Tuesday, November 15, 2022

വിശ്വാസത്തിന്റെ ഉപ്പ്


എ.ചന്ദ്രശേഖര്‍

വിശ്വാസം മനോരോഗമാവരുത് എന്ന് പ്രമുഖ ഛായാഗ്രാഹകന്‍ സണ്ണിജോസഫ് രചിച്ച് സംവിധാനം ചെയ്ത ആദ്യ മലയാള സിനിമയായ ഭൂമിയുടെ ഉപ്പിലെ സെമിനാരി അധിപനായ വലിയച്ചന്‍ ഫാ ഫ്രാന്‍സിസ് തീവ്രനിലപാടുകള്‍ വച്ചു പുലര്‍ത്തുന്ന ഫാ തോമിസിനോട് ഒരിടത്ത് പറയുന്നുണ്ട്. മനുഷ്യമനസിനെ, മനുഷ്യജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുന്ന മതവിശ്വാസം എങ്ങനെയാണ് ചരിത്രത്തെ വളച്ചൊടിക്കുന്നതെന്നും മനുഷ്യനെ ദൈവത്തില്‍ നിന്നകറ്റുന്നതെന്നും ദൈവത്തിന്റെ പേരില്‍ മനുഷ്യവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നും ദാര്‍ശനികമായി ചര്‍ച്ച ചെയ്യുന്ന സിനിമയാണ് ഭൂമിയുടെ ഉപ്പ്. തീര്‍ത്തും ബിബ്‌ളിക്കലായ ബിംബങ്ങളിലും പശ്ചാത്തലത്തിലും ഊന്നി നിന്നുകൊണ്ട്, ഒരു സെമിനാരി ആശ്രമത്തിലെ ഏതാനും ശെമ്മാശന്മാരുടെ ജീവിതത്തിലെക്ക് ക്യാമറ തുറന്നുവച്ചുകൊണ്ടാണ് സണ്ണി ജോസഫ് വിശ്വാസം അന്ധവും ചരിത്രനിഷേധവുമാവുന്നതിലെ ധാര്‍മ്മിക/ദാര്‍ശനിക പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നത്. മതവും രാഷ്ട്രീയവും തമ്മിലുള്ള വൈരൂദ്ധ്യാത്മകതയും വിശ്വാസത്തിന്റെ ആന്തരിക-ബാഹ്യസംഘര്‍ഷങ്ങളും പ്രതിപാദിക്കുന്നുണ്ട് ഭൂമിയുടെ ഉപ്പ്.

കേരളത്തിലെ ഏതോ ഒരു മലയോരത്തുള്ള ക്രൈസ്തവ ആശ്രമമമാണ് ഭൂമിയുടെ ഉപ്പിന്റെ പ്രധാന ഭൂമിക. ജീവിതത്തിലെ വിവിധ തുറകളില്‍ നിന്ന് ദൈവശാസ്ത്രം പഠിക്കാനും പൗരോഹിത്യം നേടാനും പരിശീലിക്കാനെത്തിയിട്ടുള്ള മൂന്നു ചെറുപ്പക്കാര്‍. അവര്‍ക്കു തുണയായി വര്‍ത്തിക്കുന്ന, അവരുടെ സന്ദേഹങ്ങളെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്ന ഋഷിയച്ചന്‍. ഈശ്വരസേവ അതിന്റെ എല്ലാ ഹൃദയനൈര്‍മല്യത്തോടും കൂടി ഏറ്റെടുത്തു നിര്‍വഹിക്കുന്ന വലയിച്ചന്‍. വിശ്വാസത്തെ അന്ധവിശ്വാസമാക്കുന്ന തീവ്രനിലപാടുകളുമായി വാഴുന്ന ഫാ. തോമസ് ഇവരൊക്കെ ചേര്‍ന്നതാണ് ആ കൊച്ചു സെമിനാരി. ദൈവത്തെപ്പറ്റി, ദൈവത്തിന്റെ ഇടപെടലുകളെ പറ്റി, ദൈവത്തിന്റെ നിലനില്‍പ്പിനെപ്പറ്റിത്തന്നെയുള്ള നിരവധി സന്ദേഹങ്ങളും സംശയങ്ങളുമുണ്ട് അവിടെ ദൈവശാസ്ത്രം പഠിക്കാനെത്തുന്ന പുരോഹിതവിദ്യാര്‍ത്ഥികള്‍ക്ക്. ചോര കണ്ടാല്‍ തലചുറ്റി വീഴുന്നവനാണ് അതിലൊരാള്‍. ചിത്രത്തില്‍ നായകകര്‍തൃത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഇമ്മാനുവല്‍ (മിഥുന്‍) ആവട്ടെ അനാഥനാണ്. പ്രസവത്തോടെ അമ്മയെ നഷ്ടമായവന്‍. അതുകൊണ്ടു തന്നെ അമ്മ അവന് അത്രമേല്‍ പ്രധാനപ്പെട്ട വികാരമാണ്, നിഷേധിക്കപ്പെട്ട സ്‌നേഹമാണ്. ഈശ്വരസേവനവും പൊതുജനസേവനവുമൊക്കെയായി കഴിയുന്ന ആശ്രമജീവിതത്തില്‍് ബൈബിളിലെ ചില മൗനങ്ങളെപ്പറ്റിയുള്ള ഗവേഷണത്തിന് എത്തിച്ചേരുന്ന സോഫി എന്ന ഗര്‍ഭിണിയുണ്ടാക്കുന്ന പരിവര്‍ത്തനങ്ങളാണ് ഭൂമിയുടെ ഉപ്പിന്റെ കഥാവസ്തു. ഒപ്പം, മതവും രാഷ്ട്രീയവും തമ്മിലെ വൈരുദ്ധ്യാത്മകതയും സമാന്തരാഖ്യാനമായി ചിത്രം കൈകാര്യം ചെയ്യുന്നു.

ആശ്രമത്തില്‍ സ്ഥാപിക്കുന്ന ടെലിവിഷനിലെ ലോകവാര്‍ത്തകളില്‍ മതത്തിന്റെ/മതാന്ധ്യത്തിന്റെ പേരില്‍ നടത്തുന്ന തീവ്രവാദാക്രമണങ്ങളില്‍ ഇരയാക്കപ്പെടുന്നവരുടെയും ജീവന്‍ നഷ്ടപ്പെടുന്നവരുടെയും വാര്‍ത്ത കാണുന്ന ഇമ്മാനുവല്‍ ഇത്തരം സാഹചര്യങ്ങളില്‍ മനുഷ്യജീവിതങ്ങള്‍ക്ക് താങ്ങാവാത്ത ദൈവത്തില്‍ എങ്ങനെ വിശ്വസിക്കും എന്ന് ഋഷി(ജയദീപ്)യച്ചനോട് ആരായുന്നുണ്ട്. മനുഷ്യന്റെ കണ്ണീരു തുടയ്ക്കാത്ത ദൈവത്തിന്റെ സാന്നിദ്ധ്യം എങ്ങനെ ഉറപ്പിക്കാനാവും എന്നാണ് അയാള്‍ ഉന്നയിക്കുന്ന പ്രശ്‌നം. സത്യത്തില്‍ ദൈവം മനുഷ്യമനസുകളുടെ അകത്താണോ പുറത്താണോ എന്നൊരു സങ്കീര്‍ണമായ ദാര്‍ശനികപ്രശ്‌നവും സിനിമ മുന്നോട്ടുവയ്ക്കുന്നു. സന്ദേഹിയായ ഇമ്മാനുവലിനെ വിശ്വാസത്തിന്റെ ആന്ധ്യത്തിലേക്ക് എളുപ്പം തളച്ചിടാന്‍ തീവ്രവാദിയായ ഫാ.തോമസിന് ഒരു പരിധിവരെ സാധ്യമാവുന്നു. അവന്റെ ദൈവത്തെപ്പറ്റിയുള്ള ചോദ്യങ്ങളെ എല്ലാം സാത്താന്റെ ചെയ്തികള്‍ എന്ന ന്യായത്തോടെ ബാധനീക്കലടക്കമുള്ള അന്ധവിശ്വാസത്തിലേക്കാണ് ഫാ തോമസ് നേരിടുന്നത്. വിശ്വാസത്തിന്റെ ദൈവശാസ്ത്രപരവും ദൈവനിഷേധപരവുമായ രണ്ട് ധാരകളെയാണ് ആശ്രമത്തിലെ ഫാ ഫ്രാന്‍സിസ് എന്ന വലിയച്ചന്റെയും(ഗംഗാധരമേനോന്‍) ഫാ തോമസി (രഘൂത്തമന്‍)ലൂടെയും സംവിധായകന്‍ വരഞ്ഞിടുന്നത്.

