിസ്ഥാനശിലയായി നിര്‍വചിച്ചിട്ടുള്ള സാംസ്‌കാരിക പാരമ്പര്യമാണ് നമ്മുടേത്. അവിടെയാണ് ഹിംസ സിനിമയുടെ ആണിക്കല്ലായി തീരുന്നതെന്നതാണ് വൈചിത്ര്യം.
പ്രമേയം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ഒരാളെ കൊല്ലുന്നതായി കാണിക്കുക, വിശ്വസിപ്പിക്കുക എന്നതാണ് കലയുടെ ധര്‍മ്മം.അതായത് കൊല്ലുകയല്ല, കൊല്ലുന്നതായി ധ്വനിപ്പിക്കുക എന്നു സാരം. ലൈംഗികതയിലും ഹിംസിയിലും ഈ ധ്വനിപ്പിക്കലിന്റെ ആവശ്യമേയുള്ളൂ. കിടപ്പറയില്‍ ഇണചേരലിന്റെ എല്ലാ അവസ്ഥാന്തരങ്ങളും ആദിമധ്യാന്തം ചിത്രീകരിക്കേണ്ട ആവശ്യമില്ല, മികച്ച സിനിമയ്ക്ക്. അങ്ങനെ ചെയ്യുന്നത് നീലച്ചിത്രമായിത്തീരും. മറിച്ച് മനോഹരമായതോ അല്ലാത്തതോ ആയൊരു ഇണചേരലിന്റെ ധ്വനി അതിസമീപദൃശ്യങ്ങളിലൂടെ പോലും ഏറെ വൈകാരികപൂര്‍ണതയോടെ വിനിമയം ചെയ്യാന്‍ ഒരു യഥാര്‍ത്ഥ ചലച്ചിത്രകാരന് സാധിക്കും. സാധിക്കണം. അതാണ് ഭാവനാസമ്പന്നനും പ്രതിഭാധനനുമായൊരു ചലച്ചിത്രകാരന്റെ ധര്‍മ്മം. നീലച്ചിത്രമെടുക്കാന്‍ ഒരു സംവിധായകന്‍ വേണമെന്നില്ല. തുനിഞ്ഞിറങ്ങുന്ന ഇണകളും ഒന്നും വിടാതെ ചിത്രീകരിക്കാന്‍ ഒരു ഛായാഗ്രാഹകനും മതി. മറിച്ച് അതിനെ കലാപരമായൊരു ആവിഷ്‌കാരമാക്കാന്‍ ഭാവനയുള്ളൊരു സംവിധായകന്‍ വേണം.
നീലച്ചത്രത്തെ സംബന്ധിക്കുന്ന ഈ സൈദ്ധാന്തികനിര്‍വചനം ഹിംസാചിത്രീകരണത്തിലും ബാധകമാണ്. ഹിംസയുടെ ആഴം കാണിക്കാന്‍ അതിനെ അതേപോലെ ചിത്രീകരിക്കാന്‍ വലിയ ഭാവനയോ ചിന്തയോ വേണ്ട. മികച്ചൊരു കലാസംവിധായകന്റെയും ഛായാഗ്രാഹകന്റെയും സംഘട്ടനസംവിധായകന്റെയും അഭിനേതാക്കളുടെയും പിന്തുണയുണ്ടെങ്കില്‍ അതു നിഷ്പ്രയാസം സാധ്യമാക്കാവുന്നതേയുള്ളൂ. എന്നാല്‍ പറയാതെ പറയുന്ന എഴുത്തുകാരനെപ്പോലെ കാണിക്കാതെ ഹിംസയുടെ തീവ്രത പ്രേക്ഷകനിലേക്കു വിനിമയം ചെയ്യണമെങ്കില്‍ അതിന് അനന്യമായ, അനിതരസാധാരണമായ ഭാവനവേണം. അതുള്ളൊരു ചലച്ചിത്രകാരനുമാത്രമേ അത്തരത്തില്‍ ധ്വന്യാത്മകമായി ഹിംസ ചിത്രീകരിക്കാനാവൂ. മലയാളത്തിലെ നവസിനിമയില്‍ ചലച്ചിത്രകാരന്മാര്‍ക്ക് ഇല്ലാതെ പോകുന്നത് ഈ വിവേചനമാണ്. കലാബോധമാണ്. 
ഒന്നും ഒന്നും രണ്ട് എന്നെഴുതാന്‍ കലാവാസനയോ ഭാവനയോ ഭാവുകത്വമോ ആവശ്യമില്ല. കണക്കുപഠിച്ചാല്‍ മാത്രം മതി. എന്നാല്‍ ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണി ബല്യ ഒന്ന് എന്നു ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയപ്പോള്‍ അത് ഇതിഹാസവാചകമായത് അതിന്റെ ധ്വനിശേഷികൊണ്ടാണ്. വെളിച്ചം ദുഃഖമാണുണ്ണി തമസല്ലോ സുഖപ്രദം എന്ന തീര്‍ത്തും പ്രതിലോമകരമെന്നു വ്യാഖ്യാനിക്കാവുന്നൊരു കവിവാക്യം സമാനമായ മാനം നേടിയത് അതില്‍ പ്രതിധ്വനിക്കുന്ന ലോകസത്യവും മനുഷ്യാവസ്ഥയും കൊണ്ടാണ്. കല കാലത്തെ അതിജീവിക്കുന്നതും ഇത്തരത്തില്‍ ഭാവനാപൂര്‍ണമായ ആവിഷ്‌കാരങ്ങളിലൂടെയാണ്. അല്ലാതെ താത്കാലിക വിജയം മാത്രം നേടുന്ന അതിഹിംസയും ലൈംഗികതയും കൊണ്ടല്ല. നമ്മുടെ ചലച്ചിത്രകാരന്മാര്‍ ഇനിയും മനസിലാക്കേണ്ട, മനസിലാക്കാത്തൊരു ലോകസത്യമാണിതെന്നതാണ് വൈരുദ്ധ്യം

Friday, January 17, 2025

തിരയിടത്തിലെ കുമാരനാശാന്‍: കവി മുതല്‍ കവിത വരെ

(യോഗനാദം മഹകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദി പ്രത്യേക പതിപ്പ് 2025 ല്‍ എഴുതിയത്.)


എ.ചന്ദ്രശേഖര്‍


മഹാകവിത്രയങ്ങളില്‍ ഉള്‍പ്പെട്ട കുമാരനാശാനും മലയാള സിനിമയും തമ്മിലെന്ത് എന്നൊരു ചോദ്യത്തില്‍ത്തുടങ്ങാം. ആത്മീയതയുടെ മഷിയില്‍ മുക്കി അന്യാദൃശ കാവ്യങ്ങള്‍ രചിച്ച മഹാകവിയെ മലയാള ചലച്ചിത്രവേദി പലതലത്തിലും തരത്തിലും അതിന്റെ ഗാത്രത്തിലേക്ക് ആവഹിച്ചിട്ടുണ്ട് തൊണ്ണൂറ്റഞ്ചു വര്‍ഷത്തിനിടെ. കവിയുടെ കൃതി ചലച്ചിത്രമാക്കുകയും കവിയുടെ വരികള്‍ ഗാനങ്ങളാക്കുകയും വഴി മാത്രമല്ല, കവിയെത്തന്നെ കഥാപാത്രമാക്കിക്കൊണ്ടും മലയാള


സിനിമ അദ്ദേഹവുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. 1986ല്‍ പി.എ ബക്കര്‍ സംവിധാനം ചെയ്ത് മികച്ച ദേശീയോദ്ഗ്രഥനചിത്രത്തിനുള്ള ദേശീയ ബഹുമതി നേടിയ ശ്രീനാരായണഗുരുവില്‍ ഗുരുവിന്റെ പ്രധാനശിഷ്യനെന്ന നിലയ്ക്ക് ആശാനും കഥാപാത്രമായി എന്നു മാത്രമല്ല, ആശാന്റെ അഞ്ചു കവിതാശകലങ്ങള്‍ അനുഗ്രഹീതനായ ജി.ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ അദ്ദേഹത്തിന്റെയും മാധുരിയുടെയും ശബ്ദത്തില്‍ ആലേഖനം ചെയ്തുപയോഗിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം ആര്‍.സുകുമാരന്‍ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി സംവിധാനം ചെയ്ത യുഗപുരുഷന്‍ എന്ന ചിത്രത്തിലും ആശാന്‍ കഥാപാത്രമായി. ജെ.സി.ഡാനിയല്‍ അവാര്‍ഡ് ജേതാവ് കെ.പി.കുമാരന്‍ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയില്‍ (2022) ആശാന്റെ വ്യക്തിജീവിതത്തിലെ മറ്റൊരു മുഖം ദൃശ്യമാക്കിത്തന്ന ചലച്ചിത്രമാണ്. മാറ്റുവിന്‍ ചട്ടങ്ങളെ (1978) എന്ന ചിത്രത്തിനുവേണ്ടിബിച്ചുതിരുമല രചിച്ച് ജയവിജയ ഈണം പകര്‍ന്ന പല്ലനയാറ്റില്‍ നിന്നിന്നും മുഴങ്ങുമാ പല്ലവി കേട്ടുവോ ന്യായാസനങ്ങളെ പോലുളള ഗാനങ്ങളിലൂടെയും ആശാന്റെ അദൃശ്യസാന്നിദ്ധ്യം മലയാളസിനിമയില്‍ അനശ്വരത നേടി. ഇതിനൊക്കെ ഒപ്പം കൂട്ടിവായിക്കാവുന്ന, ആശാന് മലയാള സിനിമ നല്‍കിയ ദൃശ്യക്കാണിക്കയാണ് 1966ല്‍ പുറത്തിറങ്ങിയ കരുണ.

നൃത്തസംവിധായകന്‍ എന്ന നിലയ്ക്ക് മലയാള ചലച്ചിത്രവേദിയില്‍ ലബ്ധപ്രതിഷ്ഠനായ ഡാന്‍സര്‍ തങ്കപ്പനാണ് മഹാകവിയുടെ ഏറെ ശ്രദ്ധേയമായ ഇതേപേരിലുള്ള ഖണ്ഡകാവ്യത്തിന് ചലച്ചിത്രരൂപാന്തരം നല്‍കിയത്. ഗിരി മൂവീസിന്റെ പേരില്‍ അദ്ദേഹം തന്നെയാണ് സിനിമ നിര്‍മ്മിച്ചതും. സ്വാഭാവികമായി പാട്ടിനും നൃത്തത്തിനും പ്രാധാന്യം നല്‍കുന്ന ദൃശ്യസമീപനമായിരുന്നു കരുണയുടേത്.പ്രശസ്ത സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന വൈക്കം ചന്ദ്രശേഖരന്‍ നായരാണ് മഹാകവിയുടെ കവിതയെ അതിജീവിച്ച് സിനിമയ്ക്കുള്ള തിരക്കഥയും സംഭാഷണവും രചിച്ചത്. സര്‍ക്കാര്‍ കോളജില്‍ പഠിപ്പിക്കുകയായിരുന്ന ഒ.എന്‍.വി കുറുപ്പ് ബാലമുരളി എന്ന പേരില്‍ ചിത്രത്തിനുവേണ്ടി ഗാനങ്ങളെഴുതി. ദേവരാജനായിരുന്നു സംഗീതം. അദ്ദേഹം സ്വയമാലപിച്ച 

അനുപമകൃപാനിധിയഖിലബാന്ധവന്‍ ശാക്യ

ജിനദേവന്‍, ധര്‍മ്മരശ്മി ചൊരിയും നാളില്‍...

എന്നു തുടങ്ങുന്ന, ആശാന്‍ കാവ്യത്തിലെ 28 വരികളുടെ പശ്ചാത്തലത്തിലാണ് വാസവദത്തയെന്ന നായികയെ ചിത്രത്തില്‍ ആദ്യമവതരിപ്പിക്കുന്നത്. തമിഴ് സിനിമാലോകത്തെ വന്‍ താരമായിരുന്ന ദേവികയായിരുന്നു വാസവദത്തയായി തിരയിടത്തിലെത്തിയത്. എം.ജി.ആറിനും ശിവാജിഗണേശനും ജമിനിഗണേശനും ഒപ്പം നായികയായിട്ടുള്ള ദേവികയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമെന്നാണ് വാസവദത്ത വിലയിരുത്തപ്പെട്ടത്.

ബുദ്ധദര്‍ശനത്തിന്റെ മാനവമുഖം അനാവരണം ചെയ്യുന്നൊരു കഥയാണല്ലോ കരുണ. ഭൗതികസമ്പത്തിന്റെയും ശരീരസൗന്ദര്യത്തിന്റെയും അര്‍ത്ഥരാഹിത്യം വരച്ചുകാണിച്ച ഉദാത്തരചന. ഉത്തരമധുരാപുരി അടക്കിവാണ ഗണികയായ വാസവദത്തയെ കേന്ദ്രീകരിച്ചാണ് കവി കരുണയുടെ ഇതിവൃത്തം നെയ്‌തെടുത്തത്. ഉദ്യോഗസ്ഥര്‍ മുതല്‍ രാജാക്കന്മാര്‍ വരെ അവളുടെ കരുണാകടാക്ഷത്തിനായി കാത്തുനില്‍ക്കുന്ന കാലം. വീടുവീടാന്തരം ഭിക്ഷയെടുത്ത് ജീവിക്കുന്ന സുമുഖനും ശാന്തനുമായ ഉപഗുപ്തന്‍ എന്ന ബുദ്ധസന്യാസിയില്‍ ഒരിക്കലവള്‍ക്കു ഗാഢാനുരാഗം തോന്നുന്നു. തോഴിയെ വിട്ട് അദ്ദേഹത്തെ തന്റെ വസതിയിലേക്കു ക്ഷണിച്ചിട്ടും സമയമില്ല എന്നു പറഞ്ഞവളെ മടക്കുകയാണ് ഉപഗുപ്തന്‍. തന്നെ കാണാന്‍ വരാനുള്ളത്ര ധനമില്ലാത്തതാണ് കാരണമെന്നു കരുതിയ വാസവദത്ത ഉപഗുപ്തനില്‍ നിന്ന് അനുരാഗമാണ് ധനമല്ല മോഹിക്കുന്നതെന്നു പറഞ്ഞു വീണ്ടും തോഴിയെ അയയ്ക്കുകയാണ്. ലൗകികമായയില്‍ അത്രയേറെ ആണ്ട് സമനില തെറ്റിയ അവസ്ഥയിലാണവള്‍.എന്നാല്‍ സമയമായില്ല എന്ന പതിവു മറുപടിയോടെ ദൂതികയെ മടക്കുകയാണ് ഭിക്ഷു. ദിവസവും ആവര്‍ത്തിക്കുന്ന ഒരു നാടകമായി വാസവദത്തയുടെ ക്ഷണവും ഉപഗുപ്തന്റെ നിരാസവും.

അവളാവട്ടെ തൊഴിലാളിപ്രമാണിയുടെ സ്വാധീനത്തിലായി. അങ്ങനിരിക്കെയാണ് മധുരയില്‍ എത്തിച്ചേര്‍ന്ന ധനാഢ്യനായ ഒരു വിദേശവ്യാപാരിക്കു വാസവദത്തയില്‍ വലിയ ഭ്രമമാകുന്നത്. വാസവദത്തയ്ക്കും അയാളുടെ സമ്പത്തിന്റെയും പ്രതാപത്തിന്റെയും പ്രലോഭനങ്ങളെ അതിജീവിക്കാനായില്ല. വിദേശവ്യാപാരിയെ പ്രാപിക്കാന്‍ വേണ്ടി തൊഴിലാളിപ്രമാണിയെ ഒഴിവാക്കാന്‍ അവള്‍ തന്ത്രങ്ങള്‍ മെനഞ്ഞു. ഒരു ദിവസം തൊഴിലാളിപ്രമാണിയെ വധിച്ചു ജഡം ചാണകക്കുഴിയില്‍ കുഴിച്ചുമൂടി. 

തൊഴിലാളികളും ബന്ധുജനങ്ങളും അന്വേഷണം ആരംഭിച്ചു. വാസവദത്തയുടെ ബംഗ്‌ളാവിനടുത്തുള്ള ചാണകക്കുഴിയില്‍ നിന്നവര്‍ നേതാവിന്റെ ശരീരം കണ്ടെടുക്കുന്നു. കൊലക്കുറ്റമാരോപിക്കപ്പെട്ട വാസവദത്തയെ പിടികൂടി ന്യായാധിന്റെ മുന്നില്‍ ഹാജരാക്കി വിസ്താരിക്കുന്നു. ചെവിയും മൂക്കും കൈകാലുകളും ഛേദിച്ചു ചുടുകാട്ടില്‍ തള്ളാനായിരുന്നു വിധി.

ശരീരസൗന്ദര്യം കൊണ്ട് ആണുങ്ങളുടെ മനസും ബുദ്ധിയും കീഴടക്കിയിരുന്ന സുന്ദരി അങ്ങനെ കേവലമൊരു മാംസപിണ്ഡം മാത്രമായി കഴുകനും കുറുക്കനും ഇരയാകാന്‍ പാത്രത്തിന് ചുടുകാട്ടില്‍ ഉപേക്ഷിക്കപ്പെട്ടു. സേവകരെ ഏറെ  സ്‌നേഹിച്ചിരുന്ന അവരുടെ പരിചാരികകളില്‍ ഒരുവള്‍ മാത്രം വളോടുള്ള സ്‌നേഹാദരങ്ങള്‍കൊണ്ട് ചുടുകാട്ടില്‍ ചെന്നു മാംസപിണ്ഡം മാത്‌രമായ തന്റെ യജമാനത്തിയെ ശുശ്രൂഷിക്കുന്നു.നേരത്തേ ഉപഗുപ്തനെ വിളിക്കാന്‍ അയച്ചിരുന്ന തോഴിതന്നെയായിരുന്നു അവള്‍. 

ഈ സന്ദര്‍ഭത്തിലാണ് ഉപഗുപ്തന്‍ വാസവദത്തയെ ചെന്നുകാണുന്നത്. അപ്പോഴാണ് അവളെ കാണാന്‍ ബുദ്ധഭിക്ഷു എന്ന നിലയ്ക്ക് അയാളുടെ സമയമായത്.സ ഉപഗുപ്തനെ കണ്ട വാസവദത്ത തന്റെ വെട്ടിക്കളഞ്ഞ അവയവങ്ങള്‍ ഒരു തുണികൊണ്ടു മൂടാന്‍ തോഴിയോടാവശ്യപ്പെട്ടു. അവള്‍ ഉപഗുപ്തനോടു തന്റെ സൗന്ദര്യത്തെയും അപ്പോഴത്തെ ദുരന്തത്തെയും മറ്റും പറഞ്ഞു കേണു. ഉപഗുപ്തനാവട്ടെ ഭഗവാന്‍ ശ്രീബുദ്ധന്റെ ധര്‍മ്മശാസനത്തെ അവള്‍ക്കുപദേശിച്ചുകൊടുക്കുകയാണ്. ഭൗതികതയുടെ നിസാരതയും ആന്തരികമായ ആത്മീയതയുടെ പൊരുളും അയാളവള്‍ക്ക് ബോധ്യമാക്കിക്കൊടുക്കുന്നു.ഉപഗുപ്തന്റെ ധര്‍മ്മോപദേശം കേട്ട് അവളുടെ ഹൃദയം ശാന്തമായി. അദ്ധ്യാത്മികമായ ഒരു സുഖം അവളുടെ ശാരീരിക വേദനകളെ ശമിപ്പിച്ചു. ബുദ്ധന്‍, ധര്‍മ്മം, സംഘം ഈ മൂന്നില്‍ ശരണം പ്രാപിച്ച് തന്റെ പാപത്തിന്റെ ശിക്ഷയ്ക്കു ഭക്തിപൂര്‍വ്വം കീഴടങ്ങുന്നിടത്താണ് കരുണ കാവ്യം അവസാനിക്കുന്നത്; സിനിമയും.

അക്കാലത്തെ സിനിമാരീതികള്‍ക്കിണങ്ങുംവിധം നൃത്തസംഗീതനാടകത്തിന്റെ തിരരൂപാന്തരമെന്നോണം തന്നെയായിരുന്നു കരുണയുടെ ദൃശ്യസങ്കല്‍പനം. എന്നാല്‍, കമ്പോളത്തിന്റെ സ്വാധീനത്തില്‍ നിന്നു സംവിധായകന്‍ നടത്തിയ ഏറ്റവും ധീരവും സാഹസികവുമായൊരു വഴിമാറി നടത്തമാണ് കരുണ എന്ന സിനിമയുടെ ഏറ്റവും വലിയ വിജയം. പ്രേംനസീറും സത്യനും തിളങ്ങിനില്‍ക്കുന്ന കാലമാണെന്നോര്‍ക്കണം. അവരെയൊന്നും നായകനാക്കാതെ ഉപഗുപ്തന്‍ എന്ന നിര്‍ണായക കഥാപാത്രത്തിന്, അക്കാലത്ത് സിനിമികളിലെ വില്ലന്‍/പ്രതിനായകന്‍ വേഷങ്ങള്‍ മാത്രം ചെയ്തിരുന്ന കെ.പി.ഉമ്മറിനെയാണ് തങ്കപ്പന്‍ തെരഞ്ഞെടുത്തത്. നാടകാഭിനയപശ്ചാത്തലവും സാഹിത്യപശ്ചാത്തലവുമുള്ള ഉമ്മറാവട്ടെ ആ കഥാപാത്രത്തെ അനന്യമായ രീതിയില്‍ തന്നെ സ്വാംശീകരിക്കുകയും ചെയ്തു. മധു, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, അടൂര്‍ ഭാസി, ശങ്കരാടി, ടി. കെ. ബാലചന്ദ്രന്‍, വിജയറാണി, ശാരദ, ശോഭന, രേണുക എന്നിവരായിരുന്നു മറ്റു പ്രധാന വേഷങ്ങളിലെ അവതരിപ്പിച്ച താരങ്ങള്‍. 

കുമാരനാശാന്റെ കരുണയില്‍ നിന്നുള്ള ചില വരികള്‍ ദേവരാജന്റെ ഈണത്തില്‍ ചിത്രത്തിലുള്‍പ്പെടുത്തി. എന്തിനീ ചിലങ്കകള്‍ എന്തിനീ കൈവളകള്‍ എന്ന സൂപ്പര്‍ ഹിറ്റ് ഗാനമടക്കം 11 ഗാനങ്ങളാണ് ഒ.എന്‍.വി. എഴുതിയത്. അതില്‍ ഉപഗുപതനെ അവതരിപ്പിച്ചുകൊണ്ട് ദേവരാജന്‍ പാടിയ സമയമായില്ലപോലും സമയമായില്ലപോലും മികച്ച ദാര്‍ശനികഗാനങ്ങളിലൊന്നായി ഇന്നും നിലനില്‍ക്കുന്നു.ദേവരാജന്‍, യേശുദാസു്, കമുകറപുരുഷോത്തമന്‍, പി. സുശീല, പത്മം എന്നീ പിന്നണിഗായകരാണു ഗാനങ്ങളാലപിച്ചത്.മദ്രാസിലെ സത്യ, വീനസ,് അരുണാചലം എന്നീ സ്റ്റുഡിയോകളിലെ സെറ്റുകളിലായാണ് കരുണയുടെ ചിത്രീകരണം പൂര്‍ത്തിയായത്. ചുടുകാട് അടക്കം സ്റ്റുഡിയോ ചുവരുകള്‍ക്കുള്ളില്‍ തന്നെ സെറ്റിടുകയായിരുന്നു. 

തഥാഗതന്റെ സുവിശേഷങ്ങള്‍ ഉത്തരമധുരാപുരി വീഥികളിലൂടെ പാടി കൊണ്ടു നീങ്ങുന്ന ബൗദ്ധഭിക്ഷുക്കളുടെ പദയാത്ര, ഉപഗുപ്തനെ കണ്ട മാത്രയില്‍ ആ സുന്ദരപുരുഷന് മനസ്സു തീറെഴുതിപ്പോയ വാസവദത്തയുടെ മോഹാവേശം, വാസവദത്തയും മുഖ്യകാമുകന്‍ താരാനാഥുമായുള്ള ശൃംഗാര ങ്ങള്‍, ഉപഗുപ്തന്റെ രൂപലാവണ്യം കണ്ട് അദ്ദേഹത്തില്‍ അഭിനിവേശം ജനിച്ച വാസവദത്തയുടെ പാരവശ്യങ്ങള്‍ താരാനാഥന്റെ നേതൃത്വത്തില്‍ നട ത്തിയ ദേവീപൂജ, ബലിവേദിക്കു ചുറ്റും ആവേശം അലയടിച്ചപ്പോള്‍ നിഷ്‌കളും ബലിമൃഗം അന്തം വിട്ടു നില്ക്കുന്നത്, ദുര്‍ഗയോടുള്ള ഭക്തിപാരവശ്യം സംഘനൃത്തത്തിലൂടെ കലിതുള്ളവ സ്‌നേഹസ്വരൂപനായ ഉപഗുപ്തന്‍ പെട്ടെന്നവിടെ പ്രത്യക്ഷപ്പെട്ട് ആടിനെ കാരുണ്യത്തോടെ തഴുകി ഉയര്‍ന്ന വാളും വികാരവും നാടകീയമായി താഴ്ത്തുന്നത്, വേശ്യയുടെ പാദ സ്പര്‍ശം കൊണ്ട് അശുദ്ധമാകാത്ത ദേവാലയം തഥാഗത ശിഷ്യന്മാരുടെ സാന്നിധ്യംകൊണ്ട ശുദ്ധമാകുന്നത്. ഹൈന്ദവപുരോഹിതന്മാര്‍ ഉപഗുപ്ത നെയും കൂട്ടരെയും പുണ്യാഹം തളിച്ചു പുറത്താക്കുന്നത്, പ്രേമനൈരാശ്യത്താല്‍ മനംനൊന്ത് ദുഃഖിതയും കര്‍മവി മുഖയും ഉദാസീനയുമായി നാള്‍ നീക്കുന്ന വാസവദത്തയോട് കുലത്തൊ ഴില്‍ തുടരാനും ആശ്രിതരെ രക്ഷിക്കാനും തോഴി പ്രഭാവതി അപേക്ഷിക്കു നത് ഇങ്ങനെ നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ മികച്ച ഗാനങ്ങളുടെയും നൃത്തങ്ങളുടെയും അകമ്പടിയോടെ ഭേദപ്പെട്ട നിലയില്‍ സംവിധായകന്‍ അവതരിപ്പിച്ചിട്ടുള്ളത് മലയാള സിനിമ പിന്നിട്ട വഴികള്‍ എന്ന ഗ്രന്ഥത്തില്‍ ചലച്ചിത്രചരിത്രകാരനായ എം.ജയരാജ് ചൂണ്ടിക്കാട്ടുന്നുണ്ട്.

കവിതയുടെ അകംപൊരുളിനോട് ബാഹ്യമായെങ്കിലും നീതിപുലര്‍ത്തുന്ന ഒരാഖ്യാനമായ കരുണ 966 നവംബര്‍ 11നാണ് കേരളത്തിലെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഭേദപ്പെട്ട വിജയം നേടിയ ചിത്രം തുടര്‍ന്ന് വിഖ്യാതങ്ങളായ കാവ്യങ്ങളെ അധികരിച്ച് സിനിമകളുണ്ടാക്കുന്ന ഒരു തരംഗത്തിനു തന്നെ വഴിയൊരുക്കി.തൊട്ടടുത്തവര്‍ഷമാണ് ചങ്ങമ്പുഴയുടെ രമണന്‍ സിനിമയാക്കപ്പെടുന്നത്. അതിനടുത്ത വര്‍ഷം കാളിദാസന്റെ കുമാരസംഭവം ചലച്ചിത്രമാക്കപ്പെടുകയും അതിന് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് ലഭിക്കുകയുമൊക്കെ ചെയ്തു. 

കരുണയുടെ സിനിമാബാന്ധവം അവിടെ അവസാനിക്കുന്നില്ല. വര്‍ഷങ്ങള്‍ക്കുശേഷം, 2016 ല്‍ ഇതേ കാവ്യത്തെ കാലികമായി അനുവര്‍ത്തനം ചെയ്ത് ലെനിന്‍ രാജേന്ദ്രന്‍ ഒരു ചിത്രമൊരുക്കി. ടിബറ്റ് സ്വദേശിയായ സിദ്ധാര്‍ത്ഥ് ലാമയേയും ഉത്തര ഉണ്ണിയേയും മനീഷ കൊയ് രാളെയേയും താരങ്ങളാക്കിക്കൊണ്ട് അവതരിപ്പിച്ച ഇടവപ്പാതി. ലൗകികതയ്ക്കപ്പുറമുള്ള ആത്മീയസ്‌നേഹകാരുണ്യങ്ങളുടെ കാതല്‍ സമകാലിക ദേശാന്തര രാഷ്ട്രീയസാമൂഹികപശ്ചാത്തലത്തില്‍ അനാവരണം ചെയ്ത ഇടവപ്പാതി കരുണയെന്ന കാവ്യത്തിനുള്ള ചലച്ചിത്രകാരന്റെ സ്വതന്ത്ര്യവ്യാഖ്യാനമായി മാറി.