Kalakaumudi issue 2613 September 28-Oct 05, 2025
എ.ചന്ദ്രശേഖര്‍
മോഹന്‍ലാലിന് ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ്. പിന്നണിയില്‍ ചില്ലറ അക്ഷരപിന്തുണയുമായി ഞാനും കൂടി സഹകരിക്കുന്ന, ശ്രീ മോഹന്‍ലാലും സ്റ്റീഫന്‍ ദേവസ്സിയും ചേര്‍ന്ന് അമേരിക്കയില്‍ നടത്താനിരുന്ന കിലുക്കം 2025 മെഗാ ഷോയുടെ സമ്പൂര്‍ണ ഡ്രസ് റിഹേഴ്‌സല്‍ എറണാകുളത്തെ പാലാരിവട്ടത്തുള്ള അസീസിയ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്നു. സ്റ്റീഫന്‍ ദേവസി, രമ്യ നമ്പീശന്‍, ഭാമ തുടങ്ങി വലിയൊരു നിര താരങ്ങള്‍ തന്നെ നൃത്തവും ഗാനങ്ങളുമൊക്കെയായി അരങ്ങത്തുണ്ട്. പത്തുമണിയോടെ മോഹന്‍ലാല്‍ എത്തി. പരിപാടിയില്‍ ഉള്‍പ്പെട്ട ഓരോ പാട്ടും ഓരോ നൃത്തവും ബന്ധപ്പെട്ടവര്‍ അവതരിപ്പിക്കുന്നത് ക്ഷമയോടെ ഇരുന്നു കണ്ടു. തന്റെ ഊഴമെത്തുമ്പോള്‍, സംഘനര്‍ത്തകര്‍ക്കൊപ്പവും മറ്റു ഗായകര്‍ക്കൊപ്പവും അല്ലാതെയും സ്റ്റേജില്‍ അദ്ദേഹം റിഹേഴ്‌സ് ചെയ്തു. എന്നാല്‍ സകലരേയും അദ്ഭുതപ്പെടുത്തിയത് മണിക്കൂറുകള്‍ നീണ്ട റിഹേഴ്‌സലില്‍, യഥാര്‍ത്ഥ പരിപാടിക്ക് അവതരിപ്പിക്കുമ്പോഴെന്നപോലെ സൂക്ഷ്മതയോടെ മോഹന്‍ലാല്‍ തന്റെ ഗാന-നൃത്തഭാഗങ്ങള്‍ അവതരിപ്പിച്ചതാണ്. പ്രൊഫഷണല്‍ നൃത്തസംഘാംഗങ്ങള്‍ക്കൊപ്പം ഓരോ തവണയും അദ്ദേഹം ചുവടുകള്‍ വച്ചത് ശരീരമിളകി അങ്ങേയറ്റം ആത്മാര്‍പ്പണത്തോടെയാണ്. ചിലരെങ്കിലും, റിഹേഴ്‌സലല്ലേ എന്ന ന്യായത്തില്‍ ഒരുപായത്തില്‍ കളിക്കുകയും പാടുകയുമൊക്കെ ചെയ്തപ്പോള്‍, അത്രമേല്‍ ആത്മാര്‍ത്ഥതയോടെ പൂര്‍ണതയുടെ പാരമ്യത്തിലെത്താന്‍ ശ്രമിക്കുന്ന ലാലിനെയാണ് അവിടെ കണ്ടത്. ഒരാള്‍ പ്രൊഫഷനലാകുന്നത് എങ്ങനെയെന്ന് നേരില്‍ കണ്ടപ്പോള്‍ ഒരാളെ പ്രൊഫഷനലാക്കുന്നത് എന്താണ് എന്നാണ് ചിന്തിച്ചത്.
മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ അരനൂറ്റാണ്ടാവാറാവുമ്പോഴും തലമുറകളില്‍ നിന്നു തലമുറകള്‍ അവരുടെ സ്വന്തം ലാലേട്ടനായി ഹൃദയത്തിലേറ്റുന്നതിന്റെ രസതന്ത്രമെന്തായിരിക്കും? എന്തുകൊണ്ടാണ് ഈ മനുഷ്യന്‍ എഴുപതുകാരനും ഏഴുവയസുകാരനും ഒരുപോലെ പ്രിയങ്കരനാവുന്നത്? എന്തുകൊണ്ടാവും മറ്റാര്‍ക്കും സ്വന്തം കരിയറില്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടില്ലാത്തവിധം രൂക്ഷമായ പതനങ്ങളും തകര്‍ച്ചകളുമുണ്ടായിട്ടും തൊട്ടടുത്ത ചിത്രത്തിലൂടെ മോഹന്‍ലാല്‍ വീണ്ടും വിജയത്തിന്റെ ഉച്ചകോടി കയറുന്നത്? എന്തുകൊണ്ടായിരിക്കാം നാന്നൂറിലേറെ സിനിമകളായിട്ടും മോഹന്‍ലാല്‍ എന്ന നടനെ മലയാളിക്കു മടുക്കാത്തത്? എന്തുകൊണ്ടാവും തലമുതിര്‍ന്ന സംവിധായകര്‍ മുതല്‍ പുതുമുഖക്കാര്‍ വരെ മോഹന്‍ലാലുമായി ഒരു സിനിമ എന്നത് തങ്ങളുടെ വലിയ സ്വപ്‌നമായി കണക്കാക്കുന്നത്? മോഹന്‍ലാലിനെ വച്ചു സിനിമകളെടുത്ത നിര്‍മ്മാതാക്കളും സംവിധായകരും വീണ്ടും അദ്ദേഹത്തെ വച്ചുതന്നെ സിനിമകളെടുക്കാന്‍ മുന്നോട്ടുവരുന്നത് എന്തുകൊണ്ടാവും? എന്തുകൊണ്ടാവും കേരളത്തില്‍ ഏറ്റവും കൂടുതല്‍ പരസ്യസിനിമകളില്‍ പ്രത്യക്ഷപ്പെടുന്ന താരമായി മോഹന്‍ലാല്‍ അനിഷേധ്യനായി തുടരുന്നത്? എന്തുകൊണ്ടാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും മികച്ച പ്രേക്ഷകരെ തീയറ്ററിലേക്കാകര്‍ഷിക്കുന്ന ഏറ്റവുമധികം വാണിജ്യമൂല്യമുള്ള നടനായി മലയാളസിനിമയില്‍ മോഹന്‍ലാലിന്റെ താരസര്‍വസ്വം നിലനില്‍ക്കുന്നത്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരങ്ങളാണ് തന്റെ വിദൂര സ്വപ്‌നത്തില്‍ പോലുമുണ്ടായിരുന്നില്ല എന്ന് മോഹന്‍ലാല്‍ തന്നെ സാക്ഷ്യപ്പെടുത്തിയ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരലബ്ധി സമ്മാനിക്കുന്നത്.
ആക്ഷനും കട്ടിനുമിടയിലെ നടനജീവിതം
സ്വിച്ചിട്ടാല്‍ അഭിനയിക്കുകയും കട്ടുപറഞ്ഞാല്‍ സാധാരണത്വത്തിലേക്കു മടങ്ങുകയും ചെയ്യുന്ന അഭിനയപ്രതിഭാസങ്ങളാണല്ലോ ജഗതി ശ്രീകുമാറും മോഹന്‍ലാലും. സ്വാഭാവികാഭിനയത്തിന്റെ നൈസര്‍ഗികതയാണ് മോഹന്‍ലാലെന്ന പ്രതിഭാസത്തെ വേറിട്ടു നിര്‍ത്തുന്നത്. പ്രതിഭയില്‍ ലാല്‍ എന്ന അഭിനേതാവിന് ഒട്ടും പിന്നിലല്ല, സമകാലികരായ നെടുമുടി വേണുവോ തിലകനോ ഭരത് ഗോപിയോ ഒന്നും. ഫഹദ് ഫാസില്‍ അടങ്ങുന്ന പിന്‍ തലമുറ താരങ്ങളുടെ പ്രതിഭയ്ക്കും കുറവുപറയാനാവില്ല. മമ്മൂട്ടി എന്ന നക്ഷത്രതാരമാവട്ടെ തോളോടുതോള്‍ ഒപ്പത്തിനൊപ്പവുമുണ്ട്. എന്നിട്ടും മോഹന്‍ലാല്‍ നേടുന്ന അചഞ്ചലമായ പ്രേക്ഷകപിന്തുണയ്ക്കും സമാനതകളില്ലാത്ത സ്വീകാര്യതയ്ക്കും കാരണം, മുന്‍വിധികളെ കാറ്റില്‍പ്പറത്തുന്ന അദ്ദേഹത്തിന്റെ പ്രവചനാതീതമായ അഭിനയശൈലിതന്നെയാവണം. അതിന്റെ സമീപകാലത്തെ ഏറ്റവും വലിയ ഉദാഹരണമാണ് ഉല്‍പ്പന്നത്തെ പോലും നിഷ്പ്രഭമാക്കിക്കൊണ്ട് വൈറലായി ചര്‍ച്ച ചെയ്യപ്പെട്ട വിന്‍സ്മയ ജ്വല്ലറിയുടെ പരസ്യചിത്രം.
സ്വന്തം ദൗര്‍ബല്യങ്ങള്‍ ഏറ്റവമധികം തിരിച്ചറിഞ്ഞിട്ടുള്ള അഭിനേതാവ് എന്നാണ് മോഹന്‍ലാലിനെ ഞാന്‍ മനസിലാക്കുന്നത്. അതുകൊണ്ടുതന്നെ, വ്യവസ്ഥാപിതാര്‍ത്ഥത്തില്‍ പൊതുസ്വീകാര്യത നേടാനിടയില്ലാത്തൊരു ശരീരത്തെയും മുഖത്തെയും മലയാളിയുടെ സൗന്ദര്യസങ്കല്‍പമാക്കി മാറ്റാന്‍ അദ്ദേഹത്തിനു സ്വന്തം പ്രകടനങ്ങളിലൂടെ സാധിച്ചു. അതിനു വേണി സ്വാഭാവികമായി വഴങ്ങാത്തതിനെ അത്രമേല്‍ പരിശീലനത്തിലൂടെ, അനുശീലനത്തിലൂടെ സ്വായത്തമാക്കാന്‍ ലാലിലെ അഭിനേതാവ് എല്ലായ്‌പ്പോഴും ശ്രദ്ധ പുലര്‍ത്തി.
കഥാപാത്രത്തിനു വേണ്ടി എന്തു സാഹസത്തിനും ഏതളവുവരെ ദണ്ഡിക്കാനും മടികാണിക്കാത്ത സമീപനമാണ് ലാല്‍ സ്വന്തം അഭിനയജീവിതം കൊണ്ട് ആവര്‍ത്തിച്ചു മാതൃകകാട്ടിത്തരുന്നത്. ഫാസിലിന്റെ മണിച്ചിത്രത്താഴിലെ മോഹന്‍ലാലിന്റെ സണ്ണിയെന്ന കഥാപാത്രത്തിന്റെ സംഭാഷണം പോലെ, ഒരു കഥാപാത്രത്തിന്റെ പരിപൂര്‍ണതയ്ക്കുവേണ്ടി ഒരു നടനും നാളിതുവരെ കടന്നുപോയിട്ടില്ലാത്ത വഴികളിലൂടെയെല്ലാം ലാല്‍ എന്ന അഭിനേതാവ് കടന്നുചെന്നെന്നിരിക്കും, ഒരു ഭ്രാന്തനെപ്പോലെ. കാരണം അഭിനയം മോഹന്‍ലാലിന് ശ്വാസമായിക്കഴിഞ്ഞു. സിനിമയോടുള്ള അദ്ദേഹത്തിന്റെ ആസക്തി അവസാനിക്കാത്തതും!ഒരു കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കു വേണ്ടി ആകാരം കൊണ്ടും മനസുകൊണ്ടും മോഹന്‍ലാല്‍ എന്ന നടന്‍ എടുക്കുന്ന തയാറെടുപ്പുകളും സ്വാംശീകരണവുമാണ് അദ്ദേഹത്തെ കറകളഞ്ഞ പ്രൊഫഷനലാക്കുന്നത്. അതുകൊണ്ടാണ് ഒരായുസു കൊണ്ടൊരാള്‍ക്ക് പൂര്‍ണമായി ഗ്രഹിക്കാനും സമ്പൂര്‍ണ പ്രാവിണ്യം നേടാനുമാവാത്ത കഥകളി പോലൊരു കലാരൂപം പോലും സിനിമയ്ക്കു വേണ്ടി ഏതാനും ദിവസങ്ങളുടെ പരിശീലനം കൊണ്ട് കറതീര്‍ന്നത് എന്നു പ്രേക്ഷകരെ വിശ്വസിപ്പിക്കുംവിധം ഈ നടന് ചെയ്തുവയ്ക്കാനാവുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് അധികമൊന്നും ശ്രദ്ധിക്കപ്പെടാത്ത, അംബിക-രാധമാര്‍ നിര്‍മ്മിച്ച വേണുനാഗവള്ളിയുടെ അയിത്തം എന്നൊരു ചിത്രത്തിനുവേണ്ടി തമിഴ്‌നാട്ടിലെ അയോധനകലാരൂപമായ ചിലമ്പാട്ടം-നീണ്ട മുളങ്കമ്പുകൊണ്ടുള്ള ആയുധപ്രകടനം അഭ്യസിച്ചവതരിപ്പിച്ച മോഹന്‍ലാലിനെ ഓര്‍ക്കുക.ടി.കെ.രാജീവ്കുമാറിന്റെ തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന ചിത്രത്തിനു വേണ്ടി കളരിപ്പയറ്റ് അഭ്യസിച്ച ലാലിനെ ഓര്‍ക്കുക. ആര്‍ സുകുമാരന്റെ രാജശില്‍പിക്കുവേണ്ടി നട്ടുവം പരമശിവത്തിനു കീഴില്‍ രാവുവെളുക്കുവോളം ദിവസങ്ങള്‍ നീണ്ട താണ്ഡവാഭ്യാസം ഓര്‍ക്കുക. വാനപ്രസ്ഥത്തിനു വേണ്ടി കഥകളിയും, കമലദളത്തിനുവേണ്ടി ഭരതനാട്യവും കുറഞ്ഞ ദിവസങ്ങള്‍ക്കകം അഭ്യസിച്ച്, തെന്നിന്ത്യയിലെ മികച്ച നര്‍ത്തകികളിലൊരാളായ വാണി ഗണപതിയെക്കൊണ്ടുവരെ പ്രശംസിപ്പിക്കും വിധം തികഞ്ഞ മെയ്‌വഴക്കത്തോടെ സ്‌ക്രീനിലവതരിപ്പിച്ചതോര്‍ക്കുക. സംസ്‌കൃതമറിയാതെ ഒന്നര മണിക്കൂര്‍ നീണ്ട സംസ്‌കൃത സംഭാഷണങ്ങള്‍ ചുരുങ്ങിയ നാള്‍ കൊണ്ടു പഠിച്ചെടുത്ത് കാവാലം നാരായണപ്പണിക്കര്‍ക്കു കീഴില്‍ കര്‍ണഭാരം ഒറ്റയ്ക്ക് അരങ്ങില്‍ അതിഗംഭീരമായി അവതരിപ്പിച്ചതോര്‍ക്കുക. പുതിയതും തനിക്കന്യവുമായ എന്തും ഇതേപോലെ കഠിനവൃതം നോറ്റ് സ്വായത്തമാക്കുന്നതില്‍ അനിതരസാധാരണമായ ആത്മസമര്‍പ്പണം കാഴ്ചവച്ചിട്ടുണ്ട് മോഹന്‍ലാല്‍.
മാധ്യമറിഞ്ഞ അഭിനയശൈലി
മോഹന്‍ലാലിനെപ്പറ്റി സത്യന്‍ അന്തിക്കാടും ജിത്തു ജോസഫും മുതല്‍ തരുണ്‍ മൂര്‍ത്തിവരെയുളള സംവിധായകര്‍ ആവര്‍ത്തിച്ചൊരു സംഗതിയുണ്ട്. ഒരു രംഗത്ത് ക്യാമറയ്ക്കു മുന്നില്‍ മോഹന്‍ലാല്‍ പെര്‍ഫോം ചെയ്യുമ്പോള്‍ അദ്ദേഹം അഭിനയിക്കുകയാണോ എന്നതിനൊപ്പം, അത്രയും മതിയോ എന്ന സന്ദേഹം തോന്നിയിട്ടുണ്ട് അവര്‍ക്കെല്ലാം. എന്നാല്‍, റഷസായോ മോണിറ്ററിലോ പിന്നീടത് കാണുമ്പോഴാണ് കണ്ണുകൊണ്ടും വിരലനക്കം കൊണ്ടും പേശീചലനം കൊണ്ടും പോലും അതിസൂക്ഷ്മതലത്തില്‍ ലാല്‍ എന്ന അഭിനേതാവ് പകര്‍ത്തിവച്ചിട്ടുള്ള മാസ്മരികത കണ്ട് അവര്‍ അദ്ഭുതപ്പെട്ടിട്ടുള്ളത്. ക്യാമറ എന്ന സാങ്കേതികതയുടെ സാധ്യതകള്‍ അങ്ങേയറ്റം തിരിച്ചറിഞ്ഞൊരു അഭിനേതാവിനു മാത്രം സാധ്യമാകുന്ന ഒന്നാണത്. താന്‍ ഇടപെടുന്ന മാധ്യമത്തിന്റെ സവിശേഷതകളും സാധ്യതകളും പരിമിതികളും ആഴത്തില്‍ മനസിലാക്കി അവയെ തനിക്കനുകൂലമായി വിനിയോഗിക്കാനുള്ള ഈ ശ്രമമാണ് മോഹന്‍ലാല്‍ എന്ന ചലച്ചിത്ര നടനെ ആദ്യമായും അവസാനമായും പ്രൊഫഷനല്‍ ആക്കുന്നത്. പ്രൊഫഷനലിസത്തില്‍ പ്രധാനപ്പെട്ട മറ്റൊന്ന് ടീം പ്‌ളേയര്‍ ആവുക എന്നതാണ്. ലാലിനെ സംബന്ധിച്ച്, കൂടെ അഭിനയിച്ചിട്ടുള്ള ലബ്ധപ്രതിഷ്ഠര്‍ തൊട്ട് പുതുമുഖങ്ങള്‍ വരെ സാക്ഷ്യപ്പെടുത്തിയിട്ടുള്ള സവിശേഷത ഒപ്പമഭിനയിക്കുന്നവര്‍ക്ക് അദ്ദേഹം നല്‍കുന്ന കരുതലും പിന്തുണയും സഹിഷ്ണുതയുമാണ്.
മെത്തേഡ് ആക്ടര്‍ അല്ല മോഹന്‍ലാല്‍. നൈസര്‍ഗികമായി ഒരു കഥാപാത്രത്തിന് തന്റെ രൂപഭാവാദികള്‍ ഏല്‍പ്പിച്ചുകൊടുത്തിട്ട് താനായിരുന്നെങ്കില്‍ ആ നിമിഷം എന്തുചെയ്യുമായിരുന്നു എന്നൊരു ചിന്തയുടെ പുറത്ത് അഭിനയിക്കുകയാണ് അദ്ദേഹം ചെയ്യുക. അതുകൊണ്ടുതന്നെ ഒരുതവണ ചെയ്തത് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചുവെന്നുവരില്ല. എന്നിട്ടും, തന്റെ ഭാഗം ആദ്യ ടേക്കില്‍ തന്നെ ഒകെയായാലും ഒപ്പമുള്ളയാളുടെ പ്രകടനം മികച്ചതാവുംവരെ ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. കൂടെയുള്ളയാളുടെ പ്രകടനം മികച്ചതാക്കാനുതകുന്ന എല്ലാ പരിശ്രമങ്ങളും മോഹന്‍ലാലിന്റെ ഭാഗത്തുനിന്നുണ്ടാവുകയും ചെയ്യും. അടുത്തകാലത്താണ് ജഗതിശ്രീകുമാര്‍ എന്ന നടന്‍ റിഹേഴ്‌സലുകള്‍ക്കുശേഷം ടേക്ക് സമയത്ത് തത്സമയം കയ്യില്‍ നിന്നിട്ട് കൂട്ടിച്ചേര്‍ക്കുന്നതിനെപ്പറ്റി ഒരു ചര്‍ച്ച സമൂഹമാധ്യമങ്ങളിലുണ്ടായത്. ഒരു സംവിധായകന്‍ നടത്തിയ ഈ വെളിപ്പെടുത്തലില്‍ രണ്ടുതരം അഭിപ്രായങ്ങള്‍ സിനിമാപ്രവര്‍ത്തകരില്‍ നിന്നു തന്നെ ഉണ്ടായി. ഒറ്റയ്ക്ക് ഷൈന്‍ ചെയ്യുംവിധം നടത്തുന്ന അത്തരം അവസാനനിമിഷ മാറ്റങ്ങളും പരിഷ്‌കാരങ്ങളും ഒപ്പമഭിനയിക്കുന്നവരിലുണ്ടാകുന്ന അങ്കലാപ്പും പ്രായോഗികബുദ്ധിമുട്ടും സിനിമയുടെ ആകെത്തുകയെ ബാധിക്കുന്നതാവാം എന്നാണ് സംവിധായകന്‍ ലാല്‍ അടക്കം ചൂണ്ടിക്കാട്ടിയത്. ഇവിടെയാണ് മോഹന്‍ലാല്‍ പ്രൊഫഷനലാവുന്നത്. ലാലിന്റെ സിനിമികളില്‍ ലാലുള്‍പ്പെടുന്ന രംഗത്ത് അഭിനയിക്കുന്ന ഓരോരുത്തരുടെയും പ്രകടനത്തെ പൊലിപ്പിക്കുംവിധമാണ് ലാലിന്റെ പ്രകടനം. അതൊരു കൊടുക്കല്‍-വാങ്ങലായിട്ടാണ് മോഹന്‍ലാലിലെ നടന്‍ കണക്കാക്കാറുള്ളത്. ഒപ്പം പ്രത്യക്ഷപ്പെടുന്ന നടീനടന്മാരില്‍ നിന്നു കൊണ്ടും തന്റെതായത് മടക്കിക്കൊടുത്തുമുള്ള ഒരു കൂട്ടുകളി. അതിലാവട്ടെ, എത്രത്തോളം മെയ് വഴക്കമായാലും ക്യാമറാ ഫീല്‍ഡിനെപ്പറ്റിയും കാഴ്ചക്കോണിനെപ്പറ്റിയും ലെന്‍സിനെപ്പറ്റിയുമുള്ള മുന്‍ധാരണകള്‍ ഉള്‍ക്കൊണ്ട് സാങ്കേതികമായ അതിന്റെ അതിരുകള്‍ ഭേദിക്കാതെ, മികച്ചൊരു ടീം പ്‌ളേയര്‍ ആകുന്നതുകൊണ്ടാണ് മോഹന്‍ലാലിനൊപ്പം തിരയിടം പങ്കിടുന്നത്, വലിപ്പച്ചെറുപ്പമില്ലാതെ സഹതാരങ്ങള്‍ക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും ആസ്വാദ്യകരവുമാകുന്നത്.
മോഹന്‍ലാലിന് ലഹരി സിനിമയാണ്. അതദ്ദേഹം തെളിയിച്ചിട്ടുള്ളതുമാണ്. സിനിമയുടെ സമഗ്രതയിലാണ് ലാല്‍ എന്ന അഭിനേതാവ് ശ്രദ്ധയൂന്നുക. സ്വന്തം കഥാപാത്രം സ്വന്തം പ്രകടനം എന്നതിലുപരി ആ കഥാപാത്രത്തെ ചുറ്റി സൃഷ്ടിക്കപ്പെടുന്ന ലോകത്തിന്റെ കൂടി തികവും മികവും അദ്ദേഹം പ്രത്യേകം പരിഗണിക്കുന്നു. അണുവിട വിട്ടുവീഴ്ച ചെയ്യാത്ത പ്രൊഫഷനലിസത്തിലൂടെയാണ് ലാല്‍ സിനിമയോടുള്ള തന്റെ പ്രതിബദ്ധത തെളിയിച്ചത്, തെളിയിച്ചുകൊണ്ടേയിരിക്കുന്നത്. മെഗാതാരത്തിനപ്പുറം വളര്‍ന്നിട്ടും അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍, അതു സ്വന്തം നിര്‍മ്മിതിയോ അപരനിര്‍മ്മിതിയോ ആകട്ടെ, ആദ്യം എത്തുന്നവരില്‍ ഒരാള്‍ മോഹന്‍ലാലായിരിക്കും. ചിത്രീകരണത്തിനു വേണ്ടി എന്തു സാഹസവും, കായികാധ്വാനവും സ്വന്തം ബുദ്ധിമുട്ടുകള്‍ മാറ്റിവച്ചും തോളിലേറ്റുന്നതുകൊണ്ടാണ് മോഹന്‍ലാല്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കു പ്രിയങ്കരനാവുന്നത്. അദ്ദേഹം ഡയലോഗ് പഠിക്കുന്ന രീതി സഹസംവിധായകര്‍ക്കും കാഴ്ചക്കാര്‍ക്കും വിസ്മയമാണ്. എത്ര നീണ്ട സംഭാഷണവും അലസമായി ഒരു തവണയൊന്ന് വായിച്ചു നോക്കുക മാത്രം ചെയ്ത് ചിത്രീകരണവേളയില്‍ അണുവിട തെറ്റാതെ ഉരുവിടുന്ന, അതിന് തിരക്കഥാകൃത്തോ സംവിധായകനോ ഉദ്ദേശിച്ചതിനുമപ്പുറം ഭാവം നല്‍കുന്ന ലാലിസം പ്രശസ്തമാണ്.
സിനിമ തന്നെ ജീവിതം
കൗമാരം വിട്ട് യൗവനത്തിലേക്കു കടക്കും മുമ്പേ സിനിമയില്‍ എത്തപ്പെട്ട ഒരാള്‍. പിന്നീട് 48 വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും പിന്തിരിഞ്ഞുനോക്കാനിടവരാത്തവിധം സിനിമയുടെ ഭാഗമായി നിലനില്‍ക്കുക. സിനിമയുടെ സമസ്തമേഖലകളിലും വിഹരിക്കുക. സിനിമയില്‍ നിന്നുണ്ടാക്കിയതിന്റെ നല്ലൊരു പങ്കും സിനിമയ്ക്കായി തന്നെ വിനിയോഗിക്കുക. ഒരേ സമയം സിനിമയുടെ വാണിജ്യവിജയത്തിലും കലാപരമായ മികവിനും രാസത്വരകമാവുക. ഷാജി എന്‍ കരുണിന്റെ വാനപ്രസ്ഥവും പൃഥ്വിരാജ് സുകുമാരന്റെ എംപുരാനും മുതല്‍മുടക്കുക. ലോകസിനിമയില്‍ ഒരു നടന്റെ ആശിര്‍വാദത്തിന്റെ പേരില്‍ മാത്രം അദ്ദേഹമഭിനയിക്കുന്ന, അദ്ദേഹവുമായി ബന്ധപ്പെട്ട സിനിമകള്‍ മാത്രം നിര്‍മ്മിക്കുന്നൊരു നിര്‍മ്മാണക്കമ്പനി മലയാളത്തിന്റെ മാത്രം സവിശേഷതയായിരിക്കും. വാണിജ്യ മലയാള സിനിമയില്‍ ലക്ഷങ്ങളുടെ കിലുക്കം ആദ്യം കേള്‍പ്പിക്കുന്നത് മോഹന്‍ലാല്‍ നായകനായി ഗുഡ്‌നൈറ്റ് മോഹന്‍ നിര്‍മ്മിച്ച കിലുക്കം എന്ന ചിത്രമാണ്. 1991ല്‍. പിന്നീട് കോടികളുടെ കിലുക്കവും മോഹന്‍ലാലിനു തന്നെ സ്വന്തമായി. പുലിമുരുകനും ഒപ്പവും ലൂസിഫറും എംപുരാനുമായി കളക്ഷന്‍ റെക്കോര്‍ഡുകള്‍ പുതിയ ഉയരങ്ങള്‍ താണ്ടി.