ബൈബിള്‍ ചരിത്രത്തില്‍ നിന്ന് മായ്ച്ചു കളഞ്ഞ സ്ത്രീസാന്നിദ്ധ്യത്തെ, ഫാ തോമസ് ക്രിസ്തുവിനെ പ്രണയിച്ച തേവിടിശ്ശിയായി കണക്കാക്കുന്ന മഗ്ദലന മറിയത്തെ കണ്ടെത്താനുളള ഗവേഷണത്തിന്റെ ഭാഗമായിട്ടാണ് ഉത്തരേന്ത്യയിലെവിടെ നിന്നോ നായികയായ സോഫി(അരുഷിക ദേ) യുടെ വരവ്. വിശ്വാസത്തിന്റെ പിന്‍ബലത്തില്‍ ചരിത്രം ബോധപൂര്‍വം തിരസ്‌കരിച്ച സ്ത്രീയെ കണ്ടേത്തുകയെന്ന അവളുടെ ലക്ഷ്യം അത്രയെളുപ്പമല്ല. കാരണം അത്രമേല്‍ ആഴത്തില്‍ മനുഷ്യമനസുകളില്‍ അടിയുറച്ചിട്ടുളള വിശ്വാസത്തെ മാറ്റിമറിക്കുക എളപ്പുമല്ലെന്നതു തന്നെ. സ്വാഭാവികമായി ഫാ.തോമസിന് അവളെ, അവളുടെ ഗവേഷണത്തെ അംഗീകരിക്കാനാവുന്നില്ല. സാത്താന്റെ പ്രതിരൂപമായിട്ടാണ് അയാള്‍ അവളെ കണക്കാക്കുന്നത്. ആശ്രമത്തിലെ ദൈവസാന്നിദ്ധ്യത്തിലേക്ക് ചില ലക്ഷണങ്ങളായി സാത്താന്റെ കടന്നുവരവിനെ അദ്ദേഹം പ്രവചിക്കുന്നുണ്ട്. അതിനായി ബൈബിളില്‍ സാത്താന്റെ ബിംബമായി ഉപയോഗിക്കുന്ന സര്‍പ്പത്തെ ചിത്രത്തിലുപയോഗിക്കുന്നുമുണ്ട്. അവളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ഇമ്മാനുവലിനെ ഉപദേിക്കുന്നുമുണ്ട്. വന്ദ്യവയോധികനായ വലിയച്ചന്‍ സാത്താന്‍ സേവികയായ സോഫിയുടെ പിടിയിലായെന്നുവരെ ആരോപിക്കാന്‍ മുതിരുന്ന ഫാ തോമസ്, ഇമ്മാനുവലിലൂടെ അവളെ ഉന്മൂലനം ചെയ്യാനാണ് പരിശ്രമിക്കുന്നത്. മനുഷ്യന് പറുദീസ അന്യമാക്കുന്ന ഹവ്വയുടെ പ്രതിനിധിയായിട്ടാണ് സോഫിയെ അദ്ദേഹം ഇമ്മാനുവലിനു മുന്നിലവതരിപ്പിക്കുന്നത്. വിശ്വാസത്തിനു വേണ്ടി, വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി അവളെ ബലിയാക്കാനാണ് ഫാ തോമസ് ഇമ്മാനുവലിനെ നിരന്തരം പ്രേരിപ്പിക്കുന്നത്.

സ്വതവേ പ്രകൃതിയെ സ്‌നേഹിക്കുന്ന, പ്രകൃതിയോടിണങ്ങി ജീവിക്കാനിഷ്ടപ്പെടുന്ന ഒരു നിഷ്‌കളങ്കനാണ് ഇമ്മാനുവല്‍. എന്നാല്‍ തോമസച്ചന്റെ ദുസ്വാധീനത്താല്‍ അവന്‍ പോലുമറിയാതെ അവന്റെ മനസ് കളങ്കപ്പെടുകയാണ്. പുരുഷസഹജമായ വാസനകൊണ്ട് ഗസ്റ്റ് ഹൗസില്‍ കുളിക്കുന്ന സോഫിയെ ഒളിഞ്ഞുനോക്കുന്നതില്‍ പശ്ചാത്തപിക്കുന്ന ഇമ്മാനുവല്‍ ആ പാപഭാരത്തില്‍ നിന്ന് മോചിതനാവാന്‍ പണിപ്പെടുകയാണ്. വിശ്വാസത്തിന്റെ പേരില്‍ യുക്തിക്കു നിരക്കാത്ത പലതും അയാള്‍ കാണുന്നു, കേള്‍ക്കുന്നു. സോഫിയെപ്പോലും സാത്താന്റെ സേവകയായിക്കാണുന്ന മായാദര്‍ശനങ്ങള്‍ അയാള്‍ക്കുണ്ടാവുന്നു. അതിന്റെ പരിണിതിയായി തോമസച്ചന്റെ പ്രേരണകളുടെ പരമകാഷ്ഠയില്‍ ക്രിസ്മസ് രാത്രിയില്‍ അവളെ എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ തന്നെ തീരുമാനിച്ച് ആയുധവുമായി അതിഥിമന്ദിരത്തിലെത്തുന്ന അയാള്‍ നിറഗര്‍ഭിണിയായ അവള്‍ ഒരു കുഞ്ഞിനു ജന്മം നല്‍കുമ്പോള്‍ അതിനുള്ള ശുശ്രൂഷകനായി മാറാന്‍ നിയുക്തനാവുകയാണ്. മാതൃത്വനിഷേധം ഒരു തീരാവേദനയായി കൂടെക്കൊണ്ടുനടക്കുന്ന അയാള്‍ക്കത് വെളിപാടിന്റെ നിമിഷങ്ങളാവുന്നു. സെമിനാരി വിട്ട് ശിഷ്ടകാലം സോഫിയുടെ സംരക്ഷകനായി അവളുടെ കുഞ്ഞിന്റെ സംരക്ഷകനായി അയാളിറങ്ങിപ്പുറപ്പെടുന്നിടത്താണ് ഭൂമിയുടെ ഉപ്പ് അവസാനിക്കുന്നത്.

ആദ്യവസാനം ബൈബിള്‍ അധിഷ്ഠിത ബിംബങ്ങളും ഉദ്ധരണികളും കൊണ്ടു സമ്പന്നമായൊരു ചലച്ചിത്ര സ്വരൂപമാണ് ഭൂമിയുടെ ഉപ്പ്. അതില്‍ ഭൗതികജീവിതത്തില്‍ മതത്തോടൊപ്പം തന്നെ മുതലാളിത്തരാഷ്ട്രീയം എങ്ങനെ മനുഷ്യജീവിതത്തെ ചൂഷണം ചെയ്യുന്നു എന്നും ഫാക്ടറി കേന്ദ്രീകരിച്ചുള്ള സമാന്തര കഥാനിര്‍വഹണത്തിലൂടെ സണ്ണി ജോസഫ് കാണിച്ചു തരുന്നു. തൊഴിലാളികളുടെ ജീവന് യാതൊരു സുരക്ഷയും മുന്‍കരുതലുമെടുക്കാത്ത ഫാക്ടറി മാനേജ്‌മെന്റിനെതിരേ സമരത്തിനൊരുങ്ങുകയാണ് തൊഴിലാളികള്‍. അവരുടെ സഹനസമരത്തിന് നേതൃത്വം നല്‍കുന്ന സഖാവ് ജോര്‍ജ്ജി(വി.കെ.ശ്രീനിവാസന്‍)ന് വിമോചനകനായ ക്രിസ്തുവിന്റെ ഛായാനിഴലാണുള്ളത്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുവേണ്ടി, അവര്‍ നേരിടുന്ന അധികാര ചൂഷണത്തിനെതിരേ അവരെ സംഘടിപ്പിക്കുകയും അവരുടെ വിമോചനത്തിനായി പ്രയത്‌നിക്കുകയും ചെയ്യുന്ന അയാള്‍ക്കൊടുവില്‍ അധികാരികളില്‍ നിന്നു നേരിടേണ്ടി വരുന്നത് യേശുക്രിസ്തുവിന് നേരിടേണ്ടിവന്നതുപോലെ കൊടും പീഡനമാണ്.

യഥാതഥമായ ആഖ്യാനശൈലിയല്ല ഭൂമിയുടെ ഉപ്പിലേത്. തീര്‍ത്തും യഥാതഥമെന്ന നിലയ്ക്ക് തുടങ്ങുകയും പിന്നീട് പലയിടത്തും ഫാന്റസിയുടെ തലങ്ങളിലേക്ക് മാറുകയും ചെയ്യുന്ന ആഖ്യാനശൈലിയാണ് സണ്ണിയുടെ കഥയെ ആസ്പദമാക്കി സണ്ണിയും ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവും ചേര്‍ന്നു തിരക്കഥ രചിച്ച ഊ സിനിമയുടേത്.

മലയാള സിനിമയില്‍ ജി അരവിന്ദനും, അടൂര്‍ ഗോപാലകൃഷ്ണനും, ഷാജി എന്‍ കരുണിനും, ടി വി ചന്ദ്രനും എം.ടിക്കും ഒപ്പം ഛായാഗ്രാഹകനായിട്ടുള്ള ഒരേയൊരാളാണ് സണ്ണി ജോസഫ്.പമേല റൂക്ക്‌സിന്റെ ട്രെയിന്‍ ടൂ പാക്കിസ്ഥാന്റെയും ബുദ്ധദേവ് ദാസ്ഗുപ്തയുടെ ജനലയുടെയും ഛായാഗ്രാഹകന്‍. അദ്ദേഹത്തിന്റെ വേറിട്ട ചലച്ചിത്ര സങ്കല്‍പം വെളിപ്പെടുത്തുന്നതാണ് പുതുമുഖങ്ങളെ മാത്രം വച്ചു നിര്‍മ്മിച്ച ഭൂമിയുടെ ഉപ്പ്. നാടക നടനായ രഘൂത്തമനും വി.കെ.ശ്രീനിവാസനുമൊഴികെ മറ്റെല്ലാവരും അറിയപ്പെടാത്ത മുഖങ്ങളാണീ സിനിമയില്‍. ഇടയ്ക്ക് ആശ്രമവാസികളുടെ ആന്തരികമാനം ആവിഷ്‌കരിക്കുന്ന അത്താഴ രംഗങ്ങളില്‍ മറ്റെങ്ങും കാണിക്കാത്ത മൂന്നാമതൊരു പുരോഹിതനായി ഒരു കാമിയോ റോളില്‍ സണ്ണിയും എത്തുന്നു.അന്തരിച്ച ഐസക് തോമസ് കോട്ടുകാപ്പള്ളിയുടെ പശ്ചാത്തല സംഗീതമാണ് ഈ ചിത്രത്തിന്റെ ആത്മാവ്. അരുണ്‍ അജിത്ത്, സൗമിക് ബര്‍മ്മന്‍, അനില്‍ സണ്ണി എന്നിവര്‍ ചേര്‍ന്നു ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുള്ള ഭൂമിയുടെ ഉപ്പ് രാമുവും അരവിന്ദും ചേര്‍ന്ന് സന്നിവേശിച്ചിരിക്കുന്നു.

ദാര്‍ശനികമായ തിരക്കഥയാണ് ഈ സിനിമയുടെ ബലം. എന്നാല്‍, ചിത്രാദ്യത്തില്‍ നാന്ദിപോലെ അവതരിപ്പിച്ചിട്ടുളള മലയാറ്റൂര്‍ മലകയറ്റവും ചിത്രാന്ത്യത്തോടടുത്തു സന്നിവേശിച്ചിട്ടുള്ള ക്രിസ്മസ് ആഘോഷങ്ങളും കുറച്ചധികം നീണ്ടു പോയതു പോലെ തോന്നി. സന്നിവേശത്തില്‍ അല്‍പം കൂടി മിതത്വം പുലര്‍ത്താന്‍ നിഷ്‌കര്‍ഷിച്ചിരുന്നുവെങ്കില്‍ കുറേക്കൂടി മികച്ചൊരു ചലച്ചിത്രസ്വരൂപമായി മാറുമായിരുന്ന ചിത്രമാണിത്.

അതിയാര്‍ത്ഥ്യത്തിന്റെയോ അമിതയാഥാര്‍ത്ഥ്യത്തിന്റെയോ ഒക്കെ ആഖ്യാനത്തില്‍ തളച്ചിടപ്പെട്ട സമകാലിക മലയാള സിനിമയില്‍ സിനിമയെ ഗൗരവമുള്ള ദാര്‍ശനിക ചിന്തയ്ക്കുള്ള ബൗദ്ധികോപാധിയായി കണക്കാക്കുന്ന ചലച്ചിത്രകാരന്മാരുടെ കുറ്റിയറ്റുപോയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് സണ്ണി ജോസഫ് നിര്‍മിച്ചു സംവിധാനം ചെയ്ത ഭൂമിയുടെ ഉപ്പ്.


No comments: