Shajudeen Ep is with Chandra Sekhar.
സിനിമ സംബന്ധിച്ച് ധാരാളം പുസ്തകങ്ങൾ മലയാളത്തിലുണ്ട്. സിനിമകൾ, സംവിധായകർ, അഭിനേതാക്കൾ, സാങ്കേതികവിദ്യകൾ എന്നിങ്ങനെ ധാരാളം വിഷയങ്ങളിലായി അവ പരന്നു കിടക്കുന്നു. അതിൽ തികച്ചും വ്യത്യസ്തമായ പുസ്തകമാണ് എ. ചന്ദ്രശേഖർ എഴുതിയ മലയാള സിനിമയിലെ അടുക്കള. അടുക്കളയെകുറിച്ച് എന്താണിത്ര എഴുതാൻ എന്ന് ആരും സംശയിച്ചേക്കാം. ഈ സംശയം പോലെ തന്നെയായിരുന്നു മലയാള സിനിമയിലും അടുക്കളയുടെ സ്ഥാനം. പ്രധാന കഥാ പരിസരത്തിന്റെ പിന്നാമ്പുറത്തുള്ള ഒരു സ്ഥലം. അവിടെ നിന്ന് അടുക്കളയെ പൊക്കിയെടുക്കുകയാണ് ചന്ദ്രശേഖർ ഈ പുസ്തകത്തിൽ. അടുക്കള മാത്രമല്ല ഇതിൽ പ്രതിപാദിക്കുന്നത്. ഭക്ഷണം, അടുക്കള കഥാപാത്രങ്ങൾ എന്നിങ്ങനെ വൈവിധ്യം നിറഞ്ഞതാണ് ഇതിന്റെ ഉള്ളടക്കം.
ശ്രദ്ധേയമായ ഒട്ടേറെ നിരീക്ഷണങ്ങൾ ഇതിലൂടെ ചന്ദ്രശേഖർ മുന്നോട്ടു വയ്ക്കുന്നുണ്ട്. നല്ല സ്റ്റൈലൻ പേരുള്ള ഒരു വീട്ടുവേലക്കാരിയെ ഏതെങ്കിലും സിനിമയിൽ കണ്ടിട്ടുണ്ടോ എന്ന് ഈ പുസ്തകം വായിച്ചപ്പോഴാണ് ആലോചിച്ചത്. ചന്ദ്രശേഖർ പറയുന്നു “യഥാർഥ ജീവിതത്തിൽ കല, അശ്വതി, ശിൽപ, വിദ്യ, സോഫി, രശ്മിയെന്നൊക്കെ പേരുള്ള ജോലിക്കാർ ധാരാളമുണ്ടായേക്കാം. പക്ഷേ മലയാളത്തിരയിടത്തിൽ അവരെപ്പോഴും ജാനു, പൊന്നമ്മ, കമല, അമ്മിണി, കുഞ്ഞുമാളു, വാസന്തി, രാധ തന്നെയായിരിക്കും. പരിഷ്കരിച്ചാൽ ബാലാമണിയാവാം.“
അടുക്കളക്കാരികൾക്കും വേലക്കാർക്കും ഇങ്ങനെ പ്രത്യേക പേരു നിശ്ചയിച്ചിരിക്കുന്നതുമുതൽ അവരുടെ വേഷധാരണവും പ്രകൃതവും നിറവുമെല്ലാം കൃത്യമായി നിശ്ചയിച്ചു വച്ചിട്ടുണ്ട് മലയാള സിനിമയിൽ (21-ാം നൂറ്റാണ്ടിലെ ഇടുക്കി ജില്ലയിൽ ചായക്കട നടത്തുന്ന മുസ്ലിം വൃദ്ധനെ തലയിൽ വട്ടത്തൊപ്പിയും കൈയുള്ള ബനിയനും വീതിയുള്ള ബെൽറ്റും കെട്ടി അവതരിപ്പിക്കുന്നതു പോലെ തന്നെ)
പണ്ട് അടുക്കള തമാശക്കാർക്കുള്ള സ്ഥലമായിരുന്നു.സിനിമകളിൽ പ്രധാന സംഭവങ്ങളൊന്നും നടക്കുന്നത് അടുക്കളയിലാവില്ല. അതിനെന്താവും കാരണം, ശ്രീകുമാരൻ തമ്പിയും ലാൽ ജോസുമൊക്കെ അതിന് കാരണങ്ങൾ വിവരിക്കുന്നുണ്ട് പുസ്തകത്തിൽ. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമാണ് ഊണുമേശയുടെ കാര്യം. പലപ്പോഴും വീട്ടുകാരുടെ ആശയവിനിമയങ്ങൾ നടക്കുന്നത് ഊണുമേശയിലാവും. അതു സംഘർഷത്തിലേക്കും സംഘട്ടനത്തിലേക്കും ഒക്കെ പടർന്നു കയറും. ബന്ധുക്കൾ ശത്രുക്കൾ ഉദാഹരണമാക്കി ശ്രീകുമാരൻ തമ്പി ഇതു വിവരിക്കുന്നുണ്ട്.
404 പേജുള്ള ഈ പുസ്തകം അനേകം സിനിമകൾ, അവയിലെ കഥാപാത്രങ്ങൾ, അവയുടെ കഥാപരിസരങ്ങൾ എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങൾ സംബന്ധിച്ച സൂക്ഷ്മമായ നിരീക്ഷണങ്ങളാൽ സമ്പന്നമാണ്. പരാമർശിക്കുന്ന വിഷയങ്ങളാകട്ടെ വൈവിധ്യമേറിയതും. മലയാള സിനിമയിലെ അടുക്കളത്താരങ്ങൾ, സ്ത്രീവിരുദ്ധ വാർപ്പ് മാതൃകകളായ വേലക്കാരിത്തള്ളമാർ, അടുക്കളപ്പോര്, അടുക്കളയിലെ വർണവ്യവസ്ഥ, സിനിമയിലെ ഭക്ഷണരംഗങ്ങൾ, ആണിന്റെ അടുക്കള, സിനിമയിലെ കടപ്പലഹാരങ്ങൾ, നവഭാവുകത്വ സിനിമയിലെ അടുക്കളയും അടുക്കളക്കാരും എന്നിങ്ങനെ പോകുന്നു വിഷയവിന്യാസം. കേരള ചലച്ചിത്ര അക്കാദമിയുടെ നവതിയോടനുബന്ധിച്ചുള്ള ഫെല്ലോഷിപ്പിന്റെ ഭാഗമായി നടത്തിയ ഈ പഠനത്തിന് 380 രൂപയാണ് വില.
അടുക്കളയെക്കുറിച്ചു പറയുമ്പോൾ അടുക്കളയുടെ സെറ്റും പരാമർശ വിധേയമാകും.പണ്ടുകാലത്ത് ബജറ്റ് കുറവായതിനാൽ തമിഴ്, തെലുങ്ക് സിനിമകളുടെ സെറ്റ് വാടകയ്ക്കെടുത്തായിരുന്നു മലയാള സിനിമാ ചിത്രീകരണം. അതിനുള്ള ബുദ്ധിമുട്ടുകൾ നിർമാതാക്കളും സംവിധായകരും കലാ സംവിധായകരും വിവരിക്കുന്നു. സെറ്റിന്റെ വിവരണത്തിലൂടെ ചിത്രീകരണ രീതികൾ മാറി വരുന്നതിലേക്കും വെളിച്ചം വീശുന്നു ഈ പുസ്തകം.
49
People reached
1
Engagement
No comments:
Post a Comment