മോഹന്‍ലാലിന്റെ ചലച്ചിത്രജീവിതം സസൂക്ഷ്മം പരിശോധിക്കുന്നൊരാള്‍ക്ക് തിരിച്ചറിയാനാവുന്നൊരു വിസ്മയമുണ്ട്-മോഹന്‍ലാല്‍ സിനിമയെ തെരഞ്ഞെടുക്കുകയായിരുന്നില്ല. സിനിമ മോഹന്‍ലാലിനെ സ്വീകരിക്കുകയായിരുന്നു.ക്യാംപസ് കാലത്ത് സൗഹൃദക്കൂട്ടായ്മയില്‍ നിര്‍മ്മിക്കപ്പെട്ട തിരനോട്ടത്തിലൂടെ സിനിമയിലെത്തിയ മോഹന്‍ലാല്‍ മുഖ്യധാരാ സിനിമയുടെ ഭാഗമാവുന്നത് നവോദയ നിര്‍മ്മിച്ച മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണല്ലോ. അതിന്റെ സ്‌ക്രീന്‍ ടെസ്റ്റില്‍ നൂറില്‍ രണ്ടു മാര്‍ക്കു മാത്രം നല്‍കിയ സംവിധായകന്‍ സിബി മലയിലിന്റെ ഹിസ് ഹൈനസ് അബ്ദുള്ള മുതല്‍ കമലദളം വരെയുള്ള സിനിമകള്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ഭരതത്തിലൂടെ മികച്ച നടനുള്ള ദേശീയബഹുമതി സ്വന്തമാക്കിയതും ചരിത്രം. റെക്കോര്‍ഡുകളുടെ സഹയാത്രികനാണ് മോഹന്‍ലാല്‍. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിക്കപ്പെട്ട പ്രിയദര്‍ശന്റെ ചിത്രം, ഷാജി കൈലാസിന്റെ ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലെ നായകന്‍.
സൂപ്പര്‍താരമെന്നതിലുപരി മലയാളിയുടെ സാംസ്‌കാരിക മുഖവുമാണ് മോഹന്‍ലാല്‍. കഴിഞ്ഞ അഞ്ചാറു തലമുറ മലയാളികള്‍ അരനൂറ്റാണ്ടോളമായി ഹൃദയത്തിലേറ്റിയ ആള്‍രൂപം. മാധ്യമ സിദ്ധാന്തികന്‍ റിച്ചാര്‍ഡ് ഡയര്‍ വിവക്ഷിക്കുന്നതുപോലെ താരനിര്‍മ്മിതിയെന്നത് ഓരോ താരത്തിന്റെയും പ്രതിച്ഛായ അതിസൂക്ഷ്മമായി സ്ഥാപിച്ച്, ഒരു പ്രത്യേക പ്രേക്ഷക വിഭാഗവുമായി ബന്ധപ്പെട്ട് അവര്‍ക്കു മാത്രമായ സവിശേഷ വിപണനസാധ്യത നല്‍കുകയുമാണെങ്കില്‍ മോഹന്‍ലാല്‍ അതിനെ അതിജീവിക്കുന്നതു കാണാം. ഡയറുടെ താരസിദ്ധാന്തം അനുശാസിക്കുംവിധം നിര്‍മ്മിതപ്രതിച്ഛായ, പ്രേക്ഷകരുടെ അനുഭവങ്ങളുമായി പൊരുത്തപ്പെടുന്ന, അവരുടെ വികാരങ്ങളോട് താദാത്മ്യപ്പെടുന്ന ഒരാളായി താരത്തെ ചിത്രീകരിക്കുന്നുവെന്നത് മോഹന്‍ലാലിന്റെ താരസ്വരൂപത്തിനും ബാധകമാണ്..
എന്നാല്‍, ഈ സിദ്ധാന്തത്തെ വെല്ലുവിളിക്കുന്നുണ്ട് രജനീകാന്തും മോഹന്‍ലാലും നേടിയ ജനപ്രിയത. മുഖ്യധാരാ വാണിജ്യ സിനിമയില്‍ വില്ലന്മാരായി കടന്നുവന്ന് നിലം തൊട്ടുനിന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കവര്‍ന്ന് താരസിംഹാസനത്തിലെത്തിയവര്‍. സിനിമാനടനു പറ്റിയ മുഖകാന്തിയോ ശരീരമോ ഇല്ലാത്തവര്‍. അവര്‍ ആരാധകലക്ഷങ്ങളുടെ കണ്ണിലുണ്ണിയായത് അനിഷേധ്യമായ പ്രതിഭയിലൂടെ മാത്രമാണ്. അഭിനജയജീവിതത്തില്‍ മുന്‍മാതൃകകളില്ലാത്തവിധം രൂക്ഷമായ അനവധി ഉയര്‍ച്ചതാഴ്ചകളുണ്ടായിട്ടും, അവര്‍ ഇന്നും ജനക്കൂട്ടങ്ങളെ ആകര്‍ഷിക്കുന്ന, ദക്ഷിണേന്ത്യന്‍ സിനിമയുടെ കേന്ദ്രബിന്ദുക്കളാണ്. ഇവരില്‍ മോഹന്‍ലാലിനെ രജനിയില്‍ നിന്ന് വേര്‍തിരിക്കുന്ന ഒന്ന് നടനമികവാണ്. കമല്‍ഹാസന്റെ അഭിനയസിദ്ധിയും രജനീകാന്തിന്റെ താരപ്രഭാവവും ഒരുപോലെ സമന്വയിക്കുന്നൊരു താരപ്രഭാവമാണ് ലാലിന്റേത്.
മലയാളിക്ക് സുപരിചമല്ലാത്ത മോഹന്‍ലാല്‍ എന്ന പേരുമായി അഭിനയയാത്ര തുടങ്ങി പിന്നീട് അദ്ദേഹം നടനായി, നിര്‍മ്മാതാവായി, ഗായകനായി, ഒടുവില്‍ സംവിധായകനുമായി. അരനൂറ്റാണ്ടാവുമ്പോഴും ഈ നടന് മലയാളി പ്രേക്ഷകര്‍ക്കിടയിലുള്ള ജനസമ്മതി അനന്യമാണ്. ഇന്നും അദ്ദേഹത്തിന്റെ ഒരു സിനിമയ്ക്കുള്ള ആദ്യദിവസ കളക്ഷന്‍ സമാനതകളില്ലാത്തതാണ്.
സംവിധായകന്റെ കളിമണ്ണ്
സിനിമയോടുള്ള അടങ്ങാത്ത ആസക്തി തന്നെയാണ് മോഹന്‍ലാലിനെ ദ് കംപ്ളീറ്റ് ആക്ടര്‍ എന്ന വിശേഷണത്തിന് അര്‍ഹനാക്കുന്നത്. സ്വാഭാവികാഭിനയത്തില്‍ വിശ്വസിക്കുന്ന മോഹന്‍ലാല്‍ എന്ന നടന്‍ സംവിധായകനു മുന്നില്‍ എന്നും ഇന്നും കളിമണ്ണാണ്. ഏതു രൂപത്തിലും ഭാവത്തിലും പരുവപ്പെടുത്തി യെടുക്കാന്‍ പാകത്തിന് അയവും വഴക്കവുമുള്ള കളിമണ്ണ്. ഞാനൊരു ഗോള്‍കീപ്പറാണ്. നിങ്ങള്‍ പന്തെങ്ങോട്ടു തട്ടുന്നുവോ ഞാനങ്ങോട്ടു പായും. നിങ്ങള്‍ മറുവശത്തേക്കു തട്ടിയാല്‍ ഞാനതിലേ പോകും! എന്ന് മണിരത്‌നത്തോടു പറഞ്ഞ നടനപ്രതിഭ! സംവിധായകന്‍ സൂചിപ്പിക്കുന്ന വഴിയേ പിന്നാലെ പായുകയല്ല, സംവിധായകന്‍ സ്വപ്നത്തില്‍ പോലും കാണാത്ത സൂക്ഷ്മതലങ്ങളെപ്പോലും മുഖത്തും ശരീരത്തിലും ആവഹിച്ചുകൊണ്ട് കഥാപാത്രത്തെ നയിക്കുന്നതാണ് മോഹന്‍ലാലിന്റെ സ്വാഭാവികശൈലി.
ഡയര്‍ പറഞ്ഞപോലെ എല്ലാ അഭിനേതാക്കളും താരങ്ങളായി മാറുന്നില്ല. എന്നാല്‍ മോഹന്‍ലാലിനെ ഇത്രയും വലിയ താരമാക്കിയതും, സിനിമ വ്യവസായത്തിന്റെ കേന്ദ്രത്തില്‍ ഇപ്പോഴും നിലനിര്‍ത്തുന്നതും എന്താണ്? ഇന്ത്യന്‍ പട്ടാളവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും തങ്ങളുടെ പ്രവര്‍ത്തന പ്രചാരണങ്ങള്‍ക്ക് അദ്ദേഹത്തെ മുഖമാക്കുന്നത് എന്തുകൊണ്ടാണ്? 45 വര്‍ഷത്തിലധികം നീളുന്ന കരിയറില്‍ നിരവധി വിവാദങ്ങള്‍ക്കു ശേഷവും അദ്ദേഹം വിജയകരമായി മുന്നോട്ട് പോവുന്നതിന്റെ കാരണങ്ങള്‍ പലതാണ്:
1. യുവാക്കളും, കുട്ടികളും, സ്ത്രീകളും മോഹന്‍ലാലിനെ സഹോദരനെപ്പോലെ സ്വീകരിക്കുന്നു
2. തുടക്കം മുതല്‍ അദ്ദേഹം വളര്‍ത്തിയെടുത്ത കരുതലുള്ള, നിഷ്‌കളങ്ക പ്രണയിയുടെ പ്രതിച്ഛായ.
3.ഏതൊരു മലയാളി സ്ത്രീയും ഹൃദയത്തില്‍ കാംക്ഷിക്കുന്ന ഭര്‍ത്താവിന്റെ രൂപത്തിന് മോഹന്‍ലാലെന്ന താരത്തിന്റെ പ്രതിച്ഛായയുമായുള്ള സാത്മ്യം
4.ചോക്ലേറ്റ് ഛായയില്ലാത്ത മുഖവും, അയത്നലളിതമായ ശരീരഭാഷയും.
5.സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍,സിബി മലയില്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ വളര്‍ത്തിയെടുത്ത സാധാരണക്കാരന്റെ പ്രതിച്ഛായ.
6.ഷാജി കൈലാസ്രഞ്ജി പണിക്കര്‍, രഞ്ജിത് സിനിമകളിലൂടെ നിര്‍മ്മിച്ചെടുത്ത ആക്ഷന്‍ നായകന്റെ അതിമാനുഷ പരിവേഷം.
7.വനപ്രസ്ഥം, വാസ്തുഹാര പോലുള്ള ബദല്‍ ചലച്ചിത്ര പരീക്ഷണങ്ങളെ പിന്തുണയ്ക്കുക വഴി നേടിയ ദേശീയ രാജ്യാന്തര അംഗീകാരം.
8. കഥകളി, ഭരതനാട്യം, താണ്ഡവം പോലുള്ള കലാരൂപങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍.
9. സിനിമയ്ക്കായി ഏത് പ്രയാസവും സാഹസവും സഹിക്കാന്‍ തയ്യാറാകുന്ന മനോഭാവം.
10. സിനിമയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ സമര്‍പ്പണവും ആര്‍ജ്ജവമുള്ള സമീപനവും.
ഇവയെല്ലാമാണ് അദ്ദേഹത്തിന്റെ താരപ്രാധാന്യത്തെ ഉറപ്പിച്ചത്. അതിന്റെ തെളിവാണ്.ആരാധകര്‍ നല്‍കിയ 'ലാലേട്ടന്‍' എന്ന വിളിപ്പേര് തന്നെ!
സിബിയുടെ കിരീടം, ബ്ളെസിയുടെപ്രണയം പോലുള്ള ചിത്രങ്ങളിലെ കഥാപാത്രങ്ങളില്‍ അദ്ദേഹം മനുഷ്യജീവിതത്തിന്റെ ഗൗരവവും ക്ഷണികതയും അവതരിപ്പിച്ചു. പ്രിയന്റെ കാലാപാനി പോലുള്ള മലയാളത്തിന് സങ്കല്‍പിക്കാനാവുന്നതിനമുപ്പുറമുള്ള ചലച്ചിത്രസംരംഭങ്ങളെ നിര്‍മ്മാതാവെന്ന നിലയില്‍ക്കൂടി അദ്ദേഹം പിന്തുണച്ചു. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ അഭിനയിച്ചുകൊണ്ട് ഭാഷാഭേദങ്ങളിലൂടെ തന്റെ കഴിവ് തെളിയിച്ചു. മണിരത്നത്തിന്റെ ഇരുവരില്‍ (1997) എം.ജി.ആര്‍ ആസ്പദമായ കഥാപാത്രത്തെ അവതരിപ്പിച്ച് അദ്ദേഹം അതുല്യമായ കൈയടി നേടി. 2014ല്‍ വിജയുമായി ജില്ല, 2009ല്‍ കമല്‍ ഹാസനുമായി ഉന്നൈപ്പോല്‍ ഒരുവന്‍,2023ല്‍ രജനിയുമായിജയിലര്‍ തുടങ്ങിയ സിനിമകളില്‍ വേഷമിട്ട അദ്ദേഹം നിര്‍മ്മിച്ച് മേജര്‍ രവി സംവിധാനം ചെയ്ത ഖാണ്ഡഹാറിലൂടെ ഇന്ത്യന്‍ സിനിമയുടെ ഇതിഹാസം അമിതാഭ് ബച്ചനെ മലയാളത്തിലെത്തിച്ചു.
ശിക്ഷിത ഗായകനല്ലാതിരിക്കെ അഭിനയിച്ചതും അല്ലാത്തതുമായ അമ്പതോളം സിനിമകളില്‍ 52 ഗാനങ്ങള്‍ ആലപിച്ച മറ്റൊരു മലയാള നടനില്ല, മോഹന്‍ലാലല്ലാതെ.ഭക്തിഗാനങ്ങളും ആല്‍ബം ഗാനങ്ങളുമിതിലുള്‍പ്പെടും. ആഗ്രഹം കൊണ്ടു പാടിപ്പോയവന്‍ എന്നാണ് ലാല്‍ സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്. ആറോളം പുസ്തകങ്ങളെഴുതിയിട്ടുള്ള, ഓഷോയെ ആരാധിക്കുന്ന ലാല്‍ സ്ഥിരമായി ബ്ലോഗുകളും എഴുതുന്നുണ്ട്. മലയാള താരസംഘടനയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന് 2001-ല്‍ പദ്മശ്രീയും 2019-ല്‍ പദ്മഭൂഷണും ലഭിച്ചു.
ഇന്ത്യയിലെ പരമോന്നത ചലച്ചിത്രപുരസ്‌കാരമായ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ച ശേഷമുള്ള മോഹന്‍ലാലിന്റെ പ്രതികരണം നോക്കുക. താന്‍ സ്വപ്‌നേപി സങ്കല്‍പിച്ചിട്ടുള്ളതായിരുന്നില്ലെന്ന് വ്യക്തമാക്കിയ ലാല്‍ ആ പുരസ്‌കാരത്തെ മലയാള സിനിമയ്ക്കു ലഭിച്ച അംഗീകാരമായിട്ടാണ് വിശേഷിപ്പിച്ചത്. ഒപ്പമുള്ളവരും മണ്മറഞ്ഞവരുമായ പ്രതിഭകള്‍ക്കും സാങ്കേതികപ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കുമാണ് അദ്ദേഹം അതു സമര്‍പ്പിച്ചത്. സ്വകാര്യവും വൈയക്തികവുമായ നേട്ടമായിട്ടല്ല, മറിച്ച് വ്യവസായമെന്ന നിലയ്ക്ക് മലയാള സിനിമയ്ക്ക് കിട്ടിയ ബഹുമതിയായിട്ടാണ് മലയാള സിനിമയെ പ്രതിനിധാനം ചെയ്ത് അദ്ദേഹമത് ഏറ്റുവാങ്ങിയത്. ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ മലയാളിയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് താനെന്ന തിരിച്ചറിവില്‍ കൂടുതല്‍ നിലത്തൂന്നി നിന്നുകൊണ്ട് ആ പുരസ്‌കാരത്തെ സമീപിക്കുന്ന മാനസികനിലയാണ് ലാലെന്ന കലാകാരനെ അനന്യനാക്കുന്നത്. ദേവികാറാണിയിലാരംഭിച്ച് പൃഥിരാജ് കപൂര്‍, സുലേചന, സൊഹ്രാബ് മോദി, പൈദി ജയരാജ്, ദുര്‍ഗ ഘോട്ടെ, വി ശാന്താറാം, രാജ് കപൂര്‍, അശോക് കുമാര്‍,അക്കിനേനി നാഗേശ്വര റാവു, ദിലീപ് കുമാര്‍, രാജ്കുമാര്‍,ശിവാജി ഗണേശന്‍, ദേവ് ആനന്ദ്, പ്രാണ്‍, ശശി കപൂര്‍, മനോജ് കുമാര്‍,വിനോദ് ഖന്ന, അമിതാഭ് ബച്ചന്‍, രജനീകാന്ത്, ആശാ പരേഖ്, വഹീദ റഹ്‌മാന്‍, മിഥുന്‍ ചക്രവര്‍ത്തി എന്നീ അഭിനേതാക്കള്‍ക്കു ശേഷമാണ് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിനെ തേടിയെത്തുന്നത്.ഇന്ത്യയിലും ഹോളിവുഡ്ഡിലും വരെ അഭിനേതാക്കളും സംവിധായകരും കാംക്ഷിക്കുന്ന നടനവിസ്മയമായി ഇടം നേടാന്‍ സാധിക്കുക എന്ന സുകൃതമാണ് മോഹന്‍ലാലിന്റെ തിരവ്യക്തിത്വത്തെ വിഭിന്നമാക്കുന്നത്.