Sunday, August 15, 2021

Baiju Chandran's Facebook post on Chandrasekhar's Shyamayanam & Malayala Cinemayile Adukkala

 മലയാള സിനിമയിൽ ഒരു ഋതുസംക്രമണത്തിന് വഴിയൊരുക്കിയ സംവിധായകപ്രതിഭയാണ് ശ്യാമപ്രസാദ്.1998ൽ പുറത്തുവന്ന ആദ്യ സിനിമാസംരംഭമായ 'അഗ്നിസാക്ഷി' യ്ക്ക് കൃത്യം പത്തുവർഷങ്ങൾക്കു മുമ്പുതന്നെ 'വേനലിന്റെ ഒഴിവ്' എന്ന മാധവിക്കുട്ടി യുടെ കഥയുടെ ടെലിവിഷൻ രൂപാന്തരത്തിലൂടെ,ശ്യാമിലെ ചലച്ചിത്രകാരനെ സഹൃദയലോകം തിരിച്ചറിയുകയും നെഞ്ചോടു ചേർക്കുകയും ചെയ്തുകഴിഞ്ഞിരുന്നു.പിന്നീട് ശ്യാമൊരുക്കിയ എണ്ണപ്പെട്ട ടെലിച്ചിത്രങ്ങളിലൂടെയും ഫീച്ചർ ഫിലിമുകളിലൂടെയും, യുവതലമുറയുടെ ഏറ്റവും പ്രിയപ്പെട്ട Cult Film maker എന്ന് കാലം അടയാളപ്പെടുത്തിവെച്ചു. എന്നാൽ,ദിനംപ്രതിയെന്നോണം പുറത്തുവന്നുകൊണ്ടിരിക്കുന്ന മലയാളത്തിലെ സിനിമാഗവേഷണങ്ങളിലോ അക്കാദമിക് ഉപന്യാസങ്ങളിലോ ഒന്നുംതന്നെ ശ്യാമപ്രസാദും അദ്ദേഹത്തിന്റെ ചിത്രങ്ങളും ഇതുവരെ കാര്യമായ ഒരു പഠനവിഷയമായിട്ടില്ല എന്നത് അതിശയകരമായിരിക്കുന്നു.

തന്റെ സിനിമയുടെ concept ൽ തുടങ്ങി,ഉള്ളടക്കത്തിൽ,കഥാപാത്രസൃഷ്ടിയിൽ,ദൃശ്യപരിചരണത്തിൽ,സംഗീതനിർവഹണത്തിൽ....ഇങ്ങനെ സൃഷ്ടിയുടെ സകലമേഖലകളിലും അപൂർവവും അന്യാദൃശവുമായ കയ്യടക്കം പ്രകടിപ്പിക്കുന്ന ഈ സർഗപ്രതിഭയെ ആഴത്തിൽ വിശകലനം ചെയ്യാനുള്ള നിയോഗം സ്വയമേറ്റെടുത്തു മുന്നോട്ടു വന്നിരിക്കുന്നത് എ ചന്ദ്രശേഖറാണ്. ശ്യാമപ്രസാദിന്റെ ഏറെ അർത്ഥവത്തായ സർഗ്ഗസപര്യയുടെ ഓരോ തലവും ഓരോ കോണും അതിസൂക്ഷ്മമായി പരിശോധിക്കുന്ന ചന്ദ്രശേഖറിന്റെ പുസ്തകമായ 'ശ്യാമായനം' സമഗ്രവും വസ്തുനിഷ്ഠവുമായ ചലച്ചിത്ര പഠനത്തിന്റെ മികച്ച ഉദാഹരണമായി തൊട്ടു കാണിക്കാവുന്നതാണ്.
തീരെ ചെറുപ്പം മുതൽക്കേ ചന്ദ്രശേഖറിന്,സിനിമ എന്നുവെച്ചാൽ passion എന്നുപറഞ്ഞാൽ പോരാ ഒരുതരം obsession തന്നെയാണ്.സിനിമയോടുള്ള ഈ അകമഴിഞ്ഞ പ്രണയം കൊണ്ടുതന്നെ പത്രപ്രവർത്തനരംഗത്ത് എത്തിപ്പെട്ട അയാൾ ഇതിനോടകം സിനിമയെക്കുറിച്ച് ശ്രദ്ധേയങ്ങളായ നിരവധി പുസ്തകങ്ങൾ എഴുതിക്കഴിഞ്ഞു.പ്രധാനപ്പെട്ട പല പുരസ്കാരങ്ങളും ഫിലിം/ ടെലിവിഷൻ ജൂറിയംഗത്വവും ഉൾപ്പെടെയുള്ള അംഗീകാരങ്ങളും ലഭിച്ചി ട്ടുള്ള ചന്ദ്രശേഖർ,ഇപ്പോൾ അച്ചടി/ ദൃശ്യ/ നവ മാദ്ധ്യമങ്ങളിൽ നിന്നൊക്കെയാർജ്ജിച്ച അനുഭവങ്ങളുടെ പിൻബലവുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യുണിക്കേഷനിൽ അദ്ധ്യാപകനായി പ്രവർത്തിച്ചുവരുന്നു
'ശ്യാമായനം' എന്ന പുസ്തകത്തിന് ശേഷം പുറത്തിറങ്ങിയ 'മലയാള സിനിമയിലെ അടുക്കള'യാണ് സിനിമാപഠനത്തിലേയ്ക്കുള്ള ചന്ദ്രശേഖറിന്റെ പുതിയ സംഭാവന.ചലച്ചിത്ര അക്കാദമി യുടെ ഒരു പ്രോജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ ഈ പുസ്‌തകം,പഠനവിഷയത്തിന്റെ പ്രത്യേകതയൊന്നു കൊണ്ടുതന്നെ വേറിട്ടുനിൽക്കുന്നു .നിർജ്ജീവമായ അക്കാദമിക് ഭാഷയിൽ എഴുതിയ 'കനപ്പെട്ട' ചലച്ചിത്രതാത്വികാവലോകനമായി വിരസത ജനിപ്പിക്കാതെ,മലയാളസിനിമയുടെ നാളിതുവരെയുള്ള രൂപഭാവപരിണാമങ്ങളുടെ രസകരമായ കഥാകഥനവും ചലച്ചിത്രകലയുടെ സമസ്ത മേഖലകളെയും സ്പർശിച്ചുകൊണ്ട്‌ മുന്നോട്ട് സഞ്ചരിക്കുന്ന ആസ്വാദ്യകരമായ ചരിത്രാവലോകനവുമായി, ഈ അടുക്കളക്കഥ ചലച്ചിത്രപഠനത്തിൽ സവിശേഷമായ ഒരു ഇടം നേടിയിരിക്കുന്നു.
1
Like
Comment
Share

0 comments


No comments: