Wednesday, January 21, 2026

ജനം വരവേറ്റ ആത്മവിമര്‍ശനവും രാഷ്ട്രീയ ശരിയും

 article published in Kalakaumudi

എ.ചന്ദ്രശേഖര്‍


നടനും തി
രക്കഥാകൃത്തും ചലച്ചിത്രകാരനുമായ ശ്രീനിവാസന്റെ ചലച്ചിത്ര ജീവിതത്തെപ്പറ്റി


താന്‍ സ്വീകരിക്കാതെ വിട്ട സിനിമകളാണ് മലയാള സിനിമയ്ക്കായി താന്‍ നല്‍കിയ ഏറ്റവും വലിയ സംഭാവന എന്ന് ആത്മവിശ്വാസത്തോടെ നെഞ്ചില്‍ കൈവച്ചു പറഞ്ഞ ശ്രീനിവാസന്‍ എന്ന നടന്റെ, തിരക്കഥാകൃത്തിന്റെ, സംവിധായകന്റെ, നിര്‍മ്മാതാവിന്റെ വാക്കുകളിലുണ്ട് അദ്ദേഹത്തിന്റെ ജീവിതദര്‍ശനവും ആദര്‍ശവും. ആത്മവിമര്‍ശനത്തിലൂടെ, ഒരുപക്ഷേ രാഷ്ട്രീയശരിയുടെ കാഴ്ചപ്പാടില്‍ ഉടല്‍നിന്ദ(ബോഡി ഷെയ്മിങ്)യോളം നീളുന്ന സ്വയം പരിഹാസത്തിലൂടെ, സാമൂഹികവിമര്‍ശനം സാദ്ധ്യമാക്കിയ ചലച്ചിത്രകാരന്റെ, അതിനെയൊക്കെ മറികടക്കുന്ന രാഷ്ട്രീയ-സാമൂഹികബോധ്യം ശ്രീനിവാസനില്‍ മലയാളപ്രേക്ഷകര്‍ തിരിച്ചറിഞ്ഞു എന്നതിലാണ് അദ്ദേഹത്തിന്റെ കാലികവും മൗലികവുമായ പ്രസക്തി.മലയാള സിനിമയുടെ കഴിഞ്ഞ നാല് പതിറ്റാണ്ടുകളുടെ ഭാഷയും ഭാവവും മാറ്റിമറിച്ച ശ്രീനിവാസന്‍ അഭിനേതാവായും തിരക്കഥാകൃത്തായും സംവിധായകനായും നിര്‍മ്മാതാവായും പുതിയ തലമുറയ്ക്ക് മാര്‍ഗദര്‍ശനമാകുന്നതും അതുകൊണ്ടുതന്നെ.

1956 ഏപ്രില്‍ നാലിന് തലശ്ശേരിക്കടുത്തു പട്ടുവത്തു ജനിച്ച ശീനിവാസന്‍ സിനിമാഭ്രാന്തു പിടിച്ച് തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായ മദ്രാസിലെത്തു(ഇന്നത്തെ ചെന്നൈ)ന്നത് സിനിമ പഠിക്കാനാണ്. തമിഴ്‌നാട് സര്‍ക്കാര്‍ പോളിടെക്‌നിക്കിന്റെ ഭാഗമായി ആരംഭിച്ച അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചലച്ചിത്രാഭിനയം പഠിക്കാന്‍ ചേരുമ്പോള്‍, ഒരു സിനിമാനടന് അന്നത്തെ കാലത്ത് അത്യാവശ്യവും അനിവാര്യവുമായി വേണ്ടിയിരുന്ന ശരീരസൗഭാഗ്യമോ മുഖസൗന്ദര്യമോ ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്. സഹപാഠിയായിരുന്ന രജനീകാന്തിനും ഇപ്പറഞ്ഞതൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ഒരാള്‍ ലോകത്തേ ഏറ്റവും സ്വാധീനശക്തിയുള്ള ചലച്ചിത്രതാരമായി മാറിയപ്പോള്‍, ശ്രീനിവാസന്‍ മലയാള സിനിമയ്ക്കു മാത്രമല്ല, ഇന്ത്യന്‍ സിനിമയ്ക്കും അനിവാര്യമായ ചലച്ചിത്രകാരനായിത്തീര്‍ന്നതിന് ചരിത്രം സാക്ഷി. ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍സ്റ്റാറായ രജനീകാന്തിനു പോലും ശ്രീനിവാസന്‍ രചിച്ച സിനിമകളുടെ റീമേക്കുകളില്‍ അഭിനയിക്കേണ്ടിവന്നതും ചരിത്രനിയോഗം


തിരയിടത്തെ മലയാളി

പി എ ബക്കറിന്റെ മണിമുഴക്കത്തിലൂടെ നടനായി അരങ്ങേറിയ ശ്രീനിവാസന്‍ ഇരുന്നൂറിലധികം ചിത്രങ്ങളിലെ ചെറുതും വലുതും ഗൗരവമുള്ളതും സരസവുമായ വേഷങ്ങളിലൂടെ തിരയിടത്തു പ്രതിനാധാനം ചെയ്തത് തനി മലയാളിയുടെ അഥവാ ശരാശരി മലയാളിയുടെ സ്വത്വമാണ്. കുശുമ്പും കുന്നായ്മയും ചേര്‍ന്ന വക്രബുദ്ധിയും കൂര്‍മ്മബുദ്ധിയുമുള്ള മലയാളിയെയാണ് അദ്ദേഹം അടയാളപ്പെടുത്തിയത്. ഒരു കഥ ഒരു നുണക്കഥ, നാടോടിക്കാറ്റ്, അക്കരെ അക്കരെ അക്കരെ, വരവേല്‍പ്പ്, സന്ദേശം, ചിത്രം, തേന്മാവിന്‍ കൊമ്പത്ത്, സന്മനസുള്ളവര്‍ക്കു സമാധാനം,ഒരുമറവത്തൂര്‍ക്കനവ്, അറബിക്കഥ, അയാള്‍ കഥയെഴുതുകയാണ്, ചിന്താവിഷ്ടയായാ ശ്യാമള, കഥ പറയുമ്പോള്‍, മിഥുനം, ഞാന്‍ പ്രകാശന്‍ തുടങ്ങിയവയിലെ കഥാപാത്രങ്ങള്‍ ഈ നീരീക്ഷണം ശരിവയ്ക്കുന്നതാണ്. മുപ്പതോളം ചിത്രങ്ങളില്‍ പ്രധാനവേഷം ചെയ്തിട്ടുണ്ടെങ്കിലും ശ്രീനിവാസന്റെ ഉപവേഷങ്ങള്‍ക്കു പോലും മലയാളികളുടെ ഓര്‍മകളില്‍ സ്ഥാനമുണ്ട്; സത്യന്‍ അന്തിക്കാടിന്റെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിനുവേണ്ടി ശ്രീനി സ്വയമെഴുതിയവതരിപ്പിച്ച വകയിലൊരു അമ്മാവന്റെ മകന്‍ കഥാപാത്രം തന്നെയുദാഹരണം. അത്തരത്തിലൊരു കഥാപാത്രത്തെ എഴുതാനും അവതരിപ്പിക്കാനും മലയാളത്തില്‍ ശ്രീനിവാസന്‍ കഴിഞ്ഞേ ഒരാളുള്ളൂ.

സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ മോഹന്‍ലാല്‍ശ്രീനിവാസന്‍ കൂട്ടുകെട്ട്, പ്രഥമ ദൃഷ്ട്യാ ''തൊഴിലില്ലാത്ത യുവാക്കളുടെ കൂട്ടുകെട്ട്'' എന്ന യഥാതഥ ഹാസ്യത്തിന്റെ വാര്‍പ്പുമാതൃകയിലാണെങ്കിലും, ക്വിയര്‍ സിദ്ധാന്തത്തിലൂടെ കണ്ണിലൂടെ സാംസ്‌കാരിക വിമര്‍ശകരും ഗവേഷകരും അതിനെ പുനര്‍വായനയ്ക്കു വിധേയമാക്കിയിട്ടുണ്ട്. നാടോടിക്കാറ്റ് ചിത്രത്രത്തിലെ പ്ട്ടണപ്രവേശം, അക്കരെയക്കരെയക്കരെ) ദാസനും വിജയനും പങ്കിടുന്ന താമസസ്ഥലം, സാമ്പത്തിക പാരസ്പര്യം, വൈകാരികത, പൊസസ്സീവ്‌നെസും അസൂയയും എന്നിവയെ കുടുംബ/ദാമ്പത്യ താളവുമായി താരതമ്യം ചെയ്ത്, ഹെറ്ററോനോര്‍മറ്റീവ് പഠനങ്ങള്‍ നടന്നിട്ടുണ്ട്. സമാനമായി മേലാള-കീഴാള ദ്വയത്തെ ആസ്പദമാക്കി ദാസനും വിജയനും സാമൂഹികപഠനങ്ങള്‍ക്കും വിഷയമായിട്ടുണ്ട്.സത്യന്‍ അന്തിക്കാടിന്റെ വരവേല്‍പ്പ്, പ്രിയന്റെ അക്കരെ അക്കരെ അക്കരെ തുടങ്ങിയ ചിത്രങ്ങളിലെ മോഹന്‍ലാല്‍ ശ്രീനിവാസന്‍ കൂട്ടുകെട്ട്, നാട്ടില്‍ നിന്നു ഗള്‍ഫിലേക്കും പിന്നീട് അമേരിക്കയിലേക്കുമുള്ള യാത്രകളില്‍ 'ജോഡി'യായി നീങ്ങുമ്പോള്‍, ദേശീയ/ജാതിപുരുഷത്വ സ്വത്വങ്ങളുടെ സുരക്ഷക്കപ്പുറം, ഇണക്കം, കരുതല്‍ അസൂയ, വൈകാരികാശ്രയത്വം എന്നിവയിലൊക്കെ ക്വീര്‍ പാഠാന്തരം ചില ഗവേഷണ പഠനലേഖനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സ്‌ക്രീനില്‍  ഒരുമിച്ചുറങ്ങുന്ന ദാസനിലും വിജയനിലും ''ഞാന്‍ നിന്നൊപ്പമില്ലെങ്കില്‍ ഒന്നും ചെയ്യാന്‍ പറ്റില്ല'' എന്ന സംഭാഷണത്തിലും ക്വിയര്‍ പഠിതാക്കള്‍ ദൃഷ്ടാന്തം കണ്ടെത്തുന്നുമുണ്ട്. ഇതു തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ തിര രസതന്ത്രത്തെ മറ്റുള്ള ജോഡികളില്‍ നിന്ന് വേറിട്ടതാക്കുന്നത്..

ശ്രീനിവാസന്‍ എന്ന അഭിനേതാവിനെ വിലയിരുത്തുമ്പോള്‍ ഏറെയും പരാമര്‍ശിക്കപ്പെടുക അദ്ദേഹം ചെയ്ത അസംഖ്യം തമാശകഥാപാത്രങ്ങളാണെങ്കിലും നടനെന്ന നിലയ്ക്ക് ശ്രീനിയെ കാലം വിലയിരുത്തുക അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ ചില ഗൗരവവേഷങ്ങളിലൂടെയാവുമെന്നാണ് എന്റെ നിശ്ചയം. ജി അരവിന്ദന്റെ ചിദംബരംത്തിലെ മുനിയാണ്ടി തീര്‍ച്ചയായും ആ പട്ടികയില്‍ ആദ്യസ്ഥാനത്തുണ്ടാവും. താന്‍ വേളികഴിച്ചു കൊണ്ടുവരുന്ന നിഷ്‌കളങ്ക നാട്ടിന്‍പുറത്തുകാരിയായ ശിവകാമി, താന്‍ ദൈവതുല്യം കണക്കാക്കുന്ന എസ്റ്റേറ്റ് മാനേജര്‍ ശങ്കരനുമൊത്ത് കിടക്കപങ്കിടുന്നതു നേരില്‍ക്കണ്ട് ജീവിതം ഒരു തൂക്കുക്കയറിലവസാനിപ്പിക്കുന്ന നിസ്സഹായനായ മുനിയാണ്ടി അഭിനയത്തില്‍ സമാനതകളില്ലാത്ത വേഷപ്പകര്‍ച്ചയാണ്. അരവിന്ദന്റെ മിനിമലിസ്റ്റ് ശൈലിക്കുള്ളില്‍, അധികം സംഭാഷണങ്ങളില്ലാതെ തന്നെ മുനിയാണ്ടി ശങ്കരന്റെ മനസില്‍ ആത്മനിന്ദയുടെയും കുറ്റബോധത്തിന്റെയും അഗ്നിക്കനലുകള്‍ വാരിവിതറുന്നുണ്ട്; പ്രേക്ഷകരിലും. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത പവിത്രം(1994) എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ജ്യേഷ്ഠസഹോദരനായ ഡോക്ടര്‍വേഷമാണ് ശ്രീനിവാസന്റെ വേറിട്ടതും ഗൗരവമുള്ളതുമായ മറ്റൊരു കഥാപാത്രം. അരിവയ്പ്പുകാരന്റെ കുടുംബത്തില്‍ നിന്ന് പഠിച്ച് ഡോക്ടറായതുകൊണ്ടുമാത്രം സമ്പന്നയായൊരു യുവതിയെ വിവാഹം കഴിക്കുന്നതോടെ വീട്ടുകാരില്‍ നിന്ന് മനഃപൂര്‍വം അകന്നു കഴിയേണ്ടിവരുന്ന ഡോ.രാമകൃഷ്ണന്‍ തന്റെ കുടുംബം തകരാതിരിക്കാനാണങ്ങനെ ചെയ്യുന്നതെന്ന് ഭാര്യയറിയാതെ അനിയനെ സഹായിക്കുന്നതിനോടൊപ്പം വ്യക്തമാക്കുന്നുണ്ട്. ഒരേ സമയം ഭര്‍ത്താവിന്റെയും മകന്റെയും കര്‍ത്തവ്യങ്ങള്‍ ആത്മാര്‍ത്ഥതയോടെ നിര്‍വഹിക്കാന്‍ പെടാപ്പാടുപെടുന്നൊരു സാധാരണക്കാരന്റെ നിസ്സഹായവസ്ഥ ഡോ രാമകൃഷ്ണന്റെ ശരീരഭാഷയില്‍ കൊണ്ടുവരാന്‍ ശ്രീനിവാസന് അധികം പണിപ്പെടേണ്ടിവന്നിട്ടില്ല. മറ്റേതൊരു നടനും നല്‍കാമായിരുന്ന ആ വേഷം ശ്രീനിവാസനെത്തന്നെ ഏല്‍പ്പിക്കാന്‍ രാജീവ്കുമാര്‍ തയാറായത് ചുരുക്കം സീനുകളിലൂടെ തന്നെ അദ്ദേഹം ആ കഥാപാത്രത്തിന്റെ സ്വത്വം സ്ഥാപിച്ചെടുക്കുമെന്ന വിശ്വാസത്തില്‍ത്തന്നെയാവണം. ചന്ദ്രശേഖരന്റെ ഒരു കൊച്ചു ഭൂമികുലുക്കം(1994)എന്ന ചിത്രത്തിലെ സംശയരോഗിയായ ഹരിയുടെ കഥാപാത്രത്തിന് വാഴ്‌വേ മായത്തിലെ സത്യന്റെ നായകവേഷത്തോടാണ് ചാര്‍ച്ച. സരസമായിട്ടാണ് പ്രതിപാദനമെങ്കിലും അതീവ ഗൗരവസ്വഭാവമുള്ള വേഷപ്പകര്‍ച്ചയായിരുന്നു അത്. അതുപോലെതന്നെയാണ് സ്വയമെഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്ര(1989)ത്തിലെ രമേശന്റെ വേഷവും, ഹിസ് ഹൈനസ് അബ്ദുള്ളയി(1990)ലെ വലിയമ്മാവന്‍ തിരുമസിനെ വകവരുത്താന്‍ മുംബൈയില്‍ നിന്നു വാടകക്കൊലയാളിയെ ഏര്‍പ്പാടാക്കിക്കൊണ്ടുവരുന്ന രാജകുടുംബാംഗമായ രവി വര്‍മ്മയും, പ്രിയദര്‍ശനു വേണ്ടി തിരക്കഥയെഴുതിയ വെള്ളാനകളുടെ നാട്ടി(1988) ലെ അഴിമതിക്കെതിരേ നിലകൊണ്ട് ജീവിതം അപായപ്പെടുത്തുന്ന പഞ്ചായത്തു പ്രസിഡന്റ് സദാശിവനും, കെ.ആര്‍.മോഹന്റെ സ്വരൂപ(1992)ത്തിലെ ശേഖരനും ടി.വി ചന്ദ്രന്റെ ഭൂമിയുടെ അവകാശികളി(2012)ല്‍ ഗുജറാത്ത് കലാപത്തിനിടെ ഒരു മുസ്‌ളിം യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ച കഥാനായകന് ആശ്രയം നല്‍കുക വഴി ജീവന്‍ നഷ്ടമാകുന്ന ബീരാനിക്കയും, കമലിന്റെ പാവം പാവം രാജകുമാരനിലെ പി.കെ.ഗോപാലകൃഷ്ണനും, അവിര റബേക്കയുടെ തകരച്ചെണ്ടയിലെ പ്രധാന കഥാപാത്രവും, കെ ജി ജോര്‍ജ്ജിന്റെ പഞ്ചവടിപ്പാലത്തിലെ വികലാംഗനായ സാധാരണക്കാരനും, ലാല്‍ ജോസിന്റെ ഡയമണ്ട് നെക്കലെസി(2012) ലെ കഥാനായകന്റെ കടബാധ്യതകളില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കുന്ന മറുനാടന്‍ മലയാളിയായ വേണുവും, സുനില്‍ ഇബ്രാഹിമന്റെ ചാപ്‌േേറ്റഴ്‌സി(2012)ലെ സേതുവും രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത സൈബര്‍ത്രില്ലറായ കീട(2022)ത്തിലെ ബാലനും മകനും നടനുമായ വിനീത് രചിച്ചു സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്തി(2012)ലെ നായികയുടെ പിതാവ് അബ്ദുല്‍ ഖാദറും, രാജേഷ് പിള്ളയുടെ മെഡിക്കോ ത്രില്ലറായ ട്രാഫിക്കി(2011)ലെ ഹെഡ് കോണ്‍സ്റ്റബിള്‍ സുദേവന്‍ നായരുമെല്ലാം ശ്രീനിവാസന്റെ നടനവൈഭവം പ്രകാശിപ്പിച്ച ഗൗരവമുള്ള വേഷങ്ങളായിരുന്നു. മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയലിന്റെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്്ഡി(2013)ല്‍ ആദ്യകാല ചലച്ചിത്ര പത്രപ്രവര്‍ത്തകന്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണനായുള്ള വേഷപ്പകര്‍ച്ചയും പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നതാണ്.



തിരക്കഥയിലെ ആക്ഷേപഹാസ്യത്തിന്റെ രാഷ്ട്രീയം  

അബദ്ധത്തില്‍ തിരക്കഥാകൃത്തായ ആള്‍ എന്നാണ് ശ്രീനിവാസന്‍ സ്വയം വിശേഷിപ്പിച്ചത്. 1986ല്‍ മലയാളത്തിലെ ഒറ്റയാന്‍ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന മോഹന്റെ ഒരു കഥ ഒരു നുണക്കഥ എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ വേളയില്‍ ചലച്ചിത്രപ്രസിദ്ധീകരണങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹമത് തുറന്നു പറഞ്ഞിട്ടുണ്ട്. അടിസ്ഥാനപരമായി താനൊരു നടനാണ്. അഭിനയിക്കാനാണ് സിനിമയിലെത്തിയത്. അഭിനയം തന്നെയാണ് തന്റെ തട്ടകവും. പക്ഷേ ചില അത്യാഹിതങ്ങളില്‍ പെട്ട്, മറ്റു വഴികളില്ലാതെ തിരക്കഥയെഴുതാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു താന്‍ എന്നാണ് ശ്രീനിവാസന്‍ വിശദീകരിച്ചത്. അതേപ്പറ്റി ആത്മസുഹൃത്തുകൂടിയായ പ്രിയദര്‍ശനും മോഹനും പിന്നീട് വിശദമാക്കുകയും ചെയ്തു. തിരക്കഥാകൃത്തായി രംഗത്തു വന്ന പ്രിയദര്‍ശന്റെ ആദ്യചിത്രത്തിന് അദ്ദേഹം തന്നെയാണ് തിരക്കഥയെഴുതിയത്. എന്നാല്‍ 1984ല്‍ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തീയതിയോടടുത്ത് പൂജയ്‌ക്കെത്തിയപ്പോഴാണ് പ്രിയന്‍ ശ്രീനിയോട് പറയുന്നത്. ഇതാണ് കഥ. ശ്രീനി എഴുതിക്കോ. തനിക്കു തിരക്കഥയെഴുതാനറിയില്ലെന്നു പറഞ്ഞ ശ്രീനിയോട് പ്രിയന്‍ പറഞ്ഞു. എന്നാല്‍ സിനിമ നടക്കില്ല. താരങ്ങളും സാങ്കേതികവിദഗ്ധരും എല്ലാമെത്തിയിട്ടുണ്ട്. താനെഴുതിയാല്‍ നാളെ ഷോട്ടെടുക്കാം. തനിക്കഭിനയിക്കണോ, എന്നാല്‍ എഴുതിക്കോ. അങ്ങനെ താന്‍ അകപ്പെട്ടിരിക്കുന്ന കെണിയുടെ വ്യാപ്തിതിരിച്ചറിഞ്ഞ് അവസാനനിമിഷം സിനിമ നടക്കാന്‍ വേണ്ടി ഒരപകടത്തില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണ് ശ്രീനിവാസന്‍ തിരക്കഥാകൃത്തായത്. എന്നാല്‍ ശ്രീനിവാസനിലെ തിരക്കഥാകൃത്തിനെ നേരത്തേ തിരിച്ചറിഞ്ഞതുകൊണ്ടാണ് താന്‍ അയാളില്‍ അത്രമേല്‍ വിശ്വാസം വച്ചുപുലര്‍ത്തിയത് എന്ന് പ്രിയദര്‍ശന്‍ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ഓടരുതമ്മാവാ എഴുതിയ ആള്‍ എന്ന നിലയ്ക്കും മുന്‍ അനുഭവങ്ങളില്‍ ശ്രീനിയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞതുംകൊണ്ടാണ് മോഹന്‍ ഒരു കഥ ഒരു നുണക്കഥ എഴുതാന്‍ ശ്രീനിവാസനെ നിര്‍ബന്ധിക്കുന്നത്. അന്നും താനൊരു എഴുത്തുകാരനല്ലെന്നും നടന്‍ മാത്രമാണെന്നുമുള്ള നിലപാടില്‍ തന്നെയായിരുന്നു ശ്രീനി. എന്നാല്‍ ശ്രീനിക്ക് ആ കഥ തിരക്കഥയാക്കാനാവുമെന്നും ശ്രീനി എഴുതിയാലേ താനത് സംവിധാനം ചെയ്യൂ എന്നുമുള്ള നിര്‍ബന്ധത്തില്‍ അണുവിടെ വ്യതിചലിക്കാതെ നിന്നുകൊണ്ടാണ് മോഹന്‍ ശ്രീനിയെക്കൊണ്ട് എഴുതിക്കുന്നത്. എന്നാല്‍ അതോടെ ശ്രീനിവാസന്‍ എന്ന നടനൊപ്പം തിരക്കഥാകൃത്തും മലയാള സിനിമയില്‍ സുവര്‍ണലിപികളാല്‍ ആലേഖനം ചെയ്യപ്പെടുകയായിരുന്നു എന്നതാണ് വാസ്തവം.മലയാളത്തിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട തിരക്കഥകളില്‍ പലതും ശ്രീനിവാസന്റേതായി. സന്മനസ്സുള്ളവര്‍ക്ക് സമാധാനം (1986), ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്(1986), വരവേല്‍പ്പ്(1989), നാടോടിക്കാറ്റ്(1987), അക്കരെ അക്കരെ അക്കരെ(1990) എന്നിവ സഹകാല സാമൂഹിക-സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ചിത്രണങ്ങളായി.

സവിശേഷമുഖമില്ലാത്ത ലക്ഷക്കണക്കിനു മലയാളികളില്‍ ഒരാളായി എം എ പോലെ തൊഴിലധിഷ്ഠിതമല്ലാത്ത ബിരുദവും പേറി അലയുന്ന ടി പി ബാലഗോപാലന്‍ എം എ കള്‍ട്ട്ഫിഗറായി സ്ഥാനം നേടുന്നത് അയാളുടെ ആത്മസംഘട്ടനങ്ങളും ധര്‍മസങ്കടവും ഒരു തലമുറയുടേതുകൂടിയായി അടയാളപ്പെട്ടതുകൊണ്ടാണ്. ആ തലമുറയ്ക്ക് അയാളെ സ്വന്തം സ്വത്വത്തിന്റെ തിരപ്രതിനിധിയായി തിരിച്ചറിയാന്‍ സാധിച്ചതുകൊണ്ടും. ശരാശരി ബിരുദധാരിയുടെ പി എസ് സി സ്വപ്നങ്ങള്‍ക്കപ്പുറത്തൊരു ലോകം കനവുകണ്ട ലക്ഷക്കണക്കിനു മലയാളിയുവാക്കളുടെ സ്വപ്നനഷ്ടങ്ങളും ഒരിക്കലും പച്ചപിടിച്ചിട്ടില്ലാത്ത ഒരു കുന്ന് ഇടത്തരം വ്യവസായങ്ങളുടെ ശവപ്പറമ്പായ കേരളത്തിന്റെ ദുരവസ്ഥയയുമാണ് ആ ചിത്രങ്ങള്‍ പകര്‍ത്തിക്കാട്ടിയത്. അതില്‍ പൊലിഞ്ഞ സ്വപ്നങ്ങളായിരുന്നു വരവേല്‍പ്പിലെ ഗള്‍ഫ് മോട്ടോഴ്‌സും മിഥുന (1993)ത്തിലെ ദാക്ഷായണി ബിസ്‌കറ്റ്‌സും വെള്ളാനകളുടെ നാട്ടി (1988)ലെ കരാര്‍പണിയും. റവന്യൂ റിക്കവറിയിലോ, പാപ്പര്‍ ഹര്‍ജിയിലോ, ആത്മഹത്യയിലോ അകാലചരമമടയുന്ന എത്രയോ ചെറുകിടവ്യവസായ ഉടമകളുടെ ഉടല്‍പ്പാതികളായി ആ കഥാപാത്രങ്ങള്‍.

ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു സംസ്ഥാനസര്‍ക്കാരിന്റെ ജൂബിലിസമ്മേളനത്തെ അഭിസംബോധനചെയ്യുമ്പോള്‍ അന്നാട്ടിലെ പഴയൊരു സിനിമയെ പേരെടുത്തു പരാമര്‍ശിക്കുക എന്നതു ചെറിയകാര്യമല്ല. അങ്ങനൊരു നേട്ടം മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ത്രയത്തിന്റെ വരവേല്‍പ്പി(1989)നുണ്ടായി. വരവേല്‍പ്പിലെ ഗള്‍ഫ് മോട്ടോഴ്‌സ് ഉടമ മുരളീധരന്റെ ധര്‍മസങ്കടത്തെ കേരളത്തിന്റെ മുഴുവന്‍ പ്രതിസന്ധിയായിട്ടാണു പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി അന്നുദ്ധരിച്ചത്. ജീവിതപ്പച്ചപ്പുതേടി ഗള്‍ഫിന്റെ കനകകേദാരങ്ങളിലേക്കു പ്രവാസിയായി സ്വയം നിഷ്‌കാസനം ചെയ്യപ്പെട്ട ലക്ഷക്കണക്കായ മലയാളിയുവാക്കളുടെകൂടി പ്രതിനിധിയായി മുരളിയെ വായിക്കുമ്പോള്‍ അയാളെ സൃഷ്ടിച്ച തിരക്കഥാകൃത്തായ ശ്രീനിവാസനെ കൂടി സ്മരിക്കേണ്ടതുണ്ട്. 

നിര്‍ധനനില്‍ നിന്നു കാണാപ്പൊന്നിന്റെ വിളഭൂമി തേടിയുള്ള മലയാളിയുടെ പ്രവാസചരിത്രത്തിന്റെ ആദ്യക്ഷരങ്ങള്‍ നാടോടിക്കാറ്റിലും ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റി(1983)ലും പ്രതിനിധാനം ചെയ്തിരുന്നു.ഗള്‍ഫ് എന്നു കരുതി  ചെന്നൈയില്‍ ചെന്നിറങ്ങുകയാണു നാടോടിക്കാറ്റിലെ രാംദാസും വിജയനും. ഗാന്ധിനഗറിലെ ഭീംസിംഗ് കാ ബേട്ട രാംസിംഗിന് അവസാനം കൈവരുന്ന സൗഭാഗ്യമാകട്ടെ, മമ്മൂട്ടിയുടെ ബാലചന്ദ്രന്‍ വച്ചുനീട്ടുന്ന അക്കരെയ്ക്കുള്ള വിസയാണ്. ഒരര്‍ഥത്തില്‍, ഗാന്ധിനഗറിലെ സേതുവിന്റെ ബാക്കിയാണു വരവേല്‍പ്പിലെ മുരളി. ഗള്‍ഫില്‍ അരിഷ്ടിച്ചുകൂട്ടുന്ന സമ്പാദ്യംകൊണ്ടു നാട്ടിലൊരു വ്യവസായം തുടങ്ങി സ്വസ്ഥമായി കൂടാം എന്നു കനവുകാണുന്ന ശരാശരി പ്രവാസിയുടെ ആശകളും മോഹഭംഗങ്ങളുമാണു മുരളി പ്രതിഫലിപ്പിച്ചത്. ശ്രീനിവാസന്റെ തൂലിക ജന്മം നല്‍കിയ ഗള്‍ഫ് പ്രവാസി കഥാപാത്രങ്ങളില്‍  അതിശയോക്തിയുടെ അതിവര്‍ണം ചാലിച്ചതെന്ന് അല്‍പ്പമെങ്കിലും ആരോപിക്കപ്പെടാവുന്നത് അയാള്‍ കഥയെഴുതുകയാണ്(1998)എന്ന കമല്‍ ചിത്രത്തിലെ പൈങ്കിളി നോവലിസ്റ്റായ സാഗര്‍ കോട്ടപ്പുറമാണ്. കമ്പോളം ആവശ്യപ്പെടുന്ന അനുപാതത്തില്‍ വളിപ്പിന്റെ വര്‍ണം ചാലിച്ച പ്രസ്തുത കഥാപാത്രത്തിലും ശരാശരി ഗള്‍ഫുകാരന്റെ കല്യാണക്കനവുകള്‍ കാണാം; കച്ചവട രസതന്ത്രത്തിനൊപ്പിച്ചു സാമൂഹികവും മാന്ത്രികവും കുറ്റാന്വേഷണവുമടങ്ങുന്ന ജനപ്രിയ നോവലുകള്‍ പലപേരില്‍ പടച്ചുവിടുന്ന ആധുനികകാല കൂലിയെഴുത്തുകാരന്റെ നേര്‍ച്ചിത്രവും. ഇതിനിടയില്‍ നാം നിത്യേന കണ്ടുമുട്ടുന്ന ടി ടി സി അധ്യാപകന്‍ (ദൂരെ ദൂരെ ഒരു കൂടുകൂട്ടാം), കോണ്‍ട്രാക്ടര്‍ പവിത്രന്‍, (വെള്ളാനകളുടെ നാട്), ഗുമസ്തനായ വീട്ടുടമസ്ഥന്‍ ഗോപാലകൃഷ്ണപണിക്കര്‍ (സന്മനസ്സുള്ളവര്‍ക്കു സമാധാനം) ഇവരിലെല്ലാമുണ്ടായിരുന്ന സവിശേഷത, ഇവര്‍ ചുറ്റുപാടുനിന്ന് അടര്‍ത്തിയെടുത്തു എന്നു തോന്നിപ്പിക്കുന്ന കഥാപാത്രങ്ങളായിരുന്നു എന്നതാണ്. ഇവരുടെ പേരുകളിലെ സര്‍വസാധാരണത്വം ശ്രദ്ധിക്കുക. അതുപോലും ഈ അതിസാധാരണത്വത്തിന്റെ പ്രതിബിംബമാണ്. മലയാളത്തത്തില്‍ സിനിമാക്കഥയ്ക്ക് ഓരോ തൊഴില്‍മേഖലയെ വിഷയമാക്കുക എന്നൊരു പ്രവണതയുണ്ടായതും അതോടെയാണ്. മുമ്പു തൊഴിലാളിവര്‍ഗത്തെക്കുറിച്ചോ ഫ്യൂഡല്‍ മാടമ്പിത്തത്തിനെതിരെയോ മാത്രമാണു തോപ്പില്‍ഭാസി-എസ് എല്‍ പുരം പ്രഭൃതികളുടെ തൂലിക വിഷയം കണ്ടെത്തിയതെങ്കില്‍ ശ്രീനിവാസനാവട്ടെ തട്ടാനിലും ആശാരിയിലും തുടങ്ങി ചെറുകിട കോണ്‍ട്രാക്ടറിലും, വീട്ടുടമസ്ഥനിലും, സര്‍ക്കാര്‍ ഉദ്യോഗസ്ഥനിലും, ബസുടമയിലും, വാച്ച്മാനിലും തന്റെ നായകന്മാരെ പ്രതിഷ്ഠിച്ചു.

മലയാള സിനിമയില്‍ ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്ത് അടയാളപ്പെടുത്തപ്പെടുക, കമ്പോള മുഖ്യധാരയില്‍ ചലച്ചിത്രത്തുടര്‍ച്ചകള്‍ക്ക്, സ്വയം സമ്പൂര്‍ണങ്ങളായ ചലച്ചിത്രപരമ്പരകള്‍ക്ക് 

തുടക്കമിട്ടതിന്റെ പേരില്‍ക്കൂടിയായിരിക്കും.സിദ്ധീഖ്-ലാല്‍മാര്‍ ജീവന്‍ നല്‍കിയ ദാസനും വിജയനും (പേര് അതാവില്ല) എന്ന രണ്ടു തൊഴില്‍രഹിത ചെറുപ്പക്കാരുടെ ഗള്‍ഫ് സ്വപ്‌നം എന്ന കഥാതന്തു വികസിപ്പിച്ച് സത്യന്‍ അന്തിക്കാടിനു വേണ്ടി നാടോടിക്കാറ്റ് എഴുതിയപ്പോള്‍ ശ്രീനിവാസന്‍ വിചാരിച്ചിട്ടുണ്ടാവില്ല, അതൊരു ചലച്ചിത്രത്രയത്തിന്റെ നാന്ദിയാകുമെന്ന്. മലയാളികളുടെ സ്വത്വദൃഷ്ടാന്തമായി പരിണമിച്ച ദാസനും വിജയനും എന്ന കഥാപാത്രങ്ങള്‍ നേടിയ അഭൂതപൂര്‍വമായ ജനസ്വാധീനത്തെത്തുടര്‍ന്ന് 1988ല്‍ പട്ടണപ്രവേശം എന്ന പേരില്‍ അതിനൊരു രണ്ടാംഭാഗമെഴുതേണ്ടി വന്നു ശ്രീനിക്ക്. വ്യവസ്ഥാപിതാര്‍ത്ഥത്തിലുളളൊരു ചലച്ചിത്രത്തുടര്‍ച്ചയായിരുന്നില്ല അതെന്നു ശ്രദ്ധിക്കണം. മുഖ്യകഥാപാത്രങ്ങള്‍ ചെന്നു പറ്റുന്ന പുതിയ സാഹചര്യങ്ങളും പുതിയ കഥാപാത്രങ്ങളുമൊക്കെയായി സ്വതന്ത്രമായൊരു പുതിയ ചിത്രം തന്നെയായിരുന്നു പട്ടണപ്രവേശം. നിലവിലുണ്ടായിരുന്ന ആക്ഷന്‍-പൊലീസ്-അധോലോക ചിത്രങ്ങളെ കണക്കിന് ആക്ഷേപിക്കുന്നതായിരുന്നു അതിന്റെ ഗാത്രം. ആവനാഴിയിലെ മഹാവില്ലനെ പവനായി എന്ന കോമാളി കില്ലറാക്കിത്തീര്‍ക്കുകവഴി സിനിമയിലെ സ്പൂഫിങ്ങിനാണ് ശ്രീനി തുടക്കം കുറിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം, പ്രിയദര്‍ശനു വേണ്ടിയാണ്, സത്യന്‍ അന്തിക്കാടിന്റെ അനുമതിയോടെ അമേരിക്കയില്‍ ചിത്രീകരിച്ച അക്കരെയക്കരെയക്കരെയില്‍ ദാസനെയും വിജയനെയും ശ്രീനി മൂന്നാമതും കൊണ്ടുവന്നത്.

എന്നാല്‍ സ്‌ളാപ്സ്റ്റിക്ക് കോമഡിക്കും അര്‍ത്ഥമൊളിപ്പിച്ച ആക്ഷേപഹാസ്യത്തിനുപ്പുറം ഗൗരവമുള്ള തിരക്കഥകള്‍ക്കും ജന്മം നല്‍കിയ എഴുത്തുകാരനാണ് ശ്രീനിവാസന്‍.വിജയസാധ്യതയ്ക്കപ്പുറം ആഴമുള്ള തിരക്കഥകളിലധികവും സ്വയം സംവിധാനം ചെയ്യാനായി മാറ്റിവയ്ക്കുകയായിരുന്നു അദ്ദേഹം. വടക്കുനോക്കിയന്ത്രവും(1989), ചിന്താവിഷ്ടയായ ശ്യാമള(1998)യും പോലെ, ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ ഒരു സംവിധായകനും ഒരുപക്ഷേ ദഹിച്ചേക്കാനിടയില്ലാത്ത കഥാതന്തുക്കള്‍ അദ്ദേഹം സംവിധാനം ചെയ്ത് മികവുറ്റതാക്കി. ശ്രീനിവാസന്റെ ഗൗരവമുള്ള തിരക്കഥകളില്‍ സുനിശ്ചയമായി ഉള്‍പ്പെടുന്നവയാണ് കമലിന്റെ ചമ്പക്കുളം തച്ചന്‍(1992) ഇരട്ടക്കുട്ടികളുടെ അച്ഛന്‍ (1997), മഴയെത്തുംമുമ്പേ (1995), അഴകിയ രാവണന്‍(1996) എന്നിവ. ഇവയില്‍ സിവി ബാലകൃഷ്ണന്റെ കഥയെ ഉപജീവിച്ച ഇരട്ടക്കുട്ടികളുടെ അച്ഛന്‍, ചമ്പക്കുളം തച്ചന്‍, മഴയെത്തുംമുമ്പേ എന്നീ ചിത്രങ്ങളുടെ ചലച്ചിത്രസമീപനം പതിവ് ശ്രീനിവാസന്‍ തിരക്കഥകളില്‍ നിന്ന് വിഭിന്നമായ രംഗപരിചരണവും ചലച്ചിത്രദര്‍ശനവും വച്ചുപുലര്‍ത്തുന്നവയാണ്. തിരക്കഥാകൃത്തെന്ന നിലയ്ക്കുള്ള കൈയൊതുക്കവും വൈവിദ്ധ്യവും വ്യക്തമാക്കുന്നതാണിവ.

ശ്രീനിവാസന്‍ തിരക്കഥകളെപ്പറ്റി ഏറെ കേട്ടിട്ടുള്ള ഒരാരോപണം അവയിലെ (അ)രാഷ്ട്രീയപരതയാണ്. സന്ദേശം(1990) എന്ന ചിത്രത്തെ ആരാഷ്ട്രീയവാദമായി നിരൂപകര്‍ വായിച്ചിട്ടുണ്ട്.  കേരളത്തിലെ പാര്‍ട്ടി രാഷ്ട്രീയം എങ്ങനെ കുടുംബബന്ധങ്ങളെ ചിതറിക്കുന്നുവെന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയവും ഇടതും വലതും എന്ന് പേരിലുള്ള ആശയങ്ങളുമെങ്ങനെ ഭിന്നതയുടെ ഉപകരണങ്ങളായി മാറുന്നു എന്നും ചിത്രം തുറന്നുകാട്ടി. എന്നാല്‍, വിദ്യാര്‍ത്ഥി രാഷ്ട്രീയത്തോട് ചിത്രം പുലര്‍ത്തിയ സമീപനം പിന്നീട് പലരാലും വിമര്‍ശിക്കപ്പെട്ടതായും, അതിന്റെ 'അപ്പോളിറ്റിക്കല്‍' സന്ദേശം തന്നെ പിന്നീട് ശ്രീനിവാസന്റെ പൊതുചിത്രത്തെ സ്വാധീനിച്ചതായും അഭിമുഖങ്ങളിലും ലേഖനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്രീനിവാസരചനകളുടെ ഏറ്റവും ശ്രദ്ധേയമായ ഗുണം, സ്വന്തം സമൂഹത്തെയും സ്വന്തം തലമുറയെയും, ചിലപ്പോള്‍ തന്നിലെ എഴുത്തുകാരനെയും വരെ ചോദ്യം ചെയ്യുന്ന ആത്മവിമര്‍ശനമാണ്. മദ്ധ്യവര്‍ഗ്ഗ മലയാളിയുടെ കപടധാര്‍മ്മികത, പുരുഷാധിപത്യ മനോഭാവം, രാഷ്ട്രീയാന്ധ്യം, സ്വാര്‍ത്ഥത ഇവയെല്ലാം അദ്ദേഹം നായകന്മാര്‍ക്കുളളില്‍ നിക്ഷേപിക്കാറുണ്ട്. ശ്രീനിവാസ നായകന്മാര്‍ ബാഹ്യ ശത്രുവിനെ അല്ല, തന്റെ തന്നെ ദൗര്‍ബല്യങ്ങളെയും സ്വാര്‍ത്ഥതകളെയും നേരിടുന്നവനായി മാറുന്നു. തന്റെ പോരായ്മകളെ തിരിച്ചറിഞ്ഞ് വേദനിക്കുന്ന ഒരു നിസഹായനായ മാത്രമാണ് അവന്‍ സ്വീകരിക്കപ്പെടുന്നത്. താന്‍ കൂടി ഭാഗഭാക്കായ സാമൂഹികാവാസവ്യവസ്ഥയുടെ ഭാഗമായിട്ടാണ് അദ്ദേഹം കഥകളും കഥാപാത്രങ്ങളും രൂപപ്പെടുത്തിയത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ താന്‍പോരിമക്കാരല്ല, പോരായ്മകളുള്ളവരാണ്. ശ്രീനിവാസന്‍ സൃഷ്ടിച്ച കഥാസന്ദര്‍ഭങ്ങളിലെ ജീവിത സാഹചര്യങ്ങള്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയ-സാമൂഹിക നിലപാടുകളെ പോലും ചോദ്യം ചെയ്യുന്ന രീതിയിലുള്ളതാണ്: തൊഴിലില്ലായ്മയും പ്രവാസഭ്രമവും, ഗള്‍ഫ് സ്വപ്നവും, ഗാര്‍ഹിക ജീവിതത്തിലെ പുരുഷാധിപത്യവും, 'മൂല്യങ്ങള്‍' കാത്തുസൂക്ഷിക്കുന്നതായി തോന്നുന്നെങ്കിലും ആന്തരിക ഭയങ്ങളും പകകളും നിറഞ്ഞ കുടുംബരംഗങ്ങളുമെല്ലാം കൈകാര്യം ചെയ്യുമ്പോള്‍, എഴുത്തുകാരന്‍ തന്നെ ആ സംസ്‌കാരത്തിന്റെ കുറ്റബോധം പങ്കുവഹിക്കുന്ന ആളായി പശ്ചാത്തലത്തില്‍ നില്‍ക്കുന്നു. പ്രേക്ഷകന് ചിരിക്കപ്പുറം ചില തിരിച്ചറിവുകളും സമ്മാനിക്കുകയെന്നതാണ് ശ്രീനി തിരക്കഥകളിലൂടെ ശ്രമിച്ചിട്ടുള്ളത്.

മലയാളിയുടെ നിത്യജീവിതത്തെ സ്വാധീനിക്കുകയും ജീവിതത്തിന്റെ ഭാഗമായിത്തീരുകയും ചെയ്ത സംഭാഷണങ്ങളാണ് തിരക്കഥാകൃത്തായ ശ്രീനിവാസന്റെ സാംസ്‌കാരിക മൂലധനനിക്ഷേപങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്നു നിരീക്ഷിക്കുന്നതില്‍ അപാകതയില്ല. നാടോടിക്കാറ്റില്‍ ദാസനും വിജയനും പങ്കുവയ്ക്കുന്ന നമുക്കെന്താ ഈ ബുദ്ധി നേരത്ത തോന്നാത്തത് എന്ന ചോദ്യവും എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന മറുപടിയും എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം എന്ന ആത്മവിമര്‍ശനവും മലയാളി യുവാക്കളുടെ മാത്രമല്ല സമൂഹത്തിന്റെയൊട്ടാകെ ദൈനംദിന പ്രയോഗങ്ങളായി തീരുകയായിരുന്നു. വലിയ പ്രതീക്ഷകളോടെ വന്ന് പൊട്ടാത്ത അമിട്ടുകളായിത്തീരുന്ന സന്ദര്‍ഭങ്ങളെ അങ്ങനെ പവനായി ശവമായി എന്ന് മലയാളി വിശേഷിപ്പിച്ചു തുടങ്ങിയത് പട്ടണപ്രവേശത്തിലെ ശ്രീനി സംഭാഷണത്തില്‍ നിന്നാണ്. അഹിതം സംസാരിക്കുന്നതിനെ പ്രതിരോധിക്കാന്‍ പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് എന്ന സന്ദേശത്തിലെ ശ്രീനിവാസന്‍ കഥാപാത്രത്തിന്റെ താക്കീത് മലയാളത്തിലെ ശൈലി തന്നെയായിമാറി.രാഷ്ട്രീയക്കാരുടെ ദുര്‍ഗ്രാഹ്യമായ വിശകലനങ്ങളെ വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃ്ഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര സജീവമായിരുന്നു എന്ന സന്ദേശത്തിലെ ഡയലോഗ്ു കൊണ്ടാണ് സാംസ്‌കാരികകേരളം നേരിടുന്നത്. അക്കരെയക്കരയെയിലെ മീനവിയല്‍ എന്തായോ എന്തോ എന്ന അസമയത്തെ ഒഴികഴിവും, ഉദയനാണ് താരത്തിലെ മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ എന്ന ഡയലോഗും ചിന്താവിഷ്ടയായ ശ്യാമളയിലെ കൃത്രിമത്വം നിറഞ്ഞ ചിന്താവിഷ്ടയായ ശ്യാമളയിലെ അയ്യോ അച്ഛാ പോവല്ലേ അയ്യോ അച്ഛാ പോവല്ലേയും അതേ ചിത്രത്തിലെ ആര്‍ട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ അപ്പോള്‍ ക്യാമറയും കൂടെച്ചാടട്ടെയും, വെള്ളാനകളുടെ നാട്ടിലെ കുതിരവട്ടം പപ്പുവിന്റെ കള്‍ട്ട് ഡയലോഗായിത്തീര്‍ന്ന താമരശ്ശേരി ചുരവും ഇപ്പോ ശരിയാക്കിത്തരാമും പടച്ചോനേ കാത്തോളീ....യും യാത്രക്കാരുടെ ശ്രദ്ധയ്ക്കിലെ ഈശ്വരാ ഭഗവാനെ എന്റെ അച്ഛന് നല്ലതുമാത്രം വരുത്തണേ എന്ന പ്രാക്കും അയാള്‍ കഥയെഴുതുകയാണിലെ ചോയ്ച്ച് ചോയ്ച്ച് പോകാമും എല്ലാം മലയാളിയുള്ളിടത്തെല്ലാം സംഭാഷണത്തില്‍ അബോധമായിക്കൂടി കടന്നുവരുന്നുണ്ടെങ്കില്‍ അതിന് പകര്‍പ്പവകാശം ശ്രീനിവാസനാണെന്നോര്‍ക്കുക.  അഴകിയ രാവണനില്‍ ശ്രീനി അവതരിപ്പിച്ച അബുജാക്ഷന്‍ തന്റെ മനസിലെ സിനിമ ആഖ്യാനിക്കുമ്പോള്‍ പറയുന്ന അവിടെ കല്യാണം ഇവിടെ പാലുകാച്ച് പാലുകാച്ചല്‍ കല്യാണം എന്ന സംഭാഷണം കേള്‍വിപ്പുറമേയ്ക്കുള്ള തമാശയ്ക്കും ഈണത്തിനുമപ്പുറം പാരലല്‍ കട്ടിങ് എന്ന ചലച്ചിത്ര ദൃശ്യവിന്യാസ സാങ്കേതികവിദ്യയെ അതിലളിതമായി പ്രതിപാദിക്കുന്നൊരു ക്‌ളാസിക് വാക്യമായിത്തന്നെ കണക്കാക്കേണ്ടതുണ്ട്. ഇതിലും വ്യക്തമായി ഫിലിം എഡിറ്റിങ്ങിന്റെ-മൊണ്ടാഷിന്റെ-സിദ്ധാന്തം പഠിപ്പിക്കാന്‍ പറ്റിയ ഒരൂ വാചകം ഉണ്ടാകേണ്ടിയിരിക്കുന്നു.

റോഷന്‍ ആന്‍ഡ്രൂസ് എന്ന യുവസംവിധായകനുവേണ്ടി 2005ല്‍ സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ഉദയനാണു താരത്തില്‍ തിരക്കഥാചോരണമടക്കം സിനിമയിലെ ദുഷിപ്പുകള്‍ക്കെതിരേ ശക്തമായ വിമര്‍ശനത്തിനു മുതിര്‍ന്ന ശ്രീനിവാസന്‍ അതിലെ മുഖ്യകഥാപാത്രമായ സരോജ് കുമാറിനെ കേന്ദ്രകഥാപാത്രമാക്കി 2012ല്‍ സജിന്‍ രാഘവനു വേണ്ടി രചിച്ച പദ്മശ്രീ ഭരത് ഡോ സരോജ്കുമാര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വേരോടിയ താരാധിപത്യത്തെ കണക്കിനു പരിഹസിച്ചു.ഒരളവില്‍ അല്‍പം കടന്നുപോയോ എന്നു പോലും തോന്നിപ്പിക്കുന്നതായിരുന്നു ചിത്രത്തിലെ വിമര്‍ശനങ്ങള്‍. കമലിനു വേണ്ടി 1996ല്‍ എഴുതിയ മമ്മൂട്ടി ചിത്രമായ അഴകിയ രാവണനില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച അംബുജാക്ഷന്‍ എന്ന തിരക്കഥാകൃത്തിന്റെ ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമയില്‍ നിന്നു പ്രചോദിതമായി സന്തോഷ് വിശ്വനാഥ് 2015ല്‍ അതേപേരില്‍ ഒരു സ്വതന്ത്ര സിനിമ സംവിധാനം ചെയ്തതും ചരിത്രം. ഇത്തരത്തില്‍ ഒരു സിനിമയില്‍ നിന്ന് മറ്റൊരു തലമുറയില്‍പ്പെട്ടൊരു ചലച്ചിത്രപ്രവര്‍ത്തകന്‍ മറ്റൊരു സിനിമ നിര്‍മ്മിക്കുന്നത് ചെമ്മീനിനു ശേഷം അതാദ്യമായിട്ടായിരുന്നു. (ചെമ്മീനിലെ അനിയത്തി കഥാപാത്രത്തെ കേന്ദ്രമാക്കി പില്‍ക്കാലത്ത് മഞ്ജുവാര്യരെ വച്ച് അനില്‍ ആദിത്യന്‍ തിരകള്‍ക്കപ്പുറം എന്നൊരു ചിത്രമെടുത്തിട്ടുണ്ട്) സിനിമയുടെ വ്യാകരണം അക്കാദമികമായി പാലിച്ചുകൊണ്ട് തിരക്കഥകളെഴുതിയ മലയാളത്തിലെ മഹാനായ തിരയെഴുത്തുകാരനായിരുന്നില്ല ശ്രീനിവാസന്‍. പക്ഷേ അദ്ദേഹമെഴുതിയത് മലയാളിയുടെ മനസായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തുമുനകള്‍ ചെന്നുതറച്ചത് മലയാളിയുടെ മനസകങ്ങളിലുമായിരുന്നു.


അര്‍ത്ഥപൂര്‍ണമായ സാറ്റയറുകളുടെ ചലച്ചിത്ര ശില്പി  

ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രങ്ങളുടെ എണ്ണം കുറവായതിന് ഒരു കാരണമുണ്ട്. അദ്ദേഹത്തിന്റെ തിരക്കഥകള്‍ക്ക് അത്രമേല്‍ വിലയുണ്ടായിരുന്നു മലയാള സിനിമയില്‍. അതുകൊണ്ടുതന്നെ എഴുതിത്തീരുന്നതിനു മുമ്പേ കൊത്തിക്കൊണ്ടുപോകാന്‍ സംവിധായകരുണ്ടായി. അങ്ങനെയുമല്ല പറയേണ്ടത്. മിക്കപ്പോഴും സത്യന്‍, പ്രിയന്‍, കമല്‍ തുടങ്ങിയ സംവിധായകരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം എഴുതിയത്. അവയില്‍ നിന്നു വേറിട്ട് മറ്റൊരു സംവിധായകനെ ഒരുപക്ഷേ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടായേക്കുമെന്ന കഥാതന്തുക്കളാണ് സ്വന്തം സംവിധാന സംരംഭങ്ങള്‍ക്കായി അദ്ദേഹം നീക്കിവച്ചത്. അങ്ങനെയുണ്ടായതാണ് വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും.സ്വന്തം ശരീരപരിമിതികളില്‍ കടുത്ത അപകര്‍ഷബോധം വച്ചുപുലര്‍ത്തുകയും അതിസുന്ദരിയായൊരു ചെറുപ്പക്കാരിയെ വിവാഹം കഴിക്കുന്നതോടെ ആ ദൗര്‍ബല്യം മാനസികരോഗത്തിന്റെ മാര്‍ഗത്തിലേക്ക് ചലിക്കുകയും ചെയ്യുന്ന തളത്തില്‍ ദിനേശന്‍ എന്ന നിസ്സാഹയനായ ഒരാളുടെ കഥയായിരുന്നു വടക്കുനോക്കിയന്ത്രം. ഒഥല്ലോ സിന്‍ഡ്രോം മാനസികാവസ്ഥയുടെ ലളിതമാര്‍ന്ന ചലച്ചിത്രാഖ്യാനം. മികച്ച സിനിമയ്ക്കുള്‍പ്പെടെ മൂന്ന് കേരള സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ വടക്കുനോക്കിയന്ത്രം പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.

 ചിന്താവിഷ്ടയായാ ശ്യാമള* (1998) കുടുംബത്തെയും ആത്മപരിഷ്‌കരണത്തെയും കുറിച്ചുള്ള സമൂഹ നിരൂപണമാണ്; ഒരു അദ്ധ്യാപികയായ സ്ത്രീയുടെ ആത്മവിശകലനയാത്രയും ഭര്‍ത്താവിന്റെ ഉത്തരവാദിത്തരാഹിത്യവും യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടവുമാണ് ചിന്താവിഷ്ടയായ ശ്യാമള ചര്‍ച്ച ചെയ്തത്. ഒരര്‍ത്ഥത്തില്‍ ഇത് ശ്രീനി തന്നെ നായകവേഷത്തിലെത്തിയ കെ ആര്‍ മോഹന്‍ ചിത്രമായ സ്വരൂപത്തിന്റെ മറ്റൊരു ചലച്ചിത്രവ്യാഖ്യാനമായിരുന്നു. കമ്പോളത്തെ കൂടി പരിഗണിച്ചുകൊണ്ട് ഗൗരവമുള്ള വിഷയങ്ങളെ ചിരിയില്‍ പൊതിഞ്ഞ് ആവിഷ്‌കരിക്കുന്നതായിരുന്നു രണ്ടു ചിത്രങ്ങളും. അതുകൊണ്ടുതന്നെ അവയ്ക്ക് ഇന്നത്തെ തലമുറയിലും സ്വീകാര്യത ഉറപ്പാക്കാനുമാവുന്നു.


നിര്‍മ്മാതാവായ ശ്രീനിവാസന്‍

കസിനോ ഫിലിംസിന്റെ ബാനറില്‍ ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് എന്ന സിനിമയില്‍ നിര്‍മ്മാണ പങ്കാളിയായ ശ്രീനിവാസന്‍ പില്‍ക്കാലത്ത് സുഹൃത്തും നടനും ജനപ്രതിനിധിയുമായ മുകേഷുമായി ചേര്‍ന്ന് ലൂമിയര്‍ ഫിലിം കമ്പനിയുടെ ബാനറില്‍ രണ്ടു സിനിമകള്‍ നിര്‍മ്മിച്ചു. ഭാര്യാസഹോദരനായ മോഹനന്റെ സംവിധായകനായ അരങ്ങേറ്റം കുറിച്ച കഥപറയുമ്പോള്‍, മകന്‍ വിനീത് ശ്രീനിവാസന്‍ രചിച്ചു സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് (2012) എന്നീ ചിത്രങ്ങളായിരുന്നു അവ. രണ്ടും രണ്ടുതരത്തില്‍ കള്‍ട്ടായിത്തീരുകയും വിവിധ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്യുകയും ചെയ്തു. നിര്‍മ്മാതാവെന്ന നിലയില്‍ അദ്ദേഹം താര പ്രാധാന്യത്തേക്കാള്‍ കഥയെയും എഴുത്തിനെയും മുന്‍നിര്‍ത്തുന്ന സിനിമകളെയാണ് പിന്തുണച്ചത്; മികച്ച ഉള്ളടക്കത്തിന് എന്നും പ്രേക്ഷക പിന്തുണ ഉണ്ടെന്ന് അദ്ദേഹം നിര്‍മ്മാതാവെന്ന നിലയ്ക്ക് വിപണിയെ ആവര്‍ത്തിച്ചു ബോധ്യപ്പെടുത്തി.

മലയാള ചലച്ചിത്രരംഗത്തെ നിരവധി പുതുമുഖങ്ങള്‍ക്ക് വേദിയൊരുക്കിയെന്നതാണ് ശ്രീനിവാസന്‍ എന്ന ചലച്ചിത്രകാരന്റെ പ്രസക്തി. മമ്മൂട്ടിയുടെ നായകവേഷത്തിലേക്കുള്ള സ്ഥിരപ്രതിഷ്ഠയ്ക്കു കാരണമായ മേളയിലേക്ക് അദ്ദേഹത്തെ നയിക്കുന്നത് ശ്രീനിവാസന്റെ ശുപാര്‍ശയാണ്. ലാല്‍ ജോസിനെയും റോഷന്‍ ആന്‍ഡ്രൂസിനെയും മോഹനനെയും പോലുള്ള സംവിധായകരെ സ്വതന്ത്രരായി അവതരിപ്പിക്കുന്നത് ശ്രീനിവാസനാണ്. സിബി മലയിലിന്റെ ആദ്യ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ശ്രീനിവാസനായിരുന്നു. ഇന്ത്യ കണ്ട മികച്ച സംവിധായകരിലൊരാളായി പില്‍ക്കാലത്ത് പേരെടുത്ത ജയരാജിന്റെ അരങ്ങേറ്റ ചിത്രമായ വിദ്യാരംഭത്തിന്റെ രചയിതാവും ശ്രീനിയാണ്. 

മലയാളിയുടെ നിത്യജീവിതത്തില്‍ നേടാന്‍ സാധിച്ച സ്വാധീനശേഷിക്കു ശേഷമേ വരൂ അദ്ദേഹത്തിനു ലഭിച്ച പുരസ്‌കാരങ്ങളുടെ അനന്തമായ പട്ടിക.

സന്ദേശം (1991) മഴയെത്തും മുന്‍പേ (1995) എന്നിവയ്ക്ക് രണ്ടുവട്ടം മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം.

 വടക്കുനോക്കിയന്ത്രം മികച്ച സിനിമയ്ക്കുള്ള സംസ്ഥാന ബഹുമതിയും, ചിന്താവി്ഷ്ടയായ ശ്യാമള മികച്ച സാമൂഹിക ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും നേടി.സന്ദേശത്തിന് മികച്ച കഥയ്ക്കുള്ള സംസ്ഥാന ബഹുമതി, തകരച്ചെണ്ടയിലെ പ്രകടനത്തിന് സംസ്ഥാന ജൂറിയുടെ പ്രത്യേക പരാമര്‍ശം, 2007ല്‍ കഥപറയുമ്പോള്‍ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ബഹുമതി എന്നിവനേടി. അഞ്ചുതവണ വിവിധ വിഭാഗങ്ങളില്‍ കേരള ഫിലിംക്രിട്ടിക്‌സ് ബഹുമതി നേടിയ ശ്രീനിവാസന്‍ 2023ല്‍ സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്ര രത്‌നവും സ്വന്തമാക്കി.

വ്യക്തിപരമായ ചില ഓര്‍മ്മകളോടെ ഈ കുറിപ്പവസാനിപ്പിക്കട്ടെ. 2000ല്‍ മലയാള മനോരമയുടെ ക്യാംപസ് ലൈന്‍ (പില്‍ക്കാലത്തെ യുവ) കേരളത്തിലെ തെരഞ്ഞെടുത്ത കലാലയ വിദ്യാര്‍ത്ഥികള്‍ക്കായി നടനം 2000 എന്ന പേരില്‍ കോട്ടയം ആസ്ഥാനത്ത് ഒരു ത്രിദിന ചലച്ചിത്രക്യാംപം സംഘടിപ്പിക്കുന്നു. ഞാനാണ് അതിന്റെ മുഖ്യ സംഘാടകന്‍. അതിന്റെ രണ്ടാം ദിവസം ശ്രീനിവാസന്റെ സെഷനുണ്ട്. മനോരമയുടെ അന്നത്തെ സബ് എഡിറ്ററും ഇന്ന് കോട്ടയത്തെ ചീഫ് ന്യൂസ് എഡിറ്ററുമായ വിനോദ് നായര്‍ എന്ന പി വിനോദാണ് അദ്ദേഹത്തെ ക്ഷണിച്ചിട്ടുള്ളത്. അദ്ദേഹം കോട്ടയത്തെ അഞ്ജലി ഹോട്ടലില്‍ ചെക്കിന്‍ ആയിട്ടുണ്ട്. സംഘാടകരെന്ന നിലയ്ക്ക് ഞാനും വിനോദും, കുട്ടിസ്രാങ്കിലൂടെ തിരക്കഥാകൃത്തിനുള്ള ദേശീയ ബഹുമതി നേടിയ, മലയാള മനോരമയുടെ ഇപ്പോഴത്തെ ലീഡര്‍ റൈറ്ററുമായ ഹരികൃഷ്ണനും ചേര്‍ന്നു മുറിയില്‍ പോയി അദ്ദേഹത്തെ കണ്ടു. ക്ഷേമാന്വേഷണമാണ് ലക്ഷ്യം. ആദ്യമായാണ് ഞാനദ്ദേഹത്തെ നേരിട്ടു കണ്ടു സംസാരിക്കുന്നത്. കുറേനേരം അദ്ദേഹത്തോടൊപ്പം അന്നവിടെ ചെലവഴിക്കുകയും ഉരുളയ്ക്കുപ്പേരിപോലുള്ള അദ്ദേഹത്തിന്റെ തല്‍ക്ഷണ തമാശകളുടെ സാക്ഷിയാവുകയും ചെയ്തു. അദ്ദേഹത്തെ നേരത്തേ അറിയുന്ന വിനോദും ഹരിയുമുണ്ടായതുകൊണ്ടുതന്നെ, ഔപചാരികതയുടെ പേരില്‍ മാത്രം പേരുപറഞ്ഞു പരിചയപ്പെട്ട എന്നെ പിന്നീട് ഓര്‍ത്തുവയ്ക്കത്തക്ക യാതൊരടുപ്പവും അതിനുണ്ടായില്ല. എങ്കിലും ഞാനെഴുതിയിരുന്ന സിനിമാക്കുറിപ്പുകളും അഭിമുഖങ്ങളും കാണാറുണ്ട് എന്നൊരൊഴുക്കന്‍ മട്ടില്‍ അദ്ദേഹം പറഞ്ഞത്, ആദ്യമായി പരിചയപ്പെടുന്നൊരാളോടുള്ള ഔദാര്യമായേ ഞാനും കരുതിയുള്ളൂ. പില്‍ക്കാലത്ത് കന്യക വനിതാദ്വൈവാരികയുടെ പത്രാധിപരായിരിക്കെ ഒരിക്കല്‍ നാനയുടെ മുന്‍ പത്രാധിപസമിതിയംഗം കെ.സി.മധുകുമാറും പില്‍ക്കാലത്ത് ദേശീയബഹുമതി നേടിയ ചലച്ചിത്രകാരനായിത്തീര്‍ന്ന അന്നത്തെ കന്യകയുടെ സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്ന എബ്രിഡ് ഷൈനിനും കൂടി ഓണപ്പതിപ്പിന് പ്രത്യേകാഭിമുഖത്തിനായി അദ്ദേഹത്തിന്റെ ചെന്നൈയിലെ വീട്ടിലെത്തി സംഭാഷണം തയാറാക്കുകയും ആദ്യമായി ഒരു പ്രസിദ്ധീകരണത്തിനുവേണ്ടി അവരുടെ സകുടുംബഫോട്ടോ പകര്‍ത്തുകയും ചെയ്തപ്പോള്‍ മധുച്ചേട്ടന്‍ വിളിച്ചു തന്ന ഫോണിന്റെ മറുതലയ്ക്കലെ ശബ്ദമായി ഞാനദ്ദേഹത്തോട് സംസാരിച്ചു. പഴയ മലയാള മനോരമയിലെ കൂടിക്കാഴ്ച സൂചിപ്പിച്ചുകൊണ്ടാണ് ഞാനദ്ദേഹത്തോട് സംഭാഷണം ആരംഭിച്ചത്. ഉവ്വ് മധു പറഞ്ഞു എന്ന മറുപടിയില്‍, ആ മുന്‍പരിചയം അദ്ദേഹം ഓര്‍ത്തെടുത്തതായി തോന്നിയില്ല. പിന്നെയും വര്‍ഷങ്ങള്‍ക്കുശേഷം, കന്യകയ്ക്കു വേണ്ടിത്തന്നെ, ശ്രീനിവാസന്റെയും ഭാര്യയുയെടും ഒരു പ്രത്യേകാഭിമുഖത്തിനായി ഞാന്‍ നിയോഗിച്ചതനുസരിച്ച് ലേഖിക ഷെറിങ് പവിത്രന്‍ തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയപ്പോള്‍ ഷെറിങ് കണക്ട് ചെയ്ത ഫോണില്‍ അദ്ദേഹവുമായി ഒരുവട്ടം കൂടി സംസാരിച്ചു. ഇത്തവണ, പഴയ മനോരമ പരിചയപ്പെടല്‍ ബോധപൂര്‍വം ഒഴിവാക്കിക്കൊണ്ട്, ചില ചലച്ചിത്രപഠനങ്ങളൊക്കെ എഴുതിയിട്ടുണ്ട് എന്ന നിലയ്ക്ക് ആരംഭിച്ച എന്നെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു-അല്ല നമ്മള്‍ നേരത്തെ പരിചയപ്പെട്ടിട്ടുണ്ടല്ലോ? ഞാന്‍ താങ്കളുടെ പുസ്തകങ്ങള്‍ വായിച്ചിട്ടുമുണ്ട്. മോഹന്‍ലാല്‍ ഒരു മലയാളിയുടെ ജീവിതം താങ്കളെഴുതിയതല്ലേ? നേരത്തേ മനോരമയിലായിരുന്നോ? നമ്മള്‍ നേരിട്ടു കണ്ടിട്ടുണ്ടല്ലോ?. അത്ര തെളിഞ്ഞ ഓര്‍മ്മയുടെ ഉടമയായിരുന്നു ശ്രീനിവാസന്‍. ബുദ്ധിയുടെ കാര്യത്തില്‍, കൂര്‍മ്മബുദ്ധിയുടെയും വക്രബുദ്ധിയുടെയും സര്‍ഗാത്മകബുദ്ധിയുടെയും കാര്യത്തില്‍,ഫാസില്‍ എഴുതിയതുപോലെ പത്തുതലയുള്ള രാവണന്‍. അവസാനമായി അദ്ദേഹത്തെ നേരില്‍ കാണുന്നത് രണ്ടുവര്‍ഷം മുമ്പ്, കൊച്ചി ലെ മെറിഡിയനില്‍ നടന്ന 47-ാമത് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരച്ചടങ്ങിലാണ്. ആ വര്‍ഷത്തെ സമഗ്രസംഭാവനയ്ക്കുള്ള ചലച്ചിത്രരത്‌നം പുരസ്‌കാരം ശ്രീനിവാസനായിരുന്നു. എന്നാല്‍, രോഗാവശതയില്‍ അദ്ദേഹം അതു സ്വീകരിക്കാനെത്താന്‍ സാധ്യത കുറവാണെന്നതുകൊണ്ടുതന്നെ ഔപചാരികമായ ക്ഷണക്കത്ത് തപാലില്‍ അയച്ചതല്ലാതെ തുടര്‍ന്ന് അദ്ദേഹത്തെ ബന്ധപ്പെട്ടതേയില്ല. വരുമെന്ന നേര്‍ത്ത പ്രതീക്ഷപോലും ഞങ്ങള്‍ സംഘാടകര്‍ക്കുണ്ടായില്ല. പക്ഷേ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് ചടങ്ങുതുടങ്ങുന്നതിന് പത്തുമിനിറ്റ് മുമ്പ് പത്‌നീസമേതനായി അദ്ദേഹം ലിഫ്റ്റിലൂടെ രണ്ടാം നിലയിലെ ഹാളിലേക്കെത്തി. ഉദ്ഘാടകനായി എത്താമെന്നേറ്റ പ്രമുഖനടന്‍ വരില്ലെന്നുറപ്പായ നിരാശയില്‍ നിന്ന ഞങ്ങള്‍ക്ക് അതൊരു വലിയ ആശ്വാസമായി. സവിനയം അദ്ദേഹത്തോട് കാര്യം പറഞ്ഞപ്പോള്‍ സന്തോഷത്തോടെ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സാമാന്യം നല്ലൊരു പ്രസംഗവും നടത്തി, സ്വന്തം ബഹുമതി ഡോ ജോര്‍ജ്ജ് ഓണക്കൂറില്‍ നിന്നു സ്വീകരിച്ച ശേഷം മികച്ച നടനുള്ള ബഹുമതി വിജയരാഘവന് സമ്മാനിക്കാമനും അദ്ദേഹം തയാറായി. ആദ്യാവസാനം ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് അന്ന് മടങ്ങിയത്


No comments: