Monday, September 06, 2021

മമ്മൂട്ടി @ 70;ഒരു ചന്ദ്രശേഖര്‍ ഓര്‍മ്മ

 

ഇനി ഞാനായിട്ടു കുറയ്ക്കുന്നില്ല  സപ്തതി

ഘോഷിക്കുന്ന മമ്മൂട്ടിസാറിനെപ്പറ്റി എനിക്കുള്ള ചില അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണിവിടെ.

വര്‍ഷം 1989. തിരുവനന്തപുരത്ത് കെ.മധുവിന്റെ ജാഗ്രതയുടെയും അധിപന്റെയും ഷൂട്ടിങ് രണ്ടിടത്തായി ഒരേസമയം നടക്കുന്നു. മധു ജാഗ്രതയുടെ പിറകെയാണ്. സിബിഐ രണ്ടാംഭാഗമാണ്. ഞങ്ങള്‍, എന്നുപറഞ്ഞാല്‍ ഞാന്‍ സുഹൃത്തുക്കളായ സഹാനി വിനോദ് എന്നിവര്‍ ചേര്‍ന്ന് ഒരു ചലച്ചിത്രപ്രസിദ്ധീകരണം പുറത്തിറക്കുന്നുണ്ട്. 49 ലക്കം കയ്യെഴുത്തുമാസികയായി ഞാന്‍ തന്നെ വരച്ചെഴുതി ഞാന്‍ തന്നെ വായിച്ചിരുന്ന പ്രസിദ്ധീകരണം അച്ഛനെ പ്രിന്ററും പബ്‌ളീഷറുമാക്കി പ്രസിദ്ധീകരിക്കുന്നതാണ്.ഞാനാണ് പത്രാധിപര്‍. പ്രധാനമായി പിആര്‍ഡി പരസ്യങ്ങളാണ് ധനസ്രോതസ്. പത്രപ്രവര്‍ത്തനത്തില്‍ താല്‍പര്യമുള്ള, പല ഡിഗ്രികളുടെയും ഡിപ്ലോമകളുടെയും കൂട്ടത്തില്‍ അതും നേടിയിട്ടുള്ള ആനന്ത്കുമാര്‍, രഞ്ജിത് തുടങ്ങിയ ചില സുഹൃത്തുക്കളും സഹകരിക്കുന്നുണ്ട്. പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിയിലേക്ക് കടന്നിട്ടേയുള്ളൂ. എട്ടാം ക്‌ളാസ് മുതല്‍ക്കേയുള്ള തീരുമാനമാണ് പത്രപ്രവര്‍ത്തകനാവുക എന്നത്. അതിലേക്കുള്ള കുറുക്കുവഴിയായാണ് ഈ മാസികാപ്രവര്‍ത്തനം.

ഈ തണുത്തവെളുപ്പാന്‍കാലത്തിന്റെ 
സെറ്റില്‍ ഞങ്ങളുടെ പൊട്ട ക്യാമറയ്ക്കു
മുന്നില്‍ പോസ് ചെയ്തു തന്ന മമ്മൂട്ടിയും 
സുമലതയും

മമ്മൂട്ടിയുടെ ഒരു സ്‌പെഷ്യല്‍ പുറത്തിറക്കണം. അതിന് അദ്ദേഹത്തിന്റെ ഒരഭിമുഖം വേണം. അതിനാണ് തിരുവനന്തപുരത്ത് സംഗീതക്കോളജിനു മുന്നില്‍ അന്നുണ്ടായിരുന്ന പഴയമട്ടിലുള്ളൊരു ബംഗ്‌ളാവില്‍ (ഇന്നവിടെ പ്രമുഖ അധ്യാപകസംഘടനയുടെ ബഹുനില മന്ദിരമാണ്) ഞങ്ങളെത്തുന്നത്. ജഗന്നാഥവര്‍മ്മയെ മമ്മൂട്ടി കാണാനെത്തുന്ന സീനാണ്. വര്‍മ്മസാറിന്റെ മകന്‍ പ്രദീപ് എന്ന മനുവര്‍മ്മ ഞങ്ങളുടെ സഹപാഠിയും നാടകസഹപ്രവര്‍ത്തകനുമാണ്. ചെറുപ്പത്തിന്റെ ചൂരില്‍ ഒരു ഷോട്ടിന്റെ ഇടവേളയില്‍ അദ്ദേഹത്തെ ചെന്നു മുട്ടി. മീശകുരുത്തുവരുന്ന മൂന്നുനാലു പിള്ളേരാണ്. അദ്ദേഹം സസൂക്ഷ്മം ഞങ്ങളെ ഒന്നുനോക്കി. ഞങ്ങള്‍ വച്ചു നീട്ടിയ പഴയ ലക്കങ്ങളൊന്നു മറിച്ചു നോക്കി. കയ്യെഴുത്തുമാസികയുടെ താളുകളും. അതില്‍ മമ്മൂട്ടിയെയേും ഭരത്‌ഗോപിയെയും താരതമ്യം ചെയ്യുന്ന ഒരു ലേഖനമുണ്ടായിരുന്നു. അതിലെ ഏതോ ഒരു വാചകത്തിലുടക്കി മുഖം ഉയര്‍ത്താതെ പറഞ്ഞു: ഇതൊന്നും ശരിയല്ല. 

വായിച്ച് പുസ്തകം അടച്ചുവച്ചിട്ട് മുഖമുയര്‍ത്തി കണ്ണുതരാതെ പറഞ്ഞു: "ചുമ്മാ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാന്‍ ഞാനില്ല. നിങ്ങളുടെ കയ്യില്‍ വ്യത്യസ്തമായി ചോദിക്കാനെന്തുണ്ട്?" 

സിനിമയെപ്പറ്റി വി രാജകൃഷ്ണനും ഐ ഷണ്മുഖദാസും വിജയകൃഷ്ണനും എംഎഫ് തോമസും മറ്റും എഴുതിയതു വായിച്ച് സിനിമാപത്രപ്രവര്‍ത്തകനാവണമെന്നും നിരൂപകനാവണമെന്നും ആശിച്ചുവന്നവനാണ് ഞാന്‍. അതുകൊണ്ടുതന്നെ പത്രപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങളൊന്നും പരിശീലിച്ചിട്ടില്ലെങ്കില്‍ക്കൂടി അഥാ മമ്മൂട്ടി സംസാരിക്കുകയാണെങ്കിലോ എന്നോര്‍ത്ത,് അന്നത്തെ കാലത്ത് നോട്ടെഴുതിപഠിക്കാന്‍ കിട്ടുമായിരുന്ന വിലകുറഞ്ഞ റീസൈക്കിള്‍ഡ് അണ്‍ബ്‌ളീച്ച്ഡ് കടലാസിന്റെ രണ്ടുപുറങ്ങളിലായി ഫൗണ്ടന്‍ പേനകൊണ്ട് ഉരുട്ടിയെഴുതിപ്പിടിപ്പിച്ച പത്തിരുപതു ചോദ്യങ്ങളുണ്ടായിരുന്നു എന്റെ പക്കല്‍. ഫയലില്‍ നിന്ന് അതെടുത്തങ്ങു നീട്ടി. കുറച്ചുനേരം അതു മുഴുവനും വായിച്ച് മടക്കിത്തന്ന് ഒന്നു നിവര്‍ന്നിരുന്ന് ഒരു ബീഡിക്ക് പുകകൊടുത്തുകൊണ്ട് അദ്ദേഹം ഒരു ചിരിചിരിച്ചു; "ഇത് നിങ്ങള്‍ എന്റെ വിവരമളക്കാനുള്ള വരവാണ്. പക്ഷേ, ഞാനിപ്പോള്‍ ഇന്റര്‍വ്യൂ തരില്ല. നിങ്ങള്‍ക്കെന്നല്ല ഒരു മാസികയ്ക്കും കുറച്ചുനാളായി ഞാന്‍ അഭിമുഖങ്ങള്‍ കൊടുക്കാറില്ല!"

അതു സത്യമായിരുന്നു. നാനയുമായുണ്ടായ എന്തോ പ്രശ്‌നത്തെത്തുടര്‍ന്ന് ഇന്റര്‍വ്യൂകളോട് അത്തരമൊരു സ്വയം വിലക്കിലായിരുന്നു അദ്ദേഹം. അതു വായിച്ചോര്‍മ്മയുണ്ട്. മനസു മാറിയാല്‍ ആദ്യം ഞങ്ങള്‍ക്ക് അഭിമുഖം തരണം എന്നും പറഞ്ഞ് ബന്ധപ്പെടാനുള്ള നമ്പരും നല്‍കി (പിന്നെ അദ്ദേഹത്തിന് എന്തൊരത്യാവശ്യമാണ് നാലു പീറ പിളേളരെ വിളിച്ചുവരുത്തി അഭിമുഖം കൊടുക്കാന്‍...! മൊബൈല്‍ ഫോണ്‍ കണ്ടുപിടിക്കും മുമ്പേയാണ്) ഞങ്ങള്‍ സംതൃപ്തിയോടെ മടങ്ങി. വീട്ടിലെത്തി ആദ്യം ചെയ്തത് ആ ചോദ്യക്കടലാസിന്റെ മാര്‍ജിനില്‍ അദ്ദേഹം പറഞ്ഞ രണ്ടു വരി എഴുതിപ്പിടിപ്പിച്ച് അന്നത്തെ തീയതിയുമെഴുതി അത് ഫയലിലേക്ക് മാറ്റിവയ്ക്കുക എന്നതാണ്.

കൃത്യം ഒരുവര്‍ഷം കഴിഞ്ഞ് തിരുവനന്തപുരത്ത്, പത്മരാജനെഴുതി ജോഷി സംവിധാനം ചെയ്ത ഈ തണുത്ത വെളുപ്പാന്‍കാലത്തിന്റെ സെറ്റ് നടക്കുന്നു. അപ്പോഴേക്ക് മാധ്യമവിലക്കൊക്കെ നീക്കി അദ്ദേഹം സംസാരിച്ചു തുടങ്ങിയിരുന്നു. ക്‌ളിഫ് ഹൗസിനു സമീപമുള്ള ഒരു വീട്ടിലായിരുന്നു ഷൂട്ടിങ്.സുമലതയും മമ്മൂട്ടിയും ചേര്‍ന്നുള്ള ഒരു രംഗം. പഴയ ചോദ്യം പുതിയ ലക്കങ്ങളുമായി വീണ്ടം ഞങ്ങള്‍ സമക്ഷം ഹാജരായി. എവിടെയോ കണ്ട പരിചയം പോലെ അദ്ദേഹത്തില്‍ നിന്നൊരു പുഞ്ചിരി വിടരാന്‍ തുടങ്ങുന്ന പ്രതികരണം കിട്ടി. ഇടവേളയില്‍ ചെന്നു കണ്ടു കാര്യമവതരിപ്പിച്ചു. (പത്രാധിപരായ ഞാന്‍ മുറിക്കുപുറത്തു ഫയലുമായി നില്‍ക്കുകയേ ഉള്ളൂ. വിനോദും ആനന്ദുമാണ് പോയി സംസാരിക്കുക. പത്രാധിപര്‍ നേരിട്ടു പോകുകയോ? അമ്പട ഞാനേ!) വരട്ടെ നോക്കാം. ഞാനിവിടെത്തന്നെയുണ്ട് ഇടയില്‍ സൗകര്യം നോക്കി വരൂ എന്ന മറുപടിയാണ് കിട്ടിയത്. അന്നു ഞങ്ങള്‍ മടങ്ങി. കുറച്ചുദിവസം കഴിഞ്ഞ് ഒരു സായാഹ്നം ട്രിവാന്‍ഡ്രം ക്‌ളബ്ബില്‍ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന്‍ ചിത്രത്തിലെ സീനിനുവേണ്ടി ക്‌ളബംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു പാര്‍ട്ടിയൊരുക്കി. സഹോദരീഭര്‍ത്താവിന്റെ അംഗത്വത്തിന്റെ മറവില്‍ ഞങ്ങള്‍ അവിടെ ഹാജരായി.നെടുമുടിയുമൊത്തുള്ള ചില കോമ്പിനേഷന്‍ രംഗങ്ങള്‍ക്കിടയിലെ ഇടവേളയില്‍ ചെന്നു കണ്ടു. ചോദ്യങ്ങളെവിടെ എന്നായിരുന്നു ഗൗരവം വിടാതെയുള്ള ചോദ്യം. ഒരു വര്‍ഷം മുമ്പ് തയാറാക്കിയ അതേ കടലാസ്, മാര്‍ജനില്‍ രേഖപ്പെടുത്തിയ കമന്റ് അടക്കം വച്ചു നീട്ടി. പുള്ളി ശ്രദ്ധയോടെ അതൊന്നുകൂടി വായിച്ചു. എന്നിട്ട് ഞങ്ങളെ മൂവരെയും ഒന്നിരുത്തി നോക്കി. ഇവന്മാര്‍ ആളു ശരിയല്ലല്ലോ എന്നൊരു ധ്വനിയുണ്ടായിരുന്നോ അതില്‍? ഒന്ന് റിലാക്‌സ്ഡ് ആയ ശേഷം സെറ്റിലാരോടോ മൂന്നു കസേര കൊണ്ടുവരാന്‍പറഞ്ഞു ഞങ്ങളെ ഇരുത്തി. ഒരു ഹെഡ്മാസ്റ്റര്‍ക്കുമുന്നിലിരുന്ന് സംസാരിക്കുന്നതുപോലെ ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് പലതും കേട്ടു. അഭിനയത്തിന്റെ രസതന്ത്രത്തെപ്പറ്റിയുള്ള ചോദ്യത്തിന് അദ്ദേഹം പറഞ്ഞു:"അഭിനയത്തില്‍ ഒരുപാടു ശാസ്ത്രങ്ങളുണ്ട്. നമ്മള്‍ കഥാപാത്രമായി മാറുക. അതായത് ഗോ ഇന്റു ദ ക്യാരക്ടര്‍. അതിനേപ്പറ്റി സര്‍ ലോറന്‍സ് ഒളീവ്യര്‍ പറഞ്ഞിട്ടുള്ളത് ഐ വോണ്ട് ഗോ ഇന്റു ദ് ക്യാരക്ടര്‍ ബട്ട് ടേക്ക് ദ് ക്യാരക്ടര്‍ ഇന്റു മൈസെല്‍ഫ് എന്നാണ്. അതാണു നല്ലത്. നമ്മള്‍ കഥാപാത്രത്തെ നമ്മിലേക്കാവഹിക്കുക. 

"നടന് അയാളുടേതായ ശബ്ദവും രൂപവും ശരീരവുമൊക്കെയുണ്ട്.അതുകൊണ്ടു തന്നെ അയാള്‍ക്ക് കഥാപാത്രമായിത്തീരാന്‍ സാധിക്കില്ല. അഥവാ അങ്ങനെ സാധിച്ചാല്‍ പിന്നെ അയാള്‍ പറയുന്നതുപോലൊക്കെ ചെയ്യേണ്ടിവരും. നമുക്ക് നമ്മളിലുള്ള നിയന്ത്രണം തന്നെ നഷ്ടമാകും. വ്യക്തിത്വം നഷ്ടമാവും. കഥാപാത്രമായിത്തീരുക എന്നൊക്കെ പറയുമ്പോള്‍, അതിനായി കാലും കയ്യുമൊന്നും മുറിച്ചുമാറ്റാനാവില്ലല്ലോ. മൈ ലെഫ്റ്റ് ഫുട്ട് എന്ന ചിത്രത്തിലൂടെ ഓസ്‌കര്‍ നേടിയ ഡാനിയല്‍ ഡേ ലൂയീസിനെ നോക്കുക. അദ്ദേഹം ഒരു സാധാരണ മനുഷ്യനാണ്. അദ്ദേഹം ആ കഥാപാത്രത്തെ തന്നിലേക്കുള്‍ക്കൊണ്ടിരിക്കുകയാണ്. ആക്ടിങ് എന്നുവച്ചാല്‍ ടു റിയാക്ട് നാച്വറിലി ടു ആര്‍ട്ടിഫിഷ്യലി ക്രിയേറ്റഡ് സിറ്റ്വേഷന്‍സ് എ്‌നാണ് ഞാന്‍ വിശ്വസിക്കുന്നത്. കൃത്രിമ സന്ദര്‍ഭങ്ങളോട് സ്വാഭാവികമായി പ്രതികരിക്കുക. ജീവിതവും അഭിനയവും തമ്മിലും ഈ വ്യത്യാസമാണുള്ളത്. ജീവിതത്തില്‍ എല്ലാം സ്വാഭാവികമാണ്. ഉദാഹരണത്തിന് നുള്ളിയാല്‍ വേദനിക്കും. എന്നാല്‍ അഭിനയത്തില്‍ ഈ യഥാര്‍ത്ഥ വേദനയൊഴികെ എല്ലാം ഉണ്ടായിരിക്കും."

നാലഞ്ചു ചോദ്യങ്ങളായപ്പോള്‍ അദ്ദേഹം ശരിക്കും ഫോമിലായി. സെറ്റ് റെഡി എന്നു സംവിധാനസഹായി വന്നുപറഞ്ഞിട്ടും ശ്രദ്ധിക്കുന്നില്ല.സമയമാണെങ്കില്‍ പോകുന്നു. നിര്‍മ്മാതാവ് ബാലന്‍ ഞങ്ങള്‍ക്കു ചുറ്റും പല്ലുകടിച്ചുകൊണ്ട് നടക്കുന്നു. മമ്മൂട്ടിയായതുകൊണ്ട് ഒന്നും പറയാനും വയ്യ. ഇടയ്ക്ക് ബാലനെ നോക്കി അദ്ദേഹം പറഞ്ഞു-"ഇയാളിവിടെ ഇങ്ങനെ നിന്നു ബുദ്ധിമുട്ടേണ്ട.(മറ്റൊരു വാക്കാണ് ബുദ്ധിയുടെ സ്ഥാനത്ത്) ഞാനിതാ വരുന്നു."

എന്നിട്ട് ഞങ്ങളോട് പറഞ്ഞു. "നാളെ ബന്ദാണ്. നിങ്ങളൊരു കാര്യം ചെയ്യ് പങ്കജിലോട്ട് വാ. നമുക്ക് തീര്‍ക്കാം."

അന്ന് അത്രയെങ്കിലും നടന്നതിന്റെ സന്തോഷത്തില്‍ രാത്രി ഉറങ്ങാനായില്ലെന്നതാണ് സത്യം. പിറ്റേന്ന് പത്തുമണിയോടെ പങ്കജ് ഹോട്ടലില്‍ ഞങ്ങള്‍ ഹാജര്‍! അദ്ദേഹം പ്രാതല്‍ കഴിഞ്ഞതേയുള്ളൂ. ഒരു പച്ച വിദേശ നൈലോന്‍ കള്ളിമുണ്ട് മാത്രമാണ് വേഷം. സ്യൂട്ട് മുറിയിലിരുന്ന് ബാക്കി ചോദ്യങ്ങള്‍ക്ക് ക്ഷമയോടെ ആധികാരികമായ ഉത്തരങ്ങള്‍. ഇടയ്ക്ക് ഒരു മാംഗ്‌ളൂര്‍ ഗണേഷ് ബീഡി സംഘടിപ്പിച്ച് വലിച്ച് ഉഷാറായി.

പോകാന്‍ നേരം അദ്ദേഹം ചോദിച്ചു: "ആട്ടെ ഇതിനെല്ലാമുള്ള പൈസ എവിടുന്നാ? "

ഞങ്ങള്‍ എല്ലാം പറഞ്ഞപ്പോള്‍ പറഞ്ഞു: "നിങ്ങളുടെ ഡീറ്റെയ്ല്‍സ് ഒന്നു താ. ഞാനൊരു സ്‌പോണ്‍സറെ കിട്ടുമോ എന്നു നോക്കട്ടെ! "

പിന്നീടൊരിക്കല്‍ മാസ്‌ക്കറ്റ് ഹോട്ടലിലെ മറ്റൊരു സെറ്റില്‍ വച്ചു കണ്ടപ്പോള്‍ അതു നടക്കില്ലെന്ന് പറഞ്ഞെങ്കിലും ഞങ്ങളെ സംബന്ധിച്ച് അതൊരു വലിയ അംഗീകാരമായിരുന്നു. കാരണം ഞങ്ങളുടെ പരിശ്രമങ്ങള്‍ നേരായവഴിക്കാണല്ലോ, ഇത്രയും വലിയൊരു നടന്‍ ഞങ്ങളെ അംഗീകരിച്ചല്ലോ! ജയരാജന്‍ വലിയശാലയാണ് ആ മമ്മൂട്ടി പതിപ്പിനുവേണ്ടിയുള്ള കവര്‍ ചിത്രം തന്നത്. അതിനു മുകളില്‍ അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫോടെയാണ് ആ ലക്കം പുറത്തിറക്കിയത്. 

വര്‍ഷങ്ങള്‍ കഴിഞ്ഞ് ഞാന്‍ മനോരമയില്‍ ഉണ്ടായിരിക്കെ 1997ലെ തിരുവനന്തപുരത്തെ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളക്കാലത്ത് കോവളത്തുവച്ച് എന്‍എഫ്ഡിസി അംബേദ്കര്‍ സിനിമയുടെ പ്രചരണാര്‍ത്ഥം നടത്തിയ പത്രസമ്മേളനത്തില്‍വച്ച് മമ്മൂട്ടിയെ വച്ച് ഞാനൊരു ഒന്നാം പേജ് സ്റ്റോറിയുണ്ടാക്കി. പത്രസമ്മേളനമൊക്കെ പതിവുജാഡയില്‍ അങ്ങു തീര്‍ന്ന് പത്രപ്രവര്‍ത്തകര്‍ താഴെ ഭക്ഷണത്തിനുവേണ്ടി മാറി. അന്ന് എന്‍ഡിടിവി കേരള കറസ്‌പോണ്ടന്റ് ആയ എന്റെ സഹപാഠികൂടിയായ ബോബി നായര്‍ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ദൃശ്യമാധ്യമസംഘം മമ്മൂട്ടിയെ ചുറ്റിവളഞ്ഞിരിക്കുകയാണ്. അന്ന് അച്ചടിക്കുശേഷമേയുള്ളൂ അവരുടെ പ്രഭാവം. നേരത്തെ തന്നെ പത്രസമ്മേളനസദസിലൊരിടത്ത് അത്തവണത്തെ ദേശീയ അവാര്‍ഡ് നേടിയ നടന്‍ രജത് കപൂറുള്ളത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ശ്യാം ബനഗലിന്റെ മേക്കിങ് ഓഫ് മഹാത്മയിലെ ഗാന്ധിവേഷത്തിനാണ് അദ്ദേഹത്തിന് അവാര്‍ഡ് കിട്ടിയത്. അംബേദ്കര്‍ സിനിമയുടെ പ്രമേയമാവട്ടെ ഗാന്ധിജിയും അംബേദ്കറുമായുണ്ടായ അസ്വാരസ്യങ്ങളുമൊക്കെയാണ്. അംബേദ്കറാവുന്ന മമ്മൂട്ടിയ്ക്കായിരുന്നു തോട്ടുമുന്നത്തെ വര്‍ഷം ദേശീയ അവാര്‍ഡ്. അവരെ തമ്മിലൊന്നു മുട്ടിച്ചാല്‍ നല്ലൊരു വാര്‍ത്തയ്ക്ക് വകുപ്പുണ്ടെന്നു കണ്ട് അത്താഴത്തിനു നീങ്ങാന്‍ നിന്ന രജത്കപൂറിനെ ഞാനും ഫോട്ടോഗ്രാഫര്‍ മഹേഷ് ഹരിലാലും ചെന്നു കണ്ട് മമ്മൂട്ടിക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍ താല്‍പര്യമുണ്ടെന്നു പറഞ്ഞു. അതനുസരിച്ച് അദ്ദേഹം പോകാതെ നില്‍ക്കുകയാണ്. ഇതിനിടെ രജതിന് ഇതേ താല്‍പര്യമുണ്ടെന്ന് ഞാന്‍ മമ്മൂട്ടിയോടും ചെന്നു കാതില്‍ പറഞ്ഞു. അദ്ദേഹം രജതിനു നേരെ ഒന്നു കൈവീശുകയും ചെയ്തു. നിമിഷം അഞ്ചായി പത്തായി. ബോബിയും സംഘവും ചോദ്യത്തിനുപുറകേ ചോദ്യങ്ങള്‍ എയ്യുകയാണ്. കുറച്ചു നിന്നപ്പോള്‍ അസ്വസ്ഥനായ രജത് കാത്തുനില്‍ക്കുന്നതിലെ ഈഗോ ഓര്‍ത്തിട്ടാവാം ഹാള്‍ വിട്ടുപോകാന്‍ തുടങ്ങി. ഞാന്‍ ബോബിയോട് ചെന്നു സങ്കടം പറഞ്ഞു. രോഗി ഇച്ഛിച്ചതുപോലെ വൈദ്യന്‍ കല്‍പിച്ച് അവരുടെ അഭിമുഖം തീര്‍ന്ന് മമ്മൂട്ടി വേദിയില്‍ നിന്ന് താഴേക്കിറങ്ങി. മഹേഷും ഞാനും കൂടി രജതിനു പിന്നാലെ ഓടി മമ്മൂട്ടി വിളിക്കുന്നു എന്നു പറഞ്ഞു. അല്‍പം മടുപ്പോടെയാണ് അദ്ദേഹം മടങ്ങിയെത്തിയത്. എന്നാല്‍...

ഷെയ്ക്ക് ഹാന്‍ഡിനൊപ്പം മമ്മൂട്ടിയുടെ ആദ്യ ഡയലോഗില്‍ തന്നെ രജത് കപൂര്‍ ഫ്‌ളാറ്റ്- "ഹൗ ഈസ് യൂവര്‍ ടെക്‌സ്റ്റൈല്‍ എക്‌സ്‌പോര്‍ട്ട് ഡൂയിങ്?" 

നാടകത്തിനും ടെലിവിഷനുമപ്പുറം രജത് കപൂറിന് വസ്ത്രക്കയറ്റുമതിയുണ്ടെന്നത് എനിക്ക് പുത്തനറിവായിരുന്നു. (അന്ന് വിക്കീപ്പീഡിയയില്ലല്ലോ)തന്നെക്കുറിച്ച് ഇത്രയ്ക്ക് ആഴത്തിലറിയാവുന്ന മലയാളത്തിലെ സൂപ്പര്‍ താരത്തെ നോക്കി രജത് കപൂറിന്റെ മനസിലെ മഞ്ഞുരുകി. പിറ്റേന്നത്തെ ഒന്നാം പേജിലെ സൂപ്പര്‍ ലീഡ് സ്റ്റോറിക്കു വേണ്ടി പിന്നെ എനിക്കു ചെയ്യേണ്ടിയിരുന്നത് അവര്‍ സംസാരിക്കുന്നത് ഒരക്ഷരം വിടാതെ ഒപ്പിയെടുക്കുക മാത്രമായിരുന്നു. ഫസ്റ്റ് എഡിഷന്റെ സമയം കഴിഞ്ഞതുകൊണ്ടും മഹേഷിന്റെ കയ്യില്‍ ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് ഫിലിമായിരുന്നതുകൊണ്ടും (അന്ന് ബഹുവര്‍ണ അച്ചടി മലയാളപത്രങ്ങളില്‍ തുടങ്ങുന്നതേയുളളൂ) കറുപ്പിലും വെളുപ്പിലുമാണ് ഗാന്ധി അംബേദ്കറെ കണ്ടപ്പോള്‍ എന്ന മട്ടിലുള്ള ആ സ്‌റ്റോറി അടിച്ചു വന്നത്. (പിറ്റേന്നത്തെ കണ്ടന്റ് റിവ്യൂ മീറ്റിങില്‍ അന്ന് തിരുവനന്തപുരത്ത് ഡപ്യൂട്ടി ന്യൂസ് എഡിറ്ററായിരുന്ന രാമചന്ദ്രന്‍ പ്രസ്തുത സ്റ്റോറിയെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞു എന്നറിഞ്ഞു. രാമചന്ദ്രന്‍ അതെന്നോട് നേരിട്ടു പറയുകയും ചെയ്തു)

വീണ്ടുമൊരിക്കല്‍ മമ്മൂട്ടിയുമായി അടുത്തിടപഴകേണ്ടി വന്നത് മനോരമയില്‍ വച്ചു തന്നെ 2000ല്‍ ആണ്. ഹരികൃഷ്ണന്‍സ് ഹിറ്റായ സമയം. മനോരമ പുതുതായി ആരംഭിച്ച ക്യാംപസ് ലൈന്‍ പ്രതിമാസ ടാബ്‌ളോയ്ഡ് സപ്‌ളിമെന്റിന്റെ ഒരു ലക്കം മമ്മൂട്ടി-മോഹന്‍ലാല്‍ ഇരട്ടക്‌ളൈമാക്‌സ് സ്‌പെഷ്യലാക്കാമെന്നു തീരുമാനിക്കുന്നു. കൊച്ചിയില്‍ പേജിന്റെ കൊഓര്‍ഡിനേറ്ററായ എം.കെ.കുര്യാക്കോസിന്റേതായിരുന്നു ആശയം എന്നാണോര്‍മ്മ. ഞാനായിരുന്നു അതിന്റെ സെന്‍ട്രല്‍ കൊഓര്‍ഡിനേറ്ററും ഇഷ്യൂ എഡിറ്ററും

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും അവരവരുടെ ക്യാംപസുകളിലേക്ക് മടക്കിക്കൊണ്ടുപോയി ഒരോ സ്‌റ്റോറി ചെയ്യുക. ഒന്ന് ഒരുവശത്തു നിന്നും മറ്റൊന്ന് മറുവശത്തുനിന്നും പ്രസിദ്ധീകരിച്ച് അച്ചടിയില്‍ ഇരട്ടക്‌ളൈമാക്‌സ് അവതരിപ്പിക്കുക അതായിരുന്നു ആശയം. മോഹന്‍ലാല്‍ പ്രിയന്റെ അമേരിക്കന്‍ ഷോയുടെ തിരക്കിലാകയാല്‍ ക്യാംപസിലേക്കു വരില്ലെന്നു പറഞ്ഞു. ഒടുവില്‍ എം.ജി.കോളജിലെ മാഗസിന്‍ എഡിറ്ററടക്കം ഒരു സംഘം വിദ്യാര്‍ത്ഥികളെ മരടിലെ വൈറ്റ് ഫോര്‍ട്ട് ഹോട്ടലിലെത്തിച്ച് ലാലുമായി അഭിമുഖം നടത്തിക്കുകയാണുണ്ടായത്. പക്ഷേ മമ്മൂട്ടി മഹാരാജാസിലേക്കു മടങ്ങാന്‍ തയാറായി. അന്ന് മനോരമവാരികയുടെ നട്ടെല്ലായിരുന്ന മമ്മൂട്ടിയുടെ ചമയങ്ങളില്ലാതെയുടെ രചയിതാവു കൂടിയായ സഹപ്രവര്‍ത്തകന്‍ പി.ഒ മോഹനാണ് ഏകോപനം. ചിത്രമെടുക്കുന്നത് അകാലത്തില്‍ നമ്മെ വിട്ടുപോയ വിക്ടര്‍ ജോര്‍ജ്ജ്. 

മോഹന്‍ നേരിട്ടെത്തിയേക്കാം എന്ന കണ്ടീഷനലില്‍ ഞാനും വിക്ടറും പറഞ്ഞ സമയത്ത് അബാദ് പ്‌ളാസയുടെ റിസപ്ഷനിലെത്തി. മമ്മൂട്ടി സകുടുംബം സ്വീറ്റ് റൂമിലുണ്ട്. പതിവുപോലെ പറഞ്ഞസമയത്ത് മോഹന്‍ എത്തും മുമ്പ് അദ്ദേഹം തയാറായി താഴെയെത്തി. ജീന്‍സും കറുത്ത ടീഷര്‍ട്ടുമായിരുന്നു വേഷം.പതിവുപോലെ വിക്ടറെയോ എന്നെയോ മുഖത്തു നോക്കാതെ അന്തരീക്ഷത്തിലേക്കെന്നപോലെ അദ്ദേഹം ചോദിച്ചു:"ഏതു കാറാണ്?" മമ്മൂക്കയ്ക്കായി അന്നത്തെ കാലത്തെ മുന്തിയൊരു വാഹനം മനോരമ ഏര്‍പ്പാടാക്കിയിരുന്നു. അതാണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, "വേണ്ട നമുക്ക് വേറെ വണ്ടിയില്‍ പോകാം. നിങ്ങള്‍ എന്റെ കൂടെ പോര്. നിങ്ങടെ വണ്ടി പിന്നാലെ വരാന്‍ പറ."

സംവിധായകന്‍ ഷാജി കൈലാസ് ആയിടെ വാങ്ങിയ ഒരു കറുത്ത മെഴ്‌സീഡസ് ബെന്‍സാണ് മമ്മൂട്ടി ഡ്രൈവ് ചെയ്തത്.  മൂന്‍വശത്തെ സീറ്റില്‍ വിക്ടര്‍. പിന്‍സീറ്റില്‍ ഞാന്‍. എന്തോ സംസാരിച്ച് ജോസ് ജംക്ഷനിലെത്തിയപ്പോള്‍ വലതുവശത്തു കൂടി മറികടക്കാന്‍ ശ്രമിച്ച വാഹനത്തെ തടയുന്നതിനിടെ ഡിവൈഡറില്‍ തട്ടി കാറിന്റെ വലതു പിന്‍വശത്ത് നല്ല കേടുപറ്റി. ട്രാഫിക്കുകാരെ ശപിച്ചുകൊണ്ട് അദ്ദേഹം ഡ്രൈവിങ് തുടര്‍ന്നു. (വൈകിട്ടു തിരികെ വന്ന് ഞങ്ങള്‍ക്കൊപ്പം സ്വീറ്റ് റൂമിലേക്ക് കടന്നയുടന്‍ ആദ്യം ചെയ്തത് മകന്‍ ചാലു (ദുല്‍ഖര്‍) വിന്റെ കയ്യില്‍ ചാവി കൊടുത്തു വണ്ടിയുടെ കണ്ടീഷന്‍ നോക്കിച്ച് വര്‍ക്ക്‌ഷോപ്പിലേക്കു കൊടുത്തയപ്പിക്കുകയായിരുന്നു)

ക്യാംപസിലെ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ അതിരസകരമായിരുന്നു. സമകാലികനായി ക്യാംപസിലുണ്ടായിരുന്ന സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ ഡോണ്‍ ബാസ്റ്റിയന്‍ പരീക്ഷ കഴിഞ്ഞുപുറത്തുവരുമ്പോള്‍ അദ്ദേഹത്തെ കണ്ടതും കൊച്ചുവര്‍ത്തമാനം പറഞ്ഞകൂട്ടത്തില്‍, "തന്റച്ഛന്‍ എനിക്കൊപ്പം കോളജിലുണ്ടായിരുന്നു കേട്ടോ.." എന്ന മമ്മൂട്ടി പറഞ്ഞതും ഞാന്‍ എഴുതി. തനിക്ക് സെബാസ്റ്റ്യന്‍ പോളിന്റത്ര പ്രായമൊന്നുമില്ലെന്നും അദ്ദേഹം തന്റെ സഹപാഠിയല്ലെന്നും അങ്ങനെയെഴുതിയത് ശരിയല്ലെന്നും അന്ന് ന്യൂസ് എഡിറ്ററായിരുന്ന ക്രിസ് തോമസ് സാറിനെ മമ്മൂട്ടി വിളിച്ചു പറഞ്ഞു. പ്രായം പുറത്തിറഞ്ഞതിലുള്ള ദേഷ്യമായിരിക്കും എന്നാണ് ക്രിസ് സാര്‍ പറഞ്ഞത്. 

പിന്നീട് മമ്മൂട്ടിയെ കാണുന്നത് രാഷ്ട്രദീപികസിനിമ പത്രാധിപരായിരിക്കെ കൊച്ചിയില്‍ ദീപിക ഇന്‍ഫോക്കസ് നടത്തിയ പ്രിയപ്പെട്ട മോഹന്‍ലാല്‍ 25 വയസ് മെഗാ ഷോയില്‍ അതിഥിയായി വേദിയിലെത്തിക്കാനുള്ള പ്രത്യേക ദൗത്യത്തിനിടെയാണ്. അന്ന് അദ്ദേഹം താല്‍ക്കാലികമായി താമച്ചിരുന്ന കടവന്ത്രയിലെ വീട്ടില്‍ നിന്നു വിളിച്ചുകൊണ്ടുവന്ന് തിരിച്ചാക്കേണ്ട ചുമതലയായിരുന്നു എനിക്ക.

ഇതിനെല്ലാം ശേഷം, മമ്മൂട്ടിയെ വീണ്ടും കാണുന്നത് മോഹന്‍ തന്നെ പറഞ്ഞിട്ട് കന്യകയുടെ പത്രാധിപത്യത്തില്‍ രണ്ടാം വട്ടം ഞാന്‍ വരുമ്പോഴാണ്. മംഗളവുമായി എന്തോ അത്ര രസത്തിലായിരുന്നില്ല അദ്ദേഹം. എന്നാല്‍ കന്യകയുടെ പത്രാധിപര്‍ ഞാനാണെന്നും ഞാനുള്ളപ്പോള്‍ കന്യകിയില്‍ നിന്ന് മോശമനുഭവമുണ്ടാവില്ലെന്നുമൊക്കെ പറഞ്ഞുനോക്കിയിട്ട് ആരു കേള്‍ക്കാന്‍? ഒടുവില്‍ മോഹന്‍ പറഞ്ഞതനുസരിച്ച് കൊച്ചി സീപോര്‍ട്ട് എയര്‍പ്പോര്‍ട്ട് റോഡില്‍ നേരറിയാന്‍ സിബിഐയുടെ സെറ്‌റില്‍ കന്യകയുടെ ഫോട്ടോഗ്രാഫറായിരുന്ന പില്‍ക്കാല സംവിധായകന്‍ എബ്രിഡ് ഷൈനുമായി നേരിട്ടു ചെന്നു. മുകേഷിന്റെ കൂടി സാന്നിദ്ധ്യത്തില്‍ മുക്കാല്‍ മണിക്കൂറോളം സംസാരിച്ചു. നിങ്ങള്‍ക്ക് ഫോട്ടോ സെഷനോ അഭിമുഖമോ എന്തുവേണമെങ്കിലും നല്‍കാം. പക്ഷേ മംഗളം പ്രസിദ്ധീകരണത്തില്‍ വന്നൂകൂടാ. എനിക്ക് ശമ്പളം തരുന്നത് മംഗളമാണ് അതിലല്ലാതെ ഒന്നിലേക്ക് എനിക്കങ്ങനെയൊരു അഭിമുഖം എന്തിന് എന്നു ഞാനും. സംസാരിത്തിനിടെ ഒരിക്കല്‍ എന്നോടൊരു ചോദ്യം-"എന്താ കൈരളിയിലേക്കു വരുന്നോ?" കൂടുതല്‍ ശമ്പളം കിട്ടിയാല്‍ അതാലോചിക്കാം പക്ഷേ ഇപ്പോള്‍ സംസാരിക്കാന്‍ വന്നത് അതല്ല എന്നു പറഞ്ഞപ്പോള്‍ ഫോണെടുത്ത് കൈരളിയില്‍ ആരെയോ വിളിച്ചു. എന്‍.പി.ചന്ദ്രശേഖരന്‍ എന്നൊക്കെ കേട്ടപ്പോള്‍ ഫോണ്‍ വച്ചുകഴിഞ്ഞു ഞാന്‍ പറഞ്ഞു, "ഇന്ത്യവിഷനില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച ആളാണ് എന്‍.പി.സി. എന്നെപ്പറ്റി പുള്ളിയോടും അന്വേഷിക്കാം. എന്തുപറയുന്നു?"

അഭിമുഖത്തിന്റെ കാര്യത്തില്‍ "നോ" എന്ന നിലപാടില്‍ത്തന്നെയായിരുന്നു മമ്മൂട്ടി. പിന്നീട് കന്യകയുടെ പത്രാധിപരായിരുന്ന 14 വര്‍ഷത്തിനിടെ മമ്മൂട്ടിയുടെ അഭിമുഖം ഞാന്‍ ആലോചിച്ചിട്ടില്ല. ബന്ധപ്പെട്ടിട്ടുമില്ല.


No comments: